കുടിയേറ്റം കുഴപ്പം പിടിച്ച ഒരു വാക്കാണ്.
ഒരുദാഹരണം, വെസ്റ്റ് ബാങ്കിലെ പലസ്തീൻ ഭൂമി കയ്യേറി ഇസ്രായേലികൾ താമസമാക്കുന്നതിനെ ജൂത കുടിയേറ്റം എന്നാണ് പൊതുവേ മാധ്യമങ്ങൾ വിളിക്കുന്നത്. ഇവിടെ ഇസ്രായേൽ അധിനിവേശത്തെ മയപ്പെടുത്തുന്ന വാക്കാണ് കുടിയേറ്റം.
ഉത്തര ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും സിറിയ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽനിന്നും ഗതികെട്ട മനുഷ്യർ സ്വന്തം നാടുപേക്ഷിച്ച് യുറോപ്പിലേക്ക് അപകടരമായ കടൽയാത്ര ചെയ്യാറുണ്ട്. ഇംഗ്ലീഷ് ചാനലിൽ സമീപ വർഷങ്ങളിൽ ഡസൻ കണക്കിനാളുകളാണ് ഈ യാത്രക്കിടെ മുങ്ങിമരിച്ചത്. അഭയാർഥികളുടെ പലായനമാണിത്. ഇവരെ പാശ്ചാത്യർ illegal migrants എന്നാണു വിളിക്കുന്നത്, അനധികൃത കുടിയേറ്റക്കാർ.
ഗൾഫിലും യൂറോപ്പിലുമടക്കം ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലേക്കും മലയാളികളുടെ പല തലമുറകൾ തൊഴിൽ തേടി പോയിരുന്നു. അവരെ നാം പ്രവാസികൾ എന്നാണ് വിളിച്ചത്. ഇങ്ങനെ തൊഴിലിനുപോയ നാടുകളിൽ പൗരത്വം നേടിയ മലയാളികൾ പോലും ഇടയ്ക്ക് നാട്ടിൽ വരും. തിരിച്ചുപോകാൻ കഴിയുന്ന ഒരു നാടുണ്ടെങ്കിൽ, ഇഷ്ടമുള്ളപ്പോഴൊക്കെ അവിടെച്ചെല്ലാമെങ്കിൽ ആ പ്രവാസജീവിതം വേറെ ഒന്നാണ്. ഈ കുടിയേറ്റവും തിരികെപ്പോകാൻ കഴിയാത്തവരുടെ കുടിയേറ്റവും വ്യത്യസ്തമാണെന്നു കാണാം. പൊലീസ് കയ്യിലും കാലിലും വിലങ്ങിട്ട് സ്വദേശത്തേക്ക് നാടുകടത്തും പോലെയല്ല.

തിരികെച്ചെല്ലാൻ ഒരിടമുണ്ടെങ്കിൽ കുടിയേറ്റം എപ്പോൾ വേണമെങ്കിലും അവസാനിക്കാമെന്ന സാധ്യതയോ പ്രതീക്ഷയോ മുന്നിലുണ്ടാക്കുന്നു. അഭയാർഥികളുടെ കാര്യമതല്ല. അവരുടെ നാട്ടിലേക്ക് അവർക്ക് എന്നു തിരിച്ചുചെല്ലാൻ കഴിയുമെന്നത് ആർക്കുമറിയില്ല.
ഇപ്പോൾ കേരളം പോലുള്ള വികസ്വര സമൂഹങ്ങളിൽനിന്ന് ഉന്നത വിദ്യാഭ്യാസത്തിന് ചെറുപ്പക്കാരെ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നത് മേൽപറഞ്ഞ ഗണത്തിലൊന്നും വരുന്നതല്ലെന്നു നമുക്കറിയാം. ഇതാണ് കുടിയേറ്റം കുഴപ്പം പിടിച്ച വാക്കാണെന്ന് പറഞ്ഞത്. കുടിയേറ്റത്തെപ്പറ്റി സംസാരിക്കുമ്പോൾ നിങ്ങൾ എവിടെ നിൽക്കുന്നുവെന്നത് പ്രധാനമാണ്. നിങ്ങളുടെ ധാർമ്മികബോധത്തെ, രാഷ്ട്രീയ നിലപാടിനെ അതാണ് സ്വാധീനിക്കുന്നത്.
യു.എസിലെ വിവേക് രാമസ്വാമി, യു.കെയിൽ പ്രധാനമന്ത്രി വരെയായ ഋഷി സുനക്, യു.കെയിലെയും യു.എസിലെയും ഇന്ത്യൻ വംശജരായ രാഷ്ട്രീയക്കാർ… അഭയാർഥികൾക്കും നവ കുടിയേറ്റക്കാർക്കുമെതിരെ ഏറ്റവും ശക്തമായ ഭാഷയിൽ സംസാരിക്കുന്നതും കുടിയേറ്റ വിരുദ്ധ നിയമങ്ങൾക്കുമുന്നിൽ നിൽക്കുന്നവരും ഇവരാണ്.
ഒരു നിരീക്ഷണം പറയാം.
ഏതു രാജ്യത്തെയും കുടിയേറ്റവിരുദ്ധ രാഷ്ട്രീയത്തിന്റെ മുഖ്യ വക്താക്കളും പ്രചാരകരും, മുൻപ് ആ രാജ്യത്തേക്ക് കുടിയേറിയവർ തന്നെയായിരിക്കും. യു.എസിലെ വിവേക് രാമസ്വാമിയെ, യു.കെയിൽ പ്രധാനമന്ത്രി വരെയായ ഋഷി സുനകിനെ, യു.കെയിലെയും യു.എസിലെയും ഇന്ത്യൻ വംശജരായ രാഷ്ട്രീയക്കാരെയും നോക്കുക. അഭയാർഥികൾക്കും നവ കുടിയേറ്റക്കാർക്കുമെതിരെ ഏറ്റവും ശക്തമായ ഭാഷയിൽ സംസാരിക്കുന്നതും കുടിയേറ്റ വിരുദ്ധ നിയമങ്ങൾക്കുമുന്നിൽ നിൽക്കുന്നവരും അവരാണ്. ഈ നാടുകളിലെ ഇന്ത്യൻ സമൂഹത്തെ നോക്കുക. കുടിയേറ്റക്കാർ കൂടുന്നത് തങ്ങൾക്കും ആപത്താണെന്ന് അവർ വിശ്വസിക്കുന്നു. അവരിലേറെയും ട്രംപിനെ ആരാധിക്കുന്നവരാണ്. ‘ഞങ്ങൾ ഇവിടെ ജീവിക്കുന്നു, ഇനി ഇവിടേക്ക് ആരും വരേണ്ട’ എന്നാണ് അവർ പറയുന്നത്. സിറിയൻ അഭയാർഥികൾ വന്നതോടെ യൂറോപ്പിന്റെ സിസ്റ്റം തകർന്നു, മൂല്യങ്ങൾ ഒലിച്ചുപോയി എന്നാണ് അവിടത്തെ കുടിയേറ്റ വിരുദ്ധർ പറയുന്നത്. ഹംഗറിയിലെ വിക്തർ ഓർബൻ ഒക്കെ തീവ്ര ക്രിസ്ത്യൻ ദേശീയതയും കുടിയേറ്റ വിരുദ്ധതയും മാത്രം പറഞ്ഞാണ് അധികാരത്തിൽ തുടരുന്നത്.

ഗൾഫിലുള്ള ഒരു സുഹൃത്ത് ഈയിടെ പറഞ്ഞത്; പലസ്തീൻ പ്രശ്നമൊക്കെ ശരിതന്നെ, പക്ഷേ ഈ പലസ്തീൻകാരെ സഹിക്കാൻ മറ്റാർക്കും പറ്റില്ല എന്നാണ്. അയാൾ ദുബായിലുള്ള ചില പലസ്തീൻകാരെ ഉദാഹരണമാക്കിയാണ്, അവർ തീരെ ‘സിവിലൈസ്ഡ്’ അല്ല എന്നു വാദിച്ചത്. അയാളും അറബ് നാട്ടിൽ ഒരു കുടിയേറ്റമനുഷ്യൻ ആണെന്നത് മറന്നു.
രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിന് പൊതുവേ അഭയാർഥികളോട് തുറന്ന സമീപനമായിരുന്നു. തൊഴിൽ കുടിയേറ്റമാകട്ടെ മിക്കവാറും എല്ലാ രാജ്യങ്ങളും സ്വാഗതം ചെയ്തിരുന്നു. കുടിയേറ്റക്കാരാൽ നിർമിതമായ രാജ്യം എന്നാണല്ലോ യു.എസ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇപ്പോഴത്തെ സ്ഥിതിയിൽ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഭാഗമായ കുടിയേറ്റങ്ങൾക്കുമാത്രമേ (ഗാസ ഏറ്റെടുക്കുന്നുമെന്ന് ട്രംപ് പറഞ്ഞത്.) വൻശക്തികൾക്കു താൽപര്യമുള്ളൂ.
മലയാളികൾ ലോകത്തിലെ ഏറ്റവും ഊർജ്ജസ്വലരായ കുടിയേറ്റക്കാരാണെങ്കിലും കുടിയേറ്റവിരുദ്ധവികാരം കേരളത്തിൽ ഇപ്പോൾ വേരുപിടിച്ചുകഴിഞ്ഞിട്ടുണ്ട്
മലയാളികൾ ലോകത്തിലെ ഏറ്റവും ഊർജ്ജസ്വലരായ കുടിയേറ്റക്കാരാണെങ്കിലും കുടിയേറ്റവിരുദ്ധവികാരം കേരളത്തിൽ ഇപ്പോൾ വേരുപിടിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതര സംസ്ഥാനക്കാർക്കെതിരെയാണത്. ഹോട്ടൽപണിക്ക്, ബാർബർ ജോലിക്ക്, പുരപണിക്ക്, റോഡുപണിക്ക് എന്നിങ്ങനെ ഏതാണ്ട്‌എല്ലാ ജോലിക്കും അവർ വേണം. പക്ഷേ അവരാണെവിടെയും എന്ന പരാതി നാം കേൾക്കുന്നു. ഇതര സംസ്ഥാനക്കാർ ഇവിടെ സ്ഥിരതാമസമാക്കി, അവരുടെ മക്കൾ മലയാളം പഠിച്ച് സ്കൂൾ പരീക്ഷകൾ എഴുതി ജയിക്കാൻ തുടങ്ങിയിട്ടുണ്ട്. നല്ല ചായ അടിച്ചുതരാൻ, നല്ല പൊറോട്ടോയോ ബിരിയാണിയോ ഉണ്ടാക്കാൻ, നന്നായി മുടി വെട്ടാൻ തുടങ്ങി എല്ലാത്തിനും നാമവരെയാണ് ആശ്രയിക്കുന്നതെങ്കിലും ഇടയ്ക്കിടെ ഇതര നാട്ടുകാർ ഉൾപ്പെട്ട കുറ്റകൃത്യമുണ്ടാകുമ്പോൾ പൊടുന്നനെ നാം രോഷാകുലരാകുന്നു, ആശങ്കപ്പെടുന്നു: ഈ ‘അന്യനാട്ടുകാർ’, ‘ബംഗാളികൾ’ പ്രശ്നമാണ്.

തൊഴിൽ തേടി, പഠിക്കാൻ വേണ്ടി, നാം വിമാനം കയറി ചെല്ലുമ്പോൾ അമേരിക്കക്കാരും യൂറോപ്യരുമൊക്കെ പറയുന്നത് ഇതാണ്- നമ്മുടെ സ്വാസ്ഥ്യം കെടുത്താൻ ‘ഏലിയൻസ്’ വന്നിരിക്കുന്നു! അനധികൃത കുടിയേറ്റക്കാരുടെ ഔദ്യോഗിക നാമമാണ് യു.എസിൽ ‘ഏലിയൻസ്’.
ഹാർവാർഡ് സർവകലാശാലയിൽ രാജ്യാന്തര വിദ്യാർത്ഥികൾ വേണ്ട എന്നു ട്രംപ് പറഞ്ഞത്, അവർ പറയുന്ന പലസ്തീൻപക്ഷ രാഷ്ട്രീയം ശരിയല്ല എന്ന കാരണത്താലാണ്. കാനഡയിലെ സ്ഥിതി അറിയാമല്ലോ. അവിടെ വെള്ളക്കാർക്ക് വീടുകൾ കിട്ടാനില്ല. കുടിയേറ്റക്കാർ കാരണം ജനസംഖ്യ കൂടി. അവർ വീടുകൾ വാങ്ങാൻ തുടങ്ങിയതോടെ ഡിമാൻഡ് കൂടി ലഭ്യത കുറഞ്ഞു എന്നാണ് കുടിയേറ്റവിരുദ്ധരുടെ ആരോപണം. ഇത്തരം അർദ്ധസത്യങ്ങളും കെട്ടുകഥകളും ചേർന്നാണ് കുടിയേറ്റ വിരുദ്ധരാഷ്ട്രീയം നരേറ്റീവ് ഉണ്ടാക്കുന്നത്. അങ്ങനെ ഓരോ സമൂഹങ്ങൾ അടച്ചിരിക്കാൻ തുടങ്ങുന്നു.

അഭയാർത്ഥികളുടെ കടൽമരണം പ്രമേയമാക്കിയ ഫ്രഞ്ച് തത്വചിന്തകനും നോവലിസ്റ്റുമായ വിൻസന്റ് ദിലക്വയുടെ (Vincent Delecroix) ‘സ്മോൾ ബോട്ട്’ എന്ന ചെറു നോവൽ അഭയാർത്ഥി കുടിയേറ്റവുമായി ബന്ധപ്പെട്ട ഒരു വലിയ ധാർമ്മിക പ്രശ്നമാണ് ഉന്നയിക്കുന്നത്. അഭയാർത്ഥികൾ സഹായം കിട്ടാതെ കടലിൽ മുങ്ങിമരിക്കുന്നതിന് ആരാണ് ഉത്തരവാദി?
ഫ്രഞ്ച് തീരത്ത് മുങ്ങുന്ന ഒരു ബോട്ടിൽനിന്ന് അഭയാർത്ഥികളിലൊരാൾ സഹായത്തിനായി ഫ്രഞ്ച് കോസ്റ്റ്‌ഗാർഡിന്റെ കൺട്രോൾ റൂമിൽ വിളിക്കുകയാണ്. ഞങ്ങളെ സഹായിക്കൂ, ഞങ്ങളുടെ ബോട്ട് മുങ്ങുന്നു.
സഹായവിളികൾ അറ്റൻഡ് ചെയ്ത റേഡിയോ ഓപ്പറേറ്റർ ഒരു യുവതിയാണ്. അവർ ചോദിക്കുന്നത്, എന്നോടു പറഞ്ഞിട്ടാണോ നിങ്ങൾ വെള്ളത്തിലിറങ്ങിയതെന്നാണ്. അയാൾ പിന്നെയും വിളിക്കുന്നു, ഞങ്ങളെ സഹായിക്കൂ. ഞങ്ങൾ മരിക്കാൻ പോകുന്നു.
അപ്പോൾ ഈ യുവതി പറയുന്നത്; നിങ്ങളെ ആരും രക്ഷിക്കാൻ പോകുന്നില്ല, നിങ്ങളോടാരാ ഇപ്പണിക്ക് ഇറങ്ങാൻ പറഞ്ഞത്? അനുഭവിക്ക് എന്നാണ്.

സഹായം കിട്ടാതെ അഭയാർഥികൾ ഇംഗ്ലീഷ് ചാനലിൽ മുങ്ങിമരിച്ച സംഭവത്തിൽ ഒരു പൊലീസുകാരി ഈ യുവതിയെ ചോദ്യം ചെയ്യുന്നത്‌വിവരിക്കുകയാണ് സ്മോൾ ബോട്ട് എന്ന നോവൽ. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണിത്. അഭയാർത്ഥിയും യുവതിയും തമ്മിൽ നടന്ന സംഭാഷണത്തിന്റെ വീഡിയോ ഫ്രഞ്ച് അധികൃതർ തന്നെ പുറത്തുവിട്ടിരുന്നു. അതു മാധ്യമങ്ങളിൽ വരുകയും ചെയ്തു. ദയാരഹിതമായ തന്റെ സംഭാഷണം അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടും പ്ലേ ചെയ്തു കേൾപ്പിക്കുന്നുണ്ട് ആ യുവതിയെ. ഈ സന്ദർഭത്തിൽ, താനല്ല അതിനുത്തരവാദി എന്നാണ് അവർ വാദിക്കുന്നത്
സമ്പന്നരായ വിനോദസഞ്ചാരികളുടെ ഒരു ആഡംബരനൗകയാണ് മുങ്ങുന്നതെങ്കിൽ സഹായവിളികളോട് അവർ ഇതേപോലെനിസ്സംഗമായിട്ടായിരിക്കുമോ പ്രതികരിക്കുക എന്ന ചോദ്യമുയർത്തുന്നുണ്ട് പൊലീസ് ഉദ്യോഗസ്ഥ. പക്ഷേ താൻ തെറ്റ് ചെയ്തുവെന്ന് അവർക്ക് തോന്നുന്നില്ല. കടലിൽ മുങ്ങുന്ന അഭയാർഥികളെ രക്ഷിക്കാനുള്ള സർക്കാർസംവിധാനം പൊതുഖജനാവ് മുടിപ്പിക്കാനുള്ള ഏർപ്പാടാണ് എന്നും ആ യുവതിയുടെ പിതാവ് പറയുന്നു.

ഒരിക്കൽ ശ്രീലങ്കൻ തമിഴരെ നാം സ്വീകരിച്ചു. യൂറോപ്പും അവർക്ക് അഭയമൊരുക്കി. ഫ്രാൻസും നോർവ്വേയുമൊക്കെ ലങ്കൻ തമിഴർക്ക് മധ്യസ്ഥത പറഞ്ഞു. ടിബറ്റൻ അഭയാർത്ഥികളെ നാം സ്വീകരിച്ചു. പക്ഷേ റോഹിംഗ്യൻ മുസ്ലിംകളെ നിരസിച്ചു. അവരെ പിടികൂടി തിരിച്ചു കടലിലേക്കുവിട്ടു.
ആരാണ് കുടിയേറുന്നത്, എവിടേക്കാണ് എന്നതിനെ ആശ്രയിച്ച് അർത്ഥങ്ങളും ന്യായങ്ങളും മാറിക്കൊണ്ടിരിക്കും. നിങ്ങൾ എവിടെനിൽക്കുന്നു എന്നതിനെ ആശ്രയിച്ചു മാറുന്നു, എല്ലാ ധാർമ്മികതയും.