ഫ്രഡറിക് നീച്ചേ / Photo: Wikimedia Commons

നീച്ചേയുടെ ആര്യൻ അതിമനുഷ്യൻ

ആര്യന്മാരുമായി ബന്ധപ്പെട്ട മിത്തുകൾ സ്വത്വബോധത്തെ അപനിർമിക്കുന്നതിലും പുതിയ സാമൂഹിക രീതികൾ നിർമിക്കുന്നതിലും വലിയ തോതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്​. ആര്യൻമിത്ത്​ എങ്ങനെ ആധുനിക കാലഘട്ടം വരെ ഇന്ത്യക്കും യൂറോപ്പിനുമിടയിൽ പരസ്​പരം പങ്കുവെക്കപ്പെടുന്നു എന്ന്​ അന്വേഷിക്കുന്ന ഡോറൊത്തി എം. ഫിഗേറയുടെ ‘ആര്യൻസ്​, ജൂസ്​, ബ്രാഹ്​മിൻസ്​: തിയറൈസിങ്​ അ​തോറിറ്റി ത്രൂ മിത്ത്​സ്​ ഓഫ്​ ഐഡൻറിറ്റി’ എന്ന പുസ്​തകത്തിലെ ഒരു അധ്യായം.

പ്രകൃതിക്കുമേലുള്ള മേധാവിത്തം എന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഒഴിയാബാധയായ ആശയം ബ്രാഹ്മണിസമാണ്, ഇൻഡോ ജർമനാണ്- ഫ്രഡറിക് നീച്ചേ (Friedrich Nietzsche), ‘മരണശേഷമുള്ള കുറിപ്പുകൾ’

പ്രാരംഭം

നീച്ചേ ഇന്ത്യൻ ചിന്തയെ പുനർനിർമിച്ചതിനെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഇന്ത്യൻ പ്രമേയങ്ങൾ സ്വാംശീകരിച്ചതിന് ഇൻഡോളജിസ്റ്റുകളും മതചരിത്രകാരൻമാരും വലിയ പ്രാധാന്യം കൽപിക്കുകയും ചെയ്തിട്ടുണ്ട്. ആ തത്വചിന്തകന്റെ ഇന്ത്യൻ ആവാഹനം വൈവിധ്യമാർന്നതും കൊതിപ്പിക്കുന്നതുമാണ്. പദാവലികളും ആശയങ്ങളും സ്വീകരിച്ചതുമുതൽ സംസ്‌കൃത സ്രോതസുകൾ ഉദ്ധരിക്കുന്നതുവരെ നീളുന്നു നീച്ചേയുടെ ഇന്ത്യൻ പുനരവതരണങ്ങൾ. എന്നാൽ അടുത്തിടെ ഒരു വിമർശകൻ ഇന്ത്യൻ ചിന്ത നീച്ചേയിൽ വലിയ പങ്കൊന്നും വഹിച്ചിട്ടില്ലെന്ന് പറഞ്ഞു. നീച്ചേയുടെ ഇന്ത്യൻ പരാമർശങ്ങൾ പിൽക്കാലത്തുണ്ടായതും വലിയ പ്രാധാന്യമില്ലാത്തതുമാണെന്ന് അദ്ദേഹം വിലയിരുത്തി. നീച്ചേയുടെ ഇന്ത്യൻ പുനരവതരണം അവിശ്വസിനീയമാണെന്ന് പറഞ്ഞുകൊണ്ട് ആ വിമർശകൻ ഷോപൻഹവർ ചെയ്തതുപോലെ അദ്ദേഹം കാര്യങ്ങളെ നിസ്സാരമാക്കുകയാണുണ്ടായത് എന്ന് ആരോപിച്ചു. ഈ വിമർശനം കുറെ കടന്നുപോയില്ലേ എന്ന് എന്റെ മനസ്സ് പറയുന്നു. നിച്ചയുടെ കൃതികളിലുള്ള ഇന്ത്യൻ സ്വാധീനം അങ്ങിനെ എളുപ്പത്തിൽ പിടികിട്ടുന്ന കാര്യമല്ലെങ്കിൽ കൂടി വിമർശകൻ ഉദ്ദേശിക്കുന്നപോലെ ചരിത്രത്തിനപ്പുറത്തെ കണ്ണുവെച്ചല്ല ജർമൻ തത്വചിന്തകൻ ഇന്ത്യയെ കണ്ടിട്ടുള്ളത്. നീച്ചേയുടെ അവസാനത്തെ കൃതിയിൽ ഇന്ത്യ പ്രസക്തമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് തീർച്ചയാണ്.

ഇന്ത്യയെ നീച്ചേ സ്വീകരിച്ചതിനെക്കുറിച്ചുള്ള ചർച്ചകൾ അദ്ദേഹത്തിന്റെ ‘സദാചാരങ്ങളുടെ വംശാവലി' എന്ന പുസ്തകത്തിൽ നിന്ന് തുടങ്ങണം. ആര്യനെക്കുറിച്ചുള്ള മിത്തുകൾ അദ്ദേഹം വികസിപ്പിക്കുന്നത് ആ പുസ്തകത്തിലാണ്. വംശാവലിയിൽ ഇത് ചർച്ച ചെയ്യുന്ന ഭാഗത്തിന്റെ ആദ്യത്തിൽ ആര്യൻ എന്ന പദത്തിന്റെ സാമ്പ്രദായിക അർത്ഥങ്ങളായ ആദരണീയൻ, കുലീനൻ എന്നതിനപ്പുറം സമ്പന്നൻ എന്നോ, ഉടമസ്ഥൻ എന്നോ ആണെന്ന് നീച്ചേ അവകാശപ്പെടുന്നു. പദത്തിന്റെ ഈ ഗോപ്യാർത്ഥം ആര്യൻമാരുടെ ശരിയായ പ്രകൃതം യജമാനൻ (തമ്പുരാൻ) ആണെന്ന് സൂചിപ്പിക്കുന്നു. എന്നാൽ ആര്യൻമാരുടെ പിൻമുറക്കാർ ന്യായമായ തെളിവെന്തെങ്കിലും അവശേഷിപ്പിക്കുന്നുണ്ടെങ്കിൽ തങ്ങളുടെ പൂർവ്വികർക്ക് ശാരീരികവും മാനസികവുമായ വൻ പരാജയം സംഭവിച്ചിട്ടുണ്ടെന്നുള്ളതാണ് അത്. ദിഗ്വിജയിയായ, വെളുത്ത് തുടുത്ത ആര്യൻ തമ്പുരാൻ കറുത്ത തൊലിനിറമുള്ള സാധാരണമനുഷ്യനാൽ പരാജയപ്പെടുത്തപ്പെട്ടു. ആര്യൻമാർ ഒരുകാലത്ത് കീഴ്‌പ്പെടുത്തിയ വംശങ്ങൾ- ഉദാഹരണത്തിന് ഇറ്റാലിയൻ മണ്ണിന്റെ മക്കൾ- ആധുനികകാലത്ത് ആധിപത്യമുറപ്പിച്ചു. അവരുടെ നിറവും, വലിപ്പവും, തലയോട്ടിയും, ഒരുപക്ഷെ ധൈഷണികവും സാമൂഹികവുമായ സഹജവാസന പോലും ആര്യൻ സ്വഭാവഗുണത്തെ നിർവീര്യമാക്കിക്കളഞ്ഞു. യൂറോപ്പിൽ പിന്നെ പ്രാമുഖ്യം ലഭിച്ചത് വർണസങ്കരം വന്ന ജനസമൂഹത്തിനാണ്.

മരണാനന്തരം ശേഖരിക്കപ്പെട്ട നിച്ചേയുടെ ശകലിതമായ കയ്യെഴുത്തുപ്രതികൾ വായിക്കുന്ന വായനക്കാർ രഹസ്യജ്ഞാനം ആവശ്യമായ അദ്ദേഹത്തിന്റെ മനു വിവരണങ്ങൾ അവഗണിച്ച വിമർശകരോട് സഹാനുഭൂതി കാണിക്കും

ആര്യൻ രക്തം അങ്ങനെ വംശീയമായും ധാർമികമായും അധഃപതിച്ചു. പാശ്ചാത്യ ആര്യൻ ഏറെക്കുറെ അപ്രത്യക്ഷനായെന്ന് നിച്ചേ വിശ്വസിച്ചുവെങ്കിലും ഇന്ത്യയിലെ ആര്യൻ വിദൂരത്തുള്ള തന്റെ മച്ചുനന് വന്നുപെട്ട ദുർഗതിയിൽ നിന്ന് ഏറെക്കുറെ രക്ഷ പ്രാപിച്ചതായി അദ്ദേഹത്തിന് തോന്നി. മനുവിന്റെ നിയമത്തിൽ പ്രഖ്യാപിക്കപ്പെട്ട അനുശാസനങ്ങളോട് ചേർന്നുനിന്നതുകൊണ്ടാണ് ധാർമികവും ശാരീരികവുമായ അപചയത്തിൽ നിന്ന് ഇന്ത്യയിലെ ആര്യൻ മുക്തനായത്.
നീച്ചേ പീറ്റർ ഗാസ്റ്റിനെഴുതിയ കത്തിൽ (May 31, 1888), വേദത്തിൽ വേരൂന്നിയ സദാചാരസംഹിത അവതരിപ്പിച്ച മനുവിനെ ‘‘പ്രാഥമിക കാലത്തെ സമ്പൂർണനായ ആര്യൻ ഉത്പന്നമായി'' വിശേഷിപ്പിക്കുന്നുണ്ട്. വേദത്തിന്റെ സംക്ഷിപ്തരൂപമെന്ന നിലക്ക്, ആര്യൻ മതത്തിന്റെ പാഠമാണ് മനു. വംശശുദ്ധിയുള്ള ആര്യൻ നിയമപുസ്തകമാണത്. ആര്യൻ ലോകവീക്ഷണത്തെക്കുറിച്ചുള്ള ധാരണ വികസിപ്പിക്കാനുതകുന്ന ഒരേയൊരു സ്രോതസാണത്. തുടർന്നുള്ള ചർച്ചയിൽ ഇന്ത്യൻ ചിന്തയെ പുനർനിർമിക്കാൻ വേണ്ടിയുള്ള ഒരേയൊരു സ്രോതസായി എന്തുകൊണ്ട്, എങ്ങനെ നീച്ചേ മനുവിനെ തിരഞ്ഞെടുത്തു എന്ന് നാം ചർച്ച ചെയ്യുന്നുണ്ട്. അതിനുമുമ്പായി നിച്ചേയുടെ വായനയിൽ മനുവിന്റെ സ്ഥാനത്തെക്കുറിച്ച് അൽപമൊന്ന് മാറി ചർച്ച ചെയ്യുന്നത് നന്നായിരിക്കും.

വാൾടർ കോഫ്മാൻ
വാൾടർ കോഫ്മാൻ

തന്റെ കൃതിയിലുടനീളം നിച്ചേ മനുവിനെ പരാമർശിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ എഡിറ്ററായ ജോർജ്യോ കോളി മനു നിച്ചേയിൽ ചെലുത്തിയ സ്വാധീനത്തെപ്പറ്റി പറയുന്നുണ്ടെങ്കിലും ഹിന്ദു നിയമപുസ്തകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളെ പരമ്പരാഗത നിച്ചേ പണ്ഡിതൻമാർ അവഗണിക്കുകയാണുണ്ടായിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നിച്ചേയെ ഒന്ന് മാറ്റിപ്പാർപ്പിക്കാൻ വാൾടർ കോഫ്മാൻ നടത്തിയ ശ്രമം മുതലാണ് ഈ അവഗണന പരിപാടി തുടങ്ങുന്നത്. ഇന്ത്യൻ നിയമദാതാവിനെക്കുറിച്ചുള്ള നിച്ചേയുടെ പ്രസ്താവനക്ക് കോഫ്മാൻ വലിയ പ്രാധാന്യമൊന്നും നൽകിയില്ല. ആ പ്രസ്താവനകളൊക്കെ വംശോത്പാദനത്തെക്കുറിച്ചുള്ളതാണ് എന്നതാണ് ലളിതമായ കാരണം. അത് പരാമർശിക്കേണ്ടിവന്നാൽ നിച്ചേയെ നാത്സികളിൽ നിന്ന് വേർപെടുത്താനുള്ള കോഫ്മാന്റെ താത്പര്യങ്ങൾക്കത് അനുഗുണമായിരിക്കുകയില്ല. വംശോത്പാദനം എന്ന വിഷയം നിച്ചേ സുദീർഘമായി ചർച്ച ചെയ്തത് തന്നെ കോഫ്മാൻ നിഷേധിക്കുന്നുണ്ട്. നിച്ചേ- നാസി ബന്ധത്തെ വിലയിരുത്താനോ തരംതിരിക്കാനോ ഇവിടെ സ്ഥലപരിമിതി ഉണ്ടെങ്കിലും ഒരു കാര്യം പറയാം, 1940കളുടെ തുടക്കത്തിൽ കോഫ്മാനും (മാൻ സഹോദരങ്ങൾ, കാമു, ബാറ്റൈൽ തുടങ്ങിയ നിച്ചേയുടെ അവകാശപ്പോരാളികളും) നാസികൾക്ക് പ്രചോദനകരമാകുന്ന എന്തെങ്കിലും പങ്ക് വഹിച്ചതിൽ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തമാക്കുന്നുണ്ട്. എന്നാൽ അവരുടെ നിലപാട്, നിച്ചേ നാസികളുടെ സമരത്തെ സേവിച്ചിട്ടുണ്ടെന്ന ലൂക്കാച്ച്, ചരിത്രകാരനായ ക്രേൺ ബ്രിട്ടൺ എന്നിവരുടെ വാദത്തിനെതിരാണ്. എന്നാൽ നിച്ചേ വായനയുടെ കഴിഞ്ഞ അമ്പത് വർഷക്കാലത്ത് ഒരു മധ്യനിലപാട് ഉണ്ടായിട്ടുണ്ട്- തന്റെ തത്വചിന്തയിൽ നാസികൾക്ക് ആകർഷണീയമായ ഘടകങ്ങളെ നിച്ചേ നൽകിയിട്ടുള്ളതായി വീക്ഷിക്കപ്പെട്ടിട്ടുണ്ട്.

അൽബേർ കാമ്യു, ജോർജസ് ബാറ്റേൽസ്
അൽബേർ കാമ്യു, ജോർജസ് ബാറ്റേൽസ്

എന്നാൽ അത്ര രാഷ്ട്രീയസ്വഭാവമില്ലാത്ത മറ്റൊരു ലോജിക്കും നീച്ചേയുടെ മനു പരാമർശങ്ങളെ ചോദ്യം ചെയ്യുന്നതിൽ നിന്ന്​ വിമർശകർ വിമുഖരായതിന് പിന്നിലുണ്ട്. സാഹിത്യതത്പരരായ പണ്ഡിതൻമാർ നിച്ചേയെ അദ്ദേഹം വ്യവസ്ഥാപിതത്വത്തിന് വഴങ്ങുന്നതല്ല എന്ന വസ്തുതയെ മാനിച്ചുകൊണ്ട് സമീപിക്കുമ്പോൾ സൈദ്ധാന്തികവും തത്വശാസ്ത്രപരവുമായ പരിശീലനം ലഭിച്ച പണ്ഡിതൻമാർക്ക് അതുപറഞ്ഞ് തലയൂരാൻ കഴിയില്ല. മനുവിനെപ്പോലുള്ള ഒരു പരദേശ സൂചനയെ നിച്ചേ സ്വീകരിക്കുന്നത് സാങ്കൽപികമായ വായനയെ അവതാളത്തിലാക്കുന്നുണ്ട്. അത് വ്യവസ്ഥാപിത സമീപനവുമായി ചേർന്നുപോകാത്ത എല്ലാത്തിനെയും അവഗണിച്ച് തള്ളാനുള്ള ആഗ്രഹത്തെ പ്രചോദിപ്പിക്കുന്നുണ്ട്. റിച്ചാഡ് ഷാറ്റിനെപ്പോലുള്ള ആദരണീയനായ നിച്ചേ പണ്ഡിതൻ പോലും വായനക്കാരെ പ്രേരിപ്പിക്കുന്നത് നിച്ചേയുടെ പ്രബന്ധത്തിൽ അപശ്രുതിയായി കടന്നുവരുന്ന ക്ഷണികമായ കരകരശബ്ദത്തിനപ്പുറത്തേക്ക് ശ്രദ്ധ ചെലുത്താനും അതിലെ ശ്രുതിഭംഗത്തെ അരിച്ചുനീക്കാനുമാണ്. ദാർശനികന്റെ സന്ദേശത്തെ അവ്യക്തമാക്കുന്ന തുടർച്ചയായ അത്തരം വാചകവിലാസത്തിന്റെ ധാരാളിത്തങ്ങളെ വായനക്കാർ അവഗണിക്കണമത്രെ. നിച്ചേ പാണ്ഡിത്യത്തിൽ ഈ വിമർശനസമീപനം സ്വീകരിക്കപ്പെട്ടത് വെച്ചുനോക്കുമ്പോൾ പരമ്പരാഗത നിച്ചേ പണ്ഡിതൻമാർ ഹിന്ദു നിയമപുസ്തകത്തെ അദ്ദേഹം പരാമർശിച്ചത് കാണാതെ പോയതിൽ അത്ഭുതപ്പെടാനില്ല.

മരണാനന്തരം ശേഖരിക്കപ്പെട്ട നിച്ചേയുടെ ശകലിതമായ കയ്യെഴുത്തുപ്രതികൾ വായിക്കുന്ന വായനക്കാർ രഹസ്യജ്ഞാനം ആവശ്യമായ അദ്ദേഹത്തിന്റെ മനു വിവരണങ്ങൾ അവഗണിച്ച വിമർശകരോട് സഹാനുഭൂതി കാണിക്കും. എന്നാൽ അതേവായനക്കാർ തന്നെ അത്തരമൊരു സമീപനത്തിന്റെ ധ്വനിയെക്കുറിച്ചാലോചിച്ച് ഒരുവേള നിൽക്കും. വിശാലമായ ചരിത്രത്തിന്റെ മണ്ഡലത്തിൽ നിച്ചേ അദ്ദേഹത്തിന്റെ വായനക്കാരുടെ കാപട്യവും വിവേചനനാട്യവും കാരണമായി എടങ്ങേറായ മനുഷ്യനാണ്. ആ നാട്യങ്ങൾ ഒരു ഭാഗത്ത് കുടിലമായിരുന്നു; (അദ്ദേഹത്തിന്റെ സഹോദരിയും നാസിയും ഉദാഹരണം) മറുഭാഗത്ത് വ്യവസ്ഥാപിതമായിരുന്നു (നിച്ചേയുടെ സ്ഥാപനവത്കൃതമായ സ്വീകരണത്തിൽ മുഴച്ചുനിന്ന അക്കാദമിക വിശകലനങ്ങൾ പോലെ).

മനുവിൽ കണ്ടെത്തിയ ജാതിയെക്കുറിച്ചുള്ള ചർച്ചയിൽ നിന്നാണ് നിച്ചേ ആര്യൻ മിത്തിനെ നിർമിക്കുന്നത്. അദ്ദേഹത്തിന്റെ അതിമാനുഷ ദർശനത്തിൽ ആ മിത്ത് പ്രസക്തമായ പങ്കുവഹിച്ചിട്ടുമുണ്ട്.

സൈദ്ധാന്തികമായി, അരിച്ചെടുത്ത് ശുദ്ധിയാക്കുന്ന എല്ലാ പ്രക്രിയയെയും നാം സംശയത്തോടെ കാണണം, അതാണ് ഉത്തരഘടനാവാദവും അപനിർമാണവും പഠിപ്പിക്കുന്ന അപൂർവ്വമൊരു കാര്യം. ഇന്ത്യാചിന്തയോടുള്ള നിച്ചേയുടെ കടപ്പാട് ഉദാഹരണമാണ്. അദ്ദേഹത്തിന്റെ ഇന്ത്യാ പരാമർശങ്ങളെ നമുക്ക് രണ്ടുരീതിയിൽ വായിക്കാം. ഒന്നുകിൽ നിച്ചേ അദ്ദേഹത്തിന്റെ കൃതികളെഴുതിയത് ഒന്നും ഒരധികപ്പറ്റല്ലെന്നും എല്ലാം അതിലുള്ളടങ്ങണമെന്നുമുള്ള നിലയിലൂടെയാവണം. അല്ലെങ്കിൽ നിച്ചേയുടെ അനവധ്യമായ പരസ്പരബന്ധമില്ലാത്ത ഇന്ത്യാ പരാമർശങ്ങൾ അദ്ദേഹത്തിന്റെ വിശാലമായ സന്ദേശങ്ങളിൽ നിന്ന് നമ്മെ വഴിതിരിച്ചുവിടുന്ന വാചകാലങ്കാരങ്ങളുടെ ധാരാളിത്തമാകാം.

നിച്ചേയുടെ സാഹിത്യസമ്പത്ത്ഘടന പ്രവിശാലമായ നിരവധി പ്രമേയങ്ങളെ വികസിപ്പിക്കാനുള്ള പ്രേരണ കാണിക്കുന്നുണ്ട്. അത്തരമൊരു പ്രമേയമാണ് ജാതിയെന്ന പ്രജനന വിദ്യ. ജാതി (നിച്ചേയുടെ വാക്കുകളിൽ ""പദവിയുടെ ക്രമം'') അദ്ദേഹത്തിന്റെ വിമർശകർ സമ്മതിച്ചുകൊടുക്കുന്നതിനുമപ്പുറം നിച്ചേയുടെ ചിന്തയിൽ സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. മനുവിൽ കണ്ടെത്തിയ ജാതിയെക്കുറിച്ചുള്ള ചർച്ചയിൽ നിന്നാണ് നിച്ചേ ആര്യൻ മിത്തിനെ നിർമിക്കുന്നത്. അദ്ദേഹത്തിന്റെ അതിമാനുഷ (Ubermensch) ദർശനത്തിൽ ആ മിത്ത് പ്രസക്തമായ പങ്കുവഹിച്ചിട്ടുമുണ്ട്.

ഫ്രഡ്​റിക്​ നിച്ചേ / Photo: Wikimedia Commons
ഫ്രഡ്​റിക്​ നിച്ചേ / Photo: Wikimedia Commons

ഈ അദ്ധ്യായത്തിൽ ആര്യൻ ആശയവാദം നിർമിക്കുന്നതിനായി നിച്ചേ ഹിന്ദു നിയമപുസ്തകം ഉപയോഗിച്ചത് നാം പരിശോധിക്കുന്നുണ്ട്. ആദ്യമായി അത്യുത്കൃഷ്ഠമായ ആര്യൻ കൃതിയായി എങ്ങിനെയാണദ്ദേഹത്തിന് മുമ്പിൽ മനു കടന്നുവരുന്നത് എന്നുനോക്കാം. മനുവിന്റെ ആധികാരികതയെക്കുറിച്ചുള്ള നിച്ചേയുടെ വിലയിരുത്തൽ ഭാഗികമായി മാത്രമാണ് ശരിയാകുന്നത്. അതുപോലെ സംസ്‌കൃതത്തിലെ മൂലകൃതിയുമായി അദ്ദേഹത്തിന്റെ പക്കലുള്ള മനുവിന് ബന്ധമൊന്നുമില്ല.

നിച്ചേയുടെ ഇന്ത്യാവായന നാം വായിക്കുമ്പോൾ

ഹിന്ദു നിയമദാതാവിനെക്കുറിച്ചുള്ള നിച്ചേയുടെ പരാമർശങ്ങൾ ഒരു പ്രധാനപ്പെട്ട പ്രശ്‌നം ചൂണ്ടിക്കാട്ടുന്നുണ്ട്- മനുവിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഉദ്ധരണികൾ സംസ്‌കൃത കൃതിയുമായോ നിച്ചേയുടെ കാലത്ത് നിലവിലുണ്ടായിരുന്ന എന്തെങ്കിലും പരിഭാഷയുമായോ ഒരു ബന്ധവുമില്ല. ആൻമേരി ഇറ്റർ മനുവിൽ ലഭ്യമല്ലാത്ത സ്രോതസ് വെച്ച് നിച്ചേ ചർച്ച ചെയ്യുന്നതിന്റെ വ്യാപ്തി ചൂണ്ടിക്കാട്ടുന്നുണ്ട്. അപ്പോൾ ഒരു ചോദ്യമുണ്ടാകുന്നു- എവിടുന്ന് കിട്ടി നിച്ചേക്ക് ഈ ഉദ്ധരണികൾ? തന്റെ അടിക്കുറിപ്പിൽ നിച്ചേ ലൂയിസ് ജക്കോലിറ്റിന്റെ മതനിയമദാതാക്കൾ-മനു, മോശ, മുഹമ്മദ് എന്ന കൃതിയെ മനുവിനെക്കുറിച്ചുള്ള തന്റെ ധാരണകളുടെ സ്രോതസായി അടയാളപ്പെടുത്തുന്നുണ്ട്.

ഇന്ത്യയിലുടനീളം കണ്ടെത്തപ്പെട്ട കയ്യെഴുത്തുപ്രതികളുടെ ആധാരമായി ജക്കോലിറ്റ് മനസ്സിലാക്കിപ്പോന്ന ദക്ഷിണേന്ത്യൻ സംശോധിതകൃതിയുടെ പ്രസക്തഭാഗങ്ങൾ നൽകുന്നു എന്നാണ് ജക്കോലിറ്റ് അവകാശപ്പെടുന്നത്. അതിന്റെ ഫലമായി ഈ സംശോധിത കൃതിയാണ് യൂറോപ്യൻ പരിഭാഷകളുടെ ആധാരമായി വർത്തിച്ചത്.

ജക്കോലിറ്റ് കൽക്കത്തക്ക് സമീപം ഫ്രഞ്ച് കൊളോണിയൽ ഓഫീസറായി നിയോഗിക്കപ്പെട്ടിരുന്നു. വിദഗ്ദസ്വഭാവം കാണിക്കാത്ത കൃതികളാണ് അദ്ദേഹത്തിന്റെത്. എല്ലാ ധൈഷണിക- ആത്മീയ ചിന്തയുടെയും ഉത്ഭവം തേടി ഇന്ത്യയിൽ ചെന്നെത്താമെന്ന് വിശ്വസിച്ച വിചിത്രവാദത്തിന്റെ പ്രചാരകനായിരുന്നു അദ്ദേഹം. ജ്ഞാനോദയകാലത്ത് ക്രോഡീകരിക്കപ്പെട്ട ഇന്ത്യയുടെ ഉത്പന്നമാണ് ജക്കോലിറ്റിന്റെ മനു. അദ്ദേഹത്തിന്റെ സെമറ്റിക് വിരുദ്ധതയും ക്രൈസ്തവവിരുദ്ധതയും (റോമിനെ ഉദ്ദേശിച്ചുകൊണ്ടുള്ളത്) വോൾട്ടയറുടെ തീപ്പൊരി വാദങ്ങളിൽ മുൻകടന്നുപോയിട്ടുള്ളതാണ്. ക്രൈസ്തവത ബ്രാഹ്മണ മതത്തിന്റെ മങ്ങിയ അനുകരണമാണെന്ന സങ്കൽപവും അങ്ങനെ തന്നെ.

ലൂയിസ് ജക്കോലിറ്റ് / Photo: Wikimedia Commons
ലൂയിസ് ജക്കോലിറ്റ് / Photo: Wikimedia Commons

ഇന്ത്യയെ തുടർസംസ്‌കാരങ്ങളുടെ സ്രോതസായി ആദർശവത്കരിക്കുന്ന പാരമ്പര്യത്തെ ജക്കോലിറ്റ് തുടർന്നുപോയി എന്നതിനേക്കാൾ പ്രാധാന്യമുണ്ട് ഈ തിരക്കഥയിൽ അദ്ദേഹം തന്റെതായി മിഥ്യാസങ്കൽപങ്ങൾ എഴുതിച്ചേർത്തു എന്നതും അത് നിച്ചേക്ക് കൈമാറിക്കൊടുത്തു എന്നതും. ക്രിസ്തുവിന് 13,000 വർഷങ്ങൾക്കുമുമ്പ് എഴുതപ്പെട്ട ആര്യൻ ലോകത്തിന്റെ ഏറ്റവും പൗരാണിക സ്രോതസാണ് മനു എന്ന പ്രസക്തമായ പൊട്ടത്തരം നിച്ചേക്ക് കൊടുത്തത് ജക്കോലിറ്റാണ്. നിച്ചേയുടെ മനു സങ്കൽപങ്ങൾ മുഴുവൻ അബദ്ധമായതിന്റെ കാരണക്കാരനും ജക്കോലിറ്റാണ്. എന്നാൽ മനുവിന്റെ തെറ്റായ കോപ്പിയും തെറ്റായ കാലഗണനയും കൈവശമുണ്ടായിട്ടും, മനുവിന്റെ പ്രസക്തിയെക്കുറിച്ചുള്ള നിച്ചേയുടെ ധാരണകൾ പൂർണമായും പിഴച്ചതായിരുന്നില്ല.

സാക്ഷാൽ പ്രമാണാധിഷ്ഠിത (orthodox) ഹൈന്ദവ പാരമ്പര്യത്തിലെ ചിരസ്ഥായിയായ ആധികാരിക പ്രമാണമാണ് മനു. മതനിയമം, ആചാരം, രാഷ്ട്രീയം എന്നിവയുടെ സംക്ഷേപം എന്ന നിലക്ക് മനു വേദസാഹിത്യത്തെപ്പറ്റി നിരവധി പരാമർശങ്ങൾ നടത്തുകയും മുമ്പുണ്ടായിരുന്ന നിയമസംഹിതകളെപ്പറ്റി വിപുലമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്.

കൃതിയുടെ അതേപേരുള്ള രചയിതാവ് ആദിമമനുഷ്യനും ബ്രഹ്മാവിന്റെ മകനും ആണെന്ന് വിശ്വസിച്ചുപോന്ന ഒരു മിത്തിക്കൽ പുരുഷനാണ്. അദ്ദേഹമാണ് കൃതിക്ക് ആധികാരികത നൽകുന്നത്. ധർമസാഹിത്യത്തിലെ അടിസ്ഥാനകൃതി എന്ന നിലക്ക് വ്യക്തി വികസനത്തെയും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളുടെ ഉചിതമായ ബന്ധങ്ങളെയും നിയന്ത്രിക്കുന്ന ആചാരങ്ങളെയാണ് മനു ചർച്ച ചെയ്യുന്നത്. നാല് തട്ടുകളായി നിലനിൽക്കുന്ന ജാതി വ്യവസ്ഥയിലുള്ള വിശ്വാസത്തെ അത് ക്രോഡീകരിക്കുന്നു. പൊതുനൻമയ്ക്കായുള്ള സാമൂഹിക സഹകരണത്തിന്റെ ഉപാധി എന്ന നിലക്കും, സമൂഹത്തിന്റെ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും, വ്യക്തികൾ എന്തിനുവേണ്ടിയാണോ ജനിച്ചത് ആ സമൂഹത്തിന് ചേരുന്ന പണിയാണ് എടുക്കേണ്ടത് എന്ന് മനു ഊന്നിപ്പറയുന്നു.

സൈദ്ധാന്തികമായി ഇന്ത്യക്കാർ മനുവിന് വലിയ പ്രാധാന്യം നൽകുന്നു. ഹൈന്ദവജ്ഞാനം, അനുഷ്ഠാനം എന്നിവയെക്കുറിച്ചുള്ള പരിപൂർണ ആധികാരികത അവകാശപ്പെടാവുന്ന ഗ്രന്ഥമാണത്. അക്കാര്യത്തിൽ അത് വേദത്തോട് പോലും മത്സരിച്ചുനിൽക്കുന്നു. ഒരുകൃതി എന്ന നിലക്ക് മറ്റ് ധർമശാസ്ത്രങ്ങളേക്കാൾ അധികമായി തുടർച്ചയായി മനു ഉദ്ധരിക്കപ്പെടുന്നുണ്ട്. അതിന്റെ ആര്യൻ ഉത്ഭവത്തിന്റെ പ്രഭാവം കടമെടുത്ത പുരോഹിതവർഗമാണ് ഈ കൃതിയുടെ ഇടനിലക്കാരായി വർത്തിച്ചിട്ടുള്ളത്. എങ്കിലും വേദത്തിന്റയും വേദത്തിന്റെ തുടർച്ചയായി ഹിന്ദുക്കൾ കരുതിപ്പോന്ന ഉപനിഷത്തുക്കളുടെയും (വേദാന്തം അഥവാ വേദത്തിന്റെ അവസാനം) ആധികാരികതയും പഴമയുമൊന്നും മനു അവകാശപ്പെടുന്നില്ല.

വെളിപാടും പാരമ്പര്യവും പാഠപരമായ ആധികാരികത തുല്യമായി അവകാശപ്പെടുന്നുണ്ട് എന്നാണ് നിച്ച പറയുന്നത്. ഒന്നുകിൽ ദൈവം നമുക്ക് മൂല്യം നൽകുകയോ അല്ലെങ്കിൽ നമ്മുടെ പൂർവ്വികർ അതനുസരിച്ച് ജീവിച്ച് അതെല്ലാം നിയമമാക്കിമാറ്റുകയോ ചെയ്തു

നിച്ചയുടെ കാലത്ത് പരിഭാഷയായും വ്യാഖ്യാനമായും വേദങ്ങളും ഉപനിഷത്തുക്കളും ലഭ്യമായിരുന്നെങ്കിലും വേദങ്ങളുടെ സമന്വയമായിട്ടാണ് നിച്ച മനുവിനെ തിരഞ്ഞെടുക്കുന്നതും സംസ്‌കൃതഭാഷയിലെ ഇതര പ്രാമാണികകൃതികളെ അവഗണിക്കുന്നതും. വേദത്തിന് ബദലായി ഹിന്ദു നിയമപുസ്തകത്തെ സ്വീകരിക്കുന്നതിനായി ദൈവവചനത്തേക്കാൾ മനുഷ്യനിയമത്തിന് പ്രാമുഖ്യം കൽപ്പിച്ചുകൊടുക്കുകയാണ് നിച്ച ആദ്യം ചെയ്തത്.
നിച്ചക്ക് മാനസികത്തകർച്ച വന്ന 1889ന് തൊട്ടുമുമ്പ് എഴുതിയ ആന്റിക്രൈസ്റ്റ്‌ൽ, നിച്ച ഇങ്ങനെ ഒരു വാദം മുന്നോട്ടുവെച്ചു- പരിണാമത്തിന്റെ ഒരു നിശ്ചിത ദശയിൽ ജനങ്ങൾ ഏതെല്ലാം മൂല്യങ്ങൾക്കനുസരിച്ചാണോ ജീവിച്ചുപോന്നത് ആ മൂല്യങ്ങൾ നിർണ്ണിതമാണെന്നും പരീക്ഷണവിധേയമല്ലെന്നും പ്രഖ്യാപിക്കുന്നു. അടിസ്ഥാനമൂല്യങ്ങളുടെ സ്ഥായീകരണം സംഭവിക്കുന്നത് അവകൾ ദൈവത്താൽ വെളിപ്പെട്ടതോ പാരമ്പര്യത്താൽ അനുവദിക്കപ്പെട്ടതോ ആയി പ്രഖ്യാപിച്ചുകൊണ്ടാണ്. വെളിപാടെന്ന നിലക്ക് മനുഷ്യന്റെ പരീക്ഷണങ്ങളിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതായിട്ടല്ല ദൈവത്തിന്റെ ഇടപെടലിൽ നിന്ന് ഉയിർകൊള്ളുന്നതായിട്ടാണ് ഈ മൂല്യങ്ങൾ കടന്നുവരുന്നത്. അതിനാൽ അവ സമ്പൂർണ്ണവും ചരിത്രത്തിന് വെളിയിൽ നിലനിൽക്കുന്നതുമാണ്. അത് ദൈവത്തിന്റെ സമ്മാനമാണ്. പാരമ്പര്യം അതിന്റെ സ്വന്തം ആധികാരികത അവകാശപ്പെടുന്നുണ്ട്. അതും ആദിമമായി നിലനിൽക്കുന്നതാണ്. നമ്മുടെ പൂർവ്വികരാൽ സൃഷ്ടിക്കപ്പെട്ടത് എന്ന നിലക്ക് അതിനെ ചോദ്യം ചെയ്യൽ ദൈവദോഷമാണ്. വെളിപാടും പാരമ്പര്യവും പാഠപരമായ ആധികാരികത തുല്യമായി അവകാശപ്പെടുന്നുണ്ട് എന്നാണ് നിച്ച പറയുന്നത്. ഒന്നുകിൽ ദൈവം നമുക്ക് മൂല്യം നൽകുകയോ അല്ലെങ്കിൽ നമ്മുടെ പൂർവ്വികർ അതനുസരിച്ച് ജീവിച്ച് അതെല്ലാം നിയമമാക്കിമാറ്റുകയോ ചെയ്തു. എന്നാൽ വേദാന്തത്തിന്റെ ആര്യൻ തത്വജ്ഞാനികൾ ഈ സങ്കൽപ്പത്തെ ഒരു പടികൂടി മുന്നോട്ട് കൊണ്ടുപോയിട്ട് അധികാരവും ആധികാരികതയും വിശ്വസിനീയതയും പിടിച്ചടക്കിയെന്ന് നിച്ച പറയുന്നു.

പ്രകൃതിയുടെ മുഴുവൻ പ്രയാണവും അതിന്റെ നിയമങ്ങളാൽ വ്യവസ്ഥപ്പെടുത്തപ്പെട്ടതായി കരുതിയ ആര്യൻമാർ പുരോഹിതന്മാരുടെ അധ്യാപനങ്ങളെ സത്യവുമായി സമപ്പെടുത്തുകയും യുക്തിയെ നിയമവുമായി ചേർന്നുപോകുന്ന- സ്വയമേവ ആത്യന്തിക ലക്ഷ്യമായ- യാന്ത്രികപ്രവർത്തനമായി ചുരുക്കിയെടുക്കുകയും ചെയ്തു. നിച്ചയുടെ അഭിപ്രായത്തിൽ നിയമം അത്യുദാത്തമായ പ്രസ്താവമായി മാറി. ആര്യൻ നിയമപുസ്തകങ്ങളുടെ പ്രതിനിധാനമായ മനു നിച്ചയെ സംബന്ധിച്ചിടത്തോളം ആധികാരികമായ ആര്യൻ പ്രതിപാദന സ്രോതസായി മാറി. മറ്റുള്ളവർ വേദത്തിന് നൽകിയ മുൻഗണന നിച്ച മനുവിന് നൽകി.

മനു മതത്തെക്കുറിച്ചുള്ള തന്റെ ആശയങ്ങൾ പ്രശംസനീയമാം വിധം സമ്പൂർണ്ണമാക്കുകയും മനുഷ്യധാർമികതയുടെ വിപ്ലവാത്മകമായ ഒരു വ്യവസ്ഥ തനിക്ക് നൽകുകയും ചെയ്തു എന്ന കാരണം കൊണ്ടുമാത്രം നിച്ച മനുഷ്യനിയമത്തെ ദൈവികവെളിപാടിന് മേൽ നിലനിർത്തി. മനുവിൽ ആദ്യമായി പ്രസ്താവിക്കപ്പെട്ട ആര്യൻ മതനിയമങ്ങളുടെ രേഖാചിത്രങ്ങൾ മാത്രമാണ് ഈജിപ്ത്, ഗ്രീസ് തുടങ്ങിയ ദേശങ്ങളുടെ എല്ലാ ധാർമിക അധ്യാപനങ്ങളുമെന്ന് നിച്ച വിശ്വസിക്കാനിടയായി. നിച്ചയുടെ മനുവിന്റെ പരാമർശങ്ങൾ പരിശോധിക്കുമ്പോൾ അദ്ദേഹത്തെ അതിൽ ആകർഷിച്ചതെന്താണ് എന്ന് നമുക്ക് മനസ്സിലാകുന്നു. ജാതി, പ്രജനനവുമായുള്ള അതിന്റെ ബന്ധം എന്നീ കാര്യങ്ങളിലാണ് നിച്ച പ്രത്യേകം ശ്രദ്ധയൂന്നിയത്. സത്യത്തിൽ ജാതിയുടെ പ്രജനനമാണ് ഇന്ത്യയിൽ അത്യാകർഷകമായി നിച്ച കണ്ട ഒരേയൊരു സംഗതി.

മനു-സെമറ്റികവത്കരിക്കപ്പെട്ട ആര്യൻ ഗ്രന്ഥസ്രോതസ്

മനുഷ്യന്റെ പരമമായ ആത്മാവിഷ്‌കാരത്തെയാണ് തങ്ങൾ പ്രതിനിധീകരിക്കുന്നതെന്ന പുരോഹിതന്മാരുടെ വിശ്വാസം അടക്കം ചെയ്ത ‘‘സംശുദ്ധമായ കളവിന്റെ'' മേലാണ് മനുവിനെ നാട്ടി നിർത്തിയിരിക്കുന്നതെന്ന് നിച്ച പറയുന്നു. തങ്ങൾ മികച്ചവരാണെന്ന ആശയം പുരോഹിതൻമാർ തങ്ങളിൽ നിന്നാണ് നിർദ്ധാരണം ചെയ്‌തെടുത്തത്. അതായത് തങ്ങൾ ഉത്കൃഷ്ടരാണെന്ന് അവർ ഇച്ഛിക്കുകയും അങ്ങിനെ ആയിത്തീരുകയും ചെയ്തു.

അവരുടെ പരിശുദ്ധമായ കള്ളത്തിന്റെ (അഥവാ പുതിയ സത്യസങ്കൽപത്തിന്റെ) ഉത്ഭവം ഈ അധികാരേച്ഛയിലാണ് നിലകൊള്ളുന്നത്. തങ്ങളുടെ അധികാരം സ്ഥാപിക്കുന്നതിനായി, അവർക്ക് പൗരോഹിത്യത്തിൽ അധികാരത്തെ നിലനിർത്തേണ്ടിവന്നു. ധീരമായ ഒരു നവ സങ്കൽപമാണിത്. കാരണം ശാരീരികമായോ സൈനികമായോ പുരോഹിതർക്ക് അധികാരമുണ്ടായിരുന്നില്ല. സത്യത്തിൽ അവർ അശക്തരായിരുന്നു. അങ്ങിനെ നോക്കുമ്പോൾ പ്രഭുമേധാവിത്വത്തിന്റെ തിന്മ നിറഞ്ഞ എതിർരൂപമായിരുന്നു അവർ. പുരോഹിതൻമാർ അനാരോഗ്യമുള്ളവരായിരുന്നു. അവർ കർമമണ്ഡലത്തിൽ നിന്ന് പിന്തിരിയുകയും ചിന്തയെ വൈകാരികമായ സ്ഥിരോത്സാഹവുമായി യോജിപ്പിക്കുകയും ചെയ്തു. ബ്രാഹ്മണരുടെ അനാസക്തവും ബലഹീനവുമായ അതിഭൗതികചിന്തയിൽ അതാണ് കാണാൻ കഴിയുന്നത്.
‘‘പുരോഹിതൻമാരുടെ അടുക്കൽ എല്ലാം കൂടുതൽ അപകടത്തിലായി- രോഗശമനവും, തെറാപ്പിയും, അവരുടെ അഹന്തയും, പ്രതികാരവും, ഉൾക്കാഴ്ചയും ധൂർത്തും, പ്രണയവും മേധാവിത്വ മോഹവും നന്മയും രോഗവും അങ്ങിനെയെല്ലാമെല്ലാം.’’

എന്നാൽ പച്ചപ്പരമാർത്ഥതയിൽ നിന്നോ ആത്മവഞ്ചനയിൽ നിന്നോ ഉടലെടുത്തതല്ല പുരോഹിതവർഗത്തിന്റെ അധികാരസംബന്ധമായ അവകാശവാദങ്ങൾ. അതിസൂക്ഷമമായി ചിന്തിച്ച് രൂപപ്പെടുത്തിയ മർദ്ദന സംവിധാനങ്ങളെ മതഭ്രാന്തൻമാർക്ക് കണ്ടെത്താനാവില്ല. എന്നാൽ അങ്ങേയറ്റം ഹൃദയകാഠിന്യമുള്ള ആലോചനകൾ ഇവിടെ പ്രവർത്തിച്ചിട്ടുണ്ട്. പൗരോഹിത്യ മോഹത്തിന്റെ സവിശേഷമായൊരു ആര്യൻ മാതൃക മനു നൽകുന്നു. എക്കാലവും രൂപീകരിക്കപ്പെട്ട അടിസ്ഥാനപരമായ ഒരു കളവിനെയാണ് അത് മുന്നോട്ടുവെക്കുന്നത്. ആ കളവ് മറ്റെല്ലായിടത്തും പകർത്തപ്പെട്ടപ്പോൾ ലോകത്തെത്തന്നെ അത് കളങ്കപ്പെടുത്തി. ഉദാഹരണമായി പുരോഹിതവർഗത്തിന്റെ ആര്യൻ ആത്മപ്രഭാവമാണ് യഹൂദരെയും ക്രൈസ്തവരെയും നശിപ്പിച്ചത്.

പുരോഹിതവർഗത്താൽ നയിക്കപ്പെടുന്ന ഭരണകൂടം എന്ന ആശയം (‘സെമിറ്റിസം') ജാതിയുടെ ആര്യൻ ക്രമത്തെ വീണ്ടടുക്കുന്ന പ്രക്രിയ ആയിരുന്നു. ജാതിയെ തിരിച്ചുകൊണ്ടുവരണമെന്നാണ് നിച്ചേ വിശ്വസിച്ചത്. കാരണം ആധുനികലോകം ദുഷ്ടൻമാരെയും, കുറ്റവാളികളെയും, മനോരോഗികളെയും കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. ക്രിസ്തുമതം ആധുനികസമൂഹത്തെ സമൂഹമേ അല്ലാതാക്കി കളഞ്ഞു. മറിച്ച് തൂറാൻപോലും ശക്തിയില്ലാത്ത ചണ്ഡാളൻമാരുടെ (candalas) രോഗാതുരമായ കൂട്ടം മാത്രമാണത്. തുല്യമായ അവകാശങ്ങളുടെ സ്ഥാപനത്തോടെ സാമൂഹികമായ ഒരു സങ്കരമാണ് നിലവിൽ വന്നത്. അവിടെ എല്ലാ ജാതിയിൽപ്പെട്ട ആൾക്കൂട്ടങ്ങളുടെയും (canaille) രക്തം കൂടിക്കലർന്നു. രണ്ട്-മൂന്ന് തലമുറകളുടെ രക്തം കൂടിക്കലർന്നതോടെ വംശത്തെ തിരിച്ചറിയാൻ പറ്റാതായി; പിന്നെ വന്നത് ആൾക്കൂട്ടമാണ്.

ഒരു കുറിപ്പിൽ നിച്ചേ ചോദിക്കുന്നു- എന്താണ് കുലീനത? പദവിയുടെ ക്രമത്തെക്കുറിച്ചുള്ള ആലോചനകളാണത്. പദവിയുടെ ക്രമത്തെ അധികാരത്തിന്റെ ക്രമമായി അദ്ദേഹം മനസ്സിലാക്കി

ബ്രാഹ്മണപുരോഹിതൻ, ചണ്ഡാലൻ തുടങ്ങിയ വാക്കുകൾ നിച്ചേയെ സംബന്ധിച്ചിടത്തോളം അർത്ഥസമ്പന്നമായ പ്രതീകങ്ങളായിരുന്നു. സമൂഹത്തിലെ എല്ലാ തിൻമയെയും അദ്ദേഹം ചണ്ഡാലനുമായി സമീകരിച്ചു. തത്വചിന്തകന്റെ സ്വരൂപത്തോടും പിന്നെ തന്നോടുതന്നെയും നിച്ച ചണ്ഡാലനെ ചേർത്തുവെക്കുന്നുണ്ട് . പിന്നീടദ്ദേഹം ചണ്ഡാലനെ അതിമനുഷ്യന്റെ (ubermensch) വിപരീതമായി എടുത്തുവെച്ചു. ബ്രാഹ്മണനെ ആര്യനോടും അദ്ദേഹം സമീകരിച്ചു. അങ്ങിനെ ജാതി നിയന്ത്രണങ്ങളോടുള്ള നിച്ചേയുടെ താത്പര്യം അദ്ദേഹം മുന്നോട്ടുവെക്കുന്ന ധാർമികവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.

ആര്യൻ അതിമനുഷ്യൻ

പിൽക്കാലത്തെഴുതിയ ഒരു കുറിപ്പിൽ നിച്ചേ ചോദിക്കുന്നു- എന്താണ് കുലീനത? പദവിയുടെ ക്രമത്തെക്കുറിച്ചുള്ള ആലോചനകളാണത്. പദവിയുടെ ക്രമത്തെ അധികാരത്തിന്റെ ക്രമമായി അദ്ദേഹം മനസ്സിലാക്കി. ഒരു പുതിയ പ്രഭുവാഴ്ചക്ക് വേണ്ടിയോ അല്ലെങ്കിൽ ഭരിക്കാൻ യോഗ്യരായ ഒരു പുതിയജാതിക്ക് വേണ്ടിയോ നിച്ച ആഹ്വാനം ഉന്നയിച്ചപ്പോൾ അദ്ദേഹം വാദിച്ചത് മനുവിൽ കാണാൻ കഴിയുന്ന ജാതി ക്രമീകരണങ്ങളെ മാതൃകയാക്കിയുള്ള പദവിയുടെ ക്രമത്തിനുവേണ്ടിയാണ്.

പദവിയുടെ ക്രമം പുനർസ്ഥാപിക്കാനുള്ള ധാർമികമായ ഉദ്ദ്വേഗം തനിക്കുണ്ടെന്ന് നീച്ചേയ്‌ക്ക് തോന്നി. കാരണം സമൂഹം അതിന്റെ നിലനിൽപിന് ഏറെ ആശ്രയിക്കുന്ന കുലീനവാഴ്ചക്ക് ആവശ്യമായ ‘അകൽച്ചയുടെ ദൈന്യത്തെ' (pathos of distance) പ്രാപഞ്ചികവോട്ടവകാശം ഇല്ലാതാക്കിക്കളഞ്ഞു. ശക്തരെ ശക്തിപ്പെടുത്തുകയും ലോകം മതിയായ പരിക്ഷീണരെ തളർത്തുകയോ തകർക്കുകയോ ചെയ്യുന്ന പ്രജനനകാരിയായി പ്രവർത്തിക്കാനാവശ്യമായ ഒരു തത്വം ഇന്ന് ആവശ്യമായി വന്നിരിക്കുകയാണ്.

യജമാനന്റെ അവകാശങ്ങൾ നേടിയെടുക്കാൻ ഒരു സാമൂഹികവിഭാഗത്തിനും ശക്തിയില്ലാത്തതിനാൽ സമൂഹം അതിന്റെ അനന്തരഫലം അനുഭവിക്കുകയാണ്. അതുകൊണ്ട് നിച്ചേ ആവശ്യപ്പെടുന്നത് യജമാനന് അവന്റെ വിശേഷാധികാരം അനുവദിച്ചുകൊടുക്കുകയും വർഗങ്ങൾക്കിടയിൽ അകൽച്ചയുടെ ദൈന്യത്തെ ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്ന ഒരു ക്രമത്തിലേക്കുള്ള തിരിച്ചുപോക്കാണ്. ഈ ക്രമത്തെ അദ്ദേഹം കണ്ടെത്തുന്നത് ഇന്ത്യൻ ജാതിവ്യവസ്ഥയിലാണ്. അത് ഇന്ത്യയിൽ മാത്രമല്ല മധ്യകാലയൂറോപ്പിലും പൗരാണിക റോമിലും എല്ലാം ഉണ്ടായിരുന്നു.

സമൂഹത്തിലെ വിവിധ തട്ടുകൾക്കിടിൽ അന്തർലീനമായ വ്യത്യാസത്തിൽ നിന്നാണ് അകൽച്ചയുടെ വൈകാരികത വളരുന്നത്. ഭരണവർഗം അതിന്റെ പ്രജകളെ പുച്ഛത്തോടെ നോക്കുകയും എളുപ്പത്തിൽ അടിച്ചമർത്തുകയും ചെയ്യുന്നു. അങ്ങിനെ വരുമ്പോൾ ‘‘മറ്റൊരു അതിനിഗൂഡമായ ദൈന്യം'' വളർന്നുവരുന്നു. ആത്മാവിൽ തന്നെ നിലനിൽക്കുന്ന എപ്പോഴും വലുതായിക്കൊണ്ടിരിക്കുന്ന അകൽച്ചക്ക് വേണ്ടിയുള്ള കൊതിയും, ഏറ്റവും ഉന്നതമായതും, അപൂർവ്വമായതും, അകന്നുനിൽക്കുന്നതും, അന്തരം വലുതായിക്കൊണ്ടിരിക്കുന്ന, ഏറ്റവും വിപുലമായ അവസ്ഥയുടെ വികാസമാണത്. അതിധാർമികമായ അർത്ഥത്തിലുള്ള ഒരു ധാർമിക സമവാക്യം ഉപയോഗിച്ച് ചുരുക്കിപ്പറഞ്ഞാൽ വർഗത്തിന് പകരം നിൽക്കുന്ന മനുഷ്യന്റെ-സ്വന്തത്തെ അതിജയിച്ച മനുഷ്യന്റെ വികാസമാണത്.

അതുകൊണ്ട് ജാതീയമായ അകൽച്ച ഉത്പാദിപ്പിക്കുന്ന അകൽച്ചയുടെ ദൈന്യം ഉദാത്തമായ അഭിലാഷത്തിന്റെ ഉത്ഭവമായും പ്രവർത്തിക്കുന്നു. പദവിയുടെ ക്രമം മൗലികമായ എല്ലാ സംസ്‌കാരങ്ങളുടെയും അവശ്യഘടകമാണ്. സാംസ്‌കാരിക വളർച്ചയുടെ മുന്നുപാധിയാണത്. ഭാവിയുടെ വിത്തുകൾ ആവാഹിക്കുന്ന മനുഷ്യരുടെ പ്രജനനത്തിനാവശ്യമായ ഉത്തോലകമായും ക്രമീകരണമായും അത് പ്രവർത്തിക്കുന്നു. പദവിയുടെ ക്രമം പുനർസ്ഥാപിക്കുന്നതോടെ മനുഷ്യയത്‌നത്തിന്റെ ലക്ഷ്യമായി നിച്ച വിഭാവനം ചെയ്യുന്ന അതിമനുഷന്റെ സൃഷ്ടി സാധ്യമാകുന്നു. അതിമനുഷന്റെ വരവിനെയാണ് മനുഷ്യരാശിയുടെ വിധി ആശ്രയിച്ചിരിക്കുന്നത്. യൂറോപ്പിലും ക്രൈസ്തവതയിലും പദവിയുടെ ഈ ക്രമമാണ് നഷ്ടപ്പെടുന്നത് . ക്രൈസ്തവമൂല്യങ്ങളായ കരുണ, ദയ എന്നിവ യൂറോപ്പിനെ നശിപ്പിക്കാതിരിക്കണമെങ്കിൽ ഒരു പുതിയക്രമം യൂറോപ്പിന് ആവശ്യമാണ്.

പദവിയുടെ ക്രമം ഇല്ലെങ്കിൽ രോഗികളും ദുർബലരും വളർന്നുപെരുകും. സംസ്‌കാരം എല്ലാ പൂജ്യങ്ങൾക്കും തുല്യാവകാശങ്ങളുള്ള പൂജ്യങ്ങളുടെ ആകെത്തുകയായി മാറും. അത്തരത്തിൽ സാമൂഹികവും രാഷ്ട്രീയവുമായ ഉച്ഛനീചത്വം വർധിതമായി നിലനിൽക്കുന്ന വ്യവസ്ഥയുടെ മികച്ച മാതൃകയായി നിച്ച കണ്ടെത്തുന്നത് മനുവിൽ നിന്ന് അദ്ദേഹത്തിന് കിട്ടിയ ആര്യൻ സമൂഹത്തെയാണ്.
ഒരു ജീവിവർഗം എന്ന നിലക്കുള്ള മനുഷ്യന്റെ വികാസവുമായിട്ടാണ് നിച്ച ധാർമികതയെ സമപ്പെടുത്തുന്നത്. അത്തരമൊരു വികാസം സംഭവിക്കുന്നത് രണ്ട് രൂപങ്ങളിലൂടെയാണ്-ഒന്ന്, മെരുക്കലിലൂടെ- taming (മൃഗശാലയിലെ മൃഗത്തെയും പള്ളിയിലെ മനുഷ്യനെയും നാം അതാണ് ചെയ്യുന്നത്) രണ്ട്, ഒരു നിശ്ചിത വംശത്തിന്റെ പ്രജനനത്തിലൂടെ (breeding).

രണ്ടാമത്തെ രീതിയെ അഭികാമ്യമായി സ്വീകരിക്കുന്ന നിച്ചേ അതിന്റെ പ്രോജ്ജ്വലമായ ഉദാഹരണം മനുവിൽ വെളിപ്പെട്ടതായി കാണുന്നു. നാല് വംശങ്ങളുടെ പ്രജനനത്തിന്റെ ദൗത്യം പ്രതിപാദിക്കുന്ന കൃതിയായി നിച്ച മനുവിനെ മനസ്സിലാക്കുന്നു. മനുവിന്റെ പ്രജനന ധാർമികതയെ (breeding morality)വികസിപ്പിച്ച ആര്യൻമാരെ അദ്ദേഹം ഇണക്കൽ ധാർമികത (taming morality) കണ്ടുപിടിച്ച ക്രൈസ്തവരേക്കാൾ നൂറുവട്ടം ശ്രേഷ്ഠരും വിവേകശാലികളുമാണ്. മനുവിൽ വിവരിച്ചിരിക്കുന്ന ആര്യൻ യുടോപ്യയിലേക്ക് കടക്കൽ ക്രൈസ്തവരോഗഭവനത്തിന്റെയും തടങ്കൽപാളയത്തിന്റെയും ദുർഗന്ധവായുവിൽ നിന്ന് രക്ഷപ്പെടുന്നതിന് തുല്യമാണ്. ഭാഷാർത്ഥത്തിൽ പറഞ്ഞാൽ മനുവുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയപുസ്തകത്തിൽ (new testament)നിറയെ ‘‘നാറ്റമാണ്.'' ആര്യൻ ഇന്ത്യയുടെ ഭരണകർത്താക്കളുടെ നിയമപുസ്തകത്തോട് ചേർത്തുവെച്ചാൽ പുതിയപുസ്തകത്തിന്റെ പാരമ്പര്യം ഒന്നുമല്ല.

ക്രൈസ്തവത- ഒരു അനാര്യൻ മ്ലേച്ഛമതം (outcaste religion)

നിച്ചേയുടെ കാഴ്ചപ്പാടിൽ അധികാരമെന്ന അനുഭവത്തെ ആര്യൻ മതം ദിവ്യവത്കരിച്ചു. അതേസമയം വംശപ്രജനനത്തിന്റെയും സവിശേഷാധികാരത്തിന്റെയും ആര്യൻ ധാർമിക ആവേഗത്തെ നിരാകരിക്കുകയാണ് ക്രിസ്തുമതം ചെയ്തത്. ‘‘ജീവഘടകങ്ങളുടെ തുടർച്ചയിൽ മനുഷ്യന്റെ തുടർച്ചയായി എന്തുവരും എന്ന പ്രശ്‌നമല്ല (മനുഷ്യനാണ് അവസാനത്തേത്) ഞാൻ ഉന്നയിക്കുന്നത്. ഏതുതരം മനുഷ്യരെ പ്രജനനം നടത്തി വളർത്താമെന്നതും ഉദാത്തമായ മൂല്യത്തിനുവേണ്ടി ഇച്ഛിക്കപ്പെടാമെന്നതുമാണ് ഞാനുന്നയിക്കുന്ന പ്രശ്‌നം.

പഴയകാലത്തുപോലും പലപ്പോഴായി ഉദാത്തമായ ജീവിവംശങ്ങൾ കടന്നുവന്നിട്ടുണ്ട്- പക്ഷെ ഭാഗ്യത്താൽ ഒരു യാദൃശ്ചികതയായിട്ടാണ് അത് സംഭവിച്ചത്. അതായത് ഒരു ആക്ഷേപമായി, ഇച്ഛിച്ചതിന്റെ ഫലമായിട്ടല്ല. എന്നാൽ ഇതിന് വ്യത്യസ്തമായി ഒരു തരത്തിൽ ഇച്ഛിക്കപ്പെടുകയും പ്രജനനം നടത്തിവളർത്തപ്പെടുകയും നേടിയെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്-വളർത്തുമൃഗങ്ങൾ, അഥവാ കാലിക്കൂട്ടങ്ങൾ അഥവാ രോഗികളായ മനുഷ്യമൃഗങ്ങൾ അഥവാ ക്രിസ്ത്യാനികൾ.''

നിച്ചേയുടെ കാഴ്ചപ്പാടിൽ എല്ലാ തരക്കാരും ദൈവത്തിനുമുമ്പിൽ സമന്മാരാകുന്നതിനേക്കാൾ അപകടകരമായി മറ്റൊന്നുമില്ല. തിരഞ്ഞെടുപ്പിന്റെ എതിർപ്രമാണമെന്ന നിലക്ക് ക്രിസ്തുമതം അങ്ങേയറ്റത്തെ അനാര്യൻ മതമായി മാറി

ക്രൈസ്തവതയിൽ ഒരിക്കലും പരിത്യജിക്കാനാവാത്തവണ്ണം വ്യക്തിക്ക് പ്രാധാന്യം വന്നു. നിച്ചേയുടെ കാഴ്ചപ്പാടിൽ എല്ലാ തരക്കാരും ദൈവത്തിനുമുമ്പിൽ സമന്മാരാകുന്നതിനേക്കാൾ അപകടകരമായി മറ്റൊന്നുമില്ല. തിരഞ്ഞെടുപ്പിന്റെ എതിർപ്രമാണമെന്ന നിലക്ക് ക്രിസ്തുമതം അങ്ങേയറ്റത്തെ അനാര്യൻ മതമായി മാറി. അത് ആര്യൻ മൂല്യങ്ങളുടെ തലകീഴായ മറിച്ചിലും ചണ്ഡാലമൂല്യങ്ങളുടെ വിജയവുമാണ്. ക്രിസ്തുമതം വന്നതോടെ യജമാനൻമാരെ സാമാന്യജനം കീഴ്‌പെടുത്തി. അവരുടെ വിജയത്തെത്തുടർന്ന് രക്തം വിഷമയമായി. പാവപ്പെട്ടവന്റെയും, അടിച്ചമർത്തപ്പെട്ടവന്റെയും, നിന്ദ്യന്റെയും, ദുർമേദസ് വന്നവന്റെയും മതമെന്ന നിലക്ക് ജനകീയമായ യഹൂദ ക്രൈസ്തവത വംശത്തെ തോൽപിച്ചുകളഞ്ഞു. സ്‌നേഹത്തിന്റെ മതമെന്ന പ്രശ്ചന്നവേഷത്തിലാണ് നിലനിൽക്കുന്നതെങ്കിലും ക്രിസ്തുമതം ചണ്ഡാളന്റെ പ്രതികാരം മാത്രമാണ്. ഉദാത്തമായ മനുഷ്യവംശത്തിന്റെ ആവിർഭാവത്തെ സംജാതമാക്കുന്നതിനാവശ്യമായ അടിമവത്കരണത്തെ അത് നിഷേധിച്ചു.

നിച്ചേയുടെ കാഴ്ചപ്പാടിൽ എല്ലാ തരക്കാരും ദൈവത്തിനുമുമ്പിൽ സമന്മാരാകുന്നതിനേക്കാൾ അപകടകരമായി മറ്റൊന്നുമില്ല. / Photo:  Sermon on the Mount by Carl Bloch via Wikimedia Commons
നിച്ചേയുടെ കാഴ്ചപ്പാടിൽ എല്ലാ തരക്കാരും ദൈവത്തിനുമുമ്പിൽ സമന്മാരാകുന്നതിനേക്കാൾ അപകടകരമായി മറ്റൊന്നുമില്ല. / Photo: Sermon on the Mount by Carl Bloch via Wikimedia Commons

ക്രൈസ്തവതയ്ക്ക് ചണ്ഡാലമതമായി പ്രവർത്തിക്കണമെങ്കിൽ ചണ്ഡാലജനങ്ങൾക്കിടയിൽ അത് ഉദയം ചെയ്തിട്ടുണ്ടാകണം. നിച്ചേയുടെ അഭിപ്രായത്തിൽ ഹിന്ദുക്കളെ ഒരുകാലത്ത് സേവിച്ചിരുന്ന ചണ്ഡാലൻമാരായിരുന്നു ജൂതൻമാർ. അക്കാലത്താണ് അടിമകളും വെറുക്കപ്പെട്ടവരുമായ അവരുടെ വംശത്തിന് വേരുകളുണ്ടായത്. പിന്നീട് ചണ്ഡാലവംശജരായ ജൂതൻമാർ ഭൂമി പിടിച്ചടക്കുകയും ദൈവങ്ങളെ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് ക്രമേണെ സ്വയം മഹിതരായി.

എങ്ങനെ പുരോഹിതരെ യജമാനൻമാരാക്കാമെന്നും ജനങ്ങളെ എങ്ങിനെ സംഘടിപ്പിക്കാമെന്നും അവർ അവരുടെ ഇന്ത്യൻ ഭരണാധികാരികളിൽ നിന്ന് പഠിച്ചെടുത്തു. ചണ്ഡാലന്റെ വെറുപ്പ് ആദ്യം രൂപപ്പെടുന്നത് ജൂതന്റെ രൂപത്തിലാണ്. അതായത് ജൂതൻമാർ അവരുടെ ചണ്ഡാലപദവി തിരിച്ചറിയുകയും, അത് വാരിപ്പുണരുകയും അവരുടെ നേട്ടത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്തു. കുലീനതയ്ക്കും ഉത്തുംഗതയ്ക്കും അഭിമാനബോധത്തിനും എതിരായ അവരുടെ ശത്രുത സ്വന്തം മതത്തിലേക്ക് അവർ വിളക്കിച്ചേർത്തു. അധികാരികൾക്കും ഭരണവർഗത്തിനും എതിരായ അവരുടെ വെറുപ്പുകളെ അവർ സ്ഥാപനവത്കരിച്ചു. അവരുടെ വിപ്ലവം ഉണ്ടാക്കിയെടുത്തത് ഒരു ചണ്ഡാലമതമാണ് അഥവാ ക്രൈസ്തവതയാണ്. അപ്പോഴാണ് ജൂത പുരോഹിതവർഗം സവിശേഷാധികാരമുള്ള പ്രഭുവാഴ്ചക്കാരാകുകയും എടുത്തെറിയപ്പെടുകയും ചെയ്തത്.

ക്രിസ്തുവിന്റെത് ആത്യന്തികമായ ഒരു ചണ്ഡാലരൂപമായിരുന്നു. വിമോചിതനാകാനായി അദ്ദേഹം യഹൂദപുരോഹിതൻമാരെ എതിർത്തു. നിച്ചേയുടെ വാദഗതിയുടെ അരികുകൾക്കും ആകൃതിക്കും എത്രതന്നെ പുതുമ അവകാശപ്പെടാനായാലും യൂറോപ്യൻ ചിന്തയിലെ ആര്യനെ സംബന്ധിച്ച നിരവധി ചർച്ചകളെ സ്വാധീനിക്കുന്ന ചിരപരിചതമായൊരു തന്ത്രത്തെ അത് എടുത്തുകാട്ടുന്നുണ്ട്. അതിന്റെ സന്ദേശത്തിന് ജ്ഞാനോദയകാലത്തോളം പഴക്കമുണ്ട്. മതപരമായ പ്രാമുഖ്യത്തിൽ നിന്ന് ജൂതമതവിശ്വാസത്തെ നിഷ്‌കാസനം ചെയ്യുക എന്നതാണത്.

ജൂതനും ആര്യനും

നിച്ചേയുടെ ആര്യൻ ബ്രാഹ്മണൻമാർ അക്ഷരാർത്ഥത്തിലും പ്രതീകാത്മകമായും കർമനിരതരായപ്പോഴും അദ്ദേഹമവരെ ജർമൻകാരോട് താദാത്മ്യപ്പെടുത്തുകയോ ജൂതൻമാരുടെ പ്രതിസ്ഥാനത്ത് നിർത്തുകയോ ഉണ്ടായില്ല എന്നത് പ്രസക്തമാണ്. വാസ്തവത്തിൽ അദ്ദേഹം വിഭാവനം ചെയ്യുന്ന ഭാവിയിലെ യജമാനവർഗത്തെ പോറ്റിവളർത്തേണ്ടത് അന്താരാഷ്ട്രവംശ യൂണിയനുകളിൽ നിന്നാണ്. വാഗ്‌നർകാലത്ത് നിച്ചക്ക് ചെറിയൊരു ഇഷ്ടമുണ്ടായിരുന്ന സെമിറ്റിക് വിരുദ്ധത അദ്ദേഹം കുറേക്കാലമായി കയ്യൊഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാദഗതികൾ പ്രാഥമികമായി ദൈവശാസ്ത്രപരമാണ്. രണ്ടാമതായി മാത്രമേ അത് വംശീയമാകുന്നുള്ളൂ.

നഷ്ടപ്പെട്ട വേദം കണ്ടെടുത്തുകൊണ്ട് വോൾടയർ കാട്ടിത്തന്ന കാര്യമാണ് മനുവിനെ വായിച്ചുകൊണ്ട് നീച്ചേ തെളിയിക്കാൻ ശ്രമിച്ചത്

ജർമനിയിലെ സെമറ്റിക് വിരുദ്ധരെ അദ്ദേഹം ഭർത്സിച്ചു; അവരെ നാട്ടിൽ നിന്ന് പുറത്താക്കണമെന്ന് അദ്ദേഹത്തിന് തോന്നുകയും ചെയ്തു. നാടിനടുത്തായി പരാഗ്വെയിലുള്ള തന്റെ സഹോദരിയുടെയും അളിയന്റെയും സെമറ്റിക് വിരുദ്ധമായ കൊളോണിയൽ ഇടപെടലുകളെയും വംശശുദ്ധിയുള്ള ഒരു നവ ജർമനി രൂപീകരിക്കാനുള്ള ശ്രമങ്ങളെയും അദ്ദേഹം പരിഹസിച്ചു. സെമറ്റിക് വിരുദ്ധരായ ജർമൻ വെറിവിഭാഗങ്ങൾക്ക് വിരുദ്ധമായി നിച്ച യൂറോപ്പിലെ വംശീയമായി ശക്തരും ശുദ്ധരുമായ വിഭാഗമായി ജൂതൻമാരെ കണ്ടു. സെമറ്റിക് വംശം ആര്യൻമാരുമായി കൂടിക്കലർന്നപ്പോൾ സവിശേഷമായി പ്രയോജനമുള്ള ഒരു സങ്കരവർഗം ഉണ്ടായി എന്നദ്ദേഹം പറഞ്ഞു. ജർമൻ ആത്മാവിന്റെ ഏറെ പ്രശംസിക്കപ്പെട്ട സംശുദ്ധത സ്‌ളാവ്, കെൽറ്റ്, ജൂതൻ എന്നിവരുടെ മിശ്രിതമാണ് എന്നദ്ദേഹം അവകാശപ്പെട്ടു. താൽപര്യമുണ്ടായിരുന്നെങ്കിൽ ജൂതൻമാർക്ക് യൂറോപ്പ് കീഴടക്കാമായിരുന്നു എന്നും അദ്ദേഹം കരുതി. പക്ഷെ അവരുടെ മുൻഗണന ഒരു ജന്മനാട് കണ്ടെത്തുന്നതിലായിരുന്നു. അവരുടെ ന്യായമായ അന്വേഷണത്തെ പരിഗണിച്ച് അവർക്ക് ഇടം നൽകാൻ നിച്ച യൂറോപ്പിനോട് ആഹ്വാനം ചെയ്തു. ജൂതൻമാർക്കെതിരെ വളർന്നുവരുന്ന അക്രമണങ്ങളെ അദ്ദേഹം ഭയന്നു. അതായത് സമകാലീനരായ ജൂതന്മാരെയും പഴയപുസ്തകത്തിലെ പ്രവാചകൻമാരെയും അദ്ദേഹം ആദരിച്ചു. യഹൂദമതത്തിലെ പൗരോഹിത്യപരമായ പ്രവാചകശ്രേണിയെയാണ് അദ്ദേഹം വെറുത്തത്.

കൊല്ലാനായി തിരഞ്ഞെടുത്ത ജൂത സ്ത്രീകളേയും കുട്ടികളെയും ഗ്യാസ് ചേമ്പറിലേക്ക് കൊണ്ടുപോവുന്നു. / Photo: United States Holocaust Memorial Museum
കൊല്ലാനായി തിരഞ്ഞെടുത്ത ജൂത സ്ത്രീകളേയും കുട്ടികളെയും ഗ്യാസ് ചേമ്പറിലേക്ക് കൊണ്ടുപോവുന്നു. / Photo: United States Holocaust Memorial Museum

മറ്റൊരു വാക്കിൽ പറഞ്ഞാൽ ഭീഷണി നേരിടുന്ന സ്വാശ്രയരും അപങ്കിലരുമായ ന്യൂനപക്ഷമെന്നനിലക്ക് ആധുനിക ജൂതനോടുള്ള നീച്ചേയുടെ അനുതാപം പുരോഹിതമായ ബാഹ്യാചാരങ്ങളിൽ നിലനിൽക്കുകയും ക്രസ്തുമതത്തെ ഉത്പാദിപ്പിക്കുകയും ചെയ്ത യഹൂദമതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലിനെ സ്വാധീനിച്ചില്ല. ജൂതായിസത്തിന്റെ പിൻതലമുറയുടെ നിരയാണ് പ്രശ്‌നം. ക്രിസ്തുമതത്തെ ഉത്പാദിപ്പിച്ചതിൽ പ്രവാചക ജൂദായിസം വഹിച്ച പങ്ക് കാരണമാണ് അദ്ദേഹമതിനെ അപലപിച്ചത്. അദ്ദേഹത്തിന്റെ യുക്തിയുടെ മുനമ്പ് ആര്യൻമാരുടെ അനുകർത്താക്കൾ എന്ന നിലക്ക് ജൂതൻമാരെ തുറന്നുകാട്ടുക എന്നതായിരുന്നു. യൂറോപ്പിന്റെ ഉത്ഭവത്തെ നിർമിച്ചവരായി അവർ കടന്നുവരരുത്.

ഇങ്ങനെ ചിന്തിച്ച ആദ്യത്തെ ആളൊന്നുമല്ല നീച്ചേ എന്നത് നാം കണ്ടു. നഷ്ടപ്പെട്ട വേദം കണ്ടെടുത്തുകൊണ്ട് വോൾടയർ കാട്ടിത്തന്ന കാര്യമാണ് മനുവിനെ വായിച്ചുകൊണ്ട് നീച്ചേ തെളിയിക്കാൻ ശ്രമിച്ചത്- കേവലം ഏജന്റുമാരും, മധ്യവർത്തികളും, ദൂതൻമാരുമാണ് (mediators) ജൂതൻമാർ: അവരൊന്നും കണ്ടുപിടിക്കുന്നില്ല. ആര്യൻമാർ ക്രിയാത്മകത ഉള്ളവരാണെങ്കിൽ ജൂതൻമാർ അങ്ങിനെയല്ല. തത്വദാർശനികരും, റൊമാന്റിക്കുകളും നിച്ചേയും ആര്യൻ കൃതികളുടെ ആധികാരികതയെ ആവാഹിച്ചുകൊണ്ട് അവരുടെയെല്ലാം വിവാദപ്രസ്താവനകൾക്ക് ന്യായം കണ്ടെത്തുകയുണ്ടായി. വോൾടയറും കൂട്ടരും വെളിപാടിന്റെ പൊള്ളത്തരം തുറന്നുകാട്ടാനായി വൈദികവെളിപാടിനെ ആശ്രയിച്ചു. നീച്ചേയാകട്ടെ ആര്യൻ നിയമത്തിന്റെ ആധികാരികതയെയാണ് അവലംബിച്ചത്. കാരണം പള്ളിയുടെയും പട്ടക്കാരന്റെയും ആധികാരികതയെ അദ്ദേഹത്തിന്റെ തത്വശാസ്ത്രം അർത്ഥശൂന്യമാക്കിയുരുന്നു. ദൈവത്തിന്റെ മരണത്തോടെ വേദത്തേക്കാൾ പാരമ്പര്യമാകും കൂടുതൽ കനപ്പെട്ടത് എന്നതാണ് അതിന്റെ ലോജിക്ക്.

ദൈവിക വെളിപാടിനപ്പുറം ആര്യൻമാർ മനുഷ്യനിയമത്തിലൂടെ ധാർമികതയെ ക്രമീകരിച്ചത് വളരെ പ്രസക്തമാണെന്ന് നീച്ചേ കണ്ടു. മനുവിനെപ്പോലെ ഒരു നിയമപുസ്തകം സൃഷ്ടിച്ചിട്ട് അതിനെ പരമമായ ആധികാരികത കൊണ്ട് പ്രശോഭിപ്പിച്ച ആര്യൻമാർ യജമാനൻമാരും സമ്പൂർണ്ണരുമാകാനുള്ള അവകാശം തങ്ങൾക്കായി നേടിയെടുക്കുവാനുള്ള ഇച്ഛാശക്തി നിലനിർത്തി. സത്യത്തിൽ നീച്ചേ അവരെ യജമാനവംശമായിട്ടാണ് കണ്ടത്. പരീക്ഷണങ്ങളിലൂടെ അവർ അവരുടെ ജീവിതരീതി സമ്പൂർണ്ണമാക്കി. ആര്യൻ നിയമത്തെ നിയന്ത്രിക്കുന്ന പരമാംശമായ ജാതിവ്യവസ്ഥ പ്രകൃതിയുടെ ക്രമത്തെ നിയമവിധേയമാക്കുന്ന പ്രകൃതിനിയമമായി നിലവിൽ വന്നു. അതിന് തോന്നിയതുപോലെ ചെയ്യാനുള്ള തന്നിഷ്ടമോ ആധുനിക ആശയങ്ങളുടെ സ്വാധീനമോ ഒന്നുമുണ്ടായില്ല.

‘‘അതിശക്തരായ മനുഷ്യർ- അതിയായ ആത്മീയ സമ്പത്ത് കൈവന്നവർ -സന്തോഷം കണ്ടെത്തുമ്പോൾ മറ്റുള്ളവർ നാശമടയുന്നു. അറ്റമില്ലാത്ത വഴികളിൽ സ്വന്തത്തിനെതിരെയും അപരർക്കെതിരെയും കാർക്കശ്യത്തോടെ അവർ നിലകൊള്ളുന്നു. ആത്മാവിനെ കീഴ്‌പ്പെടുത്തുന്നതിലാണ് അവരുടെ ആനന്ദം. അവരുടെ പ്രകൃതിയിൽ, ആവശ്യത്തിൽ, ജന്മവാസനയിൽ സംന്യാസം ഉൾച്ചേർന്നിരിക്കുന്നു. ബുദ്ധിമുട്ടുള്ള പണികൾ ജന്മാവകാശമായി അവർ ഏറ്റെടുക്കുന്നു. മറ്റുള്ളവരെ തകർത്തുകളയുന്ന ഭാരങ്ങൾ അവർക്ക് വിനോദമാണ്. അറിവ് സംന്യാസത്തിന്റെ ഒരു രൂപം മാത്രമാണ്. അത്യാദരണീയരാണവർ. അപ്പോഴും ആഹ്ലാദഭരിതരായി ദയാവായ്‌പോടെ നിലകൊള്ളുന്നതിന് അവർക്ക് പ്രതിബന്ധമൊന്നുമില്ല. അവർ ഭരിക്കുന്നത് അവർക്കാഗ്രഹമുണ്ടായതുകൊണ്ടല്ല; അവർ ഭരണകർത്താക്കൾ ആയതുകൊണ്ടാണ്. ആരുടെയും പിന്നിൽ നിൽക്കാനുള്ള സ്വാതന്ത്ര്യം അവർക്കില്ല. ജാതിയുടെ ക്രമം, പദവിയുടെ ക്രമം ജീവിതത്തിന്റെ ഉദാത്തമായ നിയമത്തെയാണ് രൂപീകരിക്കുന്നത്. മൂന്ന് വ്യത്യസ്തതരക്കാരുടെ അകൽച്ച സമൂഹത്തെ നിലനിർത്താൻ ആവശ്യമാണ്. അത്യുദാത്തമായ തരക്കാരെ സാധ്യമാക്കുന്നത് അതാണ്. എന്തെങ്കിലും അവകാശത്തിന്റെ നിലനിൽപിനായി അവകാശങ്ങളുടെ അസമത്വം ഒരു മുന്നുപാധിയാണ്. ഉയരത്തിലേക്ക് പോകുന്തോറും ജീവിതം കഠിനമാകുന്നു; ശൈത്യം അധികരിക്കുന്നു; ഉത്തരവാദിത്വം അധികരിക്കുന്നു. ഉയർന്ന സംസ്‌കാരം പിരമിഡാണ്. വിശാലമായ അടിയുറപ്പിൻമേൽ മാത്രമാണ് അത് നിലനിൽക്കുന്നത്. അതിന്റെ നിലനിൽപിനായി ശക്തമായ, ശക്തമായി കേന്ദ്രീകരിക്കപ്പെട്ട മധ്യമത്വം മുൻകൂട്ടി കാണേണ്ടതുണ്ട്.''

ആര്യൻമാരുടെ പദവിക്രമവുമായി താരതമ്യപ്പെടുത്തുമ്പോൾ ആധുനികമായ ധാർമികക്രമം നന്നേ പാപ്പരാണ്. വർഗങ്ങളുടെയും വംശങ്ങളുടെയും കൂടിക്കലരൽ മനുഷ്യരാശിയെ നിരപ്പാക്കുകയും മധ്യമവത്കരിക്കുകയും ചെയ്തു. മനുഷ്യൻ സ്വയമേവ നിലനിൽക്കുന്നവനാണ്. അവന് ഭാവിക്കുവേണ്ടിയുള്ള ഇച്ഛാശക്തിയും കുലീനതയുമാണ് ആവശ്യം. ‘ബോധാധിഷ്ഠിതമായ ഒരു പ്രജനനപ്രക്രിയ' മനു നിച്ചേക്ക് പകർന്നുനൽകി. യജമാനവംശത്തിന്റെ വികാസത്തിന്റെ അടിത്തറയായി അദ്ദേഹം കണ്ടത് ഈ പ്രജനനപ്രക്രിയ ആണ്.

മേലുദ്ധരിച്ച പ്രസ്താവനയിൽ മൂന്ന് ഉയർന്നജാതികളെ നിച്ചേ കൃത്യമായി വിവരിക്കുന്നുണ്ടെങ്കിലും താൻ വിഭാവനം ചെയ്ത പ്രജനനത്തിലൂടെ രൂപപ്പെടുത്തേണ്ട ഭാവിക്ക് വേണ്ടിയുള്ള മനുഷ്യന്റെ ഭാഗികമായ മാതൃകമാത്രമായി അദ്ദേഹം ബ്രാഹ്മണനെ കണ്ടു. ബ്രാഹ്മണൻ ഉദാത്തമായ തരക്കാരനാണ്, ചണ്ഡാലന്റെ വേർവിപരീതം. ശക്തി, കർത്തവ്യം, അധികാരം, ക്രമം എന്നീ അമൂർത്ത ആര്യൻ മൂല്യങ്ങളെ ആശ്ലേഷിച്ചവരായി നിച്ചേ ബ്രാഹ്മണരെ കണ്ടു. ‘‘അവരുടെ സംന്യാസമെന്നാൽ ഭക്ഷണത്തിലും ലൈംഗികവൃത്തിയിലുമുള്ള മിതത്വമാണ്. സമ്പത്തിനോടും ലൗകീകഅധികാരത്തോടുമുള്ള അവരുടെ പുച്ഛം മറ്റുള്ളവരെ ഭരിക്കാൻ അവരെ പ്രാപ്തരാക്കി.'' ശരിയായ ബ്രാഹ്മണന് നിച്ചേ അധികരേച്ഛ നൽകി. ഇന്ദ്രിയങ്ങളിൽ നിന്ന് മുക്തരാണ് ബ്രാഹ്മണർ എന്ന് നിച്ചേ അവകാശപ്പെട്ടു. അതുകൊണ്ട് അവർക്ക് അന്തസ്സ് ഉണ്ട്. എന്നാൽ കാട്ടാളൻ അങ്ങിനെയല്ല. അവന് ശുദ്ധിയില്ല. നമ്മുടെ കണക്കുകൂട്ടലുകൾക്കപ്പുറത്തുള്ള ഒരു വന്യജീവയാണവൻ. ബ്രാഹ്മണൻ അവന്റെ വന്യജീവികൾക്കിടയിൽ ഭീതിപരത്തിക്കൊണ്ട് അവരെ മെരുക്കുന്നു.

മനുവിന്റെ പ്രജനനസംവിധാനം ഫലപ്രാപ്തിയിലെത്തണമെങ്കിൽ അതിനെ ആളുകൾ ഭയക്കണമെന്ന യാഥാർത്ഥ്യം നീച്ചേ അംഗീകരിച്ചു. കേവലമായ ശുദ്ധീകരണരീതികൾ അതിന് അപര്യാപ്തമാണ്. നന്മനിറഞ്ഞവരെയും വംശത്തിൽ പെടുന്ന ജനങ്ങളെയും ചണ്ഡാളവംശത്തിൽ നിന്ന് വേർതിരിക്കണമെങ്കിൽ അതികഠിനമായ നിയന്ത്രണങ്ങൾ ആവശ്യമാണ്. കണ്ണിനു പകരം കണ്ണെന്ന സങ്കൽപത്തെ മനു ഒരൽപം മാറ്റിപ്പറഞ്ഞത് ആര്യനെ കുറ്റവിമുക്തനാക്കുവാനും അവനെ മതപരമായി സ്വതന്ത്രനാക്കാനുമാണ്. ജാതിയുടെ പ്രജനനനിയന്ത്രണങ്ങൾ പുനർസ്ഥാപിക്കുമ്പോൾ ആര്യൻ മനുഷ്യവംശം അതിന്റെ സംശുദ്ധമായ പ്രാഗ്‌നരൂപത്തിൽ ആധുനികമനുഷ്യനുവേണ്ടി നിലവിൽ വരുമെന്ന് നീച്ചേ അവകാശപ്പെട്ടു. ഈ വംശനിർദ്ധാരണ ആശയത്തിന്റെ അനന്തരഫലങ്ങൾ തീവ്രമായിരിക്കുമെന്ന് അംഗീകരിക്കാൻ അദ്ദേഹം മടികാട്ടിയില്ല. വാസ്തവത്തിൽ ശുദ്ധരക്തം എന്ന സങ്കൽപം നിരുപദ്രവകാരിയായ സങ്കൽപമാണെന്ന് മനു കാണിച്ചു തരുന്നു. അതിനുമപ്പുറം വെറുപ്പിനെ മതമായും പ്രതിഭാവിലാസമായും അത് ശാശ്വതവത്കരിക്കുന്നു.

തത്വശാസ്ത്രവിഭാഗങ്ങളെക്കുറിച്ചും തത്വശാസ്ത്രത്തെക്കുറിച്ചുമുള്ള പരമ്പരാഗത ചരിത്രവീക്ഷണം നിച്ചേയുടെ തത്വചിന്തയുടെ പ്രസക്തമായ അംശങ്ങളെ അവ്യക്തമാക്കിക്കളഞ്ഞു

നിച്ചേ മനുവിനെ തന്റെ കൃതിയിലേക്ക് ഉൾച്ചേർക്കുക മാത്രമല്ല ചെയ്തത്. ആര്യൻ ലോകത്തെ ക്രമപ്പെടുത്താൻ മനു കാണിച്ച കഠിനത അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. ഹിന്ദുനിയമദാതാവിന് നിച്ചേ നൽകിയ ശ്രദ്ധയും സ്തുതിയും കണക്കിലെടുത്താൽ മനു ബഹിർജാതികളെ കൈകാര്യം ചെയ്ത രീതി നിച്ചേ നിരാകരിച്ചു എന്ന കോഫ്മാന്റെ വാദം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. ഈ വിലയിരുത്തൽ മതി നിച്ചേയെ മാന്യതയിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള കോഫ്മാന്റെ ശ്രമം കേവലം ആശക്കുഴപ്പത്തിനും നിച്ചേയുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള തെറ്റായ വായനക്കുമപ്പുറം ഒന്നുമല്ല എന്ന വസ്തുത വെളിപ്പെടുത്താൻ. പ്രജനനം എന്ന മൃഗീയമായ ആശയത്തെ അതിമനുഷന്റെ അവിഭാജ്യഗുണമായും അവന്റെ വികാസത്തിന് ആവശ്യമായ ചരിത്രപരമായ അനിവാര്യതയായും നിച്ചേ സ്വീകരിച്ചിരുന്നു എന്നത് വ്യക്തമാണ്. എന്നാൽ ‘അനാര്യൻമാർക്കെതിരായ അക്രമത്തെ ന്യായീകരിക്കാൻ ഒരുനാൾ ഉന്നയിക്കാവുന്ന ശുദ്ധരക്തം എന്ന സങ്കൽപത്തിന് നിച്ചേ എതിരായിരുന്നു ' എന്ന് കോഫ്മാൻ പറയുമ്പോൾ തന്റെ വിഷയത്തെ അതിന്റെ സമീപകാലചരിത്രത്തിൽ നിന്ന് വേർപെടുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. നിച്ചേ പ്രജനനമെന്ന ആശയം മുന്നോട്ടുവെച്ചത് കോഫ്മാന് ചരിത്രപരമായി നിഷേധിക്കണമായിരുന്നു. ആദ്യം ആ പ്രമേയത്തെ നീച്ചേ ചർച്ച ചെയ്തതിനെ ലാഘവവത്കരിച്ചു. പിന്നെ നീച്ചേയുടെ കൃതികൾ സഹോദരി എലിസബത്ത് ഫോസ്റ്റർ നീച്ചേ നിർദയമായി എഡിറ്റ് ചെയ്തു എന്ന് പൊലിപ്പിച്ചുപറഞ്ഞു. നിച്ചേ പ്രജനനം ഒരു പ്രമേയമായി ഉന്നയിച്ചിട്ടില്ല എന്നുപറഞ്ഞ കോഫ്മാൻ പ്രജനനസംബന്ധമായ നിച്ചേയുടെ ‘ശക്തമായ ആശങ്ക പ്ലാറ്റോവിൽ നിന്ന് കിട്ടിയതാണെന്ന്' വാദിച്ചു.

ഇവിടെ കോഫ്മാന്റെ രണ്ട് ഉപായങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഒന്ന്, നാത്സികൾ നടത്തിയ വംശോന്മൂലനത്തിന്റെ ഉത്തരവാദിത്വം നിച്ചേയുടെ തലയിൽ കെട്ടിയിടരുത്. അത്ര വ്യക്തമല്ലാത്ത രണ്ടാമത്തെ കാര്യം യൂറോപ്പ്യൻ ചിന്തകരുടെ മുൻനിരയിലേക്ക് നിച്ചേയെ ഉയർത്തുന്നതിന് ആ ജർമൻ ചിന്തകനുമേൽ പാശ്ചാത്യേതരമായ സ്വാധീമുണ്ടാവാനുള്ള സാധ്യതയെ കോഫ്മാന് നിരാകരിക്കണം. വിൽഹെം ഹാബ്ഫാസ് വെളിപ്പെടുത്തിയതുപോലെ ഇന്ത്യൻ തത്വശാസ്ത്രത്തെ നേരിടുന്നതിൽ കാണിച്ച ചരിത്രപരമായ വൈമനസ്യമാണ് തത്വശാസ്ത്രത്തിന്റെ സ്ഥാപനവ്യവഹാരത്തിൽ യൂറോകേന്ദ്രീകരണത്തിന് വഴിയൊരുക്കിയത്. യൂറോപ്യന്റെ തജ്ജന്യമായ തത്വശാസ്ത്ര ചരിത്രസന്ദർഭത്തിൽ നിന്ന് ഇന്ത്യയെ മാറ്റിനിർത്തി. പരമ്പരാഗതമായി, പിന്നെ ഹെഗൽ നൽകിയ പ്രചോദനത്തിന്റെ ഫലമായും, വൈദഗ്ദ്യമായ അക്കാദമിക് വിജ്ഞാനശാഖയുടെ സൂക്ഷിപ്പുകാർക്ക് യഥാർഥ തത്വചിന്തയുടെ മണ്ഡലത്തിൽ ഇന്ത്യക്ക് സ്ഥാനം നൽകുന്നതിൽ വൈമുഖ്യം ഉണ്ടായിരുന്നു. തത്വശാസ്ത്രവിഭാഗങ്ങളെക്കുറിച്ചും തത്വശാസ്ത്രത്തെക്കുറിച്ചുമുള്ള പരമ്പരാഗത ചരിത്രവീക്ഷണം നിച്ചേയുടെ തത്വചിന്തയുടെ പ്രസക്തമായ അംശങ്ങളെ അവ്യക്തമാക്കിക്കളഞ്ഞു. ഇന്ത്യ, വ്യക്തമായിപ്പറഞ്ഞാൽ മനു, അതിമനുഷൻ എന്ന ആശയത്തെ നിർദേശിച്ചിരുന്നു എന്നതാണത്.

ഉപസംഹാരം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യഘട്ടം വരെ തത്വശാസ്ത്രത്തിന്റെ അക്കാദമികമണ്ഡലത്തിലും, വംശശാസ്ത്രം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം, തലയോട്ടി ശാസ്ത്രം തുടങ്ങിയ ശാസ്ത്രീയമേഖലകളിലും പടിഞ്ഞാറ്പരിമിതപ്പെട്ടിരുന്നു. എന്നാൽ വൈദിക ആര്യനുവേണ്ടിയുള്ള മാക്‌സ് മുള്ളറുടെ ആവേശപൂർവ്വമായ പൊതുജനസമ്പർക്ക പരിപാടികൾ ആര്യൻമാരെ പൊതുമണ്ഡലത്തിലെത്തിച്ചു. അങ്ങിനെ സ്ഥാപനത്തിന്റെ ചട്ടക്കൂടിനുവെളിയിൽ പ്രവർത്തിക്കുന്ന പുതുതലമുറയിൽപ്പെട്ട തത്വചിന്തകൻമാർ ആര്യൻമാരെക്കുറിച്ചുള്ള ജനപ്രിയമായ സിദ്ധാന്തങ്ങൾ വികസിപ്പിക്കാൻ തുടങ്ങി. ആര്യൻ വ്യവഹാരം വൈദികസ്രോതസുകളെയും, ഇൻഡോളജി പണ്ഡിതൻമാരെയും, കാനോനികമായ സംസ്‌കൃത കൃതികളുടെ പരിഭാഷകളെയും മൃദുലമായിട്ടാണ് ആസ്പദിച്ചത്. അവയുടെ പദവിയോ പൗരാണികതയോ തീരെ പരിഗണിച്ചതുമില്ല. ഈ സാഹചര്യത്തിൽ വേണം നിച്ചേയുടെ ഇന്ത്യൻ തത്വചിന്താവായനയെ നോക്കിക്കാണാൻ.

കോഴിക്കോട്​ അദർ ബുക്​സ്​ പ്രസിദ്ധീകരിച്ച ‘ആര്യൻ ജൂതൻ ബ്രാഹ്​മണൻ: സ്വത്വത്തി​ന്റെ മിത്തുകളിലൂടെ അധികാര സിദ്ധാന്തങ്ങളുടെ പൊളിച്ചെഴുത്ത്​’ - പുസ്തകത്തിൻറെ കവർ
കോഴിക്കോട്​ അദർ ബുക്​സ്​ പ്രസിദ്ധീകരിച്ച ‘ആര്യൻ ജൂതൻ ബ്രാഹ്​മണൻ: സ്വത്വത്തി​ന്റെ മിത്തുകളിലൂടെ അധികാര സിദ്ധാന്തങ്ങളുടെ പൊളിച്ചെഴുത്ത്​’ - പുസ്തകത്തിൻറെ കവർ

പിൽക്കാല കൃതികളിലാണ് നിച്ചേയുടെ മനു വ്യാഖ്യാനം കാണാനാവുക. എങ്കിലും ജീവിതത്തോളം പഴക്കമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യാ താത്പര്യങ്ങൾ. ഇന്ത്യയിലെ ഭാവഗാനങ്ങളെക്കുറിച്ച് ഒരു ആയുഷ്‌കാലം മുഴുവൻ ചിന്തിച്ച ഗെർടെയെപ്പോലെയും മരണക്കിടക്കയിൽ വെച്ച് നാൽപത് വർഷം താൻ മുഴുകിയിരുന്ന ബുദ്ധമതത്തെക്കുറിച്ചുള്ള ഓപ്പറ എഴുതി മുഴുവനാക്കാൻ പറ്റാത്തതിനെപ്പറ്റി വിലപിച്ച വേഗ്‌നറെപ്പോലെയും നിച്ചേയുടെ ഇന്ത്യൻ ചിന്ത അതെപ്പറ്റി അദ്ദേഹം പറയാൻ തുടങ്ങും മുമ്പ് പൂർണതയിലെത്തിയിരുന്നു. വേഗ്‌നറെപ്പോലെ അദ്ദേഹത്തിന് പറയാൻ വേണ്ടത്ര സമയം ലഭിച്ചില്ല.

ആനുഷംഗീകമായി പറയട്ടെ, പരദേശിപ്രണയത്തിന്റെ വശ്യതയിൽ ഏറിയ പങ്കും കിടക്കുന്നത് അതിന്റെ മനസ്സിലാകായ്കയിലാണ്. ഒന്നുകിൽ തന്റെ ഇന്ത്യാചിന്തകൾ പൂർണമായി വികസിപ്പിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് മാനസികാഘാതം വന്നിട്ടുണ്ടാകാം. അല്ലെങ്കിൽ നമ്മുടെ പക്കലുള്ളത് ഇന്ത്യയെ സംബന്ധിച്ച് അദ്ദേഹത്തിന് പ്രസക്തമായി തോന്നിയ ഒരു ഭാഗം മാത്രമായിരിക്കാം. എന്നാൽ ആര്യൻ വംശത്തെക്കുറിച്ചുള്ള തന്റെ ഭാവനാത്മകമായ ആഖ്യാനത്തിന്റെ സ്രോതസായി നിച്ചേ മനുവിനെ ഊന്നിപ്പറഞ്ഞു എന്നതാണ് രസകരമായ കാര്യം. മുള്ളറുടെ ബൃഹത്തായ ഋഗ്വേദവാഖ്യാനത്തിനും തനിക്ക് ലഭ്യമായ സംസ്‌കൃതത്തിലെ പ്രമാണ കൃതികൾക്കുമപ്പുറം നിച്ചേ മനുവിന് പ്രാമുഖ്യം നൽകി. സംസ്‌കാരിക അപചയത്തെ പരിഹരിക്കാനുള്ള ഒരേയൊരു തിരുത്തൽ ശക്തി മനു മാത്രമാണ്. ആര്യൻലോകവീക്ഷണത്തിന്റെ ഗ്രന്ഥസ്രോതസായി മനുവിനെ സ്ഥാപിച്ചുകൊണ്ട് നിച്ചേ ഒരു വൈദികപ്രമാണത്തെ തിരിച്ചറിഞ്ഞു. പിൽക്കാലത്തുള്ള ജർമൻ വംശസൈദ്ധാന്തികർ അത് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിച്ചേയുടെ ഗ്രന്ഥ സ്രോതസ് അദ്ദേഹം വിഭാവനം ചെയ്ത ഒന്നായിത്തീരാതെപോയത് വൈപരീത്യമായിരിക്കാം.

നഷ്ടപ്പെട്ടുപോയ ആര്യൻ സുവർണകാലത്തെ മുന്നോട്ടുവെച്ച് കൊണ്ട് മതപരമായ സഹാനുഭൂതിയുടെ ഹാനികാരയായ അനന്തരഫലമായി ആ കാലത്തിന്റെ നഷ്ടത്തെ അദ്ദേഹം വിഭാവനം ചെയ്തു. ജനങ്ങളെ മൃദുവാക്കിക്കൊണ്ട് ക്രൈസ്തവത വംശത്തെ നശിപ്പിച്ചു. നീച്ചേയുടെ രൂപകങ്ങൾ സങ്കീർണമാണ്- ജൂതൻമാർ ആര്യൻവിരുദ്ധരായും ചണ്ഡാലൻ ബഹിഷ്‌കൃതജാതിയുമൊക്കെയായി പ്രത്യക്ഷപ്പെടുന്നു; യേശു ആത്യന്തിക ചണ്ഡാലനുമാണ്. ആര്യന്റേതിന് സമാനമായ മൂല്യങ്ങൾ അതിമനുഷന് നിച്ചേ കൽപിച്ചുകൊടുക്കുന്നു. ഓരോ സമയത്തും ജൂതൻമാർ നിയന്ത്രണാധീനരായിട്ടുണ്ട്- ഒന്നുകിൽ മതചരിത്രത്തിലെ പ്രാഥമികസ്ഥാനത്ത് നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടു, അല്ലെങ്കിൽ അസ്തിത്വപരമായ അസാംഗത്യത്തിലേക്ക് വകഞ്ഞുമാറ്റപ്പെട്ടു.

ജാതി, രക്തശുദ്ധി നിലനിർത്തുന്നതിൽ ജാതിവഹിച്ച പങ്ക് എന്നീ വിഷയങ്ങളുടെ മേൽ നിച്ചേ ആര്യൻ സംവാദത്തെ നിലനിർത്തി. വിവിധ ജനസമൂഹങ്ങളിൽ ആര്യൻ രക്തത്തിൽ വെള്ളം ചേർന്ന രീതിയിലാണ് അദ്ദേഹം ശ്രദ്ധയൂന്നിയത്. മനുവിന്റെ സ്വാധീനഫലമായി രക്തം പങ്കിലമാകുന്നതിൽ നിന്ന് രക്ഷപ്പെട്ട വിഭാഗമാണ് ആര്യൻ ബ്രാഹ്മണരെന്ന് നിച്ചേ കരുതി. ആദർശവത്കരിക്കപ്പെട്ട ആര്യൻ സവിശേഷതകൾ ബ്രാഹ്മണൻ ഉൾക്കൊണ്ടതായി നിച്ചേ പറഞ്ഞു. ആധുനിക ബ്രാഹ്മണ സ്വഭാവത്തിന്റെ ആദർശാത്മകമായ വിശകലനത്തിലേക്ക് ശക്തമായി കെട്ടിവരിഞ്ഞ ഒന്നാണ് നീച്ചേയുടെ ആര്യൻ വർണ്ണന. നിച്ചേയിൽ ആര്യൻ ബ്രാഹ്മണനുമായി ലയിച്ചുചേരുന്നു.

നിച്ചേയുടെ പരദേശപ്രണയത്തെക്കുറിച്ചുള്ള വിമർശനാത്മകമായ വായനകൾ വിജ്ഞാനപ്രദമാണ്. നിച്ചേയുടെ മനുവായനയെ വിലയിരുത്തുമ്പോൾ കോഫ്മാൻ ഒളിച്ചുകളിക്കുന്നതും മനസ്സിലാക്കി. നിച്ചേയിൽ അദ്ദേഹം അംഗീകരിക്കുന്ന ഒരേയൊരു ഉഭയസംസ്‌കാരബന്ധം ഗ്രീക്ക് ചിന്തയോടുള്ള അദ്ദേഹത്തിന്റെ കടപ്പാടാണ്. എന്നാൽ ഇന്ത്യൻ ചിന്തയോടുള്ള നിച്ചേയുടെ കടപ്പാടിനെ തള്ളിക്കളയുന്നതിലേക്ക് നയിച്ച ഘടകങ്ങൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. നാത്സികളുടെ വംശീയോന്മൂലനത്തിൽ നിന്ന് നിച്ചേയെ വേർതിരിക്കാനുള്ള ആഗ്രഹവും ഇന്ത്യൻ തത്വശാസ്ത്രത്തെ ഗൗരവത്തിലെടുക്കാനുള്ള താത്പര്യക്കുറവും.
തന്റെ സഹോദരന്റെ അധികാരേച്ഛ അദ്ദേഹത്തിന്റെ അവസാനത്തെ പ്രസ്താവനയായി മാറ്റാനുള്ള ആഗ്രഹത്തിൽ എലിസബത്ത് ഫോസ്റ്റർ നിച്ചേ ആദ്യം ഈ പ്രശ്‌നത്തെ സങ്കീർണ്ണമാക്കി. അവർ എഡിറ്റ് ചെയ്തുകൊണ്ടിരുന്ന കൃതിയുടെ ഒരെഡിഷനിൽ പ്രജനനപ്രമേയത്തെ ഘടനാപരമായ തത്വമായി ഉയർത്തുകയാണവർ ചെയ്തത്. എന്നാൽ നമ്മുടെ ചർച്ചയിൽ സഹോദരിയുടെ ദയാപൂർവ്വമായ സഹായത്തിനപ്പുറം നിച്ചേ തന്നെ ജാതിയെക്കുറിച്ചും പ്രജനനത്തെക്കുറിച്ചും തന്റെ കൃതിയുടെ അവസാനത്തെ എഡിഷനുകളിൽ പല സന്ദർഭങ്ങളായി പരസ്പരപ്പൊരുത്തമുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നുണ്ട്.

നാത്സികളുമായി ബന്ധമുണ്ടായിരുന്നു എന്ന ആരോപണത്തിൽ നിന്ന് നിച്ചേയെ രക്ഷിച്ചും തത്വദാർശനികരുടെ പൊതുസഭയിൽ പ്രതിഷ്ഠിച്ചും അദ്ദേഹത്തിന്റെ സ്ഥാനത്തെ സാധൂകരിച്ച് കാലമെത്ര കഴിഞ്ഞിരിക്കുന്നു. എന്നാൽ പാശ്ചാത്യ തത്വചിന്തയുടെ വികസനത്തിന് ഇന്ത്യ അർഹിക്കുന്നസ്ഥാനം നിഷേധിച്ചും കാലം കഴിഞ്ഞിരിക്കുന്നു. വിമർശനാത്മകമായി പറഞ്ഞാൽ നിച്ചേയെ കൈകാര്യം ചെയ്യാനുള്ള ആവശ്യം എല്ലാ സവിശേഷഗുണങ്ങളും എടുത്തുമാറ്റപ്പെട്ട ഒരു നിച്ചേനിർമിതി കൊണ്ട് പൂർത്തിയാകുകയില്ല. മറിച്ച് നേരെ ചൊവ്വെ അദ്ദേഹത്തെ നോക്കാനും എത്ര തന്നെ അരുചികരമായിരുന്നാലും അദ്ദേഹത്തിന്റെ കൃതികളുടെ എല്ലാ ഘടകങ്ങളും സ്വീകരിക്കാനുമുള്ള താത്പര്യം കൊണ്ടേ അത് പൂർത്തിയാകൂ. രാഷ്ട്രീയം നമ്മുടെ തെറ്റായ വായനകളെ നിയന്ത്രിക്കുന്നുണ്ട് എന്ന പാഠമാണ് നമുക്കിതിൽ നിന്ന് പഠിക്കാനുള്ളത്. ചരിത്രത്തിന്റെ ആദർശാത്മകമായ പുനരെഴുത്തിനെ സേവിക്കാനായി സാഹിത്യത്തെ വായിക്കുന്നതിൽ അപകടം പതിയിരിക്കുന്നുണ്ട്. ഒരു പ്രത്യേക നിഗമനത്തെ സാധൂകരിക്കാനോ നിരാകരിക്കാനോ സാഹിത്യത്തെ ഇഴകീറി പരിശോധിക്കാനോ ഖനനം ചെയ്‌തെടുക്കാനോ പാടില്ല. സ്ഥാപിതമായ സൈദ്ധാന്തിക തിരക്കഥകൾക്ക് ചേരുന്നവിധം അവയെ മാറ്റുകയും ചെയ്യരുത്. ഇത് സംഭവിക്കുമ്പോൾ വിമർശനം ബ്രാഹ്മണികമാകുന്നു. അക്കാദമിയുടെ അമ്പലങ്ങളിൽ പൗരോഹിത്യാധികാരം കയ്യാളുന്ന വായനക്കാരുടെ ജാതിശ്രേണിയെ അത് നിലനിർത്തുന്നു. ▮

കുറിപ്പുകൾ:
​1. സ്പറംഗ് പറയുന്നത് നീച്ചേയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം അദ്ദേഹത്തിന് പോൾ ഡ്യൂസണുമായുള്ള ഏറെക്കാലത്തെ സൗഹൃദമാണെന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്ത വേദാന്ത പണ്ഡിതനായിരുന്നു ഡ്യൂസൺ. എന്നാൽ നീച്ചേയുടെ ലൈബ്രറി, അദ്ദേഹത്തിന്റെയും സുഹൃത്തുക്കളുടെയും കത്തിടപാടുകൾ എന്നിവ പരിശോധിച്ച ഇതേ വിമർശകൻ നൽകുന്ന സൂചന നീച്ചേ ഇന്ത്യൻ തത്വശാസ്ത്രത്തെപ്പറ്റി അധികമൊന്നും വായിച്ചിട്ടില്ലെന്നും തന്റെ പരിചയക്കാരുമായി അതൊന്നും ചർച്ച ചെയ്തിട്ടേയില്ലെന്നുമാണ്. അക്കാലത്തെ ജർമൻ സംസ്‌കൃത നിഘണ്ടുക്കൾ ആര്യനെ നിർവചിക്കുന്നത് വ്യവസ്ഥാപിതമായ ഇംഗ്ലീഷ് നിഘണ്ടുക്കളുടെ ചുവടുപിടിച്ചാണ്. നീച്ചേയുടെ ഗരിമയുള്ള ഒരു ഭാഷാശാസ്ത്രജ്ഞൻ ആര്യനെക്കുറിച്ചുള്ള തന്റെ ധാരണ തെറ്റായ നിർവചനത്തിൽ ഊന്നുന്നത് വിരോധാഭാസമാണ്.
2. അക്കാലത്തെ ജർമൻ സംസ്‌കൃത നിഘണ്ടുക്കൾ ആര്യനെ നിർവചിക്കുന്നത് വ്യവസ്ഥാപിതമായ ഇംഗ്ലീഷ് നിഘണ്ടുക്കളുടെ ചുവടുപിടിച്ചാണ്. നീച്ചേയുടെ ഗരിമയുള്ള ഒരു ഭാഷാശാസ്ത്രജ്ഞൻ ആര്യനെക്കുറിച്ചുള്ള തന്റെ ധാരണ തെറ്റായ നിർവചനത്തിൽ ഊന്നുന്നത് വിരോധാഭാസമാണ്.
​3. ഞാൻ ആദ്യമായി ചിന്തിക്കുന്നത് മിലൻ കുന്ദേര തന്റെ Testaments Betrayed (Kundera 1996: 150)ൽ പറഞ്ഞ കാര്യമാണ്. അതുതന്നെ നിരവധി ഉത്തരഘടനാ വായനകളെക്കുറിച്ചും പറയാവുന്നതാണ്.
4. ഇതുസംബന്ധമായി റിച്ചഡ് ഷാറ്റ് എഴുതി: വാഗ്വിലാസത്തിന്റെ ധാരാളിത്തങ്ങൾ ഉപരിതലത്തിന് കറപിടിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്തു. പക്ഷെ അതിനപ്പുറത്തേക്ക് നോക്കിക്കാണാൻ നാം പഠിച്ചേ തീരൂ. ഈ വാഗ്വിലാസങ്ങളൊക്കെ ദൗർഭാഗ്യമായി കണ്ട് നാം അരിച്ചുകളയണം.
5. മനുവിന്റെ കാലഗണന ബ.സി. ഒന്നാം നൂറ്റാണ്ടിനും എ.ഡി. ഒന്നാം നൂറ്റാണ്ടിനുമിടയിലാണെന്ന് വിശ്വസിക്കപ്പെടുന്നു.
6. ഹിന്ദുജീവിതത്തിന്റെ നാലു ലക്ഷ്യങ്ങൾ; ധർമം (കടമ), അർത്ഥം (ഭൗതികനേട്ടം), കാമം (ലൈംഗിക പ്രണയം) മോക്ഷം (വിമോചനം).
​7. തൊട്ടടുത്ത വാചകത്തിൽ താൻ പറഞ്ഞ കാര്യം ജൂതൻമാരെപ്പോലെ ആരും ദൃഷ്ടാന്തവത്കരിച്ചിട്ടില്ലെന്ന് നീച്ചേ പറയുന്നു. ജൂതൻമാർ തങ്ങളുടെ ശത്രുവിന്റെ മൂല്യങ്ങൾ പ്രതികാരദാഹത്തോടെ സത്വരമായി പ്രാപഞ്ചികവത്കരിച്ചുകൊണ്ട് സംതൃപ്തരായി എന്ന് അദ്ദേഹം പറഞ്ഞു.
8. ചണ്ഡാല എന്ന വാക്കിന്റെ അർത്ഥങ്ങൾ- ജാതിഭൃഷ്ടൻ, സമൂഹത്തിലെ അടിത്തട്ടിൽ ജീവിക്കുന്നവൻ, വെറുക്കപ്പെട്ടവനും അകറ്റപ്പെടേണ്ടവനും, ബ്രാഹ്മണനായ മാതാവിനും ശുദ്രനായ പിതാവിനും ജനിച്ച സങ്കരജാതി (Monier Williams 1990: 383).9. മറ്റൊരിടത്ത് ജാതിഭൃഷ്ടൻ യൂറോപ്യൻ ചിന്തയിലും കലയിലും പ്രതീകാത്മകമായി ഉപയോഗിക്കപ്പട്ടിട്ടുള്ളതായി ഞാൻ ചർച്ച ചെയ്തിട്ടുണ്ട്. നീച്ചേയുടെ എഴുത്തിൽ ഈ രൂപകത്തിന്റെ പ്രാധാന്യത്തെ ഞാൻ പരാമർശിച്ചിട്ടുണ്ട് (Figueira 1994: 29-45).
10. മറ്റൊരിടത്ത് ജാതിഭൃഷ്ടൻ യൂറോപ്യൻ ചിന്തയിലും കലയിലും പ്രതീകാത്മകമായി ഉപയോഗിക്കപ്പട്ടിട്ടുള്ളതായി ഞാൻ ചർച്ച ചെയ്തിട്ടുണ്ട്. നീച്ചേയുടെ എഴുത്തിൽ ഈ രൂപകത്തിന്റെ പ്രാധാന്യത്തെ ഞാൻ പരാമർശിച്ചിട്ടുണ്ട് (Figueira 1994: 29-45).
11. അടിയുറച്ച ജാതിവ്യവസ്ഥയില്ലെങ്കിൽ ആത്മീയശക്തികൊണ്ട് യാതൊരു പ്രയോജനവുമില്ല (Will to Power 53).
12. വംശം (‘race') ജാതി (‘caste') എന്നിവയെ നീച്ചേ മാറിമാറി വ്യത്യാസമൊന്നുമില്ലാതെ ഉപയോഗിക്കുന്നു. അതുകൊണ്ട് നീച്ചേ പരാമർശിക്കുന്ന വംശങ്ങൾ ബ്രാഹ്മണർ (പുരോഹിതർ), ക്ഷത്രിയർ (യോദ്ധാക്കൾ), വൈശ്യർ (വ്യാപാരികൾ), ശൂദ്രർ (എന്നിവരാണ്).
13. നീച്ചേയുടെ ‘മനോഹരനായ സുന്ദരമൃഗം' ജർമനല്ല എന്ന് വാദിക്കാവുന്നതാണ്. അഞ്ചുതവണ ഈ വാക്ക് കടന്നുവരുന്നുണ്ട് (മൂന്നുപ്രാവശ്യം അദ്ദേഹത്തിന്റെ സദാചാരങ്ങളുടെ വംശപരമ്പരയുടെ ആദ്യഭാഗത്തും ഒരുതവണ രണ്ടാം ഭാഗത്തും പിന്നൊരു വട്ടം ‘വിഗ്രഹങ്ങളുടെ തൃസന്ധ്യയിലും' Twilight of the Idols). വംശപരമ്പരയിലെ ആദ്യപരാമർശത്തിൽ നീച്ചേ പറയുന്നത് റോമാക്കാർ ഹോമറിന്റെ കാലത്തെ ഗ്രീക്കുകാർ, അറബികൾ, ജപ്പാൻകാർ, വൈക്കിംഗ്‌സ് എന്നീ മഹിതവംശങ്ങളുടെ താഴെത്തട്ടിലാണ് സുന്ദരമൃഗം ഉള്ളത് (Genealogy of Morals, pt. 1, sec. 2). ട്യൂടോണുകളെപ്പറ്റി പരാമർശിക്കുമ്പോൾ ഇന്നത്തെ ജർമൻകാരല്ല, മറിച്ച് പഴയകാലത്തെ ട്യൂടോണുകളാണുദ്ദേശം (Santaniello 1994: 106). ഈ വാക്കുകൊണ്ട് നീച്ചേ കുലീനനായ സിംഹം എന്നാണുദ്ദേശിച്ചത് എന്ന് ഊഹിക്കുന്നു (Kaufmann 1974: 225). എന്നാൽ പൗരാണിക ആര്യൻമാരുടെ വെളുത്ത പ്രകൃതിയെ, വെളുത്ത മൃഗത്തെ പരാമർശിക്കുന്നതിന് ഏതാനും താളുകൾക്കുമുമ്പ് ചർച്ച ചെയ്യുന്നുണ്ട് എന്നതിനാൽ (Genealogy of Morals, pt. 1, sec. 2, cited in Detweiler 1990: 110), അർത്ഥസമ്പുഷ്ടമായ ഈ ചിഹ്നം നീച്ചേ (മനുവിലൂടെ) പൗരാണിക ആര്യനിൽ വായിക്കുകയും, അവരുടെ സാങ്കൽപിക പിൻഗാമികളിൽ പ്രതിബിംബവത്കരിക്കുകയും, അതിമനുഷനുവേണ്ടി വിഭാവനം ചെയ്യപ്പെടുകയും ചെയ്ത മൂല്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് മനസ്സിലാക്കലാണ് ഉചിതം. അദ്ദേഹത്തിന്റെ സദാചാരങ്ങളുടെ വംശപരമ്പരയിൽ ഈ സുന്ദരമൃഗം ആര്യനെയാണ് സൂചിപ്പിക്കുന്നത് എന്ന് നമുക്കോർക്കാം.
14. Antichrist 57: മാന്യനും, മിതവ്യശീലനും, സ്വന്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നവനുമായ അവൻ അശ്ലീലമായ അനുഭൂതികളിൽ അഭിരമിക്കുവാൻ ശൂദ്രനെ വിട്ടുകൊടുക്കുന്നു. രാഷ്ട്രീയത്തിന്റെ അരങ്ങിൽ പ്രൗഡമായി നടക്കാൻ ക്ഷത്രിയനെയും അനുവദിക്കുന്നു. എന്നാൽ അവന്റെ മുൻഗണന പ്രാപഞ്ചികക്രമത്തെ ഉറപ്പുവരുത്തുന്നതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയാണ്.
15. കാൻഡല എന്ന വാക്ക് (ചണ്ഡാല എന്ന് പരിഭാഷ) തുടർച്ചയായി നീച്ചേ ഉപയോഗിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയവാക്കായ കനൈൽ എന്നതിന്റെ മായികവിസ്മയലോകത്തെ പര്യായമാണത്. അദ്ദേഹം കാൻഡലയെ ഇങ്ങനെ നിർവചിച്ചു- മനുഷ്യനും മനുഷ്യനല്ലാത്തവനും തമ്മിലുള്ള അന്തരം (mischmasch-Menschen or Nicht-Zucht Menschen). ചണ്ഡാലനും ശുദ്രനം തമ്മിൽ മാറിപ്പോവരുത്. നീച്ചേ ശൂദ്രനെ സേവകവർഗം എന്നു നിർവചിച്ചു. ഇന്ത്യയിൽ ആര്യൻമാർ വന്നപ്പോൾ ആദിമാവസ്ഥയിലെ നിമ്‌നപദവിയിൽ നിലനിന്നവരാണ് ശുദ്രൻമാർ. നീച്ചേ പറയുന്നത് എല്ലാ ജാതികളിലും ജീർണത വന്ന ശാശ്വതമായ മലങ്ങളാണ് ചണ്ഡാളൻ എന്നാണ് (Nietzsche 1986:13.396-97).
16. വിഗ്രഹങ്ങളുടെ തൃസന്ധ്യയിൽ നിന്നുള്ള ഈ ഉദ്ധരണികൊണ്ട് കോഫ്മാൻ നിച്ചാ മനുവിനെ നിരാകരിച്ചു എന്ന് സങ്കൽപിച്ചുകൊണ്ട് അദ്ദേഹത്തെ പിന്തുണക്കുന്നു- ‘ഈ നിയന്ത്രണങ്ങളൊക്കെ പഠനാർഹമാണ്. അവയിൽ ഒരിക്കൽ കൂടി നാം പരിശുദ്ധവും പൗരാണികവുമായ ആര്യൻ മനുഷ്യരാശിയെ കണ്ടെത്തുന്നു. പരിശുദ്ധരക്തം എന്ന ആശയം അത്ര ഹാനികരമല്ലാത്ത ആശയത്തിന്റെ വിപരീതമാണെന്ന് നാം അറിയുന്നു. ഒരു ഭാഗത്ത് വെറുപ്പ്-മനുഷ്യരാശിയോടുള്ള ചണ്ഡാലന്റെ വെറുപ്പ്-അനശ്വരമാക്കപ്പെടുകയും അത് മതപരവും, മികവുറ്റതുമാകുന്നു.'
17. എനിക്ക് തോന്നുന്നത് കോഫ്മാൻ റിപ്പബ്ലിക്കിനെയാണ് പരാമർശിക്കുന്നത് എന്നാണ്. സോക്രട്ടീസ് പറഞ്ഞതായി പ്‌ളാറ്റോ കുറിക്കുന്നു- ഞാനിപ്പോൾ പറഞ്ഞതിൽ നിന്ന് ഇത്രയും കാര്യം വ്യക്തമാണ്. നമ്മുടെ ജനക്കൂട്ടത്തെ മഹിമയുടെ ഉത്തുംഗപർവ്വത്തിൽ നിലനിർത്തണം. രണ്ട് ലിംഗങ്ങളിലും പെട്ട ഉത്തുംഗരുടെ സംയോഗമുണ്ടാകണം. അതുപോലെ താഴ്ന്നവർ എത്ര കുറവുണ്ടോ അത്രയും മതി. ഉത്തമസംയോഗങ്ങളിലുണ്ടാവുന്ന കുഞ്ഞുങ്ങളെ മാത്രം സൂക്ഷിച്ചാൽ മതി. ഇതെങ്ങിനെ പ്രയോഗത്തിൽ വരുത്താമെന്ന് ഭരിക്കുന്നവർക്കേ അറിയൂ. അല്ലെങ്കിൽ രക്ഷകർത്താക്കളുടെ സംഘം കലഹിതരാവും. വംശത്തെക്കുറിച്ചും പ്രജനനത്തെക്കുറിച്ചുമുള്ള നീച്ചേയുടെ ചർച്ചകളെ ഗ്രീക്ക് സ്രോതസിലേക്ക് മടക്കുന്നത് സമീപകാലത്തും പണ്ഡിതൻമാർക്കിടയിൽ തുടർന്നുകൊണ്ടിരിക്കുന്നു. (Cancik 1997: 65, 67; Conway 1997: 35).
18. തന്റെ അധികാരേച്ഛയുടെ നാലാമത്തെയും അവസാനത്തെയും അദ്ധ്യായത്തിന്റെ തലക്കെട്ടായി വംശവും പ്രജനനവും (Zucht and Züchtung) എന്നത് നീച്ചേ ഒരുകാലത്ത് ആലോചിച്ചിരുന്നതായി കോഫ്മാൻ അവകാശപ്പെടുന്നു. എന്നാൽ ഈ കയ്യെഴുത്തുപ്രതിയാണ് എലിസബത്ത് ഫോസ്റ്റർ നീച്ചേ ഈ പതിപ്പ് എഡിറ്റ് ചെയ്തവേളയിൽ തിരഞ്ഞെടുത്തത്. കാരണം തലവാചകം അവരുടെ താത്പര്യങ്ങൾക്ക് അനുയോജ്യമായിരുന്നു (Kaufmann 1968: 304). എന്നാൽ എഴുതിയ ഉടൻ തന്നെ നീച്ചേ ആ തലവാചകം ഉപേക്ഷിച്ചു എന്നും അദ്ദേഹത്തിന്റെ സഹോദരിയാണത് ശാശ്വതമാക്കിയത് എന്നും കോഫ്മാൽ പറയുന്നു (Kaufmann 1968: 306).


(ഡോറൊത്തി എം. ഫിഗേറയുടെ ‘ആര്യൻസ്​, ജൂസ്​, ബ്രാഹ്​മിൻസ്​: തിയറൈസിങ്​ അ​തോറിറ്റി ത്രൂ മിത്ത്​സ്​ ഓഫ്​ ഐഡൻറിറ്റി’യുടെ മലയാള പരിഭാഷയായ ‘ആര്യൻ ജൂതൻ ബ്രാഹ്​മണൻ: സ്വത്വത്തി​ന്റെ മിത്തുകളിലൂടെ അധികാര സിദ്ധാന്തങ്ങളുടെ പൊളിച്ചെഴുത്ത്​’ എന്ന പുസ്​തകത്തിലെ അധ്യായം. കോഴിക്കോട്​ അദർ ബുക്​സ്​ പ്രസിദ്ധീകരിച്ച ഈ പുസ്​തകം വിവർത്തനം ​ചെയ്​തത്​ ഷമീർ കെ.എസ്​.)


ഡോറൊത്തി എം. ഫിഗേറ

ജോർജിയ യൂണിവേഴ്​സിറ്റിയിലെ കംപാരറ്റീവ്​ ലിറ്ററേച്ചർ പ്രൊഫസർ. Recherche Litteraire / Literary Research എഡിറ്റർ. ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂണിവേഴ്​സിറ്റി അടക്കമുള്ള സർവകലാശാലകളിൽ വിസിറ്റിങ്​ പ്രൊഫസറായിരുന്നു. Trnaslating the Orient, The Exotic: A Decadent Quest, Aryans, Jews, Brahmins: Theorizing Authority through Myths of Identity എന്നിവ പ്രധാന പുസ്​തകങ്ങൾ.

ഷമീർ കെ. എസ്​.

അദർ ബുക്‌സിൽ എക്‌സിക്യൂട്ടീവ് എഡിറ്റർ, വിവർത്തകൻ.

Comments