ഇന്ത്യക്കാരെ നാട്ടിലേക്കയച്ച
ട്രംപിന്റെ കുടിയേറ്റ വിരുദ്ധതയും
മോദിയുടെ നയതന്ത്ര പരാജയവും

അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 205 ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ യു.എസ് നാട്ടിലേക്ക് തിരിച്ചെത്തിച്ചിരിക്കുകയാണ്. കുറ്റവാളികളെപ്പോലെ ഇന്ത്യക്കാരെ മറ്റൊരു രാജ്യത്തിന്റെ സൈനികവിമാനത്തിൽ നാട്ടിലെത്തുമ്പോൾ അതിനെ സ്വാഗതം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് വലിയ നയതന്ത്ര പരാജയമാണ്. എങ്ങനെയാണ് ട്രംപിൻെറ കുടിയേറ്റ വിരുദ്ധതയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് വിലയിരുത്തുകയാണ് അലൻ പോൾ വർഗ്ഗീസ്.

മുൻപ് ട്രൂകോപ്പി തിങ്കിൽ എഴുതിയ ‘ഇന്റർനാഷണൽ റിലേഷൻസിന്റെ വാട്സാപ്പ് സിലബസുകൾ’ എന്ന ലേഖനത്തിൽ ഹൗടി മോദി, നമസ്തേ ട്രംപ് എന്നീ പരിപാടികളെ ഉദാഹരണമാക്കി ‘മൈ ഫ്രണ്ടിൽ നിന്ന് മൈ ഐഡന്റിറ്റിയിലേയ്ക്ക്’ചിന്തിക്കാൻ ബി.ജെ.പി സർക്കാർ തയ്യാറാകണം’ എന്നും ‘ട്രംപ് ഇന്ത്യയുടെ അതിലുപരി മോദിയുടെ കടുത്ത സുഹൃത്താണ് എന്ന മിഥ്യധാരണ മാറ്റണം’ എന്നും സൂചിപ്പിച്ചിരുന്നു. അന്ന് യു.എസ് പ്രസിഡന്റ് ഭരണം ജോ ബൈഡെനും ഡെമോക്രാറ്റിക് പാർട്ടിയും കയ്യാളുന്ന സമയമായിരുന്നു. നയതന്ത്രത്തിന്റെ ചിട്ടയായ അതിർത്തികൾക്ക് അപ്പുറത്തേയ്ക്ക് രാഷ്ട്രീയ സൗഹൃദം സ്ഥാപിക്കുന്നത് തിരിച്ചടിക്കും എന്ന ബാലപാഠം മോദി മറന്നപ്പോൾ ഡെമോക്രാറ്റ് ഭരണകാലത്ത് യു.എസ് ഇന്ത്യയ്ക്ക് എതിരായി ധാരാളം ഒളിയമ്പുകൾ അയച്ചതും നമ്മൾ മറന്ന് കൂടാ.
തെരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യൻ ഡയസ്പോറയുടെ വോട്ട് കിട്ടാൻ ഇന്ത്യക്കാരെ പുകഴ്ത്തിയപ്പോൾ മോദി-ഡോണൾഡ് ഭായ് ഭായ് എന്നെല്ലാം ആഘോഷിച്ച ഇന്ത്യൻ വലതുപക്ഷ എക്സ്, സാമൂഹിക മാധ്യമ ഹാൻഡിലുകൾ ഇന്ന് നിശ്ശബ്ദരാണ്. ഇന്ത്യയിലിരുന്ന് റിപ്പബ്ലിക്കൻ പാർട്ടിയ്ക്കുവേണ്ടി കയ്യടിച്ച വലതുപക്ഷ അനുകൂലികളും മൗനത്തിലാണ്. കാരണം 205 ഇന്ത്യക്കാരെ, അനധികൃത കുടിയേറ്റക്കാർ എന്ന് കണ്ടെത്തി യു.എസ് സൈനിക വിമാനത്തിൽ അമൃത്സർ എയർപോർട്ടിലേയ്ക്ക് അയച്ചിരിക്കുന്നു.

അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം തിരിച്ചയക്കുന്ന വ്യക്തികൾക്ക് നൽകേണ്ട മര്യാദയും ബഹുമാനവും ഒന്നും പാലിക്കാതെയാണ് യു.എസ് സൈനിക വിമാനം ഇന്ത്യയിലിറങ്ങിയത്.

അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം തിരിച്ചയക്കുന്ന വ്യക്തികൾക്ക് നൽകേണ്ട മര്യാദയും ബഹുമാനവും ഒന്നും പാലിക്കാതെയാണ് യു.എസ് സൈനിക വിമാനം ഇന്ത്യയിലിറങ്ങിയത്, അതിന് അനുമതി നൽകിയത്. ഒരു സാധാരണ എയർലൈനിനേക്കാൾ ചെലവ് കൂടിയ സൈനിക വിമാനത്തിൽ ഇന്ത്യൻ പൗരരെ തിരിച്ചയച്ചത് ചൂണ്ടിക്കാണിച്ച് അതിനെ ഒരു വി.ഐ.പി പരിഗണനയായി വ്യാഖ്യാനിക്കാൻ ഇന്ത്യൻ വലതുപക്ഷം ശ്രമിച്ചേക്കാം. പക്ഷെ സ്വാഭിമാനമുള്ള ഭാരതീയർക്ക് മനസിലാകും, സൈനിക വിമാനത്തിൽ അയക്കുന്നതിന്റെ അർത്ഥം ശത്രുവായോ അല്ലെങ്കിൽ കുറ്റവാളിയെ പോലെയാണോ ആണ് അവരെ തിരിച്ചയച്ചത് എന്ന്.

സൈനിക വിമാനമായ സി-17 ആണ് അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കാൻ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ യുഎസ് കസ്റ്റംസ് ആൻഡ് ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് (ഐസിഇ) നിയന്ത്രിക്കുന്ന കമർഷ്യൽ വിമാനങ്ങളാണ് ഡീപോർട്ടിങ് പ്രക്രിയകൾക്ക് ഉപയോഗിക്കുന്നത്. എന്നാൽ ഒരു സി 17 ഉപയോഗിക്കുന്നത് ഒരു അസാധാരണ നടപടിയായി വിദഗ്ദർ വിലയിരുത്തുന്നു. റോയിട്ടേഴ്സ് നടത്തിയ ഒരു താരതമ്യ പഠനത്തിൽ ഗ്വോട്ടിമാലയിലേയ്ക്ക് സമാനമായി സൈനിക വിമാനത്തിൽ ഡിപ്പോർട്ടിങ് നടത്തിയപ്പോൾ ഒരു വ്യക്തിയ്ക്ക് കുറഞ്ഞത് $4,675 ചെലവായി എന്നും എന്നാൽ സാധാരണ വിമാനമായിരുന്നെങ്കിൽ ചെലവ് വെറും $853 മാത്രമായിരിക്കും എന്ന് പറയുന്നുണ്ട്. നിലവിൽ 205 പേരെയാണ് ഇന്ത്യയിലേയ്ക്ക് യു.എസ് തിരിച്ചയച്ചത്. ഏകദേശം 18,000 ഇന്ത്യൻ പൗരരെ അനധികൃത കുടിയേറ്റക്കാർ എന്ന് മുദ്രകുത്തി തിരിച്ചയക്കാൻ യു.എസ് ഒരുങ്ങുന്നുണ്ട്.

ഇന്ത്യക്കാരെ തിരിച്ചയക്കാൻ വേണ്ടി  അമേരിക്ക ഉപയോഗിച്ച സൈനിക വിമാനം സി-17. ആളുകളെ തിരിച്ചയക്കാൻ  സി 17 ഉപയോഗിക്കുന്നത് അസാധാരണ നടപടിയായി വിദഗ്ദർ വിലയിരുത്തുന്നു.
ഇന്ത്യക്കാരെ തിരിച്ചയക്കാൻ വേണ്ടി അമേരിക്ക ഉപയോഗിച്ച സൈനിക വിമാനം സി-17. ആളുകളെ തിരിച്ചയക്കാൻ സി 17 ഉപയോഗിക്കുന്നത് അസാധാരണ നടപടിയായി വിദഗ്ദർ വിലയിരുത്തുന്നു.

കൊളംബിയ പഠിപ്പിക്കുന്ന പാഠം

അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചതും കൊളംബിയയുടെ മേൽ ഉപരോധം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതും പിന്നീട് അത് പിൻവലിച്ചതും അമേരിക്കയുടെ പ്രത്യേകിച്ച് ട്രംപിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ സംഭവത്തിന്റെ മുഴുവൻ വശവും നമ്മൾ പരിശോധിച്ചോ എന്നത് സംശയമാണ്. ‘You may win the battle but not the war’ എന്ന് പറയുന്ന പോലെയാണ് കാര്യങ്ങൾ. ട്രംപ് ജയിച്ചു എന്ന് പറയുമ്പോഴും യഥാർത്ഥ വിജയി കൊളംബിയയുടെ പ്രസിഡന്റ് ആയ ഗുസ്താവോ പെട്രോ ആണ്. ഗുസ്താവോ പെട്രോയുടെ എക്സ് പോസ്റ്റുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടെങ്കിലും ആദ്യ ഘട്ടത്തിൽ മുഖ്യധാരാ മാധ്യമങ്ങൾ അത് കണ്ടില്ല എന്ന് നടിച്ചു. എന്നാൽ പതിയേ അൽപ്പം ക്രിട്ടിക്കൽ ആയിട്ടെങ്കിലും ബ്ലൂം ബർഗ്ഗും മറ്റും കവർ ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയുടെ മിലിട്ടറി പ്ലെയിനിൽ ഡിപ്പോർട്ട് ചെയ്യാനുളള ശ്രമത്തെ കൊളംബിയ തടയുകയും കുറ്റവാളികളെ പോലെ തങ്ങളുടെ പൗരരെ കൊണ്ട് വരാൻ തയ്യാറല്ല എന്ന് പെട്രോ അറിയിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് യു.എസും കൊളംബിയയും ഒരു തീരുമാനത്തിൽ വരികയും കൊളംബിയ തങ്ങളുടെ സ്വന്തം വിമാനങ്ങളിൽ അവരെ തിരിച്ചുകൊണ്ടു വരികയും ചെയ്തു. തിരിച്ചുവന്നവർക്ക് വായ്പയും മറ്റും സഹായവും ഗുസ്താവോ പെട്രോ പ്രഖ്യാപിച്ചിട്ടുണ്ട്. “Our compatriots come from the United States free, dignified, without being handcuffed. The migrant is not a criminal, he is a human being who wants to work and progress, to live life” എന്നാണ് എക്സ് പോസ്റ്റിൽ പെട്രോ പറഞ്ഞത്.

നയതന്ത്ര സൗഹൃദത്തിൽ നിന്ന് വിധേയത്വത്തിലേക്ക് ഇന്ത്യയെ ഇടിച്ചുവീഴ്ത്താൻ അമേരിക്ക നിരന്തരം ശ്രമിക്കുമ്പോഴും ഒരു പ്രതിരോധം നടത്താൻ പോലും നരേന്ദ്രമോദിയുടെ വിദേശനയവ്യൂഹത്തിന് കഴിയുന്നില്ല

നരേന്ദ്രമോദിയുടെ നയതന്ത്രം പരാജയപ്പെടുന്നത് ഇവിടെയാണ്. തന്റെ രാജ്യത്തെ പൗരരെ കുറ്റവാളികളെ പോലെ കൊണ്ടുവരാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ ഗുസ്താവോ പെട്രോ സ്വന്തം രാജ്യത്തിന്റെ വിമാനങ്ങൾ അയച്ചു കൊളംബിയൻ പൗരരെ അന്തസ്സോടെ തിരിച്ചുകൊണ്ടുവന്നു. മുൻ കാല ലേഖനങ്ങളിൽ പരാമർശിച്ച പോലെ “My Identity” യിൽ ശ്രദ്ധ പതിപ്പിക്കണം എന്ന് പറഞ്ഞത് ഇത് കൊണ്ടാണ്. തങ്ങളുടെ കൈകൾ കെട്ടിയിരുന്നുവെന്നും കാലുകളിൽ ചങ്ങലയിട്ടിരുന്നുവെന്നും ഇന്ത്യയിലെത്തിയവർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈനിക വിമാനത്തിൽ കുറ്റവാളികളെ പോലെയല്ല, അർഹമായ പരിഗണനയോടെ സാധാരണ വിമാനത്തിൽ അയക്കാനും അതിനുശേഷം അനധികൃത കുടിയേറ്റങ്ങൾ തടയാനുള്ള നടപടികൾ പരസ്പര സഹകരണത്തോടെ സ്വീകരിക്കാം എന്നും പറയാൻ കേന്ദ്ര സർക്കാരിന് കഴിയാത്തത് എന്തുകൊണ്ടാണ്? നയതന്ത്ര സൗഹൃദത്തിൽ നിന്ന് വിധേയത്വത്തിലേക്ക് ഇന്ത്യയെ ഇടിച്ചുവീഴ്ത്താൻ അമേരിക്ക നിരന്തരം ശ്രമിക്കുമ്പോഴും ഒരു പ്രതിരോധം നടത്താൻ പോലും നരേന്ദ്രമോദിയുടെ വിദേശനയവ്യൂഹത്തിന് കഴിയുന്നില്ല. കൊളംബിയ ചെയ്തത് പോലെ തങ്ങളുടെ പൗരരെ അന്തസ്സോടെ കൊണ്ട് വരാൻ കഴിയാതെ പോയത് ഒരു നയതന്ത്ര പരാജയം തന്നെയാണ്.

അമേരിക്കയുടെ മിലിട്ടറി പ്ലെയിനിൽ ഡിപ്പോർട്ട് ചെയ്യാനുളള ശ്രമത്തെ കൊളംബിയ തടയുകയും കുറ്റവാളികളെ പോലെ തങ്ങളുടെ പൗരരെ കൊണ്ട് വരാൻ തയ്യാറല്ല എന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ നില​പാടെടുക്കുകയും ചെയ്തു.
അമേരിക്കയുടെ മിലിട്ടറി പ്ലെയിനിൽ ഡിപ്പോർട്ട് ചെയ്യാനുളള ശ്രമത്തെ കൊളംബിയ തടയുകയും കുറ്റവാളികളെ പോലെ തങ്ങളുടെ പൗരരെ കൊണ്ട് വരാൻ തയ്യാറല്ല എന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ നില​പാടെടുക്കുകയും ചെയ്തു.

ഒപ്പം, എന്താണ് ട്രംപ് എന്നും എങ്ങനെയാണ് യു എസിന്റെ താത്പര്യങ്ങൾ ഇന്ത്യയ്ക്ക് ദോഷമാകുന്നത് എന്നും മനസിലാക്കാൻ സഹായിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കുടിയേറ്റ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത് ഒരു രാജ്യത്തിന്റെയും അതിന്റെ ഭരണാധികാരിയുടെയും താത്പര്യമാണ്. അത് ശരിയോ തെറ്റോ എന്നത് മറ്റൊരു വിഷയം. എന്നാൽ അന്യരാജ്യത്തെ പൗരരെ ബഹുമാനത്തോടെ പരിഗണിക്കാനും ഡിപ്പോർട്ട് ചെയ്യപ്പെടുന്ന മനുഷ്യരോട് പുലർത്തേണ്ട മര്യാദകളും അന്താരാഷ്ട്ര സംഘടനകളും മറ്റും നിഷ്കർഷിച്ചിട്ടുണ്ട്. ഇനി അതെല്ലാം മാറ്റി നിർത്തിയാലും നിലവിലെ നയതന്ത്ര, ആഗോള ക്രമത്തിൽ ഇന്ത്യയ്ക്കുള്ള പ്രാധാന്യം മനസിലാക്കി അതിനെ അംഗീകരിച്ച് ഇന്ത്യൻ പൗരരെ ബഹുമാനത്തോടെ തിരിച്ചയക്കേണ്ട ഉത്തരവാദിത്തം അമേരിക്കയ്ക്ക് ഉണ്ട്. എന്നാൽ ഒരു ജന്മിയ്ക്ക് അടിയാനോടുള്ള മനോഭാവത്തോടെ മാത്രമാണ് ഒരു കോളനി പൂർവ രാജ്യത്തോട് പെരുമാറുകയുള്ളു എന്ന കിസ്സിഞ്ചർ നയം തങ്ങൾ ഉപേക്ഷിക്കുകയില്ല എന്നാണ് ഈ സംഭവത്തോടെ യു.എസ് വീണ്ടും വിളിച്ചു പറയുന്നത്. ഇനി ബാക്കിയാകുന്നത് വലതുപക്ഷ ക്യാമ്പുകൾ നടത്തിയ പ്രചാരണങ്ങൾ മാത്രമാണ്. മോദിയുടെ വിദേശനയവും തന്ത്രങ്ങളും അല്ലെങ്കിൽ ഹിന്ദുത്വ ഡിപ്ലോമസി വഴി നമ്മൾ ഉണ്ടാക്കി എന്ന് പറയപ്പെടുന്ന നേട്ടങ്ങൾ എന്തൊക്കെയാണ്?

ഏഷ്യൻ രാജ്യങ്ങൾക്ക് യു.എസ്.എ വിശ്വസനീയമല്ലാത്ത സഖ്യകക്ഷിയാണെന്ന് ചരിത്രം വീണ്ടും തെളിയിക്കുന്നു. വാഷിംഗ്ടണിന്റെ ഏക ലക്ഷ്യം ഇന്ത്യയെ ചൈനയ്ക്കെതിരായ ഒരു ഉത്തേജകമായി സ്ഥാപിക്കുക എന്നതാണ് എന്നത് ഒരു വസ്തുതയാണ്.

ചൈനയെ പ്രതിരോധിക്കാൻ ‘ക്വാഡ്’ സഖ്യത്തിൽ ഇന്ത്യ ചേർന്നു. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ച് യു.എസ് യുദ്ധകപ്പലായ യു.എസ്.എസ് ജോൺ പോൾ രാജ്യത്തിന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ പ്രവേശിച്ചു. യാതൊരു മടിയുമില്ലാതെ തങ്ങൾ പ്രവേശിച്ചുവെന്നും ഇനിയും പ്രവേശിക്കുമെന്നും യുദ്ധക്കപ്പൽ അറിയിച്ചു. ഇതുകൂടാതെ 2017-ൽ പെന്റഗൺ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ അമേരിക്ക ഇന്റലിജൻസ് പരിശോധന നടത്താറുണ്ട്. ഇന്ത്യ - കാനഡ തർക്ക വിഷയത്തിൽ ജോ ബൈഡനും ഋഷി സുനാകും നിലകൊണ്ടത് കാനഡയുടെ കൂടെയാണ്. അതിന് ശേഷം ട്രംപ് കാനഡയെ അമേരിക്കയുടെ ഭാഗമാക്കും എന്ന് പറഞ്ഞതും കേട്ടപ്പോൾ ഇന്ത്യൻ വലതുപക്ഷത്തിലെ ചിലരെങ്കിലും വിചാരിച്ചത് ഇന്ത്യയ്ക്ക് വേണ്ടി ട്രംപ് സംസാരിക്കുന്നു അല്ലെങ്കിൽ പ്രവർത്തിക്കുന്നു എന്ന രീതിയിലാണ്. എന്നാൽ യു.എസിന്റെ കണ്ണിൽ ഇന്ത്യ കോളനി പൂർവ രാജ്യങ്ങളിൽ ഒന്ന് മാത്രം എന്ന് ട്രംപ് വീണ്ടും തെളിയിച്ചു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് കൂടാതെ ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് മേൽ തീരുവ ചുമത്താനും ട്രംപ് ആലോചിക്കുന്നുണ്ട്.

ഇന്ത്യയെ ‘Tariff abuser’ എന്നൊക്കെ ട്രംപ് വിശേഷിപ്പിച്ചിട്ടുണ്ട്. വിജയത്തിനുശേഷം ട്രംപ് വാണിജ്യയുദ്ധം ആരംഭിച്ചതോടെ ഇന്ത്യയും ജാഗ്രതയോടെ കാര്യങ്ങൾ വീക്ഷിക്കുകയാണ്. ഈ സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോൾ 1,600 സി.സിയോ അതിൽ കൂടുതലോ എഞ്ചിൻ ശേഷിയുള്ള മോട്ടോർ സൈക്കിളുകളുടെ കസ്റ്റംസ് തീരുവ ഇന്ത്യ 50 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറച്ചു. പ്രൊട്ടക്ഷനിസ്റ്റ് നയങ്ങൾ ഉപേക്ഷിക്കാം എന്ന സന്ദേശം നൽകുന്ന ചില നടപടികളാണ് ഇന്ത്യയിപ്പോൾ സ്വീകരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ അമേരിക്കയുടെ ഭീഷണികളോട് വഴങ്ങുന്ന നയങ്ങൾ കേന്ദ്ര സർക്കാർ സ്വീകരിക്കുകയാണ്. കടുത്ത നെഹ്രു വിമർശകനായ ഭരത് കർണാട് മോദിയുടെ വിദേശനയത്തെ വിശേഷിപ്പിച്ചത് ‘ബലമുള്ളവരെ തൊഴുന്ന, ബലഹീനരെ ദ്രോഹിക്കുന്ന' നയമെന്നാണ്. 2014- ൽ മോദി അധികാരത്തിൽ വരുമ്പോൾ കടുത്ത മോദിപക്ഷക്കാരനായിരുന്ന ഭരത് കർണാട് ഇന്ന് കടുത്ത മോദി വിമർശകനാണ്.

കൈയിലും കാലിലും ചങ്ങലയിട്ട കുടിയേറ്റക്കാർ
കൈയിലും കാലിലും ചങ്ങലയിട്ട കുടിയേറ്റക്കാർ

ഏഷ്യൻ രാജ്യങ്ങളുടെ പുരോഗതിയും സമാധാനപരമായ പരിവർത്തനങ്ങളും ബഹുധ്രുവ ലോകത്തിലൂടെ മാത്രമേ സാധ്യമാകൂ. ബഹുധ്രുവ ലോകത്തിന്റെ സൃഷ്ടിയെ യു.എസ് മേധാവിത്വത്തിന്റെ തകർച്ചയായി വിവർത്തനം ചെയ്യാൻ കഴിയും. ഏഷ്യൻ രാജ്യങ്ങൾക്ക് യു.എസ്.എ വിശ്വസനീയമല്ലാത്ത സഖ്യകക്ഷിയാണെന്ന് ചരിത്രം തെളിയിക്കുന്നു. വാഷിംഗ്ടണിന്റെ ഏക ലക്ഷ്യം ഇന്ത്യയെ ചൈനയ്ക്കെതിരായ ഒരു ഉത്തേജകമായി സ്ഥാപിക്കുക എന്നതാണ് എന്നത് സ്ഥിരമായ ഒരു വസ്തുതയാണ്. ഇറക്കുമതി-കയറ്റുമതി ഡാറ്റ സൂക്ഷ്മമായി പരിശോധിച്ചാൽ, ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വളരെ ചുരുക്കം ഉൽപ്പന്നങ്ങളിൽ മാത്രമായി ഒതുങ്ങുന്നതിനാൽ ഇന്ത്യൻ ഉൽപ്പാദന മേഖലയ്ക്ക് ഇത് കൊണ്ട് വലിയ പ്രയോജനമില്ലെന്ന് വ്യക്തമാകും. ചൈനയിൽ നിന്ന് സ്വയം വേർപെടുത്തുന്നതിലോ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിലോ യുഎസ്എ പരാജയപ്പെട്ടു. ചൈനയുമായുള്ള യുഎസ്എയുടെ വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് പൂർണ്ണമായും ഗുണകരമല്ല. യു.എസ്.എ യുദ്ധം തോൽക്കുന്നതിനൊപ്പം, ചൈനീസ് കമ്പനികൾ ഏഷ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന ഭീഷണിയും ഉണ്ട്. അത് ഇന്ത്യയുടെ താത്പര്യങ്ങൾക്ക് ദ്രോഹം ചെയ്തേക്കാം.

MAGA (Make America Great Again) എന്ന മുദ്രാവാക്യത്തിൽ അമേരിക്ക ‘ഗ്രേറ്റ്’ ആകുന്ന വരെ പണിയെടുക്കാനുള്ളവർ മാത്രമാണ് ഇന്ത്യക്കാർ എന്നതിന്റെ പ്രതിഫലനമാണ്, വർധിച്ചു വരുന്ന ഇന്ത്യൻ വിരുദ്ധത.

ട്രംപിന്റെ വിജയത്തിനുശേഷം ട്വിറ്ററിൽ കണ്ട ഒരു പ്രതിഭാസം ചർച്ച ചെയ്തുകൊണ്ട് ഉപസംഹരിക്കാം. ഒന്ന് അമേരിക്കൻ വംശീയ വലതുപക്ഷ ഹാൻഡിലുകൾ ഇന്ത്യൻ വംശജർക്കും പൊതുവേ ഇന്ത്യൻ പൗരർക്കും എതിരെ നടത്തിയ അധിക്ഷേപങ്ങളും പ്രചാരങ്ങളും ആണ്. MAGA (Make America Great Again) എന്ന മുദ്രാവാക്യത്തിൽ അമേരിക്ക ഗ്രേറ്റ് ആകുന്ന വരെ പണിയെടുക്കാൻ വേണ്ടി മാത്രം ഇന്ത്യക്കാരുടെ ആവശ്യമുള്ളൂ എന്നതിന്റെ പ്രതിഫലനമാണ് വർധിച്ചു വരുന്ന ഇന്ത്യൻ വിരുദ്ധത. ഇന്ത്യയിൽ നിന്ന് കുടിയേറിവരുടെ കൂടി ഫലമായിട്ടാണ് അമേരിക്ക ഒരു സാമ്രാജ്യമായി മാറിയത് എന്ന് ഈ വംശീയവാദികൾക്ക് ഇന്ത്യൻ എക്സ് ഹാൻഡിലുകൾ മറുപടി കൊടുത്തു. ആ മറുപടിയിൽ വലിയ അതിശയോക്തി ഇല്ല. എന്നാൽ MAGA എന്നത് വലതുപക്ഷ വെളുത്ത വംശീയതയുടെ നവീന രൂപമാണ് എന്ന് മനസ്സിലാക്കാൻ ഇന്ത്യൻ വലതുപക്ഷത്തിനു കഴിയാതെ പോകുന്നിടത്താണ് പ്രശ്നം.

കുറ്റവാളികൾ എന്ന പോലെ സൈനിക വിമാനങ്ങളിൽ ഇന്ത്യൻ പൗരരെ ഇവിടെ ഇറക്കാൻ ഇനിയും അനുവദിക്കുകയാണെങ്കിൽ, ജവഹർലാൽ നെഹ്റു അടക്കമുള്ളവർ രൂപപ്പെടുത്തിയെടുത്ത ഇന്ത്യൻ നയതന്ത്രത്തിന്റെ ഭദ്രതയും സമഗ്രതയും മോദി നശിപ്പിക്കുകയാണ് എന്ന് വിലയിരുത്തേണ്ടിവരും.
കുറ്റവാളികൾ എന്ന പോലെ സൈനിക വിമാനങ്ങളിൽ ഇന്ത്യൻ പൗരരെ ഇവിടെ ഇറക്കാൻ ഇനിയും അനുവദിക്കുകയാണെങ്കിൽ, ജവഹർലാൽ നെഹ്റു അടക്കമുള്ളവർ രൂപപ്പെടുത്തിയെടുത്ത ഇന്ത്യൻ നയതന്ത്രത്തിന്റെ ഭദ്രതയും സമഗ്രതയും മോദി നശിപ്പിക്കുകയാണ് എന്ന് വിലയിരുത്തേണ്ടിവരും.

ഒരു രാജ്യത്തിന്റെ പ്രൊട്ടക്ഷനിസ്റ്റ് നിലപാട്, പ്രത്യേകിച്ച് ആഗോളവത്കരണത്തിന് നേതൃത്വം നൽകിയ ആഗോള സമ്പദ് വ്യവസ്ഥയുടെ കർതൃത്വമുള്ള യു.എസ് പ്രൊട്ടക്ഷനിസ്റ്റ് നയങ്ങൾ, സ്വീകരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ദോഷം ചെയ്യുമെന്ന് മനസ്സിലാക്കാൻ കഴിയാതെ പോയത് ഇന്ത്യയിലെ ട്രംപ് അനുകൂലികളുടെ പരാജയമാണ്. ഈ ഘട്ടത്തിൽ അമേരിക്കയുടെ ഉദ്ദേശ്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതിനോടൊപ്പം ഭരത് കർണാടിന്റെ വിമർശനങ്ങൾ ശരിവെയ്ക്കുന്ന രീതിയിൽ, ശക്തിയുള്ളവനോട് വിധേയപ്പെടുന്ന നയം സ്വീകരിച്ച ബി.ജെ.പി സർക്കാർ ചോദ്യം ചെയ്യപ്പെടണം. കാരണം, വരും കാലത്ത് അമേരിക്കയെ ഭയപ്പെട്ട് തീരുവ കുറയ്ക്കുവാനും കുറ്റവാളികളെപ്പോലെ സൈനിക വിമാനങ്ങളിൽ ഇന്ത്യൻ പൗരരെ ഇവിടെ ഇറക്കുവാനും വഴങ്ങുകയാണെങ്കിൽ ജവഹർലാൽ നെഹ്റു അടക്കമുള്ള നേതാക്കൾ രൂപപ്പെടുത്തിയെടുത്ത ഇന്ത്യൻ നയതന്ത്രത്തിന്റെ ഭദ്രതയും സമഗ്രതയും മോദി നശിപ്പിക്കുകയാണ് എന്ന് വിലയിരുത്തേണ്ടിവരും.

ഇപ്പോൾ നടക്കുന്ന ഡീപോർട്ടഷൻ വിഷയത്തിൽ 2024-ലും ഡീപോർട്ടഷൻ ഉണ്ടായല്ലോ എന്ന് ചോദിക്കുന്നവർ ഓർക്കേണ്ടത് അന്ന് ചാർട്ടേഡ് വിമാനങ്ങളിലാണ് അവരെ തിരിച്ചയച്ചത് അല്ലാതെ സൈനിക വിമാനത്തിൽ അല്ല എന്നതാണ്. ഇറാഖ് യുദ്ധ കാലത്ത് ഇന്ത്യൻ പൗരരെ സൈനിക വിമാനങ്ങളിൽ തിരികെ കൊണ്ട് വന്നതിനോട് ചേർത്ത് വയ്ക്കുന്നവരുണ്ട്. എന്നാൽ യു.എസിൽ എവിടെയാണ് യുദ്ധ സാഹചര്യം? ഗ്വോട്ടിമാലയിലേക്ക് സൈനിക വിമാനത്തിൽ കൊണ്ട് പോയല്ലോ ഇന്ത്യയിലേയ്ക്ക് അങ്ങനെ ചെയ്താൽ എന്ത് കുഴപ്പമെന്ന് ചോദിക്കുന്നവരോട് എന്ത് പറയാനാണ്?

ഡോങ്കി റൂട്ടുകൾ വഴി അനധികൃതമായി യു.എസിൽ പ്രവേശിക്കുന്നതിലും ആ ശ്രമത്തിൽ മരണപ്പെടുന്നവരിലും നല്ലൊരു പങ്ക് ഇന്ത്യൻ പൗരരും ഗുജറാത്ത് സ്വദേശികളുമാണ്. എന്ത് കൊണ്ടാണ് ഗുജറാത്തികൾ അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നത് എന്നും എന്താണ് ഗുജറാത്തിലുള്ള സാമ്പത്തിക സാമൂഹിക പ്രശ്നമെന്നും കേന്ദ്ര സർക്കാർ അന്വേഷിക്കാനും പഠനം നടത്താനും ശ്രമിക്കേണ്ടതുണ്ട്.

(അഭിപ്രായങ്ങൾ വ്യക്തിപരം)

Comments