ഹോമി കെ. ഭാഭ / Photo: Marc A. Hermann, MTA, flickr

ലോകമാകെ മൊഴിമാറ്റം ചെയ്യപ്പെടുന്നു;
​നിഷ്​ഠുരമായ ഒരു വധക്രമം

മഹാമാരിക്കാലത്ത് ഏറ്റവും സഹിക്കുന്നത് പീഡയനുഭവിക്കുന്നത്, ഭരണകൂടങ്ങളുടെ എതിർമുഖത്തുനിൽക്കുന്നവരും വിയോജനശബ്ദമുയർത്തുന്നവരുമായ വിമതരും യാതൊരു ആനുകൂല്യങ്ങളുമില്ലാത്ത ന്യൂനപക്ഷങ്ങളുമാണ്.

കേംബ്രിജ് മസാച്യുസെറ്റ്സിലെ ഈ സ്റ്റഡിറൂമിലിരുന്ന് സംസാരിക്കുമ്പോൾ കോവിഡ് മഹാമാരിയെ ഒരു അമേരിക്കൻ വീക്ഷണകോണിലൂടെ ഞാൻ ആദ്യം കാണുന്നത് സ്വാഭാവികം. മഹാമാരിയും അതിന്റെ പ്രശ്നങ്ങളും മിനസോട്ടയിൽ വംശവെറിഹത്യക്കിരയായ ജോർജ് ഫ്ളോയ്ഡുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു.

പൊതുജനാരോഗ്യത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട സാംക്രമികരോഗഗ്രസ്ത പ്രശ്നങ്ങളെക്കുറിച്ചും നമുക്ക് ചില തിരിച്ചറിവുകളുണ്ടാവണം. മഹാമാരിക്കാലത്ത് ലോകത്തുടനീളം ഏറ്റവും നരകിച്ചതും സഹിച്ചതും ന്യൂനപക്ഷ ജനവിഭാഗങ്ങളാണ്. കാരണം, അവരാണ് മഹാമാരിയെ ചെറുക്കാൻ പ്രധാനമായും മുന്നിട്ടിറങ്ങേണ്ടിവന്ന തൊഴിലാളികൾ. അവർക്ക് സംരക്ഷണവും സുരക്ഷിതത്വവുമില്ല. വിശേഷവകാശങ്ങളും പ്രത്യേകാനുകൂല്യങ്ങളുമുള്ള പ്രബല ജനവിഭാഗങ്ങൾക്കുള്ള വരുമാനവിഭവങ്ങളോ ശരണോപായങ്ങളോ ഇല്ലാത്തവരത്രെ ഈ ന്യൂനപക്ഷം.

ജോർജ്ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തെ തുടർന്ന് നടന്ന പ്രതിഷേധങ്ങളിൽ നിന്ന്‌ / Photo: Victoria Pickering, flickr

മഹാമാരിയെയും ജോർജ്ജ് ഫ്ളോയ്ഡ് കൊലയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളെയും പരസ്പരം ബന്ധപ്പെടുത്തി നോക്കിയാൽ ഒരു പച്ചപ്പരമാർഥം തെളിഞ്ഞുകിട്ടും. ആഫ്രിക്കൻ-അമേരിക്കക്കാരുൾപ്പെടെയുള്ള ന്യൂനപക്ഷ ജനഗണങ്ങളാണ് ഈ മഹാമാരിക്കാലത്ത് അനുപാതരഹിതമായ കഷ്ടനഷ്ടങ്ങളും ദുരിതവും അനുഭവിച്ചതെന്ന തിക്ത യാഥാർഥ്യമാണത്. അവരാണ് പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഹിംസയുടെയും നിർദ്ദാക്ഷിണ്യം ഏറ്റവുമധികം നേരിട്ടത്.

പ്രതിഷേധത്തിന്റെ സ്മാരകചിഹ്നങ്ങൾ

വർഷങ്ങളായി നാം പ്രസംഗിക്കുന്നത് ആഗോള സംസ്‌കാരത്തെപ്പറ്റിയും ആഗോളനീതിയെപ്പറ്റിയും ആഗോള ധനകാര്യ-സാമ്പത്തിക ഘടനകളെപ്പറ്റിയുമൊക്കെയാണ്. എന്നാൽ ഇന്ന് ഏറെക്കുറെ ലോകത്തുടനീളം നാം അഭിമുഖീകരിക്കുന്നത് എത്നോ-നാഷണലിസ്റ്റ്, പോപ്പുലിസ്റ്റ് ഭരണത്തലവൻമാരെയാണ്; ട്രംപിനു ശേഷം അമേരിക്കയിൽ ഈ പ്രവണതയ്ക്ക് പതുക്കെ മാറ്റം വരുന്നുണ്ടെങ്കിലും.

മഹാമാരിക്കാലത്തിന്റെ മുഖമുദ്രയും നിർണായക നിമിഷവും ലോകവ്യാപകമായ എത്​നോ -നാഷണലിസ്റ്റ് പോപ്പുലിസവും ആഗോള അനീതിയുടെയും ആഗോള അസമത്വത്തിന്റെയും വ്യത്യസ്ത രൂപങ്ങളും അവയോട് ലോകമാകെ പടരുന്ന പ്രതിഷേധങ്ങളുമാണ്.

ഇങ്ങനെയുള്ള ചുറ്റുപാടിൽ ഏറ്റവും സഹനവും പീഡയും അനുഭവിക്കുന്നത്, മഹാമാരിക്കാലത്ത് ഏറ്റവും വില കൊടുക്കുന്നത്, ഭരണകൂടങ്ങളുടെ എതിർമുഖത്തുനിൽക്കുന്നവരും വിയോജനശബ്ദമുയർത്തുന്നവരുമായ വിമതരും യാതൊരു ആനുകൂല്യങ്ങളുമില്ലാത്ത ന്യൂനപക്ഷങ്ങളുമാണ്.
മഹാമാരിക്കാലത്തിന്റെ മുഖമുദ്രയും നിർണായക നിമിഷവും ഇപ്പറഞ്ഞ ലോകവ്യാപകമായ എത്​നോ -നാഷണലിസ്റ്റ് പോപ്പുലിസവും ആഗോള അനീതിയുടെയും ആഗോള അസമത്വത്തിന്റെയും വ്യത്യസ്ത രൂപങ്ങളും അവയോട് ലോകമാകെ പടരുന്ന പ്രതിഷേധങ്ങളുമാണ്. ഭരണകൂട ഹിംസയ്ക്കെതിരെയും ഭാഷണസ്വാതന്ത്ര്യത്തിനെതിരെയുമുള്ള പ്രതിഷേധം ആഗോളമായിത്തീർന്നിരിക്കുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ചില ഭരണകൂട സംബന്ധഘടനകളുടെ അനീതിയും അസമത്വവും ലോകവ്യാപകമായിത്തീർന്നതിന് തുല്യമായിത്തന്നെ അവയ്ക്കെതിരെയുള്ള പ്രതികരണവും പ്രതിഷേധവും കനത്തിരിക്കുന്നു.

ടെക്‌സസിലെ ഹൂസ്റ്റണിലുള്ള ജോർജ്ജ് ഫ്‌ളോയ്ഡിന്റെ ഗ്രാഫിറ്റി / Photo: pixabay

ഞാനിപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിൽ സിറിയയിലെയും ബർലിനിലെയും ഇന്ത്യയിലെ ചില ഭാഗങ്ങളിലെയും മറ്റിടങ്ങളിലെയും ആക്റ്റിവിസ്റ്റ്- ആർട്ടിസ്റ്റുകൾ ഫ്ളോയ്ഡിന്റെ ഛായാചിത്രവും ചുവർചിത്രവും വരച്ച് പ്രതിഷേധത്തിന്റെ സ്മാരകചിഹ്നങ്ങൾ ഉണ്ടാക്കുന്നതിനെ വിശകലനം ചെയ്യുന്നുണ്ട്. അവ തീർച്ചയായും ഫ്ളോയ്ഡുമായുള്ള താദാത്മ്യഭാവത്തിന്റെ പ്രകാശനങ്ങളാണ്. എന്നാൽ ഫ്ളോയ്ഡിന്റെ ചിത്രത്തിനപ്പുറത്തേക്ക് നാം നോട്ടം പതിപ്പിക്കേണ്ടതുണ്ട്. അപ്പോൾ കിട്ടുന്ന ചിത്രം ഫ്ളോയ്ഡിന്റെ ഛായാപടത്തേക്കാൾ പ്രധാനപ്പെട്ട ഒരു ആഗോളചിത്രമാണ്. ഈ ആക്റ്റിവിസ്റ്റ്- ആർട്ടിസ്റ്റുകൾ അവരുടെ സൃഷ്ടികളിലൂടെ താന്താങ്ങളുടെ രാഷ്ട്രങ്ങളിൽ നടമാടുന്ന അനീതിക്കും അസമത്വത്തിനും അന്യായത്തിനും അരികുവത്കരണത്തിനും വിവേചനത്തിനുമെതിരായാണ് പ്രതികരിക്കുന്നത്. ജോർജ് ഫ്ളോയ്ഡിന്റെ മുഖം അങ്ങനെ ആഗോള അനീതിയുടെ പ്രതീകമായി മാറുന്നു. മിനസോട്ടയിലെ അറിയപ്പെടാത്ത ഒരു വ്യക്തിക്ക് സംഭവിച്ച നിഷ്ഠുര വധക്രമത്തിന്റെ പ്രഭാവം ലോകമാകെ മൊഴിമാറ്റം (translate) ചെയ്യപ്പെടുന്നു.

മൊഴിമാറ്റത്തിന്റെ ‘മരണാനന്തര ജീവിതം'

മഹാനായ ചിന്തകൻ വാൾട്ടർ ബെന്യമിൻ (Walter Benjamin) "ദ ടാസ്‌ക് ഓഫ് ദ ട്രാൻസ്‌ലേറ്റർ' (1923) എന്ന പ്രബന്ധത്തിൽ മുന്നോട്ടു വെക്കുന്ന ഒരു ആശയമാണ് ഈ സന്ദർഭത്തിൽ ഓർമ വരുന്നത്. പരിഭാഷയുടെ "മരണാനന്തര ജീവിതം', അല്ലെങ്കിൽ ഭാവിജീവിതം എന്നൊക്കെ ഈ പ്രക്രിയയെക്കുറിച്ച് പറയാം.

ബെന്യമിൻ പറയുന്നത്, പരിഭാഷ അതിന്റെ ഊർജവും ശക്തിയും ആയവും കൈവരിക്കുന്നത് ഒരു പൂർവപാഠത്തിൽ നിന്നോ ഒരു പൂർവസംഭവത്തിൽ നിന്നോ അല്ലെന്നും അവയുടെ ഭാവിജീവിതത്തിൽ (after life) നിന്നാണെന്നുമാണ്. പുതിയൊരു ഭാഷയിലേക്കുള്ള പാഠത്തിന്റെയോ സംഭവത്തിന്റെയോ ഭാഷാന്തരപ്രക്രിയ പുതിയ വിത്തു വിതയ്ക്കുന്നു. തീർച്ചയായും, ഭാഷാവിഷയകമായ മൊഴിമാറ്റവും സാംസ്‌കാരികവും ആഗോളവുമായ അർഥത്തിലുള്ള മൊഴിമാറ്റവും തമ്മിലുള്ള സാധർമ്യം സങ്കീർണമാണ്. ഞാനിപ്പോൾ ഈ ആശയത്തെ മഹാമാരിയുടെ സന്ദർഭത്തിൽ മാറ്റാതെ നിലനിർത്തുന്നു എന്നുമാത്രം.

വാൾട്ടർ ബെന്യമിൻ

ലോകമാകെ പ്രത്യക്ഷപ്പെട്ട ഫ്ളോയ്ഡിന്റെ ഛായാപടങ്ങളും ചുവർചിത്രങ്ങളും നേരെ അമേരിക്കയിലേക്കും മിനസോട്ടയിലേക്കും അവിടെയുള്ള പൊലീസ് സംവിധാനത്തിലെ വംശീയ വ്യവസ്ഥയിലേക്കും മാത്രം വിരൽ ചൂണ്ടുന്നതല്ല. അവ അടയാളപ്പെടുത്തുന്നത് ആഫ്രിക്കൻ- അമേരിക്കക്കാരുടെ ജീവിത പരിതോവസ്ഥയെയോ അധോഗതിയും അപമാനവും കൊണ്ട് നിർഭരമായ അവരുടെ ഏറെക്കാലത്തെ ചരിത്രത്തെയോ മാത്രവുമല്ല.

ഇത്തരം പ്രതിലോമ പദ്ധതികളും ശോചനീയ സാഹചര്യങ്ങളും ലോകത്തിലെ നിരവധി ദേശരാഷ്ട്രങ്ങളുടെ ഭൂപ്രദേശങ്ങളിൽ വിത്തുകളായി മുളയ്ക്കുകയും വിഷവൃക്ഷങ്ങളായി തഴച്ചുവളരുകയും ചെയ്യുന്നുണ്ട് എന്ന മർമപ്രധാനമായ കാര്യത്തിലേക്കുകൂടിയാണ് ഇതെല്ലാം ശ്രദ്ധ ക്ഷണിക്കുന്നത്. ഈ സന്ദർഭത്തിൽ മഹാമാരിയുടെയും ഭരണകൂട ഹിംസയുടെയും ഇരകളെപ്പറ്റി ഒരു ധാർമികധാരണ പ്രസക്തമായിത്തീരുന്നു.

അപരത്വം, നൈതിക വ്യാഖ്യാനം

മാനമവികതാവാദികൾ (humanists) എന്ന നിലയ്ക്ക് ഞങ്ങൾ പൊതുവെ കൈകാര്യം ചെയ്യുന്നത് പാഠങ്ങളാണ്. ഞങ്ങൾ വ്യാഖ്യാതാക്കളാണ്. ഹ്യൂമനിസ്റ്റുകളുടെ ആദ്യജോലി വ്യാഖ്യാനിക്കുക എന്നതത്രെ. മഹാമാരിയെ വ്യാഖ്യാനിക്കുമ്പോൾ, അത് വെറും വൈറസിന്റെ പ്രശ്നമാണെന്നോ ശാസ്ത്രവിഷയങ്ങളുടെ പ്രവർത്തനരംഗമാണെന്നോ വാക്സിൻ എങ്ങനെ നിർമിക്കാമെന്നും വിതരണം ചെയ്യാമെന്നുമുള്ള സർക്കാർതല പൊതുജനാരോഗ്യ വിഷയമാണെന്നോ (അതൊക്കെയാണെങ്കിലും) എന്ന രീതിയിലല്ല ഹ്യൂമനിസ്റ്റുകൾ അതിനെ കാണുക.

നാം സുരക്ഷിതരായി ക്വാറന്റയിൻ ചെയ്യപ്പെടുമ്പോൾ രാഷ്ട്രങ്ങളെയും നഗരങ്ങളെയും ചലിപ്പിക്കാൻ കർമവ്യാപൃതരാകുന്നത് മുൻനിര പ്രവർത്തകരും തൊഴിലാളികളുമാണ്. അവരിൽ ഭൂരിഭാഗവും ദരിദ്രരാണ്.

ഞാൻ മഹാമാരിയെ വ്യാഖ്യാനിക്കുന്നത് അതിൽ അന്തർഭവിച്ച ധാർമിക-നൈതിക ഹിംസയുടെ തലത്തിലാണ്. കോവിഡ്-19, സമൂഹത്തെ ചൂഴ്ന്നുനിൽക്കുന്ന അഗാധമായ സാമൂഹിക അനീതികളെക്കുറിച്ചും അപമാനത്തിന്റെ ആഴത്തിലുള്ള രൂപങ്ങളെക്കുറിച്ചും നമ്മെ ഉണർത്തുകയും ബോധവാൻമാരാക്കുകയും ചെയ്തു. നാം സുരക്ഷിതരായി ക്വാറന്റയിൻ ചെയ്യപ്പെടുമ്പോൾ രാഷ്ട്രങ്ങളെയും നഗരങ്ങളെയും ചലിപ്പിക്കാൻ കർമവ്യാപൃതരാകുന്നത് മുൻനിര പ്രവർത്തകരും തൊഴിലാളികളുമാണ്. അവരിൽ ഭൂരിഭാഗവും ദരിദ്രരാണ്. മറ്റു രോഗാവസ്ഥകൾ ഉള്ളവരാണ്. അവരിൽ പലർക്കും വൈദ്യ പരിരക്ഷ പോലുമില്ല. അവരാണ് യഥാർഥത്തിൽ മഹാമാരിക്കാലത്ത് രാഷ്ട്രങ്ങളുടെയും നഗരങ്ങളുടെയും പ്രവർത്തനം നടത്തുന്നത്, വൈറ്റ്ഹൗസും രാഷ്ട്രപതി ഭവനുമൊന്നുമല്ല. അവർ പുറത്തിറങ്ങി രാപകൽ നാലുദിക്കും ഓടിനടന്നാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. ഇതാണ് വാസ്തവത്തിൽ മഹാമാരിയുടെ നൈതികഭാഷ്യം. ഈ ഭാഷ്യം, അസമത്വം, അനീതി, പതിതത്വം, അപമാനം തുടങ്ങി സമൂഹഗാത്രത്തെ ഗ്രസിച്ചിരിക്കുന്ന മൗലികപ്രശ്നങ്ങളിലേക്ക് എത്തിച്ചേരുന്നു.

ഹ്യൂമനിസ്റ്റുകൾ ഈ അർഥത്തിൽ സർഗാത്മക എഴുത്തുകാരല്ല; അത് പ്രധാനമാണെങ്കിലും. അവർ നർത്തകരുമല്ല; നർത്തകർ അവരുടെ നൃത്താവിഷ്‌കാരങ്ങൾക്ക് ഭാഷ്യം നൽകുന്നുണ്ടെങ്കിലും. വ്യാഖ്യാനം എന്നത് കേവലം ജ്ഞാനാധിഷ്ഠിത പ്രവർത്തനമല്ല. അത് വെറും ഭാഷാശാസ്ത്രപരമായ പ്രയോഗവുമല്ല. വ്യാഖ്യാനം ഒരു നൈതിക കർമമാണ്. ഇങ്ങനെ ഞാൻ വ്യാഖ്യാനത്തെ കാണുന്നതിനുള്ള കാരണങ്ങൾ പറയാം. വ്യാഖ്യാനങ്ങൾ മൂല്യവത്താകണമെങ്കിൽ അവ നീതിയിലും ന്യായത്തിലും അധിഷ്ഠിതമാകണം. തെറ്റായ വിവരത്തിന്റെയോ ദുർവ്യാഖ്യാനത്തിന്റെയോ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഒരു വാദമുഖം വികസിപ്പിക്കാനാവില്ല. മാനവികതാവാദ പാരമ്പര്യത്തിലുള്ള വ്യാഖ്യാനങ്ങളുടെ അടിസ്ഥാനം, സർവകലാശാലകളിലും മീഡിയയിലും നടക്കുന്ന ജീവസ്സുറ്റ ഒരുകൂട്ടം വാദഗതികളും സക്രിയമായ ഒരു ഗണം സംവാദങ്ങളും വാദപ്രതിവാദങ്ങളുമാണ്.

ജനാധിപത്യത്തിന്റെ നൈതികതയ്ക്ക് വ്യാഖ്യാനത്തിന്റെ നൈതികത നിരുപാധിക അടിസ്ഥാനമാണ്. അതില്ലെങ്കിൽ നിങ്ങൾക്ക് കിട്ടുക ഫാസിസ്റ്റ് ഡോഗ്മയോ ഗൂഢാലോചനാ സിദ്ധാന്തങ്ങളോ ഭയവ്യാപാരികളെയോ ആയിരിക്കും.

എന്നാൽ ഈ സംവാദങ്ങളുടെ അടിപ്പടവാകേണ്ടത് അപരത്വം (alterity) എന്ന തത്ത്വമാണ്; സാദൃശ്യമല്ല. ഞാനൊരു പാഠവുമായോ വ്യക്തിയുമായോ ഗൗരവപൂർണവും വ്യാഖ്യാനപരവുമായ സംവാദം നടത്തുന്നു എന്നു കരുതുക. ഞാനപ്പോൾ, എന്നെ ആ വ്യക്തിയുടെ സ്ഥാനത്ത് വയ്ക്കാൻ ശ്രമിക്കണം. എനിക്ക് ആ വ്യക്തിയുമായി സംവാദാത്മകമായ ഒരു ബന്ധം സ്ഥാപിക്കണമെങ്കിൽ ഇങ്ങനെ ചെയ്യേണ്ടത് അനുപേക്ഷണീയമാണ്. ഇതിന്റെ അർഥം, ഞാൻ ആ വ്യക്തിയുടെ സ്ഥാനത്ത് എന്നെ വയ്ക്കുമ്പോൾ, അവൾ/അവൻ പറയുന്നതെല്ലാം ഞാൻ അംഗീകരിക്കണമെന്നല്ല. എനിക്കതിൽ എതിർപ്പുണ്ടെങ്കിൽ അപ്പാടെ അവരുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളണമെന്നും വിഴുങ്ങണമെന്നുമല്ല. ഞാൻ അവശ്യമായും ചെയ്യേണ്ടത്, അവരുടെ പരിപ്രേക്ഷ്യത്തിലൂടെ, എന്നിലേക്കുതന്നെ തിരിഞ്ഞുനോക്കുകയാണ്. അപ്പോൾ നമുക്ക് കുറേക്കൂടി മനസ്സിലാവും, നമ്മുടെ മൂല്യങ്ങളും ഇച്ഛകളും അഭിലാഷങ്ങളും തത്വങ്ങളും എവിടെനിന്ന് വന്നു എന്ന്.
ഇതുകൊണ്ടാണ് ഞാൻ പറയുന്നത്, വ്യാഖ്യാനം എന്നത് അപരത്വത്തെ, അപരവീക്ഷണത്തെ മനസ്സിലാക്കാനുള്ള ഒരു നൈതികപ്രവർത്തനമാണെന്ന്. അത് ആത്മാർഥമായ, ചിലപ്പോൾ വേദനാജനകമായ ഒരു ക്രിയയാണ്.

ഒരു വിഭാഗം മനുഷ്യർ ക്വാറൻറയിനിൽ സുരക്ഷിതരായി അകത്തിരിക്കുന്നു, രാഷ്ട്രങ്ങളെയും നഗരങ്ങളെയും ചലിപ്പിക്കുന്നത് മുൻനിര പ്രവർത്തകരും തൊഴിലാളികളുമാണ്. / ഫോട്ടോ: മുഹമ്മദ് ഹനാൻ

മറ്റൊരു കാര്യം, ജനാധിപത്യ വ്യവഹാരവുമായി ബന്ധപ്പെട്ടതാണ്. ഒരു പ്രശ്നത്തിന് വ്യത്യസ്ത വശങ്ങളുണ്ടെന്ന് ഹ്യൂമനിസ്റ്റുകൾ അനുമാനിക്കുന്നു. നാം ആ പ്രശ്നത്തിന്റെ എല്ലാ വശത്തോടും യോജിക്കുന്നില്ലെങ്കിൽ പോലും അവ തിരിച്ചറിയാനും അംഗീകരിക്കാനും നമുക്ക് കഴിയണം. ജനാധിപത്യത്തിന്റെ നൈതികതയ്ക്ക് വ്യാഖ്യാനത്തിന്റെ നൈതികത നിരുപാധിക അടിസ്ഥാനമാണ്. അതില്ലെങ്കിൽ നിങ്ങൾക്ക് കിട്ടുക ഫാസിസ്റ്റ് ഡോഗ്മയോ ഗൂഢാലോചനാ സിദ്ധാന്തങ്ങളോ ഭയവ്യാപാരികളെയോ ആയിരിക്കും. നൈതിക വ്യാഖ്യാനമാണ് ജനാധിപത്യ വ്യവഹാരത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്നത്.

പണ്ഡിത പ്രമുഖരുടെ ഇടയിൽ നടക്കുന്ന അപ്രായോഗികമായ തത്ത്വചിന്താ ചർച്ചകളും വാദപ്രതിവാദങ്ങളുമാണ് തിയറി എന്നാണ്. വാസ്തവത്തിൽ അതൊന്നുമല്ല സംഗതി.

ഹ്യൂമനിസ്റ്റുകൾ എന്ന നിലയിൽ നാം വെറുതെ മാതൃകാരൂപങ്ങൾ (models) ഉണ്ടാക്കുന്നില്ല. ശാസ്ത്രങ്ങളും സാമൂഹിക ശാസ്ത്രങ്ങളും സാമ്പത്തികശാസ്ത്രവുമൊക്കെ മോഡലുകൾ നിർമിക്കുന്നതിൽ വ്യാപൃതമാണ്. ഞാനതിനെ കുറ്റപ്പെടുത്തുകയോ പ്രധാനമല്ലെന്ന് പറയുകയോ ചെയ്യുന്നില്ല. ഹ്യൂമനിസ്റ്റുകൾ മോഡലുകളല്ല, കമ്യൂണിറ്റികളാണ് ഉണ്ടാക്കുന്നത്. ഞാനിപ്പോൾ സംസാരിക്കുന്ന സെൻറ്​ ബെർക്മാൻസ് കോളേജിലെ കേൾവിക്കാരെയും ചോദ്യങ്ങൾ ഉന്നയിക്കുന്നവരെയും പോലുള്ള ഒരു കമ്യൂണിറ്റി.

തിയറി എന്തിന്?

ഈ പശ്ചാത്തലത്തിൽ എന്താണ്, എന്തിനാണ് തിയറി എന്ന ചോദ്യം അർഥപൂർണമാണ്. പൊതുവെയുള്ള ഒരു വിചാരം, പണ്ഡിത പ്രമുഖരുടെ ഇടയിൽ നടക്കുന്ന അപ്രായോഗികമായ തത്ത്വചിന്താ ചർച്ചകളും വാദപ്രതിവാദങ്ങളുമാണ് തിയറി എന്നാണ്. വാസ്തവത്തിൽ അതൊന്നുമല്ല സംഗതി. തിയറി യഥാർഥത്തിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു പ്രക്രിയയാണ്. അതായത് ഒരു ഭാഗത്ത് സങ്കല്പനങ്ങളും തത്ത്വങ്ങളും മറുഭാഗത്ത് പ്രയോഗവും തമ്മിലുള്ള വിനിമയമാണത്. സൈദ്ധാന്തികമായ ആശയങ്ങൾ പ്രായോഗിക വിശകലനത്തിനു വിധേയമാക്കി തെളിയിക്കപ്പെടേണ്ടതാണെന്നോ തെറ്റോ ശരിയോ എന്ന് നിർണയിക്കപ്പെടേണ്ടതാണെന്നോ ഞാൻ കരുതുന്നില്ല.

Photo: Marc A. Hermann, MTA, flickr

തിയറി ഒരു കെട്ടിടത്തിലേക്ക് അല്ലെങ്കിൽ ഒരു ഘടനയിലേക്ക് കയറാനുള്ള ചട്ടക്കൂട് പോലെയാണ്. നിങ്ങൾ അതിലേക്ക് കയറുമ്പോൾ ചട്ടക്കൂടിനെ സംബന്ധിച്ചും ഘടനയെ സംബന്ധിച്ചും വലിയ ചോദ്യങ്ങൾ ഉന്നയിക്കുന്നു. അവയിൽ ചരിത്രം, രാഷ്ട്രീയം, സാഹിത്യം, തത്ത്വചിന്ത, നൈതികത എന്നിവയെല്ലാം ഉൾപ്പെടും. തിയറി എന്ന ആ ചട്ടക്കൂടിലേക്ക് നാം കയറുമ്പോൾ തന്നെ നാം ജീവിക്കുന്ന ലോകത്തിന്റെ ഘടനയെ അഥവാ കെട്ടിടത്തെ അല്ലെങ്കിൽ ചുറ്റുമുള്ള സമൂഹത്തെ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുന്നു. അപ്പോൾ കെട്ടിടത്തെ, ലോകത്തെ, സമൂഹത്തെ മൊത്തത്തിലുള്ള ഘടനാപരമായ അപഗ്രഥനത്തിന് വിധേയമാക്കുന്നു. അറ്റകുറ്റപ്പണികൾ വേണ്ടിടത്ത്, ഘടനയുടേതായാലും ചട്ടക്കൂടിന്റേതായാലും, അവ നടത്തുന്നു. ഞങ്ങൾ സൈദ്ധാന്തികർ പക്ഷേ, പരമപ്രധാനമായി നോക്കുന്നത് കെട്ടിടത്തിന്റെ അഥവാ ഘടനയുടെ പ്രയോഗക്ഷമതയും ജീവനസാമർഥ്യവുമാണ്. ആ ഘടനയെ നമുക്കുവേണ്ടി അർഥവത്തായ തരത്തിൽ എങ്ങനെ നന്നാക്കാനും മാറ്റാനും ഇന്നത്തെ കാലത്തിന് പ്രയോജനപ്പെടുംവിധം നവീകരിക്കാനും കഴിയും എന്നാണ് തിയറി നോക്കുന്നത്.

മാനവികവിഷയങ്ങൾ മുറിവുണക്കുന്നതിനേക്കാൾ പങ്കുവഹിക്കുന്നത് നൈതികമായ കർമോന്മുഖതയിലും ഇടപെടലുകളിലും യുക്തിസഹമായ കമ്യൂണിറ്റി ബിൽഡിങിലുമാണ്.

നാം കൊണ്ടുനടക്കുന്ന ആശയങ്ങളെയും പരികല്പനകളെയും പുതുക്കുകയും പരിവർത്തിക്കുകയുമാണ് തിയറി ചെയ്യുന്നത്. അവയെ ചവറ്റുകൊട്ടയിലെറിയുകയല്ല. തിയറി നൂതനാവിഷ്‌കാരം ആയിരിക്കെത്തന്നെ നവീകരണവുമാണ്. മറ്റൊരു തലത്തിൽ അത് മൊഴിമാറ്റവുമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ, നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വിഷയങ്ങളുമായി, ഒരു രൂപകമായി ഞാൻ പറഞ്ഞ ചട്ടക്കൂടിലേക്ക് കെട്ടിടം പരിശോധിക്കാനായി കയറുന്നു. നമുക്കു മുൻപിൽ അപ്പോൾ ഭൂതകാലത്തിൽ നിന്നുള്ള ഇതരമാർഗങ്ങളൊന്നുമില്ല. അപ്പോൾ ഞാൻ എങ്ങനെ ആ കെട്ടിടത്തെ ഇന്നിന്റെ നമ്മുടെ അർഥപൂർണമായ ആവശ്യങ്ങൾക്കുവേണ്ടി പുനഃസംവിധാനം ചെയ്യുന്നു എന്ന കാര്യമാണ് എന്നെ സംബന്ധിച്ചിടത്തോളം തിയറിയുടെ കർത്തവ്യം.

മാനവികവിഷയങ്ങൾ മുറിവുണക്കുന്നതിനേക്കാൾ പങ്കുവഹിക്കുന്നത് നൈതികമായ കർമോന്മുഖതയിലും ഇടപെടലുകളിലും യുക്തിസഹമായ കമ്യൂണിറ്റി ബിൽഡിങിലുമാണ്. രോഗശമനത്തിന് മുൻപ് എന്താണ് രോഗമെന്നും അതെത്രമാത്രം ഗൗരവമുള്ളതാണെന്നും മനസ്സിലാക്കണം. അതിനാൽ മാനവികതാവാദികൾ കേവലം മുറിവുണക്കുന്നതിൽ മാത്രമല്ല രോഗത്തിന്റെയും രോഗഗ്രസ്തസമൂഹത്തിന്റെയും വ്യാഖ്യാനത്തിലുമാണ് വ്യാപൃതരാവുന്നത്.▮

(ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ ഇംഗ്ലീഷ് വകുപ്പ് "മാനവിക വിഷയങ്ങൾ മഹാമാരിക്കാലത്ത്' എന്ന വിഷയത്തിൽ 2021 ജനുവരി 12ന് സംഘടിപ്പിച്ച 32ാം സി.എ. ഷെപ്പേഡ് അനുസ്മരണ പ്രഭാഷണത്തിന്റെ സംഗ്രഹം; വിവർത്തനം: ലിഷ. കെ.കെ.)


ഹോമി കെ. ഭാഭ

പോസ്​റ്റ്​ കൊളോണിയൽ പഠനത്തിലെ പ്രമുഖ പണ്ഡിതനും ഉത്തരാധുനിക ചിന്തകനും. ഹാർ​വാർഡ്​ യൂണിവേഴ്​സിറ്റിയിൽ പ്രൊഫസർ. നേഷൻ ആൻറ്​ നരേഷൻ, ദ ലൊക്കേഷൻ ഓഫ് കൾച്ചർ, ഓൺ കൾച്ചറൽ ചോയ്​സ്​, കോസ്​മോപൊളിറ്റനിസംസ്​ എന്നിവ പ്രധാന പുസ്​തകങ്ങൾ ​​​​​​​

ലിഷ കെ.കെ.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ചരിത്രവിഭാഗം അധ്യാപിക

Comments