കേരള ബജറ്റ് (2026-27) പ്രസംഗത്തിലെ 76-ാം ഖണ്ഡികയും 99-ാം ഖണ്ഡികയും വായിക്കുമ്പോൾ ആദ്യം തോന്നുക ആശ്വാസമാണ്. മണ്ണിൽ കാർബൺ സംഭരിക്കുന്ന കർഷകർക്ക് ക്രെഡിറ്റ് നൽകും, 2050-ഓടെ കേരളം കാർബൺ ബഹിർഗമനം പൂർണ്ണമായും ഇല്ലാതാക്കും - കേൾക്കാൻ സുഖമുള്ള നിർദേശമാണ്. പക്ഷേ ഈ ഖണ്ഡികകൾ ഒരൊറ്റ ബജറ്റ് രേഖയിൽ, കപ്പൽ നിർമ്മാണശാലകളും, വ്യോമവ്യവസായ ഇടനാഴികളും, ഭീമൻ തുറമുഖനഗരങ്ങളും പ്രഖ്യാപിക്കുന്ന ഖണ്ഡികകൾക്ക് ഒപ്പം നിൽക്കുന്നു- ഇതൊരു ചെറിയ വൈരുദ്ധ്യമല76-ാം ഖണ്ഡിക പറയുന്നത് മണ്ണിലെ കാർബൺ സംഭരണത്തെക്കുറിച്ചാണ്. 99-ാം ഖണ്ഡിക പറയുന്നത് സംസ്ഥാനത്തിന്റെ മൊത്തം കാർബൺ സന്തുലനത്തെക്കുറിച്ചാണ്. ഇവ രണ്ടും ഒരേ കാര്യമല്ല. ഒന്ന്, ഒരു കർഷക ക്ഷേമപദ്ധതിക്ക് തുല്യമാണ്. മറ്റൊന്ന് ഒരു സംസ്ഥാനത്തിന്റെ പൂർണ്ണ ഊർജ്ജ, വ്യവസായ, ഗതാഗതനയത്തെ ബാധിക്കുന്ന ഒന്നാണ്. ഈ രണ്ടിനും വ്യത്യസ്ത ശാസ്ത്രീയ അടിത്തറകളും വ്യത്യസ്ത നിയമ ചട്ടക്കൂടുകളും ആവശ്യമാണ്. ബജറ്റ് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു.
READ: ഒരു ‘മിഷൻ അദാനി’ ബജറ്റ്
ബജറ്റിലെ
സൂചകങ്ങളും
സ്വപ്നപദ്ധതികളുടെ
പ്രത്യാഘാതങ്ങളും
ഇതിലും വലിയ ഒരു കണക്ക് ശ്രദ്ധിക്കൂ: "മിഷൻ സമുദ്ര" പ്രകാരം 400 കോടി രൂപ ചെലവഴിക്കുന്ന തുറമുഖനഗരം, "ഏവിയേഷൻ ഹബി’ന് 200 കോടി, "സതേൺ ഇക്കണോമിക് കോറിഡോറി’’ന് 50 കോടി, "റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോറി’’ന് 100 കോടി. ഇവ ഊർജ്ജ-സാന്ദ്രമായ മേഖലകളാണ്, അന്തർലീനമായി ഉയർന്ന തോതിൽ കാർബൺ പുറത്തുവിടുന്ന വ്യവസായ ഘടനകളാണ്. കൃഷി വഴി ഈ ബഹിർഗമനം ഓഫ്സെറ്റ് ചെയ്യാൻ കഴിയുമോ എന്ന ചോദ്യത്തിന് ബജറ്റിൽ ഉത്തരമില്ല.
ഇനി ശാസ്ത്രം. കാർബൺ ക്രെഡിറ്റ് ലഭിക്കണമെങ്കിൽ രണ്ട് കാര്യങ്ങൾ ഒഴിവാക്കാൻ കഴിയില്ല.
ഒന്ന്; മണ്ണിൽ സംഭരിക്കപ്പെടുന്ന കാർബൺ ദീർഘകാലം അവിടെ നിൽക്കണം. ഒരു കർഷകൻ ശ്രദ്ധയോടെ മണ്ണ് പരിപാലിച്ച് 10 വർഷം കൊണ്ട് ഉണ്ടാക്കിയ കാർബൺ ശേഖരം, ഒരൊറ്റ പ്രളയകാലത്ത്, ഒരൊറ്റ ഉഴവുകൊണ്ട്, അന്തരീക്ഷത്തിലേക്ക് മടങ്ങാം. കേരളത്തിൽ 2018 മുതൽ 2024 വരെ ഉണ്ടായ ദുരന്തങ്ങൾ ഓർക്കൂ. ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല, ആവർത്തിക്കുന്ന യാഥാർത്ഥ്യമാണ്.
രണ്ട്; ഒരു കൃഷിരീതി ക്രെഡിറ്റ് ആകണമെങ്കിൽ ആ രീതി കർഷകൻ ആ ക്രെഡിറ്റ് കൊണ്ടുമാത്രം ചെയ്തതാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കണം. ഒരു കർഷകൻ സ്വഭാവികമായി ചെയ്തേക്കാൻ സാധ്യതയുള്ള ഒന്നിന് ക്രെഡിറ്റ് ലഭിക്കില്ല. ഇതൊരു ആഗോളനിയമമാണ്, ഈ നിയമം കേരളത്തിനും ബാധകമാണ്.
ഇനി ഏറ്റവും നിർണ്ണായകമായ കണക്ക്.
കേന്ദ്ര കൃഷി- കർഷക ക്ഷേമ വകുപ്പ് 2015-16 ൽ പ്രസിദ്ധീകരിച്ച കൃഷി സെൻസസ് അനുസരിച്ച്, ഇന്ത്യയിലെ ശരാശരി ഭൂവുടമസ്ഥത 1.08 ഹെക്ടറാണ്. കേരളത്തിലേത് ഏകദേശം 0.18 ഹെക്ടർ മാത്രം. ഇത് രാജ്യത്തെ ഏറ്റവും കുറഞ്ഞ ശരാശരിയാണ്. ഒരു ഹെക്ടർ ഭൂമിയിൽ കാർബൺ സംഭരണം അളക്കാനും പരിശോധിക്കാനും ഒരു വർഷം 15 ഡോളർ മുതൽ 50 ഡോളർ വരെ ചെലവ് വരുമെന്നാണ് വികസ്വരരാജ്യങ്ങളിലെ നിലവിലെ കണക്ക്. 0.18 ഹെക്ടർ ഭൂമിയിൽ ഉൽപ്പാദിപ്പിക്കുന്ന കാർബൺ ക്രെഡിറ്റിന്റെ വിപണിമൂല്യം ഈ ചെലവിന്റെ ഒരു ഭാഗം പോലും ആകില്ല. ദേശീയ ശരാശരിയുടെ ആറിലൊന്ന് മാത്രം ഭൂമിയുള്ള ഒരു സംസ്ഥാനത്ത്, "കർഷകർ നേരിട്ട് ക്രെഡിറ്റ് ക്ലെയിം ചെയ്യും" എന്ന ബജറ്റ് വാക്ക് ഈ യാഥാർത്ഥ്യമറിയാതെ പറയുന്നതാണ്.
ഇതിന് ഒരൊറ്റ പ്രായോഗിക പരിഹാരമുണ്ട്. ചെറുകിട കർഷകരെ ഒന്നിപ്പിക്കുക. ആയിരക്കണക്കിന് ഹെക്ടറുകൾ ചേർത്ത് ഒരൊറ്റ പദ്ധതിയാക്കി, പൊതുവായ ഒരു അളക്കൽ സംവിധാനം ഏർപ്പെടുത്തുക. ഉത്തർപ്രദേശ് സർക്കാർ ഐ.ഐ.ടി. റൂർക്കി, കോംപ്ലയൻസ് കാർട്ട്, പ്രോക്ലൈം എന്നിവരുമായി ചേർന്ന് ലക്ഷക്കണക്കിന് കർഷകരെ ഈ രീതിയിൽ അണിനിരത്തിയ ചരിത്രം നിലവിലുണ്ട്. ആ മാതൃക കേരളത്തിൽ നടപ്പിലാക്കാൻ കഴിയും. പക്ഷേ ഇതിന് ആർക്കാണ് ക്രെഡിറ്റ് അവകാശം, ആർക്കാണ് വരുമാനം, ഏത് സ്ഥാപനം ഇത് നടത്തും എന്ന് നിശ്ചയിക്കുന്ന ഒരു നിയമം ആദ്യം വേണം. ആ നിയമം ഇന്ന് കേരളത്തിൽ ഇല്ല.
ഇനി ഭരണഘടനാ ചോദ്യം.
കൃഷി ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സംസ്ഥാന പട്ടിക 14-ാം ഇനമാണ്. ഈ അടിസ്ഥാനത്തിൽ കേരളത്തിന് കാർബൺ കൃഷി നയങ്ങൾ ഉണ്ടാക്കാൻ ഒരു ന്യായമുണ്ട്. പക്ഷേ കാർബൺ ക്രെഡിറ്റ് കേവലം ഒരു കൃഷിഉൽപ്പന്നമല്ല. അതിന്റെ മൂല്യം നിർണ്ണയിക്കുന്നത് ഇന്ത്യ പാരീസ് ഉടമ്പടി വഴി ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ ദേശീയ പ്രതിബദ്ധതകളിൽ നിന്നാണ്. ഭരണഘടനയുടെ 253-ാം അനുച്ഛേദപ്രകാരം ഇത്തരം ഉടമ്പടികൾ നടപ്പിലാക്കാൻ നിയമമുണ്ടാക്കാനുള്ള അധികാരം പാർലമെന്റിനാണ്. 2022-ലെ ഊർജ്ജ സംരക്ഷണ ഭേദഗതിനിയമം ഈ അധികാരം ഉപയോഗിച്ചുണ്ടായ ഒന്നാണ്.
ഒരു സംസ്ഥാനം, കേന്ദ്ര അനുമതിയില്ലാതെ, ഇന്ത്യയുടെ ദേശീയ കാർബൺ കണക്കിൽനിന്ന് ഒരു ഭാഗം ഉപയോഗിച്ച് ക്രെഡിറ്റുകൾ പുറത്തിറക്കാൻ ഭരണഘടനാപ്രകാരം അർഹതയുണ്ടോ, ഇത് ഒരു ഉത്തരം ലഭിക്കാത്ത ചോദ്യമാണ്, ഒരു കോടതിയിലും ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടില്ല. ഇന്ത്യയിൽ ഒരു സംസ്ഥാനവും ഇതുവരെ ഇങ്ങനെ ഒരു ശ്രമം നടത്തിയിട്ടില്ല.

ഒരു കർഷകൻ ഉൽപ്പാദിപ്പിക്കുന്ന കാർബൺ ക്രെഡിറ്റ് ഒരു യൂറോപ്യൻ കമ്പനി വാങ്ങുകയാണ് എന്നുവെക്കൂ. ആ ക്രെഡിറ്റ് ഒരു അന്തർദേശീയ അതിർത്തി കടക്കുന്നു. പാരീസ് ഉടമ്പടിയുടെ 6-ാം അനുച്ഛേദം പ്രകാരം, ഇന്ത്യയ്ക്ക് ആ ക്രെഡിറ്റ് സ്വന്തം ദേശീയ കണക്കിൽ ഉൾപ്പെടുത്താനാകില്ല, ആ ക്രെഡിറ്റ് ഒഴിവാക്കിക്കൊണ്ടാണ് ആ ഇടപാട് അംഗീകരിക്കേണ്ടത്. ഇതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ "നാഷണൽ ഡെസിഗ്നേറ്റഡ് അതോറിറ്റി" ഔദ്യോഗിക അനുമതി നൽകണം. ഒരു സംസ്ഥാന സർക്കാരിന് ഇത് ഏകപക്ഷീയമായി ചെയ്യാൻ കഴിയില്ല.
ഇതൊക്കെ ഈ ആശയം നടക്കില്ല എന്ന് പറയാനല്ല, ഈ ആശയം നടക്കാൻ ആദ്യം ചെയ്യേണ്ടത് എന്തെന്ന് കാണിക്കുന്നു.
നാല് കാര്യങ്ങൾ ആദ്യം ചെയ്യണം:
ഒന്ന്: ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയോട് ഔദ്യോഗികമായി ആവശ്യപ്പെടണം, മണ്ണ് കാർബണിന് ഒരു ദേശീയ അളക്കൽ രീതി വിജ്ഞാപനം ചെയ്യണം. ഇതില്ലാതെ ഒരു ക്രെഡിറ്റിനും ഒരു വിപണിയിലും ആർക്കും ഒരു വില ഇല്ല.
രണ്ട്: "കേരള കാർബൺ ഫാർമിംഗ് ആൻഡ് സോയിൽ ക്രെഡിറ്റ് ആക്ട്" എന്ന ചട്ടക്കൂട് നിയമം ഉണ്ടാക്കണം. ഏതെല്ലാം കൃഷിരീതികൾക്ക് ക്രെഡിറ്റ് ലഭിക്കും, ആ ക്രെഡിറ്റ് ഒരു സ്വത്തവകാശ ഉപകരണമാണോ, ആദ്യം ആർക്കാണ് ഉടമസ്ഥാവകാശം, ഇരട്ടിപ്പ് ഒഴിവാക്കാനുള്ള ഒരു സംസ്ഥാന രജിസ്ട്രി എങ്ങനെ പ്രവർത്തിക്കും. "മിഷൻ ജിയോ കേരളം" വഴി ശക്തിപ്പെടുത്തുന്ന കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ, അളക്കൽ, പരിശോധനാ ഏജൻസിയായി ഉപയോഗിക്കാം, ഈ ബജറ്റ് തന്നെ ആ സ്ഥാപനത്തിന് 30 കോടി രൂപ നൽകുന്നുണ്ട്.

മൂന്ന്: കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ഔദ്യോഗിക ധാരണാപത്രം ഒപ്പുവെക്കണം. കേരളത്തിന്റെ ക്രെഡിറ്റുകൾ അന്താരാഷ്ട്ര വിപണിയിൽ ചെല്ലുമ്പോഴുണ്ടാകുന്ന ദേശീയ കണക്ക് ക്രമീകരണം ഇതിൽ ഉൾക്കൊള്ളിക്കണം. ഇന്ത്യ ജപ്പാനുമായി ഉണ്ടാക്കിയ ജോയിന്റ് ക്രെഡിറ്റിംഗ് മെക്കാനിസം ദ്വിരാഷ്ട്ര ചട്ടക്കൂടാണ്. ഒരു ഉപ-ദേശീയ ചട്ടക്കൂടിന് മുൻ മാതൃകയില്ല, കേരളം ആദ്യം ഉണ്ടാക്കണം.
നാല്: ക്ഷീര, മത്സ്യ, കാർഷിക സഹകരണ സംഘങ്ങൾ വഴി ചെറുകിട കർഷകരെ ഒന്നിപ്പിക്കുന്ന പൈലറ്റ് പദ്ധതി ആരംഭിക്കണം. 0.18 ഹെക്ടർ ഭൂമിയിൽ ഒറ്റ കർഷകന് ഈ ആശയം ഒരിക്കലും ലാഭകരമല്ല. ആ അതേ ഭൂമി ആയിരം കർഷകരിൽ നിന്ന് ചേർത്ത് 180 ഹെക്ടറാക്കിയാൽ, ചെലവ് വഹിക്കാനാകുന്ന ഒരു പദ്ധതിയാകും. ഈ സഹകരണ ചട്ടക്കൂടുകൾ കേരളത്തിൽ ഇതിനകം ഉണ്ട്, ഉപയോഗിക്കണം.
ഈ നാലും ചെയ്തില്ലെങ്കിൽ, ഈ ബജറ്റ് പ്രഖ്യാപനം ഒരു ലക്ഷ്യപ്രഖ്യാപനം മാത്രമായി അവശേഷിക്കും. ആ ലക്ഷ്യം നേടാനുള്ള നിയമ, ശാസ്ത്രീയ, സ്ഥാപനപരമായ ഉപകരണവും ഇതിലില്ല.
