റഷ്യയുടെ യുദ്ധകാലത്ത്​ അമേരിക്കയെക്കുറിച്ച്​ ചില സംശയങ്ങൾ

റഷ്യയോടോ യുക്രെയ്​നോടോ എനിക്ക് സവിശേഷമായ ഒരു മമതയുമില്ല. അമേരിക്കൻ അനുകൂല പൈങ്കിളിയുമല്ല. അതുകൊണ്ട് സെലൻസ്‌കി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും യുദ്ധം അവസാനിക്കുകയും ചെയ്താലും ഞാൻ സന്തോഷവാനായിരിക്കും. ആ രാജ്യത്തെ സാധാരണമനുഷ്യരുടെ ജീവനും സ്വപ്നങ്ങളും ബാക്കിയാകുമല്ലോ.

ഷ്യ ഒരു കമ്യൂണിസ്റ്റ് രാജ്യമാണെന്നോ പുടിൻ കമ്യൂണിസ്റ്റാണെന്നോ എനിക്കഭിപ്രായമില്ല. റഷ്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ഓഫീസ് അന്വേഷിച്ച് മോസ്‌കോയിലൂടെ നടന്നതോർക്കുന്നു. അങ്ങനെയൊരു സ്ഥാപനമേ മോസ്‌കോ നിവാസികളുടെ മനസ്സിലില്ല. റെഡ് സ്‌ക്വയറിൽനിന്ന് അധികം അകലെയല്ലാത്ത ആ കെട്ടിടം കണ്ടുപിടിക്കാൻ ശരിക്കും ബുദ്ധിമുട്ടിയത് മനസ്സിൽവെച്ചുകൊണ്ടാണ് റഷ്യ- യുക്രെയ്​ൻ യുദ്ധത്തെ നിരീക്ഷിക്കുന്നത്.

പത്രങ്ങളുടെയും ഓൺലൈൻ മീഡിയകളുടെയും റിപ്പോർട്ടിംഗ് രീതി സസൂക്ഷ്മം ശ്രദ്ധിക്കുകയായിരുന്നു. അമേരിക്ക സ്വതന്ത്ര പരമാധികാര രാജ്യങ്ങളിൽ അധിനിവേശം നടത്തിയപ്പോൾ അമേരിക്കൻ കാഴ്ചപ്പാടിലുള്ള വാർത്തകളാണ് നമുക്കു കിട്ടിക്കൊണ്ടിരുന്നത്. അമേരിക്കയോട് വായനക്കാർക്ക്/പ്രേക്ഷകർക്ക് പക്ഷപാതിത്വം തോന്നുന്ന മട്ടിലാവും ഈ വാർത്തകളൊക്കെ എന്നു പറയേണ്ടതില്ലല്ലോ. ഇപ്പോൾ റഷ്യ യുക്രെയ്​നിൽ അതിക്രമിച്ചു കടന്നപ്പോഴും ഇതേ അമേരിക്കൻ- യൂറോപ്യൻ ആഖ്യാനങ്ങളാണ് യുദ്ധത്തെ സംബന്ധിച്ച് വന്നുകൊണ്ടിരിക്കുന്നത്. ഈ ആഖ്യാനത്തിൽ സ്വാഭാവികമായും റഷ്യ കൊടും കുറ്റവാളിയാണ്.

റഷ്യക്കെതിരെ ഉപരോധം വരുന്നു, ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുന്നു, സോഷ്യൽ മീഡിയ റഷ്യയിൽ പ്രവർത്തനം നിർത്തുന്നു, യൂട്യൂബ് റഷ്യക്കാരുടെ പരസ്യങ്ങൾ സ്വീകരിക്കാതിരിക്കുന്നു, പാശ്ചാത്യ ഉൽപന്നങ്ങൾ റഷ്യയിൽ വിൽക്കില്ലെന്നു തീരുമാനിക്കുന്നു. റഷ്യയെ ലോക കായികമത്സരങ്ങളിൽനിന്നു വിലക്കുന്നു. ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിലേക്ക് അതിക്രമിച്ചു കടക്കുന്ന രാജ്യത്തോട് ലോകരാജ്യങ്ങൾ ഇങ്ങനെ തന്നെ പ്രതികരിക്കണം.

അപ്പോൾ ഒരു ചോദ്യമുയരും. സമീപകാലത്ത് അമേരിക്കയും അവരുടെ പാശ്ചാത്യ സഖ്യകക്ഷികളും സ്വതന്ത്ര പരമാധികാര രാജ്യങ്ങളിലേക്ക് കടന്നുകയറി ലക്ഷങ്ങളെ കൊന്നൊടുക്കുകയും രാജ്യങ്ങളെ തകർത്തു തരിപ്പണമാക്കുകയും ചെയ്തപ്പോൾ ഇത്തരമൊരു ഉപരോധത്തെക്കുറിച്ച് നാമാരെങ്കിലും കേട്ടിരുന്നോ? അമേരിക്കയോ മറ്റു പാശ്ചാത്യശക്തികളോ മേലിൽ ഇത്തരം അതിക്രമം നടത്തിയാലും ഇക്കണ്ട രാജ്യങ്ങളും കോർപറേറ്റുകളുമൊക്കെ ഉപരോധം എന്ന സമ്മർദ്ദതന്ത്രം പ്രയോഗിക്കുമോ? ഒരു സാധ്യതയുമില്ല. അമ്മാവന് അടുപ്പിലുമാവാം എന്നതാണ് യുക്തി.

സദ്ദാം ഹുസൈൻ, വൊളൊദമീർ സെലൻസ്‌കി

ഇറാക്കിന്റെ കുവൈത്ത് അധിനിവേശം അച്ഛൻ ബുഷിന്റെ കുതന്ത്രമായിരുന്നതുപോലെ, സദ്ദാം ഹുസൈൻ ഒരു കരുവായിരുന്നതുപോലെ വൊളൊദമീർ സെലൻസ്‌കിയും അമേരിക്കയുടെ കൈയിലെ കരുവാണ്. കൂടെനിൽക്കുമെന്നു പറഞ്ഞ് സദ്ദാമിനെ കുടുക്കിയപോലെ സെലൻസ്‌കിയെയും കുടുക്കി. സെലൻസ്‌കി എന്ന താറാവിനെ അമേരിക്ക വളർത്തിക്കൊണ്ടുവന്നത് ഒന്നും രണ്ടും കൊല്ലങ്ങൾകൊണ്ടൊന്നുമല്ല. 2014-ലെ യൂറോ മൈതാൻ റെവലൂഷനിലൂടെ യാനുകോവിച്ചിനെ അട്ടിമറിക്കാൻ
മില്യൺ കണക്കിന് ഡോളറാണ് അമേരിക്ക യുക്രെയ്​നിൽ ചെലവാക്കിയത്. ചരിത്രപരമായി റഷ്യൻ സംസ്‌കാരത്തോട് ചേർന്നു നിൽക്കുന്ന യുക്രെയ്​ൻ പൊടുന്നനെ യൂറോപ്യൻ യുണിയനോട് ചായ്​വ്​ കാണിക്കുന്നു.
അതിനുവേണ്ടി തെരുവിൽ അക്രമങ്ങൾ നടക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിനെ നാട്ടിൽനിന്ന് ഓടിക്കുന്നു. "റെവലൂഷൻ ഓഫ് ഡിഗ്‌നിറ്റി' എന്നാണ് പാശ്ചാത്യമാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്. 1991-നു ശേഷം ക്രമേണ ശക്തിപ്പെട്ട റഷ്യയെ അസ്ഥിരപ്പെടുത്താനുള്ള ദീർഘകാല പദ്ധതികളുടെ ഭാഗമായിരുന്നു ഈ പരിപാടികളൊക്കെ. റഷ്യയോട് സൈനികമായി നേരിട്ടേറ്റുമുട്ടാനുള്ള പ്രാപ്തി അമേരിക്കക്കോ ഏതെങ്കിലും പാശ്ചാത്യരാജ്യങ്ങൾക്കോ ഇപ്പോഴില്ല.

2014 ഫെബ്രുവരി 18-ന് കീവിൽ സർക്കാർ സേനയ്‌ക്കെതിരെ പോരാടുന്ന പ്രതിഷേധക്കാർ. / Photo : Wikimedia Commons

സോവിയറ്റ് യൂണിയന്റെ കാലത്തും അതുണ്ടായിരുന്നില്ല. അഫ്ഗാനിൽ സോവിയറ്റ് യൂണിയനെ നേരിടാൻ മുജാഹിദ്ദീനുകളെ സൃഷ്ടിക്കാനും അവരെ ആയുധമണിയിക്കാനും അമേരിക്ക നടത്തിയ പരിപാടികൾ ഇന്നൊരു രഹസ്യമേയല്ല. അഫ്ഗാനിസ്​ഥാൻ മതതീവ്രവാദികളുടെ കേന്ദ്രമാണെങ്കിൽ അതിന്റെ സമ്പൂർണ ഡിസൈനിംഗ് അമേരിക്കയുടെ തലച്ചോറിൽ നിന്നുണ്ടായതാണ്. അഫ്ഗാനിലേതുപോലെ യുക്രെയ്നെയും ആയുധമണിയിക്കാനും റഷ്യക്കെതിരെ ദീർഘകാലം യുദ്ധം ചെയ്യിക്കാനുമാണ് അമേരിക്കൻ പദ്ധതി എന്നാണ് മനസ്സിലാകുന്നത്. ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തേക്ക് റഷ്യ സൈനികമായി അതിക്രമിച്ചു കടന്നതിനോടുള്ള സ്വാഭാവിക പ്രതികരണം എന്നു തോന്നുമെങ്കിലും വർഷങ്ങളായുള്ള അമേരിക്കൻ പദ്ധതികളുടെ ഭാഗമാണ് ഇത്. റഷ്യയുടെ അയൽരാജ്യങ്ങളിൽ റഷ്യക്കെതിരായ കൃത്രിമ ദേശീയതകളുണ്ടാക്കുക, റഷ്യയോട് ചായ്​വുള്ള നേതാക്കളെ അട്ടിമറിക്കുക, പ്രകോപനമുണ്ടാക്കി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുക, ആ യുദ്ധം നീട്ടിക്കൊണ്ടുപോയി മേഖലയെ അസ്ഥിരപ്പെടുത്തുക ഒക്കെയാണ് പരിപാടി. റഷ്യയും യൂറോപ്പിലെ പ്രബലശക്തികളും വൻ ഇന്ധനക്കരാറുകൾ ഉണ്ടാക്കുന്നതിന്റെയും അതിൽ നാണയമായി യൂറോ കടന്നുവരുന്നതിന്റെയും സാമ്പത്തികയുക്തികളാണ് അമേരിക്കയെ ഈ കുത്തിത്തിരിപ്പിലേക്കു നയിച്ചിരിക്കുന്നത്.

Photo : Unsplash

യുദ്ധം ശരിയാണോ തെറ്റാണോ എന്ന ചോദ്യം തന്നെ ഉദിക്കുന്നില്ല. യുദ്ധം തെറ്റു മാത്രമാണ്. യുദ്ധം രണ്ടു സൈന്യങ്ങൾ തമ്മിലല്ല സൈന്യങ്ങളും സാധാരണ മനുഷ്യരും തമ്മിലുള്ളതാണ്. അമേരിക്കയും സഖ്യകക്ഷികളും യുക്രെയ്​ന്​ ആയുധം കൊടുത്തല്ല ഈ പ്രശ്‌നം പരിഹരിക്കേണ്ടത്. മറിച്ച് നയതന്ത്രചർച്ചകളിലൂടെയാണ്. അഫ്ഗാനിൽ ചെയ്തപോലെ റഷ്യൻ വിമാനങ്ങളും ടാങ്കുകളും തകർക്കാൻ ആയുധങ്ങൾ വിതരണം ചെയ്യുകയോ തീവ്രവാദി റിക്രൂട്ട്‌മെന്റുകൾ നടത്തി കൂലിപ്പടയെ ഇറക്കുകയോ ഒക്കെ ചെയ്‌തേക്കാം. അമേരിക്കൻ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടികൾ യുദ്ധം നീണ്ടുപോകാൻ ഇടയാക്കുകയും ഉക്രൈനിലും സമീപരാജ്യങ്ങളിലുമുള്ള സാധാരണ മനുഷ്യരുടെ ജീവിതത്തെ ദീർഘകാലത്തേക്ക് ബാധിക്കുകയും ചെയ്യും.

റഷ്യയോടോ യുക്രെയ്​നോടോ എനിക്ക് സവിശേഷമായ ഒരു മമതയുമില്ല. അമേരിക്കൻ അനുകൂല പൈങ്കിളിയുമല്ല. അതുകൊണ്ട് സെലൻസ്‌കി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും യുദ്ധം അവസാനിക്കുകയും ചെയ്താലും ഞാൻ സന്തോഷവാനായിരിക്കും. ആ രാജ്യത്തെ സാധാരണമനുഷ്യരുടെ ജീവനും സ്വപ്നങ്ങളും ബാക്കിയാകുമല്ലോ.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments