'ഇവിടെ പ്രത്യേകിച്ചൊന്നുമില്ല'
യുക്രെയ്ൻ യുദ്ധത്തിന്റെ രാഷ്ട്രീയ കാരണങ്ങളും അന്താരാഷ്ട്ര ഇടപെടലുകളും ചർച്ചക്കെടുക്കുമ്പോൾത്തന്നെ, യുദ്ധം ഇരുരാജ്യങ്ങളിലെയും സാധാരണ ജനങ്ങളെ എങ്ങനെയാവും ബാധിക്കുക എന്നുകൂടി ഓർക്കേണ്ടതുണ്ട്.
കുറച്ചു വർഷങ്ങൾക്കുമുമ്പ് മോസ്‌കോയടക്കം ഏതാനും റഷ്യൻ നഗരങ്ങൾ സന്ദർശിക്കുകയും ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുകയും ചെയ്ത ഓർമ്മയിൽ ഈ യുദ്ധം ആ മനുഷ്യരെ എങ്ങനെയാവും ബാധിക്കുക എന്നോർക്കുകയാണ്. യുദ്ധത്തിൽ ആരും ജയിക്കാറില്ല, പകരം സാധാരണ മനുഷ്യർ എല്ലായ്‌പ്പോഴും പരാജയപ്പെടുകയും ചെയ്യും എന്നതാണ് യുദ്ധങ്ങളെ സംബന്ധിച്ച അടിസ്ഥാനപ്രമാണം.
മോസ്‌കോ മെട്രോയിൽ ഒരു മിനിറ്റിൽ ഏഴിനടുത്ത് തീവണ്ടികൾ ഓടുന്നുണ്ടെന്നാണ് കണക്ക്. പ്രധാന സ്റ്റേഷനുകളിലെല്ലാം മിനിറ്റുകൾക്കുള്ളിൽ വണ്ടികൾ വന്നുകൊണ്ടിരിക്കും. സാഹചര്യം ഇതായിരിക്കേ അത്ഭുതപ്പെടുത്തിയ കാര്യം, ആളുകൾ വണ്ടിപിടിക്കാൻ ഓടുന്നതും തിരക്കിടുന്നതുമാണ്. മോസ്‌കോയിൽ ഞങ്ങളുടെ ആതിഥേയനായിരുന്ന മനുഷ്യനോട് (അദ്ദേഹത്തിന്റെ പേര് മറച്ചുവെക്കുന്നു) ഇക്കാര്യം തിരക്കി. അദ്ദേഹം പറഞ്ഞത് മോസ്‌കോയിൽ മിക്കവാറും മനുഷ്യർ ഒരു ദിവസം മൂന്നു ജോലികളെങ്കിലും ചെയ്യുന്നുണ്ടാകും എന്നാണ്. പ്രധാന ജോലിക്കു മുമ്പും പിമ്പുമായി ഓരോ പാർട്ട് ടൈം ജോലി കൂടി ചെയ്യാൻ ശരാശരി മോസ്‌കോ നിവാസികളെല്ലാം നിർബന്ധിതരാകുന്നുവത്രെ.
റഷ്യയിലെ ജീവിതച്ചെലവ് കൂട്ടിമുട്ടിക്കാൻ വലിയ പാടാണ്.
സോവിയറ്റ് യൂണിയൻ തകർന്ന് റഷ്യൻ ഫെഡറേഷൻ നിലവിൽവന്നതോടെ ഭക്ഷണം, പാർപ്പിടം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ വ്യക്തികളുടെ മാത്രം ഉത്തരവാദിത്തമായി. സ്വാതന്ത്ര്യം എന്ന വാക്കിന് ഇങ്ങനെയൊരർത്ഥം കൂടിയുണ്ടെന്ന് റഷ്യക്കാർ അങ്ങനെയാണ് മനസ്സിലാക്കുന്നത്. മോസ്‌കോയിൽ ഒരു ശരാശരിക്കാരന് മാസം കഴിയാൻ ഒരു ലക്ഷം റൂബിൾ ചെലവുണ്ട് എന്നാണ് കണക്ക്. കൊള്ളാവുന്ന ഒരു അപ്പാർട്ടുമെന്റിന് 40,000 റൂബിളിനുമേൽ വാടകകൊടുക്കണം. ഇതേ നിരക്കിൽത്തന്നെയാണ് മറ്റു ചെലവും. അപ്പോൾ മനുഷ്യർക്ക് ഓടി നടന്ന് ജോലിചെയ്യുകയല്ലാതെ വഴികളില്ല. നമ്മുടെ നാട്ടിലെ മനുഷ്യരുടെ മുഖത്തു കാണുന്ന ആഹ്ലാദഭാവം റഷ്യൻ നഗരവാസികൾക്കില്ല എന്നതും ശ്രദ്ധിച്ചിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിൽ ജീവിതാഹ്ലാദം നഷ്ടപ്പെട്ടുപോയ മനുഷ്യരാണവർ. ആളുകളുടെ മുഖത്ത് സന്തോഷമില്ലെങ്കിലും അവർ എപ്പോഴും തിരക്കുകൂട്ടി നടക്കുമെങ്കിലും മോസ്‌കോയും സെൻറ് പീറ്റേഴ്‌സ് ബർഗുമെല്ലാം പളപളാ മിന്നുന്ന കെട്ടിടങ്ങളും സൗകര്യമുള്ള നിരത്തുകളും ഇലക്ട്രിക് ബസുകളുമൊക്കെയായി സമ്പന്ന യൂറോപ്യൻ നഗരങ്ങളോട് കിടപിടിച്ചുനിന്നു.
യുക്രെയ്ൻ യുദ്ധത്തിന്റെ ആദ്യദിവസങ്ങളിൽ മോസ്‌കോയിലെ സുഹൃത്തിനോട് യുദ്ധവാർത്തകൾ അന്വേഷിച്ചിരുന്നു. എന്നാൽ, ‘ഇവിടെയൊന്നും യുദ്ധത്തിന്റേതായ ഒരു അനക്കവും വാർത്തയും ഇല്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. യുക്രെയ്നിൽനിന്ന് സുഹൃത്തുക്കൾ അയച്ചുകൊടുത്ത ചില വീഡിയോകൾ പിന്നീടദ്ദേഹം ഷെയർ ചെയ്തു. തകർന്ന കെട്ടിടങ്ങളുടെയും കത്തിക്കൊണ്ടിരിക്കുന്ന ഇലക്ട്രിസിറ്റി ലൈനുകളുടെയും തീയണയ്ക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് അംഗങ്ങളെയുമൊക്കെയാണ് ആ വീഡിയോയിൽ കാണാൻ കഴിഞ്ഞത്. കീവിലും പരിസരത്തും നടന്ന മിസൈൽ ആക്രമണമോ എയർ റെയ്‌ഡോ ഒക്കെയാവണം ആ നാശനഷ്ടങ്ങൾക്കുപിന്നിൽ. യുദ്ധം രണ്ടോ മൂന്നോ ആഴ്ച പിന്നിട്ടപ്പോൾ രണ്ടാം ലോകയുദ്ധാനന്തരം യൂറോപ്പു കണ്ട ഏറ്റവും വലിയ അഭയാത്ഥിപ്രവാഹമാണ് യുക്രെയ്നിൽ നിന്ന് അയൽരാജ്യങ്ങളിലേക്കുണ്ടായത്. 40 ലക്ഷത്തിലധികം മനുഷ്യരാണ് പല രാജ്യങ്ങളിലായി ചിതറിപ്പോയത്. ഇന്ത്യയടക്കം നിരവധി പൗരന്മാർക്കും കഷ്ടതകൾ സഹിച്ച് അവിടം വിടേണ്ടിവന്നു.
ഞാൻ ഈ ദിവസങ്ങളിൽ അദ്ദേഹത്തോട് വീണ്ടും വീണ്ടും യുദ്ധത്തെക്കുറിച്ചു ചോദിച്ചുകൊണ്ടിരുന്നു. ‘ഇവിടെ പ്രത്യേകിച്ചൊന്നുമില്ല’ എന്ന തണുത്ത മറുപടിയാണ് അദ്ദേഹം പറഞ്ഞത്. യുദ്ധത്തെക്കുറിച്ച് മോസ്‌കോയിൽനിന്ന് നാട്ടിലെ മീഡിയയോട് മലയാളത്തിൽ സംസാരിച്ച ഒരാളോട്, റഷ്യൻ അധികൃതർ വിശദീകരണം ചോദിച്ചതും യുദ്ധവിരുദ്ധ പോസ്റ്റിട്ടതിന് ഒരു 15 വയസ്സുകാരൻ ഏതാണ്ട് വീട്ടുതടങ്കലിലായതും അദ്ദേഹം സൂചിപ്പിച്ചു. നിങ്ങൾ യുദ്ധത്തെക്കുറിച്ചൊന്നും പറയണ്ട, അവിടുത്തെ മനുഷ്യരെക്കുറിച്ചു പറയൂ എന്നു പറഞ്ഞപ്പോൾ അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞു. റഷ്യക്കാർ വളരെ കുറച്ചേ യുദ്ധത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. മെട്രോയിലൊക്കെ യാത്ര ചെയ്യുമ്പോൾ ഇന്ത്യാക്കാരൊക്കെ വല്ല വിധേനയും യുദ്ധവാർത്തകൾ പരതുമ്പോൾ റഷ്യക്കാർ ഗെയിമുകളിലേർപ്പെടുകയാവും എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ കുടുംബബന്ധങ്ങളിൽ യുദ്ധം രാഷ്ട്രീയ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചതായി അദ്ദേഹം പറയുന്നു. ഒരു കുടുംബത്തിൽത്തന്നെ റഷ്യൻ വംശജരും യുക്രെയ്നിയൻ വംശജരുമുള്ളപ്പോൾ അവർ തമ്മിൽ തർക്കങ്ങളുണ്ടാകുന്നതായി അദ്ദേഹം പറഞ്ഞു. അതുപോലെ, യുക്രെയ്നിലും റഷ്യയിലുമായി കുടുംബബന്ധങ്ങളും കച്ചവടബന്ധങ്ങളും ഉള്ളവർക്ക് യുദ്ധം അസ്വസ്ഥതയുണ്ടാക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
2014-ൽ റഷ്യ ക്രീമിയ കൈയടക്കിയപ്പോൾ റൂബിൾ ഇന്ത്യൻ രൂപയുമായുള്ള വിനിമയനിരക്കിൽ കുറവു രേഖപ്പെടുത്തിയ അതേ അളവിൽ യുദ്ധത്തിന്റെ ആദ്യനാളുകളിൽ റൂബിൾ വിലയിടിഞ്ഞത് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപിന്നെ പടിപടിയായി ഉയർന്ന് ഇപ്പോൾ പഴയ നിലയിലെത്തിയതായും അദ്ദേഹം പറയുന്നു. പാശ്ചാത്യരാജ്യങ്ങളും കോർപറേറ്റുകളും റഷ്യയ്ക്കുമേൽ ചാർത്തിയ ഉപരോധം, സേവനനിഷേധങ്ങൾ ഒക്കെ ജനങ്ങളെ എങ്ങനെ ബാധിച്ചു എന്നറിയാൻ കൗതുകമുണ്ടായിരുന്നു. വിവിധ കോർപറേറ്റുകൾ അവരുടെ റഷ്യയിലെ സേവനം അവസാനിപ്പിച്ചപ്പോൾ ഒരുപാടു പേർക്ക് തൊഴിൽ നഷ്ടമായെന്നതു ശരിയാണ്. പക്ഷേ ഈ സ്ഥാപനങ്ങളിലൊന്നും റഷ്യക്കാർ കാര്യമായി ഉണ്ടായിരുന്നില്ല. ചെറിയ കൂലിയ്ക്ക് ജോലിയെടുക്കാൻ വന്ന പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളിലെ പൗരന്മാർക്കാണ് ജോലി നഷ്ടമുണ്ടായത്. അവരിൽ പലരും അവരവരുടെ നാടുകളിലേക്ക് തിരിച്ചുപോയി. പഞ്ചസാര കിട്ടാനില്ലാതാകും എന്നൊരു വാർത്ത പരന്നതിന്റെ അടിസ്ഥാനത്തിൽ റഷ്യയിൽ ചെറിയ തോതിൽ പഞ്ചസാരക്ഷാമവും വിലക്കയറ്റവുമുണ്ടായെങ്കിലും വളരെ പെട്ടെന്ന് അത് നീങ്ങി. മാർക്കറ്റിൽ പറയത്തക്ക വിലക്കയറ്റം ഉണ്ടായിട്ടില്ല. ഇന്ത്യയിൽനിന്നൊക്കെയുള്ള പൗരന്മാരെ സംബന്ധിച്ച് ഫ്‌ളൈറ്റ് ടിക്കറ്റെടുക്കുക, നാട്ടിലേക്ക് പണമയക്കുക തുടങ്ങിയ കാര്യങ്ങളിലൊക്കെ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതിനൊക്കെ വളരെ പെട്ടെന്ന് ബദൽ സംവിധാനങ്ങളായതായി അദ്ദേഹം പറയുന്നു. പാശ്ചാത്യലോകം വിലക്കിയ ചാനലുകളും ഇൻസ്റ്റാഗ്രാം പോലുള്ള ആപ്പുകളും ചില സംവിധാനങ്ങളിലൂടെ ഇപ്പോൾ റഷ്യക്കാർക്ക് ലഭ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യക്ഷത്തിൽ യുദ്ധം റഷ്യയെ ബാധിച്ചിട്ടില്ല എന്നു ചുരുക്കം. പണ്ട് സൈബീരിയയിൽ ചുവന്ന മഷി കിട്ടാനില്ല എന്ന് കത്തിനവസാനം എഴുതിയ തമാശ കൂടി മോസ്‌കോയിൽനിന്നുള്ള ഈ പ്രത്യക്ഷവിവരണത്തോട് ചേർത്തുവായിക്കേണ്ടതുണ്ടെന്ന് അദ്ദേഹം തന്നെ സൂചന തന്നതും ഓർക്കാം!
പാശ്ചാത്യരാജ്യങ്ങളൊക്കെ റഷ്യയോട് രൂക്ഷമായിത്തന്നെ പ്രതികരിച്ചിരുന്നെങ്കിലും യൂറോപ്പിൽ ഇംഗ്ലണ്ടൊഴികെയുള്ള രാജ്യങ്ങൾ പുതിയ സാഹചര്യത്തിൽ വളരെയധികം അസ്വസ്ഥരായിരുന്നു. ഏപ്രിൽ ഒന്നു മുതൽ റഷ്യയിൽനിന്നുള്ള എണ്ണ- പ്രകൃതിവാതകങ്ങൾക്ക് റൂബിളിൽ വില നൽകണം എന്ന റഷ്യൻ ആവശ്യം യൂറോപ്യൻ രാജ്യങ്ങളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. ജർമനിയും ഗ്രീസും ജനങ്ങളെ അസ്വസ്ഥരാക്കുന്ന തരത്തിൽ ഇന്ധനക്ഷാമ സൂചനകൾ നൽകി. യുദ്ധം കിഴക്കൻ യൂറോപ്പിൽനിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്ക് വെടിയും പുകയുമില്ലാതെതന്നെ വ്യാപിച്ചതിന്റെ സൂചനകളാണ് ഇതൊക്കെ. എണ്ണവില വർദ്ധിക്കുമെന്നും ഇതാ വർദ്ധിച്ചെന്നുമുള്ള പേടി ലോകംമുഴുക്കെ ഉണ്ടായിരുന്നു. അമേരിക്കക്കാർ മെക്‌സിക്കോയിൽ പോയി എണ്ണയടിക്കുന്നതിനെക്കുറിച്ച് വാർത്തകൾ വന്നിരുന്നു. എണ്ണവില കുറയ്ക്കാൻ തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്ന ബൈഡൻസർക്കാറിന്റെ പ്രതികരണവും ചർച്ചയായി.
ഇന്നുകേട്ട ഒരു വാർത്ത, അമേരിക്കൻ പ്രതിരോധമന്ത്രാലയം രാജ്യത്തെ എട്ട് പ്രതിരോധക്കരാറുകാരുമായി ചർച്ച നടത്തി എന്നതാണ്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അടിയന്തര ആയുധാവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം നടന്നത്. യുക്രെയ്ന് ആയുധസഹായം നൽകുക എന്നതാണ് ഈ ചർച്ചയുടെ മുഖ്യപരിഗണനാവിഷയം എന്നുറപ്പ്. അമേരിക്ക മുന്നോട്ടുവെക്കുന്ന ജനാധിപത്യത്തിന്റെ മാതൃക യുദ്ധത്തിന്റേതാണ്. ഒരു രാജ്യത്ത് ജനാധിപത്യം പോരാ എന്നോ പുതുതായി ജനാധിപത്യം സ്ഥാപിച്ചെടുക്കേണ്ടതുണ്ട് എന്നോ തോന്നിയാൽ ആയുധബലത്തിലൂടെയും അട്ടിമറിയിലൂടെയുമാണ് അവർ ജനാധിപത്യം കൊണ്ടുവരിക. യുക്രെയ്ന് ആയുധസഹായം കൊടുത്തുകൊണ്ടല്ലാതെ നിലവിലുള്ള സംഘർഷത്തിന് ഒരു പരിഹാരം അമേരിക്കൻ വിദേശകാര്യ നയത്തിലോ പ്രതിരോധ തന്ത്രത്തിലോ നമുക്കു കാണാൻ സാധിക്കുകയില്ല. കിഴക്കൻ യൂറോപ്പിലും മധ്യേഷ്യയിലുമൊക്കെ അമേരിക്ക നടപ്പിലാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യമാണോ മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണോ എന്നത്, ശീതയുദ്ധാനന്തരം അമേരിക്ക ലോകം മുഴുവൻ കാണിച്ചുകൂട്ടിയ പ്രത്യക്ഷവും പരോക്ഷവുമായ സൈനിക അട്ടിമറികളുടെയും കുത്തിത്തിരിപ്പുകളുടെയും ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ മാത്രമേ വിലയിരുത്താനാവൂ.
കൊസോവോയിലും ലെബനോനിലുമൊക്കെ അമേരിക്കൻ സൈനിക ഇടപെടലിന് പ്രേരകശക്തിയായി നിന്ന ജോർജ്ജ് ബൈഡൻ ഇപ്പോൾ അമേരിക്കൻ പ്രസിഡണ്ടാണ് എന്നത് സ്ഥിതി കുറേക്കൂടി സങ്കീർണമാക്കുന്നു. മേഖലയിലെ ജനങ്ങളെ അസ്വസ്ഥമാക്കുന്ന തരത്തിൽ ദീർഘകാല യുദ്ധപരിപാടികൾക്കാണ് അരങ്ങൊരുങ്ങുന്നത് എന്നത് ശുഭകരമായ വാർത്തയല്ലതന്നെ. 1970-കളിലെ അഫ്ഗാൻ ജനതയും 1990-കൾക്കുമുമ്പുണ്ടായിരുന്ന ഇറാഖ് ജനതയും ഇന്നെത്തിനിൽക്കുന്ന അവസ്ഥ കിഴക്കൻ യൂറോപ്യൻ, മധ്യേഷ്യൻ രാജ്യങ്ങളെ തുറിച്ചുനോക്കുന്നുണ്ട്. മേഖലയിലെ രാഷ്ട്രീയതന്ത്രജ്ഞർ ആത്മാർത്ഥമായി ഇടപെട്ടില്ലെങ്കിൽ വരുംദശകങ്ങളിൽ ലോകത്തിന്റെ സാമ്പത്തികകേന്ദ്രമാകുമെന്നു കരുതുന്ന ഈ മേഖലയിലെ നഗരങ്ങളും ജനങ്ങളും മധ്യകാല പടയോട്ടകാലത്തെന്നപോലെ അസ്വസ്ഥമാവുകയും തരിപ്പണമാവുകയും ചെയ്‌തേക്കാം.
റഷ്യ- യുക്രെയ്ൻ യുദ്ധത്തിന്റെ ആദ്യ ആഴ്ചകളിൽത്തന്നെ 350 ദശലക്ഷം ഡോളറിന്റെ അമേരിക്കൻ ആയുധസഹായമാണ് യുക്രെയ്ന് ലഭിച്ചിരിക്കുന്നത്. റഷ്യയ്ക്ക് യുദ്ധത്തിൽ മേൽക്കൈ കിട്ടുമെന്ന് പ്രതീക്ഷിച്ചിടത്ത് അവർ കീവിൽനിന്ന് പിന്മാറേണ്ടിവന്നതിന് ഒരു കാരണം, ഈ അമേരിക്കൻ സഹായമാണ്. യുദ്ധത്തിന്റെ ആദ്യനാളുകളിൽ യുക്രെയ്നിലെ ഇന്റർനെറ്റ് സംവിധാനങ്ങൾ തകരാറിലായപ്പോൾ ടെസ്ല മേധാവി ഇലോൺ മസ്‌കിന്റെ സഹായമെത്തി. സ്റ്റാർലിങ്കു വഴി നേരിട്ട് ഉപഗ്രഹനെറ്റ് വർക്ക് അദ്ദേഹം യുക്രെയ്ന് സംഭാവനയായി നൽകി. എന്നാൽ വാഷിംഗ്ടൺ പോസ്റ്റ് ഇപ്പോൾ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് ഈ പദ്ധതിക്ക് രണ്ടു മില്യൺ ഡോളർ അമേരിക്കൻ സഹായമുണ്ടെന്നാണ്. സ്റ്റാർലിങ്ക് ടെർമിനൽ ഒന്നിന് 1500 ഡോളർ എന്ന നിരക്കിനാണ് അമേരിക്കൻ സഹായം. ഇതിനുപുറമെ റഷ്യൻ ടാങ്കുകളെയും വിമാനങ്ങളെയും ആക്രമിക്കാൻ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ജാവലിൻ മിസൈൽ സിസ്റ്റവും സ്റ്റിംഗർ മിസൈലുകളും തോക്കുകളും ഉക്രൈനിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
പാശ്ചാത്യ റിപ്പോർട്ടുകളനുസരിച്ച് കനത്ത നഷ്ടമാണ് റഷ്യക്ക് യുക്രെയ്നിൽ സംഭവിച്ചിരിക്കുന്നത്. അഫ്ഗാനിൽ നേരിട്ടതുപോലെ അമേരിക്കയുടെ പരോക്ഷ സഹായം തന്നെയാണ് ഇവിടെയും തിരിച്ചടിയായത് എന്നു വ്യക്തം. എന്തു നഷ്ടവും സഹിച്ച് യുദ്ധമുന്നണിയിൽ തുടരുക എന്നതിനുപകരം സ്ട്രാറ്റജിക് പിന്മാറ്റം എന്ന ബുദ്ധിയാണ് റഷ്യ സ്വീകരിച്ചിരിക്കുന്നത്. കീവിന്റെ പ്രഹരശേഷി കുറച്ചു എന്നവകാശപ്പെട്ട് യുക്രെയ്ന്റെ കിഴക്കൻ മേഖലയിലേക്ക് റഷ്യ സൈന്യത്തെ പുനർവിന്യസിച്ചിരിക്കയാണ്. ഡൊണറ്റ്‌സ്‌കും ലുഹാൻസ്‌കും സ്വതന്ത്രമേഖലകളായി റഷ്യ നേരത്തേതന്നെ പ്രഖ്യാപിച്ചവയാണ്. അവയുടെ പൂർണമോചനത്തിനാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് റഷ്യ അവകാശപ്പെടുന്നു. അതേസമയം കരിങ്കടൽ തുറമുഖനഗരങ്ങളായ ഒഡേസയിലും മരിയുപോളിലും കനത്ത ആക്രമണം റഷ്യ തുടരുകയും ചെയ്യുന്നു. ഇതേ സാഹചര്യത്തിലാണ് ദീർഘകാലയുദ്ധം മനസ്സിൽക്കണ്ട് എന്നോണം അമേരിക്കൻ പ്രതിരോധവകുപ്പ് എട്ട് പ്രതിരോധ കരാറുകാരുമായി ചർച്ച നടത്തിയത് എന്നത് ഗൗരവമായി കാണേണ്ടതുണ്ട്.
സോവിയറ്റ് യൂണിയൻ പ്രസിഡണ്ട് മിഖായിൽ ഗോർബച്ചേവും ജർമൻ ചാൻസലർ ഹെൽമുട്ട് കോളും ജർമനിയെ ഏകീകരിച്ച കാലത്ത് കിഴക്കോട്ട് ‘നാറ്റോ’ വികസിപ്പിക്കില്ല എന്ന ഉറപ്പ് പാശ്ചാത്യശക്തികൾ കൊടുത്തിരുന്നു. അതിനുശേഷം സോവിയറ്റ് യൂണിയൻ തകർന്നു. രണ്ടാംലോകയുദ്ധാനന്തരം കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും സോവിയറ്റ് യൂണിയനും ചേർന്നുണ്ടാക്കിയ വാഴ്‌സാ സഖ്യവും അപ്രത്യക്ഷമായി. സ്വാഭാവികമായും ‘നാറ്റോ’യും പിരിച്ചുവിടപ്പെടേണ്ടതായിരുന്നെങ്കിലും അത് റഷ്യയെ പ്രകോപിപ്പിച്ച് ക്രമമായി വികസിപ്പിക്കുകയായിരുന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ലാത്വിയ, ഇസ്റ്റോണിയ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങൾക്കുപുറമെ വാഴ്‌സാസഖ്യത്തിലുണ്ടായിരുന്ന പോളണ്ടും റൊമാനിയയും ബൾഗേറിയയുമൊക്കെ ‘നാറ്റോ’ അംഗങ്ങളായി. യുക്രെയ്നും ‘നാറ്റോ’ അഗംത്വത്തിന് ചർച്ചകളിലായിരുന്നു.
സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലോടെ സാമ്പത്തികമായി തകർന്നടിഞ്ഞ റഷ്യൻ ഫെഡറേഷൻ വ്‌ളാദ്മിർ പുടിൻ നേതൃത്വത്തിലെത്തിയതോടെ വളരെ പെട്ടെന്ന് മുന്നേറുന്നതാണ് കണ്ടത്. സാമ്പത്തികമായും സൈനികമായും ആ രാജ്യം മുന്നേറുകയും സോവിയറ്റ് പ്രതാപകാലത്തെ അനുസ്മരിപ്പിക്കുംവിധം സൈനികശേഷിയിൽ ലോകത്ത് രണ്ടാമതെത്തുകയും ചെയ്തു. പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളായ ജോർജ്ജിയയുമായും യുക്രെയ്നുമായും റഷ്യ സൈനികമായി ഏറ്റുമുട്ടി. ജോർജ്ജിയയുടെ ഒരു ഭാഗം റഷ്യൻ അനുകൂല വിമതരുടെ കൈകളിലെത്തിയപ്പോൾ ക്രീമിയൻ ഉപദ്വീപ് റഷ്യൻ നിയന്ത്രണത്തിലായി. ഈ സമയത്തൊക്കെ വൻതോതിൽ ഡോളറൊഴുക്കി അമേരിക്ക യുക്രെയ്നിൽ ഇടപെടുന്നുണ്ട്.
സോവിയറ്റ് യൂണിയനിൽ നിന്ന് പിരിഞ്ഞുപോകുന്നതു സംബന്ധിച്ച് 1991-ൽ ഹിതപരിശോധന നടത്തിയപ്പോൾ യൂറോപ്പിനോടു ചേർന്നുനിൽക്കുന്ന ഒന്നോ രണ്ടോ പ്രവിശ്യകളല്ലാതെ മിക്ക യുക്രെയ്ൻ പ്രവിശ്യകളും റഷ്യയോട് ചേർന്നുനിൽക്കാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്. പിന്നീട് യുക്രെയ്ൻ സ്വതന്ത്ര റിപ്പബ്ലിക്കായെങ്കിലും 2014-വരെയും റഷ്യൻ അനുകൂല സർക്കാരുകളാണ് അവിടെയുണ്ടായിരുന്നത്. 2014-ഫെബ്രുവരിയിൽ കീവിൽ അരങ്ങേറിയ പ്രക്ഷോഭത്തിനുപിന്നിൽ അമേരിക്കൻ താൽപര്യങ്ങളും പണവുമായിരുന്നുവെന്നത് ഇന്ന് പകൽ പോലെ വ്യക്തമാണ്. ‘റെവലൂഷൻ ഓഫ് ഡിഗ്‌നിറ്റി’ എന്നാണ് ഈ മൂവ്‌മെന്റിനെ പാശ്ചാത്യലോകം വിശേഷിപ്പിക്കുന്നത്. അതിനുശേഷം നിലവിൽവന്ന സെലൻസ്‌കി സർക്കാരാണ് കടുത്ത റഷ്യൻവിരോധം രാജ്യത്തിനകത്ത് നടപ്പിലാക്കിയതും റഷ്യൻ ഭാഷയോടും റഷ്യൻ വംശജരോടും വിദ്വേഷം പ്രകടിപ്പിച്ചതും. റഷ്യയുടെ എല്ലാ വിലക്കുകളും കാറ്റിൽപ്പറത്തി നാറ്റോ ആംഗത്വത്തിനുവേണ്ടി ശ്രമിച്ചതും സെൻസ്‌കി തന്നെ.
സൈനികശക്തികളായ റഷ്യയ്ക്കും അമേരിക്കയ്ക്കും അവരുടെ താൽപര്യങ്ങളുണ്ട്. അമേരിക്ക പലതരത്തിൽ പ്രതിസന്ധിയിലാണ്. പെട്രോ- ഡോളർ സാമ്പത്തികവ്യവസ്ഥ ഏതാനും ദശകങ്ങൾ കൊണ്ട് അതിന്റെ ഉയർച്ചയിൽനിന്ന് പിറകോട്ടു പോകുമെന്ന് ആ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സൈനികശക്തി എന്ന നിലയിലും സാമ്പത്തികശക്തി എന്ന നിലയിലും ചൈന പതിയെ മുന്നേറുന്നതാണ് രണ്ടാമത്തെ ഭീഷണി. അമേരിക്കയെ സംബന്ധിച്ച് ഡോളർ ഒരു നാണയവ്യവസ്ഥ മാത്രമല്ല. അത് അച്ചടിച്ച് വിറ്റുകാശാക്കാവുന്ന എക്കണോമിക് പവർ കൂടിയാണ്. ലോകത്ത് ഏതെങ്കിലുമൊരു രാജ്യത്തിന് സാമ്പത്തിക ശക്തിയാവണമെങ്കിൽ ഡോളറിനുമേൽ മേധാവിത്വം നേടേണ്ടതുണ്ട്. അതിനുശ്രമിച്ച എല്ലാവരെയും അമേരിക്ക തകർത്തിട്ടുമുണ്ട്. സമീപ ദശകങ്ങളിൽ ഡോളറിന് കടുത്ത ഭീഷണിയുയർത്തിയത് യൂറോയാണ്. യൂറോപ്യൻ യൂണിയൻ, യൂറോ എന്നീ ആശയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ മുഖ്യശക്തിയായി നിന്നത് യൂറോപ്പിലെ ഏറ്റവും വലിയ ശക്തിയായ ജർമനിയും. യൂറോ അടിസ്ഥാന നാണയമായി റഷ്യയിൽനിന്ന് ഇന്ധനം വാങ്ങാനുള്ള ദീർഘകാലവും സുസ്ഥിരവുമായ ജർമൻ പദ്ധതി കൂടി അമേരിക്കയെ ഇളക്കിവിടാൻ ഇയടാക്കിയത് ഇതിനകം തന്നെ ചെയ്യപ്പെട്ടതാണ്.
സസ്യ എണ്ണയുടെയും ഗോതമ്പിന്റെയും വലിയ കയറ്റുമതിക്കാരാണ് യുക്രെയ്ൻ. അതിന്റെ തുറമുഖ നഗരങ്ങൾ തകർക്കപ്പെടുകയും ജനതയിൽ എട്ടിലൊന്നെങ്കിലും പലായനം ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ആഗോളതലത്തിൽത്തന്നെ അത് ഭക്ഷ്യവിതരണത്തെ ബാധിക്കുമെന്നുറപ്പ്. കീവിലും മരിയാപോളിലും മറ്റു നഗരങ്ങളിലും സമാധാനജീവിതം നയിച്ച ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം മാത്രമല്ല യുദ്ധം തകർക്കുക. തൊട്ടടുത്ത രാജ്യങ്ങളെല്ലാം അസ്വസ്ഥമാണ്. രണ്ടാംലോകയുദ്ധത്തിനുശേഷം യൂറോപ്പാകെ അതിന്റെ പ്രതിരോധ ബഡ്ജറ്റിനെക്കുറിച്ച് കാര്യമായി ആലോചിക്കുന്നു. ഏറ്റവും പുതിയ വാർത്തയനുസരിച്ച് ഫിൻലാൻറ് സ്വീഡൻ അതിർത്തികളിലേക്ക് റഷ്യ സൈനികനീക്കം നടത്തുകയാണ്. ഈ രണ്ടുരാജ്യങ്ങളും ‘നാറ്റോ’യിൽ ചേരാൻ നീക്കം നടത്തിയതാണ് റഷ്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്. വാർത്തകളനുസരിച്ച് വൻ സൈനികനീക്കമാണ് ഫിൻലാൻറ് അതിർത്തിയിൽ നടക്കുന്നത്.
റഷ്യയിൽ യാത്ര ചെയ്തപ്പോൾ ഒരു മധ്യവയസ്‌കനെ കണ്ടിരുന്നു. അലക്‌സാണ്ട്രോവിച്ച് എന്നോ മറ്റോ ആയിരുന്നു അദ്ദേഹത്തിന്റെ പേര്. ഒരു കൈയിൽ ആറു വിരലുകളുണ്ടായിരുന്ന ആ മനുഷ്യൻ പഴയ സോവിയറ്റ് ഗൃഹാതുരത്വമുള്ള മനുഷ്യനായിരുന്നു. റഷ്യയിൽ ആ മനുഷ്യൻ മാത്രമാണ് സോവിയറ്റ് യൂണിയനെക്കുറിച്ചു സംസാരിച്ചത്. അദ്ദേഹം ബാഗു തുറന്ന് പഴയ സോവിയറ്റ് പാസ്‌പോർട്ട് കാണിച്ചുതന്നു. സോവിയറ്റ് കാലത്തെ ഭക്ഷ്യസ്വയംപര്യപ്തതയെക്കുറിച്ചും തൊഴിൽ സുരക്ഷിതത്വത്തെക്കുറിച്ചും സംസാരിച്ചു. സ്റ്റാലിന്റെ പടം ആലേഖനം ചെയ്ത ടീഷർട്ടു ധരിച്ച ചെറുപ്പക്കാരെയും പിന്നീട് പലയിടത്തായി കണ്ടു. ആംസ്റ്റർഡാമിന്റെ തെരുവുകളിൽ ചിത്രം വരയ്ക്കുന്ന പഴയ സോവിയറ്റ് പൗരന്മാരായ വൃദ്ധദമ്പതിമാരെയും കണ്ടതോർക്കുന്നു. ഒരു കാലത്തിന്റെ ഓർമകളും വേദനയുമായിരുന്നു ഈ മനുഷ്യർ. റഷ്യൻ സമ്പദ്വ്യവസ്ഥ ചെറുതായൊന്നു തട്ടിയാൽ തകിടം മറിയാവുന്ന അവസ്ഥയിലുള്ളതാണെന്നതാണ് സത്യം.
യൂറോപ്പിലേക്കുള്ള റഷ്യയുടെ ഇന്ധനകയറ്റുമതി നിലയ്ക്കുകയും ഇന്ത്യയുമായും ചൈനയുമായുമുള്ള ബദൽ നീക്കങ്ങൾ പരാജയപ്പെടുകയും ചെയ്താൽ റഷ്യൻ ജനത സോവിയറ്റ് യൂണിയന്റെ തകർച്ചാനന്തരം കടന്നുപോയ സാഹചര്യങ്ങലിലേക്കു പതിക്കും. പാശ്ചാത്യശക്തികളുണ്ടാക്കുന്ന എല്ലാവിധ പ്രകോപനങ്ങളും ഇരിക്കുമ്പോൾത്തന്നെ റഷ്യ കൂടി കക്ഷിയായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ദുഃഖത്തിന്റെ അടയാളങ്ങളെ ലോകമാകെ സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല. യുക്രെയ്നിൽ മെഡിക്കൽ വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിക്കാൻ നിർബന്ധിതരായി നാട്ടിൽ മടങ്ങിയെത്തിയ അയൽക്കാരിലൂടെ നമുക്കും ആ സങ്കടങ്ങൾ നേരിട്ടുകാണാനാവും. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.