തെക്കു കിഴക്കൻ ഏഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള അനധികൃത കുടിയേറ്റത്തിനിരയാകുന്ന മലയാളികളുടെ എണ്ണത്തിൽ ഗണ്യമായ വർധന. ഗൾഫ് രാജ്യങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്റ് കാര്യമായി കുറഞ്ഞിട്ടുണ്ടെന്നും ഗാർഹിക തൊഴിലിനായി ഗൾഫിലേക്ക് പോകുന്ന മലയാളി സ്ത്രീകളുടെ എണ്ണത്തിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന, ലോക കേരള സഭ സെക്രട്ടറിയേറ്റിൽ പ്രോഗ്രാം & റിസർച്ച് ലീഡായ സി.എസ്. അഖിൽ ട്രൂകോപ്പി വെബ്സീനിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
‘പണ്ട് ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്നുള്ള അനധികൃത കുടിയേറ്റം ഗൾഫ് രാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്തിന്റെ രൂപത്തിൽ മാത്രമായിരുന്നു. എന്നാൽ ഇത്തരം തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസികളോ ഇടനിലക്കാരോ വച്ചുനീട്ടുന്ന ആർഷകമായ ഓഫറുകൾ സ്വീകരിക്കുന്ന മലയാളികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്.
ഇന്ന് മലയാളികൾ ചൂഷണത്തിന് വിധേയമാകുന്ന രണ്ടു പ്രധാന കുടിയേറ്റ ഇടനാഴികൾ കേരളത്തിൽ നിന്ന് തെക്കു കിഴക്കൻ ഏഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ളതാണ്.
മലയാളിക്ക് അത്ര ചിരപരിചിതമല്ലാത്ത ലക്ഷ്യസ്ഥാനങ്ങളാണ് മലേഷ്യയും സിംഗപ്പൂരും ഒഴിച്ചുള്ള ആസിയാൻ രാജ്യങ്ങൾ. ബ്രൂണെ, വിയറ്റ്നാം, കംബോഡിയ, ലാവോസ്, മ്യാന്മാർ, തായ്‌ലൻഡ്, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിലിനായി കുടിയേറുന്ന മലയാളികൾ ഇതര രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. ആയതിനാൽ ഇത്തരം രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തെ പ്രത്യേകമായി സർക്കാരും ഭരണസംവിധാനങ്ങളും പ്രത്യേകമായി പരിഗണിച്ചിരുന്നില്ല. എന്നാൽ കോവിഡിൻെറ രണ്ടാം ഘട്ടം മുതൽ തായ്‌ലൻഡ് വഴി കംബോഡിയ, ലാവോസ്, മ്യാന്മാർ എന്നിവിടങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ ഇരകളെ പറ്റിയുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിരന്തരമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി’’- അഖിൽ എഴുതുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീഗാർഹിക തൊഴിലാളികൾ അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെടുന്ന രാജ്യം മലേഷ്യയാണ്. സന്ദർശക വിസ കൈമുതലാക്കി പ്രവർത്തിക്കുന്ന ഇടനിലക്കാരുടെ സാന്നിധ്യമാണ് പ്രധാന വെല്ലുവിളി.
‘‘ഇത്തരം അനധികൃത കുടിയേറ്റത്തെ കുറിച്ച് പരിശോധിക്കുമ്പോൾ, അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വലിയ മനുഷ്യക്കടത്തു ശൃംഖലയുടെ ഇടപെടലുകൾ ദൃശ്യമാകുന്നു. മ്യാന്മാർ, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങളിലെ മെക്കോങ് പ്രദേശങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ചൂതാട്ട കേന്ദ്രങ്ങളാണ് ഇത്തരം അനധികൃത മനുഷ്യക്കടത്തിന്റെ ഉദ്ഭവസ്ഥാനം. വൻതോതിൽ ചൈനീസ് നിക്ഷേപമുള്ള ചൂതാട്ട കേന്ദ്രങ്ങൾ എല്ലാത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും കുപ്രസിദ്ധി ആർജ്ജിച്ചവയാണ്. കോവിഡ് കാലത്തിനു മുൻപ് ഇവർ പ്രധാനമായും ചൂതാട്ട കേന്ദ്രങ്ങളിൽ നേരിട്ട് എത്തുന്നവരെ മാത്രം ലക്ഷ്യമിട്ടു പ്രവർത്തിച്ചിരുന്നുവെങ്കിൽ യാത്രാനിയന്ത്രണങ്ങൾ മൂലം ചൈനയിൽ നിന്നും ഇതര രാജ്യങ്ങളിൽ നിന്നുമുള്ളവരുടെ വരവ് കുറഞ്ഞതോടെ ഓൺലൈൻ ചൂതാട്ടം, ഓൺലൈൻ തട്ടിപ്പ് എന്നിവയിലേക്ക് ഇത്തരം കേന്ദ്രങ്ങൾ ശ്രദ്ധ തിരിച്ചു. ഓൺലൈൻ പ്രവർത്തനങ്ങൾക്കാവശ്യം കമ്പ്യൂട്ടർ പരിജ്ഞാനമുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ ആയിരുന്നു. അതാണ് മനുഷ്യക്കടത്തുകാർ ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക്, ആകൃഷ്ടരാകാൻ കാരണം. ഇൻഡോനേഷ്യ പോലെയുള്ള രാജ്യങ്ങളിൽനിന്ന് ചൂതാട്ട കേന്ദ്രങ്ങളിലേക്ക് സെക്യൂരിറ്റി, ക്ളീനിങ് തുടങ്ങിയ അവിദഗ്ധ തൊഴിലുകളിലേക്കു വൻതോതിൽ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്’’.

‘‘പ്രധാനമായും ഓൺലൈൻ റിക്രൂട്ട്മെന്റാണ് ആദ്യകാലത്തു നടന്നുവന്നത്. നൗകരി.കോം പോലെയുള്ള പ്രമുഖ തൊഴിൽ വെബ്‌സൈറ്റുകൾ വഴിയും നവമാധ്യമങ്ങൾ വഴിയും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത് വ്യാജ ഓഫർ ലെറ്ററുകൾ നൽകിയാണ് ഇരകളെ വിദേശത്തേക്ക് കൊണ്ടു പോകുന്നത്. ആസിയാൻ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് ഏറ്റവും എളുപ്പം എത്തിപ്പെടാവുന്ന രാജ്യമെന്ന നിലയ്ക്ക് തായ്‌ലൻഡ് ആണ് മനുഷ്യക്കടത്തുകാർ പലപ്പോഴും തിരഞ്ഞെടുക്കുന്നത്. കൂടാതെ, മ്യാന്മാർ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിൽ തൊഴിൽ എന്നു പറഞ്ഞാൽ ആരും തയ്യാറാവില്ല. തായ്‌ലൻഡിൽ മെച്ചപ്പെട്ട ശമ്പളത്തിൽ ജോലി, കുറച്ചുനാൾ കഴിഞ്ഞാൽ കമ്പനി തന്നെ അവരുടെ യൂറോപ്യൻ ഓഫീസുകളിലേക്ക് നൽകുന്ന ട്രാൻസ്ഫർ എന്നീ ആകർഷണീയമായ ഓഫറുകളിൽ വീണാണ് പലരും തായ്‌ലണ്ടിലേക്ക് തിരിക്കുന്നത്. ഓഫർ ലെറ്റർ നൽകിയ ശേഷം വിസ തുക, പെർമിറ്റ് ഫീ എന്നൊക്കെ പേരിൽ ലക്ഷങ്ങൾ ഇവർ വാങ്ങിയെടുക്കുന്നു. തായ്‌ലൻഡിൽ എത്തിയശേഷം വിദൂര സ്ഥലങ്ങളിലേക്ക് ഇവരെ എത്തിച്ചശേഷം പാസ്പോർട്ട് അടക്കമുള്ള എല്ലാ രേഖകളും വാങ്ങി വയ്ക്കുകയും അനധികൃതമായി അതിർത്തി കടത്തുകയും ചെയ്യുന്നു. പലരുടെയും കണ്ണുകൾ അടക്കം കെട്ടിയാണ് അതിർത്തി കടത്താറുള്ളത്. ഇവരെ മെക്കോങ് മേഖലയിലുള്ള ചൂതാട്ട കേന്ദ്രങ്ങളിൽ എത്തിച്ചശേഷം നിർബന്ധിതമായി ഓൺലൈൻ ചൂതാട്ടത്തിന് ഉപഭോക്താവിനെ പ്രേരിപ്പിക്കാനും പരമാവധി പണം നേടിയെടുക്കാനും നിർബന്ധിക്കുന്നു. ചൂതാട്ടത്തിനു പുറമെ ഓൺലൈൻ പണമിടപാടുകളിൽ തട്ടിപ്പു നടത്തി പണമുണ്ടാക്കുവാനും ഉപഭോക്താവുമായി ചാറ്റ് ചെയ്തു പരമാവധി തട്ടിപ്പു നടത്തുവാനും ഇവരെ നിർബന്ധിക്കുന്നു. പലപ്പോഴും ശമ്പളം, തട്ടിപ്പു നടത്തിയതിന് ആനുപാതികമായാണ് നൽകിയിരുന്നത്. കനത്ത സുരക്ഷയിൽ യാതൊരു വാർത്താവിനിമയ സംവിധാനങ്ങളും ലഭ്യമല്ലാതെയാണ് ഇവർ ഇത്തരം കേന്ദ്രങ്ങളിൽ പണിയെടുക്കുന്നത്’’.
‘‘ഇത്തരം കേന്ദ്രങ്ങളിലേക്ക് പലപ്പോഴും ആ രാജ്യത്തെ നിയമപാലകർക്കോ സർക്കാർ സംവിധാനങ്ങൾക്കോ പോലും പ്രവേശനമില്ല. പ്രത്യേക സാമ്പത്തിക മേഖലയുടെ ആനുകൂല്യം മുതലെടുത്ത്, യാതൊരു ഓഡിറ്റിങും കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവയെല്ലാം. കംബോഡിയയിൽ 2019- ൽ ഓൺലൈൻ ചൂതാട്ടം നിരോധിച്ചെങ്കിലും കോവിഡ് കാലത്ത് അത് പൂർവ്വാധികം ശക്തിയോടെ ആരംഭിക്കുകയാണ് ചെയ്തത്. ചൂതാട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന കോടികളുടെ വരുമാനം കാരണവും വ്യാപകമായ അഴിമതി മൂലവും അവിടങ്ങളിലെ സർക്കാർ മൗനം പാലിക്കുകയാണ് പതിവ്. ഇത്തരം കുടിയേറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ അപമാനിതരായ തായ്‌ലൻഡ് അവരുടെ അതിർത്തികൾ ശക്തമാക്കിയും മനുഷ്യക്കടത്തുകാരുടെ താവളങ്ങൾ നശിപ്പിച്ചും ഇടപെടലുകൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ മറ്റു രാജ്യങ്ങൾ നിഷ്ക്രീയ നിലപാടു തുടർന്നുവരുന്നു. അനധികൃത മനുഷ്യക്കടത്തും ചൂതാട്ടവും നിയന്ത്രിക്കാൻ ഇവർക്ക് മേൽ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുടെ വലിയ സമ്മർദ്ദവുമുണ്ട്. ഇവിടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നവർ വളരെ കുറച്ചുപേർ മാത്രമാണ്. കരാർ അവസാനിച്ചാലും പലരെയും തിരികെവിടാറില്ല. ചൂതാട്ട കേന്ദ്രങ്ങൾക്ക് പുറത്തു കടക്കുന്നവരിൽ ഇന്ത്യക്കാർ പലപ്പോഴും എംബസ്സിയുടെ സഹായത്താലാണ് തിരികെയെത്തുന്നത്. ഇന്ത്യക്കാർക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ നൽകുന്ന തായ്‌ലൻഡ് പോലൊരു രാജ്യത്തേക്കുള്ള യാത്ര നിരീക്ഷിക്കുക അസാധ്യമാണ്’’.
‘‘തെക്കു കിഴക്കൻ മേഖലയിൽ പരമ്പരാഗതമായി മലയാളി കുടിയേറി വരുന്ന മറ്റൊരു രാജ്യം മലേഷ്യയാണ്. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ഗൾഫ് രാജ്യങ്ങളിലേതു പോലെ തൊഴിൽ ചൂഷണം ഇന്നും നടത്തിവരുന്ന ഒരു സംവിധാനമാണ് മലേഷ്യയിലേത്. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീഗാർഹിക തൊഴിലാളികൾ അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെടുന്ന രാജ്യം മലേഷ്യയാണ്. സന്ദർശക വിസ കൈമുതലാക്കി പ്രവർത്തിക്കുന്ന ഇടനിലക്കാരുടെ സാന്നിധ്യമാണ് പ്രധാന വെല്ലുവിളി. നിരവധി മലയാളികൾ തൊഴിൽ ചൂഷണങ്ങൾക്കും അപകടകരമായ തൊഴിൽ സാഹചര്യങ്ങളിലും ഇന്നും മലേഷ്യയിൽ തൊഴിലെടുക്കുന്നു. കഫാല സംവിധാനം നിലനിൽക്കുന്ന ഗൾഫ് രാജ്യങ്ങൾ മാത്രമാണ് പലപ്പോഴും ഗവേഷകരുടെയും മാധ്യമങ്ങളുടെയും വിചാരണയ്ക്ക് വിധേയമാകുന്നത്’’.

‘‘രണ്ടാമത്തെ പ്രധാന ഇടനാഴി കേരളത്തിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണ്. ഇന്ത്യ- യൂറോപ്യൻ യൂണിയൻ ഇടനാഴിയിൽ സമീപകാലത്തായി അനധികൃത തൊഴിൽ റിക്രൂട്ട്മെന്റ് വർധിച്ചുവരുന്നു. പോളണ്ട്, ഹംഗറി, സ്‌ളോവാക്യ, ചെക്ക് റിപ്പബ്ലിക്, ക്രൊയേഷ്യ, നെതർലാൻഡ്സ്, മാൾട്ട, പോർച്ചുഗൽ, ജർമനി എന്നീ രാജ്യങ്ങളിലേക്കുള്ള അവിദഗ്ദ- അർദ്ധ വിദഗ്ദ തൊഴിൽ മേഖലയിലേക്കാണ് കൂടുതൽ അനധികൃത റിക്രൂട്ട്മെന്റ് നടക്കുന്നത്. കൂടാതെ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ സെർബിയ, അൽബേനിയ തുടങ്ങിയ യൂറോപ്യൻ യൂണിയന്റെ അയൽരാജ്യങ്ങളെ ‘Gateway to Europe’ എന്ന പേരിൽ അനധികൃത കുടിയേറ്റത്തിനായി പ്രചാരണം നടത്തുന്നത് വർധിച്ചുവരികയാണ്. കുറഞ്ഞ നിരീക്ഷണ സംവിധാനങ്ങൾ നിലനിൽക്കുന്നതിനാൽ ഈ മാർഗത്തിലൂടെ വേഗത്തിൽ യൂറോപ്യൻ യൂണിയനിൽ പ്രവേശിക്കാൻ സാധിക്കും എന്ന പൊതുബോധം റിക്രൂട്ടർമാർ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇതിൽ വലിയൊരു ഭാഗം വ്യാജ തൊഴിൽ വാഗ്ദാനങ്ങളിലൂടെ നടപ്പാക്കപ്പെടുന്നു. യൂറോപ്യൻ ജീവിത സാഹചര്യങ്ങൾ സ്വപ്നം കാണുന്ന യുവതലമുറയാണ് ഇത്തരം ചതിക്കുഴികളിൽ വീഴുന്നത്’’- സി.എസ്. അഖിൽ എഴുതുന്നു.
‘‘ഇന്ത്യയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലാത്തതിനാൽ ഇത്തരം റിക്രൂട്ട്മെന്റ് ഏജൻസികൾ ജി സി സി മേഖലയിലെ ദുബൈ, ദോഹ, അബുദാബി തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. വിസ ആവശ്യമില്ലാത്തതോ വിസ- ഓൺ- അറൈവൽ മാർഗം ലഭ്യമായതോ ആയ ഇറാൻ, മൊറോക്കൊ (UAE റെസിഡന്റ് കാർഡുള്ളവർക്ക്), ബെലറൂസ്, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇവരുടെ ട്രാൻസിറ്റ് ഹബ്ബുകളായി ഉപയോഗിക്കപ്പെടുന്നു. ഇതോടൊപ്പം, റഷ്യ- ഉക്രൈൻ യുദ്ധം സൃഷ്ടിച്ച ദുരവസ്ഥയും പുതിയ കുടിയേറ്റ പാതകളെ സജീവമാക്കാൻ സഹായിച്ചിട്ടുണ്ട്. പടിഞ്ഞാറൻ ബാൽക്കൻ രാജ്യങ്ങളിലെയും കിഴക്കൻ യൂറോപ്പിലെയും അനധികൃത വഴികളിൽ ‘ഡോങ്കർമാർ’ (പ്രാദേശിക ഗൈഡുകളും മനുഷ്യക്കടത്തുകാരും) അതീവ സജീവമാണ്. നിയന്ത്രണങ്ങൾ ദുർബലമായ ഈ മേഖലയിലൂടെ അവർ കുടിയേറ്റക്കാരെ പടിഞ്ഞാറൻ യൂറോപ്പിലേക്ക് എത്തിക്കുന്നതും പതിവാണ്. അതി സങ്കീർണമായ മനുഷ്യക്കടത്തു ശൃംഖലകളാണ് ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്’’.
സന്ദർശക വിസയുടെ സാദ്ധ്യതകൾ ദുരുപയോഗം ചെയ്തും ഇന്ത്യയിൽ നിലവിലുള്ള റിക്രൂട്ട്മെന്റ് നിയമങ്ങളെ സമർത്ഥമായി മറികടന്നുമാണ് കേരള- യൂറോപ്യൻ ഇടനാഴിയിൽ അനധികൃത കുടിയേറ്റം സംഭവിക്കുന്നത്.
തട്ടിപ്പിന്റെ വഴികൾ
ഇത്തരം അനധികൃത കുടിയേറ്റങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കാൻ നിരവധി മാർഗ്ഗങ്ങൾ റിക്രൂട്ടർമാർ / മനുഷ്യക്കടത്തുകാർ അവലംബിക്കുന്നു. വ്യാജ തൊഴിൽ ഓഫറുകളും തൊഴിൽ അനുമതികളും നിർമ്മിക്കുക എന്നതാണ് വ്യാപകമായി സംഭവിക്കുന്നത്. കെട്ടിച്ചമച്ച തൊഴിൽ ഓഫറുകളും വ്യാജ ജോലിപത്രങ്ങളും ഉപയോഗിച്ച് ഏജന്റുമാർ കുടിയേറ്റക്കാർക്ക് ഉയർന്ന ശമ്പളമുള്ള ജോലികൾ യൂറോപ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി, നിർമ്മാണം തുടങ്ങിയ മേഖലകളിൽ, വാഗ്ദാനം ചെയ്യുന്നു. പലപ്പോഴും യൂറോപ്പിൽ ഷെൽ കമ്പനികൾ ഉണ്ടാക്കി നിയമപരമാണ് ഇത്തരം രേഖകൾ എന്ന് സ്ഥാപിക്കാനും ശ്രമങ്ങൾ നടക്കാറുണ്ട്.
മറ്റൊരു പ്രധാന രീതിയാണ് വിസ തട്ടിപ്പുകൾ. അനധികൃത സംവിധാനങ്ങൾ ഉപയോഗിച്ച് ഷെൻഗൻ വിസ ഉൾപ്പെടെയുള്ള വിസകൾ കൃത്യമായി നിർമ്മിക്കുന്നു. ഹോളോഗ്രാം, വാട്ടർമാർക്ക്, മൈക്രോപ്രിന്റിങ്ങ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. ജോലി ലഭിക്കാനോ യൂറോപ്പിലേക്ക് എളുപ്പം പ്രവേശിക്കാനോ എന്ന വ്യാജ വാഗ്ദാനത്തിൽ ഇവ വൻ തുകയ്ക്കാണ് വിൽക്കുന്നത്. തുടർന്ന്, ഈ വിസ വ്യാജമാണെന്ന് തിരിച്ചറിയപ്പെടുമ്പോഴേക്കും മലയാളികൾ തടവിലാക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യപ്പെടുന്നു.
വിദ്യാഭ്യാസ വിസാ ചൂഷണവും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. വിദ്യാർത്ഥികളായ കുടിയേറാൻ താല്പര്യമുള്ള മലയാളികളെ ലക്ഷ്യമിട്ട് വ്യാജ വിദ്യാഭ്യാസ രേഖകളും അപേക്ഷകളും ഉപയോഗിച്ച് യൂറോപ്യൻ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനങ്ങൾ ഏജന്റുമാർ ഒരുക്കുന്നു. വലിയ തുക ഈടാക്കിയാണ് ഈ സേവനങ്ങൾ നൽകുന്നത്. പലപ്പോൾ വിദ്യാർത്ഥികളെ നിലവിലില്ലാത്ത സ്ഥാപനങ്ങളിലേക്കോ നിലവാരമില്ലാത്ത സ്ഥാപനങ്ങളിലേക്കോ തള്ളിവിടുകയാണ് ചെയ്യുന്നത്. ഇങ്ങനെ അവർ നിയമപരമായോ വിദ്യാഭ്യാസപരമായോ സുരക്ഷ ഇല്ലാതെ കുടുങ്ങിക്കിടക്കുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്.
കിഴക്കൻ യൂറോപ്പിലെയും പടിഞ്ഞാറൻ ബാൽക്കൻ രാജ്യങ്ങളിലെയും ട്രാൻസിറ്റ് പാതകളും ഇവർ വ്യാപകമായി ഉപയോഗിക്കുന്നു. സെർബിയ, ബോസ്നിയ, അർമേനിയ, അസർബൈജാൻ, തുർക്കി തുടങ്ങിയ EU-അയൽരാജ്യങ്ങളിൽ ടൂറിസമോ ബിസിനസ്സോ എന്ന നിലയിൽ ഷോർട്ട് സ്റ്റേ വിസ ലഭ്യമാക്കുന്നു. അവിടെ എത്തിച്ചുകഴിഞ്ഞാൽ, ഇടനിലക്കാരെ ഉപയോഗിച്ച് പടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള സഞ്ചാരം ആരംഭിക്കുന്നു. ഈ യാത്രകൾ അപകടസാധ്യതയേറിയവയാണ് – കാറുകളിൽ, ട്രക്കുകളിൽ, ചെറുനൗകകളിൽ, മലനിരകളിലൂടെ, കാടുകളിലൂടെ, ചിലപ്പോൾ കടൽ വഴിയും യാത്ര ചെയ്യേണ്ടിവരും. നിരവധി പേർ സുരക്ഷാ സേനകളുടെ കയ്യിൽപ്പെടുകയോ ഗുരുതരമായ അപകടങ്ങൾക്ക് അടിപ്പെടുകയോ ചെയ്യാറുണ്ട്. ഈ ദുരിതങ്ങളെല്ലാം താണ്ടി യൂറോപ്പിലെത്തിയാൽ അനധികൃതമായി ഒളിച്ചുതാമസിക്കേണ്ടിവരുന്നു.

സന്ദർശക വിസയുടെ സാദ്ധ്യതകൾ ദുരുപയോഗം ചെയ്തും ഇന്ത്യയിൽ നിലവിലുള്ള റിക്രൂട്ട്മെന്റ് നിയമങ്ങളെ സമർത്ഥമായി മറികടന്നുമാണ് കേരള- യൂറോപ്യൻ ഇടനാഴിയിൽ അനധികൃത കുടിയേറ്റം സംഭവിക്കുന്നത്. ഇത് തടയുന്നതിനായി അന്താരാഷ്ട്ര സംഘടനകളും കേന്ദ്ര സർക്കാരും കേരളത്തിന്റെ നോർക്കയും സജീവ ശ്രമങ്ങൾ ആരഭിച്ചിട്ടുണ്ട്. സുരക്ഷിതമായ കൂടുതൽ തൊഴിൽ കുടിയേറ്റ അവസരങ്ങൾ ലഭ്യമാക്കുക, അനധികൃത കുടിയേറ്റത്തെ പറ്റിയുള്ള അവബോധം സൃഷ്ടിക്കുക, റിക്രൂട്ട്മെന്റ് നിയന്ത്രങ്ങൾ ശക്തമാക്കുക തുടങ്ങിയവയാണ് പ്രായോഗിക മാർഗ്ഗങ്ങൾ.
സി.എസ്. അഖിൽ എഴുതിയ ലേഖനത്തിന്റെ പൂർണ രൂപം വായിക്കാം, കേൾക്കാം: