കാലടി സംസ്കൃത സർവകലാശാല വിദ്യാർത്ഥികൾക്ക്, നാലു മാസത്തെ സമരത്തിനൊടുവിൽ ഹൈക്കോടതിയിൽനിന്ന് നീതി. വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ കോടതി, വിദ്യാർത്ഥികളെ പ്രതിക്കൂട്ടിലാക്കുന്ന സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട് തള്ളി. 10 വിദ്യാർത്ഥികൾക്ക് ആറാഴ്ചക്കകം പ്രത്യേക പരീക്ഷ നടത്താനും പുതിയ അന്വേഷണം നടത്തണമെന്നും സർവകലാശാലയ്ക്ക് കോടതി നിർദേശം നൽകി. പുനരന്വേഷണം നടക്കുന്ന കാലയളവിൽ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ പാടില്ല. പ്രത്യേക പരീക്ഷ നടത്താതിരിക്കാൻ ശിക്ഷാവിധി കാരണമല്ല. വിദ്യാർഥികൾക്ക് ക്യാംപസിൽ കയറാമെന്നും കോടതി പറഞ്ഞു.
സർവകലാശാല വിദ്യാർത്ഥിവിരുദ്ധമായി നടത്തിയ അന്വേഷണത്തിലെ പാകപ്പിഴകൾ ഹൈക്കോടതി വ്യക്തമായി ചൂണ്ടിക്കാണിച്ചു: കുറ്റപത്രം നൽകാതെയായിരുന്നു അന്വേഷണ നടപടികൾ. സാക്ഷികളെ ചോദ്യം ചെയ്തില്ല. തെളിവുകൾ പരിശോധിച്ചില്ല. അധികാരപരിധി ലംഘിച്ചു തുടങ്ങിയ ഗുരുതര കണ്ടെത്തലുകളാണ് അന്വേഷണ സമിതിക്കെതിരെയുള്ളത്. സസ്പെൻഷൻ നിയമപരമല്ലെന്നും 84 ദിവസത്തെ സസ്പെൻഷൻ തന്നെ വലിയ ശിക്ഷയാണെന്നും പ്രതിഷേധിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശം നിഷേധിക്കരുതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രവർത്തനരഹിതമായ നാടകവിഭാഗത്തിലെ സ്റ്റേജ് ലൈറ്റുകളുടെ പ്രതീകാത്മക ശവസംസ്കാരം വിദ്യാർഥികൾ തെരുവുനാടകത്തിലൂടെ അവതരിപ്പിച്ചതിനെ, ‘വി.സിയുടെ ശവസംസ്കാരം’ എന്ന മട്ടിൽ ദുർവ്യാഖ്യാനം ചെയ്തുകൊണ്ടാണ് സർവകലാശാല നേരിട്ടത്.
ഹൈക്കോടതി വിധിയെതുടർന്ന് 21 ദിവസമായി എസ്.എഫ്.ഐ നടത്തിയിരുന്ന നിരാഹാര സമരം പിൻവലിച്ചു. സസ്പെൻഷൻ റദ്ദാക്കുക, പരീക്ഷ എഴുതാൻ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു നിരാഹാരം.
മാപ്പപേക്ഷ നൽകിയാൽ 12 പേരുടെ സസ്പെൻഷൻ പിൻവലിക്കാമെന്നായിരുന്നു സർവകലാശാലാ നിലപാട്. എന്നാൽ, ഈ ആവശ്യം വിദ്യാർത്ഥികൾ നിരസിക്കുകയായിരുന്നു.
സര്വകലാശാലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതിനാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. വിദ്യാര്ഥികളെ പരീക്ഷ എഴുതാന് അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിള് ബഞ്ച് ഉത്തരവിനെതിരെ സർവ്വകലാശാലയും വി.സിയും ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയും സിംഗിള് ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ചിലെത്തിയത്.
അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക അവകാശങ്ങളും ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ സമരത്തെ അച്ചടക്കലംഘനമായി മുദ്രകുത്തുകയായിരുന്നു വി.സിയും സർവകലാശാലയും. വിദ്യാർത്ഥികളുടെ അവകാശസമരത്തെ പൂർണമായും ഉൾക്കൊള്ളുന്നതാണ് ഹൈക്കോടതി വിധി. സസ്പെൻഷൻ റദ്ദാക്കുക മാത്രമല്ല, വിദ്യാർത്ഥികൾക്കെതിരെ വ്യാജമായ തെളിവുകൾ നിരത്തി ചമച്ചുവിട്ട അന്വേഷണസമിതി റിപ്പോർട്ട് കൂടി തള്ളിക്കളഞ്ഞതോടെ, സർവകലാശാലയുടെ പ്രതികാരമനോഭാവമാണ് മറനീക്കി പുറത്തുവരുന്നത്.
വിദ്യാർത്ഥി സമരത്തോട് മുഖം തിരിഞ്ഞുനിൽക്കുക മാത്രമല്ല, മാപ്പ് പറയണം എന്ന വിദ്യാർത്ഥിവിരുദ്ധമായ ആവശ്യത്തോട് അനുകൂലമായ നിലപാടെടുത്ത ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണിന്റെ നിലപാടും കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു.
സമരം ചെയ്തതിന് വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്യുക മാത്രമല്ല, അവരെ പരീക്ഷ എഴുതിക്കില്ല എന്ന വിദ്യാഭ്യാസഅവകാശം നിഷേധിക്കുന്ന തരത്തിലുള്ള വി.സിയുടെ നിലപാടിനെതിരായുള്ള നിയമപരമായ തിരിച്ചടികൂടിയാണ് വിധി.

READ: ‘ലൈറ്റ് ചത്തെ’
നാടകം തീർന്നു,
കാലടി യൂണിവേഴ്സിറ്റിയിൽ
തുടരുന്നു, വിദ്യാർത്ഥിദ്രോഹം
2026 ജൂലൈ 22നാണ് സർവകലാശാലയിലെ വിദ്യാർഥികൾ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സമരം പുനരാരംഭിച്ചത്. കാമ്പസിലെ അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പ്രധാന കാമ്പസിലും ഉപകേന്ദ്രങ്ങളിലും ആവശ്യത്തിന് അധ്യാപകരെ നിയമിക്കുക, പഠനത്തിനാവശ്യമായ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, ഗവേഷക വിദ്യാർഥികൾക്കുള്ള ഫെല്ലോഷിപ്പ് കൃത്യമായി വിതരണം ചെയ്യുക, സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി വിതരണം ചെയ്യുക, ഫൈൻ ആർട്സ്, തിയേറ്റർ, മ്യൂസിക്, നൃത്തം തുടങ്ങിയ വിഭാഗങ്ങളിലെ അക്കാദമിക അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുക തുടങ്ങിയവയായിരുന്നു വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ. വൈസ് ചാൻസലർ ഡോ. സി. സിസ തോമസിന്റെ ഇടപെടലില്ലായ്മയും സർവകലാശാലാ ഭരണത്തിന്റെ അനാസ്ഥയും അക്കാദമിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു വിദ്യാർഥികളുടെ ആരോപണം. വർഷങ്ങളായി ഉന്നയിച്ചിട്ടും പരിഹരിക്കപ്പെടാത്ത ആവശ്യങ്ങളാണ് വീണ്ടും സമരത്തിലേക്ക് നയിച്ചതെന്നും വിദ്യാർഥികൾ വ്യക്തമാക്കിയിരുന്നു.
പ്രവർത്തനരഹിതമായ നാടകവിഭാഗത്തിലെ സ്റ്റേജ് ലൈറ്റുകളുടെ പ്രതീകാത്മക ശവസംസ്കാരം വിദ്യാർഥികൾ തെരുവുനാടകത്തിലൂടെ അവതരിപ്പിച്ചതിനെ, ‘വി.സിയുടെ ശവസംസ്കാരം’ എന്ന മട്ടിൽ ദുർവ്യാഖ്യാനം ചെയ്തുകൊണ്ടാണ് സർവകലാശാല നേരിട്ടത്. വൈസ് ചാൻസലറെ അപമാനിച്ചു, സിൻഡിക്കേറ്റ് യോഗത്തിലേക്ക് അതിക്രമിച്ചുകയറി വി.സിയെ ശാരീരികമായി കയ്യേറ്റം ചെയ്തു, വാഹനത്തിന് കേടുപാടുകൾ വരുത്താൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളുയർത്തിയാണ് വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തത്.
READ: അധികാരത്തിന്റെ
അച്ചടക്കവും
കലയുടെ കലാപവും
സർവകലാശാലയുടെ പരാതിയിൽ വിദ്യാർഥികൾക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ആഗസ്റ്റ് 17ന് വൈസ് ചാൻസലറുടെ പരാതിയിലും മറ്റൊരു കേസെടുത്തു. ആരോപണങ്ങൾ വിദ്യാർഥികളും എസ്.എഫ്.ഐയും നിഷേധിച്ചു. സെപ്റ്റംബർ ഒന്നിന് സിൻഡിക്കേറ്റിന്റെ തീരുമാനത്തെത്തുടർന്ന് 16 വിദ്യാർഥികളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ശ്യംജിത്. കെ, ശിവകുമാർ എം. എസ്, അതുല്യ.കെ. എൽ, അശ്വന്ത് പി.എം, അർച്ചന പി. എസ്, ആശ്രിത. എം, ഫസ്ന. എം, ഡോണ മരിയ, ശ്രദ്ധ. സി.പി ,വിസ്മയ കെ.പി, ലിബിൻ മാത്യു, അനഘ. വി. നായർ, അരുണിമ. ആർ, ജിഷ്ണു സുരേഷ്, റിതിഷ, അഭിജിത് കെ.വി എന്നി വിദ്യാർത്ഥികളാണ് സസ്പെൻഷനിലായത്
ഒക്ടോബർ 30ന് പരീക്ഷയെഴുതാൻ വിദ്യാർഥികളെ താൽക്കാലികമായി അനുവദിക്കണമെന്നും പരീക്ഷാഫീസ് സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. എന്നാൽ സർവകലാശാല ഇതിനെതിരെ അപ്പീൽ നൽകി. നവംബർ മൂന്നിന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് മുരളീകൃഷ്ണ എസ്.യും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി. ഇതോടെ നവംബർ നാലിന് ആരംഭിക്കാനിരുന്ന പരീക്ഷകളെഴുതാനുള്ള വിദ്യാർഥികളുടെ അവസരവും വീണ്ടും അനിശ്ചിതത്വത്തിലായി.
സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് വിദ്യാർഥികൾ ഉന്നയിച്ച പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണാൻ തയ്യാറാകാതെ സമരത്തെ സങ്കുചിതമായ രാഷ്ട്രീയ താൽപര്യം വെച്ച് നേരിടുന്നതായിരുന്നു സർക്കാർ സമീപനം.
നവംബർ മൂന്നിന് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു. വിഷയം ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് അടിയന്തരമായി പരിഗണിച്ച് തീർപ്പാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. വിദ്യാർഥികൾക്ക് അനുകൂല വിധിയുണ്ടായാൽ പ്രത്യേക പരീക്ഷ നടത്താമെന്ന് സർവകലാശാല കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
നവംബർ രണ്ടിന് ചേർന്ന സിൻഡിക്കേറ്റ് യോഗം 16 വിദ്യാർഥികളിൽ 12 പേരുടെ സസ്പെൻഷൻ മാപ്പപേക്ഷ നൽകിയാൽ പിൻവലിക്കാമെന്ന് തീരുമാനിച്ചു. സസ്പെൻഷൻ കാലയളവിൽ ക്യാമ്പസിൽ പ്രവേശിച്ചുവെന്നാരോപിച്ച് മറ്റ് നാലുപേരുടെ സസ്പെൻഷൻ രണ്ടുമാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു. എന്നാൽ സമരത്തിൽ പങ്കെടുത്തതിന് മാപ്പെഴുതിക്കൊടുത്ത് തിരിച്ചുകയറില്ലെന്നായിരുന്നു വിദ്യാർഥികളുടെ നിലപാട്. സമരാവകാശം വിനിയോഗിച്ചതിന് മാപ്പ് പറയേണ്ട സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് എസ്.എഫ്.ഐയും വ്യക്തമാക്കി.

ഇതോടെയാണ് സർവകലാശാലാ കവാടത്തിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. എസ്.എഫ്.ഐ പ്രവർത്തകരായ അശ്വന്ത്, അർച്ചന, കെ.വി. അഭിജിത്ത് എന്നിവരടക്കമുള്ള വിദ്യാർഥികളാണ് നിരാഹാരസമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നത്. നവംബർ 23 ആയപ്പോഴേക്കും നിരാഹാരസമരം 22 ദിവസം പിന്നിട്ടു.
വിദ്യാർഥികൾ മാപ്പെഴുതിക്കൊടുക്കാൻ തയ്യാറായില്ല. സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നുകൊണ്ടായിരുന്നു സമരം. സർവകലാശാലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ ശിക്ഷിക്കുന്ന സമീപനമാണ് അധികാരികൾ സ്വീകരിക്കുന്നതെന്ന വിമർശനം ശക്തമായി. സമരത്തെ ഭരണപരമായ നടപടികളിലൂടെ നേരിട്ട രീതി, രാഷ്ട്രീയ വിയോജിപ്പുകളോടുള്ള സർവകലാശാലാ ഭരണത്തിന്റെ സമീപനത്തെക്കുറിച്ചും ചോദ്യങ്ങളുയർത്തി. മാപ്പപേക്ഷ എന്ന ജനാധിപത്യവിരുദ്ധമായ ഉപാധിക്ക് മുന്നിൽ മുട്ടുമടക്കാതെ, സ്വന്തം അക്കാദമിക അവകാശങ്ങൾക്കായി പോരാടിയ വിദ്യാർഥികളുടെ സമരത്തിന് ഹൈക്കോടതി വിധി വലിയ കരുത്താണ് നൽകുന്നത്.
വിദ്യാർത്ഥി സമരത്തോട് മുഖം തിരിഞ്ഞുനിൽക്കുക മാത്രമല്ല, മാപ്പ് പറയണം എന്ന വിദ്യാർത്ഥിവിരുദ്ധമായ ആവശ്യത്തോട് അനുകൂലമായ നിലപാടെടുത്ത ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണിന്റെ നിലപാടും കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു.
സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് വിദ്യാർഥികൾ ഉന്നയിച്ച പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണാൻ തയ്യാറാകാതെ സമരത്തെ സങ്കുചിതമായ രാഷ്ട്രീയ താൽപര്യം വെച്ച് നേരിടുന്നതായിരുന്നു സർക്കാർ സമീപനം. അതുകൊണ്ടുതന്നെ, ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ സർവകലാശാലയ്ക്കും വി.സിക്കും മാത്രമല്ല, സർക്കാറിന്റെ ഈ സമരത്തോടുള്ള നിലപാടിനു കൂടിയുള്ള തിരിച്ചടിയാണ്.

