പലസ്തീനിലെ ഇസ്രയേൽ അധിനിവേശത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന്. / Photo: Wikimedia Commons

ഇസ്രായേൽ ഒരു ആഗോളപ്രവണതയാകുകയാണ്​

നാസികൾ നടത്തിയ ഹോളോകോസ്റ്റിനെ അതിജീവിച്ചവരിലൊരാൾ പറഞ്ഞതാണ് ഓർമ വരുന്നത്: മുൻകാലങ്ങളിൽ ‘ജൂതവിരുദ്ധർ' എന്നത് ജൂതരെ ഇഷ്ടമില്ലാത്ത വ്യക്തികളായിരുന്നു. ഇന്ന് ‘ജൂതവിരുദ്ധർ’ എന്നത് ജൂതർക്ക് അനിഷ്ടമുള്ള വ്യക്തികളാണ്.

ലസ്തീൻ- ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒരു സ്ലൊവേനിയൻ പൗരനെന്ന നിലയിൽ എന്നെ അത്യധികം ലജ്ജിപ്പിക്കുന്ന ഒരു കാര്യം സ്ലൊവേനിയൻ സർക്കാർ ചെയ്തിരിക്കുന്നു. പൗരൻമാരെ ഇങ്ങനെ, കൂടെക്കൂടെ നാണം കെടുത്തുന്ന കാര്യങ്ങൾ സ്ലൊവേനിയൻ ഭരണകൂടം ചെയ്യാറുണ്ട്. ഇതാണ് സംഗതി: ‘ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് ഹമാസ് നടത്തുന്ന റോക്കറ്റാക്രമണങ്ങളെ അപലപിച്ചും ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും' സ്ലൊവേനിയൻ സർക്കാർ എല്ലാ ഔദ്യോഗിക കെട്ടിങ്ങളുടെ മുന്നിലും പാറുന്ന സ്ലൊവേനിയയുടെയും യൂറോപ്യൻ യൂനിയന്റെയും പതാകകളോടൊപ്പം ഇസ്രായേലിന്റെ പതാകയും ഉയർത്തിയിരിക്കുന്നു. ഇതുതന്നെ ഓസ്ട്രിയയും ചെക്ക് റിപ്പബ്ലിക്കും ചെയ്തിട്ടുണ്ട്.

സ്ലൊവേനിയയുടെ ഔദ്യോഗിക വിശദീകരണം ഇതാണ്: ‘ഇസ്രായേൽ ഗാസയിൽനിന്ന് അതിരൂക്ഷമായ റോക്കറ്റാക്രമണം നേരിടുകയാണ്. അതുകൊണ്ട് ഇസ്രായേലിന് ആത്മരക്ഷാർഥം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്.'

വെസ്റ്റ് ബാങ്കിനെ പ്രത്യക്ഷമായി പിടിച്ചടക്കാൻ ഇസ്രായേൽ ആഗ്രഹിക്കുന്നില്ല. അങ്ങനെയാണെങ്കിൽ വെസ്റ്റ് ബാങ്കിലെ പലസ്തീനികളെ ഇസ്രായേൽ പൗരൻമാർ ആക്കേണ്ടിവരും. അതുകൊണ്ട് സംഘർഷസ്ഥിതി നീട്ടിക്കൊണ്ടുപോകുകയാണ്.

മുൻപൊക്കെ ഈ രാജ്യങ്ങൾ ഇരുഭാഗത്തോടും അന്യോന്യം അടക്കം പാലിക്കാനായിരുന്നു ആഹ്വാനം ചെയ്യാറുണ്ടായിരുന്നത്. ഇപ്പോൾ ഇസ്രായേലിന്റെ ദുഷ്‌കൃത്യത്തിന് പരസ്യമായി കയ്യൊപ്പ് ചാർത്തുകയാണ്. ഇപ്പോൾ രൂപംകൊണ്ട സംഘർഷസന്ധി പക്ഷേ, ഗാസയിൽ നിന്ന് റോക്കറ്റുകൾ തൊടുത്തുവിട്ടതുകൊണ്ട് ഉണ്ടായതല്ല എന്നുനാം കാണണം. സംഘർഷത്തിന്റെ തുടക്കം, കിഴക്കൻ ജറുസലേമിൽനിന്ന് ഇസ്രായേൽ വീണ്ടും പലസ്തീനിയൻ കുടുംബങ്ങളെ കുടിയിറക്കിവിടാൻ ബലാൽക്കാരം നടത്തിയപ്പോഴാണ്.

ഇസ്രയേലിന് ഒപ്പമാണെന്ന് പ്രഖ്യാപിച്ച്​ സ്ലൊവേനിയൻ സർക്കാർ ഔദ്യോഗിക കെട്ടിടങ്ങൾക്കുമുന്നിൽ ഇസ്രായേൽ പതാക ഉയർത്തിയപ്പോൾ. സ്ലൊവേനിയൻ പ്രധാനമന്ത്രി ട്വീറ്റുചെയ്​ത ചിത്രം

പലസ്തീനികളുടെ ഇച്ഛാഭംഗവും നിരാശതയും എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളു; ഏറ്റവും കുറഞ്ഞത് 1967 ലെ യുദ്ധം മുതലെങ്കിലും. അവർ അന്നുമുതൽ വെസ്റ്റ്ബാങ്കിൽ നരകപ്രാന്തത്തിലെന്നപോലെ അകപ്പെട്ടു കിടക്കുകയാണ്; സ്വന്തം ഭൂമിയിൽ അഭയാർഥികളായും തങ്ങളുടെ തന്മ ഹനിക്കപ്പെട്ടവരായും. ഈ സംഘർഷം ഇങ്ങനെ വലിച്ചുനീട്ടി കൊണ്ടുപോകുന്നതിലാണ് ഇസ്രായേലിന് താൽപര്യം. കാരണം, അവർക്ക് വെസ്റ്റ് ബാങ്ക് വേണം. പക്ഷേ, വെസ്റ്റ് ബാങ്കിനെ പ്രത്യക്ഷമായി പിടിച്ചടക്കാൻ ഇസ്രായേൽ ആഗ്രഹിക്കുന്നില്ല. അങ്ങനെയാണെങ്കിൽ വെസ്റ്റ് ബാങ്കിലെ പലസ്തീനികളെ ഇസ്രായേൽ പൗരൻമാർ ആക്കേണ്ടിവരും. അതുകൊണ്ട് സംഘർഷസ്ഥിതി നീട്ടിക്കൊണ്ടുപോകുകയാണ്. സന്ധിസംഭാഷണങ്ങളും പരിഹാരനിർദേശങ്ങളും വീണ്ടും വീണ്ടും തടസ്സപ്പെടുന്നതിന് മുഖ്യകാരണവുമിതാണ്.

പലസ്തീനും ഇസ്രായേലും തമ്മിലുള്ള സന്ധിസംഭാഷണങ്ങളെ ആ ചർച്ചകളിൽ ഭാഗഭാക്കായിരുന്ന ഒരു പലസ്തീനിയൻ കൂട്ടുകാരൻ വിവരിച്ചത് ഇങ്ങനെയാണ്: ഇരുവിഭാഗവും ഒരു മേശക്കപ്പുറവുമിപ്പുറവും ഇരിക്കുന്നു. മേശയുടെ ഒത്തനടുക്ക് ഒരു പിത്സ്‌സ (Pizza- പലസ്തീൻ ഭൂപ്രദേശം) വെച്ചിരിക്കുന്നു. സംഭാഷണം ആ പിത്സ്‌സയെ എങ്ങനെ ഭാഗിക്കണമെന്നതിനെ സംബന്ധിച്ചാണ്. ചർച്ച നടക്കവെ തന്നെ ഒരു പക്ഷം പിത്സ്‌സയുടെ ഭാഗങ്ങൾ ഇടവിടാതെ തിന്നുകൊണ്ടിരിക്കുന്നു. ഇതാണ് സംഭവിച്ചുകൊണ്ടിരുന്നത്, ഇപ്പോഴും സംഭവിക്കുന്നത്.

നെതന്യാഹുവിന് ഒരു തിക്തയാഥാർഥ്യം സമ്മതിക്കേണ്ടിവന്നു. ഗാസയിൽ നിന്ന് ഹമാസ് തൊടുക്കുന്ന റോക്കറ്റുകളേക്കാൾ ഇസ്രായേലിന് ഭീഷണി ഉയർത്തുന്നത് ആ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര അശാന്തിയും അക്രമവുമാണെന്നതായിരുന്നു അത്.

പലസ്തീനികൾ അനുക്രമം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കഷ്ടസ്ഥിതിയാണ് കുറച്ചു വർഷം മുൻപ് ജൂതർക്കു നേരെ ഏതാനും പലസ്തീനികൾ ചാവേറാക്രമണം നടത്തുന്നതിൽ കലാശിച്ചത്. അതിതീവ്രമായ ഗതികെട്ട അവസ്ഥയുടെ പ്രകാശനമായിരുന്നു അവ. ഇതിനുപിന്നിൽ കൂട്ടായ പ്രസ്ഥാനമോ ഒരു പൊതുവിചാരമോ ഉണ്ടായിരുന്നില്ല. പരിഹാരസാധ്യതയുടെ പ്രതീക്ഷകൾ നഷ്ടപ്പെട്ട, നൈരാശ്യവും ഭയവും വിദ്വേഷവും ഗ്രസിച്ച വ്യക്തികളുടെ ചെയ്തികളായിരുന്നു അവ. വെസ്റ്റ് ബാങ്കിൽ പ്രതിഷേധിക്കുന്ന പലസ്തീനികൾക്ക് ഐക്യദാർഢ്യ സൂചന നൽകിയാണ് ഹമാസ് ഇസ്രായേലിലേക്ക് തുരുതുരാ റോക്കറ്റാക്രമണം നടത്തിയത്. (അത് നാം തീർച്ചയായും അപലപിക്കേണ്ടതുതന്നെ). ഹമാസ് നടത്തിയ ഈ ആക്രമണങ്ങൾ നെതന്യാഹുവിനാണ് ഏറ്റവും പ്രയോജനപ്പെട്ടത്.

ബെഞ്ചമിൻ നെതന്യാഹു

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന കലർപ്പില്ലാത്ത വംശഹത്യ അങ്ങനെ, മറ്റൊരു പലസ്തീൻ - ഇസ്രായേൽ സംഘർഷമുഹൂർത്തമായി മാറി. ഇസ്രായേൽ കേവലം ഹമാസ് നടത്തുന്ന റോക്കറ്റാക്രമണങ്ങളോട് പ്രതികരിക്കുകയും അവയെ പ്രതിരോധിക്കുകയുമാണ് ചെയ്യുന്നത് എന്ന് പരക്കെ ചിത്രീകരിക്കപ്പെട്ടു. എന്നാലും നെതന്യാഹുവിന് ഒരു തിക്തയാഥാർഥ്യം സമ്മതിക്കേണ്ടിവന്നു. ഗാസയിൽ നിന്ന് ഹമാസ് തൊടുക്കുന്ന റോക്കറ്റുകളേക്കാൾ ഇസ്രായേലിന് ഭീഷണി ഉയർത്തുന്നത് ആ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര അശാന്തിയും അക്രമവുമാണെന്നതായിരുന്നു അത്.

ആഭ്യന്തര സംഘർഷത്തിന്റെ കേന്ദ്രബിന്ദുക്കളിലൊന്ന് ടെൽ അവീവിൽ നിന്ന് 15 കി.മീ അകലെ, തെക്കു കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഇസ്രായേൽ പട്ടണമായ ലോദ് ആണ്. പലസ്തീനികൾ ധാരാളമുള്ള ഇടമാണ് ലോദ്. ലോദിന്റെ മേയർ പറഞ്ഞത് തന്റെ നഗരത്തിലെ സ്ഥിതിവിശേഷം "ആഭ്യന്തരയുദ്ധ'-ത്തിന് സമാനമാണെന്നാണ്. തീവ്ര ജൂത വലതുപക്ഷസംഘങ്ങളും പലസ്തീനികളുടെ കൂട്ടവും വ്യക്തികളെയും കുടുംബങ്ങളെയും കടകളെയും അന്യോന്യം കിടിലം കൊള്ളിക്കുകയാണ്. ലിഞ്ചിങ് വരെ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. തീവ്ര ജൂതസംഘങ്ങൾ പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമേന്തി അക്രമം നടത്തുമ്പോൾ പൊലീസ് കൈയുംകെട്ടി നിൽക്കുകയാണെന്നും ജൂതസംഘങ്ങൾ പലസ്തീനികളും ജൂതരും താമസിക്കുന്ന പട്ടണപ്രദേശങ്ങളിൽ അധികാരികളുടെ മൗനാനുവാദത്തോടെ അഴിഞ്ഞാടുകയാണെന്നും വാർത്തയുണ്ട്. ഏറ്റവും അപകടകരമായ വശം, നിയമവാഴ്ചയും പൊതുസുരക്ഷയും ചവിട്ടിമെതിക്കപ്പെടുമ്പോൾ പൊലീസ് നിഷ്പക്ഷതയുടെ വ്യാജഭാവംപോലും കാണിക്കുന്നില്ലെന്നതാണ്. ചിലപ്പോൾ പൊലീസ് ഈ ജൂത ആക്രമണകാരികളെ കൈകൊട്ടി പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. കുറഞ്ഞ പക്ഷം, പലസ്തീനികളെ സംബന്ധിച്ച് അവിടെ നിയമവാഴ്ച ശിഥിലമായിരിക്കുന്നു. അവർക്ക് അവർ മാത്രമേയുള്ളു ആശ്രയം. ഉന്നതാധികാരികളോട് അക്രമത്തിന് അറുതിവരുത്താൻ അപേക്ഷിച്ചാലും അത്തരം നിവേദനങ്ങൾ ജലരേഖയായിത്തീരുമെന്ന് അവർക്ക് നന്നായറിയാം.

ജൂത മതമൗലികവാദത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം "ടെംപിൾ മൗണ്ട്' തിരിച്ചു പിടിക്കുക എന്നതും അൽ-അഖ്സ പള്ളിയെ തകർക്കുക എന്നതുമാണ്. അൽ-അഖ്സയെ നശിപ്പിച്ചതിനുശേഷം ഒരു പുതിയ ടെംപിൾ അവർക്ക് അവിടെ സ്ഥാപിക്കണം.

ഈ നിന്ദ്യമായ സാഹചര്യം ഇസ്രായേലിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായുണ്ട്. മറയില്ലാത്ത റേസിസ്റ്റുകളായ തീവ്ര വലതുപക്ഷ ജൂതവാദികൾ വെസ്റ്റ് ബാങ്കിന്റെ ‘പരിപൂർണ പരമാധികാരം' ഇസ്രായേലിനാണെന്നും അവിടെ ജീവിക്കുന്ന പലസ്തീനികൾ കൈയേറ്റക്കാരാണെന്നും ആണയിട്ടു പറയാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. നികൃഷ്ടമായ ഈ ആക്രോശം കൂടുതൽ കൂടുതൽ ഇസ്രായേലിൽ അംഗീകാരവും സാധുതയും നേടുന്നുണ്ട് എന്ന് മാത്രമല്ല അത് ഇസ്രായേലിന്റെ പൊതുരാഷ്ട്രീയ വ്യവഹാരത്തിന്റെ അവിച്ഛിന്ന ഭാഗവുമായിരിക്കുന്നു. ഈ റേസിസ്റ്റ് നിലപാട് തന്നെയായിരുന്നു ഇസ്രായേൽ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും യഥാർഥ അടിപ്പടവ്. പക്ഷേ, ഇക്കാര്യം പരസ്യമായി പറയുമായിരുന്നില്ല എന്നുമാത്രം. ഇത് എല്ലാവർക്കും അറിയാവുന്ന രഹസ്യമായിരുന്നു. ഇതായിരുന്നു ഇസ്രായേലിന്റെ രാഷ്ട്രീയ വ്യവഹാരത്തിന്റെ പ്രചോദനോർജ്ജം.

ജറുസലേമിലെ ടെമ്പിൾ മൗണ്ട്. മുസ്​ലിംകളുടെ ആരാധനാ കേന്ദ്രമായ Dome Of the Rock ഉം , ജൂതരുടെ വിശുദ്ധ സ്ഥലമായ Western Wall ഉം ഇവിടെയാണ്. / Photo: Ray in Manila, flickr

സമീപകാലം വരെ ദ്വിരാഷ്ട്ര പരിഹാരത്തെ അംഗീകരിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങളെയും രാജ്യാന്തര ഉടമ്പടികളെയും ബാധ്യതകളെയും തങ്ങൾ മാനിക്കുന്നുവെന്നുമായിരുന്നു ഇസ്രായേലിന്റെ ഔദ്യോഗികഭാഷ്യം. എന്നാൽ ഇപ്പോൾ ആ ബാഹ്യപ്രദർശനം പോലും അവസാനിച്ചിരിക്കുന്നു.
നിലപാടുകളുടെ ബാഹ്യപ്രകടനം അത്യാവശ്യമാണ്. ഇത്തരം ബാഹ്യവേഷം കെട്ടാതെ ചെയ്യുന്ന പ്രവൃത്തികൾക്ക് മാറ്റംവരും. ഈ പുറംകാഴ്ചയും അതിനു പിന്നിലുള്ള ഇരുണ്ട യാഥാർഥ്യവും തമ്മിലുള്ള അകലവും അന്തരവുമാണ് ഇസ്രായേലിനെ അറബ് മതമൗലികവാദത്തിന്റെ എതിർമുഖത്ത് നിർത്താനും അതിനെ നിയമാനുസാരിയായ ആധുനികരാഷ്ട്രമായി അവതരിപ്പിക്കാനും പ്രാപ്തമാക്കിയത്. ഇസ്രായേൽ ഇപ്പോൾ പെരുമാറുന്നത് മതമൗലികവാദ റേസിസ്റ്റ് സ്റ്റേറ്റിന്റെ വിധത്തിലാണ്.

ഇന്ത്യയിലെ ഹിന്ദുത്വ ദേശീയവാദികൾ പള്ളികൾ തകർത്ത് അവയുടെ സ്ഥാനങ്ങളിൽ ക്ഷേത്രങ്ങൾ നിർമിക്കാൻ ആഗ്രഹിക്കുന്ന കാര്യം ഇതോർമിപ്പിക്കുന്നില്ലേ ? വെറുതെയല്ല ഇന്ത്യ ഇസ്രായേലുമായി ഊഷ്മളബന്ധം പുലർത്തുന്നത്.

ജൂത മതമൗലികവാദത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം "ടെംപിൾ മൗണ്ട്' തിരിച്ചു പിടിക്കുക എന്നതും അൽ-അഖ്സ പള്ളിയെ തകർക്കുക എന്നതുമാണ്. അൽ-അഖ്സയെ നശിപ്പിച്ചതിനുശേഷം ഒരു പുതിയ ടെംപിൾ അവർക്ക് അവിടെ സ്ഥാപിക്കണം. നാം മനസ്സിൽ വെക്കേണ്ട കാര്യം, 70 CE യിൽ റോമക്കാരാണ് ടെംപിൾ മൗണ്ട് നിലംപരിശാക്കിയതെന്നാണ്, അറബികളല്ല. ഇന്ത്യയിലെ ഹിന്ദുത്വ ദേശീയവാദികൾ പള്ളികൾ തകർത്ത് അവയുടെ സ്ഥാനങ്ങളിൽ ക്ഷേത്രങ്ങൾ നിർമിക്കാൻ ആഗ്രഹിക്കുന്ന കാര്യം ഇതോർമിപ്പിക്കുന്നില്ലേ ? വെറുതെയല്ല ഇന്ത്യ ഇസ്രായേലുമായി ഊഷ്മളബന്ധം പുലർത്തുന്നത്. നരേന്ദ്രമോദിയും മുസ്‌ലിം
ന്യൂനപക്ഷത്തെ വിപരീതധ്രുവത്തിൽ നിർത്തി ഇന്ത്യയെ എകശിലാത്മക മതകീയ രാജ്യമാക്കാനാണ് പ്രയത്നിക്കുന്നത്.

ഇസ്രായേലിൽ ഇപ്പോൾ സംഭവിക്കുന്നത് ഒരു ആഗോളപ്രവണതയാണെന്ന് തിരിച്ചറിയുമ്പോഴാണ് വിശാലചിത്രം കൂടുതൽ ഇരുണ്ടതാണെന്ന പരമാർഥം നാം ഞെട്ടലോടെ മനസ്സിലാക്കുന്നത്. ആദ്യം ഫ്രാൻസിലും പിന്നെ അമേരിക്കയിലും ഗണ്യമായ ഒരു വിഭാഗം സൈനികോദ്യോഗസ്ഥരും ഒരു കൂട്ടം സൈനികജനറൽമാരും ഒരു കത്ത് പ്രസിദ്ധീകരിച്ചിരുന്നു. തങ്ങളുടെ ദേശതന്മയ്ക്കും സവിശേഷ ജീവിതരീതിക്കും ഭീഷണിയുയർത്തുന്ന ശക്തികളെയും പ്രവണതകളെയും കരുതിയിരിക്കണമെന്നായിരുന്നു കത്ത് മുന്നറിയിപ്പ് നൽകിയത്.

ഇസ്രായേൽ വ്യോമാക്രമണത്തെ തുടർന്ന് തെക്കൻ ഗസയിൽ നിന്ന്​ പലായനം ചെയ്യുന്നവർ.

ഫ്രാൻസിൽ ഈ വിഭാഗം ഇസ്​ലാമീകരണത്തോട് (Islamization) ഭരണകൂടം പുലർത്തുന്ന സഹിഷ്ണുതയെ ആക്രമിക്കുന്നു. അമേരിക്കയിലാകട്ടെ, ബൈഡൻ ഭരണകൂടത്തിന്റെ "സോഷ്യലിസ്റ്റ്', "മാർക്സിസ്റ്റ്' നയങ്ങളെക്കുറിച്ച് താക്കീത് നൽകുന്നു. സൈന്യങ്ങൾ അരാഷ്ട്രീയ പ്രകൃതമുള്ളവയാണ് എന്ന മിത്താണ് ഇവർ ഇല്ലാതാക്കിയത്; സൈന്യത്തിലെ ഗണനീയഭാഗം നാഷനലിസ്റ്റ് അജണ്ടയുടെ കുഴലൂത്തുകാരാണെന്ന് ഇവർ ഒരു കൂസലുമില്ലാതെ വെളിപ്പെടുത്തി.
ജൂതതന്മയെ സംബന്ധിച്ച് ഇതെല്ലാം അർഥമാക്കുന്നത് എന്താണ്? നാസികൾ നടത്തിയ ഹോളോകോസ്റ്റിനെ അതിജീവിച്ചവരിലൊരാൾ പറഞ്ഞതാണ് ഓർമ വരുന്നത്: "മുൻകാലങ്ങളിൽ "ജൂതവിരുദ്ധർ' എന്നത് ജൂതരെ ഇഷ്ടമില്ലാത്ത വ്യക്തികളായിരുന്നു. ഇന്ന് ജൂതവിരുദ്ധർ എന്നത് ജൂതർക്ക് അനിഷ്ടമുള്ള വ്യക്തികളാണ്.' ഏത് ജൂതർ? അതിലേക്ക് വരാം. ജർമനിയിലെ ഏറ്റവും വലിയ ന്യൂസ് വെബ്സൈറ്റായ "Der Spiegel' ഈയിടെ "ആന്റി-സെമിറ്റിസവും ബി.ഡി.എസും' എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു. (BDS Boycott, Divestment and Sanctions movement ഈ മൂന്ന് മാർഗങ്ങളിലൂടെ അറബ് ഭൂപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിനും കോളനീകരണത്തിനുമെതിരെ പ്രവർത്തിക്കുന്ന പലസ്തീനിലെ സർക്കാരിതര സംഘടനകളുടെയും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെയും കൂട്ടായ്മ). ആ ചർച്ചയുടെ തലവാചകമായി കൊടുത്തത് ഇതായിരുന്നു: "ജൂതവിരുദ്ധർ ആരെന്ന് തീരുമാനിക്കുന്നത് ജൂതരാണ്, ജൂതവിരോധ സാധ്യതയുള്ളവരല്ല'. ശരി. യുക്തിയുക്തമെന്ന് തോന്നുന്ന വരികൾ. ഇര തന്നെയാണ് ഇരയുടെ അവസ്ഥയും നിലയും നിർണയിക്കേണ്ടത്.

ഒരുവേള, ഇന്ത്യയിൽ നിങ്ങളും മോദി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ലജ്ജിക്കുന്നുണ്ടാവും. ഞാൻ തീർച്ചയായും സ്ലൊവേനിയൻ സർക്കാരിന്റെ ചെയ്തികളിൽ നാണക്കേട് അനുഭവിക്കുന്ന വ്യക്തിയാണ്.

ഇവിടെ പക്ഷേ, രണ്ടു പ്രശ്നങ്ങളുണ്ട്. (1) ഭൂമി കവർന്നെടുക്കപ്പെടുകയും പ്രാഥമികമായ മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയും ചെയ്യുന്ന പലസ്തീനികൾക്കും ഈ തത്ത്വം ബാധകമാകേണ്ടതല്ലേ? (2). ജൂതവിരുദ്ധർ ആരൊക്കെയാണെന്ന് നിർണയിക്കുന്ന ഇപ്പറഞ്ഞ "ജൂതർ' ആരാണ്? മുൻപ് സൂചിപ്പിച്ച ബി.ഡി.എസ് പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന ജൂതർ ഈ ഗണത്തിൽ പെടുമോ? വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ചെയ്തുകൂട്ടുന്ന ഭൂമി പിടിച്ചുപറിയെയും മറ്റ് അധിനിവേശ-കോളനീകരണ കൃത്യങ്ങളെയും സംശയദൃഷ്ടിയോടെയെങ്കിലും കാണുന്ന ജൂതർ ഇക്കൂട്ടത്തിൽ വരുമോ?

സ്വന്തം രാജ്യത്തോട് തോന്നുന്ന ലജ്ജയും നിന്ദയുമാണ് മറിച്ച്, സ്നേഹവും അഭിനിവേശവുമല്ല ഒരു വ്യക്തിയെ ഒരു രാഷ്ട്രത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന്റെ യഥാർഥ ലക്ഷണമെന്ന് പറഞ്ഞത് കാർലോ ജിൻസ്ബർഗ് (Carlo Ginzburg) ആണ്. സ്വരാഷ്ട്രത്തോടുള്ള ലജ്ജയുടെ അത്തരമൊരു പരമമായ പ്രകാശനം 2014 ൽ അമേരിക്കയിൽ കാണുകയുണ്ടായി. ഹോളോകോസ്റ്റ് അതിജീവിച്ച നൂറുകണക്കിന് ആളുകളും അവരുടെ പിന്തുടർച്ചക്കാരും ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു പരസ്യം വാങ്ങുകയായിരുന്നു. ഈ പരസ്യം, ഇസ്രായേൽ ഗാസയിൽ അന്ന് നടത്തിയ കൂട്ടക്കൊലയെയും ഇസ്രായേൽ പലസ്തീനിൽ തുടർന്നുകൊണ്ടിരിക്കുന്ന അധിനിവേശത്തെയും കോളനീകരണത്തെയും അപലപിക്കുന്നതായിരുന്നു.

ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും പലസ്തീന് ഐക്യദാർഢ്യം അറിയിച്ചും Jews For justice in Palastine നടത്തിയ പ്രതിഷേധത്തിൽ നിന്ന് / Photo: pxhere

പരസ്യം വാങ്ങിയശേഷം അവർ ഒരു പ്രസ്താവം നടത്തി: ‘ഇസ്രായേൽ സമൂഹത്തിൽ പലസ്തീനികൾ അഭിമുഖീകരിക്കുന്ന തീവ്രവും വംശീയവുമായ അപമാനവീകരണത്തിൽ ഞങ്ങൾ അതിയായി ലജ്ജിക്കുന്നു.' ഒരുപക്ഷേ, ഇസ്രായേൽ വെസ്റ്റ് ബാങ്കിലും ഗാസയിലും മാത്രമല്ല ഇസ്രായേലിനകത്തും ചെയ്യുന്ന കാര്യങ്ങളെ സംബന്ധിച്ച് നാണക്കേട് തോന്നാനുള്ള അന്തർബലം ചില ഇസ്രായേൽ പൗരൻമാർ ഇതിനകം ആർജിച്ചിരിക്കണം. ഇത് തീർച്ചയായും അവരുടെ ജൂതാസ്തിത്വത്തെ കുറിക്കുന്ന അർഥത്തിലല്ല. നേരെ മറിച്ച്, യഹൂദമതത്തിന്റെ ഏറ്റവും അനർഘമായ പൈതൃകത്തോട് ഇസ്രായേലിലെ രാഷ്ട്രീയം വെസ്റ്റ് ബാങ്കിൽ ചെയ്തുകൊണ്ടിരിക്കുന്നതിലാണ് അവർ ലജ്ജിക്കേണ്ടത്. ഒരുവേള, ഇന്ത്യയിൽ നിങ്ങളും മോദി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ലജ്ജിക്കുന്നുണ്ടാവും. ഞാൻ തീർച്ചയായും സ്ലൊവേനിയൻ സർക്കാരിന്റെ ചെയ്തികളിൽ നാണക്കേട് അനുഭവിക്കുന്ന വ്യക്തിയാണ്.▮

(ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ ഇംഗ്ലീഷ് വകുപ്പ് നടത്തിയ വെബിനാറിലെ പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം; വിവർത്തനം: ലിഷ. കെ.കെ)


ലിഷ കെ.കെ.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ചരിത്രവിഭാഗം അധ്യാപിക

സ്ലാവോയ് സിസെക്

മാർക്​സിസ്​റ്റ്​ ചിന്തകൻ, സാംസ്​കാരിക വിമർശകൻ. കോവിഡ് മഹാമാരിയെ തത്ത്വചിന്താപരമായി വിശ്ലേഷണം ചെയ്യുന്ന സിസെക്കിന്റെ PANDEMIC!: Covid-19 Shakes the World എന്ന പുസ്​തകം, കോവിഡുമായി ബന്ധ​പ്പെട്ട ഏറ്റവും മൗലികമായ ചിന്തകളുടെ സമാഹാരമായി വിശേഷിപ്പിക്കപ്പെടുന്നു. തത്വചിന്ത, സൈക്കോ അനാലിസിസ്​, പൊളിറ്റിക്കൽ തിയറി, കലാ വിമർശനം, ഹെഗലിയനിസം, തിയോളജി തുടങ്ങിയ മേഖലകളിൽ സ്വാധീനശേഷിയുള്ള ഇടപെടലുകൾ നടത്തുന്നു. Welcome to the Desert of the Real, Less Than Nothing: Hegel And The Shadow Of Dialectical Materialism, Living in the End Times, Contingency, Hegemony, Universality, Sex and the Failed Absolute തുടങ്ങിയവ പ്രമുഖ പുസ്​തകങ്ങൾ.

Comments