കനേഡിയൻ സർക്കാർ കുടിയേറ്റനയങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നുവെന്ന് പരാതി. ഇതേതുടർന്ന്, വിദ്യാർഥികൾ പ്രത്യക്ഷ സമരത്തിലാണ്. ആഗസ്റ്റ് അവസാനവാരം ഒൻ്റാറിയോയിലെ ബ്രാംപ്ടണിലെ ക്യൂൻ സ്ട്രീറ്റിൽ ആരംഭിച്ച പ്രതിഷേധം പ്രിൻസ് എഡ്വേർഡ് ദ്വീപിലേക്കും മാനിറ്റോബയിലേക്കും വിന്നിപെഗിലേക്കും ഒന്റാറിയോവിലേക്കും ബ്രിട്ടീഷ് കൊളംബിയ മേഖലകളിലേക്കും വ്യാപിച്ചു.
'കൂട്ട കുടിയിറക്കൽ നീക്കം നിർത്തിവക്കുക', 'നന്നായി ജോലി ചെയ്യാനും നന്നായി താമസിക്കാനും അവസരമൊരുക്കുക', 'കുടിയേറ്റക്കാരെ ബലിയാടുകളാക്കരുത്', 'വിദ്വേഷവും വംശീയതയും അവസാനിപ്പിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധം. 54 ട്രേഡ് യൂണിയനുകളടങ്ങുന്ന ഒന്റാറിയോ ഫെഡറേഷൻ ഓഫ് വർക്കേഴ്‌സ് ആന്റ് മൈഗ്രന്റ്‌സ് (The Ontario Federation of Workers and Migrants) പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വർക്ക് പെർമിറ്റിലെ നിയന്ത്രണങ്ങൾ, ജീവിതച്ചെലവിനുള്ള ഫണ്ടിൽ വരുത്തിയ വർധന, ഓഫ് കാമ്പസ് പ്രവർത്തന സമയത്തിലെ മാറ്റം, വിദേശ വിദ്യാർഥികളുടെ ഒഴുക്ക് തടയാനുള്ള പുതിയ നിയന്ത്രണങ്ങൾ എന്നിവയാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയായത്. 70,000 ഓളം വിദേശ വിദ്യാർത്ഥികളാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. ഇതിൽ നല്ല ശതമാനം ഇന്ത്യൻ വിദ്യാർത്ഥികളാണ്. വിദേശ വിദ്യാർഥികളുടെ പെർമിറ്റുകളുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ കുറവ് വരുത്തുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ അറിയിച്ചിരുന്നു. ഇതോടെ, ഈ വർഷം അംഗീകൃത സ്റ്റഡി പെർമിറ്റുകളുടെ എണ്ണം 3,64,000 ആയി കുറയും.
വിദേശ വിദ്യാർത്ഥികളുടെ ബിരുദാനന്തര വർക്ക് പെർമിറ്റ് (Post-Graduation Work Permit- PGWP) 18 മാസത്തേക്ക് നീട്ടാൻ അനുവദിക്കുന്ന വ്യവസ്ഥ അവസാനിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണം എന്നതാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം.
സ്ഥിരതാമസത്തിനുള്ള വിദേശ വിദ്യാർഥികളുടെ അപേക്ഷകളിൽ 25% കുറവ് വരുത്താനും സ്റ്റഡി പെർമിറ്റ് പരിമിതപ്പെടുത്താനുമാണ് കാനേഡിയൻ സർക്കാരിന്റെ നീക്കം. കുറച്ചുവർഷങ്ങളായി രാജ്യത്തെ ജനസംഖ്യ ക്രമാതീതമായി വർദ്ധിച്ചതാണ് കുടിയേറ്റ നയങ്ങളിൽ മാറ്റം വരുത്താൻ കാരണമായതെന്നാണ് സർക്കാർ വിശദീകരണം.
വിദേശ വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്ന
പുതിയ മാറ്റങ്ങൾ:
കുത്തനെ ഉയർത്തിയ ജീവിതച്ചെലവുതുക
(cost-of-living fund)
കനേഡിയൻ സ്റ്റഡി പെർമിറ്റിന് യോഗ്യത നേടുന്നതിന് ഇനി 20,635 കനേഡിയൻ ഡോളർ (CAD) ആവശ്യമായി വരും (ഏകദേശം 12,73,909 രൂപ). ഈ തുക വിദ്യാർത്ഥികളുടെ ആദ്യ വർഷത്തെ ട്യൂഷനും യാത്രാചെലവും ഒഴിവാക്കിയുള്ളതാണ്. ഇതുവരെ ഈ തുക 6.14 ലക്ഷം രൂപയായിരുന്നു. ഇതാണ്, 12.73 ലക്ഷമായി ഉയരുന്നത്.
2000 മുതൽ തുകയിൽ മാറ്റം വരുത്തിയിരുന്നില്ലെന്നും 2024 ജനുവരി ഒന്നിനുശേഷമുള്ള പുതിയ സ്റ്റഡി പെർമിറ്റ് അപേക്ഷകൾക്കാണ് മാറ്റം ബാധകമാകുക എന്നും ഇമിഗ്രേഷൻ അധികൃതർ അറിയിച്ചു. 2000 മുതൽ ഒരു വിദ്യാർഥിക്ക് 10,000 കനേഡിയൻ ഡോളറാണ് (6.14 ലക്ഷം രൂപ) നിശ്ചയിച്ചിരുന്നത്. ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയിൽ ഇപ്പോൾ കാനഡയിലെത്തുന്ന ഒരു വിദേശവിദ്യാർഥിക്ക് ഈ തുക അപര്യാപ്തമാണ്. അതുകൊണ്ടാണ് പുതിയ മാറ്റമെന്നാണ് കനേഡിയൻ ഗവൺമെന്റിന്റെ എമിഗ്രേഷൻ വിഭാഗമായ എമിഗ്രേഷൻ റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡ (Immigration, Refugees and Citizenship Canada- IRCC) പ്രസ്താവനയിൽ പറയുന്നത്.
2024 ജനുവരിയോടെ കാനഡയിലേക്ക് വരുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധിയുണ്ടാകും. 2023-ൽ 5,60,000 വിസകളാണ് നൽകിയത് എങ്കിൽ 2024-ൽ അത് 3,64,000 ആയി കുറയും.
ജോലി ചെയ്യാൻ അനുവദിക്കപ്പെട്ട സമയം
(Off-campus working hours) കുറച്ചു
പഠനസമയത്ത് വിദേശ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂറിലധികം ക്യാമ്പസിന് പുറത്ത് ജോലി ചെയ്യാൻ അനുവദിക്കുന്ന നയം ഈ വർഷം ഏപ്രിൽ 30 ന് അവസാനിച്ചിരുന്നു. മെയ് ഒന്ന് മുതൽ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ കഴിയൂ. ഇത് സെപ്റ്റംബറിൽ പ്രാബല്യത്തിൽ വരും. ജോലിസമയം ആഴ്ചയിൽ 30 മണിക്കൂർ ആക്കി ഉയർത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.
അന്തർദേശീയ വിദ്യാർത്ഥികളുടെ വരവിന് പരിധി
(Cap on inflow of international students)
2024 ജനുവരിയോടെ കാനഡയിലേക്ക് വരുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധിയുണ്ടാകും. 2023-ൽ 5,60,000 വിസകളാണ് നൽകിയത് എങ്കിൽ 2024-ൽ അത് 3,64,000 ആയി കുറയും. ആവശ്യത്തിന് വീടുകളും ഹോസ്റ്റലുകളും ഇല്ലാത്തതിനെതുടർന്നാണ് നിയന്ത്രണമെന്ന് സർക്കാർ വിശദീകരിക്കുന്നു. ഓരോ പ്രവിശ്യയിലെയും ജനസംഖ്യയുടെ തോത് അനുസരിച്ചായിരിക്കും അതാതിടങ്ങളിൽ സ്റ്റുഡന്റ് വിസകൾ അനുവദിക്കുക. ഒന്റോറിയോ പോലെ കൂടുതൽ വിദ്യാർത്ഥികൾ എത്തുന്ന സംസ്ഥാനങ്ങളിൽ 50 ശതമാനം വരെയായിരിക്കും നിയന്ത്രണം. 2024 ജനുവരി മുതൽ IRCC യിൽ സമർപ്പിക്കുന്ന എല്ലാ സ്റ്റഡി പെർമിറ്റ് അപേക്ഷകൾക്കും പ്രദേശങ്ങളിൽ നിന്നോ പ്രവിശ്യകളിൽ നിന്നോ ഉള്ള കത്തും നിർബന്ധമാക്കി.
കഴിഞ്ഞ വർഷം ഡിസംബറോടെ കാനഡയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം 10 ലക്ഷം കവിഞ്ഞിരുന്നു. പരിധി നിശ്ചയിച്ചത്തോടെ ഈ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകും.
ബിരുദാനന്തര വർക്ക് പെർമിറ്റുകളിൽ നിയന്ത്രണം
(Restriction on post-graduate work permits- PGWP):
വിദേശ വിദ്യാർത്ഥികൾക്ക് ബിരുദാനന്തര വർക്ക് പെർമിറ്റ് 18 മാസത്തേക്ക് നീട്ടാൻ അനുവദിക്കുന്ന നയം സർക്കാർ അവസാനിപ്പിച്ചു. ബിരുദം നേടിയശേഷം വർക്ക് പെർമിറ്റ് അനുവദിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി. പബ്ലിക് കോളേജുകളിൽ അഫിലിയേറ്റ് ചെയ്ത് അവിടുത്തെ കരിക്കുലം ഉപയോഗിച്ച് ബിരുദം നൽകുന്ന കോളേജുകളിൽനിന്ന് പഠിച്ചിറങ്ങുന്നവർക്ക് (curriculum licensing arrangement) പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് ലഭിക്കില്ല. മാസ്‌റ്റേഴ്‌സ് ബിരുദം നേടുന്നവർക്കും തെരഞ്ഞെടുത്ത ഷോർട്ട് ഗ്രാജ്വേറ്റ് ലെവൽ പ്രോഗ്രാമുകൾ പൂർത്തിയാക്കുന്നവർക്കും മൂന്നു വർഷത്തെ വർക്ക് പെർമിറ്റിന് അപേക്ഷിക്കാം.
യു.എസ് കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ ഡാറ്റ അനുസരിച്ച് 2024 ജൂണിൽ മാത്രം ആവശ്യത്തിന് രേഖകളില്ലാത്ത 5152 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽനിന്ന് യു.എസിലേക്ക് കടന്നത്. വർക്ക് പെർമിറ്റിന്റെ കാലാവധി അവസാനിച്ച്, 25 ലക്ഷം രൂപ മുടക്കി ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെൻ്റിന് അപേക്ഷിക്കാൻ കഴിയാത്തവരാണ് യു.എസിലേക്ക് കടന്നത്.
സമരം ചെയ്യുന്ന ചില വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റ് കാലഹരണപ്പെട്ടിട്ടുണ്ട്. മറ്റുള്ളവർക്ക് ഈ വർഷം അവസാനത്തോടെ പെർമിറ്റ് നഷ്ടപ്പെടും. PGWP കാലഹരണപ്പെട്ടാൽ വിദ്യാർത്ഥികൾ ഒന്നുകിൽ അഭയാർത്ഥികളെന്ന നിലയ്ക്കാണ് പരിഗണിക്കപ്പെടുക. അല്ലെങ്കിൽ, തൊഴിലുടമകൾ വിദേശ തൊഴിലാളികളെ നിയമിക്കുന്ന, ഏകദേശം 25 ലക്ഷം രൂപ ചെലവുള്ള ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെൻ്റിന് (LMIA) അപേക്ഷിച്ചോ യു.എസിലേക്ക് മാറേണ്ടിവരും. നിയന്ത്രണം കടുപ്പിച്ചതിനെതുടർന്ന് കാനഡയിൽനിന്ന് യു.എസിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യു.എസ് കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ ഡാറ്റ അനുസരിച്ച് 2024 ജൂണിൽ മാത്രം ആവശ്യത്തിന് രേഖകളില്ലാത്ത 5152 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽനിന്ന് യു.എസിലേക്ക് കടന്നത്. വർക്ക് പെർമിറ്റിന്റെ കാലാവധി അവസാനിച്ച്, 25 ലക്ഷം രൂപ മുടക്കി LMIA എടുക്കാൻ കഴിയാത്തവരാണ് യു.എസിലേക്ക് കടന്നത്.
PGWP നീട്ടാനുള്ള അധികാരം പ്രവിശ്യ സർക്കാറുകൾക്ക് നൽകിയാൽ അത് വിദ്യാർഥികളുടെ കൂട്ട കുടിയിറക്കലിനിടയാക്കുമെന്നാണ് പ്രതിഷേധിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ പറയുന്നത്.
പങ്കാളികൾക്കായുള്ള ഓപ്പൺ വർക്ക് പെർമിറ്റിന് നിയന്ത്രണം
(Open work permits for spouses restricted)
വിദേശ വിദ്യാർഥികളുടെ പങ്കാളികളുടെ ഓപ്പൺ വർക്ക് പെർമിറ്റ് നിർത്താൻ തീരുമാനിച്ചു. ബിരുദാനന്തര ബിരുദമോ ഗവേഷണമോ ചെയ്യുന്നവരുടെ പങ്കാളികൾക്കുമാത്രമായിരിക്കും ഇനി ഓപ്പൺ വർക്ക് പെർമിറ്റ് ലഭിക്കുക. ഇപ്പോൾ സ്റ്റഡി- വർക്ക് പെർമിറ്റുള്ളവർക്ക് പുതിയ നിയമം ബാധകമായിരിക്കില്ല. 2024 നുമുമ്പുവരെ ബിരുദ, കോളേജ് പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള എല്ലാ പഠന പ്രോഗ്രാമിലും ഉൾപ്പെടുന്നവരുടെ പങ്കാളിയ്ക്ക് ഓപ്പൺ വർക്ക് പെർമിറ്റുകൾ നല്കിയിരുന്നു.
അതിനിടെ, പുതിയ നിയന്ത്രണങ്ങളെ തുടർന്ന് ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടാനൊരുങ്ങുന്നതായും പറയുന്നു. ഒന്റാറിയോയിലുള്ള സെന്റ് ക്ലയർ കോളേജ് ഓഫ് അപ്ലൈഡ് ആർട്‌സ് ആന്റ് ടെക്‌നോളജി, അൽഗോമ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിദ്യാർഥികളെ കൂട്ടത്തോടെ തോൽപ്പിക്കുന്നതായി പരാതിപ്പെട്ട് വിദ്യാർഥികൾ സമരം നടത്തിയിരുന്നു. കോളേജ് പൂട്ടാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് കൂട്ടത്തോൽവിയെന്നാണ് വിദ്യാർഥികളുടെ പരാതി.
കാനഡയിലെ വിദേശവിദ്യാർഥികളിൽ നല്ലൊരു ശതമാനവും ഇന്ത്യയിൽനിന്നുള്ളവരാണ്. Immigration, Refugees and Citizenship Canada (IRCC) കണക്കനുസരിച്ച് 2022-ൽ 2.25 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിലുള്ളത്. 2023-ൽ ഇവരുടെ എണ്ണം 2.78 ലക്ഷമായി ഉയർന്നു. 2024 ജനുവരി മുതൽ ജൂൺ വരെ ഒരു ലക്ഷം പേരാണ് എത്തിയത്.
വിദേശ വിദ്യാർഥികൾ കനേഡിയൻ പൗരരുടെ തൊഴിലും അടിസ്ഥാന സൗകര്യങ്ങളും കവരുന്നതായി അവിടെയുള്ളവർ കരുതുന്നുണ്ടെന്ന് ചില ഇന്ത്യൻ വിദ്യാർഥികൾ പറയുന്നു. ഇത് വംശീയമായ വിദ്വേഷത്തിന് കാരണമാകുന്നുണ്ട്. കാനഡയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിൽ കുടിയേറ്റം പ്രധാന കാമ്പയിനാണ്. അതുകൊണ്ടാണ് കുടിയേറ്റ നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ നിർബന്ധിതമായത്.