Photo: Wikimedia Commons, @DefenceU

മലയാള ചാനലുകളുടെ പുടിൻ വാതം

ഏറ്റവും രൂക്ഷമായി സർക്കാർ വിരുദ്ധശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്ന റഷ്യയിലെ മാധ്യമങ്ങളിൽ പോലും ‘നോ വാർ പ്ലീസ്' എന്ന പ്രതിഷേധ ബാനറുകളുയരുമ്പോൾ, മലയാള ചാനലുകൾ പുടിൻ സ്നേഹികളെക്കൊണ്ടുനിറയുന്നു.

യുക്രെയ്​നെതിരായ റഷ്യയുടെ യുദ്ധം ആരംഭിച്ചശേഷം അവിശ്വസനീയമാംവിധമുള്ള പുടിൻ ന്യായീകരണമാണ് മലയാളത്തിലെ ന്യൂസ് ചാനൽ അവതാരകരും അവർ ആനയിച്ചുകൊണ്ടുവരുന്ന സോകോൾഡ് വിദേശകാര്യ വിദഗ്ദ്ധരും ചേർന്ന് നടത്തുന്നത്​. ചാനൽ അവതാരകർക്ക് പൊതുവെ വിദേശകാര്യ വിഷയങ്ങളിലുള്ള ഗ്രാഹ്യക്കുറവുകൊണ്ടാവണം, അവർ ഈ ‘വിദേശകാര്യ വിദഗ്ദ്ധരു’ടെ കണ്ടെത്തലുകൾ അപ്പാടെ വിശ്വസിച്ച്, അവയെ കുറേക്കൂടി പൊലിപ്പിച്ച് വീണ്ടും വീണ്ടും പുടിനെ വെള്ളപൂശിക്കൊണ്ടിരുന്നു. നാറ്റോ അംഗത്വത്തിനും യൂറോപ്യൻ യൂണിയൻ അംഗത്വത്തിനും ശ്രമിച്ച് റഷ്യയെ പ്രകോപിപ്പിച്ചതുവഴി യുക്രെയ്​നാണ് ഇതെല്ലാം തുടങ്ങിവച്ചത് എന്നുവരെ പലരും പറഞ്ഞുവച്ചു.
കെ. വേണുവും എൻ.എം. പിയേഴ്സണും സി.പി.എമ്മിന്റെ റഷ്യാന്യായീകരണത്തെപ്പറ്റി വെബ്​സീനിൽ എഴുതിയതു വായിച്ചു. എന്നാൽ അതിലും അപകടകരമായിരുന്നു, വാർത്താചാനലുകളുടെ ഈ ന്യായീകരണം. എന്തുകൊണ്ടെന്നാൽ; സി.പി.എം നിലപാടുകളും ന്യായീകരണങ്ങളും അതിൽ താൽപര്യമുള്ളവർ മാത്രമേ കേൾക്കൂ, എന്നാൽ ന്യൂസ് ചാനലുകളെ വിശ്വസിക്കുന്നത് മലയാളികൾ മുഴുവനാണ്, അവർ തെറ്റിദ്ധരിപ്പിക്കുന്നത് മുഴുവൻ കേരളത്തെയുമാണ്.

റഷ്യയുടെ സർക്കാർ ടെലിവിഷൻ ചാനലായ ചാനൽ വണ്ണിൽ ലൈവ് ടെലികാസ്റ്റിനിടെ ‘No War പ്രൊപ്പഗാണ്ടയിൽ വിശ്വസിക്കരുത്​, അവർ നിങ്ങളോട് കള്ളം പറയുകയാണ്’ എന്ന ബാനറുമായി പ്രത്യക്ഷപ്പെട്ട പ്രൊഡ്യൂസർ മറിന ഒവ്സ്യാനിക്കോവ Photo : Capri Djatiasmoro, Fb Page

ഏറ്റവും രൂക്ഷമായി സർക്കാർ വിരുദ്ധശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്ന നാടായിട്ടുപോലും, യുക്രെയ്​ൻ ആക്രമണത്തെപ്പറ്റിയുള്ള പുടിൻ ഭാഷ്യമല്ലാതെ ഒന്നും അറിയാൻ നിവൃത്തിയില്ലാതിരുന്നിട്ടുപോലും റഷ്യയിൽ നിരവധിയാളുകൾ പുടിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സമയത്താണ് ഇവിടുത്തെ ചാനലുകൾ പുടിൻ സ്നേഹികളെക്കൊണ്ടുനിറഞ്ഞത്! മാർച്ചിൽ മാത്രം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ പതിനയ്യായിരത്തിലധികം പേരാണ് റഷ്യയിൽ അറസ്റ്റിലായത്. റഷ്യൻ പതാകയിലെ നിറങ്ങളായ വെള്ള, നീല, ചുവപ്പിൽനിന്ന്​രക്തത്തിന്റെ, അക്രമത്തിന്റെ പ്രതീകമായ ചുവപ്പ് മാറ്റി പകരം വെള്ള, നീല, വെള്ള നിറങ്ങളുള്ള പതാകയും പ്രക്ഷോഭകർ കയ്യിലേന്തി. റഷ്യയുടെ സർക്കാർ ടെലിവിഷൻ ചാനലായ ചാനൽ വണ്ണിൽ ലൈവ് ടെലികാസ്റ്റിനിടെ ‘No War പ്രൊപ്പഗാണ്ടയിൽ വിശ്വസിക്കരുത്​, അവർ നിങ്ങളോട് കള്ളം പറയുകയാണ്’ എന്ന ബാനറുമായി പ്രത്യക്ഷപ്പെട്ട് അസാധാരണ ധൈര്യത്തിന്റെ പ്രതീകമായി മാറിയ ടെലിവിഷൻ പ്രൊഡ്യൂസർ മറിന ഒവ്സ്യാനിക്കോവ അറസ്റ്റിനുശേഷം പറഞ്ഞു, ‘ജീവനിൽ ഭയമുണ്ട്, പക്ഷേ പറഞ്ഞ ഒരുവാക്കുപോലും തിരിച്ചെടുക്കില്ല. സ്വതന്ത്ര മാധ്യമപ്രവർത്തനം തടഞ്ഞപ്പോഴും പ്രതിപക്ഷനേതാവ് നവാൽനിക്ക് വിഷം കൊടുത്തപ്പോഴുമൊക്കെ വർദ്ധിച്ചുകൊണ്ടിരുന്ന എന്റെ ദേഷ്യം യുക്രെയ്​ൻ യുദ്ധത്തോടെ പാരമ്യത്തിലെത്തുകയായിരുന്നു.'

റഷ്യൻ ടെന്നീസ് താരം ആന്ദ്രേയ് റുബ്ലേവ്, മത്സരശേഷമുള്ള പതിവ് ക്യാമറസൈനിംഗ് സമയത്ത് ‘നോ വാർ പ്ലീസ്' എന്ന്​ ക്യാമറയിലെഴുതിയപ്പോൾ / Photo : Screenshot from Tennis TV

റഷ്യയിലെ ഏറ്റവും പ്രശസ്ത പുരുഷ സ്പോർട്​സ്​ താരമായി അറിയപ്പെടുന്ന ഐസ്ഹോക്കി കളിക്കാരൻ അലക്സാണ്ടർ ഒവെച്കിൻ പുടിന്റെ വലിയ ആരാധകനും അടുത്ത സുഹൃത്തും ആയിരുന്നിട്ടുകൂടി യുദ്ധത്തിനെതിരേ സംസാരിച്ചു. റഷ്യൻ ടെന്നീസ് താരം ആന്ദ്രേയ് റുബ്ലേവ്, മത്സരശേഷമുള്ള പതിവ് ക്യാമറസൈനിംഗ് സമയത്ത് ‘നോ വാർ പ്ലീസ്' എന്ന്​ ക്യാമറയിലെഴുതിയപ്പോൾ അത് കായികലോകത്തിന് ആവേശമായി. റഷ്യയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ റാപ്പർ ഓക്സിമിറോൺ, പ്രശസ്ത ബാലെ നർത്തകി ഓൾഗ സ്മിർനോവ തുടങ്ങിയവരൊക്കെ യുദ്ധത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചവരാണ്.

എഴുതാനും പ്രചരിപ്പിക്കാനും കഴിയില്ലെന്നുപറഞ്ഞ് നിരവധി പത്രപ്രവർത്തകരാണ് രാജിവച്ചതും രാജ്യം വിട്ടതും. മാർച്ചിൽ, വീണ്ടും ഒരൊമ്പതുകൊല്ലം കൂടി തടവുശിക്ഷ നീട്ടിക്കിട്ടിയ പ്രതിപക്ഷനേതാവ് അലക്സി നവാൽനി പരമാവധി യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ റഷ്യക്കാരോട് ആഹ്വാനം ചെയ്തു: ‘മറ്റുള്ളവരൊക്കെ രാജ്യം വിട്ടാലും ഭയന്നു മാറിനിന്നാലും നിങ്ങളതു ചെയ്തുകൊണ്ടേയിരിക്കണം. കാരണം യുദ്ധത്തിനും മരണത്തിനുമെതിരേയുള്ള ഈ പ്രക്ഷോഭത്തിന്റെ നട്ടെല്ല് നിങ്ങളാണ്.'

അസോസിയേറ്റഡ്​ പ്രസ്​- എൻ.ഒ.ആർ.സി സർവ്വേ പ്രകാരം യുക്രെയ്​ൻ പ്രശ്നത്തിൽ അമേരിക്കൻ ഇടപെടൽ വളരെ ചെറിയ രീതിയിൽ മതിയെന്നാണ് ഭൂരിപക്ഷം അമേരിക്കക്കാരും അഭിപ്രായപ്പെട്ടത്. ഇറാഖ്​, അഫ്ഗാൻ യുദ്ധങ്ങളെ ഏറെ ആവേശത്തോടെ സ്വാഗതം ചെയ്ത ജനതയാണിതെന്നോർക്കണം.

രാജ്യത്തെ പ്രധാന പ്രതിപക്ഷനേതാവിനെത്തന്നെ രാസവിഷം കൊടുത്ത്​ കൊല്ലാൻ ശ്രമിക്കുകയും ജയിലിലടക്കുകയും ചെയ്യുന്ന നാട്ടിലാണ് ഈ പ്രതിഷേധങ്ങൾ അരങ്ങേറുന്നത് എന്നത് കുറച്ചൊക്കെ ആശാവഹമാണ്. അതും ഈയടുത്ത്​ പാസാക്കിയ വ്യാജവാർത്താനിയമപ്രകാരം, തെറ്റായ വാർത്ത പ്രചരിപ്പിച്ചു എന്ന പേരിൽ ആർക്കും പതിനഞ്ചുവർഷം വരെ തടവ് ലഭിക്കാം എന്നിരിക്കെ. തടവും സർക്കാർ പീഢനവുമൊന്നുമല്ല റഷ്യയിലെ യുദ്ധവിരുദ്ധ പ്രക്ഷോഭകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇപ്പോഴും, റഷ്യൻ പ്രൊപ്പഗാണ്ട വിശ്വസിക്കുന്ന, റഷ്യ ചെയ്യുന്നത്​ ശരിയാണെന്നു വിശ്വസിക്കുന്ന ഒരുവലിയ വിഭാഗം റഷ്യാക്കാരുണ്ട്. അവരിൽനിന്നുള്ള, ‘ഒറ്റുകാർ, രാജ്യദ്രോഹികൾ' വിളികളാണ് പ്രക്ഷോഭകർക്കുമുന്നിലെ സങ്കടകരമായ ആ വലിയ പ്രതിബന്ധം.

അലക്സി നവാൽനി

നാറ്റോ സാന്നിധ്യം കിഴക്കൻ യൂറോപ്പിലേക്ക് വ്യാപിക്കുന്നതാണ് പുടിനെ വിഷമിപ്പിക്കുന്നത് എന്നും അതുകൊണ്ടാണ് ‘പാവം’ ഇങ്ങനെയൊരു കടുംകൈ ചെയ്തത് എന്നുമാണ് മുൻപറഞ്ഞ വിദേശകാര്യ വിദഗ്ദ്ധർ പൊതുവെ പറയുന്നത്. ഓരോ ന്യായീകരണവും കഴിഞ്ഞ് കൂടിപ്പോയോ എന്ന സ്വയംതോന്നലുകൊണ്ടാകണം, ‘താൻ പുടിനെ ന്യായീകരിക്കുകയല്ല കേട്ടോ’ എന്ന്​ ആവർത്തിച്ചുപറഞ്ഞുകൊണ്ടിരിക്കും.

പുടിന് അങ്ങനെയൊരു ഭയമുണ്ടെന്നുതന്നെ വക്കുക! എന്നുവച്ച്?
​ഇയാളുടെ സംശയം വച്ച്, മറ്റേ രാജ്യത്തെ ആക്രമിച്ച് കീഴടക്കുകയാണോ ചെയ്യേണ്ടത്? അങ്ങനെയാണെങ്കിൽ നമ്മൾ ഹിറ്റ്​ലറെ വരെ ന്യാകരിക്കേണ്ടിവരും! പരമാധികാര രാജ്യമായ യുക്രെയ്​ൻ നാറ്റോയിൽ ചേർന്നാൽ അതവരുടെ തീരുമാനം. അതുപോലെ, നാട്ടിലെ പുടിൻ ആരാധകരുടെ ഒരു സ്ഥിരം പല്ലവിയാണ് യുക്രയ്​നെ മുൻനിർത്തി അമേരിക്ക നടത്തുന്ന യുദ്ധം എന്നത്! ലോകത്തിൽ ഒത്തിരി യുദ്ധങ്ങൾ അമേരിക്ക അവരുടെ താൽപര്യം മുൻനിർത്തി നടത്തിയിട്ടുണ്ട്. അന്നൊക്കെ നമ്മൾ അമേരിക്കയുടെ തെറ്റുകൾ തലനാരിഴകീറി പരിശോധിച്ച് ആ രാജ്യത്തെ വിമർശിച്ചിട്ടുമുണ്ട്. പക്ഷേ ഇത്, യുക്രെയ്​ൻ റഷ്യയുടെ ഭാഗമാണെന്ന പുടിൻ ഭാഷ്യം മാത്രം മുൻനിർത്തിയുള്ള യുദ്ധമാണ്. യുക്രെയ്​ൻ ആവർത്തിച്ച് സഹായം അഭ്യർത്ഥിച്ചതിനുശേഷമാണ് ബൈഡൻ വളരെ ആലോചനകൾക്കുശേഷം യുക്രെയ്​ന് സൈനിക സഹായം നൽകാൻ തീരുമാനിച്ചതുതന്നെ. ചോദിച്ചതിന്റെ വളരെ കുറച്ചേ കിട്ടുന്നുള്ളൂ എന്ന് സെലെൻസ്‌കി പരാതി പറയുന്നുമുണ്ട്.

സാമ്രാജ്യത്വ ആശയങ്ങളെ താലോലിക്കുന്ന, ജനാധിപത്യത്തിൽ തരിമ്പും വിശ്വസിക്കാത്ത, എതിർശബ്ദങ്ങളെ എങ്ങനെയും ഇല്ലാതാക്കാൻ മടിക്കാത്ത ഒരു സ്വേച്ഛാ​ധിപതിയെ ഇപ്രകാരം ന്യായീകരിക്കാൻ കഴിയുന്നത് അത്ഭുതകരമാണ്.

അമേരിക്കയേക്കാൾ വളരെ മുന്നേ യുക്രെയ്​ന് സഹായവുമായി ഇറങ്ങിയത് യൂറോപ്പായിരുന്നു. കാരണം യൂറോപ്പിനെ സംബന്ധിച്ച് ഇത് അവരുടെ മണ്ണിൽ നടക്കുന്ന, അവർക്ക് ഒഴിഞ്ഞുമാറാൻ കഴിയാത്ത പ്രശ്നമാണ്. പതിറ്റാണ്ടുകളായി കാത്തുസൂക്ഷിച്ച നിഷ്​പക്ഷത ഉപേക്ഷിച്ച് സ്വീഡനും ഫിൻലാൻറും യുക്രെയ്​നെ സഹായിച്ചത് വലിയ വാർത്തയായിരുന്നല്ലോ. സാധാരണക്കാരായ യുക്രെയ്​ൻ പൗരർ കണ്ണീരോടെ വികാരനിർഭരരായി പാശ്ചാത്യരാജ്യങ്ങളോട് സഹായം അഭ്യർത്ഥിക്കുന്ന നൂറുകണക്കിനു വീഡിയോകൾ യുദ്ധത്തിന്റെ തുടക്കത്തിൽ നാം കണ്ടതാണ്. അതിൽ തെരുവിലെ ടാക്സി ഡ്രൈവർമാരുണ്ട്, അദ്ധ്യാപകരുണ്ട്, മോളറ്റോവ് കോക്ക്ടെയിൽ ഉണ്ടാക്കാൻ വട്ടംകൂടിയിരിക്കുന്ന നൂറുകണക്കിനു വീട്ടമ്മമാരുണ്ട്, ഒളിത്താവളങ്ങളിൽ കഴിയുന്ന ജനപ്രതിനിധികളുണ്ട്, ഭർത്താക്കന്മാരെ യുദ്ധം ചെയ്യാൻ വിട്ട് കുഞ്ഞുങ്ങളുമായി പലായനം ചെയ്യുന്ന സ്ത്രീകളുണ്ട്. ഈ പുരുഷന്മാർ സൈനികരൊന്നുമല്ല, ഇന്നലെവരെ നമ്മളെപ്പോലെ പലപല തൊഴിലുകൾ ചെയ്ത് കുടുംബം നോക്കിയിരുന്നവരാണ്​. ഇവർക്കെല്ലാം നല്ല ബോദ്ധ്യമുണ്ട്, അവരാണ് യുദ്ധം ചെയ്യുന്നതെന്നതെന്നും അവരാണ് യുദ്ധം നയിക്കുന്നതെന്നും!

യുക്രൈൻ യുദ്ധമുഖത്ത് നിന്നുള്ള കാഴ്ച. / Photo : @Ukraine, Twitter

യുക്രെയ്​ൻ റഷ്യയുടെ ഭാഗമാണെന്ന പുടിൻ വാദത്തെയും ഇവരിൽ പലരും ന്യായീകരിച്ചുകണ്ടു. തീർച്ചയായും ചില സമയങ്ങളിൽ റഷ്യൻ സാമ്രാജ്യം യുക്രെയ്​നെ അതിന്റ ഭാഗമാക്കി ‘മാറ്റിയിട്ടുണ്ട്.' റഷ്യൻ വിപ്ലവത്തിന്റെ സമയത്ത് സാറിസ്റ്റ് റഷ്യയുടെ കീഴിലായിരുന്ന യുക്രെയ്​ൻ, വിപ്ലവത്തോടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണുണ്ടായത്. അതിനുശേഷം 1922 ൽ യുക്രെയ്​ൻ, റഷ്യ, ബൈലാറസ്, ട്രാൻസ്‌കോക്കേഷ്യൻ ഫെഡറേഷൻ എന്നീ സ്വതന്ത്രയൂണിറ്റുകൾ ഒരേപോലെ ഒത്തുചേർന്നാണ് യു.എസ്​.എസ്​.ആർ ഉണ്ടാക്കുന്നത്. മദ്ധ്യകാലഘട്ടത്തിലും അതിനുമുമ്പും ഉണ്ടായിരുന്ന രാഷ്ട്രീയഭൂപടവും ജിയോപൊളിറ്റിക്സും വച്ച് ഇപ്പോഴത്തെ ഇന്റർനാഷണൽ പൊളിറ്റിക്സ് നിർണയിക്കാൻ പോയാൽ ഇന്നത്തെ മിക്ക രാജ്യങ്ങളും ഉണ്ടാവില്ല. റഷ്യയും ബൈലോറഷ്യയും യുക്രെയ്​നും ഒരുപോലെ രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും തങ്ങളുടെ തുടക്കമായി കണക്കാക്കുന്നത് ഏതാണ്ട് ഒമ്പതാം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന കീവിയൻ റസ് എന്ന അതിശക്തമായ സാമ്രാജ്യമാണ്. അതിന്റെ തലസ്ഥാനവും പവർസെന്ററും ഇപ്പോഴത്തെ യുക്രേനിയൻ തലസ്ഥാനമായ കീവ് ആയിരുന്നു. അങ്ങനെ വരുമ്പോൾ ഒരുകാലത്ത് റഷ്യ യുക്രയ്​ന്റെ ഭാഗമായിരുന്നു എന്നും പറയാം.

അമേരിക്കൻ പൊതുബോധവും മീഡിയയും ഗൾഫ് യുദ്ധകാലത്തെ അവസ്ഥയിൽനിന്ന്​ മാറിവരുന്നുണ്ട്​. ഗൾഫ് യുദ്ധാനന്തരം തങ്ങൾ ഗവൺമെൻറ്​ പറഞ്ഞത് അന്ധമായി വിഴുങ്ങുകയായിരുന്നുവെന്ന സത്യം പല അമേരിക്കൻ മാധ്യമങ്ങളും തിരിച്ചറിയുന്നുണ്ട്.

ബാൽട്ടിക് റിപ്പബ്ലിക്കുകളാവട്ടെ, ജോർജിയ ആവട്ടെ, യുക്രെയ്​ൻ ആവട്ടെ, എന്തുകൊണ്ടാണ് ചരിത്രപരമായും സാംസ്‌കാരികമായും രാഷ്ട്രീയമായും അവർക്ക് കൂടുതൽ സാമ്യമുള്ള റഷ്യയോട് സഖ്യത്തിനുപോകാതെ നാറ്റോക്കു പിറകെ പോകുന്നത്? നാറ്റോ പോലെ തന്നെ ഇപ്പുറത്ത് റഷ്യയുടെ നേതൃത്വത്തിൽ സി.എസ്.ടി.ഒ (Collective Security Treaty Organization) എന്ന മിലിട്ടറി സഖ്യമുണ്ടല്ലോ. റഷ്യയും യുക്രെയ്​നും ഉൾപ്പെടെ പഴയ ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളിലെ ജനതകളെല്ലാം പൊതുവിൽ പാശ്ചാത്യവത്ക്കരണം അല്ലെങ്കിൽ പാശ്ചാത്യരീതിയിലുള്ള ജീവിതം ഇഷ്ടപ്പെടുന്നു, അതുകൊണ്ടുതന്നെ യുക്രെയ്​ൻ പോലുള്ള ജനാധിപത്യരാജ്യങ്ങളിൽ പലപ്പോഴും പാശ്ചാത്യ അനുകൂല സർക്കാരുകൾ നിലവിൽ വരുന്നു. യൂറോപ്യൻ യൂണിയൻ അംഗത്വത്തിനെതിരെ റഷ്യൻ അനുകൂലിയായ യാനുകോവിച്ച് നിലപാടെടുത്തപ്പോൾ അതിനെതിരെ യുക്രെയ്​ൻ മുഴുവൻ തെരുവിലിറങ്ങിയത് നാം കണ്ടതാണ്.

അതിലും പ്രധാനം, ഈ രാജ്യങ്ങൾക്കൊക്കെ റഷ്യയോടുള്ള ഭയമാണ്. പഴയ യു.എസ്.എസ്​.ആറിന്റെ പുനഃസ്ഥാപനമോ ഏകീകരണമോ ആണ് തന്റെ സ്വപ്നം എന്ന് പുടിൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഇത്തരം സാമ്രാജ്യത്വ ആശയങ്ങളെ താലോലിക്കുന്ന, ജനാധിപത്യത്തിൽ തരിമ്പും വിശ്വസിക്കാത്ത, എതിർശബ്ദങ്ങളെ എങ്ങനെയും ഇല്ലാതാക്കാൻ മടിക്കാത്ത ഒരു സ്വേച്ഛാ​ധിപതിയെ ഇപ്രകാരം ന്യായീകരിക്കാൻ കഴിയുന്നത് അത്ഭുതകരമാണ്. അമേരിക്കൻ, നാറ്റോ വിരുദ്ധത മാത്രമാണ് അതിനുപിന്നിലുള്ളതെന്നതാണ് ഏറെ പരിതാപകരം.

യൂറോപ്യൻ യൂണിയൻ അംഗത്വത്തിനെതിരെ യാനുകോവിച്ച് നിലപാടെടുത്തപ്പോൾ അതിനെതിരെ തെരുവിലിറങ്ങിയ യുക്രൈൻ ജനത. / Photo : Alexandra (Nessa) Gnatoush, Flicker.com

‘Historical Russia' എന്ന്​ താൻ കരുതുന്ന യു.എസ്.എസ്.ആറിന്റെ ശിഥിലീകരണത്തിന്​ പ്രധാന കാരണക്കാരനായി ലെനിനെ കുറ്റപ്പെടുത്തുന്നുണ്ട്, യുക്രെയ്​ൻ ആക്രമണത്തിനുതൊട്ടുമുമ്പ് പുടിൻ- സ്വയം തീരുമാനമെടുക്കാനും വേണമെങ്കിൽ വിഘടിച്ചുപോകാനും വരെയുള്ള സ്വാതന്ത്ര്യം അംഗരാജ്യങ്ങൾക്കുകൊടുത്തതിന്റെ പേരിൽ.
ഈ യു.എസ്​.എസ്​.ആർ പ്രേമം പുടിന് സമത്വസുന്ദര സോഷ്യലിസ്റ്റ് ദേശത്തോടുള്ള സ്നേഹം മൂലമാണെന്ന് കമ്യൂണിസ്റ്റുകാർ തെറ്റിദ്ധരിക്കരുത്. അദ്ദേഹത്തിന് യു.എസ്​.എസ്​.ആർ എന്ന ജിയോപൊളിറ്റിക്കൽ ഐഡിയയിൽ മാത്രമേ താൽപ്പര്യമുള്ളൂ. അല്ലാതെ, സ്വന്തം നിലയിൽത്തന്നെ അസാമാന്യ ധനികനും (അധികാരത്തിൽ വന്നശേഷം സമ്പാദിച്ചത്) ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് ചെൽസിയുടെ ഉടമ അബ്രാമോവിച്ച് ഉൾപ്പെടെ നാട്ടിലെ ധനികരുടെയെല്ലാം അഭ്യുദയകാംക്ഷിയും ഉറ്റതോഴനും റഷ്യൻ ഓർത്തഡോക്സ് സഭയുടെ കൺകണ്ട ദൈവവുമായ പുടിന് എന്തു സോഷ്യലിസം? എന്തു കമ്യൂണിസം? അതിരുകളില്ലാത്ത സാമ്രാജ്യത്വ, മുതലാളിത്ത സ്നേഹം മാത്രമാണ്​പുടിനുള്ളത്. (സംഘപരിവാറിന് അഖണ്ഡഭാരതം പോലെയാണ് പുടിന് ഹിസ്റ്റോറിക്കൽ റഷ്യ. അവരുടെ സ്വപ്നങ്ങളിൽ മാത്രം നിലനിൽക്കുന്ന ഒന്ന്.)

മുമ്പെങ്ങുമില്ലാത്ത വിധം അമേരിക്കൻ മാധ്യമങ്ങൾക്ക് ജാഗ്രത പാലിക്കേണ്ടിവന്നതും ശരിതെറ്റുകൾ വേർതിരിക്കേണ്ടിവന്നതും ട്രംപിന്റെ ഭരണകാലത്താണ്.

യു.എസ്​.എസ്​.ആറിനെ പുനജീവിപ്പിക്കുക എന്നത് ഏതാണ്ട് നടക്കാത്ത കാര്യമാണെന്ന് പുടിനിലെ പ്രായോഗികാവാദിക്കറിയാം. അതുകൊണ്ട് ഈ രാജ്യങ്ങളിലെല്ലാം പറ്റുമെങ്കിൽ റഷ്യൻ നിയന്ത്രിത സർക്കാരുകൾ കൊണ്ടുവരിക, ക്രീമിയ പോലെ റഷ്യക്കാർക്ക് മേൽക്കൈയുള്ള പ്രദേശങ്ങളെയും ജോർജ്ജിയയിലെ ഒസേറ്റിയ പോലെ മറ്റ് എത്​നിക്​ വംശജർക്ക് മേൽക്കൈയുള്ള പ്രദേശങ്ങളെയും വിഭജിപ്പിക്കുക തുടങ്ങിയ തന്ത്രങ്ങളാണ് പ്രധാനമായും പുടിൻ ഇതുവരെ പയറ്റിയിരുന്നത്. ഒപ്പം, യുക്രെയ്​നെപ്പോലെ സ്വന്തമായൊരു രാഷ്ട്രീയ അസ്​തിത്വം പോലും ചരിത്രപരമായി ഇല്ല എന്ന്​ പുടിൻ വിശ്വസിക്കുന്ന രാജ്യങ്ങളെ തരംകിട്ടിയാൽ റഷ്യയുടെ കീഴിലാക്കുക. ഇപ്പോൾ റഷ്യ വിഭജിത റിപ്പബ്ലിക്കുകളായി അംഗീകരിച്ചിരിക്കുന്ന ലുഹാൻസ്‌കിലും ഡോണെറ്റ്സ്‌കിലും ക്രീമിയയിലേതുപോലെ റഷ്യൻ വംശജർക്ക് ഭൂരിപക്ഷം പോലുമില്ല എന്നോർക്കണം! മാത്രമല്ല, പതിറ്റാണ്ടുകളോളം ഒരൊറ്റ രാഷ്ട്രമായി നിലനിന്നതുകൊണ്ടുതന്നെ റഷ്യ ഉൾപ്പെടെ ഈ രാജ്യങ്ങളിലെയെല്ലാം പല പ്രദേശങ്ങളിലേയും ഡെമോഗ്രഫി തന്നെ സ്വാഭാവികമായും മാറിമറിഞ്ഞിട്ടുണ്ട്.

കനേഡിയൻ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോയും കുഞ്ഞ് ജസ്റ്റിൻ ട്രൂഡോയും. / Photo : @AdamScotti, Twitter

ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങൾ നാറ്റോ അംഗത്വം എടുത്തതുകൊണ്ടും എടുക്കാൻ പോകുന്നതുകൊണ്ടും റഷ്യക്കുണ്ടാവുന്ന അരക്ഷിതാവസ്​ഥയെക്കുറിച്ച്​ വാചാലരാവുന്നവരോട് ഒരുചോദ്യം. യു.എസ്​.എസ്.ആറിന്റെ ശിഥിലീകരണത്തിനുശേഷം പഴയ റിപ്പബ്ലിക്കുകളിൽ എവിടെ സംഘർഷമുണ്ടായാലും സ്വന്തം താൽപര്യം മുൻനിർത്തി ഇടപെടുന്ന, അവരെ എപ്പോൾ വേണമെങ്കിലും വിഴുങ്ങാൻ റെഡിയായി നിൽക്കുന്ന ഒരു ആണവശക്തിക്കുമുന്നിൽ, കാര്യമായ സൈനികബലം പോലുമില്ലാത്ത ഈ ചെറു രാജ്യങ്ങളുടെ അരക്ഷിതാവസ്​ഥയോ? ഇതിൽ ഏതാണ് വലുത്?

ഒരു ന്യൂസ് പ്രസന്റർ സെലെൻസ്‌കിക്കെതിരെ രോഷം കൊള്ളുന്നതു കണ്ടു, സംയമനം പാലിക്കേണ്ടതിനു പകരം സെലെൻസ്‌കി റഷ്യയെ പ്രകോപിപ്പിക്കുകയാണത്രേ. വ്യംഗ്യാർത്ഥം ഇതാണ്, യുക്രെയ്​ൻ ചെറിയ രാജ്യമായതുകൊണ്ട് പൊറുക്കാനും സഹിക്കാനുമൊക്കെ പഠിക്കണം

ഗൾഫ് യുദ്ധകാലത്തൊക്കെ നമുക്കുപരിചയമുള്ള ആ നാറ്റോ ഇന്നില്ല. പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ലാത്ത ഈ രാജ്യങ്ങൾക്കുവേണ്ടി നാറ്റോ അംഗരാജ്യങ്ങൾ അങ്ങോട്ടുകേറി റഷ്യയോട് കൊമ്പുകോർക്കാനൊന്നും പോകില്ല. ഭൂരിപക്ഷം സൈനികർ യു.എസിൽ നിന്നാണെന്നതൊഴിച്ചാൽ, പഴയ പോലെ അമേരിക്കൻ മേധാവിത്യമുള്ള ഒരേർപ്പാട് അല്ല ഇന്ന്​ നാറ്റോ. ഇപ്പോൾ പൊതുവായ ഒരു താൽപര്യം പോലും അവർക്കില്ല. പഴയ പോലെ ഒരുബുഷും ഒരു ബ്ലയറുമൊന്നും ഇനി ഉണ്ടാവുകയുമില്ല. മനുഷ്യത്വത്തെ മാത്രം മുൻനിർത്തി വിശാലമായ തീരുമാനങ്ങളെടുക്കുന്ന നാറ്റോ അംഗരാഷ്ട്രങ്ങളെയും അവിടങ്ങളിലെ നേതാക്കളെയും നാം കഴിഞ്ഞവർഷങ്ങളിൽ കണ്ടതല്ലേ? മെർക്കലിന്റെ ജർമനിയും ട്രൂഡോയുടെ കാനഡയുമാണ് കഴിഞ്ഞ വർഷങ്ങളിൽ ലോകത്തിൽതന്നെ ഏറ്റവും പൊളിറ്റിക്കലി കറക്റ്റ് ആയ തീരുമാനങ്ങളെടുത്തിരുന്നത് എന്നോർക്കുക. ടോറന്റോയിലെത്തിയ ആദ്യസംഘം സിറിയൻ അഭയാർത്ഥികളെ എയർപോർട്ടിൽപോയി സ്വീകരിച്ച ജസ്റ്റിൻ ട്രൂഡോയും തങ്ങളുടെ കുഞ്ഞിന് ജസ്റ്റിൻ ട്രൂഡോയെന്ന് പേരിട്ട സിറിയൻ കുടുംബവുമൊക്കെ നമുക്കുതന്നത് ഉന്നതമായ മാനവികതയുടെ മനോഹര കാഴ്ചകളാണ്! അതുപോലെ റഷ്യ വേർസസ് യു.എസ് എന്ന പരമ്പരാഗത രാഷ്ടീയ സാഹചര്യം ഇപ്പോൾ തട്ടുപൊളിപ്പൻ ഹോളിവുഡ് ഇടിപ്പടങ്ങളിൽപ്പോലുമില്ല! ട്രംപിന്റെ ഏറ്റവുമടുത്ത സുഹൃത്തും രാഷ്ട്രീയാചാര്യനും പുടിനായിരുന്നില്ലേ?

ഡൊണാൾഡ് ട്രംപും വ്ലാഡമിർ പുടിനും. / Photo : President of Russia, Twitter

അമേരിക്കൻ പൊതുബോധവും മീഡിയയും ഗൾഫ് യുദ്ധകാലത്ത് നമുക്ക് പരിചയമുള്ള അവസ്ഥയിൽനിന്ന്​ പതുക്കെയാണെങ്കിൽപ്പോലും വളരെ വ്യക്തമായി മാറിവരുന്നത്​ കാണാൻ കഴിഞ്ഞിട്ടുണ്ട്​. ഗൾഫ് യുദ്ധാനന്തരം തങ്ങൾ ഗവൺമെൻറ്​ പറഞ്ഞത് അന്ധമായി വിഴുങ്ങുകയായിരുന്നുവെന്ന സത്യം പല അമേരിക്കൻ മാദ്ധ്യമങ്ങളും തിരിച്ചറിയുന്നുണ്ട്. ഇക്കാലത്ത് ‘സ്‌കൂപ്പുകൾ പത്രത്തിലേക്കുപകർത്താൻ എഡിറ്റർമാർ ഒരുപക്ഷേ വല്ലാത്ത വ്യഗ്രത കാണിച്ചിരുന്നു’വെന്ന് ന്യൂയോർക്ക് ടൈംസ് പിന്നീട് ഒരു എഡിറ്റേർസ് നോട്ടിൽത്തന്നെ പറയുന്നുണ്ട്. ഇവയിൽ പലതും അബദ്ധജടിലങ്ങളായിരുന്നുതാനും. യഥാർത്ഥത്തിൽ ഇറാക്കിന്റെ കൈവശം ഇല്ലായിരുന്നു എന്ന്​ പിന്നീട് തിരിച്ചറിഞ്ഞ ‘വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷനെ’ക്കുറിച്ചുള്ള റിപ്പോർട്ടുകൾ വേണ്ടവിധത്തിൽ കണിശതയുള്ളതായിരുന്നില്ലെന്നും ന്യൂയോർക്ക് ടൈംസ് പറയുന്നുണ്ട്. അക്കാലത്തെ ഭൂരിഭാഗം റിപ്പോർട്ടുകളും ‘ബുഷ് അതു പറഞ്ഞു, ഡിക്ക് ചിനി ഇതുപറഞ്ഞു’ എന്നിങ്ങനെയുള്ള വെറും സർക്കാർ ഭാഷ്യങ്ങളായിരുന്നുവെന്നും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിംഗ് വളരെ കുറവായിരുന്നുവെന്നും വാഷിങ്ങ്ടൺ പോസ്റ്റും സമ്മതിച്ചിട്ടുണ്ട്.

യുക്രെയ്​നെതിരായ റഷ്യൻ യുദ്ധത്തിലെത്തുമ്പോഴേക്കും അമേരിക്കൻ പൊതുജനാഭിപ്രായത്തിൽ വലിയ തോതിൽ മാറ്റമുണ്ടായിട്ടുണ്ട്.

മുമ്പെങ്ങുമില്ലാത്ത വിധം അമേരിക്കൻ മാധ്യമങ്ങൾക്ക് ജാഗ്രത പാലിക്കേണ്ടിവന്നതും ശരിതെറ്റുകൾ വേർതിരിക്കേണ്ടിവന്നതും ട്രംപിന്റെ ഭരണകാലത്താണ്. പ്രസിഡന്റും സർക്കാർ സംവിധാനവും നൂറുകണക്കിനു നുണകൾ പടച്ചുവിട്ടുകൊണ്ടിരുന്നപ്പോൾ അമേരിക്കൻ മാധ്യമങ്ങൾ അതേ ബാഹുല്യത്തിൽ ഫാക്റ്റ്ചെക്കിംഗ് നടത്തി സത്യം പുറത്തുകൊണ്ടു വന്നുകൊണ്ടിരുന്നു. സംഘപരിവാർ പ്രൊപ്പഗാണ്ടയുടെ കാലത്ത് നാം അസൂയയോടെ നോക്കിക്കാണേണ്ട ഒന്ന്. യുക്രെയ്​നെതിരായ റഷ്യൻ യുദ്ധത്തിലെത്തുമ്പോഴേക്കും അമേരിക്കൻ പൊതുജനാഭിപ്രായത്തിൽ വലിയ തോതിൽ മാറ്റമുണ്ടായിട്ടുണ്ട്. അസോസിയേറ്റഡ്​ പ്രസ്​- എൻ. ഒ. ആർ. സി സർവ്വേ പ്രകാരം യുക്രെയ്​ൻ പ്രശ്നത്തിൽ അമേരിക്കൻ ഇടപെടൽ വളരെ ചെറിയ രീതിയിൽ മതിയെന്നാണ് ഭൂരിപക്ഷം അമേരിക്കക്കാരും അഭിപ്രായപ്പെട്ടത്. ഇറാഖ്​, അഫ്ഗാൻ യുദ്ധങ്ങളെ ഏറെ ആവേശത്തോടെ സ്വാഗതം ചെയ്ത ജനതയാണിതെന്നോർക്കണം.

വ്​ളാഡ്​മർ സെലൻസ്‌കി / Photo : @AdamScotti, Twitter

ലോക രാഷ്ട്രീയവും രാഷ്ട്രങ്ങൾ തമ്മിലുള്ള സമവാക്യങ്ങളുമൊക്കെ ഇറാഖ്​യുദ്ധകാലത്തുനിന്ന്​ ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. (അന്നും കുവൈറ്റ് എന്ന ചെറുരാജ്യത്തെ വിഴുങ്ങിയ സദ്ദാമിൽ നാം ഒരു കുറ്റവും കണ്ടില്ല. മറിച്ച് തികഞ്ഞ സ്വേച്ഛാ​ധിപധിയും ആയിരക്കണക്കിന് മരണങ്ങൾക്കുത്തരവാദിയുമായ ആ മനുഷ്യന് നമ്മൾ വീരപരിവേഷം കൊടുത്തു.) ഒരു രാഷ്ട്രമോ രാഷ്ട്രത്തലവനോ അമേരിക്കക്ക് എതിരായി നിൽക്കുന്നു എന്നതുകൊണ്ടുമാത്രം അവരുടെ തെറ്റുകൾ എങ്ങനെയെങ്കിലും ന്യായീകരിക്കുക എന്നത് എത്ര പരിതാപകരമാണ്. ചിലിയിലായാലും ഗൾഫിലായാലും അഫ്ഗാനിസ്ഥാനിലായാലും അമേരിക്ക ലോകത്ത് ഒരുപാട് ക്രൂരതകൾ ചെയ്തിട്ടുണ്ട്. പക്ഷേ യുക്രെയ്​ൻ യുദ്ധം അമേരിക്കയുടെ തലയിൽ കെട്ടിവക്കുന്നത് ഒരുമാതിരി കടന്നകൈയാണ്.

ഒരു ന്യൂസ് പ്രസന്റർ സെലെൻസ്‌കിക്കെതിരെ രോഷം കൊള്ളുന്നതു കണ്ടു, സംയമനം പാലിക്കേണ്ടതിനു പകരം സെലെൻസ്‌കി റഷ്യയെ പ്രകോപിപ്പിക്കുകയാണത്രേ. വ്യംഗ്യാർത്ഥം ഇതാണ്, യുക്രെയ്​ൻ ചെറിയ രാജ്യമായതുകൊണ്ട് പൊറുക്കാനും സഹിക്കാനുമൊക്കെ പഠിക്കണം. റഷ്യ എത്ര പ്രകോപിപ്പിച്ചാലും രാജ്യം നശിപ്പിച്ചാലും നാട്ടാരെ കൊന്നാലും യുക്രെയ്​ൻ പ്രകോപിതരാകരുത്, തിരിച്ചടിക്കാൻ നാട്ടുകാരോട് പറയരുത്.
സെലെൻസ്‌കിക്ക് ചെറിയ നാടകീയതയൊക്കെ ഉണ്ടായേക്കാം. പക്ഷേ ഒരാഴ്ചക്കകം യുക്രെയ്​ൻ കീഴടക്കി തിരിച്ചുപോരാമെന്നു കരുതിയ റഷ്യൻ സൈന്യം രണ്ടുമാസത്തിനിപ്പുറവും അവിടെ ഗതിയില്ലാത്തവിധം കുടുങ്ങിക്കിടക്കുന്നതിൽ ആ നാടകീയതക്ക് വലിയ പങ്കുണ്ട്. മൂന്നു നേരം മൃഷ്ടാന്നം കഴിച്ച് ഏമ്പക്കവും വിട്ടിരിക്കുന്ന നമുക്ക് യുദ്ധം ചെയ്ത്​ മരിച്ചു വീഴുന്ന ഒരു ജനതയെയോ എപ്പോൾ വേണമെങ്കിലും മരിക്കാവുന്ന അവരുടെ നേതാവിനെയോ ജഡ്ജ് ചെയ്യാൻ എന്തവകാശമാണുള്ളത്? ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സന്ധ്യാ മേരി

കഥാകൃത്ത്​, നോവലിസ്​റ്റ്​. വർഷങ്ങളായി ദൃശ്യ- ശ്രവണ മാധ്യമരംഗത്ത്​ പ്രവർത്തിക്കുന്നു. ​​​​​​​ചിട്ടിക്കാരൻ യൂദാസ് ഭൂത വർത്തമാന കാലങ്ങൾക്കിടയിൽ (കഥ), മരിയ വെറും മരിയ (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments