Photos: Riyas Jameela Belfast

പലസ്തീനുവേണ്ടി മിടിക്കുന്നു,
ബെൽഫാസ്റ്റിലെ ചുവരുകൾ, തെരുവുകൾ, മനുഷ്യർ…

യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ രാഷ്ട്രീയ ചുവർചിത്രങ്ങൾക്ക് പേരുകേട്ട നഗരമാണ് നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റ്. അതാതു കാലത്തെ രാഷ്രീയ സാഹചര്യങ്ങളുടെ പ്രതിഫലനങ്ങളാണ് ബെൽഫാസ്റ്റിലെ ചുമരുകളിൽ ചിത്രങ്ങളായി പരിണമിക്കുന്നത്. വേനൽക്കാലമാകുന്നതോടെ ചുമരുകളിൽ പുതിയ ചിത്രങ്ങൾ പതിഞ്ഞുതുടങ്ങും. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിൽ ചുവർചിത്രങ്ങൾ നിറഞ്ഞിരിക്കുകയാണ്. ആ ഐക്യദാർഢ്യം പകർത്തുകയാണ്, അനുമോളും ഫോട്ടോഗ്രാഫറായ റിയാസ് ജമീലയും.

“If I must die, you must live
to tell my story
to sell my things
to buy a piece of cloth and some strings,
so that a child, somewhere in Gaza
while looking heaven in the eye
awaiting his dad who left in a blaze—
and bid no one farewell”

രെഫാത്ത് അലാറീരിന്റെ വരികളെ അന്വർത്ഥമാക്കുന്ന രീതിയിൽ ആ വരികളുടെ തന്നെ പശ്ചാത്തലത്തിൽ ചുമർചിത്രാവിഷ്ക്കരണം. രണ്ടായി പിളർന്ന ഭൂമിക്കുനടുവിൽ നിരനിരയായി പൊതിഞ്ഞു കിടത്തിയിരിക്കുന്ന മൃതദേഹങ്ങൾ, തകർന്നുകിടക്കുന്ന കെട്ടിടങ്ങൾക്കു മധ്യത്തിലായി ഒരു പലസ്തീൻ പിതാവ് കുഞ്ഞിനെ തോളിലിട്ട് ഉറക്കിക്കൊണ്ടിരിക്കുന്നു. അടുത്തായി, നിരാലംബരായ പലസ്തീൻ കുട്ടികളും അമ്മമാരും. അതിനപ്പുറത്ത് മാലാഖമാരായി പറന്നുപോകുന്ന ഗാസയിലെ കുരുന്നു ബാല്യങ്ങൾ. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ഈ ചുവർ ചിത്രങ്ങൾ നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിൽ നിന്നുള്ളതാണ്.

പലസ്തീനിൽ നടക്കുന്ന വംശഹത്യക്കെതിരെ ലോകമെമ്പാടും പലവിധത്തിൽ പ്രതിഷേധങ്ങൾ ആളിപ്പടരുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുണിവേഴ്സിറ്റികളിൽ നിന്നടക്കം വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നു.

ചുമരുകൾ ചരിത്രം പറയുന്ന, ചോര പുരണ്ട മതിലുകൾ കൊണ്ട് വേർതിരിക്കപ്പെട്ട, വംശീയ ദേശീയതയുടെ (ethnic nationlism) തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവന്ന (അനുഭവിച്ചു കൊണ്ടിരിക്കുന്ന) നോർത്തേൺ അയർലണ്ടിലെ ജനതക്ക് പലസ്തീനിലെ മനുഷ്യരോട് തോന്നുന്നത് വെറും ഐക്യദാർഢ്യമല്ലെന്ന് അവർ കടന്നുപോയ ചരിത്രം വെളിപ്പെടുത്തുന്നു.

1920-ൽ ബ്രിട്ടീഷ് ഗവൺമെൻ്റ് രണ്ട് വികസിത ഗവൺമെൻ്റുകൾ സൃഷ്ടിക്കുന്നതിനായി അവതരിപ്പിച്ച ബില്ലാണ് റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിന്റെയും നോർത്തേൺ അയർലണ്ടിന്റെയും വിഭജനത്തിന് കാരണമായി ചരിത്രം രേഖപ്പെടുത്തുന്നത്. ഇത് അയർലണ്ടിലെ ജനങ്ങൾക്കിടയിൽ ഏറെ അസ്വാസ്ഥ്യങ്ങൾ രൂപപ്പെടുന്നതിനു കാരണമായിട്ടുണ്ട്. അവർ അനുഭവിച്ച അധിനിവേശ മുറിവുകളുടെ ആഴത്തിന്റെ പ്രതിഫലനം കൂടിയാകാം ഒരുപക്ഷെ അവർക്ക് പലസ്തീനോടുള്ള ഐക്യദാർഢ്യം.

ഇപ്പോഴും നോർത്തേൺ അയർലണ്ട് റിപ്പബ്ലിക് ഓഫ് അയർലണ്ടിലേക്ക് തിരിച്ചുവന്നുചേരും എന്ന പ്രതീക്ഷയിൽ ജീവിക്കുന്നവരും ഈ ജന വിഭാഗത്തിലുണ്ടെന്നുള്ളതാണ് മറ്റൊരു സത്യം.
1960-കളുടെ അവസാനം മുതൽ 1998 വരെ ഏകദേശം 30 വർഷം വടക്കൻ അയർലണ്ടിൽ വംശീയ-ദേശീയ സംഘർഷം നീണ്ടുനിന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. രേഖകളും നിയമങ്ങളും പ്രകാരം യുണൈറ്റഡ് കിങ്ഡത്തിന്റെ ഭാഗമാണ് നോർത്തേൺ അയർലണ്ട് എന്നിരുന്നാലും (ഔദ്യോഗിക സ്രോതസ്സുകൾ ഇതിനെ ഒരു പ്രവിശ്യ അല്ലെങ്കിൽ പ്രദേശം എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും) ഭരണകൂടം നടത്തിയ വ്യവസ്ഥാപിത വിവേചനങ്ങൾ ഈ പ്രവിശ്യയിലെ ജനങ്ങളിൽ തീർത്ത മുറിവ് ഇനിയും ഉണങ്ങാത്തതാണെന്നു തന്നെയാണ് പലസ്തീൻ അനുകൂല ചുമർ ചിത്രങ്ങളിലൂടെ പറഞ്ഞുവെക്കുന്നതും.

കത്തോലിക്ക- പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളെ വേർതിരിച്ച് നിർമിച്ചിട്ടുള്ള ‘പീസ് വാൾ’ വംശീയ ദേശീയതയുടെ ചരിത്രം പേറുന്ന മൂകസാക്ഷിയായി പലസ്തീൻ ഐക്യദാർഢ്യ ചുമരുകൾക്ക് ഏതാനും മീറ്ററുകൾക്കപ്പുറത്തുണ്ടെന്നുള്ളതും ചരിത്രത്തിലെ വേദനാജനകമായ തുടർച്ചയെയാണ് കാണിക്കുന്നത്. 1960-കളുടെ അവസാനം ആരംഭിച്ച സംഘർഷം 1998-ലെ ദുഃഖവെള്ളി ഉടമ്പടിയോടെ (Good Friday agreement ) അവസാനിച്ചതായി കണക്കാക്കപ്പെടുന്നു. അക്കാലത്ത് റിപ്പബ്ലിക് ഓഫ് അയർലൻഡ്, ഇംഗ്ലണ്ട്, യൂറോപ്പ് മെയിൻലാൻഡ് എന്നിവിടങ്ങളിലേക്കുകൂടി വ്യാപിച്ച അക്രമങ്ങളിൽ കൂടുതൽ ബാധിച്ചത് നോർത്തേൺ അയർലണ്ടിനെയാണെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ തന്നെ രാഷ്ട്രീയ ചുവർചിത്രങ്ങൾക്ക് പേരുകേട്ട നഗരങ്ങളാണ് നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റും ഡെറിയും. 2014- ൽ പുറത്തിറങ്ങിയ ദി ബെൽഫാസ്റ്റ് മ്യൂറൽ ഗൈഡ് എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് പ്രകാരം, 1970 മുതൽ രണ്ടായിരത്തോളം ചുവർചിത്രങ്ങൾ ഇത്രയും വർഷങ്ങൾക്കകം വന്നുകഴിഞ്ഞു. നോർത്തേൺ അയർലണ്ടിലെ ചുവർചിത്രങ്ങൾ ആ പ്രദേശത്തിന്റെ ഭൂതകാലവും അതാതു കാലത്തെ രാഷ്ട്രീയസാഹചര്യങ്ങളും മതപരമായ വിഭജനത്തെയും ചിത്രീകരിക്കുന്ന, നോർത്തേൺ അയർലണ്ടിന്റെ തന്നെ പ്രതീകങ്ങളായാണ് ലോകം മുഴുവൻ അറിയപ്പെടുന്നത്.

കത്തോലിക്കാ വിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങളിലാണ് കൂടുതലും പലസ്തീൻ അനുകൂല ചുവർചിത്രങ്ങളും പോസ്റ്ററുകളും കാണാൻ കഴിയുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. സാമ്രാജ്വത്യ രാജ്യങ്ങളോടുള്ള അവരുടെ വിയോജിപ്പുകൂടിയായിരിക്കാം അയർലൻഡ് പതാകകൾക്കൊപ്പം പലസ്തീൻ പതാകകളെ ചേർത്തുപിടിക്കാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. വീടുകളിൽ മാത്രമല്ല, ദേവാലയ സദൃശ്യമായ കെട്ടിടങ്ങൾക്കു മുമ്പിലും, എന്തിന്, പൊതു പബ്ബുകളുടെ ചുവരുകളിൽ പോലും പോലും പലസ്തീൻ പതാകകൾ കാണാം.

അതാതു കാലത്തെ രാഷ്രീയ സാഹചര്യങ്ങളുടെ പ്രതിഫലനങ്ങളാണ് ബെൽഫാസ്റ്റിലെ ചുമരുകളിൽ ചിത്രങ്ങളായി പരിണമിക്കുന്നത്. വേനൽക്കാലമാകുന്നതോടെ ചുമരുകളിൽ പുതിയ ചിത്രങ്ങൾ പതിഞ്ഞുതുടങ്ങും. ബെൽഫാസ്റ്റിലെ ടൂറിസ്റ്റുകളുടെ പ്രധാന ആക്രഷണമായ പീസ് വാളിലെ ചിത്രങ്ങളോടൊപ്പം പലസ്തീൻ ഐക്യദാർഢ്യ ചിത്രങ്ങളും കാണാൻ നിരവധി സഞ്ചാരികൾ ദിവസേന ഇവിടെയെത്തുന്നുണ്ട്. ഇവിടെ വരുന്നവർക്ക് ചുമർ ചിത്രകലാകാരന്മാരെ നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും വ്യക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ഇവിടുത്തെ ചിത്രങ്ങൾ ലോകത്തിനു നൽകുന്ന സന്ദേശം വളരെ വലുതാണ്.

കഴിഞ്ഞ ഒക്ടോബറിൽ വിവിധ ദിവസങ്ങളിലായി നടന്ന പലസ്തീൻ അനുകൂല റാലികളും നോർത്തേൺ അയർലണ്ടിലെ ജനതയുടെ വികാരം പ്രതിഫലിപ്പിക്കുന്നതു തന്നെയായിരുന്നു. ജൂലൈ നാലിന് ഇലക്ഷൻ പ്രഖ്യാപിച്ചിരിക്കുന്ന യു.കെയുടെ ഭാഗമായ നോർത്തേൺ അയർലണ്ടിൽ പീപ്പിൾ ബിഫോർ പ്രൊഫിറ്റ് എന്ന പാർട്ടിയുടെ പോസ്റ്ററുകളിലും പലസ്തീൻ കയറിവരുന്നത് ഒട്ടും യാദൃച്ഛികമല്ലെന്ന് വ്യക്തം.

ജൂലൈ നാലിന് ഇലക്ഷൻ പ്രഖ്യാപിച്ചിരിക്കുന്ന യു.കെയുടെ ഭാഗമായ നോർത്തേൺ അയർലണ്ടിൽ പീപ്പിൾ ബിഫോർ പ്രൊഫിറ്റ്  എന്ന പാർട്ടിയുടെ പോസ്റ്ററുകളിലും പലസ്തീൻ ഐക്യദാർഢ്യം കാണാം.
ജൂലൈ നാലിന് ഇലക്ഷൻ പ്രഖ്യാപിച്ചിരിക്കുന്ന യു.കെയുടെ ഭാഗമായ നോർത്തേൺ അയർലണ്ടിൽ പീപ്പിൾ ബിഫോർ പ്രൊഫിറ്റ് എന്ന പാർട്ടിയുടെ പോസ്റ്ററുകളിലും പലസ്തീൻ ഐക്യദാർഢ്യം കാണാം.

ബെൽഫാസ്റ്റിലെ ചുമർചിത്രങ്ങളിൽ മാത്രമല്ല, പലസ്തീന് ഐക്യദാർഢ്യം. നിരത്തുകളിലങ്ങോളം പല വീടുകൾക്കു മുമ്പിലും പലസ്തീൻ പതാകകൾ കാണാം. കൂടാതെ വംശഹത്യയുടെ ഇരകളായ പലസ്തീൻ കുട്ടികളുടെ പ്രതീകമായി ടെഡി ബെയറുകളും പൊതുനിരത്തുകളിലെ ഇലക്ട്രിക്ക് പോസ്റ്റുകളിൽ കെട്ടിവെച്ചിരിക്കുന്നതും കാണാം.

വംശഹത്യയുടെ ഇരകളായ പലസ്തീൻ  കുട്ടികളുടെ പ്രതീകമായി ടെഡി ബെയറുകൾ പൊതുനിരത്തുകളിലെ ഇലക്ട്രിക്ക് പോസ്റ്റുകളിൽ കെട്ടിവെച്ചിരിക്കുന്നു.
വംശഹത്യയുടെ ഇരകളായ പലസ്തീൻ കുട്ടികളുടെ പ്രതീകമായി ടെഡി ബെയറുകൾ പൊതുനിരത്തുകളിലെ ഇലക്ട്രിക്ക് പോസ്റ്റുകളിൽ കെട്ടിവെച്ചിരിക്കുന്നു.
ബെൽഫാസ്റ്റിലെ ചുമർചിത്രങ്ങളിൽ മാത്രമല്ല, നിരത്തുകളിലങ്ങോളം പല വീടുകൾക്കു മുമ്പിലും പലസ്തീൻ പതാകകൾ കാണാം.
ബെൽഫാസ്റ്റിലെ ചുമർചിത്രങ്ങളിൽ മാത്രമല്ല, നിരത്തുകളിലങ്ങോളം പല വീടുകൾക്കു മുമ്പിലും പലസ്തീൻ പതാകകൾ കാണാം.

ഇതെഴുതുന്ന നിമിഷവും പലസ്തീനിൽ വംശഹത്യ തുടരുകയാണ്. ഇപ്പോൾ ലഭിച്ച വിവരമനുസരിച്ച് ഗാസയിലെ ഷാതി അഭയാർത്ഥി ക്യാമ്പിനും തുഫാ അയൽ പ്രദേശങ്ങളിലുമായി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 42 പലസ്തീനികൾ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ട് ഗാസയുടെ ഗവൺമെൻ്റ് മീഡിയ ഓഫീസ് മേധാവി പുറത്തു വിടുന്നു.
ഒപ്പം ഗാസയിലെ ആരോഗ്യ സംവിധാന തകർച്ചയെ കുറിച്ച് ലോകാരോഗ്യസംഘടന ആകുലപ്പെടുന്നു. അക്രമരാഷ്ട്രീയത്തിനും അനീതികൾക്കും എല്ലാ കാലത്തും വിജയിക്കാനാവില്ല എന്നതുകൊണ്ടും പലസ്തീനിൽ നടക്കുന്ന മരണങ്ങളിൽ, ലോക രാഷ്ട്രങ്ങളുടെ മൗനങ്ങൾക്കുപോലും ഉത്തരവാദിത്വമുള്ളതുകൊണ്ടും നോർത്തേൺ അയർലണ്ട് പോലുള്ള ചെറിയ പ്രവിശ്യകളിൽ നിന്നുയരുന്ന ഇത്തരം പ്രതിഷേധങ്ങൾ ഒരു പ്രതീക്ഷയാണ്. കല, രാഷ്ട്രീയ നിലപാടുകൾ ഉറക്കെ വിളിച്ചുപറയാനുള്ള ശക്തമായ മാധ്യമമാണ് എന്നിരിക്കേ, ബെൽഫാസ്റ്റിലെ ചുമരുകളും പലസ്തീനോട് ചേർന്നുനിന്ന് പറയുന്നതും മറ്റൊന്നുമല്ല, ‘കൊല്ലാം, പക്ഷെ തോൽപ്പിക്കാനാവില്ല…’


അനുമോൾ

പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കുന്നു. ബെൽഫാസ്റ്റിലെ മലയാള സാംസ്‌കാരിക സംഘടന പ്രവർത്തകയാണ്.

റിയാസ് ജമീല

ബെൽഫാസ്റ്റിലെ ക്വീൻസ്‌ യൂണിവേഴ്സിറ്റി വിദ്യാർത്ഥി. ബെൽഫാസ്റ്റിലെ മലയാള സാംസ്‌കാരിക സംഘടന പ്രവർത്തകൻ.

Comments