കമൽറാം സജീവ്: പലസ്തീൻ -ഇസ്രായേൽ വിഷയത്തിൽ റഷ്യ കൃത്യമായൊരു നിലപാട് എടുത്തുകഴിഞ്ഞു. പലസ്തീൻ അനുകൂല നിലപാടെടുത്തിട്ടുള്ളതായാണ് തോന്നുന്നത്. യഥാർത്ഥത്തിൽ അതൊരു ടേണിങ് പോയിന്റാണോ?
സ്റ്റാൻലി ജോണി: റഷ്യയുടെ നിലപാട് ഒരു ടേണിങ് പോയിന്റല്ല. പലസ്തീൻ പ്രശ്നം പരിഹരിക്കുകയും അവർക്ക് സ്വന്തമായി ഒരു രാജ്യം ഉറപ്പ് വരുത്തുകയും ചെയ്യുക എന്നാണ് റഷ്യ പറഞ്ഞത്. ഇതേ നിലപാടാണ് റഷ്യ പിന്തുടർന്നുവരുന്നത്. ഇത്തരത്തിലൊരു വെർബൽ പൊസിഷനെടുക്കും, പക്ഷേ അതിനപ്പുറത്തേക്ക് എന്തെങ്കിലും ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. നിലവിലെ സാഹചര്യത്തിൽ റഷ്യയെ സംബന്ധിച്ച് പലസ്തീൻ പ്രശ്നം 'വെൽക്കം ഡിസ്ട്രാക്ഷനാണ്'. റഷ്യ ഒരിക്കലും ഹമാസിനെതിരായി ഒന്നും പറയില്ല. കാരണം ഇറാൻ അവരുടെ ശക്തമായൊരു സഖ്യ കക്ഷിയാണ്.
എന്നാൽപ്പോലും ഉക്രൈനുമായിട്ടുള്ള യുദ്ധാന്തരീക്ഷം നിലനിൽക്കുന്ന ഈ സാഹചര്യത്തിലും റഷ്യ ഇറാൻ അനുകൂല, പലസ്തീൻ അനുകൂല നിലപാട് എടുക്കുക എന്ന് പറയുമ്പോൾ അതിൽ ഒരു പവർ ഷിഫ്റ്റിന്റെ സാധ്യത കൂടി കാണാൻ പറ്റുമോ?
ഇസ്രായേൽ അമേരിക്കയുടെ ഏറ്റവും വലിയ സഖ്യ കക്ഷിയാണല്ലോ. അതുകൊണ്ടുതന്നെ റഷ്യയ്ക്ക് അത്ര താൽപര്യമുള്ള ഒരു രാജ്യവുമല്ല ഇസ്രായേൽ. പക്ഷേ ഇസ്രായേലുമായി വർക്കിംങ്ങ് റിലേഷൻഷിപ്പ് അവർക്കുണ്ട് എന്നു മാത്രം. അതുകൊണ്ട് ഒരു ഇസ്രായേൽ അനുകൂല നിലപാട് റഷ്യ എടുക്കില്ല. പ്രതിസന്ധിയുടെ ഈ ഘട്ടത്തിലും റഷ്യ, തങ്ങൾ കാലാകാലങ്ങളായി പിന്തുടരുന്ന നിലപാട് ആവർത്തിച്ച് പറഞ്ഞു. അതായത്, പലസ്തീൻ രാഷ്ട്രം രൂപീകരിക്കുക എന്നതാണ് ഈ പ്രശ്നം പരിഹരിക്കാനുള്ള യഥാർത്ഥ പ്രതിവിധി എന്നത്. അതുതന്നെയാണ് കൃത്യമായ പരിഹാരവും.
ഇപ്പോഴത്തെ ഗാസ-ഇസ്രയേൽ യുദ്ധത്തെ മുസ്‍ലിം-ജൂത പ്രശ്നമെന്ന അവതരിപ്പിക്കപ്പെടുമ്പോൾ അത് ചരിത്രത്തെ ഇല്ലാതാക്കുകയല്ലേ യഥാർത്ഥത്തിൽ ചെയ്യുന്നത്? കാരണം ഐ.എസ്.ഐ.എസ് പോലെയോ താലിബാൻ പോലെയോ ഉള്ള പ്രസ്ഥാനമല്ല ഹമാസും ഹിസ്ബുള്ളയും എന്നാണല്ലോ ചരിത്രം പരിശോധിക്കുമ്പോൾ വ്യക്തമാവുന്നത്. യാസർ അറഫാത്തിന്റെ കാലം തൊട്ട്, പി.എൽ. ഒ തുടങ്ങിയ കാലം തൊട്ട് നോക്കുകയാണെങ്കിൽ പലസ്തീൻ പ്രശ്നത്തിന് ഒരു മതേതര മുഖമുണ്ടായിരുന്നു. അത് എങ്ങനെയാണ് ഇപ്പോൾ മാറിയിരിക്കുന്നത്?
പി.എൽ.ഒ അഥവാ ഫത്താഹ് പാർട്ടി, ഒരു ഇടത് ഗൊറില്ല മുന്നേറ്റത്തിന്റെ സ്വഭാവത്തിൽ പ്രവർത്തിച്ചിരുന്ന പാർട്ടിയാണ്, അഥവാ സഖ്യമാണ്. യാസർ അറഫാത്ത് ഒരു ഒലീവ് ചില്ലയും ഒപ്പം തോക്കുമായി യു.എന്നിലെത്തി വളരെ നാടകീയമായി പറഞ്ഞത്, സമാധാനം വേണ്ടവർക്ക് ഞാൻ ഒലിവ് ചില്ലയും യുദ്ധം വേണ്ടവർക്ക് യുദ്ധവും നൽകുമെന്നാണ്. പി.എൽ.ഒയുടെ സ്വഭാവം വളരെ വ്യത്യസ്തമായിരുന്നു. പി.എൽ.ഒയുമായി 1993-ൽ ഇസ്രയേൽ ഓസ്ലോ ഉടമ്പടിയിൽ ഒപ്പുവെച്ചെങ്കിലും, അത് തൊണ്ണൂറുകളിൽ തന്നെ തകർന്ന് വീഴുന്നതാണ് നമ്മൾ കണ്ടത്. ഓസ്ലോ കരാറിനെ എതിർത്തവരായിരുന്നു ഹമാസ്. യഥാർത്ഥത്തിൽ ഹമാസിന്റെ നിലപാടായിരുന്നു ശരിയെന്നാണ് പിന്നീട് ചരിത്രം തെളിയിച്ചത്. പലസ്തീനിയൻ ദേശീയ മുന്നേറ്റത്തിൽ 2000-നുശേഷം പി.എൽ.ഒ യുടെ തകർച്ചയുണ്ട്. പി.എൽ.ഒ ബാക്കിവെച്ച വിടവിലേക്കാണ്, ശൂന്യതയിലേക്കാണ് ഹമാസ് കയറിവന്നത്.
ഇന്ന് നമ്മൾ ഇതൊരു ജൂത-മുസ്‍ലിം പ്രശ്നം ആണ് എന്ന് പറയുന്നതിനുള്ള കാരണം, ഹമാസ് ഒരു ഇസ്‍ലാമിസ്റ്റ് ഓർഗനൈസേഷൻ ആയതുകൊണ്ടാണ്. ഹമാസ് ഐ.എസ്.ഐ.എസ് പോലെയോ അൽ ക്വയ്ദ പോലെയൊ ഒരു സംഘടനയല്ല എന്ന് നിങ്ങൾ പറഞ്ഞത് ശരിയാണ്. അതൊരു ട്രാൻസ് നാഷണൽ പാൻ ഇസ്‍ലാമിസ്റ്റ് സംഘടനയല്ല. ഹമാസ് ഒരു പലസ്തീയൻ ദേശീയ ഇസ്‍ലാമിസ്റ്റ് പ്രസ്ഥാനമാണ്. ഇത് രണ്ടും രണ്ടാണ്. പലസ്തീന് പുറത്ത് ഹമാസ് ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിലേർപ്പെട്ടതായി യാതൊരു ചരിത്രവുമില്ല. 1987-ൽ ഹമാസ് രൂപീകരിക്കപ്പെട്ട സമയം മുതൽ പലസ്തീൻ- ഇസ്രായേൽ അതിർത്തിക്കുപുറത്ത് യാതൊരു ഇടപെടലും ഹമാസ് നടത്തിയിട്ടില്ല.
ഹമാസിന്റെ താത്പര്യം പലസ്തീൻ താത്പര്യമാണ്. എന്നാൽ അതിനവർ ഉപയോഗിക്കുന്ന രീതികളോട് അഭിപ്രായവ്യത്യാസങ്ങളുണ്ടാവാം. തീവ്രവാദ രീതികളുപയോഗിച്ചിട്ടുണ്ട്. ചാവേർ ആക്രമണങ്ങളടക്കം അവർ നടത്തിയിട്ടുണ്ട്. പക്ഷെ ഹമാസ് ഒരിക്കലും ഒരു പാൻ ഇസ്‍ലാമിസ്റ്റ് ജിഹാദി സംഘടയല്ല. ആ വ്യത്യാസം പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ ഹമാസ് ഇസ്‍ലാമിസ്റ്റ് സ്വഭവമുള്ള സംഘടനയാണ്, ഒരു വശത്ത്. മറുവശത്ത് ഇസ്രായേൽ ഒരു ജൂതസ്വഭാവമുള്ള രാജ്യവുമാണ്. ഇസ്രായേലിന്റെ അടിസ്ഥാന നിയമം അതുതന്നെയാണ്. സ്വന്തമയി ഒരു ഭരണഘടനയില്ലാത്ത രാജ്യം കൂടിയാണ് ഇസ്രായേൽ. അവരുടെ അടിസ്ഥാന നിയമത്തിൽ അടുത്ത കാലത്ത് നടത്തിയ ഭേദഗതികളിലൊന്നിൽ പോലും പറയുന്നത് Israel is a nation state for the Jewish people എന്നാണ്. 20 ശതമാനം അറബ് വംശജരുള്ള രാജ്യമാണ്, ക്രിസ്ത്യാനികളും മുസ്‍ലിംകളും ഉള്ള രാജ്യമാണ് ഇസ്രായേൽ.
ഒരു ഭാഗത്ത് ജൂത കുടിയേറ്റ ശക്തിയുണ്ട്. മറുഭാഗത്ത് പ്രബലമായ മുസ്‍ലിം കുടിയേറ്റ വിഭാഗവുമുണ്ട്. അവരെ പ്രതിനിധീകരിക്കുന്ന, അവരുടെ പ്രതിരോധത്തെ മുന്നോട്ടു കൊണ്ടുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട സംഘം ഒരു ഇസ്‍ലാമിസ്റ്റ് സംഘമാണ്. അതുകൊണ്ടാണ് ഇസ്‍ലാം- ജൂയിഷ് സംഘർഷം എന്ന ആഖ്യാനം ഉണ്ടാവുന്നത്. എന്നാൽ പലപ്പോഴും നമ്മൾ വിട്ടു പോകുന്ന അവിടത്തെ അടിസ്ഥാനപരമായ വൈരുദ്ധ്യം, ഇസ്രായേൽ എന്ന രാഷ്ട്രത്തിന്റെ കയ്യേറ്റവും, സ്വന്തമായി രാഷ്ട്രം പോലുമില്ലാത്ത പലസ്തീന്റെ കൂടിയിരുപ്പുമാണ്. മതപരമായ വ്യാഖ്യാനങ്ങൾ രണ്ടാമത് വരുന്ന കാര്യമാണ്.
നമ്മൾ നേരത്തെ അറിഞ്ഞിട്ടുള്ള ആഖ്യാന വ്യാഖ്യാനങ്ങളിലൊക്കെത്തന്നെ കാർലോസിനെപ്പോലൊരാൾ വരുന്നു, പലസ്തീനു വേണ്ടി ഇടതുചേരി യുദ്ധത്തിലേർപ്പെടുന്നുണ്ട്, മതേതരശക്തികൾ മുഴുവൻ അതിനെ അംഗീകരിക്കുന്നുണ്ട്. ചേരിചേരാനയത്തിന്റെ ഭാഗമായി നമ്മൾ പലസ്തനെ അംഗീകരിക്കുന്നുണ്ട്. ഇതിൽനിന്ന് മാറി, ഒരു ജിഹാദിസ്റ്റ് സ്വഭാവത്തിലേക്ക് മാറിയതായി തോന്നിയിട്ടുണ്ടോ? അത്തരം ആഖ്യാനങ്ങളും വരുന്നുണ്ട്.
പലസ്തീൻ ഒരു ഇസ്‍ലാമിക് വഖഫ് പ്രോപ്പർട്ടിയാണെന്നാണ് ഒരു ഇസ്‍ലാമിസ്റ്റ് സംഘടനയായതുകൊണ്ട്, ഹമാസ് പറയുന്നത്. അവരുടെ അധികാരപത്രത്തിൽ അതാണ് പറയുന്നത്. അതനുസരിച്ച് പലസ്തീൻ മോചനത്തിന് ജിഹാദ് നടത്തണമെന്നാണ് ഹമാസിന്റെ ആശയം. അക്കാരണത്താലാണ് ഹമാസ് ഒരു ജിഹാദിസ്റ്റ് സംഘടനയാണെന്ന് പറയുന്നത്. ഹമാസ് മാത്രമല്ല, പലസ്തീനിയൻ ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടന, ഇപ്പോഴും വെസ്റ്റ് ബാങ്ക് നിയന്ത്രിക്കുന്നത് ഫത്താ പാർട്ടിയാണ്. അതൊരു മതേതര പാർട്ടിയാണ്. അതുപോലെ പി.എൽ.ഒ യിലെ മറ്റ് നിരവധി സംഘടനകളുണ്ട്. പി.എൽ.ഒയുടെ നേതാക്കന്മാരെ നോക്കുക, അവിടെ ഇടതുപക്ഷ ആളുകളുണ്ട്, ട്രേഡ് യൂണിയനിസ്റ്റുകളുണ്ട്, ഫെമിനിസ്റ്റുകളുണ്ട്, ഹനാൻ അഷ്റാവിയെപ്പോലുള്ള ആളുകൾ. അത്തരത്തിൽ നിരവധി വ്യത്യസ്ത ആശയങ്ങൾ ഉൾക്കൊള്ളുന്ന സംഘടനയാണ് പി.എൽ.ഒ.
പി.എൽ.ഒ ആയാലും ഹമാസ് ആയാലും രീതികൾ വ്യത്യസ്തമാണ്. ഹമാസ് ജിഹാദിനെ കുറിച്ച് പറയുന്നു. പി.എൽ.ഒ സ്വാതന്ത്ര്യ പോരാട്ടത്തെക്കുറിച്ച് പറയുന്നു. ഇവരെല്ലാം മുന്നോട്ടുവെയ്ക്കുന്നത് പലസ്തീൻ വിമോചനമെന്ന ആശയമാണ്. ഇസ്രായേൽ പലസ്തീന് സ്വാതന്ത്ര്യം അനുവദിക്കാത്തതിന്റെ കാരണം ഹമാസാണെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ ഹമാസ് വന്നത് 1987-ലാണ്. ഹമാസ് രൂപീകരിക്കുന്നതിനു മുൻപ്, ഹമാസിന്റെ മുൻഗാമിയായ ഇസ്‍ലാമിക് സെന്ററെന്ന സംഘടനയെ, ഷേക്ക് അഹമ്മദ് യാസിന്റെ സംഘടനയെ, ഇസ്രായേൽ ഒരു പലസ്തീൻ ചാരിറ്റി സംഘടനയായി അംഗീകരിച്ചിരുന്നു. അന്നത്തെ മതേതര ദേശീയപ്രസ്ഥാനത്തിനെതിരെ ഇസ്‍ലാമിസ്റ്റ് സംഘടനകളെ മൊസാദ് പിന്തുണച്ചിരുന്നു. ഈ ചരിത്രമൊന്നും ആർക്കുമറിയില്ല. അന്ന് ഇസ്രായേലിന്റെ മുഖ്യ ശത്രു യാസർ അറഫാത്തായിരുന്നു. അറഫാത്തിന്റെ മതേതര ദേശീയതയ്ക്കെതിരെ ഒരു ഇസ്‍ലാമിസ്റ്റ് പ്രസ്ഥാനം പലസ്തീനുള്ളിൽത്തന്നെ ഉയർന്നുവരിക എന്നത് ഇസ്രായേലിന്റെ അന്നത്തെ താൽപര്യമായിരുന്നു. ഇന്ന് ചരിത്രം മാറി. ഇന്ന് ആ ഇസ്‍ലാമിസ്റ്റ് പ്രസ്ഥാനം പ്രധാനപ്പെട്ട പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായി മാറി.
അതുകൊണ്ടാണ് ഹമാസിനെതിരെ ഒരു ജിഹാദിസ്റ്റ് ആഖ്യാനം ഉണ്ടാവുന്നത്. എന്നാൽ അത് കണ്ണടച്ച് ഇരുട്ടാക്കുന്ന പോലെയാണ്. അത്തരമൊരു വാദം മുഴുവൻ ചരിത്രസന്ദർഭങ്ങളെ അനാവരണം ചെയ്യുന്നില്ല. നേരത്തെ പറഞ്ഞതുപോലെ പലസ്തീനിയൻ പോരാട്ടത്തിന് വ്യത്യസ്ത തലങ്ങളുണ്ട്. അവിടുത്തെ അടിസ്ഥാനപരമായ പ്രശ്നം ജൂതന്മാർക്കെതിരെയുള്ള ജിഹാദല്ല. മറിച്ച് ഇസ്രായേലിന്റെ തുടർച്ചയായ അധിനിവേശത്തിനെതിരെയുള്ള പലസ്തീനിയൻ ജനതയുടെ ചെറുത്തുനിൽപ്പാണ്.
പശ്ചിമേഷ്യൻ നയതന്ത്രത്തിന്റെ പരാജയം കൂടി ഇവിടെ സംഭവിക്കുന്നുണ്ട്. അതായത്, സൗദി അറേബ്യ നേതൃത്വം നൽകുന്ന പശ്ചിമേഷ്യൻ രാജ്യങ്ങൾ ഭൂരിഭാഗവും ഇസ്രായേലുമായുള്ള ബന്ധം സാധാരണഗതിലുള്ളതാക്കി മാറ്റിയ മട്ടാണ് ഇപ്പോൾ. ലിബിയയും ഇറാനും ഒഴികെയുള്ള മറ്റെല്ലാ ഇസ്‍ലാമിക രാഷ്ട്രങ്ങളുമായുള്ള നയതന്ത്രബന്ധം സാധാരണഗതിയിലാക്കാനുള്ള ശ്രമം അവിടെ നടക്കുന്നുണ്ട്. എന്നാൽ പശ്ചിമേഷ്യൻ നയതന്ത്രം വമ്പൻ പരാജയമായി മാറുന്നതല്ലേ കഴിഞ്ഞദിവസത്തെ യുദ്ധത്തിലൂടെ കാണാൻ പറ്റുന്നത?
അതെ, അങ്ങനെ തന്നെയാണ്. അതിന്റെ പ്രധാനപ്പെട്ട ഉദാഹരണം യു.എ.ഇ യാണല്ലോ. യു.എ.ഇ 2020-ൽ ഇസ്രായേലുമായി സമാധാന കരാറിൽ ഒപ്പുവെച്ചു. normalisation agreement. യു.എ.ഇ യുടെ കഴിഞ്ഞദിവസത്തെ പ്രസ്താവന നോക്കിയാൽ തന്നെ, ആ ബാലൻസിങ് വ്യക്തമാകും. പരോക്ഷമായി ഹമാസിനെ ആക്രമിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് യു.എ.ഇ പുറത്തിറക്കിയത്. യു.എ.ഇ മാത്രമല്ല സുഡാൻ, മൊറോക്കോ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളും. സുഡാനുമായി കരാർ നിലവിലില്ലെങ്കിലും നോർമലൈസേഷൻ കരാർ ബാക്കി രാജ്യങ്ങളുടെ കാര്യത്തിൽ പ്രസക്തമാണ്.
ജി 20 ഉച്ചകോടിയുടെ സമയത്ത് സൗദി കിരീടാവകാശിയും പ്രധാനമന്തിയുമായ മുഹമ്മദ് ബിൻ സൽമാൻ സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്, ഇസ്രയേലും തങ്ങളും തമ്മിലുള്ള ചർച്ച ഓരോ ദിവസവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ്. ഇസ്രായേലിനെ സംബന്ധിച്ച് അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ പലസ്തീൻ പ്രശ്നം ഒരു പ്രശ്നമല്ലാതായി മാറിക്കഴിഞ്ഞു. എബ്രഹാം എക്കോഡ്സ് നമുക്ക് കാണിച്ചുതരുന്നത് അതാണ്. യു.എ.ഇയുമായി ഇസ്രായേൽ കരാറിൽ ഒപ്പിടുമ്പോൾ ഒരു തരത്തിലുള്ള പ്രത്യേക പരിഗണനയും കൊടുത്തിട്ടില്ല. 1978-ൽ ക്യാംപ് ഡേവിഡ് കരാറിൽ ഒപ്പിടുമ്പോൾ ഇസ്രായേൽ ഒരു പലസ്തീനിയൻ സമാധാന നീക്കത്തിനുള്ള ചട്ടക്കൂട് ഉണ്ടാക്കാൻ സമ്മതിച്ചിരുന്നു. 1994-ൽ ജോർദാനുമായി കരാറിൽ ഒപ്പിടുന്നത് ഓസ്ലോ നടപടിക്കുശഷമാണ്. എന്നാൽ യു.എ.ഇയുമായുള്ള നോർമലൈസഷൻ കരാറിൽ ഒപ്പുവെക്കുമ്പോൾ പലസ്തീൻ ജനങ്ങൾക്ക് യാതൊന്നും കിട്ടിയിട്ടുണ്ടായിരുന്നില്ല. നിലവിൽ അറബ് രാജ്യങ്ങൾ പലസ്തീൻ എന്ന പ്രശ്നത്തെ മറികടന്ന് ഇസ്രയേലുമായി നയതന്ത്ര ബന്ധം നേരിട്ട് സ്ഥാപിക്കാൻ താത്പര്യം കാണിക്കുന്നുണ്ട്. സൗദി അറേബ്യയായാലും യു.എ.ഇ. ആയാലും, ഖത്തർ ഒഴികെയുള്ള രാജ്യങ്ങൾ.
1948- ലായാലും 1956- ലായാലും 1967- കാലത്തായാലും ഇതൊരു അറബ്- ഇസ്രയേൽ യുദ്ധമായിരുന്നു. 1973- ൽ ഉൾപ്പെടെ. പക്ഷെ ഇന്നിത് ഒരു അറബ്- ഇസ്രയേൽ പ്രശ്നമല്ലാതായി കഴിഞ്ഞു. പലസ്തീൻ- ഇസ്രായേൽ പ്രശ്നത്തെ മറികടന്ന്, മാറ്റിവെച്ച്, അറബ് രാജ്യങ്ങളുമായി ഒരു നയതന്ത്ര ബന്ധം ഉണ്ടാക്കുക, അങ്ങനെ പശ്ചിമേഷ്യയെ മൊത്തം മാറ്റിത്തീർക്കുക എന്നതാണ് ഇസ്രായേലിന്റെയും അല്ലെങ്കിൽ അമേരിക്കയുടെയും നയം.
പക്ഷേ ഈ സംഭവം കാണ്ക്കുന്നത് എന്താണ്? ഇതൊരു അറബ്-ഇസ്രയേൽ പ്രശ്നം അല്ലാതായി മാറിക്കഴിഞ്ഞിരിക്കാം. പക്ഷേ ഇതൊരു പാലസ്തീൻ-ഇസ്രായേൽ പ്രശ്നമായി ഇപ്പോഴും തുടരുന്നുണ്ട്. പശ്ചിമേഷ്യയുടെ യഥാർത്ഥ പാപമാണ് പലസ്തീനിൽ നടന്നിട്ടുള്ള ഇസ്രായേൽ സൈന്യത്തിന്റെ അധിനിവേശം. അതിനെ അഡ്രസ് ചെയ്യാതെ വേറെ ഏത് വിഷയത്തെ അഡ്രസ് ചെയ്താലും അതൊക്കെ മുഖം മിനുക്കൽ മാത്രമായിത്തീരും. കാരണം അടിസ്ഥാന പ്രശ്നം, തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ അധിനിവേശമാണ്.
ആധുനിക ചരിത്രത്തിലെ ദേശരാഷ്ട്രങ്ങളുണ്ടായതിനുശേഷം ചരിത്രത്തിലെ ഏറ്റവും വലിയ, ഏറ്റവും നീണ്ട, തുടർന്നുകൊണ്ടിരിക്കുന്ന അധിനിവേശമാണിത്. ആ പ്രശ്നത്തെ അഡ്രസ് ചെയ്യാതെ അതിനെ മറികടന്ന് പോവാൻ ശ്രമിച്ചാലും ആ പ്രശ്നം ഇല്ലാതാകുന്നില്ലല്ലോ.
റഷ്യ മുന്നോട്ടു വെച്ചിരിക്കുന്ന ഒരു സ്റ്റേറ്റ് എന്ന വാദം; അതായത് ഇസ്രയേലിനോട് ചേർന്ന് ഒരു രാഷ്ട്രം പലസ്തീന് വേണം എന്നുപറയുന്നു. രണ്ട് സ്റ്റേറ്റ് എന്ന വാദവുമുണ്ട്. രണ്ട് തരം വാദങ്ങൾ നിലനിൽക്കുന്നുണ്. പ്രായോഗിക തലത്തിൽ ഇതിൽ ഏതാണ് പ്രായോഗിക മാതൃക?
സത്യത്തിൽ ഈ പറഞ്ഞ ഒരു കാര്യവും നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല എന്നതാണ് ഇക്കാര്യത്തിലെ പ്രായോഗിക ഉത്തരം. റഷ്യയുടെ നിലപാട്, അന്തർദേശീയ തലത്തിൽ രണ്ട് രാഷ്ട്രം എന്ന വാദത്തിന് അനുകൂലമാണ്. ആ വിഷയത്തിൽ പാലസ്തീന് അനുകൂലമായ ഉറച്ച നിലപാട് സോവിയറ്റ് യൂണിയന്റെ കാലം മുതലേ എടുത്തിട്ടുണ്ട്. അതുകൊണ്ടാണ് എല്ലാവരും ഹമാസിനെതിരെ തിരിയുമ്പോഴും, മുഴുവൻ യൂറോപ്യൻ രാജ്യങ്ങളും ഇസ്രയേലിന്റെ പ്രതിരോധ അവകാശങ്ങളെ കുറിച്ച് പറയുമ്പോഴും റഷ്യ അവർക്കൊപ്പം നിന്നത്.
റഷ്യ- ഉക്രൈൻ വിഷയത്തിൽ ഇവരെല്ലാം ഉക്രൈന് റഷ്യയെ പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞവരാണ്. ഉക്രൈന് 40 ബില്യൺ സഹായമാണ് അമേരിക്ക മാത്രം കൊടുത്തത്. ജർമനിയായാലും പോളണ്ടായാലും ഫ്രാൻസ് ആയാലും ബ്രിട്ടനായാലും റഷ്യയുടെ അധിനിവേശത്തിനെതിരെ ഉക്രൈനെ പിന്തുണയ്ക്കുന്നവരാണ്. പക്ഷേ നേരെ തിരിച്ച് ഇസ്രായേൽ- പാലസ്തീൻ വിഷയത്തിൽ ഇവരെല്ലാം ഇസ്രായേലിന്റെ അധിനിവേശത്തെയാണ് പിന്തുണയ്ക്കുന്നത്. അങ്ങനെയൊരു വൈരുദ്ധ്യം ഇവിടെ നിലനിൽക്കുന്നുണ്ട്.
എന്നാൽ പശ്ചാത്യ രാജ്യങ്ങളെല്ലാം ഇസ്രായേൽ അനുകൂല നിലപാട് എടുക്കുമ്പോൾ റഷ്യ നേരെ തിരിച്ച് കുറച്ചൊക്കെ പലസ്തീൻ അനുകൂല നിലപാട് എടുക്കുകയാണ്. ചൈനയേക്കാൾ ഉറക്കെ പലസ്തീൻ അനുകൂല നിലപാടെടുക്കുന്നു. കമ്മ്യൂണിസ്റ്റ് ചൈന പലപ്പോഴും അന്തർദേശീയ വിഷയങ്ങളിൽ നിഷ്പക്ഷ നിലപാടാണ് എടുക്കാറ്. റഷ്യ അങ്ങനെയല്ല. സോവിയറ്റ് യൂണിയന്റെ തകർച്ചക്കുശേഷവും റഷ്യ പലസ്തീൻ വിഷയത്തിൽ ക്രിയാത്മകമായ അനുകൂല നിലപാടാണ് എടുക്കുന്നത്. മിഡിൽ ഈസ്റ്റ് ക്വാർട്ടൽ പ്രൊപ്പോസലിലൊക്കെ രണ്ട് രാഷ്ട്രം എന്ന പരിഹാരത്തെ പിന്തുണക്കന്ന രാജ്യമാണ് റഷ്യ. അതാണവർ ഇന്നലെ ആവർത്തിച്ചത്. രണ്ട് രാഷ്ട്രം എന്ന പരിഹാരം നടപ്പാക്കാനുള്ള ഏറ്റവും അനുകൂലമായ സാഹചര്യം തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമൊക്ക ആയിരുന്നു. അതിനുശേഷം പലസ്തീൻ പ്രദേശത്തെ ഇസ്രായേൽ അധിനിവേശ കുടിയേറ്റം വളരെയധികം കൂടിയിട്ടുണ്ട്. മൂന്നുലക്ഷത്തിലധികം ഇസ്രായേലുകാർ ഇപ്പോൾ കിഴക്കൻ ജെറുസലേമിൽ കുടിയേറിയിട്ടുണ്ട്. അതുപോലെ തന്നെ നാലു ലക്ഷത്തിലധികം ഇസ്രായേലുകാർ വെസ്റ്റ് ബാങ്കിൽ താമസമാക്കിയിട്ടുണ്ട്.
രണ്ട് രാഷ്ട്രം എന്ന പരിഹാരത്തിലേക്ക് വരുമ്പോൾ അടിസ്ഥാനപരമായി മൂന്ന് പ്രശ്നങ്ങളാണ് അഡ്രസ് ചെയ്യേണ്ടത്.
ഒന്ന്; അതിർത്തി.
രണ്ട്; പലസ്തീൻ എന്ന രാഷ്ട്രം രൂപീകൃതമായാൽ അതിന്റെ തലസ്ഥാനം ഏതായിരിക്കണം എന്നത്.
മൂന്ന്; പലസ്തീനിയൻ അഭയാർഥികളുടെ തിരിച്ചുവരവിനായുള്ള അവകാശം.
സ്വന്തമായി അതിർത്തി നിശ്ചയിച്ചിട്ടില്ലാത്ത ലോകത്തിലെ ഒരേയൊരു രാജ്യമായിരിക്കും ഇസ്രായേൽ.
പലസ്തീൻകാർ പറയുന്നത് അവരുടെ ഭാവി തലസ്ഥാനം കിഴക്കൻ ജെറുസലേം ആയിരിക്കുമെന്നാണ്. അത് സമ്മതിക്കാൻ ഇസ്രായേൽ തയ്യാറല്ല. ഏഴ് ലക്ഷത്തിലധികം പലസ്തീൻകാരാണ് 1948- ൽ അഭയാർത്ഥികളായി മാറിയത്. അവർ ഇനി തിരിച്ചുവരുക എന്നുപറയുന്നത് ഇന്നത്തെ ഇസ്രായേലിലേക്കായിരിക്കും. അവിടെ നിന്നാണ് അവർ ആട്ടിയോടിക്കപ്പെട്ടത്. അവർ തിരിച്ചുവരിക എന്ന് പറയുമ്പോൾ ഇസ്രായേലിന്റെ ഡെമോഗ്രാഫി തന്നെ മാറിപ്പോകും. അതുകൊണ്ട് തന്നെ അത് അംഗീകരിക്കാൻ ഇസ്രായേൽ ഒരിക്കലും തയ്യാറല്ല.
അതുപോലെ, പലസ്തീൻ പ്രദേശത്തെ, അതായത് വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും താമസിക്കുന്ന ജൂത കുടിയേറ്റക്കാരെ എന്ത് ചെയ്യണമെന്നതാണ് മറ്റൊരു പ്രശ്നം. അവരെ ഒഴിവാക്കാൻ ഇസ്രായേൽ സർക്കാർ തയ്യാറല്ല. അതു കൊണ്ടുതന്നെ സ്വതന്ത്രമായി ഒരു പാലസ്തീൻ രാഷ്ട്രരൂപീകരണത്തിന് സാധ്യതയില്ല. ഇനി സ്വതന്ത്രമായി പാലസ്തീൻ രാഷ്ട്രം രൂപീകരിച്ചുവെന്ന് തന്നെ കരുതുക, എന്നിരുന്നാൽ പോലും സ്വന്തമായി എയർപോർട്ട്, എയർ ഫോഴ്സ്, നേവി തുടങ്ങിയ സുപ്രധാന സംവിധാനങ്ങൾ നിർമിച്ചെടുക്കാൻ ഇസ്രായേൽ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ, ഒരിക്കലുമില്ല. അതുകൊണ്ടുതന്നെ ഇരുപക്ഷത്തെയും പരിഗണിച്ചുകൊണ്ടുള്ള പരിഹാരം ഒറ്റ രാഷ്ട്ര പരിഹാരം പോലെത്തന്നെ ഉട്ടോപ്പിയനാണ് എന്നാണ് തോന്നുന്നത്. അതു കൊണ്ടാണ് പല പലസ്തീൻ ആക്ടിവിസ്റ്റുകളും, ഒരു പരിധി വരെ അധിനിവേശവിരുദ്ധ നിലപാടുള്ള ഇസ്രായേൽ ആക്ടിവിസ്റ്റുകളും പറയുന്നത്, കുറേക്കൂടി സുസ്ഥിരമായ പരിഹാരം എന്നത് ഏകരാഷ്ട്രമാണ് എന്ന്. Where Arabs, Jews and Christians can live together under a secular inclusive constitution with a state with a federal structure എന്നാണ്. അങ്ങനെയുള്ള ചർച്ചകൾ മുന്നോട്ടുവരുന്നുണ്ട്. പക്ഷേ, രണ്ട് പരിഹാരത്തിലേക്കും ഒരു ചുവടുപോലും വെയ്ക്കപ്പെട്ടിട്ടില്ല എന്നതാണ് പലസ്തീൻ ജനതയുടെ ദുരന്തം.
രാഷ്ട്രങ്ങൾ എന്ന രീതിയിൽ അറബ് രാഷ്ട്രങ്ങളെ ഒഴിച്ച് നിർത്തിയാൽ വലിയ സൈനിക നടപടിയടക്കമുള്ള അടിയന്തര സാഹചര്യം വരും ദിവസങ്ങളിൽ വരികയാണെങ്കിൽ ഇറാൻ പോലെയുള്ള രാജ്യങ്ങൾ പലസ്തീനിനെ ഏതെങ്കിലും രീതിയിൽ പിന്തുണ നൽകുമോ?
നിലവിലെ സാഹചര്യത്തിൽ പലസ്തീനിനെ നേരിട്ട് ഏതെങ്കിലും രീതിയിൽ ഇറാൻ സഹായിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്നാൽ പരോക്ഷമായി ഇറാൻ ഹമാസിനെയും ഹാമാസിന്റെ ഇസ്‍ലാമിക്ക് ജിഹാദിനെയും പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. അതിൽ തർക്കമില്ല. കുറച്ച് ദിവസങ്ങൾക്ക് മുന്നേ വാൾസ് സ്ട്രീറ്റ് ജേണലിൽ റിപ്പോർട്ടുണ്ടായിരുന്നു. ഹമാസ്-ഹിസ്ബുള്ളയെ ഉദ്ധരിച്ച് നടത്തിയ റിപ്പോർട്ടിൽ പറയുന്നത്, ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിന് ഇറാൻ ഇന്റലിജൻസിന്റെ സഹായമുണ്ടായിരുന്നുവെന്നതാണ്. ഇതിന്റെ സത്യാവസ്ഥ എന്താണെന്നറിയില്ല.
എന്നാൽ ഇറാനും ഹിസ്ബുള്ളയും ഹമാസിന് അനുകൂലമായി നിലാപടെടുക്കുന്നവരാണ്. അതു പോലെ ഖത്ത ഗാസയുടെ പുനർനവീകരത്തിന് സാമ്പത്തിക സഹായം നൽകുന്നുണ്ട്. എന്നാൽ ഹമാസ് അത് ആയുധശേഖരണത്തിനും മറ്റും ഉപയോഗിക്കുന്നുവെന്നതാണ് ഇസ്രായേലിന്റെ പരാതി. എന്നാൽ സൈനികമായും സാമ്പത്തികമായും ഇറാൻ ഹമാസിനെ സഹായിക്കുന്നുണ്ട്.
ഇറാന്റെ സഹായം തുടരും. കാരണം പശ്ചിമേഷ്യൻ മേഖല മൊത്തത്തിൽ നോക്കിയാൽ അവിടത്തെ വലിയ പ്രശ്നം ഇസ്രായേലും ഇറാനും തമ്മിലാണ്. അവർ പരസ്പരമാണ് വലിയ ശത്രുക്കളായി കാണുന്നത്. ഇറാനിലെ ഇസ്‍ലാമിക സർക്കാരിനെ സംബന്ധിച്ച് പലസ്തീൻ പ്രശ്നം വൈകാരികവും പ്രത്യയശാസ്ത്രപരവുമായ ഒന്നാണ്. വിദേശ നയവുമായി ബന്ധപ്പെട്ട പ്രശ്നമായി കണ്ടാലും അവരുടെ ഏറ്റവും വലിയ ശത്രുവായ ഇസ്രായേലിനെതിരെ ഹമാസിനെ പിന്തുണയ്ക്കുക എന്നതും അവർക്ക് ശരിയായ നിലപാടാണ്. പക്ഷേ ഹമാസിനുവേണ്ടി യുദ്ധത്തിൽ ഇറാൻ നേരിട്ട് പങ്കെടുക്കുമെന്ന് തോന്നുന്നില്ല. ഇസ്രായേലിന്റെ കരയിലൂടെയുള്ള അധിനിവേശം ഉറപ്പാണ്. ഇസ്രയേൽ ഗാസയിലേക്ക് സൈന്യത്തെ അയയ്ക്കും. നെതനാഹു പറഞ്ഞല്ലോ, ഹമാസിന്റ എല്ലാ കേന്ദ്രങ്ങളും ലക്ഷ്യമാണ് എന്ന്. നീണ്ടു നിൽക്കുന്ന ഒരു ഗാസ യുദ്ധം നമ്മുടെ മുന്നിലുണ്ട്. പ്രത്യക്ഷത്തിൽ ഇറാൻ പിന്തുണക്കില്ല. പക്ഷേ നേരിട്ടല്ലാതെ പിന്തുണയ്ക്കും.
ഇതുവരെയുള്ള സ്ഥിതിഗതികൾ നോക്കിയാൽ ഇസ്രായേൽ വിജയിച്ചോ പലസ്തീൻ വിജയിച്ചോ അല്ലെങ്കിൽ അതിനുള്ളിലെ കാരണം വിജയിച്ചോ എന്നതിനപ്പുറം മൊസാദിന് വമ്പൻ പരാജയം ഉണ്ടായി എന്നല്ലേ വിലയിരുത്തേണ്ടത്? എല്ലാത്തരം അട്ടിമറികളിലും സൈബർ യുദ്ധങ്ങളിലും രഹസ്യാത്മകതയിലും കൊലപാതകങ്ങൾ ചാര പ്രർത്തനം തുടങ്ങി എല്ലാത്തിലും മികച്ചു നിൽക്കുന്ന അങ്ങേയറ്റം മികച്ചതെന്ന് പറയപ്പെടുന്ന ഏജൻസിയായ മൊസാദ് പരാജയപ്പെട്ട് പോയല്ലേ?
അതെ. സത്യമാണ്. മൊസാദിന് തെറ്റ് പറ്റില്ലെന്നും അവരിത് അറിഞ്ഞിട്ടും അനുവദിച്ചതാണ്, തിരിച്ചടിക്കാൻവേണ്ടി തുടങ്ങിയ വാദങ്ങൾ വരെ കണ്ടു. മൊസാദ് ഏതൊരു മനുഷ്യ ഏജൻസിയെയും പോലെ ഒന്നാണ്. ഏത് ഹ്യൂമൻ ഏജൻസിക്കും പറ്റുന്ന പോലെ മൊസാദിനും തെറ്റ് പറ്റും. മുമ്പും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഒരു മിത്തിക്കൻ തലം ആളുകൾ മൊസാദിന് കൊടുത്തിരിക്കുകയാണ്. വലിയ വലിയ തെറ്റുകൾ മൊസാദിന് പറ്റിയിട്ടുണ്ട്.
1973- ൽ സിറിയയും ഈജിപ്തും കൂടി ചേർന്ന് ആസൂത്രിതമായി നടത്തിയ മിലിട്ടറി ഓപ്പറേഷൻ മൊസാദിന് ഡിറ്റക്റ്റ് ചെയ്യാൻ പറ്റിയില്ല. കൃത്യം അമ്പത് വർഷങ്ങൾക്കുമുമ്പ്, ഒക്ടോബർ ആറിന് യോങ്ങ്കിപ്പൂർ ഹോളിഡെയുടെ അന്ന് രാവിലെ ഈജിപ്ഷ്യൻ പട്ടാളം സയനപ്പന്റൈസിലും സിറിയൻ പട്ടാളം ഗോലൻഹൈറ്റ്സിലേക്കും ഇരച്ചു കയറി ആക്രമണം തുടങ്ങിയ ശേഷമാണ് ഇസ്രയേൽ ഇങ്ങനെയൊരു ആക്രമണം നടക്കുന്നു എന്ന് അറിയുന്നതുതന്നെ. അത്രയും വലിയ ഇന്റലിജൻസ് പിഴവായിരുന്നു അന്ന് മൊസാദിന്റേത്.
2006- ൽ ഹിസ്ബുള്ളയുടെ ഓപ്പറേഷൻ മുൻകൂട്ടി കാണുന്നതിലും ഇസ്രായേൽ പരാജയപ്പെട്ടു. 2004- ൽ ഹമാസ് ലീഡർ ഖാലിദ് മിഷാലിനെ ജോർദാനിൽ വെച്ച് കൊല്ലാൻ ശ്രമിച്ചെങ്കിലും പദ്ധതി പരാജയപ്പെട്ടു. അന്ന് മൊസാദിന്റെ ആൾക്കാരെ ജോർദാൻ പോലീസ് പിടിച്ചശേഷം അന്നത്തെ ജോർദാൻ രാജാവ് കിങ് ഹുസ്സൈൻ നെതനാഹ്യുവിനോട് പറഞ്ഞത്, നിങ്ങൾ മറു മരുന്നുമായി ജോർദ്ദാനിലേക്ക് വരണമെന്നാണ്. അല്ലെങ്കിൽ മൊസാദിന്റെ ആളുകളെ പൊതുജന മധ്യത്തിൽ തൂക്കിക്കൊല്ലുമെന്നും. പിന്നീട് നെതനാഹ്യു ജോർദ്ദാനിലേക്ക് പോവുകയും ആന്റി ഡോട്ട് കൊടുത്ത് മൊസാദിനെ മോചിപ്പിക്കുകയുമാണ് ചെയ്തത്.
മിഷാൽ ഇപ്പോഴും ദോഹയിൽ ജീവിച്ചിരിപ്പുണ്ട്. അങ്ങനെ ഒരുപാട് തെറ്റുകൾ മൊസാദിന് സംഭവിച്ചിട്ടുണ്ട്. അത്തരത്തിലുള്ള വലിയ തെറ്റാണ് ഇപ്പോൾ സംഭവിച്ചത്.
നമ്മളെല്ലാവരും ചർച്ച ചെയ്യുന്നപോലെ, ഇസ്രായേൽ 20 ലേറെ വർഷങ്ങളായി ഫോക്കസ് ചെയ്യുന്നത് സൈബർ വാർഫയറിലും ഇന്റലിജൻസ് പ്രൊപ്പർട്ടിയിലും സെക്യൂരിറ്റിയിലുമൊക്കെയാണ് എന്നത് വസ്തുതയാണ്. എന്നാൽ ഇസ്രായേൽ തയ്യാറായി കൊണ്ടിരുന്നത് മറ്റൊരു തരം യുദ്ധത്തിനുവേണ്ടിയാണ്. ഹമാസിന്റെ പെട്ടെന്നുള്ള ആക്രമണം ഇസ്രായേൽ അത്ര പ്രതീക്ഷിച്ചില്ല. കൂടാതെ വെസ്റ്റ് ബാങ്കിലായിരുന്നു ഇസ്രായേലിന്റെ ഈ അടുത്ത കാലത്തെ കൂടുതൽ ശ്രദ്ധയും. ഹമാസ് തന്നെ ഗാസയെ പറ്റി പറഞ്ഞത്, സ്റ്റേബിൾ ഇൻസ്റ്റബിലിറ്റിയെന്നാണ്. സുസ്ഥിരമായ അസ്ഥിരത. കൈകാര്യം ചെയ്യാൻ പറ്റുന്നതാണ് എന്നാണ്. അങ്ങനെ നോക്കുമ്പോൾ ഇത് ഒരു ഇന്റലിജനസ് പരാജയം മാത്രമല്ല. പത്തിരുപത്തഞ്ച് വർഷങ്ങളായി ഇസ്രായേൽ ഉയർത്തിപ്പിടിച്ച സെക്യൂരിറ്റി മോഡലിന്റെ പതനം കൂടിയാണ്. അത് തന്നെയാണ് ഹമാസിന് വേണ്ടിയിരുന്നതും. അതിനപ്പുറം ഹാമാസ് ഈ നീക്കത്തിലൂടെ മറ്റെന്തെങ്കിലും ലക്ഷ്യം നേടാൻ ഉദ്ദേശിച്ചോ എനിക്ക് തോന്നുന്നുമില്ല. Basically Hamas wanted to drill holes in Israel security model and they just did that.
ഇതിൽ മറ്റൊരു പ്രധാന സംഗതി, അമേരിക്കയുടെ പരാജയം കൂടിയാണ് ഇത് എന്നാണ്. ട്വിൻ ടവർ തകർച്ചക്കുശേഷം, ഇന്റലിജൻസ് പ്രശ്നങ്ങൾ എന്നതിനപ്പുറം സാമ്പത്തികമായും അമേരിക്ക ഏറ്റവും പ്രതിസന്ധിയിലായിരിക്കുന്ന സമയം കൂടിയാണ്. അതേസമയം ഉക്രൈനിനെ സഹായിക്കേണ്ടത് നിർബന്ധമായി വരുന്നു. നിലവിലെ സാഹചര്യത്തിൽ ഇസ്രായേലിനെ സംരക്ഷിക്കേണ്ട അധിക ബാധ്യത കൂടി അമേരിക്കക്ക് വന്നിട്ടുണ്ട്. ഇസ്രായേലിനൊപ്പം അമേരിക്കക്ക് സംഭവിച്ച പരാജയം അല്ലെങ്കിൽ, നിലവിൽ തുടർന്നുകൊണ്ടിരുന്ന ഈസ്റ്റ്- വെസ്റ്റ് അധികാര സന്തുലിതാവസ്ഥയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ?
മൊസാദിനെ പറ്റി പറഞ്ഞതു പോലെ, അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സി ഐ എ വെസ്റ്റ് ഏഷ്യയിൽ നിലവിൽ വ്യാപകമായിത്തന്നെ ഉണ്ടല്ലോ. അവർക്കും ഇതിനെ മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല എന്നത് യാഥാർത്ഥ്യമാണ്. ഒരാഴ്ചക്കുമുമ്പാണ് അമേരിക്കൻ നാഷണൽ സെക്യൂരിറ്റി അഡ്വൈസർ പറഞ്ഞത്, ഇന്നത്തെ വെസ്റ്റ് ഏഷ്യ കഴിഞ്ഞ ഇരുപത് വർഷങ്ങളിലെ ഏറ്റവും ശാന്തമായ വെസ്റ്റ് ഏഷ്യയാണ് എന്ന്. അതിനുശേഷമാണ് ഈ ആക്രമണം. അപ്പോൾ അമേരിക്കയെ സംബന്ധിച്ച് ഒന്ന് ഇത് ഇന്റലിജൻസ് പരാജയം തന്നെയാണ്.
മറ്റൊന്ന്, ഇതൊരു വെല്ലുവിളിയാണ്. കാരണം റഷ്യയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഉക്രൈയിനിൽ അമേരിക്ക നിലവിൽ എല്ലാ സംവിധാനങ്ങളുമായി കളത്തിലുണ്ട്. അത് അവർ തുറന്നു പറഞ്ഞിട്ടുമുണ്ട്; റഷ്യയെ തോൽപ്പിക്കുക, ദുർബലപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന്. അതേ സമയത്താണ് ഇസ്രായേൽ- പലസ്തീൻ പ്രശ്നം വീണ്ടും രൂക്ഷമാവുന്നത്. അപ്പോൾ അമേരിക്കയുടെ കണ്ണ് യുക്രൈനിൽനിന്ന് മദ്ധ്യേഷ്യയിലേക്ക് മാറ്റേണ്ടി വരുന്നു. നിലവിലുള്ള സംഘർഷം മറ്റുള്ള പ്രദേശങ്ങളിലേക്ക് പടരാതെ ഗാസയിൽ തന്നെ ഒതുക്കുകയെന്നതാണ് അമേരിക്കൻ താൽപര്യം. അല്ലെങ്കിൽ കൂടുതൽ സങ്കീർണമാവും. അമേരിക്കയുടെ മറ്റൊരു ലക്ഷ്യം, ഇന്തോ പസഫിക് ഏരിയിൽ ചൈനയെ നിയന്ത്രിക്കുകയെന്നത് കൂടിയാണ്.
അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി വിദേശ നയത്തിൽ അമേരിക്ക ഈ കഴിഞ്ഞ ദശകങ്ങളിൽ നേരിട്ട ഏറ്റവും വെല്ലുവിളി കൂടിയാണ്. വെസ്റ്റ് ഏഷ്യയിലെ തങ്ങളുടെ പ്രധാന സംഖ്യകക്ഷിയായ ഇസ്രായേലിനെ പിന്തുണക്കാതിരിക്കാൻ പറ്റില്ല. എന്നാൽ, ഇസ്രായേലിനെ സംബന്ധിച്ച് ഇത് നീണ്ട യുദ്ധത്തിന്റെ തുടക്കമാണ്. കാരണം, തൊള്ളായിരത്തോളം ഇസ്രായേലുകാരാണ് കൊല്ലപ്പെട്ടത്. ഞാൻ വെസ്റ്റ് ഏഷ്യയെ കുറിച്ച് പഠിച്ചു തുടങ്ങിയ ഈ ഇരുപത് വർഷങ്ങൾക്കിടയിൽ എന്റെ ഓർമയിൽ ഇസ്രായേൽ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം മുന്നെയുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇസ്രായേലിന് ഇത് ‘വൺസ് ഇൻ എ ജനറേഷൻ ക്രൈസിസ്’ ആണ്. അമേരിക്കയ്ക്ക് ഇസ്രായേലിനെ പിന്തുണച്ചേ പറ്റൂ.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏറ്റവും വലിയ വംശഹത്യയ്ക്ക് വിധേയരായ പീഡിപ്പിക്കപ്പെട്ട ജനതയെന്ന നിലയിലും മറ്റും ലോകം മുഴുവൻ കൂടെ നിന്ന ഒരു ജനത, ജൂത ജനത തന്നെ, കാലങ്ങൾക്കുശേഷം മറ്റൊരു ജന വിഭാഗമായ പലസ്തീനെ പീഡിപ്പിക്കുന്നു എന്ന ഒരു ചരിത്രപരമായ വൈരുദ്ധ്യം ഇതിലില്ലേ?
ചരിത്രത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്നാണത്. 1948- ൽ ജൂത രാഷ്ട്രം ഉണ്ടാകുമ്പോൾ, അന്നത്തെ ചരിത്രരേഖകൾ പരിശോധിക്കുമ്പോൾ കാണാം, അറബ് രാജ്യങ്ങൾ ഒഴികെ ലോകത്ത് മുഴുവൻ ഇസ്രായേലിന് അനുകൂലമായ ഒരു സമീപനമാണ് ഉണ്ടായിരുന്നത്. ആദ്യമായി ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിച്ചത് സ്റ്റാലിന്റെ സോവിയറ്റ് യൂണിയനാണ്. ഇന്ത്യ, സ്റ്റേറ്റ് ഓഫ് പലസ്തീൻ- ഇസ്രായേൽ ഉടമ്പടി അംഗീകരിച്ചില്ലെങ്കിലും പിന്നീട് ഇസ്രായേലിനെ ഒരു രാജ്യമായി തന്നെ കണ്ടിരുന്നു. കമ്യൂണിസ്റ്റ് രാജ്യങ്ങൾക്കിടയിലും മൂന്നാം ലോക രാജ്യങ്ങൾക്കിടയിൽ നിന്നും ഇസ്രായേലിന് അനുകൂലമായ വികാരമായിരുന്നു അന്നുണ്ടായിരുന്നത്. അതിനു കാരണം ജൂതർ ജർമനിയിലും മറ്റും നൂറ്റാണ്ടുകളോളം അനുഭവിച്ച പീഡനങ്ങളാണ്.
എന്നാൽ ആധുനിക ചരിത്രത്തിൽ ഏറ്റവും വലുതും നീണ്ടുനിൽക്കുന്നതുമായ അധിനിവേശമാണ് പലസ്തീനെതിരെയുള്ളത്. അത് വലിയ അനീതിയാണ്. ഇസ്രായേൽ തന്നെ അത് ചെയ്യുന്നുവെന്നതാണ് ചരിത്രത്തിലെ വലിയ വൈരുദ്ധ്യം. അതിൽ നിന്ന് പുറത്ത് കടക്കാൻ എളുപ്പ വഴികളില്ല. പലസ്തീൻ ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും തരത്തിൽ അവർ ഒത്തു തീർപ്പിലെത്തുമെന്ന് കരുതുന്നില്ല. കാരണം ഇസ്രായേലിൽ ഇന്ന് വലതുപക്ഷ പാർട്ടികൾ മാത്രമേയുളളൂ. അതിലധിഷ്ഠിതമായ രാഷ്ട്രീയമാണ് അവിടെയുള്ളത്. ഫാർറൈറ്റ് പാർട്ടി, കൺസർവേറ്റീവ് പാർട്ടി, സെന്ററിസ്റ്റിക്ക് പാർട്ടി എന്നൊക്കെ പല പേരിൽ അതിനെ വിളിക്കാം എന്ന് മാത്രം.
ഞാൻ കഴിഞ്ഞ നവംബറിൽ ഇസ്രായേലിലൂടെ യാത്ര ചെയ്തിരുന്നു. അന്ന് സംസാരിച്ച വളരെ ചുരുക്കം ആക്റ്റിവിസ്റ്റുകൾ ഒഴിച്ച്, നയരൂപീകരണ വിദഗ്ധരായാലും ചിന്തകരായാലും, ഒരു തരത്തിലും പലസ്തീൻ വിഷയത്തിൽ ഇസ്രായേൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല എന്ന നിലപാടുള്ളവരാണ്. ഒരു പ്രഫസർ പറഞ്ഞത്, വെസ്റ്റ് ബാങ്ക് മൊത്തം ഇസ്രായേൽ പിടിച്ചെടുക്കണമെന്നാണ്. ഭാവി പാലസ്തീനിയൻ സ്റ്റേറ്റ് എന്ന് പറയുന്നത് ഗാസ മാത്രമാണ്. എന്നാൽ 325 കിലോ മീറ്റർ സ്ക്വയർ മീറ്റർ മാത്രമുള്ള സ്ഥലമാണ് ഗാസ. അവിടെ മാത്രം പാലസ്തീനികൾ താമസിച്ചാൽ മതിയെന്നാണ് ചിലർ പറയുന്നത്. ഇസ്രായേലിന്റെ മൊത്തം ജനത റൈറ്റ് വിങ് സ്പെക്ട്രത്തിലേക്ക് മാറിയിരിക്കുന്നു. അത് ഒരു ഐറണിയാണ്, ട്രാജഡിയാണ്. പ്രത്യേകിച്ച്, ജൂതരുടെ ചരിത്രം ഓർക്കുമ്പോൾ.