യൂറോപ്യൻ നഗരങ്ങൾ ഇളകിമറിയുകയാണ്, പലസ്തീനിൽ ഇസ്രായേൽ അഴിച്ചുവിട്ട മനുഷ്യക്കുരുതിക്കെതിരെ. കുഞ്ഞുങ്ങളുൾപ്പെടെ 67,000 -ത്തിലധികമാളുകളെ ക്രൂരമായി കൊന്നൊടുക്കിയ, ഈ നിമിഷത്തിലും നരമേധം തുടരുന്ന നെതന്യാഹുവിന്റെ നേതൃത്വത്തിനെതിരെ ലോകം മുഴുവൻ അമർഷത്തിന്റെ അഗ്നിജ്വാലകളുയരുന്ന ദൃശ്യമാണ് കാണുന്നത്.
യൂറോപ്പിലെ പ്രധാന നഗരങ്ങളിൽ പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ കൊടിക്കൂറകൾ ഉയരുന്നു. ബാർസലോണയിലും റോമിലും ലിസ്ബണിലും ലണ്ടനിലും ഇസ്രായേലി നൃശംസതയ്‌ക്കെതിരെ പ്രതിഷേധം ഇരമ്പുകയാണ്. ഗാസയിലേക്ക് സഹായവുമായി പോയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല തടഞ്ഞുവെക്കുകയും മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചുള്ള മുദ്രാവാക്യങ്ങളാണ് യൂറോപ്യൻ നഗരങ്ങളിൽ ഉയരുന്നത്.
സ്പെയിൻ തലസ്ഥാനമായ മാഡ്രിഡ്, രണ്ടാമത്തെ വലിയ നഗരമായ ബാർസലോണ എന്നിവിടങ്ങളിൽ ഒരു ലക്ഷത്തിലധികമാളുകൾ ഇസ്രായേലിനെതിരെയുള്ള റാലിയിൽ അണി നിരന്നു. ബാർസലോണ മുൻ മേയർ ഉൾപ്പെടെ പലരും പ്രകടനത്തിൽ പങ്കെടുത്തു. അന്താരാഷ്ട്ര കായികമേളകളിൽ നിന്ന് ഇസ്രായേലിനെ പുറത്താക്കണമെന്ന് സ്പാനീഷ് പ്രധാനമന്ത്രി പെട്രോ സാൻജെസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്‌ച ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റാലിയ്ക്കും പലസ്തീൻ പൗരർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ഏകദിന പണിമുടക്കിനും റോമാനഗരം സാക്ഷ്യം വഹിച്ചു. 20 ലക്ഷം പേരുടെ പ്രതിഷേധറാലിയിൽ മാനവികതയുടെ മഹാവിളംബരമാണ് ഇരമ്പിയത്.
ബ്രിട്ടീഷ് സർക്കാരിന്റെ ആഹ്വാനം വകവെക്കാതെ ഡബ്ലിനിലും ലണ്ടനിലും പ്രകടനങ്ങൾ നടന്നു. ‘വംശഹത്യ നിർത്തുക’ എന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. ‘‘സാധാരണയായി ഞാൻ വലിയ പ്രകടനങ്ങളെ പിന്തുണക്കാറില്ല. പക്ഷേ, ഇന്ന് എനിക്ക് വീട്ടിൽ തന്നെ തുടരാൻ കഴിഞ്ഞില്ല’’, 44 കാരനായ സ്‌കൗട്ട് ലീഡർ ഡൊണാറ്റോ കൊളൂച്ചി എ.എഫ്.പിയോട് പറഞ്ഞു. ചിലയിടങ്ങളിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി. കഴിഞ്ഞ ബുധനാഴ്ച ഇസ്രായിൽ സൈന്യം സുമൂദ് ഫ്‌ളോട്ടില്ല തടഞ്ഞശേഷം നിരവധി ഇറ്റാലിയൻ നഗരങ്ങളിൽ ദിവസേന വലിയ പ്രകടനങ്ങൾ നടക്കുന്നുണ്ട്.

മാഡ്രിഡിൽ ഗാസക്കുവേണ്ടി നടന്ന പ്രകടനത്തിൽ 92,000 പേർ പങ്കെടുത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ‘‘ജീവൻ അപകടത്തിലല്ലാത്ത നമ്മൾ, യഥാർഥത്തിൽ ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി പോരാടണം’’- 19 കാരനായ വിദ്യാർഥി മാർക്കോസ് ബഗാഡിസബാൽ പറഞ്ഞു. പലസ്തീനിലെ വംശഹത്യ നിർത്തുക, ഇസ്രായേലുമായുള്ള ആയുധ വ്യാപാരം നിർത്തുക എന്നെഴുതിയ വലിയ ബാനറുമായി 70,000 പ്രകടനക്കാർ ബാഴ്സലോണ നഗരത്തിലെ തെരുവുകളിലൂടെ മാർച്ച് നടത്തി.
‘‘പലസ്തീൻ ജനതക്ക് പിന്തുണ നൽകാൻ കഴിയുന്ന ഒരേയൊരു കാര്യം ഇതാണ്. ലോകം മുഴുവൻ അവരോട് ഐക്യദാർഢ്യത്തോടെ അണിനിരക്കുന്നത് കാണുക’’ - അധ്യാപകൻ ജോർഡി ബാസ് പറഞ്ഞു.
‘‘ഇന്ന് കാര്യങ്ങൾ അപകടകരമായ വഴിത്തിരിവിലേക്ക് നീങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നെന്ന്’’ വ്യാഴാഴ്ചത്തെ പ്രകടനത്തിലും പങ്കെടുത്ത 65 കാരിയായ മാർട്ട കരാൻസ പറഞ്ഞു. ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയിൽ ഉണ്ടായിരുന്ന, ഇസ്രായേൽ അറസ്റ്റ് ചെയ്ത പ്രവർത്തകരിൽ ഏകദേശം 50 സ്‌പെയിൻകാരുണ്ടെന്ന് സ്‌പെയിൻ പറയുന്നു.
2023 ഒക്ടോബർ മുതൽ ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗാസയിലെ ഇസ്രായേലിന്റെ നയങ്ങളെ വിമർശിക്കുന്ന ഏറ്റവും പ്രമുഖ യൂറോപ്യൻ രാജ്യങ്ങളിലൊന്നായ സ്‌പെയിനിൽ പ്രതിഷേധങ്ങൾ വർധിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ, ഇസ്രായേലി ടീമിന്റെ പങ്കാളിത്തത്തിനെതിരെ ഒരു ലക്ഷത്തിലേറെ ആളുകൾ പങ്കെടുത്ത വമ്പിച്ച പ്രതിഷേധത്തെ തുടർന്ന് വുൽറ്റ സൈക്ലിംഗ് മത്സരത്തിന്റെ അവസാന ഘട്ടം റദ്ദാക്കി. 2022- ൽ ഉക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യക്ക് സംഭവിച്ചതിന് സമാനമായി, അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ ഇസ്രായേലിന്റെ പങ്കാളിത്തം നിരോധിക്കണമെന്നാണ് ആവശ്യം. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റ കോളനികളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ സ്‌പെയിൻ അറിയിച്ചു.
Read More: FACT CHECK: മല്ലു സയണിസ്റ്റുകൾ പ്രചരിപ്പിക്കുന്ന 7 നുണകളും അവയുടെ യാഥാർത്ഥ്യങ്ങളും
ലണ്ടനിൽ, നിരോധിത പലസ്തീൻ ആക്ഷൻ ഗ്രൂപ്പിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കഴിഞ്ഞ ശനിയാഴ്ച ട്രാഫൽഗർ സ്‌ക്വയറിൽ ഏകദേശം 1,000 പേർ അണിനിരന്നതായി സംഘാടക ഗ്രൂപ്പായ ഡിഫൻഡിംഗ് ഔർ ജൂറീസ് പറഞ്ഞു. ഡബ്ലിനിൽ, ഗാസയിലെ വംശഹത്യയുടെ രണ്ടാം വാർഷികം ആഘോഷിക്കാൻ ആയിരക്കണക്കിന് ആളുകൾ ഐറിഷ് പാർലമെന്റിന് മുന്നിൽ ഒത്തുകൂടി. ഗാസയിലേക്കുള്ള ഫ്ലോട്ടില്ലയെ പിന്തുണച്ചും ഇസ്രായേലിനുമേൽ ഉപരോധം ഏർപ്പെടുത്തണമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് ആവശ്യപ്പെട്ടും ഫ്രാൻസിൽ പ്രകടനങ്ങൾ നടന്നു. പാരീസിൽ പലസ്തീൻ പതാകകൾ കൈയിലേന്തി ഏകദേശം 10,000 പേർ പ്രകടനത്തിൽ പങ്കെടുത്തതായി സംഘാടകർ പറഞ്ഞു.
‘ഫ്ലോട്ടില്ല നീണാൾ വാഴട്ടെ, ഗാസ; പാരീസ് നിങ്ങളോടൊപ്പമുണ്ട്’ എന്നിങ്ങനെ പ്രകടനക്കാർ മുദ്രാവാക്യം വിളിച്ചു. ‘ഞങ്ങൾ ഒരിക്കലും നിർത്തില്ല, ഈ ഫ്‌ളോട്ടില്ല ഗാസയിൽ എത്തിയിട്ടില്ല. പക്ഷേ, പലസ്തീനും ഗാസയും സ്വതന്ത്രമാകുന്നതുവരെ ഞങ്ങൾ മറ്റൊരു ഫ്‌ളോട്ടില്ല വീണ്ടും അയക്കും’, ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയിലെ ഫ്രഞ്ച് പ്രതിനിധി സംഘത്തിന്റെ വക്താവ് ഹെലീൻ കൊറോൺ പ്രകടനക്കാരെ അഭിസംബോധന ചെയ്ത് പറഞ്ഞു.

അതിനിടെ, ഇസ്രായേൽ ഏകപക്ഷീയമായ ആക്രമണം ആരംഭിച്ച് രണ്ട് വർഷമായതോടെ ഗാസ മുനമ്പിന്റെ 90 ശതമാനവും പൂർണമായും നശിപ്പിക്കപ്പെട്ടതായി ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി. അന്യായമായ അധിനിവേശത്തിലൂടെഗാസ മുനമ്പിന്റെ 80 ശതമാനം പ്രദേശവും ഇസ്രായേലി നിയന്ത്രണത്തിലായി. 2023 ഒക്‌ടോബർ ഏഴിന് യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇസ്രായേൽ ഗാസയിൽ രണ്ടു ലക്ഷം ടണ്ണിലധികം സ്‌ഫോടകവസ്തുക്കൾ വർഷിച്ചിട്ടുണ്ട്. 2023 ഒക്ടോബർ ഏഴു മുതൽ ഈ വർഷം ഒക്ടോബർ അഞ്ചു വരെയുള്ള കാലയളവിലെ കണക്കുകൾ ഈ സ്ഥിതിവിവര കണക്കുകളിൽ ഉൾപ്പെടുന്നതായി ഗവൺമെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി.
ഗാസ യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ എണ്ണം 67,139 ആയും പരിക്കേറ്റവരുടെ എണ്ണം 1,69,583 ആയും ഉയർന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ എത്തിയവരെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തിൽ ഇന്നലെ രണ്ടു പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഭക്ഷണത്തിന് ക്യൂ നിൽക്കുന്നതിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 2,605 ആയി ഉയർന്നു. 19,124 പേർക്ക് പരിക്കേറ്റു. വെടിനിർത്തൽ അവസാനിപ്പിച്ച് ഇസ്രായേൽ യുദ്ധം പുനരാരംഭിച്ച മാർച്ച് 18 മുതൽ മരിച്ചവരുടെ എണ്ണം 13,549 ആയും പരിക്കേറ്റവരുടെ എണ്ണം 57,542 ആയും ഉയർന്നു. ആംബുലൻസ്, സിവിൽ ഡിഫൻസ് സംഘങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്തതിനാൽ നിരവധി മനുഷ്യർ അവശിഷ്ടങ്ങൾക്കിടയിലും തെരുവുകളിലും തുടരുകയാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗാസാ മുനമ്പ് എന്ന കുരുതിനിലം ലോക മനഃസ്സാക്ഷിയുടെ മുമ്പിൽ വലിയ ചോദ്യങ്ങൾ ഉയർത്തിനിൽക്കുന്നു. തീർത്തും സന്നിഗ്ദ്ധമായ ഈ ഘട്ടത്തിൽ യൂറോപ്പിന്റെ നഗരവീഥികളിലെങ്ങും പലസ്തീൻ പതാകകൾ വഹിച്ചുള്ള വൻ സ്നേഹക്കൂട്ടായ്മകൾ മനുഷ്യത്വത്തിന്റെ യഥാർഥ അർത്ഥവ്യപ്തിയെ മഹത്വപ്പെടുത്തുന്നു. ഒലീവിന്റെ കൊമ്പുകൾ ഒടിയില്ല എന്ന് സമാശ്വസിക്കുക.
