ഇറാൻ അതിൻെറ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിഘട്ടങ്ങളിൽ ഒന്നിലൂടെ കടന്നുപോവുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്ത് തുടങ്ങിയ ഭരണവിരുദ്ധ കലാപം ആളിപ്പടരുകയാണ്. ഇന്ന് പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കലാപത്തിൻെറ ഭാഗമായി ഇതിനോടകം രാജ്യത്ത് 500-ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടെഹ്‌റാൻ ബസാർ, ഇസ്ഫഹാൻ, അബാദാൻ, കെർമാൻഷാ തുടങ്ങിയ ഇറാനിയൻ നഗരങ്ങളിലെല്ലാം കടുത്ത പ്രതിഷേധങ്ങൾ നടക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോൾ നടക്കുന്നത്.
ഇറാനിലെ പ്രതിസന്ധി രൂക്ഷമായാൽ ഇടപെടുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരണസംഖ്യ വർധിച്ചതോടെ ട്രംപ് അന്ത്യശാസനം നൽകിയിരിക്കുകയാണ്. “ഞങ്ങൾ ഇത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അമേരിക്കൻ സൈന്യം ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. ഞങ്ങൾ കടുത്ത നടപടികളാണ് ആലോചിക്കുന്നത്. വൈകാതെ തന്നെ തീരുമാനമെടുക്കും” - ട്രംപ് മുന്നറിയിപ്പ് നൽകുന്നു. ഇറാൻ ഭരണകൂടം പ്രതിഷേധക്കാരെ അടിച്ചമർത്തുന്നത് തുടർന്നാൽ കടുത്ത നടപടി ഉണ്ടാവുമെന്നാണ് ട്രംപ് നൽകുന്ന മുന്നറിയിപ്പ്. പശ്ചിമേഷ്യയിൽ അമേരിക്കയുമായി കടുത്ത ശത്രുതയുള്ള രാജ്യങ്ങളിലൊന്നാണ് ഇറാൻ. രാജ്യം നടത്തിയ ആണവപരീക്ഷണങ്ങൾ അമേരിക്കയെയും ഇസ്രായേലിനെയും ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഇസ്രായേലും ഇറാനും തമ്മിൽ പരസ്പരം ആക്രമണ പ്രത്യാക്രമണങ്ങളും നടന്നിരുന്നു.
Read: ഇറാനിലെ ബസാറുകളിൽ രോഷാഗ്നി പടരുമ്പോൾ…
ഇറാനിലെ അസ്ഥിരമായ അന്തരീക്ഷത്തെ പരമാവധി മുതലെടുക്കാനാണ് ഡൊണാൾഡ് ട്രംപിൻെറ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടത്തിൻെറ ശ്രമം. പ്രക്ഷോഭകാരികളെ നയിക്കുന്ന നാടുകടത്തപ്പെട്ട ഇറാനിലെ രാജകുടുംബാംഗം റേസ പഹ്ലവിക്ക് അമേരിക്ക എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. “ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഭരണത്തിൽ നിന്ന് പുറത്താക്കുന്നതിനായി രാജ്യം ഒന്നിച്ച് നിൽക്കുകയാണ്. ഇറാൻെറ ചരിത്രത്തിലെ പുതിയൊരു ഘട്ടമാണ് ഇവിടെ പിറക്കുന്നത്,” അദ്ദേഹം അമേരിക്കയിൽ നിന്നും ആഹ്വാനം ചെയ്തു.
ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയുടെ പ്രസിഡൻറ് നിക്കോളാസ് മഡൂറോയെ ട്രംപിൻെറ നിർദ്ദേശപ്രകാരം അമേരിക്കൻ ഡെൽറ്റ ഫോഴ്സ് രാജ്യത്ത് നിന്നും കടത്തിക്കൊണ്ട് വന്നിട്ട് ദിവസങ്ങളേ ആവുന്നുള്ളൂ. ഇറാനിലെ ഇപ്പോഴത്തെ സാഹചര്യം അമേരിക്ക ഒരു സുവർണാവസരം ആയിട്ടാണ് കണക്കാക്കുന്നത്. ഇറാനിലെ നിലവിലെ ഭരണം മാറണമെന്നാണ് അമേരിക്കയും ആഗ്രഹിക്കുന്നത്. ഭരണകൂടത്തിനെതിരെ നടക്കുന്ന കലാപത്തിന് എല്ലാ പിന്തുണയും അമേരിക്ക നൽകുന്നു. മറുഭാഗത്ത് തങ്ങളുടെ രാജ്യത്തെ അമേരിക്കൻ, ഇസ്രായേൽ സൈനികകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ, രാജ്യത്തെ ആഭ്യന്തരകലാപം ഭരണകൂടത്തെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനിടയിൽ അമേരിക്കയുടെ ഭാഗത്ത് നിന്ന് സൈനികനീക്കം ഉണ്ടായാൽ ഇറാന് കാര്യങ്ങൾ അത്ര സുഖകരമായി പരിഹരിക്കാൻ സാധിച്ചെന്ന് വരില്ല.

