ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിൽ ഇരട്ടത്താപ്പ് വേണ്ട, കേരളാ സിലബസുകാർക്ക് ഗ്രേസ് മാർക്ക് നൽകണം

ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന് കേരള സിലബസ്സിൽ പഠിച്ച കുട്ടികൾക്ക് ഗ്രേസ് മാ‍ർക്ക് നൽകണമെന്ന ആവശ്യം ഇനിയെങ്കിലും പരിഗണിക്കപ്പെടേണ്ടതുണ്ട്. സി ബി എസ് ഇ സിലബസിൽ പഠിച്ചവ‍ർക്ക് നൽകുന്ന അമിത പരിഗണന അവസാനിക്കണം. ശക്തിപ്പെടേണ്ടത് പൊതുവിദ്യാഭ്യാസ മേഖലയാണ് - പി പ്രേമചന്ദ്രൻ എഴുതുന്നു.

കേരളത്തിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ ഊർജ്ജതന്ത്രം, രസതന്ത്രം, ഗണിതം എന്നീ വിഷയങ്ങളുടെ മാർക്ക് എൻജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷാ സന്ദർഭത്തിൽ മൂല്യം കുറച്ചാണോ പരിഗണിക്കുന്നത് എന്ന സംശയം കുറച്ചു കാലമായി ഉന്നയിക്കപ്പെടുന്നുണ്ട്. മകൻ എൻജിനീയറിങ് പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സന്ദർഭത്തിൽ അത് സൂക്ഷ്മമായി പഠിക്കാൻ ശ്രമിച്ചിരുന്നു. അതിൽ വിദഗ്ധനല്ലാത്തതുകൊണ്ട് തൽക്കാലം മുന്നോട്ടു പോകാൻ പറ്റിയില്ല. എങ്കിലും മനസ്സിൽ ഈ സംശയം ഉണ്ടായിരുന്നു. ഇക്കുറി എൻജിനീയറിങ് റാങ്ക് ലിസ്റ്റ് വന്നപ്പോൾ എല്ലാ ഉയർന്ന റാങ്കുകളും സി.ബി.എസ്.ഇ. കുട്ടികൾക്കാവുകയും ആദ്യത്തെ 5000-ത്തിനുള്ളിൽ വരാൻ ആകെ 5% സംസ്ഥാന സിലബസുകാർക്ക് മാത്രമേ കഴിഞ്ഞുള്ളൂ എന്ന കണക്കു വരികയും ചെയ്തപ്പോഴാണ് ഇതിന്റെ ഗൗരവം ബോധ്യപ്പെട്ടത്.

നമ്മുടെ കുട്ടികൾ ഇക്കുറി നേടിയതിൽ നിന്ന് 27 സ്കോർ കുറച്ചാണ് പരിഗണിച്ചത്. കോവിഡ് മുർദ്ധന്യത്തിൽ നിൽക്കുന്ന സമയത്ത് നമ്മുടെ കുട്ടികൾ എഴുതിയ പരീക്ഷയിലെ 40 സ്കോർ കുറച്ചാണ് പരിഗണിക്കപ്പെട്ടിരുന്നത്. അക്കൊല്ലം പൊതുപരീക്ഷ ഇല്ലാതിരുന്ന പത്ത്/പന്ത്രണ്ട് ക്ലാസിലെ സിബിഎസ്ഇക്കാരുടെ കയ്യിൽ ഉണ്ടായിരുന്ന ഒൻപതാം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും മാർക്കുകൾ സ്കൂളിൽ നിന്ന് എഴുതികൊടുത്തതായിരുന്നു. അത് മുഖവിലക്കെടുത്തുകൊണ്ടാണ് കോവിഡ് സാഹചര്യത്തിലും ഫോക്കസ് ഏരിയക്ക് അകത്തുനിന്ന് പഠിക്കുകയും പൊതുപരീക്ഷ എഴുതുകയും ചെയ്ത നമ്മുടെ കുട്ടികൾ നേടിയ സ്കോറിന് മൂല്യമില്ല എന്ന് പറഞ്ഞ് ഇവിടെ വെട്ടിക്കുറച്ചത്.

അക്കാലത്ത് നമ്മുടെ അക്കാദമിക ഏമാന്മാർ പറഞ്ഞത് ഇവിടെ മാർക്ക് കൂടിയത് അവർക്ക് പുറത്തുപോവുമ്പോൾ നാണക്കേടാണ് എന്നാണ്. സിബിഎസ്ഇ എന്ന് കേൾക്കുമ്പോൾ മുട്ട് വിറയ്ക്കുന്ന ഇവിടുത്തെ അക്കാദമിക സ്ഥാപനങ്ങളുടെ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ന്യായീകരണ തൊഴിലാളികൾക്ക് ഇത്തരം ഘട്ടങ്ങളിലെല്ലാം പൊതു വിദ്യാഭ്യാസത്തിനെതിരായി പുതു യുക്തികൾ ഇറക്കേണ്ടി വരാറുണ്ട്. പരീക്ഷയ്ക്ക് തൊട്ടുമുമ്പായി, നേരത്തെ പ്രഖ്യാപിച്ച ഫോക്കസ് ഏരിയയുടെ പുറത്തു നിന്നുള്ള ഭാഗങ്ങൾ പഠിക്കാത്തവരുടെ 30 ശതമാനം മാർക്കുകൾ വെട്ടിക്കുറയ്ക്കാനുള്ള യുക്തി പൊതുപരീക്ഷ ചോദ്യപേപ്പറുകൾ നിർമ്മിക്കുന്ന ശിൽപ്പശാലയിൽ വെച്ച് നിഗൂഢമായി തീരുമാനിച്ചിരുന്നു. പൊതു വിദ്യാഭ്യാസത്തിൻറെ പക്ഷത്തുനിന്ന് അതിനെ ശക്തമായി എതിർക്കുകയല്ല അവർ ചെയ്തത്. മറിച്ച് അതിനെ എതിർത്ത ആളുകൾ എഴുതിയ യുക്തി ശരിയാണോ പദപ്രയോഗം തെറ്റല്ലേ എന്നൊക്കെ സൂക്ഷ്മദർശിനി വെച്ച് പരിശോധിക്കുകയാണ് അവർ ചെയ്തത്. ഇപ്പോൾ അവർ സമീകരണ സിദ്ധാന്ത ന്യായീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തിലെ ഹയർ സെക്കൻഡറി ക്ലാസ്സ് റൂം വിനിമയത്തിന്റെ മെച്ചങ്ങൾ ഏത് പ്രവേശനത്തിനും ക്രെഡിറ്റ് ചെയ്യപ്പെടണം എന്നുള്ളത് ഒരു സുപ്രഭാതത്തിൽ തീരുമാനിക്കപ്പെട്ടതല്ല. അതല്ലെങ്കിൽ കേരളത്തിനകത്തും പുറത്തുമുള്ള എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളിൽ രാപ്പകൽ ഇല്ലാതെ കുട്ടികളെ യന്ത്രങ്ങളായി പരിഗണിച്ചുകൊണ്ട് ഒറ്റവാക്കിൽ ഉള്ള കറക്കികുത്തലുകളായി വലിയ വിജ്ഞാന വിഷയങ്ങൾ ചുരുങ്ങും. ആ മാർഗത്തിലേക്ക് സാമ്പത്തികമായും സാമൂഹികമായും ഉന്നതശ്രേണിയിലുള്ള ആളുകൾ എളുപ്പത്തിൽ എത്തിച്ചേരുകയും അവർ മേൽക്കുമേൽ വിജയിക്കുകയും ചെയ്യും. എൻട്രൻസ് എന്ന കീറാമുട്ടിയിൽ തട്ടി എല്ലാ പാഠ്യപദ്ധതി പ്രവർത്തനങ്ങളും തകരുകയാണ് പതിവ്. ക്ലാസ് റൂം പ്രവർത്തനത്തിൻ്റെ ഫലമായി വിദ്യാർത്ഥികളിൽ വളർന്നു വരേണ്ട സാംസ്കാരികവും സാമൂഹികവുമായ മൂല്യങ്ങളും മനോഭാവങ്ങളും വിലകെട്ടതായി തീരും. ഈ ഭീതിയാണ് കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണ ശ്രമങ്ങളിൽ ഉണ്ടായിരുന്നത്. എൻട്രൻസാണ് പ്രധാന മാനദണ്ഡമെങ്കിൽ അതിനായി പ്രൈമറിയിലോ സെക്കൻഡറിയിലോ വച്ച് തന്നെ കുട്ടികളെ പരിശീലിപ്പിക്കുന്നതാവും ഉചിതമെന്ന് പലരും ചിന്തിക്കും. അത്തരത്തിലുള്ള സ്ഥാപനങ്ങളിൽ ചേരുന്നവർ ഇപ്പോഴുമുണ്ട്. ക്ലാസ് മുറിയിലൂടെ കുട്ടി ആർജിക്കുന്ന ജ്ഞാനത്തെ തിരിച്ചറിഞ്ഞുകൊണ്ട് അവരുടെ മുന്നോട്ടുള്ള പോക്കിനെ നമുക്ക് അടയാളപ്പെടുത്താൻ കഴിയണം. അതിനുള്ള സാമാന്യമായ ഒരു മാർഗ്ഗമാണ് എൻട്രൻസിനൊപ്പം ക്ലാസ് റൂം സ്കോർ കൂടി ചേർക്കാനുള്ള തീരുമാനം.

ഒറ്റ ചോദ്യമേയുള്ളൂ. എന്തുകൊണ്ട് കേരളത്തിലെ എസ് എസ് എൽ സി പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഹയർസെക്കൻഡറി പ്രവേശനത്തിന് 4 പോയിൻറ് ബോണസ് ആയി നൽകുന്നു? പഠിച്ച സ്കൂളിന് 2 പോയിൻറ് അധികം നൽകുന്നു? അതിൽ ഒരു സൈദ്ധാന്തികതലമുണ്ട്. പൊതുവിദ്യാഭ്യാസത്തിനൊപ്പം നിന്നുകൊണ്ട് അതിനെ ശക്തിപ്പെടുത്താനുള്ള ഒരു നയവുമുണ്ട്. അതിവിടെ യാതൊരു പ്രയാസവും ഇല്ലാതെ എത്രയോ കാലമായി നടന്നു പോകുന്നു.

ഇതേ മാർഗമാണ് എൻജിനീയറിങ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തും കൈക്കൊള്ളേണ്ടത്. കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഹയർ സെക്കൻഡറി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് വിഷയത്തിന് 10 പോയിൻറ് വെയിറ്റേജ് നൽകണം. അല്ലാതെ നേടിയ മാർക്കിന് 12 കാരറ്റ് മാത്രമേ വിലയുള്ളൂ എന്ന് പരിഹസിക്കുകയല്ല ചെയ്യേണ്ടത്. സി ബി എസ് ഇക്ക് ലഭിച്ച സ്കോർ അതേപോലെ പരിഗണിക്കണം. മറ്റെല്ലാ സിലബസിലെയും അവരുടെ യഥാർത്ഥ മാർക്ക് പരിഗണിക്കാം.

അപ്പോൾ ചില ന്യായീകരണക്കാർ ബീഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ ഹയർസെക്കൻഡറിക്ക് ഉയർന്ന സ്കോർ ആണ് എന്നൊക്കെ പറഞ്ഞേക്കാം. ബീഹാറിലെ ഹയർ സെക്കൻഡറി കുട്ടികളെല്ലാം കേരളത്തിൽ എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതി ഇവിടെ പഠിക്കാൻ വരുന്നുണ്ടോ? ആകെ പരീക്ഷ എഴുതുന്നതിൽ മറ്റു വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ അര ശതമാനം പോലും വരില്ല. അവർ വന്നാലും കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഗ്രേസ് പോയൻ്റുകൾ ലഭിക്കുന്നതുകൊണ്ട് ഒരു മേൽക്കൈ അവർക്ക് ഉണ്ടാകും. ഇതാണ് യഥാർഥത്തിൽ നടപ്പിലാക്കേണ്ടത്. എന്നാൽ സി ബി എസ് ഇ /എൻട്രൻസ് ലോബിക്ക് എതിരായി ഒരു ചെറുവിരൽ അനക്കാൻ കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ ഉദ്യോഗസ്ഥ മേധാവികൾ തയ്യാറാവുകയില്ല. ചില ‘അടിയൻ ലച്ചിപ്പോം’ അക്കാദമിക്കുകൾ ക്വൊട്ടേഷനെടുത്ത് അവർക്കൊപ്പം നിൽക്കുകയും ചെയ്യും.

എൻജിനീയറിങ് റാങ്ക് ലിസ്റ്റ് വന്ന ദിവസത്തെ ചില തോന്നലുകൾ അന്ന് തന്നെ ട്രൂ കോപ്പിയിൽ എഴുതിയിരുന്നു. തൊട്ടടുത്ത ദിവസം അത് അച്ചടിച്ചു വന്നു. പിന്നീട് കേരളത്തിലെ മാധ്യമങ്ങൾ അത് ഏറ്റെടുത്തു. ആ ലേഖനത്തിൽ ആവശ്യപ്പെട്ടതുപോലെ കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനം ഇന്നീ ആവശ്യം ഏറ്റെടുത്തുകഴിഞ്ഞു. ഇത് അങ്ങേയറ്റം അഭിമാനം നൽകുന്ന ഒരു തീരുമാനമാണ്.

Comments