‘സിസ്​കോ’യുടെ യു.എസിലെ ആസ്​ഥാനം Photo: Wikimedia Commons

ഇന്ത്യൻ ജാതി യു.എസിൽ പ്രവർത്തിക്കുന്ന വിധം

1864-ൽ ബാൾട്ടിമോറിൽ ജനങ്ങളെ അഭിമുഖീകരിച്ച്​ അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രപതി എബ്രഹാം ലിങ്കൺ പറഞ്ഞു; "ആട്ടിടയൻ ചെന്നായയെ ചെമ്മരിയാടിൽ നിന്ന് അകറ്റിനിർത്തുന്നു, അതുകൊണ്ട് ആടുകൾ ആട്ടിടയനെ രക്ഷകനായും ചെന്നായ്ക്കൾ അവനെ സ്വാതന്ത്ര്യവിരുദ്ധനായും കാണുന്നു, പ്രത്യേകിച്ച് കറുത്ത ആടുകൾ ആയതുകൊണ്ട്. ചെമ്മരിയാടുകൾക്കും ചെന്നായ്ക്കൾക്കും സ്വാതന്ത്ര്യമെന്ന വാക്കിന്റെ അർത്ഥത്തെ കുറിച്ച് ഒരേ അഭിപ്രായമല്ല ഉള്ളതെന്ന് തീർച്ച.'

രണ്ടു ബ്രാഹ്​മണർ തന്നെ ജാതീയ അധിക്ഷേപം നടത്തിയെന്നാരോപിച്ച്​ ഒരു ദളിതൻ നൽകിയ, California Department of Fair Employment and Housing (DFEH) vs Cisco Systems, Sundar Iyer and Ramana Kompella എന്ന കേസ് കാലിഫോർണിയയിലെ ഒരു സംസ്ഥാനതല കോടതിയിൽ വിചാരണയിലാണ്​. കഴിഞ്ഞ ജൂണിൽ DFEH കേന്ദ്ര കോടതിയിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്; സിസ്‌കോ എന്ന വൻകിട ഐ.ടി കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്ന "ജോൺ ഡോ' എന്ന (യഥാർത്ഥ പേര്​ പരസ്യപ്പെടുത്തിയിട്ടില്ല) വ്യക്തിക്കെതിരെ സുന്ദർ അയ്യർ, രമണ കൊമ്പെള്ള എന്നിവർ ചേർന്ന്​ നടത്തിയ ജാതി വിവേചനവും പീഡനവും തടയുന്നതിൽ കമ്പനി പരാജയപ്പെട്ടു എന്നാണ്. തനിക്കെതിരെ ബ്രാഹ്മണരായ അയ്യരും കൊമ്പെള്ളയും ജാതീയ അധിക്ഷേപം നടത്തിയതായി ദളിതനായ ജോൺ ഡോ ആരോപിച്ചിരുന്നു. DFEH പിന്നീട് ഈ കേസ് കേന്ദ്ര കോടതിയിൽ നിന്ന് പിൻവലിച്ച്​ സംസ്ഥാനതല കോടതിയിൽ നൽകി. (കാലിഫോർണിയയിൽ സംസ്ഥാന തലത്തിലാണ് വിവേചനവിരുദ്ധ നിയമങ്ങൾ കൂടുതൽ ശക്തമെന്നാണ് പൊതുധാരണ.)

"ഐക്യനാടുകളിൽ സർക്കാരിന് നമ്മുടെ വിശ്വാസങ്ങളെ നിർണയിക്കാൻ ഒരധികാരവുമില്ല, അത് ഹിന്ദുമതമാകട്ടെ, ഇസ്‌ലാമോ ജൂതമതമോ ക്രിസ്തുമതമോ ആകട്ടെ. ഭരണഘടനയിൽ ഇത് പ്രത്യേകമായി വിലക്കുകയും ചെയ്യുന്നു’ എന്ന വാദമാണ്​ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ഉയർത്തുന്നത്​

സിസ്‌കോ കേസ് ഐക്യനാടുകളിലെ ചരിത്രപ്രധാന സംഭവമായാണ് നിരീക്ഷിക്കപ്പെടുന്നത്, ​പ്രത്യേകിച്ച്​ അവിടെ ജാതിവിവേചനത്തിന്​ ശിക്ഷ നൽകുന്ന നിയമങ്ങളില്ലെന്നിരിക്കെ. ഇന്ത്യയിലെ ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘുമായി ബന്ധമുള്ള, ഐക്യനാടുകളിലെ എല്ലാ ഹിന്ദുക്കളുടെയും വക്താക്കളായി സ്വയം അവകാശപ്പെടുന്ന, ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (‘ഹാഫ്​’- HAF) എന്ന സംഘത്തിന്റെ ശ്രദ്ധയിലും ഈ കേസ് പെട്ടിട്ടുണ്ട്. കേസിൽ കക്ഷിയാകാൻ ഫെബ്രുവരിയിൽ ‘ഹാഫ്’ ഹർജി നൽകി. ഹർജിയിൽ പറയുന്നത് ഇതാണ്​: "മതപരമായ അനുശാസനങ്ങളിൽ ഇടപെടാനുള്ള കാലിഫോർണിയയുടെ ഭരണഘടനാവിരുദ്ധമായ ശ്രമങ്ങളിൽ നിന്ന് അമേരിക്കൻ ഹിന്ദുക്കളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കാനാണ്​ ഹർജി. കേസിൽ DFEH അവകാശപ്പെടുന്നത്​, ജാതി വിവേചനം എന്നത്​ മതപരമായ വിവേചനം ആണെന്നാണ്​. കാരണം ജാതി സംവിധാനം എന്നത്​ ഹിന്ദു മതത്തിലെ സാമൂഹികവും മതപരവുമായ ഹൈറാർക്കിയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ അത് ഹിന്ദു അനുശാസനങ്ങളുടെയും ആചാരങ്ങളുടെയും കാതലായ ഭാഗമാണ്'.

വെബ്‌സൈറ്റിൽ ‘ഹാഫ്​’ ഇതിന് മറുപടി പറയുന്നത് ഇങ്ങനെയാണ്​: "കാലിഫോർണിയയുടെ പ്രവൃത്തി അമേരിക്കൻ ഹിന്ദുക്കളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ്. യു.എസ്​ ഭരണഘടന ഭരണകൂടത്തെ മതവിഷയങ്ങളിൽ ഇടപെടുന്നതും ഒരു അമേരിക്കക്കാരന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെയും വിലക്കുന്നു.'
"ഐക്യനാടുകളിൽ സർക്കാരിന് നമ്മുടെ വിശ്വാസങ്ങളെ നിർണയിക്കാൻ ഒരധികാരവുമില്ല, അത് ഹിന്ദുമതമാകട്ടെ, ഇസ്‌ലാമോ ജൂതമതമോ ക്രിസ്തുമതമോ ആകട്ടെ. ഭരണഘടനയിൽ ഇത് പ്രത്യേകമായി വിലക്കുകയും ചെയ്യുന്നു.'

‘ഹാഫി’​ന്റെ ഈ നിലപാട് ആശയക്കുഴപ്പം നിറഞ്ഞതാണ്. അമേരിക്കൻ ഹിന്ദു എന്നതിൽ ആരൊക്കെ പെടുമെന്ന്​ സംഘടന പറയുന്നത്​, അതി​ന്റെ നിക്ഷിപ്ത താൽപര്യങ്ങളുടെ അടിസ്​ഥാനത്തിലാണ്​. അയ്യർ കോടതിയിൽ ബോധിപ്പിച്ചത് താൻ ഹിന്ദു മതമോ ബ്രാഹ്മണ ജീവിതരീതിയോ പിന്തുടരുന്ന ആളല്ല എന്നാണ്. അതേസമയം, ജോൺ ഡോ അമ്പലത്തിൽ സ്ഥിരമായി പോകുന്ന ആളാണെന്ന് പറയുന്നു. എന്നാൽ, ‘ഹാഫ്’ ജോൺ ഡോയെ ഹിന്ദുവായി പരിഗണിക്കുന്നേയില്ല.

ജാതീയ അധിക്ഷേപവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച്​ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ അവരുടെ വെബ്‌സൈറ്റിൽ നൽകിയ വിശദീകരണം

കൂടാതെ ജാതി, ഹിന്ദുമതാചാരങ്ങളുടെ അവിഭാജ്യ ഘടകമല്ല എന്ന് വാദിക്കുമ്പോൾ തന്നെ ഹിന്ദുക്കൾ വിശുദ്ധമെന്ന് കരുതുന്ന ഗ്രന്ഥങ്ങളിൽ ജാതീയ വിശ്വാസങ്ങളും വിവേചനവും ഉടനീളമുണ്ട്​ എന്ന യാഥാർഥ്യത്തോട്​ അവർ കണ്ണടക്കുന്നു. ‘ശ്രേഷ്ഠ ജാതികൾ’ ജാതീയത ആചരിക്കുന്ന വിഷയത്തിൽ ‘ഹാഫ്​’ മൗനം പാലിക്കുന്നു. ഉദാഹരണത്തിന്, വാഷിംഗ്ടൺ ഡീസിക്കടുത്തുള്ള സത്യനാരായണ ക്ഷേത്രത്തിലും ഡല്ലാസിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലും ബ്രാഹ്മണർക്കും ക്ഷത്രിയർക്കും വൈശ്യർക്കും - ഉന്നത വർണങ്ങൾക്ക് മാത്രം - ഉപനയനം നടത്തുന്നതായി പരസ്യപ്രചാരണം നടക്കാറുണ്ട്. യുവാക്കളെ പൂണൂൽ ധരിപ്പിച്ച്​ ബ്രാഹ്​മണ്യത്തിലേക്ക്​ ആനയിക്കുന്ന ചടങ്ങാണ് ഉപനയനം. യുവാക്കൾക്കിടയിൽ ഇവർ ചെറുപ്പത്തിലേ ജാതീയ വരേണ്യതയുടെ വിത്തുവിതക്കുന്നു. ഇതൊന്നും "ജാതിവ്യവസ്ഥ ഒരു വിധത്തിലും ഹിന്ദു വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമല്ല' എന്ന ‘ഹാഫി’ ന്റെ വാദത്തിനോട് പൊരുത്തപ്പെടുന്നില്ല. ‘ഹാഫ്​’ എല്ലാ ജാതി വിവേചനങ്ങളെയും എതിർക്കുന്നു എന്ന അവകാശവാദത്തിനും വിരുദ്ധമാണ് ഈ വസ്തുതകൾ.

ജാതീയ വിവേചനം ആചരിക്കുന്നത് ഹിന്ദുമതത്തിന്റെ സ്വാതന്ത്ര്യമാണെന്നതും ഭരണകൂടം അതിൽ ഇടപെടരുത് എന്നുമുള്ള വാദങ്ങൾ ചെന്നായയുടെ വാദങ്ങളാണ്. സംഘടനയുടെ അപേക്ഷ ഫലത്തിൽ ജാതീയതയെ സാധുകരിക്കുന്ന ഒന്നാണ്. എന്നാൽ, ‘ഹാഫ്​’ മതസ്വാതന്ത്ര്യത്തെ നിർവ്വചിക്കുന്ന വികൃത രീതി പുതിയതല്ല. ബ്രിട്ടീഷ് ഭരണകാലത്ത്​ അടിച്ചമർത്തപ്പെട്ട ജാതികൾ കിണറുകളിലേക്കും കുളങ്ങളിലേക്കും അമ്പലങ്ങളിലേക്കും പ്രവേശനം ആവശ്യപ്പെട്ടപ്പോൾ ‘ശ്രേഷ്ഠ ജാതി’ഹിന്ദുക്കൾ അതിനെ നേരിട്ടത്; 1858-ൽ വിക്ടോറിയ രാജ്ഞി നടത്തിയ വിളംബരത്തിൽ ബ്രിട്ടീഷുകാർ മതപരമായ വിഷയങ്ങളിൽ ഇടപെടരുത് എന്നു പറയുന്നു’ എന്ന് ചൂണ്ടിക്കാട്ടിയാണ്.

അമേരിക്കൻ ഹിന്ദുക്കൾക്കിടയിൽ ജാതിയുടെ വിനാശകരമായ സ്വാധീനമുണ്ടെന്ന്​ നിസ്സംശയം പറയാം. അതിന്റെ ഭവിഷ്യത്തുകൾ മിക്കപ്പോഴും പരസ്യ ദൃഷ്ടിയിൽ നിന്ന്​ മറച്ചുവെക്കാനും എളുപ്പമാണ്

ഐക്യനാടുകളിലെ ജാതീയത ഇന്ത്യയിലേതിനേക്കാൾ ഒളിഞ്ഞ രൂപത്തിലാണ്​. എന്നാൽ അമേരിക്കൻ ഹിന്ദുക്കൾക്കിടയിൽ ജാതിയുടെ വിനാശകരമായ സ്വാധീനമുണ്ടെന്ന്​ നിസ്സംശയം പറയാം. അതിന്റെ ഭവിഷ്യത്തുകൾ മിക്കപ്പോഴും പരസ്യ ദൃഷ്ടിയിൽ നിന്ന്​ മറച്ചുവെക്കാനും എളുപ്പമാണ്, കാരണം തെക്കൻ ഏഷ്യയിൽ നിന്നല്ലാത്തവർക്ക് ജാതിയെ കുറിച്ചും അതിന്റെ ആചാരങ്ങളെ കുറിച്ചും ധാരണക്കുറവുണ്ട്. അംബേദ്കർ കിംഗ് സ്റ്റഡി സർക്കിൾ (AKSC) എന്ന, ഞാൻ നയിക്കുന്ന സംഘം ഇന്ത്യൻ പ്രവാസി സമുദായത്തിലെ ജാതിബോധവും ജാതി വിവേചനവും വിശദമാക്കുന്ന നിരവധി സാക്ഷ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഹൂസ്റ്റണിൽ താമസിക്കുന്ന എ. മാരിമുത്തു പറയുന്നു: "എന്റെ ഭാര്യയും ഞാനും ജാതിവിവേചനം മൂലമുണ്ടായ മാനസികാഘാതത്തിലൂടെ നിരവധി പ്രാവശ്യം കടന്നു പോയിട്ടുണ്ട്. ഒരിക്കൽ, ഞങ്ങൾ ഹൂസ്റ്റണിലെ ഒരു പാർട്ടിയിൽ പങ്കെടുത്തപ്പോൾ പരിചയത്തിലുള്ള ദമ്പതികളെ കാണാനിടയായി. അവർ ഞങ്ങളുടെ ഭാഷ സംസാരിക്കുന്നവരും ഞങ്ങൾ വരുന്ന ഇന്ത്യൻ സംസ്ഥാനത്ത് നിന്ന് വരുന്നവരുമാണ്. പെട്ടെന്ന്, ദമ്പതികളിൽ സ്ത്രീ എന്റെ ഭാര്യയോട് ചോദിച്ചു, "നിങ്ങളുടെ ജാതി?'. ഞങ്ങൾക്ക് ജാതി പറയേണ്ടി വന്നു. അതിനുശേഷം അവർ പതിയെ ഞങ്ങളിൽ നിന്ന് അകന്നു മാറാൻ തുടങ്ങി. ഇത്തരത്തിലുള്ള വിവേചനം വേദനാജനകമാണ്.' ചിക്കാഗോയിൽ താമസിക്കുന്ന ജെ. അലക്‌സ്, ഇന്ത്യൻ വംശജരായ അയൽവാസികൾ തന്റെ ജാതി മനസ്സിലാക്കിയതോടെ തന്റെ കുടുംബത്തെ ഒഴിവാക്കുന്നതായി സാക്ഷ്യപ്പെടുത്തി.

ജോൺ ഡോ തന്റെ സ്വത്വം സംരക്ഷിക്കപ്പെടാൻ ആഗ്രഹിക്കുന്നത് മനസിലാക്കാവുന്നതേയുള്ളൂ. തന്റെ യഥാർത്ഥ പേര് പരസ്യപ്പെടുത്തരുത് എന്ന് കോടതിയിൽ ആവശ്യപ്പെട്ട്​ അദ്ദേഹം പറഞ്ഞത് ഇതാണ്​: "എന്റെ ഭയം എന്റെ കുടുംബം - പ്രത്യേകിച്ചും മക്കൾ - സാമൂഹികമായി ബഹിഷ്‌കരിക്കപ്പെടുമെന്നാണ്. എന്റെ കണക്കുകൂട്ടലിൽ എന്റെ കുടുംബത്തിന്റെ 80% ജീവിതവും ഇന്ത്യൻ സമുദായവുമായി ബന്ധപ്പെട്ടാണ്​- അമ്പലങ്ങളും ആഘോഷങ്ങളും ഉൾപ്പെടെ. എന്റെ സ്വത്വം വെളിപ്പെട്ടാൽ എന്റെ ഇന്ത്യൻ സുഹൃത്തുക്കൾ ഞങ്ങളുമായി സഹവസിക്കാതാകുമെന്ന്​ ഞാൻ ഭയക്കുന്നു. എന്റെ കുഞ്ഞുമക്കളിൽ ഒരാൾക്ക് ഒരു സുഹൃത്തിനെ നഷ്ടപ്പെടുമെന്ന ചിന്ത, അല്ലെങ്കിൽ അവർ മറ്റ് കുട്ടികളുടെയും കുടുംബങ്ങളുടെയും ഇടയിൽ ബഹിഷ്‌കരിക്കപ്പെടും എന്ന ചിന്ത, എന്റെ ഹൃദയം തകർക്കുന്നതാണ്.'

സിസ്‌കോയും അയ്യരും കൊമ്പെള്ളയും ജോൺ ഡോയുടെ സ്വത്വം മറച്ചുവെക്കുന്നതിനെതിരെയാണ്​ വാദിച്ചത്.

ഈ കേസിൽ കക്ഷി ചേർന്നിട്ടുള്ള, ഇന്ത്യയിലെ രാഷ്ട്രീയ സ്വയംസേവക് സംഘുമായി ബന്ധമുള്ള ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ, സർക്കാറിന്​ വിശ്വാസങ്ങളിൽ ഇടപെടാൻ അധികാരമില്ല എന്ന വാദമാണുയർത്തുന്നത്​

അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യൻ പ്രവാസിവർഗം ഭൂരിപക്ഷവും മേൽ ജാതികളിൽനിന്നാണ്​, അവർ ഇന്ത്യയിൽ ന്യൂനപക്ഷമാണെങ്കിൽ പോലും. യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയയിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്​ 2003ൽ ഐക്യനാടുകളിലെ ഇന്ത്യൻ പ്രവാസികളിൽ രണ്ട് ശതമാനം മാത്രമായിരുന്നു ദളിതരും പിന്നാക്കജാതിക്കാരും. തൊണ്ണൂറ് ശതമാനവും മേൽജാതിക്കാരായിരുന്നു. ഐ.ടി മേഖലയിൽ അമേരിക്കൻ ഇന്ത്യക്കാർ മറ്റേത് വിഭാഗത്തേക്കാളും എണ്ണത്തിലധികമാണ്. അവിടെ മേൽ ജാതികളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനാകില്ല. മേൽ ജാതിക്കാർ ഐക്യനാടുകളിലേക്ക്​ കുടിയേറുന്നത്​ പ്രധാനമായും വിദ്യാഭ്യാസ അവസരങ്ങളിലൂടെയാണ്​. ജാതിയാണ്​ അവരുടെ സാമൂഹിക- സാമ്പത്തിക വിജയത്തിന് കാരണം, അവർ "യോഗ്യത' അവകാശപ്പെടുന്നെങ്കിൽ പോലും. അത് പിന്നാക്ക ജാതികൾക്ക് ഏറെക്കാലമായി നിഷിദ്ധമായിരുന്നുവല്ലോ. മേൽജാതിക്കാരുടെ "യോഗ്യത' അവകാശവാദത്തിന്റെ അർഥം, പിന്നാക്ക ജാതിക്കാർ അയോഗ്യരാണെന്നാണ്. ഇതിലൂടെ പിന്നാക്കക്കാർക്ക്​വ്യവസ്ഥാപിതമായി നിഷേധിക്കപ്പെട്ട സാമൂഹിക ചലനശക്തിയെ മേൽജാതിക്കാർ വെള്ളപൂശുകയാണ്.
മർദ്ദിത ജാതികളിൽ നിന്നുള്ള കുടിയേറ്റക്കാർ താരതമ്യേന പുതുമുഖങ്ങളാണ്, കാരണം ആ ജാതികൾക്ക് ഇപ്പോഴാണ് വിദ്യാഭ്യാസം ലഭിച്ചു തുടങ്ങുന്നത്. അവരുടെ മുന്നിൽ പലപ്പോഴും ഉന്നത സ്ഥാനങ്ങളിലുള്ളത്​ മേൽ ജാതിക്കാർ തന്നെയാണ്​. ജോലി കൊടുക്കാനും കളയാനും ഇവർക്ക്​ അധികാരമുണ്ടാകും. ഈ ലോകമാണ് ജോൺ ഡോയും നേരിട്ടത്.

ജോൺ ഡോയും അയ്യരും കണ്ടുമുട്ടുന്നത്​ ഇന്ത്യയിലെ ഒരു സർവകലാശായിലാണ്. 2015ൽ ‘സിസ്‌കോ’യിൽ അയ്യർ മേൽനോട്ടം വഹിക്കുന്ന ഒരു ടീമിൽ ജോൺ ഡോ ചേർന്നു. കോടതി രേഖകൾ പ്രകാരം, അതിനടുത്ത വർഷം അയ്യർ തന്റെ ജാതിയെ കുറിച്ച് രണ്ട് സഹജീവനക്കാരോട് പറഞ്ഞതായി ജോൺ ഡോ അറിഞ്ഞു. സർവകലാശാലയിൽ ജോൺ ഡോ സംവരണ സീറ്റിലൂടെയാണ് പ്രവേശിച്ചതെന്നും അയ്യർ അവരോട് പറഞ്ഞു. എന്നാൽ, അയ്യർ ഇതെല്ലാം നിഷേധിച്ചു, തുടർന്നാണ്​ജോൺ ഡോ കമ്പനിയിൽ പരാതി നൽകിയത്​. എന്നാൽ, അദ്ദേഹത്തിന് നൽകിയ ഉത്തരവാദിത്തങ്ങൾ പിൻവലിക്കപ്പെടുകയും കൊമ്പെള്ള ഉൾപ്പെടെ രണ്ട് പേർക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. ജോൺ ഡോ നിയമവിരുദ്ധ പെരുമാറ്റത്തിന് ഇരയായിട്ടില്ല എന്നായിരുന്നു ‘സിസ്‌കോ’യുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയത്​. കാരണം, കമ്പനി വിശ്വസിച്ചിരുന്നത് ജാതി വിവേചനം ഐക്യനാടുകളിൽ നിയമവിരുദ്ധമല്ല എന്നായിരുന്നു. കോടതിയിലും ഇതേ നിലപാടാണ് ‘സിസ്‌കോ’ എടുത്തത്.

തന്റെ ഇന്ത്യൻ സഹജീവനക്കാർ ലാഘവത്തോടെ ഇന്ത്യയിലെ സംവരണ വ്യവസ്ഥയെ വിമർശിക്കുന്നത് കേട്ടുനിൽക്കേണ്ടി വന്നിട്ടുണ്ടെന്ന്​ സണ്ണി വെയ്​ലിൽനിന്ന്​ ടി. കാർത്തികേയൻ എന്ന ഒരു ഇന്ത്യൻ വംശജൻ അഭിപ്രായപ്പെടുന്നു

AKSC ശേഖരിച്ച സാക്ഷ്യങ്ങളിൽ, സാമൂഹികമായ തുല്യതക്കുവേണ്ടിയുള്ള സംവരണം പോലുള്ള കാര്യങ്ങളോട്​ മേൽ ജാതികൾക്കുള്ള വിരോധം സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ മുന്നേറ്റത്തിനുശേഷം ഒരു ബ്രാഹ്മണ സ്ത്രീയുമായുള്ള തന്റെ സംഭാഷണം സാന്റ ക്ലാരയിൽ നിന്ന് ജി. സിദ്ധാർഥ് വിവരിക്കുന്നു. സാമൂഹിക നീതിക്കായുള്ള മുന്നേറ്റങ്ങൾ എങ്ങനെ സമൂഹത്തിൽ സമതുലനം സൃഷ്ടിക്കുന്നു എന്ന്​ ചൂണ്ടിക്കാട്ടിയ സിദ്ധാർഥ്​, വിദ്യാഭ്യാസത്തിലും തൊഴിലിലും മർദ്ദിത ജാതികൾക്ക് ക്വാട്ട വേണമെന്ന് വാദിക്കുന്ന ഇന്ത്യയിലെ ദ്രാവിഡ മുന്നേറ്റത്തെ പ്രശംസിക്കുകയും​ ചെയ്​തു. അപ്പോൾ ആ ബ്രാഹ്​മണ സ്​ത്രീയുടെ മുഖം വാടി, സംവരണത്തിന്റെ ഇരയാണ്​ താനെന്ന് അവർ പറഞ്ഞു: ‘നല്ല മാർക്കുണ്ടായിട്ടും എനിക്ക്​ പ്രിയപ്പെട്ട കോളേജിൽ പ്രവേശനം ലഭിച്ചില്ല, കുറഞ്ഞ മാർക്കുള്ളവർ കയറിപ്പോകുകയും ​ചെയ്​തു’ എന്നായിരുന്നു അവരുടെ മറുപടിയെന്ന്​ സിദ്ധാർഥ് പറയുന്നു. "സംവരണത്തെ അനുകൂലിക്കുന്നവർ "ക്വാട്ടയിൽ' പഠിച്ചു വന്ന ഡോക്ടറുടെ അടുത്തേ ചികിത്സക്ക് പോകാവൂ’ എന്നവർ കോപത്തോടെ പറഞ്ഞു. ഇന്ത്യയിൽ റിസേർവേഷനെതിരെ ഉന്നയിക്കുന്ന സ്ഥിരം വാദങ്ങളിൽ ഒന്നാണിത്, പിന്നാക്ക ജാതികളിൽ നിന്നുള്ള ഡോക്ടർമാർ സംവരണത്തിലൂടെയാണ്​ വരുന്നത്​ എന്നതിനാൽ അവർ വരുന്നതിനാൽ ശരിയായ പരിശീലനം ലഭിക്കാത്തവർ ആണെന്ന വ്യാജ ധാരണയിൽ നിൽക്കുന്ന ഒന്ന്.

കാലിഫോർണിയ സംസ്ഥാനത്തെ സാന്താ ക്ലാര കൗണ്ടിയിലുള്ള നഗരമായ സണ്ണി വെയ്​ലിൽനിന്ന്​ ടി. കാർത്തികേയൻ സാക്ഷ്യപ്പെടുത്തുന്നു: എന്റെ ഇന്ത്യൻ സഹജീവനക്കാർ ലാഘവത്തോടെ ഇന്ത്യയിലെ സംവരണ വ്യവസ്ഥയെ വിമർശിക്കുന്നത് കേട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്. അത് ഭോഷ്‌കാണെന്നും, ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും, അംബേദ്കറാണ് അതിന് കാരണമെന്നും അവർ പറഞ്ഞിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകളിലും ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിലും സംവരണം നിർത്തണം എന്നവർ ആഗ്രഹിക്കുന്നു. "പിന്നാക്ക ജാതിക്കാർ "ശവംപെറുക്കികൾ ആണെന്നും, അവരോടൊപ്പം ഇരിക്കാനോ ഭക്ഷണം കഴിക്കാനോ ആഗ്രഹമില്ലെന്നും അവർ പറഞ്ഞിട്ടുണ്ട്​.

ജാതീയ അധിക്ഷേപ കേസിൽ വാദിയായ കാലിഫോർണിയ ഡിപ്പാർട്ടുമെൻറ്​ ഓഫ്​ ഫെയർ എംപ്ലോയ്​മെൻറ്​ ആൻറ്​ ഹൗസിങ്​ ആസ്​ഥാനം

സിസ്‌കോവിനെതിരെ പരാതിയെടുത്ത അന്ന് മുതൽ AKSC ഗൗരവമായി ഈ വിഷയത്തെ സമീപിച്ചിരുന്നു. ജാതീയ അധിക്ഷേപങ്ങൾക്ക് വിധേയരായവരുടെ അനുഭവരേഖകൾ ശേഖരിച്ചു, ഈ പ്രശ്​നം യു.എസ്.എയിലും ശക്തമാണെന്നും വ്യാപകമാകുകയാണെന്നുമുള്ള ബോധ്യത്തോടെ ചർച്ചകളും സംഘടിപ്പിച്ചിരുന്നു. സിലിക്കൺ വാലിയിൽ പ്രകടമായി കണ്ടുവരുന്ന ജാതീയതക്കെതിരെ ഒരു ഓൺലൈൻ സിഗ്‌നേച്ചർ ക്യാമ്പയിൻ നടത്തി. ജാതി വിരുദ്ധ സംഘടനകളുടെ കൂട്ടായ്മയോടൊപ്പം ഫേസ്ബുക്, ഗൂഗ്ൾ​, ആമസോൺ എന്നിവർ അടങ്ങുന്ന 25 പ്രമുഖ അമേരിക്കൻ കമ്പനികളുടെ മേധാവികളുമായി ഇത്തരം പ്രശ്​നങ്ങളുമായി ബന്ധപ്പെട്ട വിവരം അന്വേഷിക്കുവാൻ മുൻകൈയെടുത്തു. എന്നാൽ ഇതുവരെ അവരിൽനിന്ന്​ പ്രതികരണമുണ്ടായിട്ടില്ല.

‘ഹാഫി’ന്റെ ഇടപെടലിനെതുടർന്ന്​, അംബേദ്കർ ഇന്റർനാഷനൽ സെന്റർ യു.എസ്.എയും മറ്റു ഇന്ത്യൻ അമേരിക്കൻ സംഘടനകളും ഈ കേസിന്​ ഒരു അമിക്കസ് ബ്രീഫ് നൽകിയിരുന്നു. ജാതി വിവേചനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ഇന്ത്യക്കാരായ പ്രവാസികളിലും സാധാരണമായി നിലനിൽക്കുന്ന വംശീയ വിവേചനമാണ് എന്നാണ് ബ്രീഫിൽ പറയുന്നത്​. യു.എസ് ഭരണഘടനയുടെ പതിനാലാം ഭേദഗതിയും പൗരാവകാശനിയമങ്ങളും ഉദ്ധരിച്ചുകൊണ്ടുള്ള വാദം ഇങ്ങനെ: "അമേരിക്കക്കാർക്ക് പരിചിതമായ വംശീയമായ ഏതൊരു വിവേചനം പോലെയും നിയമവിരുദ്ധമായ ഒന്നാണ് ജാതിവിവേചനവും.'

​​​​​​​യു.എസിലെ ജാതീയത ഉന്മൂലനം ചെയ്യാൻ കാലിഫോണിയൻ കോടതിയിലുള്ള ഈ കേസ്​ ചരിത്രപരമായ അവസരമാണ് നൽകുന്നത്.

കോടതിയിൽ സമർപ്പിച്ചിരിക്കുന്ന വാദങ്ങൾക്ക് തീർപ്പുണ്ടായിട്ടില്ല. അതേസമയം സിസ്‌കോ തങ്ങൾക്കെതിരായ ആരോപണങ്ങൾ തള്ളിക്കളയുന്നത്; കാലിഫോർണിയ ഫെയർ എംപ്ലോയ്‌മെൻറ്​ ആൻഡ് ഹോക്‌സിംഗ് ആക്ട് പ്രകാരം "ജാതി' എന്നത് പ്രൊട്ടക്ടഡ് ക്ലാസിന്റെ കീഴിൽ വരുന്നില്ല എന്ന വാദം ഉന്നയിച്ചാണ്. മതം, വംശം, നിറം, ദേശീയത എന്നിവയെ അടിസ്ഥാനമാക്കി ഉടലെടുത്ത മറ്റാരോപണങ്ങളെയും ഇപ്രകാരമാണ് അവർ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. അമേരിക്കൻ ഇന്റർനാഷൻ സെന്ററിന്റെ അമിക്കസ് ബ്രീഫ് പറയുന്നതിങ്ങനെ: കാലിഫോർണിയയിലെ തൊഴിലുടമക്ക്​ തന്റെ ജീവനക്കാരനെ ദളിത് ആയതു കൊണ്ട് മാറ്റിനിർത്താൻ അധികാരമുണ്ടോ? എതിർകക്ഷിയായ സിസ്‌കോ സിസ്റ്റം ആക​ട്ടെ, തൊഴിലിടങ്ങളിലെ ജാതീയത നിയമാനുസൃതമാക്കാനാണ്​ കോടതിയോട്​ ആവശ്യപ്പെടുന്നത്​.

‘ഹാഫും’ അമേരിക്കയിലെ മറ്റു ഹിന്ദുത്വ സംഘടനകളും ജാതിയെ ഉയർത്തിപ്പിടിച്ചും സമ്പന്ന വർഗത്തിന്റെ താൽപര്യങ്ങൾക്ക്​ മുൻതൂക്കം കൊടുത്തും പ്രവർത്തിക്കുന്നത്​മതസ്വാതന്ത്യത്തിന്റെ പേരിലാണ്. ഇത്തരം സാഹചര്യങ്ങളിൽ നിയമപരമായ സംരക്ഷണത്തിലൂടെ മാത്രമേ വിവേചനത്തെ നേരിടാനാകൂ. യു.എസിലെ ജാതീയത ഉന്മൂലനം ചെയ്യാൻ കാലിഫോണിയൻ കോടതിയിലുള്ള ഈ കേസ്​ ചരിത്രപരമായ അവസരമാണ് നൽകുന്നത്. നീതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവാണ് വരുന്നതെങ്കിൽ ജാതിവെറി മൂത്ത ചെന്നായകൾക്ക്​ അതൊരു തുറന്ന ലൈസൻസ് ആയിരിക്കും.▮

(‘ദ കാരവൻ’ മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം, പരിഭാഷ: അർജുൻ )


അർജുൻ

ജാമിയ മിലിയ ഇസ്‌ലാമിയയിൽ എം.എ. മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി.

എസ്​. കാർത്തിയേകൻ

യു.എസിൽ ഐ.ടി എഞ്ചിനീയർ. അംബേദ്​കർ കിങ്​ സ്​റ്റഡി സർക്കിൾ സ്​ഥാപകൻ. ഫ്രീ സോഫ്​റ്റ്​വെയർ മൂവ്​മെൻറുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നു. ജാതീയ വിവേചനത്തിനെതിരായ കാമ്പയിനുകൾക്ക്​ നേതൃത്വം നൽകുന്നു.

Comments