ബാനു മുഷ്താഖ് എഴുതി ദീപ ബഷ്തി വിവർത്തനം ചെയ്ത്, ഇക്കൊല്ലം ബുക്കർ പ്രൈസിനർഹമായ ‘ഹാർട്ട് ലാമ്പ്’ വായനയ്ക്ക് ശേഷം പുസ്തകങ്ങളുടെ അല്ലെങ്കിൽ സാഹിത്യത്തിന്റെ പ്രധാനലക്ഷ്യം എന്താണെന്നൊരു ചോദ്യം മനസ്സിൽ അവശേഷിച്ചു. ബുക്കർ പ്രൈസ് ലഭിച്ച പുസ്തകങ്ങളെക്കുറിച്ച് മാത്രം ചർച്ചചെയ്യാനുള്ള ഫേസ്ബുക് പേജിൽ റിവ്യൂ എഴുതിക്കഴിഞ്ഞ് വിദേശീയരായ വായനക്കാർ പങ്കുവെച്ച ചിന്തകൾ വായിച്ചപ്പോഴും തോന്നിയത് മറ്റൊന്നല്ല. വിവരസമായ ആഖ്യാനം കാരണം പലർക്കും വായന മുഴുമിക്കാൻ കഴിഞ്ഞില്ല എന്ന് പറയുന്നുണ്ട്.
നമുക്ക് തിരികെ ആ ചോദ്യത്തിലേക്ക് തന്നെ പോകാം. എന്താണ് പുസ്തകങ്ങളുടെ ആത്യന്തികമായ ലക്ഷ്യം? അത് ആക്ടിവിസമാണോ അതോ വായനക്കാരന്റെ ആസ്വാദനത്തെയും ചിന്തകളെയും ഉദ്ദീപിപ്പിക്കുക എന്നുള്ളതാണോ? ആക്ടിവിസം എന്ന നിലയിൽ പുസ്തകങ്ങൾ ചുരുങ്ങിപ്പോകുന്നതിനെ എങ്ങനെ വിലയിരുത്താം? സിനിമയിൽ നിന്ന് ഡ്രാമയെ പൂർണ്ണമായും ഒഴിവാക്കി അതിനെ ഡോക്യുമെൻററി എന്നരീതിയിൽ രൂപപ്പെടുത്തുന്നതിനോട് താരതമ്യം ചെയ്യാമെന്ന് തോന്നുന്നു. ബാനു മുഷ്താഖിന്റെ പന്ത്രണ്ടു കഥകളുടെ സമാഹാരമായ ‘ഹാർട്ട് ലാമ്പിൽ’ സംഭവിക്കുന്നതും അതുതന്നെയാണ്.

പന്ത്രണ്ടു കഥകളും ഒരേ ഇതിവൃത്തത്തിൽ ചുറ്റിത്തിരിയുന്നു എന്നുള്ളത് വായനക്കാരെ സംബന്ധിച്ച് ഒരു കല്ലുകടി തന്നെയാണ്. ബൗദ്ധികതയെക്കാൾ വൈകാരിക പരിസരങ്ങളുള്ള കഥകളിൽ ഈയൊരു ഏകതാനത മടുപ്പുളവാക്കും. ഇതിനെ കഥയുടെ ക്രാഫ്റ്റിൽ നിന്നുള്ള ഒരു വ്യതിചലനമെന്ന് കണക്കാക്കാം. ഈ അവസ്ഥയിലാണ് സാഹിത്യത്തിന്റെ പ്രധാനലക്ഷ്യം ആക്റ്റിവിസമാണോ എന്നാലോചിച്ചുപോകുന്നത്.
'ഹാർട്ട് ലാമ്പി'ലെ എല്ലാ കഥകളും മുസ്ലിം സാമൂഹികപശ്ചാത്തലത്തിലുള്ള സ്ത്രീകളുടെ സഹനങ്ങളിലൂടെയും അവരനുഭവിക്കുന്ന സാമൂഹിക അനിശ്ചിതാവസ്ഥകളിലൂടെയും സഞ്ചരിക്കുന്നു.
'ഹാർട്ട് ലാമ്പി'ലെ എല്ലാ കഥകളും മുസ്ലിം സാമൂഹികപശ്ചാത്തലത്തിലുള്ള സ്ത്രീകളുടെ സഹനങ്ങളിലൂടെയും അവരനുഭവിക്കുന്ന സാമൂഹിക അനിശ്ചിതാവസ്ഥകളിലൂടെയും സഞ്ചരിക്കുന്നു. ഒരു അഭിഭാഷക എന്നനിലയിലും ആക്ടിവിസ്റ്റ് എന്നനിലയിലുമുള്ള ബാനു മുഷ്താഖിന്റെ അനുഭവങ്ങളെ കഥകളിലൂടെ പ്രതിഫലിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. കർണാടകയുടെ ഗ്രാമാന്തർപ്രദേശങ്ങളിലെ മനുഷ്യരുടെ ജീവിതവും സമസ്യകളും തന്നെയാണ് എല്ലാ കഥകളിലും ചർച്ചചെയ്യപ്പെടുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ച് പൊതുവിലുള്ള ധാരണവെച്ച് 'ഹാർട്ട് ലാമ്പി'ലെ സാമൂഹികപരിസരങ്ങളെ അവലോകനം ചെയ്‌താൽ അത് വലിയ അങ്കലാപ്പുകൾക്ക് വഴിവെക്കും. തൊണ്ണൂറുകൾ മുതൽ രണ്ടായിരത്തി ഇരുപത്തിമൂന്ന് വരെയുള്ള കാലത്ത് പലപ്പോഴായെഴുതിയ കഥകളുടെ സമാഹാരമാണിത്. ഈ കാലയളവിൽ വന്ന സാമൂഹികമാറ്റങ്ങളെ അത്രയ്ക്കൊന്നും കഥകളിൽ കാണാൻ കഴിയില്ല. രണ്ടാവാം കാരണങ്ങൾ. ഒന്ന്, അവർ പരിചയിച്ചതോ കേട്ടതോ അവരെ വളരെയധികം സ്വാധീനിച്ചതോ ആയ ജീവിതങ്ങളെപ്പറ്റി എഴുതിയപ്പോ സ്വാഭാവികമായി വന്നുപോയത്. രണ്ട്, ഈ മൂന്ന് ദശാബ്ദത്തിൽ അവരുടെ ചുറ്റുവട്ടങ്ങളിലെ സ്ത്രീകളുടെ ദുരവസ്ഥകളിൽ കാതലായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. രണ്ടാമത്തേതാണ് കാരണമെങ്കിൽ അത് അങ്ങേയറ്റം പരിതാപകരമായ അവസ്ഥയാണ്.
Also Read: ബാനു മുഷ്താഖ്; ഫത് വയ്ക്കും കത്തിമുനയ്ക്കും ഇടയിലെ എഴുത്തു ജീവിതം

കേരളത്തിന് പുറത്തേയ്ക്കുള്ള സ്ഥലങ്ങളിൽ പൊതുവേ നോക്കിയാൽ വികസനത്തിന്റെ ചെറിയ പോക്കറ്റുകളാണധികവും എന്നുകാണാം. കർണാടകയും അതിൽനിന്ന് വ്യത്യസ്തമല്ല. 2015-16 കാലഘട്ടത്തിൽ ബാംഗ്ലൂർ എയർപോർട്ടിൽ ജോലിചെയ്യുമ്പോൾ കണ്ടുപരിചയിച്ച ഒരുകാര്യമുണ്ട്. എയർപോർട്ടിൽ നിന്ന് വെറും അൻപത് കിലോമീറ്റർ മാത്രം ദൂരെയുള്ള സിദ്ധലഘട്ട എന്ന ഗ്രാമത്തിൽ ഞങ്ങളുടെ ഒരു എയർ നാവിഗേഷൻ സംവിധാനമായ ഡി.വി.ഓ.ആർ (ഡോപ്പ്ളർ വി.എച്ച്.എഫ് ഓമ്നി റേഞ്ച്) എന്ന ആന്റിന സിസ്റ്റം സ്ഥിതി ചെയ്യുന്നുണ്ട്. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ്. എന്നാൽ ദിവസത്തിൽ രണ്ടേരണ്ടു മണിക്കൂർ മാത്രമാണ് സർക്കാർ വൈദ്യുതി അവിടെ ലഭിച്ചിരുന്നത്. ബാക്കി മുഴുവൻ സമയവും ഡീസൽ ജനറേറ്റർ വെച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു. അന്നത് വലിയ അത്ഭുതമായി തോന്നി. പക്ഷെ ഈ സംസ്ഥാനങ്ങളിലെ വികസനസൂചികകൾ ശ്രദ്ധിച്ചാൽ അവിടങ്ങളിലെ സാമൂഹികവും രാഷ്ട്രീയപരവും സാമ്പത്തികവുമായുള്ള അസന്തുലിതാവസ്ഥകൾ വെളിവായിവരും. അങ്ങനെയൊരു സമൂഹത്തിൽ മതംകൂടി പിടിമുറുക്കിയാൽ ഇങ്ങനത്തെ കഥാപരിസരങ്ങൾ ഉണ്ടായിവരുന്നത് വളരെ സ്വാഭാവികമായ ഒരു പരിണാമമാണ്.
കഥാപരിസരങ്ങളിൽ ആവർത്തനവിരസതയുണ്ട്. ഒരു ഡോക്യൂമെൻേറഷനോളം ആഖ്യാനം പലപ്പോഴും ചുരുങ്ങിപ്പോകുന്നുണ്ട്. സാഹിത്യത്തിൽ അത് പാടുണ്ടോ? ഭാവനയും വൈകാരികതയും അതിഭാവുകത്വവും നാടകീയതയും ഒന്നുമില്ലാതെ ഒരു പ്രത്യേക അവസ്ഥയിലുള്ള സ്ത്രീകളുടെ ദുരിതങ്ങളിലേയ്ക്ക് മാത്രമായി ആ കണ്ണാടി തിരിച്ചുവെച്ചിരിക്കുന്നു.

നമുക്കറിയാം ഗാർഹിക പീഡനങ്ങളുടെ ഇരകൾ സ്ത്രീകൾ തന്നെയാണ്. വിവിധതരം സമൂഹങ്ങളിൽ അതിന്റെ അളവും തോതും കൂടിയും കുറഞ്ഞുമിരിക്കും എന്നുമാത്രം. ഇസ്ലാമിക പരിസരങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ സമ്മർദ്ദങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നു എന്നുള്ളത് ഒരു യാഥാർഥ്യവുമാണ്. സമുദായത്തിൻറെതായ കാഴ്ചപ്പാടുകൾ, മതപരമായ ചട്ടക്കൂടുകൾ, വിട്ടുവീഴ്ചകളില്ലാത്തതും കാലാനുസൃതമായി മാറാത്തതുമായ സദാചാരമൂല്യങ്ങൾ, അങ്ങനെ ഒരു സ്ത്രീയ്ക്ക് കുടുംബം എന്ന ഇൻസ്റ്റിറ്റ്യൂട്ടിനുള്ളിൽ നിലനിന്നുപോകാൻ കടക്കേണ്ടുന്ന കടമ്പകളേറെയാണ്. സഹിക്കേണ്ടുന്നത് അതിലേറെയും. ശരിയത്ത് നിയമങ്ങളുടെയും കാലാകാലങ്ങളിൽ വരുന്ന ഫത്വകളുടെയും ചങ്ങലചുറ്റുകളിൽ അവരെങ്ങനെ ജീവിതത്തെ നേരിടുന്നു എന്ന് ബാനുവിന്റെ കഥകളിൽ കാണാം. ബഹുഭാര്യത്വത്തിന്റെ മതജാമ്യമുള്ള പുരുഷന്മാർ ബന്ധങ്ങളെ നിസ്സാരവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്ത്രീകൾ കടന്നുപോകുന്ന മാനസികാവസ്ഥകളെ ഒന്നിലധികം കഥകളിൽ വരച്ചിടുന്നു. സ്ത്രീകൾ ഈ വ്യവസ്ഥിതിയിൽ എത്രത്തോളം നിസ്സാരരാവുന്നു എന്നതിന്റെ നേർചിത്രങ്ങളാണ് ഓരോ കഥയും. മതങ്ങളുടെ ഇരകൾ എല്ലായ്പ്പോഴും സ്ത്രീകൾ തന്നെയാണ്. മതപരമായ ചടങ്ങുകളിൽ, ആരാധനയുടെ ഇടങ്ങളിൽ, അനുഷ്ഠാനങ്ങളിൽ, പലയിടങ്ങളിലും സ്ത്രീകൾക്ക് വിലക്കുകളുണ്ട്, നിബന്ധനകളും. പോകരുതെന്ന്! പ്രവേശനമില്ലെന്ന്! കടക്കരുതെന്ന്! ചട്ടങ്ങൾ പാലിക്കണമെന്ന്! വേലിയ്ക്കുള്ളിൽ നിൽക്കണമെന്ന്! സ്ത്രീകളോ, ഈ കടമ്പകൾ കടന്ന് ആ ആരാധനയുടെ ഇടങ്ങളിലേക്ക് വാശിയോടെ പ്രവേശിക്കാനുള്ള തത്രപ്പാടിലും. മതങ്ങളുടെ പ്രകടനാത്മകത സ്ത്രീകളെ ഒരുതരത്തിലും നവീകരിക്കാൻ പോകുന്നില്ലെന്ന് അവരിനി എന്നാണ് മനസ്സിലാക്കുക?!
മതങ്ങളുടെ ഇരകൾ എല്ലായ്പ്പോഴും സ്ത്രീകൾ തന്നെയാണ്. മതപരമായ ചടങ്ങുകളിൽ, ആരാധനയുടെ ഇടങ്ങളിൽ, അനുഷ്ഠാനങ്ങളിൽ, പലയിടങ്ങളിലും സ്ത്രീകൾക്ക് വിലക്കുകളുണ്ട്, നിബന്ധനകളും.
'ഹാർട്ട് ലാമ്പിലെ' സ്ത്രീകളേറെയും പഴയ കാലഘട്ടത്തിൽനിന്നാണ്. വിമോചനസ്വരങ്ങളുടെ സാധ്യതകൾ അറിയാത്ത സ്ത്രീകൾ, വിദ്യാഭ്യാസത്തിന്റെയും സമൂഹത്തിലെ നവസരണികളുടെയും ശക്തി തിരിച്ചറിഞ്ഞിട്ടില്ലാത്തവരുമായ സ്ത്രീകൾ. കഴിഞ്ഞ ഒന്നോ ഒന്നരയോ ദശാബ്ദത്തിനിടയ്ക്ക് സമൂഹത്തിൽ വന്ന മാറ്റങ്ങൾ കഥകളിൽ പ്രതിഫലിക്കുന്നില്ല എന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. ‘ദി അറബിക് ടീച്ചർ ആൻഡ് ഗോബി മഞ്ചൂരി’ എന്ന കഥയിലല്ലാതെ മറ്റൊന്നിലും ഒരു തൊഴിലിടത്തെ സ്ത്രീകഥാപാത്രമില്ല. ഗ്രാമങ്ങളിലും നാട്ടിൻപുറങ്ങളിലും സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ഗാർഹികപീഡനങ്ങളും മാനസിക സമ്മർദ്ദങ്ങളുമാണ് രചനയിൽ കൂടുതലായി കടന്നുവരുന്നത്. എന്നാൽ സ്ത്രീകളെ ഇന്നും പിന്നാക്കാവസ്ഥയിൽ തളച്ചിടുന്ന മറ്റനേകം പ്രശ്നങ്ങളിൽ ഒന്നുമാത്രമാണ് ദാമ്പത്യത്തിനുള്ളിലെ അരക്ഷിതാവസ്ഥകൾ എന്നിരിക്കെ 'ഹാർട്ട് ലാമ്പി'ന്റെ ചക്രവാളം ഒരു കേസ്-സ്റ്റഡി നിലവാരത്തിലേയ്ക്ക് ചുരുങ്ങിപ്പോകുന്നതായി തോന്നാം. സ്ത്രീകളെ സമൂഹത്തിൽ അടയാളപ്പെടുത്താനുള്ള വിദ്യാഭ്യാസം, ജോലി, ബൗദ്ധികത എന്നിവയെക്കുറിച്ചൊക്കെ പുസ്തകം മൗനമവലംബിക്കുകയാണ്. അതിനാൽ തന്നെ ആസ്വാദനം ആവർത്തനവിരസതയിൽ മുറിഞ്ഞുപോകുന്നുണ്ട്. ഓരോ കഥയിലെയും കഥാപാത്രങ്ങളുടെ ആധിക്യം വല്ലാത്തൊരു ആശയക്കുഴപ്പത്തിൽ വായനക്കാരനെ എത്തിക്കുന്നുമുണ്ട്. കഥകളും കഥാപാത്രങ്ങളും തമ്മിൽ കലർന്നുപോകുന്നത്ര ആവർത്തനങ്ങളാണ് അതിനു കാരണം. കാലികപ്രസക്തിയെപ്പറ്റി ചോദിച്ചാൽ പെട്ടെന്നൊരുത്തരം പറയാൻ സാധ്യമല്ല.

ഈ അവസ്ഥയിലാണ് സാഹിത്യത്തിന്റെ പ്രധാന ഉദ്ദേശമെന്തെന്ന് നമ്മൾ ചിന്തിച്ചുപോകുന്നത്. ഇസ്ലാമിക് സമൂഹങ്ങളിലെ സ്ത്രീപ്രശ്നങ്ങളിലേയ്ക്ക് നടത്തുന്ന വളരെ സൂക്ഷ്മമായ ഒരു ഇടപെടൽ എന്നനിലയിൽ 'ഹാർട്ട് ലാമ്പ്' ഒരു പ്രത്യേക അനുഭവമാണ്. ഇങ്ങനെയും ജീവിതങ്ങളോ എന്നന്തിച്ചുപോകാൻ ഉതകുന്ന സന്ദർഭങ്ങൾ ധാരാളം. എന്നാൽ ബുക്കർ അവാർഡിനർഹമായ മറ്റു പുസ്തകങ്ങളെ അപേക്ഷിച്ച് വായനക്കാരിൽ വലുതായൊന്നും ഒരാവേശവും ആനന്ദവും ഉണർത്താതെ ആ ‘വിളക്ക്’ അണഞ്ഞുപോവുകയാണ്. തർജ്ജമയ്ക്ക് ലഭിച്ച അവാർഡാണെങ്കിലും കന്നഡയിലുള്ള മൗലികരൂപം നമുക്ക് വായിക്കാനാവാത്തതിനാൽ തർജ്ജമയുടെ സവിശേഷതകൾ നമുക്ക് തിരിച്ചറിയാനും വയ്യ. ആയതിനാൽ ഇംഗ്ലീഷിലെഴുതിയ പുസ്തകമായിത്തന്നെ 'ഹാർട്ട് ലാമ്പി'നെ വായിക്കാം, വിലയിരുത്താം.
Also Read: ആത്മാംശമുള്ള 'Heart Lamp', ബാനു മുഷ്താഖിലൂടെ
ഇന്റർനാഷനൽ ബുക്കർ വീണ്ടും ഇന്ത്യയിലേക്ക്