പലതരം ശത്രുക്കൾക്കും ശത്രുതകൾക്കും ഇടയിലെ പലസ്തീൻ

ഇസ്രായേൽ മുമ്പ് നടത്തിയതുപോലെ, വ്യക്തമായ വംശഹത്യാ ലക്ഷ്യത്തോടെ നടത്തുന്ന ഈ യുദ്ധം തുടരുകയാണെങ്കിൽ, അത് സാമൂഹികവും രാഷ്ട്രീയവുമായ ഒരു സ്വത്വത്തിന്റെ ശോഷണം മാത്രമായിരിക്കുകയില്ല, ഇപ്പോഴത്തെ ലോകക്രമത്തിന്റെ തുടക്കത്തിൽ അംഗീകരിക്കപ്പെട്ട ഒരു നിയമവ്യവസ്ഥയുടെ അസ്തനം കൂടിയായിരിക്കും. പലസ്തീനെതിരായ ഇസ്രായേൽ യുദ്ധത്തിന് ഇന്ന് 101 ദിവസം തികയുന്നു.

ലസ്തീൻ ജനതയ്ക്കെതിരായ യുദ്ധം ഇസ്രായേൽ ഒറ്റയ്ക്ക് നടത്തുന്നതല്ല. പലസ്തീൻ എന്ന ദേശത്തിന്റെ കൈവശാധികാരവും അതിന്റെ സ്വത്വവും കവർന്നെടുക്കാൻ ആസൂത്രണം ചെയ്ത, കുറെക്കൂടി വിപുലമായ ഒരു യുദ്ധത്തിന്റെ കുന്തമുന കൂടിയാണ്, ഇസ്രായേൽ. അതിനാൽ, ഇതിനെ ‘പലസ്തീൻ ജനതയ്ക്കെതിരായ യുദ്ധം’ എന്നു പറയുന്നതായിരിക്കും ഉചിതം. കാരണം, ഇസ്രായേൽ എന്നതിലുപരി പലസ്തീൻ ജനതയുടെ ശത്രുക്കളായി ഇവിടെ മറ്റു പലരുടെയും ഇടപെടലുകളുണ്ട്.

പലസ്തീൻ ജനത നേരിടുന്ന ഈ ശത്രുപക്ഷത്ത് ആരൊക്കെയാണുള്ളത്?
ഒന്നാമതായി, യു.എസ്. 2023 ഒക്ടോബർ ഏഴിന് ഗാസയുടെ അതിർത്തിക്കപ്പുറത്ത് നിന്ന് തെക്കൻ ഇസ്രായേലിലേക്ക് നടന്ന ആക്രമണത്തിനുശേഷം ഇസ്രായേലിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത യു.എസ് തന്നെ. അതിക്രൂരമായ
ഉന്മൂലനയുദ്ധമാണെന്ന് ബോധ്യപ്പെട്ടിട്ടും തുടക്കം മുതൽ അതിന് വ്യാപക പിന്തുണ നേടിയെടുക്കുന്നതിൽ ഇസ്രായേൽ വിജയിച്ചു. ആദ്യം യു.എസ് പ്രസിഡന്റ് ജോ ബൈഡനും തുടർന്ന് ഫ്രാൻസ്, യു.കെ, ജർമ്മനി എന്നീ രാജ്യങ്ങളിലെ മേധാവികളും നടത്തിയ ഇസ്രായേൽ സന്ദർശം ഇതിനുദാഹരണമാണ്.

ഡിസംബർ 12 വരെ, ഗാസയിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി ഭയാനകമായിരുന്നു. വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ പൊതുസഭയുടെ പ്രമേയത്തിനെതിരായി യു.എസ് വോട്ട് ചെയ്തു. യു.കെയും ജർമനിയും വിട്ടുനിന്നപ്പോൾ, ഫ്രാൻസ്, യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗങ്ങളായ ഡെൻമാർക്ക്, ബെൽജിയം, അയർലൻഡ്, സ്പെയിൻ എന്നിവയ്ക്കൊപ്പം വെടിനിർത്തലിന് അനുകൂലമായി വോട്ട് ചെയ്തു. എന്നിട്ടും, ഗാസക്ക് അനുകൂലമായ വിധത്തിലുള്ള ആധികാരികമായ ഒരു പിന്തുണാസംവിധാനം രൂപപ്പെട്ടില്ല. ലോകക്രമത്തിന് അത്യന്തം ഭീഷണിയാണ് ഗാസക്കുനേരെയുള്ള ആക്രമണമെന്ന് ചൂണ്ടിക്കാട്ടി, യു.എൻ ചാർട്ടറിലെ അത്യപൂർവമായി മാത്രം ഉപയോഗിക്കുന്ന ഒരു ആർട്ടിക്കിൾ ചൂണ്ടിക്കാട്ടി അടിയന്തര നടപടിക്ക് സെക്രട്ടറി ജനറലിന്റെ ആഹ്വാനമുണ്ടായതൊഴിച്ചാൽ, കാര്യമായ പിന്തുണ എവിടെനിന്നും ലഭിച്ചില്ല.

പലസ്തീനെതിരായ യുദ്ധം വിവേകപൂർണമായ ചിന്തയ്ക്കുകൂടി എതിരായ യുദ്ധമായി മാറിയിരിക്കുകയാണ്. എതിരഭിപ്രായം പ്രകടിപ്പിക്കുന്ന യു.എസിലെ യൂണിവേഴ്സിറ്റി മേധാവികൾക്ക് നേരെ കടുത്ത പ്രതികാരനടപടിയുണ്ടാകുന്നു. പലസ്തീന്റെ അവകാശങ്ങൾക്കായി സംസാരിക്കുന്ന നിരവധി പേരുടെ ഫാക്കൽറ്റി നിയമനങ്ങൾ റദ്ദാക്കപ്പെടുന്നു. അങ്ങനെ അത് ആശയങ്ങൾക്കുനേരെയുള്ള യുദ്ധം കൂടിയായി മാറിയിരിക്കുന്നു. പലസ്തീന്റെ സ്വാതന്ത്ര്യത്തിനായുള്ള നിലവിളികളെ സയണിസ്റ്റ് പ്രൊപ്പഗാൻഡ മില്ലുകളിൽ ഞെരിച്ചമർത്തപ്പെടുന്നു, പലസ്തീനിൽനിന്നുയരുന്ന അതേ മുദ്രാവാക്യമാണ്, പലസ്തീൻ വംശജയായ ഏക യു.എസ് കോൺഗ്രസ് അംഗം റാഷിദ തലൈബിനെതിരായ സെൻഷ്വറിലേക്ക് നയിച്ചതും. അവരുടെ കുടുംബമാകട്ടെ വെസ്റ്റ് ബാങ്കിൽ അതീവ അപകടകരമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്.

പലസ്തീനുവേണ്ടിയുള്ള ബൗദ്ധിക ഇടപെടലുകൾക്കെതിരായ ഇത്തരം ആക്രമണങ്ങൾ തുടരുകയാണ്. ‘ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിന് ജ​ർമനിയിലെ ജൂത ജീവിതത്തിന് സംരക്ഷണം നൽകുക’ എന്ന പേരിൽ നവംബർ ഒമ്പതിന് ജർമൻ പാർലമെന്റിൽ ഒരു പ്രമേയ നോട്ടീസ് അവതരിപ്പിക്കപ്പെട്ടു. ഈ സന്ദർഭത്തിൽ, ഉപപ്രധാനമന്ത്രിയുടെ പദവിക്ക് തുല്യമായ അധികാരമുള്ള വൈസ് ചാൻസലർ ഒരാവശ്യം ഉന്നയിച്ചു: ജർമനിയിലെ മുസ്‍ലിംകൾ ആന്റി സെമറ്റിസിസത്തിൽനിന്ന് വിട്ടുനിൽക്കണം, സഹിഷ്ണുത എന്ന അവരുടെ സ്വന്തം അവകാശത്തിന്റെ അടിത്തറ​ തോണ്ടാതിരിക്കാനെങ്കിലും.

യു.എസ് കോൺഗ്രസ് അംഗം റാഷിദ ത്ലൈബ്

ഈ പ്രസ്താവനയുടെ കെട്ടഴിക്കുകയാണെങ്കിൽ, അതിൽ വാസ്തവിരുദ്ധമായ നിരവധി കാര്യങ്ങൾ കാണാം. സഹിഷ്ണുത ഒരു അവകാശമാണോ അതോ ഉത്തരവാദിത്തമോ? ബഹു സാംസ്കാരിക പശ്ചാത്തലത്തിൽ ജീവിക്കുന്ന ഓരോ പൗരനും വ്യത്യസ്തരായ മറ്റുള്ളവരോട് കടപ്പെട്ടിരിക്കേണ്ട അവസ്ഥ എന്നാണോ അതുകൊണ്ട് ഉദ്ദേശിക്കുന്നത്? അതോ, ജർമനിയിൽ ജീവിക്കുന്ന, ഇസ്‍ലാമിക വിശ്വാസം പിന്തുടരുന്നവർ, പലസ്തീൻ വിഷയത്തിൽ നിശ്ശബ്ദരായി നിന്ന്, തങ്ങൾക്ക് ജർമനിയിൽ ജീവിക്കാനുള്ള യോഗ്യതയുണ്ടെന്ന് സ്വയം തെളിയി​ക്കേണ്ടതുണ്ടോ?

പലസ്തീൻ അനുകൂല പ്രകടനങ്ങൾക്ക് ഏർപ്പെടുത്തിയ അപ്രഖ്യാപിത നിരോധനങ്ങളിലൂടെ, ഈ രാജ്യത്ത് ചിന്തക്കുമേലുള്ള യുദ്ധം പ്രാവർത്തികമാക്കുന്നത് നമ്മൾ കണ്ടു. ഇത്തരമൊരു നിരോധനത്തെക്കുറിച്ച് ഔപചാരിക അറിയിപ്പുണ്ടാകില്ല. എന്നാല്‍ ഓരോ തവണയും അത് ആസൂത്രിതമായാണ് നടപ്പാക്കപ്പെട്ടത്, പരിപാടികള്‍ക്കുള്ള അനുമതി ഒന്നുകില്‍ ഏകപക്ഷീയമായി നിരസിക്കപ്പെടുന്നു, അല്ലെങ്കില്‍ ഭീഷണിയുടേതായ ഒരന്തരീക്ഷം സൃഷ്ടിച്ച്, പൊലീസ് ചോദ്യം ചെയ്യലുകളിലൂടെ പൊതുപങ്കാളിത്തം കുറവാണെന്ന് ഉറപ്പാക്കുന്നു.

ഒരു അസ്തിത്വ സമരം:
എന്നാൽ ആർക്കുവേണ്ടി?

ജൂത ജനതയുടെ അതിജീവനത്തിനായുള്ള ദീർഘവും ശ്രമകരവുമായ പോരാട്ടത്തിന്റെ ഭാഗമാണ്, പലസ്തീനെതിരായ ഇപ്പോഴത്തെ ആക്രമണം എന്ന രീതിയിലുള്ള വ്യാഖ്യാനം ആഗോളീയമായി തന്നെ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതൊരു കൗതുകകരമായ വൈപരീത്യമാണ്: പലസ്തീനികൾ അഭിമുഖീകരിക്കുന്നത്, വംശഹത്യാപരമായ ആക്രമണമാണ്. എന്നാൽ, അതിനെ, അപകടാവസ്ഥയിൽനിന്നുള്ള ജൂത ജനതയുടെ അതിജീവനശ്രമമായി പുറത്ത് വ്യാഖ്യാനിക്കപ്പെടുന്നു. ഈ വാദത്തെ ന്യായീകരിക്കാൻ, ഹോളകോസ്റ്റിനുശേഷം ഇസ്രായേലിനെതിരെ നടന്ന ഏറ്റവും ഹീനമായ ആക്രമണമായി ഒക്ടോബർ ഏഴിലെ ആക്രമണത്തെ വിശേഷിപ്പിക്കുന്നു. ഹോളകോസ്റ്റിനുശേഷം ജൂത ജനത അനുഭവിച്ച ഏറ്റവും തീവ്രമായ ട്രോമയായി പോലും ഈ ആക്രമണത്തെ ചിലർ വിശേഷിപ്പിക്കുന്നു.

ഈ സാമ്യങ്ങൾ എത്ര വ്യാജമാണെന്ന് ഒരു നിമിഷത്തെ ആലോചനയിൽ വ്യക്തമാകും. മുമ്പും, സയണിസ്റ്റ് ഭരണകൂടം ഏകപക്ഷീയ ആക്രമണങ്ങൾ അഴിച്ചുവിട്ടപ്പോഴല്ലൊം, അതിനുള്ള ഏക പ്രതിരോധമായി ഹോളോകോസ്റ്റ് എന്ന ഉപായം പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഒരു പ്രധാന വ്യത്യാസം പ്രകടമാണ്: ഹോളോകോസ്റ്റ് എന്നത് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ അധികാരം കൈയടക്കിയ ശക്തികൾ നടത്തിയ വംശഹത്യയുടെ അത്യന്തം വിപുലമായ ഒരു ഓപ്പറേഷനായിരുന്നു. എന്നാൽ, ഒക്ടോബർ ഏഴിലെ ഗറില്ലാ ആക്രമണമോ? 38 വർഷം നീണ്ട കൈവശാവകാശത്തിൽനിന്ന് ആട്ടിയോടിക്കപ്പെട്ട ഒരു പ്രദേശത്തുനിന്നുള്ള, 18 വർഷമായി ഇസ്രായേൽ പൂട്ടിവച്ചിരിക്കുന്ന ഒരു പ്രദേശത്തുനിന്നുള്ള, ആക്രമണമായിരുന്നു. അന്നത്തെ സംഭവങ്ങളുമായി പ്രചരിപ്പിക്കപ്പെട്ട കൊടും ക്രൂരതകളുടെ കഥകൾ- ശിരച്ഛേദം ചെയ്യപ്പെട്ട കുഞ്ഞുങ്ങൾ, കൂട്ട ബലാത്സംഗങ്ങൾ, ലൈംഗികാക്രമണങ്ങൾ- ഇസ്രായേലി പ്രെപ്പഗാൻഡ മിൽ സൃഷ്ടിച്ചവയായിരുന്നു.

18 വർഷമായി ഇസ്രായേൽ ഉപരോധിച്ച ഒരു പ്രദേശത്ത് നിന്ന് ആരംഭിച്ച ഗറില്ലാ റെയ്ഡായിരുന്നു ഒക്ടോബർ 7 ന് നടന്നത്.

പ്രശസ്ത മാഗസിൻ ദ ന്യൂയോർക്കർ ഡിസംബർ 9-ന് മാഷ ഗെസ്സൻ എഴുതിയ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. റഷ്യൻ ജൂത വംശജയും ഇപ്പോൾ യു.എസ് പൗരത്വവുമുള്ള ആളാണ് മാഷ ഗെസ്സൻ. ഓർമയുടെ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു ലേഖനം. നിലവിലുള്ളതും ഭാവിയിൽ വരാൻ പോകുന്നതുമായ തലമുറകൾക്കുവേണ്ടിയുള്ള അനിവാര്യ മൂല്യങ്ങളായി അവർ കരുതുന്ന ചിലതിനെ സംരക്ഷിക്കാൻ വേണ്ടി, പൊതുഇടങ്ങളിൽ ചില സംഭവങ്ങളെ ദേശ രാഷ്ട്രങ്ങൾ എങ്ങനെയാണ് ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യമാണ് അവർ ചൂണ്ടിക്കാട്ടിയത്. ഒരു നോൺ- ബൈനറി ട്രാൻസ് പേഴ്സണായാണ് മാഷ ഗെസ്സൻ സ്വയം വിശേഷിപ്പിക്കുന്നത്, അങ്ങനെ അഭിസംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു. ഹോളോകോസ്റ്റിന്റെ ഇരകളായ ജൂതരുടെ സ്മാരകങ്ങളിൽ ഒന്നിലൂടെ അവർ നടക്കുമ്പോൾ അവർ ചിന്തിച്ചത്, ഒക്ടോബർ ഏഴിലെ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന നിലയ്ക്ക് ഗാസയിലെ ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്നതിനെക്കുറിച്ചാണ്. ജർമനിയിൽവച്ചാണ് ഇത് പരസ്യമായി പറയുന്നത് എങ്കിൽ, അത് വലിയ കുഴപ്പങ്ങളുണ്ടാക്കുമെന്നും അവർ ചിന്തിക്കുന്നുണ്ട്.

ലേഖനത്തിൽ ചിലയിടങ്ങളിൽ മാഷ ഗെസ്സെൻ ഇപ്രകാരം നിരീക്ഷിക്കുന്നുണ്ട്: ‘‘കഴിഞ്ഞ 17 വർഷമായി ഗാസ ഉയർന്ന ജനസാന്ദ്രതയുള്ളതും ദരിദ്രവും മതിലുകളാൽ ചുറ്റപ്പെട്ടതുമായ ഒരു പ്രദേശമാണ്. ഒരു ചെറിയ ഭാഗം മനുഷ്യർക്കേ, അതും വളരെ കുറഞ്ഞ സമയത്തേക്ക് പുറത്തുപോകാൻ അവകാശമുള്ളൂ. മറ്റൊരു വാക്കിൽ പറഞ്ഞാൽ ചേരിപ്രദേശം. അവിടെ ജനസംഖ്യയുടെ ഒരു ചെറിയ ഭാഗത്തിന് മാത്രമേ കുറഞ്ഞ സമയത്തേക്ക് പോലും അവിടെ നിന്ന് പുറത്ത് പോകാൻ അവകാശമുണ്ടായിരുന്നുള്ളൂ. വെനീസിലെ ജൂതച്ചേരി പോലെയോ ഒരു അമേരിക്കൻ നഗരത്തിനുള്ളിലുള്ള ചേരി പോലെയോ അല്ല, മറിച്ച് നാസി ജർമനി പിടിച്ചടക്കിയ കിഴക്കൻ യൂറോപ്യൻ രാജ്യത്തിലെ ഒരു ജൂത ചേരി പോലെ ഒന്ന്. ആയിരങ്ങൾ കൊല്ലപ്പെട്ടു. ശരാശരി, ഓരോ പത്തു മിനിറ്റിലും ഗാസയിൽ ഒരു കുഞ്ഞ് വീതം കൊല്ലപ്പെടുന്നു. ഇസ്രായേലി ബോംബുകൾ ആശുപത്രികളെയും അവിടുത്തെ ​പ്രസവവാർഡുകളെയും ആംബുലൻസുകളെയും ചാരമാക്കുന്നു. ഗാസിയിൽ പത്തുപേരിൽ ഒരാൾ വീതം ഇപ്പോൾ വീടില്ലാത്തവരായി മാറിയിരിക്കുന്നു. അവർ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അലയുകയാണ്, യാതൊരു സുരക്ഷയുമില്ലാതെ.’’

ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ശ്രദ്ധിക്കാത്ത ഒരാൾക്കുപോലും, എന്താണ് ​ഗാസയിൽ നടക്കുന്നത് എന്നത്, ഈ വിവരണത്തിലൂടെ മനസ്സിലാക്കാനാകും. എന്നിട്ടും ഗാസയും യൂറോപ്പിലെ ജൂത ചേരിയും തമ്മിലുള്ള താരതമ്യം രോഷമുണ്ടാക്കുന്നു. നോബൽ സമ്മാന ജേതാവായ നോവലിസ്റ്റിന്റെ പേരിലുള്ള ഹെന്റിച്ച് ബോയൽ ഫൗണ്ടേഷനും സിറ്റി ഓഫ് ബ്രെമനും, മാഷ ഗെസ്സന് പ്രഖ്യാപിച്ച പൊളിറ്റിക്കൽ തോട്ടിനുള്ള ഹന്ന ആരെൻഡ് പുരസ്‌കാരം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. ഇപ്പോൾ മാത്രമല്ല, ദീർഘകാലമായി, ഗാസയിൽ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാൻ ധൈര്യം കാണിച്ചിട്ടുള്ള ഏതൊരാൾക്കുനേരെയുമുള്ള ബഹിഷ്കരണ നടപടികളിലെ നിരവധി ഉദാഹരണങ്ങളിലെ ഏറ്റവും ഒടുവിലത്തെ സംഭവം മാത്രമാണിത്.

മാഷ ഗെസ്സെൻ

തോക്കും ബോംബും ഉപയോഗിച്ചുള്ള യുദ്ധത്തിലേക്ക് കടക്കുന്നതിനു മുൻപ്, സ്വതന്ത്ര ചിന്തക്കുനേരെയുള്ള ആക്രമണത്തിന്റെ ഒരു ഉദാഹരണം കൂടി ചൂണ്ടിക്കാണിക്കാം. ഇത് ഗാസയുടെ സാംസ്‌കാരിക മണ്ഡലത്തിലെ പ്രധാന വ്യക്തിയായിരുന്ന പലസ്തീൻ എഴുത്തുകാരനും അധ്യാപകനുമായ റഫാത്ത് അലരീറിനെക്കുറിച്ചാണ്. ഇസ്രായേൽ ഉപരോധത്തിനും യുദ്ധത്തിനും വർഷങ്ങളായി വിധേയമായിക്കൊണ്ടിരിക്കുന്ന ഗാസ മുനമ്പിന് സമ്പന്നമായ സാഹിത്യ- സാംസ്കാരിക ജീവിതമുണ്ട്. 2014 മുതൽ നടന്നുവരുന്ന ‘ഗാസ അൺ സൈലൻസ്ഡ്’ എന്ന പ്രൊജക്റ്റിന്റെ ക്യുറേറ്ററാണ് റഫാത്ത്. എഴുത്തും കവിതയും വിഷ്വൽ ഇമേജുകളുമെല്ലാം ചേർന്ന ഒരു ആർട്ട് പ്രൊജക്റ്റാണിത്. ന്യൂയോർക്ക് ടൈംസ് പോലുള്ള ആഗോള മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ രചനകൾ വന്നിട്ടുണ്ട്. കൂടാതെ യുവ പലസ്തീൻ എഴുത്തുകാരുടെ കഥകളുടെ സമാഹാരമായ 'ഗാസ റൈറ്റ്‌സ് ബാക്ക്' എഡിറ്റ് ചെയ്തതും അദ്ദേഹമാണ്. ‘വി ആർ നോട്ട് ദ ​നമ്പേഴ്സ്’ എന്ന പേരിലുള്ള എ​ൻ.ജി.ഒയുടെ സ്ഥാപകനും കൺവീനറുമാണ് അദ്ദേഹം. നിരവധി പലസ്തീനികളെ, അവരുടെ സ്വന്തം അനുഭവങ്ങൾ ഇംഗ്ലീഷിലെഴുതാൻ പ്രേരിപ്പിച്ച് അവ വിപുലമായ ഓഡിയൻസിലെത്തിക്കാൻ ശ്രമിക്കുന്ന സംഘടനയാണിത്.

ഒക്ടോബർ 7 ലെ ആക്രമണത്തിന് തൊട്ടുപിന്നാലെ ബി ബി സിയിലെ ഒരു ചർച്ചാ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട റഫാത്ത് അലരീർ, ഹോളോകോസ്റ്റുമായുള്ള എല്ലാ സാമ്യങ്ങളെയും പൊളിച്ചടുക്കി. ചരിത്രപരമായി കൂടുതൽ ഉചിതമായ ഒരു താരതമ്യമുള്ളത്, വാർസോ ചേരി പ്രക്ഷോഭത്തോടാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ജർമൻ അധിനിവേശത്തിൻ കീഴിൽ തടവിലായിരുന്ന വാർസോയിലെ ജൂത മേഖലയിലുള്ളവരുടെ പ്രക്ഷോഭമായിരുന്നു അത്. നാസി അടിച്ചമർത്തലുകൾക്കെതിരെ പ്രതിഷേധിച്ച വാർസോ ചേരിനിവാസികൾ, നഗരാതിർത്തികളിൽ നിലയുറപ്പിച്ചിരുന്ന സോവിയറ്റ് റെഡ് ആർമിയുടെ പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സോവിയറ്റ് റെഡ് ആർമി പിന്മാറുകയും ജർമ്മൻ അധിനിവേശ സൈന്യത്തിന് ആ പ്രക്ഷോഭം അതിക്രൂരമായി അടിച്ചമർത്താൻ അവസരമൊരുക്കുകയുമായിരുന്നു. ഗാസയും യൂറോപ്യൻ ചേരിയും തമ്മിലുള്ള താരതമ്യത്തിലൂടെ, ഹോളോകോസ്റ്റിന്റെ വ്യാജ ഉദാഹരണങ്ങളെ പൊളിച്ചടുക്കുകയായിരുന്നു അദ്ദേഹം. ഇതേതുടർന്ന് അദ്ദേഹത്തിനുനേരെ ബി ബി സി പ്രോഗ്രാമിൽ ആക്രോശങ്ങളുയരുകയും അദ്ദേഹത്തിന്റെ പരാമർശങ്ങൾ പ്രകോപനപരമെന്ന് വിമർശിക്കപ്പെടുകയും​ ചെയ്തു. ഒരു അവാർഡ് പിൻവലിച്ചതിനേക്കാൾ മോശമായ പ്രതികരണമാണ് അദ്ദേഹം നേരിട്ടത്. ഡിസംബർ 7 ന്, ഇസ്രായേൽ പ്രതിരോധ സേനയുടെ മിസൈൽ ആക്രമണത്തിൽ റഫാത്ത് അലരീർ കൊല്ലപ്പെട്ടു.

റഫാത്ത് അലരീർ

അധിനിവേശ യുദ്ധത്തിലെ
ആറ് ഘട്ടങ്ങൾ

യു.എസിൽ ജീവിക്കുന്ന പലസ്തീൻ വംശജനും പണ്ഡിതനുമായ റാഷിദ് ഖാലിദി മൂന്നു വർഷം മുമ്പ് ‘ദ ഹൻഡ്രഡ് ഇയേഴ്സ് വാർ ഓൺ പലസ്തീൻ’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ‘എ ഹിസ്റ്ററി ഓഫ് സെറ്റ്ലർ കൊളോണിയൽ കൺക്വസ്റ്റ് ആൻഡ് റെസിസ്റ്റൻസ്’ എന്നായിരുന്നു അതിന്റെ ഉപശീർഷകം.

നൂറുവർഷത്തിലേറെ വ്യാപിച്ചുകിടക്കുന്ന, പലസ്തീൻ കീഴടക്കാനുള്ള ഈ യുദ്ധത്തിൽ അദ്ദേഹം ആറ് ഘട്ടങ്ങൾ കണ്ടെടുക്കുന്നു.

1917 ലാണ് ആദ്യത്തെ യുദ്ധ പ്രഖ്യാപനം. ഈ ഘട്ടം 1939 വരെ നീണ്ടു.

1947-ൽ രണ്ടാമത്തെ യുദ്ധ പ്രഖ്യാപനം, അത് 1948-ൽ ഇസ്രായേൽ എന്ന രാഷ്ട്രത്തിന്റെ സൃഷ്ടിയിൽ കലാശിച്ചു.

1967-ലായിരുന്നു, മൂന്നാമത്തെ യുദ്ധ പ്രഖ്യാപനം. ആറ് ദിവസം നീണ്ട, വായു- കര മാർഗമുള്ള മിന്നലാക്രമണത്തിൽ ഇസ്രായേൽ പലസ്തീനിന്റെ മുഴുവൻ പ്രദേശങ്ങളുടെയും നിയന്ത്രണം കൈക്കലാക്കി.

1982-ലായിരുന്നു, നാലാമത്തെ യുദ്ധപ്രഖ്യാപനം. പലസ്തീൻ സ്വാതന്ത്ര്യ സമര സേനാനികളെ പുറത്താക്കാൻ ലെബനാനെതിരെ ഇസ്രായേൽ സമ്പൂർണ സൈനിക ആക്രമണം നടത്തി.

1987-ലാണ് അഞ്ചാമത്തെ യുദ്ധപ്രഖ്യാപനം. ആദ്യ പലസ്തീൻ പ്രക്ഷോഭം അഥവാ ഇൻതിഫാദയുടെ തുടക്കം. പലസ്തീനികൾക്ക് നീതിയും സമാധാനവും ഉറപ്പുവരുത്താനെന്ന വ്യാജേന കൊണ്ടുവന്ന രണ്ട് ഓസ്ലോ കരാറുകൾ ഒപ്പിട്ടതിനെതുടർന്നാണ്, 1995-ൽ ഈ ഘട്ടം അവസാനിക്കുന്നത്.

2000-ൽ ആറാമത്തെ യുദ്ധപ്രഖ്യാപനം. ഓസ്ലോ കരാറുകളുടെ ഭാഗമായുള്ള നടപടിക്രമം നിലച്ചു. ഈ യുദ്ധത്തിന്റെ അവസാന ഘട്ടമായി റാഷിദ് ഖാലിദി രേഖപ്പെടുത്തുന്നത്, 2014- ൽ വൻ നാശനഷ്ടങ്ങളോടെ ഗാസക്കെതിരായി നടന്ന 51 ദിവസത്തെ യുദ്ധത്തെയാണ്.

ഇപ്പോൾ നടക്കുന്നത്, ആറാമത്തെ യുദ്ധ പ്രഖ്യാപനത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു ഘട്ടത്തിന്റെ ആരംഭമായി കണക്കാക്കാം. ഇതൊരു അഭിപ്രായപ്രകടനമായി കണക്കാക്കാം, എന്നാൽ ഈ ആറ് (അല്ലെങ്കിൽ ഏഴ്) ഘട്ടങ്ങൾ തമ്മിൽ ഓരോന്നിനും ആഴത്തിലുള്ള ജൈവബന്ധമു​ണ്ടെന്നത് നിസംശ്ശയമാണ്. കൂടാതെ, അതിന്റെ കമാനം വംശീയ ഉന്മൂലനത്തിലേക്ക്, ഒരുപക്ഷേ വംശഹത്യയിലേക്ക് വളരെ കൃത്യമായി വളഞ്ഞിരിക്കുന്ന ഒന്നാണ്.

ആറുദിന യുദ്ധത്തിനിടെ ഇസ്രയേൽ ടാങ്കുകൾ ഗോലൻ കുന്നുകളിൽ

ഡിസംബർ 4 ന്, ഗാസയിൽ അവശ്യസാധനങ്ങളും സേവനങ്ങളും ഉറപ്പുവരുത്തുന്ന യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (യു എൻ ആർ ഡബ്ല്യു എ) പുറത്തിറക്കിയ പ്രസ്താവനയിൽ, ‘കഴിഞ്ഞ ആഴ്ചകളിലെ ഭീകരതയുടെ’ സംഭ്രമിപ്പിക്കുന്ന ചിത്രമുണ്ട്. 'പുരുഷന്മാരും സ്ത്രീകളും കുട്ടികളും പ്രായമായവരും രോഗികളും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ള സാധാരണക്കാരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്'. യുദ്ധത്തെതുടർന്ന് ഗാസയുടെ മറ്റ് ഭാഗങ്ങളിലേക്ക് പലായനം ചെയ്തവരെ തന്നെ വീണ്ടും ആക്രമിക്കുന്നു. ഇസ്രായേൽ സായുധ സേനയുടെ ഒഴിപ്പിക്കൽ ഉത്തരവുകൾ, തദ്ദേശീയരെ ഗാസയുടെ മൂന്നിലൊന്നുപ്രദേശത്തേക്ക് താഴെയുള്ള സ്ഥലത്തേക്ക്’ തള്ളിവിട്ടിരിക്കുന്നു. ‘ഗാസയിൽ ഒരു സ്ഥലവും സുരക്ഷിതമല്ല’, അത് ‘തെക്കായാലും തെക്ക് പടിഞ്ഞാറായാലും റഫയിലായാലും സുരക്ഷിത മേഖല എന്ന് വിളിക്കപ്പെടുന്ന ഏതു സ്ഥലത്തായാലും എന്ന് ഈ പ്രസ്താവന പറയുന്നു.

ബ്രിട്ടീഷ് ചാരിറ്റി സംഘടനയായ ഓക്സ്ഫാമിന്റെ ആഗോള തലവൻ ഡിസംബർ 7- ന് ഒരു പ്രസ്താവനയിറക്കി, അതിലെ ഒരു ഭാഗം ഇങ്ങനെയാണ്: ഗാസയിൽ ഇസ്രായേൽ ഉണ്ടെന്നുപറയുന്ന സുരക്ഷിത മേഖലകൾ ഒരു മരീചികയാണ്. അവ ഒരുതരത്തിലും സുരക്ഷിതമല്ലാത്ത ഇടങ്ങളാണ്, ഒരുതരത്തിലും വിശ്വാസയോഗ്യമല്ലാത്തതു സൗകര്യങ്ങളില്ലാത്തതും പ്രവേശനമില്ലാത്തതുമാണ് ഈ ഇടങ്ങൾ. ‘സുരക്ഷ’ എന്ന ഈ വ്യാജ പുതപ്പിന്റെ മറവിൽ, ഗാസക്കപ്പുറത്തേക്ക് പോകാൻ ഭയചകിതരായ ജനക്കൂട്ടം നിർബന്ധിതരാകുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. സിവിലിയന്മാരെ സഹായിക്കണോ അതോ അവരുടെ നിർബന്ധിത നാടുകടത്തലിൽ പങ്കാളികളാകണോ എന്ന ഒരുതരം അസാധ്യമായ തെരഞ്ഞെടുപ്പിലേക്ക് ഇത് അവിടുത്തെ മാനുഷിക സേവന സംവിധാനങ്ങളെ കൊണ്ടുചെന്നെത്തിക്കും.

ഗസ്സയുടെ മറ്റ് ഭാഗങ്ങളിൽ യുദ്ധത്തിൽ നിന്ന് ‘ഒന്നിലധികം തവണ’ പലായനം ചെയ്ത ആളുകളെ വീണ്ടും ലക്ഷ്യമിടുന്നു. / Photo: Motaz Azaiza

ചുരുക്കത്തിൽ, ഗാസയിലെ ജനങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുന്നതിന്, സേവനപ്രവർത്തനം നടത്തുന്ന ഏജൻസികൾക്ക് വിമുഖതയോടെയാണെങ്കിലും യുദ്ധക്കുറ്റങ്ങളിൽ പങ്കാളികളാകേണ്ട അവസ്ഥയാണ് ഇന്നുള്ളത്.

ഉദ്ദേശ്യശുദ്ധി
പരിശോധിക്കാം

വംശഹത്യയാണ് ഈ യുദ്ധത്തിന്റെ വ്യക്തമായ ലക്ഷ്യം. ഈ ലക്ഷ്യം തെളിയിക്കാൻ സഹായിക്കുന്ന, ഉന്നത രാഷ്ട്രീയ നേതൃത്വം മുതലുള്ള ഇസ്രായേലുകാർ ഒക്ടോബർ 7 മുതൽ നടത്തിയ വംശഹത്യയ്ക്ക് സമാനമായ നിരവധി പ്രസ്താവനകൾ മുന്നിലുണ്ട്: ഗാസക്കാർ ഇരുട്ടിന്റെ മക്കളാണ്, അതേസമയം ഇസ്രായേലുകാർ വെളിച്ചത്തിന്റെ മക്കളാണ് എന്ന് പറഞ്ഞ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പിന്നീട് വഞ്ചനയുടെയും പ്രതികാരത്തിന്റെയും ഒരു ബൈബിൾ കഥ അവതരിപ്പിച്ചു. അതിലൂടെ, എല്ലാതരം മാനവിക തലങ്ങൾക്കും അപ്പുറത്തുള്ള വിനാശത്തി​ന്റെ വ്യാപ്തിയെക്കുറിച്ച് ഗാസക്കുള്ള മുന്നറിയിപ്പുകൂടിയായിരുന്നു ഈ കഥയിലൂടെ പറയാനുദ്ദേശിച്ചത്. ഗാസ മുനമ്പിനെ പൂർണമായി നശിപ്പിക്കാനുള്ള ആസൂത്രണം നടത്തിയിരിക്കുന്നതിനാൽ, ഭാവിയിൽ ഗാസ മുനമ്പ് തിരിച്ചറിയാൻ കഴിയാത്ത വിധമായിത്തീരുമെന്നാണ് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞത്. ഗാസയിലുള്ള എല്ലാവരും സായുധ പ്രതിരോധ സംഘമായ ഹമാസിനോട് പ്രത്യക്ഷത്തിൽ ധാർമ്മിക ഐക്യദാർഢ്യത്തിലാണെന്ന കാരണത്താൽ ഗാസയിലെ നിരപരാധികളായ സിവിലിയന്മാരുടെ ജീവിതത്തിന് ഒരു സാധ്യതയും ബാക്കിയില്ലെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് മുന്നറിയിപ്പ് നൽകുന്നു.

ബെഞ്ചമിൻ നെതന്യാഹു

പ്രാദേശികമായി ചുരുക്കപ്പെടുകയും ജനസംഖ്യാരഹിതമായും മാറുമെന്നതിനെ സൂചിപ്പിച്ചു കൊണ്ട് ഗസ്സ ചെറുതും അപ്രധാനവുമായി തീരുമെന്നാണ് മുൻ ഉപപ്രധാനമന്ത്രിയും ഇപ്പോൾ വാർ-ടൈം കാബിനറ്റ് അംഗവുമായ ഗീഡൻ സാഅ്ർ അഭിപ്രായപ്പെട്ടത്. യു.എന്നിലെ മുൻ അംബാസഡറും ഇപ്പോൾ ഇസ്രായേൽ കെനാസെറ്റ് അംഗവുമായ ഡാനി ഡാനൻ ഗസ്സയിലെ മികച്ച മാനുഷികമായ പരിഹാരം അവിടെത്തെ ജനസംഖ്യയുടെ ചിതറിപ്പോകലാണെന്നാണ് പറഞ്ഞുവെച്ചത്. ഗസ്സയിൽ നിന്ന് പതിനായിരക്കണക്കിന് പലസ്തീനികളെ സ്വീകരിച്ചുകൊണ്ട് കരുതലുള്ള രാജ്യങ്ങൾ മുന്നിട്ടിറങ്ങണം. അതിലും വലിയ കൗശലത്തോടെ, മുൻ ഇസ്രായേൽ കാബിനറ്റ് മന്ത്രി അയ്‌ലെറ്റ് ഷേക്ക് ഗസ്സയിലെ ഖാൻ യൂനുസ് അഭയാർത്ഥി ക്യാമ്പ് ഒരു ഫുട്‌ബോൾ മൈതാനമാക്കി മാറ്റുന്നതിനെ കുറിച്ചു സംസാരിച്ചു കൊണ്ട് പറഞ്ഞതിതാണ് ‘ഇസ്രായേൽ ഗസ്സയ്ക്ക് മേൽ വിതയ്ക്കുന്ന നാശം കണക്കിലെടുത്ത് ഓരോ രാജ്യവും നിർവചിക്കപ്പെട്ട ക്വാട്ട സ്വീകരിക്കണമെന്ന് ലോകത്തോട് പറയുക ... ഞങ്ങൾക്ക് രണ്ട് ദശലക്ഷം ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ട്.... സത്യത്തിൽ അതാണ് പരിഹാരം.’

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ദുർബലമായ യൂറോപ്യൻ ക്രമത്തിന്റെ തകർച്ചയെതുടർന്ന്, പുതിയ ഉത്തേജനം കൈവരിച്ച സെറ്റ്ലർ കൊളോണിയൽ പദ്ധതിയുടെ അതി​ക്രൂരമായ ഒരു ക്ലൈമാക്സ് കൂടിയാണോ ഇത്? അതാണല്ലോ, 1917-ൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട പലസ്തീനിയൻ മാതൃഭൂമിക്ക് രൂപം നൽകിയത്. 1948-ലെ ഇസ്രായേൽ രാഷ്ട്രത്തിന്റെ പ്രഖ്യാപനം മുതൽ, സെറ്റ്ലർ പ്രൊജക്റ്റിന്റെ മാരകമായ ചലനശക്തിക്ക് ആഗോളതലത്തിൽ തന്നെ എതിർപ്പുകൾ നേരിട്ടിരുന്നു. കോളനിവൽക്കരണം ശിഥിലീകരിക്കപ്പെടുകയും പുതിയ പരമാധികാര രാഷ്ട്രങ്ങൾ നിലവിൽ വരികയും ചെയ്യുന്ന പുതിയ ലോകക്രമമാണ് ഇതിന് കാരണമായത്.

എഡ്വേർഡ് സെയ്ദ്

എഡ്വേർഡ് സെയ്ദ് (1978: 219)ചൂണ്ടിക്കാണിച്ചതു പോലെ, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ യൂറോപ്പിന്റെ മിക്കയിടങ്ങളിലുമുണ്ടായ ദേശീയതകളുടെ ഏകീകരണം, പൗരസ്ത്യദേശത്തെ 'കൃഷി ചെയ്യാനും വിളവെടുക്കാനും സംരക്ഷിച്ചുനിർത്താനുമുള്ള ഭൂമിശാസ്ത്രപരമായ ഇടം' എന്ന പൊതു വീക്ഷണത്തിലേക്ക് നയിച്ചു. സാമ്രാജ്യത്വ ദൗത്യത്തിന്റെ ഫ്രഞ്ച് പ്രത്യയശാസ്ത്രജ്ഞൻ അതിനെ ഒന്ന് കൊഴുപ്പിച്ചു: ‘‘ഒരു സമൂഹം കോളനിവൽക്കരിക്ക​പ്പെടുന്നത്, അത് സ്വയം ഉയർന്ന തലത്തിലുള്ള പക്വതയിലും ശക്തിയിലും എത്തുമ്പോഴാണ്. അത് ഉൽപ്പാദിപ്പിക്കുന്നു, സംരക്ഷിക്കുന്നു, കൂടാതെ, അത് ജന്മം നൽകിയ ഒരു പുതിയ സമൂഹത്തെ ഉൽപാദശേഷിയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.' മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പടിഞ്ഞാറൻ ദേശത്തിന്റെ അതിർത്തികളിലുണ്ടായിരുന്ന സമൂഹങ്ങൾക്ക് മുൻകാല അസ്തിത്വമില്ലായിരുന്നു. യൂറോപ്യൻ രാഷ്ട്രങ്ങൾ ജനങ്ങളാൽ സൃഷ്ടിക്കപ്പെട്ടതാണെന്ന അർത്ഥത്തിൽ, അവയ്ക്ക് അത്തരമൊരു ജനതയോ സംസ്‌കാരമോ ഇല്ല. അവയെല്ലാം പാശ്ചാത്യ നാഗരിക ദൗത്യത്തിന്റെ സഹായത്താൽ ജനിച്ചവയാണ്.

19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പെന്ന ഭൂഖണ്ഡം മുഴുവൻ, മാനവികതയുടെ അതിവിശാലമായ ദർശനത്തിനും വിഭാഗീയമായ സങ്കുചിത ദേശീയതയ്ക്കും ഇടയിൽ ചാഞ്ചാടിക്കൊണ്ടിരുന്ന സമയത്ത്, അവിടെ ആരംഭിച്ച ഒരു പ്രസ്ഥാനമാണ് സയണിസം. 19-ാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ആഫ്രിക്കയുടെ വിഭജനത്തോടെ കൊളോണിയലിസവും സാമ്രാജ്യങ്ങളും അവയുടെ വികാസത്തിന്റെ പരമാവധികളിലേക്ക് ഏറെക്കുറെ എത്തിയിരുന്നു. ഏതാണ്ട്, പടിഞ്ഞാറൻ യൂറോപ്പിലെല്ലാം വിമോചിപ്പിക്കപ്പെട്ട ജൂത ജനത അക്കാലത്തെ കല, ശാസ്ത്രം, സംസ്കാരം, സാഹിത്യം എന്നിവയ്ക്ക് മുൻ മാതൃകളില്ലാത്ത സംഭാവന നൽകി.

തിയോഡർ ഹെർസൽ

ചരിത്രകാരനായ ഇ.ജെ. ഹോബ്സ്ബോം (2013: 6271) ചൂണ്ടിക്കാണിച്ചതുപോലെ, ക്രിസ്തുമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും സ്ഥാപകർക്ക് സാർവലൗകികമായ ആശയങ്ങൾ പകർന്നുനൽകിയ ഗോത്രീയമായ ഏകദൈവ വിശ്വാസം എന്ന മൗലികമായ കണ്ടുപിടുത്തത്തിനുശേഷം ലോക നാഗരികതയ്ക്ക് രണ്ടാമത്തെ പ്രധാന സംഭാവനയേകാൻ ജൂത ജനതയെ പ്രാപ്തമാക്കിയത് രാഷ്ട്രീയ വിപ്ലവങ്ങളും സാമൂഹിക പരിഷ്കരണപ്രവർത്തനങ്ങളുമാണ്. എന്നിരുന്നാലും ഹോബ്സ്ബോം നിരീക്ഷിക്കുന്നതു പോലെ, ജൂത ജനതയുടെ ഈ സംഭാവനകൾ ‘സാംസ്കാരികമായി അവ്യക്തതയുള്ളതാണ്.’’ കാരണം, അവർ ‘ജ്യൂയിഷ്നസ്’ എന്ന ടൈറ്റിലിനുകീഴെ വന്നിരുന്നില്ല. ഫ്രഞ്ച്, ഇറ്റാലിയൻ, ജർമ്മൻ, ഇംഗ്ലീഷ് എന്നിവരായിരിക്കാൻ ആഗ്രഹിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യൂറോപ്പിന്റെ ആധുനിക മതേതര സംസ്കാരത്തോട് ഒരു തരത്തിലുള്ള സ്വാംശീകരണം തന്നെയായിരുന്നു ഇത്.

സയണിസവും അതിന്റെ ഉൽപത്തിയും

വിപുലമായ സംസ്കാരങ്ങൾ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന സങ്കുചിത ധാരണകൾ ഉറപ്പിക്കപ്പെട്ടിരുന്നതിനാൽ, സ്വാംശീകരണ പ്രവണതയ്ക്കൊപ്പം വിഘടനവാദവും വികസിച്ചുവന്നു. ഒരു നൂറ്റാണ്ടിന്റെ പരിഷ്കരണപ്രവർത്തനങ്ങൾക്കിടക്കും യഹൂദ വിരുദ്ധത അഥവാ ജൂത വിരുദ്ധത യൂറോപ്യൻ ജീവിതത്തിന്റെ സ്ഥിരമായ സവിശേഷതയായതോടെ, സയണിസം ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ വളരാൻ തുടങ്ങി.

സയണിസത്തിന്റെ ഉത്ഭവം ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിൽ ജീവിച്ചിരുന്ന തിയോഡോർ ഹെർസലുമായി ബന്ധപ്പെട്ടിരിക്കുന്നു. 1890-കളിൽ പലസ്തീൻ ഒരു ജൂത കോളനിയാക്കുന്നതിനുള്ള അനുമതി നേടാൻ അയാൾ ഒട്ടോമൻ ചക്രവർത്തിയായ സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പറയപ്പെടുന്നു. അന്ന് സാമ്രാജ്യം കടക്കെണിയിൽ മുങ്ങിയിരിക്കുകയായിരുന്നു, തുർക്കി, 'യൂറോപ്പിലെ രോഗി' എന്ന വിളിപ്പേര് സമ്പാദിക്കുകയും ചെയ്തു. ഒരു സാമ്പത്തിക ഇടപാടുകൊണ്ട് സുൽത്താന്റെ പ്രീതി സമ്പാദിക്കാനാകുമെന്ന് ഹെർസൽ കരുതി. എന്നാൽ, സുൽത്താനിൽനിന്ന് തിരസ്കാരം നേരിടേണ്ടിവന്നു. ‘ഇക്കാര്യത്തിൽ മറ്റൊരു നടപടി സ്വീകരിക്കാതിരിക്കുന്നതാണ് ഹെർസലിന് നല്ലത്’ എന്ന് ഒരു ഇടനിലക്കാരൻ വഴി സന്ദേശവും അയച്ചു. 'എനിക്ക് ഒരടി ഭൂമി പോലും വിൽക്കാൻ കഴിയില്ല, കാരണം അത് എന്റേതല്ല, എന്റെ ജനങ്ങളുടേതാണ്.'

ജറുസലേമിന്റെ ഒരു പഴയകാല ചിത്രം

ഹെർസലിന്റെ പദ്ധതി വളരെ വ്യക്തമായിരുന്നു. ബലപ്രയോഗമില്ലാതെ, സമ്പത്ത് ഉപയോഗിച്ചുള്ള കോളനിവൽക്കരണമായിരുന്നു അത്. 1895-ൽ അയാൾ ഡയറിയിൽ ഇപ്രകാരം എഴുതി: ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന എസ്റ്റേറ്റുകളിലെ സ്വകാര്യ സ്വത്ത് സൗമ്യമായി ഒഴിപ്പിച്ചെടുക്കണം. അതിർത്തിക്കപ്പുറമുള്ള നിസ്വജനതയ്ക്ക് സ്വന്തം രാജ്യത്ത് തൊഴിൽ നിഷേധിക്കപ്പെടുമ്പോൾ ട്രാൻസിറ്റ് രാജ്യങ്ങളിൽ തൊഴിൽ ഒരുക്കി അവരെ ശക്തരാക്കാൻ ഞങ്ങൾ ശ്രമിക്കും. വസ്തു ഉടമകൾ നമ്മുടെ ഭാഗം ചേരും. കൈവശപ്പെടുത്തൽ പ്രക്രിയയും ദരിദ്രരെ നീക്കുന്നതും വിവേകത്തോടെയും സൂക്ഷ്മതയോടെയും നടത്തണം. (ഖാലിദി, 2020: 4-8)

സയണിസ്റ്റ് പദ്ധതി അക്കാലത്ത് പലസ്തീൻ വരേണ്യവർഗത്തിന്റെ കാതിലുമെത്തിയിരുന്നു. അവരിൽ ഒരാളായ യൂസുഫ് ദിയ അൽ-ദിൻ അൽ-ഖാലിദി, നേരത്തെ പറഞ്ഞ പണ്ഡിതനായ റാഷിദ് ഖാലിദിയുടെ മുതുമുത്തച്ഛൻ, സജീവമായി ഇതിൽ ഇടപെടാൻ ശ്രമിച്ചു. റാഷിദ് ഖാലിദി എഴുതിയതു പോലെ, ‘യൂറോപ്പിൽ ജൂതർ നേരിട്ട ക്രൂരതകളെ അദ്ദേഹം അപലപിച്ചതുപോലെ’, സയണിസത്തിന്റെ പ്രേരകങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ പൂർവ്വികൻ മനസ്സിലാക്കിയിരുന്നു. പലസ്തീനിൽ ജൂതർക്ക് അവരുടെ അവകാശങ്ങൾ ഉണ്ടായിരുന്നതിനാൽ സയണിസം ‘സ്വാഭാവികവും മനോഹരവും നീതിയുക്തവുമാണ്’ എന്ന് അദ്ദേഹം തത്വത്തിൽ കരുതി.

എന്നിട്ടും ഹെർസലിന് ഈ പദ്ധതി പിൻവലിക്കുന്നതിനുള്ള മുന്നറിയിപ്പ് നൽകാൻ അദ്ദേഹം ശ്രദ്ധിച്ചു. 'സാഹചര്യങ്ങളുടെ മാരകശേഷി കണക്കിലെടുക്കേണ്ടതുണ്ട്', അദ്ദേഹം എഴുതി: ‘പലസ്തീൻ ഓട്ടോമൻ സാമ്രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്, അതിലുപരി ഗൗരവകരമായ കാര്യം, അവിടെ മറ്റുള്ളവർ വസിക്കുന്നുവെന്നതാണ്’. ‘വസ്തുതകളെക്കുറിച്ചുള്ള പൂർണ്ണമായ അറിവോടെ’ സംസാരിച്ച യൂസഫ് ദിയ, പലസ്തീനിൽ ഭാവികോളനിവൽക്കരണം ആസൂത്രണം ചെയ്യുന്നത് സയണിസത്തിന്റെ 'ശുദ്ധ വിഡ്ഢിത്തം' ആയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. യൂറോപ്പിലെ പീഡനത്തിന്റെ വെളിച്ചത്തിൽ, എവിടെയെങ്കിലും അഭയം കണ്ടെത്താനുള്ള അവകാശം ജൂതന്മാർക്കുണ്ടായിരുന്നു, എന്നാൽ 'ദൈവത്തിന്റെ നാമത്തിൽ', യൂസഫ് ദിയ അഭ്യർത്ഥിച്ചു, 'പലസ്തീനെ വെറുതെ വിടൂ'.

ഡേവിഡ് സ്ട്രീറ്റ്, ഫലസ്തീൻ 1900-1920

യൂസഫ് ദിയയ്ക്കുള്ള മറുപടിയിൽ, തന്റെ സാമ്രാജ്യം നിർമ്മിക്കാൻ താൻ ആഗ്രഹിച്ച ഭൂമിയിൽ ഒരു ജനത ഇതിനകം അവിടെ ജീവിക്കുന്നുണ്ടെന്ന അടിസ്ഥാന വസ്തുതയെ അവഗണിക്കാനാണ് ഹെർസൽ തീരുമാനിച്ചത്. റാഷിദ് ഖാലിദി (2002: 5) രേഖപ്പെടുത്തുന്നതുപോലെ, താൻ അവതരിപ്പിച്ച അടിസ്ഥാന വിഷയം അയാൾ അവഗണിച്ചു, 'പലസ്തീൻ ഒരു ജനവിഭാഗത്താൽ അധിവസിക്കപ്പെടുന്ന പ്രദേശമാണ്, അവരെ മാറ്റിസ്ഥാപിക്കാൻ സമ്മതിക്കില്ല'. പകരം, ജൂതർ 'അവരുടെ ബുദ്ധിശക്തിയും സാമ്പത്തിക ബുദ്ധിയും അവരുടെ സംരംഭങ്ങളും' രാജ്യത്തേക്ക് കൊണ്ടുവരുമെന്ന ഉറപ്പിൽ ജനസംഖ്യയിൽ അനുഭവപ്പെടുന്ന കമ്മി നികത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അതിന് 'സന്തോഷകരമായ പരിണിതഫലമുണ്ടാകും', അത് 'രാജ്യത്തിന്റെ സർവതോമുഖമായ ക്ഷേമ’ത്തിന് കാരണമാകുകയും ചെയ്യും.

ബ്രിട്ടന്റെ സാമ്രാജ്യത്വ
രക്ഷാകർതൃത്വം

ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യം പരാജയപ്പെടാൻ തുടങ്ങിയപ്പോൾ, ബ്രിട്ടനും ഫ്രാൻസും തങ്ങളുടെ കൈവശത്തിലുള്ള പ്രദേശങ്ങൾ പരസ്പരം വിഭജിക്കുന്നതിനുള്ള അധികാരം നേടിയെടുത്തു. സയണിസത്തിന് ഇത് ഉത്തേജനവുമായി. ഒട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയെത്തുടർന്ന് തങ്ങളുടേതായ ഒരു രാജ്യം, യുദ്ധത്തിലെ പിന്തുണയ്ക്ക് പകരമായി ബ്രിട്ടൻ അറബികൾക്ക് വാഗ്ദാനം ചെയ്തിരിക്കെ തന്നെ, രണ്ട് സാമ്രാജ്യത്വ ശക്തികളും എത്തിച്ചേർന്ന ഒരു രഹസ്യ ഇടപാടായിരുന്നു ഇത്. റഷ്യയിലെ ബോൾഷെവിക് വിപ്ലവകാരികൾ സൈക്സ്-പിക്കോട്ട് ഉടമ്പടി എന്ന് വിളിക്കപ്പെടുന്ന ഈ രഹസ്യ ഇടപാടിന്റെ വിശദാംശങ്ങൾ പരസ്യമാക്കിയപ്പോഴും, പലസ്തീനിൽ ജൂതരുടെ മാതൃരാജ്യത്തിന് ‘അനുകൂലമായി’ ബ്രിട്ടൻ ബാൽഫോർ പ്രഖ്യാപനവുമായി രംഗത്തെത്തി.

ബാൽഫോർ പ്രഖ്യാപനം

അതുകൊണ്ടാണ് ഇതിനെ പലസ്തീനെതിരെയുള്ള ആദ്യ യുദ്ധ പ്രഖ്യാപനമായി റാഷിദ് ഖാലിദി വിശേഷിപ്പിച്ചത്. അക്കാലത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുടെ പേരിലുള്ള ഈ ബാൽഫോർ പ്രഖ്യാപനത്തിന് പ്രചോദനമായത് എന്താണ്? തീർച്ചയായും, അത് ജൂത ജനതയോടുള്ള പ്രത്യേക വാത്സല്യമായിരുന്നില്ല. ആർതർ ജെയിംസ് ബാൽഫോർ കുപ്രസിദ്ധനായ വംശീയവാദിയും വർണ്ണവെറിയനും യഹൂദ വിരുദ്ധനുമായിരുന്നു. 1905-ൽ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോൾ ബ്രിട്ടനിലേക്കുള്ള ജൂത കുടിയേറ്റം നിരോധിക്കുന്ന നിയമം പാസാക്കി. ബാൽഫോർ പ്രഖ്യാപനം, യഹൂദവിരുദ്ധതയും സയണിസവും തമ്മിലുള്ള താൽപ്പര്യങ്ങളുടെ ഒരുതരം ഒത്തുചേരലായി മനസ്സിലാക്കാം.

വെയ്മർ റിപ്പബ്ലിക്കിന്റെ ഹ്രസ്വകാല പ്രതാപങ്ങൾക്കുശേഷം 1932-ൽ നാഷണൽ സോഷ്യലിസ്റ്റുകളോ നാസികളോ അധികാരത്തിൽ വന്നപ്പോൾ പിന്നീടുള്ള വർഷങ്ങളിലും താൽപ്പര്യങ്ങളുടെ ഈ ഒത്തുചേരൽ നാം കണ്ടു. നാസികളുടെ ജനിതകഘടനയിൽ ജൂതവിരുദ്ധത എഴുതപ്പെട്ടു. പക്ഷേ, അവരുടെ വിരോധത്തിന്റെ മുഴുവൻ വ്യാപ്തിയും പുറത്തെടുത്തത് മന്ദഗതിയിലായിരുന്നു. യഥാർത്ഥത്തിൽ ആദ്യ വർഷങ്ങളിൽ ക്രമാനുഗതമായ അക്രമ പ്രവർത്തനങ്ങളില്ലെങ്കിലും അവരുടെ വിവേചനം സാമ്പത്തിക ബഹിഷ്‌കരണങ്ങളിലും, ജോലിയും അവസരങ്ങളും നിഷേധിക്കുന്നതിലും പ്രകടമായിരുന്നു. ഇത്തരം സാഹചര്യത്തിൽ, ഇസ്രായേലി ചരിത്രകാരനായ ടോം സെഗെവ് (1993:24) ചൂണ്ടിക്കാണിച്ചതുപോലെ, സയണിസ്റ്റുകൾ നാസികളുമായി ഹവാര അഥവാ ട്രാൻസ്ഫർ പ്ലാൻ എന്നു പേരുള്ള ഒരു കരാർ ഉണ്ടാക്കി. ഇത് ജർമനിയിലെ അനേകം ജൂത പൗരരെ പലസ്തീനിലേക്ക് കുടിയേറാൻ സഹായിച്ചു. ഈ പദ്ധതി ജർമൻ ഗവൺമെന്റിന്റെയും സയണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പരസ്പര പൂരക താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു: നാസികൾ ജൂതരെ ജർമനിയിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിച്ചു; ജൂതർ പലസ്തീനിലേക്ക് വരണമെന്ന് സയണിസ്റ്റുകൾ ആഗ്രഹിച്ചു.
ജർമനി വിടാനാഗ്രഹിക്കുന്ന ജൂതർക്ക് സാമ്പത്തിക മൂലധനം എടുക്കാൻ അനുവാദമില്ല, എന്നാൽ അവരുടെ സാമ്പത്തികം കയറ്റുമതിക്കായി ഭൗതിക മൂലധനമാക്കി മാറ്റാൻ കഴിയും. പലസ്തീൻ പ്രദേശത്ത് ഭ്രൂണരൂപത്തിൽ ജൂതരാഷ്ട്രം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. 1917- നും 1939- നും ഇടയിൽ പലസ്തീനിലെ ജൂത ജനസംഖ്യ 6 -30 ശതമാനം വരെ വർദ്ധിച്ചു.

ആർതർ ജെയിംസ് ബാൽഫോർ

യൂറോപ്പിൽ നിന്നുള്ള ജൂതരുടെ അതിവേഗ കുടിയേറ്റം തദ്ദേശീയരായ പലസ്തീനികൾക്കിടയിൽ ഗുരുതരമായ സംഘർഷാവസ്ഥയുണ്ടാക്കി. 1927-ൽ കലാപമുണ്ടായി, 1936-ൽ കൂടുതൽ ഗൗരവമേറിയതും ദീർഘകാലം നിലനിന്നതുമായ മറ്റൊരു പ്രക്ഷോഭവും ഉണ്ടായി. ഈ ജനകീയ പ്രക്ഷോഭങ്ങളും ഇൻതിഫാദയും പൊട്ടിപ്പുറപ്പെട്ടപ്പോൾ, സാധ്യമായ പരിഹാരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ റോബർട്ട് പീലിന്റെ കീഴിൽ പലസ്തീനിൽ ഒരു റോയൽ കമീഷനെ നിയമിക്കാൻ ബ്രിട്ടീഷ് ഭരണകൂടം നിർബന്ധിതരായി. ബ്രിട്ടൻ സുരക്ഷിതമാക്കിയ പാലസ്തീനു വേണ്ടിയുള്ള ലീഗ് ഓഫ് നേഷൻസ് മാൻഡേറ്റ് പ്രായോഗികമല്ലെന്ന തുറന്ന സമ്മതമായിരുന്നു ഇത്. ഒരുപക്ഷെ, സ്വന്തം സൃഷ്ടി നേരിടുന്ന കൈകാര്യം ചെയ്യാനാവാത്ത അവസ്ഥയിൽനിന്ന് കരകയറാനും ഒളിച്ചോടാനുമുള്ള ബ്രിട്ടന്റെ ഉദ്ദേശ്യത്തിന്റെ ആദ്യ സൂചനയായിരുന്നു അത്. പലസ്തീൻ വിഭജനത്തിന്റെ സാധ്യത അജണ്ടയിൽ അവതരിപ്പിച്ചതും അക്കാലത്തായിരുന്നു.

1948-ൽ സയണിസ്റ്റ് അധിനിവേശത്തെ തുടർന്ന് അഭയർത്ഥികളായ ഫലസ്തീനികൾ / Photo: MiddleEastEye

ഈ സംഭവങ്ങൾക്കെല്ലാം അടുത്തുനിന്ന് സാക്ഷ്യം വഹിച്ചത് പലസ്തീനിലേക്കുള്ള ആദ്യകാല ജൂത കുടിയേറ്റക്കാരനും പലസ്തീനിലെ ജൂത ഏജൻസിയുടെ തലവനുമായ ഡേവിഡ് ബെൻ-ഗുറിയോൺ ആയിരുന്നു. പീൽ കമീഷൻ നിർദ്ദേശിച്ച വിഭജനപദ്ധതി ബെൻ-ഗുറിയോണിന്റെ അഭിലാഷങ്ങൾക്ക് അപര്യാപ്തമായിരുന്നുവെങ്കിലും, അദ്ദേഹം തന്റെ സമയത്തിനായി കാത്തിരിക്കാൻ തയ്യാറായി. 1937 ഒക്ടോബറിൽ, വിഭജനം തനിക്ക് ‘സന്തോഷം തന്നില്ലെന്ന്’ സമ്മതിച്ചുകൊണ്ട് അയാൾ തന്റെ മകന് കത്തെഴുതി: ‘‘എന്നിട്ടും ഭൂമി 'യഥാർത്ഥത്തിൽ നമ്മുടെ കൈവശമായിരുന്നില്ല', കൂടാതെ 'യഥാർത്ഥത്തിൽ കൈവശമുള്ളത്' 'അവർ ജൂത രാഷ്ട്രത്തിനായി നിർദ്ദേശിക്കുന്നതിനേക്കാൾ കുറവുമാണ്.’’’
അയാൾ ഒരു അറബി ആയിരുന്നെങ്കിൽ, 'വളരെ രോഷാകുലനാകുമായിരുന്നു', എന്നാൽ അയാൾ വഹിക്കുന്ന സ്ഥാനത്തിരുന്ന്, 'നമ്മുടെ യോഗ്യതയിലും ആഗ്രഹത്തിലും വളരെ കുറവാണെങ്കിലും''നമുക്കിപ്പോഴുള്ളതിലും കൂടുതൽ' ലഭിക്കുന്നതിൽ അയാൾ സംതൃപ്തനാകും.
സയണിസ്റ്റ് പദ്ധതി, 'പ്രദേശം മുഴുവനും ഏകീകൃതമായി നിലകൊള്ളുക' എന്നതല്ല, മറിച്ച് 'മുഴുവൻ ഏകീകൃത പ്രദേശങ്ങളും ജൂത ഭൂമിയായിരിക്കുക' എന്നതായിരുന്നു. ദേശം മുഴുവൻ ജൂതരുടേതാകുന്ന ആ സമയത്തിനായി കാത്തിരിക്കവെ 'അറബികളുടെ ചോദ്യത്തിനുള്ള പരിഹാരം' എന്തായിരിക്കുമെന്ന് ബെൻ-ഗുറിയോണിന് വ്യക്തമായിരുന്നു: 'ഞാൻ അവരുടെ നിർബന്ധിത കൈമാറ്റത്തിനുവേണ്ടിയാണ്', ജൂത ഏജൻസി മീറ്റിംഗിൽ വെച്ച് അയാൾ പറഞ്ഞു: 'ഞാൻ അതിൽ അധാർമികമായി ഒന്നും കാണുന്നില്ല'.

രണ്ടാം ലോകമഹായുദ്ധകാലത്തുടനീളം, ജൂത കുടിയേറ്റം തടയാൻ പലസ്തീൻ അടച്ചിട്ടിരുന്നു. യൂറോപ്പിലെ ജൂതരെ, നാസികൾ അവർക്കായി കരുതിവച്ചിരുന്ന ഭയാനകമായ വിധിയിലേക്ക് തള്ളിവിടുന്നതിനെക്കുറിച്ച് ബ്രിട്ടനും അതിന്റെ സഖ്യകക്ഷികളും ചിന്തിച്ചിരുന്നില്ല. യുദ്ധം അവസാനിച്ചപ്പോഴും, ബ്രിട്ടൻ ജൂത കുടിയേറ്റത്തിന്മേലുള്ള ഉപരോധം നിലനിർത്താൻ ശ്രമിച്ചുവെങ്കിലും സയണിസ്റ്റ് സംഘങ്ങളിൽ നിന്ന് അക്രമാസക്തമായ ഭീകരാക്രമണം നേരിട്ടു. 1946-ഓടെ, മങ്ങിക്കൊണ്ടിരിക്കുന്ന കൊളോണിയൽ ശക്തിക്ക് സാഹചര്യം നിയന്ത്രണാതീതമായി, പുതിയതായി സ്ഥാപിതമായ ഐക്യരാഷ്ട്രസഭക്ക് അധികാരം കൈമാറേണ്ടിവന്നു.

1947 നവംബറിൽ, പലസ്തീൻ വിഭജിക്കാൻ യു.എൻ ഔദ്യോഗികമായി വോട്ട് ചെയ്തു. സയണിസ്റ്റ് അവകാശവാദങ്ങളോടുള്ള മഹാമനസ്‌കതയായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായിട്ടും പലസ്തീനിലെ ജനസംഖ്യയുടെ മൂന്നിലൊന്നിൽ കുറവായിരുന്ന ജൂത ജനതയ്ക്ക് ഭൂവിസ്തൃതിയുടെ 55 ശതമാനം നൽകപ്പെട്ടു. നിയുക്ത ജൂത പ്രദേശത്ത് അപ്പോഴും അറബികളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. അതേസമയം നിയുക്ത അറബ് പ്രദേശത്ത് ജൂത ജനസംഖ്യ 10 ശതമാനത്തിൽ താഴെ മാത്രമായിരുന്നു.

1948-ൽ പുതുതായി സ്ഥാപിച്ച ഇസ്രയേൽ രാഷ്ട്രത്തിന്റെ പതാക ഉയർത്തുന്ന സൈനികർ, ഹൈഫ എയർപോർട്ട് / Photo: AP

ഇസ്രായേലും നക്ബയും

തുടർന്ന് റാഷിദ് ഖാലിദി വിശേഷിപ്പിച്ച പലസ്തീനിനെതിരായ രണ്ടാം യുദ്ധ പ്രഖ്യാപനം വന്നു. ഇസ്രായേൽ രാഷ്ട്ര പ്രഖ്യാപനത്തെതുടർന്ന് ഏകദേശം 7,50,000 പലസ്തീനികളെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചു. അവർ അതിർത്തി കടന്ന് അയൽരാജ്യങ്ങളിലേക്കുപോയി, അല്ലെങ്കിൽ വെസ്റ്റ് ബാങ്കിലും ഗാസയിലും തിങ്ങിക്കൂടുകയും ചെയ്തു. ഈയൊരു മാനുഷിക ദുരന്തത്തിന് പലസ്തീനിലെയും മറ്റിടങ്ങളിലെയും അറബ് നേതൃത്വത്തെ പൂർണമായും കുറ്റപ്പെടുത്തി, ഇസ്രായേൽ എല്ലാ പാപങ്ങളിൽനിന്നും മുക്തമായി. പലസ്തീനിലുള്ളത് ചെറിയ സയണിസ്റ്റ് സേനയായതിനാൽ, അത് തങ്ങളുടെ സൈന്യത്തിന് തുല്യമാകില്ലെന്ന ബോധ്യം അറബ് രാഷ്ട്രങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തങ്ങൾക്ക് സൈനിക വിജയം ഉറപ്പാണെന്നും പുനരധിവാസം ഉടൻ ഉണ്ടാകുമെന്നും ഉറപ്പുനൽകി. ഇത് കൂട്ട പലായനത്തെ പ്രോത്സാഹിപ്പിക്കുന്ന നയമായിരുന്നുവെന്ന് വിമർശിക്കപ്പെട്ടു.

ഇസ്രായേലി ചരിത്രകാരരായ ബെന്നി മോറിസും ഇലൻ പാപ്പേയും വ്യക്തമാക്കിയതുപോലെ, തുടർന്നുള്ള വർഷങ്ങളിൽ ഇസ്രായേൽ ഗവൺമെന്റായി മാറിയ ജൂത ദേശീയ ഏജൻസിയുടെ കൈവശം, ഒരു ജൂത രാഷ്ട്രമെന്ന നിലയിൽ ഇസ്രായേലിന്റെ തന്ത്രപരമായ പ്രതിരോധത്തിന് അത്യന്താപേക്ഷിതമായ ഭൂപ്രദേശം പൂർണമായി കീഴടക്കുന്നതിനുള്ള ഒരു ബ്ലൂപ്രിന്റ് ഉണ്ടായിരുന്നു. ഇതിന് അറബികളെ ഏതാണ്ട് പൂർണമായി പുറത്താക്കേണ്ടതുണ്ട്. സയണിസ്റ്റ് പദ്ധതിക്ക് ഇസ്രായേലിന്റെ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗുറിയോൺ വ്യക്തിപരമായി അംഗീകാരം നൽകുകയും പിന്നീട് ഐ.ഡി.എഫിന്റെ മുഖ്യകണ്ണിയായ രഹസ്യ സായുധസേനയായ ഹഗാനാ അത് നടപ്പിലാക്കുകയും ചെയ്തു. 1930- കളിലെ പലസ്തീൻ ഇൻതിഫാദ കാലത്ത് ബ്രിട്ടീഷ് അധികാരികളിൽ നിന്ന് ‘ഹഗാനാ’ക്ക് അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞിരുന്നു.

നക്ബയെതുടർന്ന് ഒഴിയേണ്ടി വന്ന ബീർഷെബയിലെ തൻറെ വീടിന്റെ താക്കോലുമായി ഫലസ്തീൻ സ്വദേശി മഹമൂദ് അലർജ. 2007-ലെ ചിത്രം. / Photo: Kalboz, Flickr

പുനർനിർമിക്കാനാകാത്ത സയണിസ്റ്റ് എന്ന നിലയിൽ ബെന്നി മോറിസ് ഐ ഡി എഫ് ആർക്കൈവുകളിൽ നിന്ന് ഉത്ഭവരേഖകൾ തെരഞ്ഞെടുത്ത് നിരാശയോടെ ഇപ്രകാരം എഴുതുന്നു: ആ ജോലി പാതിവഴിയിൽ നിന്നു പോകുകയും അത് ഇസ്രായേലിനെ പരിഹരിക്കാനാകാത്ത ജനസംഖ്യാപരമായ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. സയണിസ്റ്റ് നേതൃത്വത്തിന്റെ ഏറ്റവും ഉയർന്ന തലത്തിൽ അംഗീകരിക്കപ്പെട്ട വംശീയ ഉന്മൂലനത്തെ പുനഃസ്ഥാപനം ആവശ്യപ്പെടുന്ന അനീതിയായാണ് ഇല്ലൻ പാപ്പെ നിരീക്ഷിക്കുന്നത്.

യു.എൻ വിഭജന പദ്ധതി പ്രഖ്യാപിച്ചപ്പോൾ, ജൂത ഏജൻസി നടപടികളിലേക്ക് തിടുക്കപ്പെട്ടു. നിയുക്ത ജൂത പ്രദേശത്തെ നിരവധി ഗ്രാമങ്ങൾ കണ്ടെത്തി. ഇല്ലൻ പാപ്പെ (2007: 1045) ഹഗാന തന്ത്രത്തിന്റെ വിശദാംശങ്ങൾ നൽകുന്നുണ്ട്. തുടക്കത്തിൽ തെരഞ്ഞെടുത്തത് ഖിസാസ് എന്ന ഗ്രാമമാണ്. നൂറുകണക്കിന് മുസ്‍ലിംകളും നൂറ് ക്രിസ്ത്യാനികളുമുള്ള ഒരു ചെറിയ ഗ്രാമം, അതിന്റെ ഭൂപ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടതാണ്.
1947 ഡിസംബർ 18 ന് ഗ്രാമം ഉറങ്ങുമ്പോൾ അങ്ങിങ്ങായി ‘വീടുകൾ തകർത്തു’ കൊണ്ട് ഹഗാന സൈന്യം അവരെ ആക്രമിച്ചു. തുടർന്നുള്ള സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടർ ‘ഹഗാന’യോട് ഇക്കാര്യം ആരാഞ്ഞെങ്കിലും അവരത് നിഷേധിച്ചു. 'അനധികൃത നടപടി’യെന്നു പറഞ്ഞ് മുഖം രക്ഷിക്കാൻ ബെൻ-ഗുറിയോൺ നാടകീയമായ പരസ്യ ക്ഷമാപണം നടത്തി. മാസങ്ങൾക്കുശേഷം ഒരു പൊതുപ്രസംഗത്തിൽ, തന്റെ സൈനിക വിഭാഗം നടത്തിയ വിജയകരമായ പ്രവർത്തനങ്ങളുടെ പട്ടികയിൽ അദ്ദേഹം ഇതിന് ഇടം നൽകുകയും ചെയ്തു.

ഹഗാന സേനാംഗങ്ങൾ, 1947 / Photo: Wikimedia Commons

1946 മെയിൽ സയണിസ്റ്റ് നേതൃത്വം അംഗീകരിച്ച ‘പ്ലാൻ സി’യുടെ ബ്ലൂപ്രിന്റ് പിന്തുടർന്നാണ് ഖിസാസ് ഓപ്പറേഷൻ മുതൽ ഹഗാന 1947-ന്റെ പകുതി നടപ്പിലാക്കിയത്. സൈനിക പ്രവർത്തനങ്ങളുടെ രീതി വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്: '… ഗ്രാമത്തി​ന്റെ വലുപ്പവും അവിടെനിന്ന് പ്രതീക്ഷിക്കുന്ന പ്രതിരോധവും അനുസരിച്ച് സൈന്യത്തിന്റെ വലുപ്പം തീരുമാനിക്കും. ഈ സേനയുടെ ഒരു ഭാഗം - കുറഞ്ഞത് പകുതിയെങ്കിലും - ഗ്രാമത്തിൽ പ്രവേശിച്ച് തീകൊളുത്തിയും എല്ലാം തകർത്തും ആക്രമണം നടത്തും. അതിതീവ്രമായ ആക്രണമാണ് ലക്ഷ്യമെങ്കിൽ സാധ്യമായതെല്ലാം അഗ്നിക്കിരയാക്കും, എതിർക്കുന്നവരുടെ വീടുകൾ തകർക്കും''.

നഗരപ്രദേശങ്ങളിൽ സ്വീകരിച്ച വംശീയ ഉന്മൂലന മാതൃക, അന്നത്തെ പലസ്തീനിലെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫയുടെ പശ്ചാത്തലത്തിൽ ഇല്ലൻ പാപ്പെ (2007: 105) വിവരിച്ചിരിക്കുന്നുണ്ട്: 'യു.എൻ വിഭജനപ്രമേയം അംഗീകരിച്ചശേഷം രാവിലെ മുതൽ നഗരത്തിലെ 75,000 പലസ്തീനികൾ ഭീകരതയുടെ സംഘടിതപ്രവർത്തനത്തിന് വിധേയരായി' എന്ന് അദ്ദേഹം എഴുതുന്നു. വ്ലാഡിമിർ ജബോട്ടിൻസ്‌കിയുടെ എതിരാളിയായ സയണിസ്റ്റ് സ്ട്രീമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട, ഭാവി പ്രധാനമന്ത്രി മെനാചെം ബെഗിന്റെ നേതൃത്വത്തിലുള്ള ‘ഇർഗൺ’ എന്ന ഭീകര സംഘടനക്കൊപ്പം ഹഗാന ഈ കൃത്യത്തിൽ ചേർന്നു. ജൂത നിവാസികൾ പട്ടണത്തിൽ താരതമ്യേന പുതിയവരായിരുന്നതിനാൽ, അവർ കുന്നിൻചെരിവുകളിൽ ഉയർന്ന പ്രദേശങ്ങൾ കൈവശപ്പെടുത്തിയിരുന്നു. റോഡുകളിൽ എണ്ണയും ഇന്ധനവും ഒഴിക്കുക എന്നതായിരുന്നു സാധാരണ തന്ത്രം. അത് കത്തുന്നതുകണ്ട് പരിഭ്രാന്തരായ പലസ്തീനികൾ ഓടിവന്ന് തീ കെടുത്താൻ ശ്രമിച്ചപ്പോൾ, അവർക്കുമേൽ യന്ത്രത്തോക്കുകൾ തീ തുപ്പി'.

സയണിസ്റ്റ് സൈന്യം നഗരത്തിൽ പ്രവേശിച്ചതോടെ നഗരം വിടുന്ന ഫലസ്തീനികൾ, 1948 / Photo: Wikimedia Commons

ബെന്നി മോറിസ് രേഖപ്പെടുത്തുന്നത്, ഇസ്രായേലിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് രണ്ടു മാസത്തിനിപ്പുറം, ജൂലൈ ആയപ്പോഴേക്കും, 'യുദ്ധത്തിനുമുമ്പുള്ള ഹൈഫയുടെ അറബ് ജനസംഖ്യയായ 70,000 പേരിൽ 3,500 പേർ മാത്രമാണ് നഗരത്തിൽ അവശേഷിച്ചത് എന്നാണ്. ‘‘1947 ഡിസംബറിൽ പലായനം ആരംഭിച്ചു. ഹഗാന നഗരം ഉപരോധിക്കുകയും ഒടുവിൽ കീഴടക്കുകയും ചെയ്തിനാൽ തുടർന്നുള്ള ഏപ്രിൽ, വിശേഷിച്ചും കൊടുവിപത്തിന് സാക്ഷിയായി.’’
മേയ് തുടക്കത്തിൽ നഗരം സന്ദർശിച്ച ബെൻ-ഗുറിയോൺ, നഗരത്തി​ന്റെ ഭാവിയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്: ‘പലസ്തീനികളുടെ എണ്ണം 15,000 കവിയരുത്, അതിൽ 'മൂന്നിൽ രണ്ട് ഭാഗവും ക്രിസ്ത്യാനികളും മൂന്നിലൊന്ന് മുസ്‍ലിംകളും ആയിരിക്കും'. ഈ വിഭാഗങ്ങൾ നഗരത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിൽ കേന്ദ്രീകരിക്കണം. തുടർന്നുള്ള മാസങ്ങളിൽ, പുതുതായി ശാക്തീകരിക്കപ്പെട്ട ജൂത സൈനിക ഭരണാധികാരികൾ 'സ്ഥാനചലനത്തിന്റെയും സംയോജനത്തിന്റെയും' ഈ പദ്ധതികൾ നടപ്പിലാക്കി. ജനസംഖ്യാ നിർമാർജ്ജന പദ്ധതി വിഭാവനം ചെയ്തതിലും വിജയകരമായിരുന്നു.

ഡേവിഡ് ബെൻ-ഗുറിയോൺ

പലസ്തീൻ ചരിത്രകാരനായ വാലിദ് ഖാലിദി, ബ്രിട്ടീഷ് പിന്മാറ്റത്തോടടുക്കുമ്പോൾ ‘പ്ലാൻ ഡി’യുടെ മാർഗനിർദേശപ്രകാരം സയണിസ്റ്റ് ആക്രമണം എങ്ങനെ പുതിയ ഉയരങ്ങൾ കീഴടക്കിയെന്ന് രേഖപ്പെടുത്തുന്നു. ജൂത അധിനിവേശത്തിനായി സൃഷ്ടിക്കപ്പെട്ട ഒഴിഞ്ഞ പ്രദേശങ്ങളുടെ കാര്യത്തിൽ, അതുവരെ നടന്ന എല്ലാ സൈനിക നീക്കങ്ങൾക്കുമുണ്ടായ ഫലം മിതമായിരുന്നു. യു.എൻ വിഭജനപദ്ധതി പ്രകാരം ജൂതർക്കായി നിയോഗിക്കപ്പെട്ട പ്രദേശത്തിന് പുറത്തുള്ള പ്രവർത്തനങ്ങളായിരുന്നു ‘പ്ലാൻ ഡി’യിൽ ഉൾപ്പെട്ടിരുന്നത്. 'ഒരു സജീവ സായുധ സേന തങ്ങളുടെ താവളമായി ഉപയോഗിക്കുന്നത് തടയാൻ (സയണിസ്റ്റ്) പ്രതിരോധ സംവിധാനത്തിനുള്ളിലോ സമീപത്തോ ഉള്ള ശത്രുപക്ഷത്തെ ജനആവാസകേന്ദ്രങ്ങൾക്കെതിരെ ഓപ്പറേഷനുകൾ' നടത്താനുള്ള അധികാരം ഹഗാനയിലെ ബ്രിഗേഡ് കമാൻഡർമാർ, ഇർഗൂണിന്റെയും മറ്റ് സായുധ തീവ്രവാദ ഗ്രൂപ്പുകളുമായും സഹകരിച്ച് പ്രവർത്തിക്കുന്നവർ എന്നിവർക്ക് നൽകപ്പെട്ടു. 'ഗ്രാമങ്ങളുടെ നാശത്തിന് തീയിടൽ, ബോംബിടൽ, മൈനുകൾ സ്ഥാപിക്കൽ' എന്നിവയിലേതും തെരഞ്ഞെടുക്കാം. ബ്രിഗേഡ് കമാൻഡർമാർക്ക് ഗ്രാമം വലയം ചെയ്ത്' മുന്നോട്ടുപോകാൻ കഴിയുന്ന 'കോമ്പിംഗ് ആൻഡ് കൺട്രോൾ ഓപ്പറേഷനുകൾ' നടത്താൻ അധികാരമുണ്ടായിരുന്നു. പരിശോധന നടത്തുമ്പോൾ ചെറുത്തുനിൽപ്പ് നേരിടേണ്ടി വന്നാൽ, എതിർക്കുന്ന ശക്തിയെ 'തുടച്ചുമാറ്റാനും' 'രാജ്യാതിർത്തിക്കുപുറത്തേക്ക്' ജനങ്ങളെ പടികടത്താനും' സൈനിക യൂണിറ്റുകൾക്ക് അധികാരമുണ്ടായിരുന്നു.

ഡീ പോപ്പുലേഷൻ എന്ന തന്ത്രം

ഹുയെ, നജ്ദ് എന്നീ രണ്ട് പലസ്തീനിയൻ ഗ്രാമങ്ങൾ നിലനിന്നിരുന്നിടത്താണ് സ്ഡെറോട്ട് നിൽക്കുന്നത്. ഇസ്രായേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഹഗാന സൈന്യം നജ്ദ് ഗ്രാമം തുടച്ചുനീക്കി. ബെന്നി മോറിസ് (2008: 161) രേഖപ്പെടുത്തുന്നു: ‘‘മണിക്കൂറുകൾക്കകം ഈജിപ്ഷ്യൻ സേനയുടെ പ്രതീക്ഷിത മുന്നേറ്റത്തോടെ, ഐ ഡി എഫിന്റെ നെഗേവ് ബ്രിഗേഡ് ' ഡസൻ ഗ്രാമീണരെ കൊന്നൊടുക്കി ബുറൈർ ഗ്രാമം കീഴടക്കി, സമീപ ഗ്രാമങ്ങളായ സംസം, നജ്ദും എന്നിവടങ്ങളിലെ ജനങ്ങളെ പുറത്താക്കുകയും ചെയ്തു.
രണ്ടാഴ്ചയ്ക്കുശേഷം, ഇതേ ഐ ഡി എഫ് യൂണിറ്റ് അയൽഗ്രാമങ്ങളായ മുഹറഗയിലും കൗഫഖയിലും റെയ്ഡ് നടത്തി ഗ്രാമനിവാസികളെ പുറത്താക്കി. ബേത്ത് ടിമയും ഒരിക്കലും അപകടമുണ്ടാക്കുമെന്ന് കമാൻഡർമാർ കരുതാതിരുന്ന ഒരു 'സൗഹൃദ' ഗ്രാമമായ ഹുയയും കീഴടക്കി.’’

നജ്ദ് ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ / Photo: Wikimedia Commons

ഭൂപ്രദേശങ്ങൾ പരമാവധി കൈയടക്കി, പലസ്തീൻ ജനതയുടെ കൈവശാവകാശം പ്രദേശങ്ങൾ പരമാവധി കുറച്ച്, സാധ്യമായ ഏറ്റവും വിശാലമായ ഭൂപ്രദേശം സൃഷ്ടിക്കാനുള്ള സയണിസ്റ്റ് നേതൃത്വത്തിന്റെ തീരുമാനത്തിന് അനിവാര്യമായ ഒന്നായിരുന്നു വംശഹത്യ എന്ന പദ്ധതി.

‘രാജ്യമില്ലാത്ത ജനത’ എന്ന നിലയിൽ തങ്ങൾക്ക് ‘ദൈവികനിയോഗ’മുണ്ടെന്ന ജൂതരുടെ വിശ്വാസം​ പോലെ, പലസ്തീൻ ‘ജനങ്ങളില്ലാത്ത നാട്’ എന്ന സയണിസ്റ്റ് പേടിസ്വപ്‌നം സാക്ഷാത്കരിക്കാനുള്ള സൈനിക നടപടിയായിരുന്നു പ്ലാൻ ഡി. ഹുയിന്റെയും നജ്ദിന്റെയും മറ്റ് സമീപ ഗ്രാമങ്ങളുടെയും വംശീയ ഉന്മൂലനം ഒരിക്കലും സൈനിക ഭീഷണിയായി കണ്ടിരുന്നില്ല, പകരം അതിന് തന്ത്രപരമായ ലക്ഷ്യമുണ്ടായിരുന്നു.

ഈജിപ്ഷ്യൻ സായുധ സേനയുടെ പ്രതീക്ഷിത ആക്രമണത്തിനെതിരെ മനുഷ്യകവചം സൃഷ്ടിക്കുകയായിന്നു വംശീയ ഉന്മൂലനത്തിന്റെ ഉദ്ദേശ്യമെന്ന് അന്നത്തെ അറബ് ലീഗ് സെക്രട്ടറി ജനറലിനെ ഉദ്ധരിച്ച് ബെന്നി മോറിസ് എഴുതുന്നുണ്ട്. ‘അറബ് സൈന്യത്തിന് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുന്ന റോഡുകളിലോ സമീപത്തോ ഉള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ പുറത്താക്കുക’ എന്നത് യഥാർത്ഥത്തിൽ ‘കഠിന യുക്തി’ ആയിരുന്നെന്ന് മോറിസ് എഴുതുന്നു.

നിലവിൽ അഷ്‌കെലോൺ എന്നറിയപ്പെടുന്ന പട്ടണം പിന്നീട് ‘പ്ലാൻ ഡി’യോട് കണക്കുതീർക്കുന്ന ദിവസത്തിനായി കാത്തിരിക്കുന്നുണ്ട്. ഇസ്രായേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഈ നഗരം ഈജിപ്ഷ്യൻ നിയന്ത്രണത്തിലേക്ക് വീഴുകയും 1948 നവംബറിൽ ഐ ഡി എഫ് അതിന്റെ കീഴടക്കൽ പൂർത്തിയാക്കുന്നതുവരെ, പീരങ്കികൾക്കും വ്യോമാക്രമണത്തിനും വിധേയമാകുകയും ചെയ്തു. പലസ്തീനിയൻ പണ്ഡിതനായ നൂർ മസൽഹ (1997:9) ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
1950 വരെ അൽ-മജ്ദൽ എന്നറിയപ്പെട്ടിരുന്ന അഷ്‌കെലോണിൽ ഇസ്രായേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ തലേന്നുവരെ 10,000 പേരുണ്ടായിരുന്നു. 1949- ലെ യുദ്ധവിരാമത്തിനു ശേഷം 2,700 പേരുണ്ടായിരുന്നെങ്കിലും ഐ ഡി എഫിന്റെ ബോംബാക്രമണ സമയത്ത് ജനസംഖ്യ ഒരു പരിധിവരെ ശൂന്യമായി. പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള കുടിയേറ്റ ജൂതരെ പുനരധിവസിപ്പിക്കുന്നതിനുള്ള പട്ടണമായി പിന്നീട് ഇത് മാറി. 1949 ഫെബ്രുവരിയിൽ, ഔദ്യോഗികമായി രൂപീകരിച്ച ഒരു കമ്മിറ്റി എല്ലാ അറബികളെയും നഗരത്തിൽനിന്ന് തുടച്ചുനീക്കാൻ തീരുമാനിച്ചു.

അഷ്‌കെലോൺ

അൽ-മജ്ദലിന്റെയും ഹുയിന്റെയും നജ്ദിന്റെയും പിൻഗാമികൾ ഇന്ന്, 1949 ഫെബ്രുവരിയിൽ യുദ്ധം അവസാനിപ്പിച്ചപ്പോൾ ഈജിപ്ഷ്യൻ സൈന്യം കൈവശപ്പെടുത്തിയ ഒരു ഇടുങ്ങിയ മുനമ്പായ ഗാസയിൽ തിങ്ങിനിറഞ്ഞിരിക്കുന്നു. യു.എൻ വിഭജനപദ്ധതി പ്രകാരം പലസ്തീനികൾക്കായി നൽകിയ ഗാസ ജില്ലയുടെ വലിയൊരു ഭാഗം ഇസ്രയേലിന്റെ അധീനതയിലായി. ഇസ്രായേൽ ഭരണകൂടം പുറത്താക്കൽ തുടർന്നുവെങ്കിലും, മറ്റ് അറബ് രാഷ്ട്രങ്ങളുമായുള്ള സന്ധി തുടർന്നു. അഭയാർത്ഥികളുടെ മടങ്ങിവരാനുള്ള അവകാശം യു.എൻ. സുരക്ഷാ കൗൺസിൽ പ്രമേയം 194-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്, 1949-ൽ ഏകകണ്ഠമായി ഇത് അംഗീകരിക്കുകയും 1967 വരെ എല്ലാ വർഷവും ആവർത്തിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും ‘വംശീയ വിശുദ്ധി’യോടുള്ള അഭിനിവേശത്തിൽ ഇസ്രായേൽ അത് അവഗണിച്ചുകൊണ്ടിരുന്നു, കാര്യമായ പ്രത്യാഘാതങ്ങളില്ലാതെ.

ജനസംഖ്യ എന്ന
ആശയക്കുഴപ്പം

ഇസ്രായേൽ സൃഷ്ടിക്കപ്പെട്ടതു മുതൽ, ജനസംഖ്യ ഒരു ഒഴിയാബാധയായി അതിനൊപ്പമുണ്ട്. ആ ഭൂപ്രദേശമൊന്നാകെ ആഗ്രഹിച്ച ബെൻ-ഗുറിയോണും പിൻഗാമികളും ആ സ്വപ്നം പൂർത്തീകരിക്കപ്പെട്ടപ്പോൾ സംഖ്യകളുടെ പരിഹരിക്കാനാകാത്തൊരു പ്രശ്നം നേരിട്ടു. അയൽപക്കത്തെ അറബ് രാജ്യങ്ങൾക്കെതിരെ ആറു ദിവസത്തെ യുദ്ധം തുടങ്ങിവെക്കുകയും അതിൽ നിർണായക വിജയം നേടുകയും ചെയ്ത രണ്ട് പതിറ്റാണ്ടുകൾക്കുശേഷം, സയണിസം പലസ്തീനികളുമായി മറ്റൊരു തരത്തിലുള്ള ഉടമ്പടിയിൽ ഏർപ്പെട്ടതായി കാണം- ഇസ്രായേൽ സമ്പദ് വ്യവസ്ഥക്ക് ഇന്ധനം നൽകുന്നതിനുള്ള കുറഞ്ഞ കൂലിയുള്ള തൊഴിലാളികളുടെ സംഭരണിയായി അധിനിവേശജനതയെ കണക്കാക്കി. എന്നാൽ, അടിസ്ഥാന അവകാശങ്ങൾ നിരന്തരമായി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ, എപ്പോഴും പൊളിയാൻ സാധ്യതയുള്ള അസ്ഥിരമായ ഒരു ക്രമീകരണം കൂടിയായിരുന്നു അത്.
1989-ൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ ലേഖനത്തിൽ, ജൂത സമൂഹത്തിൽ പുതുതായി ഒരു പ്രസ്ഥാനം ഉയർന്നുവന്നതായി ഒരു പൗരാവകാശ പ്രവർത്തകൻ നിരീക്ഷിക്കുന്നുണ്ട്, അത് ‘എല്ലാ പലസ്തീനികളെയും വെസ്റ്റ് ബാങ്കിൽ നിന്നും ഗസ്സ മുനമ്പിൽ നിന്നും അയൽ അറബ് രാജ്യങ്ങളിലേക്കോ അതിനുമപ്പുറത്തേക്കോ പുറന്തള്ളുക’ എന്ന ആശയത്തെ പിന്തുണയ്ക്കുന്നതായിരുന്നു.

ഇന്ന്, പലസ്തീനിൽ ജൂത ഇതര ജനവിഭാഗങ്ങൾ ഭൂരിപക്ഷമായിരിക്കെ, തങ്ങൾ ജനാധിപത്യ രാജ്യമാണ് എന്ന നിലയ്ക്കുള്ള നാട്യം ഇസ്രായേൽ വെടിയണമെന്ന ആവശ്യമുയരുന്നു. വെസ്റ്റ് ബാങ്കിനെയും ഗാസയെയും സ്വയംഭരണാധികാരമുള്ളതും സൈനികമുക്തവുമായ പലസ്തീൻ രാഷ്ട്രമായി മാറ്റുക എന്നത് കേവല വാഗ്ദാനം മാത്രമായിരുന്നു, ആത്മാർത്ഥതയില്ലാത്തതും സാധ്യമായ സമയങ്ങളിൽ പോലും കപടവുമായ ഒന്ന്. 1948-ൽ സ്ഥാപിതമായ അതിരുകൾക്കുള്ളിൽ ഒരിക്കലും സുരക്ഷിതത്വം അനുഭവിക്കാൻ കഴിയാത്തത്ര മുറിവുകളാണെന്ന് തങ്ങൾ അടിച്ചേൽപ്പിച്ചിരിക്കുന്നെന്ന ബോധ്യം ഇസ്രായേലിനുണ്ട്.

ഏറ്റവും വലിയ ചെറുത്തുനിൽപ്പ് ഗ്രൂപ്പായ ഫത്തഹ് നേതൃത്വം നൽകുന്ന പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്, ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിലെ കെയർടേക്കർ- മുനിസിപ്പൽ ജോലികൾ ചെയ്യാൻ പരിമിതമായ അധികാരമുള്ള സംവിധാനം- പദവി ലഭിച്ചെങ്കിലും ഇസ്രായേലിന്റെ പ്രദേശത്തിന്റെയും അവരുടെ സെറ്റിൽമെന്റുകളുടെയും സുരക്ഷ ഉറപ്പാക്കലായിരുന്നു അതിന്റെ ലക്ഷ്യം. ഫതഹ് അതിനനുസരിച്ച് പ്രവർത്തിച്ചെങ്കിലും ഒരു ഘട്ടത്തിൽ പ്രഹസനം അവസാനിപ്പിച്ചു.

ഇസ്രായേൽ എക്കാലവും മനസ്സിൽ കരുതിയിരുന്ന ഒത്തുതീർപ്പിനായി പ്രേരിപ്പിക്കുകയാണ്: ഏകപക്ഷീയമായ വേർപിരിയൽ, ഗാസ സ്ഥിരമായ ഉപരോധത്തിൽ തുടരും, കൂടാതെ ജൂതർക്കു മാത്രമായി വേർതിരിക്കപ്പെട്ട പ്രവേശനവഴികളുമയി വെസ്റ്റ് ബാങ്ക് ജൂതരുടെ അധിവാസ മേഖലയായി തുടരും.
ഒക്ടോബർ 7, പലസ്തീനിയൻ ഭാഗത്തുനിന്നുള്ള തിരക്കഥയുടെ ഏകപക്ഷീയ സംഗ്രഹമായിരുന്നു. ഭൂതകാലത്തിലെ എല്ലാ വംശഹത്യാ പേടിസ്വപ്നങ്ങളെയും തീവ്രമായ ഭയങ്കരതകളോടെ തിരികെക്കൊണ്ടുവരുന്ന ഒരു ‘അന്തിമ പരിഹാര’ത്തിനുവേണ്ടിയുള്ള ത്വരയുടെ ഗതിവേഗം അതിലുണ്ടായിരുന്നു,

തകാലത്തിലെ എല്ലാ വംശഹത്യാ പേടിസ്വപ്നങ്ങളെയും ഉജ്ജ്വലമായ ഭീതിയിൽ തിരികെ കൊണ്ടുവരുന്ന ഒരു ‘അവസാന പ്രതിവിധി’ എന്ന അന്വേഷണത്തെ ഒക്ടോബർ 7 ത്വരിതപ്പെടുത്തി.

മാനുഷികനിയമങ്ങളുടെ മാനങ്ങൾ

അധിനിവേശ പ്രദേശങ്ങൾ ജനീവ കൺവെൻഷനുകൾക്ക് വിധേയമല്ലെന്ന് ഇസ്രായേൽ മുമ്പ് വാദിച്ചിരുന്നു. കാരണം സൈനികമായ കീഴടക്കലിലൂടെ ഒരു പരമാധികാരവും മാറ്റിസ്ഥാപിക്കാനായിട്ടില്ല. ഇസ്രായേലും ഈജിപ്ഷ്യൻ, ജോർദാനിയൻ സൈന്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിച്ചശേഷം 1948- ൽ ഗാസയിലും വെസ്റ്റ് ബാങ്കിലും സൈനിക നിയന്ത്രണരേഖകൾ വരയ്ക്കപ്പെട്ടു. ആറു ദിവസത്തെ യുദ്ധത്തിൽ അറബ് സൈന്യത്തെ തകർത്ത് ഗാസയിലേക്കും വെസ്റ്റ് ബാങ്കിലേക്കും 1967-ൽ ഇസ്രായേൽ കടന്നു ചെന്നപ്പോൾ അവർ സൈനിക ഭരണത്തിന്റെ രൂപത്തിന് ചെറിയ മാറ്റം വരുത്തി.

ജനീവ കൺവെൻഷനുകളുടെ ഭാഷയിൽ അത്തരം വേർതിരിവുകളൊന്നുമില്ലാത്തതിനാൽ, ഈ കാഴ്ചപ്പാട് ഫലത്തിൽ എല്ലാ വിദഗ്ധ സമിതികൾക്കും നിരസിക്കാവുന്ന ഒന്നായിരുന്നു.

വായുവിലൂടെയും കരയിലൂടെയും കടലിലൂടെയും ഗസ്സ മുനമ്പിലേക്കുള്ള പ്രവേശനത്തിനുള്ള എല്ലാ വഴികളിലും സമ്പൂർണ്ണ നിയന്ത്രണമുള്ള ഇസ്രായേൽ, ഗസ്സയുടെ ഈജിപ്തുമായുള്ള അതിർത്തിയിൽ ശക്തമായ സൈനിക സാന്നിധ്യം നിലനിർത്തി.

2004- ൽ സൈനിക വിന്യാസവും സെറ്റിൽമെന്റുകളും പിൻവലിച്ചശേഷം, തങ്ങളുടെ നിയന്ത്രണത്തിൽനിന്ന് മുക്തമായ ഗാസ ഒരു അധിനിവേശപ്രദേശമല്ലാതായി മാറി എന്ന അവകാശവാദത്തോടെ ഇസ്രായേൽ അതിന്റെ പ്രത്യയശാസ്ത്ര ആയുധത്തിൽ മറ്റൊരു ഘടകം കൂടി ചേർത്തു. ഗാസ മുനമ്പിലേക്ക് വായുവിലൂടെയും കരയിലൂടെയും കടലിലൂടെയുമുള്ള എല്ലാ പ്രവേശന വഴികളിലും സമ്പൂർണ നിയന്ത്രണമുള്ള ഇസ്രായേൽ, ഗാസ- ഈജിപ്ത് അതിർത്തിയിൽ ശക്തമായ സൈനിക സാന്നിധ്യം നിലനിർത്തുകയും ആവർത്തിച്ച് സൈനികനീക്കം നടത്തുകയും ​ചെയ്തു.
ഹമാസ് വിജയിച്ച 2006-ലെ പലസ്തീനിയൻ നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പിന്റെ ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിനിടയിൽ, 2007-ൽ, ഹമാസും ഫതാഹും തമ്മിൽ യുദ്ധങ്ങളുടെ ഒരു പരമ്പരയ്ക്ക് തുടക്കമിട്ടു. ഇരു വിഭാഗങ്ങളെയും ‘ഫലപ്രദമായി’ പിളർത്തി, ഹമാസിനെ ഗാസയിലേക്ക് ഒതുക്കിയ ഇസ്രായേൽ, പ്രദേശത്തെ ഉപരോധത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു.

ഹമാസുമായി സായുധ പോരാട്ടത്തിലാണ് എന്ന കാരണത്താലാണ് ഉപരോധത്തെ ഇസ്രായേൽ ന്യായീകരിക്കുന്നത്. 2010- ൽ, അവശ്യ ഭക്ഷണവും മരുന്നുകളും കൊണ്ടുവരുന്ന ഒരു തുർക്കി കപ്പൽ ഗാസയുടെ തീരത്തെത്തിയപ്പോൾ, ഇസ്രായേൽ നാവിക ദൗത്യസേന അതിനെ തടഞ്ഞു. കമാൻഡോകൾ കപ്പലിലെ ഒമ്പത് സമാധാന സന്നദ്ധപ്രവർത്തകരെ വധിച്ചു. തങ്ങൾ അക്രമാസക്തമായ ചെറുത്തുനിൽപ്പിനെ നേരിട്ടതാണ് എന്ന വ്യാജവാദവും ഉന്നയിച്ചു. ഗാസയുമായി യുദ്ധത്തിലാണെന്നത്, ഉപരോധം നിയമവിധേയമാക്കുന്നുവെന്നും തുർക്കി കപ്പലിന്റെ വിലക്ക് അനുവദനീയമാക്കുന്നുവെന്നും, ഔപചാരികമായ ഒരു അന്വേഷണത്തിനുമുമ്പ് ഇസ്രായേൽ വാദിച്ചു.

ഹമാസ് സൈനികർ

നാലാമത്തെ ജനീവ കൺവെൻഷൻ, യുദ്ധം ചെയ്യുന്ന കക്ഷികൾ സിവിലിയൻ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെ യുദ്ധത്തിനുള്ള ആയുധമായി ഉപയോഗിക്കില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 15 വയസ്സിൽ താഴെയുള്ളവർ, ഗർഭിണികൾ, പ്രസവം എന്നിവയ്ക്കായി കൊണ്ടുവരുന്ന ടോണിക്കുകൾ, അവശ്യ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മെഡിക്കൽ സാധനങ്ങൾ, ഹോസ്പിറ്റൽ സ്റ്റോറുകളിലേക്കുള്ള ചരക്കുകൾ എന്നിവ സ്വതന്ത്രമായി കടത്തിവിടാൻ അനുവദിക്കണമെന്ന് ആർട്ടിക്കിൾ 23 വ്യവസ്ഥ ചെയ്യുന്നു.
ഒന്നാം അഡീഷണൽ പ്രോട്ടോക്കോളിന്റെ ആർട്ടിക്കിൾ 70 ഇപ്രകാരം പറയുന്നു: ‘അധിനിവേശ പ്രദേശം ഒഴികെ, യുദ്ധത്തിലെ കക്ഷിയുടെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും പ്രദേശത്തെ സിവിലിയന്മാർക്ക് വേണ്ടത്ര ദുരിതാശ്വാസം ലഭ്യമാകാത്ത സാഹചര്യത്തിൽ, ബന്ധപ്പെട്ട കക്ഷികളുടെ കരാറിന് വിധേയമായി, മാനുഷികവും നിഷ്പക്ഷ സ്വഭാവമുള്ളതും വിവേചനമില്ലാത്തതുമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.’

ഒരു പ്രഖ്യാപിത യുദ്ധാവസ്ഥയിൽ പോലും, ഇസ്രായേൽ ഈ നിബന്ധനകൾ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആഗോള സമൂഹത്തെ സംബന്ധിച്ച് രഹസ്യവുമായിരുന്നില്ല. 2009-ൽ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഉപരോധത്തിന്റെ ഉദ്ദേശ്യം വ്യക്തമായി പറഞ്ഞു: ‘പലസ്തീനികളെ ഡയറ്റിന് വിധേയമാക്കാനാണ്, മറിച്ച് അവരെ പട്ടിണിക്കിട്ട് കൊല്ലാനല്ല’. ഗാസയിലെ ഉപരോധം നിയമാനുസൃതമായ ‘സാമ്പത്തിക യുദ്ധം’ ആണെന്നും ഇസ്രായേൽ അവകാശപ്പെട്ടു.

Photo: Mohamad Safa, Twitter

ഗാസയിൽ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയതിന് ആധാരമായ ഒരു ‘തത്വ’ത്തെക്കുറിച്ച് 2010- ൽ ഒരു ഔദ്യോഗിക രേഖ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: 'സാമ്പത്തിക ബന്ധങ്ങളിൽ ഏർപ്പെടരുതെന്ന് തീരുമാനിക്കുന്നതിനോ സംഘട്ടനത്തിൽ എതിർകക്ഷിക്ക് സാമ്പത്തിക സഹായം നൽകുന്നതിനോ ഒരു രാജ്യത്തിന് അവകാശമുണ്ട്, അഥവാ 'സാമ്പത്തിക യുദ്ധ'വും ചെയ്യാം'' (ഇയർബുക്ക് ഓഫ് ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ലോ, 2010: 402-03).
2011 ൽ, വിക്കിലീക്സ് കണ്ടെത്തിയ ഒരു കേബിൾ, 'ഒരു മാനുഷിക പ്രതിസന്ധി ഒഴിവാക്കുന്നതിനൊപ്പം ഗാസ സമ്പദ് വ്യവസ്ഥയെ സാധ്യമായ ഏറ്റവും താഴ്ന്ന നിലയിൽ നിലനിർത്തുക' എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേൽ യു.എസിനെ അറിയിക്കുന്നതായി വെളിപ്പെടുത്തുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, ഇസ്രായേലി ഉദ്യോഗസ്ഥർ അനുവദനീയമായ അളവിൽ കുറവായാലും കൂടുതലായാലും ഗാസ മുനമ്പിലേക്ക് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും നിരീക്ഷിക്കാൻ ഗണിതശാസ്ത്ര സൂത്രവാക്യങ്ങൾ' ഉപയോഗിച്ചു.

സമൂഹത്തിൽ അസഹ്യമായ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പട്ടിണി ഗാസയെ അടിച്ചേൽപ്പിക്കുന്നത്. ഇത്തരം സമ്മർദങ്ങൾ ശക്തമായാൽ അത്, എല്ലാ അധികാര സ്ഥാനങ്ങളിൽ നിന്നും ഹമാസിനെ പുറത്താക്കാൻ ഗാസ നിർബന്ധിതരാകുമെന്ന് ഇസ്രായേൽ വിശ്വസിക്കുന്നു. സിവിലിയൻമാരുടെ മേൽ ദുരിതം അടിച്ചേൽപ്പിച്ച്, അതിനെ രാഷ്ട്രീയവും സൈനികവുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗമായി ഉപയോഗിക്കരുത് എന്ന സായുധ സംഘട്ടന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടത്തുന്നത്.

മറുവശത്തുനിന്നുള്ള സമാധാനപരമായ മുൻകൈകൾ പരിഗണിക്കാതെ തന്നെ, ഉപരോധം അനിശ്ചിതമായി തുടരുകയാണ് ഇസ്രായേൽ. ഇസ്രയേലിന്റെ പ്രാദേശികമായ അഭിലാഷങ്ങളിൽ നിന്ന് ഗാസ പണ്ടേ പുറത്താക്കപ്പെട്ടിരുന്നു. ഇത് നിയന്ത്രിക്കാൻ കഴിയാത്തതും ഇസ്രായേലിന് കൈകാര്യം ചെയ്യാൻ കഴിയുന്നതിലും കൂടുതൽ ആളുകളുള്ളതുമായ തീരെ ചെറിയ പ്രദേശമായി കണക്കാക്കപ്പെടുന്നു. സമീപഭാവിയിൽ വെസ്റ്റ് ബാങ്കിന്റെ ഗണ്യമായ ഒരു ഭാഗം കൂട്ടിച്ചേർക്കുക എന്നത് ഇസ്രയേലിന്റെ ഇന്നത്തെ പ്രാദേശിക ലക്ഷ്യങ്ങളിൽ ഒന്നാണ്. ആഗോളീയമായ ഒറ്റപ്പെടുത്തലിലും ഉപരോധത്തിലും സ്ഥിരമായി ഗാസയെ തളച്ചിടുന്നതുവഴി, ഈ ഉദ്ദേശ്യങ്ങൾ നന്നായി നിറവേറ്റാനാകുന്നുണ്ട്.

ഒക്ടോബർ ഏഴും അധിനിവേശത്തെ ചെറുക്കാനുള്ള അവകാശവും

ഒക്ടോബർ 7 ന് രാവിലെ വരെ ഇസ്രായേൽ ഗാസയുമായി ഒരു യുദ്ധത്തിന്റെ പ്രഖ്യാപിത അവസ്ഥയിലായിരുന്നുവെങ്കിൽ, ആ ദിവസത്തെ സംഭവങ്ങൾ വ്യക്തമായും ഒരു തുടർച്ചയുടെ ഭാഗമാകുമായിരുന്നു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇക്കാര്യം ചൂണ്ടിക്കാണിക്കുംമുമ്പ്, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയാണ് യു.എന്നിലെ ഇസ്രായേൽ അംബാസഡർ ചെയ്തത്. എല്ലാ യു.എൻ ഏജൻസികളുമായുള്ള സഹകരണവും അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. യു.എസിന്റെ മൗനാനുവാദത്തോടെ തങ്ങളുടെ ക്രൂരത തുടരുന്ന ഇസ്രായേൽ, അതിനെതിരായ ആഗോള സംവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നടത്തുന്ന മാർഗങ്ങളുടെ അനേകം ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണിത്.

അന്റോണിയോ ഗുട്ടെറസ്

ഒക്ടോബർ 7-ലെ ആക്രമണത്തിന് പ്രയോഗിച്ച 'ഭീകരവാദം' എന്ന പദം, ഹമാസിനെ എക്കാലത്തേക്കും 'ഉന്മൂലനം' ചെയ്യുക എന്ന അപകടകരമായ ഇസ്രായേൽ ലക്ഷ്യത്തിനും, തീർത്തും അനുപാതരഹിതമായ അതിന്റെ പ്രതികരണത്തിനും ബലം പകരുന്ന ഒന്നായിരുന്നു. ജനീവ കൺവെൻഷനുകളുടെ ആദ്യ അഡീഷണൽ പ്രോട്ടോക്കോൾ, ആർട്ടിക്കിൾ 1(4), 'കൊളോണിയൽ ആധിപത്യത്തിനും വിദേശ അധിനിവേശത്തിനും എതിരായും തങ്ങളുടെ സ്വയം നിർണ്ണയാവകാശത്തിനുവേണ്ടിയും വംശീയ ഭരണകൂടങ്ങൾക്കെതിരെ പോരാടുന്ന ജനങ്ങൾക്ക്' എല്ലാ സംരക്ഷണവും ഉറപ്പു നൽകുന്നു. സായുധ മാർഗങ്ങളിലൂടെ സ്വയം നിർണ്ണയാവകാശം സ്ഥാപിക്കാനുള്ള അധിനിവേശ ജനതയുടെ നിയമപരമായ അവകാശമായി ഇത് വായിക്കപ്പെട്ടു. ആനുപാതികതയുടെയും സൈനിക ആവശ്യകതയുടെയും സാർവത്രിക മാനദണ്ഡങ്ങൾക്കകത്താണെങ്കിൽ, ആവശ്യമുള്ളിടത്ത് സായുധ പ്രതിരോധം നിയമാനുസൃതമാണ്.

എല്ലാ സാഹചര്യങ്ങളിലും കണക്കാക്കാൻ ബുദ്ധിമുട്ടുള്ള ഒരു പാരാമീറ്ററാണ് 'ആനുപാതികത' എന്നത്. എന്നാൽ ഇസ്രയേലി അധിനിവേശത്തിന്റെയും ഉപരോധത്തിന്റെയും ചരിത്രവും ഒക്ടോബർ 7-നുമുമ്പ് ഗാസയിൽ അവർ നടത്തിയ വൻ സൈനിക നടപടികളും പരിഗണിച്ചാൽ, ആനുപാതികതയുടെ അളവ് കണക്കാക്കുന്നത് ഫലത്തിൽ അസാധ്യമാണ്. അത് മാറ്റിനിർത്തിയാൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അന്വേഷണത്തിന് അർഹതയുള്ള യുദ്ധക്കുറ്റങ്ങളുടെ അനിഷേധ്യമായ തെളിവുകൾ, ആഗോള മനുഷ്യാവകാശ സംഘടനകൾ പരിശോധിച്ച അന്നത്തെ വീഡിയോ റെക്കോർഡുകൾ തുടങ്ങിയവ കണക്കിലെടുക്കുമ്പോൾ, അതൊരു വസ്തുതയുമാണ്. അന്താരാഷ്ട്ര നിയമ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആനുപാതികതയെ വിലയിരുത്താൻ ഒക്ടോബർ 7 ന് മുമ്പും ശേഷവുമുള്ള ഇസ്രായേലിന്റെ നടപടികളെക്കുറിച്ച് ഒരു അന്വേഷണം ആവശ്യമായി വരും. ഇസ്രായേൽ വളരെ നേരത്തെതന്നെ, മുഴുവൻ അയൽപ്രദേശങ്ങളെയും ഒന്നാകെ ബോംബിട്ട് തകർക്കുന്ന നടപടികൾക്കും ഗാസയിലെ പലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനും ഒഴിയാൻ കേവലം ഒരു അറിയിപ്പ് നൽകി, ആശുപത്രികൾ ആക്രമിക്കാനുമുള്ള കൃത്യമായ സൂചന നൽകിയിരുന്നു. ഇസ്രായേൽ മുമ്പ് നടത്തിയതുപോലെ, വ്യക്തമായ വംശഹത്യാ ലക്ഷ്യത്തോടെ നടത്തുന്ന ഈ യുദ്ധം തുടരുകയാണെങ്കിൽ, അത് സാമൂഹികവും രാഷ്ട്രീയവുമായ ഒരു സ്വത്വത്തിന്റെ ശോഷണം മാത്രമായിരിക്കുകയില്ല, ഇപ്പോഴത്തെ ലോകക്രമത്തിന്റെ തുടക്കത്തിൽ അംഗീകരിക്കപ്പെട്ട ഒരു നിയമവ്യവസ്ഥയുടെ അസ്തനം കൂടിയായിരിക്കും.

(2023 ഡിസംബർ 16ന് ന്യൂദൽഹിയിൽ നടത്തിയ ഏഴാമത് പ്രൊഫ. എം.എൻ. വിജയൻ സ്മാരക പ്രഭാഷണം. Prof. M.N Vijayan Commemoration Commitee, New Delhi- ആയിരുന്നു സംഘാടകർ.)


സുകുമാർ മുരളീധരൻ

മാധ്യമപ്രവര്‍ത്തകന്‍, ഗവേഷകന്‍. അസോസിയേറ്റ് പ്രൊഫസര്‍ ഓഫ് ജേണലിസം പ്രാക്ടീസ് ആന്റ് അസോസിയേറ്റ് ഡീന്‍ (റിസര്‍ച്ച്), ജിന്‍ഡാല്‍ സ്‌കൂള്‍ ഓഫ് ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ഒ.പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി.

Comments