ഗാസ മരണത്തിൽ നിന്ന് മരണത്തിലേയ്ക്ക്, ചോരക്കളമാക്കി ഇസ്രായേൽ

ഗാസ നഗരത്തിൽ നിന്ന് മനുഷ്യരെ ഒഴിപ്പിച്ച് പൂർണമായും നിയന്ത്രണത്തിലാക്കുന്നതിനുള്ള ശ്രമമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ പട്ടാളക്കാരെ എത്തിച്ച് സൈനികനീക്കം ശക്തമാക്കാനാണ് പദ്ധതി.

ലോകത്തിൻെറ എല്ലാ കോണുകളിൽ നിന്നും പ്രതിഷേധങ്ങൾ ഉയർന്നിട്ടും വംശഹത്യയെന്ന് പ്രഖ്യാപിച്ചുകൊണ്ട് യു.എൻ റിപ്പോർട്ട് പുറത്ത് വന്നിട്ടും പിൻമാറാതെ ഗാസയിൽ കടുത്ത രീതിയിലുള്ള കര - വ്യോമാക്രമണങ്ങൾ തുടരുകയാണ് ഇസ്രായേൽ. ചൊവ്വാഴ്ച പുലർച്ചെ തുടങ്ങിയ ആക്രമണത്തിൽ 24 മണിക്കൂറിനുള്ളിൽ കൊലപ്പെടുത്തിയത് 75-ലധികം പേരെയാണ്. 400-ലധികം പേർക്ക് പരിക്കേറ്റു. പതിനായിരക്കണക്കിന് പേർ നഗരത്തിൽ നിന്ന് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഏകദേശം 65000-ത്തോളം പേരാണ് ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇതിനോടകം കൊല്ലപ്പെട്ടത്. ‘ഗാസ കത്തുന്നു’വെന്നാണ് ഇപ്പോൾ നടക്കുന്ന ആക്രമണത്തെ ഇസ്രായേൽ സൈന്യം വിശേഷിപ്പിക്കുന്നത്. ഹമാസിനെ പൂർണമായും ഉൻമൂലനം ചെയ്യാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. 3000-ത്തിലധികം ഹമാസ് പ്രവർത്തകർ ഇപ്പോഴും ഗാസ നഗരത്തിലുണ്ടെന്നാണ് ഇസ്രായേൽ പറയുന്നത്.

ഗാസ നഗരത്തിൽ നിന്ന് മനുഷ്യരെ ഒഴിപ്പിച്ച് പൂർണമായും നിയന്ത്രണത്തിലാക്കുന്നതിനുള്ള ശ്രമമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ പട്ടാളക്കാരെ എത്തിച്ച് സൈനികനീക്കം ശക്തമാക്കാനാണ് പദ്ധതി. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് സൈനികനീക്കത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തറിലെ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശേഷം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിച്ചിരുന്നു. ഹമാസിനെ ഉൻമൂലനം ചെയ്യുന്നതിനുള്ള എല്ലാവിധ പിന്തുണയും റൂബിയോ വാഗ്ദാനം ചെയ്തു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ വൈറ്റ് ഹൗസിൽ നെതന്യാഹുവുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.

ഗാസയിലെ മനുഷ്യർ തങ്ങൾ അനുഭവിക്കുന്ന ദുരന്തജീവിതത്തെ കുറിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികളോട് പ്രതികരിക്കുന്നുണ്ട്. കൺമുന്നിൽ നടക്കുന്ന കൊടുംക്രൂരതകളെ കുറിച്ചാണ് അവരുടെ വെളിപ്പെടുത്തലുകൾ. “താമസസ്ഥലങ്ങളെല്ലാം അവർ ഒറ്റയടിക്ക് തകർക്കുകയാണ്. പള്ളികളും സ്കൂളുകളും റോഡുകളുമെല്ലാം ആക്രമണങ്ങളിൽ ഇല്ലാതാവുകയാണ്. ഞങ്ങളുടെ ഓർമ്മകളെയെല്ലാം അവർ മായ്ച്ചുകളയുകയാണ്,” തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുന്നതിനിടെ 70-കാരനായ പലസ്തീൻകാരൻ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. “ഇവിടെ നിന്ന് മാറിപ്പോവുകയെന്ന് പറഞ്ഞാൽ മരണത്തിൽ നിന്ന് മരണത്തിലേക്ക് പോവുന്നത് പോലെയാണ്. അതുകൊണ്ട് ഞങ്ങൾ എങ്ങോട്ടും പോവുന്നില്ല,” ദിവസങ്ങളായി ആക്രമണം നേരിടുന്ന സബ്ര മേഖലയിൽ ജീവിക്കുന്ന സ്ത്രീ പ്രതികരിച്ചു. ഗാസ നഗരത്തിൽ നിന്ന് 40 ശതമാനം ആളുകളും ഒഴിഞ്ഞുപോയെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്. നഗരത്തിൻെറ കിഴക്കൻ മേഖലകളിൽ നിന്ന് 350,000 പേർ ഒഴിഞ്ഞുപോയെന്ന് ഹമാസും പറയുന്നു. 1,75,000-ത്തിലധികം പേർ നഗരത്തിൻെറ തെക്കൻ മേഖലകളിലേക്ക് ഒഴിഞ്ഞുപോയെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ആളുകൾ ഗാസനഗരം വിട്ടൊഴിയണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ അന്ത്യശാസനം നൽകിയിരുന്നു. 10 ലക്ഷത്തോളമാണ് ഗാസയിലെ ജനസംഖ്യ. ഇതിൽ വലിയൊരു ശതമാനവും പലായനം ചെയ്യുകയാണ്.

Read More: ഗാസയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ, പ്രഖ്യാപിച്ച് യു.എൻ. അന്വേഷണ കമ്മീഷൻ.

ഇതിനിടെ, ഗാസയിൽ നടക്കുന്നത് വംശഹത്യയാണെന്ന് യു.എൻ അന്വേഷണ കമ്മീഷൻ ഔദ്യോഗികമായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇസ്രായേൽ ഈ റിപ്പോർട്ട് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. “ഗാസയിൽ നടക്കുന്നത് വംശഹത്യയാണ്. പലസ്തീനിലെ ജനതയെ ഒന്നാകെ ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രണ്ട് വർഷമായി തുടരുന്ന ഈ ക്രൂരതയുടെ ഉത്തരവാദിത്വം പൂർണമായും ഇസ്രായേലിൻെറ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കാണ്. ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവരാണ് വംശഹത്യക്ക് നേതൃത്വം നൽകുന്നത്,” - യു.എന്നിൻെറ പലസ്തീൻ അന്വേഷണ കമ്മീഷൻ ചീഫ് നവി പിള്ളൈ പറഞ്ഞു.

“കഴിഞ്ഞ 700-ലധികം ദിവസങ്ങളായി ഇവിടുത്തെ കുഞ്ഞുങ്ങൾ നിരന്തര ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചാലും ആളുകൾക്ക് ഒരു മാർഗ്ഗവുമില്ല. ദുരിതത്തിൽ നിന്ന് കൊടും ദുരിതത്തിലേക്ക് പോവുകയാണവർ. എല്ലായിടത്തും അപകടമുണ്ടെന്ന ബോധ്യത്തോടെ തന്നെയാണ് അവരിപ്പോൾ ജീവിക്കുന്നത്.” യൂണിസെഫ് വക്താവ് ടെസ് ഇൻഗ്രാം പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

Comments