സബാൾട്ടൻ ബ്രാഹ്മണിസം, ആർ.എസ്.എസ്, ഭൂപരിഷ്കരണം: എം. കുഞ്ഞാമനോട് കെ.കെ. കൊച്ച്, വിമർശനത്തോടെ

ബ്രാഹ്മണ ഹിന്ദുയിസം, ഭൂവുടമസ്ഥത, ഭൂപരിഷ്കരണം തുടങ്ങിയ വിഷയങ്ങളിൽ എം. കുഞ്ഞാമൻ ട്രൂകോപ്പിതിങ്കിനു നൽകിയ അഭിമുഖത്തിലൂടെ മുന്നോട്ടുവച്ച നിലപാടിയെ വിമർശനാത്മകമായി വിശകലനം ചെയ്യുന്നു കെ.കെ. കൊച്ച്.

ഭൂവുടമസ്ഥതയടക്കം, സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ആധാരമാകേണ്ടത് രാജ്യത്തിന്റെ സമഗ്രമായ സാമൂഹിക- സാമുദായിക- രാഷ്ട്രീയാവസ്ഥയുടെയും ജനങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്ന അസമത്വത്തിന്റെയും നേർക്കാഴ്ചകളാണ്. ഈ നിലപാടിലൂടെ പ്രമുഖ ധനതത്വശാസ്ത്രവിദഗ്ധൻ എം. കുഞ്ഞാമൻ ട്രൂകോപ്പിതിങ്കിനു നൽകിയ അഭിമുഖസംഭാഷണത്തിന്റെ പൊളിച്ചെഴുത്തിനാണ് ഇവിടെ ശ്രമിക്കുന്നത്.

ജാതിവ്യവസ്ഥയുടെ
സാമൂഹികാടിത്തറ

ചരിത്രത്തിലുടനീളം വിവിധ ജനവിഭാഗങ്ങൾ നിലനിന്നത്, സാമൂഹിക വിഭജനങ്ങളിലൂടെയായിരുന്നു. ഇവയിൽ ഏറ്റവും ക്രൂരമായിരുന്ന അടിമസമ്പ്രദായത്തിന്, മാറ്റപ്പെടാനാവാത്ത ദൈവിക കൽപ്പനയുടെയും നിയമാധികാരത്തിന്റെയും അംഗീകാരമുണ്ടായിരുന്നില്ല. ഇതിൽനിന്ന് ഏറെ ഭിന്നമായിരുന്നു ഇന്ത്യയിൽ സാമൂഹിക വിഭജനം അടയാളപ്പെടുത്തിയ ചാതുർവർണ്യവും ജാതിവ്യവസ്ഥയും.
ചാതുർവർണ്യം, ശ്രേണീവൽകൃതമായ നാലു വർണങ്ങളെയും (ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര) വർണബാഹ്യരെയുമാണ് ഉൾക്കൊണ്ടിരുന്നത് എങ്കിൽ ജാതിവ്യവസ്ഥ, ശ്രേണീവൽക്കരണം നിലനിർത്തിക്കൊണ്ട്, വെള്ളം കേറാതെ വേർതിരിക്കപ്പെട്ട അറകളായുള്ള നാലായിരത്തിലേറെ ജാതികളുടെ സമാഹാരമായിരുന്നു.

ഈ രണ്ടു വ്യവസ്ഥകളിലും ഭരണകൂടപിന്തുണയോടെ അധീശത്വം വഹിച്ചത് ബ്രാഹ്മണരും സവർണരുമായിരുന്നു. ഇതിന്നടിസ്ഥാനമായത് സമ്പത്ത്, അധികാരം, പദവി, ജ്ഞാനം എന്നിവയിലെ അനിഷേധ്യമായ മുൻകൈയാണ്. ഇപ്രകാരമുള്ള സവിശേഷ പ്രതിനിധാനത്തെ, പുരാതന ഇന്ത്യയിലെ മനു(സ്മൃതി) അടക്കമുള്ള നിയമജ്ഞർക്കും ചാതുർവർണ്യത്തെ ഉറപ്പച്ചുനിർത്തിയ സാമൂഹിക വിഭജനത്തെ സ്ഥായിയായി സ്ഥാപനവൽക്കരിക്കാൻകഴിഞ്ഞു. അതേസമയം, എണ്ണമറ്റ ബഹുജനമുന്നേറ്റങ്ങളിലൂടെയും ആശയസമരങ്ങളിലൂടെയും ചാതുർവർണ്യം ശിഥിലമായപ്പോൾ, രൂപം കൊണ്ട ജാതിവ്യവസ്ഥയിൽജ്ഞാനസമ്പത്തിന്റെ കുത്തകാവകാശം, ബ്രാഹ്മണരിൽ മാറ്റമില്ലാതെ തുടർന്നതിനാലാണ്, ജാതിയുടെ വ്യവഹാരമണ്ഡലത്തിൽ, മൂല്യവ്യവസ്ഥക്ക് സ്വയം പ്രവർത്തകമായി നിലനിൽക്കാൻ കഴിഞ്ഞത്. അതുകൊണ്ടാണ് ഡോ. ബി.ആർ. അംബേദ്കർ ജാതിവ്യവസ്ഥയെ തൊഴിലുകളുടെയും തൊഴിലാളികളുടെയും വിഭജനമായി നിർവചിച്ചത്.

ബ്രിട്ടീഷ് ഭരണകാലത്താണ്, നാളിതുവരെ ബ്രാഹ്മണ പണ്ഡിതന്മാരുടെ ആവർത്തിച്ചുള്ള വ്യാഖ്യാനങ്ങളിലൂടെ അതിജീവിച്ച ജ്ഞാനവ്യവസ്ഥ പൊളിച്ചെഴുത്തിന് വിധേയമായത്. ഇതോടെ ബ്രാഹ്മണ്യമേധാവിത്തം ദുർബലമാക്കപ്പെട്ടുവെങ്കിലും, ജാതിയെ സ്ഥാപനവൽക്കരിച്ച സാമൂഹികവിഭജനം മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞ ഡോ. അംബേദ്കർ, ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്യാൻ വേദങ്ങളും ഉപനിഷത്തുക്കളും ശ്രുതി- സ്മൃതികളും ഇതിഹാസ- പുരാണങ്ങളും സംരക്ഷിക്കുന്ന മതത്തെ ഡൈനാമിറ്റ് വച്ച് തകർക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. ഈ നേർക്കാഴ്ചയെ തിരിച്ചറിയാതെ, ബ്രാഹ്മണിസത്തെ ബ്രാഹ്മണരെന്ന സാമൂഹികവിഭാഗത്തിന്റെ അധീശത്വമായാണ് എം. കുഞ്ഞാമൻ കണക്കാക്കുന്നത്.

ഡോ. ബി.ആർ. അംബേദ്കർ

ഇക്കാരണത്താലാണ്, ബ്രാഹ്മണാധിപത്യം തുടച്ചുകളഞ്ഞ പിന്നാക്കക്കാരനെന്ന നിലയ്ക്ക് നരേന്ദ്രമോദിയെ ചരിത്രവ്യക്തിത്വമായി അവരോധിക്കുന്നതും രാഷ്ട്രീയാധികാരം ബ്രാഹ്മണേതര സമുദായങ്ങൾക്ക് ലഭ്യമാക്കിയതിലൂടെ സബാൾട്ടൻ ബ്രാഹ്മണിസം രൂപം കൊണ്ടുവെന്നുമുള്ള നിഗമനത്തിൽ അദ്ദേഹം എത്തിച്ചേരുന്നത്. (നന്ദി മോദി’ എന്നു പറഞ്ഞിട്ടില്ല, ആർ.എസ്.എസ് പറയുന്ന ‘സംസ്‌കാരം’ പ്രശ്‌നം തന്നെയാണ്- എം. കുഞ്ഞാമൻ / കെ. കണ്ണൻ, ട്രൂകോപ്പി തിങ്ക്, 25 Apr 2023).
ചരിത്രാനുഭവങ്ങളുടെ കീഴാള പരിപ്രേക്ഷ്യത്തെയും രാഷ്ട്രീയാധികാരത്തിന്റെ ബലതന്ത്രത്തെയും നിഷേധിക്കുന്ന ശിശുഭാവനയാണിത്.

ആർ.എസ്.എസ്
സാംസ്കാരിക സംഘമോ?

ബ്രാഹ്മണമേധാവിത്തം നരേന്ദ്രമോദിയുടെ അവതാരത്തോടെ അപ്രത്യക്ഷമായി എന്ന കുഞ്ഞാമന്റെ പ്രസ്താവന, അവിശ്വസനീയമാണ് എന്നാണ് അഭിമുഖത്തിൽ കെ. കണ്ണൻ വിലയിരുത്തുന്നത്. എന്നാൽ, കുഞ്ഞാമനെ സംബന്ധിച്ച് വ്യക്തമായ നിലപാടാണത്. പ്രസ്തുത നിലപാടാകട്ടെ, ആർ.എസ്.എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്നും ഇടപെടലുകളില്ലാതെ ബി.ജെ.പി ഭരണം നടത്തുന്നുവെന്നുമാണ്. ഇതേ വാദമാണ് രാഹുൽഗാന്ധിയും ശശി തരൂരും മുന്നോട്ടുവക്കുന്നത്. രാഹുൽഗാന്ധി ഹിന്ദു മേധാവിത്തത്തെ എതിർക്കുമ്പോൾ ഹിന്ദുവിശ്വാസം ആർ.എസ്.എസിന്റെ സങ്കൽപ്പനങ്ങളിൽനിന്ന് മുക്തമാണെന്ന് കണക്കാക്കുന്നു. ശശി തരൂരാകട്ടെ, കുറെക്കൂടി വ്യക്തമായി ഹിന്ദുത്വത്തെ ആർ.എസ്.എസുമായും ഹിന്ദു വിശ്വാസത്തെ സഹിഷ്ണുതയായും വിലയിരുത്തുന്നു.

രാഹുൽ ഗാന്ധി

മുൻചൊന്നവരിൽനിന്ന് ഭിന്നമായി ആർ.എസ്.എസ് പ്രതിനിധീകരിക്കുന്ന ബ്രാഹ്മണമേധാവിത്തത്തിന്റെ സഹായമില്ലാതെ ബ്രാഹ്മണ ഹിന്ദുയിസമായ ബി.ജെ.പി ഭരണപരമായ പരിപാടികൾ ആവിഷ്കരിക്കുന്നുവെന്നാണ് കണ്ടെത്തൽ. ബ്രാഹ്മണമേധാവിത്തത്തിന്റെ അഥവാ, ആർ.എസ്.എസിന്റെ ഭരണനടപടികളിലൂടെ ബ്രാഹ്മണ ഹിന്ദുയിസം ദലിതരടക്കമുള്ള മുഴുവൻ സമുദായങ്ങളെയും ബ്രാഹ്മണവൽക്കരിച്ചിരിക്കുകയാണത്രേ. മുമ്പ് മണ്ഡൽ കമീഷൻ, ഭൂപരിഷ്കരണം, ഹരിതവിപ്ലവം തുടങ്ങിയവ പിന്നാക്കക്കാരെ ബ്രാഹ്മണവൽക്കരിക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

മുകളിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന നിഗമനങ്ങളിലൂടെ സാമൂഹികജീവിതത്തിലുടനീളം അഴിഞ്ഞാടുന്ന സവർണ ഫാഷിസത്തെയും നാസി ജർമനിയിലെന്നപോലെ ഭരണഘടനയെ ദുർബലപ്പെടുത്തി ജനാധിപത്യത്തെ അപ്രസക്തമാക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളെയും കുഞ്ഞാമന് തിരിച്ചറിയാൻ കഴിയുന്നില്ല. ഇതിനുകാരണം, അദ്ദേഹം ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയനിയോഗങ്ങളെക്കുറിച്ച് പുലർത്തുന്ന അജ്ഞതയാണ്.

1925-ലെ വിജയദശമി ദിനത്തിൽ, ഒരു ബ്രാഹ്മണ (ചിപ്‌വൻ) സംഘടനയായാണ് ആർ.എസ്.എസ് രൂപീകരിക്കപ്പെടുന്നത്. സംഘടനയുടെ ആത്യന്തികലക്ഷ്യം ഇന്ത്യയെ ഹിന്ദുക്കളുടെ പുണ്യഭൂമിയാക്കുകയാണ്. ഇപ്രകാരമൊരു സങ്കൽപ്പനം, ബ്രാഹ്മണർ വേദോപനിഷത്തുക്കളിൽനിന്ന് വീണ്ടെടുത്ത പ്രത്യയശാസ്ത്രത്തെ ദേശീയതയായി പരിഭാഷപ്പെടുത്തിയാണ് നിർമിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദുത്വം ‘ഏകാത്മ മാനവവാദം’, ‘സാംസ്കാരിക ദേശീയത’, ‘അഖണ്ഡ ഭാരതം’ എന്നിങ്ങനെയുള്ള പ്രമാണവാദങ്ങൾ സൃഷ്ടിച്ചത്. പ്രസ്തുത ലക്ഷ്യങ്ങൾ കൈവരിക്കാൻ ഹിന്ദു സമൂഹത്തെ ആകമാനം ഉൾക്കൊള്ളാൻ കഴിയുന്നവിധം ക്ഷേത്രങ്ങളെയും അനുഷ്ഠാനങ്ങളെയും സാമാന്യവൽക്കരിക്കുന്നു. മാത്രമല്ല, ആർ.എസ്.എസിന്റെ വിവിധ സംഘടനകളുടെയും ദൗത്യം മറ്റൊന്നല്ല. കൂടാതെ, ജാതിഹിന്ദുക്കളുടെ ഏകോപനത്തിനായി ഭക്തിയെ മുഖ്യമാക്കുന്നതിനൊപ്പം മുസ്ലിംകൾക്കെതിരായ വെറുപ്പിലൂടെ നിരന്തരം അക്രമങ്ങൾ നടത്തുന്നു. ആർ.എസ്.എസിന്റെ (ബ്രാഹ്മണമേധാവിത്തം) ഇത്തരം പ്രവർത്തനങ്ങൾ മാഞ്ഞുപോയെന്നാണോ കുഞ്ഞാമൻ കരുതുന്നത്?

ശ്യാമപ്രസാദ് മുഖർജീ

ഇന്ത്യയുടെ ഭരണഘടനയും ഭരണസ്ഥാപനങ്ങളും വിവിധ ജനവിഭാഗങ്ങളുടെ ആശയങ്ങളും പ്രക്ഷോഭങ്ങളിലൂടെ രൂപപ്പെട്ട ജനാധിപത്യാവബോധവും ആർ.എസ്.എസിന്റെ രാഷ്ട്രീയപ്രവേശനം അസാധ്യമാക്കിയതുകൊണ്ടാണ് 1951 ഒക്ടോബർ 21ന് ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ ചില പരിപാടികൾ മുന്നോട്ടുവച്ച് ജനസംഘം രൂപീകരിക്കപ്പെടുന്നത്. ആ പരിപാടികൾ ഇവയാണ്:

1. അധികാരവികേന്ദ്രീകരണം.
2. സാമൂഹിക - സാമ്പത്തിക സമത്വം.
3. രാജ്യത്തിന്റെ അഖണ്ഡതയുടെ സംരക്ഷണം.
4. ഭൂമിയുടെ നീതിപൂർവകമായ വിതരണം.
5. ഗോവധ നിരോധനം.
6. അസംസ്കൃത വസ്തുക്കളുടെയും ഭക്ഷ്യോൽപ്പന്നങ്ങളുടെയും ഉൽപാദനം.
7. ഹിന്ദി ദേശീയഭാഷയാക്കൽ.
8. ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങൾ പിൻവലിക്കൽ.

ഈ പരിപാടികൾ ആവിഷ്കരിക്കപ്പെട്ടത് വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രാതിനിധ്യത്തിലൂടെയും സുദീർഘമായ ആശയസംവാദത്തിലൂടെയും ആയിരുന്നില്ല. അതുകൊണ്ടാണ് ജനസംഘത്തിന്റെ സ്ഥാനത്ത് രൂപം കൊണ്ട ബി.ജെ.പിക്ക്, ഈ പരിപാടികൾ പകർത്തിയെടുക്കാൻ കഴിഞ്ഞത്.

ബ്രാഹ്മണ ഹിന്ദുയിസം

ബി.ജെ.പി ഭരണകൂടത്തിന്റെ സാമ്പത്തികനയങ്ങൾ കൊണ്ടുമാത്രമല്ല, മുമ്പുള്ള സർക്കാറുകളുടെ ഭരണകൂടനടപടികളിലൂടെ അധികാരം രുചിച്ചുനോക്കാൻ അവസരം കിട്ടിയ ദലിതരുൾപ്പെടുന്ന വിവിധ സമുദായങ്ങളും ബ്രാഹ്മണവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ഇവരിൽ, പണവും സ്വാധീനവും മോടിയും കൊണ്ട് ദലിതരൊഴിച്ചുള്ള ക്രിസ്ത്യാനിക്കും നായർക്കും ഈഴവർക്കും അനായാസം സമ്പത്തും അധികാരവും പദവിയും ആർജിക്കാൻ കഴിയുന്നുണ്ട്- ഈ വിലയിരുത്തൽ ദേശീയ സ്വാതന്ത്ര്യസമരം മുതൽ നാളിതുവരെയുള്ള സാമുദായിക- രാഷ്ട്രീയ സമരങ്ങളുടെ നിഷേധമാണുൾക്കൊള്ളുന്നത്.

പ്ലാസി യുദ്ധത്തിന്റെ ചിത്രീകരണം / Photo: Wikimedia Commons

ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരം സാമ്പ്രദായിക ചരിത്ര രചനകളിൽ, സാമ്രാജ്യത്വവിരുദ്ധ ദേശീയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ഇത് എത്രമാത്രം ശരിയാണ്? വിദേശശക്തികളുടെ 500 വർഷത്തെ വെട്ടിപ്പിടിക്കലുകൾക്കിടയിൽ, ശത്രുവിനെതിരായ ജനങ്ങളുടെ ഏകോപനം നടന്നിരുന്നില്ല. രാജ്യം, ബ്രിട്ടീഷുകാരുടെ ഭരണത്തിലമർന്ന പ്ലാസി യുദ്ധത്തിൽ (1737 ജൂൺ 23) ബ്രിട്ടീഷ് സൈന്യത്തിനുണ്ടായ നഷ്ടം, 16 ഇന്ത്യൻശിപ്പായിമാരുടെ മരണവും 13 യൂറോപ്യന്മാരുടെയും 63 ഇന്ത്യൻ ശിപായിമാരുടെയും മുറിവേൽക്കലുമായിരുന്നുവെന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം എന്ന കൃതിയിൽ താരാചന്ദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് വ്യക്തമാക്കുന്നത്, സാമ്രാജ്യത്വ വിരുദ്ധ- അധിനിവേശ വിരുദ്ധ വികാരമെന്ന നിലയിലല്ല, മറിച്ച് മത- ജാതി, സാമൂഹിക വിഭാഗങ്ങളുടെ സാമുദായികവും രാഷ്ട്രീയവുമായ അവകാശ- അധികാര നിർണയനമായിരുന്നു മുഖ്യമായിരുന്നത് എന്നാണ്.

മുകളിൽ ചൂണ്ടിക്കാണിച്ച ദേശീയ സാഹചര്യത്തിൽ, ഹിന്ദു മത (?) ത്തെ മുഖ്യ രാഷ്ട്രീയശക്തിയാക്കി ക്രിസ്ത്യൻ, മുസ്ലിം, സിഖ്, പാഴ്സി, ബുദ്ധമതങ്ങൾക്ക് പ്രാതിനിധ്യമുള്ള ഭരണക്രമമാണ് ഗാന്ധി വിഭാവനം ചെയ്തത്. അതേസമയം, അംബേദ്കർ കമ്യൂണൽ അവാർഡിലൂടെ മുന്നോട്ടുവച്ചത്, എല്ലാ സമുദായങ്ങൾക്കും വർഗങ്ങൾക്കും ഭരണപങ്കാളിത്തം ഉറപ്പുവരുത്തുന്ന പ്രാതിനിധ്യ ജനാധിപത്യമാണ്. ജനാധിപത്യവൽക്കരണത്തിന്റെ ഈ ദേശീയ പരിപ്രേക്ഷ്യം ഇപ്രകാരം നിർവചിച്ച അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഹിന്ദുവിന്റെ ഭാഗമായി ദലിതരെ കണക്കാക്കിയാൽ, സവർണരിൽനിന്ന് അധികാരം താഴെത്തട്ടിലെത്തുകയില്ലെന്ന് വിലയിരുത്തുകയുണ്ടായി. ഇതിന്നാധാരമായി അംബേദ്കർ ചൂണ്ടിക്കാണിച്ചത്, ഹിന്ദുക്കളിൽനിന്ന് ദലിതർ സാമൂഹികമായി വേർതിരിക്കപ്പെട്ടവരാണെന്നും അതുകൊണ്ടുതന്നെ രാഷ്ട്രീയമായി വേർതിരിക്കപ്പെടണമെന്നുമായിരുന്നു. ഇക്കാര്യം 1932 ഏപ്രിൽ 24ന് ബോംബെയിലെ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. ''അധഃസ്ഥിതരുടെ പ്രശ്നം ഒരു സാമൂഹികപ്രശ്നമല്ല, രാഷ്ട്രീയപ്രശ്നമാണ്, അത് രാഷ്ട്രീയമായി പരിഹരിക്കണം’’- ഈ നിഗമനമാണ് രാജ്യത്തുടനീളമുണ്ടായ ദലിത് രാഷ്ട്രീയത്തിന് അടിത്തറയായത്.

അധികാരമാണ് മുഖ്യം

കുഞ്ഞാമന്റെ തുറന്നുപറച്ചിലുകൾ ആശങ്കയുളവാക്കുന്നതാണെന്നും വർത്തമാന കീഴാള സമരങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നുമുള്ള കെ. കണ്ണന്റെ അഭിപ്രായങ്ങളെ കണക്കിലെടുക്കാതെ, തുടർന്നുള്ള സംഭാഷണത്തിൽ സ്വത്തുടമസ്ഥതയുടെ പ്രാഥമിക രൂപമായ ഭൂവുടമസ്ഥതയെ, അധികാരത്തിന്റെ പ്രശ്‌നവൽക്കരണങ്ങളിൽനിന്ന് മുക്തമാക്കിയുള്ള ചർച്ചക്ക് വിധേയമാക്കുകയാണ്.

ചരിത്രപഠനങ്ങൾ വ്യക്തമാക്കുന്നത്, ദേശീയ സ്വാതന്ത്ര്യസമരവും നവോത്ഥാനവും മുന്നോട്ടുവച്ച പ്രധാന ആവശ്യം അധികാരമായിരുന്നുവെന്നാണ്. അതാകട്ടെ, ഒരു വശത്ത് ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യക്കാർക്ക് കൈമാറണമെന്നും മറുവശത്ത്, രാജ്യത്തെ വിവിധ സമുദായങ്ങൾക്കും വർഗങ്ങൾക്കും ലഭ്യമാക്കണമെന്നുമായിരുന്നു. ഇപ്രകാരം കൈവരിച്ച അധികാരം, വിവിധ സാമൂഹിക വിഭാഗങ്ങളെ ബ്രാഹ്മണവൽക്കരിച്ചപ്പോൾ, കുഞ്ഞാമന്റെ അഭിപ്രായത്തിൽ, ആദിവാസികൾക്കും ദലിതർക്കും ഏതെങ്കിലും പൊസിഷനോ അൽപം അധികാരമോ കൊടുത്താൽ, അവർ വിലയ്ക്കെടുക്കാവുന്ന നിസ്സഹായാവസ്ഥയിലാണത്രേ. കടുത്ത വർഗീയവാദികൾ പോലും പറയാൻ മടിക്കുന്ന, ഇത്തരം ആരോപണങ്ങൾക്ക് അടിസ്ഥാനം രാഷ്ട്രീയമായ തിരിച്ചറിവില്ലായ്മ മാത്രമല്ല, സവർണമേധാവികളോടൊപ്പം കസേര കിട്ടുകയാണ്.

അനേകായിരങ്ങളുടെ ജീവൻ ബലിയർപ്പിച്ച് ആദിവാസികൾ നടത്തിയ എണ്ണമറ്റ സമരങ്ങൾ ദേശീയജീവിതത്തിന്റെ താളുകളിൽ മായാതെ കിടക്കുന്നുണ്ട്. മാത്രമല്ല, ദേശീയ ഉയിർത്തെഴുന്നേൽപ്പിന്റെ ഭാഗമാകാൻ ദലിതരെ സഹായിച്ചത് ബ്രിട്ടീഷ് സൈന്യത്തിലെ സേവനവും നവോത്ഥാന പ്രസ്ഥാനങ്ങളിലെ പ്രാതിനിധ്യവുമാണ്. ഇത്, പരമ്പരാഗത തൊഴിലുകളിൽനിന്നുള്ള മോചനവും മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയും ബോധനവീകരണവും സാധ്യമാക്കി. തൽഫലമായി ഇന്ത്യയിലുടനീളം അയിത്താചരണത്തിനെതിരെയും ആത്മാഭിമാനത്തിനുവേണ്ടിയും ഉയിർത്തെഴുന്നേൽപ്പുകളുണ്ടായി.

ഗോദാവരി പരുലേക്കർ ആദിവാസി സഖാക്കൾക്കൊപ്പം / Image Courtesy: Old Indian Photos


കാൻഷിറാം എഴുതുന്നു: ''ദേശീയ ഭൂപടത്തിൽ പഞ്ചാബ് മുതൽ ബംഗാൾ വരെയുള്ള ആദിധർമ്മികൾ, യാദവർ, കുരീലുകൾ, പാഡികൾ, പസ്വാനികൾ എന്നിങ്ങനെയുള്ള സമുദായങ്ങൾ ആത്മാഭിമാനസമരങ്ങളിൽ അണിനിരക്കുകയുണ്ടായി. ഇവരെ കൂടാതെ, അഹർവാരികൾ, ബിർവാസികൾ, സത്‌നാമികൾ, മഹറുകൾ, ആദിദ്രാവിഡർ, പുലയർ, ഈഴവർ തുടങ്ങിയവരും ബ്രാഹ്മണിക സംസ്കാരത്തിനെതിരായ പോരാട്ടങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇത്തരം പോരാട്ടങ്ങളുടെ ലക്ഷ്യം അടിമത്തത്തിൽനിന്നും അപമാനവൽക്കരണത്തിൽനിന്നുമുള്ള മോചനമായിരുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ, സ്വരാജിലൂടെ കൈവരിക്കുന്ന രാഷ്ട്രീയനീതിക്കുള്ളിൽ, സാമൂഹികനീതി സ്ഥാപിക്കുകയായിരുന്നു. ഫലമോ, അയിത്തം കുറ്റകരമാക്കുന്ന 17ാം വകുപ്പും പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള ജനസംഖ്യാനുപാതികമായ പ്രാതിനിധ്യവും പ്രസിഡന്റ് അടക്കമുള്ള പദവികളും രാഷ്ട്രീയാവകാശമായി മാറി.''

ഈ ചരിത്രാനുഭവങ്ങളെ വിസ്മരിച്ച് കുഞ്ഞാമൻ മുന്നോട്ടുവക്കുന്നത്, ഡോ. ബി.ആർ. അംബേദ്കറെ ദുർവ്യഖ്യാനം ചെയ്യുന്ന ഭൂവുടമസ്ഥാവകാശമാണ്.

കാൻഷിറാം

ഭൂവുടമസ്ഥതയും
കാർഷിക കലാപങ്ങളും

ലോകരാഷ്ട്രങ്ങളിൽ റഷ്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയടക്കം നിരവധി രാഷ്ട്രങ്ങളിൽ ഗണ്യമായതോതിൽ ഭൂപരിഷ്കരണം നടപ്പാക്കിയിട്ടുണ്ട്. ലക്ഷ്യം, ഭക്ഷ്യസ്വയംപര്യാപ്തതയും വ്യവസായിക മൂലധനത്തിന്റെ സമാഹരണവുമായിരുന്നു. വിപ്ലവാനനതര റഷ്യ ലോകരാഷ്ട്രങ്ങളിൽനിന്ന് ഒറ്റപ്പെട്ടതോടെ ഒട്ടേറെ ചോര ചിന്തി നടപ്പാക്കിയ ഭൂപരിഷ്കരണത്തിലൂടെയാണ് വ്യവസായിക വളർച്ച നേടാനും രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഒരു വൻശക്തിയായി മാറാനും കഴിഞ്ഞത്. ഫ്യൂഡൽ സമ്പദ്ഘടനയെ പിഴുതെറിഞ്ഞ ജപ്പാന്റെ വ്യവസായിക മുന്നേറ്റത്തിന് അടിസ്ഥാനമായതും ഭൂപരിഷ്കരണമാണ്. ചുരുക്കത്തിൽ, വ്യവസായിക വികസനം നേടിയ രാജ്യങ്ങളുടെ ചരിത്രം ഭൂപരിഷ്കരണത്തിന്റേതാണ്. ഇത്തരം ലക്ഷ്യങ്ങളോടെയായിരുന്നില്ല ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിലെ ഭൂബന്ധങ്ങളിൽ മാറ്റം വരുത്തിയത്.

18ാം നൂറ്റാണ്ടിൽ നടപ്പാക്കിയ നിയമനിർമാണങ്ങളിലൂടെ ബ്രിട്ടീഷ് ഭരണകാലത്ത്, പരമ്പരാഗതമായി നിലനിന്ന ഭൂവുടമസ്ഥ തകിടം മറിയുകയായിരുന്നു. സെമിന്ദരി, റയത്തുവാരി, സമ്പ്രദായങ്ങളിലൂടെ ദുർവഹമായ നികുതിയാണ് കർഷകർക്കുമേൽ ചുമത്തിയത്. തൽമീസ് ഖാൻദുൻ എഴുതുന്നു: ''സ്ഥിരാവകാശമുണ്ടാക്കിയ മറ്റൊരു മാറ്റം, ഭൂമിയിൽ അവകാശമുള്ള മറ്റു ചില ഉപവിഭാഗങ്ങൾ ഉണ്ടായി എന്നതാണ്. ജന്മിമാർ ഭൂമി ഇടത്തട്ടുകാർക്ക് പാട്ടത്തിനുനൽകി. അങ്ങനെ കർഷകർക്കും സർക്കാറിനുമിടയിൽ വാടക വാങ്ങുന്നവരുടെയും കൊടുക്കുന്നവരുടെയും നീണ്ട ശ്രേണി രൂപപ്പെട്ടു.’’
ഇപ്രകാരം ജന്മിമാരുടെ ദയാവായ്പിന് കർഷകരെ എറിഞ്ഞുകൊടുത്തിരുന്നു. കൂടാതെ, മറ്റനേകം രീതിയിലും കർഷകർ ചൂഷണത്തിന് വിധേയരായിരുന്നു. 1857-ലെ കലാപത്തെക്കുറിച്ച് നിരവധി വിലയിരുത്തലുകളാണുള്ളത്. ജവഹർലാൽ നെഹ്‌റുവിന്റെ അഭിപ്രായത്തിൽ, ''കലാപം നാടുവാഴികളുടെ പൊട്ടിത്തെറിയായിരുന്നു. നാടുവാഴികളും അവരുടെ അനുയായികളുമാണ് നേതൃത്വം നൽകിയത്. വ്യാപകമായുണ്ടായിരുന്ന ബ്രിട്ടീഷ് വിരുദ്ധ സമരമനോഭാവത്തിന്റെ പിന്തുണ അതിന് ലഭിച്ചു. കാലഹരണപ്പെട്ട ഫ്യൂഡൽ വ്യവസ്ഥക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ സ്വാതന്ത്ര്യമുണ്ടാവുകയില്ല.''

ബ്രിട്ടീഷ് ഭരണകാലത്ത്, പരമ്പരാഗതമായി നിലനിന്ന ഭൂവുടമസ്ഥ തകിടം മറിയുകയായിരുന്നു. സെമിന്ദരി, റയത്തുവാരി, സമ്പ്രദായങ്ങളിലൂടെ ദുർവഹമായ നികുതിയാണ് കർഷകർക്കുമേൽ ചുമത്തിയത്. / Photo: Public Domain

അതേസമയം, പി.സി. ജോഷി കലാപത്തെ വെള്ളക്കാരുടെ ഭരണത്തിനെതിരായ ദേശീയസമരമായാണ് കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കലാപ നേതാക്കൾബ്രിട്ടീഷ് നിയമങ്ങൾ മൂലം ഭൂമി നഷ്ടപ്പെട്ടവരായിരുന്നു. എങ്കിലും ശിപായിമാരെല്ലാം കർഷകരിൽ നിന്നുള്ളവരായിരുന്നു. അതുകൊണ്ടാണവർ കോൺഗ്രസിനും കേരളത്തിലടക്കം നടന്ന ഭൂപരിഷ്കരണത്തിന് മാർഗദർശകമായ 'കൃഷിഭൂമി കർഷകന്' എന്ന ആവശ്യം മുന്നോട്ടുവച്ചത്. ഈയൊരു പാശ്ചാത്തലത്തിൽ രാജ്യത്തുടനീളം നിലനിന്ന കാർഷിക പ്രശ്നങ്ങളെയാണ് പരിശോധിക്കുന്നത്.

ഈസ്റ്റിന്ത്യാ കമ്പനിയുടെ നടപടികളിലൂടെയാണ് ഭൂമി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാകുന്നത്. മുൻകാലങ്ങളിലാകട്ടെ, നികുതി ഉൽപ്പന്നത്തിന്റെ ഒരു വിഹിതമായിരുന്നു. വിളവ് നന്നായാലോ മോശമായാലോ കൃഷിഭൂമിയുടെ വിസ്തൃതി കണക്കിലെടുക്കാതെയായിരുന്നു നികുതി ചുമത്തിയിരുന്നത്. ഭരണകൂടത്തിന്റെ പരമാധികാരത്തിന് വിധേയമായി ഭൂമിയിൽ സൃഷ്ടിച്ച സെമിന്ദാരി സമ്പ്രദായവും സ്വകാര്യ ഉടമസ്ഥതയും സ്ഥിരപ്പെടുത്തുന്നതിന് ഭൂമിയുടെ വിൽപ്പന നിയമപരമാക്കി. ഇത് നികുതിനിഷേധത്തെ കുറ്റകരമാക്കുകയും മുദ്രപത്രങ്ങൾ, മറ്റു നടപടിക്രമങ്ങൾ എന്നിവയിലൂടെ സർക്കാറിന്റെ വരുമാനത്തെ ഗണ്യമായി വർധിപ്പിക്കുകയും ചെയ്തു. ഫലമോ, ഒരു ചരിത്രകാരന്റെ നിരീക്ഷണത്തിൽ, പ്ലാസി യുദ്ധം മുതൽ 1857 വരെയുള്ള കാലത്ത് കമ്പനിയുടെ സൈന്യം നടത്തിയ 20 യുദ്ധങ്ങളിലെ ഭീമമായ ചെലവ് ഇന്ത്യക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു. കൂടാതെ, ഭക്ഷണത്തിനും ഉപ്പിനും മദ്യത്തിനും വീടിനും വീട്ടുപകരണങ്ങൾക്കും നികുതിയേർപ്പെടുത്തി.

പി.സി. ജോഷി

കമ്പനിയുടെ പരിധിയില്ലാത്ത ചൂഷണം മൂലം കർഷകർ മാത്രമല്ല, വൻകിട ഭൂവുടമകളും ഭൂമി വിൽക്കാൻ നിർബന്ധിതരായി. ഇത്തരം ഭൂമിയിലേറെയും വാങ്ങിക്കൂട്ടിയത് പലിശക്ക് പണം കൊടുക്കുന്നവരും ബനിയകളുമായിരുന്നു. മാത്രമല്ല, കലാപത്തിന്റെ തൊട്ടുമുമ്പുള്ള വർഷം 21,000 മുതൽ 35,000 വരെ കൃഷിയിടങ്ങൾ ഭരണകൂടം കണ്ടുകെട്ടി. കാർഷികമേഖലയിൽ രൂപം കൊണ്ട അസംതൃപ്തിയുടെ ഫലമായാണ് കലാപമേഖലകളിൽ സർക്കാർ ഓഫീസുകൾ വിപുലമായി ആക്രമിക്കപ്പെട്ടതും ഭൂമി സംബന്ധമായ രേഖകൾ തീവെച്ച് നശിപ്പിക്കപ്പെട്ടതും. ചുരുക്കത്തിൽ, ഇന്ത്യയുടെ ദേശീയ ജീവിതത്തെ പിടിച്ചുകുലുക്കിയ കാർഷിക കലാപങ്ങളാണ് കാർഷിക പരിഷ്‌കരണവും ഭൂപരിഷ്‌കരണവും അനിവാര്യമാക്കിയത്.

‘കൃഷിഭൂമി കർഷകന്’

കൊളോണിയൽ കാഘട്ടത്തിൽ കോൺഗ്രസിന്റെ കാർഷികനയം രൂപം കൊള്ളുന്നതിന്റെ ചരിത്രം ഇപ്രകാരമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിൽ മുൻകൈ നേടിയ കോൺഗ്രസ്, സുഭാഷ്ചന്ദ്രബോസിന്റെ അധ്യക്ഷതയിൽ ഹരിപുരയിൽ ചേർന്ന 55ാം വാർഷിക സമ്മേളനത്തിലാണ് (1938) കൃഷിഭൂമി കർഷകന് എന്ന ആവശ്യം മുന്നോട്ടുവച്ചത്. ഈ കാർഷിക പരിഷ്‌കരണത്തിന്റെ ലക്ഷ്യം, കൃഷിഭൂമി കർഷകന് നൽകുകയായിരുന്നില്ല; മറിച്ച്, സമ്പദ്ഘടനയിൽ അധീശത്വം നേടിയ വ്യവസായിക സമൂഹവുമായി, കമ്പോളത്തിന്റെ ഭാഗമായി കാർഷിക സമൂഹത്തെ ഏകീകരിക്കുകയായിരുന്നു. തന്മൂലം ഭൂവുടമസ്ഥതയെ ഫ്യൂഡൽബന്ധങ്ങളിൽനിന്ന് മോചിപ്പിക്കേണ്ടിയിരുന്നു. അതായത്, പരമ്പരാഗത (സാമ്പ്രദായിക) കൃഷിയെ ആധുനികവൽക്കരിക്കുകയും സ്‌റ്റേറ്റോ സ്വകാര്യവ്യവസായികളോ ഉൽപ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമായ പുതിയ വിത്തിനങ്ങൾ, രാസവളം, ട്രാക്ടർ അടക്കമുള്ള കാർഷികയന്ത്രങ്ങൾ, കീടനാശിനികൾ, വൈദ്യുതി, ജലസേചനസൗകര്യങ്ങൾ എന്നിവ കൊണ്ട് കാർഷികമേഖലയിലെ ഭൂവുടമസ്ഥരെ മുതലാളിത്തപരമായി പരിഷ്‌കരിക്കുകയുമായിരുന്നു. പഞ്ചാബിലും മഹാരാഷ്ട്രയിലും കേരളത്തിലുമടക്കം രാജ്യത്തുടനീളം നടത്തിയ കാർഷികരംഗത്തെ മാറ്റങ്ങൾ ഈ യാഥാർഥ്യമാണ് ചൂണ്ടിക്കാണിച്ചത്.

മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഡോ. രാജേന്ദ്ര പ്രസാദ്, സർദാർ വല്ലഭായി പട്ടേൽ, 1938-ലെ ഹരിപുര കോൺഗ്രസ് സമ്മേളനത്തിൽ നിന്നുള്ള ചിത്രം / Photo: amritmahotsav.nic.in

ഇന്ത്യയൊട്ടുക്കും ചിരപരിചിതമായ കോൺഗ്രസിന്റെ ഭൂപരിഷ്‌കരണ- കാർഷിക നയം ദരിദ്രരും ഭൂരഹിതരുമായ കാർഷിക ജനതയെയോ കാർഷിക വേലക്കാരെയോ പരിഗണിക്കുന്നതേയില്ല. നാട്ടിൻപുറങ്ങളിൽ ഇന്നും സർവശക്തമായി നിലനിൽക്കുന്ന ജാതിവ്യവസ്ഥയും ഗ്രാമീണ ജനതയുടെ നിരക്ഷരതയും ഭക്തിയും ആചാരാനുഷ്ഠാനങ്ങളും വരിഞ്ഞുമുറുക്കിയിരിക്കുന്നതിനാൽ, മുൻചൊന്ന ജനതയുടെ പ്രാഥമികാവകാശങ്ങൾ പോലും നിഷധിക്കാൻ കാരണമാകുന്നുണ്ട്. ഈ ചൈനീസ് മതിലിനെ ഭേദിച്ച് രാജ്യത്തിന്റെ ഏതെങ്കിലും പ്രദേശത്തുണ്ടാകുന്ന കീഴാളമുന്നേറ്റങ്ങൾ കൊളോണിയൽ കാലത്തെ പോലെ നിഷ്ഠൂരമായ അടിച്ചമർത്തലിലൂടെ ചോരയിൽ മുക്കിക്കൊല്ലുന്നു. മറ്റൊരു കാരണം, മതപരവും ജാതീയവുമായ സാമൂഹിക വിഭജനങ്ങളെ ഉൾക്കൊള്ളാതെയുള്ള പരിപാടികൾ ആവിഷ്‌കരിക്കുന്നതാണ്. വസ്തുതകൾ ഇപ്രകാരമായിരിക്കേ, ഏറെ രക്തം ചിന്തിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭൂപരിഷ്‌കരണ- കാർഷിക പരിപാടിക്കുപോലും കോൺഗ്രസ് വരച്ച ലക്ഷ്മണരേഖ മുറിച്ചുകടക്കാൻ കഴിഞ്ഞിട്ടില്ല.

രക്തം ചിന്തിയ സമരങ്ങൾ

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കാർഷിക- ഭൂപരിഷ്‌കരണനയം (നക്‌സലൈറ്റ് ഗ്രൂപ്പുകൾ കാർഷിക വിപ്ലവം അംഗീകരിക്കുമ്പോൾ ഇടതു- വലത് കമ്യൂണിസ്റ്റ് പാർട്ടികളുടെ നയം ഭൂവിനിയോഗമാണ്) രൂപം കൊള്ളുന്നത്, രാജ്യം അഭിമുഖീകരിക്കുന്ന കാർഷിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തും ചരിത്രപരമായി പരിവർത്തനങ്ങളെ വിശകലനം ചെയ്തും വിവിധ സാമൂഹിക വിഭാഗങ്ങളുടെ ഭൂവുടമസ്ഥത കണക്കിലെടുത്തുമായിരുന്നില്ല. അതാകട്ടെ, കുഞ്ഞാമൻ കരുതുന്നതുപോലെ അംബേദ്കറുടെ നിലപാടിനെ ഉൾക്കൊണ്ടുമായിരുന്നില്ല. മറിച്ച്, അതിന്റെ ഉറവിടം, കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണവുമായി കെട്ടുപിണഞ്ഞാണ് നിലനിൽക്കുന്നത്.

1920: എം.എൻ. റോയ്(നടുവിൽ കറുത്ത ടൈ) ലെനിനും മാക്സിം ഗോർക്കിക്കുമൊപ്പം താഷ്കന്റിൽ.

1920-ൽ റഷ്യയിലാണ് ബോൾഷെവിക് പാർട്ടിയുടെ വിധേയത്വത്തോടെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഔപചാരികമായി രൂപം കൊള്ളുന്നത്. പാർട്ടിയുടെ സാമൂഹികാടിത്തറ തൊഴിലാളിവർഗവും രാഷ്ട്രീയലക്ഷ്യം തൊഴിലാളിവർഗ സർവാധിപത്യവുമായിരുന്നു. പിന്നീട്, 1925-ൽ കാൺപൂരിലാണ് പാർട്ടി നിലവിൽ വരുന്നത്. ഇക്കാലത്ത്, തൊഴിലാളികളുടെ സാന്നിധ്യമുണ്ടായിരുന്ന കൊൽക്കത്ത, ബോംബെ, മദ്രാസ് എന്നിവിടങ്ങളിൽ പ്രവർത്തനം വ്യാപിക്കുന്നുണ്ട്. എങ്കിലും പാർട്ടിയെ രാഷ്ട്രീയമായി നിയന്ത്രിച്ചിരുന്നത് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച കൊമിന്റേൺ (The Communist International- Comintern) ആയിരുന്നു. ഈ വിധേയത്വം മൂലം കാർഷികമേഖലയിലടക്കം വിവിധ മേഖലകളിൽ പാർട്ടി കെട്ടിപ്പടുക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ, മുഖ്യമായും പാർട്ടി, തൊഴിലാളികളുടെ സാമ്പത്തികപ്രശ്‌നങ്ങളെയാണ് അഭിസംബോധന ചെയ്തത്.

അതേസമയം, ഗാന്ധിയുടെ ട്രസ്റ്റിഷിപ്പിനെ അംഗീകരിച്ച് കോൺഗ്രസ് കെട്ടിപ്പടുത്ത ഐ.എൻ.ടി.യു.സിയിലും പാർട്ടി പ്രവർത്തിച്ചിരുന്നു. കാര്യങ്ങൾ ഇങ്ങനെയായിരുന്നുവെങ്കിലും കമ്യൂണിസ്റ്റുകാരെ ഭരണകൂടം, റഷ്യൻ ചാരന്മാരായി മുദ്രകുത്തിയിരുന്നതിനാൽ, 1924-ൽ കാൺപുർ ഗൂഢാലോചന ആരോപിച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. എങ്കിലും, ഇതര പാർട്ടികളെ ഉൾക്കൊള്ളിച്ച് 1925-ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാദേശിക ഘടകങ്ങൾ തൊഴിലാളി- കാർഷിക പാർട്ടി രൂപീകരിച്ചു. ഈ പുതിയ പ്രസ്ഥാനം 1928-ൽ ഒരു അഖിലേന്ത്യ പാർട്ടിയായി പരിവർത്തനപ്പെടുകയുണ്ടായി. അപ്പോഴും കോമിന്റേൺ നേതൃത്വം ഉപേക്ഷിച്ചിരുന്നില്ല. തുടർന്ന്, മീററ്റ് ഗൂഢാലോചനാക്കേസിൽ ഉൾപ്പെടുത്തി സർക്കാർ കമ്യൂണിസ്റ്റ് നേതാക്കളെ ഒന്നടങ്കം തടവിലാക്കി. അതേസമയം, റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി തൊഴിലാളിവർഗ വിപ്ലവം നടത്താൻ ആവശ്യപ്പെട്ടെങ്കിലും പാർട്ടി, കോൺഗ്രസിലെ ഇടതുപക്ഷമായി മാറുകയായിരുന്നു. മാത്രമല്ല, മുൻകാലങ്ങളിൽനിന്ന് ഭിന്നമായി പാർട്ടി കാർഷിക വിപ്ലവത്തെ അംഗീകരിക്കുകയും നാട്ടിൻപുറങ്ങളിൽ നാടുവാഴിത്തത്തിനെതിരായ സമരം മുഖ്യമാക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ നൈസാമിന്റെ ഭരണത്തിലിരുന്ന തെലങ്കാനയെ കൂടാതെ, കേരളം, ബംഗാൾ, ത്രിപുര, മണിപ്പുർ എന്നിവിടങ്ങളിൽ സമരങ്ങൾ നടത്തുകയുണ്ടായി. ഈ സമരങ്ങളിൽ ഉയർത്തിയ മുദ്രാവാക്യം ‘കൃഷിഭൂമി കർഷകന്’ എന്നായിരുന്നു. എങ്കിലും ഏകീകൃതസമരമല്ല നടത്തിയത്. മലബാറിൽ ഭക്ഷ്യക്ഷാമത്തിനെതിരായിട്ടായിരുന്നു. ബംഗാളിൽ പാട്ടകൃഷിക്കാർക്ക് വിളവിന്റെ മൂന്നിൽ രണ്ട് വേണമെന്നാവശ്യപ്പെട്ടു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽനിന്ന് വ്യത്യസ്തമായി തെലങ്കാനയിൽ മാത്രമാണ് ഭൂമിക്കുവേണ്ടി സമരം നടന്നത്. അതാകട്ടെ, ചൈനീസ് മാതൃകയിലായിരുന്നില്ല. മാത്രമല്ല, രാഷ്ട്രീയാധികാരത്തിന്റെ പ്രശ്‌നം മുന്നോട്ടുവക്കുകയും ദലിത്- ആദിവാസികളെ സായുധസമരത്തിന് സജ്ജമാക്കുകയും ചെയ്തു.

തെലങ്കാന സമരം

സമരത്തിന്റെ ആദ്യഘട്ടത്തിൽ നേരിടേണ്ടിവന്നത് നൈസാമിന്റെ സേനയായ റസാക്കർമാരെയായിരുന്നു. മാത്രമല്ല, വെറ്റി (കൂലിയില്ലാത്ത വേല) സമ്പ്രദായത്തിനെതിരെ നടന്ന സമരത്തിൽ നിരവധി പേർക്കാണ് ജീവത്യാഗം ചെയ്യേണ്ടിവന്നത്. സമരത്തിന്റെ ബഹുജനകേന്ദ്രമായി 1928-ൽ മടപടി ഹനുമന്തറാവു ആന്ധ്ര മഹാസഭ രൂപീകരിച്ചു. നാട്ടുരാജ്യങ്ങളിൽ കോൺഗ്രസ് കമ്മിറ്റികളുടെ രൂപീകരണം, അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി വിലക്കിയിരുന്നതിനാൽ, കോൺഗ്രസുകാരെ കൂടാതെ പുരോഗമനവാദികളും കമ്യൂണിസ്റ്റുകാരും ആന്ധ്ര മഹാസഭയിലാണ് അണിനിരന്നത്.

മടപടി ഹനുമന്തറാവു

1940-ൽ രവി നാരായണ റെഡ്ഢി, ആന്ധ്ര മഹാസഭയുടെ അധ്യക്ഷനാകുമ്പോൾ സംഘടനയിലെ നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ പ്രധാന ലക്ഷ്യം ഭൂപ്രശ്‌നമായതോടെയാണ് സംഘടനയിൽ ഭിന്നിപ്പ് രൂപം കൊള്ളുന്നതും ഏറിയ ഭാഗവും കമ്യൂണിസ്റ്റുകാരുടെ നിയന്ത്രണത്തിലാകുകയും ചെയ്തത്. തുടർന്നുനടന്ന സമരങ്ങളുടെ ഫലമായി നിരവധി ഗ്രാമങ്ങളിലേക്ക് സമരം വ്യാപിച്ചു. 1945-ൽ പാർട്ടി, സന്നദ്ധസേന രൂപീകരിക്കുകയും പിറ്റേവർഷം മുതൽ തോക്കുപയോഗിക്കാനുള്ള പരിശീലനം നൽകുകയും ചെയ്തു. എങ്കിലും പാർട്ടിക്ക് വ്യക്തമായ ആശയാടിത്തറയുണ്ടായിരുന്നില്ല. തന്മൂലം, നേതൃത്വനിരയിൽ ഭിന്നിപ്പുകൾ രൂപം കൊള്ളാൻ തുടങ്ങിയെങ്കിലും നാടുവാഴിത്തത്തിനും നൈസാമിനും എതിരായ സമരത്തെ ഏകീകരിക്കാൻകഴിഞ്ഞു. ഇതോടെയാണ് കമ്യൂണിസ്റ്റ് പാർട്ടിയും ആന്ധ്ര മഹാസഭയും സംയുക്തമായി ഒരു കാർഷിക പരിപാടിക്ക് രൂപം നൽകുന്നത്. അടിമവേല നിർത്തലാക്കുക, ജന്മിമാരുടെ കൈവശമുള്ള ഭൂമി പിടിച്ചെടുക്കുക, പണയാധാരങ്ങൾ നശിപ്പിക്കുക എന്നിവയായിരുന്നു പ്രധാന തീരുമാനങ്ങൾ. മാത്രമല്ല, കൈവശഭൂമിയുടെ വിസ്തീർണ്ണം ആദ്യം 500 ഏക്കറായും പിന്നീട് 100 ഏക്കർ കരഭൂമിയും 10 ഏക്കർ വയലുമായി പരിധി നിർണയിച്ചു.

മുൻചൊന്ന പ്രവർത്തനങ്ങളുടെ ഫലമായി 3000-ലധികം ഗ്രാമങ്ങൾ, ഗ്രാമസമിതികളുടെ നിയന്ത്രണത്തിലായി. വ്യാപകമായി ഭൂമിവിതരണവും നടന്നു. എങ്കിലും, ഗറില്ലാസമരവും ഭൂവിതരണവും മുൻനിർത്തി വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർന്നുവരികയുണ്ടായി. രവി നാരായണ റെഡ്ഢിയുടെ നേതൃത്വത്തിൽ ഒരു വിഭാഗമാണ് ഗറില്ലാ സമരത്തെയും ഭൂമിവിതരണത്തെയും എതിർത്തത്. ഈ ഘട്ടത്തിലാണ് സർക്കാർ നടപടി ആരംഭിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടി സൈന്യത്തെ ആക്രമിക്കരുതെന്ന നിർദേശമാണ് നൽകിയത്. എങ്കിലും ആന്ധ്രയിലെയും കേന്ദ്രത്തിലെയും കോൺഗ്രസ് സർക്കാറുകൾ സമരത്തെ ഉരുക്കുമുഷ്ടികൾ കൊണ്ടാണ് നേരിട്ടത്.

തെലങ്കാനയിലെ സായുധ കര്‍ഷക പോരാളികള്‍ / Photo: CPIM Archive

അതേസമയം, ലംബാഡി, കായ, ചെഞ്ചു എന്നീ ആദിവാസി സമൂഹങ്ങൾ വനങ്ങളിൽ നിലയുറപ്പിച്ച് ഗറില്ലാ സമരം തുടർന്നു. പട്ടാളത്തിന്റെ മുഖ്യലക്ഷ്യം, ആദിവാസികളെ അടിച്ചമർത്തുകയായിരുന്നു. പട്ടാളക്യാമ്പുകളിൽ അടച്ചിട്ട നിരവധിപേരാണ് പട്ടിണിയും സാംക്രമികരോഗങ്ങളും കൊണ്ട് മരിച്ചുവീണത്. ‘ഖമ്മം കൂടുകൾ’ എന്നറിയപ്പെടുന്ന കോൺസൻട്രേഷൻ ക്യാമ്പുകളിൽ തടവിലാക്കി അപകടകാരികളായി മുദ്രകുത്തിയവരെ വെടിവച്ചും തൂക്കിലേറ്റിയും കൊന്നുതള്ളി. മാത്രമല്ല, പിടിച്ചെടുത്ത പത്തു ലക്ഷം ഏക്കർ ഭൂമി തിരിച്ചുപിടിച്ചു. ഇത്തരം അടിച്ചമർത്തലുകളെ അതിജീവിക്കാനാകാതെ 1951 ഒക്‌ടോബറിൽ തെലങ്കാനാസമരം നിരുപാധികം പിൻവലിക്കുമ്പോൾ, സമരത്തിന്റെ ബാക്കിപത്രമായി 4000 പേർ കൊല്ലപ്പെട്ടു, 10,000 പേർക്ക് അംഗഭംഗം നേരിട്ടു. നിരവധി ഗ്രാമങ്ങളും വീടുകളും ചുട്ടെരിക്കപ്പെട്ടു.

തെലങ്കാന സമരം പിൻവലിക്കുന്നതിനുമുമ്പ്, 1951 ഏപ്രിലിൽ പ്രസിദ്ധീകരിച്ചതും ഒക്‌ടോബറിൽ കൽക്കത്തയിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യ സമ്മേളനത്തിൽ അംഗീകരിച്ചതുമായ പുതുക്കിയ പരിപാടിയും നയവും ചൂണ്ടിക്കാണിച്ചത്, പാർലമെന്ററി- പാർലമെന്റേതര പ്രവർത്തനവും ഭരണഘടനാവിധേയത്വവുമാണ്. ഇതോടെ, സോവിയറ്റ്- ചൈനീസ് അനുഭാവം കുടഞ്ഞുകളയാനും പ്രത്യയശാസ്ത്രഭാരമില്ലാതെ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാനുമുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. പുതിയ നിലപാടിന്റെ അടിസ്ഥാനത്തിൽ തെലങ്കാനയിലെ സായുധസമരം പിൻവലിച്ചെങ്കിലും പാർട്ടിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടുമായിരുന്നില്ല, മാത്രമല്ല, സമാനസ്വഭാവമുള്ള മുന്നണികളിലൂടെയല്ലാതെ, ഭൂപരിഷ്‌കരണം നടപ്പാക്കാനും കഴിയുമായിരുന്നില്ല. തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ഭാഷാ സംസ്ഥാനങ്ങളുടെ സംയോജനത്തിലൂടെ ആ പ്രദേശം ആന്ധ്ര സംസ്ഥാനത്തിന്റെ ഭാഗമായി മാറി. തമിഴ്‌നാട്, തെലങ്കാനയുൾപ്പെടുന്ന ആന്ധ്ര, ത്രിപുര, പശ്ചിമബംഗാൾ എന്നീ കാര്യങ്ങളിൽ കാര്യമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞെങ്കിലും സ്വതന്ത്രരുടെ പിന്തുണയോടെ സർക്കാറുണ്ടാക്കാൻ കഴിഞ്ഞത് കേരളത്തിലാണ്.

മല്ലു സ്വരാജ്യവും സഖാക്കളും / Photo: Sunil Janah / Prajasakti Publishing House.

പുതിയ കാർഷികനയം

കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ നിലനിന്ന ഉൾപ്പാർട്ടിസമരത്തിന്റെ ഉപോൽപ്പന്നമെന്ന നിലയിലാണ്, കാർഷികനയം രൂപം കൊള്ളുന്നത്. ഈ നയത്തെ കോൺഗ്രസിന്റെയും ആ പാർട്ടി നേതൃത്വം നൽകിയ സർക്കാറിന്റെയും നിർദേശങ്ങളെ സ്ഥാപനവൽക്കരിച്ച്, പാർട്ടിയുടെ സ്വന്തമാക്കിയത് ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്. 1937-ൽ കുടിയായ്മാ നിയമത്തിന്റെ സമൂല പരിഷ്‌കരണത്തിന് രൂപീകരിച്ച 12 അംഗ കമ്മിറ്റിയിലെ മൂന്ന് ന്യൂനപക്ഷ പ്രതിനിധികളുടെ നിലപാടുകളെ വിശദീകരിച്ച് അദ്ദേഹം എഴുതി: ''വിയോജനക്കുറിപ്പെഴുതിയ മൂന്ന് ഇടതുപക്ഷക്കാരിൽ ഒരാളായ എനിക്ക് ഭൂപ്രഭുത്വം അവസാനിപ്പിക്കണമെന്ന് വാദിച്ചുകൊണ്ട് സമർപ്പിച്ച കുറിപ്പിലെ പരിമിതികളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. ഫ്യൂഡലിസം (ജന്മി- ഭൂപ്രഭുത്വം) അവസാനിപ്പിക്കുകയും ജന്മിമാർക്കു നൽകിവരുന്ന വൻതോതിലുള്ള പാട്ടം വേണ്ടെന്നുവക്കുകയുമാണെങ്കിൽ അത് സ്വഭാവികമായും സമ്പദ്‌സമൃദ്ധമായ നാട്ടിൻപുറത്തിന്റെ വളർച്ചക്കും വ്യവസായവൽക്കരണത്തിനും ഇടയാക്കും എന്ന സമ്മോഹനമായ ആശയമാണ് എനിക്കുണ്ടായിരുന്നത്. കൃഷി, വ്യവസായം, സാമൂഹിക- സാംസ്‌കാരികജീവിതം എന്നിവയുടെ സർവതോമുഖമായ വളർച്ചക്ക് അവശ്യം വേണ്ട ഉപാധിയാണ് ജന്മിത്വചൂഷണം അവസാനിപ്പിക്കുകയെന്നത്. എങ്കിലും പ്രാഥമികവും മൗലികവുമായ ഈ പരിഷ്‌കാരത്തെതുടർന്ന്, മറ്റു പല കാര്യങ്ങളും നടപ്പിലാക്കേണ്ടതുണ്ട് എന്ന് എനിക്ക് മനസ്സിലായില്ല. ഫ്യൂഡൽ പ്രഭുത്വത്തോടൊപ്പം, മറ്റു ചില ശക്തികളും (വിദേശ കുത്തക മൂലധനമടക്കം) പ്രവർത്തിച്ചിരുന്നു.

ഇ.എം.എസ്.


കാർഷികോൽപ്പന്നങ്ങളുടെ വില നിശ്ചയിച്ചിരുന്നതും വളർന്നുവന്ന മുതലാളിത്ത വ്യവസ്ഥ ഗ്രാമീണ ജനവിഭാഗങ്ങളുടെ തലയിൽ കെട്ടിയേൽപ്പിച്ച നികുതിഭാരവും കടവും നിർണയിച്ചിരുന്നതും കാർഷികവിരുദ്ധ നികുതിവ്യവസ്ഥക്ക് രൂപം നൽകിയതുമെല്ലാം കൂടിച്ചേർന്നാണ് എന്ന് ഞാനന്ന് കാണുകയുണ്ടായില്ല. ഈ ശക്തികളിൽ ഓരോന്നും ഗ്രാമങ്ങളിലെ ദരിദ്രരെ ഞെരിച്ചമർത്തിക്കൊണ്ടിരുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഗ്രാമീണമേഖലയിലെ ദരിദ്രവിഭാഗങ്ങളെ ചൂഷണം ചെയ്ത എല്ലാ ശക്തികൾക്കും എതിരായ സർവതോമുഖമായ കടന്നാക്രമണത്തിന്റെ തുടക്കമായിരിക്കണം ജന്മി- ഭൂപ്രഭുത്വത്തിനെതിരായ വിജയകരമായ സമരം എന്ന് ഞാൻ കണ്ടില്ല. അങ്ങനെ കാണേണ്ടതായിരുന്നു.''
പാർട്ടിരൂപീകരണം നടന്ന 1920 (1925) മുതൽ 1951-ലെ നയപ്രഖ്യാപനം വരെയുള്ള കാലത്ത് നടന്ന തീവ്രമായ ലൈൻ സമരത്തിൽനിന്ന് രൂപംകൊണ്ട കാർഷികനയം കോൺഗ്രസിന്റെ കാർഷികനയത്തിന്റെ പകർപ്പായിരുന്നു.

ഭൂപരിഷ്‌കരണം

ദലിത്- ആദിവാസികളുടെ ഭൂവുടമസ്ഥാവകാശത്തിൽ, മറുവാക്കില്ലാതെ സ്ഥാപനവൽക്കരിക്കപ്പെട്ട പൊതുബോധമാണ് ഭൂമിയില്ലായ്മ. കാരണമായി ചൂണ്ടിക്കാട്ടുന്നത്, 1957-59 ലെ ഭൂപരിഷ്‌കരണമാണ്. കുഞ്ഞാമന്റെ അക്കാദമിക് പാണ്ഡിത്യത്തെ മുൻനിർത്തി, ഭൂപരിഷ്‌കരണത്തെ പ്രശ്‌നവൽക്കരിച്ചത് കുഞ്ഞാമനാണ് എന്ന അഭിപ്രായം സവർണ ബുദ്ധിജീവികൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, വസ്തുതകൾ മറിച്ചാണ്. ദലിത്- ആദിവാസികളുടെ പ്രശ്‌നങ്ങളിൽ കുഞ്ഞാമൻ ഇടപെടും മുമ്പ്, ഡോ. പി. ശിവാനന്ദൻ, ഡോ. കെ.കെ. മന്മഥൻ, കെ.കെ.എസ്. ദാസ്, ഈ ലേഖകൻ എന്നിവർ ഭൂപരിഷ്‌കരണത്തെ വിമർശിക്കുകയും ഐ.ഡി.എഫ്, സീഡിയൻ എന്നീ സംഘടനകൾ പ്രക്ഷോഭം നടത്തുകയും ചെയ്തിട്ടുണ്ട്. കാര്യങ്ങൾ ഇപ്രകാരമായിരിക്കേ, കുഞ്ഞാമൻ ഭൂപരിഷ്‌കരണത്തെക്കുറിച്ച് പുലർത്തുന്ന അജ്ഞതയും ഭൂവുടമസ്ഥയെക്കുറിച്ചുള്ള അംബേദ്കറിന്റെ ദുർവ്യാഖ്യാനവും വ്യക്തമാക്കുന്നതെന്താണ്?

കെ.ആര്‍. ഗൗരിയമ്മ

ഭൂപരിഷ്‌കരണത്തിന് ആധാരമാക്കിയത്, കോൺഗ്രസിന്റെ ദേശീയനയവും തെലങ്കാന സമരത്തിൽ മുന്നോട്ടുവച്ചതുമായ കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യവുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ, ഭൂവുടമസ്ഥതയെ വർഗീകരിച്ചതും ഉടമസ്ഥാബന്ധങ്ങളെ കണക്കാക്കിയതും പാട്ടക്കാർ, വാരക്കാർ, കാണക്കാർ, കാസർകോട് ഭാഗത്തുള്ള വൈഡഗണിയ അടക്കം 36 വിഭാഗങ്ങളായിട്ടാണ്. ഈ വർഗീകരണത്തിൽ ദലിതരും ആദിവാസികളും ഉൾപ്പെടാതിരുന്നതിനാൽ, അവർക്ക് കുടിപാർപ്പവകാശമായ 10, 5, 3 സെന്റ് വീതം ഭൂമിയും അധികം വന്നവർക്ക് ഹരിജൻ ലക്ഷംവീട് കോളനികളുമാണ് നൽകിയത്. ഇപ്രകാരം നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് റവന്യൂ മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ ഇങ്ങനെ പറഞ്ഞു: ''ഇന്നത്തെ ഭരണഘടനയുടെ വ്യവസ്ഥകൾക്ക് വിധേയമായി കൃഷിഭൂമി കർഷകന് എന്ന ദേശീയപ്രസ്ഥാനത്തിന്റെ മൗലികമുദ്രാവാക്യം നടപ്പാക്കാനുള്ള സംരംഭമാണ് ബില്ലിനുള്ളത്. പരിഷ്‌കരണത്തിന്റെ ദേശീയലക്ഷ്യം, ഭക്ഷണത്തിൽ കമ്മിയായ നമ്മുടെ രാജ്യം സ്വയംപര്യാപ്തതയിൽ എത്തുകയും രാജ്യത്തിന്റെ വ്യവസായവളർച്ചക്ക് ആവശ്യമായ വിളകൾ ഉൽപ്പാദിപ്പിക്കുകയുമാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ രണ്ടാം പഞ്ചവത്സരപദ്ധതിയിൽ സ്വീകരിക്കേണ്ട പ്രമാണങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്:
1. മധ്യവർത്തികളെ ഒഴിവാക്കുക.
2. സ്ഥിരാവകാശം, മര്യാദപ്പാട്ടം, സ്ഥിരം കുടിയാന്മാർക്ക് ഭൂമിയിൽ ഉടമസ്ഥത, ഉടമാവകാശം ഉൾപ്പെടെയുള്ള ഭൂമികൾക്ക് പരിധി നിർണയം.
3. തുണ്ടുഭൂമികൾ ഒന്നിച്ചുചേർത്ത് കൃഷി ശാസ്ത്രീയവും ആദായകരവുമാക്കുക, സഹകരണാടിസ്ഥാനത്തിലുള്ള കൃഷി വളർത്തുക.
ഈ ശുപാർശകളിൽ ഒന്നിലും രണ്ടിലുമടങ്ങിയ ഭൂബന്ധത്തിൽ വരുത്തേണ്ട മാറ്റങ്ങളാണ് ഈ ബില്ലിൽ കൈകാര്യം ചെയ്തിരിക്കുന്നത്.''

ഈ വസ്തുതകൾ ചൂണ്ടിക്കാട്ടുന്നത്, അക്കാലത്തെ ഭൂവുടമസ്ഥതയുടെ സ്വഭാവവും ഭരണഘടനാപരമമായും നിയമനിർമാണങ്ങളിലൂടെയും ഭൂബന്ധങ്ങളെ മാറ്റിത്തീർക്കലുമാണ്. ഇതാകട്ടെ, രാഷ്ട്രീയസമരം ഉൾക്കൊള്ളന്നതായിരുന്നു.

സി.കെ. ജാനു

മുകളിൽ കൊടുത്തിരിക്കുന്ന വസ്തുതകൾ വിസ്മരിച്ച് ഭൂമിയുടെ വിസ്തൃതിയും ലഭ്യതയും ചൂണ്ടിക്കാട്ടി, സാമൂഹിക- രാഷ്ട്രീയ സമരത്തിന്റെ അഭാവത്തിൽ കേവലമായ അവകാശസമരമായി ഭൂവുടമസ്ഥാവകാശത്തെ മാറ്റിത്തീർത്തിരിക്കുകയാണ്. ഇത്തരം കാര്യങ്ങൾക്ക് ബലം നൽകാനുള്ള ഉപാധികളാണ്, ഭൂബന്ധങ്ങളെ കണക്കിലെടുക്കാതെയുള്ള നിവേദിത പി. ഹരൻ, രാജമാണിക്യം എന്നീ ബ്യൂറോക്രാറ്റുകൾ തയാറാക്കിയ റിപ്പോർട്ടുകളും ആർ. സുനിലിനെപ്പോലുള്ള മാധ്യമപ്രവർത്തകരുടെ ആഖ്യാനങ്ങളും. ഇത്തരം കാര്യങ്ങളൊന്നും കണക്കിലെടുക്കാതെ, ഭൂപരിഷ്‌കരണത്തെ ഭൂമി വിതരണമായി വിലയിരുത്തുന്നതുകൊണ്ടാണ്, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനൽകാനുള്ള 1975-ലെ നിയമം കൈയൊഴിഞ്ഞ്, സി.കെ. ജാനു നടത്തിയ ഭൂസമരത്തെ കുഞ്ഞാമൻ പിന്തുണച്ചത്.

അംബേദ്കറും
ഭൂപ്രശ്നവും

കുഞ്ഞാമനെ സംബന്ധിച്ച് ഭൂമിവിതരണം (ഭൂപരിഷ്കരണം) രാഷ്ട്രീയ ലക്ഷ്യമുള്ളതല്ല. അതുകൊണ്ടാണ് ഡോ. ബി.ആർ. അംബേദ്കറിന്റെ ദുർവ്വായനയിലൂടെ ‘രാജ്യത്തെ കൃഷിഭൂമി ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്ന് തുല്യമായി കർഷക കുടുംബങ്ങൾക്ക് വീതിച്ചുനൽകണം’ എന്ന, ധനതത്വശാസ്ത്രപഠനം ആവശ്യമില്ലാത്ത, അതീവ ലളിതമായ മാർഗം നിർദേശിക്കുന്നത്. അതേസമയം, അംബേദ്കർ ഭൂപ്രശ്നം മുന്നോട്ടുവച്ചത് രാഷ്ട്രീയമായിട്ടായിരുന്നുവെന്ന പാഠമാണ് നിലനിൽക്കുന്നത്. അദ്ദേഹം, സ്റ്റേറ്റ് സോഷ്യലിസം എന്ന പരികൽപ്പനയിൽ, നിർദേശിച്ച സാമ്പത്തിക പരിഷ്കരണം ഇപ്രകാരമായിരുന്നു:
1. സമൂഹത്തിലെ ദരിദ്രവിഭാഗങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഭൂമിയുടെയും വ്യവസായങ്ങളുടെയും ദേശസാൽക്കരണം.
2. ഉൽപ്പാദനക്ഷമതയുള്ള വിഭവങ്ങളുടെ വിനിയോഗം ഭരണകൂടം ഏറ്റെടുക്കുക.
3. ജാതിവ്യത്യാസമില്ലാതെ വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ ഉൽപ്പന്നങ്ങളുടെ വിതരണം. ഈ സാമ്പത്തിക നയത്തിലൂടെ ഭൂവുടമസ്ഥതാ സങ്കൽപ്പനം അംബേദ്കറുടെ ദേശീയതാവീക്ഷണത്തിൽനിന്ന് രൂപപ്പെട്ടതാണ്.

ഡോ. ബി.ആർ. അംബേദ്കറുടെ ഭൂപ്രശ്‌നത്തെക്കുറിച്ചുള്ള നിലപാടിനെ ഇപ്രകാരം വിശദീകരിക്കാം. അദ്ദേഹത്തിന്റെ സാമ്പത്തികവീക്ഷണം രൂപം കൊള്ളുന്നത്, ദേശ രാഷ്ട്ര രൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു. അതാകട്ടെ, ദേശീയതയെ മുൻനിർത്തിയായിരുന്നു. 1936-ൽ എഴുതിയ ജാതി ഉന്മൂലനം എന്ന കൃതിയിൽ, ഇന്ത്യയിൽ നിലനിൽക്കുന്നത് രാഷ്ട്രീയ ഭൂരിപക്ഷമല്ലെന്നും സാമുദായിക ഭൂരിപക്ഷമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്മൂലം, അധികാരം ബ്രാഹ്മണരുൾപ്പെടുന്ന സവർണസമുദായങ്ങളിൽ നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്നതിനാൽ വിവിധ സമുദായങ്ങൾക്ക് ഭരണകൂട പങ്കാളിത്തമുള്ള പ്രതിനിധ്യ ജനാധിപത്യത്തിനുവേണ്ടിയാണദ്ദേഹം വാദിച്ചത്. ഈ രാഷ്ട്രീയസങ്കൽപ്പനവുമായി സമന്വയിക്കപ്പെട്ടതായിരുന്നു, ഭൂപ്രശ്‌നത്തെക്കുറിച്ചുള്ള നിലപാട്. ഇക്കാര്യം കണക്കിലെടുക്കാതെ, അംബേദ്കറുടെ വീക്ഷണത്തെ സമീപിക്കുന്നത് സഹജമായ പൊതുബോധത്തിലാണ്.

കുഞ്ഞാമൻ എഴുതുന്നു: ''അംബേദ്കർ മുന്നോട്ടുവച്ച ഭൂപരിപാടി ഭൂപരിഷ്‌കരണമായിരുന്നില്ല. രാജ്യത്തെ മൊത്തം കൃഷിഭൂമി ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്ന് തുല്യമായി കർഷക കുടുംബങ്ങൾക്ക് വീതിച്ചുകൊടുക്കണമെന്ന അംബേദ്കറുടെ പരിപാടിയെ സോഷ്യലിസ്റ്റുകളും മാർക്‌സിസ്റ്റുകളും എതിർത്തുതോൽപ്പിക്കുകയായിരുന്നു.''
ഇതാണോ വാസ്തവം?

ബലപ്രയോഗത്തിലൂടെയുള്ള സാമൂഹിക- സാമ്പത്തിക മാറ്റത്തെ അംബേദ്കർ അംഗീകരിച്ചിരുന്നില്ല. മറിച്ച് നിയമനിർമാണങ്ങളിലൂടെയായിരിക്കണം എന്നായിരുന്നു അഭിപ്രായം. 1942-46 ൽ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിൽ തൊഴിൽവകുപ്പിന്റെ പ്രതിനിധിയായി നടത്തിയ പ്രസംഗങ്ങൾ, തൊഴിൽമേഖലയിൽ നടപ്പാക്കേണ്ട നിയമനിർമാണങ്ങളെക്കുറിച്ചായിരുന്നു. ഇപ്രകാരമൊരു നിയമവും കാർഷികമേഖലക്കായി അദ്ദേഹം നിർദേശിക്കുന്നില്ല. അതേസമയം, വൻകിട വ്യവസായങ്ങളുടെ സ്ഥാനമാണ് വൻകിട ഭൂവുടമസ്ഥതക്ക് നൽകുന്നത്. ഭൂമി, സമൂഹത്തിലെ ദരിദ്രവിഭാഗങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കാൻ ഏറ്റെടുക്കണമെന്നാണ് അദ്ദേഹം നിർദേശിച്ചത്. മാത്രമല്ല, ഉൽപ്പാദനത്തിന്റെ മുഖ്യലക്ഷ്യം, ഭക്ഷ്യപ്രശ്‌നം പരിഹരിക്കുകയും വ്യവസായങ്ങളുടെ ആവശ്യത്തിനുള്ള വിളകളുടെ ഉൽപാദനവുമായിരിക്കണം. കാർഷികമേഖലയിലെ വൻകിട സ്വകാര്യ ഉടമസ്ഥതക്ക് മുൻചൊന്ന കടമകൾ നിർവഹിക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണ് ഉൽപ്പാദനം ഭരണകൂടത്തിൽ നിക്ഷിപ്തമാക്കിയത്.

കെ. സേതുരാമൻ ഐ.പി.എസ്

ഇന്ത്യയിൽ വിശാലമായ കൃഷിഭൂമിയുണ്ടായിരുന്നിട്ടും തുടരെത്തുടരെ ക്ഷാമങ്ങളെ നേരിട്ടിരുന്നു. കെ. സേതുരാമൻ ഐ.പി.എസ് എഴുതുന്നു: '' 19ാം നൂറ്റാണ്ടിന്റെ പൂർവ മധ്യത്തിൽ ഒന്നര ദശലക്ഷം മനുഷ്യർ മരിക്കാനിടയായ ക്ഷാമങ്ങളുണ്ടായി. എന്നാൽ, ഉത്തരാർധത്തിൽ 24 സംഭവങ്ങളിൽ (1876നും 1900നുമിടയിൽ) 18 ക്ഷാമങ്ങളിൽ 20 ദശലക്ഷം ജനങ്ങൾക്ക് ജീവഹാനി സംഭവിച്ചു.''

ജനങ്ങൾക്കാവശ്യമായ ഭക്ഷ്യോൽപ്പാദനത്തോടൊപ്പം ഭക്ഷ്യവൈവിധ്യത്തിന്റെ ഉൽപ്പാദനവും നിർവഹിക്കാൻ ഭരണകൂടത്തിനേ കഴിയുകയുള്ളുവെന്നതാണ് യാഥാർഥ്യം. ഈ നയത്തിന്റെ ഭാഗമായാണ് വൻകിട ഭൂവുടമസ്ഥതയോടൊപ്പം തുണ്ടുഭൂമികളുടെയും കാർഷികവേലക്കാരുടെയും തൊഴിൽരഹിതരുടെയും പ്രശ്‌നങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചത്.

തുണ്ടുഭൂമികളുടെ പ്രശ്‌നം

ഡോ. അംബേദ്കറുടെ നിലപാടായി കുഞ്ഞാമൻ അവതരിപ്പിക്കുന്നത്, ഭരണകൂടത്തിൽ നിക്ഷിപ്തമായ ഭൂമി കർഷകർക്ക് വിതരണം ചെയ്യണമെന്നാണല്ലോ. ഇപ്രകാരമൊരു നിലപാട്, അംബേദ്കറിനെക്കുറിച്ചു മാത്രമല്ല, കൊളോണിയൽ കാലഘട്ടത്തിൽ കോൺഗ്രസ് മുന്നോട്ടുവച്ച കാർഷിക- ഭൂപരിഷ്‌കരണങ്ങളെക്കുറിച്ചും, തുണ്ടുഭൂമികളെക്കുറിച്ചുമുള്ള അംബേദ്കറുടെ അഭിപ്രായങ്ങളെയും പാടെ നിഷേധിക്കുന്നതാണ്. ഭൂപരിഷ്‌കരണത്തിന്റെ അഭാവത്തിൽ, ആയിരക്കണക്കിനേക്കർ ഭൂമി സ്വന്തമായുള്ളവരും ദലിതരുൾപ്പെടുന്ന കാർഷികവേലക്കാരെ തുച്ഛമായ വേതനത്തിന് പണിയെടുപ്പിക്കുന്ന സ്ഥിതിയാണുള്ളത്.

അതേസമയം, പഞ്ചാബ്, പശ്ചിമബംഗാൾ, ഹരിയാന, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഫ്യൂഡൽ ഭൂവുടമസ്ഥത നിലനിർത്തിക്കൊണ്ടുള്ള ഭൂപരിഷ്‌കരണത്തിലൂടെ വ്യവസായ സമൂഹവുമായി ഐക്യപ്പെടുന്ന ഭൂവുടമകൾ രൂപം കൊണ്ടിട്ടുണ്ട്. ഫലമോ, കാർഷികമേഖല ഭാഗികമായി യന്ത്രവൽക്കരണത്തിന് വിധേയമായിട്ടുണ്ട്. ഈ മാറ്റങ്ങൾക്ക് കാരണമായത്, വൻകിട അണക്കെട്ടുകൾ, വൈദ്യുതി നിലയങ്ങൾ, ട്രാക്ടർ തുടങ്ങിയ കാർഷികായുധങ്ങൾ എന്നിവയുടെ ലഭ്യതയാണ്. ഇപ്രകാരം സൃഷ്ടിക്കപ്പെട്ട മാറ്റങ്ങളിലൂടെ, കാർഷികോൽപ്പാദനം വർധിച്ചപ്പോൾ തന്നെ, അധ്വാനവിനിയോഗം കൊണ്ട് ഉപജീവനം കഴിക്കുന്നവരും നാമമാത്രഭൂമിയുള്ളവരും വറുതിയിലും നിരക്ഷരതയിലും ആഴ്ന്നുകിടക്കുകയായിരുന്നു. ഇവരിൽ ഒരു വിഭാഗമാണ് വിവിധ സംസ്ഥാങ്ങളിൽ നിർമാണമേഖലയിലടക്കം തൊഴിലെടുക്കുന്നവരായി മാറിയത്. കൊളോണിയൽ കാലഘട്ടത്തിലും പിന്നീട് ഗ്രാമീണ ദരിദ്രജനതകളെ ജാതിയിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും ഭക്തിയിലൂടെയും ഗാന്ധിയുടെ അർധനഗ്‌നവേഷത്തിലൂടെയും പ്രതികരണശേഷിയില്ലാത്തവരായി നിലനിർത്താൻ കഴിഞ്ഞു. സ്വാതന്ത്ര്യാനന്തരകാലത്താകട്ടെ, അനിയന്ത്രിതമായ ബലപ്രയോഗത്തിലൂടെ ഈ ജനതയുടെ സാമ്പത്തിക- സാമൂഹികാവകാശങ്ങളിൽനിന്ന് അകറ്റിനിർത്താനും കഴിഞ്ഞു.

Photo: Muhammad Hanan

തുണ്ടുഭൂമികളെ (ചെറുകിട കൈവശാവകാശം) ഉപജീവനോപാധിയാക്കിയവരുടെയും കൂലിവേലക്കാരുടെയും തൊഴിൽരഹിതരുടെയും പ്രശ്‌നങ്ങൾ അംബേദ്കർ മുന്നോട്ടുവക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ 2.5 മുതൽ 25 ഏക്കർ വരെയാണ് തുണ്ടുഭൂമികളായി കണക്കാക്കുന്നത്. ഈ ഭൂമി ഉപജീവനത്തിനുള്ള സാമ്പത്തികോപാധിയാണ്. എന്നാൽ, കൈവശാവകാശം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നം, വലുപ്പമില്ലായ്മയാണ്. മാത്രമല്ല, ചിതറിക്കിടക്കുന്ന ഭൂമി ദേശീയ വ്യവസായത്തെ സഹായിക്കുന്നില്ല. തന്മൂലം അംബേദ്കർ നിർദേശിക്കുന്നത്, തുണ്ടഭൂമികളുടെ സംയോജനമാണ്. മാനദണ്ഡം ഇവയാണ്:
1. ലാഭകരമായിരിക്കണം.
2. മൗലികമായ ഉടമസ്ഥാവകാശം നിലനിർത്തണം.

ഇത്തരം സംയോജിതഭൂമികൾ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കരുത്, മറിച്ച്, ഉൽപ്പാദനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ആദായകരമായിരിക്കേണ്ടത്. ഇതിനായി ആധുനിക ഉൽപ്പാദന സമ്പ്രദായത്തിന് വിധേയമായി വ്യവസായവൽക്കരിക്കണം. അതായത്, മൂലധനം, പരിഷ്‌കൃതമായ കാർഷികോപകരണങ്ങൾ, തൊഴിൽവൈദഗ്ധ്യം എന്നിവയായിരിക്കണം കാർഷികപരിഷ്‌കരണത്തിന്റെ അടിസ്ഥാനമായിരിക്കേണ്ടത്. വ്യവസായവൽക്കരണത്തിലൂടെ തുണ്ടുഭൂമികളെ ആദായകരമാക്കുമ്പോൾ, അധ്വാനഭാരം ലഘൂകരിക്കപ്പടുകയും വേതനവർധന സാധ്യമാകുകയും ചെയ്യും. മാത്രമല്ല, കൃഷിയുടെ വ്യവസായവൽക്കരണം അനുബന്ധ സംരംഭങ്ങളും തൊഴിലുകളും സൃഷ്ടിക്കുന്നതോടെ, തൊഴിൽമേഖല വിപുലവും സമ്പന്നവും ആകുന്നു.

സഹായകകൃതികൾ:
1. ഡോ. ബി.ആർ. അംബേദ്കർ: ജാതി ഉന്മൂലനം.
2. താരാചന്ദ്: ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം.
3. ഗാന്ധിജി: ഹിന്ദു സ്വരാജ്.
4. കെ.കെ. കൊച്ച് (എഡിറ്റർ): അംബേദ്കർ ജീവിതവും ദൗത്യവും.
5. കാൻഷിറാം: ചട്ടുകയുഗം.
6. തൽവീസ് ഖൽദുൽ: മഹത്തായ വിപ്ലവം.
7. പി.സി. ജോഷി (എഡിറ്റർ): ചരിത്രത്തിൽ 1857.
8. കെ.കെ. കൊച്ച്: മൂലധനത്തിന്റെ ജനാധിപത്യവൽക്കരണവും കെ റെയിലും.
9. ടി.ജി. ജേക്കബ്: ഇടത്തുനിന്ന് വലത്തോട്ട്.
10. ഇ.എം.എസ്: കമ്യൂണിസ്റ്റ് പ്രസ്ഥാനം- ഉൽഭവവും വളർച്ചയും.
11. വടക്കേടത്ത് പത്മനാഭൻ (എഡിറ്റർ): 1959 വിമോചന സമരം.
12. ഡോ. ബി.ആർ. അംബേദ്കർ: സമ്പൂർണ കൃതികൾ, വാല്യം 2.


കെ.കെ. കൊച്ച്

എഴുത്തുകാരനും ദളിത് ചിന്തകനും. ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹിക രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിതൻ (ആത്മകഥ), മൂലധനത്തിന്റെ ജനാധിപത്യവൽക്കരണവും കെ റെയിലുംഎന്നിവ പ്രധാന കൃതികൾ.

Comments