ഒന്നര വർഷത്തിന് മുമ്പാണ് അദാനി ഗ്രൂപ്പിനെതിരെ അമേരിക്കൻ ഷോർട്ട് സെല്ലർ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിൻെറ റിപ്പോർട്ട് പുറത്തുവന്നത്. വിദേശത്ത് കടലാസ് കമ്പനികൾ തുടങ്ങി അതുവഴി അദാനി ഗ്രൂപ്പ് കമ്പനികളിൽ തന്നെ നിക്ഷേപം നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. ഇതുവഴി കമ്പനിയുടെ വിപണിമൂല്യം പെരുപ്പിച്ച് കാട്ടിയെന്നും ഓഹരി വിപണിയിൽ കൃത്രിമം കാണിച്ചെന്നും ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തിയിരുന്നത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ആയിരുന്നു. രാജ്യത്തെ നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഓഹരിവിപണിയിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള സ്ഥാപനമാണ് സെബി.
ഇപ്പോൾ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനുമെതിരെയാണ് ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട്. ഇരുവരും അദാനി ഗ്രൂപ്പിന്റെ കടലാസ് കമ്പനികളിൽ നിക്ഷേപം നടത്തിയിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. അദാനി ഗ്രൂപ്പുമായി അവർക്കുള്ള അടുപ്പം കാരണമാണ് നേരത്തെയുള്ള കേസിൽ സുതാര്യമായ അന്വേഷണം നടക്കാത്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പുതിയ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിന്റെ ഭാവിയെക്കുറിച്ചും സെബിയുടെ വിശ്വാസ്യതയെക്കുറിച്ചും ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ്ങ് പ്രൊജക്റ്റിന്റെ (OCCRP) ഭാഗമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകൻ രവി നായർ ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുന്നു.
ടി. ശ്രീജിത്ത്: പുതിയ ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും സംശയത്തിന്റെ അന്തരീക്ഷം ഒഴിവാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഈ അന്വേഷണത്തിൻെറ ഭാവി ഇനി എന്തായിരിക്കും?
രവി നായർ: അന്വേഷണത്തിൻെറ ഭാവി എന്താവുമെന്ന് പ്രവചിക്കാൻ ഞാൻ ആളല്ല. സുപ്രീം കോടതിയോട് സെബി പറഞ്ഞത് നിലവിൽ 24 അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നാണ്. ഇതിൽ 23 എണ്ണം മാർച്ചോടെ അവസാനിച്ചെന്നും പറഞ്ഞിട്ടുണ്ട്. അവസാനത്തെ അന്വേഷണം തുടരുകയാണ്. സെബി ഇതുവരെ ആറ് അദാനി കമ്പനികൾക്ക് ഷോകോസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇത് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ അദാനിയുടെ ക്വാർട്ടേർലി ഫയലിങ്ങിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. അദാനി ഗ്രൂപ്പിനെതിരായ കേസിൽ സെബി എന്ത് നടപടി എടുക്കുമെന്ന് നമുക്ക് കണ്ടറിയണം. കുറ്റകൃത്യം ഗുരുതരമാണെങ്കിൽ കമ്പനിയെ ഡീലിസ്റ്റ് ചെയ്യും. അല്ലെങ്കിൽ ഗൗതം അദാനിയെയും അദാനി സഹോദരങ്ങളെയും സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് രണ്ടോ മൂന്നോ വർഷത്തേക്ക് ബാൻ ചെയ്തേക്കും. കൂടിയത് അഞ്ച് വർഷത്തേക്ക് വരെ ബാൻ ചെയ്യാം. അല്ലെങ്കിൽ ഒന്നോ രണ്ടോ കോടി രൂപ പിഴ അടച്ച് അദാനി ഗ്രൂപ്പിന് കേസ് സെറ്റിൽ ചെയ്യേണ്ടിയും വരാം. ഇത് എന്താവുമെന്ന് നമുക്കൊന്നും പറയാൻ പറ്റില്ല. ഇതിൽ ഒരുപാട് ഓപ്ഷൻസ് ഉണ്ട്. അതുപോലെ പല വിധത്തിലുള്ള സാധ്യതകളും ഉണ്ട്.
ബി.ജെ.പി ഈ വിഷയത്തിൽ വലിയ വിമർശനം ഉന്നയിക്കുന്നത് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എതിരെയാണ്. ഇന്ത്യയിൽ സാമ്പത്തിക അസ്ഥിരതയുണ്ടെന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്നാണ് ബി.ജെ.പിയുടെ ആരോപണം. അതിനിടയിലേക്ക് ഹിൻഡൻബർഗിൽ നിക്ഷേപമുള്ള ജോർജ് സോറോസിന്റെ പേരും ബി.ജെ.പി കൊണ്ടുവരുന്നു. ഇതിലൊക്കെ എത്രത്തോളം അടിസ്ഥാനമുണ്ട്?
ബി.ജെ.പി ഐ.ടി സെൽ ചെയ്യുന്ന പ്രധാന പണി എന്താണ്? ഫെയ്ക് ന്യൂസ് ഉണ്ടാക്കുക, എന്നിട്ട് അത് വാട്ട്സാപ്പിലൂടെ പ്രചരിപ്പിക്കുക എന്നതാണ്. ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ജോർജ് സോറോസിന് ഹിൻഡൻബർഗുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാനില്ലെന്ന് മനസ്സിലാവും. അവര് ഹിൻഡൻബർഗ് ഏജന്റ് എന്നൊക്കെയാണ് വിളിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പുറത്ത് കൊണ്ടുവരുന്നവരെയും അഴിമതി പുറത്ത് കൊണ്ടുവരുന്നവരെയും അദാനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരെയുമെല്ലാം അവർ ജോർജ് സോറോസിന്റെ ഏജന്റായും രാജ്യവിരുദ്ധരായും ചൈനീസ് ഏജന്റായുമെല്ലാം ചിത്രീകരിക്കും. ഇവിടെ യഥാർഥ വിഷയം എന്താണെന്ന് നോക്കൂ. ഈ അഴിമതിയൊക്കെ നടന്നത് എപ്പോഴാണ്? ഈ വിഷയങ്ങളെല്ലാം നടന്നത് നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന കാലത്താണ്. 2014-ലെ തെരഞ്ഞെടുപ്പ് അടുക്കുന്ന കാലത്താണ് ഇത് തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കൽ അടക്കം നടന്നത് ഇക്കാലത്താണ്, സെബിക്ക് ഇതുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ലഭിച്ചിട്ടും അവർ കൃത്യമായ അന്വേഷണം നടത്തിയില്ല. ഇപ്പോൾ പത്ത് കൊല്ലം കഴിഞ്ഞു. സെബിയുടെ ഇപ്പോഴത്തെ അന്വേഷണം തുടങ്ങുന്നത് 2020ലാണ്. അതായത് നാല് വർഷമായി. എന്നിട്ടും അന്വേഷണം പൂർത്തിയാക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇത് ആരുടെ കുഴപ്പമാണ്. ജോർജ് സോറോസിന്റെ കുഴപ്പമാണോ, അതോ ചോദ്യങ്ങൾ ഉന്നയിക്കുന്നവരുടെ കുഴപ്പമാണോ.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ സുതാര്യമായ അന്വേഷണം നടന്നാൽ എന്ത് സംഭവിക്കും? അത് എങ്ങനെ നടക്കും?
സുതാര്യമായ അന്വേഷണം നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നോക്കൂ, തീയില്ലാതെ പുകയുണ്ടാവില്ല. ഇതിനകത്ത് അവർക്കൊന്നും ഒളിക്കാനില്ലെങ്കിൽ എന്തുകൊണ്ട് തുറന്ന അന്വേഷണത്തിന് തയ്യാറാവുന്നില്ല.
സെബിയുടെ വിശ്വാസതക്കെതിരെയാണ് ഇപ്പോൾ ചോദ്യങ്ങൾ ഉയർന്നിരിക്കുന്നത്. മാധബി പുരി ബുച്ചിനെ ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് മാറ്റുകയെന്ന തീരുമാനത്തിലേക്ക് എത്തുമോ? അവരെ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് പോന്ന ആരോപണങ്ങളായി ഹിൻഡൻബർഗ് റിപ്പോർട്ടിനെ കരുതാൻ സാധിക്കുമോ?
മാധബി പുരി ബുച്ചിനെ സ്ഥാനത്ത് നിന്ന് മാറ്റാൻ സാങ്കേതികമായി പ്രശ്നങ്ങളൊന്നും തന്നെയില്ല. ഇത് വെറുമൊരു ആരോപണമല്ല. വളരെ ഗുരുതരമായ വിഷയമാണ്. മാധബിയ്ക്കും ഭർത്താവ് ധവാൽ ബുച്ചിനുമെതിരെ കൃത്യമായ തെളിവുകൾ തന്നെയുണ്ട്. ഇരുവർക്കും ഇൻവെസ്റ്റ്മെന്റുള്ള അതേ ഫണ്ടിൽ തന്നെയാണ് വിനോദ് അദാനിയ്ക്കും ഇൻവെസ്റ്റ്മെന്റ് ഉള്ളത്. ഈ ഫണ്ട് മാനേജ് ചെയ്യുന്നവരെയും അത് ഓപ്പറേറ്റ് ചെയ്യുന്നവരെയുമെല്ലാം മാധബിയ്ക്ക് നന്നായി അറിയാം. അവരോടെല്ലാം മാധബി ആശയവിനിമയം നടത്തിയിട്ടുമുണ്ട്. ഇതെല്ലാം സെബിയുടെ ഇപ്പോഴത്തെ അന്വേഷണത്തിന്റെ പരിധിയിൽ വരുന്നതുമാണ്. ധാർമികമായി അവർക്ക് ഈ സ്ഥാനത്ത് തുടരാൻ അർഹതയുണ്ടോ? സെബിയുടെ ചെയർപേഴ്സണെന്ന നിലയിൽ ഈ അന്വേഷണത്തിന് നേതൃത്വം നൽകുന്നത് അവരാണ്. അതിനാൽ ധാർമികമായി മാധബി ഈ സ്ഥാനത്ത് തുടരുന്നത് ശരിയാണെന്ന് തോന്നുന്നില്ല.
ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യയിലെ ഓഹരി വിപണിയിൽ ഏത് തരത്തിലുള്ള ഇംപാക്ട് ആണ് ഉണ്ടാക്കാൻ പോവുന്നത്?
കഴിഞ്ഞ ദിവസം അദാനിയുടെ ഓഹരികളിൽ ഇടിവുണ്ടായിരുന്നു. എന്നാൽ പിന്നീട് അത് തിരിച്ചുകയറി. ഇതിലെ വിഷയം ധാർമിക പ്രശ്നമാണ്. സെബിയുടെ ചെയർപേഴ്സൺ സ്ഥാനത്ത് മാധബി തുടരാമോ എന്നതാണ് പ്രധാന ചോദ്യം. സർക്കാർ എന്തായാലും അവരെ മാറ്റാൻ പോവുന്നില്ല. അവർ സ്വയം രാജിവെച്ച് പോവുമോ എന്നതാണ് കാണേണ്ടത്. ഇതൊരു രാഷ്ട്രീയ വിഷയമല്ല. എന്നാൽ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രവുമായി (Political Economy) ബന്ധപ്പെട്ട വിഷയമാണ്. എന്നാൽ അതിപ്പോൾ ഒരു രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്.
മോദി ഭരണത്തിലെ
‘സെലക്ടീവ് ക്രോണി കാപ്പിറ്റലിസം’
ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി തട്ടിപ്പ്; മോദിയുടെ 'റോക്ഫെല്ലര്‍' ഇതാ വെളിപ്പെടുന്നു