ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രോഗ്രാമുകൾക്ക് കേരള സർവകലാശാല അംഗീകാരം

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന എല്ലാ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളും കേരള സർവകലാശാല അംഗീകരിച്ചു. ഇതുസംബന്ധിച്ച ഓർഡറും പുറത്തിറങ്ങി. ട്രൂകോപ്പി തിങ്കിലൂടെ വിദ്യാർത്ഥിയായ വൈഷ്ണവി വി. നിരവധി വിദ്യാർത്ഥികൾ നേരിടുന്ന ഈ പ്രശ്നം അധികൃതരുടെ മുമ്പാകെ ഉന്നയിച്ചിരുന്നു. ഈയൊരു തീരുമാനം വരാൻ ഇത്രയും കാലം വേണ്ടിവന്നു എന്നത് നമ്മുടെ സർവകലാശാലാ സംവിധാനങ്ങളുടെ കുത്തഴിഞ്ഞതും അലസമായതുമായ മനോഭാവത്തെയാണ് തുറന്നു കാണിക്കുന്നതെന്ന് വൈഷ്ണവി എഴുതുന്നു.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന എല്ലാ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളും കേരള സർവകലാശാല അംഗീകരിച്ചു. കേരള യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിലിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിന്റെ ശുപാർശ പ്രകാരം വൈസ് ചാൻസലറാണ് തീരുമാനമെടുത്തത്. ശനിയാഴ്ച (ഓഗസ്റ്റ് 2) ഇതുസംബന്ധിച്ച ഉത്തരവും ഇറങ്ങി. ഇതോടെ, ഓപ്പൺ സർവകലാശാലാ വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് വിരാമമായിരിക്കുകയാണ്.

2020-ൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ആക്ട് പ്രകാരം നിലവിൽ വന്ന, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ബിരുദ- ബിരുദാനന്തര പ്രോഗ്രാമുകൾ കേരള സർവകലാശാല അംഗീകരിക്കാത്തതിനാൽ വിദ്യാർത്ഥികളുടെ അവസരം നിഷേധിക്കപ്പെട്ടിരുന്നു. ദർശന എന്ന വിദ്യാർത്ഥി ഡിഗ്രിയും പി.ജിയും ഓപ്പൺ സർവകലാശാലയിൽ ചെയ്യുകയും ബി. എഡിനായി കേരളയിൽ വരുകയും ചെയ്തപ്പോൾ എലിജിബിലിറ്റി / Equivalency സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു. കേരള സർവകലാശാലയെ സമീപിച്ചെങ്കിലും, സർവകലാശാല ഓപ്പൺ സർവകലാശാലാ ബിരുദം അംഗീകരിക്കാൻ തയ്യാറാവാതിരിക്കുകയും, എലിജിബിലിറ്റി നിഷേധിക്കുകയും ചെയ്തു. വേറെയും വിദ്യാർത്ഥികൾക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബിരുദ- ബിരുദാനന്തര പ്രോഗ്രാമുകൾ അംഗീകരിക്കുന്നതിനുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ല, കാലതാമസം എടുക്കുമെന്നായിരുന്നു കേരള സർവകലാശാലാ ഭാഷ്യം.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ, ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോ, കേരള സർക്കാർ, പി. എസ്. സി- യു. പി. എസ്. സി അടക്കമുള്ള സെലക്ഷൻ ബോർഡുകൾ അംഗീകരിക്കുന്ന ബിരുദ- ബിരുദാനന്തര പ്രോഗ്രാമുകൾ കാരണമില്ലാതെ അംഗീകരിക്കാതിരിക്കുകയും വിദ്യാർത്ഥികളുടെ അവസരം നിഷേധിക്കുകയും ചെയ്യുന്ന രീതിയാണ് കേരള സർവകലാശാല പിന്തുടർന്നിരുന്നത്. 13.11.2018- ൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ G.O.(Ms)No.272/2018/HEDN ഓർഡറിന്റെ ലംഘനം കൂടിയാണ് സർവകലാശാല നടത്തിയിരുന്നത്. ഈ ഓർഡർ പ്രകാരം, 'There shall be reciprocal recognition of degrees awarded by the Indian Universities/other REEls as listed at and updated by the University Grants Commission', 'Universities/HEIs/Employment Agencies/Employers shall approve/ recognize Degrees acquired through Open and Distance Learning complying with the latest University Grants Commission Open and Distance Learning Regulations' എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രോഗ്രാമുകൾക്ക് പരസ്പരം അംഗീകാരം ഉണ്ടായിരിക്കുമെന്ന നിർദ്ദേശം പാടെ തള്ളികൊണ്ടുള്ളതായിരുന്നു ‘കേരള’യുടെ നയം. 2020- ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ റെഗുലേഷൻ പ്രകാരം, റഗുലർ ഡിഗ്രികളും ഓപ്പൺ & ഡിസ്റ്റൻസ് ലേണിംഗ് ബിരുദങ്ങളും തുല്യമാണ്, അതും കേരള അംഗീകരിച്ചില്ല. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ നിലനിൽപ്പിനെയും പ്രോഗ്രാമുകളുടെ വിശ്വാസ്യതയും കൂടിയാണ് കേരള സർവകലാശാല ചോദ്യം ചെയ്തത്. ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം (IDEKU) പ്രവർത്തിക്കുന്ന ഒരു സർവകലാശാലയാണ് മറ്റൊരു സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ സാധ്യതകളെ തകർക്കുന്ന നിലപാട് സ്വീകരിച്ചിരുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം.

കേരള സർവകലാശാല ക്യാമ്പസിൽ ജൂലൈ 28ന് ഞങ്ങളുടെ വൈവ നടക്കുമ്പോഴാണ് ഈ വിഷയം കൃത്യമായി ശ്രദ്ധയിലേക്ക് വരുന്നത്. പിന്നീട് മാധ്യമവാർത്തകളും കണ്ടിരുന്നു. റെഗുലേഷനുകളിലെ സാങ്കേതികത വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്തിലാക്കുന്നതിൽ വളരെ അമർഷം തോന്നിയിരുന്നു. ഇവയൊക്കെ തന്നെ വിദ്യാർത്ഥികൾക്ക് വേണ്ടിയല്ലേ പ്രവർത്തിക്കേണ്ടത്, അങ്ങനെയാണോ നിലവിൽ പ്രവർത്തിക്കുന്നത് തുടങ്ങി നിരവധി ചോദ്യങ്ങൾ സ്വയം ചോദിച്ചു, ഉത്തരം കണ്ടെത്താൻ ശ്രമിച്ചു.

അന്നുതന്നെ ഉന്നത വിദ്യഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവിന് ഇക്കാര്യം സൂചിപ്പിച്ച് സന്ദേശം അയക്കുകയും അവരെ കാണുകയും ചെയ്തു. സർവകലാശാലയുമായി ബന്ധപ്പെടുമ്പോഴാണ് സാങ്കേതിക നൂലാമാലകളുടെ കാര്യം പറയുന്നത്. സർവകലാശാലകൾ സ്വയംഭരണാധികാര സ്ഥാപനങ്ങളായതിനാൽ, സർക്കാർ ഉത്തരവുപോലും, സർവകലാശാലകൾ പ്രത്യേക ഉത്തരവിറക്കിയാൽ മാത്രമാണ് സർവകലാശാലയിൽ നടപ്പിലാകുക എന്ന കാര്യമാണ് പ്രധാനമായും അറിയാനായത്. സർവകലാശാലയുടെ ഉത്തരവാദിത്വരഹിതമായ നയങ്ങൾ വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങൾ കാർന്നുതിന്നുന്ന സാഹചര്യം.

ജൂലൈ 27നു തന്നെ ഈ പ്രശ്നമുന്നയിച്ച് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വി.സി പ്രൊഫ. (ഡോ) ജഗതിരാജ് വി.പി പത്രക്കുറിപ്പിറക്കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ട്രൂ കോപ്പി തിങ്കിൽ ഈ വിഷയത്തെ കുറിച്ച് ലേഖനം എഴുതുന്നത്. ആ ലേഖനം ഒരുപാട് പേർ ഷെയർ ചെയ്യുകയും, വിദ്യാർത്ഥികളെ എലിജിബിലിറ്റിയുടെ കാര്യം പറഞ്ഞ് വലയ്ക്കുന്ന​ കേരള സർവകലാശാലകളുടെ രീതി എന്നോട് പങ്കുവെക്കുകയും ചെയ്തിരുന്നു.

READ: ഓപ്പൺ
യൂ​ണിവേഴ്സിറ്റി പ്രോഗ്രാമിന്​
പ്രവേശനമില്ലാത്ത കേരള യൂണിവേഴ്സിറ്റി

31.7.2025ന് നടന്ന കേരള യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിലിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിന്റെ ശുപാർശ പ്രകാരം, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രോഗ്രാമുകൾക്ക് ഉന്നതപഠനത്തിനും തൊഴിലിനും അംഗീകാരം നൽകുന്ന തീരുമാനം, 1974-ലെ കേരള യൂണിവേഴ്സിറ്റി ആക്ടിലെ സെക്ഷൻ 10 (13) പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ ഉപയോഗിച്ച് വൈസ് ചാൻസലർ കൈക്കൊണ്ടത് വഴി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വിദ്യാർത്ഥികളുടെ അനിശ്ചിതത്വത്തിലായിരുന്ന ഉന്നതവിദ്യാഭ്യാസ സാധ്യതകളാണ് സംരക്ഷിക്കപ്പെടുന്നത്. ഈ ഉത്തരവ് ഓഗസ്റ്റ് 2ന് വൈകുന്നേരം ഇറങ്ങി.

കേരള സർവകലാശാലാ തീരുമാനത്തെ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സ്വാഗതം ചെയ്തിട്ടുണ്ട്. ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പത്രക്കുറിപ്പിൽനിന്ന്: ‘‘ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങുന്നവർക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു ബുദ്ധിമുട്ടും ഇനി അനുഭവിക്കേണ്ടിവരില്ല എന്നും എല്ലാ ഉന്നത വിദ്യാഭ്യാസത്തിനും പി എസ് സി, യു പി എസ് സി പോലുള്ള പരീക്ഷകൾക്കും ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദം അംഗീകൃതമാണെന്നും വൈസ് ചാൻസലർ പറഞ്ഞു. യു ജി സി റെഗുലേഷൻസ് 2020- ന്റെ റെഗുലേഷൻ 22 പ്രകാരം റെഗുലർ മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും ഓപ്പൺ & ഡിസ്റ്റൻസ് മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും തുല്യമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 13/11/2018 ന് പുറത്തിറക്കിയ 272/2018 എന്ന ഉത്തരവ് പ്രകാരവും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പോലുള്ള, യു ജി സി അംഗീകരിച്ചിട്ടുള്ള വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന ഡിഗ്രികൾ മറ്റു സർവകലാശാലകളും സ്ഥാപനങ്ങളും അംഗീകരിക്കണം എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽനിന്ന് പിജി പഠിച്ചിറങ്ങുന്ന പഠിതാക്കൾക്കും മറ്റു സർവ്വകലാശാലകളിലെ പി ജി സർട്ടിഫിക്കറ്റിന് ലഭിക്കുന്ന അതേ വെയിറ്റേജ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം നൽകണം. യു ജി സിയും ഇക്വലൻസി ആവശ്യമില്ല എന്ന് നിഷ്‌കർഷിക്കുന്നുണ്ട്. നിരവധി കോടതി ഉത്തരവുകളും ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾ എല്ലാം യു ജി സി അംഗീകാരമുള്ളതാണെന്നും റെക്കഗ്നിഷൻ തടസ്സങ്ങൾ ഉണ്ടാവരുതെന്നും എല്ലാ യൂണിവേഴ്സിറ്റി രജിസ്ട്രാർമാർക്കും നേരത്തെ തന്നെ കത്ത് അയച്ചിട്ടുണ്ടായിരുന്നു. എല്ലാ സർവകലാശാലകളുടെയും വൈസ് ചാൻസലർമാർ പങ്കെടുത്ത, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ഗവേണിങ്ങ് ബോഡി മീറ്റിംഗിൽ ഈ വിഷയം ചർച്ച ചെയ്യുകയും കേരളത്തിലുള്ള യൂണിവേഴ്സിറ്റികൾ ഇക്വലൻസി സർട്ടിഫിക്കറ്റ് ആവശ്യപ്പെടില്ല എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന എല്ലാ പ്രോഗ്രാമുകളും ഉന്നത പഠനത്തിനും തൊഴിലിനും അംഗീകാരമുള്ളതാണ് എന്ന് അംഗീകരിച്ച്  കേരള സർവകലാശാല ഇറക്കിയ ഓർഡർ.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന എല്ലാ പ്രോഗ്രാമുകളും ഉന്നത പഠനത്തിനും തൊഴിലിനും അംഗീകാരമുള്ളതാണ് എന്ന് അംഗീകരിച്ച് കേരള സർവകലാശാല ഇറക്കിയ ഓർഡർ.

യൂണിവേഴ്സിറ്റികൾ സ്വയംഭരണ സ്ഥാപനങ്ങളായതുകൊണ്ടുതന്നെ അതാത് യൂണിവേഴ്സിറ്റികൾ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. കേരള സർവകലാശാലയിൽ ഈ ഉത്തരവ് ഇറങ്ങാൻ വൈകിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്.

നിലവിൽ 31 യുജി പിജി പ്രോഗ്രാമുകളും നാലു സർട്ടിഫിക്കറ്റ് കോഴ്സുകളും ആണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്നത്. ഇതിൽ 29 യുജി പിജി പ്രോഗ്രാമുകളുടെയും 3 സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുടെയും അഡ്മിഷൻ ഇപ്പോൾ നടക്കുകയാണ്. സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം’’.

ഇനിയുമുണ്ട് മാറ്റേണ്ട
സർവകലാശാലാ ചട്ടങ്ങൾ

കേരള സർവകലാശാലയിൽനിന്ന് തീരുമാനം വരാൻ ഇത്രയും കാലം വേണ്ടിവന്നു എന്നത് നമ്മുടെ സംവിധാനങ്ങളുടെ കുത്തഴിഞ്ഞ, അലസമായ മനോഭാവത്തെയാണ് തുറന്നു കാണിക്കുന്നതെന്ന് പറയാതെ വയ്യ. വളരെ വൈകിയാണെങ്കിലും, നിലപാട് തിരുത്താൻ കേരള സർവകലാശാല തയ്യാറായതിൽ സന്തോഷം.

ജൂലൈ 21ന് ശ്രീനാരായണ ഓപ്പൺ സർവകലാശാലാ വിദ്യാർത്ഥി ശാമിൽ ചുള്ളിപ്പാറ ട്രൂ കോപ്പിയിൽ എഴുതിയ 'ഗുരുവിന്റെ പേരിൽ വിദ്യാർത്ഥികളെ വട്ടംകറക്കുന്ന വിദ്യ' എന്ന ലേഖനം വായിച്ചിരുന്നു. എലിജിബിലിറ്റി വിഷയത്തിൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല അനിവാര്യമായ ഇടപെടലുകൾ നടത്തിയെങ്കിലും, ശാമിലടക്കമുള്ള വിദ്യാർത്ഥികൾ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരം ഉണ്ടാക്കണം. വിദ്യാർത്ഥി സൗഹൃദമാവേണ്ട ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ആവശ്യകതയാണ് ഇതൊക്കെ മുന്നോട്ടുവെക്കുന്നത്. സർവകലാശാലകൾ വിദ്യാർത്ഥി സൗഹൃദമാവേണ്ടത്തിന്റെ പ്രാധാന്യവും. കാലാകാലങ്ങളിൽ സർവകലാശാലകൾ സ്വയം പുതുക്കാൻ തയ്യാറാവണം.

READ: ഗുരുവിന്റെ പേരിൽ
വിദ്യാർത്ഥികളെ വട്ടംകറക്കുന്ന വിദ്യ;
ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥി എഴുതുന്നു

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ എലിജിബിലിറ്റി വിഷയം പരിഹരിക്കപ്പെട്ടെങ്കിലും, കേരളത്തിലെ ഒരു സർവകലാശാലയിൽ നിന്നും മറ്റൊരു സർവകലാശാലയിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നതിന് Eligibility & Recognition വേണമെന്ന നിർബന്ധം സർവകലാശാലകൾ ഇതുവരെ മാറ്റിയിട്ടില്ല. കേരളത്തിൽ തന്നെ പഠിക്കുന്നത്തിന് വിദ്യാർത്ഥികൾ ഫീസും അടച്ച് പ്രത്യേകം എലിജിബിലിറ്റി വാങ്ങേണ്ട കാര്യം എന്താണ്?കേരളത്തിലെ വിദ്യാർത്ഥികൾ കേരളത്തിൽ തന്നെ പഠിക്കുമ്പോൾ, ഇതിന്റെ ആവശ്യമെന്താണ്? സർവകലാശാലകൾ പല രീതിയിൽ വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങുന്ന ഈ രീതി ശരിയല്ല. ഇതൊക്കെ എടുത്തു കളയേണ്ട സമയം കഴിഞ്ഞു.

കാലാനുസൃതമായ മാറ്റങ്ങൾക്ക് തയ്യാറാവത്തെ നിൽക്കുന്ന നമ്മുടെ സർവകലാശാല റെഗുലേഷനുകൾ പിന്തിരിപ്പനും വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിന്ന് അകറ്റുന്നതുമാണ്. കേരളത്തിലെ സർവകലാശാലകൾ വിദ്യാർത്ഥി സൗഹൃദമായി കാലാകാലങ്ങളിൽ റെഗുലേഷനുകൾ പുതുക്കണം. ഇതുപോലുള്ള സാങ്കേതിക നൂലമാലകളും തൊട്ടതിനും പിടിച്ചതിനും ഫീസും, ഫെല്ലോഷിപ്പ് / സ്കോളർഷിപ്പ് വിതരണം നടക്കാത്തതും വിദ്യാർത്ഥികൾ കേരളത്തിലെ സർവകലാശാലകളിൽ നിന്നും വഴി മാറി നടക്കാൻ കാരണമാവും. ഇതിനൊക്കെ പരിഹാരം കണ്ടെത്താനുള്ള ബാധ്യത സർവകലാശാല അധികാരികൾക്കും സർക്കാറിനുമുണ്ട്.

Comments