പശ്ചിമേഷ്യയിൽ ഇസ്രായേൽ - ഹിസ്ബുല്ല യുദ്ധത്തിന് സാധ്യതയോ? സംഘർഷം പുതിയ വഴിത്തിരിവിൽ

ഗാസയിലെ നിരന്തര ആക്രമണങ്ങൾക്ക് പിന്നാലെ പശ്ചിമേഷ്യയിൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ സംഘർഷം രൂക്ഷമാവുന്നു. ഞായറാഴ്ച ഇരുകൂട്ടരും തമ്മിൽ നടന്നത് കനത്ത മിസൈൽ ആക്രമണം. തങ്ങളുടെ സീനിയർ കമാണ്ടർ ഫുഅദ് ഷുക്കൂറിനെ ഇസ്രായേൽ വധിച്ചതിനുള്ള മറുപടിയായാണ് ആദ്യഘട്ട പ്രത്യാക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല…

News Desk

ശ്ചിമേഷ്യയിൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണങ്ങൾ രൂക്ഷമാവുന്നതിനിടെ നേരിട്ടുള്ള യുദ്ധത്തിനില്ലെന്ന നിലപാടിലാണ് ഇരുവിഭാഗവും. എന്നാൽ നിലവിലെ സാഹചര്യത്തിൽ നേരിട്ടുള്ള യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കുമ്പോഴും എപ്പോൾ വേണമെങ്കിലും ഇരു വിഭാഗവും യുദ്ധത്തിന് സന്നദ്ധരാവുമെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച ഹിസ്ബുല്ലയെ ലക്ഷ്യം വെച്ച് തെക്കൻ ലെബനനിലേക്ക് നൂറോളം പോർവിമാനങ്ങൾ ഇസ്രായേൽ സൈന്യം അയച്ചിരുന്നു. മുൻകരുതലിൻെറ ഭാഗമായാണ് തങ്ങളുടെ ആക്രമണമെന്നാണ് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയത്. പുലർച്ചെ നടന്ന ഇസ്രായേൽ ആക്രമണത്തിന് മറുപടിയായി ഹിസ്ബുല്ല വടക്കൻ ഇസ്രായേലിലേക്ക് തിരിച്ച് റോക്കറ്റുകളും മിസൈലുകളും അയച്ചു. 100 പോർ വിമാനങ്ങൾ അയച്ചുവെന്നത് ശരിയാണെങ്കിൽ ഇസ്രായേൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് നടത്തിയ ഏറ്റവും വലിയ ആക്രമണമായിരിക്കും ഇത്. ഞായറാഴ്ച പുലർച്ചെ ഏകദേശം 4.30ഓടെയാണ് ഇസ്രായേൽ ആക്രമണം ഉണ്ടായത്. ഇതുകഴിഞ്ഞ് ഏകദേശം അരമണിക്കൂറിനുള്ളിൽ തിരിച്ചടിയും ഉണ്ടായതായി ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ പശ്ചിമേഷ്യ മറ്റൊരു യുദ്ധ ഭീതിയിലേക്കു നീങ്ങി.

 ഞായറാഴ്ച ഹിസ്ബുല്ലയെ ലക്ഷ്യം വെച്ച് തെക്കൻ ലെബനനിലേക്ക് നൂറോളം പോർവിമാനങ്ങൾ ഇസ്രായേൽ സൈന്യം അയച്ചിരുന്നു. Photo/AFP
ഞായറാഴ്ച ഹിസ്ബുല്ലയെ ലക്ഷ്യം വെച്ച് തെക്കൻ ലെബനനിലേക്ക് നൂറോളം പോർവിമാനങ്ങൾ ഇസ്രായേൽ സൈന്യം അയച്ചിരുന്നു. Photo/AFP

ഹനിയെയുടെയും ഷുക്കൂറിൻെറയം വധം

മധ്യ ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഏകദേശം 300ഓളം റോക്കറ്റുകളും മിസൈലുകളുമാണ് അയച്ചതെന്ന് ഹിസ്ബുല്ല വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സീനിയർ കമാണ്ടർ ഫുഅദ് ഷുക്കൂറിനെ ഇസ്രായേൽ വധിച്ചതിനുള്ള മറുപടിയായുള്ള ആദ്യഘട്ട തിരിച്ചടിയാണ് നടത്തിയതെന്നും ഹിസ്ബുല്ല വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള ആക്രമണ - പ്രത്യാക്രമണം മേഖലയെ ആകമാനം ഭീതിയിലാഴ്ത്തുകയാണ്. വൈകാതെ ഇരുകൂട്ടരും തമ്മിൽ ശക്തമായ യുദ്ധം ഉണ്ടാവുമോയെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഹമാസിന്റെ രാഷ്ട്രീയകാര്യ നേതാവ് ഇസ്മയിൽ ഹനിയെയെ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഉണ്ടായ ആക്രമണത്തിലാണ് ഹനിയെ കൊല്ലപ്പെടുന്നത്. ഹനിയെയുടെയും ഷുക്കൂറിൻെറയും വധത്തിന് ശേഷം ഇറാന്റെയും ഹിസ്ബുല്ലയുടെയും ഭാഗത്ത് നിന്ന് തിരിച്ചടി ഉണ്ടാവുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ല. ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്നുള്ള ആദ്യ പ്രത്യാക്രമണമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

സമാധാനത്തിന് എന്താണ് വഴി?

ഗാസയിലെ പ്രതിസന്ധി അനുദിനം രൂക്ഷമാവുകയാണ്. മേഖലയിൽ വെടിനിർത്തൽ പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളൊന്നും എവിടെയുമെത്തിയിട്ടില്ല. ചർച്ചകളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിൽ കഴിഞ്ഞ 10 മാസത്തോളമായി മേഖലയിൽ കടുത്ത സംഘർഷ സാഹചര്യമാണ് നിലനിൽക്കുന്നത്. ഗാസയിലും വടക്കൻ ലെബനൻ അതിർത്തിയിലും ഒരേ സമയം യുദ്ധം തുടരുമെന്ന നിലപാടിലാണ് ഇസ്രായേൽ സൈന്യം. ഹമാസിനേക്കാൾ ശക്തമായ സംഘടനയാണ് ഹിസ്ബുല്ല. ഏകദേശം 150,000 റോക്കറ്റുകൾ കൈവശമുള്ള ഹിസ്ബുല്ല ഇസ്രായേലിനെതിരെ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. സിറിയൻ യുദ്ധത്തിൽ ഹിസ്ബുല്ല സൈനികർ പങ്കെടുത്തിട്ടുണ്ട്. ഇതെല്ലാം അവരെ ഹമാസിനേക്കാൾ ശക്തിയുള്ള സംഘടനയാക്കി മാറ്റിയിട്ടുണ്ട്. നേരത്തെ ഇസ്രായേൽ - ഹമാസ് സംഘർഷത്തിൽ ഹിസ്ബുല്ല ഹമാസിന് പിന്തുണ നൽകിയിരുന്നു. കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ 7000-ത്തിൽ അധികം മിസൈലുകൾ ഇസ്രായേലിനെതിരെ ഹിസ്ബുല്ല അയച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തോടെ ഇരുവർക്കുമിടയിലെ സംഘർഷം ശക്തമായിരിക്കുകയാണ്.

ഗാസ
ഗാസ

ഇനിയെന്ത് സംഭവിക്കും?

ഫുഅദ് ഷുക്കൂറിനെ കൊലപ്പെടുത്തിയതിനെതിരായ തങ്ങളുടെ പ്രതികാര നടപടികളുടെ ആദ്യഘട്ടം പൂർത്തിയായതായി ഹിസ്ബുല്ല ഇതിനോടകം അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബർ മുതൽ ഗാസയിൽ നടക്കുന്ന സംഘർഷങ്ങൾ കൂടുതൽ ശക്തമാവുമോയെന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്. നേരിട്ടുള്ള ഒരു യുദ്ധത്തിന് തങ്ങൾ ഇപ്പോൾ താൽപര്യപ്പെടുന്നില്ലെന്നാണ് ഹിസ്ബുല്ല - ഇസ്രായേൽ നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇരുകൂട്ടരും എപ്പോൾ വേണമെങ്കിലും യുദ്ധത്തിന് സന്നദ്ധമാണെന്നതാണ് അവസ്ഥ.

തിരിച്ചടി, യുദ്ധം?  അങ്കലാപ്പിലാണ്   ഇസ്രായേൽ, അമേരിക്ക - ക്ലിക്ക് ചെയ്ത് വായിക്കാം, കേൾക്കാം
തിരിച്ചടി, യുദ്ധം? അങ്കലാപ്പിലാണ് ഇസ്രായേൽ, അമേരിക്ക - ക്ലിക്ക് ചെയ്ത് വായിക്കാം, കേൾക്കാം


Comments