‘കഹാനി’;
കുട്ടികളുടെ നോവൽ
തുടരുന്നു
▮
10. വീടുകളുടെ സാറ്റ് കളി
ഭക്ഷണം കഴിഞ്ഞ് അമ്മയും കഹാനിയും കൂടി വർത്തമാനം പറഞ്ഞിരിക്കുമ്പോഴാണ് പുറത്ത് അച്ഛന്റെ സ്കൂട്ടർ വന്നുനിൽക്കുന്ന ഒച്ച കേട്ടത്. അകത്തേക്ക് വരുമ്പോൾ കയ്യിലൊരു വലിയ പൊതി സൂത്രത്തിൽ ഒളിപ്പിച്ച് പിടിച്ചിട്ടുണ്ടായിരുന്നു അച്ഛൻ.
‘‘കണ്ണടച്ചേ... എന്റെ ചക്കരക്കുട്ടിക്കൊരു സമ്മാനം കയ്യിൽ വച്ചുതരട്ടെ’’ എന്ന് അച്ഛൻ പറഞ്ഞുതീരേണ്ട താമസം, കഹാനി കണ്ണും രണ്ടും ഇറുക്കിയടച്ച് സമ്മാനം വാങ്ങാൻ റെഡിയായി നിന്നു.
എന്തായിരുന്നെന്നോ ആ പൊതിക്കുള്ളിൽ?
ചിത്രം വരയ്ക്കാൻ പല തരത്തിലെ ബ്രഷുകൾ, ഒരു ബോക്സ് നിറയെ ചെറിയ കുപ്പികളിൽ പല നിറത്തിലെ ചായങ്ങൾ, പിന്നെ കട്ടിയുള്ള ക്യാൻവാസുകളും.
വലിപ്പത്തിൽ വരയ്ക്കാൻ പാകത്തിന് ഒരു ക്യാൻവാസ് കിട്ടിയിരുന്നെങ്കിലെന്ന് അവളുടെ എത്ര കാലത്തെ ആഗ്രഹമായിരുന്നെന്നോ.
ഇങ്ങനെ സന്തോഷക്കുട്ടിയായിരുന്ന് ഇഷ്ടമുള്ളതെല്ലാം വരയ്ക്കൂവെന്ന് അച്ഛനും അമ്മയും അവളെ ചേർത്തുപിടിച്ചു.
പനിയുടെ ക്ഷീണം മാറാൻ പിറ്റേന്നുകൂടി കഹാനി സ്കൂളിൽ പോയില്ല. അതിനടുത്ത ദിവസം പോകാൻ റെഡിയായി നിൽക്കുമ്പോഴതാ, മാനം കറുത്തിരുണ്ടു തുടങ്ങി. നോക്കിനിൽക്കെ ചാറ്റൽമഴയ്ക്ക് ശക്തി കൂടിക്കൂടിവന്നു. മഴയത്ത് സ്കൂട്ടറിൽ കൊണ്ടാക്കുന്നതെങ്ങനെ?
രാവിലെ കഹാനിയുടെ സ്കൂളിലേക്കുള്ള കുട്ടികളെ കൊണ്ടുപോകാൻ അജയൻ മാമന്റെ സ്കൂൾ ഓട്ടോ ആ വഴി പോകാറുണ്ട്. അച്ഛൻ വേഗം അജയൻ മാമനെ വിളിച്ചു, ഇന്ന് സ്കൂൾ ഓട്ടോ ഈ വഴി കൂടി വരണേയെന്ന് പറഞ്ഞു.
ഓട്ടോയിൽ കൂട്ടുകാർക്കൊപ്പം വർത്തമാനം പറഞ്ഞു പോകാൻ വലിയ ഇഷ്ടമാണ് കഹാനിക്ക്. സ്കൂളിലേക്ക് ആരുമറിയാതെ രഹസ്യമായി കൊണ്ടുപോകുന്ന ക്രീം ബിസ്കറ്റും ചാമ്പക്കയും നെല്ലിക്കയുമൊക്കെ കൈമാറ്റം ചെയ്യുന്നത് ആ യാത്രകളിലായിരിക്കും.

‘‘നിങ്ങളിലാരുടെ ക്ലാസിലാ മണിപ്പുരിക്കുട്ടി പഠിക്കുന്നത്?’’ സ്കൂൾ ഗേറ്റിനരികെ എത്തിയപ്പോഴാണ് അജയൻ മാമന്റെ ചോദ്യം.
‘‘കഹാനിയുടെ ക്ലാസിലാ, രണ്ടിൽ…’’ നാലാം ക്ലാസിലെ ഗൗരിചേച്ചി മറുപടി കൊടുത്തു.
അജയൻ മാമൻ ഒന്നമർത്തി മൂളി.
‘‘ആരാ എന്താ എന്നൊന്നും നമുക്കറിയില്ലല്ലോ, അതുകൊണ്ട് ചോദിച്ചതാ’’, അതും പറഞ്ഞ് ഗൗരവത്തിൽ മാമൻ തിരിച്ചുപോയി.
ക്ലാസിലേക്ക് നടക്കുമ്പോൾ ആ ചോദ്യവും ഉത്തരവുമായിരുന്നു കഹാനിയുടെ മനസ്സിൽ. അതെന്തായിരിക്കും അങ്ങനെ പറഞ്ഞത്?
ക്ലാസിലെത്തുമ്പോൾ, പനി കുറഞ്ഞോ എന്നും ചോദിച്ച് കൂട്ടുകാർ കാത്തിരിപ്പുണ്ടായിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായ എത്രയെത്ര വിശേഷം കേൾക്കാനുണ്ട്.
‘‘ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട്
കൈതപ്പൊത്തിൽ വച്ചിട്ടുണ്ട്
അപ്പം തന്നാലിപ്പം പാടാം
ശർക്കര തന്നാൽ പിന്നെ പാടാം’’
എന്നീണത്തിൽ പാടിക്കേൾപ്പിച്ചു നിധി. സൂസൻ ടീച്ചർ പഠിപ്പിച്ച പുതിയ പാട്ടാണത്രേ.
ക്ലാസ് തുടങ്ങുന്നതു വരെയും തംലിമ വന്നില്ല. വൈകിയെത്തിയേക്കും എന്നു കരുതി വാതിലിനരികിലേക്ക് ഇടയ്ക്കിടെ കഹാനി നോക്കിക്കൊണ്ടേയിരുന്നു. പക്ഷേ, ആദ്യ പീരിയഡ് കഴിഞ്ഞിട്ടും അവളെ കാണാഞ്ഞതോടെ ഇന്നിനി വരില്ലായിരിക്കും എന്ന് കഹാനിക്കു തോന്നി. എന്തായിരിക്കും വരാത്തത്, എന്തു പറ്റിയതായിരിക്കും അവൾക്ക്?
വൈകിട്ടും സ്കൂൾ വിടാറായ നേരത്ത് മഴ പെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ആകാശം. റെയിൻകോട്ടിട്ട് അച്ഛനെ ഇറുക്കിപ്പിടിച്ച് സ്കൂട്ടറിന്റെ പിന്നിലിരിക്കുമ്പോൾ മഴ ഇനിയും കൂടിയേക്കുമോ എന്നവൾക്ക് പേടി തോന്നി. പോപ്പിയെ കാണാതായതിൽപ്പിന്നെ കുടവീട്ടിലേക്ക് പോകുന്നതേ അവൾക്ക് ഇഷ്ടമല്ല.
അപ്പോഴാണ് തംലിമ വരച്ച പാവയെ അവൾക്കോർമ വന്നത്. നീണ്ട മുടിയും തൊങ്ങലുള്ള ഉടുപ്പും പിടിപ്പിച്ച ഒരു പാവ. തംലിമ എപ്പോഴെങ്കിലും കുടവീട്ടിൽ പോയിട്ടുണ്ടാകുമോ? പോപ്പിയെ പോലെ തംലിമയുടെ ചങ്ങാതിയായിരുന്നിരിക്കുമോ ആ പാവ?
റെയിൻ കോട്ട് കുടഞ്ഞ് വീട്ടിലേക്ക് കയറുമ്പോൾ അച്ഛനോട് കഹാനി ചോദിച്ചു, ‘‘അച്ഛാ, നമുക്ക് വെള്ളം കയറാത്ത ഒരു വീട്ടിലേക്ക് മാറിയാലോ. അപ്പോ കുടവീട്ടിലേക്ക് ഇടയ്ക്കിടെ ഓടേണ്ടല്ലോ’’.
അച്ഛൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിലൊന്ന് തട്ടിയതല്ലാതെ ഒരു മറുപടിയും പറഞ്ഞില്ല. വീട് മാറി പുതിയതൊന്നുണ്ടാക്കണമെങ്കിൽ കുറേ പൈസ വേണ്ടേ. കുടവീട്ടിലിരിക്കുമ്പോ എല്ലാവരും സംസാരിക്കുന്നത് കഹാനി കേട്ടിട്ടുണ്ട്, അങ്ങനെയൊരു വീടിനെപ്പറ്റി. എന്നിട്ടോ? മഴയിറങ്ങുമ്പോ അതെല്ലാം മറന്ന് വീണ്ടും തിരികെ വരും.
അന്നു രാത്രി ഉറങ്ങുമ്പോൾ വിചിത്രമായൊരു സ്വപ്നം കണ്ടു അവൾ. കഹാനിയുടെ വീടും അയൽപക്കത്തെ വീടുകളും കൂടി മഴ പെയ്യാനൊരുങ്ങുന്ന നേരത്ത് ‘ഒളിച്ചേ കണ്ടേ’ കളിക്കുകയാണ്. ഒളിക്കുന്നത് എവിടെയാണെന്നറിയുമോ? കാർമേഘം മൂടിമൂടി വരുമ്പോ, നീല മേഘങ്ങൾക്കു പിന്നിലേക്ക് വീടുകളൊക്കെ കൂടി ഒറ്റ ഒളിച്ചിരിക്കൽ. തപ്പോ തപ്പോന്ന് പെയ്ത് മുക്കിക്കളയാൻ വീടുകളെ കാണാതെ പാഞ്ഞുനടന്ന് അവസാനം കാർമേഘങ്ങളൊക്കെ കൂടി എങ്ങോട്ടോ ഒറ്റപ്പോക്ക്.

ശ്ശെടാ! അത് കൊള്ളാമല്ലോ എന്ന് പറഞ്ഞാണ് കഹാനി കണ്ണു തുറന്നത്. നോക്കുമ്പോ വീട് അവിടെത്തന്നെയുണ്ട്.
‘‘സ്കൂൾ അവധിയല്ലേ ഇന്ന്, എന്റെ കൂടെ റിസോർട്ടിലേക്ക് പോരുന്നോ?’’ എന്ന് അച്ഛന്റെ ചോദ്യം കേട്ടതും പല്ലുതേക്കാൻ ഓടിക്കഴിഞ്ഞിരുന്നു അവൾ.
അച്ഛന്റെ കൂടെ ഒഴിവുള്ളപ്പോഴൊക്കെ അവിടെ പോകാൻ വല്യ ഇഷ്ടമാണ് അവൾക്ക്. പുഴയുടെ ഓരത്തുകൂടി വെറുതേ നടക്കാം. മീനുകൾ വെള്ളത്തിനടിയിലൂടെ ഊളിയിട്ട് പോകുന്നതു കാണാം. ബോട്ട് പോകുമ്പോ വെള്ളത്തിനു മുകളിൽ കിടക്കുന്ന പോള അലക്ഷ്യമായി ഒഴുകിമറയുന്നത് കാണാം. അവയോടൊക്കെ ആരും കാണാതെ വർത്തമാനം പറയാറുണ്ട് അവൾ. അന്നേരം അടുക്കളയിൽ ഞണ്ടിനെയോ കരിമീനെയോ താറാവിനെയോ ഒക്കെ സ്വാദോടെ ഒരുക്കുന്ന തിരക്കിലാവും അച്ഛൻ.
അന്നും പതിവുപോലെ ഓരോ കുസൃതിയുമായി റിസോർട്ടിന്റെ മുറ്റത്തൂടെ നടക്കുകയായിരുന്നു കഹാനി. വിദേശത്തുനിന്ന് ഒരു അതിഥിയുണ്ടെന്ന് അച്ഛൻ പറയുന്നതു കേട്ടു. പക്ഷേ, പുറത്തേക്കൊന്നും ആളെ കാണാനുമില്ല. മുറികൾക്കുമുന്നിലൂടെ ഒച്ചയുണ്ടാക്കാതെ നടക്കുമ്പോൾ ആരായിരിക്കും ഇതിന്റെ ഉള്ളിലെന്ന് കർട്ടന്റെ പാളികൾക്കിടയിലൂടെ ഒന്നെത്തിനോക്കിയാലോ എന്ന് അവൾക്ക് തോന്നി. അച്ഛനറിഞ്ഞാൽ ഉറപ്പായും വഴക്കു കിട്ടും. വേണോ വേണ്ടയോ എന്ന് തിരിച്ചും മറിച്ചും ചിന്തിച്ചിട്ട് ഒടുവിലവൾ നോക്കുക തന്നെ ചെയ്തു.
അയ്യോ!
കഹാനി ഞെട്ടിയത് അതിനുള്ളിലെ ആളെക്കണ്ടിട്ടായിരുന്നില്ല.
പിന്നെ എന്താണെന്നോ?
11. പോപ്പിയുടെ ചേച്ചി എവിടുന്നാ വരുന്നേ?
കാണുന്നത് ശരിതന്നെയാണോ എന്നറിയാൻ കഹാനി പലവട്ടം കണ്ണു തിരുമ്മി നോക്കി. മുറിയിലെ മേശയുടെ മുകളിൽ ഒറ്റനോട്ടത്തിൽ പോപ്പിയെപ്പോലെ ഒരു പാവ. അതേ നിറം, അതേ ചുരുണ്ട തലമുടി, ചെറിപ്പഴം പോലുള്ള മൂക്ക്. കഴുത്തിലും കൈയിലും ലേസ് പിടിപ്പിച്ച ഉടുപ്പ്. പോപ്പിയുടെ ഉടുപ്പിൽ പർപ്പിൾ പൂക്കളായിരുന്നെങ്കിൽ ഇതിൽ മഞ്ഞ പൂക്കളാണെന്ന വ്യത്യാസം മാത്രം.
ഇതെങ്ങനെ ഇവിടെ വന്നു?
മുറിക്കുള്ളിൽ കട്ടിലിൽ ചാരിക്കിടന്ന് ഒരു ആന്റി പുസ്തകം വായിക്കുന്നുണ്ട്. നെറ്റിയിലേക്കു വെട്ടിയിട്ട തോളൊപ്പം എത്തുന്ന മുടി ഇടയ്ക്കിടെ മാടിയൊതുക്കുന്നുണ്ട്. ബാർബി ഡോളിന്റെ മുടി പോലെ ക്രീം നിറമായിരുന്നു ആ മുടിക്ക്. ചാര നിറത്തിലെ കണ്ണുകളും. ഇത്ര വലിയ ആൾക്ക് എന്തിനായിരിക്കും പോപ്പിയെപ്പോലെ ഒരു കുഞ്ഞിപ്പാവയെന്നായി അവളുടെ സംശയം.
പമ്മിപമ്മി ഒരു കുഞ്ഞിക്കുട്ടി തന്നെ നോക്കിനിൽക്കുന്നത് ഇതിനിടെ മുറിക്കുള്ളിലെ ആൾ കണ്ടു. അകത്തുനിന്ന് ആ ആന്റി നോക്കുന്നത് കണ്ടതും പേടികൊണ്ട് അവളുടെ കൈ വിയർത്തു. അതിഥികളുടെ മുറിയിലേക്ക് നോക്കിയെന്ന് അച്ഛനറിഞ്ഞാൽ നിറയെ വഴക്ക് കിട്ടിയത് തന്നെ.
പക്ഷേ, വാതിൽ തുറന്ന് പുറത്തേക്കുവന്ന അവർ ചിരിച്ചുകൊണ്ടാണ് അവളെ അടുത്തേക്കു വിളിച്ചത്.
‘‘ഹയ് ലിറ്റിൽ ഗേൾ, വാട്ട്സ് യുവർ നെയിം?’’
വിക്കി വിക്കിയാണ് കഹാനിയെന്ന് പറഞ്ഞൊപ്പിച്ചത്.
വിടർന്നു ചിരിക്കുന്ന മുഖമായിരുന്നു അവരുടേത്. നിലത്തേക്കു മുട്ടുകുത്തിയിരുന്ന് പേടിച്ച കുട്ടിയുടെ കയ്യിൽപ്പിടിച്ച് അവർ വീണ്ടും സംസാരിച്ചു. പറയൂ പറയൂ എന്ന് സ്നേഹത്തോടെ ആവർത്തിച്ചു. ടെസ് ഇൻഗ്രാം എന്നാണ് അവരുടെ പേരെന്നും ദൂരെയെവിടെനിന്നോ ആണ് വരുന്നതെന്നും മാത്രമേ കഹാനിക്ക് മനസ്സിലായുള്ളു.
പോപ്പിയെപ്പോലുള്ള ഈ പാവ ആരുടേതാണ്, എവിടെ നിന്നാണ് എന്നൊക്കെ കഹാനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, അതൊന്നും ശബ്ദമായി പുറത്തേക്ക് വന്നതേയില്ല. വിരൽത്തുമ്പിൽ നിന്ന് അവർ പിടിവിട്ടയുടനേ ‘ബൈ’ പറഞ്ഞ് കഹാനി ഒറ്റയോട്ടം.
അന്ന് വൈകുന്നേരം വീട്ടിലേക്കുപോകാൻ മടിയായിരുന്നു അവൾക്ക്. വരൂ, നമുക്കിറങ്ങാം എന്ന് അച്ഛൻ പലവട്ടം പറഞ്ഞിട്ടും മുറ്റത്ത് ചായ കുടിച്ചിരുന്ന ടെസ്സിനെ പമ്മിപ്പമ്മി നോക്കി കഹാനി പിന്നെയും വട്ടംചുറ്റി നിന്നു. മനസ്സില്ലാമനസ്സോടെ സ്കൂട്ടറിലേക്ക് കയറുമ്പോൾ ഇനി ഒരുവട്ടം കൂടി ആ പാവയെ കാണാനാകുമോ എന്നായിരുന്നു ആധി.

രാത്രി ആകാശം നോക്കി ഉറക്കം വരാതെ കിടന്നപ്പോഴെല്ലാം ആ മുറിയിൽ കണ്ട പാവയുടെ മുഖം അവളുടെ കണ്ണിനു മുന്നിലിങ്ങനെ തെളിഞ്ഞു വന്നു. അതേ മൂക്ക്, അതേ നിറം, അതേ മുടി.
‘‘അമ്മാ... ആ പാവ എന്റെ പോപ്പിയെ പോലെ തന്നെയുണ്ടമ്മാ. അതെന്തായിരിക്കും അങ്ങനെ?’’
അമ്മ പോപ്പിയെ വാങ്ങുമ്പോൾ വയറിനുള്ളിലെ ഇത്തിരിക്കുഞ്ഞായിരുന്നു കഹാനി. യാദൃച്ഛികമായാണ് പാവക്കടയിലെ തട്ടിലിരുന്ന ചുരുണ്ട മുടിയുള്ള പാവയിൽ അമ്മയുടെ കണ്ണുടക്കിയത്. ഇതുവരെ അങ്ങനെയൊരു പൊന്നോമനപ്പാവയെ അമ്മ കണ്ടിട്ടേ ഇല്ലായിരുന്നു. വിദേശത്തുനിന്ന് കൊണ്ടുവന്ന പാവക്കൂട്ടത്തിൽ പെട്ടതായതുകൊണ്ട് നല്ല വിലയായിരുന്നു പോപ്പിക്ക്. പക്ഷേ, ഒരു പെൺകുഞ്ഞിനെ മോഹിച്ചിരുന്ന അമ്മയ്ക്കെന്തോ അത് കൈവിട്ടു കളയാനും തോന്നിയില്ല. അങ്ങനെയാണ് പോപ്പി ആ വീട്ടിലെ അംഗമായത്.
‘‘പോപ്പിയെപ്പോലെ വേറെയും പാവകളുണ്ടാവും കുട്ടാ, പല പല രാജ്യങ്ങളിലേക്ക് അവ പോയിട്ടുണ്ടാകും. അതിലൊന്നാകും ഇന്നു കണ്ടത്. ചിലപ്പോ പോപ്പിയുടെ ചേച്ചിയോ അനിയത്തിയോ ഒക്കെ ആകാം അത്.’’
പോപ്പിയുടെ വീട്ടിൽ നിന്നു തന്നെയാവുമോ ആ പാവയും വന്നത്? ഓർത്തോർത്ത് അമ്മയുടെ കയ്യിൽ തല ചായ്ച്ച് കഹാനി ഉറങ്ങിപ്പോയി.
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. എണീറ്റപ്പോ മുതൽ അച്ഛന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു കഹാനി. ഇന്നു കൂടി അച്ഛന്റെ കൂടെ പോയാൽ ആ പാവയെ ഒന്നുകൂടി കാണാൻ പറ്റിയാലോ എന്നായിരുന്നു അവളുടെ ആലോചന.
‘‘എന്റെ കൂടെ വന്നോളൂ. പക്ഷേ, അനുവാദമില്ലാതെ അതിഥികളുടെ മുറിയുടെ അടുത്തൊന്നും പോകല്ലേ. ഉറപ്പാണോ?’’
അച്ഛന് വാക്കു കൊടുത്ത് വേഗം റെഡിയായി അവൾ.
പതിവു പോലെ കാഴ്ചകളൊക്കെ കണ്ട് റിസോർട്ടിന്റെ മുറ്റത്തൂടെ നടക്കുമ്പോഴും കഹാനിയുടെ കണ്ണുകൾ ബാർബി ഡോളിനെപ്പോലെ മുടിയുള്ള ആ ആന്റിയെ തിരയുകയായിരുന്നു. പക്ഷേ, പുറത്തെങ്ങും ആളെ കണ്ടില്ല. ഇനി തിരികെ പോയിട്ടുണ്ടാകുമോ?
വാടിയ മുഖവുമായി കഹാനി മുറ്റത്തൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. മീൻ പിടിക്കാനിരിക്കുന്ന കൊറ്റികൾ എത്രയെണ്ണമുണ്ടെന്ന് വെറുതേ എണ്ണി. പൂക്കളിൽ തങ്ങി നിന്നിരുന്ന വെള്ളത്തുള്ളികൾ തട്ടി. ഇടയ്ക്കിടെ ആരെങ്കിലും വരുന്നുണ്ടോയെന്ന് പാളി നോക്കിക്കൊണ്ടായിരുന്നു ഇതൊക്കെ. സമയം ഒരുപാടായിട്ടും അവരെ പുറത്തേക്ക് കണ്ടതേയില്ല.
മുറിയുടെ അടുത്തേക്ക് പോയാലോ? പോകില്ലെന്ന് അച്ഛന് വാക്കു കൊടുത്തതാണെങ്കിലും ആകാംക്ഷ കൊണ്ട് അവളറിയാതെ അങ്ങോട്ടു തന്നെ നടന്നു.
മുറിയിൽ നിന്ന് പുഴ കാണാവുന്ന വലിയ ഗ്ലാസ് ജനാലയുടെ കർട്ടൻ കുറച്ച് നീക്കിയിട്ടിട്ടുണ്ട്. ഒച്ചയുണ്ടാക്കാതെ പമ്മി പമ്മി നടന്ന് അവളാ ജനലിന്റെ അടുത്തുവരെ എത്തി. നെഞ്ച് പടപടാ ഇടിക്കുന്നുണ്ട്. പേടിച്ചിട്ടാണെങ്കിലും അകത്തേക്ക് പാളി നോക്കി. മുറിയിലെ കസാരയിൽ കണ്ണടച്ച് ചാരി ഇരിക്കുന്നുണ്ട് ഇന്നലെ കണ്ട ആന്റി. കർട്ടനിടയിൽ തെളിഞ്ഞു കിട്ടിയ ഇത്തിരി സ്ഥലത്തൂടെ കഹാനിയുടെ കണ്ണുകൾ മുറിയിലാകെ പാഞ്ഞു നടന്നു.
അതാ കട്ടിലിന്റെ ഒരറ്റത്ത് പോപ്പിയെപ്പോലുള്ള പാവ!
‘‘കഹാനി...!’’
ദേഷ്യം നിറഞ്ഞ വിളി കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ അച്ഛനാണ്. അവളെ മുറ്റത്തൊന്നും കാണാഞ്ഞിട്ട് അടുക്കളയിലെ തിരക്കിനിടെ തിരഞ്ഞു വന്നതായിരുന്നു.
മുഖത്തേക്ക് നോക്കാൻ പേടിച്ച് കഹാനി തലതാഴ്ത്തി നിന്നു. സാധാരണ അച്ഛൻ അങ്ങനെ ദേഷ്യപ്പെടാറില്ല. പക്ഷേ, ഈ കുസൃതി അച്ഛന് തീരെ ഇഷ്ടായില്ലെന്നുറപ്പ്.
‘‘ഞാൻ പറഞ്ഞിട്ടില്ലേ അതിഥികളെ ബുദ്ധിമുട്ടിക്കരുതെന്ന്? എന്തിനാ വീണ്ടും ഇങ്ങോട്ടു വന്നത്?’’
അച്ഛന്റെ ചോദ്യത്തിന് മറുപടി പറയാതെ മുഖം വീർപ്പിച്ചു നിന്നു കഹാനി.
പെട്ടെന്നാണ് അച്ഛനെയും കഹാനിയെയും ഞെട്ടിച്ചു കൊണ്ട് ആ മുറിയുടെ വാതിൽ തുറന്ന് അവർ പുറത്തേക്ക് വന്നത്. ക്രീം നിറത്തിലെ മുടിയും ചാരക്കണ്ണുകളുമുള്ള ആ സ്ത്രീയുടെ മുഖത്തേക്ക് കഹാനി നിസ്സഹായതയോടെ നോക്കി. മുറിയിലേക്ക് എത്തിനോക്കിയതിന് വഴക്കുപറയുമെന്നായിരുന്നു അവളുടെ പേടി. അവരുടെ പുഞ്ചിരിക്ക് മറുപടി നൽകാൻ നിൽക്കാതെ കഹാനി ഒറ്റയോട്ടം.
ടെസ് ആവട്ടെ, എന്തായിവിടെ നടക്കുന്നതെന്ന് മനസ്സിലാവാതെ നിൽക്കുകയായിരുന്നു.
രണ്ട് ദിവസമായി തന്റെ മുറിയിലേക്ക് എത്തി നോക്കിയോടുന്ന കൊച്ചുകുട്ടി ആരാണ്, എന്തിനാണ് അവൾ ഓടിപ്പോയത്?
മകളുടെ കുസൃതിക്ക് ക്ഷമ പറഞ്ഞാണ് കഹാനിയുടെ അച്ഛൻ സംസാരിച്ചു തുടങ്ങിയത്. കുടവീട്ടിലേക്ക് ഇടയ്ക്കിടെ പോകേണ്ടിവരാറുള്ളതും അങ്ങനെയൊരു യാത്രയ്ക്കിടയിൽ പോപ്പിയെ നഷ്ടപ്പെട്ടതും അത് കഹാനിക്ക് എത്ര വിഷമമായെന്നുമൊക്കെ അച്ഛൻ സങ്കടത്തോടെ പറഞ്ഞു.

പോപ്പിയുടെ അതേ രൂപമാണ് ആ മുറിക്കുള്ളിലെ പാവയ്ക്കും എന്നു കേട്ടപ്പോൾ ടെസിന് അദ്ഭുതമായി. പോപ്പിക്ക് ഒപ്പമുള്ള കഹാനിയുടെ ചിത്രം അച്ഛൻ മൊബൈൽ ഫോണിൽ കാട്ടിക്കൊടുത്തപ്പോൾ ടെസ് ശരിക്കും അമ്പരന്നു.
പാവം കുട്ടി! കാണാതായ പോലെ ഒരു പാവ മുന്നിൽ വന്നു പെട്ടാൽ പിന്നെയും പിന്നെയും കാണാൻ തോന്നാതിരിക്കുന്നതെങ്ങനെ? കഹാനി പോപ്പിയെ കെട്ടിപ്പിടിച്ചുനിൽക്കുന്ന ചിത്രത്തിലേക്ക് അനുകമ്പ നിറഞ്ഞ കണ്ണുകളോടെ ടെസ് വീണ്ടും വീണ്ടും നോക്കി.
അന്ന് വൈകുന്നേരമായിരുന്നു അവരുടെ മടക്കം. എയർപോർട്ടിലേക്ക് കൊണ്ടുപോകാനുള്ള കാർ വന്നു നിന്നപ്പോൾ, മുറ്റത്തൊരു കോണിലിരുന്ന് കുടവീട്ടിലേക്ക് പോയ യാത്രയുടെ ചിത്രം വരയ്ക്കുകയായിരുന്നു കഹാനി. അജയൻ മാമന്റെ ഓട്ടോയ്ക്കുള്ളിൽ അച്ഛനും അമ്മയും അവളും. ദൂരെ കാറ്റത്ത് അപ്പൂപ്പൻ താടി പോലെ പറന്നകലുന്ന പോപ്പി!
കാറിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് കഹാനിക്കടുത്തേക്ക് ടെസ് ഇൻഗ്രാം നടന്നുവന്നു. വര നിർത്തി പരിഭ്രമത്തോടെ നോക്കിയ കഹാനിയോട് സ്നേഹത്തോടെ പുഞ്ചിരിച്ചു. പിന്നെ കയ്യിലെ ബാഗ് തുറന്ന് ഒരു സമ്മാനം അവളുടെ കയ്യിലേക്ക് വച്ചു കൊടുത്തു. പോപ്പിയെപ്പോലെയുള്ള പാവ!
അയ്യോ! കഹാനിക്കത് വിശ്വസിക്കാനേ ആയില്ല. അമ്മ പറഞ്ഞതു പോലെ പോപ്പിയുടെ ചേച്ചിയോ അനിയത്തിയോ ആകുമോ ഇത്? ഇത് തനിക്ക് സ്വന്തമായി തന്നതു തന്നെയാണോയെന്ന് അവൾ വീണ്ടും വീണ്ടും നോക്കി. കെട്ടിപ്പിടിക്കാൻ ടെസ് നീട്ടിയ കൈകൾക്കുള്ളിലേക്ക് കഹാനി സന്തോഷത്തോടെ ചേർന്നു നിന്നു.
‘‘എനിക്ക് വളരെ പ്രിയപ്പെട്ട ഒരു കുട്ടിയുടേതായിരുന്നു ഈ പാവ. എനിക്ക് എക്കാലവും സൂക്ഷിക്കാനായി തന്നത്. പക്ഷേ, ഇനിയിത് കഹാനി എടുത്തോളൂ. സന്തോഷമായിരിക്കൂ’’ എന്ന് അവർ അവളുടെ കാതിൽ മെല്ലെ പറഞ്ഞു.
പാവയുടെ മുഖത്തേക്കും ടെസിന്റെ മുഖത്തേക്കും കഹാനി മാറി മാറി നോക്കി. നിധി കിട്ടിയതുപോലെ അവളതിനെ മുറുക്കി പിടിച്ചു. പിന്നെ വരച്ചു പൂർത്തിയാക്കിയ ചിത്രം ചിരിച്ചുകൊണ്ട് ടെസിനു നേരെ നീട്ടി.
‘‘ഓ! ബ്യൂട്ടിഫുൾ. താങ്ക് യൂ’’ എന്നുപറഞ്ഞ് നിറഞ്ഞ ചിരിയോടെ ബാഗിലേക്ക് അവരത് എടുത്തുവച്ചു.
റിസോർട്ടിന്റെ പടികടന്ന് കാർ പോകുമ്പോൾ ഒരു വലിയ മഴ പെയ്തുതീർന്നതുപോലെ തോന്നി കഹാനിക്ക്.
വീട്ടിലെത്തിയിട്ട് അമ്മയോട് ടെസിനെപ്പറ്റി ഒരു നൂറുവട്ടമെങ്കിലും പറഞ്ഞിട്ടുണ്ടാവും കഹാനി.
നമ്മുടെ മുടിയും ആ കളർ ആക്കാൻ പറ്റുമോ അമ്മേ? കണ്ണ് എങ്ങനെയാ ചാരനിറമാകുക? ആ ആന്റി എങ്ങോട്ടാ പോയിട്ടുണ്ടാകുക? എന്നൊക്കെ ചോദിച്ച് വീടാകെ ചാടിത്തുള്ളി നടന്നു കഹാനി.
പോപ്പിയെ കാണാതായതിൽപ്പിന്നെ കഹാനിയെ ഇത്രയും സന്തോഷത്തിൽ കാണുന്നത് ഇന്നാണല്ലോയെന്ന് പറഞ്ഞ് ആശ്വസിച്ചു, അമ്മയും അച്ഛനും.
രാത്രി പുതിയ പാവയുമായി ഉറങ്ങാൻ കിടക്കുകയായിരുന്നു കഹാനി. ചുരുണ്ട മുടിയിലും ചെറിപ്പഴ മൂക്കിലും ലേസ് പിടിപ്പിച്ച ഉടുപ്പിലും തൊട്ടുതൊട്ട് കഥ പറഞ്ഞുപറഞ്ഞ് അങ്ങനെ. ‘‘നിനക്കറിയാമോ, ഒരു ദിവസം ഞാനും പോപ്പിയും കൂടി സൈക്കിൾ ചവിട്ടാൻ പോയപ്പോഴില്ലേ...’’ എന്നു പറഞ്ഞുപറഞ്ഞ് ഉറങ്ങിപ്പോയി രണ്ടാളും.
രാവിലെ അമ്മ വന്ന് വിളിച്ചപ്പോഴാണ് കഹാനിയുണരുന്നത്. പല്ലുതേച്ച്, ഭക്ഷണം കഴിച്ച്, കുളിച്ച്, അന്നു വേഗം വേഗം റെഡിയായി കഹാനി. ആകെയൊരു സന്തോഷക്കുട്ടി.
സ്കൂളിൽ പോകാൻന്നേരം പുതിയ പാവക്കുട്ടിക്ക് ടാറ്റ പറയുമ്പോഴാണ്, ഇന്ന് പാവയെക്കൂടി സ്കൂളിൽ കൊണ്ടുപോയാലോ എന്ന് കഹാനിക്ക് തോന്നിയത്. പാവയെക്കണ്ടില്ലെങ്കിൽ ഈ കഥയെല്ലാം പറയുമ്പോ നുണയാണെന്ന് പറഞ്ഞാലോ നിധി?
പക്ഷേ, കളിപ്പാട്ടങ്ങളൊന്നും ആരും ക്ലാസിലേക്ക് കൊണ്ടുവരല്ലേയെന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് ടീച്ചർ. എന്തു ചെയ്യും? പാവയെ തൊട്ടു തലോടി നിൽക്കുമ്പോഴാണ്, ‘‘കഹാനി വായോ, നേരം വൈകുന്നു’’ എന്ന് സ്കൂട്ടറിലിരുന്ന് അച്ഛൻ വിളിക്കുന്നത്.
പാവയെ എടുത്ത് ബാഗിനുള്ളിൽ തിരുകി വച്ച് കഹാനി ഒറ്റയോട്ടം!

12. ആരെഴുതി ഈ രഹസ്യം?
‘റ’ പോലെ കുഞ്ഞിപ്പാലങ്ങളുണ്ട് കഹാനിയുടെ നാട്ടിൽ. ഓരോ തോടിനു മുകളിലും കാണാം ഓരോ പാലം. അങ്ങനെ നാലു പാലം കടക്കണം സ്കൂളിലെത്താൻ. ഓരോ പാലമെത്തുമ്പോഴും, ‘‘അച്ഛാ നിർത്ത് നിർത്ത്... അവിടെയൊരു പക്ഷി ഇരിക്കുന്നു.. ദാ കുറേ താറാവുകൾ ഓട്ടമത്സരം നടത്തുന്നത് കണ്ടോ..’’ എന്നൊക്കെ പറയാറുണ്ട് കഹാനി. അന്നാണെങ്കിലോ ഈ കാഴ്ചയൊന്നും കണ്ടതേയില്ല അവൾ.
‘‘മെല്ലെ പോകൂ, മെല്ലെ പോകൂ എന്നു പറയുന്ന കുട്ടിക്ക് ഇന്നെന്താ ധൃതി? എന്തെങ്കിലും കുസൃതിയൊപ്പിച്ചിട്ടുണ്ടോ?’’
‘‘ഏയ്... ഇല്ല അച്ഛാ.. സ്കൂളിൽ സമയത്ത് എത്താനല്ലേ’’.
പാലം കടന്ന് നീണ്ടുനിവർന്ന റോഡിലൂടെയോടിച്ച് സ്കൂളിൽ എത്തുമ്പോ മുറ്റത്ത് വരിവരിയായി അസംബ്ലിക്ക് നിൽക്കുകയായിരുന്നു കുട്ടികൾ. രണ്ടാം ക്ലാസിന്റെ വരിയിൽ എറ്റവും പിന്നിലായി കഹാനി നിന്നു. തൊട്ടുമുന്നിലായിരുന്നു നിധി.
‘‘ശ്... എന്റെ കയ്യിലൊരു രഹസ്യമുണ്ട്. ക്ലാസിൽ ചെന്നിട്ടു കാണിക്കാം.’’
എന്താ രഹസ്യമെന്ന് നിധിക്ക് ആകാംക്ഷയായി. ടീച്ചർ അറിയല്ലേ എന്നുകൂടി കഹാനി പറഞ്ഞതോടെ എന്തോ കുഴപ്പമുണ്ടോ എന്ന് കണ്ണുമിഴിച്ചു നിധി.
അസംബ്ലി കഴിഞ്ഞ് ക്ലാസിലേക്ക് ഒറ്റയോട്ടമായിരുന്നു രണ്ടുപേരും. ബാഗിൽ നിന്ന് പാവയെ പുറത്തെടുത്ത് കഹാനി കാണിച്ചുകൊടുത്തു.
‘‘ഏ! നിന്റെ കാണാതെപോയ പാവ കിട്ടിയോ? ഇതെവിടെയായിരുന്നു?’’
‘‘ഇത് ആ പാവയല്ല, നിധി’’.
‘‘അതല്ലേ? അതുപോലെ തന്നെയുണ്ടല്ലോ ഈ പാവ. കണ്ണും മൂക്കും മുടിയും എല്ലാം അതേപോലെ. ഇന്നാളിൽ ഞാൻ വീട്ടിൽ വന്നപ്പോ ഇതേ പാവ കൊണ്ടല്ലേ നമ്മൾ കളിച്ചത്?’’
‘‘അല്ല അല്ലാ… ഈ പാവ എനിക്ക് എവിടുന്നാ കിട്ടിയേന്നറിയുമോ?’’
‘‘എവിടുന്നാ? അമ്മ വാങ്ങിയതാണോ?’’
‘‘അല്ല, അച്ഛൻ ജോലി ചെയ്യുന്ന റിസോർട്ടില്ലേ. അവിടെ താമസിക്കാൻ വന്ന ഒരു ആന്റി തന്നതാ. നമ്മുടെ നാട്ടിലുള്ള ആളല്ല.’’
‘‘അവർക്കെങ്ങനെ കിട്ടി ഇതേ പാവ?’’
കഹാനി ഉത്തരം പറയാൻ വരുമ്പോഴേക്കും അമൂല്യയും രോഹിത്തും ആരിക്കും തംലിമയും എല്ലാം ക്ലാസിലേക്ക് വന്നിരുന്നു. ഇതെന്താ ഒരു പാവ.. കാണിച്ചേ കാണിച്ചേ എന്നു പറഞ്ഞ് ബെഞ്ചിനടുത്തേക്ക് വന്നു എല്ലാവരും.
‘‘പാവ കാണാതെ പോയേന്നുപറഞ്ഞ് വല്യ കരച്ചിലാരുന്നില്ലേ ഇവൾ. ആ പാവയാ ഇത്’’, നിധി പറഞ്ഞു.
മിനുമിനുത്ത ഉടുപ്പിലും ചെറിപ്പഴ മൂക്കിലും ചുരുണ്ട മുടിയിലുമൊക്കെ തൊട്ടുനോക്കി തംലിമയും.
മഴ വീട്ടിലുണ്ടായിരുന്നോ പാവ, എങ്ങനെ കിട്ടി? എന്നു ചോദിച്ചു കൂട്ടുകാരെല്ലാം. ചാര നിറത്തിലെ കണ്ണുള്ള ആന്റിയാണ് പാവ തന്നതെന്നു പറയാൻ കഹാനി തുടങ്ങുമ്പോഴേക്കും അതാ, ക്ലാസിന്റെ പുറത്തെത്തിക്കഴിഞ്ഞിരുന്നു സൂസൻ ടീച്ചർ.
‘‘അയ്യോ, ടീച്ചർ വരുന്നു, നീ വേഗം എടുത്തുവച്ചോ.. കളിപ്പാട്ടം കൊണ്ടുവന്നേന് വഴക്കുകിട്ടണ്ട’’. ബാഗിലേക്ക് പാവ എടുത്തുവച്ച്, ബാഗ് അടച്ചുകൊടുത്ത് അമൂല്യയും രോഹിത്തും ശങ്കരിയും ജോയും കൂടി ഓടിപ്പോയി ഇരിക്കും മുന്നേ ടീച്ചർ വന്നു.
എന്താ ഈ കുട്ടികളുടെ മുഖത്തൊരു കള്ളലക്ഷണം എന്ന് സൂക്ഷിച്ചുനോക്കി ടീച്ചർ. എന്താ സംഭവം എന്ന് ചോദിക്കും മുന്നേ, ‘ഒന്നുമില്ല ഒന്നുമില്ല’ എന്നു പറഞ്ഞു എല്ലാവരും. കഹാനിയാണെങ്കിലോ ടീച്ചറുടെ മുഖത്തേക്കു നോക്കാതെ കുനിഞ്ഞിരിപ്പുണ്ട്.
അവസാനം തംലിമയോട് ചോദിച്ചു ടീച്ചർ, ‘‘എന്താ ഞാൻ വന്നപ്പോ എല്ലാരും ഓടിയത്?’’
പറയല്ലേ പറയല്ലേ എന്ന് അവളോട് ഒച്ച താഴ്ത്തി നിധി പറഞ്ഞു. തംലിമയ്ക്കറിയില്ലല്ലോ പറഞ്ഞാൽ വഴക്കുകിട്ടുമെന്ന്.
തംലിമയോട് വീണ്ടും ചോദിച്ചപ്പോ, ചിലമ്പിച്ച ഒച്ചയിൽ അവൾ പറഞ്ഞൂ, ‘‘ഡോൾ..’’
‘‘അതുശരി, ഡോൾ എവിടെ?’’
കഹാനിയുടെ ബാഗിലേക്ക് വിരൽചൂണ്ടി തംലിമ.
ബാഗിലെന്താണെന്ന് ടീച്ചർ നോക്കും മുൻപേ, ‘‘ടീച്ചറേ, അന്നു പാവ കാണാതെ പോയീന്നു പറഞ്ഞ് കഹാനി ഭയങ്കര സങ്കടത്തിലായിരുന്നില്ലേ.. അതുപോലൊരു പാവ കിട്ടി അവൾക്ക്. അതുകൊണ്ടാ..’’ എന്ന് വക്കാലത്തിനെത്തി നിധി.
‘‘പാവ തൽക്കാലം ടീച്ചർ സ്റ്റാഫ് റൂമിൽ വയ്ക്കാം കേട്ടോ.. സ്കൂൾ വിട്ടു പോകുമ്പം തരാം. ക്ലാസിൽ കളിപ്പാട്ടമൊന്നും കൊണ്ടുവരല്ലേന്ന് പറഞ്ഞിട്ടില്ലേ..’’
പാവയുമെടുത്ത് ക്ലാസിനു പുറത്തേക്ക് ടീച്ചർ നടന്നപ്പോൾ കഹാനിയുടെ മുഖമാകെ സങ്കടം കൊണ്ട് വിളറിവെളുത്തു.
‘‘നീയെന്തിനാ പറയാൻ പോയത്? പറയല്ലേ പറയല്ലേന്ന് ഞാൻ പറഞ്ഞതല്ലേ?’’, നിധിയുടെ ചോദ്യത്തിന് ഉത്തരമൊന്നും പറയാതെ കുറ്റം ചെയ്തയാളെപ്പോലെ തംലിമ തല താഴ്ത്തിയിരുന്നു.

കണ്ടു കൊതിമാറിയിട്ടില്ലായിരുന്നു പുതിയ പാവയെ. അതിനി എപ്പോ തിരികെക്കിട്ടും എന്നാലോചിച്ച് പകൽ മുഴുവൻ വിഷമിച്ചു നടപ്പായിരുന്നു കഹാനി. സാരമില്ലെന്നേ, ഇന്നാളൊരു ദിവസം രോഹിത്ത് കൊണ്ടുവന്ന കളിപ്പാട്ടക്കാർ സ്കൂൾ വിടാൻ നേരം ടീച്ചർ വഴക്കൊന്നും പറയാതെ തിരികെക്കൊടുത്തത് ഓർമയില്ലേ.. എന്ന് സമാധാനിപ്പിച്ചു നിധി.
സ്കൂൾ വിടാൻ നീണ്ട മണിയടിച്ച് കുട്ടികളെല്ലാം പുറത്തേക്ക് ഓടിപ്പോകുമ്പോ സ്റ്റാഫ് റൂമിനടുത്തേക്ക് കഹാനി നടന്നു. ടീച്ചർ അകത്തിരിപ്പുണ്ട്. ഉണ്ടക്കണ്ണും വിടർത്തി കഹാനിയെ നോക്കിയിരിക്കുന്നുണ്ട് മേശപ്പുറത്തൊരു പാവ. കഹാനി എവിടെയെന്ന് നോക്കിയിരിക്കുകയാവും അത്.
‘‘വാ വാ, പാവ വാങ്ങാൻ വന്നതല്ലേ?’’ ടീച്ചർ കൈകാട്ടി വിളിച്ചു.
‘‘കളിപ്പാട്ടങ്ങളുമായി ക്ലാസിൽ വന്നാൽ ആകെ കളി മാത്രമല്ലേ നടക്കൂ. അതുകൊണ്ടാ വാങ്ങിച്ചു വച്ചത് കേട്ടോ...’’
പാവ കയ്യിൽക്കിട്ടിയപ്പോ കഹാനിക്ക് സമാധാനമായി.
‘‘ഈ പാവയ്ക്കാണോ കഹാനി അമ്പിളിമാമനെ കാക്ക കൊത്തിയ കഥയൊക്കെ പറഞ്ഞു കൊടുത്തത്?’’
‘‘അല്ല, എന്റെ കാണാതെ പോയ പാവയല്ല ഇത്. അതുപോലത്തെ വേറെ പാവയാ. ഗിഫ്റ്റ് കിട്ടിയതാ.’’
‘‘അതെയോ. ആരാ തന്നത്?’’
‘‘അച്ഛന്റെ റിസോർട്ടിൽ പോയപ്പോ അവിടെ വന്ന ഒരു ആന്റി തന്നതാ.’’
‘‘ആഹാ! അത് കൊള്ളാലോ.’’
ടീച്ചറോട് ടാറ്റ പറഞ്ഞ് പാവയെയും കയ്യിൽ പിടിച്ച് അമ്മ വരുന്നത് നോക്കി നിൽക്കുകയായിരുന്നു കഹാനി. പാവയ്ക്കുള്ളിലെ പഞ്ഞിയിലൊന്നു തൊട്ടുനോക്കണമെന്ന് അന്നേരം അവൾക്കു തോന്നി. ഉടുപ്പിനടിയിലെ സിബ് പിടിച്ച് കഹാനി താഴേയ്ക്കൊരു വലി.
അപ്പോൾ ദാ, പാവയ്ക്കുള്ളിൽ ചെറുതായി മടക്കിയ ഒരു കടലാസ്. തുറന്നു നോക്കിയപ്പോൾ അതിൽ കുനുകുനാ എന്തോ എഴുതിയിട്ടുമുണ്ട്. എന്താ അത്? ആരായിരിക്കും അതിവിടെ വച്ചത്?
13. ഇരുട്ടിൽ ഒരു സ്വപ്ന മഴവില്ല്
‘‘കഹാനീ, പാവയും കൊണ്ടാണോ നീ ഇന്ന് സ്കൂളിൽ വന്നത്?’’
അമ്മ, അവളെ ഗേറ്റിൽ കാണാതെ സ്റ്റാഫ് റൂമിനടുത്തേക്ക് നടന്നു വന്നതാണ്.
‘‘ഞാൻ സ്റ്റാഫ് റൂമിൽ വാങ്ങിവച്ചിരിക്കുകയായിരുന്നു. വൈകുന്നേരമാ കൊടുത്തത്. സാരമില്ല കേട്ടോ’’, സൂസൻ ടീച്ചർ പറഞ്ഞു.
ടീച്ചറോട് യാത്ര പറഞ്ഞ് പുറത്തേക്കു നടക്കുന്നതിനിടെ കുസൃതിക്കുട്ടിയുടെ മുഖത്തേക്ക് നോക്കി താടിക്ക് കൈവച്ചുനിന്നു അമ്മ. ‘‘കൂട്ടുകാരെ പാവ കാണിച്ചപ്പോ സമാധാനമായോ?’’
‘‘അമ്മേ, ഈ പാവയ്ക്കുള്ളിൽ നിന്ന് ഒരു കടലാസ് കിട്ടി.’’
‘‘കടലാസോ? നമുക്ക് വീട്ടിൽ ചെന്നിട്ടു നോക്കാം കേട്ടോ..’’
വീട്ടിലെത്തിയപാടെ ആ കടലാസുമായി അമ്മയുടെ പിന്നാലെ ചെന്നു കഹാനി. ചുക്കിച്ചുളിഞ്ഞ ആ കടലാസ് അമ്മ വാങ്ങി. ഒരുപാട് വട്ടം തിരുത്തിയെഴുതി മുഷിഞ്ഞുപോയ കനം കുറഞ്ഞ ഒരു കടലാസ്. കടലാസ് നിവർത്തി അമ്മ എന്താ വായിക്കുക എന്ന് കണ്ണ് ചിമ്മാതെ നോക്കിയിരിക്കുകയായിരുന്നു കഹാനി.
ഒരു കുട്ടി എഴുതിയതുപോലെ പാവം പിടിച്ച ഇംഗ്ലിഷ് അക്ഷരങ്ങളായിരുന്നു അതിൽ നിറയെ. ഓരോ വരിയിലൂടെയും കണ്ണോടിക്കുമ്പോ അമ്മയുടെ മുഖം മാറുന്നത് കഹാനി കണ്ടു. എന്തായിരിക്കും അമ്മയെ സങ്കടപ്പെടുത്താൻ മാത്രം ഈ കടലാസിലെന്ന് അവൾക്ക് മനസ്സിലായില്ല. എന്താ എഴുതിയിരിക്കുന്നതെന്ന് പറയൂ പറയൂ എന്ന് കഹാനി വാശി പിടിച്ചു.
മാഞ്ഞു തുടങ്ങാൻ പോയിരുന്ന അക്ഷരങ്ങളിൽ എഴുതിവച്ചിരുന്നതിന്റെ മലയാളം അമ്മയവൾക്ക് പറഞ്ഞു കൊടുത്തു.
‘‘ഞാൻ ജാന. ഇന്നലെ എന്റെ സ്കൂളും തകർന്നു വീണതോടെ ഇനി എന്തൊക്കെയാവും സംഭവിക്കുന്നതെന്ന് ഒരുറപ്പുമില്ല. കൂട്ടുകാരിൽ പലരെയും കാണാതായി. കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുന്ന ശബ്ദം ചെവിയിൽ മുഴങ്ങുകയാണ്. തുടച്ചാൽ മായാത്ത മഷി കൊണ്ട് ഇന്നലെ എന്റെയും റാഷയുടെയും കയ്യിൽ ബാബ ഞങ്ങളുടെ പേരുകൾ എഴുതി. ഞങ്ങളെയും ഒരു ദിവസം കാണാതാകുമോ എന്നാകും ബാബയുടെ പേടി. ഇനി പട്ടം പറത്താൻ പോകാനാകുമോ എന്നറിയില്ല.
എനിക്കെന്തെങ്കിലും സംഭവിച്ചാൽ പെട്ടിയുടെ അടിയിൽ സൂക്ഷിച്ചിരിക്കുന്ന 20 ഷൈക്കൽ അമാന് കൊടുക്കണം. പുസ്തകങ്ങൾ റാഫയ്ക്കും മാസയ്ക്കും നൽകണം. കളർ പെൻസിലുകൾ സമയ്ക്ക് നൽകണം. ഈ പാവ ഏറ്റവും ഇഷ്ടം റാഷയ്ക്കാണ്. എനിക്കൊപ്പം റാഷയെ കാണാതായിട്ടില്ലെങ്കിൽ അവൾക്കായിരിക്കും ഈ പാവ.’’
അമ്മയെന്തായീ വായിച്ചത്, ഇതെന്താ സംഭവമെന്ന് ആകെ സംശയമായി കഹാനിക്ക്.
‘‘അമ്മേ, ആരാ ഈ ജാന? ആ കുട്ടി എവിടെപ്പോയി?’’
‘‘അറിയില്ല മോളേ, ആ കുട്ടിയുടേതായിരുന്നു ഈ പാവ. ’’
‘‘എന്നിട്ട്? ആ കുട്ടിയെവിടെ?’’
അവൾക്ക് എന്ത് സംഭവിച്ചിട്ടുണ്ടാകുമെന്ന് നമുക്ക് പറയാനാവില്ല.’’
‘‘അമ്മേ, ആ കുട്ടി എന്തൊക്കെയാ പറഞ്ഞിരിക്കുന്നത്? അവരുടെ സ്കൂളിനൊക്കെ എന്താ പറ്റിയത്?’’
കഹാനിയെപ്പോലെ ഒരെത്തും പിടിയും കിട്ടാതെ ഇരിക്കുകയായിരുന്നു അമ്മയും. ഒരുപാട് ദുരിതങ്ങൾക്ക് കൂട്ടിരുന്നയാളാണ് ഈ പാവയെന്നു മാത്രം അമ്മയ്ക്ക് മനസ്സിലായി. എന്നാലും പോപ്പിയുടെ അതേ ഛായയിൽ തേടിവന്ന പാവയെ ഇത്രയും സ്നേഹിച്ച ആ കുട്ടി ആരായിരിക്കും?
‘‘പാവ തരുമ്പോ ആ ആന്റി നിന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ കഹാനി?’’
‘‘എനിക്ക് പ്രിയപ്പെട്ട ഒരു കുട്ടിയുടേതായിരുന്നു എന്നാ പറഞ്ഞത്.’’
കഹാനിയോട് സാരമില്ല, സാരമില്ല എന്നു പറഞ്ഞതല്ലാതെ അമ്മ പിന്നെ ഒന്നും ചോദിച്ചില്ല. നമുക്ക് കണ്ടുപിടിക്കാം എന്ന് സമാധാനിപ്പിച്ച് അമ്മയവളുടെ മുടിയിൽ തലോടിക്കൊണ്ടേയിരുന്നു. രാത്രി കഹാനി ഉറക്കം പിടിക്കുന്നതുവരെയും അച്ഛൻ എത്തിയിരുന്നില്ല.
അമ്മ ശബ്ദമുണ്ടാക്കാതെ ഫോൺ എടുത്ത് അച്ഛനെ വിളിച്ചു. കാര്യങ്ങളെല്ലാം കേട്ടതോടെ അച്ഛനും ആകെ ആധിയായി.
‘‘കുഞ്ഞിന് പാവ നൽകിയ വിദേശി തിരികെപ്പോയിട്ടുണ്ടാവോ? അത് ആരാണെന്ന് കണ്ടുപിടിക്കണ്ടേ?’’
‘‘നാട്ടിൽ എന്തോ മീറ്റിങിനായി വന്നതാണെന്നേ അറിയൂ. ഒറ്റയ്ക്കായിരുന്നു. സാധാരണ വരുന്നവരെപ്പോലെ ബോട്ടിങ്ങിനൊന്നും പോകാൻ താൽപര്യം ഉണ്ടായിരുന്നില്ല.’’ അവരുടെ മുഖം ഓർത്തുനോക്കിക്കൊണ്ട് അച്ഛൻ പറഞ്ഞു.
‘‘ടെസ് എന്നാ കഹാനി എന്നോട് പേരു പറഞ്ഞത്. അതു തന്നെയാണോ അവരുടെ പേര്?’’
റിസോർട്ടിൽ അന്വേഷിച്ച് പേര് ടെസ് ഇൻഗ്രാം എന്നു തന്നെയാണെന്ന് അച്ഛൻ ഉറപ്പുവരുത്തി.
പാവയിൽ നിന്നു കിട്ടിയ മുഷിഞ്ഞ കടലാസിലെ അക്ഷരങ്ങളിലൂടെ അമ്മ വീണ്ടും വീണ്ടും വിരലോടിച്ചു. സ്കൂളിൽ പോകാതെ, കളിക്കാൻ പോകാനാവാതെ പാവയും കെട്ടിപ്പിടിച്ച് ഒരു കുട്ടിയിരുന്ന് കരയുന്നത് അന്നേരം കണ്ണിനു മുന്നിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു. പോപ്പിക്കു പകരം കിട്ടിയ പാവയുമായി അരികെ ഉറങ്ങുന്ന കഹാനിയെ കാണുമ്പോഴെല്ലാം മറ്റേതോ നാട്ടിലെ ആ കുട്ടിയോടും അമ്മയ്ക്ക് ഒരുപാട് സ്നേഹം തോന്നി.
ഈ പാവയ്ക്ക് എന്തായിരിക്കും അവളിട്ടിരുന്ന പേര്? എന്തൊക്കെ കഥകളായിരിക്കും ഈ പാവയോട് അവൾ പറഞ്ഞിട്ടുണ്ടാവുക? അങ്ങനെ ആലോചിച്ച് ആലോചിച്ച് അമ്മ ഉറങ്ങിപ്പോയി.

മൂടിക്കെട്ടിയ ആകാശത്തിലേക്കാണ് പിറ്റേന്ന് നേരം പുലർന്നത്. ജോലിക്ക് പോകാൻ അമ്മ ഒരുങ്ങുമ്പോഴും കഹാനി നല്ല ഉറക്കമായിരുന്നു. സ്കൂളില്ലാത്ത ദിവസങ്ങളിൽ ഇങ്ങനെ വൈകി എണീക്കാറാണ് പതിവ്. അവധി ദിവസം കഹാനിക്ക് കൂട്ടായി അച്ഛനോ അമ്മയോ ഉണ്ടാവും വീട്ടിൽ.
അന്ന് അച്ഛനായിരുന്നു ഒപ്പം. കഹാനിയെ നോക്കണേയെന്ന് ഓർമിപ്പിച്ച് അമ്മ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കഹാനി എണീറ്റു വന്നത്.
‘‘അമ്മേ, ഈ പാവ റാഷയ്ക്ക് കൊടുക്കണം എന്നല്ലേ എഴുതിയിരുന്നത്. റാഷ എവിടെയായിരിക്കും?’’
അച്ഛനും അമ്മയും തമ്മിൽത്തമ്മിൽ നോക്കി.
‘‘റാഷ ഈ പാവ അന്വേഷിച്ചു വന്നാലോ?’’
കഹാനിയുടെ ചോദ്യങ്ങൾക്ക് ഒരു മറുപടിയും അവരുടെ കയ്യിലുണ്ടായിരുന്നില്ല. എല്ലാം കണ്ടുപിടിക്കാമെന്ന് സമാധാനിപ്പിച്ച് വണ്ടിയെടുത്ത് ഇറങ്ങുമ്പോൾ എങ്ങനെ ഇതിന്റെ ഉറവിടം കണ്ടെത്തുമെന്ന ആലോചനയിലായിരുന്നു അമ്മ.
14. കല്ലു പോലെ ഒരു കടലാസ്!
‘‘ഞാൻ ജാന. ഇനി പട്ടം പറത്താൻ പോകാനാകുമോയെന്നറിയില്ല..’’ സൂപ്പർമാർക്കറ്റിലെ തട്ടുകളിൽ സാധനങ്ങൾ എടുത്ത് വയ്ക്കുമ്പോഴൊക്കെയും ഉള്ളിലിരുന്ന് ആ കത്ത് ആരോ വായിക്കുന്നതു പോലെ തോന്നി അമ്മയ്ക്ക്. പോപ്പിയും കഹാനിയും ഒന്നിച്ചുള്ള ചിത്രങ്ങൾ അമ്മ ഫോണെടുത്ത് പലവട്ടം നോക്കി. ചിരിച്ചും കരഞ്ഞും പോപ്പിക്കൊപ്പം വളർന്ന കഹാനി. അതുപോലെയായിരിക്കുമോ ആ കുട്ടിയും?
എങ്ങനെ കണ്ടുപിടിക്കും ഇതിനു പിന്നിലെ രഹസ്യം? ആരോടും പറയും ഇതെന്നാലോചിച്ചപ്പോൾ സൂസൻ ടീച്ചറുടെ മുഖമാണ് അമ്മയുടെ മനസ്സിൽ ആദ്യം വന്നത്.
ഉച്ചയ്ക്ക് അവധി പറഞ്ഞ് നേരേ സൂസൻ ടീച്ചറിന്റെ വീട്ടിലേക്ക് ചെല്ലുമ്പോഴേക്കും ഓരോരോ ചിന്തകൾ കൊണ്ട് ആകെ കിതച്ചു പോയിരുന്നു.
‘‘കഹാനിയുടെ അമ്മയെന്താ ആകെ തളർന്നതു പോലിരിക്കുന്നത്? വരൂ..’’
ടീച്ചർ നൽകിയ വെള്ളം ഒറ്റവലിക്ക് കുടിച്ചിട്ടും പറയാൻ പോകുന്ന രഹസ്യത്തിന്റെ ഭാരം കൊണ്ട് അമ്മ അണയ്ക്കുന്നുണ്ടായിരുന്നു.
‘‘ഇന്നലെ കഹാനി ഒരു പാവ കൊണ്ടുവന്നിരുന്നല്ലേ സ്കൂളിൽ.. ടീച്ചർ വാങ്ങിവച്ചിരുന്നില്ലേ അത്?’’
‘‘മം... അതേ. വൈകുന്നേരം തിരികെ കൊണ്ടുപോകുകയും ചെയ്തല്ലോ..’’
‘‘ആ പാവയിൽ നിന്നു കിട്ടിയ കടലാസ് ആണിത്.’’
പെറുക്കി പെറുക്കി എഴുതിയ അക്ഷരങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ അയ്യോ! എന്ന് ഉറക്കെപ്പറഞ്ഞു പോയി ടീച്ചർ. കടലാസ് കഷണത്തിന് ഒരു വലിയ കല്ലിന്റെ ഭാരം പോലെ.
‘‘ആരായിരിക്കും ഈ കുട്ടി.. എന്നാലും ഈ പാവ എങ്ങനെ?’’
‘‘അതാണ് ടീച്ചർ എനിക്കും മനസ്സിലാവാത്തത്..’’
‘‘ഈ പാവ കൊടുത്ത ആളെപ്പറ്റി എന്തെങ്കിലും അറിയാമോ?’’
‘‘ടെസ് ഇൻഗ്രാം എന്നാ അവരുടെ പേര്’’
ടെസ് ഇൻഗ്രാം.. പല തവണ തിരിച്ചും മറിച്ചും പറഞ്ഞ് ഓർമയിലെവിടെയങ്കിലും ആ പേരുണ്ടോയെന്ന് ടീച്ചർ പരതി. എവിടെയോ വായിച്ചിട്ടുണ്ട് എന്നുറപ്പാണ്. പെട്ടെന്ന് ഒരു മിന്നായം പോലെ വെട്ടിയിട്ട മുടിയും ചാരനിറത്തിലെ കണ്ണുകളുമുള്ള ആ മുഖം ടീച്ചറിനോർമ വന്നു.
‘‘എനിക്കറിയാം എനിക്കറിയാം... വാർത്തയിൽ ഞാൻ കണ്ടിട്ടുണ്ട് ആ പേര്.’’
വിശ്വാസം വരാത്തതു പോലെ അമ്മ ടീച്ചറിനെ മിഴിച്ചു നോക്കി. ഗൂഗിളിൽ ടെസ് ഇൻഗ്രാം എന്ന് ടൈപ്പ് ചെയ്തു കൊടുത്തപ്പോൾ വന്ന ഒട്ടേറെ വിഡിയോകൾ ടീച്ചർ അമ്മയ്ക്കു കാട്ടിക്കൊടുത്തു.
തകർന്ന കെട്ടിടങ്ങൾക്കു മുന്നിൽ നിന്ന് പതറിയ ശബ്ദത്തോടെ അവർ സംസാരിക്കുന്നു. കുട്ടികളെപ്പറ്റി, അവരുടെ സ്വപ്നങ്ങളെപ്പറ്റി, വേദനയെപ്പറ്റി, കണ്ണീരിനെപ്പറ്റി ഒക്കെ. യുദ്ധം നിറം കെടുത്തിയ ആകാശത്തിനു താഴെ നിന്ന് കുട്ടികൾക്കു വേണ്ടി വേദനിക്കുന്ന ഒരാൾ. ഗാസ എന്ന സ്ഥലത്തു നിന്നായിരുന്നു വിഡിയോകൾ ഏറെയും. അവിടെയതാ കയ്യിലും കാലിലും ഒക്കെ മുറിവേറ്റു നിലവിളിക്കുന്ന കുട്ടികൾ. ഭക്ഷണത്തിനായി കരഞ്ഞു കാത്തുനിൽക്കുന്ന കുട്ടികൾ. കീറിയ വസ്ത്രങ്ങളും പാതിയിലധികം മുറിഞ്ഞുപോയ കളിപ്പാട്ടങ്ങളും. ഓരോ വിഡിയോ നോക്കുമ്പോഴും അയ്യോ അയ്യോ എന്ന് അമ്മയും സൂസൻ ടീച്ചറും തമ്മിൽ തമ്മിൽ പറഞ്ഞു.
യൂണിസെഫിലെ ആളാണ് ടെസ് ഇൻഗ്രാമെന്ന് വിഡിയോകളിൽ നിന്ന് അവർക്കു മനസ്സിലായി. യുദ്ധത്തിലകപ്പെട്ട കുട്ടികൾക്കായി പ്രവർത്തിക്കാനാവണം അവരവിടെ പോയതെന്നും ഒരുപക്ഷേ കേരളത്തിൽ വന്നതും അത്തരമെന്തെങ്കിലും മീറ്റിങിനാവാം എന്നും അവർ ഊഹിച്ചു.
പക്ഷേ അപ്പോഴും ജാന ആരാണെന്നതിന് ഉത്തരം കിട്ടണ്ടേ? വീണ്ടും വീണ്ടും ഒരുപാട് വിഡിയോകളിൽ അവർ തിരഞ്ഞു. ജാന, ടെസ് ഇൻഗ്രാം എന്നൊക്കെ പലതവണ ഗൂഗിളിൽ ടൈപ്പ് ചെയ്തു നോക്കി. ഓരോ വിഡിയോ തുറക്കുമ്പോഴും ആകാംക്ഷ കൊണ്ട് നെഞ്ച് പടപടാ ഇടിക്കുന്നുണ്ടായിരുന്നു.
ജീവിച്ചിരിക്കുന്നുണ്ടാകുമോ ടീച്ചറേ ആ കുഞ്ഞെന്ന് വിയർത്ത കൈ തുടച്ച് എത്രയോ വട്ടം അമ്മ ചോദിച്ചെന്നോ.
കുറേ നേരത്തെ തിരച്ചിലിനു ശേഷമാണ് ടെസ് ഇടറിയ ശബ്ദത്തിൽ സംസാരിക്കുന്ന വിഡിയോ അവരുടെ ശ്രദ്ധയിൽപ്പെട്ടത്. ‘ലോകം ജാനയെ പരാജയപ്പെടുത്തി’ എന്നു തുടങ്ങുന്ന സംസാരത്തിലേക്ക് അവർ ചെവി കൂർപ്പിച്ചു.
ജാനയ്ക്ക് സംഭവിച്ചതെന്തായിരിക്കാമെന്ന് അവർ സങ്കൽപ്പിച്ചതിനും അപ്പുറമായിരുന്നു അതിലെ കാഴ്ച.
പ്രിൻസസ് ഫ്രോക്കിട്ട, തിളങ്ങുന്ന കണ്ണുകളുള്ള ഒരു കൊച്ചു പെൺകുട്ടിയായിരുന്നു അവൾ. ചിരി നിറഞ്ഞ കുസൃതി മുഖം. ഉയർത്തിക്കെട്ടിയ മുടി. അമ്മയ്ക്കും അച്ഛനും അനിയത്തിക്കും ഒപ്പമുള്ള ചിത്രങ്ങളിലെല്ലാം കയ്യിൽ ഒരു പാവ ഇറുക്കിപ്പിടിച്ചിരിക്കുന്നത് കാണാം. പോപ്പിയുടെ അതേ ഛായയുള്ള പാവ!
പെട്ടെന്നാണ് ആ വിഡിയോയിൽ പുതിയൊരു ചിത്രം വന്നത്.
മെലിഞ്ഞുണങ്ങി, എല്ലുകൾ തെളിഞ്ഞു കാണാവുന്ന ഒരു കുട്ടി. പാകമാവാത്ത ഉടുപ്പുകൾ അവളുടെ തോളിൽ നിന്ന് ഊർന്നു പോകുന്നുണ്ട്. ഒട്ടിയ കവിളുകളും കുഴിഞ്ഞ കണ്ണുകളും മുഖത്തെ തിളക്കമെല്ലാം മായിച്ചു കളഞ്ഞിരിക്കുന്നു. ആരോഗ്യം നശിച്ച് അവശയായ ആ കുട്ടിയെ ഒരാൾ കൈകളിൽ കോരിയെടുത്ത് കൊണ്ടുപോകുന്നുണ്ട്. മെലിഞ്ഞുണങ്ങിയ കാലുകൾ തൂങ്ങിക്കിടക്കുന്നത് കണ്ട് ‘അയ്യോ’ എന്ന് ഉറക്കെപ്പറഞ്ഞു പോയി രണ്ടുപേരും
കണ്ണിൽ നിറയെ കുസൃതിയുമായി പുഞ്ചിരിച്ചു നിന്ന ആ കുഞ്ഞിനെപ്പറ്റി ടെസ് പറയുന്നത് അവർ ശ്രദ്ധയോടെ കേട്ടു. വിഡിയോ തീരുമ്പോൾ അമ്മയും സൂസൻ ടീച്ചറും തളർന്നിരുന്നു പോയി. ഇത്ര വേദനയൊക്കെ എങ്ങനെ സഹിച്ചുകാണും ആ കുഞ്ഞെന്ന് അവർക്ക് ചിന്തിക്കാനേ ആയില്ല.
‘‘ടീച്ചറേ, എല്ലാ പ്രതീക്ഷയും ഇല്ലാതായപ്പോൾ ആ കുഞ്ഞ് എഴുതി വച്ചതാവും ഇത്. സൂക്ഷിക്കാൻ മറ്റൊരിടം ഇല്ലാത്തതു കൊണ്ടാവും പാവയ്ക്കുള്ളിൽ തന്നെ കടലാസ് തിരുകി വച്ചത്.’’
‘‘അതേ... ടെസിനെ ഏൽപ്പിച്ചിട്ടുണ്ടാവും ഈ പാവ. ഈ കടലാസിന്റെ കാര്യം അവരറിഞ്ഞിട്ടുണ്ടാവില്ല.’’
അങ്ങനെ തന്നെയാവും നടന്നിട്ടുണ്ടാവുകയെന്ന് അമ്മയ്ക്കും തോന്നി. അല്ലെങ്കിൽ ഈ പാവ കഹാനിക്ക് കൈമാറില്ലല്ലോ. എന്നാലും എത്രയോ ദൂരത്തുണ്ടായിരുന്ന ഒരു കുഞ്ഞിന്റെ കത്താണ് തന്റെ കയ്യിലിരിക്കുന്നതെന്ന് ഓർത്തപ്പോ അമ്മയ്ക്ക് ദേഹം മൊത്തം വിറയ്ക്കുന്നതു പോലെ തോന്നി.
വൈകുന്നേരം വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോൾ കഹാനിയോട് ഇതെങ്ങനെ പറഞ്ഞു കൊടുക്കുമെന്നായിരുന്നു ആലോചന. അമ്മയെ നോക്കി വരാന്തയിൽ തന്നെയുണ്ടാവും കുട്ടി. എന്തു പറയും അവളോട്?
*കുട്ടികളുടെ ക്ഷേമത്തിനായും അവകാശങ്ങൾക്കായും പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടന
15. സന്തോഷം മോഷ്ടിക്കുന്ന കീടാണു
വീട്ടിലെത്തുമ്പോൾ കാൻവാസിലേതോ ചിത്രം വരയ്ക്കുകയായിരുന്നു കഹാനി. തൊട്ടടുത്ത് പാവക്കുട്ടിയുമുണ്ട്. അവൾ കാണാതെയാണ് അച്ഛനോട് ഒച്ച താഴ്ത്തി വിവരങ്ങളെല്ലാം അമ്മ പറഞ്ഞത്. ഇത്ര വലിയ സങ്കടം ഈ മുഷിഞ്ഞ കടലാസിനു പിന്നിലുണ്ടായിരുന്നോയെന്ന് അച്ഛനും അതിശയപ്പെട്ടു. പക്ഷേ, കഹാനിയോട് ഇതെല്ലാം എങ്ങനെ പറഞ്ഞുകൊടുക്കുമെന്നതിന് അച്ഛനും ഉത്തരമുണ്ടായിരുന്നില്ല.
അമ്മ വന്നതു മുതൽ രാത്രിയുറങ്ങാൻ നേരം വരെയും അമ്മേ, ആ കുട്ടി എവിടെയായിരിക്കും നമ്മളെങ്ങനെ കണ്ടെത്തുമെന്ന് ഒരു നൂറു വട്ടം ചോദിച്ചിട്ടുണ്ടാകും കഹാനി. കേട്ടില്ലെന്ന് ഭാവിക്കാൻ നോക്കി അമ്മ. പക്ഷേ, കഹാനി വിടണ്ടേ? എനിക്കിപ്പം അറിയണം ആ കുട്ടി ആരാണെന്ന് എന്ന് ചിണുങ്ങി ചിണുങ്ങി കഹാനി വാശിക്കുട്ടിയായി. ഇനി പറയാതെ വഴിയില്ലെന്ന് അമ്മയ്ക്കും മനസ്സിലായി.
‘‘അമ്മ ശരിക്കും നടന്ന ഒരു കഥ പറഞ്ഞു തരട്ടേ?’’
‘‘ഉം.. പറ’’. കഹാനി അമ്മയ്ക്കരികിലേക്ക് ചേർന്നിരുന്നു.
‘‘അങ്ങു ദൂരെ ദൂരെ ഒരു നാടുണ്ടായിരുന്നു. അവിടെ കുറേ കുഞ്ഞുങ്ങളും അവരുടെ അമ്മമാരും അച്ഛന്മാരും ഒക്കെ സന്തോഷമായി ജീവിച്ചിരുന്നു. കുട്ടികൾ ഒന്നിച്ച് പട്ടം പറത്താൻ പോകും. സ്കൂളിൽ പോയി പഠിക്കും. പാടാനും ചിത്രം വരയ്ക്കാനും കഥ കേൾക്കാനും കൂട്ടു കൂടാനും ഒക്കെ ഇഷ്ടമുള്ള കുട്ടികൾ. വലുതാവുമ്പോ ഡോക്ടർ ആവണം, ടീച്ചർ ആവണം, പൈലറ്റ് ആവണം, ഷെഫ് ആവണം... അങ്ങനെ പല പല ആഗ്രഹങ്ങളായിരുന്നു ഓരോ കുട്ടിക്കും.’’
‘‘എന്നിട്ട്?’’
‘‘അങ്ങനെ അവർ സന്തോഷമായി ജീവിക്കുമ്പോഴില്ലേ, പെട്ടെന്ന് ഒരു ദിവസം അവരുടെ വീടിനു മുകളിൽ കാണുന്ന മേഘങ്ങളൊക്കെ കാർമേഘങ്ങളാവാൻ തുടങ്ങി. ഇരുണ്ട് ഇരുണ്ട് ഇരുണ്ട് വന്നു. പല മേഘങ്ങൾക്കും പല രൂപമായി. ചില മേഘങ്ങൾ റോക്കറ്റ് പോലെ, ചിലത് വിമാനം പോലെ, ചിലത് വല്യ ഫൗണ്ടെയ്ൻ പോലെ.. അങ്ങനെ അങ്ങനെ.’’
‘‘അത് കണ്ടാ പേടിയാവൂല്ലേ...’’
‘‘പിന്നേ... ആ മേഘങ്ങളൊക്കെ വീർത്ത് വീർത്ത് വലുതാവാൻ തുടങ്ങി. മേഘങ്ങളൊക്കെ കൂടി സൂര്യനെ മറച്ചു. വെളിച്ചമെല്ലാം പോയി. പിന്നെ പുറത്തിറങ്ങാൻ പറ്റുമോ? കുട്ടികളൊക്കെ വീടിനുള്ളിൽ തന്നെ ഇരിക്കാൻ തുടങ്ങി. സ്കൂളിൽ പോണം, കളിക്കാൻ പോണം, പട്ടം പറത്തണം എന്നൊക്കെ വാശി പിടിച്ച് അവർ കരഞ്ഞു. പക്ഷേ, എന്തു ചെയ്യാൻ... ഇരുട്ട് കൂടിക്കൂടി വന്നതോടെ എല്ലാവരും പേടിച്ച് വീട്ടിനുള്ളിൽ തന്നെ ഇരിപ്പായി.’’
ഇന്നാളിൽ ഇടിവെട്ടി കറന്റ് പോയപ്പോ അമ്മയെ പറ്റിപ്പിടിച്ച് പേടിച്ചിരുന്നത് കഹാനിക്ക് പെട്ടെന്നോർമ്മ വന്നു. എപ്പഴും ഇരുട്ടായി എങ്ങും പോകാൻ പറ്റാതായാൽ എന്തായിരിക്കും അവസ്ഥ!
‘‘എന്നിട്ടില്ലേ... ഇരുട്ട് വരുത്തിയ കാർമേഘങ്ങളൊക്കെ വീർത്ത് വീർത്ത് പൊട്ടിച്ചിതറാൻ തുടങ്ങി. ചിലതൊക്കെ സ്കൂളുകൾക്കു മുകളിൽ വീണു. ചിലതൊക്കെ ആശുപത്രികൾക്ക് മുകളിലും കളിസ്ഥലങ്ങളിലും കടകളിലും ഒക്കെ വീണു. ചിലതൊക്കെ വീടുകളുടെ മുകളിലും വീണു.’’
‘‘അയ്യോ..! എന്നിട്ടോ?’’
‘‘വല്യ മേഘങ്ങളായിരുന്നില്ലേ. അത് വീണ സ്ഥലമൊക്കെ പൊട്ടിച്ചിതറിപ്പോയി. വലിയ കെട്ടിടങ്ങളൊക്കെ പൊടിഞ്ഞ് പൊടിഞ്ഞ് വീണു.’’
‘‘അപ്പോ അതിലെ മനുഷ്യരോ?’’
ഉത്തരം പറയാനാവാതെ അമ്മ കുറച്ചു നേരം നിശബ്ദയായി. പറയൂ പറയൂ മേഘങ്ങൾ അവരെ എന്തു ചെയ്തൂവെന്ന് കഹാനി ചോദിച്ചു കൊണ്ടേയിരുന്നു.
‘‘അത് ആളെക്കൊല്ലി മേഘങ്ങളായിരുന്നു കഹാനീ.. അത് വന്നു വീഴുന്ന സ്ഥലത്തെ മനുഷ്യരും ഇല്ലാതായിപ്പോകും.’’
‘‘അയ്യോ! അതെന്തിനാ ആ മേഘങ്ങൾ അങ്ങനെ? അതെവിടുന്നാ വരുന്നേ?’’
‘‘അങ്ങോട്ടും ഇങ്ങോട്ടും അടി കൂടുന്ന വഴക്കാളി മനുഷ്യരില്ലേ.. അങ്ങനെയുള്ള മനുഷ്യർക്കിടയിലാ ആ മേഘം വരുക. മേഘങ്ങൾ പമ്മി പമ്മി വന്ന് പുക പോലെ ചിതറും. എന്നിട്ട് ആരും കാണാതെ കുട്ടികളുടെ സന്തോഷവും മോഷ്ടിച്ച് ഒറ്റ പോക്കു പോകും.’’
കഥ കേട്ട് കഹാനിയുടെ കണ്ണ് നിറഞ്ഞു. കുട്ടികളുടെ സന്തോഷം മോഷ്ടിക്കുന്ന മേഘത്തെ കഹാനിക്കിഷ്ടമായതേയില്ല. അതെന്തിനാ ഈ മനുഷ്യർ അടി കൂടുന്നത്? അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ വരുന്നത്?
‘‘അമ്മേ, പട്ടം പറത്തുന്ന കാര്യം പറഞ്ഞില്ലേ. ജാനയും അങ്ങനെ എഴുതീട്ടുണ്ടല്ലോ? ആ കുട്ടി ഈ നാട്ടിലായിരുന്നല്ലോ?’’
അതെയെന്ന് അമ്മ മൂളി. അപ്പോ അവളുടെ സന്തോഷവും മോഷ്ടിച്ചോ ആ വഴക്കാളി മേഘമെന്ന് കണ്ണുരുട്ടി കഹാനി.
‘‘ആ നാട്ടിലായിരുന്നു ജാനയുടെയും വീട്. ജാനയ്ക്ക് ഒരു പുന്നാരപ്പാവയുണ്ടായിരുന്നു. ചോക്‌ലേറ്റ് നിറം, ചുരുണ്ട മുടി. ചെറിപ്പഴ മൂക്ക്. നമ്മുടെ പോപ്പിയുടെ ചേച്ചിയാവും അത്. ജാന എവിടെപ്പോയാലും കൂടെയുണ്ടാവും ആ പാവ. ജാനയുടെ ബെസ്റ്റ് ഫ്രണ്ട്.’’
പാവയെ കയ്യിലെടുത്ത് ഒരുമ്മ കൊടുത്തു കഹാനി. എന്നിട്ട് പറയൂ പറയൂ എന്ന് അമ്മയുടെ കണ്ണിലേക്ക് നോക്കിയിരുന്നു വീണ്ടും.
‘‘ജാനയ്ക്ക് വലുതാവുമ്പോ ആരാവാനായിരുന്നു അമ്മേ ആഗ്രഹം?’’
‘‘ജാനയ്ക്ക് ഓടിച്ചാടി കളിച്ചു ചിരിച്ച് അനിയത്തിയോടും അച്ഛനോടും അമ്മയോടും കൂട്ടുകാരോടും വർത്തമാനം പറഞ്ഞ് സന്തോഷമായിരിക്കാൻ വലിയ ഇഷ്ടമായിരുന്നു. വലുതാവുമ്പോ ആരാവണം എന്നൊന്നും അവളൊരു തീരുമാനത്തിലെത്തിയിട്ടില്ലായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസമാണ് ജാനയുടെ വീടിനു മുകളിലും ഇരുണ്ട കാർമേഘങ്ങൾ വന്നത്.’’
‘‘എന്നിട്ടോ?’’
‘‘മേഘങ്ങൾ ഇരുണ്ടു വന്ന് വീടിനു മുകളിലേക്ക് വീഴും മുൻപേ ജാനയും അച്ഛനും അമ്മയും അനിയത്തിയും കൂടി അവിടെ നിന്ന് ദൂരേക്ക് പോയി. മേഘങ്ങളെ പേടിച്ച് ഒളിച്ചിരിക്കുന്ന ഒരിടം.’’
‘‘നമ്മൾ കുടവീട്ടിൽ പോകുന്നതു പോലെയാണോ അമ്മേ?’’
‘‘ഉം... പക്ഷേ, നമ്മൾ തിരികെ വരില്ലേ. ആ നാട്ടിൽ അത് പറ്റില്ല. മേഘങ്ങൾ വീടൊക്കെ പൊടിച്ചു കളഞ്ഞിട്ടുണ്ടാകും. ’’
‘‘പിന്നെ എവിടെ താമസിക്കും?’’
‘‘മേഘങ്ങൾ വരാത്ത സ്ഥലം നോക്കി ഇങ്ങനെ പൊയ്ക്കൊണ്ടേയിരിക്കണം. ജാനയും വേറെ കുറേ കുട്ടികളും അവരുടെ വീട്ടുകാരും കൂടി അങ്ങനെ കുറേ ദൂരെ ഒളിച്ചു താമസിക്കുകയായിരുന്നു. പക്ഷേ, ഒരു പ്രശ്നമുണ്ടായി. പുറത്തിറങ്ങാൻ പറ്റില്ലല്ലോ. എങ്ങനെ ഭക്ഷണം കിട്ടും?
കയ്യിലുണ്ടായിരുന്ന ഭക്ഷണമൊക്കെ തീർന്നപ്പോ ജാനയും അനിയത്തിയും കൂട്ടുകാരും വിശന്നു കരയാൻ തുടങ്ങി.’’
‘‘അയ്യോ... അപ്പോ എന്തു ചെയ്യും?’’
‘‘പാവം അല്ലേ...! പുറത്തിറങ്ങാൻ കഴിയാതെ വിശന്നു തളർന്ന് എങ്ങനെ ജീവിക്കും? പക്ഷേ, അവിടേക്ക് ഭക്ഷണം എത്തിക്കാൻ കുറച്ചാളുകളൊക്കെ തയാറായി. അതിലൊരാളെ മോൾക്കറിയാം.’’
‘‘എനിക്കോ? ഞാനെങ്ങനെ അറിയും?’’
‘‘നിനക്കീ പാവ തന്ന ആന്റിയില്ലേ... ടെസ്? അവരവിടെ പോയിട്ടുണ്ട്. ജാനയ്ക്കും കൂട്ടുകാർക്കും ഭക്ഷണം നൽകാൻ.’’
‘‘ഹായ്.. അത് നന്നായി അല്ലേ അമ്മേ.. എന്നിട്ട് ജാനയ്ക്ക് സന്തോഷമായോ? അവരുടെ വിശപ്പ് മാറിയോ?’’
‘‘ടെസും ടെസിന്റെ കൂട്ടുകാരും ഒക്കെക്കൂടി കുറേ ദിവസങ്ങൾ അവിടെയുള്ള കൂട്ടുകാർക്കൊക്കെ ആഹാരം എത്തിച്ചു. ആഹാരവണ്ടി വരുന്നതും കാത്ത് അവരിരിക്കും. വീട്ടിലെപ്പോലെ ഇന്ന് ദോശ വേണ്ട, ചട്നി വേണ്ട, പുട്ട് മാത്രം മതിയേ, അപ്പത്തിന് ഈ കറി മതിയേ എന്നൊക്കെ വാശിപിടിക്കാൻ പറ്റുമോ? കിട്ടുന്ന ഭക്ഷണം എന്താണോ അത് കഴിച്ചല്ലേ പറ്റൂ.
സാരമില്ലാട്ടോ.. പുറത്ത് പോയിട്ട് നമ്മുക്ക് മിഠായി വാങ്ങാം, ഐസ്ക്രീം വാങ്ങാം എന്നൊക്കെ കുട്ടികളെ സമാധാനിപ്പിച്ചു അമ്മമാർ. ഇരുണ്ട മേഘങ്ങൾക്കിടയിലൂടെ ഇടയ്ക്ക് വെളിച്ചം വന്നു തുടങ്ങി. ഇനി വൈകാതെ പുറത്തിറങ്ങാമെന്നും സ്കൂളിൽ പോകാമെന്നുമൊക്കെ കുട്ടികൾ സ്വപ്നം കണ്ടു.’’
‘‘എന്നിട്ട് അവിടെ വെളിച്ചം വന്നോ അമ്മേ?’’
‘‘പെട്ടെന്നൊരു ദിവസം മേഘങ്ങൾക്ക് വേഗം കൂടി. കാർമേഘങ്ങൾ റോക്കറ്റുകളുടെയും വിമാനങ്ങളുടെയും ആകൃതിയിൽ വീർത്തു വീർത്തു വലുതായി. ആകെ ഇരുട്ട് മാത്രം. ആഹാരവണ്ടികൾക്കൊന്നും അങ്ങോട്ട് പോകാനേ പറ്റാതായി. എല്ലാ വഴികളും അടഞ്ഞു.’’
‘‘അയ്യോ.... അപ്പോ അവർക്ക് വിശക്കില്ലേ?’’
‘‘ഉം... ഇരുട്ടത്ത് ആഹാരവണ്ടിയുടെ ശബ്ദം കേൾക്കുന്നുണ്ടോയെന്ന് നോക്കി കുട്ടികൾ കാത്തിരുന്നു. ദിവസങ്ങൾ കടന്നു പോയി. മേഘങ്ങൾ തകർന്നു വീഴുന്ന ഒച്ച അവരെ വല്ലാതെ പേടിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഇരുട്ട് കൂടിയല്ലാതെ കുറഞ്ഞില്ല. ദിവസമെത്രയായെന്ന് എണ്ണിയെണ്ണി അവരുടെ വിരലൊക്കെ വേദനിക്കാൻ തുടങ്ങി. ദാഹിച്ചു ദാഹിച്ച് തൊണ്ട വരണ്ടു. കുട്ടികളൊക്കെ തളർന്ന് ക്ഷീണിച്ച് ഉറക്കമായി. കുട്ടികളുടെ ഒച്ചയേ കേൾക്കാതായി..’’
അമ്മയുടെ മുഖത്ത് നോക്കിയിരിക്കുമ്പോ കഹാനിയുടെ കണ്ണ് നിറഞ്ഞു വന്നു. ഒരുപാട് ദിവസം എങ്ങനെ വിശന്നിരിക്കുമെന്ന് ഓർത്തു നോക്കുമ്പോഴേ പേടിയാവുന്നു.
‘‘എന്നിട്ട് കുറേയധികം ദിവസം കഴിഞ്ഞ് മേഘങ്ങൾക്കിടയിലൂടെ കുറച്ചു വെളിച്ചം വന്നു. അന്ന് കുട്ടികളെത്തേടി ആഹാരവണ്ടി വന്നു. പക്ഷേ, പുറത്തേക്ക് ഇറങ്ങിവരാൻ ആരെയും കണ്ടില്ല. ഇതെന്താ ആരെയും കാണാത്തെന്ന് അന്വേഷിച്ചു പോയപ്പോ ക്ഷീണിച്ച് എഴുന്നേറ്റു നിൽക്കാൻ പോലുമാവാതെ കിടക്കുകയായിരുന്നു കുട്ടികൾ. ജാനയും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ..’’
എന്നിട്ട് എന്തുപറ്റിയെന്ന് ചോദിക്കാൻ കഹാനിയുടെ നാവു പൊന്തിയില്ല. ജാനയ്ക്ക് ഒന്നും സംഭവിച്ചു കാണല്ലേയേന്ന് ഓർക്കുകയായിരുന്നു അവൾ.
‘‘ജാനയെയും കൂട്ടുകാരെയും ആഹാരവണ്ടിയുമായി വന്നവർ താങ്ങിയെടുത്ത് വണ്ടിയിൽ കയറ്റി. വെളിച്ചം കാണുന്ന വഴിയേ ആംബുലൻസുകൾ ആശുപത്രി തേടി ഓടി. പക്ഷേ, ആളെകൊല്ലി മേഘങ്ങൾ ആ നാട്ടിലെ ആശുപത്രികളെയും പൊടിച്ചു കളഞ്ഞിരുന്നു. കുറച്ച് ദൂരെയുള്ള ആശുപത്രിയിലാണ് ജാനയെത്തിയത്. അവളെക്കണ്ട് ഡോക്ടർ ഞെട്ടിപ്പോയി. അത്രയ്ക്കും അവശയായിരുന്നു അവൾ. മെലിഞ്ഞുണങ്ങി, മിണ്ടാൻ പോലുമാവാതെ...
ആരോഗ്യം വരാൻ മരുന്നും ഭക്ഷണവും ഒക്കെ നൽകി. ആശുപത്രിയിൽ ടെസും കൂട്ടുകാരും അവൾക്ക് ഒപ്പം നിന്നു.’’
‘‘എന്നിട്ട് അസുഖം മാറിയോ അമ്മേ...’’
‘‘ഇല്ല കഹാനീ... ഒരുപാടു നാൾ ഭക്ഷണം കഴിക്കാതെയിരുന്നതല്ലേ, അതുകൊണ്ട് ശരീരമാകെ ഉടഞ്ഞു പോയിരുന്നു. എല്ലാ അവയവങ്ങളെയും ഓരോ അസുഖം ബാധിച്ചു. ഓരോ ദിവസം കഴിയുന്തോറും ജാനയുടെ സ്ഥിതി മോശമായിക്കൊണ്ടേയിരുന്നു. ഇനി സ്കൂളിൽ പോകാനും പട്ടം പറത്താനും വെളിച്ചമുള്ള ആകാശത്തിനു കീഴെ ഓടിക്കളിയാനും കഴിയില്ലെന്ന് അവൾക്കു മനസ്സിലായി....
ജാന പൊന്നു പോലെ കൊണ്ടുനടന്നിരുന്ന ആ പാവയില്ലേ. ഇരുട്ടത്ത് പേടിച്ചു കഴിയുമ്പോഴും ആശുപത്രിയിലും എല്ലാം അവൾക്കൊപ്പമുണ്ടായിരുന്നു അത്. ഒളിച്ചു താമസിക്കാൻ പോകും മുൻപ് അതിൽ രഹസ്യമായി അവളെഴുതി വച്ചതായിരുന്നു ആ കുറിപ്പ്. ആഹാരവണ്ടിയുമായി വന്നതിനും കൂട്ടിരുന്നതിനും പകരമായി ടെസിന് അവൾ ആ പാവ സമ്മാനമായി നൽകി. പിന്നെയൊരു ദിവസം ജാന ഈ ലോകം വിട്ടുപോയി.’’
ഇരുട്ടത്ത് വിശന്നു വിശന്ന് എങ്ങനെ ജീവിക്കുമെന്ന് ഓർത്തപ്പോഴേ കഹാനിക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി. മഴവീട്ടിലേക്ക് ഓടിക്കുന്ന മേഘങ്ങളാണ് ഏറ്റവും വലിയ ദുഷ്ടന്മാർ എന്നാ അവൾ കരുതിയിരുന്നത്. അപ്പോഴല്ലേ ഇങ്ങനെ വീർത്തു ചിതറുന്ന മേഘങ്ങളെപ്പറ്റി അമ്മ പറഞ്ഞത്. അമ്മ പറഞ്ഞതോരോന്നും ഓർത്തുനോക്കുമ്പോ ഇരുട്ടത്ത് നിൽക്കുന്നതു പോലെ പേടിയായി അവൾക്ക്.
ആ നാട്ടിലെ പക്ഷികളൊക്കെ എങ്ങോട്ടു പോകും? ചെടികളും പൂക്കളുമോ, അതിനൊക്കെ എന്തു പറ്റും? ഇരുട്ട് വന്നാൽ പൂ വിരിയുമോ? വെള്ളത്തിൽ മീനുകളുണ്ടാവുമോ? ഓർത്തുനോക്കിയിട്ട് ഒരുത്തരവും കിട്ടുന്നില്ലല്ലോ.
‘‘അമ്മേ, എന്തിനാമ്മേ ഈ മേഘങ്ങൾ ഇങ്ങനെ പല രൂപത്തിൽ വരുന്നത്? എങ്ങനെയാ മേഘങ്ങൾ ഇങ്ങനെയാവുന്നത്?’’
‘‘കഹാനീ, ചില നാട്ടിൽ ചില സമയത്ത് മേഘങ്ങൾ അങ്ങനെയാവും. ആർക്കും അതിനെ നിയന്ത്രിക്കാൻ പറ്റില്ല. മനുഷ്യരുടെ അടുത്തുള്ള ഒരു കീടാണുവാ മേഘങ്ങൾക്ക് ആ അസുഖം വരുത്തുന്നത്. യുദ്ധം എന്നാ ആ കീടാണുവിന്റെ പേര്.’’
കീടാണു അസുഖം വരുത്തുമെന്ന് കഹാനി പഠിച്ചിട്ടുണ്ട്. എന്നാലും ഇതൊരു ഭയങ്കര കീടാണു തന്നെ. എത്രയെത്ര പേരുടെ സന്തോഷമായിരിക്കും ഈ കീടാണു മോഷ്ടിക്കുന്നത്. ജാന ആ ഇരുട്ടിനുള്ളിൽ എന്ത് പേടിച്ചുകാണും? എത്രയും സ്നേഹമുണ്ട് എന്നാരെങ്കിലും ചോദിക്കുമ്പോ ആനയുടെയത്രയും കടലിന്റെയത്രയും കുന്നിന്റെയത്രയും എന്നൊക്കെ പറയുമായിരുന്നു കുഞ്ഞു കഹാനി. അതിലും വലുതായിരുന്നിരിക്കുമോ അവളുടെ വിശപ്പ്?
‘‘അമ്മേ... യുദ്ധക്കീടാണു വന്ന സ്ഥലത്ത് കുറേ കുട്ടികൾ ഉണ്ടാവില്ലേ.. അവരുടെ ഒക്കെ കളിപ്പാട്ടങ്ങൾക്ക് എന്തുപറ്റിക്കാണും? ജാനയെപ്പോലെ എല്ലാരും കളിപ്പാട്ടം കൂടെക്കൊണ്ടുപോയിട്ടുണ്ടാകുമോ?’’
‘‘ഇല്ല കുട്ടാ. എല്ലാവർക്കും അത് പറ്റിയിട്ടുണ്ടാവില്ല. വീടുകൾ തകർന്നു പോകുമ്പോ കളിപ്പാട്ടങ്ങളും തകർന്നു പോയിട്ടുണ്ടാകും.’’
‘‘വെളിച്ചം വരുമ്പോ അവരെന്തുകൊണ്ടാ കളിക്കുക? എല്ലാ കളിപ്പാട്ടങ്ങളും പോയാൽ അവർക്ക് സങ്കടമാവില്ലേ?’’
അമ്മ ഒന്നും മിണ്ടാതെ അവളെ നോക്കി. പോപ്പിയെ കാണാതായപ്പോ എന്തൊരു സങ്കടക്കുട്ടിയായിരുന്നു കഹാനി. പെട്ടെന്നൊരു ദിവസം എല്ലാ കളിപ്പാട്ടങ്ങളും കൈവിട്ടു പോയാൽ ആകാശംമുട്ടെ സങ്കടം വരുമെന്ന് അവൾക്കു മനസ്സിലായിട്ടുണ്ടാകും. ജാനയുടെ പാവയെ കയ്യിലെടുത്ത് കുറേ നേരം നോക്കി നിന്നു കഹാനി.
‘‘അമ്മേ.. ഞാനൊരു കാര്യം പറയട്ടേ. ജാനയുടെ നാട്ടിലെ കുട്ടികൾക്ക് നമുക്ക് കുറേ കളിപ്പാട്ടങ്ങൾ അയച്ചു കൊടുത്താലോ. കുറേ പാവകളും കളിവണ്ടികളും കളർ പെൻസിലുകളും ഒക്കെ? അപ്പോ അവർക്ക് സന്തോഷമാവില്ലേ? ജാന പറഞ്ഞതുപോലെ ഈ പാവയും കൊടുക്കാം..’’
തെളിഞ്ഞ ചിരിയോടെയാണ് കഹാനിയത് പറഞ്ഞത്. വെളിച്ചം വന്നു തുടങ്ങുന്ന ആകാശത്തിന് താഴെയിരുന്ന് പുതിയ കളിപ്പാട്ടങ്ങളുടെ പൊതിയഴിക്കുന്ന കുട്ടികളുടെ മുഖം അവൾ സങ്കൽപിച്ചു നോക്കി. മേഘങ്ങൾക്ക് അപ്പോ കളിപ്പാട്ടത്തിന്റെ രൂപമായിരിക്കും.
പക്ഷേ, ആ നാട്ടിലേക്ക് കളിപ്പാട്ടങ്ങൾ അയച്ചുകൊടുക്കുക എളുപ്പമല്ലെന്ന് അമ്മ പറഞ്ഞതോടെ അവളുടെ മുഖം മങ്ങി. സമ്മാനങ്ങൾക്കൊന്നും ഇത്ര ദൂരെ നിന്ന് അവിടേക്ക് എത്താനാവില്ലത്രേ. പിന്നെയെന്തു ചെയ്യും? ജാനയുടെ കണ്ണീരിന് കൂട്ടിരുന്ന പാവയെ കയ്യിൽപ്പിടിച്ചിരിക്കുമ്പോൾ ആ നാട്ടിലെ കുട്ടികളെയോർത്ത് കഹാനിക്ക് പിന്നെയും പിന്നെയും കരച്ചിൽ വരാൻ തുടങ്ങി. ജാന എഴുതിയിട്ടില്ലേ ഇത് അനിയത്തിക്ക് കൊടുക്കണമെന്ന്. അനിയത്തിയെ കണ്ടില്ലെങ്കിൽ ആ കത്തിലെ ഏതെങ്കിലും കൂട്ടുകാർക്ക് ഇത് കിട്ടണമെന്നല്ലേ അവൾ കരുതിയിട്ടുണ്ടാവുക?
കഥ പറഞ്ഞു പറഞ്ഞ് അവളുറങ്ങുന്ന സമയമൊക്കെ കഴിഞ്ഞിരുന്നു അപ്പോഴേക്കും. വിഷമിക്കാതെ കിടന്നുറങ്ങിക്കോ എന്നു പറഞ്ഞ് അമ്മ മെല്ലെയവളുടെ പുറത്ത് തട്ടിക്കൊണ്ടിരുന്നു. അന്നേരമാണ് അമ്മയുടെ ഫോണിൽ മെസേജ് വരുന്ന ശബ്ദം നിർത്താതെ മുഴങ്ങിയത്. എന്തായിരിക്കും ഇത്ര മെസേജുകൾ ഒന്നിച്ച് എന്നാലോചിച്ച് ഫോൺ തുറന്ന അമ്മ ഞെട്ടിപ്പോയി. അയ്യോ! എന്ന് പറഞ്ഞ് അമ്മ നെഞ്ചിൽ കൈ വച്ചിരുന്നത് കണ്ട് കഹാനി ചാടിയെഴുന്നേറ്റു.
‘‘എന്താമ്മേ, എന്താ പറ്റിയത്?’’
16. ആ പൂക്കൾ എവിടെപ്പോയി
പിറ്റേന്ന് വൈകിയുണർന്ന് കഹാനി സ്കൂളിലെത്തുമ്പോഴേക്കും ബെല്ലടിച്ചിരുന്നു. നിധിയോട് പറയണ്ടേ ഈ കാര്യങ്ങളെല്ലാം, അവളിതൊക്കെ വിശ്വസിക്കുമോ എന്നോർത്താണ് കഹാനി ക്ലാസിലേക്ക് നടന്നത്. അവിടെ നിധിയും ശങ്കരിയും യാക്കൂബും ആരിക്കും അമൂല്യയും ഒക്കെക്കൂടി അടക്കിപ്പിടിച്ച് എന്തോ രഹസ്യം പറയുകയായിരുന്നു. ചെവി കൂർപ്പിച്ച് കഹാനി അങ്ങോട്ടു ചെന്നു.
‘‘നീ അറിഞ്ഞോ കാര്യങ്ങളൊക്കെ?’’ നിധിയുടെ മുഖത്ത് പതിവില്ലാത്ത ഗൗരവം. എന്താ സംഭവമെന്ന് കഹാനിക്കു മനസ്സിലായില്ല.
‘‘നമ്മുടെ തംലിമയില്ലേ, അവളുടെ നാട് അങ്ങ് ദൂരെയല്ലേ. അവിടുന്ന് അവളിങ്ങോട്ടു വരും മുൻപ് അവളുടെ വീടൊക്കെ ആരോ കത്തിച്ചു കളഞ്ഞത്രേ. പേടിച്ചിട്ട് തംലിമ അതിന്റെ മുന്നിൽ നിന്നു കരയുന്നൊരു വിഡിയോ കണ്ടു ഞാൻ. ഞാൻ മാത്രമല്ല ഞങ്ങളെല്ലാം കണ്ടു.’’ അതേ അതേയെന്ന് യാക്കൂബും അമൂല്യയും ആരിക്കും ശങ്കരിയും തലകുലുക്കി.
അച്ഛന്റെയും അമ്മയുടെയും മാമന്റെയുമൊക്കെ ഫോണിൽ വന്നത്രേ ആ വിഡിയോ. രാവിലെ ടിവിയിലും കണ്ടെന്ന് അമൂല്യ പറഞ്ഞു. അപ്പോ അതായിരിക്കും ഇന്നലെ ഫോണിൽ കണ്ട് അമ്മ ഞെട്ടിയതെന്ന് കഹാനിക്കു മനസ്സിലായി. അവളെത്ര ചോദിച്ചിട്ടും അമ്മയത് കാണിച്ചിരുന്നില്ല.
‘‘തംലിമ അന്ന് വരച്ചത് ആ വീടായിരിക്കുമോ?’’ ജോ ചോദിച്ചു. ടീച്ചർ ഉയർത്തിക്കാണിച്ച കൊച്ചുവീടിന്റെ പടം അവരൊക്കെ ഓർത്തുനോക്കി. മുറ്റത്ത് നിറയെ പൂക്കളൊക്കെയുള്ള ഒരു കൊച്ചുവീട്.
‘‘എന്നാലും എന്തിനായിരിക്കും ഇങ്ങനെ വീടൊക്കെ നശിപ്പിച്ചു കളയുന്നത്? അതായിരിക്കില്ലേ സങ്കടമായത്?’’ കൂട്ടത്തിലേക്ക് വന്നിരുന്നുകൊണ്ട് രോഹിത് എല്ലാവരോടുമായി ചോദിച്ചു.
‘‘ടിവിയിൽ രാവിലെ ഈ വാർത്ത വന്നപ്പോ വിഡിയോയുടെ കൂടെ കലാപം എന്ന് കുറേ തവണ പറയുന്നതു കേട്ടു. അതെന്തായിരിക്കും?’’
ആർക്കെങ്കിലും അറിയാമോ എന്ന് അങ്ങോട്ടുമിങ്ങോട്ടും നോക്കി കുട്ടികൾ. അവരാദ്യമായി കേൾക്കുകയായിരുന്നു ആ വാക്ക്.
‘‘അങ്ങോട്ടുമിങ്ങോട്ടും വഴക്കുകൂടുന്ന മനുഷ്യർക്കിടയിൽ വരുന്ന എന്തേലും കീടാണു ആയിരിക്കും അതും.’’ കുറച്ചുനേരം ആലോചിച്ചിട്ട് കഹാനി പറഞ്ഞു.
അവരങ്ങനെ വർത്തമാനം പറഞ്ഞിരിക്കുമ്പോഴാണ് ക്ലാസിലേക്ക് തംലിമ വന്നത്. നിധിക്കും തനിക്കുമിടയിലേക്ക് ഇരിക്കാൻ ബാഗ് നീക്കിവച്ചുകൊടുത്തു കഹാനി. എല്ലാവരും തന്റെ മുഖത്തേക്ക് തന്നെ നോക്കുന്നത് കണ്ടിട്ടാവണം തംലിമയുടെ മുഖത്ത് വല്ലാത്ത പരിഭ്രമമുണ്ടായിരുന്നു. ആദ്യമായി ക്ലാസിലേക്ക് വന്ന ദിവസത്തെപ്പോലെ വിയർത്ത കൈവെള്ള അവൾ യൂണിഫോമിൽ തൂത്തുകൊണ്ടേയിരുന്നു. തംലിമയോട് ഏത് ഭാഷയിലാ സംസാരിക്കുക.. സാരമില്ലാട്ടോ എന്നെങ്ങനെ പറയും എന്നാലോചിക്കുകയായിരുന്നു കഹാനി.
അപ്പോഴാണ് മുറ്റത്തൊരു ബഹളം കേട്ടത്. എന്താ എന്തായെന്ന് എത്തിവലിഞ്ഞു നോക്കി കുട്ടികളെല്ലാം. ഗേറ്റിനടുത്ത് വലിയ ക്യാമറയും മൈക്കുമൊക്കെ കയ്യിൽപ്പിടിച്ച് എട്ടുപത്തു പേരുണ്ട്. അജയൻ മാമനും പിന്നെ കണ്ടുപരിചയമുള്ള മൂന്നാലു പേരുമുണ്ട് ഒപ്പം. ഗേറ്റിനു മുന്നിൽ നിന്ന് മൈക്കും പിടിച്ച് അവരെന്തോ പറയുന്നുണ്ടല്ലോ.. എന്തായിരിക്കും അതെന്ന് കുട്ടികൾ ഒച്ചയുണ്ടാക്കാതെ ശ്രദ്ധിച്ചു നോക്കി.
‘‘തംലിമാ... എന്റെ കൂടെ സ്റ്റാഫ് റൂമിലേക്ക് പോന്നോളൂ. വായോ’’ എന്നു പറഞ്ഞ് ക്ലാസിനടുത്തേക്ക് ധൃതിയിൽ വന്ന സൂസൻ ടീച്ചർ അതിനിടെ തംലിമയുടെ കയ്യിൽപ്പിടിച്ച് അവളെ കൂട്ടിക്കൊണ്ടുപോയി.
അവളെ അന്വേഷിച്ചാണ് ടിവിയിലെ ആളുകളൊക്കെ വന്നതെന്ന് അപ്പോ കുട്ടികൾക്കുറപ്പായി. തംലിമ പഠിക്കുന്ന ക്ലാസ് റൂം അജയൻ മാമൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്യാമറ ഇങ്ങോട്ടും നീളുന്നത് കണ്ടപ്പോ കഹാനിക്ക് ആകെ ബുദ്ധിമുട്ടാവുന്നതു പോലെ നോക്കി. പരിചയമില്ലാത്തവരോട് മിണ്ടുന്നതേ അവൾക്ക് പേടിയാണല്ലോ.
ഗേറ്റ് തുറന്ന് മൈക്കും ക്യാമറയുമായി അവരകത്തേക്ക് കയറിയതും സ്റ്റാഫ് റൂമിനടുത്തേക്ക് നടന്നതുമൊക്കെ പെട്ടെന്നായിരുന്നു. എച്ച്എം പുറത്തേക്കിറങ്ങി ചെല്ലുന്നതും നീട്ടിയ മൈക്കിനു മുന്നിൽ നിന്ന് എന്തൊക്കെയോ പറയുന്നതും കുട്ടികൾ കണ്ടു. അന്നേരമെല്ലാം സ്റ്റാഫ് റൂമിൽ സൂസൻ ടീച്ചറിന്റെ സാരിക്കു പിന്നിൽ പതുങ്ങിയിരിക്കുകയായിരുന്നു തംലിമ.
കത്തി നശിച്ച വീടിനു മുന്നിൽ നിന്ന് തംലിമ പൊട്ടിക്കരയുന്ന വിഡിയോ ടിവിയിൽ വന്നതോടെ അതിനകം പതിനായിരക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞിരുന്നു. തംലിമയുടെ ഗ്രാമത്തിലാരോ പകർത്തിയതായിരുന്നു അത്. ആഴ്ചകൾക്കു ശേഷമാണ് അത് പുറത്തുവന്നതും വാർത്തയായതും. ഏങ്ങലടിച്ച് കരയുന്ന ആ കുട്ടി ജീവിച്ചിരുപ്പുണ്ടാവുമോ എന്ന അന്വേഷണത്തിലായിരുന്നു എല്ലാവരും. അന്നേരമാണ് നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിയല്ലേ ഇതെന്ന് നാട്ടുകാരിലാരോ തിരിച്ചറിഞ്ഞത്.
അതറിഞ്ഞയുടൻ സ്കൂളിലേക്ക് ഓടിവന്നതായിരുന്നു മൈക്കും ക്യാമറയുമായി അവരെല്ലാം. തംലിമയെ ഒന്നു കാണണമെന്നാണ് ആവശ്യം. അവളിവിടെ സുരക്ഷിതയായുണ്ട് എന്ന് എല്ലാവരെയും അറിയിക്കാനാണത്രേ. പക്ഷേ, ഈ ബഹളെല്ലാം കേട്ട് തംലിമ ആകെ മരവിച്ചു പോയിരുന്നു. ഒന്ന് കാണാനാവുമോ തംലിമയെ എന്ന്
പലവട്ടം ചോദിച്ചെങ്കിലും, ‘അയ്യോ പറ്റില്ല പറ്റില്ല’ എന്നായിരുന്നു ടീച്ചറിന്റെ മറുപടി.
ആളും ബഹളവുമായി സമയം കുറേ കഴിഞ്ഞു. ടിവിയിലെല്ലാം മക്കളുടെ സ്കൂൾ തന്നെ കാണിക്കുന്നത് കണ്ട് മാതാപിതാക്കൾ പലരും അങ്ങോട്ടെത്തി. തംലിമയെ സ്കൂളിൽ ചേർക്കാനായി വന്ന മാമന്മാരും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. തംലിമയെ ഒന്നു കാണാനാവുമോ എന്ന് അവരോടും ചോദിച്ചുകൊണ്ടേയിരുന്നു ചാനലുകാർ.
സ്റ്റാഫ് റൂമിൽ ഭയന്നിരിക്കുന്ന തംലിമയ്ക്ക് നേരെ ഫോൺ നീട്ടി ‘‘മോൾ തന്നെയാണോ ഈ വിഡിയോയിലുള്ളത്?’’ എന്ന് ആ മാമന്മാരിലൊരാൾ ചോദിച്ചതും തംലിമ ഒറ്റക്കരച്ചിൽ.
കുറേ നേരം കാത്തിരുന്നിട്ട് ചാനലുകാരൊക്കെ മടങ്ങിപ്പോയി. ഗേറ്റ് അടച്ചു പുറത്തേക്കു പോകുന്ന അജയൻ മാമനെ കണ്ടപ്പോ അന്ന് അജയൻ മാമൻ തംലിമയെക്കുറിച്ച് പറഞ്ഞത് കഹാനിക്കോർമ്മ വന്നു. എന്തൊക്കെയായിരിക്കും അവൾക്ക് നഷ്ടപ്പെട്ടത്?
17. നോക്ക്, ആകാശം കണ്ടോ?
പിറ്റേന്ന് തംലിമ വന്നില്ല. വൈകിയെങ്കിലും വരുന്നുണ്ടോയെന്ന് വാതിലിനരികിലേക്ക് പലവട്ടം കഹാനി നോക്കി. ഇന്നലെ ആ മാമൻമാർക്കൊപ്പം വണ്ടിയിലേക്ക് കയറുമ്പോൾ ക്ലാസിലേക്ക് തിരിഞ്ഞു നോക്കിയ തംലിമയുടെ മുഖം ഓർത്തപ്പോഴൊക്കെയും കഹാനിക്ക് പാവം തോന്നി.
അവളുടെ ഭാഷ അറിയില്ലല്ലോ നമുക്ക്, എങ്കിൽ കാര്യങ്ങളൊക്കെ ചോദിക്കാമായിരുന്നു എന്ന് നിധി സ്വയം ആശ്വസിപ്പിച്ചു.
ഉച്ചയായപ്പോഴാണ്, രണ്ടാളും കൂടി സൂസൻ ടീച്ചറിനോട് നമ്മുടെ തംലിമ എന്താ വരാത്തതെന്ന് ചോദിക്കാൻ പോയത്. അവൾക്ക് പനിയാണത്രേ. പാവം കരഞ്ഞു കരഞ്ഞു പിടിപ്പിച്ച പനിയായിരിക്കും എന്ന് സൂസൻ ടീച്ചർ പറഞ്ഞു. എല്ലാമൊന്ന് മറന്നു വരികയായിരുന്നുവത്രേ അവൾ. ആ വിഡിയോ പുറത്തുവരികയും എല്ലാവരും കാണുകയും ചെയ്തതോടെ കുട്ടി ആകെ സങ്കടത്തിലായി.
പനി മാറുമ്പോ തംലിമ വരുമായിരിക്കും എന്ന് നിധിയും കഹാനിയും കരുതി. പക്ഷേ, ഷെൽട്ടർ ഹോമിലെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങാൻ പോലും കൂട്ടാക്കാതെ കിടപ്പായിരുന്നു തംലിമ. ഒന്നും മിണ്ടാതെ ഒറ്റക്കിടപ്പ്.
മിണ്ടാക്കുട്ടിയെ കാണാൻ ഡോക്ടറെ വരുത്തി. പെട്ടെന്ന് പഴയ കാര്യങ്ങളൊക്കെ ഓർത്തതിന്റെ ഞെട്ടലാവും പയ്യെ പയ്യെ അതങ്ങ് ശരിയായിക്കോളും എന്നു പറഞ്ഞു ഡോക്ടർ.
പക്ഷേ, പനി മാറി ഒരുപാട് ദിവസം കഴിഞ്ഞിട്ടും തംലിമ ഒന്നും മിണ്ടിയതേയില്ല. പുറത്തേക്കു പോകാം പാർക്കിൽ കൊണ്ടുപോകാം എന്നൊക്കെ പറഞ്ഞു ആയമാർ. തംലിമ അവിടുന്ന് അനങ്ങിയതേയില്ല. എനിക്കെവിടെയും പോകേണ്ടാ, ആരെയും കാണണ്ട എന്ന് വാശി പിടിച്ച് മുറിയിൽ തന്നെയിരിപ്പ്.
തംലിമ വരാതായിട്ട് എത്ര ദിവസമായിക്കാണും? ഒന്നേ, രണ്ടേ, മൂന്നേ എന്ന് വിരലിൽ എണ്ണി നോക്കി നിധിയും കഹാനിയും. 12 ദിവസം! അയ്യോ, ഓണാവധിയെക്കാളും കൂടുതലായല്ലോ എന്ന് നിധി ആശ്ചര്യപ്പെട്ടു. ഇനി തംലിമ ഈ സ്കൂളിലേക്ക് വരില്ലേ എന്നായി അവരുടെ സംശയം. അന്നേരമാണ് കഹാനിയെ അന്വേഷിച്ച് സൂസൻ ടീച്ചർ വന്നത്.
‘‘കഹാനീ, രണ്ടു ദിവസം കഴിഞ്ഞാണ് നമ്മുടെ സബ്ജില്ലാ കലോത്സവം. ചിത്രരചനയ്ക്ക് കഹാനി വേണം പോകാൻ. റെഡിയായി വരണേ..’’
ഏ.. ഞാനോ എന്ന് അമ്പരന്നു പോയി അവൾ. സ്കൂൾ വിട്ട് വീടെത്തുംവരെയും അച്ഛന്റെ സ്കൂട്ടറിനു പിന്നിലിരുന്ന് കാര്യമായ ആലോചനയിലായിരുന്നു കഹാനി. വണ്ടി മെല്ലെ കൊണ്ടു പോകൂ അച്ഛാ, ആ തുമ്പിയെ കാണട്ടേ, കൊറ്റിയെ കാണട്ടേ... എന്നൊന്നും അവളന്ന് മിണ്ടിയില്ല.
വീടെത്തുമ്പോൾ കാത്തിരിപ്പുണ്ടായിരുന്നു അമ്മ.
‘‘കഹാനീ, ടീച്ചർ വിളിച്ചിരുന്നു. കലോത്സവത്തിന് പോകാല്ലോ നമുക്ക്!’’
കഹാനിയുടെ മുഖം അതുകേട്ടിട്ടും മൂടിക്കെട്ടിത്തന്നെയിരുന്നു. എന്തേ, എന്റെ കുട്ടിയൊരു സങ്കടക്കുട്ടിയായിരിക്കുന്നേ എന്ന് ചോദിച്ച് അമ്മ അടുത്തേക്ക് വന്നു.
‘‘അമ്മേ, എനിക്ക് പോകണ്ടാമ്മേ... എനിക്ക് മത്സരിക്കണ്ട...’’.
ഈ കുട്ടി തന്നെയല്ലേ സമ്മാനം കിട്ടാഞ്ഞതിന് വിഷമിച്ച് പനി പിടിപ്പിച്ചതെന്ന് ഓർത്തെങ്കിലും അതെന്താ മത്സരിക്കാത്തതെന്ന് അമ്മ ചോദിച്ചില്ല. കഹാനി മനസ്സിലെന്തോ ഉദ്ദേശിച്ചിട്ടുണ്ടെന്ന് അമ്മയ്ക്കറിയാമായിരുന്നു.
അന്ന് വൈകുന്നേരം അച്ഛനും അമ്മയ്ക്കുമൊപ്പം തംലിമ താമസിക്കുന്ന ഷെൽട്ടർ ഹോമിലേക്ക് പോയി കഹാനി. ആരോടും മിണ്ടാതെ മുറിക്കുള്ളിൽ ജനലരികിൽ ഇരിപ്പുണ്ടായിരുന്നു അവൾ. തംലിമ വരച്ച പടത്തിലെ കുട്ടിയെപ്പോലെ.
മിണ്ടാക്കുട്ടിയുടെ അടുത്തേക്ക് ചെന്ന് ‘തംലിമാ..’’ എന്ന് അലിവോടെ വിളിച്ചു കഹാനി. തന്നെത്തിരക്കി ആരും വരുമെന്ന് കരുതാഞ്ഞിട്ടാവണം അപ്പോഴേക്കും അവളുടെ കണ്ണ് നിറയാൻ തുടങ്ങിയിരുന്നു. അന്നേരം, തംലിമയുടെ കയ്യിലേക്ക് ഒരു സമ്മാനം വച്ചു കൊടുത്തു കഹാനി. പോപ്പിയുടെ അതേ ഛായയുള്ള ജാനയുടെ പാവ! കഹാനിയുടെ കണ്ണിലും കണ്ണീരു വന്നെങ്കിലും അത് ഒത്തിരി സന്തോഷം കൊണ്ടായിരുന്നു.
ഇത് തംലിമയെപ്പോലെ കളിപ്പാട്ടങ്ങളെല്ലാം നഷ്ടപ്പെട്ട ഒരാൾക്ക് കിട്ടണമെന്നാവും അമ്മേ ജാന ആഗ്രഹിച്ചിട്ടുണ്ടാവുക എന്നു പറഞ്ഞ് കഹാനി തന്നെയാണ് തംലിമയെ കാണാൻ പുറപ്പെടും മുൻപ് അത് ബാഗിലേക്ക് എടുത്തുവച്ചത്.
‘‘സ്കൂളിലേക്ക് ഇനി വരാതിരിക്കല്ലേ.. എല്ലാവരും തംലിമയെ കാത്തിരിക്കുവാ..’’ എന്ന് അറിയാവുന്ന ഭാഷയിൽ പറഞ്ഞൊപ്പിച്ചു കഹാനി. സ്കൂൾ എന്നു കേട്ടപ്പോൾ തംലിമയുടെ മുഖം മങ്ങി. അന്നത്തെപ്പോലെ ആരെങ്കിലുമൊക്കെ വരുമോ എന്നോർത്തിട്ടാവണം.
‘‘പേടിക്കണ്ട, എല്ലാരും തംലിമയെ നോക്കിയിരിക്കുവാ. നമുക്ക് മത്സരത്തിന് പോണ്ടേ? എന്ത് നന്നായി വരയ്ക്കും തംലിമാ.. എന്റെ കളർ പെൻസിലൊക്കെ തരാം..’’ എന്നൊക്കെ കിലുകിലാ പറഞ്ഞു കഹാനി. മലയാളം പഠിച്ചുവരുന്നേയുള്ളുവെങ്കിലും ആ സംസാരത്തിലാകെയുള്ള സ്നേഹം തംലിമയെ തൊട്ടു.
ജനലഴിയിൽ പിടിച്ച് പുതിയ പാവയുമായി കഹാനിക്കരികെ നിന്ന് ആകാശത്തേക്കു നോക്കുമ്പോൾ ദിവസങ്ങൾക്കു ശേഷം തംലിമയുടെ മുഖത്തൊരു ചിരി വിരിഞ്ഞു. പാവയെ കിട്ടിയതാണ് ആ ചിരിക്കു കാരണമെന്ന് കഹാനി കരുതിയതെങ്കിലും തംലിമ മനസ്സു തുറന്നു ചിരിച്ചത് അവൾക്ക് കൈ പിടിക്കാൻ കഹാനിയെ കിട്ടിയതു കൊണ്ടായിരുന്നു.
(അവസാനിച്ചു)
