ശ്രീലങ്കൻ ജനകീയ മുന്നേറ്റത്തെയും അതിനെ തുടർന്ന് അവിടെ നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഫലങ്ങളും അവലോകനം ചെയ്ത് ബി. രാജീവൻ ട്രൂകോപ്പി തിങ്കിൽ എഴുതിയ ‘ശ്രീലങ്കയിലെ അപകടകരമായ പരീക്ഷണത്തിന്റെ സാധ്യതകൾ’ എന്ന ലേഖനം ശ്രദ്ധേയമാണ്, അത് ഇതിനകം ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തിട്ടുണ്ട്.
ഈ ലേഖനത്തിലെ വാദങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:
1. ശ്രീലങ്കൻ വിപ്ലവ മുന്നേറ്റം ലിബറൽ ജനാധിപത്യ ക്രമത്തിന്റെയോ തൊഴിലാളിവർഗ്ഗ മുന്നേറ്റത്തിന്റെയോ സൃഷ്ടിയല്ല. മറിച്ച് ഇതൊന്നുമല്ലാത്ത ജനകീയ ജനാധിപത്യ വിപ്ലവം തന്നെയാണ് അവിടെ നടന്നിട്ടുള്ളത്.
2. ജനതാ വിമുക്തി പെരുമുന എന്ന കമ്യൂണിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി നേതൃത്വം കൊടുക്കുന്ന നാഷണൽ പീപ്പിൾസ് പവർ (എൻ.പി.പി) അധികാരത്തിൽ വന്നുവെങ്കിൽ പോലും അതൊരു കമ്യൂണിസ്റ്റ് മുന്നേറ്റമെന്ന് അടയാളപ്പെടുത്താൻ സാധിക്കില്ല.
3. മൂന്ന് സീറ്റിൽ ഒതുങ്ങിനിന്നിരുന്ന കമ്യൂണിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരുമുന (JVP) 159 സീറ്റിലേക്ക് കുതിക്കുകയും 27 പാർട്ടികളുടെ മുന്നണിക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുമ്പോഴും ശ്രീലങ്കൻ വിപ്ലവം ഒരു കമ്യൂണിസ്റ്റ് മൂവ്മെൻ്റ് ആയി ബി. രാജീവന് വിലയിരുത്താനാകുന്നില്ല.

പിന്നെ എന്താണ് ശ്രീലങ്കയിൽ സംഭവിച്ചത്? ബി. രാജീവൻ വിശദീകരിക്കുന്നു:
1. യാതൊരു ആശയധാരകളും പിൻബലം നൽകാത്ത അഥവാ രാഷ്ട്രീയ പാർട്ടികൾ വഴി കാണിച്ചിട്ടില്ലാത്ത നൂറു ശതമാനം പ്യൂരിറ്റിയുള്ള ‘ജനകീയ മുന്നേറ്റം’ മാത്രമായിരുന്നു അത്.
2. ലങ്കയിൽ മാത്രമല്ല, ലോകത്ത് പല ഭാഗത്തും സമീപകാലത്ത് നടന്നിട്ടുള്ള ഭരണമാറ്റങ്ങൾക്ക് പിറകിലും (സിറിയ, ബംഗ്ലാദേശ്) ഇത്തരം ആശയ രഹിത ‘വിപ്ലവ’ങ്ങൾ തന്നെയാണ് കാരണം. (ഇവിടെ നടന്ന ഭരണമാറ്റങ്ങൾക്ക് പിറകിലെ രാഷ്ട്രീയം എത്ര കണ്ട് വസ്തുതാപരമായി രാജീവൻ പരിശോധിച്ച് കാണും?)
Watch: ദിസ്സനായകെയുടെത് കമ്യൂണിസ്റ്റ് വിപ്ലവമല്ല
3. അഴിമതി മൂലം തകർക്കപ്പെട്ട രാജ്യത്തിലെ അടിസ്ഥാന വർഗം ഭരണകൂടത്തിനെതിരെ ഉയർന്നു വന്നതിനെക്കുറിച്ച് രാജീവൻ പറയുന്നത് ഇങ്ങനെയാണ്: “ജീവിതം ഗതിമുട്ടിയ അവസ്ഥയിലാണ് ശ്രീലങ്കയുടെ അടിത്തട്ടിൽ നിന്ന് വിവിധ ജനവിഭാഗങ്ങൾ ഒരു പുതിയ രാഷ്ട്രീയ സംവിധാനമായി സ്വയം സംഘടിക്കുകയും ഭരണകൂടത്തിനും ഭരണക്കാർക്കും എതിരെ ഒരു ക്രിയാത്മക വിദ്ധ്വംസക ശക്തിയായി ഉയർത്തെഴുന്നേൽക്കുകയും ചെയ്തത്.”
എന്നുവെച്ചാൽ അള മുട്ടിയാൽ കടിക്കുന്നതും, ആശയങ്ങളുടെ ‘ഒരു തുള്ളി വിഷം’ പോലും പല്ലിടകളിൽ അവശേഷിക്കാത്തതുമായ ചേര മാത്രമാണ് ജനകീയ വിപ്ലവം. ബി. രാജീവന്റെ ഈ കണ്ടെത്തൽ അദ്ദേഹത്തിന്റെ തന്നെ വാദങ്ങൾക്ക് വിരുദ്ധമാവുന്നത് ലേഖനത്തിന്റെ ഏറ്റവും ഒടുവിൽ, ഇന്ത്യൻ സാഹചര്യം വിലയിരുത്തി, ഇവിടെയും ഇതൊക്കെ പറ്റും എന്ന പ്രതീക്ഷ കുറിച്ചുവെക്കുന്ന ഇടത്താണ്. ഇന്ത്യൻ ബൂർഷ്വാസി അത്തരം ചേരയെ തല്ലിക്കൊല്ലാൻ മടിക്കില്ലെന്ന യാഥാർത്ഥ്യം രാജീവന് ബോധ്യം വന്നുകാണില്ല. (മാർക്സിയൻ വിശകലനരീതി പോലും പരാജയപ്പെടുന്ന ഒന്നാണ് ഇന്ത്യൻ ബൂർഷ്വാസിയുടെ തനതുസ്വഭാവം എന്നത് വേറെ കാര്യം.)

രാജീവൻ മുന്നോട്ട് വെയ്ക്കുന്ന പ്രതീക്ഷ ഈ ഖണ്ഡികയിൽ ഇങ്ങനെ വായിക്കാം:
“ഇന്ന് ആധിപത്യം പുലർത്തുന്ന അധികാര സങ്കല്പത്തിൽ നിന്നും അതിന്റെ ജനാധിപത്യ സങ്കല്പത്തിൽ നിന്നും മാറിച്ചിന്തിക്കുക ശ്രമകരമായിരിക്കുന്നു എന്നതാണ് അതിന് കാരണം. ഭരണകൂട പരമാധികാരത്തിന്റെ അനിവാര്യതയിലും അരാജകത്വഭീതിയിലും അധിഷ്ഠിതമായ ലിബറൽ- സോഷ്യലിസ്റ്റ് ജനാധിപത്യ സങ്കല്പങ്ങളിൽ നിന്ന് പുറത്തു കടക്കണമെങ്കിൽ ഭരണകൂട അധികാരത്തിനു ബദലായ ജനങ്ങളുടെ ജീവിതാധികാരത്തിന്റെയും ജനാധിപത്യത്തിന്റെയും സൈദ്ധാന്തിക പരികല്പനകളെ കണ്ടെത്താനും ഉയർത്തിയെടുക്കാനുള്ള ശ്രമങ്ങൾ തുടരേണ്ടതുണ്ട്’’.
എന്നു വെച്ചാൽ...
നിലവിലുള്ള ഭരണക്രമീകരണങ്ങൾക്ക് കാരണം അരാജകത്വഭീതിയും ഭരണകൂടശക്തിയിലുള്ള വിശ്വാസവുമാണ്. ഇതിന് പകരമായി ജനകീയ അധികാരക്രമം സാദ്ധ്യമാണ് എന്ന വിശ്വാസം വളർത്തിക്കൊണ്ടുവരാനും അതിനു വേണ്ടിയുള്ള പുതിയ ‘സൈദ്ധാന്തിക പരികല്പനകൾ’ കണ്ടെത്താനും കഴിയണം.
ഈ പറഞ്ഞ കാര്യം വർഷങ്ങൾക്കുമുമ്പേ കാൾ മാർക്സ് പറഞ്ഞിട്ടില്ലേ ബി. രാജീവൻ? മുതലാളിത്തം തന്നെ അതിന്റെ ശവക്കുഴി തോണ്ടുകയും ഭരണകൂടം പൊഴിഞ്ഞുപോവുകയും ജനങ്ങൾ അവിടേക്ക് നടന്നുകയറുകയും ചെയ്യുമെന്ന് പറഞ്ഞ ആശയം തന്നെയാണ് കമ്യൂണിസം. ആ അനിവാര്യതയ്ക്ക് ആക്കം കൂട്ടുന്ന ആശയത്തെ കമ്യൂണിസ്റ്റ് ആശയമെന്നും ആ മധുരമനോഹര സ്വപ്നത്തിന് പാത ഒരുക്കുന്ന സംഘടനാരീതിക്ക് കമ്യൂണിസ്റ്റ് പാർട്ടി എന്നുമല്ലേ പേര്? അതല്ലാതെ ആൾക്കൂട്ടം വിപ്ലവം നടത്തട്ടെ, പിന്നാലെ ആശയം നിർമ്മിച്ചെടുക്കാം എന്നത് ലോകരാഷ്ടീയത്തെയോ അതിനെ മുന്നോട്ട് നയിക്കുന്ന സാമ്പത്തിക ചലനങ്ങളെയോ വിശകലനം ചെയ്യുന്നതിൽ വരുന്ന പോരായ്മ മാത്രമാണ്. എന്താണ് മാർക്സ് ഭരണകൂടത്തെ വിശകലനം ചെയ്തുകൊണ്ട് പറഞ്ഞുവച്ചിട്ടുള്ളത് എന്നതിന്റെ കാമ്പ് കളഞ്ഞു കൊണ്ടുള്ള പ്രതീക്ഷ, വെറും ആൾകൂട്ടം വിപ്ലവം കൊണ്ടുവരും എന്ന പ്രതീക്ഷയിൽ താങ്കൾ പറഞ്ഞുവയ്ക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ, ബി. രാജീവൻ പ്രതീക്ഷിക്കുന്നതുപോലെ ഇറക്കുമതി സാധ്യതയുള്ള ഒന്നല്ല തന്നെ ഈ വിപ്ലവം എന്നുപറയുന്ന ‘സാധനം’. ഇക്കാര്യം മാവോയുടെ കാലത്തുതന്നെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികൾ മനസ്സിലാക്കി കഴിഞ്ഞതാണ്.
ഏറ്റവും ഒടുവിൽ, ശ്രീലങ്കൻ വിപ്ലവ പശ്ചാത്തലം എങ്ങനെ ഇന്ത്യയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന പരിശോധനയും രാജീവൻ നടത്തുന്നുണ്ട്:
‘‘ഈ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ ആഗോള മൂലധന സാമ്രാജ്യത്തിന്റെ സാമന്തന്മാർക്കെതിരെ ഉയർന്ന ജനസഞ്ചയ പ്രക്ഷോഭവും അതിനെ തുടർന്നു നടക്കുന്ന ജനാധിപത്യ പരീക്ഷണവും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്ക് കൂടി വെളിച്ചം വീശുന്നതാണെന്ന് പറയാം’’.
ശ്രീലങ്കൻ വിപ്ലവം നേരെ ഇങ്ങോട്ട് ഇറക്കുമതി ചെയ്തുകളയാം എന്നൊരു പ്രതീക്ഷ രാജീവൻ മുന്നോട്ടുവെക്കുകയാണ്. അത് സാധ്യമാകണമെങ്കിൽ ഇടതുപാർട്ടികൾ കൂടാതെ ‘ഇന്ത്യ’ മുന്നണി കൂടി ശ്രീലങ്കൻ വഴി അറിഞ്ഞുവച്ച്, അതിനനുസരിച്ചുള്ള മുന്നോട്ടുപോക്ക് പ്ലാൻ ചെയ്യണമത്രേ. അങ്ങനെ വിപ്ലവം വന്നുകൊള്ളും എന്നതാവും അദ്ദേഹം കാണുന്ന സ്വപ്നം.

ഓർക്കുക, ഇന്ത്യൻ ബൂർഷ്വാസിക്ക് ഇന്നെത്തിനിൽക്കാനുള്ള അടിത്തറ പണിതു നൽകിയത് കോൺഗ്രസ് നയങ്ങൾ തന്നെയാണ്. സാമ്പത്തിക നയസമീപനങ്ങളിൽ കാര്യമാത്ര വ്യതിയാനം കോൺഗ്രസ് കൈക്കൊള്ളുമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രം. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ അടങ്ങുന്നതാണ് ‘ഇന്ത്യ’ മുന്നണി എന്നത് ബി. രാജീവൻ മറന്നു കാണുമോ. അതോ വിപ്ലവം വരുന്നുണ്ട്, അതുകൊണ്ട് നമ്മളും വിപ്ലവകാരികളായി മാറിയേക്കാം എന്ന് തീരുമാനിക്കും എന്നാവുമോ...? ഇത്രയ്ക്ക് ലളിതമായി വിലയിരുത്താനാവുന്ന ഒന്നാണോ ഇന്ത്യൻ രാഷ്ട്രീയം?
‘ഇന്ത്യൻ ചേര’യെ അത്ര പെട്ടെന്ന് അള മുട്ടിക്കാൻ ‘ഭാരതീയ ബൂർഷ്വാസി’ അനുവദിക്കില്ലല്ലോ, ബി. രാജീവൻ. സഹസ്രാബ്ദങ്ങൾ കൊണ്ട് സ്വാഭാവിക പരിണതി അഥവാ സെൽഫ് സിസ്റ്റമാറ്റിക്കായി മാറിക്കഴിഞ്ഞ ജാതി അധിഷ്ഠിത സാമൂഹിക ബന്ധങ്ങളെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടു കൂടിയാണ് ഇന്നത്തെ ‘ഭാരതീയ ബൂർഷ്വാസി’ മുന്നോട്ടുപോവുന്നത്. സ്വതസിദ്ധമായ കാർഷിക ഭൂ ഉടമ ബന്ധം ജാതി എന്ന ചരടിൽ കൂട്ടിക്കെട്ടാൻ ഇന്ത്യൻ ഫ്യൂഡൽ അധികാര ഘടനയക്ക് സാധിച്ചിട്ടുണ്ട് എന്നത് മാത്രമല്ല, അത്തരം ഭൂ ഉടമ - കാർഷിക ബന്ധങ്ങളെ പോറലേലപ്പിക്കാതെ (കേരളം പോലുള്ള ചുരുക്കം സംസ്ഥാനങ്ങളിൽ ഒഴിച്ച്) ബൂർഷ്വാ സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറയാക്കി മാറ്റാൻ സാധിച്ചിട്ടുണ്ടെന്നും കാണാം. (കാൾ മാർക്സ് വിഭാവനം ചെയ്തതു പോലെ കാർഷിക ഫ്യൂഡൽ അടിത്തറ തകർത്തു കൊണ്ടല്ലാതെ തന്നെ വളരാനുള്ള സ്വയം പരിണതി ഇന്ത്യൻ ബൂർഷ്വാസി, ജാതിവ്യവസ്ഥ കൊണ്ടുള്ള ഈ ‘കുരുക്കിക്കെട്ടലുകൾ’ മൂലം നേടിയിട്ടുണ്ട് എന്നത്, കമ്യൂണിസ്റ്റ് വിശകലനത്തിനുപോലും എത്ര കണ്ട് വിധേയമായിക്കാണും എന്നത് വേറെ കാര്യം).
ചുരുക്കിപ്പറഞ്ഞാൽ, ബി. രാജീവൻ പ്രതീക്ഷിക്കുന്നതുപോലെ ഇറക്കുമതി സാധ്യതയുള്ള ഒന്നല്ല തന്നെ ഈ വിപ്ലവം എന്നുപറയുന്ന ‘സാധനം’. ഇക്കാര്യം മാവോയുടെ കാലത്തുതന്നെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികൾ മനസ്സിലാക്കി കഴിഞ്ഞതാണ്. സോവിയറ്റ് - ചൈനീസ് സാഹചര്യങ്ങൾക്ക് ഒത്തുപോകുന്ന ഒന്നല്ല ഇന്ത്യൻ സാമൂഹിക- സാമ്പത്തിക പശ്ചാത്തലം എന്നതുപോലെ തന്നെ ഇന്നിപ്പോൾ ശ്രീലങ്കയിൽ നടന്നുകഴിഞ്ഞ (മറ്റുള്ള രാജ്യങ്ങളുടെ കാര്യം വ്യത്യസ്തമാണ്) രാഷ്ട്രീയ പ്രതിഭാസത്തിനും ഒരിന്ത്യൻ തുടർച്ചയ്ക്ക് സാധ്യത കുറവാണ്.