റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ / Wikimedia Commons

റഷ്യയും പുടിനും ചില ന്യായീകരണ കൗതുകങ്ങളും

സി.പി.എമ്മിനെ പോലുള്ള പാർട്ടികൾ പുടിന്റെ നടപടികളെ ന്യായീകരിക്കുകയും യുദ്ധത്തിന് കാരണം പാശ്ചാത്യ രാജ്യങ്ങളാണെന്ന് സമർഥിക്കുകയും ചെയ്യുന്നത് കാണാം. റഷ്യ ഇപ്പോൾ പൂർണമായും ഒരു മുതലാളിത്ത രാജ്യമാണെന്ന യാഥാർഥ്യം പോലും അവർ വിസ്മരിക്കുന്നു.

പ്പോൾ നടന്നുകൊണ്ടിരിക്കുന്ന റഷ്യ- യുക്രെയ്​ൻ യുദ്ധം, സാറിസ്റ്റ് റഷ്യ വിപ്ലവത്തിലൂടെ സോവിയറ്റ് യൂണിയനായി പരിണമിച്ച ഘട്ടത്തിൽ സൈദ്ധാന്തികതലത്തിലും പ്രായോഗികതലത്തിലും ഗൗരവപൂർവം പരിഗണിച്ച ദേശീയതകളുടെ സ്വയം നിർണയാവകാശം എന്ന രാഷ്ട്രീയപ്രശ്‌നത്തിന്റെ ബാക്കിപത്രമാണ്.

സാറിസ്റ്റ് റഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും റഷ്യൻ ഭാഷ സംസാരിക്കുന്ന റഷ്യൻ ദേശീയ സമൂഹമാണ് നിലനിന്നിരുന്നതെങ്കിലും വ്യത്യസ്​ത ഭാഷകൾ സംസാരിക്കുന്ന അനവധി ചെറുഭാഷാസമൂഹങ്ങളും റഷ്യയിൽ നിലനിന്നിരുന്നു. ഓരോ ഭാഷാസമൂഹവും ഓരോ ദേശീയ സമൂഹമാണെന്നും അവയ്ക്കോരോന്നിനും സ്വന്തം നിലയ്ക്ക് തങ്ങളുടെ ഭാവി നിർണയിക്കാനുള്ള അവകാശം, വേറിട്ടുപോകാൻ ഉൾപ്പെടെയുള്ള സ്വയം നിർണയാവകാശം, അനുവദിക്കപ്പെടേണ്ടതാണെന്നുമുള്ള തത്വാധിഷ്ടിത നിലപാടാണ് യൂറോപ്യൻ കമ്യൂണിസ്റ്റ് ചിന്തകരുടെ പിന്തുണയോടെ ലെനിൻ അക്കാലത്ത് സ്വീകരിച്ചത്.

സൈനികമായും സാമ്പത്തികമായും പ്രതിസന്ധിയിലായ റഷ്യക്ക് യുദ്ധം ജയിക്കാനാവില്ലെന്ന് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. സ്തംഭനാവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.

അതേസമയം, ഇത്തരം ചെറുസമൂഹങ്ങൾ വേറിട്ടുനിൽക്കുമ്പോൾ ഉണ്ടാകാനിടയുള്ള ശിഥിലീകരണ അന്തരീക്ഷം മറികടക്കാനായി കമ്യൂണിസ്റ്റ് പാർട്ടി മുൻകൈയെടുത്ത് അവയെ സ്വമേധയാ ഒന്നിപ്പിക്കാൻ ശ്രമിക്കേണ്ടതാണെന്നും ലെനിൻ വിശദീകരിച്ചു. ബലപ്രയോഗമോ നിർബന്ധം ചെലുത്തലോ ഇല്ലാതെ ദേശീയ സമൂഹങ്ങളെ ബോധ്യപ്പെടുത്തിയാണ് ഈ ഐക്യപ്പെടുത്തൽ നടത്തേണ്ടത് എന്നാണ് ലെനിൻ ചൂണ്ടിക്കാണിച്ചത്. ബലപ്രയോഗം നടന്നാൽ പിന്നെ അവിടെ സ്വയം നിർണയാവകാശം നിലനിൽക്കുകയില്ലല്ലോ. ഈ രീതിയിലാണ് 19 വ്യത്യസ്ത ഭാഷാ ദേശീയ റിപ്പബ്ലിക്കുകളുടെ യൂണിയൻ എന്ന നിലയ്ക്ക് സോവിയറ്റ് യൂണിയൻ രൂപംകൊണ്ടതെന്നാണ് കമ്യൂണിസ്റ്റ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷെ സ്റ്റാലിന്റെ ജന്മദേശമായ ജോർജിയ പോലും ബലപ്രയോഗത്തിലൂടെയാണ് കൂട്ടിച്ചേർക്കപ്പെട്ടത് എന്നതാണ് യഥാർഥ ചരിത്രം.

യുക്രെയ്​ൻ, അതിജീവനവഴികൾ

സോവിയറ്റ് യൂണിയനിൽ ഏറ്റവും വലിയ റിപ്പബ്ലിക് ആയ റഷ്യ കഴിഞ്ഞാൽ പിന്നെ വരുന്നത് ജനസംഖ്യ കൊണ്ടും വലുപ്പം കൊണ്ടും യുക്രെയ്​നാണ്​. തനതായ ചരിത്രമുള്ള ഒരു ദേശീയ ജനതയാണവർ. 17-ാം നൂറ്റാണ്ടുമുതൽ അവർ ഉയർന്നുവരാൻ തുടങ്ങിയിരുന്നു എങ്കിലും പടിഞ്ഞാറൻ മേഖല പോളണ്ടും കിഴക്കൻ മേഖല സാറിസ്റ്റ് റഷ്യയും പിടിച്ചെടുത്തതോടെ ആ ഉയിർത്തെഴുന്നേൽപ്പ് തകർക്കപ്പെട്ടു. റഷ്യൻ വിപ്ലവത്തിന്റെ സന്ദർഭത്തിലാണ് യുക്രെയ്​ൻ വീണ്ടും ഉയർന്നുവരുന്നത്. പക്ഷെ, സോവിയറ്റ് യൂണിയന്റെ ഉരുക്കുചട്ടക്കൂടിനുള്ളിലെ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി അതിന് ഒതുങ്ങേണ്ടിവന്നു.

ഭൂരിപക്ഷം യുക്രെയ്​ൻകാരും യൂറോപ്യൻ ജീവിതശൈലിയോട് അടുത്തുനിൽക്കുന്നവരാണ്. യൂറോപ്യൻ യൂണിയനിൽ ചേരാൻ ആഗ്രഹിക്കുന്നവരാണവർ. / Photo: Wikimedia Commons

രണ്ടാം ലോകയുദ്ധം തുടങ്ങിയപ്പോൾ തന്നെ പോളണ്ട് പിടിച്ചെടുത്തിരുന്ന യുക്രെയ്ന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ സ്റ്റാലിൻ തിരിച്ചുപിടിച്ച് സോവിയറ്റ് യുക്രെയ്​ന്റെ ഭാഗമാക്കുകയുണ്ടായി. ഹിറ്റ്‌ലർ സോവിയറ്റ് യൂണിയനിൽ നടത്തിയ കടന്നാക്രമണത്തിനെതിരായി സോവിയറ്റ് ജനത നടത്തിയ ഐതിഹാസിക ചെറുത്തുനില്പിൽ യുക്രെയ്​ൻ വഹിച്ച പങ്ക് നിർണായകമായിരുന്നു. രണ്ടര വർഷത്തോളം നീണ്ട ആ യുദ്ധത്തിൽ കൊല്ലപ്പെട്ട ദശലക്ഷക്കണക്കിന് സോവിയറ്റ് സൈനികരിൽ ഇരുപത് ശതമാനത്തോളം പേർ യുക്രെയ്​ൻകാരായിരുന്നു.

1953-ൽ സ്റ്റാലിന്റെ നിര്യാണശേഷം ഒരു ദശകത്തിലധികം ഭരണനേതൃത്വത്തിലുണ്ടായിരുന്ന ക്രൂഷ്​ചേവ്​ യുക്രെയ്​ൻകാരനായിരുന്നു. പിന്നീട് രണ്ട് ദശകക്കാലം സോവിയറ്റ് യൂണിയൻ ഭരിച്ച ബ്രഷ്‌നേവും യുക്രെയ്​ൻകാരനാ യിരുന്നു. തുടർന്ന് 1985-ൽ നേതൃത്വത്തിൽ വന്ന ഗോർബച്ചേവ് ആരംഭിച്ച ജനാധിപത്യവത്കരണ പ്രക്രിയയിലൂടെ '89-'90കാലത്ത് ദേശീയ സമൂഹങ്ങൾ ഓരോന്നും സ്വതന്ത്ര രാഷ്ട്രങ്ങളായി നിലവിൽവന്നു. അവസാനം '91-ൽ സോവിയറ്റ് യൂണിയന്റെ തകർച്ച ഔപചാരികമായി പൂർത്തിയാവുകയും റഷ്യ സ്വതന്ത്ര രാഷ്ട്രമായി മാറുകയും ചെയ്തതോടെയാണ് യുക്രെയ്​നും സ്വതന്ത്ര രാഷ്ട്രമായി നിലവിൽവരുന്നത്.

യുക്രെയ്​നെ നിഷ്​പക്ഷ രാജ്യമാക്കുക എന്ന റഷ്യയുടെ പ്രധാന ലക്ഷ്യം നേടാതെ തന്നെ റഷ്യക്ക് പിൻവാങ്ങണ്ടിവരും എന്നാണ് സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.

ആദ്യത്തെ ഒരു ദശകക്കാലം ഏറെ പ്രയാസപ്പെട്ടാണ് യുക്രെയ്​ൻ അതിജീവിച്ചത്. തുടർന്ന് സാഹചര്യം മെച്ചപ്പെട്ടു. ഭൂരിപക്ഷം യുക്രെയ്​ൻകാരും യൂറോപ്യൻ ജീവിതശൈലിയോട് അടുത്തുനിൽക്കുന്നവരാണ്. യൂറോപ്യൻ യൂണിയനിൽ ചേരാൻ ആഗ്രഹിക്കുന്നവരാണവർ. അതേസമയം യുക്രെയ്​ന്റെ കിഴക്കുഭാഗത്തുള്ള രണ്ട് ചെറു ദേശീയതകൾ റഷ്യയോട് ചേരാൻ ആഗ്രഹിക്കുന്നവരാണ്. റഷ്യയോട് ചേർന്നുനിന്നുകൊണ്ടുള്ള ചില കരാറുകളും ധാരണകളും അവർ ഉണ്ടാക്കിയിട്ടുമുണ്ട്.

ചാരക്കണ്ണുകൾ നിയന്ത്രിക്കുന്ന പുടിൻ

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽവന്ന പ്രസിഡൻറുമാരിൽ ചിലർ യൂറോപ്യൻ യൂണിയനോട് താത്പ ര്യമുള്ളവരും മറ്റുചിലർ റഷ്യയോട് ചാഞ്ഞുനിൽക്കുന്നവരുമായിരുന്നു. 1913-ൽ യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ ധാരണകൾക്കനുസരിച്ച് പ്രവർത്തിക്കാൻ വിസമ്മതിച്ച പ്രസിഡൻറിനോടുള്ള പ്രതിഷേധസൂചകമായി യുക്രെയ്​ൻ മൈതാനം എന്ന പേരിൽ ഒരു പ്രസ്ഥാനം വളർന്നുവരികയുണ്ടായി. മൈതാനങ്ങളിൽ ജനങ്ങൾ അണിനിരന്നുകൊണ്ടുള്ള സമാധാനപരമായ പ്രതിഷേധ പ്രസ്ഥാനമായി അത് പടർന്നുപിടിച്ചു. സംഘർഷാവസ്ഥ പലരീതിയിൽ തുടർന്നു.

യുക്രെയ്‌ന്റെ സമാധാനത്തിൽ ഒരിക്കലും താത്പര്യം കാണിക്കാതിരുന്ന റഷ്യ കിഴക്കൻ മേഖലയിലെ ദേശീയതകളുമായി ചേർന്ന് സ്വതന്ത്ര കരാറുകളുണ്ടാക്കി യുക്രെയ്‌നിലേയ്ക്ക് സൈനികവും അല്ലാത്തതുമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് ചെയ്തത്. / Photo: Flickr

പരിഹാരത്തിന്​ 2014-ൽ യൂറോപ്യൻ യൂണിയൻ, റഷ്യ, യുക്രെയ്​ൻ, അമേരിക്ക എന്നിവരുടെ കൂട്ടായ കൂടിയാലോചനകളുടെ ഫലമായി ‘2014 ജനീവ കരാർ' എന്ന പേരിലറിയപ്പെടുന്ന ഒരു കരാർ ഒപ്പുവെക്കപ്പെട്ടു. എല്ലാ മേഖലകളിലും സമാധാനം സ്ഥാപിച്ച് യുക്രെയ്​ന്റെ പുരോഗതി ഉറപ്പുവരുത്തുകയായിരുന്നു ആ കരാറിന്റെ ലക്ഷ്യം. പക്ഷെ യുക്രെയ്​ന്റെ സമാധാനത്തിൽ ഒരിക്കലും താത്പര്യം കാണിക്കാതിരുന്ന റഷ്യ മുകളിൽ സൂചിപ്പിച്ച കിഴക്കൻ മേഖലയിലെ ദേശീയതകളുമായി ചേർന്ന് സ്വതന്ത്ര കരാറുകളുണ്ടാക്കി യുക്രെയ്​നിലേയ്ക്ക് സൈനികവും അല്ലാത്തതുമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് ചെയ്തത്. അത്തരം ഇടപെടലുകളുടെ തുടർച്ച തന്നെയാണ് ഈ ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധവും.

പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയ്​നിൽ തങ്ങൾക്ക് പ്രത്യേക അവകാശങ്ങളുണ്ടെന്ന മട്ടിലാണ് റഷ്യയുടെ സമീപനം. യുക്രെയ്​നെപ്പോലെ സോവിയറ്റ് റിപ്പബ്ലിക്കുകളായിരുന്ന പല ദേശീയസമൂഹങ്ങളും ഇപ്പോൾ കിഴക്കൻ യൂറോപ്പിലെ സ്വതന്ത്ര രാജ്യങ്ങളാണ്. മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഈ രാജ്യങ്ങളും രാജ്യാന്തര നിയമങ്ങൾക്കനുസരിച്ചു തന്നെയാണ് നിലനിൽക്കുന്നത്. യുക്രെയ്​നുമാത്രം അത്തരം രാജ്യാന്തര നിയമങ്ങളൊന്നും ബാധകമല്ലെന്ന മട്ടിലാണ് വ്ലാദിമിർ പുടിന്റെ നീക്കങ്ങൾ. പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക സഖ്യമായ ‘നാറ്റോ’യെ നേരിടാനുള്ള ഒരു ഉപാധിയായിട്ടാണ് പുടിൻ യുക്രെയ്​നെ ഉപയോഗപ്പെടുത്തുന്നത്. അമേരിക്കയുടെ സി.ഐ.എ.യ്ക്ക് ബദലായി സോവിയറ്റ് യൂണിയൻ വളർത്തിക്കൊണ്ടുവന്ന രാജ്യാന്തര ചാരസംഘടനയായ കെ.ജി.ബി.യുടെ തലവനായിരുന്നു പുടിൻ. ഇപ്പോഴും ആ ചാരക്കണ്ണകൾ തന്നെയാണ് പുടിനെ നിയന്ത്രിക്കുന്നതെന്ന് കരുതേണ്ടിവരും.

മധ്യവർത്തി നിലപാടെടുത്ത് റഷ്യയെ പരസ്യമായി വിമർശിക്കാതെ നിന്ന ഇന്ത്യയോടുള്ള നന്ദി പുടിൻ പ്രകടിപ്പിച്ചത് കുറഞ്ഞ വിലയ്ക്ക് ഇന്ത്യക്ക് വേണ്ടുവോളം എണ്ണ നൽകിയാണ്.

നമ്മുടെ നാട്ടിൽ സി.പി.എമ്മിനെ പോലുള്ള പാർട്ടികൾ പുടിന്റെ നടപടികളെ ന്യായീകരിക്കുകയും ഇപ്പോഴത്തെ യുദ്ധത്തിന് കാരണം പാശ്ചാത്യ രാജ്യങ്ങളാണെന്ന് സമർഥിക്കുകയും ചെയ്യുന്നതുകാണാം. തീർച്ചയായും കൗതുകകരമായ കാഴ്ച തന്നെയാണത്. റഷ്യ ഇപ്പോൾ പൂർണമായും ഒരു മുതലാളിത്ത രാജ്യമാണെന്ന യാഥാർഥ്യം പോലും അവർ വിസ്മരിക്കുന്നു.
ഏതായാലും പുടിൻ കണക്കുകൂട്ടിയതുപോലെയല്ല കാര്യങ്ങളുടെ പോക്ക്. രണ്ടാഴ്ചകൊണ്ട് യുക്രെയ്​നെ വരുതിയിലാക്കാമെന്ന് കരുതിയ പുടിൻ രണ്ടുമാസം കഴിഞ്ഞിട്ടും കരകയറാനാകാതെ ഉഴലുകയാണ്. അക്ഷരാർഥത്തിൽ ഐതിഹാസികമായ ചെറുത്തുനിൽപ്പാണ് യുക്രെയ്ൻ സൈന്യവും ജനങ്ങളും നടത്തുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനും / Photo: Flickr

യൂറോപ്യൻ രാജ്യങ്ങൾ റഷ്യയുടെ എണ്ണയെയും പ്രകൃതിവാതകത്തെയുമാണ് മുഖ്യമായും ആശ്രയിക്കുന്നതെന്നത് റഷ്യയ്ക്കെതിരായ പാശ്ചാത്യ ഉപരോധത്തെ ദുർബലപ്പെടുത്തി എന്നത് വാസ്തവമാണ്. മധ്യവർത്തി നിലപാടെടുത്ത് റഷ്യയെ പരസ്യമായി വിമർശിക്കാതെ നിന്ന ഇന്ത്യയോടുള്ള നന്ദി പുടിൻ പ്രകടിപ്പിച്ചത് കുറഞ്ഞ വിലയ്ക്ക് ഇന്ത്യക്ക് വേണ്ടുവോളം എണ്ണ നൽകിയാണ്.

റഷ്യക്ക്​ പിൻവാങ്ങേണ്ടിവരും

സൈനികമായും സാമ്പത്തികമായും പ്രതിസന്ധിയിലായ റഷ്യക്ക് യുദ്ധം ജയിക്കാനാവില്ലെന്ന് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. സ്തംഭനാവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. യുക്രെയ്​നെ നിഷ്​പക്ഷ രാജ്യമാക്കുക എന്ന റഷ്യയുടെ പ്രധാന ലക്ഷ്യം നേടാതെ തന്നെ റഷ്യക്ക് പിൻവാങ്ങണ്ടിവരും എന്നാണ് സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.

ലോക രാഷ്ട്രീയത്തിൽ പുടിന്റെ അനുഭവങ്ങൾ നല്ല പാഠങ്ങളാണ് നൽകുന്നത്. രണ്ടാം ലോകയുദ്ധത്തിനുശേഷം വെട്ടിപ്പടുത്ത രാഷ്ട്രീയം വലിയൊരു പരിധി വരെ പിൻവാങ്ങിയിട്ടുണ്ടെങ്കിലും അത് അവശേഷിച്ചിട്ടില്ലെന്നതിന്റെ തെളിവാണല്ലോ ഈ യുദ്ധം തന്നെ. പക്ഷെ, കൈയൂക്കുള്ളവന് എന്തും ചെയ്യാമെന്ന അവസ്ഥയ്ക്ക് കാര്യമായ മാറ്റം വരുന്നുണ്ടെന്നും ഇത് തെളിയിക്കുന്നു. ലോകവും ബന്ധപ്പെട്ട ജനങ്ങളും നോക്കിയിരിക്കില്ലെന്നാണ് ഇത് കാണിക്കുന്നത്. ശുഭസൂചകം തന്നെയാണിത്. ▮


കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments