അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് മുകളിൽ 25 ശതമാനം പകരം തീരുവയ്ക്ക് പുറമെ 25 ശതമാനം അധികം തീരുവ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത് നിലവിൽ ഇന്ത്യൻ ഉത്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യണമെങ്കിൽ മൊത്തത്തിൽ 50 ശതമാനം തീരുവ അടയ്ക്കേണ്ടതായി വരും. റഷ്യയിൽ നിന്നും എണ്ണയും ആയുധങ്ങളും ഇറക്കുമതി ചെയ്യുന്നതിനും BRICS രാജ്യങ്ങളുമായുള്ള സഹകരണവും കാരണം പ്രതികാരനടപടിയെന്ന നിലയിലാണ് അമേരിക്ക ഇന്ത്യയ്ക്ക് മേൽ ഭീമമായ തീരുവ ചുമത്തിയിരിക്കുന്നത്. നിലവിൽ ബ്രസീലിനൊപ്പം ഏറ്റവും കൂടുതൽ തീരുവ അടയ്ക്കേണ്ട രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. മുൻ പ്രസിഡൻറും വലതുപക്ഷ നേതാവുമായ ജെയ്ർ ബോൾസെനാരോയെ കുറ്റവിചാരണ ചെയ്യാനുള്ള നിലവിലെ ബ്രസീൽ പ്രസിഡൻറ് ലുല ഡാ സിൽവയുടെ തീരുമാനത്തിന് എതിരെ പ്രതികാരനടപടിയെന്ന നിലയിലാണ് അമേരിക്ക 50 ശതമാനം തീരുവ ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്.
“ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്ന രാജ്യമാണ്. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുനനതും ഇന്ത്യയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം എങ്ങനെയെന്നതൊന്നും എൻെറ വിഷയമല്ല. ഇങ്ങനെ പോയാൽ അവരുടെ തകർന്ന സമ്പദ് വ്യവസ്ഥ കൂടുതൽ തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്,” ട്രംപ് ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായി സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് ഇക്കാര്യം. അമേരിക്കൻ പ്രസിഡൻറിൻെറ തീരുമാനത്തോട് കടുത്ത ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചത്. "ഈ നടപടികൾ അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണ്. ഇന്ത്യ അതിന്റെ ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും," തീരുവ വർദ്ധിപ്പിക്കുന്നതിനുള്ള അമേരിക്കയുടെ തീരുമാനത്തിന് മറുപടിയായി ഇന്ത്യൻ വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 21 ദിവസത്തിന് ശേഷമാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പ്രാബല്യത്തിൽ വരിക. അതിനുള്ളിൽ എന്ത് തരത്തിലുള്ള തീരുമാനമാണ് എടുക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇതിൽ മാറ്റം വരുമോയെന്നുള്ളത് വ്യക്തമാവുക. റഷ്യയുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങൾക്ക് ഇന്ത്യയ്ക്ക് സമാനമായ അനുഭവമാണ് ഉണ്ടാവുകയെന്നും ട്രംപ് മുന്നറിയിപ്പ് നൽകുന്നുണ്ട്. 2024-ൽ ഇന്ത്യ 81 ബില്യൺ ഡോളറിൻെറ കയറ്റുമതിയാണ് അമേരിക്കയിലേക്ക് നടത്തിയത്. വസ്ത്രങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ജ്വല്ലറി, പെട്രോകെമിക്കൽസ് തുടങ്ങിയവയാണ് കൂടുതലായി കയറ്റുമതി ചെയ്യാറുള്ളത്. മൊത്തം ജിഡിപിയുടെ 2 ശതമാനം മാത്രമാണ് ഇത് ഉൾക്കൊള്ളുന്നത്. നിലവിൽ 87 ബില്യൺ ഡോളറിൻെറ കയറ്റുമതി ഇന്ത്യ അമേരിക്കയിലേക്ക് നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

എന്തുകൊണ്ട് ഇന്ത്യയെ ലക്ഷ്യമിടുന്നു?
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രപുമായി ഏറ്റവും അടുപ്പമുള്ള ലോകനേതാക്കളിൽ ഒരാളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപ് ആദ്യം അമേരിക്കൻ പ്രസിഡൻറായിരുന്ന ഘട്ടത്തിലും നിലവിലും ഇത് തുടരുന്നുണ്ട്. അമേരിക്കൻ ഉത്പന്നങ്ങളുടെ വലിയ വിപണിയായത് കൊണ്ടും ഇന്ത്യയെ വ്യാപാരത്തിൻെറ കാര്യത്തിൽ ട്രംപ് പിണക്കില്ലെന്നാണ് കരുതിയിരുന്നത്. അതിനിടയിലാണിപ്പോൾ ട്രംപ് ആദ്യം 25 ശതമാനവും പിന്നീടിപ്പോൾ അത് വീണ്ടും ഉയർത്തി 50 ശതമാനത്തിൽ എത്തിക്കുകയും ചെയ്തിരിക്കുന്നത്. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധമാണ് അമേരിക്കയുടെ തീരുവ ചുമത്തലിന് പിന്നിലെന്ന് പ്രസിഡൻൻറ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അക്കാര്യത്തിൽ സംശയങ്ങൾ ബാക്കിനിൽക്കുന്നുണ്ട്. റഷ്യയിൽ നിന്ന് മറ്റ് പല രാജ്യങ്ങളും ഇന്ത്യയേക്കാൾ കൂടുതൽ എണ്ണയും ആയുധങ്ങളും ഇറക്കുമതി ചെയ്തിട്ടും എന്തുകൊണ്ട് ഇന്ത്യക്കെതിരെ മാത്രം കടുത്ത നടപടിയെന്ന ചോദ്യത്തിൽ നിന്ന് ട്രംപ് ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്. റഷ്യയിൽ നിന്ന് കൂടുതൽ ഇറക്കുമതി നടത്തിയിട്ടും ചൈനയ്ക്ക് 30 ശതമാനം മാത്രമാണ് അമേരിക്ക ഇതുവരെ തീരുവ ചുമത്തിയിട്ടുള്ളത്. യൂറോപ്യൻ യൂണിയൻ, ടർക്കി തുടങ്ങിയവയെല്ലാം വൻതോതിൽ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാൽ ഇവർക്കൊന്നും അമേരിക്കയിൽ നിന്നും കടുത്ത നടപടി നേരിടേണ്ടി വന്നിട്ടില്ല. മാത്രമല്ല, യുക്രൈയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിൽ റഷ്യക്കൊപ്പമാണ് ട്രംപ് നിന്നത്. ഈ വിഷയത്തിൽ യുക്രൈയ്ൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കിയെ വൈറ്റ് ഹൌസിൽ വിളിച്ചുവരുത്തി അപമാനിക്കുക പോലും ചെയ്തിരുന്നു ട്രംപും വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസും. റഷ്യയോടില്ലാത്ത ശത്രുതയാണ് ട്രംപ് ഇന്ത്യയോട് കാണിക്കുന്നത്. ഈ തീരുവയുദ്ധത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടായേക്കാം.

നയതന്ത്രബന്ധം വഷളാവുന്നു…
ട്രംപിൻെറ അപ്രതീക്ഷിതനീക്കം ഏതായാലും ഇന്ത്യയും അമേരിക്കയും തമ്മിൽ കഴിഞ്ഞ കുറച്ച് കാലമായി തുടരുന്ന നല്ല ബന്ധത്തിൽ വിള്ളൽ വീഴ്ത്താനുള്ള എല്ലാ സാധ്യതയുമുണ്ട്. നേരത്തെ ഇന്ത്യ - പാക് സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ഇത് ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ട്രംപ് വീണ്ടും വീണ്ടും ഇക്കാര്യം ആവർത്തിച്ചിരുന്നു. ട്രംപിന് റോളുണ്ടായിരുന്നുവോയെന്ന പ്രതിപക്ഷത്തിൻെറ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ മോദി സർക്കാരിന് സാധിച്ചിരുന്നുമില്ല. നിലവിൽ ട്രംപിൻെറ തീരുവ തീരുമാനത്തിൽ അമേരിക്കയുടെ സാമ്പത്തിക ബ്ലാക്ക് മെയിലിന് ഇന്ത്യ വഴങ്ങിക്കൊടുക്കരുതെന്നാണ് പ്രതിപക്ഷം ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
കുറഞ്ഞത് 2000 മുതലെങ്കിലും അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുകയാണ് ചെയ്തിട്ടുള്ളത്. സോവിയറ്റ് യൂണിയൻെറ തകർച്ചയ്ക്കും ആഗോള - ഉദാരവത്ക്കരണ നയങ്ങൾക്കും ശേഷം ഇന്ത്യ അമേരിക്കയോട് കൂടുതൽ അടുത്ത് തുടങ്ങി. ബി.ജെ.പി നേതൃത്വത്തിൽ രാജ്യത്ത് വന്ന സർക്കാരുകൾ ഇത് കൂടുതൽ ദൃഢമാക്കാനാണ് ശ്രമിച്ചത്. ആണവകരാർ, ആയുധസഹകരണം, വിദേശനിക്ഷേപം എന്നിവയെല്ലാം അതിന് ആക്കം കൂട്ടി. വിദ്യാഭ്യാസം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം വർധിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ മോശമായി ബാധിച്ച് തുടങ്ങിയിരിക്കുന്നു. കാര്യങ്ങൾ ഇങ്ങനെ പോവുകയാണെങ്കിൽ ഇന്ത്യൻ വിദേശനയത്തിലും വൈകാതെ വലിയ മാറ്റങ്ങളുണ്ടായേക്കും.
ലക്ഷ്യമിടുന്നത് BRICS രാജ്യങ്ങളെ
ഇന്ത്യയോടുള്ള തീരുവയുദ്ധത്തിൽ അമേരിക്ക പരോക്ഷമായി ലക്ഷ്യമിടുന്നത് റഷ്യയെയാണ്. ഒപ്പം BRICS രാജ്യങ്ങളുടെ വ്യാപാരസഹകരണവും അവർ വലിയ വെല്ലുവിളിയായി കണക്കാക്കുന്നുണ്ട്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് സംഘടന തുടങ്ങുമ്പോൾ ഉള്ള രാജ്യങ്ങൾ. നിലവിൽ പത്ത് രാജ്യങ്ങൾ അംഗങ്ങളാണ്. ഇതിൽ ചൈനയുമായി നേരത്തെ തന്നെ തീരുവയുദ്ധം നടത്തിയിരുന്ന ട്രംപ് അതിൽ നിന്ന് നാടകീയമായി പിൻമാറിയിരുന്നു. വൻതോതിൽ ചൈനയ്ക്ക് മുകളിൽ ആദ്യം തീരുവ ഉയർത്തിയെങ്കിലും പിന്നീട് ചർച്ചകളുടെ അടിസ്ഥാനത്തിൽ ചൈനയുമായി ഒത്തുതീർപ്പിന് തയ്യാറാവുകയായിരുന്നു. ബ്രസീലും ഇന്ത്യയുമാണ് ഇപ്പോൾ അമേരിക്ക ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യങ്ങൾ. ഇന്ത്യയെ ലക്ഷ്യമിടുന്നതിന് പിന്നിൽ റഷ്യയുമുണ്ട്. BRICS രാജ്യങ്ങളോടുള്ള ട്രംപിൻെറ വെല്ലുവിളി ആഗോളനയതന്ത്രം തന്നെ മാറ്റിമറിച്ചേക്കാമെന്ന വിലയിരുത്തലുണ്ട്.
അമേരിക്കയ്ക്ക് ഭീഷണി ഉയർത്തുന്ന ബ്ലോക്കായാണ് ട്രംപ് BRICS-നെ കാണുന്നത്. ഡീ ഡോളറൈസേഷൻ ഇവരുടെ ലക്ഷ്യമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഈ രാജ്യങ്ങളോടുള്ള ട്രംപിൻെറ നീക്കം സാമ്പത്തികമെന്നതിലപ്പുറം രാഷ്ട്രീയലക്ഷ്യങ്ങളോടെയാണെന്ന വിലയിരുത്തലുണ്ട്. അതിന് കാരണം ഇതിലെ പ്രധാന രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ഇപ്പോഴത്തെ നിലപാടുകളാണ്. ട്രംപിൻെറ പകരം തീരുവനയത്തിൻെറ ഒരു പ്രധാന എതിരാളി തന്നെ ചൈനയായിരുന്നു. അവർക്ക് മുകളിൽ വൻതോതിൽ തീരുവ ഉയർത്തിയതിന് ശേഷമാണ് ഒടുവിൽ ഇപ്പോഴത്തെ 30 ശതമാനം തീരുവയിലേക്ക് എത്തിയത്. ചൈനയുമായുള്ള വ്യാപാരയുദ്ധത്തിൽ നിന്ന് ട്രംപ് ഇപ്പോഴും പിൻമാറിയിട്ടുണ്ടെന്ന് പറയാറായിട്ടില്ല. ദക്ഷിണാഫ്രിക്കയുമായുള്ള ബന്ധത്തിലും ട്രംപ് വന്നതിന് ശേഷം വലിയ വിള്ളലുകളുണ്ടായിട്ടുണ്ട്. 30 ശതമാനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുകളിൽ അമേരിക്കൻ ഭരണകൂടം ചുമത്തിയിട്ടുള്ള തീരുവ. ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൽ റാമഫോസയെ ട്രംപ് വിളിച്ചുവരുത്തി അപമാനിച്ച സംഭവം ഉണ്ടായിട്ട് ആഴ്ച്ചകൾ ആവുന്നേയുള്ളൂ. ദക്ഷിണാഫ്രിക്കയിൽ വെളുത്ത വർഗ്ഗക്കാരുടെ വംശീയ ഉൻമൂലനം നടക്കുന്നുവെന്ന പച്ചക്കള്ളമാണ് ട്രംപ് പറഞ്ഞത്.

Read More: ദക്ഷിണാഫ്രിക്കയിൽ വെളുത്തവരുടെ ഉൻമൂലനമോ? ട്രംപിൻെറ പച്ചക്കള്ളവും റാമഫോസയുടെ മറുപടിയും
ഇന്ത്യക്കൊപ്പം ബ്രസീലിനെതിരെയാണ് ഇപ്പോൾ ട്രംപ് കടുത്ത തീരുവയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ആ രാജ്യത്തെ മുൻ പ്രസിഡൻറിനെതിരെ നടക്കുന്ന അന്വേഷണത്തിൽ നിന്ന് പിൻമാറണമെന്നാണ് 50 ശതമാനം തീരുവ ചുമത്തിയതിലൂടെ അമേരിക്കൻ ഭരണകൂടം മുന്നറിയിപ്പ് നൽകുന്നത്. ബ്രസീലിൻെറ ആഭ്യന്തരവിഷയത്തിൽ ഇടപെടാനാണ് വ്യാപാരനയത്തിലൂടെ ട്രംപ് ശ്രമിക്കുന്നത്. ഇതിനോട് ശക്തമായ ഭാഷയിലാണ് ബ്രസീലിലെ ഇടതു പ്രസിഡൻറ് ലുല ഡാസിൽവ പ്രതികരിച്ചിരിക്കുന്നത്. വേണമെങ്കിൽ ലുലയ്ക്ക് തന്നെ വിളിച്ച് സംസാരിക്കാമെന്നുള്ള ഔദാര്യം ട്രംപ് നൽകുന്നുണ്ട്. എന്നാൽ അതിൻെറ ആവശ്യമില്ലെന്നും അമേരിക്കയുമായി താൻ ഒരു പരിഹാരസാധ്യതയും കാണുന്നില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള BRICS നേതാക്കളുമായി സംസാരിച്ച് സംയുക്ത പ്രസ്താവന നടത്താമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒപ്പം അമേരിക്കയുടെ തീരുവ വർധിപ്പിക്കലിനെതിരെ ലോകവ്യാപാര സംഘടനയ്ക്ക് (WTO) മുന്നിൽ പരാതിപ്പെടാനും ലുല തീരുമാനിച്ചിട്ടുണ്ട്.
അമേരിക്കയുടെ താരിഫ് നയത്തിനെതിരെ നേരത്തെ യൂറോപ്യൻ യൂണിയൻ കടുത്ത പ്രതിഷേധം ഉന്നയിച്ചിരുന്നു. സമാനമായ രീതിയിൽ BRICS രാജ്യങ്ങളുടെ പ്രതിഷേധവും ഉയർന്നുവരാനുള്ള സാധ്യത ഏറെയാണ്. സംയുക്ത ഇടപെടൽ ഉണ്ടാവുമെന്ന സൂചനയും റഷ്യയിൽ നിന്ന് വരുന്നുണ്ട്. BRICS രാജ്യങ്ങൾ അമേരിക്കയുടെ തീരുവയുദ്ധത്തിനെതിരെ ഒന്നിച്ച് നിൽക്കേണ്ട സാഹചര്യമാണെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻെറ അനുയായിയും സെനറ്ററുമായ അലക്സി പുഷ്കോവ് പ്രതികരിച്ചിട്ടുണ്ട്. “ഒരുമിച്ച് നിന്നുള്ള പ്രതികരണം ഉണ്ടായാൽ അത് BRICS-നെതിരായ അമേരിക്കയുടെ ഒളിയുദ്ധത്തിന് ശക്തമായ മറുപടിയായി മാറും,” അദ്ദേഹം വ്യക്തമാക്കി.
