ഡോ. യു. നന്ദകുമാർ

അമേരിക്ക ഇല്ലാത്ത
WHO-യുടെ ഭാവി

WHO-യിൽനിന്ന് പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം, ലോകാരോഗ്യസംഘടനയുടെ ചില പ്രതിസന്ധികൾ പുറത്തുകൊണ്ടുവരാനുള്ള അവസരം കൂടിയായി മാറിയിട്ടുണ്ട്. കൂടുതൽ ജനാധിപത്യവും പ്രഫഷണലുമായ ഒരു WHO-യുടെ രൂപീകരണത്തിലേക്ക് ഇപ്പോഴത്തെ സംഭവവികാസങ്ങൾ നയിക്കുമോ?- ​ഡോ. യു. നന്ദകുമാർ എഴുതുന്നു.

ഡോണൾഡ് ട്രംപ് രണ്ടാം വരവിൽ ഉയർത്തിയ വ്യാകുലതകൾ കെട്ടടങ്ങിയിട്ടില്ല; അടുത്തെങ്ങും അവസാനിക്കുമെന്ന തോന്നലും ഇല്ല. രാഷ്ട്രീയം, സാമ്പത്തികം എന്നീ വിഷയങ്ങളിൽ മാത്രമല്ല ട്രംപ് ഇടഞ്ഞത്. ശാസ്ത്രത്തിലും അങ്ങനെത്തന്നെ. നിലവിൽ സയൻസ് അംഗീകരിച്ച വസ്തുതകളെയും വിജ്ഞാനത്തെയും തിരസ്കരിക്കാം എന്ന രാഷ്ട്രീയ നിലപാട് എടുക്കുന്നതിൽ ട്രംപ് ഭരണത്തിന് മടി കാണുന്നില്ല. സയൻസിനെ തള്ളിക്കളഞ്ഞുകൊണ്ടൊരു നയം ആരോഗ്യപ്രവർത്തകരെ സംബന്ധിച്ച് ചിന്തിക്കാവുന്നതുമല്ല. ഗവേഷണങ്ങളിലൂന്നിയ ശാസ്ത്രീയ പഠനങ്ങളും നിലപാടുകളും തന്നെയാണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്നതെന്ന് എക്കാലത്തെയും പഠനങ്ങളും കണ്ടുപിടുത്തങ്ങളും തെളിയിക്കുന്നു. അതിനാലാണ് ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പുറത്തുപോകുമെന്ന തീരുമാനം ലോകം ഞെട്ടലോടെ കേട്ടത്.

സയൻസ് അംഗീകരിച്ച വസ്തുതകളെയും വിജ്ഞാനത്തെയും തിരസ്കരിക്കാം എന്ന രാഷ്ട്രീയ നിലപാട് എടുക്കുന്നതിൽ ട്രംപ് ഭരണത്തിന് മടി കാണുന്നില്ല.
സയൻസ് അംഗീകരിച്ച വസ്തുതകളെയും വിജ്ഞാനത്തെയും തിരസ്കരിക്കാം എന്ന രാഷ്ട്രീയ നിലപാട് എടുക്കുന്നതിൽ ട്രംപ് ഭരണത്തിന് മടി കാണുന്നില്ല.

വികസനം, സ്വയം നിർണയാവകാശം, സമാധാനപരമായ സഹവർത്തിത്തം എന്നിവ ഐക്യരാഷ്ട്രസഭയുടെ (United Nations- UN) അടിസ്ഥാന തത്വങ്ങളിൽ ചിലതുമാത്രം. ഇതൊക്കെ നടപ്പാക്കണമെങ്കിൽ സാമൂഹികാരോഗ്യം എന്ന പ്രസ്ഥാനം ലോകമെമ്പാടും ശക്തിപ്പെടണം. അസമത്വം നിറഞ്ഞ ലോകത്തിൽ എന്തെങ്കിലും ആരോഗ്യ സമത്വം നടപ്പിലാക്കണമെങ്കിൽ തുടർച്ചയായ പഠനങ്ങളും, കൊടുക്കൽ വാങ്ങലുകളും, അഭിപ്രായൈക്യങ്ങളും കണ്ടെത്തിയേ തീരൂ. ഇതിനു ശ്രമിക്കുന്ന ന്യൂട്രൽ ഏജൻസിയായിട്ടാണ് ലോകാരോഗ്യ സംഘടന (World Health Organization - WHO) നിലകൊള്ളുന്നത്. അതിൽനിന്ന് പിന്മാറാനുള്ള തീരുമാനം തീർച്ചയായും ലോകപുരോഗതിക്കും സമാധാനത്തിനും ഗുണകരമല്ല. പിന്മാറുമ്പോൾ അമേരിക്ക നൽകുന്ന സന്ദേശങ്ങൾ അതിനാൽ സൂക്ഷ്മമായി പരിശോധിക്കേണ്ടി വരുന്നു.

ഒന്നാം ട്രംപ് ഭരണത്തിൽത്തന്നെ അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്കുള്ള വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. കോവിഡിന്റെ ഒന്നാം വർഷത്തിൽ അമേരിക്കയുടെ വിഹിതം 16.3 കോടി ഡോളർ മാത്രമായിരുന്നു; ഇതാകട്ടെ, ജർമനി, ഗേറ്റ്സ് ഫൌണ്ടേഷൻ എന്നിവയുടെ സംഭവനയെക്കാൾ പിന്നിലാണ്.

ദുർബലമാകുന്ന WHO

ഐക്യരാഷ്ട്ര സഭയുടെ വിദഗ്‌ധ സഭകളിൽ ഒന്നാണ് ലോകാരോഗ്യ സംഘടനാ. സ്ഥാപിതമായ 1948 മുതൽ തനതായ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനം. ആരോഗ്യകാര്യങ്ങളിൽ അന്താരാഷ്ട്ര തലത്തിലെ ഏകോപനം, മാർഗനിർദ്ദേശം എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ സംഘടന നേതൃത്വം വഹിക്കുന്നു. ആരോഗ്യം പൊതുജീവിതത്തിലെ അടിസ്ഥാന അവകാശമാണെന്ന സങ്കൽപം 1978- ലെ ആൽമ-ആറ്റ (Alma-Ata declaration) പ്രഖ്യാപനം മുതൽ 2018- ലെ അസ്താന (Astana declaration) പ്രഖ്യാപനം വരെയുള്ള രേഖകൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

കുട്ടികളുടെ വാക്‌സിനേഷൻ, വസൂരി രോഗനിർമാർജനം, പുകയില വിരുദ്ധ നിലപാടുകൾ, അന്താരാഷ്ട്ര ആരോഗ്യ നിയമാവലി (2005), രോഗങ്ങളിലും ആരോഗ്യപരിപാലനത്തിലും സംഭവിക്കുന്ന അടിയന്തര പ്രതിസന്ധികൾ, എന്നിവകളിൽ സംഘടനയുടെ റോൾ സ്തുത്യർഹമായിരുന്നു എന്ന് കാണാം. അംഗങ്ങളായ രാജ്യങ്ങൾക്ക് ഇബോള, സിക്ക, എംപോക്സ്‌, തുടങ്ങിയ പകർച്ചവ്യാധികളുണ്ടായപ്പോൾ സാങ്കേതിക വിജ്ഞാനം പകർന്നുകൊടുക്കാനും രോഗനിയന്ത്രണത്തിന്റെ സംഘടന മുന്നിരയിൽത്തന്നെ ഉണ്ടായിരുന്നു.

പുതിയ അമേരിക്കൻ സർക്കാർ ലോകാരോഗ്യ സംഘടനയെ ഉപേക്ഷിക്കുമെന്ന് പറയുന്നത് ലോകക്രമത്തിൽത്തന്നെ അപഭ്രംശമുണ്ടാക്കും; സംശയമില്ല.
പുതിയ അമേരിക്കൻ സർക്കാർ ലോകാരോഗ്യ സംഘടനയെ ഉപേക്ഷിക്കുമെന്ന് പറയുന്നത് ലോകക്രമത്തിൽത്തന്നെ അപഭ്രംശമുണ്ടാക്കും; സംശയമില്ല.

ഡിസബിലിറ്റി ഉള്ളവർക്ക് തുല്യാവകാശവും സാമൂഹിക പങ്കാളിത്തവും ഉറപ്പാക്കുക, വിവേചന രഹിതമായ ജീവിതസാഹചര്യം സൃഷ്ടിക്കുക എന്നിവയും സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിൽ പെടും. ചുരുക്കിപ്പറഞ്ഞാൽ ദുർബലമായ ലോകാരോഗ്യ സംഘടന നാം ആഗ്രഹിക്കുന്നില്ല. അതിനാൽ പുതിയ അമേരിക്കൻ സർക്കാർ ലോകാരോഗ്യ സംഘടനയെ ഉപേക്ഷിക്കുമെന്ന് പറയുന്നത് ലോകക്രമത്തിൽത്തന്നെ അപഭ്രംശമുണ്ടാക്കും; സംശയമില്ല.

ആഗോള ആരോഗ്യ പ്രവർത്തനത്തിനായി അമേരിക്ക ചെലവാക്കുന്ന ആകെത്തുകയുടെ നാലു ശതമാനം മാത്രമാണ് ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്നത്.

അർജന്റീനയും പുറത്ത്

ട്രംപ് നിലപാട് പ്രഖ്യാപിച്ച് അധികനാൾ കഴിഞ്ഞില്ല, അർജെൻറ്റിന പ്രസിഡൻറ്റ് ഹാബിയേർ മിലേയ് ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ പ്രഖ്യാപനവുമായി പുറത്തുവന്നു. ട്രംപ് പറഞ്ഞതിലധികമൊന്നും അദ്ദേഹത്തിനും പറയാനില്ലായിരുന്നു. കോവിഡ് മഹാമാരിയുടെ മറവിൽ ചരിത്രത്തിലെ ഏറ്റവും ബ്രഹത്തായ സാമൂഹിക നിയന്ത്രണം നടപ്പാക്കുകയായിരുന്നു സംഘടന എന്നാണ് അദ്ദേഹം ആരോപിച്ചത്. ലോകാരോഗ്യ സംഘടനയിൽ നിന്ന് പുറത്തുപോയാൽ രാജ്യത്തിന്റെ വിഭവവിനിയോഗം കാര്യക്ഷമമാക്കാമെന്നും ആരോഗ്യ നയങ്ങളിൽ സ്വയം നിർണയാവകാശം നിലനിർത്താൻ ഇതാവശ്യമാണെന്നും അർജന്റീന സർക്കാർ കരുതുന്നു. അംഗത്വ ഫീസായി അർജന്റീന ബജറ്റിന്റെ 0.11% മാത്രം. അർജന്റീന കൂടി വിട്ടുപോയാലും സംഘടനയെ പ്രതികൂലമായി ബാധിക്കില്ല. എന്നാൽ ഇത് സംഘടനയുടെ നിലനില്പിനെയും വിശ്വസനീയതയെയും ബാധിക്കും.

അമേരിക്കൻ ന്യായങ്ങൾ

ഒന്നാം ട്രംപ് ഭരണത്തിൽത്തന്നെ അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്കുള്ള വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. കോവിഡിന്റെ ഒന്നാം വർഷത്തിൽ അമേരിക്കയുടെ വിഹിതം 16.3 കോടി ഡോളർ മാത്രമായിരുന്നു; ഇതാകട്ടെ, ജർമനി, ഗേറ്റ്സ് ഫൌണ്ടേഷൻ എന്നിവയുടെ സംഭവനയെക്കാൾ പിന്നിലാണ്. ജോ ബൈഡൻ പ്രസിഡൻറ്റ് ആയപ്പോൾ വിഹിതം 48 കോടി ഡോളറായി ഉയർത്തി. ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്കയുടെ വിഹിതം സാധാരണയായി എത്രയാണെന്ന് നോക്കാം.

അമേരിക്കയ്ക്കുശേഷം അർജൻറ്റീന കൂടി ലോകാരോഗ്യ സംഘടനയിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനം അറിയിച്ചപ്പോൾ കാര്യം ഗൗരവമുള്ളതായി മാറുന്നു.
അമേരിക്കയ്ക്കുശേഷം അർജൻറ്റീന കൂടി ലോകാരോഗ്യ സംഘടനയിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനം അറിയിച്ചപ്പോൾ കാര്യം ഗൗരവമുള്ളതായി മാറുന്നു.

ആഗോള ആരോഗ്യ പ്രവർത്തനത്തിനായി അമേരിക്ക ചെലവാക്കുന്ന ആകെത്തുകയുടെ നാലു ശതമാനം മാത്രമാണ് ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്നത്. അമേരിക്കയുടെ രോഗനിയന്ത്രണ കേന്ദ്രത്തിന് (CDC) ലഭിക്കുന്ന തുകയുടെ മൂന്നിലൊന്ന് മാത്രമാണ് ലോകാരോഗ്യ സംഘടനയുടെ ബജറ്റ്. അമേരിക്കയുടെ പ്രധാന ആരോപണം, കോവിഡ് പാൻഡെമിക് കാലത്തെ ഇടപെടലുകളിൽ സംഘടനയ്ക്ക് വീഴ്ചപറ്റിയെന്നാണ്. സംഘടന സമയബന്ധിതമായി കോവിഡ് സങ്കീർണതകളെക്കുറിച്ചു വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു; പ്രത്യേകിച്ച് മഹാമാരിക്കാലത്തെ ആദ്യ മൂന്ന് മാസങ്ങളിൽ. പല രാജ്യങ്ങളും, ദക്ഷിണ കൊറിയ, തയ്‌വാൻ തുടങ്ങി അനേക രാജ്യങ്ങൾ അറിയിപ്പുകൾ ഗൗരവമായി എടുക്കുകയുണ്ടായി. തീരുമാനമെടുക്കാനാവാതെ അമേരിക്കയ്ക്ക് കോവിഡ് വലിയ പ്രശ്‌നമായി രൂപപ്പെട്ടു. ഇതൊക്കെ പിൽക്കാലത്ത് അമേരിക്കയുടെ ലോകാരോഗ്യ സംഘടനാനയത്തെ ബാധിച്ചതായി കാണാം.

സൂക്ഷ്മവായനയിൽ ഒരു കാര്യം വ്യക്തമാകും; ലോകാരോഗ്യസംഘടനയ്ക്ക് രാജ്യങ്ങളുടെ മേൽ നിയന്ത്രണമില്ല.

WHO; വിമർശനവും വസ്തുതയും

കോവിഡ് കാലത്ത് ശരിതെറ്റുകൾ നോക്കാതെ പല കാരണങ്ങളാൽ ലോകാരോഗ്യ സംഘടനയ്ക്കുമേൽ വിമർശനമുണ്ടായി. സംഘടനക്ക് എല്ലാ കാലത്തും പണത്തിന് സാരമായ ഞെരുക്കം അനുഭവപ്പെട്ടിരുന്നു. ഇതിനുപുറമെ, അംഗങ്ങളായ രാജ്യങ്ങളുടെ മേൽ പ്രത്യേകിച്ച് അധികാരങ്ങളും സംഘടനയ്ക്കില്ല. അതിനാൽ, പകർച്ചവ്യാധികൾ തലപൊക്കുമ്പോൾ ഓരോ രാജ്യവും തങ്ങൾക്ക് യുക്തമെന്ന് തോന്നുന്ന പ്രശ്നപരിഹാരവുമായി മുന്നോട്ടുനീങ്ങും. സംഘടനയാകട്ടെ, തങ്ങൾക്ക് ലഭിക്കുന്ന അനുഭവങ്ങളും വിവരങ്ങളും രാജ്യങ്ങൾക്ക് നൽകും. മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും പ്രവർത്തനങ്ങളിലെ ഏകോപനം സാധ്യമാക്കാനും സംഘടന ശ്രമിക്കാറുമുണ്ട്. സംഘടന പ്രവർത്തിക്കുന്നത് അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾ (International Health Regulations, 2005) എന്ന രേഖകളുടെ അടിസ്ഥാനത്തിലാണ്. ഇത് 2007- ൽ നടപ്പിലായി. ഇതനുസരിച്ച് സംഘടനയുടെ മാൻഡേറ്റ് (mandate) ഈ പറയുന്നതിൽ ഒതുങ്ങിനിൽക്കുന്നു:

കോവിഡ് കാലത്ത് ശരിതെറ്റുകൾ നോക്കാതെ പല കാരണങ്ങളാൽ ലോകാരോഗ്യ സംഘടനയ്ക്കുമേൽ വിമർശനമുണ്ടായി.
കോവിഡ് കാലത്ത് ശരിതെറ്റുകൾ നോക്കാതെ പല കാരണങ്ങളാൽ ലോകാരോഗ്യ സംഘടനയ്ക്കുമേൽ വിമർശനമുണ്ടായി.

1. ഏതു രോഗവും, ഏതുതരത്തിലുള്ള വ്യാപനവും മനുഷ്യരുടെ ജീവിതത്തിന് ഹാനികരിക്കുമെന്ന് വരികിൽ, മറ്റേതു തരത്തിലുള്ള രോഗാവസ്ഥയും നിയന്ത്രിക്കാനുള്ള ധാരണ.

2. സ്റ്റേറ്റ് പൊതുജനാരോഗ്യം നിലനിർത്താനുള്ള നിർണായകമായ കഴിവുകൾ അടിസ്ഥാന തലത്തിൽ ഉറപ്പാക്കേണ്ടതുണ്ട്.

3. ഏതെങ്കിലും പൊതുജനാരോഗ്യ പ്രശ്നം, പ്രത്യേകിച്ച് അന്താരാഷ്ട്ര തലത്തിൽ പ്രസക്തമായത്, സ്റ്റേറ്റിൽ സംജാതമായാൽ, ലോകാരോഗ്യ സംഘടനയെ അറിയിക്കേണ്ടതാണ്.

4. ഇത്തരം പ്രശ്നങ്ങളിൽ സത്വരമായി ഇടപെടാൻ ലോകാരോഗ്യ സംഘടനയ്ക്ക് അവസരം നൽകുകയും, അനൗദ്യോഗിക സ്രോതസ്സിലൂടെയും വിവര സമാഹരണം നടത്തി, സ്റ്റേറ്റുമായി ചേർന്ന് യാഥാർഥ്യം ഉറപ്പാക്കാനുതകുന്ന ശ്രമം നടത്താനുമുള്ള സാധ്യത.

5. രോഗവ്യാപനം പഠിക്കാനായി നിർദ്ദേശിക്കപ്പെട്ട അടിയന്തര കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പഠിച്ചശേഷം , അന്താരാഷ്ട്ര പ്രസക്തിയുള്ള പൊതുജനാരോഗ്യ അത്യാഹിതാവസ്ഥയായി പരിഗണിക്കാനും, ഡയറക്ടർ - ജനറൽ ഇതേക്കുറിച്ചുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവെയ്ക്കാനും ഉള്ള അധികാരം.

6. പൗരരുടെയും യാത്രികരുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക.

സത്യത്തിൽ ലോകാരോഗ്യസംഘടന നേരിടുന്ന ദുഷ്‌പേര് വലിയൊരളവിൽ വികലമായ നറേറ്റീവുകൾ പ്രബലമായതിനാലാണ്.

സൂക്ഷ്മവായനയിൽ ഒരു കാര്യം വ്യക്തമാകും; സംഘടനയ്ക്ക് രാജ്യങ്ങളുടെ മേൽ നിയന്ത്രണമില്ല. പകർച്ചവ്യാധികൾ പടരുമ്പോൾ ലോകാരോഗ്യ സംഘടനയ്ക്ക് നിർദ്ദേശങ്ങളും ഉപദേശങ്ങളും മുന്നോട്ടുവെയ്ക്കാനാകും. അവ പാലിക്കപ്പെടുമെന്നോ, രാജ്യങ്ങൾക്ക് സ്വതന്ത്ര തീരുമാനങ്ങൾ എടുക്കാനാവില്ലെന്നോ ഉറപ്പില്ല. കോവിഡ് കാലത്ത് പലരാജ്യങ്ങളും എടുത്ത നടപടികൾ ഒറ്റനോട്ടത്തിൽ സമാനമെന്ന് തോന്നുമെങ്കിലും രാജ്യങ്ങൾ തങ്ങളുടെ ധാരണകൾക്കനുസരിച്ചാണ് നയരൂപീകരണം നടത്തിയത്. അന്തരാഷ്ട്ര വ്യാപനത്തിന് സാധ്യതയുള്ള പകർച്ചവ്യാധിയുണ്ടാകുമ്പോൾ നിയന്ത്രണം, ചികിത്സ, റിപ്പോർട്ടിങ്, മോണിറ്ററിങ്, ഗവേഷണം, വാക്‌സിൻ നിഷ്പക്ഷത എന്നിവയിൽ മേൽനോട്ടത്തിന് രാഷ്ട്രീയമായി ന്യൂട്രൽ നിലപാടുള്ള ഏജൻസി ആവശ്യമായിവരും. ഇതിനു പറ്റിയതായി ലോകാരോഗ്യ സംഘടനയല്ലാതെ മറ്റൊരു ഏജൻസിയും നിലവിലില്ല. സംഘടനയ്ക്കാകട്ടെ, രാജ്യങ്ങൾക്ക് അറിവുകൾ കൈമാറാനും, പ്രോട്ടോകോളുകൾ ശിപാർശ ചെയ്യാനുമാകും; ഒന്നും തന്നെ നടപ്പിലാക്കാൻ കഴിയുകയുമില്ല. സംഘടന മുന്നോട്ടുവെയ്ക്കുന്ന അന്താരാഷ്ട്ര പ്രോട്ടോകോളുകൾ തള്ളിക്കളയുന്ന രാജ്യങ്ങൾക്ക് ശിക്ഷാവിധി ഏർപ്പെടുത്താനും മാർഗമില്ല.

ലോക്ക്ഡൗൺ കോവിഡ് നിയന്ത്രണത്തിന്റെ ഒറ്റമൂലിയാണെന്നും അത് ലോകാരോഗ്യ സംഘടന നിർബന്ധമായും നടത്തുന്നതാണെന്നുമുള്ള ധാരണ തടുക്കുന്നതിൽ ലോകാരോഗ്യസംഘടനയുടെ ഇടപെടലുകൾ ഫലം കണ്ടില്ലെന്നു കരുതേണ്ടിവരും
ലോക്ക്ഡൗൺ കോവിഡ് നിയന്ത്രണത്തിന്റെ ഒറ്റമൂലിയാണെന്നും അത് ലോകാരോഗ്യ സംഘടന നിർബന്ധമായും നടത്തുന്നതാണെന്നുമുള്ള ധാരണ തടുക്കുന്നതിൽ ലോകാരോഗ്യസംഘടനയുടെ ഇടപെടലുകൾ ഫലം കണ്ടില്ലെന്നു കരുതേണ്ടിവരും

എങ്കിലും അമേരിക്കയ്ക്കുശേഷം അർജൻറ്റീന കൂടി ലോകാരോഗ്യ സംഘടനയിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനം അറിയിച്ചപ്പോൾ കാര്യം ഗൗരവമുള്ളതായി മാറുന്നു. ജാക്ക് നിക്കസ് (Jack Nicas) ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനം കൂടുതൽ വിവരങ്ങൾ നൽകും. പ്രസിഡൻറ്റ് ഹാവ്യെർ മിലേയ് (Javier Milei) ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ നിശിത വിമർശനമാണ് ഉന്നയിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, നിർദ്ദയവും കർക്കശവുമായ ലോക്ക്ഡൗൺ രൂപപ്പെടുത്തിയത് അവരാണ്; ക്വാറന്റയിൻ ഏർപ്പെടുത്തലും അവരുടെ പദ്ധതിയായിരുന്നു. ലോക്ക്ഡൗൺ എന്നത് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പാതകമാണ്. ഇത്രയും കൂടി കൂട്ടിച്ചേർത്തു: ‘‘That’s why we have decided to withdraw from such a nefarious organization, which acted as the enforcement arm of the largest social control experiment in history.”

ഒരു രാജ്യത്തിന്റെ പ്രസിഡൻറ്റ് വസ്തുതകൾ കൃത്യമായി പഠിക്കാതെ പറഞ്ഞ കാര്യങ്ങളാണിവ എന്ന ലോകാരോഗ്യ സംഘടനയുടെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും. സംഘടനയുടെ ബജറ്റിൽ 15% സംഭാവന ചെയ്യുന്ന അമേരിക്ക പോലെയല്ല പ്രതിവർഷം ഒരു കോടി ഡോളർ സംഭാവന ചെയ്യുന്ന അർജന്റീന. അവർ ഉയർത്തിയ വാദങ്ങളും നിലപാടുകളും തെളിവുകളുടെ അടിസ്ഥാനത്തിലുമല്ല. എങ്കിലും അതെല്ലാം ശ്രദ്ധാപൂർവം അഭിസംബോധന ചെയ്യേണ്ടതുണ്ട്. ലോക പൊതുജനാരോഗ്യ കാഴ്ചപ്പാടിൽ വികലമായ നറേറ്റീവുകൾ സൃഷ്ടിക്കപ്പെടുന്നത് എന്തുകൊണ്ടും ശരിയല്ല.

കോവിഡ് കാലത്താണ് ലോകാരോഗ്യ സംഘടനയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യണമെന്ന് ചിലർക്കെങ്കിലും തോന്നിയത്. എന്നാൽ 2007 മുതൽ സംഘടനയിൽ പരിഷ്‌കാരങ്ങൾ വേണമെന്ന് ആവശ്യം പലേടത്തുനിന്നും പൊങ്ങിവന്നിരുന്നു.

സത്യത്തിൽ സംഘടന നേരിടുന്ന ദുഷ്‌പേര് വലിയൊരളവിൽ വികലമായ നറേറ്റീവുകൾ പ്രബലമായതിനാലാണ്. ലോക്ക്ഡൗൺ കോവിഡ് നിയന്ത്രണത്തിന്റെ ഒറ്റമൂലിയാണെന്നും അത് ലോകാരോഗ്യ സംഘടന നിർബന്ധമായും നടത്തുന്നതാണെന്നുമുള്ള ധാരണ തടുക്കുന്നതിൽ സംഘടനയുടെ ഇടപെടലുകൾ ഫലം കണ്ടില്ലെന്നു കരുതേണ്ടിവരും. ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കൽ വിഭാഗത്തിന്റെ ചുമതലയുള്ള ഡോ മറിയ വാൻ കെർഖോവ (Dr Maria Van Kerkhove) 2020 മെയ് 13-ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയതാണ്. ലോക്ക്ഡൗൺ കോവിഡ് നിയന്ത്രണ പദ്ധതിയിലെ ഒറ്റമൂലിയല്ലെന്നും സംഘടന മുന്നോട്ടുവെയ്ക്കുന്ന ആറ് തരം ഇടപെടൽ പട്ടികയിലെ ഒന്നുമാത്രമാണെന്നും അവർ ഉറപ്പിച്ചുപറഞ്ഞു. ഭാഷയിലേയ്ക്ക് കടന്നുവന്ന പുതിയ പദമായി ലോക്ക്ഡൗൺ അതിവേഗം മാറി. അതെങ്ങനെ നിർവചിക്കപ്പെടണം എന്ന കാര്യത്തിൽ ഏകാഭിപ്രായമുണ്ടായിരുന്നില്ല. അതിനാൽ ലോക്ക്ഡൗൺ എന്നാൽ പൊതുവെ പറയപ്പെടുന്നതും തികച്ചും പ്രാദേശികമായ അനുഭവങ്ങളായി മാറുകയും ചെയ്തു. ഓരോ സ്ഥലത്തും അധികാരികൾ ചെയ്യുന്നതെന്തും ലോക്ക്ഡൗണായി അടയാളപ്പെടുത്തും എന്ന രീതിയിൽ കോവിഡ് പ്രതിരോധത്തെ മാറ്റിയെടുത്തു. ചൈന, ആഫ്രിക്ക, ഇന്ത്യ, യൂറോപ്പ്, ലാറ്റിനമേരിക്ക, ന്യൂസിലാൻഡ്, എന്നിവിടങ്ങളിൽ അടച്ചിടലടച്ചിടലിന്റെ തോതും വ്യാപ്തിയും വെവ്വേറെയായിരുന്നു.

 ലോക്ക്ഡൗൺ കോവിഡ് നിയന്ത്രണ പദ്ധതിയിലെ ഒറ്റമൂലിയല്ലെന്നും സംഘടന മുന്നോട്ടുവെയ്ക്കുന്ന ആറ് തരം ഇടപെടൽ പട്ടികയിലെ ഒന്നുമാത്രമാണെന്നും ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കൽ വിഭാഗത്തിന്റെ ചുമതലയുള്ള  ഡോ മറിയ വാൻ കെർഖോവ പറയുന്നു.
ലോക്ക്ഡൗൺ കോവിഡ് നിയന്ത്രണ പദ്ധതിയിലെ ഒറ്റമൂലിയല്ലെന്നും സംഘടന മുന്നോട്ടുവെയ്ക്കുന്ന ആറ് തരം ഇടപെടൽ പട്ടികയിലെ ഒന്നുമാത്രമാണെന്നും ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കൽ വിഭാഗത്തിന്റെ ചുമതലയുള്ള ഡോ മറിയ വാൻ കെർഖോവ പറയുന്നു.

കോവിഡ് വ്യാപനം ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞത് വാക്‌സിൻ വിതരണം ചെയ്യാൻ കഴിഞ്ഞതിനാലാണ് എന്നതിലിപ്പോൾ സംശയമില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകളും അപ്രകാരം സൂചിപ്പിക്കുന്നു. വാക്സിൻ ഡിപ്ലോമസി (diplomacy), ന്യൂട്രാലിറ്റി (neutrality), പ്രാപ്യത (access) എന്നിവ കോവിഡ് കാലത്ത് വാക്സിനുകളുമായി ബന്ധപ്പെട്ട് വന്ന പദ പ്രയോഗങ്ങളാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വാക്സിൻ വിതരണം കുറേക്കൂടി മെച്ചപ്പെട്ടിരുന്നെങ്കിൽ 13 ലക്ഷം മരണങ്ങൾ കൂടി തടയാൻ കഴിഞ്ഞേനെ. ധനിക രാഷ്ട്രങ്ങൾ കോവിഡ് നേരിട്ടത് എം. ആർ.എൻ- എ (mRNA) വാക്സിനുകൾ ഉപയോഗിച്ചാണ്; ഏഷ്യയിലും ആഫ്രിക്കയിലുമുള്ള വികസ്വര രാജ്യങ്ങൾ മറ്റു വാക്സിനുകളാണ് ഉപയോഗിച്ചത്. വരും കാലങ്ങളിൽ എം ആർ എൻ എ ടെക്നോളജി പ്ലാറ്ഫോം ഉപയോഗിച്ചുള്ള വാക്സിനുകളാവും പ്രചാരത്തിൽ വരിക. പേപ്പട്ടി വിഷബാധ, ഫ്ലൂ, ചികുൻഗുനിയ, ക്ഷയരോഗം, തുടങ്ങി അനവധി രോഗങ്ങൾക്ക് വാക്സിൻ നിർമിക്കാൻ ഇതുമൂലം സാധ്യമാകും. ചിലതരം കാൻസർ, അരിവാൾ രോഗം എന്നിവയിൽ വാക്‌സിൻ ഗവേഷണം പുരോഗമിക്കുന്നു. മൂന്നാം ലോക രാജ്യങ്ങൾക്ക് അമിത രോഗഭാരം (burden of disease) പ്രദാനം ചെയ്യുന്ന ഇവയ്ക്ക് ഫലപ്രദമായ ചികിത്സ സാധ്യമാക്കാൻ ലോകാരോഗ്യ സംഘടനയുടെ സാന്നിധ്യം ഉറപ്പാക്കേണ്ടതുണ്ട്.

WHO- പ്രതിസന്ധികൾ

നാം പെട്ടുപോകുന്ന ആരോഗ്യ പ്രതിസന്ധികളിൽ ലോകാരോഗ്യ സംഘടനയ്ക്ക് എന്തുപറയാനുണ്ട് എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അതിനാൽ ശക്തമായി ഇടപെടാൻ കഴിവുള്ള സംഘടനയാണ് നാം മനസ്സിൽ കാണുന്നത്. അമേരിക്കയും അർജൻറ്റിനയും ഉയർത്തിയ ചോദ്യങ്ങൾ അസ്ഥാനത്തായിരിക്കാം; എന്നാൽ സംഘടനയോട് എന്തോ വിശ്വാസക്കുറവ് സംഭവിച്ചിരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തി നഷ്ടപ്പെടുന്നില്ല. എന്തായിരിക്കും ലോകാരോഗ്യ സംഘടന അനുഭവിക്കുന്ന പ്രതിസന്ധി?

ലോകാരോഗ്യസംഘടനയുടെ ബ്യൂറോക്രസി വിമർശിക്കപ്പെടാറുണ്ട്. മുകൾത്തട്ടിലെ പദവികളിൽ വേണ്ടതിലുമധികം പേരുള്ളതിനാൽ കാര്യക്ഷമതയ്ക്ക് കോട്ടം തട്ടുന്നു.

കോവിഡ് കാലത്താണ് ലോകാരോഗ്യ സംഘടനയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യണമെന്ന് ചിലർക്കെങ്കിലും തോന്നിയത്. എന്നാൽ 2007 മുതൽ സംഘടനയിൽ പരിഷ്‌കാരങ്ങൾ വേണമെന്ന് ആവശ്യം പലേടത്തുനിന്നും പൊങ്ങിവന്നിരുന്നു. റോജർ കോലിയർ (Roger Collier, 2011) സംഘടനയ്ക്ക് അവശ്യം വേണ്ട ഭരണപരിഷ്കാരങ്ങളെക്കുറിച്ചു പരാമർശിക്കുന്നു. മുൻ വർഷങ്ങളിലെ സാമ്പത്തിക മാന്ദ്യം (recession, 2007-09) സംഘടനയ്ക്ക് സാമ്പത്തിക സമ്മർദമുണ്ടാക്കി. പല രാജ്യങ്ങൾക്കും സംഘടനയ്ക്ക് തങ്ങൾ നൽകാനുള്ള വിഹിതം കൊടുത്തുതീർക്കാൻ പ്രയാസം നേരിട്ടു. ഈ ഘട്ടം മുതൽ ഭരണപരിഷ്‌കാരങ്ങൾ വേണമെന്ന ആശയത്തിന് ആക്കം കൂടി. കൂടുതൽ ഉൾച്ചേർക്കാനാവുന്നതും പങ്കാളിത്തമുള്ളതുമായ സംഘടന ആഗ്രഹിച്ചവർ ഉണ്ടായിരുന്നു. അംഗരാജ്യങ്ങളാകട്ടെ ആരോഗ്യ പ്രതിസന്ധി ഘട്ടങ്ങളിൽപോലും തീരുമാനങ്ങൾ എടുക്കാനുള്ള തങ്ങളുടെ അവകാശത്തെ വിട്ടുകൊടുക്കാൻ തയ്യാറായതുമില്ല. ആരോഗ്യം എന്നത് കൂടുതൽ കൂടുതൽ സങ്കീർണതകൾ കൈവരിക്കുന്ന മേഖലയാണ്. അതിനുള്ളിൽ നിന്നുകൊണ്ട് ഫലപ്രദമായ ഇടം കണ്ടെത്തുകയും സംഘടനയുടെ റോൾ കൃത്യമായി പുനർനിർവചിക്കുകയും ചെയ്യുക എന്നത് അത്യാവശ്യമാണ്. ചില പദ്ധതികളിൽ നിന്ന് സംഘടന പിൻവാങ്ങിയത് പോലും പ്രശ്നമാവില്ലെന്ന് കരുതുന്ന വിദഗ്‌ധർ വിരളമല്ല. ഇതിന് കാരണമുണ്ട്: വിഭവദാതാക്കളായി (donors) 40 പേരും ഐക്യ രാഷ്ട്രസഭ ഏജൻസികളായ 26 സംഘടനകളും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നു. കഴിഞ്ഞില്ല; ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഫണ്ടുകളും 14,000 ആരോഗ്യ മിഷനുകളും നിലവിലുണ്ട്. അങ്ങനെയെങ്കിൽ ഇവരുടെയെല്ലാം പ്രവർത്തനം ഏകോപിച്ചാൽ ലോകാരോഗ്യ സംഘടനയുടെ മേലുള്ള സമ്മർദങ്ങൾ കുറയും.

പശ്ചിമ ആഫ്രിക്കയിൽ 2015- ൽ പൊട്ടിപ്പകർന്ന എബോള എന്ന പകർച്ചപ്പനിയെ നേരിടുന്നതിൽ വിളംബമുണ്ടായി എന്ന ആരോപണം ഗൗരവമുള്ളതായിരുന്നു.
പശ്ചിമ ആഫ്രിക്കയിൽ 2015- ൽ പൊട്ടിപ്പകർന്ന എബോള എന്ന പകർച്ചപ്പനിയെ നേരിടുന്നതിൽ വിളംബമുണ്ടായി എന്ന ആരോപണം ഗൗരവമുള്ളതായിരുന്നു.

സംഘടനയുടെ ബ്യൂറോക്രസി വിമർശിക്കപ്പെടാറുണ്ട്. മുകൾത്തട്ടിലെ പദവികളിൽ വേണ്ടതിലുമധികം പേര് പാർക്കുന്നതിനാൽ കാര്യക്ഷമതയ്ക്ക് കോട്ടം തട്ടുന്നു. ചിലപ്പോഴൊക്കെ പ്രസ്താവനകളും രേഖകളും സൃഷ്ടിക്കുകയും സമ്മേളനങ്ങൾ നടത്തുകയും ചെയ്യലിലേയ്ക്ക് പ്രവർത്തനം ചുരുങ്ങിപ്പോകാറുണ്ടെന്ന വിമർശനവും ഉണ്ടായിട്ടുണ്ട്. ലോകാരോഗ്യ സംഘടനയെ നമുക്ക് കയ്യൊഴിയാനാവില്ല; തികച്ചും ജനാധിപത്യപരമായ നടപടിക്രമങ്ങളുള്ള സംഘടന എന്നനിലയിൽ ആരോഗ്യ വെല്ലുവിളികൾ നേരിടാൻ തക്ക ഭരണക്രമം ഉറപ്പാക്കലാണ് ആവശ്യമെന്ന് ക്ലെയർ ഷ്മോങ് (Claire Chaumont, 2015) പറഞ്ഞുവെയ്ക്കുന്നു.

ചിലപ്പോഴെങ്കിലും ലോകാരോഗ്യസംഘടനയുടെ രേഖകൾ അവ്യക്തവും ദുർഗ്രഹവുമായ ആശയങ്ങൾ കൊണ്ടുനിറയുന്നു. തങ്ങൾക്ക് ഇടപെടാനും കൃത്യമായ ഫലപ്രാപ്തി കൈവരിക്കാനും പറ്റുന്ന മേഖലകളിൽ ശ്രദ്ധ ചെലുത്തണമെന്ന് ചില വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

പശ്ചിമ ആഫ്രിക്കയിൽ 2015- ൽ പൊട്ടിപ്പകർന്ന എബോള എന്ന പകർച്ചപ്പനിയെ നേരിടുന്നതിൽ വിളംബമുണ്ടായി എന്ന ആരോപണം ഗൗരവമുള്ളതായിരുന്നു. ആരോഗ്യ പ്രതിസന്ധിയുണ്ടാകുമ്പോൾ തത്സമയം പ്രതികരിക്കാൻ കെല്പുള്ള സംഘടനയായി കാണാനാണ് നമുക്കിഷ്ടം. പുതിയ നടപടി ചട്ടങ്ങൾ (International Health Regulations, 2005) നിലവിൽവന്നെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ പുതിയ ചട്ടങ്ങൾ ജനങ്ങൾക്കുതകിയില്ല. അടിസ്ഥാന തലത്തിൽ അഞ്ചു മാറ്റങ്ങളാണ് ക്ലെയർ ഷ്മോങ് മുന്നോട്ട് വെയ്ക്കുന്നത്.

ഒന്ന്: ഫലപ്രദമായ ഇടപെടൽ നടത്താനാവാത്തത് ശക്തമായ നിയമങ്ങൾ ഇല്ലാത്തതിനാലാണ് എന്ന തിരിച്ചറിവ് പ്രബലമാണ്:

അംഗ രാജ്യങ്ങളുടെ സഹകരണം ഉറപ്പിക്കുക എളുപ്പമല്ല; രോഗത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ കൈമാറിയാൽ പോരാ, അതനുസരിച്ച് രാജ്യങ്ങൾ നിലപാടുകളും നയങ്ങളുമായി മുന്നോട്ടുപോണം. ലോക വാണിജ്യ സംഘടന (World Trade Organisation) നടപ്പാക്കിയ നിയമസംവിധാനം മാതൃകയായെടുക്കാം എന്നും പറഞ്ഞുകേൾക്കാറുണ്ട്. വാണിജ്യം പോലെ ആരോഗ്യത്തെ കാണാനാവില്ലെന്ന മറുവാദം നിലനിൽക്കുമ്പോൾത്തന്നെ ആരോഗ്യരംഗത്തെക്കൂടി പൊതു മാനദണ്ഡങ്ങൾക്ക് വിധേയമായ നിയമങ്ങൾക്ക് കീഴെ കൊണ്ടുവരണം. എന്തൊക്ക നിയമമുണ്ടായാലും അമേരിക്ക പോലെ ശക്തരായ രാഷ്ട്രങ്ങൾ പ്രതിബന്ധം സൃഷ്ടിച്ചാൽ അത് മറികടക്കാനും പ്രയാസമേറും.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വാക്സിൻ വിതരണം കുറേക്കൂടി മെച്ചപ്പെട്ടിരുന്നെങ്കിൽ 13 ലക്ഷം മരണങ്ങൾ കൂടി തടയാൻ കഴിഞ്ഞേനെ.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വാക്സിൻ വിതരണം കുറേക്കൂടി മെച്ചപ്പെട്ടിരുന്നെങ്കിൽ 13 ലക്ഷം മരണങ്ങൾ കൂടി തടയാൻ കഴിഞ്ഞേനെ.

രണ്ട്: ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനാധികാര വ്യാപ്തി (mandate) പുനരവലോകനം ചെയ്യുകയും വേണമെങ്കിൽ പരിമിതപ്പെടുത്തുകയും വേണം:

പൊതുജനാരോഗ്യവുമായി വിദൂരബന്ധമുള്ള വിഷയങ്ങളിൽ പോലും സംഘടന താല്പര്യമെടുക്കുന്നത് കാണാം. ചിലപ്പോഴെങ്കിലും സംഘടനയുടെ രേഖകൾ അവ്യക്തവും ദുർഗ്രഹവുമായ ആശയങ്ങൾ കൊണ്ടുനിറയുന്നു. തങ്ങൾക്ക് ഇടപെടാനും കൃത്യമായ ഫലപ്രാപ്തി കൈവരിക്കാനും പറ്റുന്ന മേഖലകളിൽ ശ്രദ്ധ ചെലുത്തണമെന്ന് ചില വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന്, 2013- ലെ സംഘടനാരേഖ പരിശോധിക്കാം. ആഗോള ആരോഗ്യരംഗ പരിപാലനത്തിൽ കാണപ്പെടുന്ന വെല്ലുവിളികളാണ് (governance challenges) രേഖയുടെ പ്രമേയം. നാല് പ്രവർത്തന വിഷയങ്ങളാണ് രേഖയിൽ കണ്ടെത്തിയത്:

  • സാമൂഹിക ആരോഗ്യത്തിൽ ഉപയോഗിക്കാവുന്ന ഉത്പന്നങ്ങൾ: ഇതിൽ പ്രവർത്തനരേഖകൾ, പ്രോട്ടോകോളുകൾ എന്നിവയുൾപ്പെടും.

  • ബാഹ്യസ്വാധീനങ്ങൾ തീരുമാനങ്ങളിലോ പ്രവർത്തനങ്ങളിലോ വ്യതിയാനങ്ങൾ സൃഷ്ടിച്ചാൽ അവയെ നിയന്ത്രിക്കാനുള്ള രീതി. ചില ആരോഗ്യപ്രശ്നങ്ങൾ ഒന്നിലേറെ രാജ്യങ്ങളെ ബാധിക്കാറുണ്ട്. ഒരു രാജ്യത്ത് യുക്തമായ നടപടി മറ്റൊരു രാജ്യത്ത് അനഭിമതമായ ഫലങ്ങൾക്ക് കാരണമാകാം. ഇത് പരിഹരിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഡാറ്റ ശേഖരിക്കാനും പ്രവർത്തിക്കാനും പറ്റുന്ന ഏജൻസി വേണമെല്ലോ.

  • ആഗോളതലത്തിൽ പ്രശ്‌നപരിഹാരത്തിന് ഐക്യദാർഢ്യം രൂപപ്പെടുത്താനും ചാലകശക്തിയായി പ്രവർത്തിക്കാനും ഉതകുക. അതിനാവശ്യമായ സാകേതിക വിജ്ഞാനവും സഹായവും ഉറപ്പാക്കുക.

  • അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ആരോഗ്യ പ്രൊജക്ടുകളിൽ നയപരമായ ദിശാബോധം നൽകുക.

ഈ നാല് വിഷയങ്ങളും ലോകാരോഗ്യ സംഘടന നേരിട്ട് ഏറ്റെടുക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്, പ്രത്യേകിച്ച്, സമാന്തര ഏജൻസികൾ ഈ രംഗത്ത് പ്രവർത്തിക്കാനുള്ളപ്പോൾ.

മൂന്ന്: ചരടുകളില്ലാത്ത ധനാഗമന മാർഗങ്ങൾ ഉറപ്പാക്കുക:

ലോകാരോഗ്യ സംഘടന പരിമിതമായ ബജറ്റിലാണ് പ്രവർത്തിക്കുന്നത്. എടുത്തുപറയപ്പെടുന്ന ദൗർബല്യങ്ങൾ സംഘടനയ്ക്ക് ലഭ്യമാകുന്ന ഫണ്ടിങ്ങുമായി ചേർത്തുകാണാം. അംഗങ്ങളായ രാജ്യങ്ങളിൽ നിന്നുകിട്ടുന്നത് സംഘടനയുടെ ബജറ്റിൻറെ 20% മാത്രം. ബാക്കി തുക രാജ്യങ്ങൾ, സംഘടനകൾ, മറ്റ് ഏജൻസികൾ എന്നിവർ നൽകുന്ന സംഭാവനയിലൂടെ സമാഹരിക്കുന്നു. ഇതിൽ പരോക്ഷമായി ചില പ്രശ്നങ്ങൾ അടങ്ങിയിരിക്കും. സംഭാവന നൽകുന്ന ഏജൻസികൾ ഏതുമേഖലയിൽ ചെലവാക്കണം എന്നുകൂടി പറയുന്നുണ്ടെങ്കിൽ ലോകാരോഗ്യ സംഘടനയുടെ പൊതുതാത്പര്യത്തെ പരിമിതപ്പെടുത്തും. പൊതുധാരണയുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര ഫണ്ടിങ് സാദ്ധ്യതകൾ ആരായുന്നത് നന്നാവും. ഉദാഹരണത്തിന് അന്താരാഷ്ട്ര യാത്രകൾ, ക്രയവിക്രയങ്ങൾ എന്നിവയിൽ ഏർപ്പെടുത്താവുന്ന സെസ്സ് സംഘടനയ്ക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകും.

നാല്: സുതാര്യമായ പരിപാലനം (governance):

ഇതത്ര എളുപ്പമാണെന്ന് കരുതാനാവില്ല. എങ്കിലും വേറിട്ടു നിൽക്കുന്ന ശബ്ദങ്ങൾക്ക് ഇടം നൽകുന്നത് സാധ്യമാണോ എന്ന് സംഘടന പരിശോധിക്കണം. ബൃഹത്തായ സർക്കാരിതര വികസന ഏജൻസികൾ സാമൂഹിക വികസന മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്; അവരെ ചില മാർഗനിർദേശങ്ങൾക്കനുസരിച്ചു ഫണ്ടിങ് ഏജൻസികളായി പരിഗണിക്കുകയോ, പ്രോജക്ടുകളിൽ തദ്ദേശീയ പങ്കാളികളാക്കുകയോ സാധ്യമായേക്കും.

ഡോ. ആശിഷ് ഝാ
ഡോ. ആശിഷ് ഝാ

അഞ്ച്: സാങ്കേതിക വിജ്ഞാനത്തിൻറെ പരിധി വികസിപ്പിക്കൽ:

ടെക്നോളജി അതിവേഗം വികസിക്കുന്ന കാലത്ത് പൊതുജനാരോഗ്യം സങ്കീർണമായിക്കൊണ്ടിരിക്കുന്നു. ടെക്നോളജിയിലെ വൈദഗ്ധ്യം നയരൂപീകരണത്തിലും, ഗവേഷണത്തിലും പ്രവർത്തനത്തിലും വലിയ തോതിൽ സ്വാധീനം ചെലുത്തും. ടെക്നോ- വിജ്ഞാനം നമ്മുടെ സമകാലീന അറിവുകളിലും വിവരശേഖരണത്തിലും പ്രഫഷണലിസം കൊണ്ടുവരും; ആത്യന്തികമായി സംഘടനയുടെ ജനാധിപത്യ മൂല്യങ്ങളിലും വികേന്ദ്രീകരണത്തിലും സുതാര്യതയിലും വലിയ സ്വാധീനമാവും ഇതുചെയ്യുക.

ആശിഷ് ഝാ (Dr Ashish Jha) അന്താരാഷ്ട്ര പ്രശസ്തിയുള്ള അമേരിക്കൻ അക്കാദമിക്കും ഗവേഷകനുമാണ്. വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് കോവിഡ് നിയന്ത്രണ ടീം നയിച്ച വ്യക്തി എന്നനിലയ്ക്കാണ് നാം ഇന്നദ്ദേഹത്തെ അറിയുന്നത്. സെനറ്റർ മാർക്കോ റുബിയോ (Sen. Marco Rubio) അടുത്ത സെക്രട്ടറി ഓഫ് സ്റ്റേറ്റ് (വിദേശകാര്യ മന്ത്രി) ആകുമെന്ന് ഏതാണ്ടുറപ്പായി കഴിഞ്ഞ നാളുകൾ. ട്രംപ് രണ്ടാമത് ഭരണമേറ്റെടുക്കുന്നതിന് ഏതാനും നാളുകൾ മാത്രം. ആ സമയത്ത് ഡോ ഝാ ഒരു പ്രസ്താവന നടത്തി: ലോകാരോഗ്യ സംഘടനയിൽനിന്ന് പുറത്തുവരുന്നത് അഭികാമ്യമല്ല. സംഘടനയെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കുക എന്നതാവണം നയം. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ആരോഗ്യസേവനങ്ങൾ ഉറപ്പാക്കാൻ അതാവശ്യവുമാണ്.
റുബിയോ സംഘടനയെക്കുറിച്ച് 2022- ൽ നടത്തിയ പ്രസ്താവം ഓർക്കുകയും ചെയ്തു: ‘‘The WHO is a corrupt, radical institution that was powerless to stop Covid-19 spreading beyond China’’.
ഇത്തരം ഒരാരോപണത്തിന് സാംഗത്യമുണ്ടോ ഇന്നാർക്കും അറിയില്ല. ഇങ്ങനെയല്ലെല്ലോ പ്രതികരിക്കേണ്ടത് എന്ന കാര്യത്തിൽ സംശയവുമില്ല.

പലപ്പോഴും ലോകാരോഗ്യ സംഘടനയുടെ ബ്യുറോക്രസി ആരോഗ്യ പ്രതിസന്ധിയുള്ളപ്പോൾ പ്രവർത്തനക്ഷമത കാട്ടാറില്ല. ഡോ. ഝായുടെ അഭിപ്രായത്തിൽ കോവിഡ് വ്യാപനക്കാലത്ത് ചില തെറ്റുകളുണ്ടായത് രോഗവ്യാപനത്തെ വർധിപ്പിച്ചു. കോവിഡിന് ശേഷം എംപിക്സ് ആഫ്രക്കയിൽ പടർന്നുപിടിച്ചപ്പോൾ വാക്സിൻ അംഗീകരിക്കാൻ സംഘടന കാലതാമസമുണ്ടാക്കി. ഇതെല്ലാം വെറും ടെക്‌നിക്കൽ പിഴവുകളാണെന്ന് പറയാനാവില്ലെല്ലോ.

പിഴവുകൾ ഉണ്ടാവാം. എന്നാൽ അതൊന്നും സംഘടനയെ തള്ളിക്കളയാനോ നിർജീവമാക്കാനോ ഉള്ള നീക്കങ്ങളെ ന്യായീകരിക്കുന്നുമില്ല. കൂടുതൽ ജനാധിപത്യവും പ്രഫഷണലുമായ സംഘടന സൃഷ്ടിക്കുകയാണ് അമേരിക്കയുൾപ്പടെയുള്ള വികസിതരാജ്യങ്ങളിൽ നിന്ന് ലോകജനത പ്രതീക്ഷിക്കുന്നത്.

Reference:

1.https://publichealth.jhu.edu/2025/the-consequences-of-the-us-withdrawal-from-the-who

2.Argentina announces exit from the World Health Organization: Le Monde, 5 Feb, 2025.

3.https://www.aljazeera.com/news/2025/1/28/what-a-us-exit-from-the-who-means-for-global-healthcare

4.Chaumont, Claire: 5 ways to reform the World Health Organization – Aug, 2020

5.World Health Organization – International Health Regulations; 3rd Ed, 2005

6.Nicas, Jack - Mirroring Trump, Milei Pulls Argentina From W.H.O.; The New York Times, Feb 5, 2025.

7.WEF - WHO officials warn against 'magical thinking' regarding lockdowns - COVID-19 briefing: May14, 2020.

8.Collier R. WHO reforms long overdue, critics say. CMAJ. 2011 Oct 4;183(14):1574-5. doi: 10.1503/cmaj.109-3933. Epub 2011 Sep 6. PMID: 21896696; PMCID: PMC3185071.

9.Chaumont, Claire - 5 ways to reform the World Health Organization; August, 2020.

10.Jha, Ashish K. - The U.S. should reform the WHO, not leave it: Jan, 2025.


Summary: World Health Organization's (WHO) future without the help of America. Dr U Nandakumar writes about Donald Trump government's stands.


ഡോ. യു. നന്ദകുമാർ

എഴുത്തുകാരൻ, പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നു. അണ്ണാമലൈ യൂണിവേഴ്​സിറ്റിയിലെ റിഹാബിലിറ്റേഷൻ മെഡിസിനിൽ പ്രൊഫസറായിരുന്നു.

Comments