Photo: exambangla.com

നാലു വർഷ ബിരുദം വരുമ്പോൾ എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ?

കേരളത്തിലെ സർവകലാശാലകളിൽ അടുത്ത വർഷം മുതൽ ആരംഭിക്കുന്ന നാലു വർഷ ബിരുദ പ്രോഗ്രാമുകളെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ധാരണകൾ വളരെ കുറവാണ്. ഉന്നത വിദ്യാഭ്യാസമേഖലയിലെ സുപ്രധാനമായ ഈ ചുവടുമാറ്റത്തെ, ഇതുവരെ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നു.

2020-ൽ പുതിയ ദേശീയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചതോടെ രാജ്യത്ത് പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും സമഗ്രമായ പരിഷ്കരണങ്ങളുടെ പാതയിലാണ്. എൻ.ഇ.പി യുടെ ചുവടുപിടിച്ച് ബിരുദ- ബിരുദാനന്തര കോഴ്സുകളുടെ പരിഷ്കരണനടപടികൾ മൂന്നു വർഷങ്ങളായി വിവിധ സർവകലാശാലകളിൽ നടക്കുകയാണ്. പ്രസ്തുത സാഹചര്യത്തിൽ കേരളത്തിലെ കോളേജ് വിദ്യാഭ്യാസരംഗത്ത് നടക്കുന്ന മാറ്റങ്ങളെ മുൻനിർത്തി അടുത്ത വർഷം മുതൽ എല്ലാ സർവ്വകലാശാലകളിലും ആരംഭിക്കുന്ന നാലു വർഷ ബിരുദ പ്രോഗ്രാമുകളെ ഇതുവരെ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയാണ് ഈ ലേഖനത്തിൽ.

അടുത്ത അക്കാദമികവർഷം മുതൽ കേരളത്തിലെ കോളേജുകളിൽ തുടങ്ങാനിരിക്കുന്ന ഈ ബിരുദ പാഠ്യപദ്ധതിയെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ധാരണ വളരെ കുറവാണ്. ബിരുദതലത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ കരിക്കുലവും റെഗുലേഷനുമാണ് പുതിയ ബിരുദ പാഠ്യപദ്ധതിയ്ക്കുള്ളത്. അതുകൊണ്ടുതന്നെ നിർദിഷ്ട നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ (എഫ്. വൈ.യു.ജി.പി) ഘടനയും പ്രധാന സവിശേഷതകളുമാണ് ഇവിടെ പരാമർശിക്കുന്നത്. നിർദിഷ്ട പാഠ്യപദ്ധതിയുടെ പരിമിതികളും ദോഷങ്ങളും പരിണിതഫലങ്ങളും വിലയിരുത്തുന്നത് ഈ ലേഖനത്തിന്റെ ലക്ഷ്യമല്ല. അവ ചർച്ച ചെയ്യുവാനും ഉന്നത വിദ്യാഭ്യാസരംഗത്തെ പുത്തൻ മാറ്റങ്ങൾ അഭിസംബോധന ചെയ്യുന്ന ഒരു സംവാദാന്തരീക്ഷം രൂപപ്പെടുത്താനും ഈ ലേഖനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഒന്നിലധികം എൻട്രി, എക്സിറ്റ് ഓപ്ഷനുകൾ

ദേശീയ വിദ്യാഭ്യാസനയം നാലുവർഷത്തെ ബിരുദ പ്രോഗ്രാമാണ് (FYUP) നിർദ്ദേശിക്കുന്നത് എന്നതുകൊണ്ടുതന്നെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ, ഇന്ത്യയിലെ എല്ലാ സർവകലാശാലകളും ഈ ബിരുദ പാഠ്യപദ്ധതിയിലേക്ക് മാറേണ്ടതുണ്ട്. കേരളത്തിലെ കോളേജുകളിൽ പഠിക്കാൻ വിദ്യാർത്ഥികൾ കുറയുന്നതും വിദേശ സർവകലാശാലകളിലേക്ക് കൂടുതൽ ഒഴുക്കുണ്ടാവുന്നതും കണക്കിലെടുത്താൽ ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്കരണങ്ങൾ വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ട്.

മിക്കവാറും എല്ലാ സർവകലാശാലകളും നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലവും റെഗുലേഷനും തയാറാക്കി സിലബസ് പരിഷ്കരണ നടപടികളിലേക്ക് കടന്നിട്ടുണ്ട്.

ഒരു വിദ്യാഭ്യാസ സ്ഥാപനം (ഉന്നത വിദ്യാഭ്യാസത്തിൽ, സർവകലാശാല) വിദ്യാർത്ഥിക്ക് നൽകാൻ ആഗ്രഹിക്കുന്ന മുഴുവൻ പഠനാനുഭവങ്ങളുടെയും ബ്ലൂ പ്രിന്റാണ് കരിക്കുലം. അനിവാര്യമായും, അത് വിദ്യാഭ്യാസത്തെ വിവിധ വിഭാഗങ്ങളിലെ പങ്കാളികൾക്ക് എളുപ്പത്തിൽ ലഭ്യമാവുന്ന ഒരു പൊതുരേഖയായിരിക്കണം. അധ്യാപകർ മുഖേനയും പരമ്പരാഗതമായതും നവീനവുമായ വിവിധ തരത്തിലുള്ള പഠന സാമഗ്രികളുടെ സഹായത്തോടെയും സുഗമമാക്കുന്ന ഒരു പഠനപ്രക്രിയയിൽ തങ്ങൾക്ക് സജീവമായും നിരന്തരമായും പങ്കെടുക്കാൻ ഫലപ്രദമായ ഒരു പാഠ്യപദ്ധതി വിദ്യാർത്ഥികളെ പ്രചോദിപ്പിക്കേണ്ടതായുണ്ട്. എല്ലാ അറിവുകളും ആത്യന്തികമായി വലിയ സാമൂഹികനന്മ ലക്ഷ്യമാക്കിയാവണം. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങൾ കാലങ്ങളായി സമൂഹത്തിലെ വരേണ്യ വർഗത്തിന് മാത്രം ലഭിച്ചുകൊണ്ടിരുന്നതാണ് എന്ന സത്യം ഉൾക്കൊണ്ടും നമ്മുടെ സമൂഹത്തിന്റെ സമ്പന്നമായ വൈവിധ്യവും അഭിലാഷങ്ങളും പരിഗണിച്ചുകൊണ്ടും അറിവ് സാർവത്രികമാണ്, സർവ മനുഷ്യർക്കും വേണ്ടിയാണ് എന്ന ബോധ്യത്തിൽ അധിഷ്ഠിതമായിട്ടുമാവണം എല്ലാ വിദ്യാഭ്യാസപരിഷ്കാരങ്ങളും നടക്കേണ്ടത്.

ദേശീയ വിദ്യാഭ്യാസനയം- 2020 പ്രഖ്യാപിച്ചശേഷം ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലവും ക്രെഡിറ്റും വിശദമാക്കുന്ന ഒരു ചട്ടക്കൂട് യു ജി സി 2022 ഡിസംബറിൽ പുറത്തിറക്കി. ഉന്നതവിദ്യാഭ്യാസരംഗത്തെ സമഗ്രപരിഷ്കരണത്തിനായി കേരള സർക്കാർ ഡോ. ശ്യാം ബി. മേനോൻ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമീഷൻ 2022-ൽ റിപ്പോർട്ട് സമർപ്പിച്ചു. നിലവിലെ മൂന്ന് വർഷത്തെ ഘടനയ്ക്ക് പകരം നാല് വർഷത്തെ പ്രോഗ്രാം ഉപയോഗിച്ച് ബിരുദ പാഠ്യപദ്ധതിയിൽ കാര്യമായ പരിവർത്തനം നടത്താൻ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. യു ജി സി കൊണ്ടുവന്ന ചട്ടക്കൂടും ശ്യാം ബി. മേനോൻ കമീഷൻ റിപ്പോർട്ടും കേരള ഉന്നത വിദ്യാഭ്യാസകൗൺസിൽ വിശദമായി പഠിക്കുകയും ബിരുദ പ്രോഗ്രാമുകളുടെ ചട്ടക്കൂടിന്റെ കരട് തയാറാക്കി 2023 മെയിൽ എല്ലാ യൂണിവേഴ്സിറ്റികൾക്കും അയച്ചുകൊടുക്കുകയും ചെയ്തു. അടുത്ത പടിയെന്ന രീതിയിൽ ഓഗസ്റ്റ് മാസത്തിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ റെഗുലേഷനുകളുടെ ഒരു മാതൃകയും ഉന്നതവിദ്യാഭ്യാസ കൗൺസിൽ അവതരിപ്പിക്കുകയും ഈ കരടുരേഖ ഉപയോഗിച്ചുകൊണ്ട് കരിക്കുലവും റെഗുലേഷനുകളും തയാറാക്കാൻ കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളോടും ആവശ്യപ്പെടുകയും ചെയ്തു. ഈ ലേഖനം എഴുതുന്ന സമയത്ത് മിക്കവാറും എല്ലാ സർവകലാശാലകളും നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലവും റെഗുലേഷനും തയാറാക്കി സിലബസ് പരിഷ്കരണ നടപടികളിലേക്ക് കടന്നിട്ടുണ്ട്.

യു ജി സി അവതരിപ്പിച്ച യു.ജി പ്രോഗ്രാമുകളുടെ കരടുരേഖയിൽ ഒന്നും രണ്ടും മൂന്നും വർഷങ്ങളുടെ അവസാനം, യഥാക്രമം സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദം എന്നിവ അനുവദിച്ച് വിദ്യാർത്ഥികൾക്ക് ഒന്നിലധികം എൻട്രി, എക്സിറ്റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു വർഷം പൂർത്തിയാക്കി പുറത്തുപോകുന്നവർക്ക് സർട്ടിഫിക്കറ്റ്, രണ്ടാം വർഷത്തിന്റെ അവസാനം പുറത്തുകടക്കുന്നവർക്ക് ഡിപ്ലോമ, മൂന്നാം വർഷാവസാനം എക്സിറ്റ് ആഗ്രഹിക്കുന്നവർക്ക് സാധാരണ ബിരുദം, നാലു വർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്‌സ് ബിരുദം എന്നിങ്ങനെയാണ് യു ജി സിയുടെ യു.ജി പ്രോഗ്രാം ചട്ടക്കൂട് നിർദേശിക്കുന്നത്. എന്നാൽ കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ പുറത്തിറക്കിയ ചട്ടക്കൂട് അനുസരിച്ച് മൂന്നാം വർഷത്തിന്റെ അവസാനം മാത്രമേ എക്സിറ്റ് അനുവദിക്കുന്നുള്ളൂ.

കാലയളവിനു പകരം ക്രെഡിറ്റ്

ഇപ്പോഴുള്ള സി ബി സി എസ് സമ്പ്രദായത്തിലെ കോർ, കോംപ്ലിമെൻറ്ററി വിഷയങ്ങൾ മേജർ, മൈനർ എന്നീ പേരുകളിലാവും നാലുവർഷ പ്രോഗ്രാമിൽ അറിയപ്പെടുക. എന്നാൽ, മേജർ എന്നാൽ കോർ ആണെന്നും മൈനർ എന്നാൽ കോംപ്ലിമെൻറ്ററി ആണെന്നും പൂർണമായി പറയാൻ സാധിക്കില്ല. നിലവിലെ മണിക്കൂർ അടിസ്ഥാനമാക്കിയ ബോധനരീതിക്കുപകരം എഫ് വൈ യു ജി പ്രോഗ്രാം ക്രെഡിറ്റ് അടിസ്ഥാനമാക്കിയാണ് രൂപം കൊടുത്തിരിക്കുന്നത് എന്നതാണ് കാരണം. മൂന്നുവർഷം കഴിഞ്ഞാൽ ഡിഗ്രി പൂർത്തിയാവും എന്ന സ്ഥിതിയിൽ നിന്നും ഇത്ര ക്രെഡിറ്റ് സമ്പാദിച്ചാൽ ഡിഗ്രി കിട്ടും എന്ന സ്ഥിതിയിലേക്കുള്ള മാറ്റമാണ് ക്രെഡിറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ഡിഗ്രി പ്രോഗ്രാമിന്റെ മറ്റൊരു പ്രധാന സവിശേഷത. ആഴ്ചയിൽ മൂന്നോ നാലോ മണിക്കൂർ ഉള്ള കോഴ്സ് / പേപ്പർ എന്നതിന് പകരം ഇത്ര (രണ്ടോ മൂന്നോ നാലോ ക്രെഡിറ്റ് ഉള്ള കോഴ്സ് എന്നാണ് എഫ് വൈ യു ജി പി നിർദേശിക്കുന്നത്.)

വിജയകരമായി മൂന്നു വർഷ ബിരുദം നേടാൻ ഒരു വിദ്യാർത്ഥി 133 ക്രെഡിറ്റുകൾ നേടണം. നാലുവർഷ ബിരുദമാണെങ്കിൽ 177 ക്രെഡിറ്റുകളാണ് വേണ്ടത്. മൂന്നുവർഷ ബിരുദത്തിൽ ഒരു വിദ്യാർത്ഥിക്ക് പരമാവധി നേടാവുന്ന ക്രെഡിറ്റുകളുടെ എണ്ണം 150 ആണ്. നാലുവർഷമാണെങ്കിൽ ഇത് 200 ക്രെഡിറ്റുകളാണ്. ആർജ്ജിക്കുന്ന ക്രെഡിറ്റുകൾ വിദ്യാർത്ഥിക്ക് യു ജി സി നിഷ്കർഷിച്ച അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സിൽ (ABC) നിക്ഷേപിക്കാനും പിന്നീട് ക്ലെയിം ചെയ്യാനും വീണ്ടെടുത്ത് തുടര്പഠനത്തിനോ ജോലി നേടാനോ ഉപയോഗിക്കാനും അവസരമുണ്ട്. നാല് വർഷ ബിരുദ പദ്ധതിയിൽ ഒരു ഡിഗ്രി കോഴ്സ് പൂർത്തിയാക്കാൻ ഒരു വിദ്യാർത്ഥിക്ക് ഇടവേളകളോടെ പരമാവധി ഏഴു വർഷം വരെ സമയം ലഭിക്കും. അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സിൽ ഒരാൾക്ക് ക്രെഡിറ്റ് നിക്ഷേപിക്കാവുന്ന കാലയളവും പരമാവധി ഏഴു വർഷമാണ്.

പി എച്ച് ഡി യുടെ ലഘുരൂപമായും അതിലേക്കുള്ള ചവിട്ടുപടിയായും ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്‌സ് ബിരുദത്തെ കണക്കാക്കാം.

ഗവേഷണത്തിന്റെ പ്രാധാന്യം

നാലുവർഷ ഡിഗ്രി പ്രോഗ്രാമിന്റെ ഏറ്റവും പ്രധാന പ്രത്യേകത അതിന്റെ ഗവേഷണ സ്വഭാവമാണ്. മൂന്നാം സെമസ്റ്ററിൽ തന്നെ ഇന്റേൺഷിപ്പുകളും ചെറിയ പ്രൊജക്റ്റുകളും വിദ്യാർത്ഥി ചെയ്യേണ്ടതുണ്ട്. നാലാം വർഷത്തിലേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥിക്ക് രണ്ടു ഓപ്‌ഷനുകളാണുള്ളത്. സാധാരണ ഓണേഴ്‌സ് ബിരുദം (Degree Honors) അല്ലെങ്കിൽ ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്‌സ് ബിരുദം (Degree Honors with Research). ഗവേഷണം ഉൾപ്പെടുന്ന ഓണേഴ്‌സ് ബിരുദം തെരഞ്ഞെടുക്കുന്നവർ ഒരു അംഗീകൃത ഗവേഷണമാർഗദർശിയുടെ മേൽനോട്ടത്തിൽ ചെയ്ത പ്രോജക്റ്റ് മൂല്യനിര്ണയത്തിനായി സമർപ്പിക്കണം. ഇവയെല്ലാം തന്നെ ഗവേഷണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. സാധാരണ ഓണേഴ്‌സ് ബിരുദത്തിൽ പഠിക്കേണ്ട മൂന്നു മേജർ/ മൈനർ വിഷയങ്ങൾക്ക് പകരമായാണ് ഗവേഷണ പ്രബന്ധം തയാറാക്കി സമർപ്പിക്കേണ്ടത്. പി എച്ച് ഡി യുടെ ലഘുരൂപമായും അതിലേക്കുള്ള ചവിട്ടുപടിയായും ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്‌സ് ബിരുദത്തെ കണക്കാക്കാം.

മൂന്നുവർഷ ബിരുദം പൂർത്തിയാക്കിയവർക്ക് നിലവിലുള്ള പി.ജി കോഴ്സിൽ ചേർന്ന് പഠിക്കാം. നാല് വർഷത്തെ ഓണേഴ്‌സ് ബിരുദമുള്ളവർക്ക് ഇപ്പോഴുള്ള ബിരുദാന്തരബിരുദ പ്രോഗ്രാമിൽ നേരിട്ട് രണ്ടാം വർഷത്തിലേക്ക് പ്രവേശനം ലഭിക്കും. അവർ ഒരു വര്ഷം മാത്രം പി.ജി പഠിച്ചാൽ മതി. ഗവേഷണത്തോടുകൂടിയ ഓണേഴ്‌സ് ബിരുദം നേടിയവർക്ക് നേരിട്ട് പിഎച്ച് ഡിക്ക് ചേരാനുള്ള അവസരവുമുണ്ടാവും. ഈ വിഭാഗം വിദ്യാർത്ഥികൾ പി.ജി ചെയ്യേണ്ടതില്ല.
ചുരുക്കിപ്പറഞ്ഞാൽ ഗവേഷണത്തിനു കൂടുതൽ പ്രാമുഖ്യം നാലുവർഷ ബിരുദ കരിക്കുലം നൽകുന്നുണ്ട്.

പാരമ്പര്യേതരമായ
കോമ്പിനേഷനുകൾ

നാലുവർഷ ബിരുദ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്ക് അനന്തമായ ഓപ്‌ഷനുകളാണ് നൽകുന്നത്. നിലവിലുള്ള ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റത്തിൽ (CBCSS) കോർ, കോംപ്ലിമെൻറ്ററി, ഒന്നാം ഭാഷ (ഇംഗ്ലീഷ്), രണ്ടാം ഭാഷ (മലയാളം, ഹിന്ദി, അറബിക് തുടങ്ങിയവ), ഓപ്പൺ കോഴ്സ്, ഒന്നോ രണ്ടോ ഇലക്ടീവ് കോഴ്‌സുകൾ എന്നിവയാണ് പഠനവിഷയങ്ങൾ. ചോയ്‌സ് ബേസ്ഡ് എന്ന് പേരുണ്ടെങ്കിലും ഓപ്പൺ കോഴ്സിലും രണ്ടാം ഭാഷയിലും മാത്രമാണ് യഥാർത്ഥത്തിൽ വിദ്യാര്ഥികൾക്ക് വിഷയങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ളത്.

വാർഷിക സമ്പ്രദായത്തിലുണ്ടായിരുന്ന മെയിൻ, സബ്സിഡിയറി വിഷയങ്ങൾ സെമസ്റ്റർ സമ്പ്രദായമായപ്പോൾ കോർ എന്നും കോംപ്ലിമെൻറ്ററി എന്നും പേരു മാറിയതല്ലാതെ വലിയ മാറ്റങ്ങൾ വിഷയങ്ങളുടെ തെരഞ്ഞെടുപ്പിൽ കാലങ്ങളായി കേരളത്തിലെ സർവകലാശാലകളിൽ ഉണ്ടായിട്ടില്ല. പരമ്പരാഗതമായി നിലനിൽക്കുന്ന ചില കോർ - കോംപ്ലിമെൻറ്ററി കോമ്പിനേഷനുകൾ തുടരുകയാണ് ചെയ്യുന്നത്.

ഉദാഹരണമായി, ഫിസിക്സ് മെയിൻ (Core) എടുത്ത് പഠിക്കുന്ന ഒരാൾ കോംപ്ലിമെൻറ്ററി ആയി കെമിസ്ട്രിയും മാത്തമാറ്റിക്സും എന്നിവ പഠിച്ചേ മതിയാവൂ. ഹിസ്റ്ററി പ്രധാന വിഷയമായി എടുത്ത വിദ്യാർത്ഥി പൊളിറ്റിക്കൽ സയൻസ്, എക്കണോമിക്സ്, സോഷ്യോളജി ഇവയിൽ ഏതെങ്കിലും രണ്ടു വിഷയങ്ങൾ കോംപ്ലിമെൻറ്ററിയായി പഠിക്കണം. ഇതാണ് നിലനിൽക്കുന്ന കോർ- കോംപ്ലിമെൻറ്ററി കോമ്പിനേഷൻ.

എന്നാൽ, നാലുവർഷ ബിരുദപദ്ധതിയിൽ പാരമ്പര്യങ്ങൾക്ക് വിരുദ്ധമായ കോമ്പിനേഷനുകൾ സാധ്യമാവുന്നു എന്നത് ഒരു പ്രധാന പ്രത്യേകതയാണ്. കോമേഴ്‌സ് മുഖ്യ വിഷയമായി എടുക്കുന്ന വിദ്യാർത്ഥിക്ക് അതോടൊപ്പം കെമിസ്ട്രിയോ മലയാള സാഹിത്യമോ ഫിലോസഫിയോ മൈനറായി തെരഞ്ഞെടുക്കാം. ചരിത്രത്തോടൊപ്പം ബോട്ടണിയോ ഇംഗ്ലീഷ് സാഹിത്യമോ പഠിക്കാം. ഇങ്ങനെ, താല്പര്യമുള്ളതും എന്നാൽ പരസ്പരബന്ധമില്ലാത്തതുമായ വൈവിധ്യമാർന്ന വിഷയങ്ങൾ ഒരേ സമയം പഠനത്തിനായി തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് കഴിയും. ഒരു മുഖ്യവിഷയവും അതിന്റെ ഉപവിഷയങ്ങളും മാത്രം പഠിച്ചു അവയുടേതായ കള്ളികളിൽ അകപ്പെട്ടുപോവാതെ ഉപരിപഠനത്തിനായും ജോലി നേടുന്നതിനായും വ്യത്യസ്ത വിഷയങ്ങളിൽ അവഗാഹം നേടുന്നതിന് ഈ ഓപ്‌ഷൻ വിദ്യാർത്ഥികളെ സഹായിക്കും.

ഭാഷാ വൈദഗ്ധ്യം, വിമർശനാത്മക വായന, അക്കാദമിക എഴുത്ത്, പഠിക്കാനായി തെരഞ്ഞെടുത്ത ഭാഷകളുടെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകം എന്നിവയൊക്കെ എബിലിറ്റി എൻഹാൻസ്‌മെന്റ് കോഴ്‌സുകളിൽ ഉൾപ്പെടും.

രണ്ടാം സെമസ്റ്ററിന്റെ അവസാനത്തോടെ ഒരു വിദ്യാർത്ഥി ഏത് വിഷയമാണ് മൈനർ അല്ലെങ്കിൽ വൊക്കേഷണൽ സ്ട്രീം ആയി പഠിക്കുന്നതെന്നു തീരുമാനിക്കണം. മൂന്നു മുതൽ ആറു വരെ സെമസ്റ്ററുകളിലായാണ് മൈനർ കോഴ്‌സുകൾ പഠിക്കേണ്ടത്. രണ്ടാം സെമസ്റ്റർ അവസാനിക്കുന്നതിനു മുൻപ് നേരത്തെ സെലക്റ്റ് ചെയ്ത മേജർ വിഷയം മാറ്റി അതുമായി ബന്ധമുള്ള മറ്റൊരു മേജർ തെരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കും.

നാലുവർഷ ബിരുദ പദ്ധതിയിലെ
പ്രധാന പാത്ത് വേകൾ

നാലു വർഷ ബിരുദ പദ്ധതിയിൽ ഓരോ സ്ട്രീമിനും പാത്ത് വേ (Pathways) എന്നാണ് പേര്. ആറു പാത്ത് വേകളാണ് ഉണ്ടാവുക. വിദ്യാർത്ഥികൾക്ക് അവരവരുടെ ഇഷ്ടത്തിനനുസരിച്ചും കോളേജുകളിലെ വിവിധ പ്രോഗ്രാമുകളുടെ ലഭ്യത അനുസരിച്ചും പാത്ത് വേ തെരഞ്ഞെടുക്കാം.
- ഒരു മേജർ അടങ്ങുന്ന ഡിഗ്രി (Degree with Single Major).
- മേജറും മൈനറും അടങ്ങുന്ന ഡിഗ്രി (Degree Major with Minor).
- ഒന്നിലധികം മേജർ വിഷയങ്ങൾ ഉൾപ്പെടുന്ന ഡിഗ്രി (Major with multiple disciplines of Study).
- ഇന്റർ ഡിസിപ്ലിനറി മേജർ ഡിഗ്രി (Interdisciplinary Major).
- മൾട്ടി ഡിസിപ്ലിനറി മേജർ (Multi-disciplinary Major).
- രണ്ടു മേജർ ഉള്ള ഡിഗ്രി (Degree with Double Major)
എന്നിവയാണ് ആറു പാത്ത് വേകൾ.

നിർദ്ദിഷ്ട FYUGP പാഠ്യപദ്ധതി മൂന്ന് പ്രധാന വിഭാഗങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. എല്ലാ വിദ്യാർഥികളും നിര്ബന്ധമായി പഠിച്ചിരിക്കേണ്ട ഫൗണ്ടേഷൻ കോഴ്‌സുകൾ (Foundation Components), മുഖ്യ പഠനവിഷയത്തിനായി പ്രത്യേകം രൂപപ്പെടുത്തിയ (Discipline Specific) പാത്ത് വേ ഘടകങ്ങൾ (മേജർ/മൈനർ), മേജറിലോ മൈനറിലോ ആഴത്തിലും പരപ്പിലും പഠിക്കാൻ സഹായിക്കുന്ന, ഇന്റേൺഷിപ്പുകളും പ്രോജക്ടുകളും ഒക്കെ ഉൾപ്പെടുന്ന ക്യാപ്‌സ്റ്റോൺ കോഴ്‌സുകൾ (Capstone Components) എന്നിവയാണവ.

ഓരോ മേജർ, മൈനർ കോഴ്‌സുകൾക്കും നാല് ക്രെഡിറ്റും ഫൗണ്ടേഷൻ കോഴ്‌സുകൾക്ക് മൂന്നു ക്രെഡിറ്റും ആണുണ്ടാവുക. മറ്റു കോഴ്സിന് ആവശ്യമായ മിനിമം ക്രെഡിറ്റ് 2 ആയിരിക്കും. കാപ്‌സ്റ്റോൺ കോഴ്‌സുകളിൽ മേജർ, മൈനർ വിഷയങ്ങളിൽ ആഴത്തിലുള്ള സ്പെഷ്യലൈസേഷൻ, ഇന്റേൺഷിപ്പുകൾ എൻ എസ് എസ്, എൻ സി സി മുതലായവ വഴിയുള്ള കൂടുതൽ വിപുലമായ സാമൂഹ്യ ഇടപെടലുകൾ, സന്നദ്ധ സേവനങ്ങൾ, തൊഴിലധിഷ്ഠിത പരിശീലനം മറ്റ് തരത്തിലുള്ള പ്രൊഫഷണലായ പ്രവൃത്തി പരിചയം ആർജ്ജിക്കൽ എന്നിവ ഉൾപ്പെടുന്നു. ഈ കോഴ്‌സുകൾ സംബന്ധിച്ച വ്യക്തമായ റെഗുലേഷനുകളും നിർദേശങ്ങളും തയാറാക്കേണ്ടത് അതാത് സർവകലാശാലകളാണ്.

അടിമുടി മാറുന്ന
ഫൗണ്ടേഷൻ കോഴ്‌സുകൾ

വിദ്യാർത്ഥികളുടെ വിവിധതരം കഴിവുകൾ വികസിപ്പിക്കുന്നതിനും ജോലി ലഭ്യതയ്ക്കും ജീവിതവിജയത്തിനും ആവശ്യമായ മൂല്യങ്ങൾ പകരുന്നതിനും ഉതകുന്നതരം വൈദഗ്ധ്യ വികസന കോഴ്‌സുകളാണ് എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്‌സുകൾ, സ്കിൽ എൻഹാൻസ്മെന്റ് കോഴ്‌സുകൾ, വാല്യൂ അഡിഷൻ കോഴ്‌സുകൾ, മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകൾ എന്നീ വിഭാഗങ്ങളിലായി ഫൗണ്ടേഷൻ ഘടകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാഷാ അധ്യാപകരാണ് ഫൗണ്ടേഷൻ കോഴ്‌സുകൾ പഠിപ്പിക്കേണ്ടത്. ഭാഷാ വൈദഗ്ധ്യം, വിമർശനാത്മക വായന, അക്കാദമിക എഴുത്ത്, പഠിക്കാനായി തെരഞ്ഞെടുത്ത ഭാഷകളുടെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകം എന്നിവയൊക്കെ എബിലിറ്റി എൻഹാൻസ്‌മെന്റ് കോഴ്‌സുകളിൽ ഉൾപ്പെടും. 21-ാം നൂറ്റാണ്ടിലെ കഴിവുകൾ എന്നറിയപ്പെടുന്ന ജോലിസ്ഥലവുമായി ബന്ധപ്പെട്ട കഴിവുകളായ സർഗ്ഗാത്മകത (Creativity), വിമർശനാത്മക ചിന്ത (Critical thinking), ആശയവിനിമയവും, സഹകരണവും (Communication and Collaboration) എന്നിവ സ്കിൽ എൻഹാൻസ്‌മെന്റ് കോഴ്‌സുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വ്യക്തിത്വവികസനത്തിനും, കാഴ്ചപ്പാട്, ആത്മാവബോധം എന്നിവ വളർത്തുന്നതിനും വിദ്യാർത്ഥികളെ സഹായിക്കുന്ന മൂല്യവർദ്ധിത കോഴ്‌സുകൾ (Value Added Courses) ഫൗണ്ടേഷൻ കോഴ്‌സുകളുടെ ഭാഗമാണ്. ഹ്യുമാനിറ്റീസ്, സയൻസ്, സോഷ്യൽ സയൻസ്, ലിബറൽ ആർട്‌സ് തുടങ്ങിയ വിവിധ വിഷയങ്ങളുടെ ആശയപരമായ അടിത്തറ മനസ്സിലാക്കി ബൗദ്ധികാനുഭവം വിശാലമാക്കുന്നതിനായി, ഭാഷേതര വിഭാഗം അധ്യാപകർക്ക് കൂടി അധ്യാപനപങ്കാളിത്തം നൽകിക്കൊണ്ട് മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകളും ഫൌണ്ടേഷൻ കോഴ്‌സുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നു മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകൾ തെരഞ്ഞെടുക്കാം. ഇവയിലൊന്നു ഹ്യൂമാനിറ്റീസ് ആയിരിക്കണം എന്ന നിബന്ധനയുണ്ട്. എല്ലാ ഫൗണ്ടേഷൻ കോഴ്‌സുകൾക്കുമായി 39 ക്രെഡിറ്റുകളാണ് നീക്കിവെച്ചിട്ടുള്ളത്.

വിവിധ ഫൗണ്ടേഷൻ കോഴ്‌സുകളുടെ ക്രെഡിറ്റ് വിഭജനം

കാപ്‌സ്റ്റോൺ കോഴ്‌സുകളും
ഓൺലൈൻ കോഴ്‌സുകളും

രണ്ടാം വർഷവും മൂന്നാം വർഷവും വിദ്യാർത്ഥി തെരഞ്ഞെടുത്ത മേജർ, മൈനർ വിഷയങ്ങളിൽ കൂടുതൽ ആഴത്തിൽ പഠനം നടത്തണം. എല്ലാ പേപ്പറിനും മിനിമം 75 ശതമാനം മാർക്കോടെ നിശ്ചിത ക്രെഡിറ്റുകൾ കരസ്ഥമാക്കി മൂന്നാം വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക്, മുൻപ് സൂചിപ്പിച്ച പോലെ, നാലാം വർഷം ഓണേഴ്‌സ് അല്ലെങ്കിൽ ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്‌സ് തെരഞ്ഞെടുക്കാം. ഓണേഴ്‌സ് തെരഞ്ഞെടുത്തവർ നാല് ക്രെഡിറ്റുകളുള്ള മൂന്ന് കാപ്‌സ്റ്റോൺ കോഴ്‌സുകൾ പഠിക്കണം. ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്‌സ് എടുത്തവർ 12 ക്രെഡിറ്റിന്റെ ഗവേഷണ പ്രോജക്റ്റ് ആണ് ചെയ്യേണ്ടത്. ഇതോടൊപ്പം 12 ക്രെഡിറ്റുകൾ സ്വയം (SWAYAM), മൂക് (MOOC) ഉൾപ്പെടെ, യു ജി സിയുടെയും സർവകലാശാലയുടെയും ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെയും അംഗീകാരമുള്ള ഓൺലൈൻ കോഴ്‌സുകൾ ചെയ്തുകൊണ്ട് കരസ്ഥമാക്കാനുള്ള ഓപ്‌ഷനുമുണ്ട്. കോളേജുകളിലെ ഡിപ്പാർട്ടുമെന്റുകൾക്കും അധ്യാപകർക്ക് നേരിട്ടും യൂണിവേഴ്സിറ്റിയുടെ പഠന ബോർഡിന്റെയും (Board of Studies) അക്കാദമിക് കൗൺസിലിന്റെയും അംഗീകാരത്തോടെ ഓൺലൈൻ കോഴ്‌സുകൾ നടത്താൻ സാധിക്കും.

മൂന്നു വർഷം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് കം ക്രെഡിറ്റ് സർട്ടിഫിക്കറ്റ് നൽകും. ഇതുപയോഗിച്ച് പിന്നീട് നാലാം വർഷം പൂർത്തിയാക്കുവാൻ സാധിക്കും.

മൂല്യനിർണ്ണയം

നിരന്തര മൂല്യനിർണയവും സെമസ്റ്ററിന്റെ അവസാനം നടത്തുന്ന സർവകലാശാലാതല പരീക്ഷയും ചേർന്നതാണ് നാല് വർഷ പ്രോഗ്രാമിന്റെ മൂല്യനിർണയം. 60 % വെയിറ്റേജ് സർവകലാശാല നടത്തുന്ന പരീക്ഷയ്ക്കും 40 % നിരന്തര മൂല്യനിർണയത്തിനും നൽകും. ആദ്യ രണ്ട് സെമസ്റ്ററുകളിലെ പരീക്ഷകൾ കോളജ് തലത്തിൽ തന്നെ നടത്താനും സർവകലാശാലതല പരീക്ഷ മൂന്നുമണിക്കൂറിൽ നിന്ന് രണ്ടു മണിക്കൂറായി കുറയ്ക്കാനും നിർദേശമുണ്ട്. നിരന്തര മൂല്യനിർണയത്തിനായി ഓപ്പൺ ബുക് പരീക്ഷ അടക്കമുള്ള രീതികൾ നിർദേശിച്ചിട്ടുണ്ട്. സർവകലാശാലകളുടെ ബോർഡ് ഓഫ് സ്റ്റഡീസിനും അക്കാദമിക് കൗണ്സിലിനും ഇവയിൽ ഏതൊക്കെ രീതികൾ വേണമെന്ന് തീരുമാനിക്കാവുന്നതാണ്. മൂന്നു വർഷം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് കം ക്രെഡിറ്റ് സർട്ടിഫിക്കറ്റ് നൽകും. ഇതുപയോഗിച്ച് പിന്നീട് നാലാം വർഷം പൂർത്തിയാക്കുവാൻ സാധിക്കും.

സുപ്രധാന ചുവടുമാറ്റം

ഒരു വിജ്ഞാനാധിഷ്ഠിത സമൂഹമായി മാറുന്നതിനും വിജ്ഞാന സമ്പദ് വ്യവസ്ഥ സൃഷ്‌ടിക്കുന്നതിനുമുള്ള പ്രയാണത്തിൽ നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ അവതരണത്തോടെ ഇപ്പോൾ ഒരു സുപ്രധാന ചുവടുമാറ്റമാണ് നടക്കുന്നത്. തൊഴിൽ ലഭിക്കുന്നതിന് എന്നത്തേക്കാളും കൂടുതൽ ബുദ്ധിമുട്ടനുഭവപ്പെടുന്ന, കോർപ്പറേറ്റ്വൽക്കരണം സാമാന്യമായി മാറിയ, ഇന്നത്തെ അവസ്ഥയിൽ ഉന്നത വിദ്യാഭ്യാസരംഗത്ത് ഒരു പുരോഗമന പാഠ്യപദ്ധതി തികച്ചും അനിവാര്യമാണ്. അതോടൊപ്പം, പുതിയ ഉന്നത വിദ്യാഭ്യാസസമ്പ്രദായം നടപ്പിൽ വരുമ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന സാങ്കേതികവും അല്ലാതെയുള്ള പ്രശ്നങ്ങളെയും ബുദ്ധിമുട്ടുകളെയും വെല്ലുവിളികളെയും കൃത്യമായി മനസിലാക്കാനും അവയെ അഭിമുഖീകരിച്ച് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താനും കൂടി തയാറായാൽ മാത്രമേ ഈ പരിഷ്‌കരണങ്ങൾകൊണ്ട് പ്രയോജനം ലഭിക്കുകയുള്ളൂ.

കോളേജ് വിദ്യാഭ്യാസ രംഗത്തെ നൂതനമായൊരു കാൽവെപ്പായി നാലുവർഷ ഡിഗ്രി പദ്ധതി വെളിച്ചം കാണുമ്പോൾ അത് സംസ്ഥാനവും രാഷ്ട്രവും നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിനും സാങ്കേതികവിദ്യയും നിർമ്മിതബുദ്ധിയും സൃഷ്ടിക്കുന്ന പുത്തൻ ലോകത്തെയും ജീവിതക്രമത്തെയും സ്വംശീകരിച്ച് നവചിന്തകൾ രൂപപ്പെടുത്തുവാനും പുതുതായി നിലവിൽ വരുന്ന ജോലി സാഹചര്യങ്ങളെ പരിചയപ്പെട്ടും അവയോട് പരുവപ്പെട്ടും സമകാലിക ലോകക്രമത്തോട് ഇഴകി ചേരാനുമൊക്കെ കേരളീയ യുവതയെ പ്രാപ്തരാക്കുന്നതിൽ വിജയിക്കുമെന്ന് പ്രത്യാശിക്കാം.

Comments