പ്രത്യയശാസ്ത്രം ഇക്കാലത്ത് പഴയപോലെയല്ല പ്രവർത്തിക്കുന്നത്.
ദാർശനികർ ചൂണ്ടിക്കാണിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിന്റെ "നൈതിക സത്ത'യ്ക്ക് (ethical substance) വിള്ളലുണ്ടായിരിക്കുന്നു. ഈ വിണ്ടുകീറൽ ഒരു "സാമാന്യ' ജനാധിപത്യത്തെ സംബന്ധിച്ച് താങ്ങാവുന്നതിലേറെ തീവ്രമായിരിക്കുന്നു. ഈ പിടിവിട്ട അവസ്ഥ ഒരുതരം ആഭ്യന്തര ശീതയുദ്ധത്തിലേക്കാണ് അനുക്രമം പോകുന്നത്.
ട്രംപിന്റെ വികടമായ "മാഹാത്മ്യ'ത്തിന്റെ അടിസ്ഥാനം, തന്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ അയാൾ അലിഖിത നിയമങ്ങളെ (ലിഖിതവും) ലംഘിക്കാൻ ഒട്ടും പേടിച്ചിരുന്നില്ല എന്നതാണ്. നമ്മുടെ പൊതുജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്നത് അലിഖിതമായ ആചാരങ്ങളുടെയും ചിട്ടവട്ടങ്ങളുടെയും ഒരു നിബിഡവലയാണ്. ഇതാണ് സുപ്രകാശമായ ലിഖിതനിയമങ്ങൾ എങ്ങനെ അനുശീലനം ചെയ്യണമെന്ന് നമ്മെ പഠിപ്പിക്കുന്നത്. ട്രംപ്, സുവ്യക്തമായ ലിഖിതനിയമങ്ങളോട് ചേർന്നുനിന്നപ്പോൾ തന്നെ, നാം എങ്ങനെ ഈ നിയമങ്ങൾ ആചരിക്കണമെന്ന് നിശ്ചയിക്കുന്ന അലിഖിതമായ നിശ്ശബ്ദ നിയമങ്ങളെ വകവച്ചില്ല.
ട്രംപിനെ കേവലം കുറ്റപ്പെടുത്തുന്നതിനുപകരം ഇടതുപക്ഷം ട്രംപിൽനിന്ന് ഇതു പഠിക്കുകയും പ്രാവർത്തികമാക്കുകയും വേണം- ഒരു സാഹചര്യം ആവശ്യപ്പെടുമ്പോൾ നാം അസാധ്യമായത് ചെയ്യുകയും അലിഖിത നിയമങ്ങളെ പിളർക്കുകയും തകർക്കുകയും വേണം. നിർഭാഗ്യവശാൽ, ഇന്നത്തെ ഇടതുപക്ഷം റാഡിക്കലായുള്ള എന്തെങ്കിലും പ്രവൃത്തി ചെയ്യാൻ അത്യധികം ഭയപ്പെടുന്നു. ഇടതുപക്ഷത്തിന് അധികാരമുള്ളപ്പോഴും സമൂലപരിവർത്തന സ്വഭാവമുള്ള കാര്യങ്ങൾ ചെയ്യാൻ അതിന് ആധിയും ആകുലതയുമാണ്: "നമ്മൾ ഇങ്ങനെ ചെയ്താൽ ലോകം എങ്ങനെ പ്രതികരിക്കും? നമ്മുടെ പ്രവൃത്തി സമൂഹത്തിൽ പരിഭ്രാന്തി പടർത്തുമോ?' ദൗർഭാഗ്യവശാൽ, ഈ ഭീതിയുടെ അർഥമിതാണ്: "നമ്മുടെ ശത്രുപക്ഷത്തുള്ളവർ രോഷം കൊള്ളുകയും എതിരായി പ്രവർത്തിക്കുകയും ചെയ്യുമോ?'
രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ഏതൊരാളും ഇത്തരം ഭീതിയെയും ആശങ്കയെയും കീഴടക്കേണ്ടതുണ്ട്. ആപത്ശങ്ക തരണം ചെയ്ത് സാഹസത്തിന് തുനിയണം. അജ്ഞാതത്തിലേക്ക് ചുവടുവയ്ക്കാനുള്ള ധൈര്യവും സ്ഥൈര്യവും ഉണ്ടാവണം.
അശ്ലീലതയുടെ നായകവിഗ്രഹങ്ങൾ
മര്യാദയോടെയുള്ള പെരുമാറ്റം വീണ്ടെടുക്കാൻ രാഷ്ട്രീയക്കാർ ആശയറ്റ അഭ്യർഥന നടത്തുന്നുണ്ട്. പക്ഷേ, ഇതുമാത്രം പോരാ. ഈ അപേക്ഷകളൊക്കെയും ഉദാരസമവായത്തിന് സംഭവിച്ച വീഴ്ചയും തോൽവിയും കണക്കിലെടുക്കാതെയുള്ളതാണ്. ഉദാര സമവായത്തിലെ ഭംഗവും ഭ്രംശവുമാണ് നിഷ്ഠുരമായ പോപ്പുലിസത്തിന് ഉദിച്ചുയരാനുള്ള ശൂന്യസ്ഥലി സൃഷ്ടിച്ചത്. നമ്മുടെ ഉദാരസമൂഹങ്ങളിലെ അടിച്ചമർത്തപ്പെട്ടവരുടെ പ്രത്യാഗമനവും പ്രതിക്രിയയുമാണ് വാസ്തവത്തിൽ ഇന്നു നാം കാണുന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾ. ഉദാര സാംസ്‌കാരിക വൈവിധ്യവാദത്തിന്റെ (liberal multiculturalism) പദാവലിയിൽ വ്യക്തമായി പ്രകടിപ്പിക്കാൻ കഴിയാത്ത എതിർപ്പിന്റെ ലക്ഷണങ്ങളാണിവ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ തീക്ഷ്ണവും ഹിംസാത്മകവുമാകുന്നതിന്റെ കാരണം താന്താങ്ങൾ നേരിടുന്ന അന്യായവും അനീതിയും പ്രകടിപ്പിക്കാൻ അവരുടെ കൈവശം അനുയോജ്യമായ വാക്കുകളില്ല എന്നതാണ്.
ഇപ്പറഞ്ഞ അലിഖിത നിയമങ്ങൾക്ക് മറ്റൊരു വശം കൂടിയുണ്ട്. ഓരോ സംസ്‌കാര വ്യവസ്ഥയും അശ്ലീലവും അസഭ്യവുമായ ഒരു അടിത്തട്ട് പരോക്ഷമായി ഉൾക്കൊള്ളുന്നുണ്ട്. അവിടെ പരസ്യമായി പറയാൻ പാടില്ലാത്ത പല ദൃശ്യങ്ങളും അനുവദനീയമാണ്. ഈ അസഭ്യ ഇടം പ്രവർത്തിക്കുന്നത് പല തലങ്ങളിലാണ്. രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യജീവിതത്തിന്റെ ഇരുണ്ട വശത്തെക്കുറിച്ചുള്ള കിംവദന്തികൾ, ജുഗുപ്സാവഹമായ ഭാഷയുടെ പ്രയോഗം, അശ്ലീലപ്രകൃതമുള്ള കുത്തുവാക്കുകൾ, എല്ലാം "ഈ അധോതലത്തിൽ' നമുക്കു കാണാം. അതോടൊപ്പം വളരെ "നിർദോഷവും നിഷ്‌കളങ്കവു'മെന്നു തോന്നുന്ന ചില വർത്തമാനങ്ങളുണ്ട്.
വളരെ പ്രത്യക്ഷമായ, എല്ലാവർക്കും അറിയാവുന്ന ഒരു പച്ചപ്പരമാർഥം പരസ്യമായി പറഞ്ഞാൽ ഉണ്ടാവുന്ന വിലക്കും ഭവിഷ്യത്തും എന്താണെന്ന് വ്യക്തമാക്കുന്ന ഒരു അസാധാരണ സംഭവം പറയാം.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ ഘടനയിൽ ഉയർന്ന പദവിയിലുള്ള ഒരാൾ, ഡെങ് സിയാവോ പിങിന്റെ അവസാന നാളുകളിൽ ഒരു വിദേശ മാധ്യമപ്രവർത്തകന് അഭിമുഖം കൊടുത്തു. ഡെങ് അപ്പോൾ ഔദ്യോഗികമായി ഭരണച്ചുമതല ഒഴിഞ്ഞിരുന്നു. എന്നാലും ഭരണചക്രത്തിന്റെ നിയന്ത്രണം ഡെങിനു തന്നെയായിരുന്നു എന്ന് ചൈനയിലെ എല്ലാവർക്കുമറിയാമായിരുന്നു. അഭിമുഖത്തിനിടെ ഡെങാണ് ഇപ്പോഴും ചൈനയിലെ യഥാർഥ ഭരണാധികാരിയെന്ന് പാർട്ടി അംഗം വിദേശ മാധ്യമ പ്രവർത്തകനോട് പറഞ്ഞു. അത് അച്ചടിച്ചുവന്നു. പിന്നെ സംഭവിച്ചതോ? രാഷ്ട്രരഹസ്യം പുറത്തുവിട്ടു എന്നാരോപിച്ച് ഈ പാർട്ടിയംഗത്തെ വിചാരണ ചെയ്യുകയും കഠിനമായി ശിക്ഷിക്കുകയും ചെയ്തു. ഈ ഭരണകൂട സ്വകാര്യം ചിലർക്ക് മാത്രമേ അറിയാൻ അനുവാദമുള്ളു; എല്ലാവർക്കും ഇക്കാര്യം അറിയാമെങ്കിലും ലകാൻ പറയുന്നതുപോലെ എല്ലാവർക്കുമറിയുന്ന ഇക്കാര്യം അറിയാത്തത് "big Other' ന് മാത്രമാണ്, അതായത് പൊതു പ്രത്യക്ഷതയുടെ ക്രമത്തിന്.
അവർ ലൈംഗികാക്രമണങ്ങളെ അതിജീവിച്ചു. അവർ തുടർന്നും ജീവിച്ചിരുന്നത് തങ്ങളുടെ കദനകഥ തങ്ങളുടെ സമുദായത്തോട് പറയണമെന്ന ദൃഢപ്രത്യയമുള്ളതുകൊണ്ടായിരുന്നു.
നമ്മുടെ ദൃഷ്ടിയിൽ പെടാതെ പോകരുതാത്ത ഒരു കാര്യം ഓൾട്ട് റൈറ്റിന്റെ (Alt right) നിർലജ്ജമായ അശ്ലീലതയുടെ ഭയങ്കരവും ആശ്ചര്യകരവുമായ വർധനയാണ്. ഇത് ആഞ്ജല നെയ്ഗലിന്റെ (Angela Nagle) ശ്രദ്ധേയ കൃതിയായ Kill All Normies ൽ വിശകലനം ചെയ്യുന്നുണ്ട്. (Kill all Normies : Online Culture Wars From 4Chan and Tumblr to Trump and AtlRight, Zero books, 2017). പരമ്പരാഗതമായി, അല്ലെങ്കിൽ ചുരുങ്ങിയത് പാരമ്പര്യത്തെക്കുറിച്ചുള്ള ഭൂതകാലപരമായ നമ്മുടെ അവലോകനം, അനാവൃതമാകുന്ന നാണം വെടിഞ്ഞ അസഭ്യത പലപ്പോഴും സാമ്പ്രദായികമായ അധീശാധികാരങ്ങളെ തുരങ്കം വെക്കുന്ന വിധ്വംസക കൃത്യങ്ങൾക്ക് നിദാനമായിട്ടുണ്ടെന്നും നേതാവിന്റെ കപടമഹത്വത്തെ അത് ഇല്ലാതാക്കുമെന്നുമാണ്.
1960 കളിലെ എന്റെ യൗവനകാലം ഓർക്കുന്നു. അക്കാലത്ത് പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾ തെറിവാക്കുകൾ പറയുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്യുമായിരുന്നു. അധികാരത്തെ അമ്പരപ്പിക്കാനും കുഴക്കാനും അധികാരികളുടെ കാപട്യത്തെയും കൗടില്യത്തെയും നിന്ദിക്കാനുമായിരുന്നു അവർ അങ്ങനെ ചെയ്തിരുന്നത് എന്നാണ് ഉറപ്പിച്ചു പറഞ്ഞിരുന്നത്. എന്നാൽ നമുക്കിപ്പോൾ അനുഭവവേദ്യമായ സ്ഫോടനാത്മകമായ പൊതു അശ്ലീലതയോടൊപ്പം അധികാരസ്വരൂപങ്ങളുടെ തിരോധാനമല്ല നടക്കുന്നത്. മറിച്ച്, നായകവിഗ്രഹങ്ങളുടെ തീവ്രമായ പുനഃപ്രത്യക്ഷപ്പെടലുകളാണ്. നമുക്ക് മുൻപിൽ അവതരിക്കുന്നത് ഏതാനും പതിറ്റാണ്ട് മുൻപ് അചിന്ത്യമായ എന്തോ ഒന്നാണ് - അശ്ലീലതയും ആഭാസത്തരവും നിറഞ്ഞ നേതാക്കൾ.
മൂന്നു പതിറ്റാണ്ടു മുൻപ് ബോസ്നിയയിൽ യുദ്ധമുണ്ടായപ്പോൾ ലൈംഗികാക്രമണത്തിനിരയായ സ്ത്രീകളുടെ ആത്മഹത്യകളെക്കുറിച്ച് വന്ന വാർത്തകൾ ഞാനോർക്കുന്നു. അവർ ലൈംഗികാക്രമണങ്ങളെ അതിജീവിച്ചു. അവർ തുടർന്നും ജീവിച്ചിരുന്നത് തങ്ങളുടെ കദനകഥ തങ്ങളുടെ സമുദായത്തോട് പറയണമെന്ന ദൃഢപ്രത്യയമുള്ളതുകൊണ്ടായിരുന്നു. പക്ഷേ, അവരുടെ കഥ കേൾക്കാൻ പലപ്പോഴും സമുദായത്തിലെ ഒരാളും തയ്യാറായില്ല. അവരെ സമുദായം സംശയദൃഷ്ടിയോടെയാണ് കണ്ടത്. മാത്രമോ, അവർ നേരിട്ട ആക്രമണത്തിൽ അവരും പങ്കാളികളായെന്നും അതിൽ അവർ കൂട്ടുത്തരവാദികളാണെന്നുമുള്ള വിധത്തിലാണ് സമുദായം പെരുമാറിയത്. ഈ തിക്തമായ അനുഭവം അവരെ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാക്കുകയായിരുന്നു. സമകാലിക ലോകത്തെ രാഷ്ട്രീയ അശ്ലീലതകൾക്കെതിരെ രോഷപൂർവം പൊട്ടിത്തെറിക്കുന്നവരെ കാത്തിരിക്കുന്നത് അതിന് സമാനമായ സാഹചര്യമാണ്. കാരണം, ഴാക് ലകാൻ പറയുന്ന "big other', നാം സംബോധന ചെയ്യുകയും വിശ്വാസം അർപ്പിക്കുകയും ചെയ്യുന്ന ധാർമിക അധികാരതലം, ഇന്നെവിടെയുമില്ല. നമ്മുടെ ആവലാതികൾ അപ്പോൾ നിരർഥകമായിത്തീരുന്നു. ആരുമില്ല അതൊന്നും കേൾക്കാൻ.
സംഭവിച്ചത് സത്യത്തിന്റെ അന്ത്യമോ?
പൊതുഅശ്ലീലതയുടെ ഈ തീവ്രമായ വർധനവിനെ പലരും ആരോപിക്കുന്ന സത്യത്തിന്റെ കയ്യൊഴിയലുമായി നാം ബന്ധപ്പെടുത്തേണ്ടതുണ്ടോ? മുഴുത്തു പെരുത്ത മീഡിയ പേർത്തും പേർത്തും പറഞ്ഞുകൊണ്ടിരിക്കുന്നത് നാം ജീവിക്കുന്നത് സത്യാനന്തര കാലഘട്ടത്തിലാണെന്നും പൊതുവ്യവഹാരങ്ങളിലെ ഈ സത്യവർജനം ജനാധിപത്യം നേരിടുന്ന മഹാഭീഷണിയാണെന്നുമാണ്. മീഡിയയിൽ (അവയിൽ മാത്രമല്ല) വ്യാജവാർത്തകളുടെ പൊട്ടിയൊഴുകലിനെ ലിബറൽ വിമർശകർ മൂന്ന് സംഗതികളുമായാണ് അടയാളപ്പെടുത്തുന്നത്. ഇവ മൂന്നും സമ്മേളിക്കുമ്പോഴാണ് "സത്യത്തിന്റെ അന്ത്യം' സംഭവിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ എല്ലാ ചരിത്രങ്ങളും തികച്ചും അങ്ങനെയാണ്; പ്രത്യേകം തിരഞ്ഞെടുത്ത ഡേറ്റയെ ചേർച്ചയും പൊരുത്തവുമുള്ള ആഖ്യാനങ്ങളാക്കുകയാണ് ചെയ്യുന്നത്. അവയൊന്നും യാഥാർഥ്യത്തിന്റെ ഫോട്ടോഗ്രാഫിക് പകർപ്പല്ല.
ഒന്നാമത്തേത്, "മത-എത്നിക്’ മൗലികവാദങ്ങളുടെ ഉത്തരോത്തരമുള്ള വളർച്ചയാണ്. (ഇവയോടൊപ്പം, മറുവശമായ ഒട്ടും മയമില്ലാത്ത പൊളിറ്റിക്കൽ കറക്റ്റ്നസ്സും പെരുകുന്നു). ഈ പരിതോവസ്ഥ, യുക്തിസഹമായ വാദമുഖങ്ങളെ നിരാകരിക്കുകയും ഡേറ്റയുടെ നിഷ്‌കരുണമായ കൃത്രിമപ്പണിയിലൂടെ തങ്ങളുടെ ആശയവും സന്ദേശവും പരമാവധി പടർത്താൻ നിലമൊരുക്കുകയും ചെയ്യുന്നു. ജീസസിനുവേണ്ടി ക്രിസ്ത്യൻ മതമൗലികവാദികൾ കള്ളം പറയുന്നു. രാഷ്ട്രീയ കൃത്യതയുള്ള ഇടതുപക്ഷവാദികൾ തങ്ങൾ തിരഞ്ഞെടുക്കുന്ന ഇരകളെ മോശമായി ചിത്രീകരിക്കാൻ വാർത്തകളെ അസ്പഷ്ടമാക്കുന്നു. അല്ലെങ്കിൽ അത്തരം വാർത്തകളുടെ വാഹകരെ ഇസ്ലാമോഫോബിക് റേസിസ്റ്റുകളായി ആക്ഷേപിക്കുന്നു. പിന്നെ വരുന്നത് പുതിയ ഡിജിറ്റൽ മീഡിയ ആണ്. അവ ഏകീകൃതമായ പൊതു ഇടത്തിനുപുറത്ത് വാർത്തയും വിചാരവും കൈമാറ്റം ചെയ്യുന്ന കമ്യൂണിറ്റികൾ ഉണ്ടാക്കാൻ ആളുകളെ പ്രാപ്തരാക്കുന്നു.
ഈ ഇടങ്ങളിൽ ഗൂഢാലോചനാ സിദ്ധാന്തങ്ങളും സമാന തത്വവിചാരങ്ങളും നിയന്ത്രണമില്ലാതെ തഴച്ചുവളരുന്നു. ഒടുവിൽ വരുന്നത് ഉത്തരാധുനിക അപനിർമാണവാദത്തിന്റെയും ചരിത്രാപേക്ഷികതാവാദത്തിന്റെയും പൈതൃകമാണ്. അവ അവകാശപ്പെടുന്നത്, എല്ലാവർക്കും സാധുവായ വസ്തുനിഷ്ഠ സത്യം എന്നൊന്നില്ലെന്നും ഓരോ സത്യവും അവലംബിക്കുന്നത് ഒരു നിശ്ചിതമായ സങ്കല്പമണ്ഡലത്തെയാണെന്നും അവ വേരൂന്നുന്നത് ആത്മനിഷ്ഠമായ കാഴ്ചപ്പാടിലാണെന്നും അവ പറ്റി നിൽക്കുന്നത് അധികാരബന്ധങ്ങളിലാണെന്നുമാണ്. കൂടാതെ, ഏറ്റവും ബൃഹത്തായ പ്രത്യയശാസ്ത്രം എന്നു പറയുന്നത് ചരിത്രപരമായ പരിമിതികൾക്കപ്പുറത്ത് കടന്ന് ഏത് വിഷയത്തെയും സംഗതിയെയും വസ്തുനിഷ്ഠമായി വിലയിരുത്താൻ കഴിയും എന്ന അവകാശവാദമാണെന്ന് അപനിർമാണത്തിന്റെ പ്രണേതാക്കളും ആപേക്ഷികതാവാദ പ്രയോക്താക്കളും പറയും.
ഏറ്റവും ഫലപ്രദവും സമർഥവുമായ കള്ളങ്ങൾ സത്യവുമായി കൂടിച്ചേർന്ന കള്ളങ്ങളാണ്; വസ്തുതാപരമായ വിവരങ്ങൾ മാത്രം പുനരുൽപ്പാദിപ്പിക്കുന്ന കള്ളങ്ങൾ.
അതേസമയം സത്യാന്ത്യത്തിന്റെ വിമർശകർ, വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ സമീപനത്തിലൂടെ പുറത്തുകിടക്കുന്ന വസ്തുതകളിലേക്ക് എത്താനും അവയെ പരിശോധിക്കാനും കഴിയുമെന്ന് പറയും. നമ്മൾ കാഴ്ചപ്പാടുകളുടെ സ്വാതന്ത്ര്യത്തെയും വസ്തുതകളുടെ സ്വാതന്ത്ര്യത്തെയും വേർതിരിച്ച് കാണണമെന്ന് അവർ കൂട്ടിച്ചേർക്കും. അപ്പോൾ ലിബറലുകൾക്ക് അനായാസമായി സത്യത്തിന്റെ വിശേഷാധികാരമുള്ള നിലം കൈവശപ്പെടുത്താനും ആൾട്ട്-റൈറ്റിനെയും റാഡിക്കൽ ലെഫ്റ്റിനെയും ഒരുപോലെ തള്ളിപ്പറയാനും കഴിയും.
പ്രശ്നങ്ങൾ തുടങ്ങുന്നത് ഈ വേർതിരിവോടെയാണ്. ഒരർഥത്തിൽ "ഇതര വസ്തുതകൾ' ഉണ്ട്. ഇത് പക്ഷേ, തീർച്ചയായും നാസികളുടെ കാലത്ത് ഹോളോകോസ്റ്റ് നടന്നിട്ടുണ്ടോ ഇല്ലയോ എന്ന മട്ടിലുള്ളതല്ല. ഡേവിഡ് ഇർവിങിനെപ്പോലുള്ള പല ഹോളോകോസ്റ്റ് റിവിഷനിസ്റ്റുകളെയും എനിക്കറിയാം. അവരുടെ വാദമുഖങ്ങൾ, ഡേറ്റയെ നിഷ്‌കർഷമായി പരിശോധിച്ചുള്ള എംപിരിക്കൽ രീതിയെ അടിസ്ഥാനമാക്കിയാണ്, അവരാരും ആധുനികോത്തര ആപേക്ഷികതാവാദം ആവാഹിക്കുന്നുമില്ല. പക്ഷേ, നാം മനസ്സിലാക്കേണ്ട കാര്യം, ഈ "ഡേറ്റ' എന്നത് വളരെ വിപുലവും പഴുതില്ലാത്തതുമായ ഒരു മണ്ഡലമാണ് എന്നതാണ്. ഡേറ്റയെ എപ്പോഴും നാം സമീപിക്കുന്നത് ഒരു നിശ്ചിതമായ സമീക്ഷയുടെ കോണിലൂടെയാണ്. അപ്പോൾ ചില ഡേറ്റയ്ക്ക് നാം സവിശേഷ പ്രാമുഖ്യം കൊടുക്കുകയും മറ്റു ചിലതിനെ ഒഴിവാക്കുകയും ചെയ്യുന്നു.
നമ്മുടെ എല്ലാ ചരിത്രങ്ങളും തികച്ചും അങ്ങനെയാണ്; പ്രത്യേകം തിരഞ്ഞെടുത്ത ഡേറ്റയെ ചേർച്ചയും പൊരുത്തവുമുള്ള ആഖ്യാനങ്ങളാക്കുകയാണ് ചെയ്യുന്നത്. അവയൊന്നും യാഥാർഥ്യത്തിന്റെ ഫോട്ടോഗ്രാഫിക് പകർപ്പല്ല.
ഉദാഹരണത്തിന്, ഒരു ജൂതവിരുദ്ധ ചരിത്രകാരന് 1920 കളിൽ ജർമൻ സാമൂഹിക ജീവിതത്തിൽ ജൂതൻമാർക്കുണ്ടായിരുന്ന പ്രഭാവത്തെക്കുറിച്ച് നിഷ്പ്രയാസം പൊതുവായ അവലോകനം നടത്താൻ സാധിക്കും. അവൾക്ക്/അവന് ജർമനിയുടെ സമസ്ത സാമൂഹിക മണ്ഡലങ്ങളിലും - അഭിഭാഷകർ, പത്രപ്രവർത്തകർ, ചിന്തകർ, ശാസ്ത്രജ്ഞർ, കലാകാരൻമാർ - ജൂതൻമാർ കൈയാളിയിരുന്ന വലിയ പങ്കിനെക്കുറിച്ച് സംഖ്യാപരമായി പ്രതിപാദിക്കാൻ കഴിയും. ഇത് ഏറെക്കുറെ സത്യവുമായിരിക്കും. എന്നാൽ ഈ സത്യം, ഒരു അസത്യത്തെ സ്പഷ്ടമായി സേവിക്കുകയാണ് ചെയ്യുന്നത്.
ഏറ്റവും ഫലപ്രദവും സമർഥവുമായ കള്ളങ്ങൾ സത്യവുമായി കൂടിച്ചേർന്ന കള്ളങ്ങളാണ്; വസ്തുതാപരമായ വിവരങ്ങൾ മാത്രം പുനരുൽപ്പാദിപ്പിക്കുന്ന കള്ളങ്ങൾ. നിങ്ങൾ ഒരു രാജ്യത്തിന്റെ ചരിത്രമെടുക്കൂ. ഒരാൾക്ക് ആ രാഷ്ട്രചരിത്രത്തെ രാഷ്ട്രീയമായ വീക്ഷണകോണിലൂടെയും സാമ്പത്തിക വികസനത്തിന്റെയും പ്രത്യയശാസ്ത്ര സമരങ്ങളുടെയും ദുരിതങ്ങളുടെയും പ്രതിഷേധങ്ങളുടെയും പരിപ്രേക്ഷ്യങ്ങളിലൂടെയും പറയാൻ പറ്റും. ഈ ഓരോ സമീപനവും വസ്തുതാപരമായി കൃത്യവും ശരിയുമായിരിക്കാം. പക്ഷേ, അവയൊന്നും വ്യക്തവും ശക്തവുമായ അർഥത്തിൽ "സത്യ'മല്ല. ഒരു പ്രത്യേക പ്രത്യയശാസ്ത്ര താല്പര്യത്തിന്റെ താങ്ങിൽ, പ്രത്യേക വീക്ഷണകോണിലൂടെ വിവരിക്കുന്ന ഇത്തരം ചരിത്രങ്ങളൊന്നും ആപേക്ഷികസ്വഭാവമുള്ളതുമല്ല.
സ്വകാര്യ താത്പര്യമുള്ള ഈ വക വീക്ഷണങ്ങളെല്ലാം ആത്യന്തികമായി ഒരുപോലെ സത്യമാണെന്ന് എങ്ങനെ കാണിക്കുമെന്നത് ദുഷ്‌കരമായ കാര്യമാണ് - ചിലത് മറ്റുള്ളവയേക്കാൾ "സത്യപൂർണ'മാണ്.
ശരിയും തെറ്റുമായ ഡേറ്റ മാത്രമല്ല ഉള്ളത്. ശരിയും തെറ്റുമായ ആത്മനിഷ്ഠ കാഴ്ചപ്പാടുകളുമുണ്ട്. കാരണം, ഈ ആത്മനിഷ്ഠ വീക്ഷണകോണുകൾ തന്നെ ഡേറ്റയുടെ ഭാഗമാണ്, സാമൂഹിക യാഥാർഥ്യത്തിന്റെ അംശമാണ്.
ഉദാഹരണത്തിന്, നാസി ജർമനിയെക്കുറിച്ച്, അത് അടിച്ചമർത്തിയവരുടെ പീഡാനുഭവങ്ങളുടെ കാഴ്ചപ്പാടിൽ ഒരു ചരിത്രം പറയുകയാണെന്ന് കരുതുക. ആ വിവരണം സാർവലൗകികമായ മനുഷ്യ വിമോചന താത്പര്യത്തെ മുൻനിർത്തിയാണെന്നും വിചാരിക്കുക. അപ്പോൾ അത് വെറും ഒരു ഇതര ആത്മനിഷ്ഠ വീക്ഷണമാണെന്ന് പറയാനാവില്ല. അങ്ങനെയുള്ള ഒരു പുനരാഖ്യാനത്തിൽ "കൂടുതൽ നേര്' അന്തർലീനമാണ്. എന്തുകൊണ്ടെന്നാൽ, അത്തരം പുനരാഖ്യാനങ്ങൾ നാസിസത്തിന് ജന്മം നൽകിയ സാമൂഹിക സാകല്യത്തിന്റെ ബലതന്ത്രങ്ങൾ മതിയാംവണ്ണം പ്രതിപാദിക്കുന്നു. എല്ലാ ആത്മനിഷ്ഠ താത്പര്യങ്ങളും ഒരുപോലെയല്ല - ചിലത് മറ്റുള്ളവയേക്കാൾ നൈതികമായി ശ്രേഷ്ഠമായതുകൊണ്ട് മാത്രമല്ല. ആത്മനിഷ്ഠ താത്പര്യങ്ങളൊന്നും സാമൂഹിക സാകല്യത്തിന് പുറത്തുനിൽക്കുന്നവയല്ല എന്നതിനാലും അവ രൂപവത്കരിക്കുന്നത് സാമൂഹിക പ്രക്രിയകളിൽ സക്രിയരും ഒരുവേള നിഷ്‌ക്രിയരുമായ പങ്കാളികളാണ് എന്നതിനാലുമാണ്.
ഇത്തരുണത്തിൽ ഹാബർമാസിന്റെ ആദ്യകാല മാസ്റ്റർപീസിന്റെ ശീർഷകമാണ് ഓർമ വരുന്നത് - Knowledge and Human Interests - ഇത് ഒരു പക്ഷേ, എന്നത്തേക്കാളും വാസ്തവികമാണ്. "സത്യത്തിന്റെ മരണം' എന്ന പ്രഘോഷണത്തിന് ആസ്പദമായ അനുമാനത്തിന്, അതിലേറെ പ്രശ്നങ്ങളുണ്ട്. "സത്യാനന്തരകാല'ത്തിന്റെ ഉദ്ഘോഷകർ പറയുന്നതുകേട്ടാൽ തോന്നുക, മുൻപ്, 1980 കൾ വരെയെങ്കിലും, എന്തെല്ലാം കൗശലപ്പണികളും വക്രീകരണങ്ങളും ഉണ്ടായിരുന്നുവെങ്കിലും "സത്യം' ഏറെക്കുറെ അതിജീവിച്ചുവെന്നും "സത്യമൃത്യു' ഒരു സമീപകാല പ്രതിഭാസമാണെന്നുമാണ്. സമീപഭൂതകാലത്തിന്റെ ഒരു ദ്രുതാവലോകനം ഇതല്ല സംഗതി എന്ന് കാണിക്കുന്നു.
വിയറ്റ്നാം യുദ്ധം മുതൽ ഇറാഖ് അധിനിവേശം വരെ എത്രയെത്ര അദൃശ്യമായ മനുഷ്യാവകാശധ്വംസനങ്ങളും മാനുഷിക മഹാദുരന്തങ്ങളുമാണ് നടന്നത്. റിച്ചാർഡ് നിക്സന്റെയും റൊണാൾഡ് റീഗന്റെയും ജോർജ് ബുഷിന്റെയും ഭരണകാലങ്ങളെ വെറുതെയൊന്ന് ഓർത്തുനോക്കൂ.
ഭൂതകാലം കൂടുതൽ "സത്യനിഷ്ഠ'മായിരുന്നു എന്നതല്ല യാഥാർഥ്യം. അക്കാലത്ത് ഭരണവർഗത്തിന്റെ പ്രത്യയശാസ്ത്ര അധീശത്വം വളരെ പ്രബലമായിരുന്നുവെന്നും അതിനാൽ ഇക്കാലത്തുള്ള സാമാന്യത്തിൽ കവിഞ്ഞ നാടൻ "സത്യങ്ങൾ'ക്കു പകരം അക്കാലത്ത് ഒരു "സത്യം', അല്ലെങ്കിൽ അതിനേക്കാൾ "വലിയ കള്ളം' ആണ് അടിസ്ഥാനപരമായി നിലവിലുണ്ടായിരുന്നത് എന്നതുമാണ് പരമാർഥം. പാശ്ചാത്യനാടുകളിൽ, ഈ "സത്യം' അല്ലെങ്കിൽ "വമ്പിച്ച നുണ' ഉദാര ജനാധിപത്യമെന്ന സത്യമായിരുന്നു; വലതും ഇടതുമായി രൂപം മാറുന്ന ഉദാരജനാധിപത്യങ്ങൾ.
ഇക്കാലത്ത് സംഭവിക്കുന്നത് വേറൊരു പ്രക്രിയയാണ്. പോപ്പുലിസ്റ്റ് രാഷ്ട്രീയ തരംഗം അധികാരിവർഗ്ഗത്തിന്റെ രാഷ്ട്രീയ സ്ഥാപനങ്ങളെ അസ്ഥിരമാക്കിയിരിക്കുന്നു, ഇളക്കി മറിച്ചിരിക്കുന്നു. ഈ സ്ഥാപനങ്ങളുടെ പ്രത്യയശാസ്ത്ര ആരുഢമായി വർത്തിച്ച, അവയെ സേവിച്ച, "സത്യം/അസത്യം' എന്ന സ്ഥിതിവിശേഷം ഇടിഞ്ഞു വീഴുകയാണ്, അവസാനിക്കുകയാണ്. ഈ ശിഥിലീകരണത്തിന്റെ അന്തിമമായ കാരണം, ആധുനികോത്തര ആപേക്ഷിതാവാദത്തിന്റെ മുന്നേറ്റമല്ല. ഭരണവർഗ്ഗത്തിന് അതിന്റെ പ്രത്യയശാസ്ത്ര നടുനായകത്വം മുൻപെന്നപോലെ നിലനിർത്താൻ കഴിയുന്നില്ല. ഇത് ആത്യന്തികമായി ഭരണവർഗത്തിന്റെ പ്രത്യയശാസ്ത്ര നടുനായകത്വം ഏറ്റുവാങ്ങിയ തോൽവിയിൽ നിന്ന് മുളച്ചുപൊങ്ങിയ സാഹചര്യമാണ്.
"സത്യത്തിന്റെ മരണ'ത്തിൽ വിലപിക്കുന്നവർ യഥാർഥത്തിൽ എന്തിലാണ് ദുഃഖിക്കുന്നത് ? അവർ ഖേദിക്കുന്നത് ഒരു വലിയ തിരക്കഥയുടെ, ആഖ്യാനത്തിന്റെ ശിഥിലതയിലാണ്. ഈ വലിയ കഥയാണ് സമൂഹത്തിലെ ഭൂരിപക്ഷവും ഏറെക്കുറെ പരിഗ്രഹിച്ചിരുന്നതും സമൂഹത്തിന് പ്രത്യയശാസ്ത്രപരമായ സ്ഥിരതയും ദൃഢതയും നൽകിയിരുന്നതും. ആപേക്ഷികതാവാദത്തെ ശപിക്കുന്നവരാകട്ടെ ഈ വലിയ സത്യകഥനം, അല്ലെങ്കിൽ വലിയ കള്ളം കൃത്രിമമായി നിർമിച്ച സുരക്ഷിതസ്ഥലം നിഷ്‌ക്രമിച്ചതിന്റെ നഷ്ടബോധമുള്ളവരാണ്. ഈ സത്യകഥനമാണ് എല്ലാവർക്കും "അവബോധ ഭൂപടം' നൽകിയിരുന്നത്. ചുരുക്കത്തിൽ, ഈ സത്യകഥനാന്ത്യത്തിൽ ദുഃഖിക്കുന്നവരാണ് സത്യമായും സമൂലമായും ഈ ചാവേറ്റത്തിന്റെ കാര്യകർത്താക്കൾ. അവരുടെ പ്രമാണസൂക്തം ഗെഥെയുടെ ഒരു പ്രമാണവാക്യത്തിലാണ് ചുമത്തുന്നത് : "അവ്യവസ്ഥയേക്കാൾ നല്ലത് അനീതിയാണ്, അസത്യങ്ങളുടെയും സത്യങ്ങളുടെയും മിശ്രിത യാഥാർഥ്യത്തേക്കാൾ നല്ലത് ഒരു വലിയ കള്ളമാണ്'.
ഇതിനർഥം ആധുനികോത്തര ആപേക്ഷികതാവാദം ആവശ്യപ്പെടുന്നതുപോലെ നാം അസത്യങ്ങളുടെയും (ചെറിയ) സത്യങ്ങളുടെയും മിശ്രിതത്തെ അംഗീകരിക്കണമെന്നാണോ? തീർച്ചയായും അല്ല. ഇത് വാസ്തവത്തിൽ അർഥമാക്കുന്നത് പഴയ പ്രത്യയശാസ്ത്ര നടുനായകത്വത്തിലേക്ക് ഇനി ഒരു തിരിച്ചുപോക്കില്ല എന്നാണ്. സത്യത്തിലേക്ക് തിരിച്ചെത്താനുള്ള ഒരേ ഒരു വഴി, സാർവലൗകികമായ വിമോചനത്തിന്റെ കാഴ്ചപ്പാടിൽ വ്യാപൃതമായി അതിനെ അഴിച്ചുപണിയുകയും പുനഃസംവിധാനം ചെയ്യുകയും എന്നതത്രെ. ഇതിൽ ഉൾച്ചേർന്നിട്ടുള്ള ഒരു വിരോധാഭാസം അതായത് സാർവലൗകിക സത്യവും പക്ഷപാതിത്വവും പരസ്പരം ഒഴിച്ചുനിർത്തുന്നതല്ല എന്ന കാര്യം, നാം അംഗീകരിക്കേണ്ടിവരും. നമ്മുടെ സാമൂഹിക ജീവിതത്തിൽ സാർവലൗകികസത്യം പ്രാപ്യമാവുന്നത് ഈ വിമോചന തീവ്രയത്നസമരത്തിൽ മുഴുകിയവർക്ക് മാത്രമാണ്. "നിഷ്പക്ഷമായ' നിസ്സംഗത നിലനിർത്താൻ ശ്രമിക്കുന്നവർക്ക് അത് കൈവരികയില്ല.
ജൂതവിരോധം എന്ന ഉദാഹരണത്തിലേക്ക് നമുക്ക് പോകാം. അതോടൊപ്പം എല്ലാ തരത്തിലുമുള്ള വംശീയ വിദ്വേഷരൂപങ്ങളിലേക്കും. ജൂതവിരുദ്ധത പൂർണമായും തെറ്റാണ്, അന്യായമാണ്; അതിന് ഭാഗികമായ "സത്യ'-ങ്ങളുടെ പിൻബലമുണ്ടെങ്കിലും. ശരിയും തെറ്റുമായ ഡേറ്റ മാത്രമല്ല ഉള്ളത്. ശരിയും തെറ്റുമായ ആത്മനിഷ്ഠ കാഴ്ചപ്പാടുകളുമുണ്ട്. കാരണം, ഈ ആത്മനിഷ്ഠ വീക്ഷണകോണുകൾ തന്നെ ഡേറ്റയുടെ ഭാഗമാണ്, സാമൂഹിക യാഥാർഥ്യത്തിന്റെ അംശമാണ്.
ജൂഡിത്ത് ബട്ട്ലറിന്റെ മഹാമാരിഭാഷ്യം
പ്രത്യയശാസ്ത്രം സ്പഷ്ടമായി രൂപം നൽകപ്പെട്ട ആശയങ്ങളുടെയും ആദർശങ്ങളുടെയും ചട്ടക്കൂടോ ഘടനയോ അല്ല. നമ്മുടെ ദൈനംദിന ജീവിതത്തിലും സ്ഥാപനങ്ങളിലും ഈ ചട്ടക്കൂട് എങ്ങനെ പ്രവർത്തിക്കുന്നു എന്ന കാര്യം പ്രത്യയശാസ്ത്രം ഉൾക്കൊള്ളുന്നുണ്ട്. നമ്മൾ കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുമ്പോൾ പ്രത്യയശാസ്ത്രം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം. മഹാമാരിയെക്കുറിച്ചുള്ള സർവപ്രബലമായ ചിന്തനരൂപം പ്രവചനീയ പ്രതിപാദ്യങ്ങളുടെ സംയുക്തമാണ്.
മഹാമാരിക്കാലത്ത് സാമൂഹികവും സാമ്പത്തികവുമായ പിരിമുറുക്കങ്ങൾ മാത്രമല്ല പൊട്ടിത്തെറിച്ചത്. നാം പ്രകൃതിയുടെ കേന്ദ്രമല്ലെന്നും അതിന്റെ ഒരു ഭാഗം മാത്രമാണെന്നും അതിനാൽ നമ്മുടെ ജീവിതരീതികൾ മാറ്റേണ്ടതുണ്ടെന്നും മഹാമാരി ഓർമ്മിപ്പിച്ചു - നമ്മുടെ വ്യക്തിമാഹാത്മ്യവാദം പരിമിതപ്പെടുത്തണമെന്നും പൊതുതാല്പര്യങ്ങളെ മുൻനിർത്തിയുള്ള പുതിയ ഐക്യദാർഢ്യം പുഷ്ടിപ്പെടുത്തണമെന്നും ഭൂമിയിലെ ജീവിതപ്രവർത്തനങ്ങളിൽ നമ്മുടെ വിനീതമായ സ്ഥാനം അംഗീകരിക്കണമെന്നും മഹാമാരി ഓർമയിൽ കൊണ്ടുവന്നു.
ജൂഡിത്ത് ബട്ട്ലർ ഇക്കാര്യം ഇങ്ങനെ സംക്ഷേപിച്ചു : "ആവാസയോഗ്യമായ ഒരു ലോകത്തിന് പുഷ്ടിയുള്ള തഴച്ചുവളരുന്ന ഭൂമി അനുപേക്ഷണീയമാണ്. എന്നാൽ മനുഷ്യനായിരിക്കരുത് അതിന്റെ കേന്ദ്രം. നമ്മൾ പരിസ്ഥിതിയെ ഹനിക്കുന്ന വിഷവസ്തുക്കളെ എതിർക്കുന്നത് നമുക്ക് വിഷബാധയേൽക്കാതെ ജീവിക്കാനും ശ്വസിക്കാനും മാത്രമല്ല. വെള്ളത്തിലും വായുവിലുമൊക്കെയുള്ള ജീവജാലങ്ങൾക്കുവേണ്ടിയുമാണ്. അവയുടെ ജീവനം നമ്മുടെ ജീവിതവുമായി കേന്ദ്രഗതമല്ല. പരസ്പരബന്ധിതമായ ഇക്കാലത്ത് നാം ഇടുങ്ങിയ വ്യക്തിവാദം പൊളിച്ചുകളയണം. അപ്പോൾ മാത്രമേ മനുഷ്യർ ഈ ഭൂമിയിൽ വഹിക്കുന്ന ചെറുതായ പങ്കിനെക്കുറിച്ച് വിഭാവനം ചെയ്യാൻ കഴിയൂ. ഭൂമിയുടെ പുനരുജ്ജീവനത്തെ ആശ്രയിച്ചിരിക്കുന്നു മനുഷ്യരുടെയും സകല ജീവജാലങ്ങളുടെയും നിലനിൽപ്പ്. അതാകട്ടെ ഭൂമിയിൽ നാം വഹിക്കേണ്ട ചെറുതും കരുതലും സൂക്ഷ്മതയുമുള്ള പങ്കിനെ ആശ്രയിച്ചിരിക്കുന്നു.'
"വെള്ളത്തിലും വായുവിലുമൊക്കെ ജീവനുണ്ടെന്നും അവയുടെ ജീവനം നമ്മുടെ ജീവിതവുമായി കേന്ദ്രഗതമല്ല' എന്നുമുള്ള ഭാഷ്യത്തിന് നൽകുന്ന ഊന്നൽ ലളിത സ്വഭാവമുള്ളതല്ലേ ? അതായത്, നാം കൈക്കൊള്ളേണ്ട പങ്ക് ചെറുതും സൂക്ഷ്മവും വിനീതവുമായിരിക്കണമെന്ന് പറയുന്നത് ലളിതവത്കരണമല്ലേ? ആഗോളതാപനവും മറ്റ് പാരിസ്ഥിതിക ഭീഷണികളും പരിസ്ഥിതിയിൽ നമ്മുടെ കൂട്ടായ ഇടപെടലുകൾ അവശ്യമാക്കുന്നില്ലേ? ഈ ഇടപെടലുകൾ അവിശ്വസനീയമാംവിധം ശക്തിമത്തായിരിക്കേണ്ടതല്ലേ? ഭൂമിയിലെ ശരാശരി താപനിലാ വർധനവ് രണ്ട് ഡിഗ്രി സെൽഷ്യസിൽ താഴെയായി നിലനിർത്തണമെന്ന് നാം പറയുമ്പോൾ മനുഷ്യർ പ്രവർത്തിക്കുന്നത് ഇവിടെയുള്ള മൊത്തം ജീവജാലങ്ങളുടെ പൊതുകാര്യകർത്താക്കളായാണ്. മറിച്ച്, വിനയവും അടക്കവുമുള്ള ഒരു സ്പീഷിസായല്ല.
ഭൂമിയുടെ പുനർജനി നമ്മുടെ "ചെറുതും വിനയമുള്ളതുമായ പങ്കി'നെക്കൊണ്ട് സാധ്യമാകില്ല. ഭൂമിയുടെ പുനരുല്പത്തിക്ക് മനുഷ്യരുടെ ഭാഗത്തുനിന്ന് അതിബൃഹത്തായ ഇടപെടലുകളുണ്ടാകണം. നമ്മുടെ പങ്ക് ഇക്കാര്യത്തിൽ ഗംഭീര പ്രകൃതമുള്ളതാണ്.
അപ്പോൾ നമുക്ക് കിട്ടുന്നത്, ആധുനികശാസ്ത്രത്തിനും അഹംതത്ത്വ വികാര വിചാരത്തിനും ഇടയിൽ പ്രവർത്തിക്കുന്ന തീവ്രമായ വിടവാണ്. ആധുനികശാസ്ത്രവും കർതൃബോധവും പ്രകൃതിയെ കീഴടക്കാനും അധീനമാക്കാനും ശ്രമിക്കവെത്തന്നെ അവ മനുഷ്യകുലത്തെ സംബന്ധിച്ച ഒരു ദർശനത്തിൽ പരസ്പരാശ്രിതവുമാണ്. നാം വെള്ളത്തിലെയും വായുവിലെയും ജീവനെ ശ്രദ്ധിക്കുന്നതിൽ വിചാരപ്പെടണമെന്നതിന്റെ അർഥം, മാർക്സ് കൃത്യമായി പറഞ്ഞതുപോലെ മനുഷ്യർ "സാർവലൗകിക ജീവികൾ' ആണെന്നതാണ്. അതോടൊപ്പം, മനുഷ്യർക്ക് തങ്ങളിൽ നിന്നുതന്നെ പുറത്തുകടക്കാനും, തങ്ങളുടെ തന്നെ തോളിൽ നിൽക്കാനും, പ്രകൃതിയുടെ സാകല്യത്തിന്റെ ഒരു ചെറുമാത്രയാണ്, തുച്ഛമുഹൂർത്തമാണ് തങ്ങളെന്ന അവബോധവുമുണ്ടാകണം.
പ്രാക് ആധുനികകാലങ്ങളിൽ മനുഷ്യരാശി സ്വയം മനസ്സിലാക്കിയിരുന്നത് സൃഷ്ടിയുടെ ഉച്ചിയാണ് തങ്ങളെന്നാണ്. വിരോധാഭാസപരമായി ഇത് ധ്വനിപ്പിച്ചത്, അധൃഷ്ടമായ ഒരു നില്പാണ്. ഈ വിരോധാഭാസത്തെ വെറിപിടിച്ച ഇക്കാലത്ത് നാം പുലർത്തണം. അതിനർഥം നാം ഭൂമിയിലെ ജീവഗണങ്ങളിൽ ഒന്നു മാത്രമാണെന്ന് അംഗീകരിക്കാനും അതേസമയം സാർവലൗകിക ജീവികൾ എന്ന നിലയ്ക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും നമുക്ക് കഴിയണം. നമ്മുടെ അതിരുകളുടെയും മഹാപരിമിതികളുടെയും നശ്വരതയുടെയും ആശ്വാസജനകമായ അടക്കത്തിലേക്കും വിനയത്തിലേക്കും തിരിയുന്നത് ഒരു തിരഞ്ഞെടുപ്പല്ല അത് അത്യാപത്തിലേക്കുള്ള വഴിയാണ്.▮
വിവർത്തനം : ലിഷ. കെ.കെ
ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ ഇംഗ്ലീഷ് വകുപ്പ് നടത്തിയ വെബിനാറിലെ പ്രഭാഷണത്തിന്റെ ആദ്യഭാഗം