കമൽറാം സജീവ്: ഇറാന്റെ സൈനികനേതൃത്വത്തെ, അല്ലെങ്കിൽ അതിന്റെ കമാൻഡർമാരെയും സ്ട്രാറ്റജിസ്റ്റുകളെയുമൊക്കെ വളരെ വ്യവസ്ഥാപിതമായി മൂന്നാലുവർഷങ്ങൾ കൊണ്ട് ഇല്ലാതാക്കുന്ന സമീപനം ഇസ്രായേൽ സ്വീകരിക്കുന്നുണ്ട്. ഡെമാസ്‌കസിലെ ആക്രമണവും അത്തരത്തിലൊന്നാണെന്ന് തോന്നുന്നു. ഇസ്രായേൽഇറാനെ എല്ലായിപ്പോഴും ആക്രമിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. എന്നാൽ ഇറാൻ ഇപ്പോഴാണ് നേരിട്ടൊരു തിരിച്ചടി നൽകുന്നത്. ഇത് എന്തുതരം നയതന്ത്രപ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്?
സ്റ്റാൻലി ജോണി: ഇസ്രായേലും ഇറാനും തമ്മിലുള്ള നിഴൽയുദ്ധം കഴിഞ്ഞ കുറേക്കാലമായി പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇറാന്റെ പല മുതിർന്ന ഉദ്യോഗസ്ഥരെയും ന്യൂക്ലിയർ ശാസ്ത്രജ്ഞന്മാരേയും ഇസ്രായേൽ ആക്രമിച്ചിട്ടുണ്ട്. ഇറാനിയൻ ന്യൂക്ലിയർ പ്രോഗ്രാമിന്റെ പിതാവ് എന്നറിയപ്പെടുന്ന മൊഹ്‌സെൻ ഫക്രിസാദെ യെ 2020-ൽ തെഹ്‌റാനിൽ വെച്ചാണ് കൊലപ്പെടുത്തുന്നത്. ന്യൂഡൽഹിയിൽ വരെ ഇസ്രായേലി നയതന്ത്രജ്ഞൻമാർ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയൊരു നിഴൽയുദ്ധം രണ്ട് ഭാഗങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിനുശേഷമാണ് നിഴൽയുദ്ധം കൂടുതൽ വളരുന്നത്. ഇസ്രായേൽ അതിനുശേഷം സിറിയയിലും ലബനോണിലും വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ഡിസംബർ 25ന് ഇറാന്റെ ഐ.ആർ.ജി.സിയുടെ സീനിയർ കമാൻഡറായ സയ്യദ് റേസ മൊസാവിയെ കൊലപ്പെടുത്തി. അതിനുശേഷം ഏപ്രിൽ ഒന്നിന് ഡെമാസ്‌കസിലെ എംബസിക്കുനേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ജനറലുമാരുൾപ്പെടെ ഇറാന്റെ ഏഴ് കമാൻഡർമാരാണ് കൊല്ലപ്പെട്ടത്. അതിലൊരാണ് റേസ മുഹമ്മദ് സഹേദി. അദ്ദേഹം ഖുദ് ഫോഴ്സിന്റെ, ഐ.ആർ.ജി.സിയുടെ, എലീറ്റ് ഫോറിൻ ഓപ്പറേഷണൽ വിങ്ങാണ്. അതിലെ സീനിയർ കമാൻഡേഴ്സിൽ ഒരാളാണ് ജനറൽ സഹേദി. അദ്ദേഹമാണ് ഖുദ് ഫോഴ്സിന്റെ സിറിയയിലെയും ലബനലിലെയും ഓപറേഷനുകളെ കോർഡിനേറ്റ് ചെയ്തിരുന്നയാൾ. ഏപ്രിൽ ഒന്നിലെ ആക്രമണം അതുവരെയുള്ള ഇറാന്റെ പ്രതികരണങ്ങളെ മാറ്റിമറിച്ചു. അതുവരെയുള്ള അവരുടെ തന്ത്രപരമായ ചിന്തയെ അത് മാറ്റി.
ഒന്നാമത്, ഇറാന്റെ എംബസി ബിൽഡിങ്ങിനെയാണ് ഇസ്രായേൽ ആക്രമിച്ചത്. അത് പമാധികാരത്തിന്റെ ലംഘനമാണ്.
രണ്ട്, ഖാസിം സുലൈമാനിക്കുശേഷം (അദ്ദേഹത്തെ 2020-ലാണ് അമേരിക്ക ബാഗ്ദാദിൽ വെച്ച് കൊല ചെയ്യുന്നത്) ഇറാന്റെ ഏറ്റവും സീനിയർ ഉദ്യോഗസ്ഥന്റെ നഷ്ടമാണ് ജനറൽ സഹേദിയിലൂടെ സംഭവിച്ചത്. അപ്പോൾ ഇറാന്റെ തിരിച്ചടി അനിവാര്യമായിരുന്നു. ഇറാൻ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിലായിരുന്നു പലർക്കും സംശയം. പലരും കരുതി, ഇറാൻ പ്രോക്സിസിനെ ഉപയോഗിച്ച്, അതായത് ഹിസ്ബുള്ളേയെയോ ഷിയാ മൊബിലൈസേഷൻ യൂണിറ്റുകളെയോ ഉപയോഗിച്ച് ഇസ്രായേലി അസറ്റ്സിനെ ഉന്നം വെക്കുമെന്നാണ്. ഇസ്രായേലുപോലും പ്രതീക്ഷിച്ചിരുന്നത് അതാണ്.
ഞാൻ കഴിഞ്ഞയാഴ്ച ഇസ്രയേലിലുണ്ടായിരുന്നു. അവിടുത്തെ ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോൾ, അവർ പോലും പറഞ്ഞിരുന്നത്, നേരിട്ടുള്ളൊരു ആക്രമണത്തിനുള്ള സാധ്യത വളരെ വിരളമാണ് എന്നാണ്. കാരണം, അത്തരത്തിലൊരു റിസ്‌ക് ഇറാൻ എടുക്കില്ല. നേരെ തിരിച്ച്, നമ്മൾ ഹിസ്ബുള്ളയുടെ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്നാണ് അവർ പറഞ്ഞത്. പക്ഷെ ഇറാൻ എല്ലാവരെയും ഞെട്ടിക്കുകയാണുണ്ടായത്. അടിസ്ഥാനപരമായി, ഇറാനിൽനിന്ന് മൂന്നൂറോളം അറ്റാക് ഡ്രോൺസ്, ക്രൂസ് മിസൈൽസ്, ബാലിസ്റ്റിക് മിസൈൽസ് എന്നിവ ലോഞ്ച് ചെയ്ത് നേരിട്ട് ഇസ്രയേലിനെ ടാർഗെറ്റ് ചെയ്യുകയായിരുന്നു. അതും ഇസ്രായേലിന്റെ ഒരു മിലിട്ടറി ബേസിനെ, എയർ ബേസിനെ അറ്റാക്ക് ചെയ്യുന്നു. ചരിത്രത്തിൽ ഒരിക്കലും നടക്കാത്തൊരു കാര്യമാണത്. ഇതിനുമുമ്പ് ഇസ്രായേലിനെ ആരെങ്കിലും നേരിട്ട് ആക്രമിക്കുന്നത് 1991-ൽ സദാം ഹുസൈനാണ്. എന്നാൽ അദ്ദേഹം ഇസ്രായേലിനെ ആക്രമിക്കുന്നത് കുവൈറ്റ് യുദ്ധത്തിന്റെ ഭാഗമായിട്ടാണ്. നേരിട്ട് ഇസ്രായേലുമായിട്ടൊരു യുദ്ധം നടത്തുന്നതിനുവേണ്ടിയല്ല. ഇതിനുമുമ്പ് ഇസ്രായേലിനെ ഒരു രാജ്യം ആക്രമിക്കുന്നത് 1973-ൽഈജിപ്റ്റാണ്. 51 വർഷത്തിനുശേഷമാണ് പശ്ചിമേഷ്യയിൽ വേറൊരു രാജ്യം ഇസ്രായേലിനെതിരെ നേരിട്ടൊരു ആക്രമണം നടത്തുന്നത്.
![മൊഹ്‌സെൻ ഫക്രിസാദെ, സയ്യദ് റേസ മൊസാവി, റേസ മുഹമ്മദ് സഹേദി](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/04/rasa-muhammad-h3v0.webp)
ഇതുവഴി ഇറാൻ ഇസ്രായേലിന് ഒരു സന്ദേശമാണ് നൽകുന്നത്. അതിലൊന്ന് ഇറാന്റെ സൈനികശക്തി പ്രകടിപ്പിക്കുകയാണ്. കാരണം ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ മിസൈൽ ഡിഫെൻസ് സിസ്റ്റമാണ് ഇസ്രായേലിന്റേത്. അയൺ ഡോമുണ്ട്, ആരോയുണ്ട്, അതുമാത്രമല്ല, ഇസ്രായേലിന് മിസൈൽ ഡിഫൻസ് ലഭ്യമാക്കുന്നത് അമേരിക്കയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലെ ആക്രമണത്തിൽ ഇസ്രായേൽ മാത്രമല്ല അമേരിക്ക, ഫ്രാൻസ്, യു.കെ, ജോർദാൻ തുടങ്ങിയ അഞ്ച് രാജ്യങ്ങളാണ് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചത്. എന്നിട്ടും ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ഇസ്രായേലിന്റെ എയർ ബേസിൽ പതിച്ചു. അങ്ങനെ നോക്കുമ്പോൾ ഇറാൻ നൽകുന്ന സന്ദേശം അടിസ്ഥാനപരമായി, മൾട്ടി ലെയേർഡ് ആയ അത്രയും ശക്തമായ, മിസൈൽ ഡിഫൻസ് സംവിധാനം നിങ്ങൾക്കുണ്ടാകാം. പക്ഷെ ഇപ്പോഴും നിങ്ങളെ ആക്രമിക്കാനുള്ള കഴിവ് ഞങ്ങൾക്കുണ്ട് എന്നാണ്. ഇത്തവണ ഇറാൻ ആക്രമിച്ചത് ഇസ്രായേലിന്റെ ഒരു മിലിട്ടറി ബേസിനെയാണ്. പക്ഷെ നാളെയൊരു തുറന്ന യുദ്ധമുണ്ടായാൽ ഇറാന് ഇസ്രായേലിന്റെ ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ച്ചറിനെ ആക്രമിക്കണമെങ്കിൽ ആക്രമിക്കാം എന്ന സന്ദേശമാണിത്.
രണ്ടാമത്തെ സന്ദേശമെന്ന് പറയുന്നത്, ഇതുവരെയുള്ള ഒരു സ്റ്റാറ്റസ്‌കോ എന്നുപറയുന്നത്, ഇസ്രായേൽ യഥേഷ്ടം ഇറാനിയൻ അസറ്റ്സിനെയും അവിടുത്തെ ഉദ്യോഗസ്ഥരെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുക എന്നുള്ളതായിരുന്നു. അവിടെയൊക്കെ ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങൾ വളരെ ചെറുതായിരുന്നു. ഇനി മുതൽ പ്രതികരണം അങ്ങനെയല്ല എന്നാണ് ഇറാൻ നൽകുന്ന സൂചന. ഇസ്രായേൽ ഇറാന്റെ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയാൽ, നേരിട്ടുള്ളൊരു ആക്രമണത്തിന് ഇറാൻ തയ്യാറാണെന്നാണ് പറഞ്ഞുവെക്കുന്നത്. നിലനിൽക്കുന്ന അവസ്ഥ മാറ്റി പുതിയൊരു സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നാണ് ഇറാൻ നൽകുന്ന വേറൊരു സന്ദേശം. വേറൊരു രീതിയിൽ പറഞ്ഞാൽ ഇറാൻ ഇതുവരെ കാണിച്ചിരുന്ന തന്ത്രപരമായ ക്ഷമയുടെ കാലം കഴിഞ്ഞു. ഇനി പ്രവർത്തിയാണ് നടക്കാൻ പോകുന്നത്. ഇതൊരു അപകടകരമായ കളിയാണ്. കാരണം ഇസ്രായേൽ തിരിച്ചടിക്കും. വളരെ ശക്തമായ ഒരു ന്യുക്ലിയർ ഫോഴ്സാണ് ഇസ്രായേൽ. ഇസ്രായേൽ തിരിച്ചടിച്ച് കഴിഞ്ഞാൽ ഇറാന് വീണ്ടും പ്രതികരിക്കാതിരിക്കാൻ കഴിയില്ല. കാരണം സിറിയയിലെ ഒരു എംബസി ആക്രമിച്ചതിന് ഇറാൻ മുന്നൂറോളം മിസൈൽസും ഡ്രോണുകളും ഇസ്രായേലിനെതിരെ പ്രയോഗിച്ചെങ്കിൽ നാളെ ഇസ്രായേൽ ഇറാൻ അതിർത്തിക്കുള്ളിൽ ആക്രമണം നടത്തിക്കഴിഞ്ഞാൽ അവിടുത്തെ സർക്കാരിന് പ്രതികരിക്കാതിരിക്കാൻ പറ്റില്ല.
ഇതൊരു അപകടകരമായ കളിയാണ്. അപ്പോൾ ആ റിസ്‌ക്കെടുക്കാൻ തയ്യാറാണെന്നാണ് ഇറാൻ നൽകുന്ന മൂന്നാമത്തെ സന്ദേശം. 'നിങ്ങൾ ഞങ്ങളെ വീണ്ടും അടിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും' എന്നാണ് ഇറാൻ പറയാൻ ഉദ്ദേശിക്കുന്നത്. യുദ്ധത്തിന് തയ്യാറാണെന്നാണ് അതുവഴി അർഥമാക്കുന്നത്. ഇത്രയും കാലം അങ്ങനെയായിരുന്നില്ല. ഇത്രയും കാലം യുദ്ധം ഒഴിവാക്കുക എന്നതായിരുന്ന ഇറാന്റെ നയം. എന്നാലിപ്പോൾ ഇറാൻ പറയുന്നത് അങ്ങനെയല്ല. റിസ്‌ക്കെടുക്കാൻ ഞങ്ങൾ തയ്യാറാണെന്നാണ്. ഞങ്ങൾ യുദ്ധത്തിന് തയ്യാറാണെന്നാണ്. അവരുടെ തന്ത്രപരമായ ക്ഷമ അവസാനിച്ചിരിക്കുന്നു. ഈയോരു സന്ദേശമാണ് നൽകുന്നത്.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം, വലിയ സ്‌കെയിലിലുള്ള ഒരു യുദ്ധത്തിലേക്ക്, റഷ്യയും ഉക്രെയിനും തമ്മിൽ നടക്കുന്നതിനേക്കാൾ വലിയൊരു യുദ്ധത്തിലേക്ക് ലോകത്തെ കൊണ്ടുചെന്നെത്തിക്കുമോ? അത്തരമൊരു ഭീതി നാറ്റോയും യൂറോപ്യൻ രാഷ്ട്രങ്ങളുമെല്ലാം പ്രകടിപ്പിക്കുന്നുമുണ്ട്. അമേരിക്കക്കും സമാനമായ ആശങ്കയുണ്ട്. നേരിട്ട് ഓപ്പറേഷനിൽ പങ്കെടുക്കില്ലെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. ഭാവിയിൽ ഈ സംഘർഷം എങ്ങനെയാണ് തീവ്രമാകാൻ പോകുന്നത്. ഇസ്രയേൽ - പലസ്തീൻ പ്രശ്നം ഭാവിയിൽ മറ്റൊരു ലോകയുദ്ധം എന്ന തലത്തിലേക്ക് പരിണമിക്കാനുള്ള സാധ്യതകൾ എത്രത്തോളമാണ്?
ഇപ്പോഴത്തെ ഈ സംഘർഷാവസ്ഥയുടെ തീവ്രത ഇനിയും വർദ്ധിക്കാനുള്ള എല്ലാ സാധ്യതകളും അവിടെയുണ്ട്. പക്ഷേ, ഇസ്രായേൽ ഈ വിഷയത്തിൽ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. ഇറാൻ പറഞ്ഞത്, അവരുടെ ആക്രമണം ആത്മരക്ഷാർത്ഥമായിരുന്നു എന്നാണ്. ഇസ്രായേൽ ഇറാൻ കോൺസുലേറ്റിനെ ആക്രമിച്ചു. ഇറാന്റെ പരമാധികാരത്തെ ലംഘിക്കുന്ന നടപടിയായിരുന്നു അത്. ഇസ്രായേലിൻ്റെ ഈ ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നു തങ്ങൾ ചെയ്തത് എന്നാണ് ഇറാൻ പറഞ്ഞത്. ഇറാനെ സംബന്ധിച്ച് ഈ വിഷയം അവസാനിച്ചു എന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാനിയൻ മിഷനും അറിയിച്ചിരുന്നു. അതേ സമയം ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസി പഞ്ഞത്, ഇസ്രയേൽ ഇനിയും അക്രമം തുടരുകയാണെങ്കിൽ ഇറാൻ വലിയ തിരിച്ചടി നൽകും എന്നാണ്. ഇതൊരു യുദ്ധപ്രസ്താവനയാണെന്ന് പറയേണ്ടി വരും. അതുകൊണ്ടാണ് അമേരിക്കയും യൂറോപ്പുമെല്ലാം ഇസ്രായേലിനോട് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇസ്രായേലിന്റെ നീക്കങ്ങൾക്ക് അമേരിക്കൻ പിന്തുണയുണ്ടാവില്ലെന്ന് ബൈഡൻ നെതന്യാഹുവിനെ അറിയിച്ചു എന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമേരിക്ക ഇസ്രായേലിന്റെ പ്രതിരോധങ്ങളെ സഹായിക്കാനാവശ്യമായ സാധനങ്ങൾ എത്തിച്ചുനൽകും. പക്ഷേ, യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കില്ല. യുദ്ധം വലിയൊരു സ്‌കെയിലിലേക്ക് പോയാൽ ഇടപെടാതിരിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെങ്കിലും നിലവിൽ അമേരിക്കയുടെ നിലപാട് അതാണ്. അമേരിക്ക ഇത്തെരമൊരു നിലപാട് പരസ്യമായി തന്നെ സ്വീകരിക്കുമ്പോൾ അത് ഇസ്രായേലിനെ സാരമായി തന്നെ ബാധിക്കുന്നുമുണ്ട്.
![ഇബ്രാഹീം റൈസി](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/04/ebrahim-raisi-oj0x.webp)
കാരണം, ഇസ്രായേലുമായി ഒരു തുറന്ന യുദ്ധത്തിലേർപ്പെടാൻ ഇറാന് ഒറ്റക്ക് സാധിക്കില്ല. അതിന് അമേരിക്കയുടെ പിന്തുണ കൂടിയേ തീരൂ, പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ. കാരണം ഗാസയിലും യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. വടക്കൻ അതിർത്തിയിൽ ഹിസ്ബുള്ളയുമായുള്ള പ്രശ്നങ്ങൾ തീർന്നിട്ടില്ല. ഇവിടങ്ങളിലെല്ലാം ഇസ്രയേൽ കുറേയധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്. താരതമ്യേന ചെറിയൊരു രാജ്യമാണ് ഇസ്രായേൽ. പെട്ടെന്നൊരു യുദ്ധമുണ്ടായാൽ അതെല്ലാ കുടുംബങ്ങളെയും ബാധിക്കും. കാരണം, എല്ലാ കുടുംബത്തിൽ നിന്നും സൈനികരുള്ള രാജ്യമാണ് ഇസ്രായേൽ. അതുകൊണ്ടുതന്നെ അത്തരമൊരു സാഹചര്യത്തിൽ ഇറാനുമായൊരു തുറന്ന യുദ്ധം ഇസ്രായേലിന് എളുപ്പമാകില്ല എന്നത് ഉറപ്പാണ്. അമേരിക്കൻ പിന്തുണയില്ലാതെ അത്തരത്തിൽ ഒരു യുദ്ധത്തിലേക്ക് പോകുന്നത് അഭികാമ്യമായിരിക്കില്ലെന്ന് ഇസ്രായേലിനറിയാം. ബൈഡന്റെ പ്രസ്താവന ഇസ്രായേലിന്റെ സാധ്യതകളെ ബാധിക്കുമെന്നും ഉറപ്പ്.
അതേസമയം, ഇസ്രായേലിന് ഇതിനോട് പ്രതികരിക്കാതിരിക്കാനും കഴിയില്ല. ഇതാണ് നെതന്യാഹുവിനെ ധർമസങ്കടത്തിലാക്കുന്നത്. കാരണം ഇസ്രയേലിന്റെ പോളിസി തന്നെ അതിന്റെ ഡിറ്റെറൻസിലാണ്, കാരണം ഒരു എക്സിസ്റ്റെൻഷ്യൽ ആങ്ങ്സൈറ്റിയുള്ള രാജ്യമാണ് ഇസ്രായേൽ. ഹോളോകോസ്റ്റിനുശേഷം രൂപീകരിച്ചിട്ടുള്ള രാജ്യമായതുകൊണ്ടുതന്നെ സുരക്ഷയെക്കുറിച്ച് എപ്പോഴും ബോധവാൻമാരായിട്ടുള്ള രാജ്യമാണ് ഇസ്രായേൽ. ഒരുതരത്തിലുള്ള 'വിക്ടിംഹുഡ്' അവരുടെ സുരക്ഷാബോധത്തെ നയിക്കുന്നുണ്ട്. 'ലോകം മുഴുവൻ ഞങ്ങൾക്കെതിരാണ്, അതുകൊണ്ട് ശക്തരായേ മതിയാവൂ' എന്നൊരു തോന്നൽ അവർക്കുണ്ട്. ഇറാനെ അവർ കാണുന്നത് അവരുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഒരു വിഷയമായിട്ടാണ്. ആ ഇറാൻ ഇസ്രയേലിനെ നേരിട്ട് ആയുധങ്ങൾ കൊണ്ട് ആക്രമിക്കുകയാണ്. അതുകൊണ്ടുതന്നെ അതിനോട് പ്രതികരിക്കാതിരിക്കാൻ ഇസ്രയേലിന് കഴിയുകയുമില്ല. പക്ഷേ ആ പ്രതികരണം എങ്ങനെയുള്ളതായിരിക്കും എന്നുള്ളതാണ് വിഷയം. ഇറാനെ നേരിട്ട് ആക്രമിക്കുമോ അതോ അതാരു സൈബർ അറ്റാക്കായിരിക്കുമോ അതോ പടിഞ്ഞാറൻ ഏഷ്യയിൽ ഇറാനുമായി ചങ്ങാത്തമുള്ള മറ്റ് രാജ്യങ്ങളെ ആക്രമിക്കുമോ എന്നൊക്കെയാണ് അറിയാനുള്ളത്. ഇതിൽ ഏതായിരിക്കും ഇസ്രയേലിന്റെ നടപടി എന്നതിനെ ആശ്രയിച്ചിരിക്കും ഈ പ്രശ്നത്തിന്റെ ഭാവി. അതുകൊണ്ടുതന്നെ നെതന്യാഹുവിന്റെ മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി, വലിയ ആഘാതമേൽപ്പിക്കാതെ ഇറാനെ ആക്രമിക്കുക എന്നതാണ്. അതായത്, ഇതൊരു തുറന്ന യുദ്ധത്തിലേക്ക് പോകാതിരിക്കുക, അതേസമയം, ഇറാന്റെ ആക്രമണത്തിന് മറുപടി കൊടുക്കുക- ഇതാണ് ഇസ്രായേലിന്റെ മുന്നിലുള്ള പ്രതിസന്ധി. എന്തുതന്നെയായാലും നെതന്യാഹു എന്ത് തിരുമാനിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ പ്രശ്നത്തിന്റെ ഭാവി.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/04/sadham-hussain-vyez.webp)
വളരെ പ്രത്യേകതയുള്ളതാണ് ഇന്ത്യ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇറാൻ പക്ഷപാതിത്വത്തോടും ഇസ്രായേൽ പക്ഷപാതിത്വത്തോടും കൂടിയല്ലാതെ തന്നെ ഇറാനെതിരായ ആക്രമണത്തിന് മുതിരരുതെന്ന് എന്ന രീതിയിൽ തന്നെ ഇന്ത്യ പറഞ്ഞിട്ടുണ്ട്. പലസ്തീൻ- ഇസ്രായേൽ സംഘർഷത്തിലാകട്ടെ, പല നിലപാടുകളാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാടിനെ എങ്ങനെയാണ് വിശദീകരിക്കാൻ കഴിയുക?
ഇന്ത്യയുടെ പോളിസി മനസിലാക്കാൻ എളുപ്പമുള്ള ഒന്നാണ്. അതായത്, പശ്ചിമേഷ്യയിൽ തുറന്ന യുദ്ധം നമുക്ക് അഭികാമ്യമല്ല. നമ്മൾ പല കാര്യങ്ങളിലും പശ്ചിമേഷ്യയെ ആശ്രയിക്കുന്നുണ്ട്. ഒന്നാമതായി എനർജി. യുദ്ധമുണ്ടായാൽ എനർജി പ്രൈസ് മുകളിലോട്ട് പോകും. 80 ശതമാനത്തോളം നമ്മുടെ എനർജി ഡിമാൻഡ് മീറ്റ് ചെയ്യുന്നത് ഇറക്കുമതിയിലൂടെയാണ്. ഗൾഫിൽ മില്യൺ കണക്കിന് ഇന്ത്യക്കാരാണ് കഴിയുന്നത്. ഇസ്രായേലും ഇറാനുമായി യുദ്ധം ഉണ്ടാവുകയാണെങ്കിൽ, അമേരിക്ക ആ യുദ്ധത്തിൽപങ്കാളിയാവുകയാണെങ്കിൽ ഗൾഫ് രാജ്യങ്ങൾക്ക് ഒരു പൊസിഷൻ എടുക്കേണ്ടിവരും, പ്രത്യേകിച്ച് എല്ലാ ഗൾഫ് രാജ്യങ്ങളിലും അമേരിക്കയ്ക്ക് മിലിട്ടറി ബേസുണ്ട്. യു.എ.ഇയിൽ, സൗദി അറേബ്യയിൽ, ഖത്തറിൽ. തുറന്ന യുദ്ധമുണ്ടായാൽ ഈ രാജ്യങ്ങളിലെ സൈനിക ബേസുകളിൽ നിന്നും അമേരിക്ക ഇറാനെ ആക്രമിച്ചാൽ ഇറാൻ പറയുന്നത് ഈ രാജ്യങ്ങളെ ആക്രമിക്കുമെന്നാണ്. അപ്പോൾ ഇറാനിൽ നിന്ന് യു.എ.ഇയിലേക്കോ സൗദിയിലേക്കോ പേർഷ്യൻ കടലിലിടുക്ക് കടന്നാൽ ഈ രാജ്യങ്ങളായി. അപ്പോൾ ഒരു തുറന്ന യുദ്ധമുണ്ടായാൽ ഒരുപാട് പ്രശ്നങ്ങൾ നമ്മൾ നേരിടും. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗൾഫിലുള്ളത്. അവരുടെ ഉപജീവനം, തിരിച്ച് നാട്ടിലെത്തിക്കാനുള്ള ബുദ്ധിമുട്ട്, എനർജി വില വർധന അങ്ങനെ പലരീതിയിൽ യുദ്ധം നമ്മളെ ബാധിക്കും. ഒരു തുറന്ന യുദ്ധമുണ്ടാകാതിരിക്കലാണ് നമ്മുടെ പ്രഥമ താത്പര്യം.
രണ്ടാമതായി, ഇസ്രായേലും ഇറാനും പലതരത്തിൽ ഇന്ത്യയുടെ പങ്കാളികളാണ്. ഇസ്രായേൽ ഒരു ഡിഫൻസ് പാർട്ണറാണ്, പ്രത്യേകിച്ച് ഇപ്പോഴത്തെ ഗവൺമെന്റിന്റെ. ബി.ജെ.പി സർക്കാരിനെ സംബന്ധിച്ച് നെതന്യാഹുവുമായോ അവരുടെ പൊളിറ്റിക്കൽ സയണിസവുമായിട്ടോ പൊളിറ്റിക്കൽ ലിങ്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി നെതന്യാഹുവിനെ വിളിയ്ക്കുന്നത് 'മൈ ഫ്രണ്ട് നെതന്യാഹു'എന്നാണ്. നേരെ തിരിച്ച് പരമ്പരാഗതമായ ഇന്ത്യയുടെ വിദേശനയം വെച്ച് തന്നെ ഇറാൻ ഇന്ത്യയുടെ ചരിത്രപരമായ സുഹൃത്താണ് . മധ്യേഷ്യയിലേക്കുള്ള നമ്മുടെ ഗേറ്റ് വേയാണ്. ഇറാനിലെ ഛബഹർ തുറമുഖം പണിതതും ഓപ്പറേറ്റ് ചെയ്യുന്നതും നമ്മളാണ്. അപ്പോൾ ഇറാൻ നമ്മുടെ വളരെ പ്രധാനപ്പെട്ട സുഹൃദ് രാജ്യമാണ്.
![ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/04/modi-nethanyahu-iidz.webp)
ഏപ്രിൽ ഒന്നിന് ഇറാൻ കോൺസുലേറ്റ് ഇസ്രായേൽആക്രമിച്ചപ്പോൾ ഇന്ത്യ അന്ന് ആശങ്ക പ്രകടിപ്പിക്കുകയാണ് ചെയ്തത്. ഇന്ത്യ പറഞ്ഞത് it was distressed at the escalating situation in West Asia എന്നാണ്. പക്ഷെ ഇന്ത്യ ഇസ്രായേലിനെ അപലപിച്ചില്ല. perpetrator-നെ condemn ചെയ്തില്ല. ഒരു ഡിപ്ലോമാറ്റിക് സ്റ്റേറ്റ്മെന്റാണ് ഇന്ത്യ നടത്തിയത്. സമാനമായ നിലപാടാണ് ഇന്ത്യ കഴിഞ്ഞ ദിവസവും എടുത്തത്. ഇസ്രായേലിനെതിരെ ഇറാൻ ഇത്രയും വലിയ മിസൈലാക്രമണം നടത്തിയ ശേഷം വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന നോക്കിയാൽ കാണാം: 'we are seriously concerned about the escalation of the violence in the region, and we ask all sides to show restraint, step back from violence and return to talks’. ഇതാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യ ഇറാനെയും condemn ചെയ്തിട്ടില്ല.
ഇസ്രായേലിന്റെ പഴയ അംബാസഡറായ ഡാനിയൽ കാർമൺ ട്വീറ്റ് ചെയ്തത്, ‘as of a friend of India I am dissappointed by India's position’ എന്നാണ്. ‘we wanted to India to condemn this attack like many of our friends did’ എന്നാണ് ഡാനിയൽ കാർമൺ പറഞ്ഞത്. അപ്പോൾ ഇസ്രയേൽ ഇന്ത്യയുടെ നിലപാടിൽ സ്വാഭാവികമായും നിരാശരാണ്. ഇന്ത്യയെ സംബന്ധിച്ച് സ്പെസിഫിക്കലി perpetrators- നെ നമ്മൾ condemn ചെയ്യാറില്ല. ഒരു balanced act ആണ് ഇന്ത്യ സ്വീകരിക്കാറ്. ഇന്ത്യയുടെ അടിസ്ഥാന താൽപര്യം, യുദ്ധമൊഴിവാക്കുകയാണ്. അതിനുവേണ്ടിയാണ് ഇന്ത്യ പ്രവർത്തിക്കുന്നത്.