ഹാർവാർഡിന് ഫണ്ടില്ല, വിദ്യാർത്ഥി നേതാവിൻെറ അറസ്റ്റ്; സർവകലാശാലകളെ ഭയക്കുന്ന ട്രംപ്

അമേരിക്കയിലെ സർവകലാശാകളെയും അധ്യാപക - വിദ്യാർത്ഥി സമൂഹത്തെയും തങ്ങളുടെ വരുതിയിലാക്കാൻ ശ്രമിക്കുകയാണ് ട്രംപ് ഭരണകൂടം. ഹാർവാർഡ് സർവകലാശാലയുടെ ഫണ്ട് മരവിപ്പിച്ചതും പലസ്തീൻ അനുകൂല വിദ്യാർത്ഥി ആക്ടിവിസ്റ്റിൻെറ അറസ്റ്റും ഇതിൽ ഏറ്റവും ഒടുവിലത്തേതാണ്.

മേരിക്കയിലെ പ്രമുഖ സർവകലാശാലകൾക്ക് എതിരായ ഡോണൾഡ് ട്രംപ് ഭരണകൂടത്തിൻെറ നടപടികൾ കൂടുതൽ ശക്തമാവുകയാണ്. ഹാർവാർഡ് സർവകലാശാലയ്ക്കെതിരെയാണ് ട്രംപിൻെറ ഏറ്റവും ഒടുവിലത്തെ പ്രതികാരനടപടി. ഹാർവാഡിനുള്ള 2.3 ബില്യൺ ഡോളറിൻെറ ഗ്രാൻറും 60 മില്യൺ ഡോളറിൻെറ കരാർ മൂല്യവും അമേരിക്കൻ വിദ്യാഭ്യാസവകുപ്പ് തടഞ്ഞുവെച്ചു. സർവകലാശാലയിൽ ജൂതവിരുദ്ധത പ്രചരിപ്പിക്കുന്ന പ്രവർത്തികളടക്കം നടക്കുന്നുണ്ടെന്നും ഇവ അവസാനിപ്പിക്കുന്നതിന് വൈറ്റ് ഹൗസ് മുന്നോട്ടുവെച്ചിട്ടുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നും ഹാർവാർഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും നടപ്പാക്കാൻ സാധിക്കില്ലെന്ന് സർവകലാശാല തീരുമാനിച്ചതോടെയാണ് ട്രംപ് ഭരണകൂടം പ്രതികാര നടപടിയായി ഫണ്ടുകൾ മരവിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

സർവകലാശാലയുടെ സ്വയംഭരണാവകാശത്തിൽ പൂർണമായും ഇടപെടുന്ന തരത്തിലുള്ളതായിരുന്നു ട്രംപ് ഭരണകൂടത്തിൻെറ നിർദ്ദേശങ്ങൾ. അഡ്മിഷനും അതുമായി ബന്ധപ്പെട്ട പ്രവൃത്തികളും അധ്യാപക നിയമനവും അടക്കമുള്ള കാര്യങ്ങളിൽ ഭരണകൂടത്തിൻെറ ഓഡിറ്റ് ഉണ്ടാവുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിലുള്ള നിർദ്ദേശങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു ഹാർവാർഡ് സർവകലാശാല പ്രസിഡൻറ് അലൻ ഗാർബറുടെ മറുപടി. “ഭരണകൂടത്തിൻെറ നിർദ്ദേശങ്ങൾ സർവകലാശാലയുടെ ഒന്നാം ഭേദഗതി അവകാശങ്ങളുടെ ലംഘനമാണ്. ടൈറ്റിൽ VI പ്രകാരം സർക്കാരിന്റെ അധികാരത്തിന്റെ നിയമപരമായ പരിധികൾ ലംഘിച്ച് കൊണ്ടാണ് ഈ ഇടപെടൽ. വിദ്യാർത്ഥികളുടെ നിറം, വംശം, ദേശീയതെ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തോടും സന്ധി ചെയ്യാനാവില്ല,” ഗാർബർ വ്യക്തമാക്കി. “സർവ്വകലാശാലകളിൽ എന്ത് പഠിപ്പിക്കാം, ആരെ പ്രവേശിപ്പിക്കാം, നിയമിക്കാം, ഏതൊക്കെ പഠന, അന്വേഷണ മേഖലകൾ വേണം എന്നീ കാര്യങ്ങളിലൊന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരു സർക്കാരിനും അവകാശമില്ല. നിയമം അനുശാസിക്കുന്ന വഴികളിലൂടെയല്ലാതെ ഹാർവാർഡിലെയെന്നല്ല ഒരു സർവകലാശാലയിലെയും അധ്യാപനത്തെയും പഠനരീതികളെയും നിയന്ത്രിക്കാൻ സാധിക്കില്ല,” ഗാർബർ, സർവകലാശാലാ സമൂഹത്തിന് എഴുതിയ കത്തിൽ പറയുന്നു.

ട്രംപ് ഭരണകൂടത്തിൻെറ  നിർദ്ദേശങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു ഹാർവാർഡ് സർവകലാശാല പ്രസിഡൻറ് അലൻ ഗാർബറുടെ മറുപടി.
ട്രംപ് ഭരണകൂടത്തിൻെറ നിർദ്ദേശങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു ഹാർവാർഡ് സർവകലാശാല പ്രസിഡൻറ് അലൻ ഗാർബറുടെ മറുപടി.

രണ്ടാം ട്രംപ് ഭരണകൂടം അധികാരത്തിലേറിയതിന് ശേഷം അമേരിക്കയിലെ പ്രധാന സർവകലാശാലകളെയെല്ലാം തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്. കൊളംബിയ സർവകലാശാലയ്ക്ക് എതിരെയായിരുന്നു തുടക്കം. അമേരിക്കയിൽ ഇസ്രായേലിനെതിരായി നടന്ന പ്രതിഷേധങ്ങളിൽ മുന്നിലുള്ളത് കൊളംബിയ സർവകലാശാലയിലെ അക്കാദമിക് സമൂഹമാണ് എന്നത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ടുള്ള നിരവധി പരിപാടികൾ ക്യാമ്പസിൽ സംഘടിപ്പിക്കാറുണ്ടായിരുന്നു. വിദ്യാർത്ഥികൾക്കെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന വേട്ടയുടെ ഏറ്റവും പുതിയ ഇര പലസ്തീൻ വംശജനും വിദ്യാർത്ഥി ആക്ടിവിസ്റ്റുമായ മൊഹ്സെൻ മഹ്ദവിയാണ്. വെസ്റ്റ് ബാങ്കിൽ ജനിച്ച മൊഹ്സെൻ 2015 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാണ്. അമേരിക്കൻ പൗരത്വത്തിന് വേണ്ടിയുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയതിനിടെയാണ് മൊഹ്സെനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊളംബിയ സർവകലാശാലയിൽ പലസ്തീൻ അനുകൂല പരിപാടിക്ക് നേതൃത്വം നൽകിയതിനാണ് അറസ്റ്റ്. ഗ്രീൻ കാർഡ് ഉടമയായ മൊഹ്സെൻ അടുത്ത മാസം കൊളംബിയ സർവകലാശാലയിലെ ന്യൂയോർക്ക് സിറ്റി കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കി പുറത്തിറങ്ങേണ്ടതായിരുന്നു. മൊഹ്സെൻെറ അറസ്റ്റിനെതിരെ അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ഇതിനോടകം വലിയ പ്രതിഷേധങ്ങൾ ഉയർന്ന് തുടങ്ങിയിട്ടുണ്ട്.

മേരിക്കയിൽ ഇസ്രായേലിനെതിരായി നടന്ന പ്രതിഷേധങ്ങളിൽ മുന്നിലുള്ളത് കൊളംബിയ സർവകലാശാലയിലെ അക്കാദമിക് സമൂഹമാണ് എന്നത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
മേരിക്കയിൽ ഇസ്രായേലിനെതിരായി നടന്ന പ്രതിഷേധങ്ങളിൽ മുന്നിലുള്ളത് കൊളംബിയ സർവകലാശാലയിലെ അക്കാദമിക് സമൂഹമാണ് എന്നത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.

അക്കാദമദിക് മേഖലയിൽ ട്രംപ് ഭരണകൂടം തങ്ങളുടെ അധികാരമുപയോഗിച്ച് വേട്ടയാടലുകൾ തുടരുകയാണെന്നതാണ് മൊഹ്സിൻെറ അറസ്റ്റും വ്യക്തമാക്കുന്നത്. പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ഏകപക്ഷീയമായ ആക്രമണങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നത് അമേരിക്കയാണ്. അതിനാൽ തന്നെ രാജ്യത്ത് ഇസ്രായേലിന് എതിരായ ചെറിയ പ്രതിഷേധങ്ങൾ പോലും അനുവദിക്കില്ലെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. അമേരിക്കയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിക്കതിലും (കൊളംബിയ യൂണിവേഴ്സിറ്റി അടക്കം) ഇസ്രായേലി ഇൻവെസ്റ്റർമാർ വലിയ ഫണ്ടിങ്ങും നടത്തുന്നുണ്ട്. കൊളംബിയ, ഹാർവാർഡ് സർവകലാശാലകൾക്കെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന വേട്ടയാടലുകൾക്ക് പിന്നിൽ ഇതും ഒരു ഘടകമാണ്.

വിദ്യാർത്ഥികൾക്കെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന വേട്ടയുടെ ഏറ്റവും പുതിയ ഇര പലസ്തീൻ വംശജനും വിദ്യാർത്ഥി ആക്ടിവിസ്റ്റുമായ മൊഹ്സെൻ മഹ്ദവിയാണ്.
വിദ്യാർത്ഥികൾക്കെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന വേട്ടയുടെ ഏറ്റവും പുതിയ ഇര പലസ്തീൻ വംശജനും വിദ്യാർത്ഥി ആക്ടിവിസ്റ്റുമായ മൊഹ്സെൻ മഹ്ദവിയാണ്.

“അമേരിക്കയിൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിലവിൽ നടക്കുന്ന ഭരണകൂട ഇടപെടൽ അധികം താമസിയാതെ ഹാർവാർഡിലേക്കും സ്റ്റാൻഫോഡിലേക്കുമൊക്കെ വ്യാപിച്ചേക്കും. യൂണിവേഴ്സിറ്റിക്ക് സാമ്പത്തികമായി, സർക്കാരിനെ ആശ്രയിക്കാതെ, മറ്റ് ബാഹ്യ ഇടപെടലുകളെ കാര്യമാക്കാതെ, എങ്ങനെ സ്വതന്ത്രമായി നിൽക്കാൻ പറ്റുമെന്നതിന് ആശ്രയിച്ചിരിക്കും അവരുടെ പ്രതിരോധത്തിൻെറ തുടർച്ച. അമേരിക്കയിലെ യൂണിവേഴ്സിറ്റികൾക്ക് സ്റ്റേറ്റ് ഫണ്ടിങ് അല്ല പ്രശ്നം. കോർപ്പറേറ്റുകളുടെയും സ്വകാര്യവ്യക്തികളുടെയും ഫണ്ടിങ്ങും ഗ്രാൻറുകളുമൊക്കെയാണ് അവിടുത്തെ യൂണിവേഴ്സിറ്റികളുടെ നടത്തിപ്പിന് നിർണായകം. ഈ മോഡലുകൾക്ക് അകത്ത് നിന്നുകൊണ്ട് സർക്കാരിനോട് നോ പറയുന്ന തരത്തിലുള്ള ഭരണാധികാരികൾ ഉണ്ടാവുമോ എന്നുള്ളത് പ്രധാനമാണ്. ശക്തമായ ലീഡർഷിപ്പ് ഉണ്ടെങ്കിൽ തീർച്ചയായും ചെറുത്തുനിൽപ്പുണ്ടാവും. അങ്ങനെ ഉണ്ടാവുന്നില്ലെങ്കിൽ അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യമേഖലയിലും അത് വലിയ പ്രത്യാഘാതങ്ങളാവും ഉണ്ടാക്കുക,” കൊളംബിയ യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർത്ഥിയും പ്രമുഖ മാധ്യമപ്രവർത്തകനുമായ വിനോദ് കെ. ജോസ് ട്രൂകോപ്പി തിങ്കിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു.

വിനോദ് കെ. ജോസ് ട്രൂകോപ്പി തിങ്കിൽ എഴുതിയ ലേഖനം വായിക്കാം: ട്രംപിനെ എങ്ങനെ നേരിടും, കൊളംബിയ യൂണിവേഴ്സിറ്റി?

വിനോദ് കെ. ജോസ്
വിനോദ് കെ. ജോസ്

“നിലവിൽ കൊളംബിയ യൂണിവേഴ്സിറ്റിയിലെ അക്കാദമിക് സമൂഹത്തിനെതിരെ അമേരിക്കയിൽ നടക്കുന്ന ആക്രമണത്തിന് സമാനമായിരുന്നു 2014 മുതൽ ഇന്ത്യയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലൊക്കെ നടന്നത്. നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം കൃത്യമായ പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ആരംഭിച്ചത്. ജെ എൻ യുവിനെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയിൽ ആദ്യം അക്കാദമിക മേഖലയിൽ ആക്രമണങ്ങൾ തുടങ്ങിയത്. പിന്നീട് അക്കാലത്തെ ജെ.എൻ.യു വി.സിയെ യു ജി സി തലപ്പത്ത് കൊണ്ടുവന്നതും നമ്മൾ കണ്ടു,” അദ്ദേഹം നിരീക്ഷിക്കുന്നു.

ഇന്ത്യയിൽ മോദി ആയാലും അമേരിക്കയിൽ ട്രംപ് ആയാലും അധ്യാപക - വിദ്യാർത്ഥി സമൂഹത്തെ വേട്ടയാടൽ അവരുടെ അധികാരപദ്ധതികളുടെ തന്നെ ഭാഗമാണ്.
ഇന്ത്യയിൽ മോദി ആയാലും അമേരിക്കയിൽ ട്രംപ് ആയാലും അധ്യാപക - വിദ്യാർത്ഥി സമൂഹത്തെ വേട്ടയാടൽ അവരുടെ അധികാരപദ്ധതികളുടെ തന്നെ ഭാഗമാണ്.

ഇന്ത്യയിൽ മോദി ആയാലും അമേരിക്കയിൽ ട്രംപ് ആയാലും അധ്യാപക - വിദ്യാർത്ഥി സമൂഹത്തെ വേട്ടയാടൽ അവരുടെ അധികാരപദ്ധതികളുടെ തന്നെ ഭാഗമാണ്. സർവകലാശാലകളിൽ നിന്നുണ്ടാവുന്ന ചെറുത്തുനിൽപ്പുകളും പ്രതിഷേധങ്ങളും അവർ ഭയപ്പെടുന്നത് കൊണ്ട് കൂടിയാണ് വിദ്യാഭ്യാസമേഖലയിൽ അടിച്ചമർത്തലിനുള്ള ശ്രമമുണ്ടാവുന്നത്. ഇന്ത്യയിൽ വിദ്യാർത്ഥി സംഘടനകളുടെയും അധ്യാപകരുടെയും ആക്ടിവിസ്റ്റുകളുടെയുമൊക്കെ ചെറുത്തുനിൽപ്പും പ്രതിഷേധങ്ങളുമുണ്ടായിരുന്നു. അമേരിക്കയിൽ നിലവിൽ സർവകലാശാലകളുടെ തലപ്പത്തുള്ളവർ തന്നെ ട്രംപിനെ ഭയപ്പെടാതെ നിലപാടുകൾ എടുക്കുകയാണ്. ഹാർവാർഡിനെയും കൊളംബിയയെയും ഭയപ്പെടുത്തിയിട്ടും ട്രംപിന് താൻ പ്രതീക്ഷിച്ച ഫലമൊന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. വിദ്യാഭ്യാസമേഖലയെ തകർക്കാൻ ട്രംപ് ഭരണകൂടം നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധം ഉയർന്ന് തുടങ്ങിയിട്ടുണ്ട്.

Comments