""സ്വേച്ഛാധിപത്യം കവികളെ ശിരഛേദം ചെയ്യുന്നു; പക്ഷെ ഭൂഗർഭത്തിൽ നിന്നും അവരുടെ വാക്കുകൾ ജനങ്ങളുടെ ചുണ്ടുകളിലേയ്ക്ക് വീണ്ടെടുക്കപ്പെടുന്നു''- 1973-ൽ പിനാഷെയുടെ ഫാസിസ്റ്റ് പട്ടാളം കൊല ചെയ്ത ലാറ്റിനമേരിക്കൻ കവി പാബ്ലോ നെരൂദയുടെ വാക്കുകളാണിവ.
കലാപത്തിന്റെയും വിമോചനത്തിന്റെയും മുഴക്കത്തോടെ മനുഷ്യനുവേണ്ടിയുള്ള ശബ്ദങ്ങൾ ഇടയ്ക്കിടയ്ക്ക് ഉയർന്നുപൊങ്ങി നാം ജീവിക്കുന്നുണ്ടെന്നും നമുക്ക് മരണം സംഭവിച്ചിട്ടില്ലെന്നും നാം തിരിച്ചറിഞ്ഞിരുന്നു. ദി ഗ്രേറ്റ് ഡിക്റ്റേറ്റർ എന്ന സിനിമയിൽ ചാർലി ചാപ്ലിൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം സ്വേച്ഛാധിപത്യത്തിന്റെ വേരറുക്കാനും മനുഷ്യലോക നിർമാണത്തിനുമുള്ള ആഹ്വാനമാണ്.
""ഹന്നാ, ഞാൻ പറയുന്നത് നിനക്ക് കേൾക്കാൻ കഴിയുന്നുണ്ടോ? നീ എവിടെയായാലും തലയുയർത്തി നോക്കൂ. ഹന്നാ, മേഘങ്ങൾ ഉയരങ്ങളിലേയ്ക്ക് മായുന്നു! സൂര്യനുദിച്ചു പൊങ്ങുന്നു, ഇരുളിൽ നിന്നും നാം വെളിച്ചത്തിലേയ്ക്ക് കടുന്നുവരികയാണ്; പുതിയൊരു ലോകത്തിലേയ്ക്ക്; അത്യാഗ്രഹത്തിനും വെറുപ്പിനും മൃഗീയതയ്ക്കും മീതെ മനുഷ്യർ ഉയർന്നുനിൽക്കുന്ന സ്‌നേഹത്തിന്റെ ഒരു ലോകത്തേയ്ക്ക്. ചിറകുകൾ നൽകപ്പെട്ട മനുഷ്യന്റെ ആത്മാവ് മഴവില്ലിന്റെ നേർക്ക് പറന്നുയരുന്നു. പ്രതീക്ഷയുടെ വെളിച്ചത്തിലേയ്ക്ക് ചിറകടിക്കുന്നു. തലയുയർത്തി നോക്കൂ ഹന്നാ, തലയുയർത്തൂ.''
ചിറകു പിടിപ്പിച്ച് മനുഷ്യാത്മാവ് മഴവില്ലിനുനേർക്ക് പറയുന്നയരുന്ന് ഒരു സ്വപ്‌നം പോലുമല്ലാത്ത കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. റഷ്യ യുക്രെയ്നിലേയ്ക്ക് അധിനിവേശം നടത്തിയത് 2022 ഫെബ്രുവരി 24-നായിരുന്നു. ഇത് നിങ്ങൾ വായിക്കുമ്പോൾ യുദ്ധം തുടങ്ങിയതിനുശേഷം ഏതാണ്ട് രണ്ടുമാസം പൂർത്തിയാവുമായിരിക്കും. റഷ്യൻ അധിനിവേശത്തിനെതിരെ ലോകത്തൊരിടത്തും പ്രതിഷേധത്തിന്റെ മനുഷ്യത്തിരമാലകൾ ഉയർന്നില്ല. യുക്രെയ്ൻകാർ ഉള്ളിടത്ത് അവർ റഷ്യൻ വിദേശ മന്ത്രാലയങ്ങൾക്കുമുന്നിൽ ചില പ്രതീക പ്രതിഷേധങ്ങൾ നടത്തി എന്നതൊഴിച്ചാൽ മറ്റൊരു പ്രതിഷേധവും നമുക്ക് കണാനായില്ല. ഒരുപക്ഷെ വലിയ ചില പ്രതിഷേധങ്ങൾ ഉയർന്നത് റഷ്യയിലാണെന്ന് കാണാം. റഷ്യയിലെ വിമത നേതാവ് വ്‌ളാദിമിർ കാരാമുർസയെ റഷ്യൻ ഭരണകൂടം അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചിരിക്കുകയാണ്.
യു.എൻ. മനുഷ്യാവകാശ കമീഷന്റെ കണക്കനുസരിച്ച് 1800-ലധികം സിവിലിയൻമാർ മരിക്കുകയും 2500-ലധികം യുക്രെയ്ൻകാർ മുറിവേറ്റ് മരണത്തിനോട് മല്ലിടുകയും ചെയ്യുന്നു. സ്വന്തം വീടും പരിസരവും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നവരുടെ എണ്ണം 45 ലക്ഷം കടന്നു. ഈ അഭയാർഥിപ്രവാഹം ചരിത്രത്തിലെ മറ്റൊരു സങ്കടപ്പാടാണ്. യുക്രെയ്നിലെ ഏതാണ്ട് എല്ലാ കെട്ടിടസമുച്ചയങ്ങളും ബോംബിങ്ങിൽ തകർന്നുതരിപ്പണമായി. റഫ്യൂജി ബ്ലൂസ് (Refugee Blues) എന്ന കവിതയിൽ ഡബ്ല്യു.എച്ച്. ഓഡൻ പറയുന്നതുപോലെ യുക്രെയ്‌നികൾക്ക് ഒരിക്കലുണ്ടായിരുന്ന മാതൃഭൂമി ഇനി അറ്റ്‌ലസിൽ മാത്രം കാണാൻ കഴിയുന്ന പ്രദേശമായി മാറി. ഇനി ഈ അറ്റ്‌ലസിൽ നോക്കാനുള്ള ഇടത്തിന് പകരം ജീവിക്കാനുള്ള ഇടം അവരെങ്ങനെ കണ്ടെത്തും. അകലെ മഞ്ഞിൽ അവ്യക്തമായി തെളിയുന്ന പട്ടാളവേഷങ്ങൾ പതുക്കെ പതുക്കെ മുന്നോട്ടാഞ്ഞുവരുമ്പോൾ ഓരോ അഭയാർഥിയും ഭയപ്പെടുന്നത് പട്ടാളക്കരങ്ങൾ അവർക്കുനേരെയാണ് നീളുന്നതെന്നാണ്.
ലോകത്തിന്റെ ഏതുഭാഗത്തും ഏതുകാലത്തും അനാഥരാക്കപ്പെടുന്ന, കുടിയിറക്കപ്പെടുന്ന, നിരാലംബരായ മനുഷ്യരുടെ പരിതോവസ്ഥ ചിത്രീകരിക്കുന്ന കവിതയാണ് റഫ്യൂജി ബ്ലൂസ്. ഹിറ്റ്‌ലറുടെ കാലത്ത് ആരംഭിച്ച അഭയാർഥികളുടെ ദുരിതം കാല-ദേശ വ്യത്യാസമില്ലാതെ ഇന്നും തുടരുകയാണ്. സോവിയറ്റ് യൂണിയന്റെ തകർച്ച പുതിയ ഹ്യൂമൻ എക്‌സോഡസിന് വഴിതുറന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം അതിന്റെ ഭീകരാവസ്ഥ വ്യക്തമാക്കുന്നു. കിഴക്കൻ യൂറോപ്പിൽ നിരന്തരം നടക്കുന്ന എത്‌നിക് സംഘർഷങ്ങൾ പരിഹാരമില്ലാതെ തുടരുന്നു. പലസ്തീൻ അഭയാർഥികളുടെ നിലവിളികൾ അവസാനിക്കുന്നില്ല. അൽഖ്വയ്ദയും താലിബാനും മറ്റ് തീവ്രവാദശക്തികളും പൊടുന്നനെ മനുഷ്യന്റെ ഹൃദയങ്ങൾക്കുനേരെ വെടിയുണ്ടകൾ പായിക്കുന്നു. ശ്രീലങ്കയിലും ലാറ്റിൻ അമേരിക്കയിലും എത്‌നിക് കൊലകൾ തുടർക്കഥയാവുന്നു. ആഭ്യന്തര യുദ്ധത്തിന്റെ തീയലകളിൽ കത്തി അമരുകയാണ് ആഫ്രിക്കൻ രാജ്യങ്ങൾ.
മനുഷ്യരാശി ജീവിക്കാനുള്ള അസാധാരണമായ ഇച്ഛാശക്തി എല്ലാകാലത്തും പ്രകടമാക്കിയിട്ടുണ്ട്. മരണം ഏറ്റവും സ്വാഭാവികവും ജീവിതം ഏറ്റവും അനിശ്ചിതവുമായ ഒരു സാമൂഹ്യാവസ്ഥയിൽ ഭൗതികവും മാനസികവുമായ അന്യവത്കരണത്തെ തടയലാണ് പ്രധാനം. യുദ്ധമുഖത്തു നിൽക്കുന്ന മനുഷ്യന്റെ പ്രത്യാശ ആ പ്രതിരോധത്തിലാണ്. എന്നാൽ സത്യം നിങ്ങളെ തടങ്കൽപാളയത്തിലേയ്ക്കാണ് നയിക്കുന്നതെങ്കിൽ, ആത്മാഭിമാനം നിങ്ങളെ ഗ്യാസ് ചേമ്പറിലേയ്ക്കാണ് കൊണ്ടുപോകുന്നതെങ്കിൽ ബെർതോൾട്ട് ബ്രെഹ്ത് പറയുന്നതുപോലെ നിങ്ങൾ സംസാരിക്കുകയും "പീഡനങ്ങൾ മഴ പോലെ പെയ്യുന്ന കാലത്ത് ദുരന്തം കുളക്കടവിലെ പായൽ പോലെ നിത്യമാണെന്നും തോന്നും.'
എന്നാൽ ഈ ഏകാന്തതാബോധത്തെ മറികടന്ന് ചരിത്രം നിർമിച്ചവരാണ് ലാറ്റിനമേരിക്കൻ ജനത. ചരിത്രത്തിന്റെ വിസ്മയകരമായ സൃഷ്ടി. അതുകൊണ്ടാണ് സ്‌റ്റോക്‌ഹോമിലെ നൊബേൽ അക്കാദമിയിൽ ഗബ്രിയേൽ ഗാർസ്യ മാർകേസ്ഇങ്ങനെ സംസാരിച്ചത്:""മർദനത്തിനും കൊള്ളയ്ക്കും അവഗണനയ്ക്കും നേരെ ഞങ്ങൾ ജീവത്തായി പ്രതികരിക്കുന്നു. മൃത്യുവിനുമേൽ ജീവിതത്തിനുള്ള മേൽക്കൈ നഷ്ടപ്പെടുത്തുവാൻ ഇതുവരെ ഒന്നിനും കഴിഞ്ഞിട്ടില്ല. പ്രളയത്തിനോ, പ്ലേഗ് ബാധക്കോ, ക്ഷാമത്തിനോ ദുരന്തങ്ങൾക്കോ അതുമല്ലെങ്കിൽ നൂറ്റാണ്ടുകളായി തുടരുന്ന അറ്റമെഴാത്ത യുദ്ധങ്ങൾക്കോ, ഒന്നിനും.''
നവീനവും സമ്പൂർണവുമായ ജീവിതത്തിന്റെ ഉട്ടോപ്പിയ നിർമാണമെന്ന സ്വപ്‌നം പങ്കുവെച്ച അദ്ദേഹം അവസാനം പറഞ്ഞത് തന്റെ ഗുരുനാഥനായ വില്യം ഫോക്‌നർ പറഞ്ഞതുപോലെ "മനുഷ്യരാശിയുടെ അന്ത്യം ഏറ്റെടുക്കാാൻ ഞാൻ തയ്യാറല്ല' എന്നായിരുന്നു.
ഇന്ന് ലോകം വലിയ ശൂന്യത അനുഭവിക്കുകയാണ്. യുദ്ധത്തിനെതിരെ മനുഷ്യാഭിപ്രായങ്ങളുടെ മിസൈൽ നിർമിക്കുന്ന ഫാക്ടറി ഇന്ന് ഷട്ടറിട്ടിരിക്കുകയാണ്. മനുഷ്യസ്‌നേഹത്തിന്റെ അവാച്യമായ അത്ഭുത തുരത്തുകൾ നമുക്ക് നഷ്ടപ്പെട്ടു, പകരം നമുക്ക് മോദിയും പിണറായിയും. ഇരുവരും പ്രതിനിധീകരിക്കുന്നത് വലതുപക്ഷവും ഇടതുപക്ഷവും. മുഖംമൂടി മാറ്റിയാൽ ഇരുവർക്കും ഒരേ അഭിപ്രായം. റഷ്യയുടെ അധിനിവേശത്തെ ന്യായീകരിക്കുകയും യു.എൻ. സെക്യൂരിറ്റി കൗൺസിലിൽ അധിനിവേശ വിരുദ്ധ പ്രമേയത്തെ മൃദുതലോടലിലൂടെ തഴുകുകയും ചെയ്ത മോദിയുടെ നയതന്ത്രം മനുഷ്യവിരുദ്ധവും ഇന്ത്യയുടെ വിദേശനയത്തിന്റെ നിരാസവുമാണ്. ഇന്ത്യൻ ഇടതുപക്ഷവും റഷ്യൻ അധിനിവേശത്തെ ന്യായീകരിക്കുകയാണ്.
ഇടതുപക്ഷ വ്യാഖ്യാനത്തിൽ യുദ്ധത്തിന്റെ കാരണഭൂതർ അമേരിക്കയാണ്. യുക്രെയ്‌നെ ‘നാറ്റോ’ സഖ്യത്തിൽ അംഗമാക്കി റഷ്യയെ ആക്രമിക്കാനുള്ള നീക്കമാണ് യുദ്ധത്തിലെത്തിയതെന്നാണ് ഇടതുന്യായീകരണം. കേരളത്തിലെ പല കവലകളിലും മുഴങ്ങുന്ന ഈ ന്യായീകരണം ഓക്കാനമുണ്ടാക്കുന്നതാണ്. ലോകത്തിന്റെ യഥാർഥ ദുരന്തം യുദ്ധത്തിന്റെ ഭീകരത തിരിച്ചറിഞ്ഞ് അതിനെതിരെ ശബ്ദിക്കാൻ ബെർട്രൻറ് റസലിനെപ്പോലെയുള്ള നൈതിക ശക്തികൾ ഇല്ലാതെപോയതാണ്. രണ്ടാം ലോകയുദ്ധകാലത്ത് യുദ്ധത്തിനെതിരെ തെരുവിലിറങ്ങിയ റസ്സലിനെ ബ്രിട്ടീഷ് ഭരണകൂടം ജയിലിലടച്ചു.
വിയറ്റ്‌നാം യുദ്ധകാലത്ത് നാസികളെ നാണം കെടുത്തുന്ന തരത്തിലുള്ള പീഡനമുറകളും തടങ്കൽപാളയങ്ങളും കൂട്ടക്കുരുതികളും ഉണ്ടായപ്പോൾ 1967-ൽ യുദ്ധക്കുറ്റങ്ങളുടെ അന്താരാഷ്ട്ര കോടതിക്ക് ബെർട്രാൻറ് റസ്സലും ഴാങ് പോൾ സാർത്രും മുൻകൈയെടുത്ത് രൂപംനൽകി. അവർ ലോകത്തുള്ള എല്ലാ നല്ല മനുഷ്യരോടും യുദ്ധത്തിനെതിരെ പ്രതികരിക്കാൻ ആവശ്യപ്പെട്ടു. ഒരു മനുഷ്യന്റെ രഹസ്യം അവരുടെ സ്വാതന്ത്ര്യത്തിന്റെ അതിർത്തിയാണെന്ന് പ്രഖ്യാപിച്ച് സാർത്ര് യുദ്ധത്തിനെതിരെ സ്വീകരിച്ച നിലപാട് ലക്ഷങ്ങളെ സ്വാധീനിക്കുകയും അവരെ യുദ്ധവിരുദ്ധരാക്കുകയും ചെയ്തു.
ഇന്ന് കേരളത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഒരു കാര്യത്തിലും വ്യക്തമായ നിലപാടില്ലാത്ത മനുഷ്യരുടെ കലപിലകളാണ് കേരളം കേൾക്കുന്നത്. നമ്മുടെ വരേണ്യബുദ്ധിജീവികളും തൊഴിലാളിവർഗത്തിന്റെ ജൈവ ബുദ്ധിജീവികളും മൗനത്തിലാണ്. മൗനമാണ് സുരക്ഷിതമായ ഇടം ഒരുക്കുന്നതെന്ന് തിരിച്ചറിഞ്ഞ ഇവർ മൗലികമായ വിഷയങ്ങളിൽ നിശബ്ദത പാലിക്കുകയും ഉപരിപ്ലവ വിഷയങ്ങളിൽ ഒച്ചവെക്കുകയും ചെയ്യും. അതുകൊണ്ട് അവരുടെ ശബ്ദം തകരച്ചെണ്ടയുടെ പതറുന്ന ശബ്ദമായി മാറിയിരിക്കുന്നു. പൊതുസമൂഹം അനാഥമാക്കപ്പെട്ടിരിക്കുന്നു. പ്രതിസന്ധിയുടെ അനർഘനിമിഷത്തിലാണ് നാം. മനുഷ്യനാവുന്നതിനെക്കുറിച്ച് ചിന്തിക്കാനും ആ ചിന്ത സമൂഹത്തിലേയ്ക്ക് പ്രസരിപ്പിച്ച് സമൂഹത്തെ മനുഷ്യപ്പറ്റുള്ളതാക്കാനും കഴിയാത്ത കാലാവസ്ഥ ഒരു ദുരന്തമാണ്. വലതുപക്ഷവും ഇടതുപക്ഷവും വലിയ വിശ്വാസി സമൂഹമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഈ വിശ്വാസി സമൂഹങ്ങൾക്ക് പുണ്യാളൻമാരും ആരാധനാലയങ്ങളും നിർമിക്കപ്പെട്ടിരിക്കുന്നു. സുബോധത്തോടെ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർ അപഹസിക്കപ്പെടുന്നു.
യുദ്ധത്തിന്റെ കൊടുങ്കാറ്റടിക്കുമ്പോൾ അതിനെതിരെ നിൽക്കാൽ ഒരു പുൽക്കൊടിയാകാനെങ്കിലും മനുഷ്യന് കഴിയേണ്ടതാണ്. ബെർതോൾട്ട് ബ്രഹ്തിന്റെ ‘മദർ കറേജ്' എന്ന നാടകം എത്രമാത്രം യുദ്ധവിരുദ്ധമായിരുന്നു. സ്വന്തം മക്കളെ സ്വന്തം ഹൃദയം പോലെ കൊണ്ടുനടന്ന ഒരു അമ്മയുടെ മൂന്ന് മക്കളെ വെടിയുണ്ട തിന്ന കഥ കൂടിയാണത്. 60 ലക്ഷത്തിലധികം ജൂതൻമാരെ ചുട്ടെരിച്ച അഡോൾഫ് ഹിറ്റ്‌ലറുടെ മനുഷ്യവിരുദ്ധതയെയും ക്രൂരതയെയും തുറന്നെതിർത്ത ബ്രഹ്തിന് മരിക്കാതിരിക്കാൻ മാതൃരാജ്യത്തുനിന്ന് ഓടിപ്പോകേണ്ടിവന്നു. അദ്ദേഹം എഴുതിയ എക്കാലത്തെയും ക്ലാസിക്കാണ് ‘മദർ കറേജ്'. മനുഷ്യഹൃദയത്തെ ദ്രവിപ്പിക്കുന്ന സ്വീക്വൻസുകൾ ആ നാടകത്തിന്റെ തീവ്രത വർധിപ്പിക്കുന്നവയാണ്. നിർബന്ധ സൈനികസേവനത്തിന്റെ ഭാഗമായി അമ്മയുടെ പ്രിയ മകൻ ഈലീഫിനെ പട്ടാളത്തിൽ ചേർക്കാൻ കുറെ പട്ടാളക്കാർ എത്തുന്നുണ്ട്. അതിനെ എതിർക്കാൻ അമ്മയ്ക്കാവില്ല. എതിർപ്പ് മരണമാണ്. അതിനാൽ അമ്മ ഒരു പട്ടാളക്കാരന്റെ തൊപ്പി വാങ്ങി അതിൽ കടലാസുകഷ്ണങ്ങൾ കുരിശുവരച്ചും വരക്കാതെയും ചുരുട്ടി നുറുങ്ങു ചുരുളുകകളായി ഇട്ടു. അമ്മ ഓരോ പട്ടാളക്കാരനോടും ഓരോ കുറിയെടുക്കാൻ പറഞ്ഞു. എല്ലാവരും അവരവർക്ക് ഇഷ്ടമുള്ള കുറി കൈയിട്ടെടുത്തു. എല്ലാവരും അവരവർക്ക് കിട്ടിയ കുറിച്ചുരുൾ നിവർത്തി. എല്ലാവരും ഞെട്ടി. അവരുടെ കുറിച്ചുരുൾ നിവർത്തിനോക്കിയപ്പോൾ എല്ലാം കുരിശുചിത്രം വരച്ചത്. അത് മരണസൂചനയാണ്. അവർ യുദ്ധത്തിൽ മരിക്കുമെന്ന സൂചന.
യുദ്ധം മരണമാണ്, മനുഷ്യരാശി എത്രവട്ടം അത് തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടാണ് സർഗശേഷിയുള്ള മനുഷ്യർ അതിനെ എതിർത്തുകൊണ്ടിരുന്നത്. എന്നാൽ ഏകാധിപതികൾ യുദ്ധക്കൊതിയൻമാരാണ്.
ഹിറ്റ്‌ലറും മുസോളിനിയും ഫ്രാൻസിസ്‌കോ ഫ്രാങ്കോയും യുദ്ധക്കൊതിയൻമാരായിരുന്നു. അവർ ലക്ഷങ്ങളെ ചുട്ടുകൊന്നു. ആ നിരയിലെ മറ്റൊരു യുദ്ധക്കൊതിയനാണ് വ്‌ളാദിമിർ പുടിൻ. അവർക്ക് പൊതുവിൽ മനുഷ്യച്ചോരയോട് ആർത്തിയാണ്. സോവിയറ്റ് യൂണിയനിലെ രഹസ്യാന്വേഷണ ഏജൻസിയായ കെ.ജി.ബി.യുടെ ലഫ്റ്റനൻറ് കേണലായിരുന്നു പുടിൻ. അദ്ദേഹം ചെറുപ്പത്തിലേ ശത്രുസംഹാരപ്രിയനായിരുന്നു. 14-ാം വയസ്സിൽ സഹപാഠിയുടെ കാല് തല്ലിയൊടിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ശത്രുസംഹാര പടയോട്ടം ആരംഭിച്ചത്. സഹപാഠിയുടെ കാല് തല്ലിയൊടിച്ച സംഭവം അന്വേഷിച്ച ടീച്ചറോട് പുടിൻ പറഞ്ഞത്, ""ചിലർക്ക് അടിയുടെ ഭാഷ മാത്രമെ മനസ്സിലാവൂ'' എന്നായിരുന്നു.
റഷ്യയുടെ പ്രസിഡന്റായ പുടിൻ അതിന്റെ വികസിപ്പിച്ച തന്ത്രങ്ങളാണ് പിന്നീട് ഭരണരംഗത്ത് അവതരിപ്പിച്ചത്. 2015-ൽ അദ്ദേഹം തന്റെ മിലിട്ടറി സ്ട്രാറ്റജി പ്രഖ്യാപിച്ചു; "ഏറ്റുമുട്ടൽ ഒഴിവാക്കാനാവില്ലെങ്കിൽ ആദ്യം അങ്ങോട്ട് ആക്രമിക്കണം. എതിരാളിയെ പ്രതിരോധിക്കലല്ല യുദ്ധതന്ത്രം. ആദ്യം ആക്രമിക്കുകയെന്നതാണ് ശരി.'
ഈ യുദ്ധതന്ത്രമാണ് ഇപ്പോൾ യുക്രെയ്‌നിൽ പ്രയോഗിച്ചത്. യുക്രെയ്ൻ ‘നാറ്റോ’ സൈനികസഖ്യത്തിൽ അംഗമായാൽ റഷ്യക്ക് യുദ്ധം ചെയ്യേണ്ടിവരിക ലോകത്തോടു മുഴുവനുമായിരിക്കും. അതായത് ശത്രുവിനെ ശക്തിപ്പെടുത്തിയതിനുശേഷം ശത്രുവിനെ ആക്രമിക്കാൻ പോകുന്ന മണ്ടത്തരം വേണ്ടെന്ന് പുടിൻ തീരുമാനിച്ചു. ശത്രു ദുർബലനായിരിക്കുമ്പോഴാണ് കയറി അടിക്കാനും പരാജയപ്പെടുത്താനും എളുപ്പം. ദുർബലരാജ്യമായ യുക്രെയ്‌നിനെ ആക്രമിക്കുന്നതും കീഴടക്കുന്നതും ക്രൂരതയാണ്. യുദ്ധത്തിന്, പക്ഷെ മനുഷ്യത്വമില്ലല്ലോ. അതിന്റെ അരിത്ത്‌മെറ്റിക്‌സ് ക്രൂരതയാണ്. വിജയിച്ചാൽ തന്ത്രം വാഴ്ത്തപ്പെടും. പുടിൻ ഓരോ ദിവസം കഴിയുന്തോറും പുതിയ ലോകത്തിന്റെ അക്രമകാരിയായ ഹീറോ ആയി മാറിക്കൊണ്ടിരിക്കുകയാണ്.
സോവിയറ്റ് യൂണിയന്റെ തകർച്ച ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണെന്ന് വിശ്വസിക്കുന്ന നേതാവാണ് വ്‌ളാദിമിർ പുടിൻ. അദ്ദേഹം യുവാവായിരുന്നപ്പോൾ ലോകം സോവിയറ്റ് യൂണിയനാൽ നയിക്കപ്പെടുകയായിരുന്നു. അതാണ് സോവിയറ്റ് യൂണിയന്റെ പ്രതാപകാലം. 2019-ൽ വിജയാഹ്ലാദം നടത്തിയ സൈനിക പരേഡിൽ റഷ്യയുടെ പുതിയ പതാകയുടെ പിന്നിൽ കമ്യൂണിസ്റ്റ് പതാക കാണാമായിരുന്നു. സോവിയറ്റ് സാമ്രാജ്വത്വത്തിന്റെ പ്രതാപസ്മരണകളാണ് പുടിന്റെ ഊർജം. ചെച്‌നിയൻ വിമതർക്കെതിരെയുള്ള പടനീക്കം, സിറിയൻ യുദ്ധത്തിലെ ഇടപെടൽ, മാധ്യമസ്ഥാപനങ്ങളെ മുഴുവൻ അധികാരം ഉപയോഗിച്ച് അടിച്ചമർത്തൽ, പ്രതിപക്ഷ സമരനായകരെ ജയിലിൽ അടയ്ക്കൽ, പുടിനിൽ മാത്രം അധികാരം മരണകാലം വരെ നീളുന്ന ഭരണഘടന ഭേദഗതി- ഇതെല്ലാം അക്രമോത്സുകനായ പുതിയ സാമ്രാജ്യത്വ നായക നിർമിതിയാണ്.
ഉന്മാദം പൂത്തുലഞ്ഞ കാലങ്ങളിൽ ഏകാധിപതികളെ നയിച്ചിരുന്നത് ചെന്നായയുടെ ന്യായവാദങ്ങളാണ്. നീയല്ലേ വെള്ളം കലക്കിയത് എന്ന് പറഞ്ഞു ചെന്നായ ആട്ടിൻകുട്ടിയെ ആക്രമിക്കുകയും കടിച്ചുകീറുകയും ചെയ്യും. ഇതാണ് ഇപ്പോൾ യുക്രെയ്‌നിൽ സംഭവിക്കുന്നത്. യുക്രെയ്ൻ ‘നാറ്റോ’ സഖ്യത്തിൽ ചേർന്നാൽ റഷ്യയെ ആക്രമിക്കാൻ അമേരിക്ക നേതൃത്വം നൽകുന്ന ‘നാറ്റോ’ സൈനികശക്തിയുടെ ആയുധപ്പുരയായി യുക്രെയ്ൻ മാറുമെന്നാണ് പുടിന്റെ വാദം. ‘അതുകൊണ്ട് നിന്നെ ഞാൻ ആക്രമിച്ച് കീഴടക്കും’. ഇത് ഉൻമാദിയായ ഒരു ഭരണാധികാരിയുടെ ധിക്കാരമാണ്. തങ്ങളെ രക്ഷിക്കാൻ അമേരിക്കയോ സഖ്യകക്ഷികളോ വരുന്നില്ലെന്ന് വിലപിക്കുന്ന വ്ലാദിമിർ സെലൻസ്‌കി പരാജയം മണക്കുന്ന ഭരണാധികാരിയാണ്. എങ്കിലും കീഴടങ്ങാൻ അദ്ദേഹം തയ്യാറല്ല. അതുകൊണ്ട് അദ്ദേഹം ഔദ്യോഗിക വേഷമണിഞ്ഞ് യുക്രെയ്ൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കുമുന്നിൽ നിന്ന് യുക്രെയ്ൻകാരോട് പ്രഖ്യാപിച്ചു; ""മരണം വരെ പോരാടുക. നിരവധി വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ട്. സൈന്യത്തോട് കീഴടങ്ങാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ ഇവിടെയുണ്ട്. രാജ്യത്തിനുവേണ്ടി പോരാടും.'' ജനങ്ങൾക്ക് ആയുധം നൽകി ജനങ്ങളും പട്ടാളവും സംയുക്തമായി സ്വന്തം രാജ്യം കാത്തുസൂക്ഷിക്കാൻ അവർ രക്തം പതിച്ച് പ്രതിജ്ഞയെടുക്കുകയാണ്.
ഇവിടെ ലോകം നോക്കുകുത്തിയായി മാറിനിൽക്കുകയാണ്. മുമ്പ് ശീതയുദ്ധകാലത്ത് ഇതുപോലെ ഏകപക്ഷീയമായ കടന്നാക്രമണങ്ങൾ സാധ്യമല്ലായിരുന്നു. ലോകം രണ്ട് ശാക്തികചേരികളായി വിഘടിച്ച് നിന്നിരുന്നെങ്കിലും ഏകപക്ഷീയമായ കടന്നാക്രമണങ്ങൾ കുറവായിരുന്നു. അമേരിക്കൻ ബ്ലോക്കും സോവിയറ്റ് ബ്ലോക്കും എന്ന നിലയിൽ വാഴ്‌സ പാക്ടും നാറ്റോ പാക്ടും രാഷ്ട്രങ്ങളെ സംരക്ഷിക്കുമായിരുന്നു. ഇപ്പോൾ അതിന് വഴിയില്ല. ലോകം നോക്കിനിൽക്കേ ഒരു സ്വതന്ത്ര രാഷ്ട്രം ആക്രമിക്കപ്പെടുന്നു. ഇതിന് ശശി തരൂർ നൽകിയ മറുപടി തന്നെയാണ് ഏറ്റവും പ്രസക്തമായത്. അദ്ദേഹം ഗബ്രിയേൽ ഗാർസ്യ മാർകേസ് എഴുതിയ നോവൽ ചൂണ്ടിക്കാട്ടിയാണ് തന്റെ അഭിപ്രായത്തെ വ്യക്തമാക്കിയത്. മാർകേസിന്റെ പുസ്തകത്തിന്റെ പേര് "പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം' (Chronicle of a death foretold) എന്നാണ്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം പ്രവചിക്കപ്പെട്ടതാണ്. റഷ്യ ഏതുസമയത്തും യുക്രെയ്‌നെ ആക്രമിക്കാം എന്നത് രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. രണ്ടുമാസമായി ഏതുസമയത്തും യുദ്ധം ഉണ്ടാവും എന്ന നിലയിൽ ചർച്ചകൾ നടന്നു. പക്ഷെ യുദ്ധം ഇല്ലാതാക്കാൻ ലോകനേതാക്കൾക്ക് കഴിഞ്ഞില്ല. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റിൽപറത്തി ഐക്യരാഷ്ട്രസംഘടനയുടെ നിയമാവലികളെ കീറിപ്പിളർത്തി രാജ്യാന്തര കുറ്റവാളിയായി പുടിൻ മാറിയിരിക്കയാണ്. നാം കൂടുതൽ കൂടുതൽ പുരോഗമിക്കുമ്പോൾ യുദ്ധങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്.
പ്രശ്‌നപരിഹാരത്തിന് യുദ്ധം എന്നത് ആധുനിക ജീവിതവ്യവസ്ഥയ്ക്ക് യോജിച്ചതല്ല.
ഇത് തുറന്നുപറയാൻ ഇന്ന് ഇന്ത്യക്ക് പോലും കഴിയുന്നില്ല എന്നത് നമ്മുടെ ധാർമികതയെ മുറിപ്പെടുത്തുന്ന കാര്യമാണ്. മാനവരാശിയുടെ പേരിൽ ഈ യുദ്ധം നിർത്തണമെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് യു.എൻ. സെക്യൂരിറ്റി കൗൺസിലിൽ പറഞ്ഞു. പക്ഷെ അദ്ദേഹത്തിന്റെ ശബ്ദം ദുർബലമാണ്. കാരണം, ലോകത്ത് നടക്കുന്ന തെറ്റും ശരിയും വിളിച്ചുപറയാൻ വിശ്വാസ്യതയുള്ള ലോകനേതൃത്വം ഇല്ലാതായിരിക്കുന്നു. ഇന്ത്യ യു.എന്നിൽ പറഞ്ഞത് ധർമരഹിതമായ വാചകങ്ങളാണ്. കാര്യങ്ങൾ പൂർവസ്ഥിതിയിലാക്കാൻ റഷ്യയും യുക്രെയ്‌നും തയ്യാറാവണമെന്നാണ്. ആട്ടിൻകുട്ടിയ്ക്കും ചെന്നായക്കും ഒരേ സ്റ്റാറ്റസാണ് നമ്മൾ നൽകിയത്. അത് അധാർമികതയാണ്. ചെന്നായയാണ് തെറ്റുകാരൻ. അവനെ ശിക്ഷിക്കണം. റഷ്യയാണ് യുക്രെയ്‌നെ കടന്നാക്രമിച്ചത്. അതിനാൽ തിരുത്തേണ്ടത് റഷ്യയാണ്.
ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തിയത് ജവാഹർലാൽ നെഹ്‌റു ആയിരുന്നു. അത് ചേരിചാരാ നയമായിരുന്നു. അതിന് ധാർമികതയുടെ ശക്തിയുണ്ടായിരുന്നു. ഏതുരീതിയിൽ പരിശോധിച്ചാലും മഹാത്മാഗാന്ധിയും ജവാഹർലാൽ നെഹ്‌റുവും സ്വീകരിച്ച നിലപാട് ധാർമിക നിലപാടുകളായിരുന്നു. അതിന് ലോകത്തിനുമുന്നിൽ തിളക്കമുണ്ടായിരുന്നു. ഇപ്പോൾ യുക്രെയ്‌നുനേരെ റഷ്യ നടത്തിയ കടന്നുകയറ്റത്തെ ഇന്ത്യ അപലപിച്ചില്ലെങ്കിൽ നാളെ ചൈന നമ്മുടെ അതിർത്തിയിലേയ്ക്ക് കയറുമ്പോൾ അത് തെറ്റാണെന്ന് പറയാൻ ലോക രാജ്യങ്ങൾ ഉണ്ടാകണമെന്നില്ല. അതിന്റെ സൂചനയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നൽകിയത്. അമേരിക്ക പറഞ്ഞത് ഇന്ത്യ ചരിത്രത്തിന്റെ തെറ്റായ വശത്താണെന്നാണ്.
ചരിത്രത്തോടു നീതി പുലർത്താത്ത മോദി സർക്കാരിന്റെ നയം ഇന്ത്യക്ക് കുരുക്കുകൾ തീർക്കാൻ സാധ്യതയുള്ളതാണ്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചവരോട് ചരിത്രം ദയ കാണിച്ചിട്ടില്ല. ഇത് വ്യക്തമാക്കാൻ ശരി തരൂർ തയ്യാറായി. റഷ്യയും അമേരിക്കയും ഇന്ത്യയുടെ സുഹൃത്ത് രാജ്യങ്ങളാണ്. പലതരം ഉടമ്പടികൾ ഈ രാജ്യങ്ങളും ഇന്ത്യയും തമ്മിലുണ്ട്. അതുകൊണ്ട് അമേരിക്കയോ റഷ്യയോ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാൽ അത് തെറ്റാണെന്ന് പറയാതിരിക്കേണ്ടതില്ല. സൗഹൃദം നിലനിർത്തിക്കൊണ്ടുതന്നെ തെറ്റ് തെറ്റാണെന്ന് പറയേണ്ട ഉത്തരവാദിത്വമുണ്ട്. ഇല്ലെങ്കിൽ അതിക്രമങ്ങൾ അവിരാമം തുടരും. വ്യക്തികളുടെ ജീവിതത്തിലും രാഷ്ട്രങ്ങളുടെ ജീവിതത്തിലും ധാർമികതയുടെ പാഠം രണ്ടല്ല; ഒന്നുതന്നെയാണ്. ധാർമികത തകർന്നാൽ ജീവിതമൂല്യം ശുഷ്‌കിച്ചുപോകും.
യു.എൻ. രക്ഷാസമിതി ചേർന്ന് റഷ്യക്കെതിരെ പ്രമേയം പാസാക്കാൻ ശ്രമിച്ചപ്പോൾ അമേരിക്കയെ ഞെട്ടിച്ചത് ഇന്ത്യയുടെ നിലപാടായിരുന്നു. യു.എൻ. രക്ഷാസമിതിയിൽ 15 അംഗങ്ങളാണുള്ളത്. ഇതിൽ 11 രാജ്യങ്ങൾ അമേരിക്കയെ അനുകൂലിച്ചു. മൂന്ന് രാജ്യങ്ങൾ വിട്ടുനിന്നു -ചൈന, ഇന്ത്യ, യു.എ.ഇ. ഇത് അമേരിക്കയ്ക്ക് വലിയൊരു ഷോക്കായിരുന്നു. റഷ്യ യുദ്ധരംഗത്തു നിന്ന് നിരുപാധികം പിൻമാറണമെന്നായിരുന്നു പ്രമേയം. പക്ഷെ അതിനെ അനുകൂലിക്കാൻ ഇന്ത്യ ഉണ്ടായിരുന്നില്ല. തന്റെ ഭരണകാലത്തെ ഏറ്റവും ദുഃഖകരമായ സംഭവമാണ് റഷ്യയുടെ അധിനിവേശമെന്നാണ് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.