Photo : UNICEF

കറുത്ത മുസ്‌ലിമിന്റെ വ്യഥ

കുടിയേറ്റക്കാരോടും അഭയാർത്ഥികളോടുമുള്ള അഹിതത്തിന്റെ രാഷ്ട്രീയം വെറിയുടേത് കൂടെയാവുന്നത് വംശീയവിരോധത്തിന്റെ നാളങ്ങൾ നിശബ്ദമായി എരിയുന്നതുകൊണ്ടാണ്. 'കറുത്തവർഗം', ‘മുസ്​ലിം' എന്നീ ‘ഫോബിയ'കളെ ഒരുമിച്ച് ചേർക്കുന്ന ഗൂഢാലോചനാ സിദ്ധാന്തം ഇതിന്റെ മറവിൽ ശക്​തി പ്രാപിച്ചുവരികയാണ്​

മകാല സാഹിത്യലോകത്തെ പ്രധാന എഴുത്തുകാരനാണ് സൊമാലിയയിൽ നിന്നുള്ള നുറൂദിൻ ഫറ (Nuruddin Farah). ലോകശ്രദ്ധ നേടിയ അനേകം നോവലുകളുടെ രചയിതാവായ അദ്ദേഹത്തിന് പ്രസിദ്ധമായ പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ അധിനിവേശാന്തര രാഷ്ട്രീയവും സാഹിത്യവും പിച്ചവെച്ചു തുടങ്ങുന്ന നാളുകളിലാണ് ഫറ എഴുത്തിലേക്ക് കടന്നുവന്നത്. ദേശീയതയുടെ രൂപകങ്ങളെ കൊളോണിയൽ ഭരണകൂടങ്ങൾ ചിന്നിച്ചിതറിപ്പിച്ച ഒരു കാലത്തിനു ശേഷമാണ് ഫറ എഴുതിത്തുടങ്ങിയത്. അക്കാരണം നിമിത്തം ദേശീയതയെയും സോമാലിയയിലെ പാരമ്പര്യത്തെയും ആധുനിക കാഴ്ചപ്പാടോടെ അടുക്കിവെച്ചുകൊണ്ടുള്ള ആഖ്യാനരീതിക്ക് അദ്ദേഹം പ്രാധാന്യം നൽകുന്നു. ദൈനംദിന രാഷ്ട്രീയത്തിന്റെ ധാരകളെ പ്രതിനിധാനം ചെയ്യാതെ എഴുതാൻ സാധിക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് അദ്ദേഹത്തിന്റെ നോവലുകൾ.

നുറൂദിൻ ഫറ
നുറൂദിൻ ഫറ

രാജ്യം സ്വതന്ത്രമായശേഷമുള്ള കല-സാഹിത്യരംഗത്തെ വ്യവഹാരങ്ങൾ, ദേശീയതയുമായുള്ള ചാർച്ചയും അടുപ്പവും ഒക്കെ ഫറയുടെ കൃതികളുടെ അടിസ്ഥാനബോധ്യങ്ങളാണ്. പിന്നീട് 1990കളിൽ സൊമാലിയയിൽ തുടങ്ങിയ ആഭ്യന്തരയുദ്ധവും അദ്ദേഹത്തിന്റെ നിലപാടുകൾക്ക് മൂർച്ച കൂട്ടി. അധിനിവേശത്തിനെതിരെയുള്ള ചിന്തകളും പലായനത്തിന്റേയും കുടിയേറ്റത്തിന്റെയും ആലോചനകളും എഴുത്തുവിഷയമാക്കാറുള്ള ഫറ അധിവേശാനന്തര സാഹിത്യശ്രേണിയിലെ പ്രമുഖ എഴുത്തുകാരനാണ്. ബ്രിട്ടനും ഇറ്റലിയും അധിനിവേശം ചെയ്ത സൊമാലിയയുടെ സാംസ്‌കാരികാടരുകളിൽ പ്രസ്തുത ശക്തികളുടെ സംസ്‌കാരത്തിന്റെ ഛായാസാമ്യം കാണാം. അത്തരം സ്വാധീനം ഫറയുടെ എഴുത്തിനെ സങ്കീർണവും ബഹുലമാനങ്ങളുള്ളതുമാക്കുന്നു.

സ്വത്വബോധം തീവ്രവാദത്തിന്റെ പിടിയിൽ

ആഫ്രിക്കയുടെ കിഴക്കേയറ്റത്തുള്ള ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന രാജ്യമായ സൊമാലിയയുടെ അസ്തിത്വപരമായ ചരിത്രവും പ്രതിസന്ധികളും അതേ ദ്വീപിലെ മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. കിഴക്കേ ആഫ്രിക്കയുടെ പരിച്ഛേദത്തെയും സാംസ്‌കാരിക തനിമയെയും ഉരുണ്ടുകൂടുന്ന വെല്ലുവിളിയെ കുറിച്ചും ആധുനിക കാഴ്ചപ്പാടോടെ എഴുതുന്ന ഫറയുടെ ആദ്യ നോവലായ From A Crooked Rib പ്രസിദ്ധീകരിച്ചത് 1970ലാണ്. സൊമാലിയയുടെ സ്വാതന്ത്ര്യാനന്തരം അവിടം വിട്ടുപോകേണ്ടി വന്ന അദ്ദേഹം ഇന്ത്യയുൾപ്പടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ ജീവിച്ചു. 1974ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവൽ (Naked Needle) ഭരണകൂടനയങ്ങളെ വിമർശിക്കുന്ന ആക്ഷേപഹാസ്യമായിരുന്നു. ഇതിന്റെ പ്രത്യാഘാതമായി മുപ്പതു വർഷത്തെ ജയിൽവാസത്തിന് ഫറക്ക്​ ശിക്ഷ വിധിച്ചു. സൊമാലിയക്ക് പുറത്തായതുകൊണ്ട് അദ്ദേഹത്തിന് ശിക്ഷ ലഭിച്ചില്ല. അതിനുശേഷം എഴുതിയ നോവലിനോടുള്ള (Sweet And Sour) പ്രതികരണമായി മരണശിക്ഷയാണ് വിധിച്ചത്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ വിദേശത്ത് താമസം തുടരാൻ അദ്ദേഹം നിർബന്ധിതനായി.

എത്യോപ്യയിലെ കൊബെ അഭയാർത്ഥി ക്യാമ്പിലുള്ള സൊമാലിയൻ കുട്ടികൾ / Photo : UNICEF
എത്യോപ്യയിലെ കൊബെ അഭയാർത്ഥി ക്യാമ്പിലുള്ള സൊമാലിയൻ കുട്ടികൾ / Photo : UNICEF

സൊമാലിയയിലെ രാഷ്ട്രീയാവസ്ഥകൾ, തീവ്രവാദം, മതമൗലികവാദം എന്നിവ ഉയർത്തുന്ന പ്രശ്‌നങ്ങൾ, അഭയാർഥികളായി പലായനം ചെയ്യുന്നവരുടെ സങ്കീർണതകൾ എന്നിങ്ങനെ ഗൗരവകരമായ വിഷയങ്ങളുടെ ആഖ്യാനരൂപമാണ് ഫറയുടെ എഴുത്തിനെ വ്യത്യസ്തമാക്കുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ കാലഭേദത്തെ മിഴിവാർന്ന കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന ഫറയുടെ കൃതികൾ സങ്കുചിത്വത്തങ്ങളെ എതിർത്ത് ലോകത്തെ തുറന്ന വീക്ഷണത്തോടെ കാണുന്നു. അദ്ദേഹത്തിന്റെ നോവൽത്രയങ്ങൾ തീർത്തും പ്രസക്തമായ പരിസരങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. രണ്ടുവർഷം മുൻപ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ North Of Dawn എന്ന നോവലിൽ കുടിയേറ്റത്തിന്റെ സൂക്ഷ്മവശങ്ങളെ കുറിച്ചും മതമൗലികവാദം അസ്ഥിരമാക്കുന്ന ജീവിതങ്ങളെ സംബന്ധിച്ചുമുള്ള അനുഭവപാഠമാണ്. രാഷ്ട്രീയമായ കൃത്യതക്കുറവിൽ ഉഴറുന്ന സ്വത്വബോധം തീവ്രവാദത്തിന്റെ പിടിയിലമരുന്നതോടെ ചുറ്റുമുള്ളവരുടെ ലോകവും അസ്വസ്ഥമാവുകയാണെന്നതിൽ തർക്കമില്ല. ഇപ്പറഞ്ഞ കാരണങ്ങളാൽ കുടുംബത്തിന്റെ ബലം തകരുകയും സന്ദിഗ്ധമായ സാഹചര്യങ്ങളിലേക്ക് വഴുതിവീഴുകയും ചെയ്യുന്ന മനുഷ്യരെ പറ്റിയാണ് ഫറയുടെ പതിമൂന്നാമത്തെ നോവൽ.

‘കറുത്ത വർഗം', ‘മുസ്​ലിം' എന്നീ രണ്ടുതരത്തിലും ന്യൂനപക്ഷമെന്ന നിലയിൽ വെറുക്കപ്പെട്ടവരുടെ ചരിതമാണ് ആഫ്രിക്കൻ വംശജരായ മുസ്​ലിംകളുടെ അവസ്ഥ വിളിച്ചുപറയുന്നത്.

നോർവേയിൽ ജീവിക്കുന്ന സൊമാലിയയിൽ നിന്നുള്ള കുടുംബത്തിന്റെ കഥയാണ് North Of Dawn. മധ്യവർഗകുടുംബത്തിൽ പെട്ട മുഗ്ദിയും ഗകാലോയും പരിഷ്‌കൃതമനസ്സുകൾക്ക് ഉടമകളാണ്. സാഹിത്യതല്പരനായ മുഗ്ദി തനിക്ക് ഏറെ പ്രിയപ്പെട്ട നോർവീജിയൻ നോവലായ Giants in the Earth സൊമാലിയിലേക്ക് തർജമ ചെയ്യുന്നുമുണ്ട്. മുഗ്ദി പരിഭാഷപ്പെടുന്ന നോവലിൽ 1800കളുടെ അവസാനകാലത്തോടെ അമേരിക്കയിലേക്ക് കുടിയേറുന്ന നോർവേക്കാർ അനുഭവിക്കുന്ന കഷ്ടതകളാണ് വിവരിക്കുന്നത്. കുടിയേറ്റക്കാരന്റെ മാനസികഭാവം സൂക്ഷിക്കുന്ന മുഗ്ദി ഈ നോവൽ തെരഞ്ഞെടുത്തതിൽ അതിശയമൊന്നുമില്ല. മുഗ്ദി നോർവേയിൽ എത്തിച്ചേർന്നത് 1988ലാണ്. അക്കാലത്ത് നോർവേയിൽ മുസ്‌ലിം ജനസംഖ്യയുടെ ഭൂരിപക്ഷവും പാക്കിസ്ഥാനിൽ നിന്നുള്ള കൂലിത്തൊഴിലാളികളായിരുന്നു. മുസ്‌ലിംകൾക്കെതിരെ വെറുപ്പ് തളംകെട്ടി നിൽക്കുന്ന ഒരു നാളുകളായിരുന്നു അതെന്നത് മറന്നുകൂടാ. സ്വാഭാവികമായും പല ആക്രമണപദ്ധതികളും അവർക്കെതിരെ ഉണ്ടായി. നോർവേയിലെ താമസത്തിനിടയിൽ സൊമാലിയയിൽ നിന്ന് കുടിയേറുന്നവരുടെയും അഭയാർഥികളായി എത്തിപ്പെടുന്നവരുടെയും പ്രശ്‌നങ്ങളിൽ ഇടപെടാൻ അയാൾ വ്യഗ്രത കാണിച്ചു. അവർക്ക്, ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട സഹായങ്ങളേകാനും മുഗ്ദി അതീവതാൽപര്യം പ്രകടമാക്കി. എന്നാൽ അയാളുടെ മകൻ ഇസ്​ലാം മൗലികവാദത്തിന്റെ പ്രചാരകനായി രാജ്യം വിട്ടുപോയത് തീർത്തും അപ്രതീക്ഷിതമായിരുന്നു.

ഒരു കാരണവശാലും മുഗ്ദിക്കും ഗകാലോയ്ക്കും അംഗീകരിക്കാൻ കഴിയാത്ത വിധം മകൻ അവരിൽ നിന്ന് അകലുകയാണ്. ഒടുവിൽ കനത്ത ആഘാതം നൽകിക്കൊണ്ട് ഭൂമുഖത്തു നിന്നുതന്നെ ദാഖിനേഹ് എന്നുപേരായ മകൻ യാത്രയായി. ആശയപ്രചാരണത്തിന് പ്രസ്ഥാനം ലക്ഷ്യമിടുന്ന ചെറുപ്പക്കാർക്കിടയിൽ കാമുവിനെ വായിച്ച, ലോകധാരണയുള്ള അയാളും ഉൾപ്പെട്ടു എന്നത് ഖേദകരമാണ്. സംഗീതത്തിൽ തൽപരനായിരുന്ന ആ യുവാവ് യൂറോപ്പിൽ നിന്ന് പലകാരണങ്ങൾ പറഞ്ഞ് ജീവിതം പറിച്ചുനടുകയാണ്. ടിമിറോ എന്ന സഹോദരിയുമായി അയാളുടെ വഴക്കുകളുമൊക്കെ ഭൂതകാലത്തിലെ ഏതോ സംഭവങ്ങളായി ചുരുങ്ങി. അവിചാരിതമായിട്ടായിരുന്നു അയാൾ മതകാര്യങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതും ആരാധനാലയത്തിൽ സ്ഥിരം സന്ദർശകനായിത്തീരുന്നതും. പുരോഗമനാശയങ്ങൾ പുലർത്തുന്ന ഒരു കുടുംബത്തിലെ അംഗമായിട്ടും ഇത്ര തീക്ഷ്ണമായ നിലയിൽ മതചിന്ത അയാളിൽ ഉരുവം കൊണ്ടു. മതനിരപേക്ഷമായ കുടുംബത്തിൽ നിന്ന് പുറത്തേക്കുള്ള ‘വളർച്ച'യായിരുന്നു അത്.

ആയിരക്കണക്കിന് അഭയാർത്ഥികളെ കൈചേർത്തുപിടിക്കുന്ന രാജ്യമായ നോർവെയുടെ തണൽ വിട്ട്​ അപകടങ്ങളുടെ തീച്ചൂളയിലേക്ക് എടുത്തുചാടുക എന്ന് തീരുമാനിച്ചുറച്ച് അയാൾ സ്വന്തം വഴിയിലൂടെ പോകുകയാണ്. വർഷങ്ങൾക്കുള്ളിൽ, മതത്തിനു വേണ്ടി ജീവൻ വെടിയാൻ മടിയില്ലാത്ത മതതീവ്രവാദികൾക്കൊപ്പം അയാളെയും കണ്ടുതുടങ്ങി. മതത്തിന്റെ പരിപാവനതയ്ക്കു വേണ്ടി മറ്റുമതക്കാരെ ഉൻമൂലനം ചെയ്യാനും അയാൾ തയ്യാറായി. നല്ല മുസ്​ലിം / മോശം മുസ്​ലിം എന്ന ദ്വന്ദ്വത്തിൽ അധിഷ്ഠിതമായ ജീവിതചര്യയാണ് അയാൾ പിന്തുടർന്നത്. അല്ലാഹുവിന്റെ നിർദേശപ്രകാരമാണ് ഇത് ചെയ്യുന്നതെന്ന വിശ്വാസം അയാൾക്ക് കൂടുതൽ കരുത്തേകി. ഇതുകൂടാതെ അമുസ്‌ലിംകളെ പൂർണതയുള്ള മനുഷ്യരായി കാണാൻ അയാൾ കൂട്ടാക്കിയില്ല. സൗദിഅറേബ്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയുടെ ഭാഗമായ അയാൾ 9/11നെ തുടർന്ന് അധികൃതരുടെ നോട്ടപ്പുള്ളിയായി. പാശ്ചാത്യസംസ്‌കാരത്തിൽ പെട്ട് മലിനമായ മതം ശുദ്ധീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ‘വിശുദ്ധയുദ്ധ’ത്തിൽ അണിചേർന്ന അയാൾക്ക് പിന്നെ ഒരു മടക്കമുണ്ടായില്ല. ഓസ്ലോയിൽ നിന്ന് സൊമാലിയയിലേക്ക് പോയ അയാൾ മൊഗാദിഷുവിൽ വെച്ചാണ് ആത്മഹത്യ ചെയ്​ത്​ ‘പവിത്ര'പോരാളിയായത്.

Photo : UNICEF
Photo : UNICEF

അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ തിക്തവശങ്ങളെ കുറിച്ച് പറയുന്ന നോവലിനെ മാതൃഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്ന ജോലിയിൽ മുഴുകാൻ മുഗ്ദിയെ കുടുംബത്തിൽ ഉരുണ്ടുകൂടിയ പുതിയ പ്രശ്‌നങ്ങൾ സമ്മതിച്ചില്ല. മകന്റെ മരണത്തിനുശേഷം കെനിയയിലെ അഭയാർത്ഥിക്യാംപിൽ ജീവിച്ചിരുന്ന ഭാര്യയായ വാലിയയും അവരുടെ ആദ്യബന്ധത്തിലെ രണ്ടു കുട്ടികളായ നാസിമും സാഫിയും നോർവേയിലേക്ക് അഭയം തേടിയെത്തുകയാണ്. രണ്ടാനച്ഛന്റെ മരണത്തോടെ ഭാവി ഇരുളടഞ്ഞ കുട്ടികളെ ധാർമികമായി ഏറ്റെടുക്കേണ്ട ചുമതല മുഗ്ദിക്കും ഗകാലോയ്ക്കുമായി. എന്നാൽ വാലിയയുടെ തികച്ചും യാഥാസ്ഥിതികമായ പെരുമാറ്റം, മതപ്രമാണങ്ങളോടുള്ള അതിരുകവിഞ്ഞ ആസക്തി എന്നിവയൊക്കെ മരുമകളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നതിൽ മുഗ്ദിക്കു പ്രതിബന്ധം സൃഷ്ടിച്ചു. പൊതുസമൂഹത്തെ വല്ലാത്ത ഭയക്കുന്ന വാലിയയുടെ ഭക്ഷണ -പെരുമാറ്റരീതികളും മതത്തിന്റെ ചട്ടക്കൂടിനെ ആസ്പദമാക്കിയാണ്. ഹലാൽ ഭക്ഷണം മാത്രമേ കഴിക്കൂ എന്ന നിഷ്ഠയും ഖുർആൻ ഉറക്കെ ചൊല്ലുക എന്ന ശീലവും ജീവിതചര്യയാക്കി മാറ്റിയ വാലിയ ആ സ്വഭാവം കുട്ടികളും അനുശാസിക്കണമെന്നു നിർബന്ധം പിടിച്ചു. ശരീരം മുഴുവനായി മൂടിപ്പുതച്ച വസ്ത്രധാരണശൈലിയുള്ള വാലിയ അതിതീക്ഷ്ണമായ മതാഭിമുഖ്യത്തിന്റെ ആൾരൂപമാണ്. "ശരിയായ' തരത്തിലുള്ള വസ്ത്രധാരണം ചെയ്യാത്ത സ്ത്രീകളെ ‘നഗ്‌നരായി' പരിഗണിക്കുന്ന മതതീവ്രവാദത്തിന്റെ ശാഠ്യം നവസമൂഹത്തിൽ ആലോചിക്കാൻ സാധിക്കുകയില്ല. സൂക്ഷ്മമായി അപഗ്രഥിച്ചാൽ വാലിയയും സാഹചര്യങ്ങളുടെ ഇരയാണെന്നു കാണാൻ കഴിയും. ഈ പരിണാമത്തിനിടയിൽ അവൾക്ക് ഗുണപരമായ നീക്കിയിരുപ്പുകൾ ലഭിച്ചില്ല എന്നത് ദുഃഖകരമാണ്. അവളുടെ ജീവിതത്തിന്റെ ദുരിതപീഡ മക്കളിലേക്കും പടർന്നു എന്ന് കരുതുന്നതിലും തെറ്റില്ല. ദാഖിനേഹിന്റെ സ്വാധീനവും അയാൾ കുത്തിവെച്ച വിശ്വാസരീതികളുടെ കണിശതയും സ്ഫുടം ചെയ്തുകൊണ്ട് മക്കളെ വളർത്താനായിരുന്നു വാലിയയുടെ യത്‌നം.

നോർവേയിൽ ഇന്ന് ഏതാണ്ടു രണ്ടരലക്ഷത്തോളം അഭയാർത്ഥികളുണ്ട്. നാസികളുടെ പ്രതാപകാലത്ത് ജൂതവർഗത്തിനു നേരെ വാതിൽ കൊട്ടിയടച്ച നോർവെ ഇന്ന് അഭയാർത്ഥികളെ മറ്റു രാജ്യങ്ങളിൽ നിന്ന് സ്വീകരിക്കുന്നു.

ആരോരുമില്ലാത്ത, പറക്കമുറ്റാത്ത രണ്ടുകുഞ്ഞുങ്ങളെ വലുതാക്കാൻ അങ്ങനെ ‘ത്യാഗ'ങ്ങൾ അനുഭവിക്കേണ്ടി വരുന്ന അമ്മയാണ് വാലിയ. അതിനിടയിൽ പലവിധത്തിലുള്ള ആളുകളുമായി അവൾക്ക് ഇടപഴകേണ്ടി വന്നുവെന്നത് യാഥാർഥ്യമായി ബാക്കിനിൽക്കുന്നു. പക്ഷെ മതചിഹ്നങ്ങളുടെ വ്യൂഹത്തിൽ നിന്ന് പുറത്തുകടക്കാൻ അവസരം ലഭിച്ചപ്പോളും അവൾ ശ്രമിക്കുന്നില്ല എന്നതും ഇതോടൊപ്പം സംഭവിക്കുകയാണ്. അമുസ്​ലിംകളെ വീട്ടിൽ പ്രവേശിക്കാൻ അനുവദിക്കാത്തതൊക്കെ ഇതിന്റെ ഭാഗമാണ്. ഇങ്ങനെയുള്ള സ്വഭാവപരിസരമാണ് വാലിയയ്ക്കുള്ളതെന്നു അറിയാതെയാണ് മുഗ്ദിയും ഭാര്യയും വാലിയയ്ക്കും മക്കൾക്കും താത്കാലികമായ ഒരു വാസസ്ഥലം ക്രമീകരിക്കുന്നത്. മാതാപിതാക്കൾ മക്കളെ എന്നാണ് യഥാർത്ഥത്തിൽ മനസിലാക്കുന്നതും അവരുടെ അന്തസത്തയെ സ്വാംശീകരിക്കാൻ ശ്രമിക്കുന്നതെന്നുമുള്ള ആലോചന നോവൽ ഉയർത്തുന്നു. മക്കൾ തീവ്രവാദികളാവുന്നതും മനുഷ്യബോംബ് ആയി പ്രവർത്തിക്കുന്നതും അച്ഛനമ്മമാരുടെ ആശയങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസൃതമായിട്ടല്ലല്ലോ. വാലിയയെ തിരുത്താനോ നേർവഴിക്ക് നയിക്കാനോ ഗകാലോയ്ക്കും മുഗ്ദിക്കും സാധിക്കാതെ പോകുന്നത് ശരിയായ വഴി എന്നത് ആപേക്ഷികമായി വരുമ്പോഴാണ്. അമ്മയെയും സഹോദരിയെയും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം തന്റെ ചുമലിലാണ് എന്ന കരുതൽ നാസിമിന്റെ പെരുമാറ്റം ഒരുപരിധിയോളം ധാർഷ്ട്യം നിറഞ്ഞതാക്കിയിരുന്നു. എങ്കിലും മുത്തച്ഛനും മുത്തശ്ശിയും അവനെ സ്‌നേഹത്തിന്റെ വഴിയിലൂടെ നയിക്കുന്ന കാഴ്ചയാണ് അധികം വൈകാതെ കാണുന്നത്. അതേപോലെ കൂട്ട ലൈംഗികാക്രമണത്തിനിരയായ സാഫിയും മാനസികമായി കരുത്താർജ്ജിക്കുകയാണ്.

Photo : UNICEF
Photo : UNICEF

അഭയാർത്ഥി ക്യാമ്പുകളിലും മറ്റുമായി കഴിച്ചുകൂട്ടിയ കഷ്ടപ്പാടിന്റെ നാളുകൾ കുട്ടികളിൽ പേടിസ്വപ്നമായി അവശേഷിക്കുന്നുണ്ട്. ക്രൂരമായ ബലാത്സംഗത്തിന് ഇരയായ സാഫിക്ക് ഭയാവേഗം മൂലമുണ്ടാകുന്ന മതിഭ്രമം മാറാൻ നോർവെയിലെ ബന്ധുക്കളുടെ സമ്പർക്കം ഗുണകരമായി. ടിമിറോയും അമ്മയും കൂടെ അവളെ ചികിൽസിപ്പിച്ചതിന്റെ ഫലമായി ഇടയ്ക്കിടെ കണ്ടിരുന്ന ദുഃസ്വപ്നങ്ങളിൽ നിന്ന് പതുക്കെ അവൾ മോചിതയായി. സാഫിയുടെ അതിജീവനം ഗകാലോയ്ക്ക് ആശ്വാസമേകി. എന്നാൽ ടിമിറോയുടെ ദാമ്പത്യജീവിതം തകരാറിലായത് അവരെ അല്പം ആശങ്കയിലാഴ്ത്തി. ആയിടെ ജനിച്ച കുട്ടിയുമായി അവൾ ജനീവയിൽ താമസമാക്കി. ടിമിറോയുടെ ജനനവുമായി ബന്ധപ്പെട്ട ഒരു രഹസ്യം അവരുടെ കുടുംബം സൂക്ഷിക്കുന്നുണ്ട്, മുഗ്ദിയുടെ സഹോദരന് കാമുകിയിൽ ജനിച്ച അവളെ വളർത്താനായി മുഗ്ദിയും ഗകാലോയും ഏറ്റെടുക്കുകയായിരുന്നു. ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ സഞ്ചരിച്ച ഗകാലോ സമ്മർദ്ദങ്ങൾ താങ്ങാനാവാത്ത സ്‌നേഹമയിയായ ഒരു സ്ത്രീയാണ്. പന്ത്രണ്ടും പതിന്നാലും വയസ്സുള്ള നാസിമും സാഫിയും അവർക്ക് ഏറെ പ്രിയപ്പെട്ടവരായി ഭവിച്ചു.

അഭയാർഥികളായി നോർവേയിൽ കാലുകുത്തിയ വാലിയയ്ക്കും മക്കൾക്കും ഊഷ്മളമായ സ്വാഗതം ഗകാലോ ഒഴികെ ആരും നൽകിയില്ല. കറുത്ത വർഗക്കാരും മുസ്​ലിംകളുമായ അവരെ പൊതുസമൂഹം അവജ്ഞകളുടെയും വിവേചനങ്ങളുടെയും വഴിയിലൂടെയാണ് നടത്തിച്ചത്. ലണ്ടനിലെ ഭീകരാക്രമണങ്ങളും സ്വരാജ്യത്തെ കൂട്ടക്കൊലപാതകങ്ങളും നോർവേക്കാരെ അരക്ഷിതരാക്കി. ഇങ്ങനെയുള്ള പ്രതിലോമകരമായ കാര്യങ്ങളിൽ ഭയചിത്തരാവുന്ന പൊതുസമൂഹത്തിന്റെ അങ്കലാപ്പുകൾ സ്വാഭാവികമാണ്. പരസ്പരസഹകരണമുള്ള കുടുംബങ്ങളെ വാർത്തെടുക്കുക എന്നതാണ് സമൂഹമെന്ന വാർപ്പുമാതൃകയിലുള്ള പ്രസ്ഥാനത്തിന് അഭികാമ്യമാവുന്നത്. വിയോഗത്തിനും സംക്രമണത്തിനും മധ്യേയുള്ള നിലനിൽപ്പിനായി നോർവെയെ ഇടത്താവളമാക്കിയവരുടെ കൂട്ടത്തിൽ വാലിയയെപ്പോലെ അനേകം പേർ ഇപ്പോഴുമുണ്ട്. ആഭ്യന്തരക ലാപങ്ങളിൽ നിന്ന് രക്ഷ തേടി വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾ അവിടെ തമ്പടിച്ചു. അവരിൽ ശ്രീലങ്കക്കാരും സിറിയക്കാരും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വേരുകളുള്ളവരും ഉണ്ട്. ഇതിനിടെ മുസ്​ലിം മതചിഹ്നങ്ങളെ ആവാഹിച്ചുകൊണ്ട് മതപ്രഘോഷണങ്ങൾ നടത്താൻ ഒരുമ്പെടുന്ന വാലിയയെ ഒരുതരത്തിലും മുഗ്ദിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. അതുപോലെ ആരബ്ധയൗവനത്തിൽ തന്നെ ആണഹന്തയുടെ സൂചനകൾ പ്രകടമാക്കിയ നാസിമിനോടും അയാൾക്ക് തുടക്കത്തിൽ അടുപ്പം പ്രദർശിപ്പിക്കാൻ സാധിച്ചില്ല. എങ്കിലും അവർ തമ്മിലുള്ള ബന്ധം ആരും പ്രതീക്ഷിക്കാത്തവിധം അത്ഭുതകരമായി സ്‌നേഹവാത്സല്യങ്ങളുടെ പുതിയ തീരത്തേക്കണഞ്ഞു.

കറുത്തവർഗം നേരിടുന്ന വംശീയമായ അപമാനവും വെറുപ്പും മുസ്​ലിം ആവുന്നതോടെ അധികരിക്കുകയാണ്. കറുത്ത മുസ്​ലിംകളുടെ പിന്തുണയ്ക്കായി സ്ഥാപിക്കപ്പെട്ട ‘നേഷൻ ഓഫ്​ ഇസ്​ലാ’മിന്റെ പ്രവർത്തനഫലങ്ങൾ അവർക്കെതിരെയുള്ള വംശീയാക്രമണങ്ങളെ പ്രതിരോധിക്കാൻ സഹായിച്ചു.

സമകാലത്തെ മുസ്​ലിം സമുദായത്തിലെ ചിലരെങ്കിലും ഇടുങ്ങിയ കാഴ്ചപ്പാടുകളിലൂടെ വേറൊരുതരം ഇസ്​ലാം മതത്തിലാണ് വിശ്വസിക്കുന്നത് എന്ന ചിന്ത മുഗ്ദിയിൽ രൂപപ്പെടുന്നു. ലോകത്തിന്റെ പുരോഗതി, ആഗോളീയമായ മാറ്റങ്ങളെയോ സമൂഹത്തിലും പരിസ്ഥിതിയിലും വിപണിയിലുമുള്ള ചലനങ്ങളെയോ ഗുണാത്മകമായി വിചിന്തനം ചെയ്യാതെ പരിശോധിക്കാനാവില്ല. കാർക്കശ്യമുള്ള മതബോധങ്ങളിൽ ഉറച്ചുനിൽക്കുന്ന കടുത്ത നിലപാടുകൾ ലോകനന്മയ്ക്ക് ഭൂഷണമല്ല എന്ന ബോധ്യം മുഗ്ദിയിലും ഗകാലോയിലും ദൃഢമായി ഉറയ്ക്കുന്നുണ്ട്. സ്ത്രീക്കും പുരുഷനുമുള്ള വ്യത്യസ്തമായ സ്വാതന്ത്ര്യത്തെയും വേറിട്ട വാതായനങ്ങളെ പറ്റിയുമുള്ള വിചാരവും അവർക്കുണ്ട്. നോർവെ പോലെയുള്ള പുരോഗമനകാഴ്ചപ്പാടുകളെ ആശ്ലേഷിക്കുന്ന രാജ്യത്ത് മതത്തിന്റെ പേരിലുള്ള നോട്ടങ്ങൾ വെച്ചുപുലർത്തുന്നത് സാമൂഹികഘടനയ്ക്ക് തന്നെ അപമാനകരമാണെന്നു ടിമിറോ ഒരവസരത്തിൽ പറയുന്നു. സൊമാലിയയിൽ നിന്ന് കെനിയയിലേക്കു അഭയാർത്ഥിയായി പതിനാറാം വയസ്സിൽ പലായനം ചെയ്ത വാലിയയുടെ ജീവിതം അസ്ഥിരമായതിനു മതം കൂടെ ഉത്തരവാദിയാണ്. അശ്രദ്ധമായി ജീവിച്ച ഒരു ഭൂതകാലത്തു നിന്നും തീവ്രമായ മതചിന്താഗതിയിലേക്ക് അവൾ പരിവർത്തനപ്പെടുന്ന സന്ദർഭങ്ങൾ നോവലിൽ വിവരിക്കുന്നുണ്ട്. നോർവേയിൽ താമസം ആരംഭിച്ചതിനു ശേഷം അവൾ മതതീവ്രവാദികളുമായി ബന്ധം സൂക്ഷിക്കുകയും അവരിൽ ഒരാളെ പങ്കാളിയാക്കാൻ ഏറെക്കുറെ ശ്രമിക്കുകയും ചെയ്യുന്നു. നോർവീജിയൻ പഠിക്കുകയും വായനയിലും പഠിത്തത്തിലും എഴുത്തിലുമൊക്കെ താല്പര്യം വരികയും ചെയ്യുന്നതോടെ നാസിമിന്റെ ചിന്താഗതിക്ക് കാതലായ മാറ്റം വന്നു. അവൻ മുത്തച്ഛന്റെ ആശയങ്ങളോട് സമരസപ്പെടുകയാണ്. മാത്രമല്ല സാഫിയെയും അവന്റെ വഴിയിലൂടെ കൊണ്ടുവരാൻ അവൻ ആഗ്രഹിക്കുന്നു. ഇതിനിടയിൽ വാലിയ വലിയ ‘രോഗ'മായി ഗകാലോയിലേക്ക് ആവാഹിക്കുകയും ശരീരത്തെക്കാൾ മനസിന്റെ വ്യാധി അവരുടെ മരണത്തിൽ കലാശിക്കുകയും ചെയ്തു. വാലിയയുടെ പഴയ കൂട്ടുകാരി ആർലയുടെ രംഗപ്രവേശം കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുകയും മുഗ്ദിയുടെ മന:സമാധാനത്തിനു വിഘാതം വരുത്തുന്ന വിധത്തിൽ സംഗതികൾ അണിയറയിൽ ഒരുങ്ങാനും ആരംഭിച്ചു. സ്വതവേ സന്തുഷ്ടമായ ഒരു മധ്യവർഗകുടുംബത്തിൽ മതത്തിന്റെ തീവ്രമായ ഇടപെടലുകൾ നിമിത്തം വിള്ളലുകൾ രൂപപ്പെടുന്നതിന്റെ ഉദാഹരണമായി മുഗ്ദിയുടെ പരിസരത്തെ കാണാനാകും. ഭാര്യയുടെ മരണം അയാൾക്ക് കനത്ത ആഘാതമായി.

Photo: UNICEF
Photo: UNICEF

പന്നിത്തലയും നാസി പതാകയും നോർവേയിൽ ഗ്രീൻലാൻഡിലെ വലിയ മുസ്​ലിം പള്ളിയിൽ നിന്ന് കണ്ടെടുത്തത്​ ആയിടയ്ക്ക് വിവാദമായിരുന്നു. ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള വാർത്തകൾ ആവർത്തന സ്വഭാവത്തോടെ കേട്ടുതുടങ്ങിയത് മുസ്​ലിം സമുദായത്തിൽ ആകമാനം ആശങ്ക ഉളവാക്കി. കുടിയേറ്റക്കാർക്കെതിരെയായിരുന്ന നാസികൾ ഒരു കാലത്ത് നോർവേയിൽ അങ്കലാപ്പുകൾക്ക് കളമൊരുക്കിയതുപോലെ, ജിഹാദികൾ രംഗപ്രവേശം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അങ്ങിങ്ങായി കണ്ടുതുടങ്ങി. തീവ്രവാദികളായ മതസ്ഥരും മതമൗലികവാദികളുമായുള്ള ഉരസലിനെ കുറിച്ചു ആഖ്യാനത്തിൽ പരാമർശമുണ്ട്. എന്തിരുന്നാലും സാധാരണക്കാരുടെ കുടുംബങ്ങൾക്കാണ് ഇതുകൊണ്ട് വൈഷമ്യങ്ങൾ ഉണ്ടാവുന്നതെന്ന സൂചന അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം ആഖ്യാനത്തിലൂടെ വ്യക്തമാണ്. ശരീരത്തിന്റെ നിറവും മതവും യൂറോപ്പിലേക്ക് കുടിയേറിയ മുസ്​ലിംകൾക്ക്​ഹീനകരമാവുന്നതിന്റെ ആകുലതകൾ ആഖ്യാനത്തിലെ അന്തർലീനവായനയായി നിലനിൽക്കുന്നു.

നോർവേയിലേക്ക് കുടിയേറുന്ന സൊമാലിയക്കാരുടെ സത്യസന്ധത, ആത്മാർഥത തുടങ്ങിയ ഘടകങ്ങളൊക്കെ പൊതുസമൂഹത്തിൽ ചോദ്യം ചെയ്യപ്പെടാറുണ്ട്.

അപരിചിതരേയും വിദേശികളേയും വെറുക്കുന്നവരും മതാനുയായികളും ചേർന്ന് പ്രായേണ ശാന്തമായ ഒരിടത്ത് വിഷം വമിക്കുന്നതിന്റെ ദൃഷ്ടാന്ത പാഠമാണ് ഈ നോവൽ. അമേരിക്കയിലെയും ലണ്ടനിലെയും ഭീകരാക്രമണങ്ങളെ തുടർന്ന് നോർവേയിൽ ജനങ്ങളും ഉത്കണ്ഠാകുലരാവുകയാണ്. ഉറ്റവർ നഷ്ടപ്പെട്ട ശേഷം രാഷ്ട്രത്തിന്റെ സഹാനുഭൂതിയും സഹതാപവും നഷ്ടപരിഹാരവും ലഭിക്കുന്നതിൽ അർത്ഥമില്ല. കുടിയേറ്റക്കാരോടും അഭയാർത്ഥികളോടുമുള്ള അഹിതത്തിന്റെ രാഷ്ട്രീയം വെറിയുടേത് കൂടെയാവുന്നത് വംശീയവിരോധത്തിന്റെ നാളങ്ങൾ നിശബ്ദമായി എരിയുന്നതുകൊണ്ടാണ്. ‘കറുത്ത മുസ്​ലിം' എന്ന ബിംബം ഇപ്രകാരം സവിശേഷശ്രദ്ധ അർഹിക്കുന്നു. ‘കറുത്തവർഗം', ‘മുസ്​ലിം' എന്നീ ‘ഫോബിയ'കളെ ഒരുമിച്ച് ചേർക്കുന്ന ഗൂഢാലോചനാ സിദ്ധാന്തമാണിത് എന്ന് കരുതിയാലും ശരികേടില്ല. രണ്ടുതരത്തിലും ന്യൂനപക്ഷമെന്ന നിലയിൽ വെറുക്കപ്പെട്ടവരുടെ ചരിതമാണ് ആഫ്രിക്കൻ വംശജരായ മുസ്​ലിംകളുടെ അവസ്ഥ വിളിച്ചുപറയുന്നത്. കറുത്തവർഗം നേരിടുന്ന വംശീയമായ അപമാനവും വെറുപ്പും മുസ്​ലിം ആവുന്നതോടെ അധികരിക്കുകയാണ്. കറുത്ത മുസ്​ലിംകളുടെ പിന്തുണയ്ക്കായി സ്ഥാപിക്കപ്പെട്ട ‘നേഷൻ ഓഫ്​ ഇസ്​ലാ’മിന്റെ പ്രവർത്തനഫലങ്ങൾ അവർക്കെതിരെയുള്ള വംശീയാക്രമണങ്ങളെ പ്രതിരോധിക്കാൻ സഹായിച്ചു. മാൽക്കം എക്​സിനെ പോലെയുള്ള നേതാക്കൾ ഇതിന്റെ ഭാഗമായി.

ആഫ്രിക്കൻ മുസ്​ലിംകളോടുള്ള വിവേചനം

1930ൽ പ്രവർത്തനം ആരംഭിച്ച ഈ സംഘം കറുത്തവർഗക്കാരുടെ വിശാലമായ കൂട്ടായ്മയും ഉന്നമനവും ലക്ഷ്യം വെക്കുന്നു. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിലും ഇസ്​ലാമോഫോബിയയുടെ തുടർച്ചയായി കറുത്ത മുസ്​ലിമിനെ അയിത്തപ്പാടോടെ മാറ്റി നിർത്താനുള്ള പ്രവണത ശക്തമാകുകയാണ്. പലായനം ചെയ്യുന്ന സൊമാലിയയിലെ മുസ്​ലിംകളും ഈ കള്ളിയിലേക്ക് വീണു. ഒറ്റ തിരിഞ്ഞ സംഭവമായി ഇതിനെ കാണാനാവില്ല. 2020ൽ നടന്ന ജോർജ് ഫ്‌ളോയ്ഡിന്റെ കൊലപാതകം വംശീയ പ്രതിസന്ധികൾക്ക് ആക്കം കൂട്ടുകയും അതിനെതിരെയുള്ള പ്രതിഷേധം വ്യാപകമാവുകയും ചെയ്തത് ഇവിടെ എടുത്തുപറയണം. കറുത്തവർഗക്കാരുടെ കനത്ത എതിർപ്പ് ലോകമെമ്പാടും ഒച്ചയായി. അതോടൊപ്പം ആഫ്രിക്കൻ വംശജരായ മുസ്​ലിംകൾ ഈ സംഭവത്തെ അതിശക്തമായി അപലപിച്ചത് പൊതുസമൂഹത്തിലും മുസ്ലിംസമൂഹത്തിലും സജീവചർച്ചകൾക്ക് വഴിയൊരുക്കി.

ജോർജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മിനിയാപോളീസിൽ നടന്ന പ്രതിഷേധ പ്രകടനം
ജോർജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മിനിയാപോളീസിൽ നടന്ന പ്രതിഷേധ പ്രകടനം

നോർവേയിൽ ഇന്ന് ഏതാണ്ടു രണ്ടരലക്ഷത്തോളം അഭയാർത്ഥികളുണ്ട്. നാസികളുടെ പ്രതാപകാലത്ത് ജൂതവർഗത്തിനു നേരെ വാതിൽ കൊട്ടിയടച്ച നോർവെ ഇന്ന് അഭയാർത്ഥികളെ മറ്റു രാജ്യങ്ങളിൽ നിന്ന് സ്വീകരിക്കുന്നു. അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും സ്വീകരിക്കുന്നതിൽ പൊതുവെ വിപുലമായ തരത്തിൽ നോർവേയിലെ പൗരസമൂഹം എതിർപ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും ചില ചായ്​വുകൾ പ്രസക്തമാണ്. പ്രത്യേകിച്ച് ആഫ്രിക്കൻ മുസ്​ലിംകളോടുള്ള വിവേചനത്തിന്റെ ആധിക്യം വർധിച്ചിരിക്കുന്നു. 2011ലെ, 77 ആളുകളുടെ മരണത്തിനിടയാക്കിയ നോർവേയിലെ ആക്രമണം (terrorist attacks by Anders Behring Breivik) മുസ്​ലിംകളെ യൂറോപ്പിൽ നിന്ന് പുറത്താക്കാൻ ഉന്നമിട്ടതായിരുന്നു. നോർവേയിലേക്ക് കുടിയേറുന്ന സൊമാലിയക്കാരുടെ സത്യസന്ധത, ആത്മാർഥത തുടങ്ങിയ ഘടകങ്ങളൊക്കെ പൊതുസമൂഹത്തിൽ ചോദ്യം ചെയ്യപ്പെടാറുണ്ട്. അവരുടെ വിശ്വാസ്യതയും ചർച്ചാവിഷയമാകുന്നത്, മുൻപേ സൂചിപ്പിച്ച വിവേചനത്തിന്റെ ഭാഗമായി തന്നെ വിശകലനം ചെയ്യണം.

സൊമാലിയ എന്നത് ഭൂതകാലത്തിലെ ഓർമപ്പൊട്ട് പോലെയാണിന്ന്. ആഭ്യന്തരയുദ്ധവും അരാജകാവസ്ഥയും വികസനത്തിന്റെ പാതയിൽ നിന്ന് വഴിതിരിച്ചുവിട്ട രാജ്യത്തെ പുനർനിർമിക്കുന്നത് എങ്ങനെയെന്ന് ഫറ ഒരഭിമുഖത്തിൽ ആരായുന്നുണ്ട് . കലർപ്പുകളില്ലാത്ത ശുദ്ധമായ വർഗമായി ജീവിക്കുക എന്ന ഉദ്ദേശ്യം കറുത്ത മുസ്​ലിംകളുടെ സജീവസാന്നിധ്യത്തോടെ ഇല്ലാതാവുമോയെന്ന്​ നോർവേ വാസികൾ ഭയക്കുന്നതും ഇതിനോടു കൂട്ടിവായിക്കണം. ഒരുപടി കൂടെ കടന്ന്​, അവിടത്തെ വലതുപക്ഷ തീവ്രസംഘങ്ങൾ പ്‌ളേഗ് പോലെയുള്ള പകർച്ചവ്യാധിയായി പടരുന്ന രോഗമായി ആഫ്രിക്കയിൽ നിന്ന് വരുന്ന മുസ്​ലിംകളെ നോക്കിക്കാണാൻ ആരംഭിച്ചു.

Photo  : UNICEF
Photo : UNICEF

നോർവേയിലേക്ക് കുടിയേറുന്ന സൊമാലിയക്കാർക്ക് തൊഴിലധിഷ്ഠിതവിദ്യാഭ്യാസം കുറവാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കാലാവസ്ഥയും അവർക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ചുരുക്കത്തിൽ, അതിശീതാവസ്ഥയുള്ള നോർവെ അവർക്ക് ബുദ്ധിമുട്ടുകൾ തീർക്കുന്നു. അമേരിക്കയിലെ ഡക്കോട്ടൻ പ്രദേശത്തേക്ക് പണ്ട് നോർവെയിൽ നിന്നുള്ള ജനങ്ങൾ കുടിയേറിയപ്പോൾ ലഭിച്ച സൗകര്യം ഇന്ന് അവിടേക്ക് കുടിയേറുന്നവർക്ക് ലഭിക്കുന്നില്ല. ഡകോട്ട പ്രവിശ്യയിലേക്ക് പലായനം ചെയ്യുന്ന നോർവേക്കാരുടെ ചരിത്രമാണ് മുഗ്ദി വിവർത്തനം ചെയ്യുന്ന നോവലിന്റെ പ്രതിപാദ്യവിഷയം. ഡക്കോട്ടയിൽ നടന്ന യുദ്ധത്തോടനുബന്ധിച്ച് 1862ൽ, എബ്രഹാം ലിങ്കൺ ഭരണകൂടം പൊതുജനമധ്യത്തിൽ മുപ്പത്തിയെട്ട് ഗോത്രപ്രമാണികളുടെ വധശിക്ഷ നടത്തി കോളിളക്കം സൃഷ്ടിച്ച സംഭവത്തിന് ശേഷമാണ് ഈ പലായനം. തദ്ദേശവാസികളെ അവിടെനിന്ന് പുറത്താക്കിയതുകൊണ്ടും സ്ഥലത്തിന്റെ ലഭ്യത കൊണ്ടും കുടിയേറ്റക്കാർക്ക് ഗുണകരമായിരുന്നു ഈ സ്ഥാനമാറ്റം. അന്ന് അവിടെ ഒരു ഏക്കറിന് ഒരു ഡോളർ എന്ന നിരക്കിൽ ഭൂമി വാങ്ങിക്കാൻ കഴിയുമായിരുന്നു. പക്ഷെ ലോകത്തെല്ലായിടത്തും സ്ഥിതിഗതികൾ ആകെ മാറി. പരന്നുകിടക്കുന്ന കൃഷിഭൂമിയോ മറ്റു ആനുകൂല്യങ്ങളോ ഇന്ന് അഭയാർത്ഥികൾക്ക് മുന്നിലില്ല.

അങ്ങനെ മതബോധത്തിന്റെയും കുടിയേറ്റത്തിന്റെയും രാഷ്ട്രീയവും വൈകാരികവും ദാർശനികവുമായ വ്യവഹാരങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഈ നോവലിൽ. അതോടൊപ്പം മതനിരപേക്ഷതയും മതമൗലികവാദവും തമ്മിലുള്ള സമരത്തിന്റെ അടിപ്പടവുകളെയും ആഖ്യാനത്തിൽ അനാവരണം ചെയ്യുന്നു. ചിനു അച്ചേബെയും നദീൻ ഗോർഡിമറും പങ്കുവെച്ച ആഫ്രിക്കൻ അനുഭവാഖ്യാനങ്ങളെക്കാൾ വോൾ സോയിങ്കയുടെ എഴുത്തുരീതിയോടാവും ഫറയുടെ ശൈലി ചേർന്നു നിൽക്കുന്നത്. ദേശത്തിന്റെ ശൈഥില്യത്തെ രാഷ്ട്രത്തിന്റെ വിവിധ ഘടകങ്ങൾ തമ്മിലുള്ള ഇഴയടുപ്പത്തിന്റെ ചേർച്ചക്കുറവായി ഫറ വ്യാഖ്യാനിച്ചു എന്നത് സജീവമായി മുന്നോട്ടുവെക്കാവുന്ന ഒരു വാദമാണ്. മനുഷ്യരുടെ വ്യഥകളും പരവശതകളും പകർത്തി വെയ്ക്കാൻ വാക്കുകളുടെ സമുദ്രം ആവശ്യമില്ല. മൗനങ്ങളുടെ നീണ്ട തുടർച്ചയും നെടുവീർപ്പുകളുടെ അലോസരശബ്ദവും മാത്രം മതി എന്ന് വെളിപ്പെടുത്തുകയാണ് ഫറ. സ്‌നേഹസ്പർശത്തിന്റെ ഇളംചൂടിലൂടെ ലോകത്തിനെ അടുത്തറിയാൻ പറ്റുമെന്നും അദ്ദേഹം North Of Dawn ലൂടെ ഓർമിപ്പിക്കുന്നു. ▮


രാഹുൽ രാധാകൃഷ്ണൻ

എഞ്ചിനീയർ. ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു.

Comments