ജനുവരി 20, അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ദിനം. യഥാർത്ഥ ജനാധിപത്യവും അടിസ്ഥാന മനുഷ്യാവകാശമൂല്യങ്ങളും നിലനിർത്തുന്നതിൽ, ലോകത്തിനാകമാനം, നിർണായകമായ ദിവസവും വഴിത്തിരിവുമായിരിക്കും ഈ ദിവസം.
കമലാ ഹാരിസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ, ‘വിമൻ ഫോർ ഹാരിസ്- വാൾസ് ' (Women for Haris -Walls) എന്ന ഏറ്റവും വലിയ ഗ്രാസ് റൂട്ട് കൂട്ടായ്മയുടെ നാഷണൽ വോട്ടിംഗ് റൈറ്റ്സ് വിഭാഗത്തിന്റെ (National Voting Rights) ലീഡ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനാൽ, ഞാൻ ആദ്യാവസാനം എല്ലാറ്റിലും സജീവമായി പങ്കെടുത്തു. അമേരിക്കയിലെ 47 സംസ്ഥാനങ്ങളിൽ നിന്നായി പത്തു ലക്ഷത്തിലധികം സ്ത്രീകൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ആ കാമ്പയിനിൽ പങ്കെടുത്തത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. കമല ഹാരിസിന്റെ ഓരോ പൊതുയോഗവും ഒരു ഉത്സവം പോലെയായിരുന്നു - സന്തോഷവും പ്രതീക്ഷയും നിറഞ്ഞത്. എല്ലാ സ്ത്രീകൾക്കും വേണ്ടി ആ ഗ്ലാസ് സീലിംഗ് തകർത്ത് മുന്നേറുക എന്നുള്ളതായിരുന്നു ഞങ്ങളുടെ മന്ത്രം.

ഇതുവരെ, മഷിയിട്ട് നോക്കിയാൽ പോലും കാണാതിരുന്ന, ഒന്നിലും പങ്കുചേരാതിരുന്ന എന്റെ പല പ്രവർത്തകരും കമല ഹാരിസ് വന്നതോടെ സജീവമായി രംഗത്തിറങ്ങി. പല ആളുകൾക്കും ഹാരിസിന്റെ കാമ്പയിൻ അവരുടേതായ കാരണങ്ങളാൽ പ്രധാനപ്പെട്ടതായിരുന്നു. ഹിലരി ക്ലിന്റൻ ട്രംപിനോട് പരാജയപ്പെട്ടപ്പോൾ മനം തകർന്ന ഡെമോക്രാറ്റ് സ്ത്രീകൾക്ക് ഇത് ഒരു പുതിയ പ്രതീക്ഷയായി. ട്രംപിനോട് തിരിച്ചടിക്കാനും അമേരിക്കയിൽ ആദ്യമായി ഒരു സ്ത്രീയെ പ്രസിഡന്റ് ആക്കാനുമുള്ള രണ്ടാമത്തെ അവസരമായിട്ടാണ് അവർ ഇതിനെ കണ്ടത്.
കറുത്ത വർഗ്ഗക്കാർ കമലയെ അവരുടെ സ്വന്തം സഹോദരിയായിട്ടാണ് കരുതിയത്. അമേരിക്കയിലെ വംശീയതയ്ക്കും വ്യവസ്‌ഥാപിത വർണ്ണവിവേചനത്തിനുമെതിരെ പോരാടാൻ അവർക്ക് ഒരാളായതുപോലെ. കറുത്ത വനിതാ നേതാക്കൾ അവരുടെ സമൂഹത്തോട് ഒരു കറുത്ത വ്യക്തിയായി മുദ്രകുത്തപ്പെടാൻ അവർ എത്ര കറുത്തവരായിരിക്കണമെന്ന് ചോദ്യം ചെയ്യരുതെന്ന് പറഞ്ഞു. ‘കമല നമ്മുടെ ആളാണ്’, എന്നവർ ഉറക്കെത്തന്നെ വിളിച്ചുപറഞ്ഞു.
പക്ഷേ ഏറ്റവും സങ്കടകരമായ കാര്യം, ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആകാൻ പോകുന്ന, ഇന്ത്യൻ വംശജയായ ഒരു സഹോദരിയെ പിന്തുണയ്ക്കാൻ നമ്മുടെ ഇന്ത്യാക്കാർ ആവേശം കാണിച്ചില്ല എന്നുള്ളതാണ്. വേദനയോടെ ഞാൻ മനസ്സിലാക്കിയ ഒരു കാര്യം. ഇന്ത്യക്കാർ കമലാ ഹാരിസിനെ പിന്തുണച്ചില്ലെന്ന് മാത്രമല്ല, കൂടുതൽ പേരും ട്രംപിന്റെ കടുത്ത ആരാധകരായിരുന്നു എന്നുള്ളതാണ്. കുടുംബ മൂല്യങ്ങളെക്കുറിച്ചും, നമ്മൾ ഒരുമിച്ച് നിൽക്കണമെന്നും, ഒരുമിച്ച് നിന്നാൽ വലിയ ശക്തിയാണെന്നും പറയുന്ന ഇന്ത്യാക്കാർ, കമലയെ നമ്മുടെ ആളായി കാണാൻ പോലും തയ്യാറായില്ല.

ഭിന്നശേഷിക്കാരെ പരിഹസിക്കുന്ന ട്രംപിനെ എന്റെ ക്രിസ്ത്യൻ സുഹൃത്തുക്കൾ ബൈബിൾ ഉദ്ധരിച്ച് ന്യായീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് തീരെ മനസ്സിലായില്ല. സ്ത്രീകളെ അപമാനിക്കുന്നത് പുരുഷസദസ്സുകളിൽ വീരസ്യം പോലെ വിളമ്പുന്ന ട്രംപിനെ ഇവർക്ക് എങ്ങനെയാണ് പിന്തുണയ്ക്കാൻ കഴിഞ്ഞത്?
അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട്, കഴിവ് തെളിയിച്ചിട്ട് പോലും ഇന്ത്യക്കാർ കമലാ ഹാരിസിനെക്കുറിച്ച് എന്തൊക്കെ ആരോപണങ്ങളാണ് ഉന്നയിച്ചത്. കരിയറിൽ മുന്നേറുന്ന സ്ത്രീകളുടെ കാര്യത്തിൽ സ്വഭാവഹത്യ നടത്താൻ മടിക്കാത്തവർ, പുരുഷന്മാരുടെ കാര്യത്തിൽ വ്യത്യസ്ത മാനദണ്ഡം പുലർത്തുന്നു. അതുകൊണ്ടാണല്ലോ, കോടതി തെളിയിച്ച ട്രംപിന്റെ ലൈംഗിക അതിക്രമങ്ങളെ വെറും ‘തെറ്റായ കോടതി വിധി' എന്നും ‘ആണത്തത്തിന്റെ അടയാളം' എന്നും പറഞ്ഞ് അവർ തള്ളിക്കളഞ്ഞത്.
നവംബർ ആറിന് രാത്രി ട്രംപ് ജയിച്ചപ്പോൾ മനസ്സ് ശരിക്കും തകർന്നു. ട്രംപിനോടുള്ള ഇന്ത്യാക്കാരുടെ ഭ്രമം ഞാൻ നേരിട്ട് കണ്ടതാണ്, അത് പ്രതീക്ഷിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു മായാലോകത്തിലെ ആഘോഷങ്ങളിൽ നിന്ന് പെട്ടെന്ന് ഇരുട്ടിലേക്ക് വീണതു പോലെയാണ് തോന്നിയത്. ട്രംപിന് വോട്ട് ചെയ്ത ഒരു സുഹൃത്ത് പറഞ്ഞു; ‘‘രാജ്യത്തിന് നല്ല സാമ്പത്തിക വളർച്ച കൊണ്ടുവരും എന്നുറപ്പുള്ളതുകൊണ്ടാണത്രേ അവർ വോട്ട് ചെയ്തത്’’.
ജോർജിയ, പെൻസിൽവാനിയ, മിഷിഗൺ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ ഞാൻ സംസാരിച്ച ആളുകളിൽ നിന്ന് മനസ്സിലായത്, പണക്കാരായ ദക്ഷിണേഷ്യക്കാർക്ക് ജനാധിപത്യ മൂല്യങ്ങളേക്കാൾ വലുത് അവരുടെ നികുതിയാണ് എന്നാണ്.
‘‘അമേരിക്കയിൽ ആദ്യം വരുമ്പോൾ അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടി ഡെമോക്രാറ്റ് ആയാൽ മതി. പണക്കാരനായാൽ പിന്നെ നികുതി ലാഭത്തിന് റിപ്പബ്ലിക്കനാകുന്നതാണ് നല്ലത്’’- എന്നാണ് അവരെന്നോട് സ്നേഹപൂർവ്വം ഉപദേശിച്ചത്!

‘ഞങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടില്ല’ എന്നു പറയുന്ന ചിലരുണ്ട് - ‘സാമ്പത്തിക കുടിയേറ്റക്കാർ മാത്രമാണ് ഞങ്ങൾ’ എന്ന് പറയുന്നവർ. അവരുടെ രാഷ്ട്രീയം മുഴുവൻ നികുതിയെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ ചെറുകിട ബിസിനസ്സുകാർക്കും പണക്കാർക്കും ട്രംപ് അനുയോജ്യനായി. ജോ റോഗൻ പോലുള്ള ടോക്ക് ഷോ അവതാരകരുടെ സ്വാധീനത്തിൽ ട്രംപിനെ ശക്തനായ നേതാവായി കാണുന്ന അനേകം ഇന്ത്യൻ യുവാക്കളെയും ഞാൻ കണ്ടു. ഇവരുടെ പക്ഷപാതപരമായ നിലപാടുകൾ എത്ര അപകടകരമാണ്.
ഒരു മലയാളി ക്രിസ്ത്യാനി പറഞ്ഞു; ‘‘ട്രംപ് ഗർഭച്ഛിദ്രം നിരോധിക്കും, ക്രിസ്ത്യൻ മൂല്യങ്ങൾ കാക്കും, അധാർമികതയ്ക്കെതിരെ പോരാടും എന്നൊക്കെ. രണ്ട് വിവാഹമോചനത്തിനുശേഷം മൂന്നാം ഭാര്യയുമായി കഴിയുന്ന, സ്ത്രീകളുടെ ശരീരഭാഗങ്ങൾ തൊട്ടു, പിടിച്ചു എന്ന് വീമ്പിളക്കുന്ന, എത്രയോ സ്ത്രീകളെ ഗർഭച്ഛിദ്രത്തിലേക്ക് തള്ളിവിടുന്ന സാഹചര്യങ്ങൾ ഉണ്ടാക്കിയ ഒരാൾ പെട്ടെന്ന് ക്രിസ്ത്യൻ മൂല്യങ്ങളുടെ കാവലാളായി മാറിയത് എത്ര വിചിത്രം.
നമ്മുടെ സമൂഹം കുടിയേറ്റക്കാർക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നത് കേട്ടപ്പോഴെല്ലാം വല്ലാത്ത വേദന തോന്നി. ‘‘ട്രംപ് എല്ലാ അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തും, മെക്സിക്കോയുടെ അതിർത്തിയിൽ മതിൽ കെട്ടും, കർശന നിലപാട് എടുക്കും’’ എന്നൊക്കെയാണ് അവർ പറയുന്നത്. എന്നാൽ കൗതുകകരമായ കാര്യം ഇതാണ്: അമേരിക്കയിൽ രേഖകളില്ലാതെ കഴിയുന്നവരിൽ രണ്ടാം സ്ഥാനത്ത് നമ്മുടെ ദക്ഷിണേഷ്യക്കാർ തന്നെയാണ്. ഇതിനെക്കുറിച്ച് ആരും സംസാരിക്കാറില്ല. ചില ഇന്ത്യൻ കുടുംബങ്ങൾ സന്ദർശക വിസയിൽ വീട്ടുജോലിക്കാരെ കൊണ്ടുവന്ന്, വിസ കാലാവധി കഴിഞ്ഞിട്ടും അവരെ പണി എടുപ്പിക്കുന്നു. ആ പാവങ്ങൾ കുറച്ച് പണം സമ്പാദിച്ച് നാട്ടിൽ തിരിച്ചു പോകും - വിസ ലംഘനം കാരണം ഇനിയൊരിക്കലും തിരിച്ചു വരാൻ പറ്റില്ലതാനും.

അമേരിക്കയിലെ പല ഇന്ത്യൻ ചെറുകിട കച്ചവടക്കാരും നിലനിൽക്കുന്നത് ഇത്തരം അനധികൃത തൊഴിലാളികളെ കൊണ്ട് തന്നെയാണ്. ജീവിക്കാൻ പോലും പറ്റാത്ത കുറഞ്ഞ കൂലി കൊടുത്ത് അവരെ പണിയെടുപ്പിച്ചാണ് ഇവർ ലാഭം ഉണ്ടാക്കുന്നത്.ഇതേ ആളുകൾ തന്നെ കുടിയേറ്റ പ്രശ്നം പരിഹരിക്കാൻ ട്രംപ് മാത്രമേ ഉള്ളൂ എന്ന് വലിയ ധാർമിക ബോധത്തോടെ പ്രസംഗിക്കുമ്പോൾ, അവരുടെ സൗകര്യപൂർവമുള്ള സത്യങ്ങളുടെയും നീതിബോധത്തിന്റെയും കോമാളിത്തരം കാണുമ്പോൾ എങ്ങനെ ചിരി വരാതിരിക്കും. ഇതൊക്കെ തന്നെയാണ് അവർ പിന്തുണയ്ക്കുന്ന നേതാവിന്റെയും സ്വഭാവം. അമേരിക്ക അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നാടാണ്. പക്ഷേ തന്നെ പിന്തുണയ്ക്കാത്തവരെ താൻ ലക്ഷ്യംവെയ്ക്കുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് പിറ്റേന്ന് MSNBC കാണുകയായിരുന്നു ഞാൻ. മാധ്യമങ്ങൾ ട്രംപിനെ വിമർശിച്ചാലോ അദ്ദേഹത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്താലോ അവരെ എങ്ങനെ ലക്ഷ്യം വെയ്ക്കുമെന്നായിരുന്നു ഈ രംഗത്തെ മുതിർന്ന മാധ്യമപ്രവർത്തകരുടെ ചർച്ച.
പാർലമെന്റിന്റെ ഇരു സഭകളിലും (Senate & House Of Representatives) ഭൂരിപക്ഷമുള്ളതിനാൽ, ഈ രാജ്യത്തിന്റെ മൗലികാവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും കാക്കുന്ന നിയമങ്ങളെയും നയങ്ങളെയും തകർക്കാനുള്ള അനിയന്ത്രിതമായ അധികാരം ട്രംപിന് കിട്ടിയിരിക്കുന്നു. ജനുവരി ആറിലെ ക്യാപിറ്റൽ കലാപത്തെ, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ തള്ളിക്കളഞ്ഞത് കാണിക്കുന്നത്, റിപ്പബ്ലിക്കൻ നേതാക്കൾക്ക് അധികാരത്തോട് എതിർത്തു നിൽക്കാനോ സത്യം പറയാനോ ഉള്ള ധൈര്യമില്ല എന്നതാണ്.
പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കാൻ പോകുന്നതിനാൽ ഞാൻ വളരെ ജാഗ്രതയോടെയാണ് കാര്യങ്ങൾ നോക്കി കാണുന്നത്. ജനാധിപത്യ മൂല്യങ്ങളുടെ കാവലാളായ ഈ രാജ്യം, യാതൊരു നിയന്ത്രണവുമില്ലാത്ത അധികാര കേന്ദ്രീകരണത്തിന്റെ ഗുരുതരമായ ഭീഷണി നേരിടുകയാണെന്നുള്ളത് പകൽ വെളിച്ചം പോലെ സത്യമാണ്. എനിക്ക് നല്ല പേടിയുണ്ട്. സ്വേച്ഛാധിപത്യത്തിലേക്കാണോ (Autocracy) നമ്മൾ നീങ്ങുന്നത്?
എങ്കിലും, ഒരു മനുഷ്യാവകാശ പ്രവർത്തക എന്ന നിലയിൽ, എന്റെ ശുഭാപ്തിവിശ്വാസമാണ് എന്റെ ശക്തി. നിർണായക സ്വിങ് സ്റ്റേറ്റുകളിൽ സ്വതന്ത്രരും റിപ്പബ്ലിക്കൻകാരും ഒത്തുചേർന്ന് ട്രംപ് എന്ന ധാർമിക അധഃപതനത്തിനെതിരെ എങ്ങനെ പോരാടി എന്നത് എനിക്കോർമ്മയുണ്ട്. അവരുടെ പരിശ്രമങ്ങൾ രാജ്യത്തെക്കുറിച്ചുള്ള എന്റെ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

വിവേചനപരമായ നടപടികൾക്കെതിരെ പോരാടാൻ നിരവധി ഇന്ത്യൻ അമേരിക്കൻ പ്രവർത്തകർ തയ്യാറെടുക്കുന്നത് ഞാൻ കാണുന്നു. പത്തു ലക്ഷത്തിലധികം വരുന്ന വനിതാപോരാളികളുമായി, ആഗോള സർവാധിപതിയാകാൻ മോഹിക്കുന്ന ഈ പ്രസിഡന്റിനെതിരെ ശക്തമായ നിരീക്ഷകരായി നിലകൊള്ളും എന്നാണ് ഞങ്ങൾ ഉറപ്പിച്ചിരിക്കുന്നത്.
സൂക്ഷിച്ചോളൂ മിസ്റ്റർ പ്രസിഡന്റ്, നിങ്ങൾക്ക് വോട്ട് ചെയ്യാത്ത 50% ജനങ്ങളെയും ഓർത്തോളൂ. നിങ്ങൾ ചെയ്യാൻ തുനിയുന്ന ഓരോ അവകാശലംഘനത്തിനും നിങ്ങളെ ഉത്തരവാദിയാക്കാൻ ഞങ്ങൾ ഉണർന്നിരിക്കുകയാണ്.
(വിവർത്തനം: പ്രിയ ജോസഫ്)