പലസ്തീനെതിരെയുള്ള ഇസ്രയേലിന്റെ അധിനിവേഷത്തിനെതിരെ ഇസ്രയേലിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ പ്രതിഷേധം

സ്വന്തം പൗരന്മാരും രാജ്യത്തിനെതിരെ;
​ഇസ്രായേലിലെ വൈരുധ്യങ്ങൾ

ഇസ്രായേലി രാഷ്ട്രത്തിനകത്ത് നിലനിൽക്കുന്ന സാമൂഹിക- രാഷ്ട്രീയ സംഘർഷങ്ങൾ ഈയിടെ നടന്ന ഇസ്രായേൽ- പലസ്തീൻ സംഘട്ടനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുന്നു

ബൈബിളിലെ തേനും പാലും ഒഴുകുന്ന വാഗ്ദത്തഭൂമി എന്ന മരീചികയിൽനിന്ന് ആധുനിക ഇസ്രായേൽ രാഷ്ട്രത്തിലേക്കുള്ള ദൂരം വലിയ സംഘർഷങ്ങളുടേതാണ്. മതരാഷ്ട്രങ്ങളും രാജഭരണകൂടങ്ങളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന പശ്ചിമേഷ്യയിലെ ഏക പൂർണ ജനാധിപത്യ രാഷ്ട്രം എന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. ഇസ്രായേലി രാഷ്ട്രത്തിനകത്ത് നിലനിൽക്കുന്ന സാമൂഹിക- രാഷ്ട്രീയ സംഘർഷങ്ങൾ ഈയിടെ നടന്ന ഇസ്രായേൽ- പലസ്തീൻ സംഘട്ടനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ.

സാമൂഹ്യ സമസ്യകൾ

1948 മെയ് 14 ന് പ്രഖ്യാപിച്ച ഇസ്രായേലി ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസിന്റെ കരട് രേഖയിലുള്ള ചർച്ചയിൽ, അവസാന വാചകത്തിൽ മതത്തെ സംബന്ധിച്ചുണ്ടായ തർക്കം ശ്രദ്ധേയമാണ്: "placing our trust in the almighty' എന്ന് ഉൾപ്പെടുത്തണമെന്ന് ഷാപിറ, യഹൂദ മെയ് മേൻ എന്നീ റാബികൾ നിർബന്ധം പിടിക്കുന്നു, അതേ സമിതിയിൽ അംഗമായ മതേതര മാപ്പാങ്ങ് കക്ഷിയുടെ പ്രതിനിധിയായ സിസ്ലിങ്ങ് ഇതിനെ ശക്തിയുക്തം എതിർക്കുന്നു. ഡേവിഡ് ബെൻ ഗുറിയോണിന്റെ തീവ്ര ശ്രമങ്ങൾക്കൊടുവിൽ "rock of Israel' എന്ന, പല തരത്തിൽ വ്യാഖ്യാനിക്കാവുന്ന മറ്റൊരു പ്രയോഗം ഉൾപ്പെടുത്തുന്നു. രാഷ്ട്രത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച ഈ അവ്യക്തത സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരംഭ ദശയിൽത്തന്നെ കാണാം. വേൾഡ് സിയോണിസ്റ്റ് കൗൺസിലിൽ തന്നെ രാഷ്ട്രീയമായി ഒരു ജൂതരാഷ്ട്രം സ്ഥാപിക്കണമെന്ന തിയഡോർ ഹെർസലിന്റെ ആശയങ്ങളെ നിരവധി ജൂത വിഭാഗങ്ങൾ എതിർത്തിരുന്നു. പൊളിറ്റിക്കൽ സയണിസത്തിന്റെ രാഷ്ട്ര പൂർത്തീകരണത്തിനു ശേഷവും ഈ നയ സംബന്ധിയായ സ്വത്വപ്രതിസന്ധി തുടരുന്നതായി കാണാം. ഇസ്രായേൽ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 13ാം ഖണ്ഡികയിൽ പറയുന്നത് രാഷ്ട്രം, സ്വാതന്ത്ര്യം, നീതി, സമാധാനം എന്നിവയിൽ അടിസ്ഥാനമായ സാമൂഹിക സമത്വം, രാഷ്ട്രീയ അവകാശങ്ങൾ എന്നിവ എല്ലാ നിവാസികൾക്കും മത, വംശ, ലിംഗ വ്യത്യാസമില്ലാതെ ഉറപ്പുനൽകുന്നു എന്നാണ്.

തിയഡോർ ഹെർസൽ / Photo: Central Zionist Archive
തിയഡോർ ഹെർസൽ / Photo: Central Zionist Archive

ഇസ്രായേലി ജനസംഖ്യയുടെ 80 ശതമാനവും ജൂത മത വിഭാഗങ്ങളാണ്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ചിതറപ്പെട്ടവർ. വർഷങ്ങൾക്കിപ്പുറം തിരിച്ച് തങ്ങളുകളുടെ വാഗ്ദത്ത ഭൂമിയിലെത്തിയപ്പോൾ ജൂതൻ എന്ന മത സ്വത്വത്തിനപ്പുറത്ത് നിരവധി മാറ്റങ്ങൾക്ക് അവർ വിധേയരായിരുന്നു. വിവിധ ദേശങ്ങളുടെ സംസ്‌കാരങ്ങളുടെ പ്രതിനിധികൾ കൂടിയായിരുന്നു അവർ. യൂറോപ്പിൽ നിന്നുള്ള വെളുത്ത അഷ്‌ക്കനാസി ജൂതർ, എതോപ്യയിൽ നിന്നും മറ്റുമുള്ള കറുത്ത ആഫ്രിക്കർ, ഏഷ്യൻ പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഓറിയന്റൽ ജൂതർ തുടങ്ങി നിരവധി വർണക്കാർ. ഇവർക്കിടയിലുള്ള ഉള്ള സ്വത്വപരമായ വർണ- വംശീയ പ്രശ്‌നങ്ങൾ പല തലങ്ങളിൽ ഇന്നും യഹൂദ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ബാക്കി വരുന്ന 20 ശതമാനമാണ് ന്യൂനപക്ഷങ്ങൾ. അതിൽ ബഹുഭൂരിപക്ഷവും പലസ്തീനിയൻ അറബികളാണ്. ഇവരിൽ 70 ശതമാനത്തോളം മുസ്‌ലിംകൾ, രണ്ടു ശതമാനം ക്രിസ്ത്യാനികളും ബാക്കി ഡ്രൂസ് തുടങ്ങിയ മറ്റു വിഭാഗങ്ങളും ഉൾപ്പെടുന്നു. ഒരേ രാജ്യത്തെ പൗരന്മാരായി നിലകൊള്ളുന്ന ഈ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്നത് ഒരേ സാമൂഹിക- രാഷ്ട്രീയ അവസരങ്ങളാണോ എന്നതാണ് ഇസ്രായേലിനെ സംബന്ധിച്ച് ഒരു പ്രധാന എന്ന ചോദ്യം.

ലോകത്തെ ഏതു രാജ്യത്ത് ജീവിക്കുന്ന ജൂതനും ഇസ്രായേലിൽ പൗരൻ ആകാം, തിരിച്ച് പാലസ്തീനിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ഒരു അഭയാർത്ഥിക്ക് അവന്റെ പൂർവ്വിക സ്വത്തുക്കളിൽ യാതൊരു അവകാശവും ഇസ്രായേലി നിയമം അനുവദിക്കുന്നില്ല

എഴുതപ്പെട്ട ഭരണഘടന ഇല്ലെങ്കിലും, നിലവിലെ നിയമപ്രകാരം അറബ് പൗരന്മാരെ മാറ്റി നിർത്തിയിട്ടുള്ളത് നിർബന്ധിത സൈനിക സേവനത്തിൽ നിന്നുമാത്രമാണ് എന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. എന്നാൽ ജനസംഖ്യയിൽ 20 ശതമാനത്തിനുമുകളിലുള്ള അറബി വിഭാഗത്തിന് ഗവൺമെൻറ്​ ഉദ്യോഗങ്ങളിൽ ആറുശതമാനം മാത്രമാണ് പ്രാധിനിധ്യമുള്ളത്. ബഡ്ജറ്റിന്റെ ശരാശരി ഏഴ് ശതമാനം മാത്രമാണ് സാധാരണ അവർക്കായി മാറ്റിവയ്ക്കാറ്. അറബി ഭാഗങ്ങൾ ഭൂരിപക്ഷവും തിങ്ങിപ്പാർക്കുന്നത് തീർത്തും അവികസിത പ്രദേശങ്ങളിലാണ്. ഇസ്രായേലിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പത്തിൽ എട്ട് പ്രദേശങ്ങളും അറബ് വംശജരുടെതാണ്. ഇവരുടെ കുട്ടികൾക്ക് പ്രത്യേക സ്‌കൂളുകളിൽ മാത്രമാണ് പഠിക്കാനാവുക. 2018 വരെ രാജ്യത്തെ ഔദ്യോഗിക ഭാഷകളിൽ ഒന്നായിരുന്ന അറബിയെ പിന്നീട് പ്രത്യേക ഭാഷ എന്ന പദവിയിലേക്ക് തരം താഴ്ത്തുന്നു. ഗവൺമെൻറ്​ പ്രസിദ്ധീകരണങ്ങൾ പൂർണമായും ഹീബ്രുവിലേക്ക് മാറ്റുന്നു. ചിലതു മാത്രമേ അറബി, ഇംഗ്ലീഷ്, റഷ്യൻ എന്നിവയിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുന്നുള്ളൂ. ഭരണകൂടത്തിന്റെ നയങ്ങളെക്കുറിച്ച് അറിയാനുള്ള അടിസ്ഥാനപരമായ അവകാശം പോലും ഇവിടെ ഒരു വിഭാഗത്തിന് നിഷേധിക്കുന്നു. അറബി വിമുക്ത പദ്ധതി (de arabisation process) വഴി നിലവിലെ സ്ഥലനാമങ്ങൾ പൂർണമായും ജൂത മത വിശ്വാസവുമായി ബന്ധപ്പെട്ട പദങ്ങളിലേക്ക് മാറ്റുന്നു. രേഖകളിലെല്ലാം വെസ്റ്റ് ബാങ്ക് ജുഡിയ - സമരിയ ആയി മാറുന്നു.

ഹൈഫ കോർട്ട് ബിൽഡിങ്ങിന് മുന്നിൽ പലസ്തീൻ പതാകയുയർത്തി പ്രതിഷേധിക്കുന്ന അറബ് വംശജർ / Photo: Wikimedia Commons
ഹൈഫ കോർട്ട് ബിൽഡിങ്ങിന് മുന്നിൽ പലസ്തീൻ പതാകയുയർത്തി പ്രതിഷേധിക്കുന്ന അറബ് വംശജർ / Photo: Wikimedia Commons

പൗരത്വ നിയമങ്ങളിൽ അടിക്കടി വരുത്തിയ നിരവധി മാറ്റങ്ങൾ അറബ് ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നവയായിരുന്നു. ലോകത്തെ ഏതു രാജ്യത്ത് ജീവിക്കുന്ന ജൂതനും ഇസ്രായേലിൽ പൗരൻ ആകാം, തിരിച്ച് പാലസ്തീനിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ഒരു അഭയാർത്ഥിക്ക് അവന്റെ പൂർവ്വിക സ്വത്തുക്കളിൽ യാതൊരു അവകാശവും ഇസ്രായേലി നിയമം അനുവദിക്കുന്നില്ല. ഗാസാ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ പലസ്തീനികൾ ഇസ്രായേലി പൗരന്മാരെ വിവാഹം കഴിച്ചാലും അവരെ പൗരത്വത്തിന് പരിഗണിക്കില്ല. മിക്ക കുടുംബങ്ങളുടെയും ബന്ധുക്കൾ ഗാസയിലോ വെസ്റ്റ് ബാങ്കിലോ അല്ലെങ്കിൽ പുറം രാജ്യങ്ങളിലെ അഭയാർത്ഥികളോ ആയി തുടരുന്നു. ഭൂമി സംബന്ധിച്ച ഇസ്രായേലി നിയമങ്ങൾ പൂർണമായും ജൂത ജനതയ്ക്ക് അനുകൂലമാണ്. ഈയിടെ നടന്ന സംഘർഷത്തിന് നിദാനമായ ശൈഖ് ജെറയിൽ നടന്ന കുടിയൊഴിപ്പിക്കലിനുപിന്നിലും ഇത്തരം വംശീയ ഭൂനിയമത്തിന്റെ നടപ്പിലാക്കൽ കാണാം. 1967-ലെ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചടക്കിയ കിഴക്കൻ ജെറുസലേമിൽ ജീവിക്കുന്ന അറബികൾക്കും ഗോലാൻ കുന്നുകളിൽ നിവസിക്കുന്ന ഡ്രൂ കൾക്കും ഇസ്രായേൽ പൗരത്വം വാഗ്ദാനം ചെയ്തതാണ്. പക്ഷേ ഈ പ്രദേശത്തിനു മേലുള്ള ഇസ്രായേലിന്റെ പരമാധികാരം അംഗീകരിക്കണമെന്നതിനാൽ ഭൂരിപക്ഷവും ഇതിന് മുതിർന്നില്ല. എന്നാൽ അവരെ ഭരണകൂടം സ്ഥിരതാമസക്കാരായ അംഗീകരിക്കുന്നു. അവർക്ക് മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിലും മറ്റും വോട്ടവകാശവും ലഭ്യമാണ്.

2018 ൽ പാസാക്കിയ നേഷൻ സ്റ്റേറ്റ് നിയമം വഴി ഭരണകൂടം വ്യക്തമാക്കുന്നുണ്ട്; ഇസ്രായേൽ എന്നത് ജൂത ജനങ്ങൾക്കുവേണ്ടിയുള്ള ദേശരാഷ്ട്രം ആണെന്ന്. ഇസ്രായേലിൽ തന്നെ ജനിച്ച ജൂത ചരിത്രകാരനായ ഇയാൻ പെപ്പെ ഇസ്രായേലിനെ വിളിക്കുന്നത് ഒരു അപ്പാർത്തീഡ് രാഷ്ട്രം എന്നാണ്. രാഷ്ട്രത്തിനകത്തുതന്നെ പൗരൻമാരായ ന്യൂനപക്ഷങ്ങളെ വംശീയമായി മാറ്റിനിർത്തുന്ന, അനുദിനം ചുറ്റി മുറുക്കുന്ന ഒരു ഒരു വംശ വിവേചന മതരാഷ്ട്രം.

തെരഞ്ഞെടുപ്പും പാർട്ടി സംവിധാനവും

ഇസ്രായേൽ പിൻതുടരുന്ന ആനുപാതിക തെരഞ്ഞെടുപ്പ് സമ്പ്രദായ പ്രകാരം (Proportional system of representation) 120 അംഗ നിയമനിർമാണ സഭയിൽ മൊത്തം വോട്ടിന്റെ 3.25 % കിട്ടിയവർക്കുവരെ ഒരു സീറ്റ് കിട്ടുന്ന രീതിയാണുള്ളത്. അതുകൊണ്ടുതന്നെ നിരവധി പാർട്ടികളും കൂട്ടുകക്ഷി മന്ത്രിസഭകളും ഇസ്രായേലി രാഷ്ട്രീയ സംവിധാനത്തിന്റെ അനിവാര്യതയായി നിലനിൽക്കുന്നു. പാർട്ടികളിൽ അതി തീവ്ര വലതുപക്ഷ നിലപാടുകൾ കൈക്കൊള്ളുന്ന ജൂത സയണിസ്റ്റ് വിഭാഗങ്ങൾ തുടങ്ങി ഇടതുപക്ഷ, അറബ് പാർട്ടികൾ വരെ നീണ്ടു കിടക്കുന്നു. മിക്കപ്പോഴും തെരഞ്ഞെടുപ്പിനുശേഷം ചേരുന്ന പാർട്ടികൾ തമ്മിൽ ആശയപരമായ വ്യത്യാസങ്ങൾ വളരെ വലുതായിരിക്കും. വിവിധ പ്രദേശങ്ങളിൽ നിന്ന് കുടിയേറിയ യഹൂദ ജനതയുടെ വൈവിധ്യം കൊണ്ടും, അറബ് പാർട്ടികളിലെ തന്നെ വിവിധ നിലപാടുകൾ കൊണ്ടും പാർട്ടികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. പുതിയവ വന്നും പലതും പോയും രൂപം മാറിയുമൊക്കെയുള്ള ഒരു സംവിധാനം.

ജർമൻ ചാൻസലറായിരുന്ന ഓട്ടോമാൻ ബിസ്മാർക്ക് പാർലമെന്ററി ഒത്തുതീർപ്പുകളെ ഉപമിച്ചത് സോസേജ് ഉണ്ടാക്കുന്ന പ്രക്രിയയോടാണ്, ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഉടക്ക് സൃഷ്ടിക്കാം. ഇത്തരത്തിലാണ് പൊതുവേ ഇസ്രായേലി കൂട്ടുകക്ഷി ഗവൺമെന്റുകളുടെ ചരിത്രവും കാണാവുന്നത്. ജൂത പാർട്ടികളിൽ പലസ്തീൻ പ്രദേശങ്ങളെ പിടിച്ചെടുക്കണമെന്ന് വാദിക്കുന്ന പാർട്ടികൾ മുതൽ പലസ്തീൻ രാഷ്ട്ര വാദത്തിനായി നിലകൊള്ളുന്ന പാർട്ടികൾ വരെ ഉൾക്കൊള്ളുന്നു. അറബ് പാർട്ടികളുടെ കാര്യമെടുത്താൽ 1949 ലെ ഒന്നാം തെരഞ്ഞെടുപ്പ് മുതൽ തന്നെ പാർട്ടികൾ മത്സരരംഗത്ത് ഉണ്ടായിരുന്നു. ആദ്യ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് നേടാനായെങ്കിൽ ഇന്നത് ശരാശരി 10 നുമുകളിൽ വരുന്നുണ്ട്. പൊതുവിൽ ഭരണമുന്നണികളുടെ ഭാഗമാകാറില്ല ഇവരെങ്കിലും, ചില മുന്നണികളെ കാലാകാലങ്ങളിൽ പിന്തുണച്ചു പോന്നു. പ്രായോഗിക തലത്തിൽ നിരവധി ഭീഷണികളിലൂടെയാണ് ഇത്തരം ന്യൂനപക്ഷ പാർട്ടികൾ പ്രവർത്തിക്കുന്നത്.
ചരിത്രത്തിൽ പലതവണ അറബ് പാർട്ടികളെ നിരോധിക്കുന്നുണ്ട്. 2016 ൽ പാസാക്കിയ നിയമപ്രകാരം ഇസ്രായേലി സ്റ്റേറ്റിനെതിരായി വംശീയത ഉന്നയിക്കുന്ന, യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന നെസറ്റ് അംഗത്തെ പുറത്താക്കാം. ഇത്തരത്തിൽ നിയമനിർമാണസഭയിൽ തന്നെ 20 ശതമാനത്തിലധികം ജനങ്ങളുടെ പ്രതിനിധികൾ രണ്ടാംതരം ജനപ്രതിനിധികളാകുന്നു. സമരങ്ങളിൽ അവർ കടുത്ത മർദ്ദനങ്ങൾക്ക് വിധേയരായ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.

ബെഞ്ചമിൻ നെതന്യാഹു
ബെഞ്ചമിൻ നെതന്യാഹു

ഈയിടെ, 11 ദിവസം നീണ്ട സംഘർഷങ്ങൾക്കുശേഷമുള്ള ഇസ്രായേലിലെ രാഷ്ട്രീയ മാറ്റങ്ങൾ പരിശോധിച്ചാൽ, 12 വർഷമായി അധികാരത്തിൽ തുടരുന്ന ബെഞ്ചമിൻ നെതന്യാഹു പുറത്തേക്കുള്ള വാതിലിലാണ്. എട്ട് പാർട്ടികളടങ്ങുന്ന പുതിയ കൂട്ടായ്മ ഭരിക്കാനാവശ്യമായ 61 എന്ന മാന്ത്രിക സംഖ്യയിൽ ഏകദേശം എത്തിയിരിക്കുന്നു. ഏഴംഗങ്ങൾ മാത്രമുള്ള യാമിന പാർട്ടിയുടെ നേതാവ് നഫ്ടാലി ബെന്നറ്റും മുഖ്യ പ്രതിപക്ഷ നേതാവായിരുന്ന 17 അംഗങ്ങളുള്ള യെഷ് അതിഡ് പാർട്ടിയുടെ നേതാവായ യാസിർ ലാപ്പിഡും നേതൃസ്ഥാനം പങ്കിടും എന്ന കരാറിലെത്തിച്ചേർന്നിരിക്കുന്നു. തീവ്ര വലതുപക്ഷ നിലപാടുള്ള പലസ്തീൻ എന്ന രാഷ്ട്രത്തെ പൂർണമായും തള്ളിക്കളയുന്ന ബെനറ്റും അറബ് സംയുക്ത പാർട്ടിയായ റാമും ഉൾക്കൊള്ളുന്ന ഒരു മഴവിൽ സഖ്യം. നെതന്യാഹുവിനെ പുറത്താക്കുക എന്ന ലക്ഷ്യത്തിനുവേണ്ടിയുള്ള ഒരു താൽക്കാലിക കൂട്ടിച്ചേരൽ. ഈ രാഷ്ട്രീയ അസ്ഥിരതയും നയ വിരുദ്ധ കൂടിച്ചേരലുകളുമാണ് പലസ്തീൻ സംഘർഷങ്ങൾക്ക് മിക്കപ്പോഴും കാരണമാവുന്നത്.

വർഷങ്ങളായി രാജ്യത്തെ രാഷ്ട്രീയത്തെ നയിക്കുന്നത് പോപ്പുലിസമാണ്. നെതന്യാഹുവിനെ തൽസ്ഥാനത്ത് നിലനിർത്തിപ്പോന്നതും ഇതായിരുന്നു. പാലസ്തീനികൾക്കും ഇസ്രായേലി അറബികൾക്കും ഇറാനും ഒക്കെയുള്ള ഇസ്രായേലി ഫോബിയയാണ് അദ്ദേഹത്തിന്റെ പ്രധാന ഇന്ധനം. ഇസ്രായേലി തുടർ അധിനിവേശ നയങ്ങൾക്കെതിരായി പ്രതികരിക്കുന്ന വൈദേശിക പ്രസ്ഥാനങ്ങളെയും രാഷ്ട്രങ്ങളെയും ചെറുക്കാനുള്ള ആർജ്ജവം - ഈ വലതുപക്ഷ ജനകീയതയാണ് അദ്ദേഹത്തിന്റെ അടിത്തറയായി നിലനിന്നുപോന്നത്. ഇതിനർത്ഥം ഇസ്രായേലി ജനത പൂർണമായും തീവ്ര ജൂത രാഷ്ട്ര വാദക്കാരാണ് എന്നല്ല. തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ പ്രത്യേകത കൊണ്ട് പത്ത് ശതമാനത്തോളം തീവ്ര ജൂതന്മാരുടെ ഇത്തരം വിഷയങ്ങൾക്കുള്ള പിന്തുണ അദ്ദേഹത്തെ ഭരണ തുടർച്ചക്ക് സഹായിച്ചു എന്നുവേണം കരുതാൻ.

ഇസ്രായേലും ജനാധിപത്യവും

പൊതുവിൽ പടിഞ്ഞാറൻ നിരീക്ഷകർക്കിടയിൽ കാണുന്ന ഒരു അവകാശ വാദമാണ് പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ രാഷ്ട്രം ഇസ്രായേലാണ് എന്നത്. നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ എണ്ണവും പൗരന്മാരുടെ പങ്കാളിത്തവുമാണ് അതിന് അനുകൂലമായി എടുത്തുകാണിക്കുന്നത്. ഉദാഹരണമായി, കഴിഞ്ഞ രണ്ട് വർഷത്തിനിടെ നാല് പൊതു തെരഞ്ഞെടുപ്പുകളാണ് നടന്നത്, ഒപ്പം, ജനാധിപത്യ പ്രക്രിയയ്ക്ക് അവിഭാജ്യമായ ഘടനയുടെ സാന്നിധ്യവും. ജനങ്ങൾ തെരഞ്ഞെടുക്കുന്ന 120 അംഗങ്ങളുള്ള നെസറ്റ് എന്ന നിയമ നിർമാണസഭ, കോടതി സംവിധാനങ്ങൾ, മാധ്യമങ്ങൾക്ക് ഭരണകൂടത്തെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവയും എടുത്തു കാണിക്കപ്പെടുന്നു.

സാമി സ്മൂഹ
സാമി സ്മൂഹ

താരതമ്യ വംശീയ പഠന മേഖലയിൽ നിരവധി പഠനങ്ങൾ നടത്തിയിട്ടുള്ള സാമൂഹ്യശാസ്ത്രജ്ഞനായ സാമി സ്മൂഹ അഭിപ്രായപ്പെടുന്നത്, ഇസ്രായേലിനെ ഒരു ആധുനിക ലിബറൽ ജനാധിപത്യ രാഷ്ട്രം എന്ന് വിളിക്കാനാകില്ല എന്നാണ്. കാരണം, ജൂത സയണിസ്റ്റുകൾ ഘടനാപരമായി അറബ് ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായാണ് പരിഗണിക്കുന്നത്. അദ്ദേഹം ഇസ്രായേലിനെ വിശേഷിപ്പിക്കുന്നത് ഒരു വംശീയ ജനാധിപത്യ രാഷ്ട്രം എന്നാണ് (ethnic democracy). അതേസമയം, ഇസ്രായേലിലെ ജനാധിപത്യ സംവിധാനങ്ങളെ- പൗരൻമാർക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവസരങ്ങളെ- അദ്ദേഹം അംഗീകരിക്കുന്നുണ്ട്. അതിനാൽ ജനാധിപത്യം എന്ന പദം പൂർണമായും ഒഴിവാക്കാനാകില്ല എന്ന് പറയുന്നു. ജൂത ചരിത്രകാരനായ ഇയ്‌ലാൻ പാപ്പൈയുടെ അഭിപ്രായത്തിൽ ജനാധിപത്യത്തെ അളക്കാനുള്ള ലിറ്റ്മസ് പേപ്പർ എന്നത് ഒരു രാഷ്ട്രം അവിടുത്തെ ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറുന്നുഎന്നതാണ്. ഈ അർത്ഥത്തിൽ ഇസ്രായേൽ ഒരു ജനാധിപത്യ രാഷ്ട്രമേ അല്ല, അഞ്ചിൽ ഒരു വിഭാഗം ഇസ്രായേലി പൗരന്മാരായ അറബ് ജനതയോട് ഇസ്രായേൽ നടപ്പിലാക്കുന്ന വിവേചനം എന്നത് ദക്ഷിണാഫ്രിക്കയിലെ അപ്പാർത്തീഡ് വ്യവസ്ഥയ്ക്ക് തുല്യമാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

മാധ്യമപ്രവർത്തകനായ ഫരീദ് സക്കറിയ മുന്നോട്ടുവെച്ച നിയമവിരുദ്ധ ജനാധിപത്യം (Illiberal democracy) ആയിരിക്കും ഇസ്രായേലിനോട് അടുത്തു നിൽക്കുന്ന മറ്റൊരു മാതൃക. തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ കൃത്യമായി നടക്കുന്നു, എന്നാൽ ജനങ്ങൾ വലിയ രീതിയിലുള്ള പൗരാവകാശ നിഷേധങ്ങൾക്കും വിധേയരാകുന്നു. തുറന്ന എന്ന പ്രതീതി സൃഷ്ടിക്കുന്ന ഒരു അയഥാർത്ഥ വ്യവസ്ഥ. ഇത്തരം നിയമവിരുദ്ധ വ്യവസ്ഥകൾക്ക് നിയമസാധുത ലഭിക്കുന്നു; കാരണം അവ ന്യായമായും ഒരുതരത്തിൽ നോക്കിയാൽ ജനാധിപത്യപരമാണ് എന്നാണ് സക്കറിയുടെ വാദം.

ഫരീദ് സക്കറിയ
ഫരീദ് സക്കറിയ

ഇസ്രായേലിന്റെ കാര്യത്തിൽ ന്യായമായ ജനാധിപത്യമെന്നത്, പ്രാദേശിക- ദേശീയ തലത്തിൽ കൃത്യമായി നടന്നുവരുന്ന തെരഞ്ഞെടുപ്പുകളുടെ കാര്യത്തിലും 70 ശതമാനത്തിനടുത്ത് വരുന്ന ശരാശരി വോട്ടിംഗ് ശതമാനത്തിലും മത്സരിക്കുകയും സീറ്റുകൾ ലഭിക്കുന്ന പാർട്ടികളുടെ എണ്ണത്തിലും ഒതുങ്ങിനിൽക്കുന്നു.

ഇസ്രായേലി ഭരണകൂടത്തിന്റെ സമകാലിക ചെയ്തികളെ ഇജാസ് അഹമ്മദ് വിളിക്കുന്നത് നാസിഫിക്കേഷൻ ഓഫ് ഇസ്രായേൽ എന്നാണ്. ഇസ്രായേലി ഭരണകൂടത്തിന് പ്രത്യേകിച്ച് കഴിഞ്ഞ രണ്ടു ദശകങ്ങളായി വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഇതിനെ സാധൂകരിക്കുന്നതാണ്. ഒരു ഫാസിസ്റ്റ് ഭരണകൂടം എന്ന പോലെ ബലമായി, സായുധമായി പൗരന്മാരുടെ അവകാശങ്ങൾ ഇവിടെ പിടിച്ചടക്കുന്നില്ല, മറിച്ച് തുടർച്ചയായ നിയമ, നയവ്യതിയാനങ്ങളിലൂടെ ന്യൂനപക്ഷങ്ങളുടെ മേൽ ജൂത ഭൂരിപക്ഷത്തിന്റെ അധീശത്വം അടിച്ചേൽപ്പിക്കുന്നു. പൗരസമൂഹത്തെ നാനാവിധ നിയന്ത്രണങ്ങളിൽ കൊണ്ടുവരുന്നു. സംവിധാനങ്ങൾ വംശ കേന്ദ്രീകൃതമാകുന്നു. സൈനിക-രാഷ്ട്രീയ നിയന്ത്രണങ്ങൾക്കപ്പുറം രാഷ്ട്രീയവും നിയമപരവുമായി ജനങ്ങൾക്കുമേൽ സ്ഥിരമായി അധിനിവേശം ഉറപ്പിക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടന്നുവരുന്നത്.

ഈ ശ്രമങ്ങൾ 2009-ലെ പത്തൊമ്പതാം നെസെറ്റ് മുതലേ ദൃശ്യമാണ്. ആ സമയത്താണ് സമാധാനപരമായ പ്രതിഷേധ രൂപമായ ബോയ്‌ക്കോട്ട് നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരുന്നത്. കൂടാതെ, ജൂത സ്ഥലങ്ങളിൽ താമസിക്കുന്നതിൽ നിന്ന് മറ്റു ജനങ്ങളെ തടയുന്ന അഡ്മിഷൻ കമ്മിറ്റി നിയമം, ഇസ്രായേൽ രാഷ്ട്ര ദിനത്തെ നക്ക്ബ ദിനമായി ആചരിക്കുന്ന സ്ഥാപനങ്ങളെ വിലക്കുന്ന നക്ക്ബ നിയമം തുടങ്ങി നിരവധി ന്യൂനപക്ഷ വിരുദ്ധ നിയമങ്ങളും പാസാക്കി. പൗര- മനുഷ്യാവകാശ സംഘടനകളെ നിയന്ത്രിക്കുന്നതിന് 2016ൽ കൊണ്ടുവന്ന എൻ.ജി.ഒ. ട്രാൻസ്​പരൻസി നിയമം മനുഷ്യാവകാശ- ന്യൂനപക്ഷ അവകാശ സംഘടനകളെ മാത്രം ഉദ്ദേശിച്ചായിരുന്നു. ഐക്യരാഷ്ട്ര സംഘടന തന്നെ ഇസ്രായേൽ അധിനിവേശ പ്രദേശങ്ങൾ എന്ന് രേഖപ്പെടുത്തി പിന്മാറാൻ പ്രമേയം പാസാക്കിയ വെസ്റ്റ് ബാങ്കിലെ സ്ഥലങ്ങളിൽ പുതിയ ജൂതകുടിയേറ്റങ്ങൾക്ക് സാധുത നൽകുന്ന നിരവധി നിയമങ്ങളുണ്ടായി. ഇത്തരത്തിൽ അറബ് വംശജരെ പുകച്ചുചാടിച്ച് ‘ഗ്രേറ്റർ ഇസ്രായേൽ' എന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ഒരു വംശീയ ജനാധിപത്യ രാഷ്ട്രത്തിന്റെ ചെയ്തികളുടെ പശ്ചാത്തലത്തിൽ വേണം ഇസ്രായേലിന്റെ ജനാധിപത്യത്തിന് മാർക്കിടാൻ.

നഫ്ടാലി ബെന്നറ്റ്
നഫ്ടാലി ബെന്നറ്റ്

പശ്ചിമേഷ്യക്കുപുറത്തും ഇസ്രായേൽ രാഷ്ട്രീയ പ്രതിസന്ധികൾ നേരിടുന്നുണ്ട്. ബറാക് ഒബാമ പ്രസിഡണ്ടായിരുന്ന സമയത്ത് 40 ദിവസത്തിലധികം നീണ്ട സംഘർഷങ്ങളിൽ ഗാസ പ്രദേശത്ത് വലിയ നഷ്ടം വരുത്താൻ ഇസ്രായേൽ സൈന്യത്തിനായി. എന്നാൽ കഴിഞ്ഞ സംഘർഷത്തിൽ പത്താം ദിവസം തന്നെ ജോ ബൈഡൻ നെതന്യാഹുവിനെ നേരിൽ ബന്ധപ്പെട്ട് സംഘർഷം പരിഹരിക്കാൻ ആവശ്യപ്പെടുന്നു. ഇസ്രായേൽ സ്റ്റേറ്റിനുള്ള അമേരിക്കൻ പിന്തുണയെ പറ്റി എല്ലാവർക്കും അറിയാം. പ്രത്യേകിച്ച് ക്രിസ്ത്യൻ സയണിസ്റ്റ് എന്ന് വിളിക്കാവുന്ന ഡോണൾഡ് ട്രംപിന്റെ കാലത്താണ് ഭൂരിപക്ഷ രാഷ്ട്രങ്ങൾ എതിർത്തിട്ടും ഇസ്രായേലിന് അതിന്റെ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റിസ്ഥാപിക്കാനായത്. ട്രംപിൽനിന്ന് ബൈഡനിലെത്തുമ്പോൾ ഇസ്രായേൽ സ്‌നേഹത്തിന് അമേരിക്കയിൽ വലിയ മാറ്റം വന്നു എന്നൊന്നും പറയാനാകില്ല. എങ്കിലും, സെനറ്റിലും പ്രത്യേകിച്ച് ഡെമോക്രാറ്റിക്ക് പാർട്ടിക്കകത്ത് രൂപപ്പെട്ടുവന്ന ഒരു മധ്യപക്ഷത്തിന്റെ സമ്മർദ്ദം അമേരിക്കൻ പ്രസിഡണ്ടിനുമേൽ വലിയ സ്വാധീനം ചെലുത്തി എന്നാണ് നിരീക്ഷകനായ പ്രൊഫ. എ. കെ. രാമകൃഷ്ണൻ അഭിപ്രായപ്പെടുന്നത്. "ബ്ലാക്ക് ലൈഫ് മാറ്റർ' വിഷയം ആണെങ്കിൽ പലസ്തീൻ ജീവിതങ്ങളും വിഷയമാണ് എന്ന രീതിയിൽ ഈ വിഷയത്തെ സമീപിച്ച പൗരസമൂഹത്തിന്റെ സമ്മർദ്ദങ്ങളും ബൈഡനുമുകളിലുണ്ടായിരുന്നു. അതിനൊപ്പം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് യൂറോപ്പിൽ നടന്ന പലസ്തീൻ അനുകൂല പ്രകടനങ്ങളിൽ വലിയ ജനാവലിയാണ് ഇത്തവണ ദൃശ്യമായത്, പ്രത്യേകിച്ച് യുവജന പങ്കാളിത്തം എന്നതും ശ്രദ്ധേയമാണ്.

ഈയിടത്തെ, 11 ദിവസത്തെ സംഘർഷങ്ങളെ നിരീക്ഷിച്ചാൽ വ്യക്തമാക്കുന്ന ഒരു കാര്യം; വലിയ രീതിയിൽ ഇസ്രായേലി പൗരന്മാർ രാജ്യത്തിനെതിരെ തെരുവിലിറങ്ങി എന്നതാണ്. നിരവധി ഇസ്രായേലി ടൗണുകളിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു, പലതും അക്രമാസക്തമായി. നിരവധി സ്ഥലങ്ങളിൽ ജൂത- അറബ് വിഭാഗങ്ങൾ തമ്മിൽ വലിയ സംഘട്ടനങ്ങളുണ്ടായി, നിരവധി പ്രദേശങ്ങളിൽ ഭരണകൂടങ്ങൾക്ക് ദിവസങ്ങളോളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു. ഇത് മുൻപ് ദൃശ്യമാകാത്ത ഒരു കാഴ്ചയാണെന്നാണ് വിദേശകാര്യ വിദഗ്ധനായ ഡോ. സ്റ്റാൻലി ജോണി നിരീക്ഷിക്കുന്നത്.

മുമ്പുനടന്ന രണ്ട് ഇൻതിഫാദകളിലും മറ്റു സംഘർഷങ്ങളിലും ഇസ്രായേലിന് പ്രതിഷേധങ്ങൾ നേരിടേണ്ടിവന്നത് ഗാസാ മുനമ്പിൽ നിന്നും വെസ്റ്റ് ബാങ്ക് പ്രദേശത്തുനിന്നും ആയിരുന്നെങ്കിൽ ഇന്നത് ഇസ്രായേൽ അതിർത്തിക്കകത്തേക്ക് നീങ്ങിയിരിക്കുന്നു. ഇതിന് നിദാനമായത് പൗരന്മാരെ രണ്ടുതരത്തിൽ നിർത്തുന്ന ജൂത ഭരണകൂടത്തിന്റെ കുറെക്കാലമായി തുടരുന്ന പ്രവൃത്തികൾ തന്നെയാണ്. ഇത്തരത്തിലുള്ള സാമൂഹ്യ- രാഷ്ട്രീയ സമസ്യകളെ ആന്തരികമായി ഭരണകൂടം ഇനി എങ്ങനെ നേരിടും എന്നതാണ് അവശേഷിക്കുന്ന ചോദ്യം. ▮

Comments