ഹയർ സെക്കന്ററി ജൂനിയർ മലയാളം തസ്തികകൾ റദ്ദാക്കിയ ഉത്തരവിന് അടിസ്ഥാനമായ കാരണങ്ങൾ തിരുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവ് വരുമ്പോൾ, ആ ഉത്തരവ് പ്രകാരം തങ്ങളുടെ സ്വപ്നത്തൊഴിൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ഒരു പറ്റം ഉദ്യോഗാർത്ഥികളുടെ കണ്ണീരിനുകൂടി വിദ്യാഭ്യാസവകുപ്പധികൃതർ മറുപടി പറയേണ്ടതുണ്ട്.
കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിൽ കുട്ടികളെയും അധ്യാപകരെയും ഒരേ തരത്തിൽ ബാധിക്കുന്ന ഒരുത്തരവിനെ സംബന്ധിച്ച് ഈ അക്കാദമിക് വർഷത്തിന്റെ ആദ്യം ട്രൂ കോപ്പി തിങ്കിൽഎഴുതിയിരുന്നു. (https://truecopythink.media/education/p-premachandran-writes)
ഹയർ സെക്കന്ററി തലത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന 46 മലയാളം ജൂനിയർ അധ്യാപക തസ്തികകൾ ഒറ്റയടിക്ക് റദ്ദാക്കിക്കൊണ്ടുള്ളതായിരുന്നു ആ ഉത്തരവ് (No.HSE/1617/2021-Ad C5 dt 12-06-2023). അതിന്റെ ഭാഗമായി അത്രയും സ്കൂളുകളിൽ കാലങ്ങളായി പ്രവർത്തിച്ചുകൊണ്ടിരുന്ന മലയാളം അധ്യാപകരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുകയുണ്ടായി. ഇത് സ്കൂളുകളിലെ ഭാഷാപഠനത്തെ എത്രമാത്രം ദുർബലമാക്കുമെന്നായിരുന്നു പാഠ്യപദ്ധതി സമീപനങ്ങൾചൂണ്ടിക്കാട്ടിയും പ്രായോഗികമായി സ്കൂളുകളിൽ ഉണ്ടാകാവുന്ന ഭാഷാപഠനത്തിന്റെ പ്രതിസന്ധികൾ എടുത്തുകാട്ടിയും എഴുതിയ ആ ലേഖനത്തിൽ വിശദീകരിക്കാൻ ശ്രമിച്ചിരുന്നത്. നഷ്ടമാകുന്ന അധ്യാപക തസ്തികകൾ അധ്യാപക സംഘടനകളെ, യുവജന പ്രസ്ഥാനങ്ങളെ എന്തുകൊണ്ട് അസ്വസ്ഥമാക്കുന്നില്ല എന്ന ഉത്കണ്ഠയും ആ ലേഖനം മുന്നോട്ടുവെച്ചിരുന്നു.
ആ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയ കാതലായ ഒരു വിഷയം താത്കാലികമായെങ്കിലും പരിഹരിക്കാനുതകുന്ന ഒരു ഉത്തരവ് (സ ഉ (കൈ)നം 35/2024/GEDN തീയതി 16/03/2024) രണ്ടുദിവസം മുൻപ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഇറങ്ങുകയുണ്ടായി. അപ്പോഴേക്കും ആ ഉത്തരവ് അക്കാദമികമായി ഹയർ സെക്കന്ററിയിലെ മാതൃഭാഷാപഠനത്തെ വലിയ രീതിയിൽ ബാധിക്കുക മാത്രമല്ല, മലയാളം മുഖ്യവിഷയമായി പഠിച്ച് ബിരുദാനന്തര ബിരുദവും ബി.എഡും എം.ഫിലും പി എച്ച് ഡിയുമൊക്കെ എടുത്ത ഒട്ടേറെ പേരുടെ ജീവിതത്തിന്റെ വെളിച്ചം കെടുക്കുകയും ചെയ്തിരുന്നു.
ആ ഉത്തരവിറങ്ങി ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ കേരള പി.എസ്.സി യുടെ മലയാളം ജൂനിയർ അധ്യാപക റാങ്ക് ലിസ്റ്റ് റദ്ദാകുന്ന സവിശേഷമായ ഒരു സാഹചര്യത്തിൽ കൂടിയാണ് പ്രസ്തുത ലേഖനം പ്രസക്തമായിരുന്നത്. ആറോ ഏഴോ വർഷം മുൻപ് പി.എസ്.സി പരീക്ഷഎഴുതി, മികച്ച സ്കോറോടെ പാസായി അഭിമുഖവും മറ്റ് സർട്ടിഫിക്കറ്റ് പരിശോധനകളും കഴിഞ്ഞ്, മൂന്നുവർഷത്തിനു ശേഷം പുറത്തിറങ്ങിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പിഎച്ച് ഡി അടക്കമുള്ള ഉദ്യോഗാർത്ഥികൾ, റാങ്ക് ലിസ്റ്റിന്റെ മൂന്നുവർഷ കാലാവധി അവസാനിക്കാറായ ആ ഘട്ടത്തിൽ പലവിധ സർക്കാർ ഓഫീസുകളിലും ഭരണകേന്ദ്രങ്ങളിലും കയറിയിറങ്ങി പരമാവധി ആളുകളെ ആ ലിസ്റ്റിൽ നിന്ന് പോസ്റ്റ് ചെയ്യിക്കാൻ ജീവന്മരണപോരാട്ടം നടത്തുന്ന സന്ദർഭത്തിലാണ് ഇടിത്തീ പോലെ ഈ ഉത്തരവ് വരുന്നത്.
ഇപ്പോൾ നിയമനം നടക്കും എന്ന് അവർ പ്രതീക്ഷിച്ചിരുന്ന 46 അധ്യാപക തസ്തികകൾ ഒറ്റയടിക്ക് റദ്ദാക്കുകയാണ്. എത്രയോ വർഷങ്ങളായി കുട്ടികളുടെ തലയെണ്ണി വകുപ്പ് അംഗീകരിച്ച തസ്തികയാണ് റദ്ദാക്കുന്നത് എന്നോർക്കണം. എന്തിന്റെ അടിസ്ഥാനത്തിൽ? ഹയർ സെക്കന്ററി ഡയറക്ടർ അതിന് ഏതാനും ദിവസം മുൻപ്, അവിടങ്ങളിൽ മലയാളം പഠിക്കാൻ കുഞ്ഞുങ്ങളില്ല എന്ന റിപ്പോർട്ട് നൽകിയതായാണ് ഉത്തരവിൽ പറയുന്നത്. റദ്ദാക്കാൻ തീരുമാനിച്ച് എഴുതിവാങ്ങിയ ഒരു റിപ്പോർട്ടാണ് അതെന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാകും. കാരണം ഒരാഴ്ചയ്ക്കകം ഒരു റിപ്പോർട്ട് പഠിച്ച് അതിൽ തീരുമാനമെടുക്കാൻ ഒരു സർക്കാർ സംവിധാനത്തിനും സാധ്യമാവുകയില്ല എന്നതുതന്നെ. എത്രയോ വർഷമായി നിലനിൽക്കുന്ന തസ്തികകൾ ഒറ്റയടിക്ക് റദ്ദാക്കുമ്പോൾ (അബോളിഷ് ചെയ്യുന്നു എന്നാണ് ഉത്തരവിലെ വാക്ക്) അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന അധ്യാപകരെ സ്ഥലം മാറ്റാനെങ്കിലും ഒഴിവുള്ള സ്കൂളുകൾ കണ്ടെത്താൻ, ട്രാൻസ്ഫർ നടപടികൾ കൃത്യമാക്കാൻ ഒരാഴ്ചയിൽ കൂടുതൽ സമയം വേണ്ടിവരില്ലേ?
മലയാളം പഠിക്കാൻ കുട്ടികൾ ഇല്ലത്തതായിരുന്നില്ല ആ സ്കൂളുകളിലുണ്ടായിരുന്ന പ്രശ്നം. കുട്ടികൾ അനവധിയുണ്ട്. അവരെ പക്ഷെ കണക്കിലെടുക്കില്ല. കാരണം അവർ 'മാർജ്ജിനാൽ ഇൻക്രീസ്' എന്ന ഗണത്തിൽ പെട്ട് പ്രവേശനം നേടിയ രണ്ടാംകിട പൗരന്മാരായാണ് ഹയർ സെക്കന്ററി വകുപ്പിന്റെ കണക്കിലുള്ളത്. അത് ആര്, എന്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തി എന്നുചോദിച്ചാൽ കുഴങ്ങും. ശാസ്ത്രീയമായ ഒരു സംവിധാനവും 'മാർജ്ജിനൽ ഇൻക്രീസ്' കണ്ടുപിടിക്കാനായി ഇപ്പോളില്ല.
ഹയർ സെക്കന്ററി സ്പെഷ്യൽ റൂൾ പ്രകാരം 50 കുട്ടികളാണ് ഒരു ബാച്ചിൽ വേണ്ടത്. ആദ്യകാലങ്ങളിൽ ആ പ്രവേശനം കഴിഞ്ഞ് പിന്നെ ഒരു 20% കൂടി പ്രവേശിപ്പിക്കും. അപ്പോൾ അറുപതു കുട്ടികളായി ക്ലാസിൽ. വീണ്ടും ഒരു 10% വർദ്ധിപ്പിക്കും. അപ്പോൾ 65 കുട്ടികൾ ക്ലാസിൽ. അവസാനം പ്രവേശിപ്പിച്ച ഈ കുട്ടികളാണ് 'മാർജ്ജിനാൽ ഇംക്രീസ്'. ഇതിനിടയിൽ സീറ്റുകൾ കൂടുമ്പോഴൊക്കെ കുട്ടികൾ പലകുറി സ്കൂൾ, ബാച്ച് ഇവമാറും. ഇത് കുറെ മുന്നത്തെ കഥ. ഇപ്പോൾ കൊല്ലം കുറെയായി ഹയർ സെക്കന്ററി പ്രവേശനം ആദ്യം നടക്കുന്നത് തന്നെ 30% സീറ്റ് കൂട്ടിക്കൊണ്ടാണ്. ആദ്യം തന്നെ ഒരു ബാച്ചിലേക്ക് 65 പേരെയും ഒരുമിച്ച് പ്രവേശിപ്പിക്കും. ഇതിൽ ആരാണ് / എവിടെയാണ് 'മാർജ്ജിനൽ ഇൻക്രീസ്?’
അതുകൊണ്ട് എളുപ്പം ചെയ്യുന്നത് മലയാളം രണ്ടാംഭാഷയായി പഠിക്കുന്ന കുട്ടികളെ എണ്ണത്തിൽ കുറയ്ക്കുക എന്ന ഏർപ്പാടാണ്. 'മാർജ്ജിനൽ ഇൻക്രീസ്’ പ്രകാരം കുട്ടികൾ വർദ്ധിക്കുന്നത് മലയാളത്തിലാണെന്നാണ് ഹയർ സെക്കന്ററി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രകടമായ മുൻവിധി. അതിന്റെ സമവാക്യം നിസ്സാരമാണ്. താരതമ്യേന സ്കോർ കുറഞ്ഞ കുട്ടികളാണ് 'മാർജ്ജിനൽ ഇൻക്രീസ്’ വഴി വരിക, അവർക്ക് ഹിന്ദി പോലുള്ള ഭാഷകൾ പഠിക്കാൻ കഴിയില്ല, അതുകൊണ്ട് അവർ സ്വാഭാവികമായും മലയാളമാണ് തെരഞ്ഞടുക്കുക എന്നിങ്ങനെ ഒരു തരം വംശീയമനസ്സ് എന്നുതന്നെ പറയാം. അങ്ങിനെയൊക്കെ കണക്കുകൂട്ടിയാണ് 46 തസ്തികകൾ റദ്ദാക്കിയത് എന്നതാണ് പ്രധാനം. അത് ഹയർ സെക്കന്ററിയുടെ നാളിതുവരെയുള്ള ചരിത്രത്തിലെ ആദ്യസംഭവമായിരുന്നു.
അവ റദ്ദാക്കിയതോടെ അക്കാദമികമായി മലയാളം നേരിട്ട വലിയ പ്രശ്നങ്ങളുണ്ട്. സ്വതവേ മലയാളം ക്ലാസിൽ എഴുപതും എഴുപത്തഞ്ചും കുട്ടികളുണ്ടാവും. ജൂനിയർ അധ്യാപക തസ്തികകൾഇല്ലാതാക്കിയതോടെ അവിടങ്ങളിലെ ക്ലാസുകളിൽ തൊണ്ണൂറും നൂറും കുട്ടികൾ വരെ ഇരിക്കേണ്ട അവസ്ഥയായി. അമ്പതു കുട്ടികൾക്കുവേണ്ടി രൂപകൽപ്പന ചെയ്ത ക്ലാസുകളിലാണ് ഇത്രയും കുട്ടികൾ എന്നോർക്കണം. എന്തുതരം പഠനവും വിലയിരുത്തലും ആണ് ആ ക്ലാസുകളിൽ കഴിഞ്ഞ ഒരു വർഷം നടന്നിരുന്നത് എന്നത് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ.
അതിലും വലുതായിരുന്നു, തങ്ങളുടെ സ്വപ്നത്തൊഴിലിന്റെ അവസാന പടിയിൽ വെച്ച് അത് തല്ലിക്കെടുക്കപ്പെട്ട മലയാളം ജൂനിയർ അധ്യാപക നിയമന റാങ്കുലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ നൈരാശ്യം. അവസാനനിമിഷം വരെ വകുപ്പിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ചും തസ്തിക ഒഴിവുള്ള സ്കൂളുകളുടെ പട്ടിക ഉദ്യോഗാർത്ഥികൾ തയ്യാറാക്കിയത് പ്രകാരവും എൺപതിലധികം നിയമനങ്ങൾ നടക്കാൻ സാധ്യതയുണ്ടായിരുന്നു. അപ്പോഴാണ് അശാസ്ത്രീയമായി മലയാളം കുട്ടികളുടെ എണ്ണം ഒറ്റയടിക്ക് 'മാർജ്ജിനൽ ഇൻക്രീസ്' വഴിയായി കണക്കാക്കി ആകെ എണ്ണത്തിൽ നിന്ന് അവരെ ഒഴിവാക്കി കണക്കെടുത്ത് ഈ തസ്തികകൾ റദ്ദാക്കിയത്. ജൂലായ് എട്ടിന് റാങ്ക് ലിസ്റ്റ് കാലാവധിയാകുന്ന ദിവസം വരെ അവർ സെക്രട്ടറിയേറ്റിനു മുന്നിൽ പെരുമഴയത്ത് ഉപവാസമിരുന്നു. പാർട്ടി ഓഫീസുകളും മന്ത്രി ഓഫീസുകളും കയറിയിറങ്ങി. ചില മന്ത്രി ഓഫീസുകൾ വാശിയെന്നോണം ഈ പോസ്റ്റുകൾ ഒരു കാരണവശാലം നിലനിർത്തില്ല എന്ന് ആണയിട്ടു. സി.പി.എം സംസ്ഥാനസെക്രട്ടറി തന്നെ വിഷയത്തിൽ ഇടപെടുകയും 'ആന്റിസിപ്പേറ്ററി' ആയി കുറച്ചധികം പോസ്റ്റുകളിൽ നിയമനം നടത്താനുള്ള ധാരണ മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാൽ ചില സംഘടനാ നേതാക്കളുടെയും മന്ത്രിഓഫീസുകളിലെ ‘മോന്തായം താങ്ങി’കളുടെയും വാശിയാണ് വിജയിച്ചത്. റാങ്ക് ലിസ്റ്റ് കാലാവധി ജൂലായ് എട്ടിന് അവസാനിച്ചു. നൂറിലധികം ഉദ്യോഗാർത്ഥികളുടെ തൊഴിൽ സ്വപ്നം പൊലിഞ്ഞു. അവരിൽ പലരും ഇനിയൊരു പരീക്ഷയെഴുതാൻ പ്രായപരിധി അനുവദിക്കുന്നവരായിരുന്നില്ല.
ഇപ്പോൾ വന്ന ഉത്തരവ് പ്രകാരം അംഗീകരിക്കപ്പെട്ട തസ്തികകൾ നിലനിർത്താൻ 'മാർജ്ജിനൽ ഇൻക്രീസ്’ പ്രകാരം പ്രവേശനം നേടിയ കുട്ടികളെയും കണക്കാക്കാം എന്ൻ വന്നിരിക്കുന്നു. സർക്കാർ സ്കൂളിൽ അങ്ങിനെ അംഗീകരിക്കപ്പെട്ട മലയാളം തസ്തികകൾ ഒട്ടെല്ലാം റദ്ദാക്കപ്പെട്ടിരിക്കുന്നു. ഹയർ സെക്കന്ററി ജൂനിയർ മലയാളം തസ്തികകൾ റദ്ദാക്കിയ ഉത്തരവിന് അടിസ്ഥാനമായ കാരണങ്ങൾ തിരുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവ് വരുമ്പോൾ, ആ ഉത്തരവ് പ്രകാരം തങ്ങളുടെ സ്വപ്നതൊഴിൽ കപ്പിനുംചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ഒരുപറ്റം ഉദ്യോഗാർത്ഥികളുടെ കണ്ണീരിനുകൂടി വിദ്യാഭ്യാസവകുപ്പധികൃതർ മറുപടി പറയേണ്ടതുണ്ട്.
ചിലപ്പോൾ ഈ ഉത്തരവ് കുട്ടികളെ വർഷാവർഷം തികയ്ക്കാൻ പാടുപെടുന്ന എയിഡഡ് മാനേജ്മെന്റ് സ്കൂളുകൾക്കുവേണ്ടിയായിരിക്കാം. എങ്കിലും ട്രൂ കോപ്പി ലേഖനത്തിലൂടെയും തുടർച്ചയായി ആ സമയത്ത് ഈ വിഷയത്തിന്റെ നാനാവശങ്ങളും പരിശോധിച്ച് സാമൂഹിക മാധ്യമങ്ങളിൽ എഴുതിയ തുടർകുറിപ്പുകളിലൂടെയും മുന്നോട്ടുവെച്ച ഒരാശയം നടപ്പിലാകുന്നതിന്റെ സന്തോഷമുണ്ട്. പരാജയപ്പെട്ടെങ്കിലും ആ ഉദ്യോഗാർത്ഥികൾക്കൊപ്പം ഒരു ദിവസമെങ്കിലും സെക്രട്ടറിയേറ്റ് പടിക്കൽ ഉപവാസസമരം ഇരുന്നതിന്റെ ആത്മാഭിമാനവും ഉണ്ട്. മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരങ്ങൾ ഈ നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ ജീവിതവുമായി ബന്ധപ്പെട്ടതായതു കൊണ്ടുതന്നെ അൽപ്പം താമസിച്ചാണെങ്കിലും അവ വിജയിക്കുകതന്നെ ചെയ്യും; പലർക്കും ഇടയിൽ വലിയ നഷ്ടങ്ങൾ സംഭവിക്കുമെങ്കിലും.