വലിയ ഗുണ്ടകൾ ഡീസന്റാണ്

എന്ത് കൊണ്ട് ഇസ്രയേലിൻ്റെ ജാരപിതാവായ അമേരിക്കയടക്കുള്ള ഭരണകൂടങ്ങൾ നിസ്സഹായരായി ഈ പ്രക്ഷോഭങ്ങളെ നോക്കി നില്ക്കുന്നു എന്ന് നമ്മളിലാർക്കെങ്കിലും സംശയം തോന്നിയിട്ടുണ്ടോ?

വളരെ വർഷങ്ങൾക്ക് മുമ്പ്, ബോംബെ മുംബയ് ആകും മുമ്പ് നാസർ തളിപ്പറമ്പ് എന്ന സുഹൃത്തിൻ്റെ അമ്മോശൻ (Father in law) ഹൃദയസ്തംഭനം വന്ന് മരിച്ചു. ബോംബെ മുഹമ്മലി റോഡിലൊരിടത്ത് ഒരു റസ്റ്റാറൻ്റ് നടത്തുകയായിരുന്നു അദ്ദേഹം. റെസ്റ്റോറൻ്റിൻ്റെ കെട്ടിടവും അദ്ദേഹത്തിൻ്റെതാണ്.

മയ്യത്ത് നാട്ടിലെത്തിച്ചു ഖബറടക്കം ചെയ്തു കഴിഞ്ഞപ്പോൾ ബോംബെയിൽ നിന്ന് വന്ന അമ്മോശൻ്റെ പരിചയക്കാർ പറഞ്ഞു: നിങ്ങൾ ബോബെയിലെത്തി ആ റസ്റ്റോറൻ്റ് ഏറ്റെടുത്ത് നടത്തണം. ഇല്ലെങ്കിൽ അത് കൈയേറും.

കുടുംബക്കാരുമായി അകൽച്ചയായതിനാൽ അദ്ദേഹം വർഷങ്ങളായി നാട്ടിൽ വരാറില്ല, ഒരു ബന്ധവുമില്ല.

ബോംബെയിൽ നിന്ന് വന്ന ആളിൻ്റെ ഉപദേശത്തിന് മേൽ നാസറും കുടുംബവും അല്പം ഉദീസീനത കാണിക്കുകയും കുറച്ച് വൈകി ബോംബെയിലെത്തുകയും ചെയ്തു.

പക്ഷേ, ആ കട മറ്റാരോ കൈയേറി അവിടെ കച്ചവടം പൊടിക്കുന്ന കാഴ്ചയാണ് അവർ കണ്ടത്. പല തവണ ബോംബെയിൽ പോയി അവിടത്തെ പോലീസിനെയും വക്കീലിനെയുമൊക്കെ കണ്ട് റസ്റ്റോറൻ്റ് തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഇതിനിടയിൽ ഒരു തവണ നാസർ എൻ്റെ സഹായം തേടി. ഞാൻ ബോംബയിൽ അവനോടൊപ്പം പോയി എനിക്കറിയാവുന്ന ഒരു വക്കീലിൻ്റെ മുന്നിൽ നാസറിനെ എത്തിച്ചു. അന്ന് അദ്ദേഹം അവിടെ ശിവസേനയുടെ കേരള ഘടകം നേതാവായിരുന്നു. വല്ലതും നടക്കുമോ? ഞാൻ ചോദിച്ചു. അദ്ദേഹം തുറന്നു പറഞ്ഞു: ഒന്നും നടക്കില്ല. പിന്നെ എന്ത് ചെയ്യും? അദ്ദേഹം ഒരാളിൻ്റെ പേരും വീട്ടഡ്രസ്സും തന്നു. അയാളാണ് ഇപ്പോൾ റസ്റ്റോറൻ്റ് ഉള്ള സ്ഥലത്തെ 'ഗുണ്ടാ പ്രൊവിൻസി 'ൻ്റെ തലവൻ. അയാളെ ചെന്നു കണ്ടാൽ മതി. ഞാൻ വിളിച്ചു പറയാം.

ഗസയിലെ ഇസ്രയേൽ വംശഹത്യയിൽ പ്രതിഷേധിച്ച് മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുടെ വളഞ്ഞുകെട്ടി പ്രതിഷേധം. / Photo: Ortho PA via X

പ്രായോഗികമായി അതേ നടക്കൂ എന്ന് എനിക്കും തോന്നി. ഞാൻ ബോംബെ റെയിൽവേയിൽ അക്കാലത്ത് ഉദ്യോഗസ്ഥയായിട്ടിരിക്കുന്ന സുഹൃത്തിനെ വിളിച്ചു സംസാരിച്ചു. ഗുണ്ടയുടെ പേര് പറഞ്ഞതും അവർ ഞെട്ടിത്തരിച്ചു കൊണ്ട് പറഞ്ഞു: അയ്യോ അയാളുടെ പേര് കേട്ടാൽ ആരും പേടിച്ച് മൂത്രമൊഴിക്കും.

എന്തായാലും ഗുണ്ടയെ ഞങ്ങൾ വരുന്ന കാര്യം വക്കീൽ ഫോണിൽ വിളിച്ചു പറഞ്ഞു.

അയാൾ പറഞ്ഞ സ്ഥലത്തേക്ക് ഞാൻ ഒരു ഓട്ടോയിൽ എത്തി. നഗരമധ്യത്തിലെ സാമാന്യം വൃത്തിയുള്ള ഗലിയിൽത്തന്നെയാണ് അയാളുടെ വീട്. പാറാവുകാരൻ്റെ ചോദ്യം ചെയ്യലിനും പരിശോധനയ്ക്കും ശേഷം കൂറ്റൻ ഗേറ്റ് കടന്ന് ഞങ്ങൾ ഗുണ്ടയുടെ വീട്ടിലേക്ക് കാലെടുത്തു വെച്ചു, അപ്പോഴതാ മനോഹരമായ ഒരു ഗസൽ ആ വീട്ടിൽ നിന്ന് അലയടിച്ചു വരുന്നു. ഞാൻ ഒന്ന് സംശയിച്ചു. നാസറിനോട് ഞാൻ പറഞ്ഞു: വീട് തെറ്റിയെന്നാണ് തോന്നുന്നത്. ഗുണ്ടയുടെ വീട്ടിൽ ഗസലോ?

ഏറെ താമസിയാതെ, ഗുണ്ടയുടെ വീട് തന്നെയാണ് അതെന്ന് മനസ്സിലായി. ഞങ്ങൾ കോളിങ്ങ് ബൈല്ലടിച്ചതും ഒരാൾ വന്ന് ദേഹപരിശോധനയ്ക്ക് ശേഷം അകത്തേക്ക് വിട്ടു,

നടുത്തളത്തിലെത്തിയതും കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. കാതിൽ കടുക്കനൊക്കെയിട്ട ആ ഗുണ്ട തൻ്റെ മനോഹരമായ കാർപ്പെറ്റിൽ ചെരിഞ്ഞ് ഉരുളൻ തലയിണയിൽ മുട്ടുകാൽ വെച്ച് ഫരീദ ഖന്നൂമിൻ്റെ പ്രസിദ്ധമായ ആജ് ജാനെ കി സിദ് നാ കരോ എന്ന ഗസൽ കേൾക്കുന്നു; താളം പിടിക്കുന്നു; അയാളുടെ ദേഹത്ത് കയറി മറിയുന്ന പേരക്കുട്ടിയെ ഇടയ്ക്ക് തലോടുന്നു. അത് ഞങ്ങൾ അന്വേഷിച്ചു ചെന്ന ഗുണ്ട തന്നെയായിരുന്നു.

വക്കീലിൻ്റെ പേര് പറഞ്ഞതും അയാൾ ഇരിക്കാൻ പറഞ്ഞു.

ഇപ്പോൾ ഈ സംഭവം ഓർക്കാൻ കാരണമുണ്ട്.

നിസ്സഹായരായ പലസ്തീൻ ജനതയെ കൊന്നൊടുക്കുന്നതിനെതിരെ ഇക്കഴിഞ്ഞ ദിവസം അമേരിക്കയിലെ മിഷിഗൻ യൂണിവേഴ്സിറ്റിയിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന നരനായാട്ടിനെതിരെയും അതിന് യു.എസ്. നൽകുന്ന പിന്തുണയ്ക്കെതിരെയും കടുത്ത ഭാഷയിൽ മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധസമ്മേളനം നടത്തി. തങ്ങളുടെ രാജ്യത്തിൻ്റെ പിന്തുണയോടെ മാസങ്ങളായി നടക്കുന്ന ഇസ്രയേൽ തെമ്മാടിത്തത്തിനെതിരായ മുദ്രാവാക്യങ്ങളുമായി യുവജനങ്ങളുടെ സമുദ്രം തന്നെ തെരുവിലിറങ്ങിയിരമ്പി. അമേരിക്കയടക്കമുള്ള ഒന്നാം ലോകരാജ്യങ്ങളിൽ വിദ്യാർത്ഥികൾ ദിനേന നടത്തുന്ന പ്രതിഷേധങ്ങൾ അവരുടെ മാതൃരാജ്യങ്ങളുടെ നിലപാടിനെ തിരുത്താൻ തക്ക ശക്തിയുള്ളതായിരുന്നു. അവരാരും മതമനുഷ്യരല്ല, മനഃസാക്ഷി മനുഷ്യരാണ്.

മിഷിഗൺ സർവകലാശാലയിലെ ബിരുദ ദാനത്തിനിടെ പലസ്തീൻ മുദ്രാവാക്യമുയർത്തുന്ന വിദ്യാർഥികൾ. Photo: newarab.com

എന്ത് കൊണ്ട് ഇസ്രയേലിൻ്റെ ജാരപിതാവായ അമേരിക്കയടക്കുള്ള ഭരണകൂടങ്ങൾ നിസ്സഹായരായി ഈ പ്രക്ഷോഭങ്ങളെ നോക്കി നില്ക്കുന്നു എന്ന് നമ്മളിലാർക്കെങ്കിലും സംശയം തോന്നിയിട്ടുണ്ടോ? എന്താവും അവരുടെ നിസ്സംഗതയുടെ കാരണം.

ഉത്തരം ലളിതമാണ്:

വലിയ വലിയ ഗുണ്ടകളൊക്കെ അവരുടെ വീട്ടിൽ ഡീസൻ്റാണ്. കുട്ടികളെ അവർ സ്വതന്ത്ര ബുദ്ധിയോടെ വളരാൻ അനുവദിക്കുന്നു. വിലപിടിച്ച യൂണിവേഴ്സിറ്റികളിൽ അവരുടെ മക്കളെ പഠിപ്പിക്കുന്നു. മതം നോക്കാതെ അവരുടെ പെൺമക്കളെ കല്യാണം കഴിപ്പിക്കുന്നു. പശു ഇറച്ചി കഴിക്കുന്നു. അന്ധവിശ്വാസങ്ങളെ നോക്കി ചിരിക്കുന്നു. ബിയർ പാർലറിൽ നൃത്തം ചെയ്യുന്നു

അതേ സമയം സാധാരണക്കാർ ജാതിയും മതവും പറഞ്ഞ് തെരുവിലും സോഷ്യൽ മീഡിയയിലും തമ്മിലടിക്കുന്നു. സോഷ്യൽ മീഡിയയിൽ തെറി ഭാഷയ്ക്ക് കനത്ത സംഭാവനകൾ അർപ്പിക്കുന്നു.

എന്ത് കൊണ്ടാണ് അമേരിക്ക പോലുള്ള പ്രൗഢസൗമ്യത ധരിച്ച ലോകഗുണ്ടയായ ഒന്നാംലോകരാഷ്ട്രം അവരുടെ രാജ്യത്തെ യുവതലമുറകളുടെ മേൽ ഒരു ലാത്തിച്ചാർജ് പോലും നടത്താൻ മടിക്കുന്നത്?

അവർക്കെതിരെ അവരുടെ അടിയന്തരസേന ഒരു ലാത്തിച്ചാർജ് പോലും നടത്താത്തത്? എന്ത് കൊണ്ട് അവരെ രാജ്യവിരുദ്ധക്കുറ്റം ജയിലിലടക്കുന്നില്ല?

കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധിച്ച വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോവുന്നു. / Photo: Reem Kelani via X

ഉത്തരം ലളിതമാണ്. അവർക്കറിയാം, അവരുടെ സ്വതന്ത്ര ചിന്തയ്ക്കു മേൽ സമ്മർദ്ദം ചെലുത്തിയാൽ അവർ രാജ്യത്തെ സ്നേഹിക്കില്ല. സ്വയം സ്നേഹിക്കില്ല. സ്നേഹത്തിന് പകരം അവർ വെറുപ്പിനെ ആരാധിക്കും. അപരവെറുപ്പിനെ ആരാധിക്കുന്നതും ഈശ്വരാരാധനയും ഒന്നാണെന്ന് വിചാരിക്കും. ഈ വിചാരം ശീലിക്കുന്ന ഏതൊരു ജനതയും അവരുടെ രാഷ്ട്രവും നശിക്കാതെ പോയിട്ടില്ല. അവർക്ക് ശാസ്ത്ര മേഖലയ്ക്കോ മാനവിക വിഷയങ്ങൾക്കോ ഒരു സംഭാവനയും നൽകാനുള്ള കരുത്ത് ഉണ്ടായിട്ടില്ല. അവരുടെ കോടതി ഉപ്പ് വെച്ച കലം പോലെ ദ്രവിക്കാതിരുന്നിട്ടില്ല.

ഏതൊരു രാഷ്ട്രത്തിൻ്റെയും പ്രധാന സമ്പാദ്യം അവിടെ പാർക്കുന്ന ജനതയുടെ മൗലികചിന്താശേഷിയും സ്വതന്ത്ര ബൗദ്ധിക വ്യവഹാരതല്പരതയും സത്യാന്വേഷണബുദ്ധിയുമാണെന്ന് അവർക്ക് ആരെക്കാളും നന്നായിട്ടറിയാം. അതാണ് ഏത് രാഷ്ട്രത്തിൻ്റെയും ഭാവിയെ നിർണയിക്കുന്നതെന്നുമവർക്കറിയാം, അതുകൊണ്ട് അതിൽ തൊട്ട് അവർ കളിക്കില്ല. പൗരത്വബില്ലിനെതിരായ സമരത്തിൽ ഒരു രാജ്യം നമ്മുടെ വിദ്യാർത്ഥികളോട് എന്താണ് ചെയ്തതെന്നന്വേഷിച്ചാൽ, ഇത് സംബന്ധിച്ച് ഒരു താരതമ്യ പഠനം, നടത്തിയാൽ നമുക്കിത് മനസ്സിലാവും.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഒരു രാജ്യം കഴിഞ്ഞ കാൽ നൂറ്റാണ്ടിനുള്ളിൽ കണ്ടുപിടിച്ച ശാസ്ത്ര സാങ്കേതികോപകരണങ്ങളുടെ പേര് പറയാമോ? ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ട മഹത്തായ ഒരു ആശയ പ്രപഞ്ചത്തെപ്പറ്റി അറിവുള്ളവർ ഒന്ന് പറഞ്ഞു തരാമോ?

ഭരണകൂടങ്ങളുടെ ഗുണ്ടാപ്പണിയെടുക്കുന്ന നിയമസംവിധാനമുള്ള ഒരു രാജ്യവും ലോകത്ത് രക്ഷപ്പെട്ടിട്ടില്ല. സ്വാതന്ത്ര്യത്തിൻ്റെ ശുദ്ധവായു, ചിന്തയിലെ കുടിനീർ ശുദ്ധി, സ്വന്തമായി ചിന്തിക്കാനുള്ള ബൗദ്ധിക ഭക്ഷണം, ആരാലും വഴിമുടക്കാത്ത ധൈഷണികാന്വേഷണത്തിൻ്റെ അനന്തമായ പ്രകൃതി ബോധം - ഇവയൊന്നുമില്ലാത്ത ലോകം വളരെ ദയനീയമായിരിക്കുമെന്ന് അവർക്കറിയാം.

യഥാർത്ഥ ദാരിദ്യം അതാണ്.

അപര വെറുപ്പിൻ്റെ ചെളിക്കുണ്ടിലെ ഇത്തിരി തണുപ്പിലാണ് അത്തരം ജനതകളുടെ അധിവാസം . അതിൽ നിന്നും ഉയരുന്ന ദുർഗന്ധം സുഗന്ധമാണെന്ന് ആ ജനത പരസ്പരം പ്രചരിപ്പിച്ച് കഴിയും. ലോകത്തിലെ ഒരു പന്നിയും ഒരു മൊട്ടുസൂചി പോലും ലോകത്തിന് സംഭാവന ചെയ്തിട്ടില്ല. അവർ ആരെയാണോ ആരാധിക്കുന്നത് അവരുടെ ഇരയും ഇറച്ചിയും മാത്രമാണവർ.

Comments