അനിശ്ചിതമായി കാത്തുനിൽക്കുന്നവരുടെ 'ഉമ്മറപ്പടി അസ്തിത്വം'

ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തെ തുടർന്ന് ചിന്നിച്ചിതറിപ്പോയ മനുഷ്യരുടെ വേവലാതികൾക്ക് സദൃശമാണ് സിറിയയിലെയും ഫലസ്തീനിലെയും ഇറാനിലെയും അഭയാർത്ഥികൾക്ക് പറയാനുള്ളത്. ഉർവശി ബൂട്ടാലിയ വിവരിക്കുന്ന ചരിത്രത്തിന്റെ വിറങ്ങലിച്ച വസ്തുതകളുടെ ആവർത്തനം ഇറാനിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദിന നയേരിയുടെ ആത്മകഥാപരമായ പുസ്തകത്തിലും കാണാം. ജീവിതമെഴുതുന്ന ചില മൗലികാഖ്യാനങ്ങളിലൂടെ...

We journey towards a home not of our flesh. Its chestnut trees are not of our bones.
Its rocks are not like goats in the mountain hymn. The pebbles' eyes are not lilies.
We journey towards a home that does not halo our heads with a special sun'
We Journey Towards A Home : Mahmoud Darwish
കുടിയേറ്റം പ്രായഭേദമെന്യെ മനുഷ്യരെ അദൃശ്യരാക്കുകയാണ്. തടഞ്ഞുവെക്കപ്പെടുമ്പോഴും തടവിലാകുമ്പോഴും അവർ പൊതുമധ്യത്തിൽ നിന്ന് അപ്രത്യക്ഷരാവുന്നു. രേഖകളിലില്ലാത്ത മനുഷ്യരുടെ വികാരവിചാരങ്ങൾക്ക് തെല്ലും വിലകൽപ്പിക്കാത്ത ഭരണകൂടങ്ങൾ, അക്കൂട്ടരെ മറവിയുടെയും ഏകാന്തതയുടെയും കയത്തിലേക്ക് വലിച്ചെറിയുന്നു എന്നത് അതിശയോക്തി മാത്രമല്ല. ഒരു പക്ഷെ, നിഴലുകളിൽ വസിക്കാൻ നിർബന്ധിതരായ അഭയാർത്ഥികളുടെ സ്വത്വം സാവധാനം ഇല്ലാതാവുകയും ശബ്ദം നിലയ്ക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തെ കുറിച്ച് കരീബിയൻ-അമേരിക്കൻ എഴുത്തുകാരി എഡ്വീജ് ഡാന്റിക്ക (Edwidge Danticat) കൃത്യമായി അവലോകനം ചെയ്തിട്ടുണ്ട്. പുനരധിവാസകേന്ദ്രമോ സുരക്ഷിതയിടമോ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമോ (അവകാശമോ) ഇല്ലാത്ത അഭയാർത്ഥിവർഗം പ്രസ്തുത തെരഞ്ഞെടുപ്പ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കോ കാവൽക്കാർക്കോ തീറെഴുതി കൊടുത്തിരിക്കുകയാണെന്ന് എഡ്വീജ് ചൂണ്ടിക്കാണിക്കുന്നു. ഒരിടത്തെ മണ്ണിൽ വിതയ്ക്കുകയും വേറേതോ പ്രദേശത്തെ മണ്ണിലെ ‘കള'യായി മാറുകയും ചെയ്യുന്ന അഭയാർത്ഥികളുടെ ജീവിതത്തെ സ്വാനുഭവത്തിന്റെ പശ്ചാത്തലത്തിൽ അവർക്ക് നല്ല പരിചയമുണ്ട്.

എഡ്വീജ് ഡാന്റിക്ക
എഡ്വീജ് ഡാന്റിക്ക

കരീബിയയിലെ ഹെയ്തിയിൽ നിന്ന് അമേരിക്കയിലെത്തിയ ദൂരം അവരെ സംബന്ധിച്ചടത്തോളം എളുപ്പത്തിൽ അളക്കാവുന്ന ഒന്നായിരുന്നില്ല. എന്നോ ഒരിക്കൽ പെയ്യാൻപോകുന്ന മഴയുടെ ആനന്ദം ആലോചിച്ചുകൊണ്ട് പലായനത്തിന്റെ മരുഭൂമിയകലങ്ങൾ താണ്ടിയവരിൽ ഒരാളായ എഡ്വീജ്, വീട് എന്നതിന്റെ നിർവചനം എന്താണെന്ന് ചോദിക്കുന്നു.
അഭയാർഥികളുടെ അപൂർണമായ പുസ്തകത്തിലെ എഴുതിത്തീരാത്ത താളുകളിലെ ഉള്ളടക്കത്തിന് അദ്ഭുതകരമായ സാമ്യമുണ്ടാകും. രാഷ്ട്ര/വർഗ/വർണ വ്യത്യാസമില്ലാതെ ഒരുക്കിയ തിരക്കഥയ്ക്ക് അനുസൃതമെന്നോണം ജീവിച്ചു അഭിനയിക്കുന്ന മനുഷ്യരെയാണ് അതിർത്തികളിൽ കാണുന്നത്. ഓരോ അഭയാർത്ഥിക്കും പറയാൻ ഓരോ കഥയുണ്ടാവും. പശ്ചാത്തലവും കഥാപാത്രങ്ങളും മാറിയേക്കാം. എന്നാൽ കഥാതന്തുവും പ്രമേയവും മിക്കപ്പോഴും സാമ്യമുള്ളതാവും. തങ്ങളുടെ സ്വത്വബോധത്തിൽ ഊന്നിക്കൊണ്ട് കഥ പറയാൻ ശ്രമിക്കുന്ന മനുഷ്യർക്കൊപ്പം ‘സ്വത്വം'തന്നെ വെല്ലുവിളിയായിത്തീരുന്ന ഒരു പറ്റം മനുഷ്യരും ഉണ്ട്. ബഹിഷ്‌കൃതരായിക്കഴിയുന്ന ഇവരുടെ സാന്നിധ്യം സ്വാഗതം ചെയ്യാൻ പല രാജ്യങ്ങളും തയ്യാറാവുന്നില്ല. കലുഷകാലത്തിന്റെ പ്രത്യാഘാതമെന്നോണം പലായനം ചെയ്യുന്നവർക്ക് സ്വന്തം രാഷ്ട്രത്തെയും ബന്ധുജനങ്ങളെയും നഷ്ടപ്പെടുന്ന കാഴ്ചയ്ക്ക് ഒട്ടും പുതുമ ഇല്ലാതായിരിക്കുന്നു. എന്നാൽ ഭൂപടങ്ങളെയും അതിരുകളെയും ഭേദിച്ചുകൊണ്ട് ഓർമ നിലനിൽക്കുന്നത് സാധാരണമാണ്. ‘ഓർമ' ഒരിക്കലും അതെവിടെയാണ് വസിക്കുന്നത് എന്നത് കണക്കിലെടുക്കാറില്ലല്ലോ എന്ന് റെയ്​മണ്ട്​ കാർവർ പറഞ്ഞത് എത്ര ശരിയാണ്! സ്വന്തം ദേശവും പരിസരവും വീണ്ടും സന്ദർശിക്കുന്നവർ മങ്ങിപ്പോയ ചിത്രങ്ങളെയും കൂടെ പ്രകാശിപ്പിക്കുന്നു. വളരെക്കാലത്തെ പ്രവാസത്തിനുശേഷം മുംബൈ സന്ദർശിച്ച സൽമാൻ റുഷ്ദി അവിടത്തെ ടെലഫോൺ ഡയറക്ടറിയിൽ തന്റെ അച്ഛന്റെ പേരും വിലാസവും കണ്ടു അത്ഭുതപ്പെടുന്നുണ്ട്. ഇന്ത്യ വിട്ടതിനുശേഷം മറ്റു പലയിടങ്ങളിലുള്ള തന്റെ ജീവിതം അയഥാർത്ഥമായിരുന്നോ എന്ന് റുഷ്ദി പെട്ടെന്ന് ശങ്കിച്ചുപോകുന്നുണ്ട്.

‘കഥ'യും' ‘ജീവിത'വും തമ്മിലുള്ള അന്തരം

പലായനത്തിന് നിർബന്ധിതരാകുന്നതോടെ, നഷ്ടപ്പെടുന്ന പ്രിയപ്പെട്ടവയെ കുറിച്ചുള്ള ചിന്ത എഴുത്തിനു ഉൽപ്രേരകമാകുന്ന ഘടകമാണ്. വാക്കുകളിലൂടെ അവ പുനർജീവിപ്പിക്കാനുള്ള ബഹിഷ്‌കൃതരുടെ ശ്രമമായിരിക്കാം അഭയാർത്ഥിജീവിതത്തെ കുറിച്ചുള്ള എഴുത്തുകൾ സൂചിപ്പിക്കുന്നത്. ‘ഗൃഹരഹിതരും' ‘ദേശരഹിതരും' അവരുടെ സംഘർഷങ്ങളും അങ്ങനെയുള്ള ആഖ്യാനങ്ങളിലൂടെ പ്രകാശിതമാവുന്നു. അവയിൽ അത്തരം ജീവിതങ്ങളുടെ തീവ്രത മുഴുവൻ ഒപ്പിവെക്കാനാകുന്നുണ്ടോ എന്ന് സംശയമാണ്. ദേശ-രാഷ്ട്ര വിവേചനമില്ലാത്തതുപോലെ സമയ-കാലങ്ങളും അവയ്ക്ക് വ്യത്യാസം വരുത്തുന്നില്ല.

പ്രവാസത്തിനുശേഷം മുംബൈ സന്ദർശിച്ച സൽമാൻ റുഷ്ദി അവിടത്തെ ടെലഫോൺ ഡയറക്ടറിയിൽ തന്റെ അച്ഛന്റെ പേരും വിലാസവും കണ്ടു അത്ഭുതപ്പെടുന്നുണ്ട്. പലയിടങ്ങളിലുള്ള തന്റെ ജീവിതം അയഥാർത്ഥമായിരുന്നോ എന്ന് റുഷ്ദി പെട്ടെന്ന് ശങ്കിച്ചുപോകുന്നുണ്ട്

ഫിക്ഷനിൽ യാഥാർഥ്യത്തിന്റെ അംശങ്ങൾ ഉണ്ടാവണമെന്ന് യാതൊരു നിർബന്ധവുമില്ല. എന്നാൽ ഇവിടെ, അഭയാർഥികളുടെ അനുഭവങ്ങൾ ഫിക്ഷനായി അവതരിപ്പിക്കുമ്പോൾ, ഭാവനയ്ക്ക് പ്രാധാന്യം ഒട്ടുമില്ല എന്ന് പറയേണ്ടി വരും. അഴിച്ചുപണികളോ മിനുക്കലോ ഇല്ലാത്ത മുഹൂർത്തങ്ങളിലേക്ക് മടങ്ങിപ്പോക്ക് അസാധ്യമാകവേ ഓർമകൾക്ക് വാഗ്രൂപം ഉണ്ടാകുന്നു. സാങ്കൽപ്പികമായ സന്ദർഭങ്ങളെ വെല്ലുന്ന വിധത്തിലുള്ള ജീവിതഘട്ടങ്ങളിൽ ആഴ്ന്നിറങ്ങുന്നവർക്ക് ‘കഥ'യും ‘ജീവിത'വും തമ്മിലുള്ള അന്തരം വലുതാണ്. ജീവിതമെഴുതുന്ന ആഖ്യാനങ്ങൾ മൗലികമാവുന്നത് അവയുടെ സത്യസന്ധതകൊണ്ടാണ്. അഴിക്കലും പൊളിക്കലുമുള്ള ജീവിതകഥകൾ ഫിക്ഷനെക്കാൾ ഭാവനാപൂർണമാവുന്നതിൽ കണ്ണുമിഴിക്കേണ്ടതില്ല.

ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തെ തുടർന്ന് ചിന്നിച്ചിതറിപ്പോയ മനുഷ്യരുടെ വേവലാതികൾക്ക് സദൃശമാണ് സിറിയയിലെയും ഫലസ്തീനിലെയും ഇറാനിലെയും അഭയാർത്ഥികൾക്ക് പറയാനുള്ളത്. ഉർവശി ബൂട്ടാലിയ ‘The Other Side of Silence'ൽ വിവരിക്കുന്ന ചരിത്രത്തിന്റെ വിറങ്ങലിച്ച വസ്തുതകളുടെ ആവർത്തനം ഇറാനിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദിന നയേരിയുടെ (Dina Nayeri) ‘The Ungrateful Refugee' എന്ന ആത്മകഥാപരമായ പുസ്തകത്തിലും കാണാനാകും. വിസ്താരഭയം മൂലം ഇതേ സ്ഥിതിഗതികൾ സൂചിപ്പിക്കുന്ന മറ്റു പുസ്തകങ്ങളുടെ ഉള്ളറകളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ല.

ഭർത്താവിനെ പിരിഞ്ഞ് മക്കളുമായി ഒരു സ്ത്രീയാത്ര

പലായനം ചെയ്യുന്ന സ്ത്രീകളുടെ അനുഭവങ്ങൾക്ക് മിക്കവാറും ഒരേതലമാണ്. ‘The Other Side of Silence' ൽ പ്രതിപാദിക്കുന്ന സംഭവങ്ങളിലും നയേരിയുടെ ആഖ്യാനത്തിലെ സ്ത്രീകളും സമാനമായ ദുരിതമുഖങ്ങളെ അഭിമുഖീകരിച്ചവരാണ്. ആശങ്കാജനകവും സന്ദേഹങ്ങളൊഴിയാത്തതുമായ ഘട്ടങ്ങൾ ഒന്നിന് പുറകെ ഒന്നായി അഭിമുഖീകരിക്കുമ്പോൾ നിസ്സഹായതയുടെ തളയിടേണ്ടി വരുന്നവരുടെ പ്രതീകങ്ങളാണ് ഈ പുസ്തകത്തിലെ മനുഷ്യർ. യുദ്ധം കലുഷിതമാക്കിയ ഇറാനിൽ നിന്ന് സ്വസ്ഥമായൊരു ജീവിതം കാംക്ഷിച്ചു, രാജ്യം വിടുന്ന ഡോക്ടറായ അമ്മയുടെയും രണ്ടു മക്കളുടെയും ‘ചരിത്രം' പറയുന്ന പുസ്തകം നയേരിയുടെ ആത്മകഥയാണ്. പലായനത്തിന് മുന്നേ തന്നെ ക്രിസ്ത്യൻ മതം സ്വീകരിക്കുന്നുണ്ട് ഇവർ. എഴുത്തുകാരിയുടെ എട്ടുവയസ്സു മുതലുള്ള ജീവിതമാണ് പുസ്തകത്തിലുള്ളത്. ചില ജീവിതം ഫിക്ഷൻ പോലെയാണെന്നത് കേവലം പരികൽപനയല്ലായെന്നു ഈ പുസ്തകം ദൃഢമായി ഉറപ്പിക്കുന്നു. സംഘർഷങ്ങളിൽ നിന്നുള്ള മോചനം പലായനത്തിലൂടെ മാത്രമാണെന്ന തീരുമാനത്തിൽ ആ അമ്മ എത്തിച്ചേരുകയാണ്.

വസ്തുതകൾ പരമപ്രധാനമാണെന്നു വിശ്വസിക്കുന്ന അമ്മ, നയേരി എഴുതുന്നത് നുണകളാണെന്നു പറയുന്നുണ്ട്. എന്നാൽ സ്ഥാപിക്കപ്പെട്ട വസ്തുതകളിൽ നിന്ന് ‘സത്യം' അകലെയാണെന്ന്​ മകൾക്ക് ഉറപ്പുണ്ട്

സ്വരാജ്യം വിടാൻ തൽപരനല്ലാത്ത ഭർത്താവിനെ പിരിഞ്ഞുകൊണ്ട് മക്കളുമായി അഭയം തേടിയുള്ള യാത്രയ്ക്ക് അവർ മുതിരുന്നു. സ്വാർത്ഥതയും അശ്ലീലവും ഇടകലർന്ന അധികാരത്തിനു മുന്നിൽ ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനും സ്ഥാനമില്ലെന്നാകും പലായനത്തിനിടയിൽ അമ്മയും പിൽക്കാലത്ത് അക്കാലത്തെ പറ്റി ഓർക്കുമ്പോൾ മക്കളും ഓർക്കുക എന്നു കരുതണം.
വസ്തുതകൾ പരമപ്രധാനമാണെന്നു വിശ്വസിക്കുന്ന അമ്മ, നയേരി എഴുതുന്നത് നുണകളാണെന്നു പറയുന്നുണ്ട്. എന്നാൽ സ്ഥാപിക്കപ്പെട്ട വസ്തുതകളിൽ നിന്ന് ‘സത്യം' അകലെയാണെന്ന്​ മകൾക്ക് ഉറപ്പുണ്ട്. ആപേക്ഷികമായ വീക്ഷണങ്ങൾ കൂടെ ഘടിപ്പിച്ചാലേ സത്യം ‘വസ്തുതകളിൽ' നിന്ന് കടഞ്ഞെടുക്കാനാവൂ. ഉപരിപ്ലവമായ സ്ഥിതിവിവരക്കണക്ക് നിറഞ്ഞ റിപ്പോർട്ടിംഗിൽ നിന്ന് സത്യസന്ധമായ ആഖ്യാനമായി ‘The Ungrateful Refugee' വിഭിന്നമാവുന്നത് അങ്ങനെയാണ്. രാഷ്ട്രങ്ങളുടെ ബലതന്ത്രങ്ങളും, പലായനത്തിന്റെ രാഷ്ട്രീയവും അഭയാർഥികളുടെ പിരിമുറുക്കവും സൂക്ഷ്മമായി പരിശോധിക്കുകയും താനടക്കമുള്ളവരുടെ സംഘർഷഭരിതമായ ജീവിതം വിശകലനം ചെയ്യുകയുമാണ് നയേരി ചെയ്യുന്നത്.
മതത്തിന്റെ പേരിൽ നടന്ന വിഭജനത്തിന്റെ ചരിത്രം വിശദീകരിക്കേണ്ട കാര്യമില്ല. അതേത്തുടർന്നുണ്ടായ, അതിർത്തികൾ ഭേദിച്ചുള്ള, മതവിവേചനം അധിഷ്ഠിതമാക്കിയ പലായനത്തിന്റെ പ്രത്യാഘാതങ്ങൾ ബൂട്ടാലിയയുടെ പുസ്തകത്തിലൂടെ കൂടുതൽ വ്യക്തമായിരുന്നു. സ്ത്രീകളെയും കുട്ടികളെയും അരികുജീവിതം നയിച്ചവരെയും കേന്ദ്രീകരിച്ചു അവർ നടത്തിയ അന്വേഷണം സാമൂഹികബോധ്യത്തിൽ വിച്ഛേദം വരുത്താൻ പ്രാപ്തമായതാണ്.

അനൗദ്യോഗികരേഖകളിൽ കുരുങ്ങിക്കിടക്കുന്ന മനുഷ്യൻ

ഇതിനു സമാനമായി അഭയാർഥികളുടെ വിവിധ തലത്തിലുള്ള പ്രശ്‌നങ്ങളെ സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ പഠിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരിയെയാണ് നയേരിയുടെ പുസ്തകത്തിൽ കാണുന്നത്. അഭയാർത്ഥികളെ അഭിമുഖം ചെയ്യുകയും അവരുടെ പ്രതിസന്ധികളെ വിലയിരുത്തകയും ചെയ്യുന്ന നയേരിയുടെ അനുഭവങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദിന നയേരി
ദിന നയേരി

അഭയകേന്ദ്രത്തിൽ (Asylum) എത്തിപ്പെടാനുള്ള ഔദ്യോഗികമായ കടമ്പകൾ അനവധിയാണ്. എണ്ണയിട്ട യന്ത്രം പോലെയുള്ള അധികൃതരുടെ ചോദ്യങ്ങളും അവയ്ക്കുള്ള കൃത്യമായ ഉത്തരങ്ങൾ കൊടുക്കണം എന്നതും അഭയാർത്ഥികൾക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. ഇത്തരം മുഖാമുഖങ്ങളിൽ അഭയാർത്ഥികളുടെ വിദ്യാഭ്യാസവും സാമ്പത്തിക സ്ഥിതിയുമൊക്കെ ഘടകങ്ങളാണ്.

മതപരിവർത്തനം നടത്തിയവർക്ക് യുക്തിപരമായ വിശദീകരണങ്ങൾ കൊടുക്കേണ്ടി വരും. പുതിയ മതത്തെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും അതിനോടുള്ള തീവ്രമായ വികാരവും അതിലെ ആചാരങ്ങൾ കർക്കശമായി പാലിക്കുന്നുണ്ടോ എന്നെല്ലാം വ്യക്തതയോടെ ചോദിച്ചറിയുകയും ചെയ്യാറുണ്ട്. ‘കഥ'കൾ പറഞ്ഞുഫലിപ്പിക്കാൻ കഴിവില്ലാത്ത അഭയാർത്ഥികൾ പരാജയപ്പെട്ടേക്കുമെന്നാണ് ഇതിന്റെ മറുവശം. ഉത്തരങ്ങൾ കൊടുക്കുന്നതിൽ പതറിയാൽ കാര്യങ്ങൾ കുഴഞ്ഞു മറിയാറാണ് പതിവ്. നയേരി അഭിമുഖത്തിനായി സമീപിക്കുന്ന ഫൗഷിയാറിന്റെ കാര്യത്തിൽ ഇത്തരമൊരു കാര്യം സംഭവിച്ചിരുന്നു.

മതപരിവർത്തനം നടത്തിയവർക്ക് യുക്തിപരമായ വിശദീകരണങ്ങൾ കൊടുക്കേണ്ടി വരും. പുതിയ മതത്തെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും അതിനോടുള്ള തീവ്രമായ വികാരവും ആചാരങ്ങൾ കർക്കശമായി പാലിക്കുന്നുണ്ടോ എന്നെല്ലാം ചോദിച്ചറിയുകയും ചെയ്യാറുണ്ട്

പാശ്ചാത്യസംസ്‌കാരവുമായി ചില സാമ്യങ്ങൾ പ്രതിഫലിപ്പിക്കുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കാറുമുണ്ട്. LGBTQക്കാരുടെ കുടിയേറ്റവേളയിൽ, അധികൃതരുമായുള്ള ആദ്യത്തെ മുഖാമുഖത്തിൽ തന്നെ തങ്ങളുടെ സ്വത്വത്തെ കുറിച്ചുള്ള വിവരങ്ങൾ ശരിയായി നൽകിയാൽ മാത്രമേ പിന്നീട് ആ തരത്തിൽ അവർ പരിഗണിക്കപ്പെടുകയുള്ളു. സ്വവർഗാനുരാഗിയായ ഫൗഷിയാർ അഭയകേന്ദ്രത്തിൽ അധിവാസമുറപ്പിക്കാൻ വേണ്ടി സ്വത്വം വെളിപ്പെടുത്താൻ ആഗ്രഹിച്ചില്ല. ലൈംഗികാഭിമുഖ്യം അയാളുടെ സ്വകാര്യത ആയിരുന്നു. ഏതായാലും, മതപരവും ലൈംഗികപരവുമായ ചോദ്യങ്ങൾ അഭയാർത്ഥികളെ വെട്ടിലാക്കുന്ന കരുക്കളാണ്. മാത്രമല്ല, പുനരധിവാസകേന്ദ്രത്തിൽ സ്ഥാനം ഉറപ്പിക്കാൻ അസത്യങ്ങളുടേതായ കൊട്ടാരം കെട്ടിപ്പൊക്കേണ്ട സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. ഒരു അഭിമുഖത്തിൽ പരാജയപ്പെട്ടവർ അടുത്തതിനായി കച്ചകെട്ടുന്നു. മതവും രാഷ്ട്രീയവും ഒക്കെ സ്വാധീനിക്കുന്ന അംശങ്ങളായി തീരുകയും ചെയ്യുന്നു.
ഇരുപത്താറു കൊല്ലം നെതർലാൻഡിൽ അനധികൃത കുടിയേറ്റക്കാരനായിരുന്ന ഒരാളുടെ വിവരങ്ങൾ നയേരി വിശദമാക്കുന്നുണ്ട്. പല തവണയായി പതിനൊന്നു കൊല്ലം ഇയാൾ ജയിലിലായിരുന്നു. അതുപോലെ ഇറാനിൽ നിന്നുള്ള അഭയാർത്ഥിയായ കാംബിസ് മുപ്പത്താറാം വയസ്സിൽ ആത്മഹത്യ ചെയ്യുന്നു. സ്വാസ്ഥ്യം നിറഞ്ഞ ജീവിതത്തിനായി പന്ത്രണ്ട് വർഷത്തോളം നിരന്തരം ശ്രമിച്ച അയാൾക്ക് ലക്ഷ്യത്തിൽ എത്താനായില്ല. അനൗദ്യോഗികരേഖകളിൽ കുരുങ്ങിക്കിടക്കുന്ന മനുഷ്യനിൽ നിന്ന് ഔദ്യോഗികമായ അവകാശങ്ങളുള്ള പൗരനാവാൻ വേണ്ടി അയാൾ നടത്തിയ ഉദ്യമങ്ങൾ വിജയം കണ്ടില്ല. ഒടുവിൽ നെതർലാന്റിലെ തിരക്കേറിയ ഒരു നഗരചത്വരത്തിൽ വെച്ചു തീകൊളുത്തി ആത്മഹത്യ ചെയ്യുകയാണ് അയാൾ. സുരക്ഷിതമായ ഒരു അഭയസങ്കേതം ലഭിക്കുന്നത് വരെ കാത്തിരിപ്പിന്റെ ആകുലതകൾ അനുഭവിക്കുക എന്നത് അഭയാർഥികളുടെ വിധിയാണ്. ‘കാത്തിരിപ്പിനെ' കുറിച്ച് റോളണ്ട് ബാർത്തിന്റെ കാഴ്ചപ്പാട് നയേരി എടുത്തുപറയുന്നു. ഭരണകൂടങ്ങളുടെ സവിശേഷാധികാരത്തിന്റെ പ്രതിഫലനമായി ‘കാത്തിരിപ്പിനെ' കാണാമെന്നാണ് ബാർത്ത് ‘A Lover's Discourse' എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നത്. ഒരു പരിധി വിട്ടാൽ പരാധീനതയും ഉന്മാദവും ആയിത്തീരുന്ന അവസ്ഥയാണ് കാത്തിരിപ്പെന്ന ബാർത്തിന്റെ നിഗമനം എഴുത്തുകാരി പരാമർശിക്കുന്നത് മറ്റൊരു തലത്തിൽ കാണണം. ‘വാതിലുകൾ' അടയ്ക്കുന്ന രാജ്യങ്ങളുടെ അതിരുകളിൽ അനിശ്ചിതമായി കാത്തുനിൽക്കുന്നവരുടെ ‘ഉമ്മറപ്പടി അസ്തിത്വത്തെ'യെയാണ് ഇവിടെ ഓർക്കേണ്ടത്.

വാലിദിന്റെയും താരയുടെയും ജീവിതം

അഫ്ഗാനിസ്ഥാൻകാരായ വാലിദിന്റെയും താരയുടെയും ജീവിതം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. താലിബാൻ വിഭാഗത്തിന്റെ കരിമ്പട്ടികയിൽ ഇടംപിടിച്ച വാലിദിന്റെ സ്വൈര്യം അവർ കെടുത്തി. അഫ്ഗാനിൽനിന്ന് രക്ഷപ്പെടാൻ ഒരുങ്ങുന്നതിനിടയിൽ അയാൾക്ക് അച്ഛനെയും സഹോദരിയെയും രണ്ടുമക്കളെയും എന്നന്നേക്കുമായി നഷ്ടപ്പെട്ടു. ബോംബ് പൊട്ടിത്തെറിച്ചത് മൂലമുണ്ടായ ഈ ദാരുണസംഭവത്തിൽ താരയ്ക്കു നട്ടെല്ലിനും ഇടുപ്പിനും ക്ഷതം സംഭവിച്ചു. ഭാര്യയുടെയും മകന്റെയും കൂടെ ജീവിതം അഫ്ഗാനിൽ തന്നെ കരുപ്പിടിപ്പിക്കാൻ ശ്രമിച്ച വാലിദിനെ ശത്രുക്കൾ വെറുതെ വിടാൻ ഒരുക്കമായിരുന്നില്ല.

അനേകം അഭയാർഥികളുടെ കേന്ദ്രമായ ഗ്രീസിലെ കാസ്സിക്കസിലെ ക്യാമ്പിനെ പറ്റിയും അവിടത്തെ ജീവിതത്തെ പറ്റിയും ഒരധ്യായത്തിൽ വിശദമായി എഴുതിയിരിക്കുന്നു

നിരന്തരം തോക്കിൻമുനയിൽ ജീവിക്കേണ്ടി വന്ന വാഹിദിനും താരയ്ക്കും ഇറാനിലെത്തിയിട്ടും സ്വസ്ഥത ലഭിച്ചില്ല. താലിബാൻ സംഘം അവരെ കണ്ടുപിടിച്ചതോടെ ഇറാനിലും അവർക്ക് സുരക്ഷയില്ലാതായി. വേട്ടനായ്ക്കളെ പോലെ പിന്തുടരുന്ന ശത്രുക്കൾക്ക് മുന്നിൽപ്പെട്ട ഇരകളെപ്പോലെ അവർ അവസാനം തുർക്കിയിലൂടെ യാത്ര ചെയ്ത് ഗ്രീസിൽ അഭയം പ്രാപിക്കുകയാണ്. നീണ്ട പതിനഞ്ചുവർഷത്തെ സംഭവബഹുലമായ ജീവിതത്തിനു ശേഷമാണിത് നടന്നത്.
മുപ്പത്താറുകൊല്ലം ജീവിച്ച ഇറാനിൽ നിന്ന് പലായനം ചെയ്യുന്ന മജീദ് എഴുത്തുകാരിയോട് സംസാരിക്കുന്നുണ്ട്. തുർക്കിയിലെ ജയിലുകൾ ഇറാനിലെയും അഫ്ഗാനിലെയും ജനങ്ങളെ കൊണ്ട് നിറഞ്ഞതാണെന്ന് വിവരം നയേരിയോട് അയാൾ പറയുന്നു. എന്നാൽ സിറിയക്കാരെ അവർ തടവിലിടുന്നില്ലെന്നു മജീദിന് അറിയാം. കുർദ് ഭാഷ പറയുന്ന മജീദിനെ സിറിയക്കാരനായ കുർദ് വംശജനായി അവതരിപ്പിച്ചുകൊണ്ടാണ് ഇടനിലക്കാരൻ പലായനം ചെയ്യാൻ സഹായിക്കുന്നത്. അനേകം അഭയാർഥികളുടെ കേന്ദ്രമായ ഗ്രീസിലെ കാസ്സിക്കസിലെ ക്യാമ്പിനെ പറ്റിയും അവിടത്തെ ജീവിതത്തെ പറ്റിയും ഒരധ്യായത്തിൽ വിശദമായി എഴുതിയിരിക്കുന്നു. സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ലെബനൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ ഈ ക്യാമ്പിലുണ്ട്. താൽക്കാലികമായി നിർമിച്ച സ്റ്റീലിന്റെ അറകളിലാണ് അഭയാർത്ഥികളെ പാർപ്പിച്ചിരിക്കുന്നത്.

നയേരി സ്വയം ഒരു അഭയാർത്ഥിയായിരുന്ന കാലം പോലെയല്ല ഇന്ന്. സ്മാർട്ട് ഫോണും ഇന്റർനെറ്റും പുതുതലമുറയിൽ പെട്ട അഭയാർഥികളുടെ കൈയിലെല്ലാമുണ്ട്

അടുക്കളയും കിടപ്പുമുറിയും ശുചിമുറിയും എല്ലാം ഇതിന്റെ ഒപ്പമുണ്ടാകും. അവർക്ക് വേണ്ട സാധനസാമഗ്രികൾ വിൽക്കുന്ന കടയും അവിടെയുണ്ട്. പരിമിതമായ സൗകര്യങ്ങളിൽ ഇത്തരം ക്യാംപുകളിൽ ജീവിക്കുന്നവർ ശാശ്വതമായ ഒരിടത്തേക്ക് പറിച്ചു നടപ്പെട്ടും എന്ന പ്രതീക്ഷയോടെയാണ് കഴിയുന്നത്.
നയേരി സ്വയം ഒരു അഭയാർത്ഥിയായിരുന്ന കാലം പോലെയല്ല ഇന്ന്. സ്മാർട്ട് ഫോണും ഇന്റർനെറ്റും പുതുതലമുറയിൽ പെട്ട അഭയാർഥികളുടെ കൈയിലെല്ലാമുണ്ട്. ഇടനിലക്കാരുമാറി സംവദിക്കാനും രക്ഷാമാർഗങ്ങൾ ആസൂത്രണം ചെയ്യാനും സാങ്കേതികമായി സാധിക്കുന്ന തരത്തിൽ ഇപ്പോഴത്തെ അഭയാർത്ഥികളിൽ പലരും പുരോഗമിച്ചുകഴിഞ്ഞു. എങ്കിലും അതിർത്തികൾ കടന്നു വാഗ്ദത്ത ഭൂമിയിലേക്കുള്ള പലായനം അവസാനിക്കാത്തതാണ് വ്യസനങ്ങളും വ്യഗ്രതകളും തുടർക്കഥയാവുന്ന മുഖങ്ങളും വേരുകളും ഇല്ലാത്തവരെയാണ് നയേരി പരിചയപ്പെടുത്തുന്നത്. രേഖകളുടെ മഷിക്കറുപ്പില്ലാതെ, അസ്തിത്വം അടയാളപ്പെടുത്താൻ സാധിക്കാതെ അലച്ചില്ലെന്ന അപരിഹാര്യമായ സമസ്യയിലേക്ക് ചുരുങ്ങേണ്ടിവരുന്ന ഇത്തരം മനുഷ്യരുടെ ചരിത്രത്തിന്റെ പര്യായപദമാണ് പലായനം.


Comments