2002-ലെ പുറംകടൽ മണൽ ഖനനനിയമത്തിന്റെ (Offshore Minerals - Development and Regulation- Act, 2002) വേര് കിടക്കുന്നത് ‘ബ്ലൂ ഇക്കോണമി' നയത്തിലാണ്. ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് 2023-ൽ ഈ നിയമം പരിഷ്ക്കരിച്ചത്. 2024-ൽ കടൽ മണൽ ലേലവും വില്പനയും ലക്ഷ്യം വെച്ച് മൂന്നു റൂളുകളും കൊണ്ടുവന്നു. ഇതിലൂടെ തീരക്കടലിലും (ഇൻ- ഷോർ) പുറം കടലിലും (ഓഫ്- ഷോർ അഥവാ കണ്ടഗസ് സോൺ) ആഴക്കടലിലുമുള്ള (ഡീപ് സീ) ഖനന അവകാശം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായി.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽപ്പെടുന്ന ആദിവാസിമേഖലകളുടെ പരിപാലന അവകാശം, അരാന്ത ഹാവ് നദികൾക്കിടയിലെ വിശാലമായ ആദിവാസി ഭൂമി പിടിച്ചെടുത്ത് ഖനനത്തിനായി തുരക്കാൻ എങ്ങനെ അദാനിക്ക് നൽകിയോ, അതുപോലെ, ഭരണഘടനാവിരുദ്ധമായി സംസ്ഥാന അവകാശം ഏറ്റെടുത്ത് കുത്തകകൾക്കുവേണ്ടി ഭേദഗതി ചെയ്യപ്പെട്ടിരിക്കുകയാണ്.
ബ്ലൂ ഇക്കോണമിയുടെ ഭാഗമായി ഏഴു പുതിയ തുറമുഖങ്ങൾ വികസിപ്പിക്കപ്പെടുകയാണ്. മുഴുവനും അദാനിക്കു സ്വന്തം.
പുതിയ ബ്ലൂ ഇക്കോണമി രേഖയുടെ അടിസ്ഥാനത്തിൽ ഡോ. ശൈലേഷ് നായിക് കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടുനസരിച്ച് ക്രൂഡ് ഓയിലും നാച്ചുറൽ ഗ്യാസും മണലുകളും ഖനലോഹങ്ങളും പോളിമെറ്റാ ലിക് നൊഡ്യൂളുകളുമടക്കം എണ്ണമറ്റ സമ്പത്ത് ഖനനം ചെയ്തെടുക്കാം. ഇവ ലഭിക്കുന്ന സ്ഥലങ്ങളുടെ മാപ്പിംഗും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയും നട ത്തിയിട്ടുണ്ട്. 79 ദശലക്ഷം ടൺ ഖനലോഹങ്ങളും 1,53,996 ദശലക്ഷം ടൺ ചുണ്ണാമ്പും 745 ദശ ലക്ഷം ടൺ നിർമ്മാണാവശ്യങ്ങൾക്കുള്ള മണലും വിവിധ മേഖലകളിൽ ലഭ്യമാണ്.
കേരളത്തിന്റെ പൊതുസ്വത്തായ കരിമണലും (ഇൽമനൈറ്റ്, മോണോസൈറ്റ്, റൂടൽ, ഗാർനെറ്റ്, സിർകോൺ, സില്ലിമനൈറ്റ്, മാഗ്നറ്റൈറ്റ്) സ്വകാര്യ കുത്തകകൾക്ക് ഖനനം ചെയ്തെടുക്കാം. ഇവയുടെ വ്യവസായ മൂല്യം 120 ബില്ല്യൺ ഡോളറാണെന്ന് ശൈലേഷ് നായിക് കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്.
കൊല്ലത്തെ മൂന്നു സെക്ടറുകളായി തിരിച്ചാണ് ഖനനം നടക്കുക. 242 ചതുരശ്ര കിലോമീറ്ററിലായി 302.5 ദശലക്ഷം ടൺ മണലാണ് ഇവിടെ നിന്ന് ഖനനം ചെയ്യപ്പെടുക. ഇതുമായി ബന്ധപ്പെട്ട നടപടികൾ 2024 നവംബർ 28ന് ആരംഭിച്ചു. ജനുവരി 11, 12 തീയതികളിൽ കൊച്ചിയിൽ റോഡ് ഷോ നടത്തി. സ്വകാര്യ മേഖലയ്ക്ക് നടത്തുന്ന വില്പനബിഡുകൾ ഫെബ്രുവരി 27ന് പൂർത്തീകരിക്കും. മണലൂറ്റുന്നതിന് മൂന്ന് സംവിധാനങ്ങൾ അദാനി പോർട്ട് ആന്റ് സ്പെഷ്യൽ ഇക്കണോമിക് സോൺ ഏർപ്പാടു ചെയ്യും. സക്ഷൻ ഹോപ്പർ, റോട്ടറി കട്ടർ, ബക്കറ്റ് ഡ്രഡ്ജർ എന്നീ സംവിധാനങ്ങളിലൂടെയാണ് മണലെടുക്കുക.

മണൽ വില്പനയുടെ നടപടികൾക്ക് മുൻകൈയ്യെടുത്തിരിക്കുന്നത് എസ്. ബി.ഐ. ക്യാപിറ്റലാണും ലോവേഷ് സിംഗ്ള എന്ന എസ്.ബി.ഐ. ക്യാപിറ്റൽ മാർക്കറ്റിന്റെ വൈസ് പ്രസിഡന്റുമാണ്. മൈനിംഗ് വിഭാഗത്തിന്റെ കൈമാറ്റ ഉപദേഷ്ടാവിനും ചുമതലയുണ്ട്. കൊച്ചിയിലെ ശില്പശാലയ്ക്കും ടെണ്ടർ നടപടികൾക്കും കേന്ദ്ര മൈനിംഗ് വകുപ്പിനൊപ്പം മുൻകൈയ്യെടുത്തതും എസ്.ബി.ഐ തന്നെ. കടലിൽ നടക്കുന്ന പ്രാഥമിക മൂലധനസമാഹരണത്തിന് (പ്രീമിറ്റീവ് അക്യു മുലേഷൻ ഓഫ് ക്യാപിറ്റൽ) നേതൃത്വം നൽകുന്നത്, ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആണെന്നതാണ് ഇതിന്റെ വൈചിത്ര്യം.
മത്സ്യമേഖലയിലേക്ക്
വൻകിട കുത്തകകൾ
ഏഷ്യയിലെ ഏറ്റവും ഉല്പാദന ക്ഷമതയുള്ള കൊല്ലം പരപ്പ് കുത്തിപ്പൊളിച്ചാണ് മണ്ണെടുക്കുന്നത്. ലോകത്തൊട്ടാകെ 15 ഫിഷിംഗ് ഗ്രൗണ്ടുകളുണ്ടെന്നാണ് റോം ആസ്ഥാനമായ ഭക്ഷ്യ- കാർഷിക സംഘടന (FAO) വിലയിരുത്തിയിരിക്കുന്നത്. ഇതിൽ പതിമൂന്നും അമിത മത്സ്യബന്ധനസമ്മർദ്ദം മൂലം തകർന്നിരിക്കുകയാണ്. മത്സ്യം അവശേഷിക്കുന്ന രണ്ട് പ്രധാന ഫിഷിംഗ് ഗ്രൗണ്ടുകൾ അറബിക്കടലും ബംഗാൾ ഉൾക്കടലുമാണ്. മത്സ്യബന്ധനം ഇന്നത്തെ രീതിയിൽ തുടരുകയാണെങ്കിൽ 2048-ഓടെ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങൾ ഈ ഭൂമുഖത്തു നിന്നുതന്നെ അപ്രത്യക്ഷമാകും എന്ന മുന്നറിയിപ്പ് നൂറോളം വരുന്ന മത്സ്യഗവേഷക സംഘവും മുന്നോട്ടുവെച്ചിരിക്കുന്നു. അപകടകരമായ ഈ സാഹചര്യത്തിൽ പല രാജ്യങ്ങളും ബഹുവിധമായ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും നിരോധനങ്ങളും ഈ രംഗത്ത് കൊണ്ടുവരികയാണ്. സമുദ്രത്തിന്റെ 30%-മെങ്കിലും 2030-ഓടെ സംര ക്ഷിതമായി നിലനിർത്താമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സമുദ്ര നിയമത്തിൽ ഈയിടെയാണ് ഇന്ത്യ ഒപ്പുവെച്ചത്. ഈ പശ്ചാത്തലത്തിൽ വേണം കടലിലേക്കുള്ള കുത്തകകളുടെ കടന്നുകയറ്റത്തെ നോക്കിക്കാണാൻ.
12 കോസ്റ്റൽ സോൺ ഡെവലപ്മെന്റ് പ്രോജക്ടുകൾ, 11 കോസ്റ്റൽ ടൂറിസ്റ്റ് സർക്യൂട്ടുകൾ, തുറമുഖ നഗരങ്ങൾ, കണ്ടെയ്നർ ഫറ്റ് സ്റ്റേഷനുകൾ, കപ്പൽ നിർമ്മാണശാലകൾ, കപ്പൽ പൊളിശാലകൾ, 2000 കിലോമീറ്റർ തീരദേശ റോഡ് - വികസനത്തിന്റെ പെരുമഴയാണ് തീരത്ത് പെയ്തിറങ്ങുന്നത്.
ഇന്ത്യൻ മത്സ്യരംഗത്തെ പ്രധാന സവിശേഷത അത് പരമ്പരാഗതവും, ചെറുകിടയുമായ മേഖലയിൽ കേന്ദ്രീകരിക്കുന്നുവെന്നതാണ്. തൊഴിൽ സാന്ദ്രമായ ഈ രംഗത്തേക്ക് വൻകിട കുത്തകകളെ കൊണ്ടുവരാനാണ് കേന്ദ്ര ശ്രമം. ഇന്ത്യയിൽ സുസ്ഥിര മത്സ്യബന്ധനത്തിന് 53.1 ലക്ഷം ടൺ മത്സ്യം പിടിച്ചെടുക്കേണ്ടതുണ്ട്. എന്നാൽ ഇന്ന് കേവലം 35 -38 ലക്ഷം ടൺ മത്സ്യമാണ് പിടിക്കുന്നത്. ഇവ പിടിക്കുന്നതിനാവശ്യമായ യാനങ്ങളുടെ എണ്ണം 97,000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇന്ത്യയിലിന്ന് 3,15,000 യാനങ്ങൾ പ്രവർത്തിക്കുന്നുമുണ്ട്. ആവശ്യമായതിന്റെ മൂന്നിരട്ടിയിലധികം. പുതിയ മറൈൻ ഫിഷിംഗ് ബില്ലിലൂടെ വൻകിട കുത്തക കമ്പനികളുടെ യാനങ്ങളെ ഈ രംഗത്ത് പ്രതിഷ്ഠിക്കാനാണ് കേന്ദ്ര ശ്രമം. ഈ ശ്രമത്തിനിടയിലാണ് കടൽ കുത്തിക്കവർച്ചയ്ക്കും മുൻകൈയ്യെടുക്കുന്നത്. മീനാകുമാരി റിപ്പോർട്ടിനെതിരേ കേരളത്തിൽ നടന്ന ഐതിഹാസികമായ സമരത്തെ തുടർന്ന് പിന്മാറേണ്ടിവന്ന കേന്ദ്ര സർക്കാർ ഇന്ത്യൻ കുത്തകകളെ ഈ രംഗത്ത് കുടിയിരുത്താനാണ് ശ്രമിക്കുന്നത്.

ബ്ലൂ ഇക്കോണമി തുറന്നിടുന്ന കൊള്ള
കടൽ മണൽ ഖനനം ഒറ്റപ്പെട്ടതോ യാദൃച്ഛികമോ ആയ ഒന്നല്ല. പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റർ പ്ലാനു' മായിക്കൂടി അത് ഇന്ന് ബന്ധപ്പെട്ടിരിക്കുന്നു. 1:3 ട്രില്യൻ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഭീമാകാരമായ നിർമ്മിതികളുടെ ഒരു വികസന ഘോഷയാത്രയാണ് വരാൻ പോകുന്നത്. ഹൈവേകൾ, പൈപ്പ് ലൈനു കൾ, തുറമുഖങ്ങൾ, റെയിൽവേ തുടങ്ങിയ വൻപദ്ധതികൾ നടപ്പാക്കി, അവ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന ‘നാഷണൽ മോണിട്ടൈസേഷൻ പൈപ്പ് ലൈൻ പദ്ധതി’ കഴിഞ്ഞ വർഷമാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചത്. നിർമ്മിതികൾക്കാവശ്യമായ മണൽ ശേഖരം കുത്തിപ്പൊളിച്ചെടുക്കേണ്ടത് അവർക്കിന്ന് അടിയന്തിരാവശ്യമായിരിക്കുന്നു.
പുതുവൈപ്പിനിലും വിഴിഞ്ഞത്തും തോട്ടപ്പള്ളിയിലും നൂറുകണക്കിനാളുകൾ കോടതി കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന ദുരന്തത്തെയാണ് കേരളവും അഭിമുഖീകരിക്കുന്നത്.
ബ്ലൂ ഇക്കോണമിയുടെ ഭാഗമായി കടലോരത്തു നടത്തപ്പെടുന്ന പ്രവർത്തനങ്ങളെക്കൂടി വിലയിരുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഏഴു പുതിയ തുറമുഖങ്ങൾ വികസിപ്പിക്കപ്പെടുകയാണ്. മുഴുവനും അദാനിക്കു സ്വന്തം. മഹാരാഷ്ട്രയിലെ വാഡ്മാൻ, കർണ്ണാടകയിലെ കാർവാർ, കേരളത്തിലെ വിഴിഞ്ഞം, തമിഴ്നാട്ടിലെ കാട്ടുപള്ളി, ഒറീസ്സയിലെ സുവർണ്ണരേഖ, ബംഗാളിലെ താജ്പൂർ - തുടങ്ങിയ പല സ്ഥലങ്ങളിലും ജനകീയ പ്രക്ഷോഭങ്ങളും ഉയരുന്നുണ്ട്. പ്രാദേശിക സർക്കാരുകൾ ഈ സമരങ്ങളെയെല്ലാം, അദാനിക്കുവേണ്ടി അടിച്ചമർത്തിക്കൊണ്ടിരിക്കുകയുമാണ്. ഇതിനുപുറമെ 12 കോസ്റ്റൽ സോൺ ഡെവലപ്മെന്റ് പ്രോജക്ടുകളും, 11 കോസ്റ്റൽ ടൂറിസ്റ്റ് സർക്യൂട്ടുകളും, തുറമുഖ നഗരങ്ങളും, കണ്ടെയ്നർ ഫറ്റ് സ്റ്റേഷനുകളും, കപ്പൽ നിർമ്മാണശാലകളും, കപ്പൽ പൊളിശാലകളും, 2000 കിലോ മീറ്റർ തീരദേശ റോഡും - വികസനത്തിന്റെ പെരുമഴയാണ് പെയ്തിറങ്ങുന്നത്. ഇതിന്റെ ഫലമായി മത്സ്യത്തൊഴിലാളികളാണ് കുടിയിറക്കപ്പെടുക. ഇവർക്കുള്ള നഷ്ടപരിഹാരത്തെയും പുനരധിവാസത്തെയും സംബന്ധിച്ച് ബ്ലൂ ഇക്കോണമി രേഖ അർത്ഥ ഗർഭമായ മൗനം പുലർത്തുന്നു.

ഇപ്പോൾത്തന്നെ പുതുവൈപ്പ് മാതൃകയിൽ ഇന്ത്യയിലെമ്പാടും 608 കൂറ്റൻ എടുപ്പുകൾ ഉയർന്നുകൊണ്ടിരിക്കുകയുമാണ്. പുതുവൈപ്പിനിലും വിഴിഞ്ഞത്തും തോട്ടപ്പള്ളിയിലും നൂറുകണക്കിനാളുകൾ കോടതി കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന ദുരന്തത്തെയാണ് കേരളവും അഭിമുഖീകരിക്കുന്നത്. ഇതിനുപുറമേ മത്സ്യത്തൊഴിലാളി സംഘടനകളുമായി യാതൊരു ചർച്ചയും നടത്താതെ ബ്ലൂ ഇക്കോണമിയുടെ ഭാഗമായി തീരദേശ റോഡും, ആണവ നിലയങ്ങളും, കാറ്റാടി പാടങ്ങളും, കടൽ കൂടുകൃഷിയും തകൃതിയായി മുന്നോട്ടുപോവുകയാണ്. ഇപ്പോഴും തിരുവനന്തപുരത്ത് സിമന്റ് ഗോഡൗണിൽ കഴിയുന്ന നാല്പതോളം കുടുംബങ്ങൾക്കു വേണ്ടി ആരാണ് ശബ്ദിക്കാനുള്ളത്....?
കേരള തീരത്തിന്റെ ദുർബ്ബലാവസ്ഥ ഗൗരവമുള്ളതാണെന്ന് ഓഖിയും, പ്രളയങ്ങളും, സുനാമിയും തെളിയിച്ചുകഴിഞ്ഞു. ഭൂഗർഭ ജലത്തിലൂടെ കടൽ കിലോമീറ്ററോളം കേരളത്തിലേക്ക് കടന്നു കയറിയിരിക്കുന്നുവെന്ന അപകടകരമായ സ്ഥിതി കൊച്ചി യൂണിവേഴ്സിറ്റിയിലെ ഗവേഷണങ്ങളും തെളിയിക്കുന്നു. തൊഴിൽ മേഖലയുടെ പുനഃസംഘാടനത്തിനുപകരം കേന്ദ്രം അടിച്ചേല്പിക്കുന്ന വിധ്വംസകമായ നയനടപടികളെ പിൻപറ്റുകയല്ല ‘കേരള മാതൃക'. ബദൽ മുന്നോട്ടുവെയ്ക്കുകയും യോജിച്ച സമരത്തിനു മുൻകൈയ്യെടുക്കുകയുമാണ് ഇടതുപക്ഷം ചെയ്യേണ്ടത്.

കടൽ മണൽ വില്പനയ്ക്കു വേണ്ടിയുള്ള സമ്മേളനം കൊച്ചിയിൽ വിളിച്ചു ചേർത്തപ്പോൾ കേരളത്തിന്റെ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് പ്രതിഷേധം ഉയർത്തിയെന്നത് വാസ്തവമാണ്. പാർലമെന്റിൽ ജനുവരിയിൽ ഹൈബി ഈഡനും വിഷയം ഉന്നയിച്ചിട്ടുണ്ട്. കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കണം. നിയമ നടപടികളെക്കുറിച്ചാലോചിക്കണം. ലക്ഷക്കണക്കായ മത്സ്യ ത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കണം. മീനാകുമാരി റിപ്പോർട്ടിനെതിരേയെന്നപോലെ മത്സ്യമേഖലയിൽ യോജിച്ച പ്രക്ഷോഭം ഉയർന്നുവരേണ്ടതുണ്ട്. പ്രകൃതിയെയും പരിസ്ഥിതിയേയും ഉപജീവന അവകാശത്തേയും സംരക്ഷിക്കുന്നതിനും സംസ്ഥാന അവകാശം നില നിർത്തുന്നതിനും നടക്കുന്ന ഈ പ്രക്ഷോഭങ്ങളിൽ മുഴുവൻ മത്സ്യത്തൊഴിലാളി സംഘടനകളും ഒന്നിച്ച് അണിനിരക്കണം.
READ ALSO:
കോർപറേറ്റ് പ്രോപ്പർട്ടിയാകുന്ന കടൽ
കേരളത്തിന്റെ പ്രധാന
ഉപജീവന മേഖലയെ തകർക്കുന്ന
കടൽ ഖനനം