ആന്ദ്രേ കുർക്കോവ് / Photo: Wikimedia Commons

ഉക്രൈനിലെ സാധാരണക്കാർക്ക് പേടിച്ച് മടുത്തു;
യുദ്ധ സാഹചര്യത്തെക്കുറിച്ച്​ ​ആന്ദ്രേ കുർക്കോവ്​

ഉക്രൈൻ അതിർത്തിയിലേക്കുള്ള റഷ്യൻ സൈനിക നീക്കം, മേഖലയെ ഒരു യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക നിലനിൽക്കേ, ഉക്രൈൻ- റഷ്യ സംഘർഷത്തെക്കുറിച്ചും യുദ്ധസാധ്യതയെക്കുറിച്ചും സംസാരിക്കുകയാണ് പ്രമുഖ ഉക്രൈൻ എഴുത്തുകാരനും രാഷ്ട്രീയ ചിന്തകനുമായ ആന്ദ്രേ കുർക്കോവ്‌

എൻ.ഇ. സുധീർ: ഉക്രൈൻ അതിർത്തിയിലേക്ക് റഷ്യ വമ്പിച്ച സൈനിക വിന്യാസം നടത്തുകയാണെന്ന് വിവിധ സ്രോതസ്സുകളിൽ നിന്ന് അറിയാൻ കഴിയുന്നു. റഷ്യയുടെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിൽ പോലും, നിങ്ങളുടെ രാജ്യവുമായി അവർ യുദ്ധത്തിനൊരുങ്ങുകയാണെന്ന് നിരവധി പേർ സ്വാഭാവികമായും സംശയിക്കുന്നു. നിലവിലെ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചെതെന്താണ്? എന്താണ് അടിസ്ഥാന പ്രശ്‌നം? ഇതിനു പിന്നിലെ രാഷ്ട്രീയ താൽപര്യങ്ങളെന്തൊക്കെ?

ആന്ദ്രേ കുർക്കോവ്: റഷ്യയുടെ രാഷ്ട്രീയ- സൈനിക പിന്തുണയുള്ള ഉക്രൈനിലെ റഷ്യൻ അനുകൂല വിമതർക്കെതിരെയുള്ള യുദ്ധത്തിന് ഏഴു വർഷത്തോളം പഴക്കമുണ്ട്. ലോകരാഷ്ട്ര ഭൂപടത്തിൽ വീണ്ടും വൻശക്തിയായി മാറാൻ ശ്രമിക്കുന്ന റഷ്യൻ ഫെഡറേഷനുമായുള്ള രാഷ്ട്രീയ ഭിന്നതകൾക്കിടയിൽ, മുമ്പ് ഉക്രൈനിന്റെ ഭാഗമായിരുന്ന സ്വയഭംരണാധികാരമുള്ള ക്രിമിയൻ ഉപദ്വീപിനെ റഷ്യ തങ്ങളുടെ അധീനതയിൽ കൊണ്ടുവന്നതോടെയാണ് യുദ്ധം ആരംഭിക്കുന്നത്. അതേസമയം സോവിയറ്റ് ഭൂതകാലത്തിൽ നിന്ന്​ വിടുതൽ നേടി യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നീ കൂട്ടായ്മകളുമായി ചേർന്നുകൊണ്ടായിരുന്നു ഉക്രൈനിന്റെ അന്താരാഷ്ട്ര നയരൂപീകരണങ്ങളെല്ലാം. സംയോജനത്തിനു ശേഷം ക്രിമിയ റഷ്യയുടെ വിപുലമായ സൈനിക കേന്ദ്രമായി മാറി. ഇതോടെ തുർക്കിഷ് തീരവും ബോസ്​ഫറസും ഒഴികെയുള്ള കരിങ്കടലിന്റെ മറ്റു പ്രദേശങ്ങൾ റഷ്യയ്ക്ക് നിയന്ത്രിക്കാമെന്ന സ്ഥിതി വന്നു. നിലവിൽ ഉക്രൈനും ക്രിമിയക്കും ഇടയിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് അതിർത്തിയിൽ റഷ്യയുടെ വിപുലമായ സൈനിക വിന്യാസം ഭീതിത സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ പ്രതിരോധത്തിന്​ പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ ഇതോടെ ഉക്രൈനും നിർബന്ധിതരായി.

ക്രിമിയയിലെ കരിങ്കടലിൽ വിന്യസിച്ചിരിക്കുന്ന റഷ്യയുടെ കപ്പൽപട (2015) / Photo: Wikimedia Commons
ക്രിമിയയിലെ കരിങ്കടലിൽ വിന്യസിച്ചിരിക്കുന്ന റഷ്യയുടെ കപ്പൽപട (2015) / Photo: Wikimedia Commons

ക്രിമിയയിലെ അടിയന്തര പ്രശ്‌നങ്ങളിലൊന്ന് ദൈനംദിന ആവശ്യങ്ങൾക്കും കാർഷികവൃത്തിക്കും ആവശ്യമായ വെള്ളത്തിന്റെ ദൗർലഭ്യതയാണ്. റഷ്യയോടൊപ്പം ചേരുന്നതിനു മുമ്പ് ഉപദ്വീപിലേക്കാവശ്യമായ വെള്ളം ഉക്രൈനിലെ Dnieper നദിയുമായി ബന്ധിപ്പിച്ച് പ്രത്യേകമായി നിർമിച്ച കനാലിലൂടെയായിരുന്നു ലഭിച്ചിരുന്നത്. റഷ്യയോട് ചേർന്നതിൽ പിന്നെ കനാൽ അടക്കുകയും കുറച്ചു വർഷങ്ങളായി വെള്ളത്തിന്റെ പ്രശ്‌നം ക്രിമിയയിൽ രൂക്ഷമാവുകയും ചെയ്​തു. ജലദൗർലഭ്യത റഷ്യൻ സൈനികതാവളത്തെ മാത്രമല്ല വലക്കുന്നത്, പ്രദേശത്തെ ജനങ്ങൾക്കും ദിവസം അഞ്ചു മണിക്കൂർ കണക്കിലാണ് വെള്ളം ലഭിക്കുന്നത്. Dnieper നദിയിൽ നിന്ന് ക്രിമിയയിലേക്കുള്ള ജലലഭ്യത പുനഃസ്ഥാപിക്കാൻ ഉക്രൈനെ നിർബന്ധിക്കണമെന്ന് റഷ്യയ്ക്കുണ്ട്. എന്നാൽ ഉക്രൈനിയൻ രാഷ്ട്രീയ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം, അധിനിവേശം നടത്തി കുടിയേറിയവർക്ക് അവർ വിധേയപ്പെടാനുള്ള സാധ്യത നന്നേ കുറവാണ്.

ചില ഓൺലൈൻ- സമൂഹ മാധ്യമങ്ങളിൽ യുദ്ധത്തിന്റെ സാധ്യതകളെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന വാർത്തകളും ചർച്ചകളുമുണ്ടായിരുന്നു. ഇതിൽ പലതും ഉക്രൈനിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ജനങ്ങളെ തിരിക്കാനുള്ള റഷ്യൻ അനുകൂല ശക്തികളുടെ ശ്രമമായിട്ടാണ് ഞാൻ മനസിലാക്കുന്നത്

വെള്ളത്തിന്റെ പ്രശ്‌നം മാറ്റി നിർത്തിയാൽ സംഘർഷത്തിനുള്ള മറ്റൊരു കാരണം, തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയാൽ ഡോൺബാസിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നും, വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ ഉക്രൈനിന് തിരികെ നൽകാമെന്നുമുള്ള റഷ്യയുടെ നിർദേശത്തിന് വഴങ്ങാൻ കൂട്ടാക്കാത്ത ഉക്രൈനിന്റെ രാഷ്ട്രീയ നേതൃത്വമാണ്. റഷ്യയുടെ ആവശ്യങ്ങളാവട്ടെ രസകരമാണ്. വിമതരുടെ അധീനതയിലുള്ള പ്രദേശങ്ങൾ തിരികെ നൽകാമെന്ന് പറയുമ്പോൾ തന്നെ, ഇവിടങ്ങളിലെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഉക്രൈൻ നിറവേറ്റണമെന്നും, പ്രദേശത്തെ റഷ്യൻ അനുകൂല സൈനിക ശക്തികളെ നിലനിർത്തണമെന്നും, ഇവർക്ക് പാർലമെന്റിൽ പ്രാതിനിധ്യം നൽകണമെന്നുമാണ് റഷ്യ ആവശ്യപ്പെടുന്നത്. ഇതുവഴി ഉക്രൈനിന്റെ യൂറോപ്യൻ അനുകൂല നീക്കങ്ങൾ പ്രതിരോധിക്കാമെന്നാണ് റഷ്യയുടെ കണക്കുകൂട്ടൽ.

ഈ രണ്ടു പ്രശ്‌നങ്ങളും, അതോടൊപ്പം യു.എസിന്റെ പുതിയ ഉക്രൈൻ അനുകൂല നയങ്ങളും, റഷ്യൻ പ്രസിഡൻറ്​ പുടിനെ ജോ ബെെഡൻ പരസ്യമായി "കൊലപാതകി' എന്ന് വിളിച്ചതുമാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് കാരണം എന്നാണ് എന്റെ വിലയിരുത്തൽ. തീർച്ചയായും ബെലാറസിലെ സംഭവവികാസങ്ങളും പുടിൻ വൃത്തങ്ങളെ വിളറിപിടിപ്പിച്ചിട്ടുണ്ടാവണം. പോളണ്ടിനെയും ലിത്വാനിയയേയും ക്രെംലിൻ യു.എസ് നിയന്ത്രണത്തിലുള്ള രാജ്യങ്ങളായാണ് കാണുന്നത്. നിലവിലെ സാഹചര്യത്തിൽ, ആഗോളരാഷ്ട്രീയ അപ്രമാദിത്തത്തിനായുള്ള യു.എസ്- റഷ്യ പോരാട്ടത്തിന്റെ ഇരയാണ് ഉക്രൈൻ.

ഈ സംഘർഷത്തെ നിങ്ങളുടെ രാജ്യത്തെ സാധാരണക്കാർ എങ്ങനെയാണ് നോക്കിക്കാണുന്നത്? സംഘർഷങ്ങൾ എത്തരത്തിലാണ് ഉക്രൈ​നിലെ ദൈനംദിന ജീവിതത്തെ ബാധിച്ചിരിക്കുന്നത്? സംഘർഷങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പരിഹാരം ആസന്നഭാവിയിൽ നിങ്ങൾ കാണുന്നുണ്ടോ?

ചില ഓൺലൈൻ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും യുദ്ധത്തിന്റെ സാധ്യതകളെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന വാർത്തകളും ചർച്ചകളുമുണ്ടായിരുന്നു. എന്നാൽ ഇതിൽ പലതും ഉക്രൈനിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ജനങ്ങളെ തിരിക്കാനുള്ള റഷ്യൻ അനുകൂല ശക്തികളുടെ ശ്രമമായിട്ടാണ് ഞാൻ മനസിലാക്കുന്നത്. എന്നാൽ ഇതിന് വലിയ ഫലം ഉണ്ടായില്ലെന്നു വേണം മനസിലാക്കാൻ. കിഴക്കൻ പ്രദേശത്തും ക്രിമിയയിലും എന്താണ് സംഭവിക്കുന്നതെന്ന് ഉക്രൈനിലെ ജനങ്ങൾ സാകൂതം വീക്ഷിക്കുകയാണ്. അനാവശ്യമായ ആശങ്ക ഇവിടെ ഇല്ലെന്നു മാത്രമല്ല, റഷ്യൻ വിരുദ്ധ ഗ്രൂപ്പുകളും, ദേശവാദ കൂട്ടായ്മകളും ശക്തിപ്പെടുന്നതായും കാണാം. തീർച്ചയായും യു.എസും യൂറോപ്യൻ യൂണിയനും ഉക്രൈനെ സഹായിക്കുമെന്നറിയാമെങ്കിലും, രാഷ്ട്രീയ സഹായം സൈനിക സഹായത്തിന് സമമാവില്ലെന്ന ധാരണ ജനങ്ങൾക്കുണ്ട്. കഴിഞ്ഞ ഏഴു വർഷങ്ങളായുള്ള ഡോൺബാസിലെ സംഘർഷങ്ങൾ, ഉക്രൈൻ സൈന്യത്തെ കൂടുതൽ പ്രൊഫഷണൽ ആവാൻ സഹായിച്ചിട്ടുണ്ട്.

യു.എസ് പാരാട്രൂപ്പേഴ്‌സും ഉക്രേനിയൻ നാഷനൽ ഗാർഡും ഉക്രേനിലെ യവോരവിൽ വെച്ചു നടത്തിയ സംയുക്ത സൈനിക പരിശീലനത്തിടെ (2015) / Photo: Wikimedia Commons
യു.എസ് പാരാട്രൂപ്പേഴ്‌സും ഉക്രേനിയൻ നാഷനൽ ഗാർഡും ഉക്രേനിലെ യവോരവിൽ വെച്ചു നടത്തിയ സംയുക്ത സൈനിക പരിശീലനത്തിടെ (2015) / Photo: Wikimedia Commons

അടിയന്തര യുദ്ധസാഹചര്യം ഇല്ലാതെയും പരസ്യമായി സൈന്യസംഭരണം പ്രഖ്യാപിക്കാതെയും, വിരമിച്ച സൈനികരുൾപ്പെടുന്ന കരുതൽ സേനാംഗങ്ങളെ സേനയിലേക്ക് വിളിക്കാൻ അധികാരം നൽകുന്ന പുതിയ നിയമത്തിന് ഈയിടെ ഉക്രെെൻ പാർലമെന്റിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. പരസ്യമായ സൈന്യസംഭരണം ആളുകളിൽ ഭീതിയുണ്ടാക്കുന്നത് തടയാമെന്ന് മനസ്സിൽ കണ്ടായിരിക്കണമത്.

എന്നാൽ രസകരമായ ഒരു കാര്യം, 2014-15 കാലഘട്ടത്തിൽ സംഘർഷം ഏറ്റവും രൂക്ഷമായ സമയത്തു പോലും ഡോൺബാസിൽ നിന്ന്​ മാറി മറ്റു പ്രദേശങ്ങളിൽ താമസിക്കുന്ന ഉക്രൈൻകാർ ഇതിൽ ശ്രദ്ധ കൊടുക്കാതെ സാധാരണ ജീവിതം നയിക്കുകയായിരുന്നു എന്നതാണ്, പ്രത്യേകിച്ച് തലസ്ഥാനമായ കീവിലെ ജനങ്ങൾ. മഹാമാരിയെക്കുറിച്ചുള്ള വാർത്തകൾക്കാണ് റഷ്യയിലെ നീക്കങ്ങളെക്കാളും പ്രാധാന്യം ലഭിക്കുന്നത്. ഉക്രൈനിലെ സാധാരണക്കാർക്ക് പേടിച്ച് മടുത്തു. 2021 ശരത്കാലത്തോടെ നിലവിലെ സംഘർഷാവസ്ഥയ്ക്ക് അയവുവരുമെന്നാണ് എന്റെ കണക്കുകൂട്ടൽ. പുടിൻ ഉദ്ദേശിച്ച കാര്യങ്ങളൊക്കെ ഏതാണ്ട് നടന്നു കഴിഞ്ഞു. റഷ്യയുമായി ബെെഡൻ ചർച്ചയ്ക്ക് മുൻകൈയ്യെടുക്കുകയും, കരിങ്കടലിലെ യു.എസ് നാവികസേനയുടെ സന്ദർശനം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഉക്രേനിയൻ അതിർത്തിയിലേക്ക് റഷ്യ സൈനിക വിന്യാസം ശക്തിപ്പെടുത്തുകയാണെങ്കിൽ യു.എസിൽ നിന്ന് കൂടുതൽ കാര്യങ്ങൾ നേടിയെടുക്കാൻ പുടിൻ ആഗ്രഹിക്കുന്നുവെന്ന് വേണം മനസ്സിലാക്കാൻ.

ഒരു ലക്ഷത്തോളം വരുന്ന സൈനികരേയും, 400 ഓളം ടാങ്കുകളും റഷ്യ പിൻവലിക്കാൻ തയ്യാറായാൽ പോലും റഷ്യൻ അധിനിവേശ ഭീതി പ്രദേശത്തെ വിട്ടൊഴിയില്ല

റഷ്യയുടെ പ്രാഥമിക ആവശ്യം, യു.എസ് തങ്ങൾക്ക് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം പിൻവലിക്കണം എന്നാണ്. എന്നാൽ സമീപഭാവിയിൽ യു.എസ് അതിന് തയ്യാറാകുമെന്ന് ആലോചിക്കാൻ ന്യായമില്ല. എന്നാൽ യൂറോപ്യൻ യൂണിയനിൽ റഷ്യയെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാരുണ്ട്. അതുകൊണ്ടു തന്നെ റഷ്യയുടെ മേലുള്ള ഉപരോധം നീക്കണമെന്നും, അതിനുശേഷം റഷ്യ തങ്ങളുടെ സൈനിക വിന്യാസം പിൻവലിക്കുമെന്നും, പ്രദേശത്ത് സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുമെന്നുമുള്ള വാദങ്ങൾ യൂറോപ്പിൽ നിന്ന് ഉയരുന്നതു കേൾക്കാൻ നമ്മൾ തയ്യാറായിരിക്കണം. എന്നാൽ പുതിയ സംഘർഷാവസ്ഥ സംജാതമാവുന്നതിന് മുമ്പു തന്നെ റഷ്യ ഉക്രേനിയൻ അതിർത്തിയിൽ വിപുലമായ സേനാവിന്യാസം നടത്തിയിട്ടുണ്ട്. ക്രിമിയയിലും പുത്തൻ സൈനിക കേന്ദ്രങ്ങൾ റഷ്യ സ്ഥാപിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെ ഒരു ലക്ഷത്തോളം വരുന്ന സൈനികരേയും, 400 ഓളം ടാങ്കുകളും റഷ്യ പിൻവലിക്കാൻ തയ്യാറായാൽ പോലും റഷ്യൻ അധിനിവേശ ഭീതി പ്രദേശത്തെ വിട്ടൊഴിയില്ല. ▮


ആന്ദ്രേ കുർക്കോവ്

വിദേശ ഭാഷകളിൽ ഏറ്റവും വായിക്കപ്പെടുന്ന ഉക്രേനിയൻ എഴുത്തുകാരൻ. നോവലിസ്റ്റ്. റഷ്യൻ ഭാഷയിൽ എഴുതുന്ന സ്വതന്ത്ര ചിന്തകൻ. Death and the Penguin, A Matter of Death and Life, The Good Angel of Death, The Milkman in the Night, The Bickford Fuse, Grey Bees തുടങ്ങി 19 നോവലുകൾ. 20 ഡോക്യുമെന്ററികളും ടി.വി മൂവി സ്‌ക്രിപ്റ്റുകളും എഴുതി.

എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments