തുർക്കിയിൽ നിന്ന് ലെസ്‌ബോസ് തീരത്തെത്തിയ അഭയാർഥി ബോട്ടിൽ നിന്ന് കുഞ്ഞിനെ തീരത്തിറങ്ങാൻ സഹായിക്കുന്ന ഗ്രീക്ക് സന്നദ്ധപ്രവർത്തകൻ. / Photo : UNHCR/A. Zavallis

പൊക്കിൾക്കൊടി കുഴിച്ചിട്ടിരിക്കുന്ന ഇടങ്ങൾ

സ്വഭാഷയിൽ സ്വാഭാവികമായി എഴുതാൻ കഴിയാതെ അന്യഭാഷയെ എഴുത്തിനായി ആശ്രയിക്കേണ്ടി വരുക എന്നത് ഭരണകൂടങ്ങൾ അവരോധിക്കുന്ന രാജ്യഭ്രഷ്ടിന്റെ ദാരുണഫലമാണ്. അറുപതു വയസ്സ് കഴിഞ്ഞപ്പോഴാണ് മിലൻ കുന്ദേര ഫ്രഞ്ചിൽ എഴുതിത്തുടങ്ങിയത്.

ഒന്ന്: കുടിയേറ്റക്കാരുടെ നൂറ്റാണ്ട്​

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും അനിയന്ത്രിതമായ പലായനമാണ് പുതിയ കാലത്തിന്റെ മുഖമുദ്ര. കുടിയേറുന്ന രാജ്യങ്ങളിലെ തദ്ദേശീയരുമായും അധികൃതരുമായും സമവായങ്ങളും സമവാക്യങ്ങളും രൂപപ്പെടാനുള്ള അന്തരീക്ഷം താരതമ്യേന എളുപ്പമല്ല. പോയകാലത്ത് കുടിയേറ്റം ചെയ്തവരെ അന്നത്തെ സമൂഹം വീക്ഷിച്ചതുപോലെയായിരുന്നില്ല അഭയാർത്ഥികളെ സമകാല സമൂഹം നോക്കിക്കാണുന്നത്. വിധ്വംസക പ്രവർത്തനം ചെയ്യാനായി അതിർത്തികൾ ഭേദിക്കുന്നവരാണോ ഇക്കൂട്ടർ എന്ന ഉത്കണ്ഠയും ചില കോണുകളിൽ സജീവമാണ്.

എങ്ങനെയായാലും ഈ നൂറ്റാണ്ടിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ കുടിയേറ്റക്കാരാണ്. സ്വത്വബോധവും സ്വത്വനഷ്ടവും അനിയതമായ അലച്ചിലുകളും നാടിനെയും വീടിനെയും സംബന്ധിച്ച ഗൃഹാതുരമായ ചിന്തകളും നഷ്ടങ്ങളുമാണ് 21ാം നൂറ്റാണ്ടിന്റെ സ്പന്ദനത്തെ രേഖപ്പെടുത്തുന്ന ചിഹ്നങ്ങൾ. രണ്ടു ലോകയുദ്ധങ്ങൾ, ജർമനിയിലെ വംശീയ നിയമങ്ങൾ, സ്പാനിഷ് ആഭ്യന്തരകലാപങ്ങൾ, സോവിയറ്റ് യൂണിയന്റെ പതനം, ലോകത്തിന്റെ പലയിടങ്ങളിലെ അന്തച്ഛിദ്രങ്ങൾ, അപകോളനീകരണത്തിന്റെ രീതികൾ, സർവാധിപത്യ സ്വഭാവം പുലർത്തുന്ന ഭരണകൂടങ്ങൾ തുടങ്ങിയ ഘടകങ്ങൾ 20ാം നൂറ്റാണ്ടിനെ വ്യത്യസ്തമാക്കി. ഇതിനിടയിൽ വലിയ തരത്തിൽ വികസിച്ച സാങ്കേതിക- ഗതാഗതമാറ്റങ്ങൾ യാത്രകളെ സുഗമമാക്കുകയും വാർത്താവിനിമയോപാധികളുടെ ഉപയോഗത്തിൽ വിപ്ലവം സ്ഥാപിക്കുകയും ചെയ്തു. മനുഷ്യർ അതിർത്തികളിലൂടെ മുമ്പെങ്ങുമില്ലാത്തവിധത്തിൽ (നേരായും അല്ലാതെയും) കടന്നുപോകാനും ആരംഭിച്ചു. അതിരുകൾ താണ്ടുന്നവരിൽ ചിലർ സ്വാനുഭവങ്ങളെ കുറിച്ചും അല്ലാത്തവർ അനുഭവസ്ഥവരെ കുറിച്ചും ‘കഥ'കൾ രചിച്ചുതുടങ്ങി. കുടിയേറ്റക്കാരുടെ സാഹിത്യശാഖ അങ്ങനെ ഉദയം കൊള്ളുകയാണ്. വിലാപങ്ങളുടെ കടലേറ്റങ്ങളെ എഴുത്തിൽ കൊണ്ടുവന്ന് ആശ്വാസം നേടാനാവും ഒരുപക്ഷെ അവരിൽ ചിലരെങ്കിലും ശ്രമിച്ചത്.

പോസ്റ്റ്‌ കൊളോണിയൽ സാഹിത്യത്തിന്റെ വകഭേദമായി ജന്മം കൊണ്ട കുടിയേറ്റ സാഹിത്യം ഇന്ന് വളരെ പ്രസക്തമാണ്. കുടിയേറ്റവും പലായനവും സാമൂഹികമായും മാനുഷികമായും തലത്തിൽ ഉയർത്തുന്ന ചലനങ്ങളെ ഘടനാപരമായും ലാവണ്യാത്മകമായും പരിഭാഷപ്പെടുത്തുന്ന കർത്തവ്യത്തിന് ഊന്നൽ നൽകാൻ ഈ സാഹിത്യശാഖ ക്രമേണ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പറഞ്ഞ വിഷയത്തിൽ എഴുതപ്പെടുന്ന കൃതികൾക്ക് ചില സാമാന്യസ്വഭാവമുണ്ടെന്നുവേണം പറയേണ്ടത്.

പോയകാലത്ത് കുടിയേറ്റം ചെയ്തവരെ അന്നത്തെ സമൂഹം വീക്ഷിച്ചതുപോലെയായിരുന്നില്ല അഭയാർത്ഥികളെ സമകാല സമൂഹം നോക്കിക്കാണുന്നത്. വിധ്വംസക പ്രവർത്തനം ചെയ്യാനായി അതിർത്തികൾ ഭേദിക്കുന്നവരാണോ ഇക്കൂട്ടർ എന്ന ഉത്കണ്ഠയും ചില കോണുകളിൽ സജീവമാണ്. Photo : UNHCR

പൊതുവായി പറയുകയാണെങ്കിൽ ആഖ്യാനം ചർച്ച ചെയ്യുന്ന സംഭവവികാസങ്ങൾ സമ്മർദമേതുമില്ലാതെ ആഗോളീകരണത്തിന്റെയും സാംസ്‌കാരികമായ ബഹുസ്വരതയുടെയും പ്രവണതകൾ പ്രകടിപ്പിക്കുക പതിവാണ്. അതോടൊപ്പം കഥാപാത്രങ്ങളുടെ ആന്തരികസംഘർഷങ്ങളെ ലഘൂകരിക്കാനെന്നോണം ആഖ്യാനങ്ങളിൽ സ്വാഭാവികമായ ചില കരാർപത്രങ്ങളെയും അനുബന്ധങ്ങളെയും എഴുത്തുകാർ ഉൾക്കൊള്ളിക്കുന്നു. സ്ഥലപരമായ മാറ്റത്തോടൊപ്പം പുതിയൊരു ഇടത്ത് എത്തുന്നവരുടെ മാനസികവ്യാപാരവും പലായനം സംബന്ധിച്ച പുസ്തകങ്ങൾക്ക് ഉൾക്കാമ്പ് ഒരുക്കുന്നു. ‘ഞാൻ രാജ്യത്തെ വിട്ടാലും രാജ്യം എന്നെ വിടാത്ത' (‘I left Iran, but Iran did not leave me': Azar Nafisi) അവസ്ഥയിലേക്ക് എത്തുന്ന മനുഷ്യരുടെ സർഗാത്മകവ്യവഹാരങ്ങൾ സന്ദേഹങ്ങളും ഗൃഹാതുരതയും നിറഞ്ഞതാണ് എന്നതിന് വേറെ കാരണം അന്വേഷിക്കേണ്ടതില്ല. ദേശ/രാഷ്ട്രഭേദങ്ങളും സാംസ്‌കാരിക/സാമൂഹികമായ അന്തരങ്ങളും സൃഷ്ടിക്കുന്ന കലർപ്പുകളും സ്വത്വനഷ്ടങ്ങളും സ്ഥാനചലനങ്ങളും അസ്ഥിരമായ മാനസികതലങ്ങളും കൂടിച്ചേർന്നു സങ്കീർണമായ ആഖ്യാനഭൂമികയാണ് സംജാതമാവുന്നത്. ഇവയ്ക്കെല്ലാം കേന്ദ്രമായി ‘വീട്' എന്ന ബിംബം നിലനിൽക്കുന്നു. വീടിനെ കുറിച്ചുള്ള സാമ്പ്രദായികമായ നിർവചനം മാറിമറിയുന്നത് കുടിയേറ്റത്തിനിടയിലാണ്.

‘Migratory', ‘Unhomely' എന്നീ സംജ്ഞകളിൽ അധിഷ്ഠിതമായി സമകാല ലോകത്തെ നോക്കിക്കാണുന്നതിന്റെ പ്രാധാന്യം ഹോമി കെ. ഭാഭ ഉയർത്തിക്കാട്ടുന്നുണ്ട്.

പൊക്കിൾക്കൊടി കുഴിച്ചിട്ടിരിക്കുന്ന ഇരിപ്പിടമെന്നോ മരിക്കുമ്പോൾ അടക്കുന്ന ഇടമെന്നോ ജീവിതയാത്രയിൽ പലതരം കുരുക്കുകൾക്ക് സാക്ഷ്യം വഹിക്കുന്ന സ്ഥലമെന്നോ പറഞ്ഞുകൊണ്ട് വീടിന്റെ അനേകം വ്യാഖ്യാനങ്ങളെ ഹെയ്തിയിൽ നിന്ന് കുടിയേറിയ എഴുത്തുകാരി എഡ്വിഡ്ജ് ഡാന്റിക്കറ്റ് അവതരിപ്പിക്കുന്നുണ്ട്. എത്രമാത്രം അദൃശ്യരാണ് കുടിയേറ്റക്കാർ എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള എഴുത്തുകാരിയാണ് ഇവർ. വീടും നാടും നഷ്ടപ്പെട്ടവരുടെ വികാരത്തെ അനുതാപപൂർവമാണ് നോക്കിക്കാണേണ്ടത്. ‘Migratory', ‘Unhomely' എന്നീ സംജ്ഞകളിൽ അധിഷ്ഠിതമായി സമകാല ലോകത്തെ നോക്കിക്കാണുന്നതിന്റെ പ്രാധാന്യം ഹോമി കെ. ഭാഭ ഉയർത്തിക്കാട്ടുന്നുണ്ട്. ഏകജാതീയമായ ദേശീയസംസ്‌കാരവും പൊതുസമ്മതത്തോടെ തുടർച്ചയായി സംവദിക്കപ്പെടുന്ന ചരിത്രപരമായ പാരമ്പര്യങ്ങളും പുതിയ സാഹചര്യങ്ങൾക്ക് അനുസൃതമായി നിർണയിക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അതുകൂടാതെ ‘അപരത്വ'ത്തെ അഭിസംബോധന ചെയ്യുന്ന സംസ്‌കാരങ്ങളുടെ വൈവിധ്യത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കണം എന്നും അദ്ദേഹം വാദിക്കുന്നു. ഇതരദേശവ്യാപകമായ വ്യവഹാരങ്ങളെയും കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ഭൂമികയെയുമാണ് സാഹിത്യം അഭിമുഖീകരിക്കേണ്ടതെന്നും ഭാഭ കൂട്ടിച്ചേർക്കുന്നുണ്ട്.

പുരാതന ഗ്രീക്ക്‌ സാഹിത്യം പരിശോധിച്ചാൽ കൊലപാതകത്തിനും മറ്റും പകവീട്ടാൻ രാജ്യഭ്രഷ്ടരാക്കുന്നവരെ കാണാൻ കഴിയും. പീലിയസ്, പേർസിയസ്, പട്രോക്ലാസ് തുടങ്ങി ഗ്രീക്ക്​ പുരാണത്തിലെ കഥാപാത്രങ്ങൾക്ക് ഈ ചരിത്രമുണ്ട്. ഏഥൻസുകാരുടെ ഭരണഘടനപ്രകാരം രാഷ്ട്രീയ സ്ഥാനമാനം വഹിക്കുന്നവർ തെറ്റുചെയ്താൽ പൊതുജനത്തിന്റെ അഭിപ്രായം ആരാഞ്ഞശേഷം അവരെ രാജ്യത്ത് നിന്ന് നിഷ്‌കാസനം ചെയ്യിക്കാറുണ്ടായിരുന്നു. ഉടഞ്ഞ മൺപാത്രത്തിൽ പുറത്താക്കേണ്ടവരുടെ പേര് എഴുതിക്കൊടുത്തു കൊണ്ടുള്ള ഹിതപരിശോധനയാണ് അവലംബിച്ചിരുന്നത്. വധശിക്ഷയ്ക്ക് ബദൽമാർഗം എന്ന നില കൂടാതെ സാമൂഹ്യവിവേചനം സൃഷ്ടിക്കുന്നവരെ ഒഴിവാക്കാനുള്ള മാർഗം കൂടിയായിരുന്നു ഇപ്പറഞ്ഞ ഭ്രഷ്ട് കല്പിക്കൽ. ‘A History of Exile in the Roman Republic' എന്ന പുസ്തകത്തിൽ ഗോർഡൻ പി. കെല്ലി പുരാതന റോമാസാമ്രാജ്യത്തിലെ ബഹിഷ്‌കൃതനിയമത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. കുറ്റവാളികളെ നാടുകടത്തുന്ന രീതി ഒരുകാലത്തു പ്രബലമായിരുന്നു. തലസ്ഥാനത്തു നിന്ന് ‘നാടുകടത്തപ്പെടുന്ന'വർക്ക് മറ്റുചില നഗരങ്ങളിൽ പാർക്കാൻ അനുമതി കൊടുത്തിരുന്നു. വിശ്രുതകവിയായ ഓവിഡിനെ (BCE 43 - AD 18) രാജ്യഭ്രഷ്ടനാക്കിയതിന്റെ കൃത്യമായ കാരണം അറിയില്ലെങ്കിലും എഴുത്തുമായി ബന്ധപ്പെട്ടായിരുന്നു അത്. റോമൻ ചക്രവർത്തിയായ അഗസ്തസ് ഓവിഡിനെ നാടുകടത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ കാവ്യങ്ങളെല്ലാം എഴുതപ്പെട്ടിരുന്നു. കാലക്രമേണ ഈ ശാഖയിലെ എഴുത്ത് വ്യത്യസ്ത വിഷയങ്ങളെയും പ്രമേയങ്ങളെയും സ്വീകരിക്കാൻ ആരംഭിച്ചു. വർഗവും വർണവും ലിംഗഭേദവും മതവും അടയാളവാക്യങ്ങളായി ഭവിച്ചുകൊണ്ട് കുടിയേറ്റയെഴുത്തിനെ തള്ളിക്കളയാനാവാത്തതാക്കി. ആഭ്യന്തരകലാപങ്ങളും യുദ്ധങ്ങളും കുടിയേറ്റത്തെയും പലായനത്തെയും നിത്യജീവിതസന്ധികളാക്കി തീർത്തു.

ഫെഡറിക്കോ ഗാർഷ്യ ലോർക്ക

ഫാസിസ്റ്റു ഭരണകൂടങ്ങൾക്കെതിരെ പടപൊരുതി ഒളിവിൽ പോകുകകയോ രാജ്യം വിടുകയോ ചെയ്ത എഴുത്തുകാരുടെ ചരിത്രം നമുക്കുമുന്നിലുണ്ട്. ഫ്രാൻസിസ്‌കോ ഫ്രാൻകോയുടെ നേതൃത്വത്തിലുള്ള സ്പാനിഷ് പട്ടാളം അക്രമം അഴിച്ചുവിട്ടിരുന്ന ആയിരത്തിത്തൊള്ളായിരത്തിമുപ്പതുകളുടെ പകുതിയിലാണ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്ന കവിയും നാടകകൃത്തുമായ ഫെഡറിക്കോ ഗാർഷ്യ ലോർക്ക വധിക്കപ്പെടുന്നത്. അതിനെത്തുടർന്ന് പല എഴുത്തുകാർക്കും രാജ്യം വിടേണ്ടി വന്നു. പ്രശസ്ത കവി ലൂയിസ് തെർനൂഗ ഇതിലൊരാളായിരുന്നു. അദ്ദേഹത്തിന്റെ ‘Impression of Exile' എന്ന പ്രസിദ്ധമായ കവിത ഇക്കാലത്ത് എഴുതിയതാണ്. താഴെ കൊടുത്തിരിക്കുന്ന പ്രസ്തുതകവിതയിലെ വരികൾ അന്നത്തെ പ്രക്ഷുബ്ധസാഹചര്യത്തെ ചിത്രീകരിക്കുന്നു.

‘‘അയാൾ എന്നെ പിന്തുടർന്നുകൊണ്ട് നടന്നു അദൃശ്യമായ ഒരു ഭാരത്തിനു താഴെ ഒറ്റപ്പെട്ടുനടക്കുന്നതുപോലെ സ്വന്തം ശവക്കല്ലറയെ വലിച്ചിഴയ്ക്കുന്നത്‌പോലെ അധികം വൈകാതെ അയാൾ നിന്നു "സ്‌പെയിൻ' അയാൾ പറഞ്ഞു "ഒരു പേര്' "സ്‌പെയിൻ മരിച്ചു' -ഒരു ചെറിയ രഹസ്യം പെട്ടെന്ന് ഒരു വളവു തിരിഞ്ഞു അയാൾ നനഞ്ഞ നിഴലിലേക്ക് മാഞ്ഞുപോകുന്നത് ഞാൻ കണ്ടു.''
സ്വരാജ്യം ഒരു വികാരമായി സൂക്ഷിക്കുന്നവരുടെ ഹൃദയത്തിൽ പതിഞ്ഞ കൈയൊപ്പാണിത്.

നിർബന്ധിതമായി സ്വരാജ്യത്ത് നിന്ന് വിട്ടുനിൽക്കുന്ന എഴുത്തുകാർക്ക് രാജ്യം ഉപേക്ഷിച്ചതിൽ ഇച്ഛാഭംഗമുണ്ടാകുക പതിവാണ്. എന്നാൽ ഇതിനേക്കാൾ വലിയ നയവഞ്ചന, മറ്റൊരു ഭാഷയിൽ എഴുതുക എന്നതാണ്​

സമകാലത്ത് യുദ്ധം, പീഡനം, പട്ടിണി, ദാരിദ്ര്യം, പ്രകൃതിക്ഷോഭം, തൊഴിലന്വേഷണം, മെച്ചപ്പെട്ട ജീവിതനിലവാരം തേടൽ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ മനുഷ്യർ സ്വദേശത്തുനിന്ന് പലായനം ചെയ്യുന്നു. ഇത് സംബന്ധിച്ച സാഹിത്യത്തെ രണ്ടുതരത്തിൽ വിഭജിക്കുന്നതാണ് ഉചിതം; കുടിയേറ്റക്കാരുടെ സാഹിത്യവും കുടിയേറ്റ സാഹിത്യവും. കുടിയേറ്റ/പലായന സാഹിത്യത്തെ കുറിച്ച് പറയുമ്പോൾ ജോസഫ് കോൺറാഡിനെ പരാമർശിക്കാതെ തരമില്ല. ജന്മരാജ്യമായ പോളണ്ടിൽ നിന്ന് പലായനം ചെയ്ത കോൺറാഡ് ഇംഗ്‌ളീഷ്‌കാരനായി മാറി. പോളണ്ടുകാരനായ ജോസഫ് കോൺറാഡിനെ ഇംഗ്ലണ്ട് 'വരത്തനാ'യി കണ്ടതിൽ അത്ഭുതമില്ല. അദ്ദേഹം കേംബ്രിഡ്​ജിന്റെയും ഓക്‌സ്‌ഫോർഡിന്റെയും അടക്കം അവിടെയുള്ള സർവ്വകലാശാലകളുടെ അംഗീകാരമുദ്രകൾ വേണ്ടെന്നുവെച്ചത് ഇതേ കാരണം കൊണ്ടാവാം. രാജ്യഭ്രഷ്ടരാക്കപ്പെട്ടവരുടെ അനുഭവപരിസരങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ തീർത്തും സ്വാഭാവികമായി പ്രത്യക്ഷപ്പെടുന്നു. ദുരിതപൂർണമായ അന്തരീക്ഷത്തിൽ എഴുതപ്പെട്ട അദ്ദേഹത്തിന്റെ കഥകൾ ശ്രദ്ധ നേടിയതാണ്.

ജോസഫ്‌ കോൺറാഡ്‌

കിഴക്കൻ യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രാമധ്യേ കപ്പൽച്ചേതം വന്ന്​ഇംഗ്ലണ്ടിന്റെ സമീപപ്രദേശത്ത് എത്തിപ്പെട്ട ചെറുപ്പക്കാരന്റെ കഥയാണ് ‘Amy Foster'. അപകടത്തെത്തുടർന്ന് കടൽ പേടിസ്വപ്നമാവുകയും കടൽയാത്രകൾ നടത്താൻ അയാൾക്ക് ആത്മവിശ്വാസം നഷ്ടമാവുകയും ചെയ്യുന്നു. അസ്ഫുടമായ രീതിയിൽ സംസാരിക്കുകയും ഇംഗ്ലണ്ടിന്റെ പ്രാന്തസ്ഥലത്ത് താമസിക്കുകയും ചെയ്യുന്ന ആമി ഫോസ്റ്റർ അയാളെ വിവാഹം കഴിക്കുന്നു. പുതിയ ഭാഷ പഠിക്കാതെ, സാംസ്‌കാരികമായും ഭാഷാപരമായും അന്തരം പുലർത്തുന്ന അയാൾക്ക് ഇംഗ്ലീഷ്‌കാരുടെ ജീവിതവുമായി ഇഴുകി ചേരാൻ സാധിക്കാതെ വരുന്നതാണ് കഥയുടെ ഇതിവൃത്തം. ഭാര്യയും മകനുമുള്ള കുടുംബത്തിലെ ‘ഒറ്റപ്പെട്ടവനായി' അയാൾ പരിണമിക്കുകയാണ്. നിരന്തരം കാണുന്നത് കൊണ്ട് അയാൾ പരിചിതനായെങ്കിലും സംസാരം കൊണ്ടോ സമ്പർക്കം കൊണ്ടോ അയാൾ നാട്ടുകാർക്ക് അപരിചിതനായി തുടർന്നു. നിഷ്‌കളങ്കനായ അയാളെ ‘വരത്തനായി' ഗണിക്കുകയും സമ്പർക്കത്തിന് ഇട കൊടുക്കാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു അവിടത്തെ സമൂഹത്തിന്റെ നിലപാട്.

രാജ്യം ഉപേക്ഷിക്കേണ്ടി വന്ന്​ മറ്റൊരിടത്ത് ജീവിക്കേണ്ടി വരുന്നവർ എന്നെങ്കിലും സ്വരാജ്യത്തേക്ക് മടങ്ങേണ്ടി വരുമ്പോൾ, മരിച്ച ഒരാൾ അയാളുടെ ശവകുടീരത്തിൽ നിന്ന് ഇറങ്ങി വരുന്നതുപോലെയാണ് അത് എന്നാണ് കുന്ദേരയുടെ കഥാപാത്രമായ ജോസഫ് വിശദീകരിക്കുന്നത്.

കപ്പൽസഞ്ചാരത്തിനുള്ള വിമുഖത കൊണ്ട് അയാൾക്ക് അമേരിക്കയിലേക്കോ സ്വരാജ്യത്തേക്കോ പോകാനാവാതെ വരുന്നു. ഉയർച്ച തേടി വീട്ടിൽനിന്നിറങ്ങിയ അയാൾക്ക് വെറുംകൈയോടെ തിരികെ ചെല്ലാനുമാവില്ല. ആകെപ്പാടെയുള്ള സമ്പാദ്യമായ ഒരു പശു, രണ്ടു കുതിരക്കുട്ടികൾ, കുറച്ചുസ്ഥലം എന്നിവ വിറ്റാണ് അയാൾ ഈ യാത്ര ആരംഭിച്ചത്. അങ്ങനെ അയാൾ ആഗ്രഹിക്കാത്ത ഒരു ജീവിതം മറ്റൊരു രാജ്യത്ത് നയിക്കുന്നു. മരണക്കിടക്കയിൽ അയാളെ ഉപേക്ഷിച്ചു പോകുന്ന ഭാര്യ കൂടെ അവരുടെ കുഞ്ഞിനേയും കൊണ്ടുപോയി. അങ്ങനെ എല്ലാ അർത്ഥത്തിലും ഏകനായി അയാൾ മരണത്തിലേക്ക് നീങ്ങുകയാണ്. സംവദിക്കാൻ ഭാഷയില്ലാത്ത, ഇടപഴകാൻ പൊതുതാല്പര്യങ്ങളില്ലാത്ത അവസ്ഥയിലൂടെ ആദ്യകാലത്തെ കുടിയേറ്റക്കാരുടെ സ്ഥിതി വ്യക്തമാക്കുന്ന ഈ കഥ കോൺറാഡിന്റെ നേരനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലാണെന്ന് കരുതുന്നു. വീട്, നാട് എന്നിവയോടൊപ്പം ഭാഷ കൂടെ നഷ്ടപ്പെടുന്ന ചുറ്റുപാടിൽ പരവശരാകുന്ന കുടിയേറ്റക്കാരുടെ പ്രതിനിധിയാണ് ഈ കഥയിലെ യാങ്കോ എന്ന കേന്ദ്രകഥാപാത്രം. അന്യരാജ്യത്തെ ഒറ്റപ്പെടലിന്റെ തിക്തത ഒരു പൊതുഭാവമായി ഗണിക്കാമെന്നു തോന്നുന്നു. ഈ കഥ സാർവലൗകികമാവുന്നത് അവ്വിധത്തിലാണ്. മേൽപ്പറഞ്ഞ സാഹചര്യത്തിൽ, ഗൃഹാതുരതയുടെ തീയിഴകൾ അത്തരക്കാരെ പൊള്ളിക്കുന്ന അവസ്ഥയിൽ കൊണ്ടെത്തിക്കുകയാണ്.

രണ്ട്​: വിവർത്തനം ചെയ്യപ്പെടുന്നവർ

നിർബന്ധിതമായി സ്വരാജ്യത്ത് നിന്ന് വിട്ടുനിൽക്കുന്ന എഴുത്തുകാർക്ക് രാജ്യം ഉപേക്ഷിച്ചതിൽ ഇച്ഛാഭംഗമുണ്ടാകുക പതിവാണ്. എന്നാൽ ഇതിനേക്കാൾ വലിയ നയവഞ്ചന അവരുടെ മുമ്പിലുണ്ട്. മാതൃഭാഷയിൽ എഴുതാൻ സാധിക്കാതെ മറ്റൊരു ഭാഷയിൽ എഴുതുക എന്നുള്ളതാണ് അത്. സ്വഭാഷയിൽ സ്വാഭാവികമായി എഴുതാൻ കഴിയാതെ അന്യഭാഷയെ എഴുത്തിനായി ആശ്രയിക്കേണ്ടി വരുക എന്നത് ഭരണകൂടങ്ങൾ അവരോധിക്കുന്ന രാജ്യഭ്രഷ്ടിന്റെ ദാരുണഫലമാണ്. അറുപതു വയസ്സ് കഴിഞ്ഞപ്പോഴാണ് മിലൻ കുന്ദേര ഫ്രഞ്ചിൽ എഴുതിത്തുടങ്ങിയത്. ഫ്രഞ്ചിൽ എഴുതിയ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഒത്തുനോക്കുമ്പോൾ ചെറുതായിരുന്നുവെന്നത് യാദൃച്ഛികം മാത്രമായിരിക്കില്ല. നീൾമുടിനാരിന്റെ വലിപ്പത്തിൽ പോലും സ്വന്തം ഭാഷയിൽ എഴുതാൻ അനുമതി ലഭിക്കാത്ത എഴുത്തുകാർ അനുഭവിക്കുന്ന വ്യഥ പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. ഒഡീസിയസ് ഇത്താക്കയിൽ മടങ്ങിയെത്തുന്നത് പോലെ എളുപ്പമല്ലല്ലോ ഒരിക്കൽ രാജ്യഭ്രഷ്ടരായാലുള്ള തിരിച്ചുപോക്ക്. നാല്പതുവർഷങ്ങൾക്ക് ശേഷം 2019ലാണ് കുന്ദേരയ്ക്ക് ചെക്ക് പൗരത്വം മടക്കി നൽകിയത് എന്നോർക്കണം. എഴുത്തുകാരെ സംബന്ധിച്ച്​ ഭൗതിക തലങ്ങളിലേക്ക് അതിജീവനത്തെ ചുരുക്കാനാവില്ല. അതിനാൽ ഭാഷ വിലക്കപ്പെടുന്നതോടെ അതിജീവനത്തിനായി വേറൊരു ഭാഷയെ സ്വായത്തമാക്കാതെ നിർവ്വാഹമില്ലായെന്നു വരുന്നു. എന്നാൽ വ്‌ളാദിമിർ നബോക്കോവ് ഇവിടെ വ്യത്യസ്തനാണ്. എഴുത്തിനോടുള്ള അഭിനിവേശവും റഷ്യൻ ഭാഷ ‘മരിച്ചു' കൊണ്ടിരിക്കുകയാണെന്നുള്ള തിരിച്ചറിവും പ്രവാസജീവിതം നയിക്കേണ്ടി വന്ന അദ്ദേഹത്തിന് ഇംഗ്ലീഷിൽ എഴുതാൻ പ്രചോദനമേകി.

മിലൻ കുന്ദേര

മനുഷ്യർക്കും ജനിച്ചുവളർന്ന ദേശത്തിനും ഇടയിലെ ദുസ്സഹമായ പിളർപ്പിനെയാണ് സ്വരാജ്യത്ത് നിന്നുള്ള പലായനം അടയാളപ്പെടുന്നത്. സ്വത്വവും യാഥാർത്ഥഗൃഹവുമായുള്ള വിച്ഛേദത്തെ കൂടി അത് സൂചിപ്പിക്കുന്നു എന്ന എഡ്വേഡ് സെയ്ദിന്റെ നിരീക്ഷണം അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും ഒരേപോലെ ബാധകമാണ്. ‘Reflections on Exile' എന്ന ലേഖനത്തിൽ നാടുവിട്ടുപോകേണ്ടി വന്ന എഴുത്തുകാർ അനുഭവിക്കുന്ന ആന്തരികവ്യഥകളെ പറ്റി സെയ്ദ് വിശദീകരിക്കുന്നുണ്ട്. നിയമപരമായി മാന്യത നിഷേധിക്കുന്ന സംവിധാനത്തിന് തങ്ങളുടെ മാന്യത കെട്ടിവെക്കുന്ന രാജ്യഭ്രഷ്ടരായ എഴുത്തുകാരെ അദ്ദേഹം പരാമർശിക്കുന്നു. പലായനം ചെയ്യുന്നവരുടെ സ്വത്വബോധത്തെ വരെ അത് നിരാകരിക്കുകയും ചെയ്യുകയാണ്. സാംസ്‌കാരികമായ നവത്വത്തിനു പകരം ശീലങ്ങളെ റദ്ദാക്കി സങ്കുചിതമായ ഇടങ്ങളിലേക്ക് ഒതുങ്ങിക്കൂടാൻ അഭയാർഥികളും ഒരുപരിധിവരെ കുടിയേറ്റക്കാരും നിർബന്ധിതരായി. സമകാലത്തെ ഒരു രാഷ്ട്രീയശിക്ഷയായി പ്രവാസത്തെ അവതരിപ്പിക്കാൻ പ്രവാസസാഹിത്യത്തിന്റെ തലങ്ങൾക്കുപരിയായി അനുഭവങ്ങളുടെ ചിത്രീകരണത്തിനു സാധിക്കുമെന്നത് കാണാതെ പോകരുത് എന്നും സെയ്ദ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ ജോയ്‌സിനെയും നബോക്കോവിനെയും മാറ്റിനിർത്തിയതിനുശേഷം എണ്ണമറ്റ അഭയാർഥികളുടെ ചിത്രമാണ് ആലോചിക്കേണ്ടത്. നിരാലംബരായ എന്നാൽ രേഖകളില്ലാത്ത മനുഷ്യർ യാതൊരു ചരിത്രവും ബാക്കിവെക്കാതെ അപ്രത്യക്ഷരാവുകയാണ്. ദേശീയതയുമായി ബന്ധപ്പെട്ട തരത്തിൽ പ്രവാസത്തെ വായിച്ചെടുക്കാനും സെയ്ദ് ഈ ലേഖനത്തിൽ ശ്രമിക്കുന്നുണ്ട്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും ആചാരങ്ങളുടെയും സമൂഹം കെട്ടിയുയർത്തുകയും അതിൽനിന്നു പ്രവാസത്തിന്റെ അംശങ്ങളെ തടയാൻ ശ്രമിക്കുകയും ചെയ്യുകയാണ് ദേശീയത എന്നും അദ്ദേഹം അപഗ്രഥിക്കുന്നു.

സ്വന്തം രാഷ്ട്രത്തിന്റെ സീമകൾ ഭേദിക്കുന്ന ഏതൊരാളും കാത്തുസൂക്ഷിക്കുന്ന അമൂല്യനിധിയാണ് ഭൂതകാലം. ഓർമകളെ പുനരുജ്ജീവിപ്പിക്കുക എന്ന യത്‌നം ഒരു ശീലമായില്ലെങ്കിൽ അവ വിസ്മൃതഭൂമികയിലേക്ക് പോകുകയും ഗൃഹാതുരത വിങ്ങലായി ശേഷിക്കുകയും ചെയ്യുമെന്നാണ് കാണേണ്ടത്.

രാജ്യം ഉപേക്ഷിക്കേണ്ടി വന്ന്​ മറ്റൊരിടത്ത് ജീവിക്കേണ്ടി വരുന്നവർ എന്നെങ്കിലും സ്വരാജ്യത്തേക്ക് മടങ്ങേണ്ടി വരുമ്പോൾ അവർക്കുണ്ടായേക്കാവുന്ന വിചാരത്തെ കുന്ദേരയുടെ കഥാപാത്രമായ ജോസഫ് വിശദീകരിക്കുന്നുണ്ട്. മരിച്ച ഒരാൾ അയാളുടെ ശവകുടീരത്തിൽ നിന്ന് ഇറങ്ങി വരുന്നതുപോലെയാണ് അത് എന്നാണ് ‘Ignorance' എന്ന നോവലിൽ ജോസഫ് ചൂണ്ടിക്കാട്ടുന്നത്. ദുർബലമായ പാദങ്ങൾ കൊണ്ട്, നടക്കാൻ മറന്നു പോയവർ ചെയ്യുന്നതുപോലെ അവർ സ്വന്തം ഭൂമിയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുകയാണ്. ചെക്കോസ്ലോവാക്യയിൽ നിന്ന്​ഫ്രാൻസിലേക്ക് പലായനം ചെയ്യേണ്ടി വന്ന ജോസഫ് പരേതയായ ഭാര്യയുടെ ആഗ്രഹപൂർത്തിക്കായി രണ്ടു ദശാബ്ദങ്ങൾക്കു ശേഷം സ്വരാജ്യം സന്ദർശിക്കുന്നു. മറ്റൊരു രാജ്യം ചെക്കോസ്ലോവാക്യയെ അധീനതയിൽ വെക്കുന്നതും അപമാനിക്കുന്നതും കാണാനുള്ള ശക്തി ഇല്ലാത്തതിനാലാണ് അയാൾ നാട് വിടുന്നത്. എന്നാൽ അവിടെ തുടരുന്നവരാകട്ടെ അവരവരെ തന്നെ അവരുടെ ജീവിതത്തോടൊപ്പം സ്വാർത്ഥമായി സ്‌നേഹിക്കുന്നവരും ജീവിക്കുന്ന ഇടത്തെ മുറിച്ചുകളയാൻ സാധിക്കാത്തവരുമാണ്. സ്വരാജ്യത്തെ നിന്ന് പോയവർക്ക് അവിടവുമായി ബന്ധപ്പെട്ട ഗൃഹാതുരമായ ഓർമയെ പറ്റിയുള്ള കുന്ദേരയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. ഒരേ രാജ്യത്ത് നിന്ന് പുറപ്പെട്ടു പോയവർ ഒരുമിച്ച് താമസിക്കുന്ന ക്യാമ്പിലും മറ്റും സ്വന്തം രാജ്യത്തെ കുറിച്ചുള്ള കഥകൾ അവർ അയവിറക്കുന്നത് സ്വാഭാവികമാണ്. പക്ഷെ സംഘമായി താമസിക്കാൻ അവസരം ഇല്ലാത്തവർ ഈ വിഷയത്തെ നോക്കിക്കാണുന്നത് മറ്റൊരു വിധമത്രേ. പൊതുവെ ഇക്കാര്യത്തിൽ ഓർമകൾ മങ്ങുകയോ ഇല്ലാതാവുകയോ ചെയ്യുന്നത് സാധാരണമാണ്. ഇത് അടിവരയിടാൻ കുന്ദേര ഒഡീസിയസിന്റെ ഉദാഹരണം പ്രാധാന്യത്തോടെ എടുത്തുപറയുന്നു.

വീടിനെക്കുറിച്ചുള്ള സാമ്പ്രദായികമായ നിർവചനം മാറിമറിയുന്നത് കുടിയേറ്റത്തിനിടയിലാണ്. / Photo : UNHCR/Tony Karumba

ഗൃഹാതുരതയും ഓർമയും തമ്മിലുള്ള വിചിത്രമായ സമവാക്യമാണ് ഇവിടെ അനാവൃതമാവുന്നത്. അജ്ഞതയാൽ തീവ്രമാകുന്ന കഷ്ടപ്പാടുകളെ കുറിച്ച് അദ്ദേഹം ബോധവാനാണ്. മടക്കം എന്ന അർത്ഥമുള്ള ഗ്രീക്ക്പദമായ ‘nostos', അറിയാത്തത് എന്നതിന്റെ ലാറ്റിൻപദമായ ‘ignorare' എന്നിവ കൂട്ടിച്ചേർത്തതാണ് ‘nostalgia'. ഓർമയെ ഇല്ലാതാക്കുന്ന (നഷ്ടപ്പെടുത്തുന്ന) വികാരമായ നൊസ്റ്റാൾജിയ അങ്ങനെയാണ് രൂപപ്പെടുന്നത് എന്നാണ്​ കുന്ദേരയുടെ പക്ഷം. ഒഡീസിയസിന്റെ ഇരുപതുവർഷത്തെ അഭാവം ഇത്താക്കയിലെ ജനങ്ങൾക്ക് അയാളെ സ്മരിക്കാൻ ഇടവരുത്തി. എന്നാലത് ഒരു ഗൃഹാതുരത അല്ല എന്നാണ് കുന്ദേരയുടെ കാഴ്ചപ്പാട്. കൂട്ടായ ഓർമയായി (Collective Memory) ഗൃഹാതുരത പരിണമിക്കില്ല. മറിച്ച് അതൊരു വ്യക്തിയുടെ ഏകപക്ഷീയമായ ഇച്ഛയാണ്.

ഒഡീസിയസ് കടുത്ത ഗൃഹാതുരനായിരുന്നുവെങ്കിലും അയാൾക്ക് സ്വരാജ്യമായ ഇത്താക്കയെ സംബന്ധിക്കുന്ന ഓർമ്മകൾ നഷപ്പെടുന്നു. വർഷങ്ങൾക്കു ശേഷം ഇത്താക്കയിൽ എത്തിച്ചേരുന്ന ഒഡീസിയസ് എന്നാൽ നിരാശനാവുകയാണ് ചെയ്യുന്നത്. സ്വദേശത്തെ തിരിച്ചറിയാൻ സാധിക്കാത്ത വിധം അയാൾ അപരിചിതനാവുകയത്രേ. ‘Ignorance'ലെ കഥാപാത്രങ്ങൾക്കും ഇതുപോലെയൊരു സ്മൃതിനാശം സംഭവിക്കുന്നുണ്ട്. സ്വരാജ്യത്തെ വേരുകൾ അവർക്ക് തെരഞ്ഞുപിടിക്കാൻ സാധിക്കാതെ വരികയോ വീടിനെ ചുറ്റിപ്പറ്റിയുള്ള വൈകാരികതയെ തിരിച്ചുപിടിക്കാനോ സാധിക്കുന്നില്ല. സ്വന്തം നാട്ടിൽ ‘വിദേശികളായി' അവരെ പരിഗണിച്ചു. നാട്ടുകാർക്കുള്ള അടുപ്പക്കുറവിനോടൊപ്പം ഭാഷയും വിലങ്ങുതടിയാവുമോ എന്ന ആശങ്കയും ഇവിടെ ഉടലെടുക്കുന്നു. ദീർഘകാലം അന്യദേശത്തു താമസിക്കുമ്പോൾ മാതൃഭാഷയിലുള്ള പ്രാവീണ്യം താത്കാലികമായെങ്കിലും കുറയുമോ എന്ന സംശയത്തിന് ജോസഫ് വകനൽകുന്നുണ്ട്. എങ്കിലും സ്വന്തം ഭാഷയിൽ അയാൾക്ക് സംഭവിച്ച അപരിചിതത്വം മൂന്നുദിവസം കൊണ്ടുമാറുന്നുണ്ട്. ജനിച്ച നാട്ടിൽ അവരെ തളച്ചിടുന്ന ഘടകമായി ഭാഷ രൂപപ്പെടുന്നതാണ് ഇത് ബോധ്യപ്പെടുത്തുന്നത്.
ശരിയായ ‘സ്വരാജ്യം' നിലനിൽക്കുന്നത് അവരവരുടെ അസ്തിത്വത്തിലാണെന്ന യാഥാർഥ്യത്തെയാണ് ഈ നോവലിൽ വിവരിക്കുന്നത്. നിരന്തരം ഓർക്കുക എന്ന കർമത്തിൽ മുഴുകാതെ സ്വരാജ്യത്തെ വരച്ചെടുക്കൽ വിഫലമായ പ്രവൃത്തിയായിത്തീരും. സ്വന്തം രാഷ്ട്രത്തിന്റെ സീമകൾ ഭേദിക്കുന്ന ഏതൊരാളും കാത്തുസൂക്ഷിക്കുന്ന അമൂല്യനിധിയാണ് ഭൂതകാലം. ഓർമകളെ പുനരുജ്ജീവിപ്പിക്കുക എന്ന യത്‌നം ഒരു ശീലമായില്ലെങ്കിൽ അവ വിസ്മൃതഭൂമികയിലേക്ക് പോകുകയും ഗൃഹാതുരത വിങ്ങലായി ശേഷിക്കുകയും ചെയ്യുമെന്നാണ് കാണേണ്ടത്. ഇത്താക്കയിലേക്ക് മടങ്ങിയെത്തണമെന്ന ആഗ്രഹം തീക്ഷ്ണമാവുകയും അവിടെ വച്ചുനടന്ന സംഗതികൾ മറക്കുകയും ചെയ്യുന്ന അസാധാരണത്വത്തിന്റെ പിടിയിലമരുന്ന ഒഡീസിയസിന്റെ അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടാവണം. രാജ്യം ഉപേക്ഷിക്കേണ്ടി വന്നവർ കാണേണ്ടി വരുന്ന ദുഃസ്വപ്നങ്ങളും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഇതിനു മറ്റൊരു കാഴ്ച കൂടെയുണ്ട്​ എന്നു കൂട്ടിപ്പറയേണ്ടതുണ്ട്. മടങ്ങിയെത്തുന്ന ഇടം എന്ന് ഇത്താക്കയെ വിശേഷിപ്പിക്കാതെ, സി. പി. കവാഫി ഒരു കവിതയിൽ ഉദ്ദിഷ്ടസ്ഥാനമായി അതിനെ ഗണിക്കുന്നു.

റുഷ്ദിയുടെ കാഴ്ചപ്പാടിൽ ജന്മദേശത്തോടുള്ള ഭൂഗുരുത്വാകർഷണം വൃക്ഷങ്ങളുടെ വേരുകൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിന് തുല്യമാണ്

ചില എഴുത്തുകാർക്ക് മാതൃഭാഷയാണ് മാതൃരാജ്യം. സ്വരാജ്യം നഷ്ടപ്പെട്ട അവർക്ക് ജീവനത്തിനും അതിജീവനത്തിനുമുള്ള ഉപാധിയാണ് മാതൃഭാഷ. രാജ്യഭ്രഷ്ടരായവരുടെ പിൽക്കാല ജീവിതം ഭാഷയെന്ന കണ്ണിയിലൂടെയാണ് ഇഴ ചേർക്കപ്പെടുന്നത്. സൽമാൻ റുഷ്ദി അന്യരാജ്യത്തേക്ക് കുടിയേറി ജീവിക്കുന്നവരെ ‘Translated Men' എന്ന് വിശേഷിപ്പിക്കുന്നുണ്ട്. വിവർത്തനം എന്ന പ്രക്രിയയ്ക്കിടയിൽ ചില അംശങ്ങൾ ചോർന്നുപോകുകയും ചില അംശങ്ങൾ ചേർക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയെയാണ് അദ്ദേഹം അർത്ഥമാക്കുന്നത്. റുഷ്ദിയുടെ കാഴ്ചപ്പാടിൽ ജന്മദേശത്തോടുള്ള ഭൂഗുരുത്വാകർഷണം വൃക്ഷങ്ങളുടെ വേരുകൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിന് തുല്യമാണ്. കുടിയേറ്റക്കാരുടെ അപാരമായ ഭാവനാശക്തി അവരെ സാങ്കല്പികമായ മാതൃഭൂമികൾ സൃഷ്ടിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. ഭൂതകാലമെന്നത് പലായനം ചെയ്ത ഒരു രാജ്യമായിത്തീരുകയും ആ നഷ്ടം മാനവരാശിയുടെ ഒരു ഭാഗമായി മാറുകയുമാണ് എന്ന റുഷ്ദിയുടെ തീർപ്പ് കുടിയേറ്റക്കാരുടെ വിജ്ഞാപനപത്രമായി പരിണമിക്കുന്നു.

ഉത്ഭവ സ്ഥാനത്ത് നിന്നും ചെന്നുചേരേണ്ട ഇടത്തേക്കുള്ള യാത്രയിൽ പലായനത്തിന്റെതായ ഒരു ഇടനാഴി രൂപപ്പെടുകയാണ്. ഇത്തരത്തിലുള്ള ഇടനാഴികളിൽ പൗരത്വമില്ലാത്തവർ കൂട്ടംകൂടിനിൽക്കുന്നുണ്ടാവും എന്നത്​ കാണാതെ പോകരുത്. / Photo : UNHCR / M.Henley

ഏതെല്ലാം ഓർമകളെ കൈവശം വെക്കണമെന്നും കൈവെടിയണമെന്നുമുള്ള ധാരണ കുടിയേറ്റക്കാരെ സഹായിക്കും. ഓർമകളുടെ കടന്നുകയറ്റത്തെ നിയന്ത്രണവിധേയമാക്കാൻ ഈ മാർഗം സഹായിക്കുമെന്ന് ഉറപ്പാണ്. ഓർമകളെ പൂർണമായും ഉച്ചാടനം ചെയ്യുന്നതോടെ ഭൂതകാലവുമായുള്ള ഉടമ്പടികൾ കാറ്റിൽ പറത്തപ്പെടുകയാണ്. ഭൂതകാലത്തെ റദ്ദുചെയ്തുകൊണ്ട് ജീവിക്കുന്നത് വിളിക്കാൻ ഒരു പേരില്ലാതെ ജീവിക്കുന്നത്‌പോലെയാണെന്നെന്നു കുന്ദേര നിരീക്ഷിച്ചിട്ടുണ്ട്.
ഉത്ഭവസ്ഥാനത്ത് നിന്നു ചെന്നുചേരേണ്ട ഇടത്തേക്കുള്ള യാത്രയിൽ പലായനത്തിന്റെയായ ഒരു ഇടനാഴി രൂപപ്പെടുകയാണ്. ഇത്തരത്തിലുള്ള ഇടനാഴികളിൽ പൗരത്വമില്ലാത്തവർ കൂട്ടംകൂടിനിൽക്കുന്നുണ്ടാവും എന്നത്​കാണാതെ പോകരുത്. എന്നന്നേക്കുമായി നഷ്ടപ്പെടാൻ പോകുന്ന ഭൂമികയിൽ നിന്ന്​ അജ്ഞാതമായ ‘വാഗ്ദത്തഭൂമി'യിലേക്കുള്ള പലായനത്തിനിടയിൽ പതുക്കെ ഒരു മധ്യയിടം സൃഷ്ടിക്കപ്പെടുന്നു. പിന്നീടുള്ള ജീവിതത്തിന്റെ അസ്തിത്വം ഈ മണ്ണിൽ വേരുറയ്ക്കുമോ എന്നതാണ് വെല്ലുവിളി. എങ്കിലും അഭയം തേടിയുള്ള യാത്രകൾ നിരന്തരം തുടർന്നുകൊണ്ടിരിക്കുന്നു. സ്വപ്നങ്ങളുടെ പരിധി ചുരുങ്ങുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന സാഹചര്യമാണ് അഭയാർത്ഥികൾ നേരിടുന്നത്. ദാരുണമായ അവസ്ഥയിൽ നിന്നുകരകയറാൻ വേണ്ടി അന്യരാജ്യങ്ങളിൽ എത്തിപ്പെടുന്നവരെ കാത്തിരിക്കുന്നത് സുഖകരമല്ലാത്ത അന്തരീക്ഷമാണ്. രാജ്യം വിട്ടുപോകുന്നവർ എടുത്തു കൊണ്ടുപോകുന്ന ഭാണ്ഡങ്ങളെക്കാൾ അദൃശ്യമായ ചുമടുകൾക്ക് ഭാരമേറെയുണ്ട്. കെട്ടഴിക്കുന്തോറും മുറുകുന്ന അത്തരം ബാധ്യതകളാണ് കുടിയേറ്റക്കാരുടെ സ്വകാര്യവേദന. ഉറ്റവരെയും കുടുംബാംഗങ്ങളെയും പിരിഞ്ഞു എത്തിയവർക്ക് സ്വദേശം, ഭാഷ, ഭക്ഷണം എന്നിങ്ങനെയുള്ള നാനാവിധ അലട്ടലുകളുണ്ടാവുന്നത് സ്വാഭാവികമാണ്. നഷ്ടപ്പെട്ടുപോയ ഒരു ലോകത്തിനും സ്വപ്നങ്ങളിലെ മറ്റൊരു ലോകത്തിനും ഇടയിലുള്ള മങ്ങൂഴത്തിലാണ് അതിർത്തികൾ താണ്ടുന്നവർ നിലനിൽക്കുന്നത്. എന്നെങ്കിലും ജന്മനാട്ടിലേക്ക് മടക്കയാത്ര സാധ്യമാവുമെന്നും അപ്പോഴേക്കും ഭൂമിശാസ്ത്രപരമായി പലതരത്തിലുള്ള മാറ്റങ്ങൾ അവിടെ സംജാതമായിട്ടുണ്ടാവുമെന്നുമുള്ള ബോധ്യം പലായനം ചെയ്യുന്നവർക്കുണ്ട്. അക്കാലമാവുമ്പോഴേക്കും സത്താപരമായ അന്തരങ്ങൾ അവിടെ ഉണ്ടാകില്ല എന്ന പ്രത്യാശയാണ് അവർക്ക് ബലമേകുന്നത്. ▮


രാഹുൽ രാധാകൃഷ്ണൻ

എഞ്ചിനീയർ. ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു.

Comments