ബൈഡനെ കാത്തിരിക്കുന്നു
ഇപ്പോൾ അമേരിക്ക, ഐക്യനാടുകളല്ല, അനൈക്യനാടുകളാണ്. ഒരു ജനാധിപത്യ തോൽവിയെ പോലും ഉൾക്കൊള്ളാനാവാത്ത വിധം വിഘടിച്ചു നിൽക്കുന്ന രാഷ്ട്രീയ പിടിവാശിയുടെയും അസത്യ പ്രമാണങ്ങളുടെയും വംശീയ കൊടിതോരണങ്ങളുടെയും നാട്. അപ്രതീക്ഷിതമായതു സംഭവിച്ചതിനു മുന്നിൽ അവിശ്വസനീയമായ ഞെട്ടൽ രേഖപ്പെടുത്തുകയാണ് അമേരിക്ക. രണ്ടു നൂറ്റാണ്ടു കൊണ്ടു വെട്ടിയും തിരുത്തിയും നേടിയെടുത്ത ജനാധിപത്യ മൂല്യങ്ങളുടെ നേർക്കാണ് ആർപ്പുവിളി ആക്രമണങ്ങൾ ആർത്തലച്ചു നീങ്ങിയതെന്ന നടുക്കം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനോടകം കൈയൊഴിഞ്ഞ കൊടികളാണ്, ഭരണഘടന ഇടംനൽകാതെ പുറത്താക്കിയ ആശയങ്ങളാണ്, ആൾക്കൂട്ടങ്ങളായി ഇരച്ചുകയറിയത്. അതിനു നേതൃത്വം നൽകിയ ജനപ്രതിനിധി സഭയുടെ നെഞ്ചിലൂടെയാണ് അവർ അവരുടെ കൊടിക്കൂറകളുമായി നടന്നു നീങ്ങിയത്. അള്ളിപ്പിടിച്ചു വലിഞ്ഞു കയറിയത്. ജനാലകൾ ഉടച്ചുകളഞ്ഞത്. മഹത്തായ ജനാധിപത്യക്കസേരകൾ കൈയടക്കിയത്. തറയോടു ചേർന്നു ജനപ്രതിനിധികൾ പേടിച്ചു ശ്വാസമടക്കി കിടന്നത്. തകർന്നു പോയത് ഉറപ്പുള്ള ഒരുപാട് വിശ്വാസങ്ങളുടെ എടുപ്പുകളാണ്. ആ വെടിയൊച്ചകൾ തുളച്ചുപോയത് സുഭദ്രമെന്നു കരുതിയിരുന്ന ഒരുപാട് സംഹിതകളുടെ കഴുത്തിലൂടെയാണ്.
വെടിമരുന്നുപോലെ മുറുകി നിന്ന ആൾക്കൂട്ടത്തിനു തീകൊടുക്കുകയായിരുന്നു ട്രംപ്. ജനാധിപത്യ പ്രക്രിയയെ ആൾക്കൂട്ടം കൊണ്ടു അട്ടിമറിക്കാനാകും എന്നുള്ള നേരിയ പ്രതീക്ഷപോലും നടുക്കുന്നതായിരുന്നു, അങ്ങനെയൊരു സാധ്യതയിലേക്കു സ്വന്തം ജനത്തെ നിസംശ്ശയം നയിക്കുന്ന കൈയൂക്കിന്റെ കാര്യക്കാരനായി മാറി ട്രംപ്. കൂറു കാണിച്ചു കൂടെക്കൂടിയ ഒരു കൂട്ടത്തെയും ഒരിക്കൽ പോലും തള്ളിപ്പറയാത്ത ആപൽബാന്ധവനായി.
കാപിറ്റോൾ കൈയേറ്റത്തിനു ശേഷം റിപ്പബ്ലിക്കൻ അനുയായികളുടെ ഇടയിൽ പോലും ട്രംപിന്റെ പിന്തുണ 18% ഇടിവ് രേഖപ്പെടുത്തി. അമേരിക്കൻ ജനതയുടെ അംഗീകാരം 2017നു ശേഷമുള്ള ഏറ്റവും താഴ്ന്നനിലയായ 34% ത്തിലേക്കു കൂപ്പുകുത്തി.
എക്‌സ്ട്രിമിസ്റ്റുകളുടെയും സുപ്രീമിസ്റ്റുകളുടെയും അവധൂതനും അവതാരപുരുഷനുമായി നാലാണ്ട് നയിച്ചതിന്റെ കലാശക്കൊട്ടാണ് കാപിറ്റോളിന്റെ ഉമ്മറത്ത് അരങ്ങേറിയത്. അവിടേക്കു ചെല്ലൂ, നരകത്തോളം യുദ്ധം ചെയ്യൂ, ഇപ്പോൾ അതു ചെയ്തില്ലെങ്കിൽ നാളെ ഈ രാജ്യം ഉണ്ടാകില്ല എന്നുപറഞ്ഞാണ് ട്രംപ് തീപ്പെട്ടിയുരച്ചത്. ടെലിവിഷനിൽ ഇതുകണ്ട അമേരിക്കൻ ജനത സ്തബ്ധരായി, ഇത് അമേരിക്കയല്ല, വേറെ ഏതോ രാജ്യമാണെന്ന അവിശ്വാസത്തിൽ അവർ ചാനലുകൾ മാറ്റി നോക്കി. കണ്ടുനിൽക്കാനാവാതെ ചിലർ ടിവി ഓഫ് ചെയ്തു. ട്രംപിന് വോട്ടു ചെയ്തവർ പോലും രാജ്യത്തിന്റെ ശിരസ്സിനേറ്റ ഈ മുറിവിനെ അപലപിച്ചു. ഇന്നലെവരെ ഞങ്ങളിൽ നിന്നും കവർന്നെടുക്കപ്പെട്ട വിജയമെന്നു അടിയുറച്ചു വിശ്വസിച്ചിരുന്നവർ പോലും കൂറുമാറ്റം രേഖപ്പെടുത്തി, നിരാശരായി, കുറ്റം ചെയ്തവരെ പോലെ അവർ തലകുനിക്കുകയും നിശ്ശബ്ദരാവുകയും ചെയ്തു.
കാപിറ്റോൾ കൈയേറ്റത്തിനു ശേഷം റിപ്പബ്ലിക്കൻ അനുയായികളുടെ ഇടയിൽ പോലും ട്രംപിന്റെ പിന്തുണ 18% ഇടിവ് രേഖപ്പെടുത്തി. അമേരിക്കൻ ജനതയുടെ അംഗീകാരം 2017നു ശേഷമുള്ള ഏറ്റവും താഴ്ന്നനിലയായ 34% ത്തിലേക്കു കൂപ്പുകുത്തി. ചരിത്രത്തിൽ ഇന്നുവരെ ഒരു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നേടിയിട്ടില്ലാത്ത പോപ്പുലർ വോട്ടുകൾ നേടിയ ഒരു പ്രസിഡന്റിന്റെ ജനപിന്തുണയുടെ ഗ്രാഫാണ് തകർന്നിടിഞ്ഞത്. പൊറുക്കാനാവാത്ത കുറ്റമെന്ന നിലയിലാണ് സ്പീക്കർ നാൻസി പെലോസി കാപിറ്റോൾ അഴിഞ്ഞാട്ടത്തെ കണ്ടത്. അതിനെ അർഹമായ നിലയിൽ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന തീർപ്പാണ് ട്രംപിനെ രണ്ടാമതും ഇമ്പീച്ച് ചെയ്യപ്പെടുന്ന റെക്കോർഡിന് ഉടമ ആക്കിയത്. തുടർനടപടികൾ എന്താകുമെന്നും എങ്ങനെയാകുമെന്നുമുള്ള അനിശ്ചിതത്വങ്ങൾക്കിടയിലും ഇമ്പീച്ച്‌മെന്റ് പ്രമേയത്തിന് നേടിയെടുക്കാൻ കഴിഞ്ഞ പത്തു റിപ്പബ്ലിക്കൻ വോട്ടുകൾ അമേരിക്കൻ ജനാധിപത്യത്തെ കൂടുതൽ പ്രത്യാശാഭരിതവും പ്രകാശപൂർണവുമാക്കുന്നു.
സൗത്ത് കരോലിനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധിസഭാംഗം ടോം റൈസ് ഇമ്പീച്ച്‌മെന്റിനെ അനുകൂലിച്ചു വോട്ടു ചെയ്തതിനു ശേഷം ഇങ്ങനെ ട്വീറ്റ് ചെയ്തു: കഴിഞ്ഞ നാലുവർഷം ഞാൻ ഈ പ്രസിഡന്റിനെ ഏറിയും കുറഞ്ഞും പിന്തുണച്ചു. അദ്ദേഹത്തിനു വേണ്ടി പ്രചാരണം നടത്തി, രണ്ടുതവണ വോട്ടു ചെയ്തു. എന്നാൽ ഈ പരമമായ പരാജയം ക്ഷമിക്കാനാവുന്നതല്ല!
ട്രംപിനെ ശിക്ഷിക്കാൻ ജനപ്രതിനിധിസഭ മാത്രമല്ല മുന്നോട്ടുവന്നത്, അതിനുമുമ്പേ ശിക്ഷ നടപ്പാക്കാൻ കോർപ്പറേറ്റുകളും സോഷ്യൽമീഡിയ ഭീമന്മാരും തയ്യാറായി. അനിശ്ചിതകാലത്തേക്ക് പുറത്താക്കി ഫേസ്ബുക്ക് ട്രംപിന്റെ നാവടപ്പിച്ചപ്പോൾ, എന്നെന്നേക്കുമായി പുറത്താക്കി ട്വിറ്റർ കാപിറ്റൽ പണിഷ്‌മെന്റ് തന്നെ നടപ്പിലാക്കി. വൈകിയാണെങ്കിലും യൂടൂബിനും ട്രംപിന്റെ ചാനലിനു തൽക്കാലത്തേക്കു താഴിടേണ്ടിവന്നു. സ്‌നാപ്ചാറ്റും ആദ്യം അറച്ചുനിന്നെങ്കിലും അനിശ്ചിതകാലത്തേക്ക് ട്രംപിനെ അടച്ചുപൂട്ടാൻ തീരുമാനിച്ചു. ട്രംപ് അനുകൂലികൾ കാപിറ്റോൾ കലാപത്തിനു മുന്നോടിയായി വ്യാപകമായി ഉപയോഗിച്ച പാർലർ(Parler) ആപ്പിനെ വിദ്വേഷ ഉള്ളടക്കത്തിന്റെ പേരിൽ ആപ്പിളും ഗൂഗിളും ആപ്പ് സ്റ്റോറുകളിൽ നിന്നും പുറത്താക്കി, പാർലർ വെബ്‌സൈറ്റിനു നൽകി വന്ന സേവനം ആമസോണും അവസാനിപ്പിച്ചതോടെ സൈബർസ്പേസിൽ നിന്നും 120 ലക്ഷം ഉപഭോക്താക്കളുള്ള പാർലർ അപ്രത്യക്ഷമായി. ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനുള്ള സംയുക്ത കോൺഗ്രസ്സിന്റെ വോട്ടെടുപ്പിൽ ട്രംപിന്റെ ഗൂഢാലോചന സിദ്ധാന്തങ്ങൾക്കൊപ്പം നിന്ന റിപ്പബ്ലിക്കൻസിനുള്ള ഫണ്ടിംഗ് മരവിപ്പിച്ചുകൊണ്ടാണ് കോർപ്പറേറ്റുകൾ ജനാധിപത്യത്തോടുള്ള കൂറു പ്രഖ്യാപിച്ചത്. ആമസോൺ, കോംകാസ്റ്റ്, എടി.ആൻഡ്ടി, എയർബിഎൻബി, വെരിസോൺ, മാസ്റ്റർ കാർഡ്, മാരിയറ്റ്, പട്ടിക നീളുന്നു.
കാപിറ്റോളിന്റെ പൂമുഖത്തു നിന്നും പൊട്ടിപ്പുറപ്പെട്ടു അകത്തേക്കു ആർത്തലച്ചുപോയ ആൾക്കൂട്ടം, വെറുപ്പിന്റെ, വംശീയതയുടെ, ജനാധിപത്യധ്വംസനത്തിന്റെ മേഖലകളിൽ നാലുവർഷംകൊണ്ടുണ്ടായ വളർച്ചയുടെ തോതിനെ വിളിച്ചോതുന്നതായിരുന്നു. തള്ളിപ്പറയാതെ നിവൃത്തിയില്ലാത്തവണ്ണം ഭീതിദമായിരുന്നു അത്.
ഹാൾമാർക്ക് ഒരുപടി കൂടിക്കടന്നു ബൈഡന്റെ വിജയത്തിനെതിരെ വോട്ടുചെയ്ത രണ്ടു സെനറ്റർമാരോട് കൊടുത്ത ഫണ്ടുകൾ തിരികെ നൽകാനും ആവശ്യപ്പെട്ടു. എതിർത്തു വോട്ടു ചെയ്ത മറ്റൊരു റിപ്പബ്ലിക്കൻ സെനറ്ററുടെ പ്രസിദ്ധീകരിക്കാമെന്നേറ്റ പുസ്തകത്തിൽ നിന്നും പിന്മാറി പ്രസാധകരായ സൈമൺ ആൻഡ് ഷുസ്റ്ററും അവസരത്തിനൊത്തുയർന്നു. പ്രശസ്ത ഫുട്‌ബോൾ ടീമായ ന്യൂഇംഗ്ലണ്ട് പേട്രിയോട്ട്‌സിന്റെ ചീഫ് കോച്ചായ ബിൽ ബെലിച്ചിക്ക് ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ പ്രസിഡന്റിന്റെ സ്വർണ മെഡൽ വാങ്ങാൻ വാഷിംഗ്ടൺ ഡിസിയിലേക്ക് പോകുന്നില്ല എന്നു പ്രഖ്യാപിച്ചതും ജനാധിപത്യവിശ്വാസികളെ പുളകം കൊള്ളിച്ചു. ഇതിനെല്ലാം ജനപിന്തുണ ആർജിക്കാൻ കഴിഞ്ഞു, അപകടകരമായ അവകാശവാദങ്ങളും ആഹ്വാനങ്ങളും അവസാനിപ്പിക്കേണ്ടതാണെന്ന അമേരിക്കൻ അഭിലാഷത്തെ ഏറ്റെടുക്കുക ആയിരുന്നു അവർ.
ചില അരുതായ്കകൾ അതുവരെ ആരും കാണാതെ ആഴത്തിൽ അടിഞ്ഞുകൊണ്ടിരുന്ന അഴുക്കുകളെ വേരോടെ വലിച്ചു പുറത്തിടും, ലോകത്തിനുമുന്നിൽ തുണിയുരിഞ്ഞു നിർത്തും. ആ അർത്ഥത്തിൽ, കാപിറ്റോളിന്റെ പൂമുഖത്തു നിന്നും പൊട്ടിപ്പുറപ്പെട്ടു അകത്തേക്കു ആർത്തലച്ചുപോയ ആൾക്കൂട്ടം, വെറുപ്പിന്റെ, വംശീയതയുടെ, ജനാധിപത്യധ്വംസനത്തിന്റെ മേഖലകളിൽ നാലുവർഷംകൊണ്ടുണ്ടായ വളർച്ചയുടെ തോതിനെ വിളിച്ചോതുന്നതായിരുന്നു. തള്ളിപ്പറയാതെ നിവൃത്തിയില്ലാത്തവണ്ണം ഭീതിദമായിരുന്നു അത്. കണ്മുന്നിൽ കൈയേറ്റം ചെയ്യപ്പെട്ടത് രാജ്യത്തിന്റെ അടിത്തറമൂല്യങ്ങളാണ് എന്ന ഞെട്ടലിനെ ഏറ്റെടുക്കാതെ വയ്യായിരുന്നു. ഇന്നലെവരെ പിന്തുണച്ചിരുന്നവർക്കും, മറ്റുവഴിയില്ലാതെ മൗനം പാലിച്ചിരുന്നവർക്കും അക്രമത്തെ അപലപിക്കാതെ തരമില്ലായിരുന്നു. ട്രംപിസത്തിനു നേരെ നാളിതുവരെ അടക്കിപിടിച്ചുനിന്ന പാളയത്തിൽ പടകൾക്കെല്ലാം അതൊരു അവസരം തുറന്നുനൽകി. ഇതൊരു ശുഭസൂചനയാണ്. ഇങ്ങനെയല്ല ഈ രാജ്യം നയിക്കപ്പെടേണ്ടത് എന്നുള്ള ആക്ഷേപം ആദ്യമായി അംഗീകരിക്കപ്പെട്ടു. രോഗനിർണയം കഴിഞ്ഞിരിക്കുന്നു, ഇതിനു മരുന്നു കുറിക്കാൻ ബൈഡനും ഹാരിസിനും കഴിയുമോ എന്നാണു അമേരിക്കയും ലോകവും ഇപ്പോൾ ഉറ്റുനോക്കുന്നത്.
പോപ്പുലർ വോട്ടിൽ ജയിക്കുമ്പോഴും ഇലക്ടറൽ വോട്ടിൽ തോൽക്കുന്നവരാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ. കഴിഞ്ഞ തവണത്തെ ഫലം തന്നെ നോക്കുക, 30 ലക്ഷം പോപ്പുലർ വോട്ടുകൾ കൂടുതൽ നേടിയ ഹിലരി ക്ലിന്റനെ തോൽപ്പിച്ചുകൊണ്ടാണ് ഇലക്ടറൽ വോട്ടുകൾ അധികം നേടി ട്രംപ് വൈറ്റ് ഹൗസ് പിടിച്ചത്. ജയിക്കുമ്പോഴും പോപ്പുലർ വോട്ടുകളിൽ തോൽക്കുന്നവരാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണ് ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥി പോപ്പുലർ വോട്ടിൽ മുന്നിലെത്തിയത്. 2004ൽ ജോർജ് ഡബ്ലിയു ബുഷ്. അവരുടെ നിരയിൽ ഏറ്റവുമധികം പോപ്പുലർ വോട്ടുനേടിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ഇപ്പോൾ ഡൊണാൾഡ് ട്രംപ്. 740 ലക്ഷം വോട്ടർമാരാണ് ഇത്തവണ ട്രംപിനു വേണ്ടി വോട്ടു ചെയ്തത്. എന്നാൽ ചരിത്രത്തിൽ തന്നെ ഏറ്റവമധികം പോപ്പുലർ നേടുന്ന പ്രസിഡന്റ് സ്ഥാനാർഥി ആയിക്കൊണ്ടാണ് ബൈഡൻ അതിനെ മറികടന്നത്. 810 ലക്ഷം വോട്ടുകൾ.
പറഞ്ഞു വന്നത്, ട്രംപിസത്തിനു വലിയ ഒരു വോട്ടുബേസ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. വലതുവത്കരണത്തിന്റെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും എടുത്തു പയറ്റി ഉണ്ടാക്കിയെടുത്ത ഒരു വിടവാണത്. അതാണ് നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പോപ്പുലർ വോട്ടിന്റെ അടിത്തറ. കാപിറ്റോൾ കലാപത്തിനു മുൻപ് 65% റിപ്പബ്ലിക്കൻമാരെയും അനധികൃത വോട്ടുകൾ കൊണ്ടാണ് ബൈഡൻ ജയിച്ചതെന്നു വിശ്വസിപ്പിക്കാനും ട്രംപിനു കഴിഞ്ഞു. കലാപാനന്തരം പോലും ആ വിശ്വാസത്തെ 50% ത്തിനു താഴെ പോകാതെ പിടിച്ചു നിർത്താനും കഴിയുന്നുണ്ട്. ഇനി സെനറ്റിൽ നടക്കാനിരിക്കുന്ന ട്രയലിനു ശേഷം, എന്താകും അന്തിമഫലമെന്ന പ്രവചനം അസാധ്യമാണ്. അതെന്തു തന്നെ ആയാലും, കള്ളവോട്ടുകൊണ്ടാണ് നിലവിലെ പ്രസിഡന്റ് ജയിച്ചത് എന്നു വിശ്വസിക്കുന്ന വലിയൊരു ജനസാമാന്യത്തെ സൃഷ്ടിച്ചുകൊണ്ടാണ് ട്രംപിസം വിടവാങ്ങുന്നത്. ഇന്നുവരെ ഒരു അമേരിക്കൻ പ്രസിഡന്റും നേരിടാത്ത ആഭ്യന്തര അവിശ്വാസത്തിന്റെ കഠിനദിനങ്ങളാണ് ബൈഡനെ കാത്തിരിക്കുന്നത്.
അവരുടെയും പ്രസിഡന്റായിരിക്കാൻ, സൗഹാർദ്ദവും സഹജാവബോധവും കൊണ്ടു വിടവുകളെ തുന്നിക്കെട്ടി ഇല്ലാതാക്കാൻ, ജനാധിപത്യത്തെ കൂടുതൽ ബലിഷ്ഠമായ പ്രത്യാശയും പ്രതീക്ഷയുമാക്കാൻ, ബൈഡനു കഴിയുമെന്ന ശുഭാപ്തിവിശ്വാസം കൂടിയാണ് ജനുവരി ഇരുപതിനു ഉദ്ഘാടനം ചെയ്യപ്പെടുന്നത്.▮