ടിയാനെന്മെൻ സ്‌ക്വയറിലെ വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്തിയതിനു പിന്നാലെ 1989 ജൂൺ അഞ്ചിന് നടന്ന പ്രതിഷേധത്തിൽ നിന്ന്. / Photo: Duke University Archives, flickr

അധികാരത്തിന്റെ നിർവികാരതയെയാണ്​ നാം പേടിക്കേണ്ടത്​

നിഷ്ടുര ബലപ്രയോഗ ഭീഷണി കാണാമറയത്ത് ഉള്ളപ്പോൾ ആളുകളിൽ സ്വാഭാവികമായ സമ്മർദ്ദമുണ്ടാകും. അപ്പോൾ പരസ്യ സായുധ പ്രദർശനത്തിന്റെ ആവശ്യകത തന്നെയില്ല.

വിചിത്രവും അസാധാരണവുമായ ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. ഒരുഭാഗത്ത് മതപരവും ദേശീയവുമായ മൗലികവാദങ്ങൾ തീവ്രമാകുമ്പോൾ തന്നെ മറ്റൊരു ഭാഗത്ത് ദോഷൈകദൃക്കായ സന്ദേഹവും അവിശ്വാസവും പെരുകുന്നു. ഇത്തരമൊരു സന്ദർഭത്തിൽ നാം ഒരടി പിന്നോട്ടുപോയി, ഇങ്ങനെ പ്രത്യയശാസ്ത്രങ്ങളുടെ ഉള്ളടക്കത്തെ പരിശോധിക്കുന്നതിനുപകരം അവയുടെ ഔപചാരികമായ വിശേഷ ലക്ഷണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നാം ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നില്ലെന്നോ ഉണ്ടെന്നോ പറയുമ്പോൾ അർഥമാക്കുന്നതെന്താണ്? തീർച്ചയായും, അത്തരമൊരു പ്രസ്താവം അസാധ്യമാണ്. കാരണം, ഒരു പ്രത്യയശാസ്ത്രം തനിയേ പ്രത്യയശാസ്ത്രമാണെന്ന് അതൊരിക്കലും പറയുന്നില്ല. എല്ലായ്‌പ്പോഴും ഇതരരാണ് പ്രത്യയശാസ്ത്രത്തിന്റെ പിടിയിൽ പെടുന്നത്. ഇപ്പോൾ മുൻപെന്നത്തേക്കാളും ചില വിലാസങ്ങളാണ് സാമൂഹികമായി പ്രവർത്തിക്കുന്നത്; ആരും തന്നെ യഥാർഥമായി അവയിൽ വിശ്വാസമർപ്പിക്കുന്നില്ലെങ്കിലും.

പ്രത്യയശാസ്ത്രത്തിന്റെ മറ്റൊരു പ്രകൃതം, ഞാൻ അപായ സാധ്യതയോടെ വിളിക്കുന്ന രാഷ്ട്രീയ അബോധമാണ്. ഒരു കൂട്ടം അവകാശവാദങ്ങളെ ഉൾക്കൊള്ളുകയും ആശ്രയിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്ര ചട്ടക്കൂടാണത്.

സോഷ്യലിസ്റ്റ് യൂഗോസ്ലാവിയയിലെ എന്റെ യൗവനകാലം ഞാൻ ഓർക്കുന്നു. ഔദ്യോഗിക പ്രത്യയശാസ്ത്രത്തെ അവിടെ ആരും മാന്യമായി എടുത്തിരുന്നില്ല; കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തിലെ ഉദ്യോഗസ്ഥർ (apparatchiks) പോലും. ഈ രീതിയിൽ ആ സംവിധാനം "മാതൃകാപരമായി’ പ്രവർത്തിച്ചു. ആരെങ്കിലും ഔദ്യോഗിക പ്രത്യയശാസ്ത്രത്തെ കാര്യഗൗരവത്തോടെ എടുത്താൽ ഈ ‘അപ്പാരത്ച്ചിക്കു’കൾക്ക് പരിഭ്രാന്തിയും അമിതഭീതിയും ഉണ്ടാവുമായിരുന്നു. കാരണം, പാർട്ടി ഉദ്യോഗസ്ഥരെ സംബന്ധിച്ച്​ ഈ പ്രവണത പ്രകടിപ്പിക്കുന്നവർ വിമതരായിത്തീരാനുള്ള സാധ്യതയേറെയാണ്. ഭിന്നാഭിപ്രായത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്. ഇതിനർത്ഥം സോഷ്യലിസ്റ്റ് യൂഗോസ്ലാവിയയിലെ വ്യക്തികൾ വെറുതെ ഔദ്യോഗിക പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചിരുന്നില്ല എന്നല്ല, അവർ വിശ്വസിച്ചപോലെ പ്രവർത്തിക്കുമായിരുന്നു എന്നാണ്​. വാസ്തവത്തിൽ, അതിലായിരുന്നു കാര്യം. അവർ വിശ്വസിച്ചതുപോലെ പെരുമാറി നടിച്ചു.

പ്രത്യയശാസ്ത്രത്തിന്റെ മറ്റൊരു പ്രകൃതം, ഞാൻ അപായ സാധ്യതയോടെ വിളിക്കുന്ന രാഷ്ട്രീയ അബോധമാണ്. ഒരു കൂട്ടം അവകാശവാദങ്ങളെ ഉൾക്കൊള്ളുകയും ആശ്രയിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്ര ചട്ടക്കൂടാണത്. ഈ അവകാശവാദങ്ങൾ രാഷ്ട്രീയ അബോധത്തിന്റെ പ്രവർത്തനത്തിന് ആവശ്യമാണ്.

താജുദ്ദീൻ അൽ-ഹിലാലി

എന്നാൽ ഇത് പരസ്യമായി പറയാൻ പാടില്ല. 2006 നവംബറിൽ ആസ്‌ട്രേലിയയിലെ ഏറ്റവും മുതിർന്ന മുസ്‌ലിം ആത്മീയ നേതാവായ ഷെയ്ഖ് താജുദ്ദീൻ അൽ ഹിലാലി ബഹുജന ധാർമികരോഷമുണർത്തുന്ന ഒരു പ്രസ്താവം നടത്തി. ഒരു സംഘം മുസ്‌ലിം യുവാക്കൾ കൂട്ട ലൈംഗികാക്രമണത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ അടക്കപ്പെട്ടപ്പോഴായിരുന്നു ഹിലാലിയുടെ പ്രസ്താവം. ഹിലാലി പറഞ്ഞു: "നിങ്ങൾ പൊതിഞ്ഞുവെക്കാതെ ഇറച്ചി കൊണ്ടുപോയി തെരുവിൽ വെച്ചാൽ എന്തു സംഭവിക്കും? പൂച്ചകൾ വന്ന് അത് തിന്നും. ആരുടെ അപരാധമാണ് ഇത്? പൂച്ചകളുടെയോ അതോ പൊതിഞ്ഞുമൂടിവെക്കാത്ത മാംസത്തിന്റെയോ? പൊതിയാത്ത മാംസമാണ് പ്രശ്‌നം'.

പൊതിയാത്ത മാംസവും മുഖാവരണം ചെയ്യാത്ത "അപക്വ' വസ്ത്രധാരണം നടത്തുന്ന സ്ത്രീകളും തമ്മിലുള്ള അപകീർത്തിപരവും സ്‌ഫോടനാത്മകവുമായ ഈ താരതമ്യം, ഹിലാലിയുടെ വാദമുഖത്തിന്റെ വിചിത്ര ധാരണയിൽ നിന്ന് ശ്രദ്ധ തിരിച്ചു. ആണുങ്ങളുടെ ലൈംഗിക പെരുമാറ്റത്തിന് പെണ്ണുങ്ങളാണ് ഉത്തരവാദികളെങ്കിൽ അത് സൂചിപ്പിക്കുന്നത്, ലൈംഗിക പ്രകോപനമായി പുരുഷന്മാർ കാണുന്ന കാര്യങ്ങളിൽ അവർ തീർത്തും നിസ്സഹായരും അതിനെ അവർക്ക് സാധാരണ മട്ടിൽ ചെറുക്കാൻ സാധിക്കില്ലെന്നതുമാണ്. പൂച്ച, പച്ചമാംസത്തെ കാണുന്നതുപോലെ പുരുഷന്മാരും താന്താങ്ങളുടെ ലൈംഗിക വിശപ്പിന് അടിമപ്പെട്ടവരാണെന്നാണ്. ഇതിൽ ഒരു വൈപരീത്യവുമുണ്ട്. ഒരു ഭാഗത്ത് ആണുങ്ങളുടെ ലൈംഗികമായ പെരുമാറ്റത്തിന് അവർക്ക് പരിപൂർണ ഉത്തരവാദിത്തമില്ലായ്മ സങ്കല്പിക്കുന്നു. മറുഭാഗത്ത്, പാശ്ചാത്യലോകത്ത് പൊതുസ്ഥലത്തെ പെൺലൈംഗികതയ്ക്കുള്ള ഊന്നലിന്റെ ആധാരം, പുരുഷന്മാർ ലൈംഗിക സംയമനത്തിന് ശേഷിയുള്ളവരും ലൈംഗിക ഉൾപ്രേരണകളുടെ അന്ധരായ അടിമകളുമാണ്​ അവരെന്നുമാണ്.

മാർക്‌സ് മുതലിങ്ങോട്ടുള്ള മാർക്‌സിസ്റ്റുകൾ പ്രത്യയശാസ്ത്രപരമായ ഭരണകൂട ഉപകരണങ്ങൾക്ക് കിട്ടുന്ന ഭൗതിക പിന്തുണയും സഹായവും സംരക്ഷണവും ഗൗനിച്ചില്ല എന്ന് അൽത്തൂസർ എഴുതി.

ഞാൻ ഊന്നിപ്പറയാൻ ആഗ്രഹിക്കുന്ന ഒടുവിലത്തെ പ്രത്യേകത, പ്രത്യയശാസ്ത്രത്തിന്റെ ഭൗതികമായ അസ്തിത്വമാണ്. ഇവിടെ കാര്യങ്ങൾ സങ്കീർണമാകുന്നു. പ്രത്യയശാസ്ത്രപരമായ ഭരണകൂടോപകരണങ്ങളെപ്പറ്റിയുള്ള ലൂയി അൽത്തൂസറിന്റെ ക്ലാസിക് കൃതിയിൽ, അദ്ദേഹം പ്രത്യയശാസ്ത്രത്തിന് ലഭിക്കുന്ന ഭൗതിക പിന്തുണയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്- മർദ്ദനപരമായ ഭരണകൂട ഉപകരണങ്ങളായ സർക്കാറും ഭരണവും സൈന്യവും പൊലീസും ജയിലും കോടതികളും ഒരു ഭാഗത്തും പ്രത്യയശാസ്ത്രപരമായ ഭരണകൂട ഉപകരണങ്ങൾ വേറൊരു ഭാഗത്തും- പ്രത്യയശാസ്ത്രതലത്തിലുള്ള ഭരണകൂട ഉപകരണങ്ങളിൽ മതപരവും വിദ്യാഭ്യാസപരവും കുടുംബപരവും രാഷ്ട്രീയപരവും സാംസ്‌കാരികപരവും ആശയവിനിമയപരവുമായ ഉപാധികൾ ഉൾപ്പെടെയുള്ള സകല സ്ഥാപനങ്ങളും സംവിധാനങ്ങളും ഉൾപ്പെടുന്നു.

ലൂയി അൽത്തൂസർ

മാർക്‌സ് മുതലിങ്ങോട്ടുള്ള മാർക്‌സിസ്റ്റുകൾ പ്രത്യയശാസ്ത്രപരമായ ഭരണകൂട ഉപകരണങ്ങൾക്ക് കിട്ടുന്ന ഭൗതിക പിന്തുണയും സഹായവും സംരക്ഷണവും ഗൗനിച്ചില്ല എന്ന് അൽത്തൂസർ എഴുതി. സാമ്പ്രദായിക മാർക്‌സിസ്റ്റുകൾ പ്രത്യയശാസ്ത്രത്തെ "ഐഡിയലിസ്റ്റ്' രീതിയിലാണ് വിഭാവനം ചെയ്തത്; സാമൂഹികബോധത്തിന്റെ മറ്റൊരു രൂപമായും യാഥാർഥ്യത്തിന്റെ തലകീഴായ കണ്ണാടി അവസ്ഥയായും. പ്രത്യയശാസ്ത്രത്തെ അങ്ങനെ സാമൂഹിക പുനരുൽപ്പാദനത്തിന്റെ പ്രത്യയശാസ്‌ത്രേതര പ്രക്രിയയിൽ പ്രതിഷ്ഠിക്കുന്നു. (അസ്ഥിത്വമാണ് ബോധത്തെ നിർണയിക്കുന്നത്). പരമ്പരാഗത മാർക്‌സിസ്റ്റുകൾ അവഗണിക്കുന്ന കാര്യം, പ്രത്യയശാസ്ത്രപരമായ ഭരണകൂട ഉപകരണങ്ങളിൽ അന്തർലീനമായ പ്രത്യയശാസ്ത്രത്തിന്റെ കൃത്യമായ ഭൗതികാസ്തിത്വമാണ്.

ഴാക് ലകാൻ പക്ഷേ, അൽത്തൂസറിൽ നിന്ന് ഒരു പടി മുന്നോട്ടുപോകുന്നു. ആശയങ്ങൾക്കുതന്നെ പ്രത്യേകതരത്തിലുള്ള ഭൗതികപരതയുണ്ട്. അത് പ്രതീകാത്മക ക്രമത്തിൽ (Symbolic Order) അന്തർലീനമാണ്. എന്നാൽ ഈ പ്രതീകാത്മക തലത്തെ അർത്ഥാവിഷ്‌കരണമായി ചുരുക്കാനാവില്ല. അത് പ്രവർത്തിക്കുന്നത് അർഥരഹിതമായ യന്ത്രസംവിധാനം പോലെയാണ്. ഈ യന്ത്രസംവിധാനമത്രെ ലകാൻ വിശേഷിപ്പിക്കുന്ന "big Other'. ഈ big Other സ്ഥാപനങ്ങളിലെ മൂർത്തമായ ഭൗതികവത്കരണത്തിനും ഭൗതികമായ ആചാരവഴക്കങ്ങൾക്കും അപ്പുറമുള്ള ഒന്നാണ്. ഈ നിർണായകമായ കാര്യം ഞാൻ വിശദമാക്കാം.

ഒരാൾക്ക് സായുധ ബലപ്രയോഗം നടത്താതിരിക്കാൻ തന്നെ സായുധ പ്രദർശനം നടത്താം. സൈന്യത്തെ വെറുതെ വിന്യസിച്ചുകൊണ്ടുതന്നെ സൈനിക നടപടികൾ കൊണ്ട് കൈവരുന്ന ഫലം കിട്ടും

ആൽത്തൂസർ ഭരണകൂടത്തെയും മറ്റ് സാമൂഹിക ഉപകരണങ്ങളെക്കുറിച്ചും പറയുന്നതിതാണ്: "ഭരണകൂടത്തിനുള്ളിലും ഭരണകൂടത്തിന്റെ പേരിലും പ്രവർത്തിക്കുന്ന രാഷ്ട്രീയ ഉപകരണങ്ങളെയും പ്രത്യയശാസ്ത്ര ഉപകരണങ്ങളെയും പരസ്യസായുധ ശക്തിയുടെ സാന്നിധ്യവും അസ്തിത്വവുമാണ് താങ്ങിനിർത്തുന്നത്. ഇത് പൂർണമായും ദൃശ്യമല്ല. സജീവമായി ഉപയോഗിക്കാറുമില്ല. ഈ സായുധബലം ഇടയ്ക്കിടെ മാത്രമേ ഇടപെടാറുള്ളൂ. അല്ലെങ്കിൽ അത് ഗുപ്തവും അദൃശ്യവുമായി നിലകൊള്ളുന്നു. ഒരാൾക്ക് സായുധ ബലപ്രയോഗം നടത്താതിരിക്കാൻ തന്നെ സായുധ പ്രദർശനം നടത്താം. സൈന്യത്തെ വെറുതെ വിന്യസിച്ചുകൊണ്ടുതന്നെ സൈനിക നടപടികൾ കൊണ്ട് കൈവരുന്ന ഫലം കിട്ടും. വിരട്ടലാണത് മറ്റൊരു വിധത്തിൽ, പിന്നെയും കടത്തിപ്പറഞ്ഞാൽ, സൈനിക പ്രദർശനം കൂടാതെയും സൈനിക നടപടികൾ ആവശ്യമില്ലാതാവും. നിഷ്ടുര ബലപ്രയോഗ ഭീഷണി കാണാമറയത്ത് ഉള്ളപ്പോൾ ആളുകളിൽ സ്വാഭാവികമായ സമ്മർദ്ദമുണ്ടാകും.

ഴാക് ലകാൻ

അപ്പോൾ പരസ്യ സായുധ പ്രദർശനത്തിന്റെ ആവശ്യകത തന്നെയില്ല. സായുധ ശക്തിയെ മറച്ചുപിടിക്കുന്നതിലൂടെയാണ് കൂടുതൽ നേട്ടമുണ്ടാകുക. 1968 മെയ് മാസത്തിൽ പാരീസിന്റെ പടിഞ്ഞാറു ഭാഗത്തുള്ള റാംബുയെ കാടുകളിൽ (Rambouillet) നിലയുറച്ച ടാങ്കുകൾ ഒരു ഉദാഹരണമാണ്. 1968 ലെ പാരീസ് കലാപത്തെ അടിച്ചമർത്തുന്നതിൽ നിർണായക പങ്കുവഹിച്ചത് ഈ ടാങ്കുകളുടെ നിശ്ശബ്ദ അസാന്നിധ്യമായിരുന്നു.

ഒന്നാമതായി, ഒരു വിഭാഗം ശക്തിപ്രദർശനം നടത്തുന്നത് അത് ഉപയോഗിക്കാതിരിക്കാനാണ്. രണ്ടാമതായി, ശക്തി പ്രദർശനം നടത്താതിരിക്കുന്നതുതന്നെ ശക്തി ഒരിക്കലും പ്രയോഗിക്കാതിരിക്കാനാണ്. ഇവിടെ നമ്മൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് ഒരുതരം "നിഷേധത്തിന്റെ നിഷേധം' ആണ്. ആദ്യം നാം പ്രത്യക്ഷ ബലപ്രയോഗത്തെ നിഷേധിക്കുന്നു. ഉദാഹരണത്തിന്, തീവ്രമായ ബഹുജന പ്രക്ഷോഭങ്ങളെ അധികാരികൾ കരുതിയിരിക്കുമ്പോൾ നഗരത്തിലെ ജനകീയ ഇടങ്ങളിൽ അവർ പട്ടാളക്കവാത്തും ടാങ്കുകളുടെ ഘോഷയാത്രയും നടത്തുന്നു. ഈ ജാഗ്രതയും ഒരുക്കവും പ്രക്ഷോഭകാരികളെ പിന്തിരിപ്പിക്കുമെന്ന് അധികാരിവർഗം കരുതുന്നു. തുടർന്ന് ഈ "നിഷേധം' തന്നെ പിന്നെയും നിഷേധിക്കപ്പെടുന്നു. അപ്പോൾ ശക്തിപ്രകടനമില്ല. പരസ്യ ബലപ്രദർശനത്തേക്കാൾ പ്രക്ഷോഭകാരികളെ പിന്തിരിപ്പിക്കാനുള്ള പ്രഭാവം ശക്തിപ്രദർശനത്തിന്റെ അഭാവത്തിനുണ്ട്. പ്രക്ഷോഭകർക്കറിയാം, തങ്ങളെ നേരിടാൻ പൊലീസും പട്ടാളവും സുസജ്ജരും ജാഗരൂകരുമായി തൊട്ടപ്പുറത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്ന്. ഈ അഭാവവും അദൃശ്യതയുമാണ് കൂടുതൽ വിപത് സൂചകവും അപരിമിത ശക്തിയുമുള്ള പരിതോവസ്ഥ. ഇസ്രായേൽ വർഷങ്ങളായി ചെയ്യുന്നത് ഇതുതന്നെയല്ലേ? തങ്ങൾക്ക് ആണവായുധങ്ങളുണ്ടെന്ന കാര്യത്തെക്കുറിച്ച് ഇസ്രായേൽ ഇടയ്ക്കിടെ സൂചന നൽകാറുണ്ട്. പക്ഷേ, ഇക്കാര്യം അവർ പരസ്യമായി സമ്മതിച്ചുതരില്ല. സംഭവനീയമായ ഭീഷണിയെയും ഹിംസയെയും കുറിക്കുന്ന ഒരു ഭീകരസംഗതിയാണ് ഈ ആയുധങ്ങൾ.

അധികാര സ്വരൂപത്തിന്റെ സമീപനം നിർവികാരതയും അക്ഷോഭ്യതയുമായാലോ? ഇതിന്റെ ഫലം വളരെ കൂടുതൽ പേടിപ്പിക്കുന്നതായിരിക്കും.

ആദ്യത്തെ നിഷേധം പ്രവർത്തിക്കുന്നത് ഭാവനാത്മക തലത്തിലാണ്. യഥാർഥ നൃശംസബലപ്രയോഗത്തിനുപകരം പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ശക്തിപ്രദർശനം നടത്തുന്നു. രണ്ടാമത്തെ നിഷേധം പ്രവർത്തിക്കുന്നത് പ്രതീകാത്മക തലത്തിലാണ്. ‘സാന്നിധ്യം- അസാന്നിധ്യം’ എന്ന സ്​ഥിതിവിശേഷം പ്രവർത്തിക്കുന്നത്​ പ്രതീകാത്​മകതയുടെ ഭേദസൂചകക്രമത്തിലാണ്​. ഒരു സാന്നിധ്യത്തെ ഫലപ്രദമാക്കിത്തീർക്കുന്നത് അതിന്റെ അസാന്നിധ്യം തന്നെയായി മാറുന്നു. ഈ അഭാവം സാന്നിധ്യത്തെക്കാൾ സുശക്തമത്രെ. ഉദാഹരണത്തിന് നാം എന്തെങ്കിലും അന്യായമോ അഹിതമോ ആയ കാര്യം ചെയ്തു എന്നുകരുതുക. അപ്പോൾ ഇത് ശ്രദ്ധയിൽപ്പെടുന്ന അധികാര സ്ഥാനത്തുള്ള ഒരാൾ ദേഷ്യപ്പെടുകയും ഉച്ചത്തിൽ നമ്മെ ശകാരിക്കുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കേണ്ടത്. അതേസമയം, ഈ അധികാര സ്വരൂപത്തിന്റെ സമീപനം നിർവികാരതയും അക്ഷോഭ്യതയുമായാലോ? ഇതിന്റെ ഫലം വളരെ കൂടുതൽ പേടിപ്പിക്കുന്നതായിരിക്കും. തീവ്രവികാരത്തിന്റെ തുറന്ന പ്രകടനത്തിൽ ക്ഷോഭത്തിന്റെ പ്രകാശനമാണ് പുറത്തുവരുന്നത്. അതെ, ഇതാണ് പ്രതികരണം. നാം കണ്ടുകഴിഞ്ഞു...

പെറി ആൻഡേഴ്‌സൺ

എന്നാൽ, ഈ ശരിയായ പ്രതീകാത്മകമാനമാണ് അൽത്തൂസർ അവഗണിക്കുന്നത്. പെറി ആൻഡേഴ്‌സൺ, സൈന്യത്തിന്റെ ഈ ‘സാന്നിധ്യ- അസാന്നിധ്യ' സ്ഥിതിവിശേഷത്തെ സെൻട്രൽ ബാങ്കിലെ കരുതൽ സ്വർണശേഖരവുമായി താരതമ്യം ചെയ്യുന്നുണ്ട്. സൈന്യമോ കരുതൽ സ്വർണമോ പശ്ചാത്തലത്തിൽ ഉണ്ടായാലും അവ ഉപയോഗിക്കുന്നില്ലെങ്കിലും അവയുടെ പ്രവർത്തനം നടക്കും. ഇനി അവ യഥാർഥത്തിൽ നിലനിൽക്കുന്നില്ലെങ്കിൽ പോലും അവ ചെയ്യേണ്ട പ്രവർത്തനങ്ങൾ ചെയ്തിരിക്കും. പശ്ചാത്തലത്തിൽ മറച്ചുവെക്കപ്പെട്ട സൈനികശക്തി ഉണ്ടെന്ന് ആളുകൾ വിശ്വസിച്ചാൽ തന്നെ മതി. പിന്നണിയിലുള്ള യഥാർഥ സംഗതി അധികാരത്തെ സേവിക്കുന്ന ആത്യന്തികമായ ഉറപ്പും തുണയുമാണ്. അതൊരു ഭൂതസമാന അസ്​തിത്വമാണ്. അതിന് യഥാർഥ്യത്തിൽ നിലനിൽക്കേണ്ട ആവശ്യം പോലുമില്ല. അത് യഥാർഥ ലോകത്ത് പ്രത്യക്ഷപ്പെടുകയും ഇടപെടുകയും ചെയ്താൽ അതിന്റെ അധികാരം ഇല്ലാതാവും എന്ന അപകടസാധ്യതയുണ്ട്.

ഒരു സർവപ്രതാപിയായ പിതാവിനെ സങ്കല്പിച്ചു നോക്കൂ. അത്തരമൊരാളുടെ അധികാരവും ഊക്കും തുടരുന്നത് ആ ഭീഷണി ഒരിക്കലും പ്രത്യക്ഷപ്പെടാതിരിക്കുമ്പോഴാണ്

ലകാൻ വ്യജമായി നിരീക്ഷിച്ചതുപോലെ സർവ്വശക്തിത്വം അപ്പോൾ അനിവാര്യമായും പ്രതിഗമിക്കുന്നു. ഒരു സർവപ്രതാപിയായ പിതാവിനെ സങ്കല്പിച്ചു നോക്കൂ. അത്തരമൊരാളുടെ അധികാരവും ഊക്കും തുടരുന്നത് ആ ഭീഷണി ഒരിക്കലും പ്രത്യക്ഷപ്പെടാതിരിക്കുമ്പോഴാണ്. ശക്തിയുടെ മുഴുപ്രയോഗം, അത് വേദനാജകനമാണെങ്കിലും, അതിനെ യാഥാർഥ്യത്തിന്റെ ഭാഗമാക്കുന്നു. അങ്ങനെ നോക്കുമ്പോൾ നിർവചനപരമായി അത് പരിമിതപ്പെടുന്നു, നാണക്കേടും വരുത്തുന്നു. ഇതു കാരണമാണ് ടിയാൻമെൻ ചത്വരത്തിലെ വിദ്യാർഥി പ്രക്ഷോഭത്തെ ചൈനീസ് അധികാരികൾ ഒരു സംഭവമേയല്ല (non event) എന്ന മട്ടിൽ അടിച്ചമർത്തിയത്. അടിച്ചമർത്തിയത് പച്ചയായ ബലപ്രയോഗത്തിലൂടെയായിരുന്നു. പക്ഷേ, അത് ചെയ്തത് രാത്രിയുടെ, ഇരുട്ടിന്റെ മറവിലാണ്. അദൃശ്യവും പേടിപ്പെടുത്തുന്നതുമായ കേട്ടുകേൾവികളോടെ അടിച്ചമർത്തൽ അവസാനിച്ചു. സമാധാനവും നിയമവാഴ്ചയും സത്വരം പുനഃസ്ഥാപിക്കപ്പെട്ടു. സംഘർഷ സ്ഥലിയിൽ നിന്ന് എല്ലാ തെളിവുകളും തുടച്ചുനീക്കപ്പെട്ടു. എല്ലാം ഞൊടിയിടയിൽ നോർമൽ ആയി. ഒരു തുറന്ന യുദ്ധത്തിനാണ് സ്വന്തം ജനതയ്‌ക്കെതിരെ ചൈനീസ് ഭരണാധികാരികൾ തുനിഞ്ഞിരുന്നതെങ്കിൽ ഭരണവാഴ്ചയുടെ നിസ്സാര സാധുത മാത്രമല്ല അധികാരത്തിന്റെ ദൃഢതയും നഷ്ടപ്പെടാനുള്ള അപായസാധ്യത വേണ്ടുവോളമുണ്ടായിരുന്നു.▮

(ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ ഇംഗ്ലീഷ് വകുപ്പ് നടത്തിയ വെബിനാറിലെ പ്രഭാഷണത്തിന്റെ മൂന്നാം ഭാഗം; വിവർത്തനം: ലിഷ. കെ.കെ.)


സ്ലാവോയ് സിസെക്

മാർക്​സിസ്​റ്റ്​ ചിന്തകൻ, സാംസ്​കാരിക വിമർശകൻ. കോവിഡ് മഹാമാരിയെ തത്ത്വചിന്താപരമായി വിശ്ലേഷണം ചെയ്യുന്ന സിസെക്കിന്റെ PANDEMIC!: Covid-19 Shakes the World എന്ന പുസ്​തകം, കോവിഡുമായി ബന്ധ​പ്പെട്ട ഏറ്റവും മൗലികമായ ചിന്തകളുടെ സമാഹാരമായി വിശേഷിപ്പിക്കപ്പെടുന്നു. തത്വചിന്ത, സൈക്കോ അനാലിസിസ്​, പൊളിറ്റിക്കൽ തിയറി, കലാ വിമർശനം, ഹെഗലിയനിസം, തിയോളജി തുടങ്ങിയ മേഖലകളിൽ സ്വാധീനശേഷിയുള്ള ഇടപെടലുകൾ നടത്തുന്നു. Welcome to the Desert of the Real, Less Than Nothing: Hegel And The Shadow Of Dialectical Materialism, Living in the End Times, Contingency, Hegemony, Universality, Sex and the Failed Absolute തുടങ്ങിയവ പ്രമുഖ പുസ്​തകങ്ങൾ.

ലിഷ കെ.കെ.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ചരിത്രവിഭാഗം അധ്യാപിക

Comments