സ്‌കൂൾ തുറക്കൽ, സിലബസ്, പരീക്ഷ; തീരുമാനം വൈകില്ലെന്ന് പ്രതീക്ഷിക്കാം

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉത്തരം പറയാനും വ്യക്തത വരുത്താനും ബാധ്യസ്ഥമായ ചില ചോദ്യങ്ങൾ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പക്ഷത്തുനിന്ന്​ ട്രൂ കോപ്പി തിങ്ക്​ ചോദിച്ചിരുന്നു. ഇവയിൽ സർക്കാർ നയപരമായി തീരുമാനമെടുക്കേണ്ടവ ഒഴിച്ചുള്ള ചോദ്യങ്ങൾക്ക്​ കോഴിക്കോട്​ സമഗ്ര ശിക്ഷ ജില്ല പ്രൊജക്​റ്റ്​ കോർഡിനേറ്റർ ഡോ. എ.കെ. അബ്​ദുൽ ഹക്കീം നൽകുന്ന പ്രതികരണം

അധ്യയന വർഷം, സംസ്ഥാനത്ത് ഓൺലൈൻ ക്ലാസ് ആരംഭിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായല്ല ഇപ്പോഴത്തെ വിക്ടേഴ്‌സ് ക്ലാസ്സുകൾ എന്ന് എല്ലാവർക്കുമറിയാം. നിലവിലുണ്ടായിരുന്ന സ്‌കൂൾ ക്ലാസ്സുകളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്ന നയത്തിന്റെ ഭാഗവുമല്ല ഈ മാറ്റം. കോവിഡ് ഭീഷണിക്കുമുമ്പിൽ സ്‌കൂൾ തുറക്കാനാവാതെ വന്നപ്പോൾ താൽക്കാലികമായി സ്വീകരിച്ച ബദൽ മാർഗമാണിത്. സംസ്ഥാനത്തെ മുഴുവൻ കുട്ടികൾക്കും സ്‌കൂൾ പ്രവേശനം സാധ്യമാക്കിയിരുന്നു എന്നത് പൊതുവിദ്യാഭ്യാസത്തിന്റെ വലിയ കരുത്താണ്. എന്നാൽ ചാനൽ ക്ലാസ്സിലേക്ക് അപ്രതീക്ഷിതമായി മാറേണ്ടി വന്നപ്പോൾ രണ്ടരലക്ഷത്തോളം കുട്ടികൾക്ക് പ്രാപ്യത പ്രശ്‌നമാവുമെന്ന് സമഗ്ര ശിക്ഷാകേരള നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിന് എണ്ണായിരത്തിലധികം പൊതുപഠനകേന്ദ്രങ്ങൾ സജ്ജീകരിച്ച് മുഴുവൻ കുട്ടികൾക്കും ക്ലാസ്സുകൾ കാണാനുള്ള സൗകര്യം ഒരുക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ചെയ്തത്.

മുഴുവൻ കുട്ടികൾക്കും വിക്ടേഴ്‌സ് ലഭ്യം

ആദിവാസി - തീരദേശ മേഖലയിലായിരുന്നു പ്രാപ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധി കൂടുതലും. എന്നാൽ ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് ജനകീയ പ്രസ്ഥാനങ്ങൾ മുതലായവയുടെ സഹായത്തോടെ ടി.വിയും അനുബന്ധ സംവിധാനങ്ങളുമൊരുക്കി സംസ്ഥാനത്തെ മുഴുവൻ കുട്ടികളും വിക്ടേഴ്‌സ് ക്ലാസ്സുകൾ കാണുന്ന അവസ്ഥയാണ് നിലവിലുള്ളത്. കണക്ടിവിറ്റി പ്രശ്‌നങ്ങളുള്ള അപൂർവം സ്ഥലങ്ങളിൽ ഓഫ്‌ലൈൻ സംവിധാനങ്ങളും ഉപയോഗിക്കുന്നതായി വിദ്യാഭ്യാസമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

പരീക്ഷ, സിലബസ്​; തീരുമാനമായിട്ടില്ല

സ്​കൂൾ തുറക്കൽ, സിലബസ്​ അതേപടി തുടരുമോ, സാ​മ്പ്രദായിക രീതിയിൽ പരീക്ഷ നടത്തുമോ തുടങ്ങിയവയുമായി ബന്ധപ്പെട്ട തീരുമാനം ഉടനെ ഉണ്ടാവുമെന്നാണ് എന്റെ വിശ്വാസം. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ തീരുമാനം വന്നിട്ടില്ല എന്നത് സംസ്ഥാനതല തീരുമാനം വൈകുന്നതിന് കാരണാമാകാം. പിന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം, ജൂൺ, ജൂലൈ മാസങ്ങളിൽ സ്‌കൂൾ തുറക്കാൻ കഴിയില്ലെന്ന സാഹചര്യത്തിലാണ് താൽക്കാലിക സംവിധാനമെന്ന നിലയിൽ വിക്ടേഴ്‌സ് വഴി ക്ലാസ് ആരംഭിച്ചത്. ഇപ്പോഴത്തെ അവസ്ഥയിൽ ഈ സാഹചര്യം കുറച്ച് കൂടി നീണ്ടുപോകും എന്ന് നമുക്ക് എല്ലാവർക്കും അറിയാം.

രോഗവ്യാപനം നിയന്ത്രണ വിധേയമാവുകയും കേന്ദ്രാനുമതി ലഭിക്കുകയും ചെയ്താൽ സ്‌കൂളുകൾ തുറക്കാൻ കഴിയേണ്ടതാണ്. മുതിർന്ന ക്ലാസ്സുകൾക്ക് മുൻഗണന നൽകി സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചാൽ യാത്രാസൗകര്യം വലിയ പ്രശ്‌നമാവാൻ സാധ്യതയില്ല.

ഇങ്ങനെയൊരു സാഹചര്യത്തിൽ എന്താണ് ചെയ്യാൻ കഴിയുക എന്ന് തീരുമാനിക്കാൻ സർക്കാർ തലത്തിലും വകുപ്പ് തലത്തിലും സംവിധാനങ്ങളുണ്ട്. സിലബസ് ലഘൂകരണം, പരീക്ഷാരീതികളിലെ മാറ്റം തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ല എന്നാണറിവ്. കോവിഡ് വ്യാപനം സംബന്ധിച്ച് ആരോഗ്യവകുപ്പ് നൽകുന്ന അഭിപ്രായങ്ങളും കരിക്കുലം കമ്മിറ്റി നിർദ്ദേശങ്ങളുമെല്ലാം പരിഗണിച്ചുകൊണ്ടുള്ള തീരുമാനങ്ങൾ വൈകാതെ ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സീറോ അക്കാദമിക് ഇയറിന്​ സാധ്യതയില്ല

സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് ഗൗരവമായ ആലോചനകൾ സർക്കാർ തലത്തിൽ നടക്കുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സീറോ അക്കാദമിക് ഇയർ ആവാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. രോഗവ്യാപനം നിയന്ത്രണ വിധേയമാവുകയും കേന്ദ്രാനുമതി ലഭിക്കുകയും ചെയ്താൽ സ്‌കൂളുകൾ തുറക്കാൻ കഴിയേണ്ടതാണ്. മുതിർന്ന ക്ലാസ്സുകൾക്ക് മുൻഗണന നൽകി സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചാൽ യാത്രാസൗകര്യം വലിയ പ്രശ്‌നമാവാൻ സാധ്യതയില്ല. പ്രൈമറി വിദ്യാലയങ്ങളിലെ വാഹനങ്ങൾ കൂടി ഹൈസ്‌കൂൾ / ഹയർസെക്കന്ററി തലത്തിൽ ഉപയോഗിക്കുന്നത് പോലെയുള്ള കാര്യങ്ങളും ആലോചിക്കാവുന്നതാണല്ലോ. ക്ലാസ്​ മുറിയിൽ അകലം പാലിച്ചിരിക്കാൻ കഴിയണമെങ്കിൽ ഷിഫ്റ്റ് സമ്പ്രദായവും നടപ്പാക്കേണ്ടി വന്നേക്കാം. അധികം താമസിയാതെ ഇതു സംബന്ധിച്ചുള്ള തീരുമാനങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

ഡിജിറ്റൽ ഡിവൈഡ്​ യാഥാർഥ്യം

ഡിജിറ്റൽ ഡിവൈഡ് യാഥാർത്ഥ്യം തന്നെയാണ്. അത് പരിഹരിക്കാനുള്ള നടപടികൾ നടക്കുന്നുണ്ടെങ്കിലും അത്ര എളുപ്പം സാധ്യമല്ല എന്ന് നമുക്കറിയാം. വന്നുപെട്ട ഈ പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി നമുക്ക് ആ പ്രശ്‌നത്തെയും അഭിസംബോധന ചെയ്‌തേ പറ്റൂ.

ഇന്ത്യയിലെ ഒരു സംസ്ഥാനത്തും സ്‌കൂളുകൾ പ്രവർത്തിക്കുന്നില്ല. കേരളത്തിൽ സ്‌കൂളുകൾ തുറന്നില്ലെങ്കിലും കുട്ടികളെ അക്കാദമികമായി എൻഗേജ് ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓൺലൈൻ എന്ന് വിളിക്കുന്ന ക്ലാസ്സുകൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്.

പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഒരു പകർച്ചവ്യാധിക്കു മുമ്പിൽ അവസാനിച്ചു പോകേണ്ട ഒന്നല്ല സ്‌കൂൾ വിദ്യാഭ്യാസം. കുട്ടികളെ എങ്ങനെയും പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവന്നേ പറ്റൂ. ലോകത്തെ 110 ഓളം രാജ്യങ്ങളിൽ സ്‌കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും സ്‌കൂളുകൾ പ്രവർത്തിക്കുന്നില്ല. കേരളത്തിൽ സ്‌കൂളുകൾ തുറന്നില്ലെങ്കിലും കുട്ടികളെ അക്കാദമികമായി എൻഗേജ് ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓൺലൈൻ എന്ന് വിളിക്കുന്ന ക്ലാസ്സുകൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്. അങ്ങനെ ആരംഭിച്ചതുകൊണ്ടാണ് ഡിജിറ്റൽ ഡിവൈഡ് ഇപ്പോൾ നമുക്ക് മുമ്പിൽ പ്രശ്‌നമായി നിൽക്കുന്നത്. ഇത് മറികടക്കാനുള്ള ഒട്ടേറെ ആസൂത്രണങ്ങൾ, നടപടികൾ സർക്കാർ തലത്തിൽ നടന്നുവരുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.
ഇ-ലേണിംഗ് സാധ്യത കൂടി പരിഗണിച്ചുകൊണ്ടാണ് ലോകത്തെല്ലായിടത്തും വിദ്യാഭ്യാസ പദ്ധതി പരിഷ്‌കരിക്കപ്പെടുന്നത്. ഡിജിറ്റൽ ടെക്‌നോളജിയുടെ കാലത്ത് ഇ-കണ്ടന്റുകളെ അവഗണിച്ച് വിദ്യാഭ്യാസത്തിന് നിലനിൽക്കാനാവില്ല. ഡിജിറ്റൽ നാറ്റീവ്‌സ് ആയിട്ടുള്ള കുട്ടികൾക്ക് സാമ്പ്രദായിക ക്ലാസ്​ മുറി മാത്രം മതിയാവില്ല എന്നതാണ് സത്യം. എന്നാൽ വിവരശേഖരണവും വിജ്ഞാനസമ്പാദനവും മാത്രമല്ല സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ജീവിതത്തെ മുന്നോട്ടു നയിക്കേണ്ട ആശയങ്ങളും മൂല്യങ്ങളുമൊക്കെ സ്വായത്തമാക്കേണ്ടതും വിദ്യാഭ്യാസത്തിലൂടെയാണ്. സഹജീവിതത്തിന്റെയും സാമൂഹിക ഇടപാടുകളുടെയും ബാലപാഠങ്ങൾ കുട്ടികൾ പഠിച്ചെടുക്കുന്നത് സ്കൂളിൽ നിന്നാണ്. സ്‌നേഹസൗഹൃദങ്ങളും പങ്കുവെക്കലുകളുമെല്ലാം പരിശീലിക്കുന്നതും മറ്റെവിടെയും വെച്ചല്ല. ഇതിന്റെയൊന്നും സ്ഥാനത്ത് പകരക്കാരന്റെ ചുമതലയേൽക്കാൻ ഓൺലൈൻ പഠനസമ്പ്രദായങ്ങൾക്ക് സാധിക്കില്ല എന്ന് നാം മനസ്സിലാക്കണം. എന്നാൽ, ഒരു വിരൽതുമ്പുകൊണ്ട് എത്തിപ്പിടിക്കാവുന്ന വിജ്ഞാനശേഖരത്തിന്റെ അനന്തസാധ്യതകളിലേക്ക് വരുംതലമുറയെ തുറന്നുവിടാൻ കഴിയുന്ന ഇ-ലേണിംഗിന്റെയും ഡിജിറ്റൽ പെഡഗോഗിയുടെയും സാധ്യതകളെ നിഷേധിക്കാനുമാവില്ല.

അധ്യാപക ഇടപെടൽ സജീവം

ഐ.സി.ടി. സാധ്യതകൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനം വർഷങ്ങളായി നടക്കുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വർഷമായി ഹൈടെക് വിദ്യാഭ്യാസത്തിലേക്ക് മാറുന്നതിനുള്ള സജ്ജീകരണങ്ങളും നമ്മൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ ക്ലാസ് മുറികളെല്ലാം ഹൈടെക് ആക്കി മാറ്റിയതിന്റെ ഭാഗമായി അധ്യാപകർക്ക് അടിസ്ഥാന സാങ്കേതിക ജ്ഞാനം ലഭിക്കുന്നതിനുള്ള പരിശീലനങ്ങളും കഴിഞ്ഞവർഷം വരെ നൽകിയിട്ടുണ്ട്.
മാറ്റങ്ങൾ ഉൾക്കൊള്ളാനാവാത്തവരാണ് അധ്യാപകർ എന്ന വിമർശനത്തോട് യോജിക്കുന്നില്ല. സ്‌കൂൾ/ ക്ലാസ് ഗ്രൂപ്പുകൾ വഴി കുട്ടികൾക്ക് പിന്തുണ കൊടുക്കുന്ന കാര്യത്തിൽ മുഴുവൻ അധ്യാപകരും സജീവമായി ഇടപെടുന്നുണ്ട് എന്നാണ് ഫീൽഡിൽ നിന്നുള്ള അറിവ്. എന്നാൽ ഓൺലൈൻ വിദ്യാഭ്യാസം എന്ന തലത്തിലേക്ക് പെട്ടെന്ന് ഒരു മാറ്റം സാധ്യമാക്കും വിധം സാങ്കേതിക പരിശീലനം നേടിയവരല്ല നമ്മുടെ മുഴുവൻ അധ്യാപകരും. അങ്ങനെ ഒരു മാറ്റം സർക്കാർതലത്തിൽ തീരുമാനിച്ചിട്ടുമില്ല. സ്‌കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികളുടെ പഠനദിവസങ്ങൾ പൂർണമായും നഷ്ടപ്പെടാതിരിക്കാനുള്ള താൽക്കാലിക സംവിധാനം ഒരുക്കുക മാത്രമാണ് പൊതുവിദ്യാഭ്യാസവകുപ്പ് ചെയ്തിട്ടുള്ളത്. ദീർഘകാലത്തേക്ക് സ്‌കൂൾ തുറക്കാൻ കഴിയാതെ വരുമെന്നോ അധ്യാപനം പൂർണമായും ഓൺലൈനിലേക്ക് മാറേണ്ടിവരുമെന്നോ വിചാരിക്കാവുന്ന തരത്തിലുള്ള ഒരവസ്ഥയിലേക്ക് നമ്മളിപ്പോഴും എത്തിയിട്ടുമില്ല.

കുട്ടികളെ ചേർത്തുപിടിക്കുന്നു

ഏപ്രിൽ, മെയ് മാസങ്ങളിൽ സ്‌കൂളുകൾ പ്രവർത്തിക്കാറില്ലെങ്കിലും കുട്ടികൾക്കതിൽ പ്രയാസമുണ്ടായിരുന്നില്ല. അവധിക്കാലത്തിന്റെ ആഘോഷങ്ങൾകൊണ്ട് നിറം പിടിപ്പിക്കുന്ന കാലമായിരുന്നു സാധാരണയായി ഈ മാസങ്ങൾ. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു. രോഗഭീതിയും ലോക്ഡൗണും കാരണം വീട്ടിൽതന്നെ അടച്ചിരിക്കേണ്ടിവരുന്ന കുട്ടികളുടെ മാനസികാവസ്ഥ പരിതാപകരമായിരുന്നു എന്ന് നമുക്കറിയാം. ഈ മടുപ്പിൽ നിന്ന് സർഗാത്മകതയുടെ ഊഷ്​മളതയിലേക്ക് കുട്ടികളെ നയിക്കാൻ വ്യത്യസ്ത പദ്ധതികൾ വിദ്യാഭ്യാസവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നു. കഥ, കവിത, ലേഖനം, ചിത്രരചന എന്നിവ രചിച്ച് അധ്യാപകരുടെ സഹായത്തോടെ സ്‌കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്ന അക്ഷരവൃക്ഷം പദ്ധതി, സർഗ്ഗശേഷിയും ഭാവനയും സാങ്കേതികമികവും ഒരുമിച്ചു ചേർക്കാൻ സഹായിക്കുന്ന തരത്തിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ‘അവധിക്കാല സന്തോഷങ്ങൾ', സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ‘കാൻവാസ്' മുതലായവ ഇതിനുദാഹരണങ്ങളാണ്. ജൂൺ മുതൽ സ്‌കൂൾ തുറക്കാൻ സാധിച്ചില്ലെങ്കിലും കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരണം എന്ന സർക്കാർ തീരുമാനത്തിന് പിന്നിലും കുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള പരിഗണന കൂടിയുണ്ട് എന്ന് ഊഹിക്കാം. എന്നിട്ടും കുട്ടികളുടെ സ്വയംമരണം പോലുള്ള ദുരന്തങ്ങൽ നമുക്ക് കാണേണ്ടിവരികയാണ്. മാനസിക പിരിമുറുക്കങ്ങളുടെ കാലമാണ് കൗമാരക്കാരായ കുട്ടികളുടേത്. വീട്ടിൽ നിന്നോ മുതിർന്നവരിൽ നിന്നോ ഉണ്ടാവുന്ന ചെറിയ അനിഷ്ടങ്ങളോടുപോലും തീവ്രമായി പ്രതികരിക്കുന്ന പ്രായമാണ് അവരുടേത്. സങ്കീർണമായ സാമൂഹ്യാവസ്ഥകൂടി ആവുന്നതോടെ ആശാസ്യമല്ലാത്ത പ്രവണതകൾ വർദ്ധിക്കുന്നു എന്നത് ആശങ്കയോടെ കാണേണ്ട വസ്തുതയാണ്.
കുട്ടികളുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കാനുള്ള ചില പദ്ധതികളും ആരോഗ്യ-സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. ‘ചിരി' എന്ന പേരിൽ സ്റ്റുഡന്റ്‌സ് പൊലീസിന്റെ സഹായത്തോടെയുള്ള പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്. കുട്ടികളുടെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും വലിയ റോൾ വഹിക്കാനുണ്ട്. ഒപ്പമുണ്ട് എന്ന തോന്നലുണ്ടാകും വിധം എപ്പോഴും അവരെ ചേർത്ത് പിടിക്കുക എന്നതാണ് പ്രധാനം.


നമ്മുടെ കുട്ടികൾക്കുവേണ്ടി ജേണലിസ്റ്റുകൾ മുഖ്യമന്ത്രിയോട് ചോദിക്കേണ്ടിയിരുന്ന ചോദ്യങ്ങൾ

Comments