ഇറാൻെറ ഇസ്രായേൽ ആക്രമണം യുദ്ധത്തിൻെറ ഗതി മാറ്റുന്നതെങ്ങനെ? തിരിച്ചടിക്ക് സർവപിന്തുണയുമായി അമേരിക്ക

തെക്കൻ ലെബനനിൽ നിരന്തരമായി ആക്രമണങ്ങൾ നടത്തിയും ഹിസ്ബുല്ലയുടെ തലവനടക്കം പ്രധാന നേതാക്കളെ വധിച്ചും, ഒടുവിൽ കരയുദ്ധത്തിലേക്ക് കടന്നിരിക്കുകയായിരുന്നു ഇസ്രായേൽ. നിരന്തരമായ പ്രകോപനങ്ങൾക്കൊടുവിൽ ഇറാനും പ്രതികരിച്ചിരിക്കുന്നു. മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട അമേരിക്ക ഇപ്പോൾ ഇസ്രായേൽ സൈന്യത്തിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. ലെബനനിലെ യുദ്ധത്തിൻെറ ഗതി ഇനി എങ്ങോട്ടാണ്?

News Desk

തെക്കൻ ലെബനനിൽ (South Lebanon) ഇസ്രായേൽ (Israel) നടത്തിക്കൊണ്ടിരുന്ന ഏകപക്ഷീയമായ ആക്രമണങ്ങൾക്ക് ഒടുവിൽ മറുപടി നൽകിയിരിക്കുകയാണ് ഇറാൻ (Iran). ചൊവ്വാഴ്ചയോടെ ലെബനനിൽ നേരിട്ട് കരയുദ്ധം തുടങ്ങിയതാണ് ഇസ്രായേൽ. ഏകദേശം ഒരാഴ്ചയിലധികമായി ലെബനനിൽ ഇസ്രായേൽ ആക്രമണത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെടുകയും രണ്ടായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യുഎന്നിൻെറ ഭാഗത്ത് നിന്ന് വെടിനിർത്തലിനുള്ള ശ്രമങ്ങളൊക്കെ ഉണ്ടായെങ്കിലും ആക്രമണം തുടരുമെന്ന നിലപാടിലായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണം തുടർന്നാൽ പ്രത്യാഘാതം ഉണ്ടാവുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹിസ്ബുള്ള തലവൻ ഹസൻ നസ്റുള്ള കൊല്ലപ്പെട്ടതോടെയാണ് ഇറാൻ തിരിച്ചടിക്കണമെന്ന് തീരുമാനിക്കുന്നത്. നേരത്തെ ഇറാൻ പതിഞ്ഞ നിലപാടെടുത്തത് ഇസ്രായേലിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയായിരുന്നെന്നും ചില വിലയിരുത്തലുകളുണ്ട്. ഹിസ്ബുല്ലയെ നിരായുധീകരിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് ഇസ്രായേൽ ആക്രമണം തുടർന്നത്.

യുദ്ധത്തിൻെറ ഗതി മാറ്റിക്കൊണ്ട് ചൊവ്വാഴ്ച നൂറുകണക്കിന് മിസൈലുകളാണ് ഇറാൻ ഇസ്രയേലിന് നേരെ അയച്ചത്. തീർത്തും അപ്രതീക്ഷിതമായ ആക്രമണമായിരുന്നു ഇത്. എന്നാൽ, ആക്രമണ സാധ്യതയെക്കുറിച്ച് ഇതിന് രണ്ട് മണിക്കൂർ മുമ്പ് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഉപഗ്രഹ ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളെ തുടർന്നാണ് അമേരിക്ക ആക്രമണത്തെക്കുറിച്ച് നേരത്തെ മനസ്സിലാക്കിയതെന്നാണ് കരുതുന്നത്. ഈ വർഷം ഇത് രണ്ടാം തവണയാണ് ഇറാൻ ഇസ്രയേലിന് നേരെ മിസൈൽ വർഷിക്കുന്നത്. നേരത്തെ ഏപ്രിലിലാണ് നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അയച്ചത്. 180 മിസൈലുകളാണ് ഇറാൻ ചൊവ്വാഴ്ച അയച്ചതെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിലിലിൽ 110 ബാലിസ്റ്റിക് മിസൈലുകളും 30 ക്രൂയിസ് മിസൈലുകളുമാണ് ഇറാൻ അയച്ചിരുന്നത്. അതായത് ഏപ്രിലിൽ നടത്തിയ ആക്രമണത്തേക്കാൾ അൽപം രൂക്ഷതയേറിയ ആക്രമണമാണ് ഇപ്പോൾ ഇസ്രയേലിൽ നടന്നിരിക്കുന്നത്. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ചൊവ്വാഴ്ച വൈകീട്ട് ഏകദേശം 7.45ഓടെയാണ് മിസൈൽ ആക്രമണം ഉണ്ടാവുന്നത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇറാൻെറ മിസൈലുകളെ പ്രതിരോധിക്കാൻ സാധിച്ചുമെന്നാണ് ഇസ്രയേൽ പ്രതികരിച്ചിരിക്കുന്നത്. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെന്ന് മാത്രം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാന്റെ മിസൈൽ ആക്രമണ സമയത്ത് ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ ആവശ്യപ്പെട്ട് ഇസ്രായേലിലുടനീളം  സൈന്യം പുറപ്പെടുവിച്ച റോക്കറ്റ് സൈറൺ അലർട്ട്‌
ഇറാന്റെ മിസൈൽ ആക്രമണ സമയത്ത് ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ ആവശ്യപ്പെട്ട് ഇസ്രായേലിലുടനീളം സൈന്യം പുറപ്പെടുവിച്ച റോക്കറ്റ് സൈറൺ അലർട്ട്‌

ഇസ്രയേലിൻെറ ഭാഗത്ത് നിന്ന് യുദ്ധം തുടങ്ങിയത് മുതൽ ഇറാനെ ലക്ഷ്യമിട്ട് കടുത്ത പ്രകോപനങ്ങളുണ്ടായിരുന്നു. ഹിസ്ബുല്ലയെ വളർത്തുന്ന ഇറാനാണ് പശ്ചിമേഷ്യയെ അശാന്തമാക്കുന്നതെന്നായിരുന്നു ഇസ്രയേലിൻെറ വാദം. ഇപ്പോഴത്തെ ആക്രമണത്തിന് ഇറാൻ കടുത്ത പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ച് കഴിഞ്ഞു. “ഇറാൻ ഒരു വലിയ തെറ്റ് ചെയ്തിരിക്കുകയാണ്. അതിനുള്ള തിരിച്ചടി എന്താണെന്നറിയാൻ കാത്തിരുന്നോളൂ. ഞങ്ങൾ എങ്ങനെയാണ് സ്വയം പ്രതിരോധിക്കുന്നതെന്നും തിരിച്ചടി ആരംഭിച്ചാൽ അതിൻെറ പ്രത്യാഘാതം എത്ര ഗുരുതരമാവുമെന്നും ഇറാന് ഇതുവരെയും മനസ്സിലായിട്ടില്ല. ശത്രുക്കൾക്കെതിരായ ഞങ്ങളുടെ പോരാട്ടം എത്ര രൂക്ഷമാണെന്ന് മനസ്സിലാക്കാൻ പോവുന്നേയുള്ളൂ” - ഇത്തരത്തിൽ കടുത്ത ഭാഷയിലാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബുധനാഴ്ച പുലർച്ചെയോടെ തന്നെ ഇസ്രയേൽ സൈന്യം ലെബനനിൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ലെബനൻെറ തലസ്ഥാനമായ ബെയ്റൂത്തിൻെറ പരിസര പ്രദേശങ്ങളിലേക്ക് അഞ്ച് മിസൈലുകളാണ് പതിച്ചത്. ബുധനാഴ്ച പകലും ആക്രമണം തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

തങ്ങൾ എന്തുകൊണ്ടാണ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കിക്കഴിഞ്ഞു. “ഇസ്രയേലിൻെറ തുടർച്ചയായുള്ള ആക്രമണങ്ങൾക്കുള്ള മറുപടിയായി ഇതിനെ കണക്കാക്കിയാൽ മതി. യുദ്ധങ്ങളോട് താൽപര്യമുള്ള രാജ്യമല്ല ഇറാൻ. എന്നാൽ ഞങ്ങൾക്കെതിരെയുള്ള ഭീഷണിക്ക് കൃത്യമായ മറുപടിയുണ്ടാവും. ഇറാനുമായുള്ള സംഘർഷങ്ങളിൽ നിന്ന് പിൻമാറുന്നതാണ് നല്ലത്” - ഇറാൻ പ്രസിഡൻറ് മസൂദ് പെസഷ്കിയൻ പറഞ്ഞു. പരമോന്നത നേതാവായ ആയത്തുള്ള അലി ഖൊമേനിയുടെ നിർദ്ദേശപ്രകാരണമാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ അറിയിച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലവിൽ ഇറാൻെറ ആക്രമണം അവസാനിച്ചതായി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. തൽക്കാലം ആക്രമണം നിർത്തുന്നുവെങ്കിലും ഇനി കൂടുതൽ പ്രകോപനം ഉണ്ടാവാതിരിക്കാൻ ഇസ്രയേൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏപ്രിലിൽ നടത്തിയ ആക്രമണത്തേക്കാൾ അൽപം രൂക്ഷതയേറിയ ആക്രമണമാണ് ഇപ്പോൾ ഇസ്രയേലിൽ നടന്നിരിക്കുന്നത്. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ചൊവ്വാഴ്ച വൈകീട്ട് ഏകദേശം 7.45ഓടെയാണ് മിസൈൽ ആക്രമണം ഉണ്ടാവുന്നത്.
ഏപ്രിലിൽ നടത്തിയ ആക്രമണത്തേക്കാൾ അൽപം രൂക്ഷതയേറിയ ആക്രമണമാണ് ഇപ്പോൾ ഇസ്രയേലിൽ നടന്നിരിക്കുന്നത്. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ചൊവ്വാഴ്ച വൈകീട്ട് ഏകദേശം 7.45ഓടെയാണ് മിസൈൽ ആക്രമണം ഉണ്ടാവുന്നത്.

അതേസമയം, ഇസ്രായേൽ ഇറാന് നേരെ നടത്താൻ പോവുന്ന തിരിച്ചടിക്ക് സമ്പൂർണ പിന്തുണ ഉണ്ടാവുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ അറിയിച്ച് കഴിഞ്ഞു. ഇറാൻെറ ആക്രമണം അപലപനീയമാണെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും പ്രതികരിച്ചു. മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട രണ്ട് രാജ്യങ്ങളുടെ നേതാക്കളാണ് ഇപ്പോൾ ഇസ്രായേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചെത്തിയിരിക്കുന്നത്. യുഎസ് സൈന്യം ഇസ്രയേൽ സൈന്യത്തിന് സഹായം നൽകണമെന്നാണ് ബൈഡൻ ആവശ്യപ്പെട്ടിരിക്കുന്നത്. “ആക്രമണം ചെറുക്കാനും നിർവീര്യമാക്കാനും സാധിച്ചിട്ടുണ്ട്. ഇസ്രയേലിൻെറയും അമേരിക്കൻ സൈന്യത്തിൻെറയും നേർക്കുള്ള ഒരു പരീക്ഷണമായി ഇതിനെ കണക്കാക്കണം. ഇനി ഒരു പിഴവും ഇല്ലാതെ നോക്കാൻ ബാധ്യസ്ഥമാണ് നമ്മൾ. അമേരിക്ക ഇസ്രയേലിന് എല്ലാതരത്തിലുള്ള പിന്തുണയും നൽകും” - ബൈഡൻ പ്രഖ്യാപിച്ചു.

ഇറാൻെറ ആക്രമണത്തിന് ഇസ്രായേൽ ഇനി എങ്ങനെയാവും മറുപടി നൽകുകയെന്നാണ് കാണേണ്ടത്. ഏതായാലും യുദ്ധത്തിൻെറ രൂക്ഷത വർധിപ്പിക്കാനേ അത് കാരണമാവുകയുള്ളൂ എന്ന കാര്യത്തിൽ സംശയമില്ല. നയതന്ത്ര ചർച്ചകൾക്കൊന്നും ഒരു സാധ്യതയുമില്ലാത്ത നിലയിലേക്കാണ് യുദ്ധം വ്യാപിക്കുന്നത്.
ഇറാൻെറ ആക്രമണത്തിന് ഇസ്രായേൽ ഇനി എങ്ങനെയാവും മറുപടി നൽകുകയെന്നാണ് കാണേണ്ടത്. ഏതായാലും യുദ്ധത്തിൻെറ രൂക്ഷത വർധിപ്പിക്കാനേ അത് കാരണമാവുകയുള്ളൂ എന്ന കാര്യത്തിൽ സംശയമില്ല. നയതന്ത്ര ചർച്ചകൾക്കൊന്നും ഒരു സാധ്യതയുമില്ലാത്ത നിലയിലേക്കാണ് യുദ്ധം വ്യാപിക്കുന്നത്.

ഹിസ്ബുല്ല തലവനെ ഇസ്രയേൽ വധിച്ചതോടെ തന്നെ യുദ്ധത്തിൻെറ ഗതി മാറുമെന്ന് ഉറപ്പായിരുന്നു. നിരന്തരമായ ആക്രമണങ്ങളെ തുടർന്ന് ഹിസ്ബുല്ല സമ്പൂർണ പ്രതിരോധത്തിലായി എന്നായിരുന്നു വിലയിരുത്തൽ. എന്നാലിപ്പോൾ ഇറാൻ നേരിട്ട് തന്നെ പ്രത്യാക്രമണം ഏറ്റെടുത്ത് തുടങ്ങിയതോടെ മേഖലയിൽ യുദ്ധം കൂടുതൽ രൂക്ഷമാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇസ്രായേലിന് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന പൂർണ പിന്തുണയും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. ഇറാൻെറ ആക്രമണത്തിന് ഇസ്രായേൽ ഇനി എങ്ങനെയാവും മറുപടി നൽകുകയെന്നാണ് കാണേണ്ടത്. ഏതായാലും യുദ്ധത്തിൻെറ രൂക്ഷത വർധിപ്പിക്കാനേ അത് കാരണമാവുകയുള്ളൂ എന്ന കാര്യത്തിൽ സംശയമില്ല. നയതന്ത്ര ചർച്ചകൾക്കൊന്നും ഒരു സാധ്യതയുമില്ലാത്ത നിലയിലേക്കാണ് യുദ്ധം വ്യാപിക്കുന്നത്. ഹമാസിനേക്കാൾ കരുത്തുള്ള സായുധസംഘമാണ് ഹിസ്ബുല്ല. ഇറാനാവട്ടെ വലിയ ആയുധശേഷിയുള്ള രാജ്യമാണ്. 3000-ത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ ഇറാൻെറ കൈവശമുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതിലും കൂടുതൽ ബാലിസ്റ്റിക് മിസൈലുകൾ ഇറാൻെറ കൈവശം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇറാൻ ആക്രമണം തുടർന്നാൽ ഇസ്രയേൽ കൂടുതൽ പ്രഹരശേഷിയുള്ള ആയുധങ്ങൾ യുദ്ധമുഖത്ത് ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്.

ഇറാൻ, ഇസ്രായേൽ സംഘർഷം വലിയ യുദ്ധമായി മാറാൻ സാധ്യതയുണ്ട്

Comments