ഡോ. എ.കെ. ജയശ്രീ

‘എഴുകോൺ’; കെട്ടുപൊട്ടിച്ചൊഴുകുന്ന പെൺജീവിതം

എഴുകോൺ എന്ന പുസ്തകം കാലാതീതമായ നിലനിൽപ്പ് അർഹിക്കുന്ന ഒരു ആത്മകഥയാവുന്നത്, ഒരു പെൺജീവിതത്തിന്റെ അസാധാരണത കൊണ്ടുമാത്രമല്ല. ചരിത്രവും ജീവിതവും ഇതുപോലെ ഒന്നിച്ച് അടയാളപ്പെടുന്ന ആത്മകഥകളേ കാലത്തെ മുന്നേറി നിലനിന്നിട്ടുള്ളൂ- റാറ്റ് ബുസ്ക് പ്രസിദ്ധീകരിച്ച ഡോ. എ.കെ. ജയശ്രീയുടെ ആത്മകഥ

രു സ്ത്രീ അവളുടെ ജീവിതം പറയുമ്പോൾ ‘എന്തിത്ര പറയാൻ’ എന്ന് കൗതുകപ്പെടുന്നവർ ഇന്നും ഏറെയാണ്. ഇനി, ‘എന്തൊക്കെയായിരിക്കും പറയുക’ എന്ന് കൊതിയോടെ കാത്തിരിക്കുന്നവരും ഏറെയുണ്ടാകും. എന്തായാലും പെൺജീവിതകഥ ഉൾക്കുളിരോടെ കാത്തിരുന്നു വായിച്ച് അഭിമാനം കൊണ്ടും ആരാധന കൊണ്ടും ഹൃദയത്തിലേറ്റുന്നവർ സ്ത്രീയായാലും പുരുഷനായാലും എണ്ണത്തിൽ കുറവുതന്നെയാവും, തീർച്ച.

ഡോ. എ.കെ. ജയശ്രീ എഴുതിയ ആത്മകഥയാണ് എഴുകോൺ. തൊഴിലിടം ആരോഗ്യരംഗം ആകയാൽതന്നെ അവർക്ക് വിഷയദാരിദ്ര്യം ഉണ്ടാവാൻ സാധ്യതയില്ല. അധ്യാപിക, അഭിഭാഷക, ശാസ്ത്രജ്ഞ, എൻജിനീയർ, പൈലറ്റ്, ഡോക്ടർ- ഇങ്ങനെ പെണ്ണ് ചെന്നിരിക്കാത്ത ഇടങ്ങൾ ഇന്ന് ഏതാണുള്ളത്. ഇവരൊക്കെയും ഒരു സാധാരണ സ്ത്രീജീവിതത്തിനപ്പുറം അനുഭവസുലഭതയുള്ളവരായിരിക്കും. അത് തീർച്ചയായും ഇതേ ഇടങ്ങളിൽ വ്യവഹരിക്കുന്ന ഒരു പുരുഷനിൽനിന്ന് അത്രയൊന്നും വ്യതിരിക്തവും ആയിരിക്കില്ല.

ചുരുക്കത്തിൽ സ്വന്തം ജീവിതം അവളവൾക്കും അന്യർക്കും അസാധാരണം എന്നു തോന്നുംവിധം ആകുമ്പോഴേ അതൊരു കഥയായി രൂപാന്തരപ്പെടുത്തുന്നതിൽ ശ്രേഷ്ഠതയുള്ളൂ. 51 അധ്യായങ്ങളിൽ കനപ്പെട്ടു കിടക്കുന്ന എഴുകോൺ ഒരു പെൺകുട്ടി ഉണ്ടാവുകയും ഉരുവപ്പെടുകയും (രണ്ടും രണ്ടാണ്) ചെയ്യുന്ന പടിപടിയായ പെൺവളർച്ചയുടെ പറഞ്ഞുപോക്കല്ല. എ.കെ. ജയശ്രീ ഇന്നും സമൂഹത്തിലും വ്യക്തിത്വത്തിലും ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കുന്ന സ്ത്രീയാണ്.

എ.കെ. ജയശ്രീ

നാം ഉരുവപ്പെടുക ഒറ്റയ്ക്കല്ല. ചുറ്റുപാടുള്ളവർ അവരുടെ ശക്തമായ സാന്നിധ്യം നമ്മിൽ അറിയിക്കും. കേരള സമൂഹത്തിന് എന്നല്ല ഇന്ത്യൻ സമൂഹത്തിൽ തന്നെ ഒരുപക്ഷേ കാണാനിടയില്ലാത്ത ഒരു കൂടുമെനയലും കൂടൊഴിയലും നടത്തിയ മൂന്നുപേരിൽ ഒരാളാണ് ജയശ്രീ. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ മൈത്രേയനും കനി കുസൃതിയും ആണ് .

‘നിങ്ങൾക്ക് ഞാനാവുക എളുപ്പമല്ല’ എന്ന് ഉറപ്പിച്ചു പറയുകയും ‘ഞാൻ ഇങ്ങനെയാണ്’ എന്ന് ജീവിതത്തിലൂടെ കാട്ടിത്തരികയും ചെയ്ത മൈത്രേയനാണ് ജയശ്രീയുടെ കൂട്ടുകാരൻ. കുടുംബം എന്ന ഇന്ത്യൻ ഇമേജറിയെ റദ്ദു ചെയ്തവരാണ് ഇവർ.

മൈത്രയേനെപ്പോലെ ഒരൊറ്റയാളെ ഉള്ളൂ, അത് മൈത്രേയൻ തന്നെയാണ്. അദ്ദേഹത്തിന്റെ പറച്ചിലുകളിൽ പുകയാറുള്ള മലയാളി എഴുകോണിനെ കാത്തിരുന്നിരിക്കുക, വായിച്ചിരിക്കുക പല ആംഗിളുകളിൽ കൂടിയാവണം. എന്നാൽ എ.കെ. ജയശ്രീ ഏതെങ്കിലും ഒരു അഭിമുഖത്തിൽ പറഞ്ഞ ഒന്നോ രണ്ടോ വാചകങ്ങളുടെ വിപുലീകരണമല്ല, എഴുകോൺ. ഏറ്റവും സന്ദേഹത്തോടെ, ഒട്ടും അതിശയോക്തി കലർത്താതെ ഓർമകളെ ഇഷ്ടമുള്ള പോലെ തുറന്നുവിടുകയാണ് ജയശ്രീ ചെയ്തിരിക്കുന്നത്.

അവർ പറയുന്നതുപോലെ പ്രത്യേകിച്ച് ഒരു ചിട്ട ഇതിലെ അധ്യായങ്ങൾക്കില്ല. അതിന് ഒരൊറ്റ കാരണമേയുള്ളു. ഓർമ്മകൾ ചിട്ടയോടെ ഇറങ്ങിവരിക പതിവല്ല. ഏതൊരു സാധാരണ പെൺകുട്ടിയെയും പോലെ പാട്ടും തീവണ്ടിയും പുസ്തകങ്ങളും പിന്നെ ശ്രീകൃഷ്ണനും യാത്രയും ഒക്കെ കൗതുകപ്പെടുത്തിയ പെൺകുട്ടിക്കാലത്തിലൂടെ തന്നെയാണ് ജയശ്രീ എഴുകോൺ തുടങ്ങുന്നത്. ഒരു ആൺകുട്ടിയും പെൺകുട്ടിയും വളർച്ചയുടെ വഴിയിൽ കടന്നുപോകുന്ന പലതും അറിവുകളെക്കാൾ മറവികളായി മാറുകയാണ് പതിവ്. ജയശ്രീയുടെ പെൺബാല്യം വായിക്കുന്ന ഒരു സ്ത്രീക്ക് താഴത്തുവീണുടയുമ്പോൾ പരക്കുന്ന മഷിക്കുപ്പിപോലെ പലതും ബോധത്തിൽ കറുപ്പായി പരക്കും. വെളുത്ത നിറമില്ലായ്മ, അധ്യാപകന്റെ തൊട്ടുനോട്ടം, ആൺകുട്ടികളോടുള്ള അകൽച്ച ഒക്കെയും അത്തരത്തിൽ ചിലതാണ്.

മൈത്രേയന്‍, എ.കെ. ജയശ്രീ, കനി കുസൃതി

എന്തിനുമേതിനും സ്വന്തം ഇഷ്ടങ്ങളിലേക്ക് പടർന്നു കയറുന്ന മുതിർന്നവരുടെ ഇടപെടൽ ബാല്യ- കൗമാരങ്ങളിൽ പടരുന്ന മുൾവള്ളിയാവുന്നത് ചിന്താശക്തിയുള്ള വ്യക്തികൾ പിന്നീട് പറഞ്ഞിട്ടുണ്ട്. വളരുന്ന ഒരു പെൺകുട്ടിക്ക് അവൾ പഠിക്കുന്ന വിഷയങ്ങളെക്കാൾ ദുരൂഹത രണ്ടു കാര്യങ്ങളിലാണെന്ന് ജയശ്രീ പറഞ്ഞുവെക്കുന്നു. ഒന്ന്, സ്വന്തം ദേഹത്തിന്റെ വളർച്ച. മറ്റൊന്ന്, എതിർലിംഗത്തെക്കുറിച്ചുള്ള അജ്ഞത. വളർച്ചയുടെ ആദ്യഘട്ടത്തിൽ വായനക്കാരെ അമ്പരപ്പിക്കുന്ന നിഗൂഢതകൾ ഒന്നും ജയശ്രീയുടെ ജീവിതം നൽകുന്നില്ല. പക്ഷേ ഓരോ കൊച്ചു ചിന്തയും അത്രമേൽ സത്യസന്ധമായി പറയുകയാൽ തുടക്കത്തിൽ വായനയിൽ പിടുത്തമിടുന്ന കൗതുകം ഒടുക്കം വരെ തുടരുന്നുണ്ട്.

വിദ്യാഭ്യാസത്തെക്കുറിച്ച് ജീവിതം നയിക്കാനുള്ള ഉപാധി എന്ന ഒട്ടുമിക്കവരുടെയും തോന്നലിനെ തിരിച്ചറിവിലേക്കുള്ള വെളിച്ചം എന്ന മട്ടിൽ ജയശ്രീ വിലയിരുത്തുമ്പോൾ ഇന്നും തുടരുന്ന നമ്മുടെ ഒട്ടും കൃത്യമല്ലാത്ത വിദ്യാഭ്യാസപദ്ധതി പരിശോധിക്കേണ്ടതുണ്ട് എന്ന് എഴുകോൺ ഉറക്കെപ്പറയുന്നു. ഉടലും പെരുമാറ്റവും ഒരു പെണ്ണിന്റെ വളർച്ചയിൽ ഉണ്ടാക്കുന്ന അങ്കലാപ്പിൽ ഒട്ടും തന്റേടമില്ലാത്ത അബലകളായി സമൂഹത്തിൽ ഇന്നും ജീവിക്കുന്ന പെണ്ണുങ്ങൾ ഇത്തിരി അല്ലെന്ന് എഴുകോൺ പറഞ്ഞുതരുന്നു.

കൗമാരം കൈവിടുന്ന കാലത്തുതന്നെ ആത്മീയത ജയശ്രീയെ ആകർഷിക്കുന്നുണ്ട്. നടരാജഗുരുവും നിത്യചൈതന്യയതിയും ആത്മ /ജീവിതത്തിൽ തിളക്കമുള്ള അധ്യായങ്ങളാണ്. ജയശ്രീയുടെ കോളേജ് പഠനകാലം അന്നോളം പ്യൂപ്പാവസ്ഥയിലായിരുന്ന പല വിചാരങ്ങളിൽ നിന്നുമുള്ള പറന്നുയരലാണ്. ഒന്നിനെയും എഴുകോൺ കടുത്ത ഭാഷയിൽ നിഷേധിക്കുന്നില്ല. സ്വന്തം ജീവിതം പഠിപ്പിച്ച, പഠിക്കാൻ ആഗ്രഹിച്ച പലതിനെയും പകർത്തി വെച്ചിരിക്കുകയാണ് ജയശ്രീ. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ പരമമായ ലക്ഷ്യം ആത്മവിശ്വാസം ഉണ്ടാക്കുക എന്നാണെന്ന് അവർ പറഞ്ഞു. ആഗ്രഹത്തിനനുസരിച്ചുള്ള തൊഴിൽ ജയശ്രീക്ക് വ്യക്തിത്വം കൂടുതൽ കരുത്തുള്ളതാക്കാനുതകിയെന്ന് കോളേജ് കാലം തൊട്ടുള്ള അധ്യായങ്ങൾ വായിക്കുമ്പോൾ വെളിപ്പെടുന്നു.

പഠനകാലം സിലബസിൽ ഒതുക്കാതെ, തന്നെയും ചുറ്റുപാടിനെയും ഒക്കെ അറിയാനുള്ള കാലമാക്കി മാറ്റിയെടുത്തിട്ടുണ്ട് ആത്മകഥാകാരി. മറ്റുള്ള പെൺകുട്ടികളിൽ സെറ്റിലായിക്കഴിഞ്ഞാൽ ഉണ്ടാകുന്ന ഉപജീവനചിന്തയായ വിവാഹം ജയശ്രീക്ക് ഉണ്ടാവുന്നില്ല. മറിച്ച്, സ്വാശ്രയബോധവും ആത്മനവീകരണവും ജയശ്രീയുടെ മനസ്സിൽ ഉരുത്തിരിയുന്നു.

നിത്യചൈതന്യയതി

ഇടപെടുന്ന അല്ലെങ്കിൽ കടന്നുപോകുന്ന ഓരോ കാലവും നേടുന്ന അറിവ് വായിക്കുന്നവരെ സമൂഹത്തിന്റെ ഒരു അടരായി കണ്ടുകൊണ്ട് ജയശ്രീ പങ്കുവെക്കുന്നുണ്ട്. ശവശരീരം പഠന വിഷയമാവുന്നത് അതിനൊരു ഉദാഹരണമാണ്. മെഡിക്കൽ രംഗത്ത് ചികിത്സകരും രോഗികളും തമ്മിലുണ്ടാവേണ്ട പാരസ്പര്യം സിലിബസ്സിനപ്പുറത്തു നിൽക്കുന്ന മറ്റൊരു വിഷയമാണെന്ന് വിശദമാക്കുന്നു, എഴുകോൺ.

ജയശ്രീ ഗുരു നിത്യചൈതന്യയതിയിലൂടെയാണ് മൈത്രേയനിൽ എത്തുന്നത്. പൊതുവേ ജീവിതത്തെ ഗൗരവത്തോടെ തന്നെ കണ്ടിരുന്ന ഒരു പെൺകുട്ടി വിവാഹം എന്ന തനത് സമ്പ്രദായത്തിൽനിന്ന്, ഗുരുവിനോടുള്ള ധർമ്മസങ്കടകരമായ പ്രതിഷേധത്തിൽ നിന്ന് ഒക്കെയാണ് മൈത്രയേനെന്ന വ്യത്യസ്തതകൾ മാത്രമുള്ള വ്യക്തിയിലേക്ക് എത്തുന്നത് . ആ ബന്ധം അഥവാ സൗഹൃദം വളരുമ്പോൾ തനിക്ക് എത്തിപ്പെടാവുന്നതല്ല എന്ന കാഴ്ചപ്പാടിൽ മൈത്രേയൻ എന്ന ബോധ്യം ജയശ്രീക്ക് ഉണ്ടാവുന്നുണ്ട്. എഴുകോണിൽ പലയിടത്തും ഇത് വായിച്ചെടുക്കാം.

മറ്റൊരാർത്ഥത്തിൽ പറഞ്ഞാൽ അന്നോളം ഉണ്ടായിരുന്ന ജയശ്രീയുടെ ആത്മം അതിനേക്കാൾ ഒക്കെ അപ്പുറത്തേക്കുള്ള ഒരു മാറ്റിപ്പണിയലിലേക്ക് നീങ്ങുന്നു. ഇന്ന് മലയാളിക്ക് അറിയുന്ന അതേ മൈത്രേയൻ തന്നെയായിരുന്നു ജയശ്രീക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുന്ന കാലത്തും. രണ്ടുപേർ സമൂഹവും ബന്ധുക്കളും ഒക്കെ പരോക്ഷമായി മാത്രം കൂടെ നിന്ന് വിവാഹം കഴിക്കാതെ തുടങ്ങിയ ഒത്തുജീവിതത്തിലെ യഥാർത്ഥ മുഖം തർക്കങ്ങളുടേതാണെന്ന തിരിച്ചറിവാണ് എന്ന് ജയശ്രീ പറയുന്നു. വൈകാരികമായി ഒരാൾ മറ്റൊരാളിൽ പൂർണ്ണമായി ആശ്രിതപ്പെടുമ്പോഴും അതിന്റെ സുഖം അനുഭവിക്കുമ്പോഴും അതേ മാത്രതന്നെ അതിൽനിന്ന് പുറത്തു കടക്കാൻ തീവ്രമായ ശ്രമം നടത്തുകയും ചെയ്യും.

തുടക്കം തൊട്ടുതന്നെ സ്വന്തം ആദർശം അഥവാ കാഴ്ചപ്പാട് വ്യക്തമാക്കി കൊണ്ടുതന്നെയാണ് ജയശ്രീയുമായുള്ള കൂട്ടു ജീവിതം മൈത്രേയൻ തുടങ്ങുന്നത്. അതിനോട് ഒരു സമൂഹവിപ്ലവം നയിക്കുന്ന രണ്ടുപേരിൽ ഒരാൾ എന്നനിലയിൽ ജയശ്രീ പൊരുത്തപ്പെടുമ്പോഴും അപൂർവ്വം ചിലയിടത്ത് സ്വന്തം മനസ്സിന്റെ തീവ്രസങ്കടങ്ങൾ അവരെ ഞെരുക്കുന്നുണ്ട് .പ്രസവം ഒരു പാഷനായി മാറാനുള്ള കാരണവും അതിനോടുള്ള ആശയും അത് സാധിച്ചെടുക്കുന്ന അവസ്ഥയും ഒക്കെ എഴുകോൺ സത്യസന്ധമായി പറയുന്നു.

പ്രണയത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപാടുണ്ട് ജയശ്രീക്ക്. പ്രണയം എന്നത് എന്താണെന്ന് പറഞ്ഞു തരുന്ന ഒരുപാട് ചിന്തകൾ എഴുകോണിൽ നിന്ന് മുങ്ങിത്തപ്പിയെടുക്കാം. എവിടെയും ഒന്നിനെക്കുറിച്ചും സ്വയം ആവലാതിപ്പെടുകയല്ലാതെ ജയശ്രീ മൈത്രേയനെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ എഴുകോൺ എന്ന ആത്മകഥാഖ്യാനം പാതിയിലെത്തവേ ജയശ്രീ എന്ന ജന്മം സ്വന്തം മനസ്സിനെ, ജീവിതത്തെ, പ്രവർത്തനമേഖലയെ സ്വയം വെട്ടിയ ഒരു വഴിയിലേക്ക് തുറന്നുവിടുന്നുണ്ട് .നിരന്തരം കരഞ്ഞും മൈത്രേയന്റെ തുറന്ന മനസ്സ് കണ്ടുണ്ടായ അസ്വസ്ഥതയിൽ വെന്തുരുകിയും ജയശ്രീ തന്റെ ആകാശത്ത് ഉദിപ്പിച്ചെടുക്കുന്ന ഒരു ബോധനിലാവുണ്ട്. അതാണ് എഴുകോണിന്റെ രണ്ടാം ഭാഗം.

മാതൃത്വം ഒരു ഉത്തരവാദിത്വം എന്നതിനപ്പുറം ഒരു മഹനീയ സ്ഥാനമായി ജയശ്രീ കണ്ടിട്ടില്ല. പ്രസവിക്കാനും കുഞ്ഞിനും മുലയൂട്ടലിനും ഒക്കെയായി ഒരു പക്ഷേ വാശിപിടിച്ച ജയശ്രീയിൽ നിന്നും നാം പ്രതീക്ഷിക്കാത്ത മാതൃത്വവിശദീകരണങ്ങളാണ് പിന്നീട് എഴുകോൺ തരിക. പക്ഷേ അവയൊക്കെയും നിത്യസത്യങ്ങളാണ്. ഒരു കുഞ്ഞിന്റെ വളർച്ചയിൽ അച്ഛനമ്മമാർക്കൊപ്പം പങ്കുള്ളവരുടെ പട്ടികയിൽ സർക്കാർവരെ ഉൾപ്പെടുമെന്ന് മൈത്രേയൻ പറയാറുള്ളത് ജയശ്രീയും എഴുകോണിലൂടെ ആവർത്തിക്കുന്നു. കുഞ്ഞിന്റെ വളർച്ച, പരിപാലനം എന്നിവയിൽ നാം കണ്ടെടുക്കുന്ന ശീലങ്ങൾക്കപ്പുറം അതിമനോഹരമായ വിവരണങ്ങൾ എഴുകോണിലുണ്ട്. മാത്രമല്ല, ഇത്തരം കാര്യങ്ങളിൽ പുലർത്തുന്ന കാലാന്തരങ്ങൾ പഴക്കമുള്ള കാഴ്ചപ്പാടുകളെ പൊളിച്ചെഴുതുന്നു ജയശ്രീ. അമ്മയാകുന്നതോടെ സ്വന്തം അഡ്രസ്സ് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന ഗതികേടിൽ നിന്നാണ് ജയശ്രീയുടെ സ്വാതന്ത്ര്യ ചിന്തയും ശരികളും ഉയിർകൊള്ളുന്നത്. ഒരു സ്ത്രീക്ക് ഭർത്താവ് എന്ന ഉടയോനില്ലാതെ ഇഷ്ടമുള്ള ഒരാളുടെ കൂടെ ജീവിക്കാനും ഇഷ്ടമുള്ള ആളിൽ നിന്നും ഗർഭം ധരിക്കാനും പ്രസവിക്കാനും ഒക്കെയുള്ള അന്വേഷണമാണ് ഫെമിനിസം എന്ന വഴിയിലേക്ക് ജയശ്രീയെ സ്വയം നടത്തുന്നത്. സ്വന്തം ഇടം സ്വയം കണ്ടെത്തേണ്ടതുണ്ടെന്ന് തിരിച്ചറിവ് "പ്രചോദന" എന്ന സംഘത്തിന്റെ രൂപീകരണത്തിൽ തുടങ്ങുന്നു. അന്നത്തെ പ്രസിദ്ധരായ ഒട്ടനവധി സ്ത്രീകൾ- സുഗതകുമാരി, സുശീലഗോപാലൻ, ഭാർഗവി തങ്കപ്പൻ- തുടങ്ങിയവരൊക്കെയും പ്രചോദനയ്ക്ക് പ്രചോദനമാകുന്നു. സാമൂഹിക ജീവിതത്തിൽ അവളവൾക്ക് വിലയിടുന്നതിൽ ജയശ്രീയുടെ ഒന്നാം ചുവടാണ് പ്രചോദന.

കെ. അജിത, സാറാ ജോസഫ് തുടങ്ങിയവരുമായും അന്വേഷി, മാനുഷി എന്നീ സംഘടനകളുമായുമൊക്കെയുള്ള ഒത്തുപോക്ക് ജയശ്രീയെയും പ്രചോദനയെയും വളർത്തി. മൈത്രേയൻ പൂർണപിന്തുണയോടെ ജയശ്രീക്ക് ഒപ്പമുണ്ട്. ഒരു പക്ഷേ മൈത്രേയൻ ആഗ്രഹിച്ച ഒരു ജയശ്രീ ആവണം എഴുകോണിൻ്റെ ഈ ഭാഗത്തുള്ളത്. എല്ലാ സ്ത്രീപ്രശ്നങ്ങളിലും അവർ ഇടപെട്ടു. എല്ലാ സംഘടനകളും പോലെ പിന്നീട് പ്രചോദനയും മെല്ലെ മെല്ലെ ഇല്ലാതായി.

പ്രൊഫഷണിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം ജയശ്രീ എന്ന ഫെമിനിസ്റ്റ് പിന്നീട് തിരിയുന്നത് ലൈംഗിക തൊഴിലാളികളുടെ ജീവിതത്തിന്റെ നടുവിലേക്കാണ്. അതിലേക്കുള്ള ഊടുവഴിയായി ആദ്യം പൊതുപ്രവർത്തനത്തിൽ അവരിടപ്പെടുന്നത് ശാസ്ത്ര സാഹിത്യ പരിഷത്തിലാണ്. തെരുവുകളിൽ പ്രസംഗിച്ചും റെയിൽവേ സ്റ്റേഷനുകളിൽ അന്തിയുറങ്ങിയും കലാജാഥകളിൽ പങ്കെടുത്തും സ്വാതന്ത്ര്യം എന്ന അവസ്ഥയിലേക്ക് കയറിപ്പോകുന്ന ജയശ്രീയെ എഴുകോൺ ഈ അധ്യായങ്ങളിൽ കാണിച്ചുതരും. ഒപ്പം ആതുര സേവനരംഗത്ത് തനതായ പങ്ക് വഹിക്കുകയും ചെയ്യുന്നു. ശ്രീചിത്രയിലെയും മറ്റും അനുഭവങ്ങൾ, തുടർന്ന് മുളങ്കുന്നത്തുകാവിലെ മെഡിക്കൽ ഓഫീസർകാലം ഒക്കെയായി സജീവമായ ഇടപെടൽ.

ലൈംഗിക തൊഴിലാളികളുടെ ജീവിതം ഇന്നും സമൂഹത്തിൽ പലർക്കും അന്യമാണ് അഥവാ അറപ്പാണ്. ഡോ. സി. ആർ. സോമന്റെ പരിശീലനക്കളരിയിൽ ജയശ്രീ തെരഞ്ഞെടുത്ത വിഷയം ലൈംഗികതയാണ്. പിന്നീട് ഇത് ഒരു വിഷയം എന്നതിലുപരി ഒരു ജ്ഞാനതൃഷ്ണയായി ജീവിതമാകെ പടർത്തുന്നുണ്ട് ജയശ്രീ. ഫെമിനിസത്തിന്റെ തുറസ്സുകളിൽ ലൈംഗികതയും ലൈംഗിക തൊഴിലാളി പ്രശ്നങ്ങളും ഉൾപ്പെടുത്താൻ ആദ്യം ശ്രമിക്കുന്നത് ജയശ്രീയാണ്. അന്വേഷി, സഖി, സഹജ, കേരള സ്ത്രീവേദി തുടങ്ങിയ സംഘടനകൾ അതിന് പിന്തുണയായി.

പെണ്ണവയവം മലയാളിയുടെ കോപാവേശങ്ങളിൽ തെറിയായി പരിണമിക്കുന്നതിനെതിരെ സ്ത്രീജനനേന്ദ്രിയത്തെ "ഉണ്ണിപ്പൂ" എന്ന് പേരിടുന്ന ആദ്യത്തെ ചർച്ചകളിലൂടെ പിന്നീട് നടക്കുന്ന സമരമുഖം ജയശ്രീയെ ജയിലിൽ വരെ കൊണ്ടെത്തിക്കുന്നുണ്ട്. ലൈംഗിക തൊഴിലാളികൾക്കൊപ്പം അവർക്ക് ഇടമൊരുക്കിയും ഉപതൊഴിലുകൾ കണ്ടെത്തികൊടുത്തും അവരുടെ കുഞ്ഞുങ്ങളെ കാക്കേണ്ടുന്നതിനെപ്പറ്റി എല്ലാവരെയും ബോധ്യപ്പെടുത്തിയും അവരെ ചൂഷണം ചെയ്യുന്നതിനെതിരെ ഒച്ചയിട്ടും സമൂഹത്തിൽ ഏറ്റവും അവമതി നേരിടുന്ന ഒരു കൂട്ടക്കാരുടെ രക്ഷക തന്നെയാവുന്നുണ്ട് പിന്നീട് ജയശ്രീ. ഒരുപക്ഷേ കേരളം കണ്ട മറ്റേത് ഫെമിനിസ്റ്റുകളെക്കാളും മുൻപേ അവർ സഞ്ചരിക്കുന്നു. ലൈംഗികത്തൊഴിലാളികൾക്ക് സ്വയം പറയാനുള്ള വേദികൾ ഒരുക്കി കൊടുത്തുകൊണ്ട്, പാപം ചെയ്യാത്തവരും കല്ലെറിയരുത് എന്ന അധ്യായം സമൂഹത്തിന് നൽകുന്ന ശക്തമായ താക്കീതായി മാറുന്നുണ്ട് എഴുകോണിൽ.

ഇതൊന്നും നടത്തിയെടുത്തത് സുഗമമായ വഴികളിലൂടെ ആയിരുന്നില്ല. സൂര്യനെല്ലി പോലുള്ള സംഭവങ്ങളിൽ ഉണ്ടായത് എന്തെന്ന് തുറന്നുപറയുന്നു എഴുകോൺ. നീതിക്കുവേണ്ടി നിസ്വാർത്ഥം പോരാടുന്നത് സ്ത്രീയാവുമ്പോൾ അതിന് തുടർച്ചയും തീർപ്പും കിട്ടുക എളുപ്പമല്ലെന്ന് ഉദാഹരണ സഹിതം ജയശ്രീ പറഞ്ഞുതരുന്നുണ്ട്. കേരളത്തിൽ നിന്നും തുടരെ പടരുന്ന പ്രവർത്തനങ്ങൾ ഇന്ത്യയെമ്പാടും വീശിപ്പിടിച്ചതിന്റെ ഫലമാണ് "നാരീസക്ഷം".

അകമേയുള്ള അഗ്നി ഒരു ആതുര സേവിക എന്ന ബോധത്തോടെ ഉടനീളം കത്തിപ്പിടിച്ചപ്പോൾ ഉണ്ടായ ഉല്പന്നമാണ് എഴുകോൺ. എയ്ഡ്സ് ബോധവൽക്കരണം ആരോഗ്യത്തെ പറ്റിയുള്ള ക്ലാസെടുക്കൽ എന്നതിനപ്പുറം ആ രോഗം ആക്രമിച്ചു കീഴ്പ്പെടുത്തിയവർക്കൊപ്പമുള്ള പിന്തുണ കൂടിയായി ജയശ്രീ സ്വയം പണിതെടുക്കുന്നു. ഏറ്റവും ഹൃദയസ്പർശിയായി എഴുകോൺ അത് എഴുതിയിടുന്നു. എഴുകോൺ ഒരു ഡോക്ടറുടെ അനുഭവകഥയാണ്. ഒരു സ്ത്രീയുടെ പിടിച്ചുനിൽപ്പിന്റെ കഥയാണ്. വൈകാരികമായി ജന്മബോധത്തിൽ സ്നേഹം തീണ്ടിയ ഒരുവൾ, സങ്കടങ്ങളെ തലയിണയാക്കി വെച്ച് കരഞ്ഞുതീർക്കാതെ, അമർത്തിത്തുടച്ച് മിഴിനീരിനെ അകത്തേക്ക് പായിച്ച് ഒരു പെൺജീവിതത്തിന് ചെയ്യാൻ പറ്റുന്നതിനപ്പുറം ചെയ്തുതീർത്തവൾ. ഇന്നും ആ തീച്ചൂട് ഹൃദയത്തിൽ കെടാതെ കാക്കുന്നവൾ. വേദനവിങ്ങുമ്പോൾ മാധവിക്കുട്ടിയെ പോയി കണ്ടിരുന്ന ജയശ്രീ അക്ഷരങ്ങളിൽ അവളവളെ ഒതുക്കാതെ അന്തമില്ലാത്ത സമരങ്ങളിലേക്ക് തന്നെ തുറന്നുവിട്ടവളാണ്. എഴുകോൺ എന്ന പുസ്തകം കാലാതീതമായ നിലനിൽപ്പ് അർഹിക്കുന്ന ഒരു ആത്മകഥയാവുന്നത്, ഒരു പെൺജീവിതത്തിന്റെ അസാധാരണത കൊണ്ടുമാത്രമല്ല. ചരിത്രവും ജീവിതവും ഇതുപോലെ ഒന്നിച്ച് അടയാളപ്പെടുന്ന ആത്മകഥകളേ കാലത്തെ മുന്നേറി നിലനിന്നിട്ടുള്ളൂ.

ലോകം കണ്ട ഏറ്റവും വലിയ പാന്റമിക്കുകളിൽ ഒന്നായ കോവിഡ്, അത് തന്ന സംഘർഷം, അത് ബാധിച്ച ജനമനസ്സുകൾ, ആരോഗ്യരംഗത്തെ സങ്കീർണമായ പിടിച്ചുനിൽക്കലുകൾ ഒക്കെയും എഴുകോണിലുണ്ട് . മനുഷ്യൻ ഭിന്ന ലിംഗങ്ങളായി പിരിയവേ ജന്മത്തിലുടനീളം തീണ്ടുന്ന ഏതൊരു വിഷയവും കയ്യാളുന്നതിൽ വ്യത്യസ്തപ്പെടുമ്പോഴാണ് അവരിലെ ഓ​രോ മനുഷ്യനും അടയാളപ്പെടുന്നത്. അതിനാൽ എഴുകോൺ ശ്രമപ്പെട്ടതും ഏകാഗ്രവുമായ വായന അർഹിക്കുന്നു. കാരണം ഈ പുസ്തകം ഇവിടെ അടയാളപ്പെടുവാനുള്ളതാണ്.

READ | ‘എഴുകോൺ’ വായിക്കുമ്പോൾ, എ.കെ. ജയശ്രീയെ വായിക്കുമ്പോൾ സ്ത്രീയെ കൂടുതൽ അറിയുന്നു, അനുഭവിക്കുന്നു

Comments