അസാധാരണ കാലത്തിന്റെ ലിംഗഭേദം

കൊറോണക്കാലം സൃഷ്ടിച്ച അസാധാരണ സന്ദർഭം ഇന്ത്യയിലെ അടിസ്ഥാന സ്ത്രീ തൊഴിലാളി വർഗ്ഗത്തെ ഏതൊക്കെ ദുരിതക്കയങ്ങളിലേക്കാണ് കൂട്ടിക്കൊണ്ടുപോയതെന്ന് പരിശോധിക്കുകയാണിവിടെ. കൂട്ടത്തിൽ അത്തരമൊരു അസമത്വ സ്ഥിതിവിശേഷത്തെ സ്ഥായിയായി നിലനിർത്തുന്ന ഒരു സമ്പദ്ശാസ്ത്ര മാതൃകയെയും പരിശോധനാവിധേയമാക്കാൻ ശ്രമിക്കുന്നു.

രു സമൂഹം അതിന്റെ എല്ലാ അസമത്വങ്ങളും മറനീക്കി പുറത്തു കാണിക്കുന്നത് ചില അസാധാരണ സന്ദർഭങ്ങളിലായിരിക്കും. നാളതുവരെ ചെറുചെറു സംഘർഷങ്ങളിലും ഉപരിപ്ലവമായ സംവാദങ്ങളിലും ഒളിപ്പിച്ച് നിർത്തിയ എല്ലാ സാമൂഹ്യ വൈജാത്യങ്ങളും - വർഗ്ഗ, ലിംഗ, ജാതി- ഈ അസാധാരണ കാലം പുറത്തെത്തിക്കും. പ്രകൃതി ദുരന്തങ്ങൾ, മഹാമാരികൾ, യുദ്ധങ്ങൾ എന്നിവയൊക്കെയും ഈ അസാധാരണ സന്ദർഭങ്ങളിൽ പെടും. അസാധാരണവേളകളെ ഓരോ സാമൂഹിക വിഭാഗവും തങ്ങളുടേതായ രീതിയിലാണ് നോക്കിക്കാണുക. മഹാമാരികളും പ്രകൃതി ദുരന്തങ്ങളും ഇവിടുത്തെ മധ്യവർഗ്ഗവും അടിത്തട്ടിലെ ജനങ്ങളും എങ്ങിനെ അനുഭവിച്ചു എന്നത് തന്നെ അതിന് ഉദാഹരണം. കൊറോണ ലോക്ഡൗൺ കാലം ഇന്ത്യയിലെ മധ്യവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം "ആത്മനിർഭരത'യുടേതായിരുന്നെങ്കിൽ, അടിസ്ഥാന തൊഴിലാളി വർഗ്ഗങ്ങളെയും കർഷകരെയും, ആദിവാസി വിഭാഗങ്ങളെയും സംബന്ധിച്ച് അത് ഒടുങ്ങാത്ത ദുരിതങ്ങളുടെ കാലമായിരുന്നു. മേൽപ്പറഞ്ഞ രണ്ട് വിഭാഗങ്ങൾക്കിടയിലെയും സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതിൽ മൂന്നാമതൊരു അനുഭവതലം കണ്ടെത്താൻ കഴിയും. കൊറോണക്കാലം സൃഷ്ടിച്ച അസാധാരണ സന്ദർഭം ഇന്ത്യയിലെ അടിസ്ഥാന സ്ത്രീ തൊഴിലാളി വർഗ്ഗത്തെ ഏതൊക്കെ ദുരിതക്കയങ്ങളിലേക്കാണ് കൂട്ടിക്കൊണ്ടുപോയതെന്ന് പരിശോധിക്കുകയാണിവിടെ. കൂട്ടത്തിൽ അത്തരമൊരു അസമത്വ സ്ഥിതിവിശേഷത്തെ സ്ഥായിയായി നിലനിർത്തുന്ന ഒരു സമ്പദ്ശാസ്ത്ര മാതൃകയെയും പരിശോധനാവിധേയമാക്കാൻ ശ്രമിക്കുന്നു.

വിഭജനകാലത്തിന് ശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ പലായനമായിരുന്നു ലോക്ഡൗണിനെത്തുടർന്ന് രാജ്യത്തെ കുടിയേറ്റ തൊഴിലാളി വർഗ്ഗം നടത്തിയതെന്നത് തർക്കമറ്റ കാര്യമാണ്. ഓർക്കാപ്പുറത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിൽ പകച്ചുപോയ തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാനായി നൂറുകണക്കിന് കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കുന്ന കാഴ്ചകൾ ഇപ്പോഴും നാം കണ്ടുകൊണ്ടിരിക്കുന്നു. കുഞ്ഞുകുട്ടികൾ തൊട്ട് ഗർഭിണികളായ സ്ത്രീകൾ വരെ, രോഗികൾ തൊട്ട് വൃദ്ധജനങ്ങൾ വരെ കയ്യിലൊരു മാറാപ്പുമായി അഞ്ഞൂറും ആയിരവും കിലോമീറ്ററുകൾ താണ്ടുന്നതും, ഭക്ഷണവും വെള്ളവും ലഭിക്കാതെ തളർന്നുവീഴുന്നതും, വാഹനങ്ങൾക്കടിയിൽപ്പെട്ട് ചതഞ്ഞരയുന്നതും നാം കണ്ടു. ഏഴ് പതിറ്റാണ്ട് കാലത്തെ "മഹത്തായ ജനാധിപത്യം' ഏറ്റവും നിർല്ലജ്ജരൂപത്തിൽ ലോകത്തിന് മുന്നിൽ വെളിപ്പെട്ടു നിന്നു.

ഈ ജനാധിപത്യവും അതിനെ താങ്ങിനിർത്തുന്ന സമ്പദ്‌വ്യവസ്ഥയും അതിന്റെ അടിത്തറയിൽ തന്നെ എത്രമാത്രം ലിംഗപക്ഷഭേദം പുലർത്തുന്ന ഒന്നായിരുന്നുവെന്നത് ഇക്കാലമത്രയും കേവല അക്കാദമിക് സംവാദങ്ങൾക്കുള്ളിൽ മാത്രം ഒതുങ്ങിനിന്നെങ്കിലും "അസാധാരണകാലം' അവയെ അതിന്റെ എല്ലാ തീവ്രതയോടും കൂടി രാജ്യത്തിന്റെ മുന്നിലേക്കെത്തിച്ചുകൊണ്ടിരിക്കുന്നു. തെരുവുകളിലൂടെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന തൊഴിലാളികളിലെ സ്ത്രീ പങ്കാളിത്തം നോക്കുക. ഒരുനേരത്തെ ഭക്ഷണത്തിനും റേഷനും വേണ്ടി രാജ്യമെമ്പാടും രൂപപ്പെട്ട നീണ്ട വരികളിലേക്ക് നോക്കുക. ആശുപത്രികളിൽ, തെരുവോരങ്ങളിലെ പച്ചക്കറി ചന്തകളിൽ, കുടിവെള്ളത്തിനായുള്ള പരക്കം പാച്ചിലുകളിൽ ഓടിത്തളരുന്ന സ്ത്രീകളെ കാണാം. കൊറോണ വൈറസ് പൊതുവിൽ സ്ത്രീകളെ തൊടാൻ മടിച്ചെങ്കിലും കൊറോണയെ നേരിടാനുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പുകൾ പൊതുവെ ദുർബലമായിരിക്കുന്ന സ്ത്രീ അവസ്ഥകളെ കൂടുതൽ കടുത്ത യാഥാർത്ഥ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്. ഇന്ത്യയിലെ കോടിക്കണക്കായ തൊഴിലാളി-കർഷക-ആദിവാസി സ്ത്രീ വിഭാഗങ്ങളെ പ്രത്യേകിച്ചും.

തകരുന്ന അനൗദ്യോഗിക മേഖല; അദൃശ്യരായി മാറുന്ന സ്ത്രീകൾ

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നാളിതുവരെ മറഞ്ഞുകിടക്കുന്നിരുന്ന 'അനൗദ്യോഗിക സമ്പദ്‌വ്യവസ്ഥ' (Informal Economy) യെക്കുറിച്ച് കഴിഞ്ഞ കുറച്ചുകാലമായി നാം ആവർത്തിച്ച് കേട്ടുകൊണ്ടിരിക്കുന്നു. അത് പ്രധാനമായും അതിന്റെ തകർച്ചയുമായി ബന്ധപ്പെട്ടതാണെന്നത് ദുഃഖകരമായ വസ്തുതയാണ്. ഇന്ത്യയുടെ ആഭ്യന്തര മൊത്തോൽപാദനത്തിന്റെ 60%ത്തിലധികം സംഭാവന ചെയ്യുന്ന ഈ അനൗദ്യോഗിക സാമ്പത്തിക മേഖലയിലാണ് രാജ്യത്തെ ഏറ്റവും അടിത്തട്ടിലുള്ള ആളുകൾ തൊഴിലെടുക്കുന്നതും ജീവിതം തള്ളിനീക്കുന്നതും. കൃഷി, ചെറുകിട വ്യവസായങ്ങൾ, താഴെക്കിടയിലുള്ള സേവന ജോലികൾ തുടങ്ങി രാജ്യത്തിന്റെ ഔദ്യോഗിക താളുകളിൽ സ്ഥാനം നേടിയിട്ടില്ലാത്ത ലക്ഷക്കണക്കായ സംരംഭങ്ങൾ ഈ മേഖലയുടെ നട്ടെല്ലായി പ്രവർത്തിക്കുന്നുണ്ട്. ഈയൊരു അനൗദ്യോഗിക സമ്പദ്‌മേഖലയുടെ പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷക്കാലയളവിലെ മോദി ഭരണം മൂലം തകർന്നുകിടക്കുന്നത്. കൊറോണ പകർച്ചവ്യാധി അവയുടെ തകർച്ചയുടെ ആഴം വർദ്ധിപ്പിച്ചുവെന്നത് മറ്റൊരു വസ്തുത.

രണ്ട് മാസക്കാലം ഇന്ത്യയിലെ സാമ്പത്തികപ്രവർത്തനങ്ങൾ സമ്പൂർണ്ണ അടച്ചുപൂട്ടലിന് വിധേയമാക്കപ്പെട്ടപ്പോൾ അതിന്റെ ഏറ്റവും അടുത്ത ഇരകളായി മാറ്റപ്പെട്ടത് ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളായിരുന്നു. കാർഷിക-വ്യാവസായിക-സേവന മേഖലകളിലെ നിത്യത്തൊഴിലുകാർ തൊട്ട് മാസശമ്പളക്കാർ വരെയുള്ളവർക്ക് അത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. അതേസമയം ഈ തൊഴിലാളി വിഭാഗങ്ങൾക്കിടയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത് ഇരട്ട പ്രതിസന്ധിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈയൊരു സവിശേഷ പ്രശ്‌നത്തെ മതിയായ ഗൗരവത്തോടു കൂടി ചർച്ച ചെയ്യാൻ എല്ലാവരും മടിച്ചുനിൽക്കുകയാണ്. അനൗദ്യോഗിക സമ്പദ്‌വ്യവസ്ഥയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന തകർച്ചകൾ ഇന്ത്യയുടെ സ്ത്രീകളുടെ അവസ്ഥ പതിറ്റാണ്ടുകൾ പിറകിലേക്ക് നയിക്കുന്നതായിരിക്കും.

ഇന്ത്യയിലെ ഏതാണ്ട് അമ്പത് കോടി (48.7കോടി) യോളം വരുന്ന തൊഴിൽ സേനയിൽ 92%വും (45കോടി) അനൗദ്യോഗിക സമ്പദ് മേഖലയിൽ പണിയെടുക്കുന്നവരാണ്. ഇന്ത്യയിലെ തൊഴിൽ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവവാണെന്നത് വാസ്തവമായിരിക്കുമ്പോഴും ഉള്ളവരിൽ ഏറ്റവും കൂടുതൽ ഈ അനൗദ്യോഗിക മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്ന് നാം അറിയേണ്ടതുണ്ട്. അസംഘടിത തൊഴിൽ സേനയിലെ സ്ത്രീപങ്കാളിത്തം 33.28% (14.98കോടി) ആണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ അസംഘടിത തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ലോക്ഡൗൺ സൃഷ്ടിച്ച പ്രതിസന്ധികൾ സമാനതകളില്ലാത്തതാണ്. ഒരേ തൊഴിൽ ചെയ്യുമ്പോഴും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം മാത്രമേ ലഭിക്കൂ എന്നത് വളരെ സാധാരണമായ കീഴ്‌വഴക്കമായി അംഗീകരിക്കപ്പെട്ട രാജ്യമാണ് നമ്മുടേത്. തൊഴിലിടങ്ങളിലെ ജോലികളും ഗാർഹിക ജോലികളും ഒരേസമയം ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് ലോക്ഡൗൺ മൂലം അവരുടെ വരുമാനം നിലച്ചുവെന്ന് മാത്രമല്ല, വീടുകളിലെ ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാനുള്ള ഉത്തരവാദിത്തം നൂറ്റാണ്ടുകളായി സ്വന്തം തലയിലേറ്റേണ്ടിവരുന്ന സ്ത്രീകൾ ലോക്ഡൗണിന്റെ അമിത ഭാരം പേറാൻ വിധിക്കപ്പെട്ടവരായും മാറിക്കഴിഞ്ഞിരുന്നു.
ഇന്ത്യയിലെ ദരിദ്ര വിഭാഗങ്ങൾക്കിടയിലെ പോഷകാഹാരക്കുറവ് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളാണ്. സാധാരണഗതിയിൽ തന്നെ പോഷകമൂല്യത്തിലും അളവിലും ഏറ്റവും കുറഞ്ഞ ലഭ്യത അനുഭവിക്കേണ്ടിവരുന്ന സ്ത്രീകൾ ഈ മഹാമാരിയുടെ കാലത്ത് വലിയ ആരോഗ്യ പ്രതിസന്ധി നേരിടേണ്ടി വരുന്നുണ്ട്. ഇത് അവരിൽ ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന കാര്യത്തിൽ തർക്കമില്ല. കോവിഡ് 19 സ്ത്രീകളിൽ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ പോളിസി ബ്രീഫിംഗിൽ (Policy Brief: Impact of Covid 19 on Women, April 9, 2020) ഇക്കാര്യം എടുത്തുപറയുന്നുണ്ട്. പൊതുവിൽ പുരുഷാധിപത്യ പ്രവണത നിലനിൽക്കുന്ന രാജ്യങ്ങളിൽ ജനങ്ങളുടെ സഞ്ചാരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതും അടച്ചുപൂട്ടൽ പോലുള്ള രോഗനിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും സ്ത്രീകൾ അനുഭവിക്കുന്ന പരാധീനതകളുടെ ആഴം വർദ്ധിപ്പിക്കുമെന്ന നിരീക്ഷണമാണ് യുഎൻ നയരേഖ മുന്നോട്ടുവെക്കുന്നത്. ഇതിന് തടയിടാനാവശ്യമായ നടപടികൾ ഗവൺമെന്റുകൾ സ്വീകരിക്കേണ്ടതുണ്ടെന്ന് രേഖ ആവശ്യപ്പെടുന്നുണ്ടെങ്കിലും അത്തരത്തിലുള്ള ഒന്നും തന്നെ നടപ്പിലാക്കുന്നതിൽ സർക്കാരുകൾ സന്നദ്ധമായിട്ടില്ലെന്ന യാഥാർത്ഥ്യമാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
പകർച്ച വ്യാധികൾ പോലുള്ള അസാധാരണ സാഹചര്യത്തെ നേരിടുന്നതിന്റെ ഭാഗമായി മറ്റ് സാമൂഹ്യ സംരക്ഷണ നടപടികൾ നിർത്തിവെക്കുന്നത് പൊതുവിൽ ദുർബലമായ സ്ത്രീ ആരോഗ്യത്തെയും അവരുടെ തൊഴിൽ ശേഷിയെയും ബാധിക്കും. മരണനിരക്ക് (mortality), രോഗാതുരത(morbidity) എന്നിവയുടെ വർദ്ധനവിലേക്കായിരിക്കും ഇത് നയിക്കുക. അതുകൊണ്ടുതന്നെ നിലനിൽക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികൾക്ക് തടസ്സം വരാതെ സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ അവശ്യവസ്തുക്കൾക്കായി വേണ്ടി പോലും കിലോമീറ്ററുകളോളം യാത്രചെയ്യുകയും മണിക്കൂറുകൾ ക്യൂവിൽ ചെലവഴിക്കേണ്ടിവരികയും ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആരോഗ്യസംരക്ഷണമെന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.
ഈ വർഷം ആദ്യം ജനുവരിയിൽ പുറത്തിറങ്ങിയ 'On Women's Backs' എന്ന് നാമകരണം ചെയ്ത India Inequality Report (2020)ചൂണ്ടി കാണിക്കുന്ന സുപ്രധാന കാര്യം എന്നത് വേതനരഹിതമോ, കുറഞ്ഞ വേതനമോ ഉളള സ്ത്രീകളുടെ 'കരുതൽ' (care)തൊഴിലുകളും, ആഗോള അസമത്വ പ്രശ്‌നങ്ങളും സംബന്ധിച്ചു ശ്രദ്ധ ചെലുത്തേണ്ട സമയം ആഗതമായിരിക്കുന്നു എന്നതാണ്. അതേ മാസം തന്നെ പുറത്തു വന്ന Oxfam Global Inequality Report 2020 സൂചിപ്പിക്കുന്നതും സമ്പത്തിന്റെ അസമത്വം എന്നതു ലിംഗ അസമത്വത്തിന്റെ കൂടി കണക്കാണ് എന്നാണ്. ഇന്ത്യയിലെ അസമത്വത്തെക്കുറിച്ചുള്ള റിപ്പോർട്ട് പ്രകാരം സ്ത്രീകളും, പെൺകുട്ടികളും ഒരു ദിവസം ചെയ്യുന്ന വേതനരഹിത അധ്വാനത്തിന്റെ മൂല്യം ഒരു വർഷം ഏതാണ്ട് 19 ട്രില്യൺ രൂപയ്ക്ക് തുല്യമാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും സ്ത്രീകൾ നിർവ്വഹിക്കേണ്ടി വരുന്ന ഗാർഹിക അദ്ധ്വാനങ്ങൾ നാളിതുവരെ സാമ്പത്തിക പ്രവർത്തനങ്ങളുടെ അളവുകോലുകളിലേക്കു കടന്നുവന്നിട്ടില്ല.

സ്ത്രീകളുടെ ഗാർഹിക ജോലികൾ രാജ്യത്തിന്റെ മൊത്ത ദേശീയ വരുമാനത്തിന്റെ കണക്കെടുപ്പിൽ ഉൾപ്പെടുന്നില്ല എന്നതുകൊണ്ട് തന്നെ അത് അവഗണിക്കപ്പെടുന്നു. ഇന്ത്യയിൽ പരമ്പരാഗതമായി തന്നെ ഗാർഹിക ജോലികൾ നിർവഹിക്കേണ്ടത് സ്ത്രീകളാണെന്നത് അനുവദനീയമായൊരു കീഴ്‌വഴക്കമായി തുടർന്ന് പോരുകയാണ്. പ്രത്യേകിച്ച് പാചകം, പരിചരണം, വൃത്തിയാക്കൽ, കുട്ടികളുടെ പഠനം തുടങ്ങിയവയെല്ലാം ഏറിയും, കുറഞ്ഞും ഇന്ത്യൻ കുടുംബങ്ങളിൽ സ്ത്രീകൾക്ക് മാത്രമായാണ് നീക്കി വെച്ചിട്ടുള്ളത്. ഇന്ത്യയിലെ സ്ത്രീകൾ ഗാർഹിക ജോലികൾക്കായി പ്രതിദിനം 5.8 മണിക്കൂർ വരെ ചെലവഴിക്കുന്നു, അത് പുരുഷന്മാരേക്കാൾ 577% അധികമാണെന്നും (52 മിനിറ്റ്), ദക്ഷിണ ആഫ്രിക്ക, ചൈന തുടങ്ങിയ മറ്റു ബ്രിക്‌സ് രാജ്യങ്ങളിലെ സ്ത്രീകൾ ചിലവഴിക്കുന്ന സമയത്തേക്കാൾ 40% കൂടുതലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു (Organisation for Economic Co-operation and Development). സ്ത്രീകളുടെ വേതനരഹിത ഗാർഹിക ജോലികൾ യഥാർത്ഥത്തിൽ സമ്പദ് വ്യവസ്ഥയെ നിലനിർത്തുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. വീടിനെയും, കുട്ടികളെയും പരിചരിക്കുന്നതിനായി സ്ത്രീകൾ ചിലവഴിക്കുന്ന വേതനരഹിത അദ്ധ്വാനത്തിന്റെ മൂല്യം രാജ്യത്തിന്റെ GDP യുടെ 3.1 % നു തുല്യമാണ്. സമ്പദ് വ്യവസ്ഥയിലേക്ക് വ്യവസ്ഥാപിതമായി കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഭീമമായ 'hidden' സബ്‌സിഡിയാണ് സ്ത്രീകളുടെ അദ്ധ്വാനം. എന്നാൽ അതാകട്ടെ നിലനിൽക്കുന്ന സാമ്പത്തിക വിശകലനങ്ങളിൽ കണക്കിലെടുക്കുന്നുമില്ല.
മധ്യവർഗ സ്ത്രീകളെ അപേക്ഷിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ജീവിതം മുൻപോട്ടു കൊണ്ട് പോകുന്നതിനായി കുടുംബത്തിന് പുറത്തുള്ള തൊഴിലുകളിൽ ഏർപ്പെടേണ്ടി വരുന്നുണ്ട്. ഇത് ഇരട്ട ജോലി ഭാരം ഈ സ്ത്രീകൾക്ക് നൽകുന്നു. കൂടാതെ പുരുഷന്മാരേക്കാൾ കുറഞ്ഞ വേതന നിരക്കിൽ, തുല്യമായ അദ്ധ്വാനം തൊഴിലിടങ്ങളിൽ ചിലവഴിക്കേണ്ടി വരുന്ന സ്ത്രീകൾ ആ വിധത്തിലും ചൂഷണം നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. കുറഞ്ഞ വേതനവും, കൂടിയ അദ്ധ്വാനനിരക്കും സ്ത്രീകളെ സമയ ദാരിദ്രത്തിലേക്കും തള്ളിവിടുന്നു. സമയ ദാരിദ്ര്യം (Time Poverty) അടിസ്ഥാനപരമായി സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെ ദുർബലപ്പെടുത്തുന്നു. കാരണം ഇത് സ്ത്രീകളുടെ കർത്തൃത്വത്തെയും, തിരഞ്ഞെടുക്കാനുള്ള ശേഷിയേയും ദുർബലപ്പെടുത്തുന്നു. ജോലിയുടെ അമിതമായ ഭാരം സ്ത്രീകളെ കൂടുതൽ വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, അവരുടെ നൈപുണ്യ നിലവാരം ഉയർത്തൽ, സ്വന്തം ക്ഷേമം എന്നിവയിൽ നിന്ന് തടയുന്നു. പ്രകൃതി ദുരന്തങ്ങൾ, മഹാമാരികൾ തുടങ്ങിയ എല്ലാ "അസാധാരണ' സാഹചര്യങ്ങളും കൂടുതൽ അദ്ധ്വാനവും സമയവും മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്നുണ്ട്. ഇത് ശാരീരികമായും, മാനസികമായും, സാമ്പത്തികമായും സ്ത്രീകളെ ദുർബലമാക്കുന്നു.

പരിചരണ ജോലികൾ (Care works) മുഖ്യധാരാ സമ്പദ് വ്യവസ്ഥയുടെ കരുതലുകൾ വേണ്ടത്ര ലഭിക്കാത്ത മേഖലയാണ് എന്ന് നിസംശ്ശയം പറയാം. ഔപചാരികമായി അംഗീകരിക്കപ്പെടാത്തതോ പ്രതിഫലം ലഭിക്കാത്തതോ ആയ നിയന്ത്രണങ്ങളില്ലാത്ത തൊഴിൽ സാഹചര്യങ്ങൾ ഉൾപ്പെടുന്ന നൈപുണികൾ ആണ് കെയർ വർക്കിൽ ഉൾപ്പെടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, അധ്യാപനം, നഴ്‌സിംഗ്, കമ്മ്യൂണിറ്റി ഹെൽത്ത് വർക്കുകൾ, സാമൂഹ്യ പ്രവർത്തനം, വീട്ടുജോലികൾ എന്നീ മേഖലകളാണ് പൊതുവെ പരിചരണ സമ്പദ്‌വ്യവസ്ഥയുടെ (Care Economy) ഭാഗമായി വരുന്നത്. ഈയടുത്ത കാലത്താണ് അന്തർ ദേശീയ തൊഴിൽ സംഘടനയുടെ (ILO) പോളിസിതലത്തിലുള്ള ചർച്ചാ വിഷയമായി സ്ത്രീകളുടെ കരുതൽ തൊഴിലുകൾ കൂടുതലായി പരിഗണിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിവന്നത്. ഔപചാരിക തൊഴിലുകൾ ചെയ്യുന്നതിന് സ്ത്രീകൾക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നത് വീടുകളിലെ പരിചരണ ജോലികൾ ആണ് എന്ന് ILO റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് സ്റ്റേറ്റ് പിൻവാങ്ങിയത് കൊണ്ടുതന്നെ പൊതുജനാരോഗ്യം, ശുചീകരണ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ സ്വകാര്യപങ്കാളിത്തം വർദ്ധിക്കുകയും, ഈ തൊഴിലുകളിലേക്കു കുറഞ്ഞ വേതനത്തിന് സ്ത്രീകൾ നിയമിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ചരിത്രപരമായി തന്നെ സമൂഹം പരിചരണ ജോലികൾ സ്ത്രീകൾക്കായി വിട്ടുനൽകിയിട്ടുണ്ട്.

ആരോഗ്യമേഖലയിലെ ആഗോള തൊഴിൽ ശക്തിയിൽ ഏതാണ്ട് 85-95 ശതമാനം സ്ത്രീകളാണെന്ന് കാണാം. കോവിഡ് പോലുള്ള മഹാമാരികൾ ഈ മേഖലയിലെ സ്ത്രീ തൊഴിലാളികൾക്ക് വലിയ തോതിൽ ആരോഗ്യപരമായ ഭീഷണികൾ ഉയർത്തുന്നുണ്ട്. രോഗബാധയേൽക്കാനുള്ള സാദ്ധ്യതകൾ വർദ്ധിക്കുന്നു എന്നത് മാനസികമായ പ്രശ്‌നങ്ങൾക്കും വഴി വെക്കുന്നു. വീടുകളിലും വൃദ്ധജനങ്ങളും, കുട്ടികളും ആണ് പകർച്ചവ്യാധികൾക്ക് എളുപ്പം കീഴ്‌പ്പെടുക എന്നതുകൊണ്ട് തന്നെ, ഈ രണ്ടു വിഭാഗങ്ങളുടെയും പരിചരണം കൂടുതലായി വേണ്ടിവരുന്ന സമയം കൂടിയാണിത്. രോഗവ്യാപനം തടയിടുന്നതിന്റെ ഭാഗമായുള്ള ലോക്ക്ഡൗൺ സമയത്ത് സ്‌കൂളുകൾ, ഡേ കെയർ സെന്റററുകൾ എന്നിവ അടച്ചിടുന്നതിനാൽ, വീട്ടിൽ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ട അധിക ബാധ്യതയും സ്ത്രീകൾക്കുണ്ടാകുന്നുണ്ട്.
യാതൊരു മുന്നറിയിപ്പും കൂടാതെ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗൺ സ്ത്രീ തൊഴിലാളികളിൽ സൃഷ്ടിച്ച മാനസിക സംഘർഷങ്ങൾ നിരവധിയാണ്. ഭക്ഷ്യവസ്തുക്കൾ ഒരുക്കിവെക്കൽ, കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും പരിചരണം ഇവയ്ക്ക് പുറമെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് വീടുകളിൽ അടച്ചുപൂട്ടപ്പെട്ട പുരുഷന്മാരാൽ അനുഭവിക്കേണ്ടിവരുന്ന ഗാർഹിക പീഡനം തുടങ്ങിയവ സ്ത്രീകൾക്ക് ശാരീരികവും മാനസികവുമായ നിരവധി വ്യഥകൾ സമ്മാനിച്ചിട്ടുണ്ട്. വീടുകളിലെ സാമ്പത്തിക പ്രയാസങ്ങളും രോഗപീഡകളും ഏറ്റവും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ഗാർഹിക സംഘർഷങ്ങളിലേക്ക് എളുപ്പത്തിൽ വഴിതിരിഞ്ഞുപോകുകയും അവ സ്ത്രീകൾക്കെതിരായ അക്രമങ്ങളായി പരിണമിക്കുകയും ചെയ്യുന്നു. ദേശീയ വനിതാ കമ്മീഷൻ പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ ഏപ്രിൽ മാസം മാത്രം കമ്മീഷന് ലഭിച്ച ഗാർഹിക പീഡന പരാതികളുടെ എണ്ണം 315 ആണ്. കഴിഞ്ഞ ആഗസ്ത് മാസം മുതൽക്കിങ്ങോട്ട് ലഭിച്ച പരാതികളിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഈ പരാതികളെല്ലാം തന്നെ ഓൺലൈനായി ലഭിച്ച പരാതികൾ മാത്രമാണ് എന്നുകൂടി ഓർമ്മിക്കേണ്ടതുണ്ട്. ഇതിനർത്ഥം സമൂഹത്തിലെ ഉപരി-മധ്യ വർഗ്ഗങ്ങളിൽ നിന്നുള്ള പരാതികൾ മാത്രമാണ് ഈ കണക്കുകളിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നാണ്. അതേസമയം വീടിന്റെ നാലു ചുവരുകൾക്കപ്പുറത്തേക്ക് കടന്നുചെല്ലാത്ത ഗാർഹിക പീഡനങ്ങളുടെ എണ്ണം ലക്ഷക്കണക്കായിരിക്കും.

മഹാമാരികൾ ലിംഗനീതിയെ കൂടി അനാരോഗ്യത്തിലാക്കുന്ന ഒരു ദുരന്തമാണ്. അത് സമൂഹത്തിലെ എല്ലാ അനാരോഗ്യ പ്രവണതകളെയും യഥാർത്ഥ തീവ്രതയോടെ അതിന്റെ മോശപ്പെട്ട അവസ്ഥയിൽ തന്നെ വെളിപ്പെടുത്തുന്നു. രോഗാതുരമായ ജനാധിപത്യത്തിന്റെ ലക്ഷണം ആണ് ലിംഗപരമായ അനീതികൾ. സമൂഹത്തിലെ നിലനിൽക്കുന്ന അസമത്വങ്ങളെ, അനീതികളെ മറനീക്കി കാണിക്കുന്നുണ്ട് ഇപ്പോഴത്തെ കോവിഡ് കാലം. കാലാകാലങ്ങളായി തുടർന്നുപോരുന്ന സ്ത്രീകളുടെ സാമൂഹികവും, സാമ്പത്തികവും ആയ പദവിയെ പ്രശ്‌നവൽക്കരിക്കേണ്ട ആവശ്യകത അത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയെ പോലുള്ള ഒരു ആണധീശ സമൂഹം രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ തന്നെ ഒരു പരിധി വരെ 'ജനാധിപത്യ'ത്തിനു നിലനിൽക്കാൻ കഴിയുന്ന സാമൂഹിക ഘടനകൾ നിർമ്മിച്ചെടുക്കുന്നുണ്ട്. അവയാണ് സ്ത്രീകളുടെ അദ്ധ്വാനത്തെയോ, വ്യവഹാരങ്ങളെയോ അദൃശ്യമാക്കുന്നത്. അത്തരം സാമൂഹിക ഘടനകളിൽ കുടുംബം ഏറ്റവും പ്രധാനമാവുന്നത്, അത് ആണധികാരത്തിനെ ശീലവൽക്കരിക്കുകയും, ദൃഢീകരിക്കുകയും ചെയ്യുന്ന സുരക്ഷിത ഇടമാകുന്നു എന്നതുകൊണ്ടാണ്. സ്ത്രീകളുടെ അദ്ധ്വാന മൂല്യത്തെ അവഗണിച്ചു കൊണ്ടും, ലഘൂകരിച്ചുകൊണ്ടും ആണ് കുടുംബവും, സമൂഹവും പാട്രിയാർക്കിയെ സംരക്ഷിച്ചു പോരുന്നത്. സ്ത്രീകളെ അദൃശ്യവൽക്കരിക്കുന്ന സമ്പദ്‌വ്യവസ്ഥയും നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയുടെ ദുർബലതകളും ഈ ആൺമേൽക്കോയ്മയെ കൂടുതൽ ഉറപ്പിച്ചു നിർത്തുന്നു. 'അസാധാരണ കാല'-ത്തിന്റെ ലിംഗഭേദത്തെ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കുകയും സ്ത്രീകൾ നേരിടുന്ന സവിശേഷ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നില്ലെങ്കിൽ സമൂഹം അതിന് നൽകേണ്ടുന്ന വില ഭീമമായിരിക്കും.

ഡോ. സ്മിത പി.കുമാറിന്റെ മറ്റു ലേഖനങ്ങൾ:

രാഷ്ട്രീയ വെട്ടുക്കിളികളെ സ്പർശിക്കാത്ത കാലാവസ്ഥാ മാറ്റങ്ങൾ

കർഷകരുടേയും കൃഷിയുടേയും മരണബിൽ പാസാക്കി സർക്കാർ

Comments